ഇരുനൂറ്റിയിരുപത്തിരണ്ടാം ദിവസം: ജറമിയ 14 - 17


അദ്ധ്യായം 14

കൊടിയവരള്‍ച്ച

1: വരള്‍ച്ചയെ സംബന്ധിച്ചു ജറെമിയായ്ക്കു കര്‍ത്താവില്‍നിന്നു ലഭിച്ച അരുളപ്പാട്:
2: യൂദാ വിലപിക്കുന്നു; അവളുടെ നഗരങ്ങള്‍ ദുര്‍ബലമായിരിക്കുന്നു. അവളുടെ ജനം നിലത്തുവീണു കരയുന്നു. ജറുസലെമിന്റെ രോദനമുയരുന്നു.
3: അവളുടെ പ്രഭുക്കന്മാര്‍ വെള്ളത്തിനു സേവകരെ പറഞ്ഞുവിടുന്നു. അവര്‍ കിണറ്റുകരയിലെത്തുന്നു. വെള്ളംകിട്ടാതെ ഒഴിഞ്ഞപാത്രങ്ങളുമായി തിരിച്ചുപോകുന്നു. ലജ്ജയും വിസ്മയവുംനിമിത്തം അവര്‍ തങ്ങളുടെ തലമൂടുന്നു.
4: നാട്ടില്‍, മഴപെയ്യാത്തതുകൊണ്ടു ഭൂമി വരണ്ടു; കൃഷിക്കാര്‍ ആകുലരായി. അവര്‍ തലമൂടുന്നു.
5: മാന്‍പേട, പെറ്റകുഞ്ഞിനെ പുല്ലില്ലാത്തതുകൊണ്ടു വയലില്‍ ഉപേക്ഷിച്ചുപോകുന്നു.
6: കാട്ടുകഴുതകള്‍ ശൂന്യമായ കുന്നുകളില്‍നിന്നു വായുവിനായി കുറുനരിയെപ്പോലെ അണയ്ക്കുന്നു. തീറ്റയില്ലാത്തതുകൊണ്ട്, അവയുടെ കാഴ്ച മങ്ങിയിരിക്കുന്നു.
7: കര്‍ത്താവേ, ഞങ്ങളുടെ ദുഷ്‌കൃത്യങ്ങള്‍ ഞങ്ങള്‍ക്കെതിരേ നില്ക്കുന്നു. എങ്കിലും അവിടുത്തെ നാമത്തെപ്രതി അങ്ങു പ്രവര്‍ത്തിക്കണമേ. ഞങ്ങളുടെ വീഴ്ചകള്‍ നിരവധിയാണ്. അങ്ങേയ്ക്കെതിരേ ഞങ്ങള്‍ പാപംചെയ്തു.
8: ഇസ്രായേലിന്റെ പ്രതീക്ഷയും ദുരിതത്തില്‍ അവളുടെ രക്ഷകനുമായ അവിടുന്ന്, എന്തുകൊണ്ടാണു ദേശത്ത് ഒരപരിചിതനെപ്പോലെയും രാത്രിയില്‍ സങ്കേതമന്വേഷിക്കുന്ന വഴിയാത്രക്കാരനെപ്പോലെയും പെരുമാറുന്നത്?
9: അങ്ങു സംശയഗ്രസ്തനെപ്പോലെയും സഹായിക്കാന്‍ ശക്തിയില്ലാത്ത യോദ്ധാവിനെപ്പോലെയുമായിരിക്കുന്നത് എന്തുകൊണ്ടാണ്? എന്നാലും, കര്‍ത്താവേ, അങ്ങ് ഞങ്ങളുടെ മദ്ധ്യേയുണ്ട്; അങ്ങയുടെ നാമത്തില്‍ ഞങ്ങളറിയപ്പെടുന്നു; ഞങ്ങളെ വിട്ടുപോകരുതേ.
10: ഈ ജനത്തെക്കുറിച്ചു കര്‍ത്താവരുളിച്ചെയ്യുന്നു: അവര്‍ ഇതുപോലെ അലയാനാണ് ഇഷ്ടപ്പെട്ടത്; കാലുകളെ അവര്‍ നിയന്ത്രിച്ചില്ല. അതുകൊണ്ട് അവര്‍ കര്‍ത്താവിനു സ്വീകാര്യരല്ല. ഇപ്പോള്‍ അവിടുന്ന്, അവരുടെ തിന്മകളോര്‍ക്കുകയും പാപങ്ങളെപ്രതി അവരെ ശിക്ഷിക്കുകയും ചെയ്യും.
11: കര്‍ത്താവ് എന്നോടരുളിച്ചെയ്തു: ഈ ജനത്തിനുവേണ്ടി നീ പ്രാര്‍ത്ഥിക്കേണ്ടാ.
12: അവര്‍ ഉപവാസമനുഷ്ഠിച്ചാലും അവരുടെ കരച്ചില്‍ ഞാന്‍ കേള്‍ക്കുകയില്ല; അവരുടെ ദഹനബലിയും ധാന്യബലിയും സ്വീകരിക്കുകയില്ല. ഞാനവരെ വാളാലും പട്ടിണിയാലും പകര്‍ച്ചവ്യാധികളാലും നശിപ്പിക്കും.
13: അപ്പോള്‍ ഞാന്‍ പറഞ്ഞു: ദൈവമായ കര്‍ത്താവേ, നിങ്ങള്‍ വാള്‍ കാണേണ്ടിവരുകയില്ല, നിങ്ങള്‍ക്കു പട്ടിണിയുണ്ടാകയില്ല, ഞാന്‍ നിങ്ങള്‍ക്ക് ഈ ദേശത്തു സമാധാനമുറപ്പുവരുത്തും എന്നാണല്ലോ പ്രവാചകന്മാര്‍ അവരോടു പറയുന്നത്.
14: കര്‍ത്താവ് എന്നോടരുളിച്ചെയ്തു: പ്രവാചകന്മാര്‍ എന്റെനാമത്തില്‍ വ്യാജപ്രവചനംനടത്തുന്നു. അവരെ ഞാനയയ്ക്കുകയോ ജനത്തോടു സംസാരിക്കാന്‍ അവരോടു കല്പിക്കുകയോ ചെയ്തിട്ടില്ല; അവര്‍ വ്യാജദര്‍ശനവും പൊള്ളയായ പ്രവചനങ്ങളും സ്വന്തം സ്വപ്നങ്ങളുമാണു നിങ്ങള്‍ക്കു നല്കുന്നത്.
15: അതുകൊണ്ട് എന്റെ നാമത്തില്‍ പ്രവചിക്കുന്ന പ്രവാചകന്മാരെപ്പറ്റി കര്‍ത്താവായ ഞാന്‍ പറയുന്നു: അവരെ ഞാനയച്ചതല്ല; എന്നിട്ടും അവര്‍ ഈ ദേശത്തു വാളും പട്ടിണിയും വരുകയില്ല എന്നു പ്രവചിക്കുന്നു. വാളും പട്ടിണിയും അവരെ നശിപ്പിക്കും.
16: അവരുടെ പ്രവചനംകേട്ട ജനം പട്ടിണിക്കും വാളിനുമിരയായി ജറുസലെം തെരുവുകളില്‍ വലിച്ചെറിയപ്പെടും. അവരെയോ അവരുടെ ഭാര്യമാരെയോ പുത്രന്മാരെയോ പുത്രിമാരെയോ സംസ്കരിക്കാന്‍ ആരും കാണുകയില്ല. അവരുടെ ദുഷ്കര്‍മ്മങ്ങള്‍ അവരുടെമേല്‍ത്തന്നെ ഞാന്‍ ചൊരിയും.
17: നീയവരോടു പറയണം: എന്റെ കണ്ണുകളില്‍നിന്നു രാപകല്‍ കണ്ണീരൊഴുകട്ടെ; കണ്ണീര്‍പ്രവാഹം നിലയ്ക്കാതിരിക്കട്ടെ. എന്തെന്നാല്‍, എന്റെ ജനത്തിനു മാരകമായി മുറിവേറ്റിരിക്കുന്നു. അവര്‍ കഠിന മര്‍ദ്ദനത്തിനിരയായി.
18: നാട്ടിന്‍പുറത്തുചെന്നാല്‍ അവിടെ വാളാല്‍ വെട്ടിവീഴ്ത്തപ്പെട്ടവര്‍! നഗരത്തില്‍ പ്രവേശിച്ചാല്‍ അവിടെ പട്ടിണികൊണ്ടു രോഗം ബാധിച്ചവര്‍! പ്രവാചകനും പുരോഹിതനും നാടുനീളെയലയുന്നു; ഒന്നും മനസ്സിലാകുന്നില്ല.
19: അവിടുന്നു യൂദായെ നിശ്ശേഷം പരിത്യജിച്ചുവോ? ഉള്ളുകൊണ്ടു സീയോനെ വെറുക്കുന്നുവോ? സുഖംപ്രാപിക്കാനാവാത്തവിധം എന്തിനാണു ഞങ്ങളെ അങ്ങു പ്രഹരിച്ചത്? ഞങ്ങള്‍ സമാധാനമന്വേഷിച്ചു; ഫലമുണ്ടായില്ല. രോഗശാന്തിക്കുവേണ്ടി കാത്തിരുന്നു; എന്നാല്‍ പരിഭ്രാന്തിമാത്രം.
20: കര്‍ത്താവേ, ഞങ്ങളുടെ ദുഷ്‌കൃത്യങ്ങളും ഞങ്ങളുടെ പിതാക്കന്മാരുടെ തെറ്റുകളും ഞങ്ങളേറ്റുപറയുന്നു. അങ്ങേയ്ക്കെതിരേ, ഞങ്ങള്‍ പാപംചെയ്തു.
21: അങ്ങയുടെ നാമത്തെപ്രതി ഞങ്ങളെ നിരാകരിക്കരുതേ; അങ്ങയുടെ മഹത്വത്തിന്റെ സിംഹാസനത്തെ അവമാനിക്കരുതേ. ഞങ്ങളുമായുള്ള അങ്ങയുടെ ഉടമ്പടിയനുസ്മരിക്കണമേ; അതു ലംഘിക്കരുതേ.
22: ജനതകളുടെ ദേവന്മാര്‍ക്കിടയില്‍ മഴപെയ്യിക്കാന്‍ ശക്തിയുള്ള ആരെങ്കിലുമുണ്ടോ? ആകാശത്തിനു മാരിവര്‍ഷിക്കാന്‍കഴിയുമോ? ഞങ്ങളുടെ ദൈവമായ കര്‍ത്താവേ, അതു ചെയ്യുന്നവന്‍ അങ്ങുമാത്രമാണല്ലോ. അങ്ങില്‍ ഞങ്ങള്‍ പ്രത്യാശവയ്ക്കുന്നു. ഇവയെല്ലാം പ്രവര്‍ത്തിക്കുന്നവന്‍ അവിടുന്നാണ്. 

അദ്ധ്യായം 15

യൂദായ്ക്കു നാശം
1: കര്‍ത്താവ് എന്നോടരുളിച്ചെയ്തു: മോശയും സാമുവലും എന്റെ മുമ്പില്‍നിന്നു യാചിച്ചാല്‍പോലും ഈ ജനത്തിന്റെനേര്‍ക്കു ഞാന്‍ കരുണകാണിക്കുകയില്ല. എന്റെ മുമ്പില്‍നിന്ന് അവരെ പറഞ്ഞയയ്ക്കുക; അവര്‍ പോകട്ടെ.
2: എങ്ങോട്ടാണു പോവുകയെന്ന് അവര്‍ ചോദിച്ചാല്‍ നീയവരോടു പറയണം, കര്‍ത്താവരുളിച്ചെയ്യുന്നു: മഹാമാരിക്കുള്ളവര്‍ മഹാമാരിയിലേയ്ക്ക്; വാളിനുള്ളവര്‍ വാള്‍ത്തലയിലേയ്ക്ക്; പട്ടിണിക്കുള്ളവര്‍ പട്ടിണിയിലേക്ക്; അടിമത്തത്തിനുള്ളവര്‍ അടിമത്തത്തിലേക്ക്.
3: കര്‍ത്താവരുളിച്ചെയ്യുന്നു: നാലുതരം വിനാശകരെ ഞാന്‍ അവരുടെമേലയയ്ക്കും. വധിക്കാന്‍ വാള്‍, പിച്ചിച്ചീന്താന്‍ നായ്ക്കള്‍, കടിച്ചുകീറാനും നശിപ്പിക്കാനും ആകാശപ്പറവകളും ഭൂമിയിലെ ഹിംസ്രജന്തുക്കളും.
4: ഞാനവരെ ഭൂമിയിലെ സകല രാജ്യങ്ങള്‍ക്കും ബീഭത്സ വസ്തുവായി മാറ്റും. യൂദാരാജാവായ ഹെസക്കിയായുടെ മകന്‍ മനാസ്സെ, ജറുസലെമില്‍ച്ചെയ്തുകൂട്ടിയ അകൃത്യങ്ങളുടെ ഫലമാണിത്.
5: കര്‍ത്താവരുളിച്ചെയ്യുന്നു: ജറുസലെം, ആരു നിന്നോടു കരുണകാണിക്കും? ആരു നിന്റെമേല്‍ സഹതാപംപ്രകടിപ്പിക്കും? നിന്റെ ക്ഷേമമന്വേഷിക്കാന്‍ ആരുനില്ക്കും?
6: നീയെന്നെയുപേക്ഷിച്ചിരിക്കുന്നു. നീയെനിക്കു പുറംതിരിഞ്ഞു. അതുകൊണ്ടു ഞാന്‍ നിനക്കെതിരേ കൈനീട്ടി, നിന്നെ നശിപ്പിച്ചു. ദയകാണിച്ചു ഞാന്‍ മടുത്തു.
7: അവരുടെ നാട്ടിലെ പട്ടണങ്ങളില്‍വച്ചു വീശുമുറംകൊണ്ടു ഞാനവരെ പാറ്റി, ഉറ്റവരുടെ വേര്‍പാടിലുള്ള വേദന അവരില്‍ ഞാനുളവാക്കി. എന്റെ ജനത്തെ ഞാന്‍ നശിപ്പിച്ചു. എന്നിട്ടുമവര്‍ തങ്ങളുടെ വഴികളില്‍നിന്നു പിന്തിരിഞ്ഞില്ല.
8: അവരുടെ വിധവകളുടെ സംഖ്യ, കടല്‍ത്തീരത്തെ മണലിനേക്കാള്‍ ഞാന്‍ വര്‍ദ്ധിപ്പിച്ചു. യുവാക്കന്മാരുടെ മാതാക്കളുടെമേല്‍ നട്ടുച്ചയ്ക്കു ഞാന്‍ വിനാശകനെയയച്ചു. കഠിനവേദനയും ഭീതിയും അവരുടെമേല്‍ പെട്ടെന്നു പതിക്കാന്‍ ഞാനിടയാക്കി.
9: ഏഴു മക്കളുടെ അമ്മയായവള്‍ ക്ഷീണിച്ചു തളര്‍ന്നു. അവള്‍ അന്ത്യശ്വാസംവലിച്ചു. പകല്‍നേരത്തുതന്നെ അവളുടെ സൂര്യനസ്തമിച്ചു. ലജ്ജയും അവമാനവുംമാത്രം അവള്‍ക്കവശേഷിച്ചു. ശേഷിച്ചിരിക്കുന്നവരെ ഞാന്‍ അവരുടെ ശത്രുക്കളുടെ മുമ്പില്‍വച്ചു വാളിനിരയാക്കും - കര്‍ത്താവരുളിച്ചെയ്യുന്നു.
10: എന്റെയമ്മേ, എനിക്കു ദുരിതം! നാട്ടിലെങ്ങും കലഹത്തിനും കലാപത്തിനും കാരണക്കാരനാകാന്‍ എന്നെ നീ പ്രസവിച്ചതെന്തിന്? ഞാന്‍ കടംകൊടുത്തില്ല. വാങ്ങിയിട്ടുമില്ല. എന്നിട്ടുമെല്ലാവരും എന്നെ ശപിക്കുന്നു.
11: കര്‍ത്താവേ, അവരുടെ നന്മയ്ക്കുവേണ്ടി ഞാനങ്ങയോടു പ്രാര്‍ത്ഥിക്കുകയോ പ്രയാസങ്ങളുടെയും ദുരിതങ്ങളുടെയുംകാലത്തു ഞാനെന്റെ ശത്രുക്കള്‍ക്കുവേണ്ടി യാചിക്കുകയോ ചെയ്തിട്ടില്ലെങ്കില്‍ ഇപ്രകാരം സംഭവിച്ചുകൊള്ളട്ടെ.
12: വടക്കുനിന്നുള്ള ഇരുമ്പോ പിത്തളയോ ആര്‍ക്കെങ്കിലും ഒടിക്കാനാവുമോ?
13: നിന്റെ പാപങ്ങള്‍മൂലം നിന്റെ സമ്പത്തും നിക്ഷേപങ്ങളും വിലകൂടാതെ കവര്‍ച്ചവസ്തുക്കളെപ്പോലെ രാജ്യത്തുടനീളം ഞാന്‍ വിതരണംചെയ്യും.
14: നിങ്ങള്‍ക്കപരിചിതമായ ഒരു ദേശത്തേക്ക്, ശത്രുക്കള്‍ക്കടിമകളായി നിങ്ങളെ ഞാനയയ്ക്കും. എന്തെന്നാല്‍, നിങ്ങളെ ദഹിപ്പിക്കാന്‍ എന്റെ കോപാഗ്നി കത്തിപ്പടരുന്നു.
15: കര്‍ത്താവേ, അങ്ങേയ്ക്കറിയാമല്ലോ. എന്നെ അനുസ്മരിക്കണമേ; എന്നെ സന്ദര്‍ശിക്കണമേ. എന്നെ പീഡിപ്പിക്കുന്നവരോട് എനിക്കുവേണ്ടി പ്രതികാരംചെയ്യണമേ; അങ്ങയുടെ ക്ഷമയാല്‍ ശത്രുക്കള്‍ എന്നെ നശിപ്പിക്കാനിടയാക്കരുതേ. ഞാന്‍ അവമാനിതനാകുന്നത് അങ്ങേയ്ക്കുവേണ്ടിയാണെന്നു ഗ്രഹിക്കണമേ.
16: അങ്ങയുടെ വചനങ്ങള്‍ കണ്ടെത്തിയപ്പോള്‍ ഞാനവ ഭക്ഷിച്ചു; അവയെനിക്ക് ആനന്ദാമൃതമായി; എന്റെ ഹൃദയത്തിനു സന്തോഷവും. എന്തെന്നാല്‍, സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവേ, ഞാന്‍ അങ്ങയുടെ നാമമാണല്ലോ വഹിക്കുന്നത്.
17: ഉല്ലാസജീവിതം നയിക്കുന്നവരോടു ഞാന്‍ സഹവസിക്കുകയോ അവരോടൊത്തു സന്തോഷിക്കുകയോ ചെയ്തില്ല. അങ്ങയുടെ കരം എന്റെമേലുണ്ടായിരുന്നതുകൊണ്ട് ഞാന്‍ ഏകാകിയായിക്കഴിഞ്ഞു. അമര്‍ഷംകൊണ്ട് അങ്ങെന്നെ നിറച്ചിരുന്നു.
18: എന്താണെന്റെ വേദന മാറാത്തത്? എന്റെ മുറിവുണങ്ങാന്‍ കൂട്ടാക്കാതെ വിങ്ങുന്നതെന്തുകൊണ്ട്? ഇടയ്ക്കിടെ വെള്ളം വറ്റിപ്പോകുന്ന അരുവിയെപ്പോലെ അവിടുന്നെന്നെ വഞ്ചിക്കുമോ?
19: കര്‍ത്താവരുളിച്ചെയ്യുന്നു: നീ തിരിച്ചുവന്നാല്‍ എന്റെ സന്നിധിയില്‍ നിന്നെ പുനഃസ്ഥാപിക്കാം. വിലകെട്ടവ പറയാതെ സദ്‌വചനങ്ങള്‍മാത്രം സംസാരിച്ചാല്‍ നീയെന്റെ നാവുപോലെയാകും. അവര്‍ നിന്റെയടുക്കലേക്കുവരും, നീ അവരുടെ അടുക്കലേക്കു മടങ്ങിപ്പോകയില്ല.
20: ഈ ജനത്തിനുമുമ്പില്‍ ഒരു പിത്തളക്കോട്ടയായി നിന്നെ ഞാനുയര്‍ത്തും. അവര്‍ നിന്നോടു യുദ്ധംചെയ്യും; അവര്‍ വിജയിക്കുകയില്ല. എന്തെന്നാല്‍, നിന്നെ രക്ഷിക്കാനും മോചിപ്പിക്കാനുമായി ഞാന്‍ നിന്നോടുകൂടെയുണ്ട് - കര്‍ത്താവരുളിച്ചെയ്യുന്നു.
21: ദുഷ്ടന്റെ കൈയില്‍ നിന്നു നിന്നെ ഞാന്‍ വിടുവിക്കും: അക്രമികളുടെ പിടിയില്‍നിന്നു നിന്നെ ഞാന്‍ വീണ്ടെടുക്കും.

അദ്ധ്യായം 16

ജറെമിയാ ഏകാകി
1: കര്‍ത്താവ് എന്നോടരുളിച്ചെയ്തു:
2: ഈ സ്ഥലത്തുവച്ചു നീ വിവാഹംകഴിക്കുകയോ നിനക്കു മക്കളുണ്ടാവുകയോ അരുത്.
3: ഈ സ്ഥലത്തുവച്ചു ജനിക്കുന്ന പുത്രീപുത്രന്മാരെപ്പറ്റിയും അവരുടെ മാതാപിതാക്കളെപ്പറ്റിയും കര്‍ത്താവരുളിച്ചെയ്യുന്നു:
4: മാരകരോഗത്താല്‍ അവര്‍ മരിക്കും; അവരെയോര്‍ത്തു ദുഃഖിക്കാനോ അവരെ സംസ്കരിക്കാനോ ആരുമുണ്ടായിരിക്കുകയില്ല. നിലത്തു വിതറിയ വളമെന്നപോലെ അവര്‍ കിടക്കും. അവര്‍ വാളിനും പട്ടിണിക്കുമിരയാകും. അവരുടെ മൃതദേഹങ്ങള്‍ ആകാശത്തിലെ പക്ഷികളും ഭൂമിയിലെ മൃഗങ്ങളും ഭക്ഷിക്കും.
5: കര്‍ത്താവരുളിച്ചെയ്യുന്നു: നീ വിലാപഗൃഹത്തില്‍ പോവുകയോ വിലപിക്കുകയോ അവരോടു സഹതപിക്കുകയോ ചെയ്യരുത്. എന്തെന്നാല്‍, എന്റെ സമാധാനം ഈ ജനത്തില്‍നിന്നു ഞാന്‍ പിന്‍വലിച്ചിരിക്കുന്നു. എന്റെ സ്നേഹവും കരുണയും അവര്‍ക്കുണ്ടായിരിക്കുകയില്ല.
6: വലിയവരും ചെറിയവരും ഒന്നുപോലെ ഈ ദേശത്തു മരിച്ചുവീഴും. ആരുമവരെ സംസ്കരിക്കുകയില്ല; അവരെക്കുറിച്ച് ആരും വിലപിക്കുകയില്ല; ആരും തന്നെത്തന്നെ മുറിവേല്പിച്ചും തല മുണ്ഡനംചെയ്തും ദുഃഖമാചരിക്കുകയില്ല.
7: മരിച്ചവരെക്കുറിച്ചു വിലപിക്കുന്നവന് ആശ്വാസമേകാന്‍, ആരും അപ്പം മുറിച്ചുകൊടുക്കുകയില്ല; മാതാവിന്റെയോ പിതാവിന്റെയോ വേര്‍പാടില്‍ ദുഃഖിക്കുന്നവന്, ആരുമാശ്വാസത്തിന്റെ പാനപാത്രം നല്കുകയുമില്ല.
8: വിരുന്നുനടക്കുന്ന വീടുകളില്‍ പോവുകയോ അവരോടുചേര്‍ന്നു തിന്നുകയോ കുടിക്കുകയോ അരുത്.
9: എന്തെന്നാല്‍, ഇസ്രായേലിന്റെ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു: നിങ്ങളുടെ ജീവിതകാലത്ത്, നിങ്ങളുടെ കണ്‍മുമ്പില്‍വച്ചുതന്നെ, ഈ ദേശത്തുനിന്ന് ഉല്ലാസത്തിന്റെയും ആഹ്ലാദത്തിന്റെയും ആരവവും മണവാളന്റെയും മണവാട്ടിയുടെയും സ്വരവും ഞാനില്ലാതാക്കും.
10: ജനത്തോടു നീയിതു പറയുമ്പോള്‍ അവര്‍ ചോദിക്കും: എന്തിനാണു കര്‍ത്താവു ഞങ്ങള്‍ക്കെതിരായി ഇത്ര വലിയ ദുരിതങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്? എന്താണു ഞങ്ങള്‍ചെയ്ത തെറ്റ്? ഞങ്ങളുടെ ദൈവമായ കര്‍ത്താവിനെതിരായി എന്തു പാപമാണു ഞങ്ങള്‍ ചെയ്തത്?
11: അപ്പോള്‍ നീയവരോടു പറയണം, കര്‍ത്താവരുളിച്ചെയ്യുന്നു: നിങ്ങളുടെ പിതാക്കന്മാര്‍ എന്നെയുപേക്ഷിച്ചു. അവര്‍ അന്യദേവന്മാരെ സ്വീകരിക്കുകയും സേവിക്കുകയുമാരാധിക്കുകയും ചെയ്തു. അവരെന്നെ പരിത്യജിച്ചു; എന്റെ നിയമം പാലിച്ചില്ല.
12: നിങ്ങളുടെ പ്രവൃത്തികള്‍ നിങ്ങളുടെ പിതാക്കന്മാരുടെതിനെക്കാള്‍ ചീത്തയാണ്. നിങ്ങള്‍ താന്താങ്ങളുടെ കഠിനഹൃദയത്തിന്റെ ദുഷ്ടമായ ഇംഗിതങ്ങളെ പിഞ്ചെല്ലുന്നു; എന്നെയനുസരിക്കാന്‍ നിങ്ങള്‍ക്കു മനസ്സില്ല.
13: അതുകൊണ്ടു ഞാന്‍ നിങ്ങളെ ഈ ദേശത്തുനിന്നു നിങ്ങളോ നിങ്ങളുടെ പിതാക്കന്മാരോ കേട്ടിട്ടില്ലാത്ത ഒരു ദേശത്തേക്കു വലിച്ചെറിയും. അവിടെ നിങ്ങള്‍ അന്യദേവന്മാരെ രാവും പകലും സേവിക്കും. ഞാന്‍ നിങ്ങളോടു കൃപ കാണിക്കുകയില്ല.
14: ഈജിപ്തില്‍നിന്ന് ഇസ്രായേല്‍ജനതയെ കൂട്ടിക്കൊണ്ടുവന്ന കര്‍ത്താവാണേ എന്നുപറഞ്ഞ് ആരും ശപഥംചെയ്യാത്ത ദിനങ്ങളിതാ വരുന്നു - കര്‍ത്താവരുളിച്ചെയ്യുന്നു.
15: തങ്ങളെ തുരത്തിയോടിച്ച ഉത്തരദേശത്തുനിന്നും, ഇതര രാജ്യങ്ങളില്‍നിന്നും ഇസ്രായേല്‍ജനത്തെ തിരിച്ചുകൊണ്ടുവന്ന കര്‍ത്താവാണേ എന്നു പറഞ്ഞായിരിക്കും അവര്‍ സത്യം ചെയ്യുക. എന്തെന്നാല്‍, അവരുടെ പിതാക്കന്മാര്‍ക്കു ഞാന്‍കൊടുത്ത അവരുടെ സ്വന്തം നാട്ടിലേക്കു ഞാനവരെ തിരിച്ചുകൊണ്ടുവരും.
16: ഞാന്‍ അനേകം മീന്‍പിടുത്തക്കാരെ വരുത്തും; അവര്‍ അവരെ പിടികൂടും - കര്‍ത്താവരുളിച്ചെയ്യുന്നു. പിന്നീടു ഞാന്‍ അനേകം നായാട്ടുകാരെ വരുത്തും. അവര്‍ പര്‍വ്വതങ്ങളില്‍നിന്നും മലകളില്‍നിന്നും പാറയിടുക്കുകളില്‍നിന്നും അവരെ വേട്ടയാടി പിടിക്കും.
17: അവരുടെ പ്രവൃത്തികള്‍ ഞാന്‍ കാണുന്നുണ്ട്; അവ എനിക്കജ്ഞാതമല്ല; അവരുടെ അകൃത്യങ്ങള്‍ എന്റെ കണ്ണുകള്‍ക്കു ഗോപ്യവുമല്ല.
18: അവര്‍ നിര്‍ജ്ജീവ വിഗ്രഹങ്ങള്‍കൊണ്ട് എന്റെ ദേശം ദുഷിപ്പിച്ചു; തങ്ങളുടെ മ്ലേച്ഛ വസ്തുക്കള്‍കൊണ്ട് എന്റെ അവകാശഭൂമി നിറച്ചു. അതിനാല്‍ അവരുടെ അകൃത്യത്തിനും പാപത്തിനും ഞാന്‍ ഇരട്ടി പ്രതികാരംചെയ്യും.
19: എന്റെ ബലവും കോട്ടയുമായ കര്‍ത്താവേ, കഷ്ടദിനത്തില്‍ എന്റെ സങ്കേതമേ, ഭൂമിയുടെ അതിര്‍ത്തികളില്‍നിന്നു ജനതകള്‍ അവിടുത്തെ അടുക്കല്‍വന്നു പറയും: ഞങ്ങളുടെ പിതാക്കന്മാര്‍ വ്യാജമല്ലാതെ മറ്റൊന്നും അവകാശപ്പെടുത്തിയിട്ടില്ല. ഉപയോഗശൂന്യമായ വിലകെട്ട വസ്തുക്കള്‍മാത്രം.
20: തനിക്കുവേണ്ടി ദേവന്മാരെ ഉണ്ടാക്കാന്‍ മനുഷ്യനു സാധിക്കുമോ? അവ ദേവന്മാരല്ല.
21: അതുകൊണ്ടു ഞാനവരെ പഠിപ്പിക്കും. എന്റെ ശക്തിയും ബലവും അവരെ ഞാന്‍ ബോദ്ധ്യപ്പെടുത്തും. അപ്പോള്‍ കര്‍ത്താവെന്നാണ് എന്റെ നാമമെന്ന് അവരറിയും.

അദ്ധ്യായം 17

യൂദായുടെ പാപം

1: യൂദായുടെ പാപം നാരായംകൊണ്ടെഴുതിയിരിക്കുന്നു; വജ്രമുനകൊണ്ട് അവരുടെ ഹൃദയഭിത്തികളിലും അവരുടെ ബലിപീഠങ്ങളുടെ കൊമ്പുകളിലും കൊത്തിവച്ചിരിക്കുന്നു.
2: അതവര്‍ക്കെതിരേ സാക്ഷ്യം വഹിക്കും.
3: ഓരോ പച്ചമരച്ചുവട്ടിലും കുന്നിന്‍മുകളിലും ഗിരിശൃംഗങ്ങളിലും അവര്‍ സ്ഥാപിച്ച ബലിപീഠങ്ങളും അഷേരാപ്രതിഷ്ഠകളും നില്ക്കുന്നു. നാടുനീളെ നീ ചെയ്തിട്ടുള്ള പാപത്തിനു നിന്റെ സമ്പത്തും സകല നിക്ഷേപങ്ങളും കവര്‍ച്ചവസ്തുക്കളായി ഞാന്‍ പകരംകൊടുക്കും.
4: ഞാന്‍ നല്കിയ അവകാശം നിനക്കു നഷ്ടപ്പെടും. നീയറിയാത്ത ദേശത്ത് ശത്രുക്കളെ സേവിക്കാന്‍ നിനക്കു ഞാനിടവരുത്തും. എന്തെന്നാല്‍, എന്റെ കോപം ജ്വലിക്കാന്‍ നീയിടയാക്കി; അതെന്നും കത്തിക്കാളും.

ജ്ഞാനസൂക്തങ്ങള്‍
5: കര്‍ത്താവരുളിച്ചെയ്യുന്നു: മനുഷ്യനെ ആശ്രയിക്കുകയും ശരീരശക്തിയെ അവലംബമാക്കുകയുംചെയ്തു കര്‍ത്താവില്‍നിന്നു ഹൃദയം തിരിക്കുന്നവന്‍ ശപ്തന്‍.
6: അവന്‍ മരുഭൂമിയിലെ കുറ്റിച്ചെടിപോലെയാണ്. അവനു ഋതുഭേദമുണ്ടാവുകയില്ല. മരുഭൂമിയിലെ വരണ്ട, നിര്‍ജ്ജനമായ ഓരുനിലത്ത് അവന്‍ വസിക്കും.
7: കര്‍ത്താവിലാശ്രയിക്കുന്നവന്‍ അനുഗൃഹീതന്‍; അവന്റെ പ്രത്യാശ അവിടുന്നുതന്നെ.
8: അവന്‍ ആറ്റുതീരത്തു നട്ട മരംപോലെയാണ്. അതു വെള്ളത്തിലേക്കു വേരൂന്നിയിരിക്കുന്നു. അതു വേനല്‍ക്കാലത്തെ ഭയപ്പെടുന്നില്ല. അതിന്റെ ഇലകള്‍ എന്നും പച്ചയാണ്; വരള്‍ച്ചയുടെ കാലത്തും അതിനുത്കണ്ഠയില്ല; അതു ഫലം നല്കിക്കൊണ്ടേയിരിക്കും.
9: ഹൃദയം മറ്റെന്തിനെക്കാളും കാപട്യമുള്ളതാണ്; ശോചനീയമാംവിധം ദുഷിച്ചതുമാണ്. അതിനെ ആര്‍ക്കാണു മനസ്സിലാക്കാന്‍ കഴിയുക?
10: കര്‍ത്താവായ ഞാന്‍ മനസ്സിനെ പരിശോധിക്കുകയും ഹൃദയത്തെ പരീക്ഷിക്കുകയും ചെയ്യുന്നു. ഓരോ മനുഷ്യനും അവന്റെ ജീവിതരീതിക്കും പ്രവൃത്തിക്കുമനുസരിച്ചു ഞാന്‍ പ്രതിഫലം നല്കും.
11: താനിടാത്ത മുട്ടയ്ക്ക് അടയിരിക്കുന്ന തിത്തിരിപ്പക്ഷിയെപ്പോലെയാണ്, അന്യായമായി സമ്പത്തു സമ്പാദിക്കുന്നവന്‍. ജീവിതമദ്ധ്യത്തില്‍ അതവനെ പിരിയും; അവസാനമവന്‍ വിഡ്ഢിയാവുകയും ചെയ്യും.
12: ആദിമുതലേ ഉന്നതത്തില്‍ സ്ഥാപിതമായ മഹത്ത്വത്തിന്റെ സിംഹാസനമാണു ഞങ്ങളുടെ വിശുദ്ധമന്ദിരം.
13: ഇസ്രായേലിന്റെ പ്രത്യാശയായ കര്‍ത്താവേ, അങ്ങയെ ഉപേക്ഷിക്കുന്നവരെല്ലാം ലജ്ജിതരാകും. അങ്ങില്‍നിന്നു പിന്തിരിയുന്നവര്‍ പൂഴിയിലെഴുതിയ പേരുപോലെ അപ്രത്യക്ഷരാകും. എന്തെന്നാല്‍, ജീവജലത്തിന്റെ ഉറവിടമായ കര്‍ത്താവിനെ അവരുപേക്ഷിച്ചു.
14: കര്‍ത്താവേ, എന്നെ സുഖപ്പെടുത്തണമേ; അപ്പോള്‍ ഞാന്‍ സൗഖ്യമുള്ളവനാകും. എന്നെ രക്ഷിക്കണമേ; അപ്പോള്‍ ഞാന്‍ രക്ഷപ്പെടും; അങ്ങുമാത്രമാണെന്റെ പ്രത്യാശ.
15: കര്‍ത്താവിന്റെ വചനമെവിടെ, അതിപ്പോള്‍ നിവര്‍ത്തിയാകട്ടെയെന്ന് അവര്‍ പറയുന്നു.
16: തിന്മ വരുത്താന്‍ ഞാനങ്ങയോടു നിര്‍ബന്ധിച്ചപേക്ഷിച്ചില്ലെന്നും ദുര്‍ദിനം ഞാനഭിലഷിച്ചില്ലെന്നും അവിടുത്തേയ്ക്കറിയാമല്ലോ. എന്റെ നാവില്‍നിന്നു പുറപ്പെട്ടതൊന്നും അങ്ങേയ്ക്കജ്ഞാതമല്ല.
17: അങ്ങെനിക്ക് ഭയകാരണമാകരുതേ, തിന്മയുടെ ദിനത്തില്‍ അങ്ങാണെന്റെ സങ്കേതം.
18: എന്നെ പീഡിപ്പിക്കുന്നവര്‍ ലജ്ജിതരാകട്ടെ; ഞാന്‍ ലജ്ജിതനാകാതിരിക്കട്ടെ. അവര്‍ സംഭ്രമിക്കട്ടെ; ഞാന്‍ സംഭ്രമിക്കാതിരിക്കട്ടെ. അവരുടെമേല്‍ തിന്മയുടെ ദിവസം വരുത്തണമേ. അവരെ വീണ്ടുംവീണ്ടും നശിപ്പിക്കണമേ.

സാബത്താചരണം
19: കര്‍ത്താവെന്നോടരുളിച്ചെയ്തു: യൂദാരാജാക്കന്മാര്‍ കയറുകയുമിറങ്ങുകയുംചെയ്യുന്ന ബഞ്ചമിന്‍ കവാടത്തിലും ജറുസലെമിന്റെ സകല കവാടങ്ങളിലും ചെന്നുപറയുക:
20: യൂദാരാജാക്കന്മാരേ, യൂദായിലെ ജനങ്ങളേ, ജറുസലെം നിവാസികളേ, ഈ കവാടങ്ങളിലൂടെ പ്രവേശിക്കുന്ന നിങ്ങള്‍ കര്‍ത്താവിന്റെ വാക്കു കേള്‍ക്കുവിന്‍.
21: കര്‍ത്താവരുളിച്ചെയ്യുന്നു: ജീവന്‍വേണമെങ്കില്‍ സൂക്ഷിച്ചുകൊള്ളുവിന്‍. സാബത്തുദിനത്തില്‍ നിങ്ങള്‍ ഭാരംവഹിക്കുകയോ ജറുസലെം കവാടങ്ങളിലൂടെ അതു കൊണ്ടുവരുകയോ ചെയ്യരുത്.
22: സാബത്തില്‍ നിന്റെ വീട്ടില്‍നിന്നു പുറത്തേക്കു ചുമടു കൊണ്ടുപോകരുത്; ജോലി ചെയ്യുകയുമരുത്. നിങ്ങളുടെ പിതാക്കന്മാരോടു ഞാന്‍ കല്പിച്ചതുപോലെ, സാബത്തുദിവസം ശുദ്ധമായാചരിക്കുവിന്‍.
23: എന്നാല്‍, അവര്‍ ശ്രദ്ധിക്കുകയോ ശ്രവിക്കുകപോലുമോ ചെയ്തില്ല. നിര്‍ദ്ദേശങ്ങള്‍ ശ്രവിക്കുകയും സ്വീകരിക്കുകയുംചെയ്യാതെ അവര്‍ തങ്ങളുടെ ദുര്‍വാശിയിലുറച്ചുനിന്നു.
24: കര്‍ത്താവരുളിച്ചെയ്യുന്നു: നിങ്ങള്‍ എന്നെയനുസരിക്കുകയും സാബത്തുദിവസത്തില്‍ ഈ നഗരത്തിന്റെ കവാടങ്ങളിലൂടെ ചുമടു കൊണ്ടുവരാതിരിക്കുകയും ജോലിയൊന്നുംചെയ്യാതെ സാബത്തു ശുദ്ധമായി ആചരിക്കുകയുംചെയ്താല്‍
25: ദാവീദിന്റെ സിംഹാസനത്തിലിരിക്കുന്ന രാജാക്കന്മാര്‍ രഥങ്ങളിലും കുതിരപ്പുറത്തും സവാരിചെയ്ത്, ഈ നഗരകവാടങ്ങളിലൂടെ അകത്തു പ്രവേശിക്കും; അവരോടൊപ്പം അവരുടെ പ്രഭുക്കന്മാരും യൂദായിലെ ജനങ്ങളും ജറുസലെംനിവാസികളും. അങ്ങനെ നഗരമെന്നും ജനനിബിഡമായിരിക്കും.
26: യൂദായിലെ നഗരങ്ങളില്‍നിന്നും ജറുസലെമിന്റെ പ്രാന്തപ്രദേശങ്ങളില്‍നിന്നും ബഞ്ചമിന്‍ദേശത്തുനിന്നും സമതലങ്ങള്‍, മലമ്പ്രദേശങ്ങള്‍, നെഗെബ് എന്നിവിടങ്ങളില്‍നിന്നും ആളുകള്‍ വരും. അവര്‍ കര്‍ത്താവിന്റെ ഭവനത്തിലേക്കു ദഹനബലികളും കാഴ്ചകളും ധാന്യബലികളും സുഗന്ധദ്രവ്യങ്ങളും കൃതജ്ഞതാബലികളും കൊണ്ടുവരും.
27: എന്നാല്‍, നിങ്ങളെന്നെയനുസരിച്ചു സാബത്തു ശുദ്ധമായി ആചരിക്കാതിരിക്കുകയും സാബത്തില്‍ ചുമടുമായി ജറുസലെമിന്റെ കവാടങ്ങളിലൂടെ പ്രവേശിക്കുകയുംചെയ്താല്‍ ഞാനതിന്റെ കവാടങ്ങളില്‍ തീ കൊളുത്തും. അതു ജറുസലെമിലെ കൊട്ടാരങ്ങളെ വിഴുങ്ങും; ആരുമതു കെടുത്തുകയില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ