ഇരുനൂറ്റിയിരുപത്തിനാലാം ദിവസം: ജെറമിയ 22 - 24


അദ്ധ്യായം 22

1: കര്‍ത്താവരുളിച്ചെയ്യുന്നു: നീ യൂദാരാജാവിന്റെ കൊട്ടാരത്തില്‍പ്പോയറിയിക്കുക.
2: ദാവീദിന്റെ സിംഹാസനത്തിലിരിക്കുന്ന യൂദാരാജാവായ നീയും നിന്റെ സേവകരും ഈ കവാടത്തിലൂടെ പ്രവേശിക്കുന്ന നിന്റെ ജനവും കര്‍ത്താവിന്റെ വാക്കുകേള്‍ക്കുവിന്‍ എന്നു പറയുക.
3: കര്‍ത്താവരുളിച്ചെയ്യുന്നു: നീതിയും ന്യായവും നിര്‍വ്വഹിക്കുക. കൊള്ളയടിക്കപ്പെട്ടവനെ അക്രമിയുടെ കൈയില്‍നിന്നു രക്ഷിക്കുക. പരദേശിയോടും അനാഥനോടും വിധവയോടും തിന്മയോ അതിക്രമമോ കാട്ടരുത്; ഈ സ്ഥലത്തു നിരപരാധന്റെ രക്തം വീഴ്ത്തുകയുമരുത്.
4: ഈ വാക്ക്, അന്യൂനമനുസരിച്ചാല്‍ ദാവീദിന്റെ സിംഹാസനത്തിലിരിക്കുന്ന രാജാക്കന്മാരും അവരുടെ സേവകരും ജനവും ഈ കൊട്ടാരത്തിന്റെ കവാടങ്ങളിലൂടെ രഥങ്ങളിലും കുതിരപ്പുറത്തും സവാരിചെയ്തു പ്രവേശിച്ചുകൊണ്ടിരിക്കും.
5: എന്റെ ഈ വാക്കനുസരിച്ചില്ലെങ്കില്‍, ഞാനാണേ ഈ കൊട്ടാരം നാശക്കൂമ്പാരമായിത്തീരും – കര്‍ത്താവാണിതരുളിച്ചെയ്യുന്നത്.
6: യൂദാരാജാവിന്റെ കൊട്ടാരത്തെക്കുറിച്ചു കര്‍ത്താവരുളിച്ചെയ്യുന്നു: നീ എനിക്കു ഗിലയാദുപോലെയും ലബനോന്‍ കൊടുമുടിപോലെയുമാണ്. എങ്കിലും ഞാന്‍ നിന്നെ മരുഭൂമിയാക്കും- ഒരു വിജനനഗരം!
7: നിനക്കെതിരേ ഞാന്‍ ആയുധധാരികളായ സംഹാരകരെ ഒരുക്കിയിരിക്കുന്നു. നിന്റെ അതിവിശിഷ്ടദേവദാരുക്കള്‍ അവര്‍ വെട്ടിവീഴ്ത്തി തീയിലെറിയും.
8: ഈ നഗരത്തിനടുത്തുകൂടെ അനേകം ജനതകള്‍ കടന്നുപോകും. ഓരോരുത്തനും അയല്‍ക്കാരനോടു ചോദിക്കും: ഈ മഹാനഗരത്തോടു കര്‍ത്താവെന്തുകൊണ്ടാണ് ഇപ്രകാരം പ്രവര്‍ത്തിച്ചത്?
9: അവര്‍ തങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ ഉടമ്പടിയവഗണിച്ച് അന്യദേവന്മാരെ ആരാധിക്കുകയും സേവിക്കുകയും ചെയ്തതുകൊണ്ടുതന്നെയെന്ന് അവരുത്തരം പറയും.
10: മരിച്ചവനെയോര്‍ത്തു വിലപിക്കേണ്ടാ. എന്നാല്‍, നാടുവിട്ടു പോകുന്നവനെയോര്‍ത്ത്, ഉള്ളുരുകിക്കരയുവിന്‍, ജന്മദേശംകാണാന്‍ അവന്‍ തിരിച്ചുവരുകയില്ല.
11: ജോസിയായുടെ മകനും യൂദാരാജാവുമായ ഷല്ലൂം തന്റെ പിതാവായ ജോസിയായ്ക്കു പകരം നാടുവാണു; ഈ സ്ഥലത്തുനിന്നുപോവുകയും ചെയ്തു, അവനെക്കുറിച്ചു കര്‍ത്താവരുളിച്ചെയ്യുന്നു: അവന്‍ ഇനിയൊരിക്കലും മടങ്ങിവരുകയില്ല.
12: അവരവനെ കൊണ്ടുപോയി തടവിലിടുന്ന സ്ഥലത്തുവച്ച്, അവന്‍ മരിക്കും; ഈ ദേശം ഒരിക്കലുമവന്‍ കാണുകയില്ല.
13: അനീതിയുടെ മുകളില്‍ കൊട്ടാരം പണിയുകയും അന്യായത്തിനു മുകളില്‍ മട്ടുപ്പാവു നിര്‍മ്മിക്കുകയും അയല്‍ക്കാരനെക്കൊണ്ടു ജോലിചെയ്യിച്ചിട്ടു പ്രതിഫലം നല്കാതിരിക്കുകയും ചെയ്യുന്നവന്‍ ശപ്തന്‍!
14: വിശാലമായ മുറികളുള്ള വലിയൊരു മാളിക ഞാന്‍ പണിയുമെന്ന് അവന്‍ പറയുന്നു. അവനതിനു ജാലകങ്ങള്‍ പിടിപ്പിക്കുകയും ദേവദാരുകൊണ്ടു തട്ടിടുകയും ചായില്യംകൊണ്ടു ചായംപൂശുകയും ചെയ്യുന്നു.
15: ധാരാളം ദേവദാരുക്കളുള്ളതിനാല്‍ രാജാവാണെന്നു നീ കരുതുന്നുവോ? നിന്റെ പിതാവു ജീവിതമാസ്വദിച്ചില്ലേ? അവന്‍ നീതിയും ന്യായവുംനടത്തുകയും ചെയ്തു. അതുകൊണ്ട് അവനെല്ലാം ശുഭമായിരുന്നു.
16: അവന്‍ ദരിദ്രര്‍ക്കും അഗതികള്‍ക്കും ന്യായംനടത്തിക്കൊടുത്തു. അന്ന്, എല്ലാം നന്നായിരുന്നു. എന്നെ അറിയുകയെന്നാല്‍ ഇതുതന്നെയല്ലേയെന്ന് കര്‍ത്താവരുളിച്ചെയ്യുന്നു.
17: എന്നാല്‍ നിന്റെ കണ്ണും കരളും വഞ്ചനയിലൂടെ ലാഭമുണ്ടാക്കുന്നതിലും നിഷ്കളങ്കരക്തചിന്തുന്നതിലും മര്‍ദ്ദനവും അക്രമവും അഴിച്ചുവിടുന്നതിലുംമാത്രം വ്യാപൃതമായിരിക്കുന്നു.
18: അതുകൊണ്ടു ജോസിയായുടെ മകനും യൂദാരാജാവുമായ യഹോയാക്കിമിനെക്കുറിച്ചു കര്‍ത്താവരുളിച്ചെയ്യുന്നു: ഹാ! എന്റെ സഹോദരാ, ഹാ! എന്റെ സഹോദരീ, എന്നു പറഞ്ഞ് ആരുമവനെച്ചൊല്ലി കരയുകയില്ല; ഹാ! എന്റെ യജമാനനേ, ഹാ! എന്റെ പ്രഭോ, എന്നു പറഞ്ഞ്, അവനെയോര്‍ത്തു വിലപിക്കുകയുമില്ല.
19: കഴുതയെപ്പോലെയായിരിക്കും അവനെ സംസ്കരിക്കുക. അവന്‍ ജറുസലെംകവാടത്തിനു പുറത്തേക്കു വലിച്ചെറിയപ്പെടും.
20: ലബനോനില്‍ച്ചെന്നു നീ നിലവിളിക്കുക; ബാഷാനില്‍ നിന്റെ ശബ്ദം മുഴങ്ങട്ടെ. അബാറിമില്‍നിന്ന് ഉച്ചത്തില്‍ കരയുക, നിന്റെ കൂട്ടുകാര്‍ നാശമടഞ്ഞിരിക്കുന്നു.
21: നിന്റെ ഐശ്വര്യകാലത്തു ഞാന്‍ നിന്നോടു സംസാരിച്ചു; ഞാന്‍ അനുസരിക്കുകയില്ല എന്നു നീ പറഞ്ഞു. ചെറുപ്പംമുതലേ നീ എന്റെ വാക്കു കേട്ടില്ല.
22: നിന്റെ ഇടയന്മാരെ കാറ്റു പറപ്പിക്കും. നിന്റെയുറ്റവരെ അടിമകളാക്കിക്കൊണ്ടുപോകും. അപ്പോള്‍ നിന്റെ ദുഷ്ടതയെക്കുറിച്ചു നീ ലജ്ജിക്കുകയും അമ്പരക്കുകയും ചെയ്യും.
23: ദേവദാരുക്കളുടെയിടയില്‍ കൂടുകെട്ടി ലബനോനില്‍ വസിക്കുന്നവളേ, ഈറ്റുനോവുകൊണ്ടെന്നപോലെ പുളയുമ്പോള്‍ എപ്രകാരമായിരിക്കും നീ ഞരങ്ങുക?
24: കര്‍ത്താവരുളിച്ചെയ്യുന്നു: യഹോയാക്കിമിന്റെ മകനും യൂദാരാജാവുമായ കോണിയാ എന്റെ വലത്തുകൈയിലെ മുദ്രമോതിരമാണെങ്കില്‍പ്പോലും അവനെ ദൂരെയെറിയുമെന്നു കര്‍ത്താവായ ഞാന്‍ ശപഥം ചെയ്യുന്നു.
25: നിന്റെ ജീവനെത്തേടുന്നവരുടെ കൈയില്‍, നീ ഭയപ്പെടുന്ന ബാബിലോണ്‍രാജാവായ നബുക്കദ് നേസറിന്റെയും കല്‍ദായരുടെയും കൈയില്‍, നിന്നെ ഞാന്‍, ഏല്പിച്ചുകൊടുക്കും.
26: നിന്നെയും നിനക്കു ജന്മമേകിയ അമ്മയെയും മറ്റൊരു നാട്ടിലേക്കു ഞാന്‍ ആട്ടിപ്പായിക്കും.
27: നിന്റെ ജന്മദേശമല്ലാത്ത ആ നാട്ടില്‍വച്ചു നീ മരിക്കും. മടങ്ങിവരാനാഗ്രഹിക്കുന്ന നാട്ടിലേക്കവര്‍ വരുകയില്ല.
28: ഈ കോണിയാ, ആര്‍ക്കുംവേണ്ടാതെ പുറംതള്ളപ്പെട്ട പൊട്ടക്കലമാണോ? അവര്‍ക്കജ്ഞാതമായ നാട്ടിലേക്ക് അവനും മക്കളും എന്തിനു ചുഴറ്റിയെറിയപ്പെടുന്നു?
29: ഓ, ദേശമേ, ദേശമേ, ദൈന്യദേശമേ, കര്‍ത്താവിന്റെ വാക്കുകേള്‍ക്കുക.
30: കര്‍ത്താവരുളിച്ചെയ്യുന്നു: സന്തതിയില്ലാത്തവനെന്നും ജീവിതത്തില്‍ പരാജയപ്പെട്ടവനെന്നും ഇവനെ എഴുതിത്തള്ളുക. ദാവീദിന്റെ സിംഹാസനത്തിലിരിക്കുന്നതിനും യൂദായില്‍ ഭരണംനടത്തുന്നതിനും അവന്റെ സന്തതികളിലാര്‍ക്കും ഭാഗ്യമുണ്ടാവുകയില്ല.

അദ്ധ്യായം 23

വരാനിരിക്കുന്ന രാജാവ്
1: എന്റെ മേച്ചില്‍സ്ഥലത്തെ ആടുകളെ നശിപ്പിക്കുകയും ചിതറിക്കുകയുംചെയ്യുന്ന ഇടയന്മാര്‍ക്കു ശാപം - കര്‍ത്താവരുളിച്ചെയ്യുന്നു.
2: ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ്, തന്റെ ജനത്തെ സംരക്ഷിക്കേണ്ട ഇടയന്മാരെക്കുറിച്ചരുളിച്ചെയ്യുന്നു: നിങ്ങളെന്റെ ആട്ടിന്‍പറ്റത്തെ ചിതറിച്ചോടിച്ചു. നിങ്ങളവയെ പരിപാലിച്ചില്ല. നിങ്ങളുടെ ദുഷ്കൃത്യങ്ങള്‍ക്കു ഞാന്‍ പകരംവിട്ടും.
3: അവയെ ആട്ടിപ്പായിച്ച എല്ലാ ദേശങ്ങളില്‍നിന്നും എന്റെ ആട്ടിന്‍പറ്റത്തില്‍ അവശേഷിച്ചവയെ ഞാന്‍ ശേഖരിക്കും. ആലയിലേക്കു ഞാനവയെ കൊണ്ടുവരും; അവ വര്‍ദ്ധിച്ചു പെരുകുകയും ചെയ്യും.
4: അവയെ മേയ്ക്കുന്നതിന് ഇടയന്മാരെ ഞാന്‍ നിയോഗിക്കും. ഇനിമേലവ ഭയപ്പെടുകയോ വേവലാതിപ്പെടുകയോ ഇല്ല; ഒന്നും കാണാതെപോവുകയുമില്ല - കര്‍ത്താവരുളിച്ചെയ്യുന്നു.
5: ഇതാ, ഞാന്‍ ദാവീദിന്റെ വംശത്തില്‍, നീതിയുടെ ശാഖ മുളപ്പിക്കുന്ന ദിവസംവരുന്നു - കര്‍ത്താവരുളിച്ചെയ്യുന്നു. അവന്‍ രാജാവായി വാഴുകയും ബുദ്ധിപൂര്‍വ്വം ഭരിക്കുകയും ചെയ്യും. നാട്ടില്‍ നീതിയും ന്യായവും അവന്‍ നടപ്പാക്കും.
6: അവന്റെ നാളുകളില്‍ യൂദാ രക്ഷിക്കപ്പെടും; ഇസ്രായേല്‍ സുരക്ഷിതമായിരിക്കും. കര്‍ത്താവാണു ഞങ്ങളുടെ നീതി എന്ന പേരിലായിരിക്കും അവനറിയപ്പെടുക.
7: ഇസ്രായേല്‍ജനത്തെ ഈജിപ്തില്‍നിന്നു കൂട്ടിക്കൊണ്ടുവന്ന കര്‍ത്താവാണേ എന്ന് ആരും ശപഥംചെയ്യാത്ത കാലംവരുന്നു - കര്‍ത്താവരുളിച്ചെയ്യുന്നു.
8: ഇസ്രായേല്‍ സന്തതികളെ ഉത്തരദേശത്തുനിന്നും അവിടുന്നു നാടുകടത്തിയ എല്ലാരാജ്യങ്ങളില്‍നിന്നും തിരിച്ചുകൊണ്ടുവന്ന കര്‍ത്താവാണേ എന്നായിരിക്കും അവര്‍ സത്യം ചെയ്യുക. അവര്‍ തങ്ങളുടെ സ്വന്തം നാട്ടില്‍ പാര്‍ക്കും.

വ്യാജപ്രവാചകന്മാര്‍
9: പ്രവാചകന്മാരെക്കുറിച്ച്: എന്റെ ഹൃദയം തകരുന്നു; അസ്ഥികളിളകുന്നു. വീഞ്ഞുകുടിച്ചു മത്തുപിടിച്ചവനെപ്പോലെയാണു ഞാന്‍. ഇതു കര്‍ത്താവിനെപ്രതിയും അവിടുത്തെ വിശുദ്ധ വചനത്തെപ്രതിയുമത്രേ.
10: നാടു മുഴുവന്‍ വ്യഭിചാരികളെക്കൊണ്ടു നിറയുന്നു. ശാപംനിമിത്തം നാടു വിലപിക്കുന്നു. മരുഭൂമിയിലെ മേച്ചില്‍സ്ഥലങ്ങള്‍ കരിയുന്നു. അവരുടെ മാര്‍ഗ്ഗം ചീത്തയും അവരുടെ ശക്തി അനീതിനിറഞ്ഞതുമാണ്.
11: പ്രവാചകനിലും പുരോഹിതനിലും മ്ലേച്ഛതനിറഞ്ഞിരിക്കുന്നു. എന്റെ ഭവനത്തില്‍പ്പോലും അവര്‍ ദുഷ്ടത പ്രവര്‍ത്തിക്കുന്നതു ഞാന്‍ കണ്ടിരിക്കുന്നു - കര്‍ത്താവരുളിച്ചെയ്യുന്നു.
12: അതുകൊണ്ട്, അവരുടെ വഴികള്‍ അന്ധകാരംനിറഞ്ഞതും വഴുവഴുപ്പുള്ളതുമായിരിക്കും. അതിലൂടെ അവര്‍ ഓടിക്കപ്പെടുകയും വീഴ്ത്തപ്പെടുകയും ചെയ്യും. അവരുടെ ശിക്ഷയുടെ ആണ്ടില്‍, അവരുടെമേല്‍ ഞാന്‍ തിന്മ വര്‍ഷിക്കും - കര്‍ത്താവരുളിച്ചെയ്യുന്നു.
13: സമരിയായിലെ പ്രവാചകരുടെയിടയില്‍ അരോചകമായൊരു കാര്യം ഞാന്‍ കണ്ടു. അവര്‍ ബാലിന്റെ നാമത്തില്‍ പ്രവചിച്ച്, എന്റെ ജനമായ ഇസ്രായേലിനെ വഴിപിഴപ്പിച്ചു.
14: ജറുസലെമിലെ പ്രവാചകരുടെയിടയില്‍ ഭയാനകമായൊരു കാര്യം ഞാന്‍ കണ്ടു. അവര്‍ വ്യഭിചരിക്കുകയും കാപട്യത്തില്‍ മുഴുകുകയുംചെയ്യുന്നു. ആരും ദുഷ്ടതയുപേക്ഷിക്കാതിരിക്കത്തക്കവിധം അവര്‍ ദുഷ്ടരെ പിന്താങ്ങുന്നു. അവരെനിക്കു സോദോംപോലെയാണ്; അവിടത്തെ നിവാസികള്‍ ഗൊമോറാപോലെയും.
15: അതുകൊണ്ടു സൈന്യങ്ങളുടെ കര്‍ത്താവു പ്രവാചകന്മാരെക്കുറിച്ച് അരുളിച്ചെയ്യുന്നു: അവരെ ഞാന്‍ കാഞ്ഞിരം തീറ്റും; അവരെ ഞാന്‍ വിഷം കുടിപ്പിക്കും. എന്തെന്നാല്‍, ജറുസലെമിലെ പ്രവാചകന്മാരില്‍നിന്നു ദേശം മുഴുവന്‍ അധര്‍മ്മം പരന്നിരിക്കുന്നു.
16: സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു: തങ്ങളുടെ പ്രവചനംകൊണ്ടു നിങ്ങളെ വ്യാമോഹിപ്പിക്കുന്ന പ്രവാചകന്മാരെ നിങ്ങള്‍ ശ്രദ്ധിക്കേണ്ടാ. അവരുടെ വാക്കുകള്‍ കര്‍ത്താവിന്റെ നാവില്‍നിന്നുള്ളതല്ല; തങ്ങളുടെതന്നെ മനസ്സിന്റെ വിഭ്രാന്തിയാണ്.
17: കര്‍ത്താവിന്റെ വാക്കിനെ പുച്ഛിച്ചുതള്ളുന്നവരോടു ‘നിങ്ങള്‍ക്കെല്ലാം നന്മയായിരിക്കും’ എന്നവര്‍ നിരന്തരം പറയുന്നു. തങ്ങളുടെതന്നെ മനോഗതങ്ങളെ മര്‍ക്കടമുഷ്ടിയോടെ പിന്തുടരുന്നവരോടു നിങ്ങള്‍ക്കു യാതൊരു തിന്മയും വരുകയില്ലെന്നും അവര്‍ പറയുന്നു.
18: അവരിലാരാണു കര്‍ത്താവിനെക്കാണാനും അവിടുത്തെ വചനംശ്രവിക്കാനുമായി അവിടുത്തെ സന്നിധിയില്‍ നിന്നിട്ടുള്ളത്? അവിടുത്തെ വചനം കേള്‍ക്കുകയോ ശ്രദ്ധിക്കുകയോചെയ്തിട്ടുള്ളതാരാണ്?
19: ഇതാ, കര്‍ത്താവിന്റെ കൊടുങ്കാറ്റ്! ഉഗ്രമായ ചുഴലിക്കാറ്റായി ക്രോധം പുറപ്പെട്ടിരിക്കുന്നു; ദുഷ്ടന്മാരുടെ തലയില്‍ അതാഞ്ഞടിക്കും.
20: കര്‍ത്താവിന്റെ ഹിതം പൂര്‍ണ്ണമായി നിറവേറ്റുന്നതുവരെ അവിടുത്തെ കോപം ശമിക്കുകയില്ല. സമയമാകുമ്പോള്‍ അതു നിങ്ങള്‍ മനസ്സിലാക്കും.
21: ആ പ്രവാചകന്മാരെ ഞാനയച്ചില്ല; എന്നിട്ടുമവര്‍ ഓടിനടന്നു; ഞാനവരോടു സംസാരിച്ചില്ല; എന്നിട്ടുമവര്‍ പ്രവചിച്ചു.
22: എന്റെ സന്നിധിയില്‍ നിന്നിരുന്നെങ്കില്‍, എന്റെ ജനത്തോട് അവരെന്റെ വാക്കുകള്‍ പ്രഘോഷിച്ച്, ദുര്‍മാര്‍ഗ്ഗത്തില്‍നിന്നും ദുഷ്പ്രവൃത്തികളില്‍നിന്നും അവരെ പിന്തിരിപ്പിക്കുമായിരുന്നു.
23: കര്‍ത്താവു ചോദിക്കുന്നു: സമീപസ്ഥനായിരിക്കുമ്പോള്‍മാത്രമാണോ ഞാന്‍ നിങ്ങള്‍ക്കു ദൈവം? വിദൂരത്തിലിരിക്കുമ്പോഴും ഞാന്‍ ദൈവമല്ലേ?
24: എനിക്കു കാണാന്‍കഴിയാത്തവിധം ആര്‍ക്കെങ്കിലും രഹസ്യസങ്കേതങ്ങളിലൊളിക്കാന്‍ സാധിക്കുമോ? സ്വര്‍ഗ്ഗവും ഭൂമിയും നിറഞ്ഞുനില്ക്കുന്നവനല്ലേ ഞാന്‍? കര്‍ത്താവാണിതു ചോദിക്കുന്നത്.
25: എനിക്കൊരു സ്വപ്നമുണ്ടായി, എനിക്കൊരു സ്വപ്നമുണ്ടായി എന്നവകാശപ്പെട്ട്, പ്രവാചകന്മാര്‍ എന്റെ നാമത്തില്‍ വ്യാജംപ്രവചിക്കുന്നതു ഞാന്‍ കേള്‍ക്കുന്നുണ്ട്.
26: കള്ളപ്രവചനങ്ങള്‍ നടത്തുന്ന, സ്വന്തം തോന്നലുകളെ പ്രവചനങ്ങളായി അവതരിപ്പിക്കുന്ന, ഈ പ്രവാചകന്മാര്‍ തങ്ങളുടെ ഹൃദയത്തില്‍ എത്രനാള്‍ വ്യാജം കൊണ്ടുനടക്കും?
27: തങ്ങളുടെ പിതാക്കന്മാര്‍, ബാലിനെപ്രതി എന്റെ നാമം വിസ്മരിച്ചതുപോലെ എന്റെ ജനത്തിന്റെയിടയില്‍ എന്റെ നാമം വിസ്മൃതമാക്കാമെന്നു വിചാരിച്ച്, അവര്‍ തങ്ങളുടെ ഭാവനകള്‍ പരസ്പരം കൈമാറുന്നു.
28: കര്‍ത്താവരുളിച്ചെയ്യുന്നു: സ്വപ്നംകാണുന്ന പ്രവാചകന്‍ തന്റെ സ്വപ്നം പറയട്ടെ, എന്റെ വചനംലഭിച്ചിട്ടുള്ളവന്‍ അതു വിശ്വസ്തതയോടെ പ്രഖ്യാപിക്കട്ടെ. പതിരിനും ഗോതമ്പുമണിക്കും തമ്മില്‍ എന്തു പൊരുത്തം?
29: എന്റെ വചനം അഗ്നിപോലെയും പാറയെ തകര്‍ക്കുന്ന കൂടംപോലെയുമല്ലേ? കര്‍ത്താവു ചോദിക്കുന്നു.
30: അതിനാല്‍ അയല്‍ക്കാരില്‍നിന്ന് എന്റെ വചനങ്ങള്‍ മോഷ്ടിക്കുന്ന പ്രവാചകന്മാര്‍ക്കു ഞാനെതിരാണ്- കര്‍ത്താവരുളിച്ചെയ്യുന്നു.
31: സ്വന്തം നാവനക്കിയാല്‍ കര്‍ത്താവിന്റെ അരുളപ്പാടാകുമെന്നു കരുതുന്ന പ്രവാചകന്മാരെ ഞാനെതിര്‍ക്കുന്നു- കര്‍ത്താവരുളിച്ചെയ്യുന്നു.
32: വ്യാജസ്വപ്നങ്ങള്‍ പ്രവചിക്കുന്നവര്‍ക്കു ഞാനെതിരാണ് - കര്‍ത്താവരുളിച്ചെയ്യുന്നു. നുണകള്‍ പറഞ്ഞും വീമ്പടിച്ചും അവരെന്റെ ജനത്തെ വഴിതെറ്റിക്കുന്നു. ഞാന്‍ അവരെ അയച്ചില്ല. അധികാരപ്പെടുത്തിയുമില്ല. അവര്‍ ഈ ജനത്തിന് ഒരു ഗുണവും ചെയ്യുകയില്ല - കര്‍ത്താവരുളിച്ചെയ്യുന്നു.
33: കര്‍ത്താവെന്താണു ഭരമേല്പിച്ചതെന്നു ജനത്തിലാരെങ്കിലുമോ പ്രവാചകനോ പുരോഹിതനോ ചോദിച്ചാല്‍ നീ പറയണം, കര്‍ത്താവരുളിച്ചെയ്യുന്നു: നിങ്ങള്‍തന്നെയാണ് ആ ഭാരം; ഞാന്‍ നിങ്ങളെ വലിച്ചെറിയും.
34: കര്‍ത്താവിന്റെ ഭാരം എന്നു പ്രവാചകനോ, പുരോഹിതനോ, ജനത്തിലാരെങ്കിലുമോ പറഞ്ഞാല്‍ അവനെയും അവന്റെ കുടുംബത്തെയും ഞാന്‍ ശിക്ഷിക്കും.
35: നിങ്ങളോരോരുത്തരും തന്റെ അയല്‍ക്കാരനോടും സഹോദരനോടും പറയേണ്ടതിങ്ങനെയാണ്; കര്‍ത്താവു നല്കുന്ന ഉത്തരമെന്ത്?
36: കര്‍ത്താവരുളിച്ചെയ്തതെന്ത്? കര്‍ത്താവിന്റെ ഭാരമെന്നു നിങ്ങളിനി ഒരിക്കലും പറയരുത്. ഓരോരുത്തനും അവനവന്റെ വാക്കുതന്നെ ഭാരമായിത്തീരും. എന്തെന്നാല്‍ നമ്മുടെ ദൈവവും സൈന്യങ്ങളുടെ കര്‍ത്താവുമായ ജീവിക്കുന്ന ദൈവത്തിന്റെ വചനം നിങ്ങള്‍ വളച്ചൊടിക്കുകയാണ്.
37: കര്‍ത്താവു നിനക്കെന്തു പ്രത്യുത്തരം നല്കി, കര്‍ത്താവെന്താണരുളിച്ചെയ്തത്, എന്നിങ്ങനെയാണു നിങ്ങള്‍ പ്രവാചകനോടു ചോദിക്കേണ്ടത്.
38: കര്‍ത്താവരുളിച്ചെയ്യുന്നു: കര്‍ത്താവിന്റെ ഭാരമെന്നു പറയരുതെന്നു വിലക്കി, ഞാന്‍ നിങ്ങളെയയച്ചിട്ടും നിങ്ങളതുതന്നെ പറഞ്ഞാല്‍,
39: ഞാന്‍ നിങ്ങളെയും, നിങ്ങള്‍ക്കും നിങ്ങളുടെ പിതാക്കന്മാര്‍ക്കും നല്കിയ നഗരത്തെയും, എന്റെ കണ്മുമ്പില്‍നിന്നു പിഴുതെറിയും.
40: ശാശ്വതമായ നിന്ദയ്ക്കും മറക്കാത്ത അവമാനത്തിനും ഞാന്‍ നിങ്ങളെ വിധേയരാക്കും.

അദ്ധ്യായം 24

രണ്ടുകുട്ട അത്തിപ്പഴം
1: ബാബിലോണ്‍ രാജാവായ നബുക്കദ്‌നേസര്‍ യഹോയാക്കിമിന്റെ മകനും യൂദാരാജാവുമായ യക്കോണിയായെയും യൂദായിലെ പ്രഭുക്കന്മാരെയും ശില്പികളെയും, ലോഹപ്പണിക്കാരെയും ജറുസലെമില്‍നിന്നു ബാബിലോണിലേക്കു നാടുകടത്തിയതിനുശേഷം കര്‍ത്താവെനിക്കൊരു ദര്‍ശനംനല്കി. ഇതാ, ദേവാലയത്തിന്റെ മുമ്പില്‍ രണ്ടു കുട്ട അത്തിപ്പഴം.
2: ഒരു കുട്ടയില്‍ ആദ്യം മൂത്തുപഴുത്ത മേല്‍ത്തരം അത്തിപ്പഴം; മറ്റേ കുട്ടയില്‍ തിന്നാന്‍ കൊള്ളാത്തവിധം ചീത്തയായ പഴവും.
3: കര്‍ത്താവെന്നോടു ചോദിച്ചു: ജറെമിയാ, നീയെന്തു കാണുന്നു? ഞാന്‍ പറഞ്ഞു: അത്തിപ്പഴങ്ങള്‍, നല്ലത് വളരെ നന്ന്; മോശമായത് തിന്നാന്‍കൊള്ളാത്തവിധം തീരെ മോശം.
4: അപ്പോള്‍ കര്‍ത്താവെന്നോടരുളിച്ചെയ്തു: ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു:
5: ഞാനിവിടെനിന്നു കല്‍ദായരുടെ നാട്ടിലേക്ക് അടിമകളായയച്ച യൂദാനിവാസികളെ ഈ നല്ല അത്തിപ്പഴത്തെപ്പോലെ നല്ലവരായി കരുതും.
6: ഞാനവരെ കടാക്ഷിച്ച്, അവര്‍ക്കു നന്മ വരുത്തും; ഈ ദേശത്തേക്കു തിരികെക്കൊണ്ടുവരുകയും ചെയ്യും. ഞാനവരെ പണിതുയര്‍ത്തും, നശിപ്പിക്കുകയില്ല. ഞാനവരെ നടും; പിഴുതുകളയുകയില്ല.
7: ഞാനാണു കര്‍ത്താവെന്നു ഗ്രഹിക്കുന്നതിനായി ഞാനവര്‍ക്കു ഹൃദയംനല്കും. അവരെന്റെ ജനവും ഞാനവരുടെ ദൈവവുമായിരിക്കും. അവര്‍ പൂര്‍ണ്ണഹൃദയത്തോടെ എന്റെയടുക്കലേക്കു തിരിച്ചുവരും.
8: എന്നാല്‍ യൂദായിലെ രാജാവായ സെദെക്കിയായെയും അവന്റെ പ്രഭുക്കന്മാരെയും ഈ ദേശത്ത് അവശേഷിക്കുകയോ ഈജിപ്തില്‍പോയി പാര്‍ക്കുകയോചെയ്യുന്ന ജറുസലെംകാരെയും തിന്നാന്‍കൊള്ളാത്തവിധം ചീത്തയായ അത്തിപ്പഴംപോലെ ഞാനുപേക്ഷിക്കും - കര്‍ത്താവരുളിച്ചെയ്യുന്നു.
9: ഭൂമിയിലെ സകലരാജ്യങ്ങള്‍ക്കും അവര്‍ ബീഭത്സ വസ്തുവായിരിക്കും; ഞാനവരെ ചിതറിച്ച എല്ലായിടത്തും അവര്‍ അവജ്ഞയ്ക്കും പഴമൊഴിക്കും അവഹേളനത്തിനും ശാപത്തിനും പാത്രവുമായിരിക്കും.
10: അവര്‍ക്കും അവരുടെ പിതാക്കന്മാര്‍ക്കും നല്കിയ ദേശത്തുനിന്ന്, അവര്‍ നിശ്ശേഷം നശിപ്പിക്കപ്പെടുന്നതുവരെ അവരുടെമേല്‍ വാളും ക്ഷാമവും പകര്‍ച്ചവ്യാധിയും ഞാനയയ്ക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ