ഇരുന്നൂറ്റിനാല്പത്തൊന്നാം ദിവസം: എസക്കിയേല്‍ 20 - 21


അദ്ധ്യായം 20

ഇസ്രായേലിന്റെ അവിശ്വസ്തത

1: ഏഴാംവര്‍ഷം അഞ്ചാംമാസം പത്താംദിവസം ഇസ്രായേലിലെ ശ്രേഷ്ഠന്മാരില്‍ച്ചിലര്‍ കര്‍ത്താവിന്റെ ഹിതമാരായാന്‍ എന്റെ മുമ്പില്‍ വന്നു.
2: കര്‍ത്താവെന്നോടരുളിച്ചെയ്തു:
3: മനുഷ്യപുത്രാ, നീ ഇസ്രായേല്‍ശ്രേഷ്ഠന്മാരോടു പറയുക, ദൈവമായ കര്‍ത്താവവരോടരുളിച്ചെയ്യുന്നു: എന്റെ ഹിതമാരായാനാണോ നിങ്ങള്‍ വന്നിരിക്കുന്നതു്? ഞാനാണേ, എന്നില്‍നിന്നു് നിങ്ങള്‍ക്കുത്തരം ലഭിക്കുകയില്ല- ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു.
4: നീയവരെ വിധിക്കുകയില്ലേ? മനുഷ്യപുത്രാ, നീയവരെ വിധിക്കുകയില്ലേ? അവരുടെ പിതാക്കന്മാരുടെ മ്ലേച്ഛതകള്‍ നീ അവരെയറിയിക്കുക.
5: നീയവരോടു പറയുക: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു, ഞാൻ ഇസ്രായേലിനെ തിരഞ്ഞെടുത്ത ദിവസം യാക്കോബുഭവനത്തിലെ സന്തതിയോടു ശപഥംചെയ്തു. നിങ്ങളുടെ ദൈവമായ കര്‍ത്താവു ഞാനാണു് എന്നു ശപഥംചെയ്തുകൊണ്ടു്, ഈജിപ്തില്‍വച്ചു ഞാനവര്‍ക്ക് എന്നെ വെളിപ്പെടുത്തി.
6: ഞാനവര്‍ക്കായി കണ്ടുവച്ചതും, തേനും പാലുമൊഴുകുന്നതും എല്ലാ ദേശങ്ങളെയുംകാള്‍ ശ്രേഷ്ഠവുമായ ഈ ദേശത്തേക്കു്, അവരെ ഈജിപ്തില്‍നിന്നു കൊണ്ടുപോകുമെന്നു് അന്നു ഞാന്‍ ശപഥംചെയ്തു.
7: ഞാനവരോടു പറഞ്ഞു: നിങ്ങളുടെ കണ്ണുകളെ പ്രലോഭിപ്പിക്കുന്ന മ്ലേച്ഛവസ്തുക്കള്‍ നിങ്ങളോരോരുത്തരും ദൂരെയെറിഞ്ഞുകളയണം. ഈജിപ്തിലെ വിഗ്രഹങ്ങള്‍വഴി നിങ്ങളിലാരുമശുദ്ധരാകരുതു്. ഞാനാണു നിങ്ങളുടെ ദൈവമായ കര്‍ത്താവ്.
8: എന്നാല്‍, അവരെന്നെ ധിക്കരിച്ചു. അവര്‍ എന്റെ വാക്കുകേള്‍ക്കാന്‍ കൂട്ടാക്കിയില്ല. ആരും തങ്ങളുടെ കണ്ണുകളെ പ്രലോഭിപ്പിച്ചിരുന്ന മ്ലേച്ഛവസ്തുക്കള്‍ ദൂരെയെറിഞ്ഞില്ല. ഈജിപ്തിലെ വിഗ്രഹങ്ങളെ അവരുപേക്ഷിച്ചില്ല. ഈജിപ്തില്‍വച്ചുതന്നെ, എന്റെ ക്രോധം അവരുടെമേല്‍ച്ചൊരിയണമെന്നും എന്റെ കോപം അവരില്‍ പ്രയോഗിച്ചുതീര്‍ക്കണമെന്നും ഞാന്‍ ചിന്തിച്ചു.
9: എങ്കിലും, ആരുടെയിടയില്‍ അവര്‍ കഴിഞ്ഞുകൂടിയോ, ആരുടെ മദ്ധ്യത്തില്‍വച്ചു് ഞാനവരെ ഈജിപ്തില്‍നിന്നു പുറത്തുകൊണ്ടുവരുമെന്നു പറഞ്ഞ്, എന്നെത്തന്നെ വെളിപ്പെടുത്തിയോ, ആ ജനതയുടെ മുമ്പില്‍ എന്റെ നാമം അശുദ്ധമാകാതിരിക്കാനായി ഞാന്‍ പ്രവര്‍ത്തിച്ചു.
10: അതുകൊണ്ട്, ഞാനവരെ ഈജിപ്തില്‍നിന്നു പുറത്തുകൊണ്ടുവന്നു മരുഭൂമിയിലെത്തിച്ചു.
11: എന്റെ കല്പനകള്‍ ഞാനവര്‍ക്കു നല്കുകയും എന്റെ പ്രമാണങ്ങള്‍ അവരെയറിയിക്കുകയും ചെയ്തു. അവയനുഷ്ഠിക്കുന്നവന്‍ ജീവിക്കും.
12: തങ്ങളെ വിശുദ്ധീകരിക്കുന്ന കര്‍ത്താവു ഞാനാണെന്നു് അവരറിയാന്‍വേണ്ടി അവര്‍ക്കും എനിക്കുമിടയില്‍ അടയാളമായി എന്റെ സാബത്തുകളും ഞാനവര്‍ക്കു നല്കി.
13: എങ്കിലും, ഇസ്രായേല്‍ഭവനം, മരുഭൂമിയില്‍വച്ചു് എന്നെ ധിക്കരിച്ചു. അവര്‍ എന്റെ കല്പനകളനുസരിച്ചില്ല. ജീവിക്കേണ്ടതിനു മനുഷ്യര്‍ പാലിക്കേണ്ട എന്റെ പ്രമാണങ്ങള്‍ അവരുപേക്ഷിച്ചു. എന്റെ സാബത്തുകള്‍ അവരശുദ്ധമാക്കി. അവരെ പൂര്‍ണ്ണമായി നശിപ്പിക്കാന്‍വേണ്ടി മരുഭൂമിയില്‍വച്ചുതന്നെ, എന്റെ ക്രോധം അവരുടെമേല്‍ച്ചൊരിയണമെന്നു ഞാന്‍ വീണ്ടും ചിന്തിച്ചു.
14: എന്നാല്‍ ഞാനവരെ പുറത്തുകെണ്ടുവരുന്നതുകണ്ട ജനതകളുടെ ദൃഷ്ടിയില്‍ എന്റെ നാമം അശുദ്ധമാകാതിരിക്കാനായി ഞാന്‍ പ്രവര്‍ത്തിച്ചു.
15: ഞാനവര്‍ക്കു നല്കിയിരുന്നതും തേനും പാലുമൊഴുകുന്നതും എല്ലാദേശങ്ങളെക്കാള്‍ ശ്രേഷ്ഠവുമായ ദേശത്തു്, അവരെ പ്രവേശിപ്പിക്കുകയില്ലെന്ന്, മരുഭൂമിയില്‍വച്ചു ഞാനവരോടു ശപഥംചെയ്തു.
16: എന്തെന്നാല്‍ അവര്‍ എന്റെ പ്രമാണങ്ങള്‍ നിരാകരിച്ചു, അവര്‍ എന്റെ കല്പനകളനുസരിച്ചില്ല. എന്റെ സാബത്തുകള്‍ അവരശുദ്ധമാക്കി. അവരുടെ ഹൃദയം വിഗ്രഹങ്ങളുടെ പിന്നാലെപോയി.
17: എന്നിട്ടും ഞാനവരെ കാരുണ്യപൂര്‍വ്വം വീക്ഷിച്ചു. ഞാനവരെ നശിപ്പിക്കുകയോ മരുഭൂമിയില്‍വച്ചു് അവരെ നിശ്ശേഷം സംഹരിക്കുകയോ ചെയ്തില്ല.
18: മരുഭൂമിയില്‍വച്ചു് അവരുടെ സന്തതികളോടു ഞാന്‍ പറഞ്ഞു: നിങ്ങളുടെ പിതാക്കന്മാരുടെ കല്പനകളനുസരിച്ചു നടക്കുകയോ അവരുടെ പ്രമാണങ്ങള്‍ പാലിക്കുകയോ അരുതു്. അവര്‍ പൂജിച്ച വിഗ്രഹങ്ങള്‍കൊണ്ടു നിങ്ങളെത്തന്നെ അശുദ്ധമാക്കരുതു്.
19: ഞാനാണു നിങ്ങളുടെ ദൈവമായ കര്‍ത്താവ്. എന്റെ കല്പനകളനുസരിക്കുകയും എന്റെ പ്രമാണങ്ങള്‍ ശ്രദ്ധയോടെ പാലിക്കുകയും ചെയ്യുക.
20: നിങ്ങളുടെ ദൈവമായ കര്‍ത്താവു ഞാനാണെന്നു നിങ്ങള്‍ ഗ്രഹിക്കാന്‍വേണ്ടി നിങ്ങള്‍ക്കും എനിക്കുമിടയിലൊരടയാളമായി എന്റെ സാബത്തുകള്‍ നിങ്ങള്‍ വിശുദ്ധമായി ആചരിക്കുക.
21: എന്നാല്‍, അവരുടെ മക്കളും എന്നെ ധിക്കരിച്ചു. അവര്‍ എന്റെ കല്പനകളനുസരിച്ചില്ല. ജീവിക്കേണ്ടതിനു മനുഷ്യന്‍ പാലിക്കേണ്ട എന്റെ പ്രമാണങ്ങള്‍ പാലിക്കുന്നതില്‍ അവര്‍ ശ്രദ്ധവച്ചില്ല. അവര്‍ എന്റെ സാബത്തുകളശുദ്ധമാക്കി. മരുഭൂമിയില്‍വച്ചുതന്നെ, എന്റെ ക്രോധം അവരുടെമേല്‍ ചൊരിയണമെന്നും അവരുടെമേല്‍ എന്റെ കോപം പ്രയോഗിച്ചുതീര്‍ക്കണമെന്നും ഞാന്‍ വിചാരിച്ചു.
22: എന്നിട്ടും ഞാന്‍ കരമുയര്‍ത്തിയില്ല. ഞാനവരെ പുറത്തുകൊണ്ടുവരുന്നതു കണ്ട ജനതകളുടെ ദൃഷ്ടിയില്‍ എന്റെ നാമം അശുദ്ധമാകാതിരിക്കാന്‍വേണ്ടി ഞാന്‍ പ്രവര്‍ത്തിച്ചു.
23: അവരെ ജനതകളുടെയും രാജ്യങ്ങളുടെയുമിടയില്‍ ചിതറിച്ചുകളയുമെന്നും മരുഭൂമിയില്‍വച്ചു് അവരോടു ഞാന്‍ ശപഥം ചെയ്തു.
24: എന്തെന്നാല്‍, അവര്‍ എന്റെ പ്രമാണങ്ങള്‍ പാലിച്ചില്ല. അവര്‍ എന്റെ കല്പനകള്‍ നിരാകരിക്കുകയും എന്റെ സാബത്തുകളശുദ്ധമാക്കുകയും ചെയ്തു. അവര്‍ തങ്ങളുടെ പിതാക്കന്മാര്‍ പൂജിച്ചിരുന്ന വിഗ്രഹങ്ങളില്‍ കണ്ണുറപ്പിച്ചിരുന്നു.
25: തന്മൂലം ഞാനവര്‍ക്കു ദോഷകരമായ കല്പനകളും ജീവന്‍ നേടാനുതകാത്ത പ്രമാണങ്ങളും നല്കി.
26: അവരുടെ ആദ്യജാതരെ ദഹനബലിയായി അര്‍പ്പിക്കാനിടയാക്കിയതുവഴി ഞാനവരെയശുദ്ധരാക്കി. അവരെ ഭയപ്പെടുത്തുന്നതിനും അങ്ങനെ ഞാന്‍തന്നെയാണു കര്‍ത്താവെന്നു് അവരറിയുന്നതിനുംവേണ്ടിയായിരുന്നു അതു്.
27: മനുഷ്യപുത്രാ, ഇസ്രായേല്‍ഭവനത്തോടു പറയുക: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു, നിങ്ങളുടെ പിതാക്കന്മാര്‍ അവിശ്വസ്തമായി പെരുമാറിക്കൊണ്ടു് എന്നെ വീണ്ടും നിന്ദിക്കുകയായിരുന്നു.
28: ഞാനവര്‍ക്കു കൊടുക്കാമെന്നു ശപഥംചെയ്തിരുന്ന ദേശത്തേക്ക് അവരെ കൊണ്ടുവന്നപ്പോള്‍ ഉയര്‍ന്നമലയും തഴച്ചമരവുംകണ്ടിടത്തെല്ലാം അവര്‍ ബലിയര്‍പ്പിച്ചു. അവരുടെ ബലി എന്നെ പ്രകോപിപ്പിച്ചു. അവിടെയവര്‍ സുഗന്ധധൂപമുയര്‍ത്തുകയും പാനീയബലിയൊഴുക്കുകയുംചെയ്തു.
29: നിങ്ങള്‍ പോകുന്ന ആ പൂജാഗിരി എന്താണെന്നു ഞാന്‍ ചോദിച്ചു. അതുകൊണ്ടു് ഇന്നും ആ സ്ഥലം ബാമാ എന്നു വിളിക്കപ്പെടുന്നു.
30: ഇസ്രായേല്‍ഭവനത്തോടു പറയുക: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു, നിങ്ങളും നിങ്ങളുടെ പിതാക്കന്മാരെപ്പോലെ നിങ്ങളെത്തന്നെ അശുദ്ധരാക്കുകയും അവരുടെ മ്ലേച്ഛവസ്തുക്കളുടെ പിന്നാലെ വഴിപിഴച്ചു പോവുകയും ചെയ്യുമോ?
31: നിങ്ങള്‍ കാഴ്ചകളര്‍പ്പിക്കുമ്പോഴും പുത്രന്മാരെ ദഹനബലിയായിക്കൊടുക്കുമ്പോഴും നിങ്ങളുടെ വിഗ്രഹംമൂലം നിങ്ങളെത്തന്നെ ഇന്നുമശുദ്ധരാക്കുന്നു. ഇസ്രായേല്‍ഭവനമേ, നിങ്ങള്‍ക്ക് എന്നില്‍നിന്നുത്തരംലഭിക്കുമോ? ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ഞാനാണേ, നിങ്ങള്‍ക്കുത്തരംലഭിക്കുകയില്ല.
32: ജനതകളെപ്പോലെയും വിദേശീയഗോത്രങ്ങളെപ്പോലെയും നമുക്കു കല്ലിനെയും മരത്തെയുമാരാധിക്കാമെന്ന നിങ്ങളുടെ വിചാരം, ഒരിക്കലും നിറവേറുകയില്ല.
33: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ഞാനാണേ, ശക്തിയേറിയ കരത്തോടും, നീട്ടിയഭുജത്തോടും കോരിച്ചൊരിയുന്ന ക്രോധത്തോടുംകൂടെ ഞാന്‍ നിങ്ങളെ ഭരിക്കും.
34: ശക്തിയേറിയ കരത്തോടും നീട്ടിയഭുജത്തോടും കോരിച്ചൊരിയുന്ന ക്രോധത്തോടുംകൂടെ ജനതകളുടെയിടയില്‍നിന്നു നിങ്ങളെ ഞാന്‍ പുറത്തുകൊണ്ടുവരുകയും, നിങ്ങള്‍ ചിതറിപ്പാര്‍ക്കുന്ന രാജ്യങ്ങളില്‍നിന്നു നിങ്ങളെ ഒരുമിച്ചുകൂട്ടുകയുംചെയ്യും.
35: നിങ്ങളെ ഞാന്‍ ജനതകളുടെ മരുഭൂമിയിലേക്കു കൊണ്ടുപോകും. അവിടെവച്ചു മുഖാഭിമുഖം നിങ്ങളെ ഞാന്‍ വിചാരണചെയ്യും.
36: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ഈജിപ്തിലെ മരുഭൂമിയില്‍വച്ചു നിങ്ങളുടെ പിതാക്കന്മാരെ ഞാന്‍ വിചാരണചെയ്തതുപോലെ നിങ്ങളെയും വിചാരണചെയ്യും.
37: നിങ്ങളെ ഞാന്‍ വടിക്കീഴില്‍ നടത്തുകയും ഉടമ്പടിയുടെ ബന്ധനത്തിനു വിധേയരാക്കുകയുംചെയ്യും.
38: എന്നെ ധിക്കരിക്കുന്നവരെയും എനിക്കെതിരെയതിക്രമംകാട്ടുന്നവരെയും ഞാന്‍ നിങ്ങളില്‍നിന്നു നീക്കംചെയ്യും. അവര്‍ ചെന്നുപാര്‍ക്കുന്ന രാജ്യങ്ങളില്‍നിന്നു് അവരെ ഞാന്‍ പുറത്തുകൊണ്ടുവരും. എന്നാല്‍, അവര്‍ ഇസ്രായേല്‍ദേശത്തു പ്രവേശിക്കുകയില്ല. ഞാനാണു കര്‍ത്താവെന്നു് അപ്പോള്‍ നിങ്ങളറിയും.
39: ഇസ്രായേല്‍ഭവനമേ, ദൈവമായ കര്‍ത്താവു നിങ്ങളോടരുളിച്ചെയ്യുന്നു: നിങ്ങളെന്റെ വാക്കു കേള്‍ക്കുകയില്ലെങ്കില്‍, പോയി നിങ്ങളുടെ വിഗ്രഹങ്ങളെ ആരാധിച്ചുകൊള്ളുക. എന്നാല്‍, ഇനിമേല്‍ നിങ്ങളുടെ കാഴ്ചകളും വിഗ്രഹങ്ങളുംവഴി എന്റെ വിശുദ്ധനാമം അശുദ്ധമാക്കരുതു്.
40: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ഇസ്രായേല്‍ ഭവനം മുഴുവന്‍, ദേശത്തുള്ളവരെല്ലാം, എന്റെ വിശുദ്ധ ഗിരിയില്‍, ഇസ്രായേലിലെ പര്‍വ്വതശൃംഗത്തില്‍, എന്നെ ആരാധിക്കും. അവിടെയവരെ ഞാന്‍ സ്വീകരിക്കും. നിങ്ങളുടെ കാഴ്ചകളും ആദ്യഫലങ്ങളും നേര്‍ച്ചകളും അവിടെ ഞാന്‍ ആവശ്യപ്പെടും.
41: നിങ്ങള്‍ ചിതറിപ്പാര്‍ത്തിരുന്ന ദേശത്തുനിന്നു നിങ്ങളെ ഒരുമിച്ചുകൂട്ടുകയും ജനതകളുടെയിടയില്‍നിന്നു നിങ്ങളെ പുറത്തുകൊണ്ടുവരുകയുംചെയ്യുമ്പോള്‍ നിങ്ങളെ സുഗന്ധധൂപംപോലെ ഞാന്‍ സ്വീകരിക്കും. ജനതകള്‍കാണ്‍കേ, നിങ്ങളുടെയിടയില്‍ ഞാനെന്റെ വിശുദ്ധിവെളിപ്പെടുത്തും.
42: നിങ്ങളുടെ പിതാക്കന്മാര്‍ക്കു നല്കുമെന്നു ഞാന്‍ ശപഥംചെയ്ത ഇസ്രായേല്‍ദേശത്തേക്കു നിങ്ങളെയാനയിക്കുമ്പോള്‍ ഞാനാണു കര്‍ത്താവെന്നു നിങ്ങളറിയും.
43: നിങ്ങളെത്തന്നെ മലിനമാക്കിയ നിങ്ങളുടെ ജീവിതരീതിയും പ്രവൃത്തികളും അപ്പോള്‍ നിങ്ങളനുസ്മരിക്കും. നിങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുള്ള തിന്മകളോര്‍ത്തു നിങ്ങള്‍ക്കു നിങ്ങളോടുതന്നെ വെറുപ്പു തോന്നും.
44: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ഇസ്രായേല്‍ഭവനമേ, നിങ്ങളുടെ തെറ്റായപ്രവര്‍ത്തനങ്ങള്‍ക്കും ദുഷിച്ചമാര്‍ഗ്ഗങ്ങള്‍ക്കുമനുസൃതമായിട്ടല്ല, എന്റെ നാമത്തെപ്രതി, ഞാന്‍ നിങ്ങളോടു പെരുമാറുമ്പോള്‍ ഞാനാണു കര്‍ത്താവെന്നു നിങ്ങളറിയും.
45: കര്‍ത്താവെന്നോടരുളിച്ചെയ്തു:
46: മനുഷ്യപുത്രാ, ദക്ഷിണദിക്കിലേക്കു മുഖംതിരിച്ചു്, അതിനെതിരേ പ്രഘോഷിക്കുക, നെഗെബിലെ വനങ്ങള്‍ക്കെതിരേ പ്രവചിക്കുക.
47: നെഗെബിലെ വനത്തോടു പറയുക: കര്‍ത്താവിന്റെ വചനം ശ്രവിക്കുക. ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ഞാന്‍ നിന്നില്‍ തീകൊളുത്തും. അതു നിന്നിലുള്ള പച്ചയും ഉണങ്ങിയതുമായ എല്ലാ വൃക്ഷങ്ങളും ദഹിപ്പിക്കും. അഗ്നിജ്വാലകളണയുകയില്ല. തെക്കുമുതല്‍ വടക്കുവരെയുള്ള എല്ലാവരും അതില്‍ക്കരിയും.
48: കര്‍ത്താവായ ഞാനാണു് അതു കൊളുത്തിയതെന്നു് എല്ലാ മര്‍ത്ത്യരുമറിയും. അതു് അണയുകയില്ല.
49: അപ്പോള്‍ ഞാന്‍ പറഞ്ഞു: ദൈവമായ കര്‍ത്താവേ, അവന്‍ കടംകഥക്കാരനല്ലേയെന്നു് അവരെന്നെക്കുറിച്ചു പറയുന്നു.


അദ്ധ്യായം 21

കര്‍ത്താവിന്റെ വാള്‍

1: കര്‍ത്താവെന്നോടരുളിച്ചെയ്തു:
2: മനുഷ്യപുത്രാ, ജറുസലെമിനുനേരേ മുഖംതിരിച്ച്, വിശുദ്ധസ്ഥലങ്ങള്‍ക്കെതിരായി പ്രഘോഷിക്കുക;
3: ഇസ്രായേല്‍ദേശത്തിനെതിരേ പ്രവചിക്കുക; ഇസ്രായേല്‍ഭവനത്തോടു പറയുക: കര്‍ത്താവരുളിച്ചെയ്യുന്നു: ഇതാ, ഞാന്‍ നിനക്കെതിരാണു്. ഉറയില്‍നിന്നു വാളൂരി നീതിമാന്മാരെയും ദുഷ്ടന്മാരെയും നിന്നില്‍നിന്നു ഞാന്‍ വെട്ടിമാറ്റും.
4: നീതിമാന്മാരെയും ദുഷ്ടന്മാരെയും നിന്നില്‍നിന്നു വെട്ടിമാറ്റാനായിത്തന്നെയാണു് തെക്കുമുതല്‍ വടക്കുവരെയുള്ള എല്ലാവര്‍ക്കുമെതിരായി ഞാന്‍ ഉറയില്‍നിന്നു വാളൂരുന്നതു്.
5: കര്‍ത്താവായ ഞാന്‍ ഉറയില്‍നിന്നു വാളൂരിയിരിക്കുന്നുവെന്ന്, എല്ലാവരുമറിയും. അതു്, ഇനിയൊരിക്കലും ഉറയിലിടുകയില്ല.
6: മനുഷ്യപുത്രാ, അവരുടെ മുമ്പില്‍ കഠിനദുഃഖത്തോടെ, ഹൃദയംപൊട്ടുമാറു നെടുവീര്‍പ്പിടുക.
7: നീയെന്തിനാണു നെടുവീര്‍പ്പിടുന്നതെന്നു് അവര്‍ ചോദിക്കുമ്പോള്‍ പറയുക: ഒരു വാര്‍ത്തനിമിത്തമാണു്; അതു ശ്രവിക്കുമ്പോൾ, എല്ലാ ഹൃദയങ്ങളുമുരുകും. എല്ലാ കരങ്ങളും ദുര്‍ബ്ബലമാകും. എല്ലാ മനസ്സുകളും തളരും. എല്ലാ കാല്‍മുട്ടുകളും വിറയ്ക്കും. ഇതാ, അതു വരുന്നു. അതു നിറവേറുകയും ചെയ്യും - ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു.
8: എനിക്കു വീണ്ടും കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി:
9: മനുഷ്യപുത്രാ, പ്രവചിക്കുക: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു, ഇതാ ഒരു വാള്‍, തേച്ചുമിനുക്കി, മൂര്‍ച്ചകൂട്ടിയ വാള്‍.
10: വധത്തിനായി അതിനു മൂര്‍ച്ചകൂട്ടിയിരിക്കുന്നു. ഇടിവാള്‍പോലെ തിളങ്ങാൻ, അതു മിനുക്കിയിരിക്കുന്നു. അപ്പോള്‍ നമുക്കുല്ലസിക്കാമെന്നോ? എന്റെ പുത്രന്റെ ചേങ്കോലിനെ മറ്റു തടിക്കഷണങ്ങളെപ്പോലെ നിങ്ങള്‍ നിന്ദിച്ചു.
11: ആകയാലുടനെ ഉപയോഗിക്കാന്‍ വേണ്ടിത്തന്നെ, അതു മിനുക്കാന്‍ കൊടുത്തിരിക്കുന്നു. സംഹാരകന്റെ കൈയില്‍ക്കൊടുക്കാന്‍വേണ്ടി അതു മൂര്‍ച്ചകൂട്ടി മിനുക്കിയിരിക്കുന്നു.
12: മനുഷ്യപുത്രാ, നീ ഉച്ചത്തില്‍ക്കരയുകയും മുറവിളികൂട്ടുകയുംചെയ്യുക. എന്തെന്നാല്‍, വാള്‍ എന്റെ ജനത്തിനും ഇസ്രായേലിലെ എല്ലാപ്രഭുക്കന്മാര്‍ക്കുമെതിരായി പ്രയോഗിക്കാനുള്ളതാണു്. എന്റെ ജനത്തോടൊപ്പം പ്രഭുക്കന്മാരും വാളിനിരയാക്കപ്പെടും; ആകയാല്‍ നീ മാറത്തടിച്ചു കരയുക.
13: നിങ്ങള്‍ ചെങ്കോലിനെ നിന്ദിച്ചാല്‍ എന്തുണ്ടാകും? ഇതൊരു പരീക്ഷണമല്ല, ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു.
14: മനുഷ്യപുത്രാ, നീ പ്രവചിക്കുക. കൈകൊട്ടുക; സംഹാരഖഡ്ഗം വീണ്ടുംവീണ്ടും അവരുടെമേല്‍പ്പതിക്കട്ടെ. അവര്‍ക്കുചുറ്റും ചുഴറ്റുന്ന കൊലവാളാണിതു്.
15: അവരുടെ ധൈര്യംകെടുത്തുന്നതിനും അനേകര്‍ നിപതിക്കുന്നതിനുംവേണ്ടി ഓരോ കവാടത്തിലും ഞാന്‍ സ്ഥാപിച്ചിരിക്കുന്ന വാളാണതു്. ഇടിവാള്‍പോലെ തിളങ്ങുന്നതിനു മിനുക്കിയതും സംഹാരത്തിനായി മൂര്‍ച്ചകൂട്ടിയതുമാണതു്.
16: ഇടത്തോട്ടോ, വലത്തോട്ടോ, നിന്റെ വായ്ത്തല എങ്ങോട്ടു തിരിയുന്നുവോ അങ്ങോട്ടു വെട്ടുക.
17: ഞാനും കൈകൊട്ടും. എന്റെ ക്രോധത്തിനു തൃപ്തി വരുത്തും. കര്‍ത്താവായ ഞാന്‍ പറഞ്ഞിരിക്കുന്നു.
18: കര്‍ത്താവെന്നോടു വീണ്ടുമരുളിച്ചെയ്തു:
19: മനുഷ്യപുത്രാ, ബാബിലോണ്‍രാജാവിന്റെ വാള്‍ കടന്നുവരുന്നതിനു രണ്ടുവഴികള്‍ നീ അടയാളപ്പെടുത്തുക. ഒരു ദേശത്തുനിന്നുതന്നെ പുറപ്പെടണം. നഗരത്തിലേക്കുള്ള വഴി ആരംഭിക്കുന്നിടത്തൊരു ചൂണ്ടുപലക നാട്ടുക.
20: അങ്ങനെ അമ്മോന്യരുടെ റബ്ബായിലേക്കും യൂദായിലേക്കും കോട്ടകളാല്‍ സുരക്ഷിതമായ ജറുസലെമിലേക്കും ആ വാള്‍ കടന്നുവരുന്നതിനു നീ വഴി അടയാളപ്പെടുത്തുക.
21: എന്തെന്നാല്‍ ബാബിലോണ്‍രാജാവു വഴിത്തിരിവില്‍ ശകുനംനോക്കിനില്‍ക്കുന്നു. അവനസ്ത്രങ്ങളിളക്കുകയും കുലദൈവങ്ങളോട് ഉപദേശമാരായുകയും കരള്‍നോട്ടംനടത്തുകയും ചെയ്യുന്നു.
22: അവന്റെ വലംകൈയില്‍ ജറുസലെമിലേക്കു് എന്ന കുറി ലഭിച്ചു. കൂട്ടക്കൊലയ്ക്ക് ആജ്ഞ നല്കാനും പോര്‍വിളിമുഴക്കാനും പ്രവേശനകവാടങ്ങളില്‍ യന്ത്രമുട്ടിസ്ഥാപിക്കാനും മണ്‍തിട്ടകളുയര്‍ത്താനും പ്രതിരോധഗോപുരങ്ങള്‍ നിര്‍മ്മിക്കാനും നിര്‍ദ്ദേശംനല്കുന്നതായിരുന്നു അതു്.
23: ജറുസലെം നിവാസികള്‍ക്ക് ഇതു നിരര്‍ത്ഥകമായ ഒരു ശകുനമായിത്തോന്നും. അവര്‍ സഖ്യത്തിലായിരുന്നല്ലോ. എന്നാല്‍, അവരെ പിടിച്ചടക്കാനിടവരുത്തിയ അവരുടെയകൃത്യങ്ങള്‍ അവനവരെ ഓര്‍മ്മിപ്പിക്കും.
24: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: പരസ്യമായ അതിക്രമങ്ങള്‍നിമിത്തം നിങ്ങളുടെ അപരാധങ്ങള്‍ എന്നെയനുസ്മരിപ്പിച്ചതുകൊണ്ടും നിങ്ങളുടെ എല്ലാ പ്രവൃത്തികളിലും പാപം പ്രത്യക്ഷപ്പെടുന്നതുകൊണ്ടും, നിങ്ങളെന്റെ ഓര്‍മ്മയെ ഉണര്‍ത്തിയതുകൊണ്ടും നിങ്ങള്‍ പിടിക്കപ്പെടും.
25: ദുഷ്ടനും അധര്‍മ്മിയുമായ ഇസ്രായേല്‍രാജാവേ, നിന്റെ ദിനം, നിന്റെ അവസാനശിക്ഷയുടെ ദിനംവരുന്നു. ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു:
26: നിന്റെ തലപ്പാവും കിരീടവുമെടുത്തുമാറ്റുക. ഇനി പഴയപടി തുടരുകയില്ല. താഴ്ന്നവനുയര്‍ത്തപ്പെടും. ഉയര്‍ന്നവന്‍ താഴ്ത്തപ്പെടും.
27: നാശക്കൂമ്പാരം! ഞാനതിനെ നാശക്കൂമ്പാരമാക്കും. യഥാര്‍ത്ഥഅവകാശി വരുന്നതുവരെ, അതിന്റെ പൊടിപോലുമവശേഷിക്കുകയില്ല. അവനു ഞാനതു നല്കും.
28: മനുഷ്യപുത്രാ, പ്രവചിക്കുക: അമ്മോന്യരെപ്പറ്റിയും അവരുടെ ധിക്കാരത്തെപ്പറ്റിയും ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു. സംഹാരത്തിനായി ഒരു വാള്‍ ഊരിയിരിക്കുന്നു. മിന്നൽപോലെ വെട്ടിത്തിളങ്ങാന്‍ അതു തേച്ചുമിനുക്കിയിരിക്കുന്നു.
29: നിങ്ങള്‍ക്കുവേണ്ടി വ്യാജദര്‍ശനങ്ങള്‍കാണുകയും കള്ളപ്രവചനംനടത്തുകയും ചെയ്യുന്ന ദുഷ്ടരായ അധര്‍മ്മികളുടെ കഴുത്തില്‍ ആ വാള്‍ വീശും. അവരുടെ ദിനം വന്നുകഴിഞ്ഞു. അവരുടെ അവസാനശിക്ഷയുടെ സമയം! അതുറയിലിടുക.
30: നീ സൃഷ്ടിക്കപ്പെട്ട സ്ഥലത്ത്, നിന്റെ ജന്മദേശത്തുവച്ചു്, നിന്നെ ഞാന്‍ വിധിക്കും.
31: എന്റെ രോഷം ഞാന്‍ നിന്റെമേല്‍ ചൊരിയും. എന്റെ ക്രോധാഗ്നിജ്ജ്വാലകള്‍ നിന്റെമേല്‍ വീശും. നിഷ്ഠുരന്മാരായ സംഹാരവിദഗ്ദ്ധരുടെ കരങ്ങളില്‍ ഞാന്‍ നിന്നെയേല്പിച്ചുകൊടുക്കും.
32: നീ അഗ്നിക്കിരയാകും. നിന്റെ രക്തം ദേശത്തുകൂടെയൊഴുകും. നിന്റെ സ്മരണപോലുമവശേഷിക്കുകയില്ല. കര്‍ത്താവായ ഞാനാണിതു പറയുന്നതു്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ