ഇരുനൂറ്റിമുപ്പത്തിനാലാം ദിവസം: ബാറൂക്ക് 1 - 3

അദ്ധ്യായം 1

ബാബിലോണിലെ സമ്മേളനം 

1: നേരിയായുടെ പുത്രന്‍ ബാറൂക്ക് ബാബിലോണില്‍വച്ചെഴുതിയ ഗ്രന്ഥത്തിന്റെ ഉള്ളടക്കം. നേരിയാ, മാസെയായുടെയും മാസെയാ, സെദെക്കിയായുടെയും സെദെക്കിയാ, ഹസാദിയായുടെയും ഹസാദിയാ, ഹില്‍ക്കിയായുടെയും പുത്രനാണ്. 
2: അഞ്ചാംവര്‍ഷം, മാസത്തിന്റെ ഏഴാംദിവസം കല്‍ദായര്‍ ജറുസലെം പിടിച്ചടക്കി അഗ്നിക്കിരയാക്കിയപ്പോഴാണ് ഇതെഴുതിയത്. 
3: യൂദാരാജാവായ യഹോയാക്കിമിന്റെ പുത്രന്‍ യക്കോനിയായും ഈ ഗ്രന്ഥം വായിച്ചുകേള്‍ക്കാനെത്തിയ ജനവുംകേള്‍ക്കേ ബാറൂക്ക്, ഇതു വായിച്ചു. 
4: പ്രഭുക്കന്മാരും രാജകുമാരന്മാരും ശ്രേഷ്ഠന്മാരുമുള്‍പ്പെടെ, ബാബിലോണില്‍ സൂദ്‌നദിയുടെ തീരത്തു വസിച്ചിരുന്ന വലിയവരും ചെറിയവരുമായ എല്ലാ ജനവുംകേള്‍ക്കേ ഇതു വായിച്ചു. 
5: അപ്പോളവര്‍ വിലപിക്കുകയും ഉപവസിക്കുകയും കര്‍ത്താവിനോടു പ്രാര്‍ത്ഥിക്കുകയും ചെയ്തു. 
6: ഓരോരുത്തരും കഴിവനുസരിച്ചുകൊടുത്ത പണം അവര്‍ ശേഖരിച്ചു. 
7: അവരതു ഷല്ലൂമിന്റെ മകനായ ഹില്‍ക്കിയായുടെ മകനും പ്രധാനപുരോഹിതനുമായ യഹോയാക്കിമിനും അവനോടൊത്തു ജറുസലെമിലുണ്ടായിരുന്ന പുരോഹിതന്മാര്‍ക്കും ജനങ്ങള്‍ക്കുമായി അയച്ചുകൊടുത്തു. 
8: അതേസമയം ബാറൂക്ക്, സീവാന്‍മാസം പത്താംദിവസം യൂദാദേശത്തേക്കു തിരികെക്കൊണ്ടുപോകാനായി ദേവാലയത്തില്‍നിന്നു കൊള്ളചെയ്യപ്പെട്ട പാത്രങ്ങളെടുത്തു. യൂദാരാജാവായ ജോസിയായുടെ മകന്‍ സെദെക്കിയാ നിര്‍മ്മിച്ച വെള്ളിപ്പാത്രങ്ങളായിരുന്നു അവ. 
9: ബാബിലോണ്‍രാജാവായ നബുക്കദ്‌നേസര്‍, യക്കോണിയായെയും രാജകുമാരന്മാരെയും ലോഹപ്പണിക്കാരെയും കുലീനരെയും ദേശത്തെജനങ്ങളെയും ജറുസലെമില്‍നിന്നു ബാബിലോണിലേക്കു തടവുകാരായി കൊണ്ടുപോയതിനുശേഷമാണ്, ഈ പാത്രങ്ങള്‍ സെദെക്കിയാ നിര്‍മ്മിച്ചത്. 
10: അവര്‍ പറഞ്ഞു: ഇതോടൊപ്പം ഞങ്ങള്‍ നിങ്ങള്‍ക്കു പണവുമയയ്ക്കുന്നു. ഈ പണംകൊണ്ടു ദഹനബലിക്കും പാപപരിഹാരബലിക്കും ധാന്യബലിക്കും വസ്തുക്കളും സുഗന്ധദ്രവ്യവും വാങ്ങി നമ്മുടെ ദൈവമായ കര്‍ത്താവിന്റെ ബലിപീഠത്തിലര്‍പ്പിക്കണം. 
11: ബാബിലോണ്‍രാജാവായ നബുക്കദ്‌നേസറിന്റെയും അവന്റെ പുത്രന്‍ ബല്‍ഷാസറിന്റെയും ആയുസ്സിനുവേണ്ടിയും അവരുടെ ഐഹികജീവിതം സ്വര്‍ഗ്ഗീയജീവിതംപോലെയാകുന്നതിനുവേണ്ടിയും പ്രാര്‍ത്ഥിക്കുവിന്‍. 
12: ബാബിലോണ്‍രാജാവായ നബുക്കദ്‌നേസറിന്റെയും അവന്റെ മകന്‍ ബല്‍ഷാസറിന്റെയും സംരക്ഷണത്തില്‍ ജീവിച്ച്, അവരെ ദീര്‍ഘകാലം സേവിക്കുന്നതിനും അവരുടെ സംപ്രീതിനേടുന്നതിനുമായി കര്‍ത്താവു ഞങ്ങള്‍ക്കു ശക്തിയും കണ്ണുകള്‍ക്കു പ്രകാശവും നല്കും. 
13: ഞങ്ങളുടെ ദൈവമായ കര്‍ത്താവിനെതിരേ ഞങ്ങള്‍ പാപംചെയ്തു. അവിടുത്തെ കോപവും ക്രോധവും ഞങ്ങളില്‍നിന്നു വിട്ടുമാറിയിട്ടില്ല. അതുകൊണ്ടു ഞങ്ങള്‍ക്കുവേണ്ടി അവിടുത്തോടു പ്രാര്‍ത്ഥിക്കുവിന്‍. 
14: ഉത്സവദിവസങ്ങളിലും നിര്‍ദ്ദിഷ്ടകാലങ്ങളിലും കര്‍ത്താവിന്റെ ആലയത്തില്‍വച്ചു നിങ്ങള്‍ ഏറ്റുപറയുന്നതിനുവേണ്ടി ഞങ്ങളയച്ചുതരുന്ന ഈ പുസ്തകം വായിക്കണം. 

തെറ്റുകളേററുപറയുന്നു 
15: നിങ്ങള്‍ പറയണം: നീതി, നമ്മുടെ ദൈവമായ കര്‍ത്താവിന്റേതാണ്. 
16: യൂദായിലെ ജനവും ജറുസലെംനിവാസികളും നമ്മുടെ രാജാക്കന്മാരും പ്രഭുക്കന്മാരും പുരോഹിതന്മാരും പിതാക്കന്മാരുമുള്‍പ്പെടെ ഞങ്ങളെല്ലാവരും ഇന്നുവരെ ലജ്ജിതരാണ്. 
17: എന്തെന്നാല്‍, കര്‍ത്താവിന്റെ സന്നിധിയില്‍ ഞങ്ങള്‍ പാപംചെയ്തു. 
18: ഞങ്ങള്‍, അവിടുത്തെയനുസരിച്ചില്ല. ഞങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ സ്വരം ശ്രവിക്കുകയോ അവിടുന്നു നല്കിയ കല്പനകള്‍ അനുസരിക്കുകയോ ചെയ്തില്ല. 
19: ഈജിപ്തുദേശത്തുനിന്നു ഞങ്ങളുടെ പിതാക്കന്മാരെ കൊണ്ടുവന്ന നാള്‍മുതല്‍ ഇന്നുവരെ ഞങ്ങള്‍ ഞങ്ങളുടെ ദൈവമായ കര്‍ത്താവിനെ അനുസരിക്കാത്തവരും അവിടുത്തെ സ്വരം ശ്രവിക്കുന്നതില്‍ ഉദാസീനരുമാണ്. 
20: തേനും പാലുമൊഴുകുന്ന ഒരു ദേശത്തിനവകാശികളാക്കാന്‍വേണ്ടി, ഞങ്ങളുടെ പിതാക്കന്മാരെ ഈജിപ്തുദേശത്തുനിന്നു കൊണ്ടുവന്ന നാളില്‍, തന്റെ ദാസനായ മോശവഴി കര്‍ത്താവരുളിച്ചെയ്ത ശാപങ്ങളുമനര്‍ത്ഥങ്ങളും ഇന്നും ഞങ്ങളുടെമേലുണ്ട്. 
21: ഞങ്ങളുടെ ദൈവമായ കര്‍ത്താവു ഞങ്ങളുടെയടുത്തേക്കയച്ച പ്രവാചകന്മാരറിയിച്ച, അവിടുത്തെ വചനം ഞങ്ങള്‍ ശ്രവിച്ചില്ല. എന്നാല്‍, അന്യദേവന്മാരെ സേവിച്ചും ഞങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ ദൃഷ്ടിയില്‍ തിന്മയായതു പ്രവര്‍ത്തിച്ചും ഞങ്ങള്‍ തന്നിഷ്ടംപോലെ നടന്നു. 
  
അദ്ധ്യായം 2

1: അതിനാല്‍ ഞങ്ങള്‍ക്കെതിരേ - ഇസ്രായേലില്‍ ന്യായപാലനംനടത്തിയ ന്യായാധിപന്മാര്‍ക്കും രാജാക്കന്മാര്‍ക്കും പ്രഭുക്കന്മാര്‍ക്കും ഇസ്രായേലിലെയും യൂദായിലെയും ജനത്തിനുമെതിരേ- കര്‍ത്താവരുളിച്ചെയ്ത വാക്കുകള്‍ അവിടുന്നു നിറവേറ്റി. 
2: മോശയുടെ നിയമത്തില്‍ എഴുതിയിരിക്കുന്നതിനനുസൃതമായി, ജറുസലേമിനോട് അവിടുന്നു പ്രവര്‍ത്തിച്ചതുപോലെ ആകാശത്തിനുകീഴില്‍ മറ്റെങ്ങും സംഭവിച്ചിട്ടില്ല; 
3: ഒരുവന്‍ തന്റെ പുത്രന്റെയും മറ്റൊരുവന്‍ തന്റെ പുത്രിയുടെയും മാംസം ഭക്ഷിക്കുമെന്നു ഞങ്ങളെക്കുറിച്ച് അതിലെഴുതിയിരുന്നു. 
4: ചുറ്റുമുള്ള രാജ്യങ്ങള്‍ക്ക്, അവിടുന്നു ഞങ്ങളെ അധീനരാക്കുകയും സമീപവാസികളായ ജനതകളുടെയിടയില്‍ ഞങ്ങളെ ചിതറിക്കുകയും ചെയ്തു. ഞങ്ങള്‍, അവരുടെ പരിഹാസത്തിനും നിന്ദയ്ക്കും പാത്രമായി. 
5: ഞങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ സ്വരംശ്രവിക്കാതെ ഞങ്ങള്‍ അവിടുത്തേയ്ക്കെതിരായി പാപംചെയ്തതിനാല്‍ ഉന്നതിപ്രാപിക്കാതെ നിലംപറ്റി. 
6: നീതി ഞങ്ങളുടെ ദൈവമായ കര്‍ത്താവിനുള്ളതാണ്. എന്നാല്‍ ഞങ്ങള്‍ ഞങ്ങളുടെ പിതാക്കന്മാരെപ്പോലെ ഈ നാള്‍വരെ ലജ്ജിതരാണ്. 
7: ഞങ്ങളുടെമേല്‍ വരുത്തുമെന്നു കര്‍ത്താവരുളിച്ചെയ്ത അനര്‍ത്ഥങ്ങള്‍ ഞങ്ങള്‍ക്കു സംഭവിച്ചിരിക്കുന്നു. 
8: എന്നിട്ടും ഞങ്ങള്‍ ഞങ്ങളുടെ ദുഷ്ടഹൃദയത്തിന്റെ വിചാരങ്ങളില്‍നിന്നു പിന്തിരിഞ്ഞു കര്‍ത്താവിന്റെ പ്രീതിക്കായി യാചിച്ചില്ല. 
9: കര്‍ത്താവ് അനര്‍ത്ഥങ്ങളൊരുക്കി ഞങ്ങളുടെമേല്‍ വരുത്തി. ഞങ്ങളോടു ചെയ്യാന്‍ അവിടുന്നുകല്പിച്ച എല്ലാക്കാര്യങ്ങളിലും അവിടുന്നു നീതിമാനാണ്. 
10: എന്നിട്ടും, ഞങ്ങളവിടുത്തെ സ്വരം ശ്രവിക്കുകയോ അവിടുന്നു ഞങ്ങള്‍ക്കുതന്ന ചട്ടങ്ങളനുസരിക്കാന്‍ കൂട്ടാക്കുകയോ ചെയ്തില്ല. 

മോചനത്തിനുവേണ്ടി പ്രാര്‍ത്ഥന 
11: ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവേ, അങ്ങു കരുത്തുറ്റ കരത്താലും അദ്ഭുതങ്ങളാലും അടയാളങ്ങളാലും മഹാശക്തിയാലും നീട്ടിയഭുജത്താലും അവിടുത്തെ ജനത്തെ ഈജിപ്തുദേശത്തുനിന്നു മോചിപ്പിക്കുകയും, അങ്ങനെ അങ്ങേയ്ക്കിന്നും നിലനില്ക്കുന്ന ഒരു നാമം നേടുകയും ചെയ്തു. 
12: ഞങ്ങളുടെ ദൈവമായ കര്‍ത്താവേ, ഞങ്ങള്‍ പാപംചെയ്തു; ഞങ്ങള്‍ അധര്‍മ്മം പ്രവര്‍ത്തിച്ചു; അങ്ങയുടെ കല്പനകള്‍ ലംഘിച്ചു. 
13: അങ്ങു ഞങ്ങളെ ജനതകളുടെയിടയില്‍ച്ചിതറിച്ചു, ഞങ്ങള്‍ കുറച്ചുപേര്‍മാത്രമേ അവശേഷിച്ചിട്ടുള്ളു. അങ്ങയുടെ കോപം പിന്‍വലിക്കണമേ. 
14: കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥനകളും യാചനകളും ശ്രവിക്കണമേ. അങ്ങയെപ്രതി ഞങ്ങളെ രക്ഷിക്കണമേ. പ്രവാസത്തിലേക്കു ഞങ്ങളെക്കൊണ്ടുപോയവര്‍ക്കു ഞങ്ങളോടു പ്രീതിതോന്നാന്‍ ഇടയാക്കണമേ. 
15: അങ്ങനെ അവിടുന്നു ഞങ്ങളുടെ ദൈവമായ കര്‍ത്താവാണെന്നു ഭൂമി മുഴുവനറിയട്ടെ. എന്തെന്നാല്‍, ഇസ്രായേലും അവന്റെ സന്തതികളും അവിടുത്തെ നാമത്തിലാണറിയപ്പെടുന്നത്. 
16: കര്‍ത്താവേ, അങ്ങയുടെ വിശുദ്ധവാസസ്ഥലത്തുനിന്നു ഞങ്ങളെ കടാക്ഷിക്കുകയും ഞങ്ങളോടു കാരുണ്യംകാണിക്കുകയും ചെയ്യണമേ. കര്‍ത്താവേ, ചെവിചായിച്ചു കേള്‍ക്കണമേ. 
17: കര്‍ത്താവേ, കണ്ണുതുറന്നു കാണണമേ. ശരീരത്തില്‍നിന്നു പ്രാണന്‍ വേര്‍പെട്ട്, മരിച്ചുപാതാളത്തില്‍ക്കിടക്കുന്നവര്‍ കര്‍ത്താവിനെ മഹത്വപ്പെടുത്തുകയോ നീതിമാനെന്നു പ്രഘോഷിക്കുകയോ ചെയ്യുകയില്ല. 
18: എന്നാല്‍ കര്‍ത്താവേ, വലിയദുഃഖമനുഭവിക്കുന്നവനും ക്ഷീണിച്ചു കുനിഞ്ഞുനടക്കുന്നവനും വിശന്നുപൊരിഞ്ഞു കണ്ണുമങ്ങിയവനും അങ്ങയെ മഹത്വപ്പെടുത്തും; അങ്ങയുടെ നീതി പ്രഘോഷിക്കും. 
19: ഞങ്ങളുടെ ദൈവമായ കര്‍ത്താവേ, ഞങ്ങളുടെ പിതാക്കന്മാരുടെയോ, രാജാക്കന്മാരുടെയോ നീതിയാലല്ല ഞങ്ങളങ്ങയുടെ കാരുണ്യം യാചിക്കുന്നത്. 
20: അങ്ങയുടെ ദാസന്മാരായ പ്രവാചകന്മാര്‍വഴി മുന്‍കൂട്ടിയറിയിച്ചതുപോലെ അവിടുന്നു ഞങ്ങളുടെമേല്‍ ഉഗ്രകോപം വര്‍ഷിച്ചിരിക്കുന്നു. 
21: അവര്‍ പറഞ്ഞു, കര്‍ത്താവരുളിച്ചെയ്യുന്നു: നിങ്ങള്‍ കഴുത്തുകുനിച്ചു ബാബിലോണ്‍രാജാവിനെ സേവിച്ചാല്‍ നിങ്ങളുടെ പിതാക്കന്മാര്‍ക്കു ഞാന്‍നല്കിയ ദേശത്തു നിങ്ങള്‍ വസിക്കും. 
22: എന്നാല്‍, നിങ്ങള്‍ കര്‍ത്താവിന്റെ വാക്കു ശ്രവിക്കാതെയും ബാബിലോണ്‍രാജാവിനെ സേവിക്കാതെയുമിരുന്നാല്‍, 
23: യൂദാനഗരങ്ങളില്‍നിന്നും ജറുസലെമിന്റെ പരിസരങ്ങളില്‍നിന്നും ആഹ്ലാദത്തിന്റെയും ഉല്ലാസത്തിന്റെയുമാരവവും മണവാളന്റെയും മണവാട്ടിയുടെയും സ്വരവും ഞാനില്ലാതാക്കും. ആരെയുമവശേഷിപ്പിക്കാതെ ദേശംമുഴുവന്‍ ഞാന്‍ വിജനമാക്കും. 
24: ബാബിലോണ്‍രാജാവിനെ സേവിക്കുകയെന്ന അങ്ങയുടെ കല്പന ഞങ്ങളനുസരിച്ചില്ല. അതിനാല്‍, ഞങ്ങളുടെ പിതാക്കന്മാരുടെയും രാജാക്കന്മാരുടെയും അസ്ഥികള്‍ അവരുടെ ശവക്കുഴിയില്‍നിന്നു പുറത്തെടുക്കുമെന്ന് അങ്ങയുടെ ദാസന്മാരായ പ്രവാചകന്മാര്‍വഴി അരുളിച്ചെയ്തത് അങ്ങു നിറവേറ്റി. 
25: ഇതാ, അവ പകലിന്റെ ചൂടും രാത്രിയുടെ മഞ്ഞുമേറ്റുകിടക്കുന്നു. അവര്‍ ക്ഷാമവും വാളും പകര്‍ച്ചവ്യാധിയുംകൊണ്ടുള്ള കഠിനയാതനകളാല്‍ നശിച്ചു. 
26: അങ്ങയുടെ നാമത്തിലറിയപ്പെടുന്ന ആലയം ഇസ്രായേല്‍ഭവനത്തിന്റെയും യൂദാഭവനത്തിന്റെയും ദുഷ്ടതയാല്‍, അങ്ങ് ഇന്നത്തെ നിലയിലാക്കി. 

വാഗ്ദാനങ്ങളനുസ്മരിക്കുന്നു 
27: ഞങ്ങളുടെ ദൈവമായ കര്‍ത്താവേ, എന്നിട്ടുമങ്ങ്, അനന്തമായ കാരുണ്യവുമാര്‍ദ്രതയും ഞങ്ങളോടു കാണിച്ചു. 
28: എന്തെന്നാല്‍, ഇസ്രായേല്‍ജനത്തിന്റെ മുമ്പില്‍വച്ച്, അങ്ങയുടെ നിയമം രേഖപ്പെടുത്താന്‍ അങ്ങയുടെ ദാസനായ മോശയോടു കല്പിച്ച ദിവസം അവന്‍വഴി അങ്ങിപ്രകാരമരുളിച്ചെയ്തു: 
29: നിങ്ങള്‍ എന്റെ സ്വരം ശ്രവിക്കുന്നില്ലെങ്കില്‍ ഞാന്‍ ജനതകളുടെയിടയില്‍ ചിതറിക്കുന്ന അസംഖ്യമായ ഈ ജനതയില്‍ ഒരു ചെറിയഗണംമാത്രമേ അവശേഷിക്കൂ. 
30: ദുശ്ശാഠ്യക്കാരായ അവര്‍ എന്നെ അനുസരിക്കുകയില്ലെന്ന് എനിക്കറിയാം. എന്നാല്‍, പ്രവാസദേശത്ത് അവര്‍ക്കു മനഃപരിവര്‍ത്തനമുണ്ടാകും. 
31: ഞാനാണവരുടെ ദൈവമായ കര്‍ത്താവെന്ന് അവരറിയും. അനുസരിക്കുന്ന ഹൃദയവും ശ്രവിക്കുന്ന ചെവികളും ഞാനവര്‍ക്കു നല്കും. 
32: അടിമത്തത്തിന്റെ നാട്ടില്‍വച്ച് അവരെന്നെപ്പുകഴ്ത്തുകയും എന്റെ നാമത്തെ അനുസ്മരിക്കുകയുംചെയ്യും. 
33: ദുശ്ശാഠ്യത്തില്‍നിന്നും ദുഷ്പ്രവൃത്തിയില്‍നിന്നും അവര്‍ പിന്തിരിയും. എന്തെന്നാല്‍, കര്‍ത്താവിന്റെമുമ്പില്‍ പാപംചെയ്ത പിതാക്കന്മാരുടെ ഗതി അവരോര്‍ക്കും. 
34: അവരുടെ പിതാക്കന്മാരായ അബ്രാഹമിനോടും ഇസഹാക്കിനോടും യാക്കോബിനോടും വാഗ്ദാനംചെയ്ത ദേശത്തക്ക്, ഞാനവരെ വീണ്ടും കൊണ്ടുവരും, അവരവിടെ വാഴും. ഞാനവരെ വര്‍ദ്ധിപ്പിക്കും. അവരുടെ എണ്ണം കുറയുകയില്ല. 
35: ഞാന്‍ അവരുടെ ദൈവവും അവരെന്റെ ജനവുമായിരിക്കാന്‍ ഞാനവരുമായി ഒരു ശാശ്വത ഉടമ്പടിയുണ്ടാക്കും. ഞാനവര്‍ക്കു നല്കിയിരിക്കുന്ന ദേശത്തുനിന്ന് ഇനിമേല്‍ അവരെ ബഹിഷ്കരിക്കുകയില്ല. 

അദ്ധ്യായം 3
 
1: സര്‍വ്വശക്തനായ കര്‍ത്താവേ, ഇസ്രായേലിന്റെ ദൈവമേ, ദുഃഖിതമായ ആത്മാവും തളര്‍ന്ന ഹൃദയവും ഇതാ, അങ്ങയോടു നിലവിളിക്കുന്നു. 
2: കര്‍ത്താവേ, ശ്രവിക്കണമേ, കരുണതോന്നണമേ. ഞങ്ങളങ്ങയുടെമുമ്പില്‍ പാപം ചെയ്തിരിക്കുന്നു. 
3: അങ്ങെന്നേയ്ക്കും സിംഹാസനസ്ഥനാണ്. ഞങ്ങളോ എന്നേയ്ക്കുമായി നശിക്കുന്നു. 
4: സര്‍വ്വശക്തനായ കര്‍ത്താവേ, ഇസ്രായേലിന്റെ ദൈവമേ, ഇസ്രായേലിലെ മരണത്തിനുഴിഞ്ഞിട്ടവരുടെ, ഞങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ സ്വരം ശ്രവിക്കാതെ അവിടുത്തെമുമ്പില്‍ പാപംചെയ്യുകയും അങ്ങനെ ഞങ്ങളുടെമേല്‍ അനര്‍ത്ഥം വരുത്തിവയ്ക്കുകയുംചെയ്തവരുടെ മക്കളുടെ, പ്രാര്‍ത്ഥന ശ്രവിക്കണമേ. 
5: ഞങ്ങളുടെ പിതാക്കന്മാരുടെ അപരാധങ്ങളോര്‍ക്കാതെ, അങ്ങയുടെ നാമത്തെയും ശക്തിയെയും ഇപ്പോള്‍ സ്മരിക്കണമേ. 
6: എന്തെന്നാല്‍, അങ്ങാണു ഞങ്ങളുടെ ദൈവമായ കര്‍ത്താവ്. 
7: കര്‍ത്താവേ, അങ്ങയെ ഞങ്ങള്‍ സ്തുതിക്കും. അങ്ങയുടെ നാമം വിളിച്ചപേക്ഷിക്കുന്നതിനായി അങ്ങയെക്കുറിച്ചുള്ള ഭയം ഞങ്ങളുടെ ഹൃദയത്തില്‍ അങ്ങു നിക്ഷേപിച്ചു. അങ്ങയുടെമുമ്പില്‍ പാപംചെയ്ത ഞങ്ങളുടെ പിതാക്കന്മാരുടെ അകൃത്യങ്ങള്‍ ഞങ്ങള്‍ ഹൃദയത്തില്‍നിന്നുപേക്ഷിച്ചിരിക്കുന്നതിനാല്‍ ഞങ്ങളുടെ പ്രവാസത്തില്‍ ഞങ്ങളങ്ങയെ പുകഴ്ത്തും. 
8: ഞങ്ങളുടെ ദൈവമായ കര്‍ത്താവിനെയുപേക്ഷിച്ച ഞങ്ങളുടെ പിതാക്കന്മാരുടെ അകൃത്യങ്ങള്‍നിമിത്തം ഞങ്ങള്‍ നിന്ദയും ശാപവും ശിക്ഷയുമേറ്റുകൊണ്ട് അങ്ങു ഞങ്ങളെ ചിതറിച്ചുകളഞ്ഞയിടങ്ങളില്‍ ഇതാ, ഞങ്ങളിന്നും പ്രവാസികളായിക്കഴിയുന്നു. 

യഥാര്‍ത്ഥജ്ഞാനം 
9: ഇസ്രായേലേ, ജീവന്റെ കല്പനകള്‍ കേള്‍ക്കുക, ശ്രദ്ധാപൂര്‍വ്വം ജ്ഞാനമാര്‍ജിക്കുക, 
10: ഇസ്രായേലേ, നീ ശത്രുരാജ്യത്തകപ്പെടാന്‍ എന്താണു കാരണം? വിദേശത്തുവച്ചു വാര്‍ദ്ധക്യംപ്രാപിക്കുന്നതെന്തുകൊണ്ട്? മൃതരോടൊപ്പം അശുദ്ധനാകാന്‍ കാരണമെന്ത്? 
11: പാതാളത്തില്‍പ്പതിക്കുന്നവരോടൊപ്പം നീ ഗണിക്കപ്പെടുന്നതെന്തുകൊണ്ട്?
12: ജ്ഞാനത്തിന്റെ ഉറവിടം നീ പരിത്യജിച്ചു. 
13: ദൈവത്തിന്റെ മാര്‍ഗ്ഗത്തില്‍ ചരിച്ചിരുന്നെങ്കില്‍, നീയെന്നേയ്ക്കും സമാധാനത്തില്‍ വസിക്കുമായിരുന്നു. 
14: ജ്ഞാനവും ശക്തിയും വിവേകവും എവിടെയുണ്ടെന്നറിയുക. ദീര്‍ഘായുസ്സും ജീവനും സമാധാനവും കണ്ണുകള്‍ക്കു പ്രകാശവും എവിടെയുണ്ടെന്ന്, അപ്പോള്‍ നീ ഗ്രഹിക്കും. 
15: അവളുടെ നികേതനമാരാണു കണ്ടെത്തിയത്? ആരവളുടെ കലവറയില്‍ പ്രവേശിച്ചിട്ടുണ്ട്? 
16: ജനതകളുടെ രാജാക്കന്മാരെവിടെ? ഭൂമിയിലെ മൃഗങ്ങളെ ഭരിക്കുന്നവരെവിടെ? 
17: ആകാശത്തിലെ പക്ഷികളെക്കൊണ്ടു വിനോദിക്കുന്നവരെവിടെ? എത്രകിട്ടിയാലും മതിവരാത്ത സ്വര്‍ണ്ണത്തിലും വെള്ളിയിലും വിശ്വാസമര്‍പ്പിച്ച്, അതു സംഭരിച്ചുവയ്ക്കുന്നവരെവിടെ? 
18: പണംനേടാന്‍ ആര്‍ത്തിപൂണ്ട്, അതിരറ്റദ്ധ്വാനിക്കുന്നവരെവിടെ? 
19: അവരപ്രത്യക്ഷരായി, പാതാളത്തില്‍ നിപതിച്ചു. അവരുടെ സ്ഥാനത്തു മറ്റുള്ളവര്‍ വന്നിരിക്കുന്നു. 
20: പുതുതലമുറ പകല്‍വെളിച്ചം കാണുകയും ഭൂമിയില്‍ വസിക്കുകയും ചെയ്തു. എന്നാല്‍, അറിവിലേക്കുള്ള മാര്‍ഗ്ഗം അവര്‍ പഠിച്ചില്ല; അവളുടെ പാതകള്‍ മനസ്സിലാക്കിയില്ല; അവളെ കരസ്ഥമാക്കിയുമില്ല; 
21: അവരുടെ പുത്രന്മാര്‍ അവളുടെ പാതയില്‍നിന്നു വ്യതിചലിച്ച് അകന്നുപോയി. 
22: കാനാനില്‍ അവളെപ്പറ്റിക്കേട്ടിട്ടില്ല. തേമാനില്‍ അവളെക്കണ്ടിട്ടില്ല. 
23: ഭൂമിയില്‍ ജ്ഞാനമന്വേഷിക്കുന്ന ഹാഗാറിന്റെ പുത്രന്മാരോ മിദിയാനിലെയും തേമാനിലെയും വ്യാപാരികളോ ജ്ഞാനാന്വേഷികളോ കഥ ചമയ്ക്കുന്നവരോ ജ്ഞാനത്തിലേക്കുള്ള മാര്‍ഗ്ഗം മനസ്സിലാക്കിയിട്ടില്ല; അവളുടെ പാതകളെക്കുറിച്ചു ചിന്തിച്ചിട്ടുമില്ല. 
24: ഇസ്രായേലേ, ദൈവത്തിന്റെ ആലയം എത്രവലുതാണ്! അവിടുത്തെ ദേശം വിസ്തൃതമാണ്. 
25: അതു വിസ്തൃതവും അതിരറ്റതുമാണ്; ഉന്നതവും അപരിമേയവുമാണ്. 
26: പണ്ടുമുതലേ, പ്രശസ്തരായ മല്ലന്മാരും അതികായന്മാരും യുദ്ധവിദഗ്ദ്ധന്മാരും അവിടെ ജനിച്ചു. 
27: ദൈവമവരെ തിരഞ്ഞെടുത്തില്ല; അറിവിന്റെ മാര്‍ഗ്ഗം കാണിച്ചുകൊടുത്തുമില്ല. 
28: ജ്ഞാനമില്ലാതിരുന്നതിനാല്‍ അവര്‍ നശിച്ചു. അവരുടെ ഭോഷത്തംനിമിത്തം അവര്‍ നശിച്ചു. 
29: ആരാണു സ്വര്‍ഗ്ഗത്തില്‍ക്കയറി, അവളെപ്പിടിച്ചു മേഘത്തില്‍നിന്നു താഴെക്കൊണ്ടുവരുന്നത്? 
30: സമുദ്രംകടന്ന്, അവളെ കണ്ടുപിടിച്ചതാര്? തനിസ്വര്‍ണ്ണംകൊടുത്ത്, ആരവളെ വാങ്ങും? 
31: അവളുടെയടുത്തേക്കുള്ള മാര്‍ഗ്ഗം ആര്‍ക്കുമറിവില്ല. ആ മാര്‍ഗ്ഗത്തെക്കുറിച്ചു ശ്രദ്ധിക്കുന്നവരുമില്ല. 
32: എന്നാല്‍ എല്ലാമറിയുന്നവന്‍ അവളെയറിയുന്നു. അവിടുന്ന് അവളെ തന്റെ അറിവുകൊണ്ടു കണ്ടെത്തി. എന്നേയ്ക്കുമായി ഭൂമിയെ സ്ഥാപിച്ചവന്‍ അതു നാല്‍ക്കാലികളെക്കൊണ്ടു നിറച്ചു. 
33: അവിടുന്നു പ്രകാശമയയ്ക്കുന്നു, അതു പോകുന്നു. അവിടുന്നു വിളിച്ചു; ഭയത്തോടുകൂടെ അതനുസരിച്ചു. 
34: നക്ഷത്രങ്ങള്‍ തങ്ങളുടെ യാമങ്ങളില്‍ പ്രകാശിക്കുകയും ആഹ്ലാദിക്കുകയും ചെയ്തു. അവിടുന്നവയെ വിളിച്ചു. ഇതാ, ഞങ്ങളെന്ന് അവ പറഞ്ഞു. തങ്ങളെ സൃഷ്ടിച്ചവനുവേണ്ടി അവ സന്തോഷപൂര്‍വ്വം മിന്നിത്തിളങ്ങി. 
35: അവിടുന്നാണു നമ്മുടെ ദൈവം. അവിടുത്തോടു തുലനംചെയ്യാന്‍ ഒന്നുമില്ല.
36: അവിടുന്ന്, അറിവിലേക്കുള്ള എല്ലാ വഴികളും കണ്ടെത്തി. അവളെ തന്റെ ദാസനായ യാക്കോബിന്, താന്‍ സ്‌നേഹിച്ച ഇസ്രായേലിന്, കൊടുത്തു. 
37: അനന്തരമവള്‍ ഭൂമിയില്‍ പ്രത്യക്ഷപ്പെടുകയും മനുഷ്യരുടെയിടയില്‍ വസിക്കുകയുംചെയ്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ