ഇരുനൂറ്റിമുപ്പത്തിയേഴാം ദിവസം: എസക്കിയേല്‍ 5 - 9


അദ്ധ്യായം 5

1: മനുഷ്യപുത്രാ, നീ മൂര്‍ച്ചയുള്ളൊരു വാളെടുക്കുക; അതൊരു ക്ഷൗരക്കത്തിയായുപയോഗിച്ചു്, നിന്റെ തലയും താടിയും വടിക്കുക. എന്നിട്ടു് ഒരു തുലാസെടുത്തു്, രോമം തൂക്കിവിഭജിക്കുക.
2: ഉപരോധത്തിന്റെ ദിവസങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍, നീ അതിന്റെ മൂന്നിലൊരുഭാഗമെടുത്തു പട്ടണത്തിന്റെ നടുവില്‍വച്ചു തീയില്‍ ദഹിപ്പിക്കുക. മൂന്നിലൊരു ഭാഗം വാളുകൊണ്ടരിഞ്ഞുകൊണ്ടു പട്ടണത്തിനുചുറ്റും നടക്കുക. മൂന്നിലൊന്നു നീ കാറ്റില്‍പ്പറത്തണം; ഊരിയവാളുമായി ഞാനവയെ പിന്തുടരും.
3: അവയില്‍നിന്നു്. ഏതാനുമെടുത്തു നിന്റെ മേലങ്കിയുടെ വിളുമ്പില്‍ കെട്ടിവയ്ക്കുക.
4: അവയില്‍നിന്നു വീണ്ടും കുറച്ചെടുത്തു തീയിലിട്ടു ദഹിപ്പിക്കുക. അവിടെനിന്നൊരഗ്നിപുറപ്പെട്ടു്, ഇസ്രായേലിലെ എല്ലാ ഭവനങ്ങളിലേക്കും വ്യാപിക്കും.
5: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ഇതാ, ഇതാണു ജറുസലെം. ജനതകളുടെയും രാജ്യങ്ങളുടെയുംമദ്ധ്യേ, അവളെ ഞാന്‍ സ്ഥാപിച്ചു.
6: എന്നാല്‍, ജനതകളുടേതിനെക്കാള്‍ ദുഷ്ടതയോടെ, അവളെന്റെ കല്പനകള്‍ ലംഘിച്ചു. ചുറ്റുമുള്ള രാജ്യങ്ങളെക്കാള്‍ക്കൂടുതലായി അവളെന്റെ പ്രമാണങ്ങളെ ധിക്കരിച്ചു. അവളെന്റെ കല്പനകള്‍ നിരസിച്ചു; അവയ്ക്കനുസൃതമായി അവള്‍ പ്രവര്‍ത്തിച്ചില്ല.
7: ആകയാല്‍ ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: നിങ്ങള്‍ ചുറ്റുമുള്ള ജനതകളെക്കാള്‍ ധിക്കാരികളാണ്, നിങ്ങളെന്റെ പ്രമാണങ്ങളനുസരിച്ചുനടക്കുകയോ കല്പനകള്‍കാക്കുകയോ ചെയ്തില്ല. ചുറ്റുമുള്ള ജനതകളുടെ നിയമങ്ങള്‍പോലും നിങ്ങളനുസരിച്ചില്ല.
8: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ഇതാ, ഞാന്‍, ഞാന്‍തന്നെ, നിനക്കെതിരായിരിക്കുന്നു. ജനതകളുടെ മുമ്പില്‍വച്ചു നിന്റെമേല്‍ എന്റെ വിധി ഞാന്‍ നടപ്പിലാക്കും.
9: ഞാനൊരിക്കലും ചെയ്തിട്ടില്ലാത്തതും ഇനിയൊരിക്കലും ചെയ്യുകയില്ലാത്തതുമായ കാര്യങ്ങള്‍, നിന്റെ മ്ലേച്ഛതകള്‍നിമിത്തം നിനക്കെതിരായി ഞാന്‍ ചെയ്യും.
10: നിന്റെ മദ്ധ്യേ, പിതാക്കന്മാര്‍ പുത്രന്മാരെയും പുത്രന്മാര്‍ പിതാക്കന്മാരെയും ഭക്ഷിക്കും. നിന്റെമേല്‍ ഞാന്‍ ന്യായവിധിനടപ്പിലാക്കും. നിന്നിലവശേഷിക്കുന്നവരെ ഞാന്‍ നാനാദിക്കുകളിലേക്കും ചിതറിക്കും.
11: ആകയാല്‍ ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: മ്ലേച്ഛതകളും ദുഷ്പ്രവൃത്തികളുംകൊണ്ട്, എന്റെ വിശുദ്ധസ്ഥലം നീ മലിനമാക്കിയതിനാല്‍, ഞാനാണേ, നിന്നെ ഞാന്‍ വെട്ടിവീഴ്ത്തും. ഞാന്‍ നിന്നെ വെറുതെവിടുകയില്ല, ഞാന്‍ കരുണകാണിക്കുകയില്ല.
12: നിന്റെ മൂന്നിലൊരുഭാഗം നിന്റെ മദ്ധ്യേതന്നെ പകര്‍ച്ചവ്യാധികള്‍കൊണ്ടും പട്ടിണികൊണ്ടും ചത്തൊടുങ്ങും. മൂന്നിലൊരുഭാഗം നിന്റെചുറ്റും വാളാല്‍ നശിക്കും. മൂന്നിലൊരു ഭാഗത്തെ, നാനാദിക്കുകളിലേക്കും ഞാന്‍ ചിതറിക്കും. ഊരിയവാളുമായി ഞാനവരെ അനുധാവനംചെയ്യും.
13: അങ്ങനെ എന്റെ കോപമെരിഞ്ഞടങ്ങും. എന്റെ ക്രോധം അവരുടെമേല്‍ച്ചൊരിഞ്ഞ് ഞാന്‍ തൃപ്തനാകും. എന്റെ ക്രോധം ഞാനവര്‍ക്കെതിരേ പ്രയോഗിച്ചുകഴിയുമ്പോള്‍ ഞാനാണു കര്‍ത്താവെന്നും അസഹിഷ്ണുതയോടെയാണു ഞാന്‍ സംസാരിച്ചതെന്നും അവരറിയും.
14: നിനക്കുചുറ്റുമുള്ള ജനതകളുടെയിടയിലും കടന്നുപോകുന്നവരുടെ മുമ്പിലും നിന്നെ ഞാൻ അവമാനത്തിനും പരിഹാസത്തിനും പാത്രമാക്കും.
15: ഞാന്‍ കോപത്തോടും അമര്‍ഷത്തോടും കഠിനശിക്ഷകളോടുംകൂടെ നിന്റെമേല്‍ ന്യായവിധിനടത്തുമ്പോള്‍, നീ ചുറ്റുമുള്ള ജനതകള്‍ക്കു നിന്ദാപാത്രവും പരിഹാസവിഷയവും, താക്കീതും ഭയകാരണവുമായിരിക്കും, കര്‍ത്താവായ ഞാന്‍ പറഞ്ഞിരിക്കുന്നു.
16: ക്ഷാമമാകുന്ന മാരകാസ്ത്രങ്ങള്‍ - നശിപ്പിക്കുന്ന അസ്ത്രങ്ങള്‍ - നിനക്കെതിരേ ഞാനയയ്ക്കും. ഞാന്‍ നിന്റെയിടയില്‍ ക്ഷാമം വര്‍ദ്ധിപ്പിക്കും. നിന്റെ അപ്പത്തിന്റെ അളവ്, ഞാന്‍ കുറയ്ക്കും.
17: ക്ഷാമത്തെയും ഹിംസ്രജന്തുക്കളെയും ഞാന്‍ നിനക്കെതിരേയയ്ക്കും. അവ നിന്റെ സന്താനങ്ങളെയെല്ലാം അപഹരിക്കും. പകര്‍ച്ചവ്യാധിയും രക്തച്ചൊരിച്ചിലും നിന്നിലൂടെ കടന്നുപോകും. ഞാന്‍ നിന്റെമേല്‍ വാളയയ്ക്കും - കര്‍ത്താവായ ഞാന്‍ പറഞ്ഞിരിക്കുന്നു.

അദ്ധ്യായം 6 

പൂജാഗിരികള്‍ക്കെതിരേ

1: എനിക്കു കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി:
2: മനുഷ്യപുത്രാ, ഇസ്രായേലിലെ പര്‍വ്വതങ്ങള്‍ക്കുനേരേ മുഖംതിരിച്ചു്, അവയ്‌ക്കെതിരായി പ്രവചിക്കുക.
3: നീയിങ്ങനെ പറയണം: ഇസ്രായേലിലെ പര്‍വ്വതങ്ങളേ, ദൈവമായ കര്‍ത്താവിന്റെ വചനം കേള്‍ക്കുക. ദൈവമായ കര്‍ത്താവു പര്‍വ്വതങ്ങളോടും കുന്നുകളോടും മലയിടുക്കുകളോടും താഴ്‌വരകളോടുമരുളിച്ചെയ്യുന്നു: നിങ്ങളുടെമേല്‍ ഞാന്‍ വാളയയ്ക്കും. നിങ്ങളുടെ പൂജാഗിരികള്‍ ഞാന്‍ തകര്‍ക്കും.
4: നിങ്ങളുടെ ബലിപീഠങ്ങള്‍ ശൂന്യമാകും. നിങ്ങളുടെ ധൂപപീഠങ്ങളുടച്ചുകളയും. നിങ്ങളില്‍ വധിക്കപ്പെട്ടവരെ നിങ്ങളുടെ വിഗ്രഹങ്ങളുടെ മുമ്പിലേക്കു ഞാന്‍ വലിച്ചെറിയും.
5: ഇസ്രായേല്‍മക്കളുടെ ശവശരീരങ്ങള്‍ ഞാനവരുടെ വിഗ്രഹങ്ങള്‍ക്കുമുമ്പില്‍ നിരത്തും. നിങ്ങളുടെയസ്ഥികള്‍ നിങ്ങളുടെ ബലിപീഠങ്ങള്‍ക്കുചുറ്റും ഞാന്‍ വിതറും.
6: നിങ്ങള്‍ വസിക്കുന്നിടത്തെല്ലാം നിങ്ങളുടെ നഗരങ്ങള്‍ നശിപ്പിക്കപ്പെടുകയും പൂജാഗിരികള്‍ തകര്‍ക്കപ്പെടുകയുംചെയ്യും. അങ്ങനെ നിങ്ങളുടെ ബലിപീഠങ്ങള്‍ ശൂന്യമായിക്കിടന്നുനശിക്കും. നിങ്ങളുടെ വിഗ്രഹങ്ങളെ തച്ചുടയ്ക്കും; ധൂപപീഠങ്ങള്‍ വെട്ടിവീഴ്ത്തും; കരവേലകളെ തുടച്ചുനീക്കും.
7: വധിക്കപ്പെട്ടവര്‍ നിങ്ങളുടെമദ്ധ്യേ നിപതിക്കും. ഞാനാണു കര്‍ത്താവെന്നു് അപ്പോള്‍ നിങ്ങളറിയും.
8: നിങ്ങളില്‍ കുറച്ചുപേരെ ഞാനവശേഷിപ്പിക്കും. അവരെ വാളില്‍നിന്നു രക്ഷിച്ചു്, ജനതകളുടെയിടയില്‍ ഞാന്‍ ചിതറിക്കും.
9: എന്നില്‍നിന്നകന്നുപോയവരുടെ അവിശ്വസ്തഹൃദയം ഞാന്‍ തകര്‍ക്കുകയും, വഴിപിഴച്ച വിഗ്രഹങ്ങള്‍ക്കു പിന്നാലെപായുന്ന കണ്ണുകളെ ഞാനന്ധമാക്കുകയുംചെയ്യുമ്പോള്‍, രക്ഷപെട്ടു് അടിമകളായി ജനതകളുടെയിടയില്‍പ്പാര്‍ക്കുന്ന അവര്‍ എന്നെയോര്‍ക്കും. തങ്ങള്‍ചെയ്ത തിന്മകളും മ്ലേച്ഛതകളും വിചാരിച്ചു് അവര്‍ സ്വന്തം ദൃഷ്ടിയില്‍ത്തന്നെ നിന്ദ്യരായിത്തീരും. ഞാനാണു കര്‍ത്താവെന്നു് അവരപ്പോളറിയും.
10: ഈ അനര്‍ത്ഥങ്ങൾ അവര്‍ക്കുവരുത്തുമെന്നു ഞാന്‍ പറഞ്ഞതു വെറുതെയല്ല.
11: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: കൈകൊട്ടുകയും ഉറക്കെച്ചവിട്ടുകയുംചെയ്തുകൊണ്ടു നീ വിളിച്ചുപറയുക; അധമമായ മ്ലേച്ഛതകള്‍നിമിത്തം ഇസ്രായേല്‍ഭവനത്തിനു ദുരിതം! അവര്‍ വാളുകൊണ്ടും പട്ടിണികൊണ്ടും പകര്‍ച്ചവ്യാധികൊണ്ടും നിലംപതിക്കും.
12: അകലെയുള്ളവന്‍ പകര്‍ച്ചവ്യാധികൊണ്ടു മരിക്കും; അടുത്തുള്ളവന്‍ വാളിനിരയാകും. രക്ഷപെട്ടു് അവശേഷിക്കുന്നവന്‍ ക്ഷാമംകൊണ്ടു മരിക്കും. അങ്ങനെ ഞാനെന്റെ ക്രോധം അവരുടെമേല്‍ പ്രയോഗിച്ചുതീര്‍ക്കും.
13: എല്ലാ കുന്നുകളിലും മലമുകളിലും, എല്ലാ പച്ചമരങ്ങളുടെയും ഇടതൂര്‍ന്നുവളരുന്ന ഓക്കുമരങ്ങളുടെയും ചുവട്ടിലും, വിഗ്രഹങ്ങള്‍ക്ക് അവര്‍ സുഗന്ധദ്രവ്യങ്ങളര്‍പ്പിച്ചിരുന്ന എല്ലാ ഇടങ്ങളിലും ബലിപീഠങ്ങള്‍ക്കുചുററും വിഗ്രഹങ്ങളുടെയിടയിലും അവരുടെ വധിക്കപ്പെട്ടവരുടെ ശരീരങ്ങള്‍ ചിതറിക്കിടക്കുമ്പോള്‍ ഞാനാണു കര്‍ത്താവെന്നു നിങ്ങളറിയും.
14: ഞാനവര്‍ക്കുനേരേ കൈയോങ്ങും. മരുഭൂമിമുതല്‍ റിബ്ലാവരെ ഞാന്‍ വിജനവും ശൂന്യവുമാക്കും. ഞാനാണു കര്‍ത്താവെന്നു് അപ്പോളവരറിയും.

അദ്ധ്യായം 7  

അവസാനമടുത്തു
1: എനിക്കു കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി:
2: മനുഷ്യപുത്രാ, ദൈവമായ കര്‍ത്താവ്, ഇസ്രായേല്‍ദേശത്തോടരുളിച്ചെയ്യുന്നു: ഇതാ, നിന്റെ അവസാനമടുത്തിരിക്കുന്നു. ദേശത്തിന്റെ നാലുദിക്കുകളിലുംനിന്നു് അവസാനമടുത്തുവരുന്നു.
3: ഇതാ, നിന്റെ അവസാനമടുത്തിരിക്കുന്നു. എന്റെ കോപം നിന്റെമേല്‍ ഞാനഴിച്ചുവിടും. നിന്റെ പ്രവൃത്തികള്‍ക്കനുസൃതമായി നിന്നെ ഞാന്‍ വിധിക്കും. നിന്റെ എല്ലാ മ്ലേച്ഛതകള്‍ക്കും നിന്നെ ഞാന്‍ ശിക്ഷിക്കും.
4: ഞാന്‍ നിന്നെ വെറുതെവിടുകയില്ല. നിന്നോടു ഞാന്‍ കരുണകാണിക്കുകയില്ല. നിന്റെ മ്ലേച്ഛതകള്‍ക്കും നിന്റെ പ്രവൃത്തികള്‍ക്കുമനുസൃതമായി നിന്നെ ഞാന്‍ ശിക്ഷിക്കും. ഞാനാണു കര്‍ത്താവെന്നു് അപ്പോള്‍ നീയറിയും.
5: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ഇതാ, നാശത്തിനുപിറകേ നാശം.
6: ഇതാ, അവസാനമടുത്തു. അതു നിനക്കെതിരേ ഉണര്‍ന്നിരിക്കുന്നു. ഇതാ, അതെത്തിക്കഴിഞ്ഞു.
7: ദേശത്തു വസിക്കുന്നവനേ, ഇതാ, നിന്റെമേല്‍ വിനാശമാഗതമായിരിക്കുന്നു. സമയമായി; പരിഭ്രാന്തിയുടെ, കലാപത്തിന്റെ ദിനമാസന്നമായി. മലമുകളിലെയാര്‍പ്പുവിളി, ആഹ്ലാദത്തിന്റേതായിരിക്കുകയില്ല.
8: അല്പസമയത്തിനുള്ളില്‍ എന്റെ ക്രോധം നിന്റെമേല്‍ ഞാന്‍ ചൊരിയും. എന്റെ കോപം നിന്റെമേല്‍ ഞാന്‍ പ്രയോഗിച്ചുതീര്‍ക്കും. നിന്റെ പ്രവൃത്തിക്കള്‍ക്കനുസൃതമായി നിന്നെ ഞാന്‍ വിധിക്കും. നിന്റെ എല്ലാ മ്ലേച്ഛതകള്‍ക്കും നിന്നെ ഞാന്‍ ശിക്ഷിക്കും.
9: നിന്നെ ഞാന്‍ വെറുതെവിടുകയില്ല. നിന്നോടു ഞാന്‍ കരുണകാണിക്കുകയില്ല. നിന്റെ മ്ലേച്ഛതകള്‍ക്കും പ്രവൃത്തികള്‍ക്കുമനുസൃതമായി നിന്നെ ഞാന്‍ ശിക്ഷിക്കും. കര്‍ത്താവായ ഞാനാണു ശിക്ഷിക്കുന്നതെന്നു് അപ്പോള്‍ നീയറിയും.
10: ഇതാ, ആദിനം! നാശത്തിന്റെ ദിനമാസന്നമായി. അനീതി പുഷ്പിക്കുകയും അഹങ്കാരം തളിര്‍ക്കുകയുംചെയ്തിരിക്കുന്നു.
11: അക്രമം ദുഷ്ടതയുടെ ദണ്ഡായി വളര്‍ന്നിരിക്കുന്നു. അവരില്‍ ആരുമവശേഷിക്കുകയില്ല. അവരുടെ സമൃദ്ധിയും സമ്പത്തും പ്രതാപവുമവസാനിക്കും. സമയമായി. ദിവസമടുത്തു.
12: വാങ്ങുന്നവന്‍ സന്തോഷിക്കുകയോ വില്ക്കുന്നവന്‍ വിലപിക്കുകയോ വേണ്ടാ. ജനം മുഴുവന്റെയുംമേല്‍ ക്രോധം പതിച്ചിരിക്കുന്നു.
13: ഇരുവരും ജീവിച്ചിരുന്നാല്‍ത്തന്നെ വില്‍ക്കുന്നവനു വിറ്റതു തിരിച്ചുകിട്ടുകയില്ല, എന്തെന്നാല്‍ ജനം മുഴുവന്റെയുംമേല്‍ എന്റെ ക്രോധം പതിച്ചിരിക്കുന്നു. അകൃത്യങ്ങളില്‍ത്തുടരുന്നതുകൊണ്ട് ഒരുവനും ജീവന്‍ നിലനിറുത്താനാവില്ല.
14: കാഹളം മുഴങ്ങി; എല്ലാം സജ്ജമായി. എന്നാല്‍ ആരും യുദ്ധത്തിനുപോകുന്നില്ല. എന്തെന്നാല്‍, ജനം മുഴുവന്റെയുംമേല്‍ എന്റെ ക്രോധം പതിച്ചിരിക്കുന്നു.

ഇസ്രായേലിന്റെ പാപങ്ങള്‍
15: പുറമേ വാള്‍, അകമേ പട്ടിണിയും പകര്‍ച്ചവ്യാധിയും, നഗരത്തിനു പുറത്തുള്ളവന്‍ വാളാല്‍ മരിക്കും. പട്ടണത്തിലുള്ളവനെ പട്ടിണിയും പകര്‍ച്ചവ്യാധിയും വിഴുങ്ങും.
16: ഇവയെ അതിജീവിച്ചു രക്ഷപെടുന്നവര്‍ തങ്ങളുടെ തിന്മകളോര്‍ത്തു വിലപിച്ചുകൊണ്ട്, താഴ്‌വരകളില്‍നിന്നു പ്രാവുകളെന്നപോലെ, മലകളിലഭയംതേടും.
17: എല്ലാക്കരങ്ങളും ദുര്‍ബ്ബലമാകും. കാല്‍മുട്ടുകള്‍ വിറയ്ക്കും.
18: അവര്‍ ചാക്കുടുക്കും. ഭീതി, അവരെയാവരണംചെയ്യും. അവര്‍ ലജ്ജകൊണ്ടു മുഖംകുനിക്കും. ശിരസ്സു മുണ്ഡനംചെയ്യും.
19: അവര്‍ വെള്ളി തെരുവുകളില്‍ വലിച്ചെറിയും; സ്വര്‍ണ്ണം, അവര്‍ക്ക് അശുദ്ധവസ്തുപോലെയാകും. കര്‍ത്താവിന്റെ ക്രോധത്തിന്റെ ദിനത്തില്‍ അവരെ രക്ഷിക്കാന്‍ വെള്ളിക്കും സ്വര്‍ണ്ണത്തിനും സാധിക്കുകയില്ല. അവയ്ക്ക് അവരുടെ വിശപ്പടക്കാനോ വയറുനിറയ്ക്കാനോ ആവില്ല. എന്തെന്നാല്‍, അവയാണ് അവര്‍ക്കിടര്‍ച്ചവരുത്തിയതു്.
20: ആഭരണങ്ങളുടെ ഭംഗിയില്‍ അവര്‍ മദിച്ചു. അതുപയോഗിച്ചു് അവര്‍ മ്ലേച്ഛവും നിന്ദ്യവുമായ വിഗ്രഹങ്ങള്‍ നിര്‍മ്മിച്ചു. ആകയാല്‍ ഞാനവര്‍ക്ക് അതശുദ്ധവസ്തുവാക്കും.
21: അതു വിദേശികളുടെ കൈയിലിരയായും ദുഷ്ടന്മാര്‍ക്ക് കൊള്ളമുതലായും ഞാന്‍ കൊടുക്കും. അവരതിനെ അശുദ്ധമാക്കും.
22: ഞാനവരില്‍നിന്നു മുഖംതിരിക്കും. അവര്‍ എന്റെ അമൂല്യനിധി അശുദ്ധമാക്കും. കൊള്ളക്കാര്‍ പ്രവേശിച്ചു് അതിനെ മലിനവും ശൂന്യവുമാക്കും.
23: എന്തെന്നാല്‍ ഭൂമി രക്തരൂഷിതമായ അപരാധങ്ങള്‍കൊണ്ടും പട്ടണങ്ങള്‍ അക്രമംകൊണ്ടും നിറഞ്ഞിരിക്കുന്നു.
24: ഞാന്‍ ജനതകളില്‍ ഏറ്റവും നീചന്മാരെക്കൊണ്ടുവരും; അവരവരുടെ ഭവനങ്ങള്‍ കൈവശപ്പെടുത്തും. ശക്തന്മാരുടെയഹന്തയ്ക്കു ഞാനറുതിവരുത്തും. അവരുടെ വിശുദ്ധസ്ഥലങ്ങള്‍ അശുദ്ധമാക്കപ്പെടും.
25: കഠിനവേദന പിടികൂടുമ്പോൾ, അവര്‍ സമാധാനമന്വേഷിക്കും. എന്നാല്‍ അതു ലഭിക്കുകയില്ല.
26: നാശത്തിനുമേല്‍ നാശംവന്നുകൂടും. കിംവദന്തികള്‍ പ്രചരിക്കും. അപ്പോളവര്‍ പ്രവാചകന്മാരില്‍നിന്നു ദര്‍ശനങ്ങളാരായും. എന്നാല്‍, പുരോഹിതന്മാരില്‍നിന്നു നിയമവും ശ്രേഷ്ഠന്മാരില്‍നിന്നുപദേശവും അപ്രത്യക്ഷമായിക്കഴിഞ്ഞിരിക്കും.
27: രാജാവു വിലപിക്കും; രാജകുമാരന്‍ നിരാശനാകും. ദേശത്തെ ജനത്തിന്റെ കൈകള്‍ ഭയംകൊണ്ടു വിറയ്ക്കും. അവരുടെ പ്രവൃത്തികള്‍ക്കനുസൃതമായി ഞാനവരോടു പെരുമാറും. അവര്‍ വിധിക്കുന്നതുപോലെ ഞാനവരെയും വിധിക്കും. ഞാനാണു കര്‍ത്താവെന്നു് അവരറിയും.

അദ്ധ്യായം 8 

ദേവാലയത്തിലെ മ്ലേച്ഛതകള്‍
1: ആറാംവര്‍ഷം ആറാംമാസം അഞ്ചാംദിവസം ഞാനെന്റെ വീട്ടിലിരിക്കുകയായിരുന്നു. എന്റെ മുമ്പില്‍ യൂദായിലെ ശ്രേഷ്ഠന്മാരും ഇരിക്കുന്നുണ്ടായിരുന്നു. അപ്പോളവിടെ വച്ച്, ദൈവമായ കര്‍ത്താവിന്റെ കരം എന്റെമേല്‍ വന്നു.
2: ഞാന്‍ നോക്കി. അതാ, മനുഷ്യസാദൃശ്യത്തിലൊരു രൂപം. അവന്റെ അരക്കെട്ടുപോലെതോന്നിയ ഭാഗത്തിനുതാഴെ അഗ്നിയും അരക്കെട്ടിനു മുകളില്‍ തിളങ്ങുന്ന ഓടിന്റേതുപോലെയുള്ള ശോഭയും.
3: കൈപോലെതോന്നിയ ഭാഗംനീട്ടി, അവനെന്റെ മുടിക്കു പിടിച്ചു; ആത്മാവെന്നെ ഭൂമിയുടെയും ആകാശത്തിന്റെയും മദ്ധ്യത്തിലേക്കുയര്‍ത്തി. ദൈവത്തില്‍നിന്നുള്ള ദര്‍ശനങ്ങളില്‍ എന്നെ ജറുസലെമില്‍ അകത്തെ അങ്കണത്തിന്റെ വടക്കേ വാതില്‍ക്കലേക്കു കൊണ്ടുപോയി. അസൂയജനിപ്പിക്കുന്ന അസൂയാവിഗ്രഹത്തിന്റെ പീഠം അവിടെയുണ്ടായിരുന്നു.
4: അതാ, അവിടെ ഇസ്രായേലിന്റെ ദൈവത്തിന്റെ മഹത്വം. സമതലത്തില്‍വച്ചു ഞാന്‍കണ്ട ദര്‍ശനത്തിലേതുപോലെതന്നെ ആയിരുന്നു അതു്.
5: അവിടുന്നെന്നോടരുളിചെയ്തു: മനുഷ്യപുത്രാ, വടക്കുദിക്കിലേക്കു കണ്ണുകളുയര്‍ത്തുക. ഞാന്‍ വടക്കുദിക്കിലേക്കു കണ്ണുകളുയര്‍ത്തി. അതാ, ബലിപീഠത്തിന്റെ വാതില്‍ക്കല്‍, വടക്കുവശത്തു് ആ അസൂയാവിഗ്രഹം നില്‍ക്കുന്നു.
6: അവിടുന്നെന്നോടരുളിച്ചെയ്തു: മനുഷ്യപുത്രാ, അവര്‍ ചെയ്യുന്നതു നീ കാണുന്നുണ്ടോ? എന്റെ വിശുദ്ധസ്ഥലത്തുനിന്നു്‍ എന്നെത്തുരത്താന്‍വേണ്ടി, ഇസ്രായേല്‍ജനം അവിടെച്ചെയ്തുകൂട്ടുന്ന കടുത്ത മ്ലേച്ഛതകള്‍ നീ കാണുന്നുണ്ടോ? ഇതിനെക്കാള്‍ വലിയ മ്ലേച്ഛതകള്‍ നീ ഇനിയും കാണും.
7: അവിടുന്നെന്നെ അങ്കണത്തിന്റെ വാതില്‍ക്കലേക്കു കൊണ്ടുവന്നു. ഞാന്‍ നോക്കി. അതാ, ഭിത്തിയിലൊരു ദ്വാരം.
8: അവിടുന്നെന്നോടു കല്പിച്ചു: മനുഷ്യപുത്രാ, ഭിത്തി തുരക്കുക. ഞാന്‍ ഭിത്തി തുരന്നു. അതാ, ഒരു വാതില്‍.
9: അവിടുന്നു തുടര്‍ന്നു, അകത്തു പ്രവേശിച്ചു് അവരവിടെ ചെയ്തുകൂട്ടുന്ന നികൃഷ്ടമായ മ്ലേച്ഛതകള്‍ കാണുക.
10: ഞാനകത്തുകടന്നു നോക്കി. അതാ, എല്ലാത്തരം ഇഴജന്തുക്കളും അറപ്പുണ്ടാക്കുന്ന ജീവികളും ഇസ്രായേല്‍ ഭവനത്തിന്റെ എല്ലാ വിഗ്രഹങ്ങളും ചുറ്റുമുള്ള ഭിത്തിയില്‍ ചിത്രീകരിച്ചിരിക്കുന്നു.
11: ഇസ്രായേലിലെ എഴുപതുശ്രേഷ്ഠന്മാരും അവരുടെകൂടെ ഷാഫാന്റെ മകനായ യാസാനിയായും അവയുടെ മുമ്പില്‍ നില്‍ക്കുന്നു. ഓരോരുത്തരുടെയും കൈയില്‍ ധൂപകലശമുണ്ടായിരുന്നു. സുഗന്ധിയായ ധൂമപടലം ഉയര്‍ന്നുകൊണ്ടിരുന്നു.
12: അവിടുന്നെന്നോടരുളിച്ചെയ്തു: മനുഷ്യപുത്രാ, ഇസ്രായേല്‍ഭവനത്തിലെ ശ്രേഷ്ഠന്മാര്‍ ഇരുളില്‍, ചിത്രങ്ങള്‍നിറഞ്ഞമുറിയില്‍ ചെയ്യുന്നതെന്തെന്നു നീ കാണുന്നുണ്ടോ? അവര്‍ പറയുന്നു: കര്‍ത്താവു ഞങ്ങളെക്കാണുന്നില്ല. കര്‍ത്താവ് ഈ ദേശത്തെയുപേക്ഷിച്ചിരിക്കുന്നു.
13: അവിടുന്നെന്നോടരുളിച്ചെയ്തു: ഇതിലും ഗുരുതരമായ മ്ലേച്ഛതകൾ അവര്‍ചെയ്യുന്നതു നീ കാണും.
14: അവിടുന്നെന്നെ ദേവാലയത്തിന്റെ വടക്കേവാതിലിന്റെ മുമ്പിലേക്കു കൊണ്ടുപോയി. അതാ, അവിടെ തമ്മൂസിനെക്കുറിച്ചു വിലപിക്കുന്ന സ്ത്രീകള്‍.
15: അവിടുന്നെന്നോടു ചോദിച്ചു: മനുഷ്യപുത്രാ, നീയിതു കണ്ടില്ലേ? ഇവയെക്കാള്‍ വലിയമ്ലേച്ഛതകള്‍ നീ കാണും.
16: ദേവാലയത്തിന്റെ അകത്തളത്തിലേക്ക് അവിടുന്നെന്നെക്കൊണ്ടുപോയി. കര്‍ത്താവിന്റെ ആലയത്തിന്റെ വാതില്‍ക്കല്‍, പൂമുഖത്തിനും ബലിപീഠത്തിനും നടുവില്‍, ഇരുപത്തിയഞ്ചോളംപേര്‍ ദേവാലയത്തിനു പുറംതിരിഞ്ഞു കിഴക്കോട്ടുനോക്കി നില്‍ക്കുന്നു. അവര്‍ കിഴക്കോട്ടുനോക്കി സൂര്യനെ നമസ്കരിക്കുകയായിരുന്നു.
17: അവിടുന്നു ചോദിച്ചു: മനുഷ്യപുത്രാ, നീ കണ്ടില്ലേ? യൂദാഭവനം ഇവിടെക്കാട്ടുന്ന മേച്ഛതകള്‍ നിസ്സാരങ്ങളോ? അവര്‍ ദേശത്തെ അക്രമങ്ങള്‍കൊണ്ടുനിറച്ചു. എന്റെ ക്രോധത്തെയുണര്‍ത്താൻ, അവര്‍ വീണ്ടും തുനിഞ്ഞിരിക്കുന്നു, അവരതാ മൂക്കത്തു കമ്പുവയ്ക്കുന്നു.
18: അതിനാല്‍ ക്രോധത്തോടെ ഞാനവരുടെനേരെ തിരിയും. ഞാനവരെ വെറുതേവിടുകയില്ല. ഞാന്‍ കരുണകാണിക്കുകയില്ല. അവര്‍ എന്റെ കാതുകളിലുറക്കെക്കരഞ്ഞാലും ഞാന്‍ കേള്‍ക്കുകയില്ല.

അദ്ധ്യായം 9  

ജറുസലെമിനു ശിക്ഷ

1: അവിടുന്നുച്ചത്തില്‍ വിളിച്ചുപറയുന്നതു ഞാന്‍ കേട്ടു: നഗരത്തെ ശിക്ഷിക്കുന്നവരേ, സംഹാരായുധങ്ങളേന്തി അടുത്തുവരുവിന്‍.
2: ഇതാ, ആറുപേര്‍ വടക്കോട്ടുള്ള മുകളിലത്തെ കവാടത്തിന്റെ ഭാഗത്തുനിന്നു വരുന്നു. ഓരോരുത്തരുടെയും കൈയില്‍ മാരകായുധമുണ്ടായിരുന്നു. ചണവസ്ത്രംധരിച്ച ഒരുവന്‍ അവരുടെകൂടെയുണ്ടായിരുന്നു. അവന്റെ പാര്‍ശ്വത്തില്‍, എഴുത്തുസാമഗ്രികളുടെ സഞ്ചി തൂക്കിയിട്ടിരുന്നു. അവര്‍ ഓടുകൊണ്ടുള്ള ബലിപീഠത്തിനുസമീപം ചെന്നുനിന്നു.
3: ഇസ്രായേലിന്റെ ദൈവത്തിന്റെ മഹത്വം കെരൂബുകളില്‍നിന്നുയര്‍ന്ന് ആലയത്തിന്റെ വാതില്പടിക്കലെത്തി; അവിടുന്നു ചണവസ്ത്രംധരിച്ചു്, പാര്‍ശ്വത്തില്‍ എഴുത്തുസാമഗ്രികളുമായിനിന്നവനെ വിളിച്ചു. കര്‍ത്താവവനോടരുളിച്ചെയ്തു:
4: ജറുസലെംപട്ടണത്തിലൂടെ കടന്നുപോവുക. ആ നഗരത്തില്‍ നടമാടുന്ന മ്ലേച്ഛതകളെയോര്‍ത്തു കരയുകയും നെടുവീര്‍പ്പിടുകയുംചെയ്യുന്നവരുടെ നെറ്റിയില്‍ അടയാളമിടുക.
5: അവിടുന്നു മറ്റുള്ളവരോടു ഞാന്‍കേള്‍ക്കേ ആജ്ഞാപിച്ചു; അവന്റെ പിന്നാലെ, പട്ടണത്തില്‍ സഞ്ചരിച്ചു സംഹാരംതുടങ്ങുവിന്‍. നിങ്ങളുടെ കണ്ണില്‍ അലിവുണ്ടാകരുതു്; കരുണകാണിക്കരുതു്.
6: വൃദ്ധരെയും യുവാക്കളെയും യുവതികളെയും പൈതങ്ങളെയും സ്ത്രീകളെയും നിശ്ശേഷം വധിക്കുവിന്‍. എന്നാല്‍ അടയാളമുള്ളവരെയാരെയും തൊടരുതു്. എന്റെ വിശുദ്ധമന്ദിരത്തില്‍ത്തന്നെ ആരംഭിക്കുവിന്‍! അവര്‍ ആലയത്തിനു മുമ്പിലുണ്ടായിരുന്ന ശ്രേഷ്ഠന്മാരില്‍ത്തന്നെ ആരംഭിച്ചു.
7: അവിടുന്നു് അവരോടു കല്പിച്ചു: ഈ ആലയത്തെ അശുദ്ധമാക്കുക. അങ്കണങ്ങളെ മൃതശരീരങ്ങള്‍കൊണ്ടു നിറയ്ക്കുക. മുന്നേറുക. അവര്‍ മുന്നേറി, നഗരത്തില്‍ സംഹാരംനടത്തി.
8: അവര്‍ സംഹാരംതുടരുകയും ഞാനൊറ്റയ്ക്കാവുകയുംചെയ്തപ്പോള്‍ ഞാന്‍ കമിഴ്ന്നുവീണു നിലവിളിച്ചു: ദൈവമായ കര്‍ത്താവേ, ജറുസലെമിനുമേല്‍ അങ്ങയുടെ കോപം കോരിച്ചൊരിയുന്നതിനിടയില്‍, ഇസ്രായേലില്‍ അവശേഷിക്കുന്നവരെയെല്ലാം അങ്ങു നശിപ്പിക്കുമോ?
9: അവിടുന്നരുളിച്ചെയ്തു: ഇസ്രായേല്‍ഭവനത്തിന്റെയും യൂദായുടെയും അപരാധം അത്യധികമാണു്. ദേശംമുഴുവന്‍ രക്തംകൊണ്ടു നിറഞ്ഞിരിക്കുന്നു. പട്ടണം അനീതികൊണ്ടു നിറഞ്ഞു. കര്‍ത്താവ് ഈ ദേശത്തെ ഉപേക്ഷിച്ചിരിക്കുന്നു; കര്‍ത്താവിതൊന്നും കാണുന്നില്ലെന്നു് അവര്‍ പറയുന്നു.
10: എന്നാല്‍ എന്റെ കണ്ണില്‍ അലിവുണ്ടായിരിക്കുകയില്ല. ഞാന്‍ കരുണകാണിക്കുകയില്ല. അവരുടെ പ്രവൃത്തികള്‍ക്കുള്ള ശിക്ഷ, അവരുടെ തലയില്‍ത്തന്നെ ഞാന്‍ വീഴ്ത്തും.
11: പാര്‍ശ്വത്തില്‍ എഴുത്തുസാമഗ്രികളുള്ള ചണവസ്ത്രധാരി തിരിച്ചുവന്നു പറഞ്ഞു: അങ്ങയുടെ കല്പന ഞാന്‍ നിറവേറ്റി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ