ഇരുനൂറ്റിമുപ്പതാം ദിവസം: ജറമിയ 44 - 48

 
അദ്ധ്യായം 44

ഈജിപ്തിലെ യഹൂദര്‍ക്കു സന്ദേശം
1: ഈജിപ്തില്‍ മിഗ്‌ദോലിലും തഹ്പന്‍ഹെസിലും മെംഫിസിലും പാത്രോസിലും വസിച്ചിരുന്ന യഹൂദരെ സംബന്ധിച്ചു ജറെമിയായ്ക്കുണ്ടായ അരുളപ്പാട്.
2: ഇസ്രായേലിന്റെ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു: ജറുസലെമിലും യൂദാനഗരങ്ങളിലും ഞാന്‍ വരുത്തിയ അനര്‍ത്ഥങ്ങള്‍ നിങ്ങള്‍ കണ്ടുവല്ലോ. ഇതാ, ഇന്നവ ശൂന്യമായിരിക്കുന്നു. ആരുമവിടെ വസിക്കുകയില്ല.
3: കാരണം, എന്നെ പ്രകോപിപ്പിക്കുമാറ്, അവര്‍ തിന്മ പ്രവര്‍ത്തിച്ചു; അവരോ നിങ്ങളോ നിങ്ങളുടെ പിതാക്കന്മാരോ അറിഞ്ഞിട്ടില്ലാത്ത അന്യദേവന്മാര്‍ക്കു ധൂപമര്‍പ്പിക്കുകയും അവരെ സേവിക്കുകയും ചെയ്തു.
4: എന്റെ ദാസന്മാരായ പ്രവാചകന്മാരെ നിങ്ങളുടെ അടുക്കലേക്കു ഞാന്‍ നിരന്തരമയച്ചു. ഞാന്‍ വെറുക്കുന്ന ഈ നിന്ദ്യപ്രവൃത്തിചെയ്യരുതെന്ന് അവരിലൂടെ നിങ്ങള്‍ക്കു മുന്നറിയിപ്പു നല്കിക്കൊണ്ടിരുന്നു.
5: എന്നാല്‍, നിങ്ങളതുകേട്ടില്ല. അന്യദേവന്മാര്‍ക്കു ബലിയര്‍പ്പിക്കുന്ന ദുഷ്പ്രവൃത്തിയില്‍നിന്നു പിന്തിരിയാന്‍ കൂട്ടാക്കിയില്ല.
6: അതിനാല്‍ യൂദായിലെ നഗരങ്ങളിലും ജറുസലെമിന്റെ തെരുവുകളിലും എന്റെ ക്രോധംചൊരിഞ്ഞു. അവ കത്തിയെരിഞ്ഞ്, ഇന്നത്തേതുപോലെ ശൂന്യവും വിജനവുമായി.
7: ഇസ്രായേലിന്റെ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു: ഇത്ര വലിയൊരനര്‍ത്ഥം നിങ്ങള്‍ വിളിച്ചുവരുത്തുന്നതെന്തിന്? യൂദായില്‍ ആരുമവശേഷിക്കാതെ, നിങ്ങളുടെ പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും പിഞ്ചുകുഞ്ഞുങ്ങളെയും ഒന്നടങ്കം നശിപ്പിക്കാനുദ്യമിക്കുകയാണോ?
8: നിങ്ങള്‍ വസിക്കാന്‍വന്നിരിക്കുന്ന ഈ ഈജിപ്തില്‍ അന്യദേവന്മാര്‍ക്കു ബലിയര്‍പ്പിച്ചുകൊണ്ട്, നിങ്ങളുടെ കരവേലയാല്‍ നിങ്ങളെന്നെ പ്രകോപിപ്പിച്ചുകൊണ്ടിരിക്കുമോ? നിശ്ശേഷംനശിക്കാനും ഭൂമുഖത്തെ സകലജനതകളുടെയുമിടയില്‍ ശാപത്തിനും നിന്ദയ്ക്കും വിഷയമാകാനുമാണോ നിങ്ങളാഗ്രഹിക്കുന്നത്?
9: യൂദാനാട്ടിലും ജറുസലെംവീഥികളിലും നിങ്ങളുടെ പിതാക്കന്മാരും യൂദാരാജാക്കന്മാരും അവരുടെ ഭാര്യമാരും നിങ്ങളും നിങ്ങളുടെ ഭാര്യമാരുംചെയ്ത അകൃത്യങ്ങള്‍ മറന്നുപോയോ?
10: അവരിന്നുവരെയുമനുതപിച്ചില്ല. അവര്‍ ഭയപ്പെടുകയോ ഞാന്‍ നിങ്ങള്‍ക്കും നിങ്ങളുടെ പിതാക്കന്മാര്‍ക്കും നല്കിയ നിയമങ്ങളും ചട്ടങ്ങളും പാലിക്കുകയോ ചെയ്തില്ല.
11: അതിനാല്‍, ഇസ്രായേലിന്റെ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു: നിങ്ങളുടെമേല്‍ തിന്മവരുത്താനും യൂദായെ പൂര്‍ണ്ണമായി നശിപ്പിക്കാനും ഞാന്‍ നിശ്ചയിച്ചിരിക്കുന്നു.
12: ഈജിപ്തില്‍പ്പോയി വസിക്കാന്‍ നിശ്ചയിച്ചിരിക്കുന്ന യൂദായിലെ അവശിഷ്ടഭാഗത്തെ ഞാന്‍ പിടികൂടും. അവര്‍ ഈജിപ്തില്‍വച്ച് നിശ്ശേഷം നശിക്കും. പടയും പട്ടിണിയും അവരെ നശിപ്പിക്കും. വലിപ്പച്ചെറുപ്പമെന്നിയേ അവര്‍ വാളാലോ ക്ഷാമത്താലോ മരണമടയും. അവര്‍ ശാപത്തിനും നിന്ദയ്ക്കും പരിഹാസത്തിനും പരിഭ്രമത്തിനും പാത്രമാകും.
13: ജറുസലെംനിവാസികളെ വാളും ക്ഷാമവും പകര്‍ച്ചവ്യാധിയുംകൊണ്ടു ശിക്ഷിച്ചതുപോലെ ഈജിപ്തില്‍വന്നു വസിക്കുന്നവരെയും ഞാന്‍ ശിക്ഷിക്കും.
14: ഈജിപ്തില്‍ വാസമുറപ്പിച്ച യൂദായുടെ അവശിഷ്ടഭാഗത്തില്‍ ആരും രക്ഷപെടുകയില്ല. യൂദായിലേക്കു തിരിച്ചുപോകാനാഗ്രഹമുണ്ടെങ്കിലും അവരിലാരും മടങ്ങിയെത്തുകയില്ല. ഒളിച്ചോടുന്ന ചുരുക്കംപേരൊഴികെ ആരും തിരിച്ചുപോവുകയില്ല.
15: തങ്ങളുടെ ഭാര്യമാര്‍ അന്യദേവന്മാര്‍ക്കു ധൂപമര്‍പ്പിച്ചുവെന്നറിഞ്ഞിരുന്ന പുരുഷന്മാരും സമീപത്തുനിന്ന സ്ത്രീകളും വലിയസമൂഹവും ഈജിപ്തുദേശത്തു പാത്രോസില്‍ വസിച്ചിരുന്ന എല്ലാ ജനങ്ങളുമൊരുമിച്ചു ജറെമിയായോടു പറഞ്ഞു:
16: കര്‍ത്താവിന്റെ നാമത്തില്‍ നീ പറഞ്ഞ കാര്യങ്ങള്‍ ഞങ്ങളനുസരിക്കുകയില്ല.
17: ഞങ്ങളും ഞങ്ങളുടെ പിതാക്കന്മാരും രാജാക്കന്മാരും പ്രഭുക്കന്മാരും യൂദാനഗരങ്ങളിലും ജറുസലെംതെരുവുകളിലുംചെയ്തിരുന്നതുപോലെ ആകാശരാജ്ഞിക്കു ധൂപവും പാനീയവുമര്‍പ്പിക്കും. അന്നു ഞങ്ങള്‍ക്കു ഭക്ഷ്യസമൃദ്ധിയുണ്ടായിരുന്നു; യാതൊരനര്‍ത്ഥവുംതീണ്ടാതെ ഞങ്ങള്‍ സുഖമായിക്കഴിഞ്ഞിരുന്നു.
18: എന്നാല്‍, ആകാശരാജ്ഞിക്കുള്ള ധൂപാര്‍ച്ചനയും പാനീയബലിയും നിര്‍ത്തിയതുമുതല്‍ ഞങ്ങള്‍ക്കെല്ലാറ്റിനും വറുതിയാണ്, പടയും പട്ടിണിയും ഞങ്ങളെ വിഴുങ്ങുകയാണ്.
19: സ്ത്രീകള്‍ ചോദിച്ചു: ആകാശരാജ്ഞിക്കു ഞങ്ങള്‍ ധൂപവും പാനീയവുമര്‍പ്പിച്ചപ്പോള്‍ ഞങ്ങളുടെ ഭര്‍ത്താക്കന്മാരുടെ അറിവുകൂടാതെയാണോ അവളുടെ രൂപത്തില്‍ ഞങ്ങളടയുണ്ടാക്കുകയും ദ്രാവകനൈവേദ്യം ചൊരിയുകയുംചെയ്തത്?
20: അപ്പോള്‍ ജറെമിയാ എല്ലാ ജനത്തോടും - പുരുഷന്മാരോടും സ്ത്രീകളോടും ഇങ്ങനെ മറുപടിപറഞ്ഞ സകലരോടും - പറഞ്ഞു:
21: നിങ്ങളുടെ പിതാക്കന്മാരും രാജാക്കന്മാരും പ്രഭുക്കന്മാരും ദേശത്തിലെ ജനവും യൂദാനഗരങ്ങളിലും ജറുസലെം വീഥികളിലും ധൂപമര്‍പ്പിച്ചതു കര്‍ത്താവനുസ്മരിക്കുകയും അതിനെപ്പറ്റി ചിന്തിക്കുകയും ചെയ്തില്ലേ?
22: നിങ്ങളുടെ ദുഷ്പ്രവൃത്തികളും മ്ലേച്ഛതയും കര്‍ത്താവിന് അസഹ്യമായിത്തീര്‍ന്നു. അതുകൊണ്ടാണ്, നിങ്ങളുടെദേശം ഇന്നും വിജനവും ശാപഗ്രസ്തവും ബീഭത്സവുമായിരിക്കുന്നത്.
23: നിങ്ങള്‍ കര്‍ത്താവിന്റെ വാക്കുകേള്‍ക്കാതെ അവിടുത്തെ നിയമങ്ങളും ചട്ടങ്ങളും കല്പനകളും ലംഘിച്ച് ധൂപമര്‍പ്പിച്ചു കര്‍ത്താവിനെതിരായി പാപംചെയ്തതുകൊണ്ടാണ് ഈ അനര്‍ത്ഥങ്ങള്‍ ഇന്നും നിങ്ങളുടെമേല്‍ പതിച്ചിരിക്കുന്നത്.
24: ജറെമിയാ എല്ലാവരോടും, പ്രത്യേകിച്ച് സ്ത്രീകളോടു പറഞ്ഞു: ഈജിപ്തില്‍വന്നുപാര്‍ക്കുന്ന യൂദാക്കാരേ, കര്‍ത്താവിന്റെ വാക്കു കേള്‍ക്കുവിന്‍.
25: ആകാശരാജ്ഞിക്കു ധൂപവും പാനീയവുമര്‍പ്പിക്കുമെന്നുചെയ്ത പ്രതിജ്ഞ നിറവേറ്റുമെന്നു നിങ്ങളും നിങ്ങളുടെ ഭാര്യമാരും നാവുകൊണ്ടു പറയുകയും കരങ്ങള്‍കൊണ്ട് അനുഷ്ഠിക്കുകയും ചെയ്തിരിക്കുന്നു. ശരി, നിങ്ങളുടെ നേര്‍ച്ചകള്‍ നിറവേറ്റുവിന്‍, പ്രതിജ്ഞകള്‍ പാലിക്കുവിന്‍.
26: ഈജിപ്തില്‍പ്പാര്‍ക്കുന്ന യൂദാക്കാരേ, കര്‍ത്താവിന്റെ വചനം ശ്രവിക്കുവിന്‍: എന്റെ മഹത്തായ നാമത്തെ സാക്ഷിയാക്കി ഞാന്‍ ശപഥംചെയ്യുന്നു; കര്‍ത്താവാണേ എന്നു സത്യംചെയ്യാനായി യൂദാവംശജരാരും ഈജിപ്തിലൊരിടത്തും എന്റെ നാമമുച്ചരിക്കുകയില്ല - കര്‍ത്താവരുളിച്ചെയ്യുന്നു.
27: നന്മചെയ്യാനല്ല, അനര്‍ത്ഥങ്ങള്‍വരുത്താനാണ് ഞാനവരുടെനേരേ തിരിയുന്നത്. ഈജിപ്തില്‍ വസിക്കുന്ന യൂദാവംശജര്‍ നിശ്ശേഷം നശിക്കുന്നതുവരെ വാളും ക്ഷാമവും അവരെ വേട്ടയാടും.
28: എന്നാല്‍ ഒരു ചെറിയ ഗണം വാളില്‍നിന്നു രക്ഷപെട്ട്, ഈജിപ്തില്‍നിന്നു യൂദായിലേക്കു മടങ്ങിപ്പോകും. അപ്പോള്‍ എന്റെ വചനമാണോ തങ്ങളുടെ വചനമാണോ നിലനില്ക്കുന്നതെന്ന് ഈജിപ്തില്‍വന്നു പാര്‍ക്കുന്ന യൂദായുടെ അവശിഷ്ടഭാഗമറിയും.
29: നിങ്ങളുടെമേല്‍ അനര്‍ത്ഥം വരുത്തുമെന്നു ഞാന്‍ചെയ്ത ശപഥം ഈ ദേശത്തുവച്ചു നിങ്ങളെ ശിക്ഷിച്ചുകൊണ്ടു പൂര്‍ത്തിയാകുമെന്നതിന് ഇതാ, ഞാനൊരടയാളം തരുന്നു.
30: കര്‍ത്താവരുളിച്ചെയ്യുന്നു: ഇതാ, ഈജിപ്തുരാജാവായ, ഫറവോ ഹോഫ്രായെ അവന്റെ ജീവന്‍ വേട്ടയാടുന്ന ശത്രുക്കളുടെ കൈകളില്‍ ഞാനേല്പിച്ചുകൊടുക്കും- യൂദാരാജാവായ സെദെക്കിയായെ, അവനെക്കൊല്ലാന്‍ശ്രമിച്ചിരുന്ന, ശത്രുവായ ബാബിലോണ്‍രാജാവ് നബുക്കദ്നേസറിന്റെ കൈകളില്‍ ഞാനേല്പിച്ചുകൊടുത്തതുപോലെതന്നെ. 

അദ്ധ്യായം 45

ബാറൂക്കിനു സന്ദേശം
1: യൂദാരാജാവായ ജോസിയായുടെ മകന്‍ യഹോയാക്കിമിന്റെ വാഴ്ചയുടെ നാലാംവര്‍ഷം നേരിയായുടെ മകനായ ബാറൂക്ക്, ജറെമിയാ പറഞ്ഞുകൊടുത്തതെല്ലാം ഒരു പുസ്തകത്തിലെഴുതി.
2: ബാറൂക്ക്, ഇസ്രായേലിന്റെ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവു നിന്നോടരുളിച്ചെയ്യുന്നു:
3: ഞാനെത്ര ദുര്‍ഭഗന്‍! കര്‍ത്താവെന്റെ യാതനകള്‍ക്കുമേല്‍ ദുഃഖം കുന്നുകൂട്ടുന്നു. നെടുവീര്‍പ്പുകളാല്‍ ഞാന്‍ തളര്‍ന്നു. എനിക്കൊരാശ്വാസവുമില്ല എന്നു നീ പറഞ്ഞു.
4: അവനോടിപ്രകാരം പറയുക എന്നു കര്‍ത്താവരുളിച്ചെയ്യുന്നു: ഇതാ, ഞാന്‍ പണിതതു ഞാന്‍തന്നെ ഇടിച്ചുതകര്‍ക്കുന്നു. ഞാന്‍ നട്ടതു ഞാന്‍തന്നെ പിഴുതെടുക്കുന്നു. ഈ ദേശത്തോടു മുഴുവന്‍ ഞാനിതുചെയ്യും.
5: നീ വലിയ കാര്യങ്ങള്‍ നിനയ്ക്കുന്നുവോ? ഒന്നുമാഗ്രഹിക്കേണ്ടാ. ഇതാ, സര്‍വ്വമര്‍ത്ത്യരുടെയുംമേല്‍ ഞാനനര്‍ത്ഥം വരുത്തുന്നു. എന്നാല്‍, നീ എവിടെപ്പോയാലും നിനക്കു ജീവന്‍മാത്രം സുരക്ഷിതമായിരിക്കും.

അദ്ധ്യായം 46

ഈജിപ്തിനെതിരേ പ്രവചനം
1: കര്‍ത്താവു ജനതകള്‍ക്കെതിരേ ജറെമിയാപ്രവാചകനോടരുളിച്ചെയ്ത വചനങ്ങള്‍, ഈജിപ്തിനെക്കുറിച്ച്:
2: ജോസിയായുടെ മകനും യൂദാരാജാവുമായ യഹോയാക്കിമിന്റെ നാലാംഭരണവര്‍ഷം ബാബിലോണ്‍രാജാവ് നബുക്കദ്‌നേസര്‍ യൂഫ്രട്ടീസ് നദീതീരത്തെ കര്‍ക്കെമിഷില്‍വച്ചു തോല്പിച്ച ഈജിപ്തിലെ ഫറവോ ആയ നെക്കോയുടെ സൈന്യത്തിനെതിരേയുള്ള പ്രവചനം:
3: പടച്ചട്ടയും പരിചയുംധരിച്ച്‌, യുദ്ധസന്നദ്ധരായി മുന്നേറുവിന്‍.
4: അശ്വസൈന്യമേ, കുതിരകള്‍ക്കു കോപ്പിട്ട്, ജീനിമേല്‍ ഇരിപ്പുറപ്പിക്കുവിന്‍. നിങ്ങള്‍ പടത്തൊപ്പി ധരിച്ചണിനിരക്കുവിന്‍. കുന്തം മിനുക്കുവിന്‍. ഉരസ്ത്രാണമണിയുവിന്‍. എന്താണീക്കാണുന്നത്?
5: അവര്‍ പരിഭ്രാന്തരായി പിന്‍വാങ്ങുന്നു. പടയില്‍ത്തോറ്റ അവരുടെ വീരന്മാര്‍ തിരിഞ്ഞുനോക്കാതെ തിടുക്കത്തിലോടുന്നു. സംഭീതിയാണെവിടെയും - കര്‍ത്താവരുളിച്ചെയ്യുന്നു.
6: വേഗമേറിയവന് ഓടിയകലാനോ പടയാളിക്കു രക്ഷപെടാനോ സാധിക്കുന്നില്ല. വടക്കു യൂഫ്രട്ടീസ് തീരത്ത് അവര്‍ കാലിടറിവീണിരിക്കുന്നു.
7: നൈലിനെപ്പോലെ ഉയരുകയും കൂലംതകര്‍ക്കുന്ന പ്രവാഹംപോലെ ഇരമ്പിക്കയറുകയുംചെയ്യുന്ന ഇവനാര്?
8: നൈല്‍കണക്കെ ഈജിപ്തുയര്‍ന്നുവരുന്നു; കൂലംതകര്‍ക്കുന്ന പ്രവാഹംപോലെ തിരയടിച്ചുയരുന്നു. അവന്‍ പറഞ്ഞു: ഞാനുയര്‍ന്നു ഭൂമിയെ മൂടും. നഗരങ്ങളെയും നഗരനിവാസികളെയും ഞാന്‍ നശിപ്പിക്കും.
9: കുതിരകളെ, മുന്നോട്ട്! രഥങ്ങളേ, ഇരച്ചു കയറൂ! പടയാളികള്‍ മുന്നേറട്ടെ. പരിചയേന്തിയ എത്യോപ്യാക്കാരും പുത്തുകാരും വില്ലാളിവീരന്മാരായ ലിദിയാക്കാരും മുന്നേറട്ടെ.
10: സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ ദിനമാണിത് -പ്രതികാരത്തിന്റെ ദിനം! ശത്രുക്കളോടു പകവീട്ടുന്ന ദിനം! അവരെ സംഹരിച്ചു വാളിനു മതിവരും; അവരുടെ രക്തം തൃപ്തിയാവോളം കുടിക്കും. ഉത്തരദിക്കില്‍ യൂഫ്രെട്ടീസ്തീരത്തു സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവ് ഒരു യാഗമര്‍പ്പിക്കുന്നു.
11: ഈജിപ്തിന്റെ കന്യകയായ പുത്രീ, ഗിലയാദിലേക്കു പോകൂ, തൈലം കൈയിലെടുക്കൂ. നീ അനവധി ഔഷധങ്ങള്‍ ഉപയോഗിച്ചു; എല്ലാം പാഴായിപ്പോയി. നിനക്കു രോഗശാന്തിയില്ല.
12: ജനപദങ്ങള്‍ നിന്റെ ലജ്ജാകരമായ അവസ്ഥയെപ്പറ്റി കേട്ടിരിക്കുന്നു. ഭൂമി മുഴുവന്‍ നിന്റെ നിലവിളി മുഴങ്ങുന്നു. പടയാളികള്‍ പരസ്പരം തട്ടിവീഴുന്നു.
13: ഈജിപ്തിനെ ചവിട്ടിമെതിക്കാനുള്ള ബാബിലോണ്‍രാജാവായ നബുക്കദ്‌നേസറിന്റെ വരവിനെക്കുറിച്ചു ജറെമിയാപ്രവാചകനോടു കര്‍ത്താവരുളിച്ചെയ്തു:
14: ഈജിപ്തില്‍ പ്രഖ്യാപിക്കുക. മിഗ്‌ദോയിലും മെംഫിസിലും തഹ്പന്‍ഹസിലും വിളിച്ചുപറയുക: ഒരുങ്ങിയിരിക്കുവിന്‍, സദാ ജാഗരൂകരായിരിക്കുവിന്‍, നിങ്ങള്‍ക്കു ചുറ്റുമുള്ളവയെല്ലാം ഖഡ്ഗം ഗ്രസിക്കാന്‍ പോവുകയാണ്.
15: എന്തേ അപ്പീസ് നിപതിച്ചു? നിന്റെ ആ കാളക്കൂറ്റന്‍ ഉറച്ചു നില്ക്കാഞ്ഞതെന്തുകൊണ്ട്? കര്‍ത്താവവനെ വെട്ടിവീഴ്ത്തിയിരിക്കുന്നു.
16: നിന്റെ ജനക്കൂട്ടം കാലിടറി വീണു. മര്‍ദ്ദകന്റെ വാളില്‍നിന്നു രക്ഷപ്പെട്ട്, നമുക്കു സ്വന്തം നാട്ടിലേക്കും സ്വന്തം ജനത്തിന്റെയടുത്തേക്കും തിരിച്ചുപോകാം എന്നവര്‍ പരസ്പരം പറഞ്ഞു.
17: അവസരം പാഴാക്കുന്ന വായാടിയെന്ന് ഈജിപ്തുരാജാവായ ഫറവോയെ വിളിക്കുവിന്‍.
18: സൈന്യങ്ങളുടെ കര്‍ത്താവായ രാജാവു തന്റെ നാമത്തില്‍ ശപഥം ചെയ്യുന്നു: മലകളില്‍ താബോറും സമുദ്രതീരങ്ങളില്‍ കാര്‍മ്മലുമെന്നപോലെ ഒരുവന്‍ വന്നുചേരും.
19: ഈജിപ്തുനിവാസികളേ, പ്രവാസത്തിനു ഭാണ്ഡമൊരുക്കുവിന്‍. മെംഫിസ് വിജനമായ നാശക്കൂമ്പാരമായിത്തീരും.
20: ഈജിപ്ത്, ചന്തമുള്ള പശുക്കുട്ടിയാണ്. വടക്കുനിന്നുവരുന്ന കാട്ടീച്ച, അതിനെയാക്രമിക്കും.
21: അവളുടെ കൂലിപ്പട്ടാളംപോലും തടിച്ചുകൊഴുത്ത കാളക്കുട്ടിയെപ്പോലെയാണ്. ഇതാ, ചെറുത്തുനില്ക്കാനാവാതെ അവരൊന്നാകെ പിന്തിരിഞ്ഞോടുന്നു. അവരുടെ വിനാശദിനമെത്തിയിരിക്കുന്നു. അവരുടെ ശിക്ഷയുടെ മുഹൂര്‍ത്തം!
22: സീല്‍ക്കാരത്തോടെ പിന്‍വാങ്ങുന്ന പാമ്പിനെപ്പോലെയാണവള്‍. ശത്രുസൈന്യം അവള്‍ക്കെതിരേ വരുന്നു. മരംവെട്ടിവീഴ്ത്തുന്നവരെപ്പോലെ മഴുവുമായി അവര്‍ വരുന്നു.
23: എത്ര നിബിഡമായിരുന്നാലും അവളുടെ വനം, അവര്‍ വെട്ടി നശിപ്പിക്കും. എന്തെന്നാല്‍, അവര്‍ വെട്ടുകിളികളെക്കാള്‍ അസംഖ്യമാണ്.
24: ഈജിപ്തിന്റെ പുത്രി ലജ്ജിതയാകും. വടക്കുനിന്നു വരുന്ന ജനത്തിന്റെ കൈയില്‍ അവളേല്പിക്കപ്പെടും.
25: ഇസ്രായേലിന്റെ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു: തേബസിലെ ആമോനെയും ഫറവോയെയും ഈജിപ്തിനെയും അവളുടെ ദേവന്മാരെയും രാജാക്കന്മാരെയും ഫറവോയുടെ ആശ്രിതരെയും ഞാന്‍ ശിക്ഷിക്കും.
26: അവരുടെ ജീവന്‍ വേട്ടയാടുന്ന ബാബിലോണ്‍രാജാവായ നബുക്കദ്‌നേസറിന്റെയും സേവകരുടെയും കൈയില്‍ ഞാനവരെയേല്പിക്കും. എന്നാല്‍ പിന്നീട് ഈജിപ്തു പഴയതുപോലെ ജനവാസമുള്ളതാകും.
27: എന്റെ ദാസനായ യാക്കോബേ, ഭയപ്പെടേണ്ടാ. ഇസ്രായേലേ, പരിഭ്രമിക്കേണ്ടാ. ദൂരെദേശത്ത് അടിമത്തത്തില്‍ കഴിയുന്ന നിന്നെയും നിന്റെ മക്കളെയും ഞാന്‍ മോചിപ്പിക്കും. യാക്കോബ് മടങ്ങിവരും. അവനു ശാന്തിയും സുരക്ഷിതത്വവും കൈവരും. ആരുമവനെ ഭയപ്പെടുത്തുകയില്ല.
28: എന്റെ ദാസനായ യാക്കോബേ, ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്. നിന്നെ ഞാന്‍ ഓടിച്ചുകളഞ്ഞ ദേശങ്ങളിലെ ജനതകളെ ഞാന്‍ നിര്‍മ്മൂലമാക്കും. എന്നാല്‍, നിന്നെ നിശ്ശേഷം നശിപ്പിക്കുകയില്ല; ഉചിതമായ ശിക്ഷ നിനക്കു ലഭിക്കും. നിനക്കു ശിക്ഷ കിട്ടാതിരിക്കുകയില്ല.

അദ്ധ്യായം 47

ഫിലിസ്ത്യര്‍ക്കെതിരേ
1: ഫറവോ ഗാസാ പിടിച്ചടക്കുന്നതിനുമുമ്പു ഫിലിസ്ത്യരെക്കുറിച്ചു ജറെമിയായ്ക്കു ലഭിച്ച കര്‍ത്താവിന്റെ അരുളപ്പാട്.
2: കര്‍ത്താവരുളിച്ചെയ്യുന്നു: ഇതാ, വടക്കുനിന്നു ജലമുയരുന്നു. അതു കവിഞ്ഞൊഴുകുന്ന പ്രവാഹമായിത്തീരും. ദേശവും അതിലുള്ളവയും നഗരവും നിവാസികളും മുങ്ങിപ്പോകും. ജനങ്ങള്‍ നിലവിളിക്കും. ദേശവാസികളെല്ലാം വിലപിക്കും.
3: അവന്റെ കുതിരകളുടെ കുളമ്പടിയും രഥങ്ങളുടെ ഘോഷവും ചക്രങ്ങളുടെ ആരവവുംകേട്ട്, കുഞ്ഞുങ്ങളെ തിരിഞ്ഞുനോക്കുകപോലും ചെയ്യാതെ പിതാക്കന്മാരോടുന്നു; അവരുടെ കരങ്ങള്‍ അത്ര ദുര്‍ബ്ബലമാണ്.
4: ഫിലിസ്ത്യരെ ഉന്മൂലനംചെയ്യുകയും ടയിറിലെയും സീദോനിലെയും അവരുടെ കൂട്ടാളികളെ വിച്ഛേദിക്കുകയുംചെയ്യുന്ന ദിനംവരുന്നു. കഫ്‌തോര്‍ തീരത്ത്, അവശേഷിച്ച ഫിലിസ്ത്യരെ കര്‍ത്താവു നശിപ്പിക്കും.
5: ഗാസാ ശൂന്യമായി; അഷ്കലോണ്‍ നശിച്ചിരിക്കുന്നു. അനാക്കിമിന്റെ അവശിഷ്ടജനമേ, എത്രനാള്‍ നിങ്ങള്‍ നിങ്ങളെത്തന്നെ മുറിവേല്പിക്കും? കര്‍ത്താവിന്റെ വാളേ, നീയെന്നു നിശ്ചലമാകും?
6: നീ ഉറയിലേക്കു മടങ്ങി നിശ്ചലമായിരിക്കുക.
7: കര്‍ത്താവു നിയോഗിച്ചിരിക്കേ, അതെങ്ങനെ സ്വസ്ഥമാകും? അഷ്കലോണിനും സമുദ്രതീരത്തിനുമെതിരേ കര്‍ത്താവതിനെ അയച്ചിരിക്കുന്നു.

അദ്ധ്യായം 48

മൊവാബ്യര്‍ക്കെതിരേ 
1: ഇസ്രായേലിന്റെ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവു മൊവാബിനെക്കുറിച്ചരുളിച്ചെയ്യുന്നു: നേബോയ്ക്കു ദുരിതം! അതു ശൂന്യമായിരിക്കുന്നു. അന്യാധീനമാകയാല്‍ കിരിയാത്തായിം ലജ്ജിക്കുന്നു. കോട്ട അപമാനിതമായി; അതു തകര്‍ക്കപ്പെട്ടു. 
2: മൊവാബിന്റെ പ്രശസ്തിയസ്തമിച്ചു. ഹെഷ്‌ബോണില്‍വച്ച് അവര്‍ ദുഷ്ടത നിരൂപിച്ചു: വരുക, ഒരു ജനതയാകാതെ നമുക്കവളെ വിച്ഛേദിക്കാം. ഭ്രാന്തന്മാരേ, നിങ്ങളും നിശ്ശബ്ദരാക്കപ്പെടും; വാള്‍ നിങ്ങളെ പിന്തുടരും. 
3: ഇതാ, ഹൊറോണായിമില്‍നിന്ന് ഒരു വിലാപസ്വരം! ശൂന്യത! ഭീകരനാശം! 
4: മൊവാബ് നശിച്ചു. സോവാര്‍വരെ രോദനം മുഴങ്ങുന്നു. 
5: അവര്‍ കരഞ്ഞുകൊണ്ട് ലൂഹിത്കയറ്റം കയറുന്നു. ഹൊറോണായിം ഇറക്കത്തില്‍ അവര്‍ നാശത്തിന്റെ ആര്‍ത്തനാദം കേട്ടു; 
6: ഓടി രക്ഷപ്പെടുവിന്‍! മരുഭൂമിയിലെ കാട്ടുകഴുതയെപ്പോലെ ഓടുവിന്‍! 
7: കോട്ടകളിലും ധനത്തിലും നീയാശ്രയിച്ചു; നീയും പിടിക്കപ്പെടും. കെമോഷ്‌ദേവന്‍ പ്രവാസിയാകും; ഒപ്പം അവന്റെ പുരോഹിതന്മാരും പ്രഭുക്കളും. 
8: കര്‍ത്താവരുളിച്ചെയ്തതുപോലെ നഗരംതോറും സംഹാരകന്‍ വരും; ഒരു പട്ടണവും രക്ഷപ്പെടുകയില്ല. താഴ്‌വരകള്‍ തകര്‍ക്കപ്പെടും; സമതലങ്ങള്‍ നശിക്കും. 
9: മൊവാബിനു ചിറകുനല്കുവിന്‍; അവള്‍ പറന്നുപോകട്ടെ. അവളുടെ നഗരങ്ങള്‍ ശൂന്യമാകും; അതില്‍ ആരുംവസിക്കുകയില്ല. 
10: കര്‍ത്താവിന്റെ വേലയില്‍ അലസനായവന്‍ ശപ്തന്‍! വാളുകൊണ്ടു രക്തംചൊരിയാത്തവന്‍ ശപ്തന്‍! 
11: മദ്യത്തിന്റെ മട്ടില്‍പ്പുതഞ്ഞ്, മൊവാബ്‌ യൗവനംമുതല്‍ സ്വസ്ഥമായിരുന്നു. പാത്രത്തില്‍നിന്നു പാത്രത്തിലേക്ക് അതു പകര്‍ന്നില്ല; പ്രവാസത്തിലേക്കു പോയതുമില്ല. അതിന്റെ രുചിക്കോ ഗന്ധത്തിനോ മാറ്റംവന്നില്ല. 
12: കര്‍ത്താവരുളിച്ചെയ്യുന്നു: പകരുന്നവരുടെ കൈയില്‍ അതു ഞാനേല്പിക്കും; അവര്‍ ആ പാത്രങ്ങള്‍ ശൂന്യമാക്കും; ഭരണികളുടച്ചുകളയും. 
13: തങ്ങള്‍ പ്രത്യാശയര്‍പ്പിച്ചിരുന്ന ബഥേലിനെക്കുറിച്ച്, ഇസ്രായേല്‍ഭവനം ലജ്ജിച്ചതുപോലെ കെമോഷിനെക്കുറിച്ചു മൊവാബും ലജ്ജിക്കും. 
14: വീരന്മാരും ശക്തന്മാരുമായ യോദ്ധാക്കളാണെന്നു നിങ്ങള്‍ക്കെങ്ങനെ അഭിമാനിക്കാന്‍കഴിയും? 
15: സൈന്യങ്ങളുടെ കര്‍ത്താവായ രാജാവരുളിച്ചെയ്യുന്നു: മൊവാബിന്റെയും അവന്റെ നഗരങ്ങളുടെയും സംഹാരകന്‍ വന്നെത്തിയിരിക്കുന്നു. അവന്റെ യുവാക്കളില്‍ വീരന്മാര്‍ വധത്തിനേല്പിക്കപ്പെടുന്നു. 
16: മൊവാബിന്റെ നാശം സമീപിച്ചു. അവന്റെ യാതന പാഞ്ഞെത്തുന്നു. 
17: അവനു ചുറ്റുമുള്ളവരേ, അവന്റെ നാമമറിയുന്നവരേ, അവനെയോര്‍ത്തു വിലപിക്കുവിന്‍. അവന്റെ ശക്തവും ശ്രേഷ്ഠവുമായ ചെങ്കോല്‍ തകര്‍ന്നല്ലോ! 
18: ദീബോന്‍നിവാസികളേ, ഉന്നതത്തില്‍നിന്ന് ഇറങ്ങിവരുക. വരണ്ടുവിണ്ട നിലത്തിരിക്കുക. മൊവാബിന്റെ സംഹാരകന്‍ നിങ്ങള്‍ക്കെതിരേ വന്നിരിക്കുന്നു. അവന്‍ നിങ്ങളുടെ കോട്ടകള്‍ തകര്‍ത്തുകളഞ്ഞു. 
19: അരോവേര്‍നിവാസികളെ, വഴിയരികില്‍ വന്നു ചുറ്റും നോക്കുക. പലായനംചെയ്യുന്നവനോടും ഓടി രക്ഷപ്പെടുന്നവളോടും എന്തുസംഭവിച്ചെന്നാരായുക. 
20: മൊവാബ് തകര്‍ന്നു; അവള്‍ അപമാനിതയായിരിക്കുന്നു. അതിനാല്‍ വിലപിച്ചു കരയുക, മൊവാബ് ശൂന്യമായെന്ന് അര്‍നോണ്‍തീരത്തു വിളിച്ചുപറയുക. 
21 - 24: പീഠഭൂമി, ഹോളോണ്‍, ജാഹ്‌സാ,മെഫാത്, ദീബോന്‍, നേബോ, ബത്ദിബ് ലാത്തായിം, കിരിയാത്തായിം, ബത്ഗാമുല്‍, ബേത്‌മെയോണ്‍, കെരിയോത്, ബൊസ്‌റാ ഇവയുടെമേല്‍ ന്യായവിധി വന്നിരിക്കുന്നു. അടുത്തുമകലെയുമുള്ള എല്ലാ മൊവാബ്യനഗരങ്ങളുടെയുംമേല്‍ ന്യായവിധി നിപതിച്ചിരിക്കുന്നു. 
25: കര്‍ത്താവരുളിച്ചെയ്യുന്നു: മൊവാബിന്റെ കൊമ്പു വിച്ഛേദിക്കപ്പെട്ടു; കരം തകര്‍ന്നു. 
26: കര്‍ത്താവിനെതിരേ തന്നത്താന്‍ ഉയര്‍ത്തിയതിനാല്‍ മൊവാബിനെ ഉന്മത്തനാക്കുക. അവന്‍ ഛര്‍ദ്ദിയില്‍ കിടന്നുരുളട്ടെ. അവനും അവമാനിതനാകട്ടെ. 
27: ഇസ്രായേല്‍ നിനക്കു നിന്ദാപാത്രമായിരുന്നില്ലേ? അവനെക്കുറിച്ചു സംസാരിക്കുമ്പോഴെല്ലാം പുച്ഛിച്ചു തലയാട്ടാന്‍ അവന്‍ കള്ളന്മാരുടെ കൂട്ടത്തിലായിരുന്നോ? 
28: മൊവാബ് നിവാസികളേ, നഗരങ്ങള്‍ വിട്ടകലുവിന്‍. പാറക്കെട്ടുകളില്‍ വാസമുറപ്പിക്കുവിന്‍. ഗുഹാപാര്‍ശ്വങ്ങളില്‍ കൂടുകെട്ടി പ്രാവുകളെപ്പോലെ കഴിയുവിന്‍. 
29: മൊവാബിന്റെ അഹംഭാവം ഞങ്ങളറിയുന്നു. എന്തൊരഹങ്കാരം! എന്തൊരു നാട്യം! എന്തൊരു ഗര്‍വ്വ്! 
30: അവന്റെ ഔദ്ധത്യം ഞാനറിയുന്നു- കര്‍ത്താവരുളിച്ചെയ്യുന്നു. അവന്റെ പൊങ്ങച്ചവും പ്രവൃത്തിയും വ്യാജമാണ്. 
31: മൊവാബിനെക്കുറിച്ചു ഞാന്‍ വിലപിക്കുന്നു. മൊവാബ്യരെയോര്‍ത്തു ഞാന്‍ നിലവിളിക്കുന്നു; കിര്‍ഹെരസ്യരെപ്രതി ഞാന്‍ ദുഃഖിക്കുന്നു. 
32: സിബ്മായുടെ മുന്തിരിവള്ളീ, ജാസറിനെയോര്‍ത്ത് എന്നതിനെക്കാളേറെ ഞാന്‍ നിന്നെക്കുറിച്ചു വിലപിക്കുന്നു. നിന്റെ ശാഖകള്‍ കടല്‍കടന്നു, ജാസെര്‍വരെയെത്തി, നിന്റെ വേനല്‍ക്കനികളെയും മുന്തിരിവിളകളെയും വിനാശകന്‍ ആക്രമിക്കുന്നു. 
33: ഫലസമൃദ്ധമായ മൊവാബില്‍നിന്ന് ആനന്ദവുമാഹ്ലാദവും പോയ്മറഞ്ഞു. മുന്തിരിച്ചക്കില്‍നിന്നു വീഞ്ഞൊഴുകുന്നില്ല. ആര്‍പ്പുവിളിയോടെ ആരും ചക്കു ചവിട്ടുന്നില്ല. ആര്‍ത്തനാദമാണുയരുന്നത്. 
34: ഹെഷ്‌ബോണും എലെയാലെയും നിലവിളിക്കുന്നു. യാഹാസ്‌വരെ അവരുടെ ശബ്ദം മുഴങ്ങുന്നു. സോവാര്‍മുതല്‍ ഹൊറോണായിയും എഗ്‌ലാത്‌ഷെലിഷിയാവരെയും അതു കേള്‍ക്കുന്നു. നിമ്രിം ജലാശയങ്ങളും ശൂന്യമായിരിക്കുന്നു. 
35: മൊവാബിലെ പൂജാഗിരികളില്‍ ബലിയര്‍പ്പിക്കുകയും ധൂപാര്‍പ്പണംനടത്തുകയും ചെയ്യുന്നവര്‍ക്ക്, ഞാനന്ത്യം വരുത്തും - കര്‍ത്താവരുളിച്ചെയ്യുന്നു. 
36: എന്റെ ഹൃദയം ഓടക്കുഴലെന്നപോലെ കിര്‍ഹെരസ്യരെയും മൊവാബ്യരെയുമോര്‍ത്തു വിലാപസ്വരമുതിര്‍ക്കുന്നു; അവരുടെ സമ്പത്തു നശിച്ചല്ലോ. 
37: എല്ലാവരും ശിരസ്സു മുണ്ഡനം ചെയ്തു; താടി ക്ഷൗരംചെയ്തു; കരങ്ങള്‍ വ്രണപ്പെടുത്തി; അരയില്‍ ചാക്കുടുത്തു. 
38: മൊവാബിന്റെ പുരമുകളിലും ചന്തസ്ഥലങ്ങളിലും വിലാപമല്ലാതെ മറ്റൊന്നും കേള്‍ക്കുന്നില്ല. എന്തെന്നാല്‍, ആര്‍ക്കുംവേണ്ടാത്ത പാത്രമെന്നപോലെ മൊവാബിനെ ഞാനുടച്ചു - കര്‍ത്താവരുളിച്ചെയ്യുന്നു. 
39: മൊവാബ് നിശ്ശേഷം നശിച്ചു; അവര്‍ എത്ര വിലപിക്കുന്നു! മൊവാബ് ലജ്ജിച്ചു പിന്തിരിയുന്നു. ചുറ്റുമുള്ള ആളുകളില്‍ നിന്ദയും ഭീതിയും ഉളവാക്കുന്നു. 
40: കര്‍ത്താവരുളിച്ചെയ്യുന്നു: കഴുകനെപ്പോലെ അതിവേഗമൊരാള്‍ പറന്നുവരും. അവന്‍ മൊവാബിനെതിരേ ചിറകു വിടര്‍ത്തും. 
41: നഗരങ്ങള്‍ അവനധീനമാകും; കോട്ടകള്‍ പിടിക്കപ്പെടും. ഈറ്റുനോവെടുത്ത സ്ത്രീയെപ്പോലെ മൊവാബിലെ വീരന്മാര്‍ വേദനിക്കും. 
42: മൊവാബ് നശിക്കും. അതൊരു ജനതയല്ലാതാകും. അവന്‍ കര്‍ത്താവിന്റെ മുമ്പില്‍ തന്നത്താനുയര്‍ത്തിയല്ലോ. 
43: മൊവാബ്യരേ, നിങ്ങളുടെ മുമ്പിലിതാ, ഭീതിയും കുഴിയും കെണിയുമെന്നു കര്‍ത്താവരുളിച്ചെയ്യുന്നു. 
44: ഭീതിയില്‍നിന്നു രക്ഷപ്പെട്ടോടുന്നവന്‍ കുഴിയില്‍പ്പതിക്കും. കുഴിയില്‍നിന്നു കയറുന്നവന്‍ കെണിയില്‍പ്പെടും. മൊവാബിന്റെ ശിക്ഷാവര്‍ഷത്തില്‍, ഞാനിവ അവരുടെമേല്‍ വരുത്തും. 
45: ഓടിപ്പോയവര്‍ ഹെഷ്ബോണിന്റെ നിഴലില്‍ ദുര്‍ബ്ബലരായി നിന്നു. ഹെഷ്‌ബോണില്‍നിന്ന് ഒരു തീ പുറപ്പെട്ടു; സീഹോന്റെ ഭവനത്തില്‍നിന്ന് ഒരു ജ്വാല! അതു മൊവാബിന്റെ നെറ്റിത്തടം തകര്‍ത്തു. 
46: കലാപകാരികളുടെ ശിരസ്സു തകര്‍ത്തു. മൊവാബേ, നിനക്കു ദുരിതം! കെമോഷിന്റെ ജനം നിര്‍ജ്ജീവമായി. നിന്റെ പുത്രന്മാര്‍ അടിമകളായി. നിന്റെ പുത്രിമാര്‍ പിടിക്കപ്പെട്ടു. 
47: അവസാന നാളുകളില്‍, ഞാന്‍ മൊവാബിന്റെ ഐശ്വര്യം പുനഃസ്ഥാപിക്കും. അതുവരെയായിരിക്കും മൊവാബിന്റെ ശിക്ഷ. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ