ഇരുനൂറ്റിയിരുപത്തിയഞ്ചാം ദിവസം: ജെറമിയ 25 - 28


അദ്ധ്യായം 25

എഴുപതുവര്‍ഷം പ്രവാസത്തില്‍ 

1: യൂദാരാജാവായ ജോസിയായുടെ മകന്‍ യഹോയാക്കിമിന്റെ വാഴ്ചയുടെ നാലാം വര്‍ഷം ബാബിലോണ്‍രാജാവായ നബുക്കദ്‌നേസറിന്റെ ഒന്നാം ഭരണവര്‍ഷം - യൂദാജനത്തെക്കുറിച്ചു ജറെമിയായ്ക്കു ലഭിച്ച അരുളപ്പാട്. 
2: ജറെമിയാപ്രവാചകന്‍ യൂദായിലെ ജനത്തോടും ജറുസലെംനിവാസികളോടും പറഞ്ഞു: 
3: യൂദാരാജാവും ആമോന്റെ പുത്രനുമായ ജോസിയായുടെ വാഴ്ചയുടെ പതിമ്മൂന്നാം വര്‍ഷംമുതല്‍ ഇന്നുവരെ ഇരുപത്തിമൂന്നു വത്സരം ദൈവത്തിന്റെ അരുളപ്പാട് എനിക്കുണ്ടാവുകയും ഞാനവ നിങ്ങളെ നിഷ്ഠയോടുകൂടെ അറിയിക്കുകയും ചെയ്തു. എന്നാല്‍ നിങ്ങള്‍ കേട്ടില്ല. 
4: കര്‍ത്താവു തന്റെ ദാസന്മാരായ പ്രവാചകന്മാരെ ഇടവിടാതെ നിങ്ങളുടെയടുത്തേക്കയച്ചെങ്കിലും നിങ്ങളവരെ ശ്രദ്ധിക്കുകയോ ശ്രവിക്കുകപോലുമോ ചെയ്തില്ല. 
5: അവര്‍ പറഞ്ഞു: നിങ്ങള്‍ ദുര്‍മ്മാര്‍ഗ്ഗവും ദുഷ്പ്രവൃത്തിയുമുപേക്ഷിച്ചു പിന്തിരിയുക; എങ്കില്‍ നിങ്ങളുടെ പിതാക്കന്മാര്‍ക്കും നിങ്ങള്‍ക്കും കര്‍ത്താവു പണ്ട്, എന്നേയ്ക്കുമായി നല്കിയ ദേശത്തു നിങ്ങള്‍ക്കു വസിക്കാം. 
6: അന്യദേവന്മാരെ സേവിക്കുകയും ആരാധിക്കുകയുമരുത്; നിങ്ങളുടെ കരവേലകൊണ്ട് എന്നെ പ്രകോപിപ്പിക്കുകയുമരുത്. അപ്പോള്‍ ഞാന്‍ നിങ്ങള്‍ക്ക്, അനര്‍ത്ഥം വരുത്തുകയില്ല. 
7: എന്നാല്‍, നിങ്ങളെന്റെ വാക്കുകേട്ടില്ല. നിങ്ങളുടെതന്നെ നാശത്തിനായി നിങ്ങളുടെ കരവേലകൊണ്ട്, എന്നെ പ്രകോപിപ്പിക്കുകയാണു ചെയ്തത് - കര്‍ത്താവരുളിച്ചെയ്യുന്നു. 
8: അതിനാല്‍ സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു; 
9: നിങ്ങള്‍ എന്റെ വചനം കേള്‍ക്കാതിരുന്നതിനാല്‍ ഉത്തരദേശത്തെ വംശങ്ങളെയും ബാബിലോണ്‍രാജാവായ എന്റെ ദാസന്‍ നബുക്കദ്‌നേസറിനെയും ഞാന്‍ വിളിച്ചുവരുത്തും. ഞാന്‍ ഈ ദേശത്തെയും ഇതിലെ നിവാസികളെയും ചുറ്റുമുള്ള ജനതകളെയും നിശ്ശേഷം നശിപ്പിക്കും. ഞാനവരെ ഒരു ബീഭത്സവസ്തുവും പരിഹാസവിഷയവും ശാശ്വതനിന്ദാപാത്രവുമാക്കും. 
10: ഞാനവരില്‍നിന്ന് ആനന്ദഘോഷവും ഉല്ലാസത്തിമിര്‍പ്പും മണവാളന്റെയും മണവാട്ടിയുടെയും സ്വരവും തിരികല്ലിന്റെ ഒച്ചയും വിളക്കിന്റെ വെളിച്ചവും നീക്കിക്കളയും. ഈ ദേശം നശിച്ചുശൂന്യമാകും. 
11: ഈ ജനതകള്‍ ബാബിലോണ്‍രാജാവിന് എഴുപതുവര്‍ഷം ദാസ്യവൃത്തി ചെയ്യും. 
12: എഴുപതുവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ബാബിലോണ്‍രാജാവിനെയും ജനതയെയും കല്‍ദായദേശത്തെയും അവരുടെ അകൃത്യങ്ങള്‍നിമിത്തം ഞാന്‍ ശിക്ഷിക്കും; ആ ദേശത്തെ ശാശ്വതശൂന്യതയാക്കിത്തീര്‍ക്കും- കര്‍ത്താവരുളിച്ചെയ്യുന്നു. 
13: ആ ദേശത്തിനെതിരായി ഞാന്‍ പ്രഖ്യാപിച്ച എല്ലാ കാര്യങ്ങളും, സകലജനതകളെയുംകുറിച്ചു ജറെമിയാ പ്രവചിക്കുകയും ഈഗ്രന്ഥത്തില്‍ എഴുതുകയും ചെയ്തിട്ടുള്ളതെല്ലാം, ഞാന്‍ നിറവേറ്റും. 
14: അനേകം ജനതകള്‍ക്കും മഹാരാജാക്കന്മാര്‍ക്കും അവരടിമകളാകും. അവരുടെ പ്രവൃത്തികള്‍ക്കനുസരിച്ചു ഞാന്‍ പ്രതിഫലംനല്കും. 

ക്രോധത്തിന്റെ പാനപാത്രം 
15: ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് എന്നോടരുളിച്ചെയ്തു: എന്റെ കൈയില്‍നിന്ന് എന്റെ ക്രോധത്തിന്റെ വീഞ്ഞുനിറഞ്ഞ ഈ പാനപാത്രമെടുത്ത്, ഞാന്‍ നിന്നെ ആരുടെ അടുക്കലേക്കയയ്ക്കുന്നുവോ ആ ജനതകളെയെല്ലാം കുടിപ്പിക്കുക. 
16: അവരതു കുടിക്കും. ഞാനവരുടെമേലയയ്ക്കുന്ന വാള്‍നിമിത്തം അവര്‍ ഉന്മത്തരാവുകയും അവര്‍ക്കു ചിത്തഭ്രമം സംഭവിക്കുകയും ചെയ്യും. 
17: ഞാന്‍ കര്‍ത്താവിന്റെ കൈയില്‍നിന്നു പാനപാത്രമെടുത്ത് അവിടുന്നെന്നെ ആരുടെ അടുക്കലേക്കയച്ചോ ആ ജനതകളെയെല്ലാം കുടിപ്പിച്ചു. 
18: ഇന്നത്തെപ്പോലെ അവരെ നാശക്കൂമ്പാരവും പരിഹാസവിഷയവും അവജ്ഞാപാത്രവുമാക്കേണ്ടതിന്, ജറുസലെം, യൂദായിലെ നഗരങ്ങള്‍, അവയിലെ രാജാക്കന്മാര്‍, പ്രഭുക്കന്മാര്‍, 
19: ഈജിപ്തിലെ രാജാവു ഫറവോ, അവന്റെ ദാസന്മാര്‍, പ്രഭുക്കന്മാര്‍, ജനം, അവരുടെയിടയിലുള്ള വിദേശീയര്‍, 
20: ഊസ്‌ദേശത്തിലെ രാജാക്കന്മാര്‍, ഫിലിസ്ത്യരുടെ അഷ്കലോണ്‍, ഗാസാ, എക്രോണ്‍, അഷ്‌ദോദിലവശേഷിച്ചിരിക്കുന്നവര്‍ എന്നിവരുടെ ദേശത്തുള്ള രാജാക്കന്മാര്‍, 
21: ഏദോം, മൊവാബ്, അമ്മോന്യര്‍, 
22: ടയിറിലും സീദോനിലും കടലിനക്കരെയുള്ള ദ്വീപുകളിലുമുള്ള രാജാക്കന്മാര്‍, 
23: ദെദാന്‍, തേമാ, ബുസ്, ചെന്നി മുണ്ഡനംചെയ്യുന്നവര്‍, 
24: അറേബ്യയിലെ രാജാക്കന്മാര്‍, മരുഭൂമിയില്‍ വസിക്കുന്ന സങ്കരവര്‍ഗ്ഗങ്ങളുടെ രാജാക്കന്മാര്‍, 
25: സിമ്രി, ഏലാം, മേദിയാ എന്നിവിടങ്ങളിലെ രാജാക്കന്മാര്‍, എന്നിവരെയും 
26: ഉത്തരദേശത്ത്, അടുത്തുമകലെയുമുള്ള രാജാക്കന്മാര്‍, ഇങ്ങനെ ഭൂമുഖത്തുള്ള ഓരോരുത്തരെയും സകലജനതകളെയും ഞാന്‍ കുടിപ്പിക്കും. അവസാനം ബാബിലോണ്‍രാജാവും കുടിക്കും. 
27: നീയവരോടു പറയുക, ഇസ്രായേലിന്റെ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു: നിങ്ങള്‍ കുടിച്ചുമദിച്ചു ഛര്‍ദ്ദിക്കുക. ഞാന്‍ നിങ്ങളുടെയിടയിലയയ്ക്കുന്ന വാള്‍ത്തലയാല്‍ വീഴുക; നിങ്ങള്‍ പിന്നെ എഴുന്നേല്ക്കുകയില്ല. 
28: നിന്റെ കൈയില്‍നിന്നു കുടിക്കാന്‍ അവര്‍ മടിച്ചാല്‍ നീ പറയണം: നിങ്ങള്‍ കുടിച്ചേതീരു എന്നു സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു. 
29: എന്റെ നാമംധരിക്കുന്ന നഗരത്തിനു ഞാന്‍ അനര്‍ത്ഥംവരുത്താ
ന്‍പോകുമ്പോള്‍ നിങ്ങളെ വെറുതെവിടുമെന്നു കരുതുന്നുവോ? നിങ്ങള്‍ ശിക്ഷയനുഭവിക്കുകതന്നെ ചെയ്യും. ഇതാ, ഭൂമുഖത്തുള്ള സകലജനതകളുടെയുംമേല്‍ ഞാന്‍ വാളയയ്ക്കാന്‍പോകുന്നു- സൈന്യങ്ങളുടെ കര്‍ത്താവാണിതരുളിച്ചെയ്യുന്നത്. 
30: ഞാന്‍ പറഞ്ഞതെല്ലാം നീയവരോടു പ്രവചിക്കുക: കര്‍ത്താവ് ഉന്നതങ്ങളില്‍നിന്നു ഗര്‍ജ്ജിക്കുന്നു; വിശുദ്ധസ്ഥലത്തുനിന്ന് അവിടുത്തെ ശബ്ദം മുഴങ്ങുന്നു. തന്റെ അജഗണത്തിനെതിരേ, അവിടുന്നുച്ചത്തില്‍ ഗര്‍ജ്ജിക്കുന്നു; മുന്തിരിച്ചക്കു ചവിട്ടുന്നവരുടെ അട്ടഹാസംപോലെ സകലഭൂവാസികള്‍ക്കുമെതിരേ അവിടുത്തെ ശബ്ദമുയരുന്നു. 
31: അവിടുത്തെ ശബ്ദം, ഭൂമിയുടെ അതിര്‍ത്തികള്‍വരെ മുഴങ്ങിക്കേള്‍ക്കാം. കര്‍ത്താവു ജനതകള്‍ക്കെതിരേ കോപിച്ചിരിക്കുന്നു. അവിടുന്നു സകലജനപദങ്ങളെയും വിധിക്കുന്നു. ദുഷ്ടരെ അവിടുന്നു വാളിനിരയാക്കും, കര്‍ത്താവരുളിച്ചെയ്യുന്നു. 
32: സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു: ഇതാ, അനര്‍ത്ഥം ജനതകളില്‍നിന്നു ജനതകളിലേക്കു വ്യാപിക്കുന്നു; ദിഗന്തങ്ങളില്‍നിന്നു ഭീകരമായ കൊടുങ്കാറ്റു പുറപ്പെടുന്നു. 
33: ആ ദിവസം കര്‍ത്താവു വധിച്ചവര്‍ ഭൂമിയുടെ ഒരറ്റംമുതല്‍ മറ്റേയറ്റംവരെ ചിതറിക്കിടക്കും. ആരുമവരെയോര്‍ത്തു വിലപിക്കുകയോ അവരെയെടുത്തു സംസ്കരിക്കുകയോ ചെയ്യുകയില്ല. വയലില്‍ വളം വിതറിയതുപോലെ അവര്‍ കിടക്കും. 
34: ഇടയന്മാരേ, അലമുറയിട്ടു നിലവിളിക്കുവിന്‍; അജപാലകരേ, ചാരത്തില്‍ക്കിടന്നുരുളുവിന്‍. നിങ്ങളുടെ വധദിനം വന്നിരിക്കുന്നു. കൊഴുത്ത ആടുകളെപ്പോലെ നിങ്ങള്‍ കൊല്ലപ്പെടും. 
35: ഇടയന്മാര്‍ക്കോടിയൊളിക്കാനോ അജപാലകര്‍ക്കു രക്ഷപെടാനോ ഇടംകിട്ടുകയില്ല. 
36: ഇതാ, ഇടയന്മാര്‍ നിലവിളിക്കുന്നു; അജപാലകര്‍ ഉച്ചത്തില്‍ വിലപിക്കുന്നു. എന്തെന്നാല്‍, കര്‍ത്താവു മേച്ചില്‍സ്ഥലങ്ങള്‍ നശിപ്പിക്കുന്നു. 
37: പ്രശാന്തമായിരുന്ന ആലകള്‍ കര്‍ത്താവിന്റെ ഉഗ്രകോപത്തില്‍ നാശക്കൂ മ്പാരമായിരിക്കുന്നു.
38: സിംഹം, ഗുഹവിട്ടിറങ്ങിയിരിക്കുന്നു. യുദ്ധത്തിന്റെ ഭീകരതയും അവന്റെ ഉഗ്രകോപവുംനിമിത്തം അവരുടെ ദേശം ശൂന്യമായിരിക്കുന്നു.

അദ്ധ്യായം 26

ജറെമിയാ ന്യായാസനത്തിങ്കല്‍

1: യൂദാരാജാവായ ജോസിയായുടെ മകന്‍ യഹോയാക്കിമിന്റെ വാഴ്ചയുടെ ആരംഭത്തില്‍ കര്‍ത്താവില്‍നിന്നുണ്ടായ അരുളപ്പാട്.
2: കര്‍ത്താവരുളിച്ചെയ്യുന്നു: നീ ദേവാലയാങ്കണത്തില്‍ച്ചെന്നുനിന്ന്, കര്‍ത്താവിന്റെ ആലയത്തില്‍ ആരാധനയ്ക്കുവരുന്ന യൂദാനിവാസികളോടു ഞാന്‍ കല്പിക്കുന്ന എല്ലാക്കാര്യങ്ങളും പ്രഖ്യാപിക്കുക; ഒരു വാക്കുപോലും വിട്ടുകളയരുത്.
3: അവര്‍ അതു ശ്രദ്ധിച്
ച്, തങ്ങളുടെ ദുഷ്പ്രവൃത്തികളില്‍നിന്നു പിന്തിരിഞ്ഞേക്കാം. അപ്പോള്‍ അവരുടെ ദുഷ്പ്രവൃത്തികള്‍നിമിത്തം അവരോടു ചെയ്യാനുദ്ദേശിച്ചിരുന്ന നാശത്തെക്കുറിച്ചു ഞാനനുതപിക്കും.
4: നീയവരോടു പറയുക, കര്‍ത്താവരുളിച്ചെയ്യുന്നു: നിങ്ങള്‍ എന്നെയസരിച്ചു ഞാന്‍ നിര്‍ദ്ദേശിച്ച മാര്‍ഗ്ഗത്തിലൂടെ ചരിക്കാതെയും,
5: നിങ്ങള്‍ ശ്രദ്ധിക്കാതിരുന്നിട്ടും തുടര്‍ച്ചയായി നിങ്ങളുടെ അടുക്കലേക്കയച്ച പ്രവാചകന്മാരുടെ വാക്കുകള്‍ ചെവിക്കൊള്ളാതെയുമിരുന്നാല്‍
6: ഈ ഭവനത്തെ ഞാന്‍ ഷീലോപോലെയാക്കും; ഈ നഗരത്തെ ഭൂമുഖത്തുള്ള സകലജനതകള്‍ക്കും ശപിക്കാനുള്ള മാതൃകയാക്കും.
7: ദേവാലയത്തില്‍വച്ചു ജറെമിയാ ഇങ്ങനെ പറയുന്നതു പുരോഹിതന്മാരും പ്രവാചകന്മാരും ജനംമുഴുവനും കേട്ടു.
8: ജനത്തോടു പറയാന്‍ കര്‍ത്താവുകല്പിച്ച കാര്യങ്ങളെല്ലാം പറഞ്ഞുകഴിഞ്ഞപ്പോള്‍ പുരോഹിതന്മാരും പ്രവാചകന്മാരും ജനംമുഴുവനുംചേര്‍ന്ന് അവനെപ്പിടികൂടി. അവര്‍ പറഞ്ഞു: നീ മരിച്ചേ മതിയാകു.
9: ഈ ആലയം ഷീലോപോലെയാകും. ഈ നഗരം വിജനമാകും എന്ന്, നീ കര്‍ത്താവിന്റെ നാമത്തില്‍ പ്രവചിച്ചതെന്തിന്? ജനം മുഴുവന്‍ ദേവാലയത്തില്‍ അവന്റെ ചുറ്റുംകൂടി.
10: യൂദായിലെ പ്രഭുക്കന്മാര്‍ ഇതറിഞ്ഞപ്പോള്‍ രാജകൊട്ടാരത്തില്‍നിന്നിറങ്ങി ദേവാലയത്തില്‍വന്നു പുതിയ കവാടത്തിനു സമീപം ആസനസ്ഥരായി.
11: അപ്പോള്‍ പുരോഹിതന്മാരും പ്രവാചകന്മാരും പ്രഭുക്കന്മാരോടും ജനത്തോടുമായി പറഞ്ഞു: ഇവന്‍ മരണത്തിനര്‍ഹനാണ്, എന്തെന്നാല്‍, ഇവന്‍ ഈ നഗരത്തിനെതിരായി പ്രവചിച്ചിരിക്കുന്നു; നിങ്ങള്‍തന്നെ കേട്ടതാണല്ലോ.
12: അപ്പോള്‍ പ്രഭുക്കന്മാരോടും ജനത്തോടുമായി ജറെമിയാ പറഞ്ഞു: നിങ്ങള്‍കേട്ട വാക്കുകള്‍ ഈ നഗരത്തിനും ഈ ആലയത്തിനുമെതിരായി പ്രവചിക്കാന്‍ കര്‍ത്താവാണെന്നെ നിയോഗിച്ചത്.
13: നിങ്ങളുടെ മാര്‍ഗ്ഗങ്ങളും ചെയ്തികളും നന്നാക്കുവിന്‍; നിങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ വാക്കുകളനുസരിക്കുവിന്‍. നിങ്ങള്‍ക്കെതിരായി പ്രഖ്യാപിച്ച അനര്‍ത്ഥങ്ങളെക്കുറിച്ച് അപ്പോള്‍ അവിടുന്നനുതപിക്കും.
14: ഞാനിതാ നിങ്ങളുടെ കൈകളിലാണ്. നീതിയും യുക്തവുമെന്നു നിങ്ങള്‍ക്കു തോന്നുന്നതു ചെയ്തുകൊള്ളുക.
15: എന്നാല്‍ ഇതറിഞ്ഞുകൊള്ളുവിന്‍, നിങ്ങളെന്നെക്കൊന്നാല്‍ നിങ്ങളുടെയും ഈ നഗരത്തിന്റെയും നഗരവാസികളുടെയുംമേല്‍ നിഷ്കളങ്കരക്തമായിരിക്കും പതിക്കുക. എന്തെന്നാല്‍, ഈ വാക്കുകള്‍ നിങ്ങളോടു പറയാന്‍ സത്യമായും കര്‍ത്താവാണെന്നെ അയച്ചിരിക്കുന്നത്.
16: അപ്പോള്‍ പ്രഭുക്കന്മാരും ജനവും പുരോഹിതന്മാരോടും പ്രവാചകന്‍രോടും പറഞ്ഞു: ഇവന്‍ മരണശിക്ഷയ്ക്കര്‍ഹനല്ല. എന്തെന്നാല്‍, നമ്മുടെ ദൈവമായ കര്‍ത്താവിന്റെ നാമത്തിലാണ് ഇവന്‍ സംസാരിച്ചത്.
17: അപ്പോള്‍ ദേശത്തെ ചില ശ്രേഷ്ഠന്മാര്‍ എഴുന്നേറ്റ്, കൂടിയിരുന്ന ജനത്തോടു പറഞ്ഞു:
18: യൂദാരാജാവായ ഹെസക്കിയായുടെ കാലത്തു മൊറേഷെത്തിലെ മിക്കാ എന്ന പ്രവാചകന്‍ യൂദാനിവാസികളോടു പറഞ്ഞു. സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു: സീയോന്‍, വയലുപോലെ ഉഴുതുമറിക്കപ്പെടും. ജറുസലെം ഒരു കല്‍ക്കൂമ്പാരമാകും. ഈ ആലയമിരിക്കുന്ന മല, ഒരു വനാന്തരമാകും.
19: എന്നിട്ടു യൂദാരാജാവായ ഹെസക്കിയായും യൂദാരാജ്യവും അവനെ വധിച്ചോ? അവര്‍ കര്‍ത്താവിനെ ഭയപ്പെടുകയും അവിടുത്തെ കരുണയ്ക്കായി യാചിക്കുകയുമല്ലേ ചെയ്തത്? അവര്‍ക്കെതിരായി പ്രഖ്യാപിച്ച അനര്‍ത്ഥങ്ങളെക്കുറിച്ച്, അപ്പോള്‍ കര്‍ത്താവനുതപിച്ചില്ലേ? എന്നാല്‍, വലിയ അനര്‍ത്ഥമാണു നാം നമ്മുടെമേല്‍ വരുത്തിവയ്ക്കാന്‍പോകുന്നത്.
20: കിരിയാത്ത്‌യെയാറിമിലെ ഷെമായായുടെ പുത്രന്‍ ഊറിയാ എന്നൊരുവനും കര്‍ത്താവിന്റെ നാമത്തില്‍ പ്രവചിച്ചു. അവന്‍ ഈ നഗരത്തിനും ദേശത്തിനുമെതിരായി ജറെമിയാ പറഞ്ഞതുപോലെതന്നെ പ്രവചിച്ചു.
21: യഹോയാക്കിംരാജാവും പടയാളികളും പ്രഭുക്കന്മാരും അതുകേട്ടു. അപ്പോള്‍ രാജാവവനെ വധിക്കാന്‍ ശ്രമിച്ചു. എന്നാല്‍, ഊറിയാ ഇതറിഞ്ഞു ഭയന്ന്, ഈജിപ്തിലേക്കോടി.
22: യഹോയാക്കിംരാജാവ്, അക്‌ബോറിന്റെ മകന്‍ എല്‍നാഥാനെയും കൂടെ മറ്റുചിലരെയും അങ്ങോട്ടയച്ചു.
23: അവന്‍ ഊറിയായെ ഈജിപ്തില്‍നിന്നു യഹോയാക്കിംരാജാവിന്റെ അടുക്കല്‍ പിടിച്ചുകൊണ്ടുവന്നു. രാജാവവനെ വാളുകൊണ്ടു വധിച്ച്, പൊതുശ്മശാനത്തിലെറിഞ്ഞു.
24: എന്നാല്‍ ജനം ജറെമിയായെ വധിക്കാതെ ഷാഫാന്റെ പുത്രന്‍ അഹിക്കാം അവനെ രക്ഷിച്ചു.

അദ്ധ്യായം 27

ബാബിലോണിന്റെ നുകം
1: യൂദാരാജാവായ ജോസിയായുടെ പുത്രന്‍ സെദെക്കിയായുടെ ഭരണത്തിന്റെ ആദ്യകാലത്ത്, ജറെമിയായ്ക്കു കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി.
2: കര്‍ത്താവെന്നോടരുളിച്ചെയ്തു: നുകവും കയറുമുണ്ടാക്കി നിന്റെ കഴുത്തില്‍ വയ്ക്കുക.
3: ജറുസലെമില്‍ യൂദാരാജാവായ സെദെക്കിയായുടെ അടുക്കല്‍വരുന്ന ദൂതന്മാര്‍വ്വശം ഏദോം, മൊവാബ്, അമ്മോന്‍, ടയിര്‍, സീദോന്‍ എന്നിവിടങ്ങളിലെ രാജാക്കന്മാര്‍ക്ക് ഈ സന്ദേശമയയ്ക്കുക.
4: തങ്ങളുടെ യജമാനന്മാരെ അറിയിക്കാന്‍ അവരോടു പറയണം. ഇസ്രായേലിന്റെ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു:
5: ശക്തമായ കരംനീട്ടി ഭൂമിയെയും അതിലുള്ള മനുഷ്യരെയും മൃഗങ്ങളെയും സൃഷ്ടിച്ചതു ഞാനാണ്. എനിക്കുചിതമെന്നുതോന്നുന്നവനു ഞാനതു നല്‍കും.
6: ബാബിലോണ്‍രാജാവായ എന്റെ ദാസന്‍ നബുക്കദ്‌നേസറിന്റെ കരങ്ങളില്‍ ഞാന്‍ ഈ ദേശങ്ങള്‍ നല്‍കിയിരിക്കുന്നു. അവനെ സേവിക്കാന്‍ വയലിലെ മൃഗങ്ങളെയും ഞാന്‍ കൊടുത്തിരിക്കുന്നു.
7: സകലജനതകളും അവനെയും അവന്റെ പുത്രനെയും പൗത്രനെയും അവന്റെ രാജ്യത്തിന്റെ കാലം പൂര്‍ത്തിയാകുന്നതുവരെ സേവിക്കും; അതിനുശേഷം അനേകജനതകളും മഹാരാജാക്കന്മാരും അവനെ തങ്ങളുടെ സേവകനാക്കും.
8: ബാബിലോണ്‍രാജാവായ നബുക്കദ്‌നേസറിനെ സേവിക്കുകയോ അവന്റെ നുകത്തിനു കഴുത്തു കുനിച്ചുകൊടുക്കുകയോ ചെയ്യാത്ത ജനതയെയും രാജ്യത്തെയും അവന്റെ കൈകൊണ്ടു നിശ്ശേഷം നശിപ്പിക്കുന്നതുവരെ പടയും പട്ടിണിയും പകര്‍ച്ചവ്യാധിയുമയച്ചു ഞാന്‍ ശിക്ഷിക്കും - കര്‍ത്താവരുളിച്ചെയ്യുന്നു.
9: അതിനാല്‍ ബാബിലോണ്‍രാജാവിനെ സേവിക്കരുതെന്നുപറയുന്ന നിങ്ങളുടെ പ്രവാചകന്മാരുടെയും പ്രശ്നക്കാരുടെയും സ്വപ്നക്കാരുടെയും ശകുനക്കാരുടെയും ക്ഷുദ്രക്കാരുടെയും വാക്കു നിങ്ങള്‍ ശ്രവിക്കരുത്.
10: നിങ്ങളുടെ ദേശത്തുനിന്നു നിങ്ങളെയകറ്റാനും ഞാന്‍ നിങ്ങളെ തുരത്തി നശിപ്പിക്കാനും ഇടയാകത്തക്ക നുണയാണ്, അവര്‍ പ്രവചിക്കുന്നത്.
11: ബാബിലോണ്‍രാജാവിന്റെ നുകത്തിനു കഴുത്തുകുനിച്ചുകൊടുത്ത്, അവനെ സേവിക്കുന്ന ജനതയെ സ്വദേശത്തുതന്നെ വസിക്കാന്‍ ഞാനനുവദിക്കും. അവര്‍, അവിടെ കൃഷിചെയ്തു ജീവിക്കും - കര്‍ത്താവരുളിച്ചെയ്യുന്നു.
12: യൂദാരാജാവായ സെദെക്കിയായോടും ഞാനങ്ങനെതന്നെ പറഞ്ഞു: ബാബിലോണ്‍രാജാവിന്റെ നുകത്തിനു കഴുത്തു കുനിച്ചുകൊടുത്ത്, അവനെയും അവന്റെ ജനത്തെയും സേവിച്ചുകൊണ്ടു ജീവിക്കുക.
13: ബാബിലോണ്‍രാജാവിനെ സേവിക്കാത്ത ജനതകളെക്കുറിച്ചു കര്‍ത്താവരുളിച്ചെയ്തതുപോലെ നീയും നിന്റെ ജനവും വാളും ക്ഷാമവും പകര്‍ച്ചവ്യാധിയുംകൊണ്ട് എന്തിനു മരിക്കണം?
14: ബാബിലോണ്‍രാജാവിനെ സേവിക്കരുത് എന്നുപറയുന്ന പ്രവാചകന്മാരുടെ വാക്കു നിങ്ങള്‍ കേള്‍ക്കരുത്. അവര്‍ പ്രവചിക്കുന്നതു നുണയാണ്.
15: ഞാനവരെ അയച്ചിട്ടില്ല. ഞാന്‍ നിങ്ങളെ ആട്ടിയോടിക്കുന്നതിനും നിങ്ങളും നിങ്ങളോടു പ്രവചിക്കുന്ന പ്രവാചകന്മാരും നശിക്കുന്നതിനും വേണ്ടിയാണ്, എന്റെ നാമത്തില്‍ അവര്‍ വ്യാജംപ്രവചിക്കുന്നത് - കര്‍ത്താവരുളിച്ചെയ്യുന്നു.
16: പുരോഹിതന്മാരോടും ജനത്തോടും ഞാന്‍ പറഞ്ഞു. കര്‍ത്താവരുളിച്ചെയ്യുന്നു: ഇതാ, ദേവാലയത്തിലെ ഉപകരണങ്ങള്‍ ബാബിലോണില്‍നിന്ന് ഉടനെ തിരികെക്കൊണ്ടുവരുമെന്നു പ്രവചിക്കുന്ന നിങ്ങളുടെ പ്രവാചകന്മാരുടെ വാക്കുകള്‍ക്കു ചെവികൊടുക്കരുത്. അവര്‍ നുണയാണു പ്രവചിക്കുന്നത്.
17: അവരുടെ വാക്കു നിങ്ങള്‍ കേള്‍ക്കരുത്. ബാബിലോണ്‍രാജാവിനെ സേവിച്ചുകൊണ്ടു ജീവിക്കുക. എന്തിനീ നഗരം ശൂന്യമാകണം?
18: അവര്‍ പ്രവാചകന്മാരെങ്കില്‍, കര്‍ത്താവിന്റെ വചനം അവരോടുകൂടെയുണ്ടെങ്കില്‍, ദേവാലയത്തിലും യൂദാരാജാവിന്റെ കൊട്ടാരത്തിലും ജറുസലെമിലുമുള്ള ഉപകരണങ്ങള്‍ ബാബിലോണിലേക്കു കൊണ്ടുപോകാതിരിക്കാന്‍ സൈന്യങ്ങളുടെ കര്‍ത്താവിനോടു യാചിക്കട്ടെ.
19: യൂദാരാജാവായ യഹോയാക്കിമിന്റെ പുത്രന്‍
20: യക്കോണിയായെയും യൂദായിലെയും ജറുസലെമിലെയും കുലീനരെയും ബാബിലോണ്‍രാജാവായ നബുക്കദ്‌നേസര്‍ ജറുസലെമില്‍നിന്നു ബാബിലോണിലേക്കു പിടിച്ചുകൊണ്ടുപോയപ്പോള്‍ അവനെടുക്കാതെവിട്ട സ്തംഭങ്ങള്‍, ജലസംഭരണി, പീഠങ്ങള്‍, പട്ടണത്തില്‍ ശേഷിച്ചിരുന്ന ഉപകരണങ്ങള്‍ എന്നിവ സംബന്ധിച്ചു സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു.
21: ഇസ്രായേലിന്റെ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവ്, അവിടുത്തെ ആലയത്തിലും യൂദാരാജാവിന്റെ കൊട്ടാരത്തിലും ജറുസലെമിലും ശേഷിച്ചിട്ടുള്ള ഉപകരണങ്ങളെക്കുറിച്ച് അരുളിച്ചെയ്യുന്നു:
22: അവയെ ബാബിലോണിലേക്കു കൊണ്ടുപോകും. എന്റെ സന്ദര്‍ശനദിവസംവരെ അവ അവിടെയായിരിക്കും. കര്‍ത്താവരുളിച്ചെയ്യുന്നു: അന്നു ഞാന്‍ അവ തിരികെക്കൊണ്ടുവന്ന്, ഈ സ്ഥലത്തു പുനഃസ്ഥാപിക്കും.

അദ്ധ്യായം 28

ജറെമിയായും ഹനനിയായും
1: ആ വര്‍ഷംതന്നെ, യൂദാരാജാവായ സെദെക്കിയാ ഭരണംതുടങ്ങി നാലാംവര്‍ഷം അഞ്ചാംമാസം, ആസൂറിന്റെ പുത്രനും ഗിബയോണിലെ പ്രവാചകനുമായ ഹനനിയാ, ദേവാലയത്തില്‍വച്ചു പുരോഹിതന്മാരുടെയും ജനത്തിന്റെയും സാന്നിദ്ധ്യത്തില്‍ എന്നോടു പറഞ്ഞു:
2: ഇസ്രായേലിന്റെ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു: ഞാന്‍ ബാബിലോണ്‍രാജാവിന്റെ നുകം തകര്‍ത്തുകളയും.
3: ബാബിലോണ്‍രാജാവ് നബുക്കദ്‌നേസര്‍ ദേവാലയത്തില്‍നിന്നു ബാബിലോണിലേക്ക് എടുത്തുകൊണ്ടുപോയ എല്ലാ ഉപകരണങ്ങളും രണ്ടു വര്‍ഷത്തിനകം ഞാന്‍ തിരികെക്കൊണ്ടുവരും.
4: യൂദാരാജാവായ യഹോയാക്കിമിന്റെ പുത്രന്‍ യക്കോണിയായെയും ബാബിലോണിലേക്കുകൊണ്ടുപോയ യൂദായിലെ എല്ലാ തടവുകാരെയും ഞാന്‍ ഇവിടേക്കു തിരികെക്കൊണ്ടുവരും. ഞാന്‍ ബാബിലോണ്‍രാജാവിന്റെ നുകം തകര്‍ക്കും- കര്‍ത്താവരുളിച്ചെയ്യുന്നു.
5: അപ്പോള്‍ ജറെമിയാപ്രവാചകന്‍ പുരോഹിതന്മാരുടെയും ദേവാലയത്തില്‍ക്കൂടിയിരുന്ന ജനത്തിന്റെയും മുമ്പാകെ ഹനനിയാപ്രവാചകനോടു പറഞ്ഞു:
6: അങ്ങനെ സംഭവിക്കട്ടെ; ദേവാലയത്തിലെ ഉപകരണങ്ങളെയും സകലഅടിമകളെയും ബാബിലോണില്‍നിന്ന് ഇങ്ങോട്ടു കൊണ്ടുവരും എന്നുള്ള നിന്റെ പ്രവചനം കര്‍ത്താവു നിറവേറ്റട്ടെ.
7: എന്നാല്‍, ഞാനിപ്പോള്‍ നിന്നോടും ജനത്തോടും പറയുന്ന ഈ വചനം ശ്രവിക്കുക.
8: എനിക്കും നിനക്കും മുമ്പ്, പണ്ടുമുതലേ ഉണ്ടായിരുന്ന പ്രവാചകന്മാര്‍ അനേകദേശങ്ങള്‍ക്കും പ്രബലരാഷ്ട്രങ്ങള്‍ക്കുമെതിരായി യുദ്ധവും ക്ഷാമവും പകര്‍ച്ചവ്യാധിയുമുണ്ടാകും എന്നു പ്രവചിച്ചു.
9: സമാധാനംപ്രവചിക്കുന്ന പ്രവാചകന്‍ യഥാര്‍ത്ഥത്തില്‍ കര്‍ത്താവിനാല്‍ അയയ്ക്കപ്പെട്ടവനാണെന്നു തെളിയുന്നത് അവന്‍ പ്രവചിച്ച കാര്യം സംഭവിക്കുമ്പോഴാണ്.
10: അപ്പോള്‍ ഹനനിയാപ്രവാചകന്‍ ജറെമിയാ പ്രവാചകന്റെ കഴുത്തില്‍നിന്നു നുകമെടുത്ത്, ഒടിച്ചുകളഞ്ഞിട്ടു ജനത്തോടു പറഞ്ഞു.
11: കര്‍ത്താവരുളിച്ചെയ്യുന്നു: ഇങ്ങനെതന്നെ ബാബിലോണ്‍രാജാവായ നബുക്കദ്‌നേസറിന്റെ നുകം എല്ലാ ജനതകളുടെയും കഴുത്തില്‍നിന്നു രണ്ടുവത്സരത്തിനകം ഞാനൊടിച്ചുകളയും. അപ്പോള്‍ ജറെമിയാപ്രവാചകന്‍ അവിടംവിട്ടുപോയി.
12: ജറെമിയാ പ്രവാചകന്റെ കഴുത്തില്‍നിന്നു ഹനനിയാ പ്രവാചകന്‍ നുകം ഒടിച്ചുകളഞ്ഞതിനുശേഷം ജറെമിയായ്ക്കു കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി:
13: ഹനനിയായോടു ചെന്നു പറയുക, കര്‍ത്താവരുളിച്ചെയ്യുന്നു: നീ മരംകൊണ്ടുള്ള നുകം ഒടിച്ചുകളഞ്ഞു; പകരം ഞാന്‍ ഇരുമ്പുകൊണ്ടുള്ള നുകമുണ്ടാക്കും.
14: ഇസ്രായേലിന്റെ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു: ബാബിലോണ്‍രാജാവായ നബുക്കദ്‌നേസറിനെ സേവിക്കുന്നതിന് അടിമത്തത്തിന്റെ ഇരുമ്പുനുകം ഞാന്‍ സകല ജനതകളുടെയും കഴുത്തില്‍ വച്ചിരിക്കുന്നു. അവരവനെ സേവിക്കും; വയലിലെ മൃഗങ്ങളെപ്പോലും ഞാന്‍ അവനു കൊടുത്തിരിക്കുന്നു.
15: അനന്തരം ജറെമിയാപ്രവാചകന്‍ ഹനനിയാപ്രവാചകനോടു പറഞ്ഞു: ഹനനിയാ, ശ്രദ്ധിക്കുക, കര്‍ത്താവു നിന്നെ അയച്ചതല്ല. വ്യര്‍ത്ഥമായ പ്രത്യാശ, നീ ജനത്തിനു നല്‍കി.
16: അതുകൊണ്ടു കര്‍ത്താവരുളിച്ചെയ്യുന്നു: നിന്നെ ഞാന്‍ ഭൂമുഖത്തുനിന്നു നീക്കിക്കളയും; ഈ വര്‍ഷംതന്നെ നീ മരിക്കും. എന്തെന്നാല്‍, നീ കര്‍ത്താവിനെ ധിക്കരിക്കാന്‍ പ്രേരണനല്‍കി.
17: ആ വര്‍ഷം ഏഴാംമാസം ഹനനിയാപ്രവാചകന്‍ മരിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ