ഇരുനൂറ്റിയിരുപത്തിയാറാം ദിവസം: ജെറെമിയ 29 - 31

അദ്ധ്യായം 29

പ്രവാസികള്‍ക്കുള്ള കത്ത് 
1: നബുക്കദ്‌നേസര്‍ ജറുസലെമില്‍നിന്നു ബാബിലോണിലേക്ക് അടിമകളായിക്കൊണ്ടുപോയ ശ്രേഷ്ഠന്മാര്‍ക്കും പുരോഹിതന്മാര്‍ക്കും പ്രവാചകന്മാര്‍ക്കും ജനത്തിനും ജറെമിയാപ്രവാചകന്‍ ജറുസലെമില്‍നിന്നയച്ച കത്തിന്റെ പകര്‍പ്പ്. 
2: യക്കോണിയാരാജാവും രാജമാതാവും ഷണ്ഡന്മാരും യൂദയായിലെയും ജറുസലെമിലെയും പ്രഭുക്കന്മാരും ശില്പികളും ലോഹപ്പണിക്കാരും ജറുസലെംവിട്ടുപോയതിനുശേഷമാണ് ഈ കത്തയച്ചത്. 
3: ബാബിലോണ്‍രാജാവായ നബുക്കദ്‌നേസറിന്റെ അടുത്തേക്കു യൂദാരാജാവായ സെദെക്കിയാ അയച്ചവനും ഹില്‍ക്കിയായുടെ പുത്രനുമായ ഗമറിയായും ഷാഫാന്റെ പുത്രന്‍ എലാസായും വഴിയാണ് ഈ കത്തു ബാബിലോണിലേക്കയച്ചത്. കത്തിലെ സന്ദേശമിതാണ്: 
4: ജറുസലെമില്‍നിന്നും ബാബിലോണിലേക്ക് അടിമകളായി ഞാനയച്ച സകലരോടും ഇസ്രായേലിന്റെ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു: 
5: വീടുപണിത്, അതില്‍ വസിക്കുവിന്‍; തോട്ടങ്ങള്‍ നട്ടുപിടിപ്പിച്ച് ഫലങ്ങളനുഭവിക്കുവിന്‍. 
6: വിവാഹം കഴിച്ച്, സന്താനങ്ങള്‍ക്കു ജന്മംനല്‍കുവിന്‍. നിങ്ങളുടെ പുത്രീപുത്രന്മാരെയും വിവാഹംകഴിപ്പിക്കുവിന്‍; അവര്‍ക്കും മക്കളുണ്ടാകട്ടെ. നിങ്ങള്‍ പെരുകണം; നിങ്ങളുടെ സംഖ്യ കുറഞ്ഞുപോകരുത്. 
7: ഞാന്‍ നിങ്ങളെ അടിമകളായി അയച്ചിരിക്കുന്ന നഗരങ്ങളുടെ സമാധാനത്തിനായി യത്നിക്കുവിന്‍; അവയ്ക്കുവേണ്ടി കര്‍ത്താവിനോടു പ്രാര്‍ത്ഥിക്കുവിന്‍. നിങ്ങളുടെ ക്ഷേമം അവയുടെ ക്ഷേമത്തെ ആശ്രയിച്ചാണിരിക്കുന്നത്. 
8: ഇസ്രായേലിന്റെ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു: നിങ്ങളുടെയിടയിലുള്ള പ്രവാചകന്മാരും പ്രശ്നക്കാരും നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ. അവരുടെ സ്വപ്നങ്ങളെ വിശ്വസിക്കരുത്. 
9: അവര്‍ എന്റെ നാമത്തില്‍ നിങ്ങളോടു പ്രവചിക്കുന്നതു വ്യാജമാണ്. 
10: ഞാനവരെ അയച്ചിട്ടില്ല. കര്‍ത്താവരുളിച്ചെയ്യുന്നു: ബാബിലോണില്‍ എഴുപതുവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍, ഞാന്‍ നിങ്ങളെ സന്ദര്‍ശിച്ച്, നിങ്ങളെ ഈ സ്ഥലത്തേക്കു തിരികെക്കൊണ്ടുവരുമെന്നുള്ള എന്റെ വാഗ്ദാനം നിറവേറ്റും. 
11: കര്‍ത്താവരുളിച്ചെയ്യുന്നു: നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസ്സിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല, ക്ഷേമത്തിനുള്ള പദ്ധതിയാണത് - നിങ്ങള്‍ക്കു ശുഭമായ ഭാവിയും പ്രത്യാശയുംനല്‍കുന്ന പദ്ധതി. 
12: അപ്പോള്‍ നിങ്ങള്‍ എന്നെ വിളിച്ചപേക്ഷിക്കും; എന്റെയടുക്കല്‍വന്നു പ്രാര്‍ത്ഥിക്കും. ഞാന്‍ നിങ്ങളുടെ പ്രാര്‍ത്ഥന ശ്രവിക്കും. 
13: നിങ്ങള്‍ എന്നെയന്വേഷിക്കും; പൂര്‍ണ്ണഹൃദയത്തോടെ അന്വേഷിക്കുമ്പോള്‍ എന്നെക്കണ്ടെത്തും. 
14: നിങ്ങള്‍ എന്നെക്കണ്ടെത്താന്‍ ഞാന്‍ ഇടയാക്കുമെന്നു കര്‍ത്താവരുളിച്ചെയ്യുന്നു. ഞാന്‍ നിങ്ങളുടെ ഐശ്വര്യം പുനഃസ്ഥാപിക്കും. നിങ്ങളെച്ചിതറിച്ചിരിക്കുന്ന എല്ലാ സ്ഥലങ്ങളിലും ദേശങ്ങളിലുംനിന്ന് ഞാന്‍ നിങ്ങളെ ഒരുമിച്ചുകൂട്ടും. എവിടെനിന്നു ഞാന്‍ നിങ്ങളെ അടിമത്തത്തിലേക്കയച്ചോ ആ സ്ഥലത്തേക്കുതന്നെ നിങ്ങളെ കൊണ്ടുവരും - കര്‍ത്താവരുളിച്ചെയ്യുന്നു. 
15: കര്‍ത്താവു നമുക്കു ബാബിലോണില്‍ പ്രവാചകന്മാരെത്തന്നിരിക്കുന്നു എന്നു നിങ്ങള്‍ പറയുന്നുവല്ലോ. 
16: ദാവീദിന്റെ സിംഹാസനത്തിലിരിക്കുന്ന രാജാവിനെയും ഈ നഗരത്തില്‍ വസിക്കുന്ന ജനത്തെയും നിങ്ങളോടുകൂടെ പ്രവാസത്തിലേക്കുപോകാത്ത നിങ്ങളുടെ സഹോദരന്മാരെയുംകുറിച്ചു കര്‍ത്താവരുളിച്ചെയ്യുന്നു: 
17: ഞാന്‍ അവരുടെമേല്‍ യുദ്ധവും ക്ഷാമവും പകര്‍ച്ചവ്യാധിയുമയയ്ക്കും; അവരെ ഞാന്‍, തിന്നാന്‍കൊള്ളാത്തവിധം ചീത്തയായ അത്തിപ്പഴത്തിനു തുല്യമാക്കും- സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു. 
18: വാളും ക്ഷാമവും പകര്‍ച്ചവ്യാധിയുംകൊണ്ടു ഞാനവരെ വേട്ടയാടും; ഭൂമിയിലുള്ള സകലജനതകള്‍ക്കും അവര്‍ ബീഭത്സവസ്തുവും ശാപവുമായിരിക്കും. ഞാനവരെച്ചിതറിച്ച രാജ്യങ്ങളിലെല്ലാം അവര്‍ സംഭ്രമവും പരിഹാസവും അവജ്ഞയും ജനിപ്പിക്കും. 
19: ഇത് എന്റെ ദാസന്മാരായ പ്രവാചകന്മാര്‍വഴി ഞാന്‍പറഞ്ഞ വാക്കുകളെ അവര്‍ ശ്രവിക്കാതിരുന്നതുകൊണ്ടാണ് - കര്‍ത്താവരുളിച്ചെയ്യുന്നു. ഞാന്‍ ഇടവിടാതെ അവരെയയച്ചിട്ടും നിങ്ങളവരുടെ വാക്കുകേട്ടില്ല. 
20: അതിനാല്‍ ജറുസലെമില്‍നിന്നു ബാബിലോണിലേക്കു പ്രവാസികളായി ഞാനയച്ചിരിക്കുന്ന നിങ്ങളെല്ലാവരും കര്‍ത്താവിന്റെ വചനം കേള്‍ക്കുവിന്‍. 
21: ഇസ്രായേലിന്റെ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു: കോലായായുടെ പുത്രന്‍ ആഹാബും മാസേയായുടെ പുത്രന്‍ സെദെക്കിയായും എന്റെ നാമത്തില്‍ വ്യാജം പ്രവചിക്കുന്നു. ഇതാ, അവരെ ഞാന്‍ ബാബിലോണ്‍രാജാവായ നബുക്കദ്‌നേസറിന്റെ കൈയിലേല്പിക്കും. നിങ്ങളുടെ കണ്‍മുമ്പില്‍വച്ച് അവനവരെ വധിക്കും. 
22: അവരുടെ അന്ത്യത്തെ ആസ്പദമാക്കി ബാബിലോണിലുള്ള യൂദാപ്രവാസികള്‍ ഈ ശാപവാക്യമുപയോഗിക്കും: സെദെക്കിയായെയും ആഹാബിനെയും ബാബിലോണ്‍രാജാവു തീയില്‍ച്ചുട്ടതുപോലെ കര്‍ത്താവു നിന്നോടും ചെയ്യട്ടെ. 
23: അവര്‍ അയല്‍ക്കാരുടെ ഭാര്യമാരുമായി വ്യഭിചാരത്തിലേര്‍പ്പെടുകയും ഞാന്‍ കല്പിക്കാതെ എന്റെ നാമത്തില്‍ വ്യാജം പ്രവചിക്കുകയുംചെയ്ത് ഇസ്രായേലില്‍ തിന്മ പ്രവര്‍ത്തിച്ചതിന്റെ ഫലമാണിത്. ഞാനതറിയുന്നു; ഞാന്‍തന്നെ അതിനു സാക്ഷിയാണ്- കര്‍ത്താവരുളിച്ചെയ്യുന്നു. 

ഷെമായായുടെ പ്രതികരണം 
24: നെഹലാമ്യനായ ഷെമായായോടു നീ പറയണം, 
25: ഇസ്രായേലിന്റെ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു: നീ ജറുസലെമിലുള്ള ജനത്തിനും പുരോഹിതനായ മാസേയായുടെ പുത്രന്‍ സെഫാനിയായ്ക്കും എല്ലാ പുരോഹിതന്മാര്‍ക്കും നിന്റെ നാമത്തില്‍ കത്തുകളയച്ചു. 
26: കര്‍ത്താവു യഹോയാദായ്ക്കു പകരം നിന്നെ പുരോഹിതനാക്കിയത്, നീ ദേവാലയത്തില്‍ അധികാരിയായിരിക്കുന്നതിനും പ്രവാചകവേഷംകെട്ടുന്ന ഭ്രാന്തന്മാരെ വിലങ്ങുവച്ചു തടവിലാക്കുന്നതിനുംവേണ്ടിയാണ്. 
27: എന്നിട്ടും നിങ്ങളുടെ മുമ്പില്‍ പ്രവാചകനെന്നു നടിക്കുന്ന അനാത്തോത്തുകാരനായ ജറെമിയായെ ശാസിക്കാത്തതെന്ത്? 
28: അതുകൊണ്ടല്ലേ അവന്‍ ബാബിലോണിലേക്ക് ആളയച്ച് ഈ പ്രവാസം ദീര്‍ഘിക്കും, വീടുപണിതു വസിക്കുവിന്‍, തോട്ടങ്ങള്‍ നട്ടുപിടിപ്പിച്ച് ഫലമനുഭവിക്കുവിന്‍ എന്നു പറഞ്ഞത്? 
29: പുരോഹിതനായ സെഫാനിയാ ജറെമിയാപ്രവാചകന്‍ കേള്‍ക്കേ ഈ കത്തു വായിച്ചു. 
30: അപ്പോള്‍ ജറെമിയായ്ക്കു കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി: 
31: നീ ആളയച്ച്, എല്ലാ പ്രവാസികളോടും പറയുക, നെഹലാമ്യനായ ഷെമായായെക്കുറിച്ചു കര്‍ത്താവരുളിച്ചെയ്യുന്നു: ഞാന്‍ അയയ്ക്കാഞ്ഞിട്ടും അവന്‍ നിങ്ങളോടു പ്രവചിക്കുകയും നിങ്ങള്‍ ആ നുണയില്‍ വിശ്വസിക്കാന്‍ ഇടയാക്കുകയുംചെയ്തു. 
32: അതുകൊണ്ടു കര്‍ത്താവരുളിച്ചെയ്യുന്നു: ഞാന്‍ നെഹലാമ്യനായ ഷെമായായെയും അവന്റെ സന്തതികളെയും ശിക്ഷിക്കും. എന്റെ ജനത്തിനു ഞാന്‍ നല്‍കുന്ന നന്മകാണാന്‍ അവരിലാരും അവശേഷിക്കുകയില്ല.

അദ്ധ്യായം 30

രക്ഷയുടെ വാഗ്ദാനം
1: കര്‍ത്താവില്‍നിന്നു ജറെമിയായ്ക്കുണ്ടായ അരുളപ്പാട്.
2: ഇസ്രായേലിന്റെ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു: ഞാന്‍ നിന്നോടു പറഞ്ഞതെല്ലാം ഒരു പുസ്തകത്തിലെഴുതുക.
3: എന്തെന്നാല്‍, എന്റെ ജനമായ ഇസ്രായേലിന്റെയും യൂദായുടെയും സുസ്ഥിതി പുനഃസ്ഥാപിക്കാനുള്ള ദിവസംവരുന്നു - കര്‍ത്താവരുളിച്ചെയ്യുന്നു. അവരുടെ പിതാക്കന്മാര്‍ക്കു ഞാന്‍കൊടുത്തിട്ടുള്ള ദേശത്തേക്കു ഞാനവരെ തിരിച്ചുകൊണ്ടുവരും; അവരതു സ്വന്തമാക്കുകയും ചെയ്യും- കര്‍ത്താവാണിതു പറയുന്നത്.
4: ഇസ്രായേലിനെയും യൂദായേയുംകുറിച്ചു കര്‍ത്താവരുളിച്ചെയ്ത വചനങ്ങളിവയാണ്.
5: കര്‍ത്താവരുളിച്ചെയ്യുന്നു: ഇതാ, ഒരു സ്വരം! സമാധാനത്തിന്റേതല്ല; ഭീതിയുടെയും സംഭ്രമത്തിന്റെയും നിലവിളി!
6: പുരുഷനു പ്രസവവേദനയുണ്ടാകുമോയെന്നു ചോദിച്ചറിയുവിന്‍. ഈറ്റുനോവുപിടിച്ച സ്ത്രീയെപ്പോലെ പുരുഷന്മാരെല്ലാം നടുവിനു കൈകൊടുത്തു നില്ക്കുന്നതും എല്ലാ മുഖവും വിളറിയിരിക്കുന്നതും ഞാന്‍ കാണുന്നതെന്തുകൊണ്ട്?
7: മഹത്തും അതുല്യവുമാണ് ആ ദിവസം. അതു യാക്കോബിന് അനര്‍ത്ഥകാലമാണ്; എങ്കിലുമവന്‍ രക്ഷപ്പെടും.
8: സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു: അന്നു ഞാന്‍, അവരുടെ കഴുത്തിലെ നുകം തകര്‍ക്കും; കെട്ടുകള്‍ പൊട്ടിക്കും; വിദേശികള്‍ അവരെ അടിമകളാക്കുകയില്ല.
9: അവര്‍ തങ്ങളുടെ ദൈവമായ കര്‍ത്താവിനെയും അവര്‍ക്കുവേണ്ടി ഞാനയയ്ക്കുന്ന ദാവീദുരാജാവിനെയും സേവിക്കും.
10: കര്‍ത്താവരുളിച്ചെയ്യുന്നു: ആകയാല്‍ എന്റെ ദാസനായ യാക്കോബേ, നീ ഭയപ്പെടേണ്ടാ. ഇസ്രായേലേ, വിസ്മയിക്കേണ്ടാ. നിന്നെ വിദൂരദേശങ്ങളില്‍നിന്നും നിന്റെ മക്കളെ പ്രവാസത്തില്‍നിന്നും ഞാന്‍ രക്ഷിക്കും. യാക്കോബ് മടങ്ങിവന്നു ശാന്തി നുകരും. ആരുമവനെ ഭയപ്പെടുത്തുകയില്ല.
11: നിന്നെ രക്ഷിക്കാന്‍ നിന്നോടുകൂടെ ഞാനുണ്ട്- കര്‍ത്താവരുളിച്ചെയ്യുന്നു. ആരുടെയിടയില്‍ നിന്നെച്ചിതറിച്ചോ ആ ജനതകളെയെല്ലാം ഞാന്‍ നിശ്ശേഷം നശിപ്പിക്കും; നിന്നെ പൂര്‍ണ്ണമായി നശിപ്പിക്കുകയില്ല. നീതിപൂര്‍വ്വം ഞാന്‍ നിന്നെ ശാസിക്കും; ശിക്ഷിക്കാതെ വിടുകയില്ല.
12: കര്‍ത്താവരുളിച്ചെയ്യുന്നു: സുഖപ്പെടുത്താനാവാത്തവിധം നിനക്കു ക്ഷതമേറ്റിരിക്കുന്നു; നിന്റെ മുറിവു ഗുരുതരമാണ്.
13: നിനക്കുവേണ്ടി വാദിക്കാനാരുമില്ല; നിന്റെ മുറിവിനു മരുന്നില്ല; നിനക്കു സൗഖ്യംലഭിക്കുകയുമില്ല.
14: നിന്റെ സ്നേഹിതരെല്ലാം നിന്നെ മറന്നിരിക്കുന്നു. അവര്‍ നിന്റെ കാര്യം അന്വേഷിക്കുന്നതേയില്ല. എന്തെന്നാല്‍, നിന്റെ അസംഖ്യം അകൃത്യങ്ങളും ഘോരമായ പാപങ്ങളുംനിമിത്തം ക്ഷതമേല്പിക്കുന്ന ശത്രുവിനെപ്പോലെയും ക്രൂരമായി ശിക്ഷിക്കുന്നവനെപ്പോലെയും ഞാന്‍ നിന്നെ മുറിപ്പെടുത്തിയിരിക്കുന്നു.
15: നിന്റെ വേദനയെച്ചൊല്ലി എന്തിനു നിലവിളിക്കുന്നു? നിന്റെ ദുഃഖത്തിനു ശമനമുണ്ടാവുകയില്ല. എന്തെന്നാല്‍, നിന്റെ അകൃത്യങ്ങള്‍ അസംഖ്യവും നിന്റെ പാപങ്ങള്‍ ഘോരവുമാണ്. ഞാനാണിവയെല്ലാം നിന്നോടുചെയ്തത്.
16: അതിനാല്‍ നിന്നെ വധിക്കുന്നവരെല്ലാം വധിക്കപ്പെടും. നിന്റെ ശത്രുക്കള്‍ ഒന്നൊഴിയാതെ പ്രവാസികളാകും. നിന്നെക്കൊള്ളയടിക്കുന്നവര്‍ കൊള്ളയടിക്കപ്പെടും; നിന്നെ കവര്‍ച്ചചെയ്യുന്നവരെ ഞാന്‍ കവര്‍ച്ചയ്ക്കു വിധേയരാക്കും.
17: ഞാന്‍ നിനക്കു വീണ്ടുമാരോഗ്യംനല്‍കും; നിന്റെ മുറിവുകള്‍ സുഖപ്പെടുത്തും. കര്‍ത്താവരുളിച്ചെയ്യുന്നു: അവര്‍ നിന്നെ ഭ്രഷ്ടയെന്നും ആരും തിരിഞ്ഞുനോക്കാത്ത സീയോനെന്നും വിളിച്ചില്ലേ?
18: കര്‍ത്താവരുളിച്ചെയ്യുന്നു: യാക്കോബിന്റെ കൂടാരങ്ങളുടെ ഭാഗധേയം ഞാന്‍ പുനഃസ്ഥാപിക്കും. അവരുടെ വാസസ്ഥലങ്ങളോടു ഞാന്‍ കാരുണ്യംപ്രകടിപ്പിക്കും. നഗരം നാശക്കൂമ്പാരത്തില്‍നിന്നു വീണ്ടും പണിയപ്പെടും; കൊട്ടാരം അതിന്റെ സ്ഥാനത്തുതന്നെ വീണ്ടുമുയര്‍ന്നുനില്ക്കും.
19: അവയില്‍നിന്നു കൃതജ്ഞതാഗീതങ്ങളും സന്തുഷ്ടരുടെ ആഹ്ലാദാരവവുമുയരും: ഞാനവരെ വര്‍ദ്ധിപ്പിക്കും; അവര്‍ കുറഞ്ഞുപോവുകയില്ല. ഞാനവരെ മഹത്വമണിയിക്കും; അവര്‍ നിസ്സാരരാവുകയില്ല.
20: അവരുടെ മക്കള്‍ പൂര്‍വ്വകാലത്തേതുപോലെയാകും; അവരുടെ സമൂഹം എന്റെ മുമ്പില്‍ സുസ്ഥാപിതമാകും; അവരെ ദ്രോഹിക്കുന്നവരെ ഞാന്‍ ശിക്ഷിക്കും.
21: അവരുടെ രാജാവ്, അവരിലൊരാള്‍തന്നെയായിരിക്കും; അവരുടെ ഭരണാധിപന്‍ അവരുടെയിടയില്‍നിന്നുതന്നെ വരും. എന്റെ സന്നിധിയില്‍ വരാന്‍ ഞാനവനെയനുവദിക്കും; അപ്പോളവന്‍ എന്റെയടുക്കല്‍ വരും. അല്ലാതെ എന്നെ സമീപിക്കാന്‍ ആരാണു ധൈര്യപ്പെടുക - കര്‍ത്താവരുളിച്ചെയ്യുന്നു.
22: നിങ്ങളെന്റെ ജനവും ഞാന്‍ നിങ്ങളുടെ ദൈവവുമായിരിക്കും.
23: ഇതാ, കര്‍ത്താവിന്റെ കൊടുങ്കാറ്റ്! ക്രോധം ഉഗ്രമായ ചുഴലിക്കാറ്റായി ദുഷ്ടന്റെ തലയിലാഞ്ഞടിക്കും.
24: തന്റെ തീരുമാനങ്ങള്‍ പൂര്‍ണ്ണമായി നിറവേറ്റുന്നതുവരെ കത്താവിന്റെ ഉഗ്രകോപം ശമിക്കുകയില്ല. അവസാനനാളുകളില്‍ നിങ്ങളതു ഗ്രഹിക്കും.

അദ്ധ്യായം 31

ഇസ്രായേലിന്റെ തിരിച്ചുവരവ്
1: കര്‍ത്താവരുളിച്ചെയ്യുന്നു: അന്നു ഞാന്‍ എല്ലാ ഇസ്രായേല്‍ഭവനങ്ങളുടെയും ദൈവമായിരിക്കും; അവരെന്റെ ജനവുമായിരിക്കും.
2: കര്‍ത്താവരുളിച്ചെയ്യുന്നു: വാളിനെ അതിജീവിച്ച ജനം മരുഭൂമിയില്‍ കൃപകണ്ടെത്തി. ഇസ്രായേല്‍ വിശ്രമംകണ്ടെത്താന്‍പോവുകയാണ്.
3: വിദൂരത്തില്‍നിന്നു കര്‍ത്താവവനു പ്രത്യക്ഷനായി അരുളിച്ചെയ്തു: എനിക്കു നിന്നോടുള്ള സ്നേഹം അനന്തമാണ്; നിന്നോടുള്ള വിശ്വസ്തത അചഞ്ചലവും.
4: കന്യകയായ ഇസ്രായേലേ, നിന്നെ ഞാന്‍ വീണ്ടും പണിതുയര്‍ത്തും; നീ വീണ്ടും തപ്പുകളെടുത്തു നര്‍ത്തകരുടെ നിരയിലേക്കു നീങ്ങും.
5: സമരിയാപര്‍വ്വതങ്ങളില്‍, നീ വീണ്ടും മുന്തിരിത്തോട്ടങ്ങള്‍ നട്ടുപിടിപ്പിക്കും. കൃഷിക്കാര്‍ കൃഷിചെയ്തു ഫലമനുഭവിക്കും.
6: എഴുന്നേല്ക്കുക, സീയോനിലേക്ക്, നമ്മുടെ ദൈവമായ കര്‍ത്താവിന്റെ അടുക്കലേക്ക്, നമുക്കു പോകാമെന്ന് എഫ്രായിംമലമ്പ്രദേശങ്ങളില്‍നിന്നു കാവല്‍ക്കാര്‍ വിളിച്ചുപറയുന്ന ദിവസം വരും.
7: കര്‍ത്താവരുളിച്ചെയ്യുന്നു: യാക്കോബിനെപ്രതി സന്തോഷിച്ചാനന്ദിക്കുവിന്‍. ജനതകളുടെ തലവനെക്കുറിച്ച് ആഹ്ലാദാരവം മുഴക്കുവിന്‍. കര്‍ത്താവ് തന്റെ ജനത്തെ, ഇസ്രായേലില്‍ അവശേഷിച്ചവരെ, രക്ഷിച്ചിരിക്കുന്നുവെന്നു സ്തുതിപാടുവിന്‍.
8: ഞാനവരെ ഉത്തരദേശത്തുനിന്നു കൊണ്ടുവരും; ഭൂമിയുടെ അതിര്‍ത്തികളില്‍നിന്ന് ഒരുമിച്ചുകൂട്ടും. അന്ധരും മുടന്തരും ഗര്‍ഭിണികളും ഈറ്റുനോവു തുടങ്ങിയവരുമുള്‍പ്പെട്ട ഒരു വലിയ കൂട്ടമായിരിക്കുമവര്‍.
9: കണ്ണീരോടെയാണവര്‍ വരുന്നത്; എന്നാല്‍ ഞാനവരെ ആശ്വസിപ്പിച്ചു നയിക്കും. ഞാനവരെ നീരൊഴുക്കുകളിലേക്കു നയിക്കും. അവരുടെ വഴി സുഗമമായിരിക്കും; അവര്‍ക്കു കാലിടറുകയില്ല. എന്തെന്നാല്‍, ഞാന്‍ ഇസ്രായേലിനു പിതാവാണ്; എഫ്രായിം എന്റെ ആദ്യജാതനും.
10: ജനതകളേ, കര്‍ത്താവിന്റെ വചനംകേള്‍ക്കുവിന്‍, വിദൂരദ്വീപുകളില്‍ അതു പ്രഘോഷിക്കുവിന്‍; ഇസ്രായേലിനെച്ചിതറിച്ചവന്‍ അവരെ ഒരുമിച്ചുകൂട്ടുകയും ഇടയന്‍, ആട്ടിന്‍കൂട്ടത്തെയെന്നപോലെ പാലിക്കുകയുംചെയ്യും എന്നുപറയുവിന്‍.
11: കര്‍ത്താവു യാക്കോബിനെ വീണ്ടെടുത്തിരിക്കുന്നു; ബലിഷ്ഠകരങ്ങളില്‍നിന്ന് അവനെ രക്ഷിച്ചിരിക്കുന്നു.
12: ആഹ്ലാദാരവത്തോടെ അവര്‍ സീയോന്‍മലയിലേക്കു വരും. കര്‍ത്താവിന്റെ വിശിഷ്ടദാനങ്ങളായ ധാന്യം, വീഞ്ഞ്, എണ്ണ, ആടുമാടുകള്‍ എന്നിവയാല്‍ അവര്‍ സന്തുഷ്ടരാകും. അവര്‍ ജലസമൃദ്ധമായ തോട്ടംപോലെയാകും. അവരിനി ഒരിക്കലും ദുഃഖിക്കുകയില്ല.
13: അപ്പോള്‍ കന്യകമാര്‍ നൃത്തംചെയ്താനന്ദിക്കും; യുവാക്കളും വൃദ്ധരും സന്തോഷചിത്തരാകും. ഞാന്‍ അവരുടെ വിലാപം ആഹ്ലാദമാക്കി മാറ്റും; അവരെ ദുഃഖമകറ്റി സന്തോഷിപ്പിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യും.
14: ഞാന്‍ പുരോഹിതന്മാരെ സമൃദ്ധികൊണ്ടു സന്തുഷ്ടരാക്കും; എന്റെ അനുഗ്രഹങ്ങള്‍കൊണ്ട്, എന്റെ ജനം സംതൃപ്തരാകും - കര്‍ത്താവരുളിച്ചെയ്യുന്നു.
15: കര്‍ത്താവരുളിച്ചെയ്യുന്നു: ഇതാ റാമായില്‍നിന്നൊരു സ്വരം! വിലാപത്തിന്റെയും ഹൃദയംതകര്‍ന്ന രോദനത്തിന്റെയും സ്വരം! റാഹേല്‍ തന്റെ മക്കളെച്ചൊല്ലി വിലപിക്കുന്നു. അവളുടെ മക്കളില്‍ ആരുമവശേഷിക്കാത്തതിനാല്‍ അവള്‍ക്ക് ആശ്വാസംകൊള്ളാന്‍കഴിയുന്നില്ല.
16: കര്‍ത്താവരുളിച്ചെയ്യുന്നു: കരച്ചിൽനിറുത്തി, കണ്ണീര്‍ തുടയ്ക്കൂ. നിന്റെ യാതനകള്‍ക്കു പ്രതിഫലം ലഭിക്കും; ശത്രുക്കളുടെ ദേശത്തുനിന്ന് അവര്‍ തിരികെ വരും - കര്‍ത്താവരുളിച്ചെയ്യുന്നു. നിന്റെ ഭാവി പ്രത്യാശാഭരിതമാണ്.
17: നിന്റെ മക്കള്‍ സ്വദേശത്തേക്കു തിരിച്ചുവരും - കര്‍ത്താവരുളിച്ചെയ്യുന്നു.
18: എഫ്രായിം ഇപ്രകാരം വിലപിക്കുന്നതു ഞാന്‍ കേട്ടു: അങ്ങെന്നെ ശിക്ഷിച്ചു; നുകംവയ്ക്കാത്ത കാളക്കുട്ടിക്കെന്നപോലെ അവിടുന്നെനിക്കു ശിക്ഷണം നല്കി. എന്നെ തിരികെക്കൊണ്ടുവരണമേ; മടങ്ങിവരാന്‍ എന്നെ ശക്തനാക്കണമേ; അവിടുന്നാണല്ലോ എന്റെ ദൈവമായ കര്‍ത്താവ്.
19: എനിക്കു വഴിതെറ്റിപ്പോയി; ഇപ്പോള്‍ ഞാനനുതപിക്കുന്നു. തെറ്റു മനസ്സിലാക്കിയപ്പോള്‍ ഞാന്‍ മാറത്തടിച്ചു കരഞ്ഞു. ഞാന്‍ ലജ്ജിച്ചുതലതാഴ്ത്തി; യൗവനത്തിലെ അവമാനഭാരം ഞാനിപ്പോഴും വഹിക്കുന്നു.
20: എഫ്രായിം എന്റെ വത്സലപുത്രനല്ലേ; എന്റെ ഓമനക്കുട്ടന്‍, അവനു വിരോധമായി പെരുമാറുമ്പോഴെല്ലാം അവന്റെ സ്മരണ എന്നിലുദിക്കുന്നു. എന്റെ ഹൃദയം അവനുവേണ്ടിത്തുടിക്കുന്നു; എനിക്കവനോടു നിസ്സീമമായ കരുണതോന്നുന്നു - കര്‍ത്താവരുളിച്ചെയ്യുന്നു.
21: കൈചൂണ്ടികളും വഴികാട്ടികളും സ്ഥാപിച്ച്, നീ കടന്നുപോയ വഴി, നന്നായി മനസ്സിലുറപ്പിക്കുക. ഇസ്രായേല്‍കന്യകേ, മടങ്ങിവരുക; നിന്റെ ഈ നഗരങ്ങളിലേക്ക് ഓടിയെത്തുക.
22: അവിശ്വസ്തയായ മകളേ, നീ എത്രനാളലഞ്ഞുതിരിയും; കര്‍ത്താവു ഭൂമിയില്‍ ഒരു പുതിയ സൃഷ്ടിനടത്തിയിരിക്കുന്നു. സ്ത്രീ പുരുഷനെ പരിപാലിക്കുന്നു.

പുതിയ ഉടമ്പടി
23: ഇസ്രായേലിന്റെ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു: യൂദാദേശത്തും അതിലെ പട്ടണങ്ങളിലുമുള്ളവര്‍ക്കു വീണ്ടും ഞാന്‍ ഐശ്വര്യംവരുത്തുമ്പോള്‍ നീതിയുടെ പാളയമേ, വിശുദ്ധ പര്‍വ്വതമേ, കര്‍ത്താവു നിന്നെയനുഗ്രഹിക്കട്ടെ എന്നവര്‍ പറയും.
24: യൂദായിലും അതിലെ നഗരങ്ങളിലും കര്‍ഷകരും ഇടയന്മാരും ഒരുമിച്ചു വസിക്കും.
25: ക്ഷീണിതരെ ഞാന്‍ ശക്തിപ്പെടുത്തും; ദുഃഖിതരെ ഞാനാശ്വസിപ്പിക്കും.
26: അപ്പോള്‍ ഉന്മേഷവാനായി ഞാനുണര്‍ന്നു; എന്റെയുറക്കം സുഖകരമായിരുന്നു.
27: ഞാന്‍ ഇസ്രായേല്‍ഭവനത്തിലും യൂദാഭവനത്തിലും മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും സന്താനപുഷ്ടിയുണ്ടാക്കുന്ന കാലം വരുന്നു - കര്‍ത്താവരുളിച്ചെയ്യുന്നു.
28: ഞാനവരെ പിഴുതെറിയാനും ഇടിച്ചുതകര്‍ക്കാനും നശിപ്പിക്കാനും തകിടംമറിക്കാനും ശ്രദ്ധിച്ചതുപോലെ അവരെ പണിതുയര്‍ത്താനും നട്ടുവളര്‍ത്താനും ശ്രദ്ധിക്കുമെന്നു കര്‍ത്താവരുളിച്ചെയ്യുന്നു.
29: പിതാക്കന്മാര്‍ പച്ചമുന്തിരിങ്ങ തിന്നു, മക്കളുടെ പല്ലു പുളിച്ചുവെന്ന് ആ നാളുകളില്‍ അവര്‍ പറയുകയില്ല.
30: ഓരോരുത്തനും അവനവന്റെ അകൃത്യംനിമിത്തമാണു മരിക്കുക. പച്ചമുന്തിരിങ്ങ തിന്നുന്നവന്റെ പല്ലേ പുളിക്കൂ.
31: കര്‍ത്താവരുളിച്ചെയ്യുന്നു: ഇസ്രായേല്‍ഗോത്രത്തോടും യൂദാഗോത്രത്തോടും ഞാനൊരു പുതിയ ഉടമ്പടിചെയ്യുന്ന ദിവസം ഇതാ, വരുന്നു.
32: ഞാനവരെ കൈയ്ക്കുപിടിച്ച്, ഈജിപ്തില്‍നിന്നു കൊണ്ടുവന്ന നാളില്‍ അവരുടെ പിതാക്കന്മാരോടുചെയ്ത ഉടമ്പടിപോലെയായിരിക്കുകയില്ലത്. ഞാനവരുടെ കര്‍ത്താവായിരുന്നിട്ടും എന്റെയുടമ്പടി അവര്‍ ലംഘിച്ചു.
33: കര്‍ത്താവരുളിച്ചെയ്യുന്നു: ആ ദിവസംവരുമ്പോള്‍ ഞാന്‍ ഇസ്രായേലുമായിചെയ്യുന്ന ഉടമ്പടിയിതായിരിക്കും: ഞാനെന്റെ നിയമം അവരുടെയുള്ളില്‍ നിക്ഷേപിക്കും; അവരുടെ ഹൃദയത്തിലെഴുതും. ഞാനവരുടെ ദൈവവും അവരെന്റെ ജനവുമായിരിക്കും.
34: കര്‍ത്താവിനെ അറിയുകയെന്ന് ഇനിയാരും സഹോദരനെയോ അയല്‍ക്കാരനെയോ പഠിപ്പിക്കേണ്ടിവരുകയില്ല. അവര്‍ വലിപ്പച്ചെറുപ്പമെന്നിയേ എല്ലാവരുമെന്നെ അറിയുമെന്നു കര്‍ത്താവരുളിച്ചെയ്യുന്നു. അവരുടെ അകൃത്യത്തിനു ഞാന്‍ മാപ്പുനല്കും; അവരുടെ പാപം മനസ്സില്‍വയ്ക്കുകയില്ല.
35: പകല്‍ പ്രകാശിക്കാന്‍ സൂര്യനെയും രാത്രിയില്‍ പ്രകാശിക്കാന്‍ ചന്ദ്രതാരങ്ങളെയുംനല്കുന്ന, കടലിനെയിളക്കി, അലകളെയലറിക്കുന്ന, സൈന്യങ്ങളുടെ കര്‍ത്താവെന്ന നാമംധരിക്കുന്ന, കര്‍ത്താവരുളിച്ചെയ്യുന്നു:
36: ഈ നിശ്ചിതസംവിധാനത്തിന് എന്റെ മുമ്പില്‍ ഇളക്കംവന്നാല്‍മാത്രമേ ഇസ്രായേല്‍സന്തതി ഒരു ജനതയെന്ന നിലയില്‍ എന്റെ മുമ്പില്‍നിന്ന് എന്നേയ്ക്കുമായി മാഞ്ഞുപോവുകയുള്ളു - കര്‍ത്താവരുളിച്ചെയ്യുന്നു.
37: മുകളില്‍ ആകാശത്തിന്റെ അളവെടുക്കാനും താഴെ ഭൂമിയുടെ അടിസ്ഥാനം കണ്ടുപിടിക്കാനുംകഴിയുമോ? എങ്കില്‍മാത്രമേ ഇസ്രായേല്‍സന്തതികളെ അവരുടെ പ്രവൃത്തികള്‍നിമിത്തം ഞാന്‍ തള്ളിക്കളയുകയുള്ളു - കര്‍ത്താവരുളിച്ചെയ്യുന്നു.
38: ഹനാനേല്‍ഗോപുരംമുതല്‍ കോണ്‍കവാടംവരെ വീണ്ടും കര്‍ത്താവിനു നഗരംപണിയുന്ന കാലംവരുമെന്നു കര്‍ത്താവരുളിച്ചെയ്യുന്നു.
39: നഗരത്തിന്റെ അതിര്‍ത്തി, ഗാരേബുകുന്നുവരെ നേരേചെന്ന് ഗോവാഹിലേക്കു തിരിയും.
40: മൃതശരീരങ്ങളുടെയും ചാരത്തിന്റെയും താഴ്‌വരയും കെദ്രോണ്‍ അരുവിവരെയുള്ള വയലുകളും കിഴക്ക് അശ്വകവാടത്തിന്റെ മൂലവരെയുള്ള സ്ഥലവും കര്‍ത്താവിനു പ്രതിഷ്ഠിക്കപ്പെടും; ഇനിയൊരിക്കലുമതു നശിപ്പിക്കപ്പെടുകയില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ