ഇരുന്നൂറ്റിയെട്ടാം ദിവസം: ഏശയ്യാ 23 - 27


അദ്ധ്യായം 23

ടയിറിനും സീദോനുമെതിരേ
1: ടയിറിനെക്കുറിച്ചുള്ള അരുളപ്പാട്: താര്‍ഷീഷിലെ കപ്പലുകളേവിലപിക്കുവിന്‍! ഭവനമോ തുറമുഖമോ അവശേഷിക്കാതെ ടയിര്‍ ശൂന്യമായിരിക്കുന്നു! സൈപ്രസ് ദേശത്തുനിന്ന് അവരിതറിഞ്ഞു.   
2: തീരദേശവാസികളേകടല്‍കടന്നു കച്ചവടം നടത്തുന്ന സീദോന്‍ വര്‍ത്തകരേനിശ്ശബ്ദരായിരിക്കുവിന്‍.   
3: ഷീഹോറിലെ ധാന്യങ്ങള്‍, - നൈല്‍തടത്തിലെ വിളവ് - ആയിരുന്നു അവരുടെ വരുമാനം. നിങ്ങളതുകൊണ്ടു ജനതകളുടെയിടയില്‍ വ്യാപാരംചെയ്തുപോന്നു.   
4: സീദോനേലജ്ജിക്കുക. എന്തെന്നാല്‍, സമുദ്രം സംസാരിച്ചിരിക്കുന്നു. സമുദ്രദുര്‍ഗ്ഗം പറയുന്നു: ഞാന്‍ പ്രസവവേദനയനുഭവിക്കുകയോ പ്രസവിക്കുകയോ ചെയ്തിട്ടില്ല. ഞാന്‍ യുവാക്കന്മാരെയും കന്യകമാരെയും വളര്‍ത്തിയിട്ടില്ല.   
5: ടയിറിനെക്കുറിച്ചുള്ള ഈ വാര്‍ത്ത കേട്ട്, ഈജിപ്ത് കഠിന ദുഃഖത്തിലാകും.  
6: തീരദേശവാസികളേതാര്‍ഷീഷിലേക്കു കടന്നു വിലപിക്കുവിന്‍.   
7: ഇതാണോ പണ്ടേ സ്ഥാപിതമായ ആഹ്ലാദപൂര്‍ണ്ണമായ നിങ്ങളുടെ നഗരംഇതാണോ വിദൂരങ്ങളില്‍ച്ചെന്നു താവളങ്ങളുറപ്പിച്ച നഗരം?   
8: രാജാക്കന്മാരെ വാഴിച്ചിരുന്ന ടയിറിന്റെ മേല്‍, ഭൂമിയിലെങ്ങും ആദരണീയരായ വര്‍ത്തകപ്രഭുക്കന്മാരുണ്ടായിരുന്ന ടയിറിന്റെമേല്‍, ആരാണ് ഈ അനര്‍ത്ഥംവരുത്തിയത്?   
9: ഭൂമിയിലെ സര്‍വ്വമഹത്വത്തിന്റെയും അഹങ്കാരത്തെ നിന്ദിക്കാന്‍, ഭൂമിയിലെ മഹാന്മാരെ അവമാനിതരാക്കാന്‍ സൈന്യങ്ങളുടെ കര്‍ത്താവാണിതു ചെയ്തത്.  
10: താര്‍ഷീഷിന്റെ പുത്രീനൈല്‍ത്തടത്തിലെന്നപോലെ നീ കൃഷിയിറക്കുക. തുറമുഖങ്ങള്‍ നശിച്ചുപോയി. 
11: അവിടുന്നു സമുദ്രത്തിന്മേല്‍ കരംനീട്ടിരാജ്യങ്ങളെ വിറപ്പിച്ചു. കാനാനിലെ ശക്തിദുര്‍ഗ്ഗങ്ങളെ നശിപ്പിക്കാന്‍ കര്‍ത്താവു കല്പനനല്കി.   
12: അവിടുന്നരുളിച്ചെയ്തു: മര്‍ദ്ദിതയായ സീദോന്‍കന്യകേനിന്റെ ആഹ്ലാദമവസാനിച്ചു. എഴുന്നേറ്റു സൈപ്രസിലേക്കുപോവുക. അവിടെയും നിനക്കാശ്വാസം ലഭിക്കുകയില്ല.   
13: കല്‍ദായരുടെ ദേശംകണ്ടാലും! ഇതാണാ ജനതഇത്, അസ്സീറിയാ ആയിരുന്നില്ല. അവര്‍ ടയിറിനെ വന്യമൃഗങ്ങള്‍ക്കു വിട്ടുകൊടുത്തു. അവര്‍ അവിടെ ഉപരോധഗോപുരങ്ങള്‍ പടുത്തുയര്‍ത്തുകയും അവളുടെ കൊട്ടാരങ്ങള്‍ ഇടിച്ചുതകര്‍ക്കുകയും ചെയ്തു. അവരവളെ നാശക്കൂമ്പാരമാക്കി. 
14: താര്‍ഷീഷിലെ കപ്പലുകളേവിലപിക്കുവിന്‍, നിങ്ങളുടെ ശക്തിദുര്‍ഗ്ഗം ശൂന്യമായിരിക്കുന്നു. 
15: ഒരു രാജാവിന്റെ ജീവിതകാലമായ എഴുപതു വര്‍ഷത്തേക്കു ടയിര്‍ വിസ്മരിക്കപ്പെടും. ആ എഴുപതുവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ വേശ്യയുടെ ഗാനത്തില്‍ പറയുന്നതുപോലെ ടയറിനു സംഭവിക്കും.   
16: വിസ്മൃതയായ സ്വൈരിണീവീണമീട്ടി നഗരത്തിനു പ്രദക്ഷിണം വയ്ക്കുകമധുരസംഗീതം പൊഴിക്കുകഗാനങ്ങളാലപിക്കുകനിന്നെയവരോര്‍ക്കട്ടെ!   
17: എഴുപതു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ കര്‍ത്താവു ടയിറിനെ സന്ദര്‍ശിക്കും. അവള്‍ തൊഴില്‍ പുനരാരംഭിക്കും. ഭൂമുഖത്തുള്ള എല്ലാ രാജ്യങ്ങളുമായി അവള്‍ വേശ്യാവൃത്തിയിലേര്‍പ്പെടും.   
18: അവളുടെ വ്യാപാരച്ചരക്കുകളും സര്‍വ്വാദായങ്ങളും കര്‍ത്താവിനു സമര്‍പ്പിക്കപ്പെടുംഅവ സംഭരിക്കുകയോ പൂഴ്ത്തിവയ്ക്കുകയോ ചെയ്യുകയില്ല. എന്നാല്‍, അവളുടെ വ്യാപാരച്ചരക്കുകള്‍ കര്‍ത്താവിന്റെമുമ്പില്‍ വ്യാപരിക്കുന്നവര്‍ക്കു സമൃദ്ധമായ ഭക്ഷണവും മോടിയുള്ള വസ്ത്രവുമായി ഭവിക്കും.

അദ്ധ്യായം 24

ഭൂമിയുടെമേല്‍ വിധി
1: കര്‍ത്താവു ഭൂമിയെ ശൂന്യവും വിജനവുക്കിത്തീര്‍ക്കും. അവിടുന്നതിന്റെ ഉപരിതലത്തെ ഞെരിച്ച്, അതിലെ നിവാസികളെ ചിതറിക്കും. 
2: ജനത്തിനും പുരോഹിതനും, അടിമയ്ക്കും യജമാനനുംദാസിക്കും സ്വാമിനിക്കുംവാങ്ങുന്നവനും വില്ക്കുന്നവനുംവായ്പകൊടുക്കുന്നവനും വായ്പ വാങ്ങുന്നവനുംഉത്തമര്‍ണ്ണനും അധമര്‍ണ്ണനും ഒന്നുപോലെ സംഭവിക്കും.   
3: ഭൂമി തീര്‍ത്തും ശൂന്യമാകുംപൂര്‍ണ്ണമായി കൊള്ളയടിക്കപ്പെടും. കര്‍ത്താവിന്റേതാണ് ഈ വചനം.   
4: ഭൂമി ദുഃഖിച്ചു ക്ഷയിച്ചുപോകുന്നു. ലോകമാകെ വാടിക്കൊഴിയുന്നു.   
5: ആകാശം ഭൂമിയോടൊപ്പം വാടിപ്പോകുന്നു. ഭൂമി അതിലെ നിവാസികള്‍നിമിത്തം അശുദ്ധമായിത്തീര്‍ന്നിരിക്കുന്നു. അവര്‍ നിയമം ലംഘിക്കുകയും കല്പനകളില്‍നിന്നു വ്യതിചലിക്കുകയും അങ്ങനെ ശാശ്വതമായ ഉടമ്പടിക്കു ഭംഗംവരുത്തുകയും ചെയ്തിരിക്കുന്നു.   
6: അതിനാല്‍, ശാപം ഭൂമിയെ വിഴുങ്ങുകയും ഭൂവാസികള്‍ തങ്ങളുടെ അകൃത്യത്തിന്റെ ശിക്ഷയനുഭവിക്കുകയും ചെയ്യുന്നു. അതുകൊണ്ട്ഭൂമിയിലെ നിവാസികള്‍ ദഹിച്ചുതീരുന്നു. ചുരുക്കംപേര്‍മാത്രം അവശേഷിക്കുന്നു.   
7: വീഞ്ഞു വിലപിക്കുകയും മുന്തിരി വാടുകയുംചെയ്യുന്നു. സന്തുഷ്ടചിത്തര്‍ നെടുവീര്‍പ്പിടുന്നു.   
8: തപ്പുകളുടെ നാദം നിലച്ചു. ആഹ്ലാദിക്കുന്നവരുടെ സ്വരമവസാനിച്ചു.   
9: വീണാനാദമില്ലാതായി. ഗാനാലാപത്തോടുകൂടെ ഇനിയവര്‍ വീഞ്ഞു കുടിക്കുകയില്ല. മദ്യം, അതു കുടിക്കുന്നവര്‍ക്കരോചകമായിത്തീരുന്നു. കലാപത്തിന്റെ നഗരം തകര്‍ക്കപ്പെട്ടിരിക്കുന്നു.   
10: ആര്‍ക്കും കടക്കാനാവാത്തവിധം എല്ലാ ഭവനങ്ങളും അടച്ചുപൂട്ടിയിരിക്കുന്നു.   
11: വീഞ്ഞില്ലാത്തതിനാല്‍ തെരുവുകളില്‍ മുറവിളിയുയരുന്നു. സന്തോഷം അസ്തമിച്ചിരിക്കുന്നു. ഭൂമിയില്‍നിന്ന് ആഹ്ലാദമപ്രത്യക്ഷമായിരിക്കുന്നു.   
12: നഗരത്തില്‍, ശൂന്യതമാത്രമവശേഷിച്ചിരിക്കുന്നു. കവാടങ്ങള്‍ തല്ലിത്തകര്‍ന്നിരിക്കുന്നു.   
13: ഒലിവു തല്ലുന്നതുപോലെയും മുന്തിരിപ്പഴം പറിച്ചുതീര്‍ന്നിട്ടു കാലാപെറുക്കുന്നതുപോലെയുമായിരിക്കും ഭൂമിയില്‍ ജനതകളുടെയിടയില്‍ സംഭവിക്കുക.   
14: അവര്‍ സ്വരമുയര്‍ത്തി സന്തോഷഗാനമാലപിക്കുന്നു. പടിഞ്ഞാറുനിന്ന് അവരാര്‍ത്തുവിളിച്ചു കര്‍ത്താവിന്റെ മഹിമയെ പ്രകീര്‍ത്തിക്കുന്നു.   
15: അതിനാല്‍, കിഴക്കും കര്‍ത്താവിനെ മഹത്വപ്പെടുത്തുവിന്‍. തീരപ്രദേശത്തും ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവിന്റെ നാമത്തെ മഹത്വപ്പെടുത്തുവിന്‍.   
16: നീതിമാനായ ദൈവത്തിന്റെ മഹത്വത്തെ സ്തുതിക്കുന്ന കീര്‍ത്തനങ്ങള്‍ ഭൂമിയുടെ അതിര്‍ത്തികളില്‍നിന്നുയരുന്നു. എന്നാല്‍ ഞാന്‍ പറയുന്നു: ഞാന്‍ തളരുന്നുഞാന്‍ ക്ഷയിച്ചുപോകുന്നുഎനിക്കു ദുരിതം! വഞ്ചകന്‍ വഞ്ചനയോടെ പെരുമാറുന്നു. വഞ്ചകന്‍ തികഞ്ഞ വഞ്ചനയോടെ പെരുമാറുന്നു.   
17: ഭൂവാസികളേഭീതിയും ചതിക്കുഴിയും കെണിയുമാണു നിങ്ങളെ കാത്തിരിക്കുന്നത്.   
18: ഭീകരശബ്ദംകേട്ടോടിപ്പോകുന്നവര്‍ കുഴിയില്‍ വീഴുംകുഴിയില്‍നിന്നു കയറുന്നവര്‍ കെണിയില്‍പ്പെടും. ആകാശ ജാലകങ്ങള്‍ തുറക്കപ്പെട്ടിരിക്കുന്നുഭൂമിയുടെ അടിസ്ഥാനങ്ങള്‍ വിറകൊള്ളുന്നു.   
19: ഭൂമി നിശ്ശേഷം തകര്‍ക്കപ്പെട്ടിരിക്കുന്നു.അതു ഛിന്നഭിന്നമായിഅതു പ്രകമ്പനംകൊള്ളുന്നു.   
20: ഭൂമി ഉന്മത്തനെപ്പോലെ ആടിയുലയുന്നുകുടില്‍പോലെ ഇളകിയാടുന്നു. അതു താങ്ങുന്ന അകൃത്യം, അത്ര ഭാരമേറിയതാണ്. അതു വീഴുന്നുഇനിയെഴുന്നേല്‍ക്കുകയില്ല.   
21: അന്നു കര്‍ത്താവ്, ആകാശസൈന്യത്തെ ആകാശത്തിലും ഭൂപതികളെ ഭൂമിയിലും ശിക്ഷിക്കും.   
22: അവരെ ശേഖരിച്ച്, ഇരുട്ടറയില്‍ തടവുകാരായി സൂക്ഷിക്കുംഅവരെ തടവറയിലടയ്ക്കുകയും അനേക ദിവസങ്ങള്‍ക്കുശേഷം ശിക്ഷിക്കുകയും ചെയ്യും.   
23: അപ്പോള്‍ ചന്ദ്രനിരുളുകയും സൂര്യന്‍ മുഖംപൊത്തുകയും ചെയ്യുംഎന്തെന്നാല്‍, സൈന്യങ്ങളുടെ കര്‍ത്താവു സീയോന്‍ പര്‍വ്വതത്തില്‍ ഭരണംനടത്തുംജറുസലെമിലും അതിന്റെ ശ്രേഷ്ഠന്മാരുടെമുമ്പിലും തന്റെ മഹത്വം അവിടുന്നു വെളിപ്പെടുത്തും. 

അദ്ധ്യായം 25

കൃതജ്ഞതാഗീതം
1: കര്‍ത്താവേഅങ്ങാണെന്റെ ദൈവംഞാനങ്ങയെ പുകഴ്ത്തുകയും അങ്ങയുടെ നാമത്തെ സ്തുതിക്കുകയും ചെയ്യും. പണ്ടുതന്നെ നിരൂപിച്ചതും വിശ്വസ്തവും സത്യസന്ധവുമായ വന്‍കാര്യങ്ങള്‍ അങ്ങു നിറവേറ്റിയിരിക്കുന്നു.   
2: അങ്ങ്, നഗരത്തെ കല്‍ക്കൂമ്പാരമാക്കിസുരക്ഷിത നഗരത്തെ ശൂന്യമാക്കിവിദേശികളുടെ കോട്ടകള്‍ നഗരമല്ലാതായി. അത്, ഇനിമേല്‍ പണിതുയര്‍ത്തുകയില്ല.   
3: അതിനാല്‍, പ്രബലജനതകള്‍ അങ്ങയെ മഹത്വപ്പെടുത്തുംനിര്‍ദ്ദയരായ ജനതകളുടെ നഗരങ്ങള്‍ അങ്ങയെ ഭയപ്പെടും.  
4: അങ്ങു പാവപ്പെട്ടവര്‍ക്കു കോട്ടയും ദരിദ്രന്റെ കഷ്ടതകളില്‍, അവനുറപ്പുള്ള അഭയവുവുമാണ്. കൊടുങ്കാററില്‍ ശക്തിദുര്‍ഗ്ഗവും കൊടുംവെയിലില്‍ തണലും. നീചന്‍ കോട്ടയ്ക്കെതിരേ ചീറിയടിക്കുന്ന കൊടുങ്കാറ്റുപോലെയാണ്.   
5: മണലാരണ്യത്തിലെ ഉഷ്ണക്കാറ്റുപോലെവിദേശികളുടെ ആക്രോശം അങ്ങടക്കുന്നു. മേഘത്തിന്റെ തണല്‍, വെയില്‍മറയ്ക്കുന്നതുപോലെ ക്രൂരന്മാരുടെ വിജയഗാനം അങ്ങില്ലാതാക്കുന്നു.   

കര്‍ത്താവിന്റെ വിരുന്ന്
6: ഈ പര്‍വ്വതത്തില്‍ സര്‍വ്വജനതകള്‍ക്കുംവേണ്ടി സൈന്യങ്ങളുടെ കര്‍ത്താവ് ഒരു വിരുന്നൊരുക്കും- മജ്ജയും കൊഴുപ്പുമുറ്റിയ വിഭവങ്ങളും മേല്‍ത്തരം വീഞ്ഞുമുള്ള വിരുന്ന്.   
7: സര്‍വ്വജനതകളെയും മറച്ചിരിക്കുന്ന ആവരണം - ജനതകളുടെമേല്‍ വിരിച്ചിരിക്കുന്ന മൂടുപടം - ഈ പര്‍വ്വതത്തില്‍വച്ച് അവിടുന്നു നീക്കിക്കളയും.   
8: അവിടുന്നു മരണത്തെ എന്നേയ്ക്കുമായി ഗ്രസിക്കുംസകലരുടെയും കണ്ണീര്‍ അവിടുന്നു തുടച്ചുമാറ്റുംതന്റെ ജനത്തിന്റെ അവമാനം ഭൂമിയില്‍ എല്ലായിടത്തുംനിന്ന് അവിടുന്നു നീക്കിക്കളയും. കര്‍ത്താവാണിത് അരുളിച്ചെയ്തിരിക്കുന്നത്.  
9: അന്നിങ്ങനെ പറയുന്നതു കേള്‍ക്കും: ഇതാനമ്മുടെ ദൈവം. നമ്മുടെ രക്ഷയുടെ പ്രത്യാശ നാമര്‍പ്പിച്ച ദൈവം. ഇതാ കര്‍ത്താവ്! നാം അവിടുത്തേക്കുവേണ്ടിയാണു കാത്തിരുന്നത്. അവിടുന്നു നല്കുന്ന രക്ഷയില്‍ നമുക്കു സന്തോഷിച്ചുല്ലസിക്കാം.   
10: കര്‍ത്താവിന്റെ കരം ഈ പര്‍വ്വതത്തില്‍ വിശ്രമിക്കും. ചാണകക്കുഴിയില്‍ വൈക്കോലെന്നപോലെ മൊവാബ് അവിടെ ചവിട്ടിമെതിക്കപ്പെടും.   
11: നീന്തല്‍ക്കാരന്‍ നീന്താന്‍ കൈവിരിക്കുന്നതുപോലെ അവനതിന്റെ മദ്ധ്യത്തില്‍നിന്നു കൈനീട്ടും. എന്നാല്‍, കര്‍ത്താവവന്റെ അഹങ്കാരവും കരങ്ങളുടെ സാമര്‍ത്ഥ്യവും ഒന്നുപോലെ നശിപ്പിക്കും.   
12: അവന്റെ ഉന്നതമായ കോട്ടകളെ അവിടുന്നു തകര്‍ത്തു താഴെയിട്ട് പൊടിയാക്കിക്കളയും. 

അദ്ധ്യായം 26

വിജയഗീതം
1: അന്നു യൂദാദേശത്ത് ഈ കീര്‍ത്തനമാലപിക്കും: നമുക്കു പ്രബലമായ ഒരു നഗരമുണ്ട്. കര്‍ത്താവു നമ്മുടെ രക്ഷയ്ക്കുവേണ്ടി കോട്ടകളുയര്‍ത്തിയിരിക്കുന്നു. 
2: വിശ്വസ്തതപാലിക്കുന്ന നീതിനിഷ്ഠമായ ജനതയ്ക്കു പ്രവേശിക്കാന്‍ വാതിലുകള്‍ തുറക്കുവിന്‍.   
3: അങ്ങയില്‍ ഹൃദയമുറപ്പിച്ചിരിക്കുന്നവനെ അങ്ങു സമാധാനത്തിന്റെ തികവില്‍ സംരക്ഷിക്കുന്നു. എന്തെന്നാല്‍, അവനങ്ങയിലാശ്രയിക്കുന്നു.   
4: കര്‍ത്താവില്‍ എന്നേയ്ക്കുമാശ്രയിക്കുവിന്‍; ദൈവമായ കര്‍ത്താവ് ശാശ്വതമായ അഭയശിലയാണ്.   
5: ഗിരിശൃംഗത്തില്‍പ്പണിത കോട്ടകളില്‍ വസിക്കുന്നവരെ അവിടുന്നു താഴെയിറക്കിഅതിനെ നിലംപറ്റെ നശിപ്പിച്ചു പൊടിയിലാഴ്ത്തി.
6: ദരിദ്രരുടെയും അഗതികളുടെയും പാദങ്ങള്‍ അതിനെ ചവിട്ടിമെതിക്കുന്നു.   
7: നീതിമാന്റെ മാര്‍ഗ്ഗം നിരപ്പുള്ളതാണ്അവിടുന്നതിനെ മിനുസമുളളതാക്കുന്നു.   
8: കര്‍ത്താവേഅങ്ങയുടെ നിയമത്തിന്റെ പാതയില്‍ ഞങ്ങള്‍ അങ്ങയെ കാത്തിരിക്കുന്നുഅങ്ങയുടെ നാമവും അങ്ങയുടെ ഓര്‍മയുമാണ്, ഞങ്ങളുടെ ഹൃദയാഭിലാഷം.   
9: രാത്രിയില്‍ എന്റെ ഹൃദയം അങ്ങേയ്ക്കുവേണ്ടി ദാഹിക്കുന്നുഎന്റെയാത്മാവ് അങ്ങയെത്തേടുന്നു. എന്തെന്നാല്‍, അങ്ങയുടെ കല്പന, ഭൂമിയില്‍ ഭരണംനടത്തുമ്പോള്‍ ഭൂവാസികള്‍ നീതിയഭ്യസിക്കുന്നു.   
10: ദുഷ്ടനോടു കാരുണ്യംകാണിച്ചാല്‍ അവൻ നീതി അഭ്യസിക്കുകയില്ലസത്യസന്ധതയുടെ ദേശത്ത് അവന്‍ വക്രത കാണിക്കുന്നുഅവന്‍ കര്‍ത്താവിന്റെ മഹത്വം ദര്‍ശിക്കുന്നില്ല. 
11: കര്‍ത്താവേഅങ്ങു കരമുയര്‍ത്തിയിരിക്കുന്നെങ്കിലും അവരതു കാണുന്നില്ല. അങ്ങയുടെ ജനത്തിനുവേണ്ടിയുള്ള അവിടുത്തെ തീക്ഷ്ണതകണ്ട് അവര്‍ ലജ്ജിക്കട്ടെ! അങ്ങയുടെ ശത്രുക്കള്‍ക്കുവേണ്ടിയുള്ള അഗ്നി, അവരെ ദഹിപ്പിച്ചുകളയട്ടെ!   
12: കര്‍ത്താവേഅങ്ങു ഞങ്ങള്‍ക്കു സമാധാനംനല്കുന്നുഞങ്ങളുടെ പ്രവൃത്തികള്‍ യഥാര്‍ത്ഥത്തില്‍ അങ്ങാണല്ലോ ചെയ്യുന്നത്.   
13: ഞങ്ങളുടെ ദൈവമായ കര്‍ത്താവേമറ്റധിപന്മാര്‍ ഞങ്ങളെ ഭരിച്ചിട്ടുണ്ട്. എന്നാല്‍, അങ്ങയുടെ നാമംമാത്രമാണ് ഞങ്ങളേറ്റുപറയുന്നത്.   
14: അവര്‍ മരിച്ചുഇനി ജീവിക്കുകയില്ല. നിഴലുകള്‍മാത്രമായ അവരിനി എഴുന്നേല്ക്കുകയില്ലഅത്രത്തോളം അവിടുന്നവരെ നശിപ്പിച്ചുഅവരുടെ സ്മരണപോലും തുടച്ചുമാറ്റി.   
15: കര്‍ത്താവേഅങ്ങു ജനത്തെ വര്‍ദ്ധിപ്പിച്ചിരിക്കുന്നു. ജനത്തിന്റെ വളര്‍ച്ച അങ്ങേയ്ക്കു മഹത്വംനല്കിയിരിക്കുന്നുദേശത്തിന്റെ അതിര്‍ത്തികള്‍ അങ്ങു വിസ്തൃതമാക്കി.   
16: കര്‍ത്താവേകഷ്ടതകള്‍വന്നപ്പോള്‍ അവരങ്ങയെ അന്വേഷിച്ചു: അങ്ങയുടെ ശിക്ഷ തങ്ങളുടെമേല്‍പ്പതിച്ചപ്പേള്‍ അവരങ്ങയോടു പ്രാര്‍ത്ഥിച്ചു.   
17: കര്‍ത്താവേഗര്‍ഭിണി, പ്രസവമടുക്കുമ്പോള്‍ വേദനകൊണ്ടു കരയുന്നതുപോലെ ഞങ്ങള്‍ അങ്ങേയ്ക്കുവേണ്ടി വേദനിച്ചുകരഞ്ഞു.   
18: ഞങ്ങളും ഗര്‍ഭംധരിച്ചു വേദനയോടെ പ്രസവിച്ചു. എന്നാല്‍ കാറ്റിനെ പ്രസവിക്കുന്നതുപോലെയായിരുന്നു അത്. ദേശത്തെ രക്ഷിക്കാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞില്ലഭൂമിയില്‍ വസിക്കാന്‍ ഇനിയാരും ജനിക്കുകയില്ല.   
19: അങ്ങയുടെ മരിച്ചവര്‍ ജീവിക്കുംഅവരുടെ ശരീരം ഉയിര്‍ത്തെഴുന്നേല്‍ക്കും. പൂഴിയില്‍ ശയിക്കുന്നവരേഉണര്‍ന്നു സന്തോഷകീര്‍ത്തനമാലപിക്കുവിന്‍! അങ്ങയുടെ ഹിമകണം, പ്രകാശംചൊരിയുന്ന തുഷാരബിന്ദുവാണ്. നിഴലുകളുടെ താഴ്‌വരയില്‍ അങ്ങതു വര്‍ഷിക്കും. 

ശിക്ഷയും രക്ഷയും
20: എന്റെ ജനമേവരുവിന്‍, മുറിയില്‍ പ്രവേശിച്ചു വാതിലടയ്ക്കുവിന്‍; ക്രോധം ശമിക്കുന്നതുവരെഅല്പസമയത്തേക്കു നിങ്ങള്‍ മറഞ്ഞിരിക്കുവിന്‍.   
21: ഇതാഭൂവാസികളെ അവരുടെ അകൃത്യങ്ങള്‍ക്കു ശിക്ഷിക്കാന്‍വേണ്ടി കര്‍ത്താവു തന്റെ ഭവനത്തില്‍നിന്ന് ഇറങ്ങിവരുന്നു. തന്റെമേല്‍ച്ചൊരിഞ്ഞ രക്തം, ഭൂമി വെളിപ്പെടുത്തും. വധിക്കപ്പെട്ടവരെ ഇനിയവള്‍ മറച്ചുവയ്ക്കുകയില്ല. 

അദ്ധ്യായം 27

1: അന്നു കര്‍ത്താവു തന്റെ വലുതും അതിശക്തവുമായ കഠിനഖഡ്ഗംകൊണ്ടു ലവിയാഥാനെപുളഞ്ഞുപായുന്ന ലവിയാഥാനെശിക്ഷിക്കും. സമുദ്രവ്യാളത്തെ അവിടുന്നു കൊന്നുകളയും.   
2: അന്നു മനോഹരമായ മുന്തിരിത്തോട്ടത്തെക്കുറിച്ചു പാടുവിന്‍;   
3: കര്‍ത്താവായ ഞാനാണതിന്റെ സൂക്ഷിപ്പുകാരന്‍. ഞാനതിനെ നിരന്തരം നനയ്ക്കുന്നു; ആരും നശിപ്പിക്കാതിരിക്കാന്‍ ഞാനതിനു രാപകല്‍ കാവല്‍നില്‍ക്കുന്നുഎനിക്കു ക്രോധമില്ല.   
4: മുള്ളുകളും മുള്‍ച്ചെടികളും മുളച്ചുവന്നാല്‍ ഞാനവയോടു പൊരുതും. ഞാനവയെ ഒന്നിച്ചു ദഹിപ്പിക്കും.   
5: അവയ്ക്കെന്റെ സംരക്ഷണം വേണമെങ്കില്‍ എന്നോടു സമാധാനയുടമ്പടി ചെയ്യട്ടെഎന്നോടു സമാധാനത്തില്‍ കഴിയട്ടെ!   
6: ഭാവിയില്‍ യാക്കോബു വേരുപിടിക്കുംഇസ്രായേല്‍ പുഷ്പിക്കുകയും ശാഖകള്‍വിരിക്കുകയുംചെയ്യും. ഭൂമിമുഴുവന്‍ അതിന്റെ ഫലങ്ങള്‍കൊണ്ടു നിറയും.   
7: ഇസ്രായേലിന്റെ ശത്രുക്കളെ പ്രഹരിച്ചതുപോലെ അവിടുന്നിസ്രായേലിനെ പ്രഹരിച്ചിട്ടുണ്ടോഇസ്രായേല്‍ജനത്തിന്റെ ഘാതകരെ വധിച്ചതുപോലെ അവിടുന്നിസ്രായേല്‍ജനത്തെ വധിച്ചിട്ടുണ്ടോ?   
8: അവിടുന്നവരെ പ്രവാസത്തിലയച്ചു ശിക്ഷിച്ചു. കിഴക്കന്‍കാറ്റിന്റെനാളില്‍ അവിടുന്നവരെ ഊതിപ്പറപ്പിച്ചു.  
9: അങ്ങനെ യാക്കോബിന്റെ പാപം പരിഹരിക്കപ്പെടും. അവന്റെ പാപമോചനത്തിന്റെ പൂര്‍ണ്ണഫലമിതാണ്: ചുണ്ണാമ്പുകല്ലുപോലെ അവന്‍ ബലിപീഠത്തിന്റെ കല്ലുകള്‍ പൊടിച്ചുകളയുകയും അഷേരാപ്രതിഷ്ഠകളും ധൂപപീഠങ്ങളും നശിപ്പിക്കുകയുംചെയ്യും. 
10: ബലിഷ്ഠനഗരം വിജനമായിരിക്കുന്നു. ജനനിബിഡമായ നഗരം, മരുഭൂമിപോലെ വിജനവും ശൂന്യവുമായിരിക്കുന്നു. അവിടെ കാളക്കിടാവു മേഞ്ഞുനടക്കുകയും വിശ്രമിക്കുകയും ഓരോ പൊടിപ്പും തകര്‍ക്കുകയുംചെയ്യുന്നു.   
11: മരച്ചില്ലകളുണങ്ങിഒടിഞ്ഞുവീഴുന്നുസ്ത്രീകള്‍ അതു ശേഖരിച്ചു തീകത്തിക്കുന്നുവിവേകംകെട്ട ഒരു ജനമാണിത്. അതിനാല്‍, അവരുടെ സ്രഷ്ടാവിന് അവരുടെമേല്‍ കാരുണ്യമില്ലഅവര്‍ക്കു രൂപംനല്കിയവന് അവരില്‍ പ്രസാദമില്ല.  
12: അന്നു യൂഫ്രട്ടീസ് നദിമുതല്‍ ഈജിപ്തുതോടുവരെ കര്‍ത്താവു കറ്റമെതിക്കും. ഇസ്രായേല്‍ജനമേനിങ്ങളെ ഓരോരുത്തരെയായി കര്‍ത്താവു ശേഖരിക്കും.   
13: അന്ന്ഒരു വലിയ കാഹളധ്വനി ഉയരുംഅസ്സീറിയായില്‍ നഷ്ടപ്പെട്ടവരും ഈജിപ്തിലേക്കു ഓടിക്കപ്പെട്ടവരും വന്ന്, ജറുസലെമിലെ വിശുദ്ധഗിരിയില്‍ കര്‍ത്താവിനെയാരാധിക്കും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ