നൂറ്റിതൊണ്ണൂറ്റിമൂന്നാം ദിവസം: പ്രഭാഷകന്‍ 1 - 5

അദ്ധ്യായം 1

ജ്ഞാനത്തിന്റെ രഹസ്യം

1: സര്‍വ്വജ്ഞാനവും കര്‍ത്താവില്‍നിന്നുവരുന്നു. അതെന്നേയ്ക്കും അവിടുത്തോടുകൂടെയാണ്. 
2: കടല്‍ത്തീരത്തെ മണല്‍ത്തരികളും മഴത്തുള്ളികളും നിത്യതയുടെ ദിനങ്ങളുമെണ്ണാൻ ആര്‍ക്കുകഴിയും? 
3: ആകാശത്തിന്റെ ഉയരവും ഭൂമിയുടെ വിസ്തൃതിയും പാതാളത്തിന്റെ ആഴവും നിര്‍ണ്ണയിക്കാന്‍ ആര്‍ക്കുസാധിക്കും?  
4: ജ്ഞാനമാണ് എല്ലാറ്റിനുംമുമ്പു സൃഷ്ടിക്കപ്പെട്ടത്;   
5: വിവേകപൂര്‍ണ്ണമായ അറിവ്, അനാദിയാണ്.   
6: ജ്ഞാനത്തിന്റെ വേരുകള്‍ ആര്‍ക്കു വെളിപ്പെട്ടിരിക്കുന്നു?   
7: അവളുടെ സൂക്ഷ്മമാര്‍ഗ്ഗങ്ങള്‍ ആരറിയുന്നു?   
8: ജ്ഞാനിയായി ഒരുവനേയുള്ളുഭയം ജനിപ്പിക്കുന്ന അവിടുന്നു സിംഹാസനത്തില്‍ ഉപവിഷ്ടനായിരിക്കുന്നു.   
9: കര്‍ത്താവാണു ജ്ഞാനത്തെ സൃഷ്ടിച്ചത്അവിടുന്നവളെ കാണുകയും തിട്ടപ്പെടുത്തുകയും ചെയ്തുതന്റെ സൃഷ്ടികളിലെല്ലാം അവിടുന്നവളെ പകര്‍ന്നു. 
10: അവിടുന്നു നല്കിയ അളവില്‍ അവള്‍ എല്ലാവരിലും വസിക്കുന്നുതന്നെ സ്നേഹിക്കുന്നവര്‍ക്ക് അവിടുന്നവളെ സമൃദ്ധമായി നല്കിയിരിക്കുന്നു. 

ദൈവഭക്തി
11: മഹത്വവും ആനന്ദവും സന്തോഷവും ആഹ്ലാദത്തിന്റെ മകുടവുമാണു കര്‍ത്താവിനോടുള്ള ഭക്തി.   
12: അതു ഹൃദയത്തെ ആനന്ദിപ്പിക്കുന്നുസന്തോഷവും ആനന്ദവും ദീര്‍ഘായുസ്സും പ്രദാനംചെയ്യുന്നു.   
13: കര്‍ത്താവിനെ ഭയപ്പെടുന്നവന്റെ അവസാനം ശുഭമായിരിക്കുംമരണദിവസം അവന്‍ അനുഗൃഹീതനാകും.   
14: കര്‍ത്താവിനോടുള്ള ഭക്തി, ജ്ഞാനത്തിന്റെ ആരംഭമാകുന്നുമാതൃഗര്‍ഭത്തില്‍ വിശ്വാസിയുരുവാകുമ്പോള്‍ അവളും സൃഷ്ടിക്കപ്പെടുന്നു.   
15: മനുഷ്യരുടെയിടയില്‍ അവള്‍ നിത്യവാസമുറപ്പിച്ചുഅവരുടെ സന്തതികളോട് അവള്‍ വിശ്വസ്തത പുലര്‍ത്തും. 
16: കര്‍ത്താവിനോടുള്ള ഭക്തി ജ്ഞാനത്തിന്റെ പൂര്‍ണ്ണതയാണ്അവള്‍ തന്റെ സത്ഫലങ്ങള്‍കൊണ്ടു മനുഷ്യരെ തൃപ്തരാക്കുന്നു. 
17: അവളുടെ ഭവനം അഭികാമ്യവസ്തുക്കള്‍കൊണ്ടു നിറയുന്നു; അവളുടെ കലവറ വിഭവങ്ങള്‍കൊണ്ടും.   
18: കര്‍ത്താവിനോടുള്ള ഭക്തി, ജ്ഞാനത്തിന്റെ മകുടമാകുന്നുഅതു സമാധാനവും ആരോഗ്യവും സമൃദ്ധമാക്കുന്നു. 
19: കര്‍ത്താവവളെ കാണുകയും തിട്ടപ്പെടുത്തുകയും ചെയ്തുഅവിടുന്ന്, അറിവും വിവേകവും വര്‍ഷിക്കുന്നുഅവളെ ചേര്‍ത്തണയ്ക്കുന്നവരെ അവിടുന്നു മഹത്വമണിയിക്കുന്നു.   
20: കര്‍ത്താവിനോടുള്ള ഭക്തി, ജ്ഞാനത്തിന്റെ തായ്‌വേരാണ്;   
21: ദീര്‍ഘായുസ്സ് അവളുടെ ശാഖകളും.   
22: അനീതിയായ കോപത്തിനു ന്യായീകരണമില്ലകോപം മനുഷ്യനെ നാശത്തിലേക്കു തള്ളുന്നു.   
23: ക്ഷമാശീലനു കുറച്ചുകാലത്തേക്കുമാത്രമേ സഹിക്കേണ്ടിവരൂ. അതുകഴിഞ്ഞാല്‍ അവന്റെമുമ്പില്‍ സന്തോഷം പൊട്ടിവിടരും.   
24: തക്കസമയംവരെ അവന്‍ തന്റെ ചിന്ത രഹസ്യമായി വയ്ക്കുന്നുഅനേകര്‍ അവന്റെ വിവേകത്തെ പ്രകീര്‍ത്തിക്കും.  
25: വിജ്ഞാനഭണ്ഡാരങ്ങളില്‍ ജ്ഞാനസൂക്തങ്ങള്‍ നിറഞ്ഞിരിക്കുന്നുഎന്നാല്‍, പാപിക്കു ദൈവഭക്തി അരോചകമാണ്.
26: ജ്ഞാനമാഗ്രഹിക്കുന്നവന്‍ പ്രമാണം കാക്കട്ടെകര്‍ത്താവ്, അതു പ്രദാനംചെയ്യും. 
27: കര്‍ത്താവിനോടുള്ള ഭക്തി, ജ്ഞാനവും പ്രബോധനവുമാകുന്നുഅവിടുന്നു വിശ്വസ്തതയിലും വിനയത്തിലും പ്രസാദിക്കുന്നു.   
28: കര്‍ത്താവിനോടുള്ള ഭക്തി അവഗണിക്കുകയോ വിഭക്തഹൃദയത്തോടെ അവിടുത്തെ സമീപിക്കുകയോ അരുത്.  
29: മനുഷ്യരുടെമുമ്പില്‍ കപടനാട്യംകാണിക്കാതെ അധരങ്ങളെ സൂക്ഷിക്കുക.   
30: വീണ്, അവമതിയേല്ക്കാതിരിക്കാന്‍ ആത്മപ്രശംസ ഒഴിവാക്കുക. കപടഹൃദയനായ നീ കര്‍ത്താവിനെ ഭയപ്പെടാത്തതുകൊണ്ട്, അവിടുന്നു നിന്റെ രഹസ്യങ്ങള്‍ വെളിപ്പെടുത്തിസമൂഹത്തിന്റെമുമ്പാകെ നിന്നെ താഴ്ത്തും.

അദ്ധ്യായം 2

കര്‍ത്താവിലാശ്രയിക്കുക

1: എന്റെ മകനേനീ കര്‍ത്തൃശുശ്രൂഷയ്ക്ക് ഒരുമ്പെടുന്നെങ്കില്‍ പ്രലോഭനങ്ങളെ നേരിടാന്‍ ഒരുങ്ങിയിരിക്കുക. 
2: നിന്റെ ഹൃദയം അവക്രവും അചഞ്ചലവുമായിരിക്കട്ടെആപത്തില്‍ അടിപതറരുത്. 
3: അവിടുത്തോടു വിട്ടകലാതെ ചേര്‍ന്നുനില്ക്കുകനിന്റെ അന്ത്യദിനങ്ങള്‍ ധന്യമായിരിക്കും. 
4: വരുന്ന ദുരിതങ്ങളെല്ലാം സ്വീകരിക്കുകഞെരുക്കുന്ന ദൗര്‍ഭാഗ്യങ്ങളില്‍ ശാന്തത വെടിയരുത്. 
5: എന്തെന്നാല്‍, സ്വര്‍ണ്ണം അഗ്നിയില്‍ ശുദ്ധിചെയ്യപ്പെടുന്നുസഹനത്തിന്റെ ചൂളയില്‍ കര്‍ത്താവിനു സ്വീകാര്യരായ മനുഷ്യരും. 
6: കര്‍ത്താവിലാശ്രയിക്കുക. അവിടുന്നു നിന്നെ സഹായിക്കും. നേരായ മാര്‍ഗ്ഗത്തില്‍ ചരിക്കുകകര്‍ത്താവില്‍ പ്രത്യാശയര്‍പ്പിക്കുക. 
7: കര്‍ത്താവിന്റെ ഭക്തരേഅവിടുത്തെ കരുണയ്ക്കുവേണ്ടി കാത്തിരിക്കുവിന്‍; വീഴാതിരിക്കാന്‍ വഴിതെറ്റരുത്.  
8: കര്‍ത്താവിന്റെ ഭക്തരേഅവിടുത്തെ ആശ്രയിക്കുവിന്‍; പ്രതിഫലം ലഭിക്കാതിരിക്കുകയില്ല. 
9: കര്‍ത്താവിന്റെ ഭക്തരേഐശ്വര്യവും നിത്യാനന്ദവും അനുഗ്രഹവും പ്രതീക്ഷിക്കുവിന്‍. 
10: കഴിഞ്ഞതലമുറകളെപ്പറ്റി ചിന്തിക്കുവിന്‍; കര്‍ത്താവിനെ ആശ്രയിച്ചിട്ട് ആരാണു ഭഗ്നാശനായത്കര്‍ത്താവിന്റെ ഭക്തരില്‍ ആരാണു പരിത്യക്തനായത്അവിടുത്തെ വിളിച്ചപേക്ഷിച്ചിട്ട്, ആരാണവഗണിക്കപ്പെട്ടത്?   
11: കര്‍ത്താവ് ആര്‍ദ്രഹൃദയനും കരുണാമയനുമാണ്. അവിടുന്നു പാപങ്ങള്‍ ക്ഷമിക്കുകയും കഷ്ടതയുടെ ദിനങ്ങളില്‍ രക്ഷയ്ക്കെത്തുകയും ചെയ്യുന്നു. 
12: ഭീരുത്വംനിറഞ്ഞ ഹൃദയങ്ങള്‍ക്കും അലസകരങ്ങള്‍ക്കും കപടജീവിതംനയിക്കുന്ന പാപികള്‍ക്കും കഷ്ടം!   
13: ദുര്‍ബലഹൃദയര്‍ക്കും ദുരിതം! എന്തെന്നാല്‍, അവര്‍ക്കു വിശ്വാസമില്ല, അവര്‍ അരക്ഷിതരായിരിക്കും.   
14: ക്ഷമകെട്ടവര്‍ക്കു ദുരിതം! കര്‍ത്താവു ന്യായംവിധിക്കുമ്പോള്‍ നിങ്ങളെന്തുചെയ്യും?   
15: കര്‍ത്താവിനെ ഭയപ്പെടുന്നവര്‍ അവിടുത്തെ വചനം ധിക്കരിക്കുകയില്ലഅവിടുത്തെ സ്നേഹിക്കുന്നവര്‍ അവിടുത്തെ മാര്‍ഗ്ഗത്തില്‍ ചരിക്കുന്നു.   
16: കര്‍ത്താവിനെ ഭയപ്പെടുന്നവര്‍ അവിടുത്തെ ഇഷ്ടമന്വേഷിക്കും: അവിടുത്തെ സ്നേഹിക്കുന്നവര്‍ അവിടുത്തെ പ്രമാണങ്ങളാല്‍ പരിപുഷ്ടരാകും.   
17: കര്‍ത്താവിനെ ഭയപ്പെടുന്നവര്‍ ഹൃദയമൊരുക്കിവയ്ക്കുംഅവിടുത്തെമുമ്പില്‍ വിനീതരായിരിക്കുകയും ചെയ്യും.  
18: നമുക്കു മനുഷ്യകരങ്ങളിലല്ല, കര്‍ത്തൃകരങ്ങളില്‍ നമ്മെത്തന്നെയര്‍പ്പിക്കാംഎന്തെന്നാല്‍ അവിടുത്തെ പ്രഭാവംപോലെതന്നെയാണ് അവിടുത്തെ കാരുണ്യവും. 


അദ്ധ്യായം 3

മാതാപിതാക്കന്മാരോടുള്ള കടമകള്‍
1: കുഞ്ഞുങ്ങളേനിങ്ങളുടെ പിതാവായ എന്റെ വാക്കു കേള്‍ക്കുവിന്‍; സുരക്ഷിതരായിരിക്കാന്‍ അതനുസരിച്ചു പ്രവര്‍ത്തിക്കുവിന്‍. 
2: മക്കള്‍ പിതാവിനെ ബഹുമാനിക്കണമെന്നു കര്‍ത്താവാഗ്രഹിക്കുന്നുഅവിടുന്നു പുത്രന്മാരുടെമേല്‍ അമ്മയ്ക്കുള്ള അവകാശമുറപ്പിച്ചിരിക്കുന്നു. 
3: പിതാവിനെ ബഹുമാനിക്കുന്നവന്‍ തന്റെ പാപങ്ങള്‍ക്കു പ്രായശ്ചിത്തം ചെയ്യുന്നു. 
4: അമ്മയെ മഹത്വപ്പെടുത്തുന്നവന്‍ നിക്ഷേപം കൂട്ടിവയ്ക്കുന്നു. 
5: പിതാവിനെ ബഹുമാനിക്കുന്നവനെ അവന്റെ മക്കള്‍ സന്തോഷിപ്പിക്കും. അവന്റെ പ്രാര്‍ത്ഥന കര്‍ത്താവു കേള്‍ക്കും.  
6: പിതാവിനെ ബഹുമാനിക്കുന്നവന്‍ ദീര്‍ഘകാലം ജീവിക്കുംകര്‍ത്താവിനെ അനുസരിക്കുന്നവന്‍ തന്റെ അമ്മയെ സന്തോഷിപ്പിക്കുന്നു.   
7: ദാസനെന്നപോലെ അവന്‍ മാതാപിതാക്കന്മാരെ സേവിക്കും.   
8: പിതാവിനെ വാക്കിലും പ്രവൃത്തിയിലും ബഹുമാനിച്ച്അവന്റെ അനുഗ്രഹത്തിനു പാത്രമാവുക.   
9: പിതാവിന്റെ അനുഗ്രഹം മക്കളുടെ ഭവനങ്ങളെ ബലവത്താക്കുംഅമ്മയുടെ ശാപം അവയുടെ അടിത്തറയിളക്കും.  
10: മഹത്വം കാംക്ഷിച്ച് പിതാവിനെ അവമാനിക്കരുത്പിതാവിന്റെ അവമാനം ആര്‍ക്കും ബഹുമതിയല്ല. 
11: പിതാവിനെ ബഹുമാനിക്കുന്നവന്‍ മഹത്വമാര്‍ജ്ജിക്കുന്നുഅമ്മയെ അനാദരിക്കുന്നവന്‍ അപകീര്‍ത്തിക്കിരയാകും.  
12: മകനേപിതാവിനെ വാര്‍ദ്ധക്യത്തില്‍ സഹായിക്കുകമരിക്കുന്നതുവരെ അവനു ദുഃഖമുണ്ടാക്കരുത്.   
13: അവന് അറിവു കുറവാണെങ്കിലും സഹിഷ്ണുത കാണിക്കുകനീ എത്ര ബലവാനാണെങ്കിലും അവനെ നിന്ദിക്കരുത്. 
14: പിതാവിനോടു കാണിക്കുന്ന കാരുണ്യം വിസ്മരിക്കപ്പെടുകയില്ലപാപങ്ങളുടെ കടംവീടുന്നതിന് അതുപകരിക്കും. 
15: കഷ്ടതയുടെ ദിനത്തില്‍ അതു നിനക്കു കാരുണ്യത്തിനായി ഭവിക്കും. സൂര്യപ്രകാശത്തില്‍ മൂടല്‍മഞ്ഞെന്നപോലെ നിന്റെ പാപങ്ങള്‍ മാഞ്ഞുപോകും.  
16: പിതാവിനെ പരിത്യജിക്കുന്നതു ദൈവദൂഷണത്തിനു തുല്യമാണ്മാതാവിനെ പ്രകോപിപ്പിക്കുന്നവന്‍ കര്‍ത്താവിന്റെ ശാപമേല്ക്കും.

എളിമ   
17: മകനേസൗമ്യതയോടുകൂടെ കര്‍ത്തവ്യങ്ങളനുഷ്ഠിക്കുകദൈവത്തിന് അഭിമതരായവര്‍ നിന്നെ സ്നേഹിക്കും.  
18: നീ എത്ര ഉന്നതനാണോ അത്രമാത്രം വിനീതനാവുക;   
19: അപ്പോള്‍ കര്‍ത്താവിന്റെ കൃപയ്ക്കു നീ പാത്രമാകും.   
20: കര്‍ത്താവിന്റെ ശക്തി വലുതാണ്വിനീതര്‍ അവിടുത്തെ മഹത്വപ്പെടുത്തുന്നു.   
21: അതികഠിനമെന്നു തോന്നുന്നതന്വേഷിക്കേണ്ടാദുഷ്കരമായതു പരീക്ഷിക്കുകയുംവേണ്ടാ. 
22: നിന്നെ ഏല്പിച്ചതിനെപ്പറ്റി ചിന്തിക്കുകനിഗൂഢമായതു നിനക്കാവശ്യമില്ല.   
23: നിനക്കു ദുഷ്‌കരമായവയില്‍ ഇടപെടരുത്എന്തെന്നാല്‍, മനുഷ്യന് അഗ്രാഹ്യമായ കാര്യങ്ങളാണ് നിനക്കു വെളിപ്പെടുത്തിയിരിക്കുന്നത്.   
24: വിവേകശൂന്യമായ തീരുമാനം അനേകരെ വഴിതെറ്റിച്ചിട്ടുണ്ട്.   
25: അബദ്ധാഭിപ്രായം ചിന്താക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്.   

അഹങ്കാരം
26: നിര്‍ബ്ബന്ധബുദ്ധി നാശത്തിലൊടുങ്ങുംസാഹസബുദ്ധി അപകടത്തില്‍ച്ചാടും. 
27: ദുശ്ശാഠ്യമുള്ള മനസ്സു കഷ്ടതകള്‍ക്കടിപ്പെടുംപാപി, പാപം കുന്നുകൂട്ടും.   
28: അഹങ്കാരിയുടെ കഷ്ടതകള്‍ക്കു പ്രതിവിധിയില്ലഎന്തെന്നാല്‍, ദുഷ്ടത അവനില്‍ വേരുറച്ചു വളരുന്നു.   
29: ബുദ്ധിമാനായ മനുഷ്യന്‍ പഴമൊഴിയുടെ പൊരുള്‍ ഗ്രഹിക്കുന്നു; വിജ്ഞാനം ശ്രദ്ധിക്കുന്ന ചെവിയാണു ബുദ്ധിമാന്‍ അഭിലഷിക്കുന്നത്.   

ദാനധര്‍മ്മം
30: ജലം, ജ്വലിക്കുന്ന അഗ്നിയെ കെടുത്തുന്നതുപോലെ ദാനധര്‍മ്മം പാപത്തിനു പരിഹാരമാണ്.   
31: നന്മയ്ക്കുപകരം നന്മ ചെയ്യുന്നവന്‍ സ്വന്തം ഭാവിയുറപ്പിക്കുന്നുവീഴ്ചയുണ്ടാകുമ്പോള്‍ അവനു സഹായം ലഭിക്കും. 

അദ്ധ്യായം 4


1: മകനേപാവപ്പെട്ടവന്റെ ഉപജീവനം തടയരുത്ആവശ്യക്കാരനെ കാത്തിരുത്തി വിഷമിപ്പിക്കരുത്.   
2: വിശക്കുന്നവനെ ദുഃഖിപ്പിക്കരുത്ഇല്ലാത്തവനെ ക്ഷോഭിപ്പിക്കരുത്.   
3: കോപാകുലമായ മനസ്സിന്റെ അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കരുത്യാചകനു ദാനം താമസിപ്പിക്കയുമരുത്. 
4: കഷ്ടതയനുഭവിക്കുന്ന ശരണാര്‍ത്ഥിയെ നിരാകരിക്കുകയോദരിദ്രനില്‍നിന്നു മുഖംതിരിക്കുകയോ ചെയ്യരുത്. 
5: ആവശ്യക്കാരനില്‍നിന്നു കണ്ണു തിരിക്കരുത്നിന്നെ ശപിക്കാന്‍ ആര്‍ക്കും ഇടനല്കുകയുമരുത്. 
6: എന്തെന്നാല്‍, മനംനൊന്തു ശപിച്ചാല്‍ സ്രഷ്ടാവതു കൈക്കൊള്ളും. 
7: സമൂഹത്തില്‍ സമ്മതനാവുകനായകനെ നമിക്കുക.   
8: പാവപ്പെട്ടവന്റെ വാക്കു ശ്രദ്ധിച്ചുകേട്ട്, സമാധാനത്തോടും സൗമ്യതയോടുംകൂടെ മറുപടി നല്കുക. 
9: മര്‍ദ്ദകന്റെ കൈയില്‍നിന്നു മര്‍ദ്ദിതനെ രക്ഷിക്കുകഅചഞ്ചലനായി ന്യായം വിധിക്കുക. 
10: അനാഥര്‍ക്കു പിതാവും അവരുടെ അമ്മയ്ക്കു ഭര്‍ത്തൃതുല്യനുമായിരിക്കുകഅപ്പോള്‍ അത്യുന്നതന്‍ നിന്നെ പുത്രനെന്നു വിളിക്കുകയുംഅമ്മയുടേതിനെക്കാള്‍ വലിയ സ്നേഹം അവിടുന്നു നിന്നോടു കാണിക്കുകയുംചെയ്യും. 

ജീവന്റെ മാര്‍ഗ്ഗം
11: ജ്ഞാനം തന്റെ പുത്രന്മാരെ മഹത്വത്തിലേക്കുയര്‍ത്തുകയും തന്നെത്തേടുന്നവനെ സഹായിക്കുകയുംചെയ്യുന്നു. 
12: അവളെ സ്നേഹിക്കുന്നവന്‍ ജീവനെ സ്നേഹിക്കുന്നുഅവളെ അതിരാവിലെയന്വേഷിക്കുന്നവര്‍ ആനന്ദംകൊണ്ടു നിറയും.   
13: അവളെ ആശ്ലേഷിക്കുന്നവന്‍ മഹത്വംപ്രാപിക്കുംഅവന്‍ വസിക്കുന്നിടം കര്‍ത്താവിനാലനുഗൃഹീതം.   
14: അവളെ സേവിക്കുന്നവന്‍ പരിശുദ്ധനായവനെ സേവിക്കുന്നുഅവളെ സ്നേഹിക്കുന്നവനെ കര്‍ത്താവു സ്നേഹിക്കുന്നു.
15: അവളെയനുസരിക്കുന്നവന്‍ ജനതകളെ വിധിക്കുംഅവളുടെ വാക്കുകേള്‍ക്കുന്നവന്‍ സുരക്ഷിതനായിരിക്കും. 
16: അവളെ വിശ്വസിക്കുന്നവന് അവളെ ലഭിക്കുംഅവന്റെ സന്തതികള്‍ക്കും അവളധീനയായിരിക്കും. 
17: ആദ്യമവനെ ക്ലിഷ്ടമാര്‍ഗ്ഗങ്ങളിലൂടെ നയിക്കുംഅങ്ങനെ അവനില്‍ ഭയവും ഭീരുത്വവുമുളവാക്കുംഅവനില്‍ വിശ്വാസമുറയ്ക്കുന്നതുവരെ അവള്‍ തന്റെ ശിക്ഷണത്താല്‍ അവനെ പീഡിപ്പിക്കുംതന്റെ ശാസനങ്ങള്‍വഴി അവനെ പരീക്ഷിക്കുകയുംചെയ്യും. 
18: അതിനുശേഷം അവള്‍ നേര്‍വഴികാട്ടി അവനെ ആനന്ദിപ്പിക്കുകയും അവനു തന്റെ രഹസ്യങ്ങള്‍ വെളിപ്പെടുത്തിക്കൊടുക്കുകയും ചെയ്യും.   
19: അവന്‍ വഴിതെറ്റിപ്പോയാല്‍, അവളവനെ പരിത്യജിക്കുകയും നാശത്തിനു വിടുകയുംചെയ്യും.   

ലജ്ജാശീലം
20: തക്കസമയം വിവേചിച്ചറിയുകയും തിന്മയ്‌ക്കെതിരേ ജാഗരൂകതപുലര്‍ത്തുകയും ചെയ്യുകസ്വയം അവമാനം വരുത്തിവയ്ക്കരുത്. 
21: എന്തെന്നാല്‍, പാപഹേതുവായ ലജ്ജയുണ്ട്മഹത്വവും കൃപയുംനല്കുന്ന ലജ്ജയുമുണ്ട്. 
22: നിനക്കുതന്നെ ദ്രോഹംചെയ്യുന്നവിധം പക്ഷപാതം കാണിക്കരുത്നിന്റെ പതനത്തിനു കാരണമാകുംവിധം അന്യര്‍ക്കു വഴങ്ങുകയുമരുത്.   
23: ഉചിതമായ സന്ദര്‍ഭങ്ങളില്‍ സംസാരിക്കാതെ പിന്‍വാങ്ങരുത്; ജ്ഞാനം നീ മറച്ചുവയ്ക്കരുത്.   
24: ജ്ഞാനവും പ്രബോധനവും ഭാഷണത്തിലൂടെ പ്രകടമാകുന്നു.   
25: സത്യവിരുദ്ധമായി ഒരിക്കലും വാദിക്കരുത്സ്വന്തം അജ്ഞതയെക്കുറിച്ചു ബോധവാനായിരിക്കണം.   
26: തെറ്റു സമ്മതിക്കാന്‍ ലജ്ജിക്കേണ്ടതില്ലഒഴുക്കിനെതിരേ നീന്തരുത്.   
27: വിഡ്ഢിക്കു കീഴ്‌പ്പെടരുത്അധികാരികളോടു പക്ഷപാതംകാണിക്കയുമരുത്.  
28: മരിക്കേണ്ടിവന്നാലും സത്യംവെടിയരുത്ദൈവമായ കര്‍ത്താവു നിനക്കുവേണ്ടി പൊരുതിക്കൊള്ളും.   
29: വിവേകംവിട്ടു സംസാരിക്കരുത്പ്രവൃത്തിയില്‍ അശ്രദ്ധയും ആലസ്യവുംപാടില്ല. 
30: ഭവനത്തില്‍ സിംഹത്തെപ്പോലെയാകരുത്ഭൃത്യന്മാരുടെ കുറ്റംനോക്കിനടക്കരുത്. 
31: വാങ്ങാന്‍ കൈനീട്ടുകയോ കൊടുക്കുമ്പോള്‍ പിന്‍വലിക്കുകയോ അരുത്. സമ്പത്തില്‍ ഗര്‍വ്വരുത്. 


അദ്ധ്യായം 5

1: സമ്പത്തിലാശ്രയിക്കരുത്എനിക്കു മതിയാവോളമുണ്ടെന്നു മേനിപറയുകയുമരുത്.   
2: സ്വന്തം കഴിവിലാശ്രയിച്ചു ഹൃദയാഭിലാഷങ്ങള്‍ക്കൊത്തു ജീവിക്കരുത്. 
3: ആരുണ്ടെന്നെ നിയന്ത്രിക്കാന്‍ എന്നുപറയരുത്കര്‍ത്താവു നിന്നെ ശിക്ഷിക്കുംതീര്‍ച്ച.   
4: പാപംചെയ്തിട്ട്, എനിക്കെന്തു സംഭവിച്ചു എന്നും പറയരുത്കര്‍ത്തൃകോപം സാവധാനമേ വരൂ.   
5: ക്ഷമിക്കുമെന്നോര്‍ത്തു വീണ്ടുംവീണ്ടും പാപംചെയ്യരുത്.   
6: അവിടുത്തെ കാരുണ്യം നിസ്സീമമാണ്അവിടുന്നെന്റെ എണ്ണമറ്റ പാപങ്ങള്‍ ക്ഷമിക്കുമെന്നു പറയരുത്. കാരുണ്യത്തോടൊപ്പം ക്രോധവും കര്‍ത്താവിലുണ്ട്അവിടുത്തെ ക്രോധം പാപികളുടെമേല്‍ പതിക്കും. 
7: കര്‍ത്താവിങ്കലേക്കു തിരിയാന്‍ വൈകരുത്: നാളെനാളെ എന്നു നീട്ടിവയ്ക്കുകയുമരുത്. അവിടുത്തെ ക്രോധം അവിചാരിതമായി ഉണരുകയും ആ ശിക്ഷയില്‍ നീ നശിക്കുകയും ചെയ്യും.   
8: വ്യാജംകൊണ്ടുനേടിയ ധനത്തിലാശ്രയിക്കരുത്ആപത്തില്‍ അതുപകരിക്കുകയില്ല. 

നിര്‍വ്യാജമായ സംസാരം
9: ഏതു കാറ്റത്തും പാറ്റുകയോ എല്ലാ മാര്‍ഗ്ഗത്തിലും ചരിക്കുകയോ അരുത്കപടഭാഷണംനടത്തുന്ന പാപി ചെയ്യുന്നതതാണ്. 
10: നീ അറിവില്‍ സ്ഥൈര്യം പാലിക്കുകനിന്റെ വാക്കുകളില്‍ പൊരുത്തക്കേടുണ്ടാകരുത്;   
11: കേള്‍ക്കുന്നതില്‍ ജാഗരൂകതയും മറുപടിപറയുന്നതില്‍ അവധാനവും കാട്ടുക. 
12: അറിയാമെങ്കിലേ പറയാവൂ; ഇല്ലെങ്കില്‍ വായ് തുറക്കരുത്.   
13: മാനവും അവമാനവും വാക്കിലൂടെ വരുന്നുവീഴ്ചയ്ക്കു വഴിതെളിക്കുന്നതും നാവുതന്നെ.   
14: ഏഷണിക്കാരനെന്നു പേരു കേള്‍പ്പിക്കരുത്നാവുകൊണ്ടു കെണി വയ്ക്കുകയുമരുത്കള്ളന് അവമതിയും കപടഭാഷിക്കു രൂക്ഷമായ ശകാരവും ലഭിക്കും. 
15: കാര്യം വലുതായാലും ചെറുതായാലും അനുചിതമായി പ്രവര്‍ത്തിക്കരുത്സ്നേഹിതനാകുന്നതിനു പകരം ശത്രുവായിത്തീരരുത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ