നൂറ്റിത്തൊണ്ണൂറ്റിയൊമ്പതാം ദിവസം: പ്രഭാഷകന്‍ 30 - 34


അദ്ധ്യായം 30

കുട്ടികളുടെ ശിക്ഷണം
1: പുത്രനെ സ്‌നേഹിക്കുന്നവന്‍, അവനെ പലപ്പോഴും അടിക്കുന്നു; വളര്‍ന്നുവരുമ്പോള്‍ അവന്‍ പിതാവിനെ സന്തോഷിപ്പിക്കും.
2: മകനെ ശിക്ഷണത്തില്‍ വളര്‍ത്തുന്നവന്, അവന്‍മൂലം നന്മയുണ്ടാകും; സ്നേഹിതരുടെമുമ്പില്‍ അവനെക്കുറിച്ച് അഭിമാനിക്കുകയും ചെയ്യും.
3: മകനെ പഠിപ്പിക്കുന്നവന്‍ ശത്രുക്കളെ അസൂയാലുക്കളാക്കുന്നു; സ്‌നേഹിതരുടെമുമ്പില്‍ അവനഭിമാനിക്കാം.
4: ആ പിതാവു മരിച്ചാലും മരിക്കുന്നില്ല: തന്നെപ്പോലെ ഒരുവനെ അവനവശേഷിപ്പിച്ചിട്ടുണ്ട്.
5: ജീവിച്ചിരുന്നപ്പോള്‍ അവന്‍ മകനെക്കണ്ടു സന്തോഷിച്ചു; മരിക്കുമ്പോള്‍ അവനു ദുഃഖമില്ല.
6: ശത്രുക്കളോടു പകരംവീട്ടാനും സ്നേഹിതന്മാര്‍ക്കു പ്രത്യുപകാരംചെയ്യാനും അവന്‍ ഒരുവനെ അവശേഷിപ്പിച്ചിട്ടുണ്ട്.
7: മകനെ വഷളാക്കുന്നവനു മുറിവു വച്ചുകെട്ടേണ്ടിവരും; അവന്റെ ഓരോ നിലവിളിയും പിതാവിനെ വേദനിപ്പിക്കും.
8: മെരുക്കാത്ത കുതിര ദുശ്ശാഠ്യംകാണിക്കും; ശിക്ഷണം ലഭിക്കാത്ത പുത്രന്‍ തന്നിഷ്ടക്കാരനാകും.
9: പുത്രനെ അമിതമായി ലാളിച്ചാല്‍ അവന്‍ നിന്നെ ഭയപ്പെടുത്തും; അവനോടുകൂടെ കളിക്കുക, അവന്‍ നിന്നെ ദുഃഖിപ്പിക്കും.
10: അവനോടുകൂടെ ഉല്ലസിക്കരുത്; ഒടുക്കം നീ ദുഃഖിച്ചു പല്ലു ഞെരിക്കും.
11: അവനു യൗവനത്തില്‍ അധികാരം നല്കുകയോ അവന്റെ തെറ്റുകള്‍ അവഗണിക്കുകയോ അരുത്.
12: ചെറുപ്പത്തിലേതന്നെ അവനെ വിനയമഭ്യസിപ്പിക്കുകയും ശിക്ഷിക്കുകയുംചെയ്യുക; അല്ലെങ്കില്‍ അവന്‍ അനുസരണമില്ലാത്ത, നിര്‍ബ്ബന്ധബുദ്ധിയായിത്തീര്‍ന്ന് നിന്നെ ദുഃഖിപ്പിക്കും.
13: മകന്റെ ലജ്ജാകരമായ പ്രവൃത്തികള്‍നിമിത്തം ദുഃഖിക്കാതിരിക്കേണ്ടതിന് അവനെ ശിക്ഷണത്തില്‍വളര്‍ത്താന്‍ ശ്രദ്ധിക്കുക.

ആരോഗ്യം
14: കഠിനമായ ശാരീരികവേദനയനുഭവിക്കുന്ന ധനികനെക്കാള്‍, അരോഗദൃഢഗാത്രനായ ദരിദ്രനാണു ഭാഗ്യവാന്‍.
15: ആരോഗ്യം സ്വര്‍ണ്ണത്തെക്കാള്‍ ശ്രേഷ്ഠമാണ്; ബലിഷ്ഠമായ ശരീരം, അളവറ്റ ധനത്തെക്കാളും.
16: ശരീരത്തിന്റെ ആരോഗ്യത്തെക്കാള്‍ മെച്ചപ്പെട്ട സമ്പത്തോ ഹൃദയാനന്ദത്തിലുപരിയായ സന്തോഷമോ ഇല്ല.
17: ദുരിതപൂര്‍ണ്ണമായ ജീവിതത്തെക്കാള്‍ മരണവും മാറാരോഗത്തെക്കാള്‍ നിത്യവിശ്രമവും മെച്ചപ്പെട്ടതാണ്.
18: വിശപ്പില്ലാത്തവന്റെ മുമ്പില്‍ വിളമ്പിയ വിഭവങ്ങള്‍ ശവകുടീരത്തില്‍ നിവേദിച്ച ഭക്ഷണപദാര്‍ത്ഥങ്ങള്‍പോലെയാണ്.
19: വിഗ്രഹത്തിനു ഫലങ്ങളര്‍പ്പിക്കുന്നതുകൊണ്ട് എന്തു പ്രയോജനം? ഭുജിക്കാനോ ഘ്രാണമാസ്വദിക്കാനോ അതിനു കഴിവില്ല; കര്‍ത്താവിനാല്‍ പീഡിതനാകുന്നവനും അങ്ങനെതന്നെ.
20: അവന്‍ ഭക്ഷണപദാര്‍ത്ഥങ്ങള്‍ നോക്കി ഏങ്ങിക്കരയുന്നു; കന്യകയെ ആലിംഗനംചെയ്തിട്ടു വിലപിക്കുന്ന ഷണ്ഡനെപ്പോലെതന്നെ.

സന്തോഷം
21: നീ അമിതമായി ദുഃഖിക്കുകയോ നിന്നെത്തന്നെ മനഃപൂര്‍വ്വം പീഡിപ്പിക്കുകയോ അരുത്.
22: ഹൃദയാനന്ദം ഒരുവന്റെ ജീവനും, സന്തോഷം അവന്റെ ആയുസ്സുമാണ്.
23: ദുഃഖമകറ്റി ആത്മാവിനെ സന്തോഷിപ്പിക്കുകയും ഹൃദയത്തെ ആശ്വസിപ്പിക്കുകയും ചെയ്യുക; ദുഃഖം അനേകരെ നശിപ്പിച്ചിട്ടുണ്ട്; അതു നിഷ്പ്രയോജനമാണ്.
24: അസൂയയും കോപവും ജീവിതത്തെ വെട്ടിച്ചുരുക്കുന്നു; ഉത്കണ്ഠ അകാല വാര്‍ദ്ധക്യം വരുത്തുന്നു.
25: സന്തോഷവും നന്മയും നിറഞ്ഞവന്‍ ഭക്ഷണമാസ്വദിക്കുന്നു.

അദ്ധ്യായം 31

സമ്പത്തിന്റെ വിനിയോഗം
1: ധനത്തിലുള്ള അതിശ്രദ്ധ, ആരോഗ്യം നശിപ്പിക്കുകയും അതെക്കുറിച്ചുള്ള ഉത്കണ്ഠ, ഉറക്കമില്ലാതാക്കുകയുംചെയ്യുന്നു.
2: ഉത്കണ്ഠ, ഉറക്കത്തെ തടസ്സപ്പെടുത്തുകയും കഠിനരോഗം, നിദ്രയെ ഇല്ലാതാക്കുകയുംചെയ്യുന്നു.
3: ധനികന്‍, പണം കുന്നുകൂട്ടാനദ്ധ്വാനിക്കുന്നു; വിശ്രമവേളയില്‍ അവന്‍ സുഖഭോഗങ്ങളില്‍ മുഴുകുന്നു.
4: ദരിദ്രന്‍ അദ്ധ്വാനിക്കുന്നത്, ഉപജീവനത്തിനുവേണ്ടിയാണ്; വിശ്രമിച്ചാല്‍ അവനു ദാരിദ്ര്യം വര്‍ദ്ധിക്കും.
5: സ്വര്‍ണ്ണത്തെ സ്‌നേഹിക്കുന്നവനു നീതീകരണമില്ല; പണത്തെ പിന്തുടരുന്നവനു മാര്‍ഗ്ഗഭ്രംശം സംഭവിക്കും.
6: സ്വര്‍ണ്ണംനിമിത്തം പലരും നശിച്ചിട്ടുണ്ട്; നാശത്തെ അവര്‍ മുഖാഭിമുഖം ദര്‍ശിക്കുന്നു.
7: അതിനുവേണ്ടി ജീവിതമര്‍പ്പിച്ചിരിക്കുന്നവര്‍ക്ക് അതു കെണിയാണ്; ഭോഷന്മാര്‍ അതില്‍ വീഴും.
8: കുറ്റമറ്റവനും സ്വര്‍ണ്ണത്തെ കാംക്ഷിക്കാത്തവനുമായ ധനവാന്‍ അനുഗൃഹീതനാണ്.
9: അങ്ങനെയുള്ളവന്‍ ആരുണ്ട്? അവനെ ഞങ്ങള്‍ അനുഗൃഹീതനെന്നുവിളിക്കും; സ്വജനമദ്ധ്യേ, അവന്‍ അദ്ഭുതം പ്രവര്‍ത്തിച്ചിരിക്കുന്നു.
10: ഈവിധം പരീക്ഷിക്കപ്പെട്ടു കുറ്റമറ്റവനായിക്കാണപ്പെട്ടവന്‍ ആരുണ്ട്? അവന് അഭിമാനിക്കാനവകാശമുണ്ട്. പാപംചെയ്യാന്‍കഴിവുണ്ടായിട്ടും അതു ചെയ്യാത്തവനും തിന്മപ്രവര്‍ത്തിക്കാന്‍ സാദ്ധ്യതയുണ്ടായിട്ടും അതു ചെയ്യാത്തവനും ആരുണ്ട്?
11: അവന്റെ ഐശ്വര്യം സ്ഥിരമായിരിക്കും; സമൂഹം അവന്റെ ഔദാര്യത്തെ പുകഴ്ത്തുകയും ചെയ്യും.

വിരുന്നും വീഞ്ഞും
12: മഹാനായ ഒരുവനോടുകൂടെ ഭക്ഷണത്തിനിരിക്കുമ്പോള്‍ ആര്‍ത്തികാണിക്കുകയും എത്ര വിഭവസമൃദ്ധം എന്നു പറയുകയുമരുത്.
13: അത്യാഗ്രഹമുള്ള കണ്ണു ദുഷിച്ചതാണെന്നോര്‍ക്കുക; കണ്ണിനെക്കാള്‍ കൊതിയുള്ളതായി സൃഷ്ടികളില്‍ എന്താണുള്ളത്? അതുനിമിത്തം ഓരോ മുഖവും കണ്ണീര്‍വാര്‍ക്കുന്നു.
14: കാണുന്നതിനൊക്കെ കൈനീട്ടരുത്; ഭക്ഷണമേശയില്‍ അയല്‍ക്കാരനെ ഉന്തിമാറ്റരുത്.
15: അയല്‍ക്കാരന്റെ വികാരത്തെ വിധിക്കുന്നതിനുമുമ്പു സ്വന്തം വികാരത്തെ കണക്കിലെടുക്കണം; ഓരോ സംഗതിയും ആലോചിച്ചുചെയ്യുക.
16: നിനക്കു വിളമ്പുന്നതു മനുഷ്യോചിതമായി ഭക്ഷിക്കുക; ആര്‍ത്തിയോടെ ചവച്ചാല്‍ അവജ്ഞാപാത്രമാകും.
17: ആദ്യം ഭക്ഷിച്ചുനിറുത്തുന്നതാണു മര്യാദ; മതിവരായ്കകാണിക്കുന്നതു നിന്ദയ്ക്കു കാരണമാകും.
18: അനേകംപേരോടുകൂടെ ഭക്ഷണത്തിനിരിക്കുമ്പോള്‍ മറ്റുള്ളവര്‍ക്കുമുമ്പേ നീ ഭക്ഷിച്ചുതുടങ്ങരുത്.
19: സംസ്കാരസമ്പന്നന്‍ അമിതമായി ഭക്ഷിക്കുന്നില്ല; അവന്, ഉറക്കം അനായാസമാണ്
20: മിതമായി ഭക്ഷിക്കുന്നവന്‍ നന്നായുറങ്ങുന്നു; അവന്‍ ഉന്മേഷവാനായി രാവിലെയുണരുന്നു; അമിതഭക്ഷണം നിദ്രാരാഹിത്യവും ദഹനക്ഷയവും ഉദരവേദനയുമുളവാക്കുന്നു.
21: അമിതമായി ഭക്ഷിച്ചാല്‍ ഛര്‍ദ്ദിച്ചുകളയുക, ആശ്വാസം ലഭിക്കും.
22: മകനേ, എന്റെ വാക്കു കേള്‍ക്കുക; അതവഗണിക്കരുത്; അവസാനം നീ അതിന്റെ വിലയറിയും. ഏതു ജോലിയും ഉത്സാഹപൂര്‍വ്വം ചെയ്യുക; നിന്നെ രോഗം ബാധിക്കുകയില്ല.
23: ഭക്ഷണം നിര്‍ലോപം നല്കുന്നവനെ എല്ലാവരും പുകഴ്ത്തും; അവന്റെ ഔദാര്യത്തെക്കുറിച്ചുള്ള അവരുടെ പ്രശംസ വിശ്വസനീയവുമാണ്.
24: ഭക്ഷണം നല്കുന്നതില്‍ പിശുക്കുകാണിക്കുന്നവനെ ആളുകള്‍ പഴിക്കും; അവന്റെ അല്പത്വത്തെക്കുറിച്ചുള്ള അവരുടെ പരാതി സത്യമാണ്.
25: വീഞ്ഞുകുടിച്ചു ധീരത പ്രകടിപ്പിക്കാന്‍ ശ്രമിക്കേണ്ടാ; വീഞ്ഞ്, അനേകരെ നശിപ്പിച്ചിട്ടുണ്ട്.
26: ഉരുക്കിന്റെ പതം ചൂളയില്‍ തെളിയുന്നു; അഹങ്കാരികളുടെ കലഹത്തില്‍, വീഞ്ഞു ഹൃദയങ്ങളെ ശോധനചെയ്യുന്നു.
27: മിതമായിക്കുടിച്ചാല്‍ വീഞ്ഞു മനുഷ്യനു ജീവന്‍പോലെയാണ്; വീഞ്ഞു കുടിക്കാത്തവന് എന്തു ജീവിതം? അതു മനുഷ്യന്റെ സന്തോഷത്തിനു സൃഷ്ടിച്ചിട്ടുള്ളതാണ്.
28: ഉചിതമായ സമയത്തു മിതമായി കുടിച്ചാല്‍, വീഞ്ഞു ഹൃദയത്തിനു സന്തോഷവും ആത്മാവിനാനന്ദവുമാണ്.
29: അമിതമായാല്‍, വീഞ്ഞ്, ഇടര്‍ച്ചയും പ്രലോഭനവുമുണ്ടാക്കുന്ന തിക്താനുഭവമാണ്.
30: ഉന്മത്തത വിഡ്ഢിയെ കോപിപ്പിച്ചു നാശത്തിലെത്തിക്കുന്നു; അതവന്റെ ശക്തികെടുത്തി മുറിവു വര്‍ദ്ധിപ്പിക്കുന്നു.
31: വീഞ്ഞുസത്കാരവേളയില്‍ അയല്‍ക്കാരനെ ശാസിക്കരുത്; ആഹ്ലാദപ്രകടനങ്ങളില്‍ അവനെ നിന്ദിക്കുകയും ചെയ്യരുത്; അവനെ ശകാരിക്കുകയോ നിര്‍ബന്ധിക്കുകയോ അരുത്.

അദ്ധ്യായം 32

1: വിരുന്നില്‍ നീ മുഖ്യാതിഥിയാണെങ്കില്‍ കേമത്തംനടിക്കാതെ അവരില്‍ ഒരുവനെപ്പോലെ പെരുമാറുക; അവരുടെ കാര്യങ്ങള്‍ അന്വേഷിച്ചിട്ടേ നീ ഇരിക്കാവൂ.
2: കര്‍ത്തവ്യം നിര്‍വ്വഹിച്ചതിനുശേഷം സ്വസ്ഥാനത്തിരുന്ന് അവരോടൊത്ത്, ആഹ്ലാദിക്കുക; നിന്റെ സമര്‍ത്ഥമായ നേതൃത്വത്തിന് അവര്‍ നിന്നെയഭിനന്ദിക്കും.
3: നിങ്ങളില്‍ പ്രായംകൂടിയവര്‍ സംസാരിക്കട്ടെ; അതാണു യുക്തം. ശരിയായ അറിവോടുകൂടെ സംസാരിക്കുക; എന്നാല്‍, സംഗീതത്തിനു തടസ്സമാകരുത്.
4: വിനോദപരിപാടികള്‍ക്കിടയില്‍ സംസാരിച്ചുകൊണ്ടിരിക്കരുത്; അനവസരത്തില്‍ സാമര്‍ത്ഥ്യം പ്രകടിപ്പിക്കരുത്.
5: വീഞ്ഞുസത്കാരത്തിലെ സംഗീതം, സ്വര്‍ണ്ണത്തില്‍പ്പതിച്ച മാണിക്യംപോലെയാണ്.
6: വീഞ്ഞുസത്കാരവേളയിലെ ശ്രുതിമധുരമായ സംഗീതം, സ്വര്‍ണ്ണാഭരണത്തിലെ മരതകമുദ്രയാണ്.
7: യുവാവേ, ആവശ്യം വന്നാലേ സംസാരിക്കാവൂ; അതും ഒന്നിലേറെത്തവണ നിര്‍ബന്ധിച്ചാല്‍ മാത്രം.
8: ഒതുക്കിപ്പറയുക; കുറഞ്ഞവാക്കുകളില്‍ വളരെക്കാര്യങ്ങള്‍ ഉള്‍ക്കൊള്ളിക്കുക; അറിവുള്ളവനും എന്നാല്‍ മിതഭാഷിയുമായിരിക്കുക.
9: മഹാന്മാരോടിടപെടുമ്പോള്‍ തുല്യത ഭാവിക്കരുത്; മറ്റുള്ളവര്‍ സംസാരിക്കുമ്പോള്‍ പുലമ്പിക്കൊണ്ടിരിക്കുകയുമരുത്.
10: ഇടിക്കുമുമ്പേ മിന്നല്‍കാണുന്നതുപോലെ വിനയശീലന്റെ മുമ്പില്‍ കീര്‍ത്തി പരക്കുന്നു.
11: തക്കസമയത്തു പോവുക, അവസാനത്തവനാകരുത്. വേഗം വീട്ടില്‍ പോവുക, തങ്ങിനില്‍ക്കരുത്.
12: അവിടെച്ചെന്ന് ഇഷ്ടാനുസരണം സന്തോഷിക്കുക; എന്നാല്‍, അഹങ്കാരപൂര്‍വ്വം സംസാരിച്ചു പാപം ചെയ്യരുത്;
13: തന്റെ ദാനങ്ങള്‍കൊണ്ടു നിന്നെ സംതൃപ്തനാക്കിയ നിന്റെ സ്രഷ്ടാവിനെ ഇക്കാര്യത്തിനുവേണ്ടി സ്തുതിക്കുക.

ദൈവഭക്തി
14: കര്‍ത്താവിനെ ഭയപ്പെടുന്നവന്‍ അവിടുത്തെ ശാസനം സ്വീകരിക്കുന്നു; പ്രഭാതത്തിലുണര്‍ന്ന്, അവിടുത്തെയന്വേഷിക്കുന്നവനു കൃപ ലഭിക്കും.
15: നിയമത്തെയന്വേഷിക്കുന്നവന്‍ അതില്‍ സംതൃപ്തി കണ്ടെത്തും; എന്നാല്‍ കപടനാട്യക്കാരന്‍ അതില്‍ തട്ടിവീഴും.
16: ദൈവഭക്തന്‍ ശരിയായി വിധിക്കും; നീതിപൂര്‍വ്വകമായ പ്രവൃത്തികളെ അവന്‍ ദീപംപോലെ പ്രകാശിപ്പിക്കും.
17: ദുഷ്ടന്‍ ശാസന നിരസിക്കുകയും തന്നിഷ്ടംപോലെ തീരുമാനമെടുക്കുകയും ചെയ്യും.
18: ബുദ്ധിമാന്‍, ഒരു നിര്‍ദ്ദേശവുമവഗണിക്കുകയില്ല; നിന്ദ്യനും ധിക്കാരിയുമായ മനുഷ്യന്‍ ആരെയും ഭയപ്പെടുന്നില്ല.
19: ആലോചനകൂടാതെ ഒന്നും പ്രവര്‍ത്തിക്കരുത്; പശ്ചാത്തപിക്കാനിടയാവുകയില്ല.
20: പ്രതിബന്ധങ്ങള്‍നിറഞ്ഞ വഴിയിലൂടെ സഞ്ചരിച്ചു തട്ടിവീഴരുത്.
21: നിരപ്പായ വഴിയിലും അമിതമായ ആത്മവിശ്വാസമരുത്.
22: വഴിയില്‍ ശ്രദ്ധയോടെ നടക്കുക.
23: ഓരോ പ്രവൃത്തിയിലും കരുതല്‍ വേണം; അതാണു നിയമാനുഷ്ഠാനം.
24: നിയമത്തില്‍ വിശ്വസിക്കുന്നവന്‍ കല്പനകളനുസരിക്കുന്നു; കര്‍ത്താവില്‍ ശരണപ്പെടുന്നവനു നഷ്ടം വരുകയില്ല.

അദ്ധ്യായം 33

1: കര്‍ത്താവിനെ ഭയപ്പെടുന്നവന് അനര്‍ത്ഥം സംഭവിക്കുകയില്ല; ആപത്തില്‍നിന്ന് അവിടുന്നവനെ രക്ഷിക്കും.
2: ജ്ഞാനി നിയമത്തെ വെറുക്കുകയില്ല; അതിനോട് ആത്മാര്‍ത്ഥതയില്ലാത്തവന്‍ കൊടുങ്കാറ്റില്‍പ്പെട്ട തോണിപോലെയാണ്.
3: വിവേകി നിയമത്തിലാശ്രയിക്കും. ഉറീംകൊണ്ടുള്ള നിശ്ചയംപോലെ നിയമം അവനു വിശ്വാസ്യമാണ്.
4: മുന്‍കൂട്ടി തയ്യാറായേ സംസാരിക്കാവൂ; അപ്പോള്‍ നീ ശ്രദ്ധിക്കപ്പെടും; ചിന്തിച്ചുറച്ച് ഉത്തരം പറയുക.
5: വിഡ്ഢിയുടെ ഹൃദയം വണ്ടിച്ചക്രംപോലെയാണ്; അവന്റെ ചിന്തകള്‍ തിരിയുന്ന അച്ചുതണ്ടുപോലെയും.
6: പരിഹസിക്കുന്ന സ്‌നേഹിതന്‍ വിത്തുകുതിരയെപ്പോലെയാണ്; ആരു പുറത്തിരുന്നാലും അതു ഹേഷാരവം മുഴക്കുന്നു.

അസമത്വങ്ങള്‍
7: വര്‍ഷത്തിലെ എല്ലാ ദിവസങ്ങളെയും പ്രകാശിപ്പിക്കുന്നതു സൂര്യനാണെങ്കില്‍ ഒരു ദിവസം മറ്റൊന്നിനെക്കാള്‍ മെച്ചപ്പെട്ടതാകുന്നതെങ്ങനെ?
8: കര്‍ത്താവിന്റെ നിശ്ചയമനുസരിച്ചാണ് അവ വ്യത്യസ്തമാകുന്നത്; ഋതുക്കളും ഉത്സവങ്ങളും നിര്‍ണ്ണയിച്ചതും അവിടുന്നാണ്.
9: ചില നാളുകളെ അവിടുന്ന്, ഉന്നതവും സംപൂജ്യവും മറ്റു ചിലതിനെ സാധാരണവുമാക്കി.
10: മനുഷ്യരെല്ലാവരും മണ്ണില്‍നിന്നാണ്; ആദം പൊടിയില്‍നിന്നു സൃഷ്ടിക്കപ്പെട്ടു.
11: കര്‍ത്താവ്, തന്റെ ജ്ഞാനത്തിന്റെ പൂര്‍ണ്ണതയില്‍ അവരെ വിവേചിക്കുകയും വ്യത്യസ്തമാര്‍ഗ്ഗങ്ങളില്‍ നിയോഗിക്കുകയും ചെയ്തു.
12: അവിടുന്നു ചിലരെ അനുഗ്രഹിച്ചുയര്‍ത്തി, വേറെ ചിലരെ വിശുദ്ധീകരിച്ചു തന്നോടടുപ്പിച്ചു. മറ്റു ചിലരെ ശപിച്ചു താഴ്ത്തുകയും സ്ഥാനഭ്രഷ്ടരാക്കുകയും ചെയ്തു.
13: കുശവന്റെ കൈയില്‍ കളിമണ്ണുപോലെയാണ്, സ്രഷ്ടാവിന്റെ കൈയില്‍ മനുഷ്യര്‍; അവിടുന്നു തന്റെ ഇഷ്ടമനുസരിച്ചു പ്രവര്‍ത്തിക്കുന്നു; ഇഷ്ടമനുസരിച്ച് അവര്‍ക്കു നല്കുന്നു.
14: നന്മ, തിന്മയുടെയും ജീവന്‍, മരണത്തിന്റെയും വിപരീതമാണ്; അപ്രകാരംതന്നെ പാപി ദൈവഭക്തന്റെയും.
15: അത്യുന്നതന്റെ സൃഷ്ടികളെ നിരീക്ഷിക്കുക; അവയെല്ലാം ജോടികളായി പരസ്പരപൂരകങ്ങളായി നിലകൊള്ളുന്നു.
16: ഒടുവിലാണു ഞാനുണര്‍ന്നത്; കാലാപെറുക്കുന്നവനെപ്പോലെ, ഞാന്‍ മുന്തിരിപ്പഴം ശേഖരിക്കുന്നവരുടെ പിന്നിലായി;
17: എന്നാല്‍, കര്‍ത്താവിന്റെ അനുഗ്രഹംനിമിത്തം ഞാന്‍ മുന്‍പന്തിയിലെത്തി; മുന്തിരിപ്പഴം ശേഖരിക്കുന്നവനെപ്പോലെ ചക്കു നിറച്ചു.
18: എനിക്കുവേണ്ടി മാത്രമല്ല, ഉപദേശമാരായുന്ന എല്ലാവര്‍ക്കുംവേണ്ടിയാണ് ഞാനദ്ധ്വാനിച്ചത്.
19: ശ്രേഷ്ഠന്മാരേ, സമൂഹനേതാക്കളേ, എന്റെ വാക്കു കേള്‍ക്കുവിന്‍.
20: ജീവിതകാലത്തിലൊരിക്കലും പുത്രനോ ഭാര്യയ്ക്കോ, സഹോദരനോ സ്‌നേഹിതനോ നിന്റെമേല്‍ അധികാരംകൊടുക്കരുത്; വസ്തുവകകളും നല്കരുത്; നീ മനസ്സുമാറി, തിരികെ ചോദിച്ചേക്കാം.
21: ശ്വാസം പോകുന്നതുവരെ നിന്റെ സ്ഥാനം കരസ്ഥമാക്കാന്‍ ആരെയുമനുവദിക്കരുത്.
22: മക്കളെ ആശ്രയിക്കുന്നതിനെക്കാള്‍ നല്ലത്, അവര്‍ നിന്നെ ആശ്രയിക്കുന്നതാണ്.
23: ചെയ്യുന്നതിനെല്ലാം ശ്രേഷ്ഠത കൈവരിക്കുക; കീര്‍ത്തിക്കു കളങ്കം വരുത്തരുത്.
24: ജീവിതാന്ത്യത്തില്‍, മരണനാഴികയില്‍, സ്വത്തു വിഭജിച്ചുകൊടുക്കുക.
25: കഴുതയ്ക്കു തീറ്റിയും വടിയും ചുമടും; ദാസന് ആഹാരവും ശിക്ഷയും ജോലിയും.
26: അടിമയെക്കൊണ്ടു വേലചെയ്യിച്ചാല്‍ നിനക്കു വിശ്രമിക്കാം; അലസനായി വിട്ടാല്‍ അവന്‍ സ്വതന്ത്രനാകാന്‍ നോക്കും.
27: നുകവും ചാട്ടയും കാളയെ തല കുനിപ്പിക്കും; പീഡനയന്ത്രവും പ്രഹരങ്ങളും അനുസരണമില്ലാത്ത അടിമയെയും.
28: അലസനാകാതിരിക്കാന്‍ അവനെക്കൊണ്ടു വേലചെയ്യിക്കുക; അലസത തിന്മകള്‍ വളര്‍ത്തുന്നു.
29: അവനെക്കൊണ്ടു പണിയെടുപ്പിക്കുക; അതാണവനു യോജിച്ചത്; അനുസരിക്കുന്നില്ലെങ്കില്‍ അവന്റെ ചങ്ങലകളുടെ ഭാരം കൂട്ടുക.
30: ആരോടും അളവുവിട്ടു പെരുമാറരുത്; അനീതി കാണിക്കുകയുമരുത്,
31: നിനക്ക് ഒരു ദാസനുണ്ടെങ്കില്‍ അവനെ നിന്നെപ്പോലെ കരുതണം. നീ അവനെ രക്തംകൊടുത്തു വാങ്ങിയതാണല്ലോ. നിനക്കൊരു ദാസനുണ്ടെങ്കില്‍ അവനെ സഹോദരനെപ്പോലെ കരുതുക; അവനെ നിനക്കു നിന്നെപ്പോലെതന്നെ ആവശ്യമാണ്.
32: നീ അവനോടു ക്രൂരമായി പെരുമാറുകയും അവന്‍ ഒളിച്ചോടുകയുംചെയ്താല്‍, 
 33: അവനെയന്വേഷിച്ചു നീ ഏതുവഴിക്കുപോകും?


അദ്ധ്യായം 34

വ്യര്‍ത്ഥസ്വപ്നങ്ങള്‍
1: അവിവേകിയുടെ പ്രതീക്ഷകള്‍ വ്യര്‍ത്ഥവും നിരര്‍ത്ഥകവുമാണ്; സ്വപ്നങ്ങള്‍ ഭോഷന്മാര്‍ക്കു ചിറകുനല്കുന്നു.
2: സ്വപ്നങ്ങളെ ആശ്രയിക്കുന്നവന്‍ നിഴലിനെപ്പിടിക്കുന്നവനെപ്പോലെയും കാറ്റിനെ അനുധാവനംചെയ്യുന്നവനെപ്പോലെയുമാണ്.
3: സ്വപ്നത്തിലെ ദര്‍ശനം, യഥാര്‍ത്ഥ മുഖത്തിന്റെ പ്രതിച്ഛായമാത്രമാണ്.
4: അശുദ്ധിയില്‍നിന്നു ശുദ്ധിയുണ്ടാകുമോ? അസത്യത്തില്‍നിന്നു സത്യവും?
5: ഗര്‍ഭിണിയുടെ ഭാവനപോലെ ശകുനം, നിമിത്തം, സ്വപ്നം ഇവയെല്ലാം മിഥ്യയാണ്.
6: അത്യുന്നതനില്‍നിന്നുള്ള ദര്‍ശനമല്ലെങ്കില്‍ അതിനെ അവഗണിക്കുക.
7: സ്വപ്നങ്ങള്‍ അനേകരെ വഞ്ചിച്ചിട്ടുണ്ട്; അവയിലാശ്രയിച്ചവര്‍ പരാജയപ്പെട്ടിട്ടുണ്ട്.
8: അത്തരം വഞ്ചനകള്‍കൂടാതെ നിയമം നിറവേറ്റാം; സത്യസന്ധമായ ചുണ്ടുകളില്‍ വിജ്ഞാനത്തിനു പൂര്‍ണ്ണത ലഭിക്കുന്നു.
9: വിദ്യാസമ്പന്നന്‍ വളരെ കാര്യങ്ങളറിയുന്നു; അനുഭവസമ്പന്നന്‍ വിവേകത്തോടെ സംസാരിക്കുന്നു.
10: അനുഭവജ്ഞാനമില്ലാത്തവന് അറിവു കുറയും;
11: യാത്രചെയ്തിട്ടുള്ളവന്‍ കഴിവുറ്റവനാകുന്നു;
12: യാത്രയില്‍ ഞാന്‍ വളരെക്കാര്യങ്ങള്‍ കണ്ടിട്ടുണ്ട്; പ്രകടിപ്പിക്കാന്‍കഴിയുന്നതിനെക്കാള്‍ കൂടുതല്‍ ഞാന്‍ ഗ്രഹിക്കുന്നു.
13: ഞാന്‍ പലപ്പോഴും മാരകമായ അപകടങ്ങളില്‍പ്പെട്ടിട്ടുണ്ട്; എന്നാല്‍, അനുഭവജ്ഞാനം എന്നെ രക്ഷിച്ചു.
14: ദൈവഭക്തന്റെ ജീവന്‍ നിലനില്ക്കും;
15: അവന്റെ പ്രത്യാശ അവന്റെ രക്ഷകനിലാണ്.

ദൈവഭയം
16: കര്‍ത്താവിനെ ഭയപ്പെടുന്നവന്‍ അധീരനാവുകയോ ഭീരുത്വം പ്രകടിപ്പിക്കുകയോ ഇല്ല; അവിടുന്നാണ്, അവന്റെ പ്രത്യാശ.
17: ദൈവഭക്തന്റെ ആത്മാവ്, അനുഗൃഹീതമാണ്;
18: തന്റെ ആശ്രയം അവനറിയുന്നു.
19: തന്നെ സ്‌നേഹിക്കുന്നവരെ കര്‍ത്താവു കടാക്ഷിക്കുന്നു; അവിടുന്നു ശക്തമായ സംരക്ഷണവും ഉറപ്പുള്ള താങ്ങും, ചുടുകാറ്റില്‍ അഭയകേന്ദ്രവും, പൊരിവെയിലില്‍ തണലും, ഇടറാതിരിക്കാന്‍ സംരക്ഷണവും, വീഴാതിരിക്കാന്‍ ഉറപ്പുമാണ്.
20: അവിടുന്ന്, ആത്മാവിനെയുത്തേജിപ്പിച്ച്, കണ്ണുകളെ പ്രകാശിപ്പിക്കുന്നു; അവിടുന്നു സൗഖ്യവും ജീവനും അനുഗ്രഹവും പ്രദാനംചെയ്യുന്നു
21: അന്യായസമ്പത്തില്‍നിന്നുള്ള ബലി പങ്കിലമാണ്;
22: നിയമനിഷേധകന്റെ കാഴ്ചകള്‍ സ്വീകാര്യമല്ല.
23: ദൈവഭക്തിയില്ലാത്തവന്റെ ബലികളില്‍ അത്യുന്നതന്‍ പ്രസാദിക്കുന്നില്ല; അവന്‍ എത്ര ബലിയര്‍പ്പിച്ചാലും അവിടുന്നു പ്രസാദിക്കുകയോ പാപമോചനംനല്കുകയോ ഇല്ല.
24: ദരിദ്രന്റെ സമ്പത്തു തട്ടിയെടുത്തു ബലിയര്‍പ്പിക്കുന്നവന്‍ പിതാവിന്റെ മുമ്പില്‍വച്ചു പുത്രനെ കൊല്ലുന്നവനെപ്പോലെയാണ്.

യഥാര്‍ത്ഥഭക്തി

25: ദരിദ്രന്റെ ജീവന്‍ അവന്റെ ആഹാരമാണ്; അതപഹരിക്കുന്നവന്‍ കൊലപാതകിയാണ്.
26: അയല്‍ക്കാരന്റെ ഉപജീവനമാര്‍ഗ്ഗം തടയുന്നവന്‍ അവനെ കൊല്ലുകയാണ്;
27: വേലക്കാരന്റെ കൂലി കൊടുക്കാതിരിക്കുക രക്തച്ചൊരിച്ചിലാണ്.
28: ഒരുവന്‍ പണിയുന്നു; അപരന്‍ നശിപ്പിക്കുന്നു; അദ്ധ്വാനമല്ലാതെ അവര്‍ക്കെന്തു ലാഭം?
29: ഒരുവന്‍ പ്രാര്‍ത്ഥിക്കുന്നു; അപരന്‍ ശപിക്കുന്നു; ആരുടെ ശബ്ദമാണു കര്‍ത്താവു ശ്രദ്ധിക്കുക?
30: മൃതശരീരത്തില്‍ തൊട്ടിട്ടു കൈകഴുകിയവന്‍ വീണ്ടും അതിനെ സ്പര്‍ശിച്ചാല്‍ കഴുകല്‍കൊണ്ട് എന്തു പ്രയോജനം?
31: പാപങ്ങളെപ്രതി ഉപവസിച്ചിട്ട്, വീണ്ടുമതു ചെയ്താല്‍ അവന്റെ പ്രാര്‍ത്ഥന ആരു ശ്രവിക്കും? എളിമപ്പെടല്‍കൊണ്ട് അവനെന്തു നേടി?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ