നൂറ്റിയെണ്‍പത്തിയാറാം ദിവസം: സഭാപ്രസംഗകന്‍ 1 - 6


അദ്ധ്യായം 1

മിഥ്യകളില്‍ മിഥ്യ
1: ജറുസലെമില്‍ രാജാവും ദാവീദിന്റെ പുത്രനുമായ സഭാപ്രസംഗകന്റെ വാക്കുകള്‍. പ്രസംഗകന്‍ പറയുന്നു,
2: മിഥ്യകളില്‍ മിഥ്യ, സകലവും മിഥ്യ, മിഥ്യകളില്‍ മിഥ്യ!
3: സൂര്യനുതാഴേ, മനുഷ്യന് അദ്ധ്വാനംകൊണ്ടെന്തു ഫലം?
4: തലമുറകള്‍ വരുന്നു, പോകുന്നു. ഭൂമിയാകട്ടെ എന്നേയ്ക്കും നിലനില്ക്കുന്നു.
5: സൂര്യനുദിക്കുന്നു, അസ്തമിക്കുന്നു; ഉദിച്ചിടത്തുതന്നെ വേഗം തിരിച്ചെത്തുന്നു.
6: കാറ്റു തെക്കോട്ടു വീശുന്നു; തിരിഞ്ഞു വടക്കോട്ടു വീശുന്നു. വീണ്ടും തെക്കോട്ട്, അങ്ങനെ അതു ചുറ്റിക്കറങ്ങിക്കൊണ്ടേയിരിക്കുന്നു.
7: നദികള്‍ സമുദ്രത്തിലേക്കൊഴുകുന്നു, എന്നാല്‍ സമുദ്രം നിറയുന്നില്ല. ഉറവിടത്തിലേക്കു വീണ്ടും ഒഴുക്കുതുടരുന്നു.
8: സകലവും മനുഷ്യനു ക്ലേശഭൂയിഷ്ഠം; അതു വിവരിക്കുക മനുഷ്യനു് അസാദ്ധ്യം; കണ്ടിട്ടു കണ്ണിനോ, കേട്ടിട്ടു ചെവിക്കോ മതിവരുന്നില്ല.
9: ഉണ്ടായതുതന്നെ വീണ്ടുമുണ്ടാകുന്നു. ചെയ്തതുതന്നെ വീണ്ടും ചെയ്യുന്നു. സൂര്യനു കീഴേ പുതുതായൊന്നുമില്ല.
10: പുതിയതെന്നുപറയാന്‍ എന്തുണ്ട്? യുഗങ്ങള്‍ക്കു മുമ്പുതന്നെ അതുണ്ടായിരുന്നു.
11: കഴിഞ്ഞതൊന്നും ആരുമോര്‍ക്കുന്നില്ല. വരാനിരിക്കുന്നവയെ അവയ്ക്കുശേഷം വരാനിരിക്കുന്നവര്‍ ഓര്‍മ്മിക്കുകയില്ല.
12: സഭാപ്രസംഗകനായ ഞാന്‍ ജറുസലെമില്‍ ഇസ്രായേലിന്റെ രാജാവായിരുന്നു.
13: ആകാശത്തിന്‍കീഴ്‌ സംഭവിക്കുന്നതെല്ലാം ജ്ഞാനത്തോടെ ആരാഞ്ഞറിയാന്‍ ഞാന്‍ പരിശ്രമിച്ചു. വ്യഗ്രതയോടെചെയ്യാന്‍ ദൈവം മനുഷ്യനെയേല്പിച്ച ജോലി എത്ര ക്ലേശകരമാണ്!
14: സൂര്യനുകീഴേനടക്കുന്ന എല്ലാ പ്രവൃത്തികളും ഞാന്‍ വീക്ഷിച്ചു; എല്ലാം മിഥ്യയും പാഴ്‌വേലയുമത്രേ.
15: വളഞ്ഞതു നേരെയാക്കാന്‍ ആര്‍ക്കും കഴിയുകയില്ല. ഇല്ലാത്തത് എണ്ണുക അസാദ്ധ്യം.
16: ജറുസലെമില്‍ എനിക്കുമുമ്പുണ്ടായിരുന്ന എല്ലാ രാജാക്കന്മാരെയുംകാളധികം ജ്ഞാനം ഞാന്‍ സമ്പാദിച്ചു; ജ്ഞാനത്തിന്റെയും അറിവിന്റെയും യഥാര്‍ത്ഥരൂപം അനുഭവിച്ചറിഞ്ഞു എന്നു ഞാന്‍ വിചാരിച്ചു.
17: ജ്ഞാനത്തെയും അറിവിനെയും ഉന്മത്തതയെയും ഭോഷത്തത്തെയും വിവേചിച്ചറിയാന്‍ ഞാനുദ്യമിച്ചു. ഇതും പാഴ്‌വേലയാണെന്നു ഞാന്‍ കണ്ടു.
18: കാരണം, ജ്ഞാനമേറുമ്പോള്‍ ദുഃഖവുമേറുന്നു, അറിവു വര്‍ദ്ധിക്കുമ്പോള്‍ വ്യസനവും വര്‍ദ്ധിക്കുന്നു.

അദ്ധ്യായം 2

സുഖഭോഗങ്ങള്‍ മിഥ്യ

1: ഞാന്‍ എന്നോടുതന്നെ പറഞ്ഞു: സുഖഭോഗങ്ങളില്‍ ഞാന്‍ മുഴുകും; ഞാന്‍ അതിന്റെ ആസ്വാദ്യത പരീക്ഷിക്കും. എന്നാല്‍ ഇതും മിഥ്യതന്നെ!
2: ചിരി ഭ്രാന്താണെന്നും സുഖഭോഗങ്ങള്‍ നിഷ്ഫലമാണെന്നും ഞാന്‍ മനസ്സിലാക്കി.
3: ജ്ഞാനത്തില്‍നിന്നു മനസ്സിളകാതെതന്നെ ശരീരത്തെ വീഞ്ഞുകൊണ്ട് ആഹ്ലാദിപ്പിക്കാന്‍ ഞാന്‍ നോക്കി; മനുഷ്യനെ സന്തുഷ്ടനാക്കുന്നതെന്തെന്നുംചുരുങ്ങിയ ആയുസ്സിനുള്ളില്‍ അവന്‍ ചെയ്യേണ്ടതെന്തെന്നുമറിയാന്‍ ഞാന്‍ ഭോഷത്തത്തെ ആശ്ലേഷിച്ചു.
4: ഞാന്‍ വലിയ കാര്യങ്ങള്‍ ചെയ്തു; ഞാന്‍ എനിക്കുവേണ്ടി മാളികകള്‍ പണിതു; മുന്തിരിത്തോട്ടങ്ങള്‍ നട്ടുപിടിപ്പിച്ചു.
5: ഉദ്യാനങ്ങളും ഉപവനങ്ങളുമുണ്ടാക്കി, അവയില്‍ എല്ലാത്തരം ഫലവൃക്ഷങ്ങളും നട്ടു.
6: തോട്ടം നനയ്ക്കാന്‍ കുളങ്ങള്‍ കുഴിച്ചു.
7: എന്റെ വീട്ടില്‍പ്പിറന്ന അടിമകള്‍ക്കുപുറമേ ദാസന്മാരെയും ദാസിമാരെയും ഞാന്‍ വിലയ്ക്കുവാങ്ങി; ജറുസലെമിലെ എന്റെ മുന്‍ഗാമികള്‍ക്കുണ്ടായിരുന്നതിനെക്കാളധികം ആടുമാടുകളും എനിക്കുണ്ടായിരുന്നു.
8: സ്വര്‍ണ്ണവും വെള്ളിയും രാജാക്കന്മാരുടെയും പ്രവിശ്യകളുടെയും ഭണ്ഡാരങ്ങളിലെ ധനവും സ്വന്തമാക്കി. അനേകം ഗായകന്മാരും ഗായികമാരും എനിക്കുണ്ടായിരുന്നു. മനുഷ്യനാഗ്രഹിക്കുന്ന എല്ലാ സുഖഭോഗങ്ങളും ഞാന്‍ സമ്പാദിച്ചു.
9: ജറുസലെമിലെ എന്റെ മുന്‍ഗാമികളെക്കാള്‍, ഞാന്‍ ഉന്നതനും മഹാനുമായിത്തീര്‍ന്നു. അപ്പോഴും ഞാന്‍ ജ്ഞാനത്തില്‍നിന്ന് അകന്നുപോയില്ല.
10: എന്റെ നയനങ്ങള്‍ അഭിലഷിച്ചതൊന്നും ഞാനവയ്ക്കു നിഷേധിച്ചില്ല; ഞാന്‍ അനുഭവിക്കാത്ത സുഖങ്ങളില്ല. എന്റെ പ്രയത്നങ്ങളിലെല്ലാം എന്റെ ഹൃദയം സന്തോഷിച്ചു, ഇത് എന്റെ അദ്ധ്വാനത്തിനു ലഭിച്ച പ്രതിഫലംതന്നെയായിരുന്നു.
11: പിന്നെ, ഞാനുണ്ടാക്കിയവയെയും അതിനുവേണ്ടിച്ചെയ്ത അദ്ധ്വാനത്തെയും ഞാന്‍ നിരൂപണംചെയ്തു. എല്ലാം മിഥ്യയും പാഴ്‌വേലയുമായിരുന്നു! സൂര്യനുകീഴേ ഒരു നേട്ടവുമില്ലെന്ന് എനിക്കു ബോദ്ധ്യപ്പെട്ടു.


ജ്ഞാനവും ഭോഷത്തവും മിഥ്യ

12: അതിനാല്‍ ജ്ഞാനവും ഉന്മത്തതയും ഭോഷത്തവും ഞാന്‍ വിവേചിച്ചുകാണാന്‍തുടങ്ങി; രാജാവിന്റെ പിന്‍ഗാമിക്ക് എന്തുചെയ്യാന്‍ കഴിയും? അവന്‍ ചെയ്തതുതന്നെ വീണ്ടും ചെയ്യുക!
13: പ്രകാശം അന്ധകാരത്തെയെന്നപോലെ ജ്ഞാനം ഭോഷത്തത്തെ അതിശയിക്കുന്നു എന്നു ഞാന്‍ മനസ്സിലാക്കി.
14: ജ്ഞാനിക്കു കാണാന്‍ കണ്ണുണ്ട്, ഭോഷന്‍ ഇരുട്ടില്‍ നടക്കുന്നു. എന്നാല്‍, ഇരുവര്‍ക്കും ഗതി ഒന്നുതന്നെ എന്നു ഞാന്‍ കണ്ടു.
15: എന്നോടുതന്നെ ഞാന്‍ ചോദിച്ചു: ഭോഷന്റെയും എന്റെയും ഗതി ഒന്നുതന്നെയെങ്കില്‍ ഞാന്‍ എന്തിനു ജ്ഞാനിയായിരിക്കണം? ഇതും മിഥ്യയെന്ന് ഞാന്‍ ആത്മഗതം ചെയ്തു.
16: ഭോഷനെപ്പോലെതന്നെ ജ്ഞാനിക്കും ശാശ്വതസ്മരണ ലഭിക്കുകയില്ല. ഭാവിയില്‍ എല്ലാവരും വിസ്മൃതരാകും. ഭോഷനും ജ്ഞാനിയും ഒന്നുപോലെ മരിക്കുന്നു.
17: സൂര്യനു കീഴേ സംഭവിക്കുന്ന സമസ്തകാര്യവും വേദനാജനകമായതുകൊണ്ട് ഞാന്‍ ജീവിതം വെറുത്തു; എല്ലാം മിഥ്യയും നിരര്‍ത്ഥകവുമത്രേ.


അദ്ധ്വാനം വ്യര്‍ത്ഥം

18: സൂര്യനുകീഴേചെയ്ത അദ്ധ്വാനങ്ങളെല്ലാം ഞാന്‍ വെറുത്തു. കാരണം അവയുടെ ഫലം എന്റെ പിന്‍ഗാമിക്കുവിട്ടു ഞാന്‍ പോകേണ്ടിയിരിക്കുന്നു.
19: അവന്‍ ജ്ഞാനിയായിരിക്കുമോ ഭോഷനായിരിക്കുമോ എന്നാര്‍ക്കറിയാം? എന്തായാലും സൂര്യനുകീഴേ ഞാന്‍ ബുദ്ധിപൂര്‍വം പ്രയത്നിച്ചതിന്റെയെല്ലാം ഫലം അവന്റെ അധീനതയിലാകും. ഇതും മിഥ്യതന്നെ.
20: അതുകൊണ്ട് ഞാന്‍ മനസ്സുകെട്ട് സൂര്യനുകീഴേയുള്ള എല്ലാ പ്രയത്നങ്ങളിലുംനിന്നു പിന്മാറി.
21: ഒരുവന്‍ ജ്ഞാനവും അറിവും സാമര്‍ത്ഥ്യവുമുപയോഗിച്ച് അദ്ധ്വാനിച്ചുണ്ടാക്കിയവ, അവയ്ക്കുവേണ്ടി അശേഷം അദ്ധ്വാനിക്കാത്തവന്, ആസ്വദിക്കാന്‍ വിട്ടുകൊടുക്കേണ്ടിവരുന്നു. ഇതും മിഥ്യയും വലിയ നിര്‍ഭാഗ്യവുമാണ്.
22: സൂര്യനുകീഴുള്ള കഠിനാദ്ധ്വാനവും മനഃക്ലേശവുംകൊണ്ട്, മനുഷ്യന് എന്തുനേട്ടം?
23: അവന്റെ ദിനങ്ങളെല്ലാം വേദനനിറഞ്ഞതാണ്; അദ്ധ്വാനമാകട്ടെ, ദുഃഖസങ്കുലവും. രാത്രിയില്‍പ്പോലും അവന്റെ മനസ്സിനു സ്വസ്ഥതയില്ല. ഇതും മിഥ്യതന്നെ.
24: തിന്നുകുടിച്ച്, സ്വന്തം പ്രയത്നത്തില്‍ ആനന്ദിക്കുന്നതിനെക്കാള്‍ നല്ലതായി മനുഷ്യനു വേറൊന്നില്ല. ഇതും ദൈവകരങ്ങളില്‍നിന്നാണെന്നു ഞാന്‍ ഗ്രഹിച്ചു.
25: ദൈവത്തില്‍നിന്നകന്നു ഭക്ഷിക്കാനോ ആനന്ദിക്കാനോ ആര്‍ക്കാണു കഴിയുക?
26: തന്നെ പ്രസാദിപ്പിക്കുന്നവനു ദൈവം ജ്ഞാനവും അറിവും ആനന്ദവും പ്രദാനം ചെയ്യുന്നു; പാപിക്കാകട്ടെ, അവിടുത്തെ പ്രസാദിപ്പിക്കുന്നതിനുവേണ്ടി ധനം ശേഖരിച്ചുകൂട്ടാനുള്ള ജോലിമാത്രം കൊടുക്കുന്നു. ഇതും മിഥ്യയും പാഴ്‌വേലയുംതന്നെ.

അദ്ധ്യായം 3

ഓരോന്നിനുമുണ്ട് സമയം

1: എല്ലാറ്റിനും ഒരു സമയമുണ്ട്. ആകാശത്തിന്‍കീഴുള്ള സമസ്തകാര്യത്തിനും ഒരവസരമുണ്ട്.
2: ജനിക്കാനൊരു കാലം, മരിക്കാനൊരു കാലം, നടാനൊരു കാലം, നട്ടതു പറിക്കാനൊരു കാലം.
3: കൊല്ലാനൊരു കാലം, സൗഖ്യമാക്കാനൊരു കാലം, തകര്‍ക്കാനൊരു കാലം, പണിതുയര്‍ത്താനൊരു കാലം,
4: കരയാനൊരു കാലം, ചിരിക്കാനൊരു കാലം, വിലപിക്കാനൊരു കാലം, നൃത്തംചെയ്യാനൊരു കാലം.
5: കല്ലുപെറുക്കിക്കളയാനൊരു കാലം, കല്ലുപെറുക്കിക്കൂട്ടാനൊരു കാലം, ആലിംഗനംചെയ്യാനൊരു കാലം. ആലിംഗനം ചെയ്യാതിരിക്കാനൊരു കാലം.
6: സമ്പാദിക്കാനൊരു കാലം, നഷ്ടപ്പെടുത്താനൊരു കാലം, സൂക്ഷിച്ചുവയ്ക്കാനൊരു കാലം, എറിഞ്ഞുകളയാനൊരു കാലം.
7: കീറാനൊരു കാലം, തുന്നാനൊരു കാലം, മൗനംപാലിക്കാനൊരു കാലം, സംസാരിക്കാനൊരു കാലം.
8: സ്നേഹിക്കാനൊരു കാലം, ദ്വേഷിക്കാനൊരു കാലം, യുദ്ധത്തിനൊരു കാലം, സമാധാനത്തിനൊരു കാലം.
9: അദ്ധ്വാനിക്കുന്നവന് അവന്റെ അദ്ധ്വാനംകൊണ്ടെന്തു ഫലം?
10: ദൈവം മനുഷ്യമക്കള്‍ക്കു നല്കിയ ശ്രമകരമായ ജോലി ഞാന്‍ കണ്ടു.
11: അവിടുന്നു സമസ്തവും അതതിന്റെ കാലത്ത് ഭംഗിയായിരിക്കത്തക്കവിധം സൃഷ്ടിച്ചു. മനുഷ്യമനസ്സില്‍ കാലത്തിന്റെ സമഗ്രതയെക്കുറിച്ചുള്ള ബോധം അവിടുന്നു നിക്ഷേപിച്ചിരിക്കുന്നു; എന്നാല്‍ ദൈവത്തിന്റെ പ്രവൃത്തികള്‍ ആദ്യന്തം ഗ്രഹിക്കാന്‍ അവനു കഴിവില്ല.
12: ജീവിതകാലംമുഴുവന്‍ ആനന്ദിക്കുകയും ആസ്വദിക്കുകയുംചെയ്യുന്നതിനെക്കാള്‍ കാമ്യമായി മനുഷ്യര്‍ക്കു യാതൊന്നുമില്ലെന്നു ഞാനറിയുന്നു.
13: എല്ലാ മനുഷ്യരും ഭക്ഷിക്കുകയും പാനംചെയ്യുകയും അദ്ധ്വാനഫലം ആസ്വദിക്കുകയും ചെയ്യുകയെന്നത്, ദൈവത്തിന്റെ ദാനമാണെന്നും ഞാനറിയുന്നു.
14: ദൈവത്തിന്റെ പ്രവൃത്തികളെല്ലാം ശാശ്വതമാണെന്നു ഞാനറിയുന്നു; അതിനോടെന്തെങ്കിലും കൂട്ടാനോ അതില്‍നിന്നെന്തെങ്കിലും കുറയ്ക്കാനോ സാദ്ധ്യമല്ല; ദൈവം അപ്രകാരം ചെയ്തിരിക്കുന്നതു മനുഷ്യര്‍, തന്നെ ഭയപ്പെടുന്നതിനാണ്.
15: ഇന്നുള്ളതു പണ്ടേ ഉണ്ടായിരുന്നതാണ്; ഇനി ഉണ്ടാകാനിരിക്കുന്നത് ഉണ്ടായിരുന്നതുതന്നെ. കടന്നുപോയ ഓരോന്നിനെയും ദൈവം യഥാകാലം തിരിച്ചുകൊണ്ടുവരും.


എവിടെയും അനീതി
16: സൂര്യനുകീഴേ ന്യായപീഠത്തില്‍പോലും നീതിപുലരേണ്ടിടത്തു തിന്മ കുടികൊള്ളുന്നതായി ഞാന്‍ കണ്ടു.
17: ഓരോ സംഗതിക്കും ഓരോ പ്രവൃത്തിക്കും ദൈവം സമയം നിശ്ചയിച്ചിരിക്കുന്നതുകൊണ്ട് അവിടുന്നു നീതിമാനെയും ദുഷ്ടനെയും വിധിക്കുമെന്നു ഞാന്‍ വിചാരിച്ചു.
18: മനുഷ്യമക്കള്‍ വെറും മൃഗങ്ങളാണെന്ന് അവരെ കാണിക്കാന്‍വേണ്ടി ദൈവം അവരെ പരീക്ഷിക്കുകയാണെന്നു ഞാന്‍ കരുതി.
19: എന്തെന്നാല്‍ മനുഷ്യമക്കളുടെയും മൃഗങ്ങളുടെയും ഗതി ഒന്നുതന്നെ; ഒന്നു ചാകുന്നതുപോലെ മറ്റേതും ചാകുന്നു. എല്ലാറ്റിനും ഒരേ ശ്വാസമാണുള്ളത്, മനുഷ്യനു മൃഗത്തെക്കാള്‍ യാതൊരു മേന്മയുമില്ല.
20: എല്ലാം മിഥ്യയാണ്. എല്ലാം ഒരിടത്തേക്കു പോകുന്നു. എല്ലാം പൊടിയില്‍നിന്നുണ്ടായി, എല്ലാം പൊടിയിലേക്കു മടങ്ങുന്നു.
21: മനുഷ്യന്റെ പ്രാണന്‍ മേല്പോട്ടും മൃഗത്തിന്റേതു താഴെ മണ്ണിലേക്കും പോകുന്നുവോ? ആര്‍ക്കറിയാം!
22: അതുകൊണ്ട് മനുഷ്യന്‍ തന്റെ പ്രവൃത്തി ആസ്വദിക്കുന്നതിനെക്കാള്‍ മെച്ചമായി ഒന്നുമില്ലെന്നും അതുതന്നെയാണ് അവന്റെ ഗതിയെന്നും ഞാന്‍ മനസ്സിലാക്കി. തനിക്കുശേഷം സംഭവിക്കുന്നതു കാണാന്‍ അവനെ ആരു വീണ്ടും കൊണ്ടുവരും?

അദ്ധ്യായം 4


1: വീണ്ടും ഞാന്‍ സൂര്യനു കീഴേയുള്ള എല്ലാ മര്‍ദ്ദനങ്ങളും വീക്ഷിച്ചു. മര്‍ദ്ദിതരുടെ കണ്ണീരു ഞാന്‍ കണ്ടു, അവരെ ആശ്വസിപ്പിക്കാന്‍ ആരുമുണ്ടായിരുന്നില്ല. ശക്തി മര്‍ദ്ദകര്‍ക്കായിരുന്നു; ആരും പ്രതികാരംചെയ്യാനുണ്ടായിരുന്നില്ല.
2: ജീവിച്ചിരിക്കുന്നവരെക്കാള്‍ ഭാഗ്യവാന്മാരാണു മരിച്ചുപോയവരെന്നു ഞാന്‍ വിചാരിച്ചു.
3: എന്നാല്‍ ഇരുകൂട്ടരെയുംകാള്‍ ഭാഗ്യവാന്മാര്‍ ഇനിയും ജനിച്ചിട്ടില്ലാത്തവരും സൂര്യനുകീഴേ നടക്കുന്ന തിന്മകള്‍ കണ്ടിട്ടില്ലാത്തവരുമാണ്.
4: എല്ലാ അദ്ധ്വാനവും എല്ലാ വൈദഗ്ദ്ധ്യവും മനുഷ്യരുടെ പരസ്പരസ്പര്‍ദ്ധയുടെ ഫലമാണെന്നു ഞാന്‍ ഗ്രഹിച്ചു. ഇതും മിഥ്യയും പാഴ്‌വേലയുമാണ്.
5: ഭോഷന്‍ കൈയുംകെട്ടിയിരുന്നു ക്ഷയിക്കുന്നു.
6: ഒരുപിടി സ്വസ്ഥതയാണ് ഇരുകൈകളും നിറയെയുള്ള അദ്ധ്വാനത്തെക്കാളും പാഴ്‌വേലയെക്കാളുമുത്തമം.
7: സൂര്യനുകീഴേ വീണ്ടും ഞാന്‍ മിഥ്യ കണ്ടു.
8: പുത്രനോ സഹോദരനോ ആരുമില്ലാത്തവനും അദ്ധ്വാനത്തിനറുതിയില്ല. ധനം എത്രയായാലും അവനു മതിവരുന്നില്ല. ആര്‍ക്കുവേണ്ടിയാണ് അദ്ധ്വാനിക്കുകയും സന്തോഷങ്ങള്‍ ഉപേക്ഷിക്കുകയുംചെയ്യുന്നതെന്ന് അവന്‍ ചിന്തിക്കുന്നില്ല. ഇതും മിഥ്യയും പരിതാപകരവുമാണ്.
9: രണ്ടുപേര്‍ ഒരാളെക്കാള്‍ മെച്ചമാണ്. കാരണം അവര്‍ക്ക് ഒരുമിച്ച് കൂടുതല്‍ ഫലപ്രദമായി അദ്ധ്വാനിക്കാന്‍ കഴിയും.
10: അവരില്‍ ഒരുവന്‍ വീണാല്‍ അപരനു താങ്ങാന്‍ കഴിയും. ഒറ്റയ്ക്കായിരിക്കുന്നവന്‍ വീണാല്‍ താങ്ങാനാരുമില്ല. അവന്റെ കാര്യം കഷ്ടമാണ്.
11: രണ്ടുപേര്‍ ഒരുമിച്ചു കിടന്നാല്‍ അവര്‍ക്കു ചൂടുകിട്ടും, തനിച്ചായാല്‍ എങ്ങനെ ചൂടുകിട്ടും?
12: ഒറ്റയ്ക്കായിരിക്കുന്നവനെ കീഴ്‌പ്പെടുത്താന്‍ സാധിച്ചേക്കാം. രണ്ടു പേരാണെങ്കില്‍ ചെറുക്കാന്‍ കഴിയും; മുപ്പിരിച്ചരടു വേഗം പൊട്ടുകയില്ല.
13: നിര്‍ദ്ധനനെങ്കിലും ബുദ്ധിമാനായ യുവാവാണ് ഉപദേശം നിരസിക്കുന്ന വിഡ്ഢിയും വൃദ്ധനുമായ രാജാവിനെക്കാള്‍ ഭേദം.
14: ഒരുവനു കാരാഗൃഹത്തില്‍നിന്ന് സിംഹാസനത്തിലെത്താന്‍ കഴിഞ്ഞേക്കാം. അവന്‍ താനിപ്പോള്‍ ഭരിക്കുന്ന രാജ്യത്തു ദരിദ്രനായി ജനിച്ചതാവാം.
15: അവന്റെ സ്ഥാനത്തു വരേണ്ടിയിരുന്ന ആ യുവാവിനെയും സൂര്യനുകീഴിലുള്ള എല്ലാ ജീവികളെയും ഞാന്‍ കണ്ടു.
16: അവന്റെ പ്രജകള്‍ക്ക് എണ്ണമില്ല. അവന്‍ എല്ലാവര്‍ക്കും അധിപനുമായിരുന്നു. എങ്കിലും പിന്നീടു വരുന്നവര്‍ക്ക് അവനില്‍ പ്രീതി തോന്നുകയില്ല. ഇതും മിഥ്യയും പാഴ്‌വേലയുമാണ്.

അദ്ധ്യായം 5

ദൈവഭക്തി

1: ദേവാലയത്തിലേക്കുപോകുമ്പോള്‍ സൂക്ഷമതയുള്ളവനായിരിക്കുക. ശ്രദ്ധിച്ചുകേള്‍ക്കാന്‍ അടുത്തു ചെല്ലുന്നതാണ് വിഡ്ഢിയുടെ ബലിയര്‍പ്പണത്തെക്കാള്‍ ഉത്തമം. തങ്ങള്‍ തിന്മയാണു പ്രവര്‍ത്തിക്കുന്നതെന്നു ഭോഷന്മാരറിയുന്നില്ല.
2: വിവേകശൂന്യമായി സംസാരിക്കരുത്. ദൈവസന്നിധിയില്‍ പ്രതിജ്ഞയെടുക്കാന്‍ തിടുക്കംകൂട്ടരുത്. ദൈവം സ്വര്‍ഗ്ഗത്തിലാണ്, നീ ഭൂമിയിലും. അതുകൊണ്ട്, നിന്റെ വാക്കുകള്‍ ചുരുങ്ങിയിരിക്കട്ടെ.
3: ആകുലതയേറുമ്പോള്‍ ദുഃസ്വപ്നങ്ങള്‍ കൂടും; വാക്കുകളേറുമ്പോള്‍ അതു മൂഢജല്പനമാകും.
4: ദൈവത്തിനു നേര്‍ച്ചനേര്‍ന്നാല്‍ നിറവേറ്റാന്‍ താമസിക്കരുത്; മൂഢരില്‍ അവിടുത്തേയ്ക്കു പ്രീതിയില്ല; നേരുന്നതു നിറവേറ്റുക.
5: നേര്‍ന്നിട്ടു നിറവേറ്റാത്തതിനെക്കാള്‍ഭേദം നേരാതിരിക്കുന്നതാണ്.
6: നിന്റെ അധരങ്ങള്‍ നിന്നെ പാപത്തിലേക്കു നയിക്കാതിരിക്കട്ടെ. തെറ്റുപറ്റിയതാണെന്നു ദൂതനോടു പറയാന്‍ ഇടവരുത്തരുത്. വാക്കുകളാല്‍ ദൈവത്തെ പ്രകോപിപ്പിക്കുകയും അങ്ങനെ നിന്റെ അദ്ധ്വാനഫലം നശിക്കാന്‍ ഇടയാക്കുകയുംചെയ്യുന്നതെന്തിന്?
7: സ്വപ്നങ്ങളേറുമ്പോള്‍ പൊള്ളവാക്കുകളും വര്‍ദ്ധിക്കുന്നു. അതുകൊണ്ട് ദൈവത്തെ ഭയപ്പെടുക.


ദാരിദ്ര്യവും സമ്പത്തും

8: ഒരു ദേശത്ത്, ദരിദ്രന്‍ മര്‍ദ്ദിക്കപ്പെടുകയും നീതിയും ന്യായവും നിഷ്കരുണം നിഷേധിക്കപ്പെടുകയുംചെയ്യുമ്പോള്‍ നീ വിസ്മയിക്കരുത്. മേലധികാരിയെ അവനു മുകളിലുള്ളവനും അവനെ അവനും മുകളിലുള്ളവനും നിരീക്ഷിക്കുന്നുണ്ട്.
9: ഭൂമിയുടെ വിളവ്, എല്ലാവര്‍ക്കുമുള്ളതാണ്. രാജാവിനും വിളവിലാശ്രയിക്കാതെ വയ്യാ.
10: ദ്രവ്യാഗ്രഹിക്കു ദ്രവ്യംകൊണ്ടു തൃപ്തിവരുകയില്ല. ധനം മോഹിക്കുന്നവന്‍ ധനംകൊണ്ടു തൃപ്തിയടയുകയില്ല.
11: ഇതും മിഥ്യതന്നെ. വിഭവങ്ങളേറുമ്പോള്‍ അതു തിന്നൊടുക്കുന്നവരുടെ എണ്ണം പെരുകുന്നു. നോക്കിനില്ക്കാനല്ലാതെ ഉടമസ്ഥന് അതുകൊണ്ടെന്തു പ്രയോജനം?
12: ഭക്ഷിക്കുന്നത് അല്പമോ അധികമോ ആകട്ടെ, അദ്ധ്വാനിക്കുന്നവനു സുഖനിദ്ര ലഭിക്കുന്നു. എന്നാല്‍ അമിതസമ്പാദ്യം ധനികന്റെ ഉറക്കംകെടുത്തുന്നു.
13: സൂര്യനുകീഴേ ഞാന്‍ വലിയൊരു തിന്മ കണ്ടു. ധനികന്‍ തന്റെതന്നെ നാശത്തിനു മുതല്‍സൂക്ഷിക്കുന്നു.
14: ഒരു സാഹസയത്നത്തില്‍ അതു നഷ്ടപ്പെടുന്നു. തന്റെ പുത്രനുകൊടുക്കാന്‍ അവന്റെ കൈവശം ഒന്നുമില്ലാതായി.
15: അമ്മയുടെ ഉദരത്തില്‍നിന്നു പുറത്തുവന്നതുപോലെ നഗ്നനായിത്തന്നെ അവന്‍ പോകും. അവന്റെ പ്രയത്നഫലത്തിലൊന്നും അവന്‍ കൊണ്ടുപോകയില്ല.
16: അതും വലിയ തിന്മയാണ്. അവന്‍ വന്നതുപോലെതന്നെ പോകും.
17: വ്യര്‍ത്ഥപ്രയത്നംകൊണ്ടും അന്ധകാരത്തിലും വിലാപത്തിലും ആകുലതയിലും രോഗത്തിലും അസംതൃപ്തിയിലും തള്ളിനീക്കിയ ജീവിതംകൊണ്ടും അവനെന്തു പ്രയോജനം?
18: ദൈവദത്തമായ ഈ ഹ്രസ്വജീവിതം മനുഷ്യന്‍ തിന്നുകുടിച്ചും അദ്ധ്വാനഫലം ആസ്വദിച്ചുംകഴിക്കുന്നതാണ് ഉത്തമവും യോഗ്യവുമായി ഞാന്‍ കണ്ടിട്ടുള്ളത്. ഇതാണ് അവന്റെ ഗതി.
19: സമ്പത്തും സമൃദ്ധിയും അതനുഭവിക്കാനുള്ള കഴിവും നല്കി, ദൈവമനുഗ്രഹിച്ചിട്ടുള്ള ഓരോ വ്യക്തിയും തന്റെ ഈ അവസ്ഥയെ മാനിക്കുകയും അദ്ധ്വാനഫലം ആസ്വദിക്കുകയുംചെയ്യേണ്ടതാണ്, ഇതു ദൈവത്തിന്റെ ദാനമാണ്.
20: ജീവിതത്തിന്റെ ദിനങ്ങള്‍ കൊഴിഞ്ഞുപോകുന്നതിനെക്കുറിച്ച് അവന്‍ പര്യാകുലനല്ല, കാരണം, ദൈവം അവന്റെ ദിനങ്ങള്‍ സന്തോഷഭരിതമാക്കിയിരിക്കുന്നു.

അദ്ധ്യായം 6

1: സൂര്യനുകീഴേ മനുഷ്യര്‍ക്കു ദുര്‍വ്വഹമായൊരു തിന്മ ഞാന്‍ കണ്ടിരിക്കുന്നു.
2: ഒരുവന്‍ ആഗ്രഹിക്കുന്നതില്‍ ഒന്നിനും കുറവുവരാത്തവിധം ദൈവമവനു സമ്പത്തും ഐശ്വര്യവും കീര്‍ത്തിയും നല്കുന്നു, എങ്കിലും അവിടുന്നവന് അവയനുഭവിക്കാനുള്ള കഴിവുനല്കുന്നില്ല. അന്യന്‍ അവയനുഭവിക്കുന്നു. ഇതു മിഥ്യയും തീവ്രവേദനയുമാണ്.
3: ഒരുവന്‍ നൂറു മക്കളോടുകൂടെ ദീര്‍ഘായുഷ്മാനായിരുന്നാലും അവനു ജീവിതസുഖങ്ങള്‍ ആസ്വദിക്കാനോ ഒടുക്കം സംസ്‌കാരംപോലും ലഭിക്കാനോ ഇടവരുന്നില്ലെങ്കില്‍ അതിനെക്കാള്‍ ഭേദം, ചാപിള്ളയായി പിറക്കുകയായിരുന്നുവെന്ന് ഞാന്‍ പറയും.
4: കാരണം, അതു മിഥ്യയില്‍ ജനിച്ച്, അന്ധകാരത്തിലേക്കു പോകുന്നു; അതിന്റെ നാമം അവിടെ തിരോഭവിക്കുന്നു.
5: അതു വെളിച്ചംകാണുകയോ എന്തെങ്കിലും അറിയുകയോ ചെയ്തിട്ടില്ല; എങ്കിലും അത്, മുന്‍പറയപ്പെട്ടവനെപ്പോലെയല്ല, അതിനു സ്വസ്ഥതയുണ്ട്.
6: അവന്‍ രണ്ടായിരം വര്‍ഷം ജീവിച്ചാലും, ഒരു ഭാഗ്യവുമനുഭവിക്കുന്നില്ലെങ്കില്‍, ഇരുവരും ഒരിടത്തല്ലേ ചെന്നടിയുന്നത്?
7: ഉദരപൂരണത്തിനാണു മനുഷ്യന്റെ അദ്ധ്വാനംമുഴുവന്‍. എങ്കിലും, അവനു വിശപ്പടങ്ങുന്നില്ല.
8: ജ്ഞാനിക്കു മൂഢനെക്കാള്‍ എന്തു മേന്മയാണുള്ളത്? മറ്റുള്ളവരുടെ മുമ്പില്‍ ചമഞ്ഞുനടക്കാനറിഞ്ഞതുകൊണ്ടു ദരിദ്രനെന്തു നേട്ടം?
9: കണ്‍മുമ്പിലുള്ളതുകൊണ്ടു തൃപ്തിപ്പെടുന്നതാണു സങ്കല്പങ്ങളില്‍ അലയുന്നതിനെക്കാള്‍ നല്ലത്. ഇതും മിഥ്യയും പാഴ്‌വേലയുമാണ്.
10: ഉണ്ടായിട്ടുള്ളതിനെല്ലാം പേരിട്ടുകഴിഞ്ഞു. മനുഷ്യന്‍ ആരാണെന്നും തന്നെക്കാള്‍ ശക്തനോടു മല്ലിടാന്‍ അവനു കഴിവില്ലെന്നും വ്യക്തമായിക്കഴിഞ്ഞു.
11: വാക്കുകളുടെ പെരുപ്പം മിഥ്യയുടെ പെരുപ്പംതന്നെ; മനുഷ്യന് ഇതിലെന്തു മേന്മ?
12: നിഴല്‍പോലെ കടന്നുപോകുന്ന ഈ വ്യര്‍ത്ഥമായ ഹ്രസ്വജീവിതത്തില്‍ മനുഷ്യനു നന്മയായിട്ടുള്ളതെന്താണെന്ന് ആരറിയുന്നു? സൂര്യനുകീഴെ തനിക്കുശേഷം എന്തു സംഭവിക്കുമെന്ന് അവനോടു പറയാന്‍ ആര്‍ക്കുകഴിയും?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ