നൂറ്റിയെണ്‍പത്തിയേഴാം ദിവസം: സഭാപ്രസംഗകന്‍ 7 - 12


അദ്ധ്യായം 7

വിവിധചിന്തകള്‍
1: മേല്‍ത്തരം പരിമളതൈലത്തെക്കാള്‍ സല്പേരും, ജന്മദിനത്തെക്കാള്‍ മരണദിനവും ഉത്തമമാണ്.
2: സദ്യനടക്കുന്ന വീട്ടില്‍പ്പോകുന്നതിനെക്കാള്‍ നല്ലതു വിലാപംനടക്കുന്ന വീട്ടില്‍പ്പോകുന്നതാണ്. സര്‍വ്വരുടെയും അന്ത്യമിതാണെന്ന്, ജീവിച്ചിരിക്കുന്നവര്‍ ഗ്രഹിച്ചുകൊള്ളും.
3: ചിരിക്കുന്നതിനെക്കാള്‍ മേന്മ കരയുന്നതിനാണ്; അതു മുഖം മ്ലാനമാക്കുമെങ്കിലും ഹൃദയത്തിനാശ്വാസം നല്കും.
4: ജ്ഞാനിയുടെ ഹൃദയം കണ്ണീരിന്റെ ഭവനത്തിലാണ്; മൂഢന്റെ ഹൃദയം ആഹ്ലാദത്തിന്റെ ഭവനത്തിലും.
5: ഭോഷന്റെ ഗാനംകേള്‍ക്കുന്നതിനെക്കാള്‍ ജ്ഞാനിയുടെ ശാസനകള്‍കേള്‍ക്കുന്നതാണു നല്ലത്.
6: കലത്തിനടിയില്‍ ചുള്ളിവിറക്, കിരുകിരാ കത്തുന്നതുപോലെയാണു ഭോഷന്റെ ചിരി; ഇതും മിഥ്യതന്നെ.
7: മര്‍ദ്ദനം ജ്ഞാനിയെ ഭോഷനാക്കും, നിശ്ചയം; കൈക്കൂലി മനസ്സിനെ ദുഷിപ്പിക്കുന്നു.
8: ഏതിന്റെയും അന്തമാണ് ആരംഭത്തേക്കാള്‍ മെച്ചം; അഹങ്കാരിയെക്കാള്‍ ക്ഷമാശീലന്‍ ഉത്തമനാണ്.
9: ക്ഷിപ്രകോപമരുത്; കോപം ഭോഷന്റെ മടിയില്‍ വിശ്രമിക്കുന്നു.
10: കഴിഞ്ഞകാലം ഇന്നത്തെക്കാള്‍ മെച്ചമായതെങ്ങനെയെന്നു ചോദിക്കരുത്. ജ്ഞാനത്തില്‍നിന്നു വരുന്നതല്ല ഈ ചോദ്യം.
11: ജ്ഞാനം പിതൃസ്വത്തുപോലെ ശ്രേഷ്ഠമാണ്; ജീവിക്കുന്നവര്‍ക്ക് അതുപകരിക്കും.
12: ധനം പരിരക്ഷനല്കുന്നതുപോലെ, ജ്ഞാനവും പരിരക്ഷ നല്കുന്നു. ജ്ഞാനിയുടെ ജീവന്‍ രക്ഷിക്കുമെന്നതിലാണ്, ജ്ഞാനത്തിന്റെ വൈശിഷ്ട്യം.
13: ദൈവത്തിന്റെ പ്രവൃത്തികളെക്കുറിച്ചു ചിന്തിക്കൂ; അവിടുന്നു വളഞ്ഞതായി നിര്‍മ്മിച്ചതു നേരെയാക്കാന്‍ ആര്‍ക്കുസാധിക്കും?
14: സുഭിക്ഷതയില്‍ സന്തോഷിക്കുക; വിപത്തില്‍ പര്യാലോചിക്കുക; രണ്ടുമൊരുക്കിയതു ദൈവമാണ്. എന്താണു വരാന്‍പോകുന്നതെന്നു മനുഷ്യന്‍ അറിയാതിരിക്കാനാണ് ഇങ്ങനെ ചെയ്തത്.
15: എന്റെ വ്യര്‍ത്ഥജീവിതത്തില്‍ ഞാന്‍ സകലതും കണ്ടു. നീതിയില്‍ നശിക്കുന്ന നീതിമാനുണ്ട്. തിന്മ ചെയ്തിട്ടും ദീര്‍ഘായുസ്സു ലഭിക്കുന്ന ദുഷ്ടന്മാരുണ്ട്.
16: അമിതനീതിയോ അമിതജ്ഞാനമോ അരുത്. നീ എന്തിനു നിന്നെത്തന്നെ നശിപ്പിക്കുന്നു?
17: പരമദുഷ്ടനോ മൂഢനോ ആകരുത്. കാലമെത്താതെ നീ മരിക്കുന്നതെന്തിന്?
18: ഒന്നില്‍ പിടിമുറുക്കുമ്പോള്‍ മറ്റേതില്‍നിന്നു പിടിവിടാതെ സൂക്ഷിക്കണം. ദൈവത്തെ ഭയപ്പെടുന്നവനു രണ്ടിലും വിജയംകിട്ടും.
19: നഗരത്തിലെ പത്തു ഭരണാധിപന്മാരെക്കാള്‍ ശക്തി, ജ്ഞാനം ജ്ഞാനിക്കു പകര്‍ന്നുകൊടുക്കുന്നു.
20: ഒരിക്കലും പാപംചെയ്യാതെ നന്മമാത്രംചെയ്യുന്ന ഒരു നീതിമാനും ഭൂമുഖത്തില്ല.
21: മനുഷ്യര്‍ പറയുന്നതിനെല്ലാം ചെവികൊടുക്കരുത്. ചെവികൊടുത്താല്‍, നിന്റെ ദാസന്‍ നിന്നെ ശപിക്കുന്നതു കേട്ടെന്നുവരും.
22: നീതന്നെ പലപ്പോഴും അന്യരെ ശപിച്ചിട്ടുള്ളതു നിനക്കു നന്നായറിയാം.
23: ജ്ഞാനംകൊണ്ടു ഞാന്‍ ഇവയെല്ലാം പരിശോധിച്ചിരിക്കുന്നു; ഞാന്‍ പറഞ്ഞു: ഞാന്‍ ജ്ഞാനിയായിരിക്കും. എന്നാല്‍ അതെത്ര വിദൂരമായ ലക്ഷ്യമായിരുന്നു!
24: യാഥാര്‍ത്ഥ്യം എത്ര വിദൂരത്താണ്; ആഴത്തില്‍, അളക്കാന്‍കഴിയാത്ത ആഴത്തില്‍, ആര്‍ക്കതു കണ്ടുപിടിക്കാന്‍കഴിയും?
25: ജ്ഞാനവും കാര്യങ്ങളുടെ പൊരുളും വിവേചനബുദ്ധിയോടെ അന്വേഷിച്ചറിയാനും, ഭോഷത്തത്തിന്റെ ദുഷ്ടതയും ഭ്രാന്താകുന്ന മൗഢ്യവും ഗ്രഹിക്കാനും ഞാന്‍ പരിശ്രമിച്ചു.
26: മരണത്തെക്കാള്‍ കയ്പുള്ളവളാണ് നാരി എന്നു ഞാന്‍ മനസ്സിലാക്കി. കാരണം, അവളുടെ ഹൃദയം കെണിയും വലയുമാണ്, കൈകള്‍ ചങ്ങലയും. ദൈവപ്രസാദമുള്ളവര്‍ അവളില്‍നിന്നു രക്ഷനേടും, എന്നാല്‍ പാപി അവളുടെ പിടിയില്‍പ്പെടും.
27: സഭാപ്രസംഗകന്‍ പറയുന്നു: എന്റെ മനസ്സു തുടര്‍ച്ചയായി അന്വേഷിച്ചിട്ടും കണ്ടുപിടിക്കാന്‍കഴിയാത്ത ഒന്ന്, ഇതാ ഞാന്‍ കണ്ടിരിക്കുന്നു.
28: അല്പാല്പമായറിഞ്ഞതിന്റെ ആകെത്തുകയാണിത്. എന്റെ മനസ്സ് ആവര്‍ത്തിച്ചന്വേഷിച്ചിട്ടും കണ്ടെത്താന്‍കഴിയാത്തതാണിത്. ആയിരത്തിലൊരുവനെ ഞാന്‍ പുരുഷനായിക്കണ്ടു; എന്നാല്‍ ഒരുവളെയും സ്ത്രീയായിക്കണ്ടില്ല.
29: ഞാന്‍ കണ്ടതിതാണ്: ദൈവം മനുഷ്യനെ സരളഹൃദയനായി സൃഷ്ടിച്ചു. എന്നാല്‍ അവന്റെ സങ്കീര്‍ണ്ണപ്രശ്‌നങ്ങള്‍ അവന്റെതന്നെ സൃഷ്ടിയാണ്.

അദ്ധ്യായം 8

ജ്ഞാനിയും രാജാവും

1: ജ്ഞാനിയെപ്പോലെ ആരുണ്ട്? പൊരുളറിയുന്നവനാരുണ്ട്? ജ്ഞാനം മുഖത്തെ പ്രശോഭിപ്പിക്കുന്നു; പരുഷഭാവത്തെയകറ്റുന്നു.
2: ദൈവനാമത്തില്‍ചെയ്ത ശപഥമോര്‍ത്തു രാജകല്പനപാലിക്കുക;
3: അനിഷ്ടകരമെങ്കിലും അവന്റെ സന്നിധി വിട്ടുപോയി, ഉടനെ അതു ചെയ്യുക; യഥേഷ്ടം പ്രവര്‍ത്തിക്കുന്നവനാണല്ലോ രാജാവ്.
4: അവന്റെ വാക്ക് അന്തിമമാണ്. നീ എന്തുചെയ്യുന്നുവെന്ന് അവനോടു ചോദിക്കാന്‍ ആരു മുതിരും?
5: കല്പനയനുസരിക്കുന്നവന് ഒരുപദ്രവവും ഉണ്ടാവുകയില്ല; ജ്ഞാനി, തക്കസമയവും വഴിയുമറിയുന്നു.
6: മനുഷ്യജീവിതം ഭാരത്തിനടിപ്പെട്ടതെങ്കിലും ഓരോന്നിനും അതതിന്റെ സമയവും നീതിയുമുണ്ട്.
7: ഭാവി അവനജ്ഞാതമാണ്, അതെങ്ങനെയിരിക്കുമെന്നുപറയാന്‍ ആര്‍ക്കുകഴിയും?
8: പ്രാണനെ പിടിച്ചുനിര്‍ത്താനോ മരണസമയം നിശ്ചയിക്കാനോ ആര്‍ക്കുകഴിയും? യുദ്ധസേവനത്തില്‍നിന്നു വിടുതലില്ല; ദുഷ്ടതയ്ക്കടിമയായവരെ അതു മോചിപ്പിക്കുകയില്ല.
9: മനുഷ്യന്‍, മനുഷ്യന്റെമേല്‍ അധികാരംസ്ഥാപിച്ചു ദ്രോഹിക്കുന്നതിനിടയില്‍ സൂര്യനുകീഴുള്ള എല്ലാറ്റിലും സൂക്ഷ്മനിരീക്ഷണംനടത്തി കണ്ടെത്തിയതാണിത്.

ദുഷ്ടനും നീതിമാനും ഒന്നുപോലെ
10: ദുഷ്ടന്മാരെ സംസ്‌കരിക്കുന്നതു ഞാന്‍ കണ്ടു; വിശുദ്ധസ്ഥലത്തു വ്യാപരിച്ചിരുന്നവരാണവര്‍. ഇതൊക്കെച്ചെയ്ത തങ്ങളുടെ നഗരത്തില്‍ അവര്‍ ശ്ലാഘിക്കപ്പെട്ടിരുന്നു. ഇതും മിഥ്യതന്നെ.
11: തിന്മയ്ക്കുള്ള ശിക്ഷ, ഉടന്‍ നടപ്പാക്കാത്തതിനാല്‍ മനുഷ്യമക്കളുടെ ഹൃദയം അതില്‍ മുഴുകുന്നു.
12: നൂറുതവണ തിന്മചെയ്തിട്ടും ദുഷ്ടന്റെ ജീവിതം സുദീര്‍ഘമാണെങ്കിലും ദൈവഭക്തന് എല്ലാം ശുഭമായിരിക്കുമെന്ന് എനിക്കു നന്നായിട്ടറിയാം. കാരണം, അവന്‍ ദൈവസന്നിധിയില്‍ ഭക്തിയോടെ വ്യാപരിക്കുന്നു.
13: നീചനു നന്മ കൈവരുകയില്ല. ജീവിതം നിഴല്‍പോലെ നീട്ടാനും അവനു കഴിയുകയില്ല. കാരണം, അവന്‍ ദൈവസന്നിധിയില്‍ ഭയത്തോടെയല്ല വ്യാപരിക്കുന്നത്.
14: നീതിമാന്മാര്‍ക്കു നീചന്മാരുടെ പ്രവൃത്തികള്‍ക്കു യോജിച്ച അനുഭവവും, നീചന്മാര്‍ക്കു നീതിമാന്മാരുടെ പ്രവൃത്തികള്‍ക്കു യോജിച്ച അനുഭവവും ഉണ്ടാകുന്നുവെന്നതു ഭൂമിയിലുള്ള ഒരു മിഥ്യയാണ്. ഇതും മിഥ്യയാണെന്നു ഞാന്‍ പറഞ്ഞു.
15: ഇവിടെ ഞാന്‍ നിര്‍ദ്ദേശിക്കുന്നതു സന്തോഷിക്കുകയെന്നാണ്, ഭക്ഷിക്കുകയും പാനംചെയ്യുകയും ആനന്ദിക്കുകയുംചെയ്യുന്നതല്ലാതെ വേറെ ഭാഗ്യമില്ല. ഇതു സൂര്യനുകീഴേ ദൈവം അവനു നല്കിയിരിക്കുന്ന ആയുഷ്‌കാലത്തെ പ്രയത്നങ്ങളില്‍ അവനെ തുണയ്ക്കും.
16: ജ്ഞാനത്തെ അറിയാനും മനുഷ്യന്റെ വ്യാപാരങ്ങള്‍ മനസ്സിലാക്കാനും ഞാന്‍ രാപകല്‍ വിശ്രമമെന്നിയേ പരിശ്രമിച്ചു.
17: അപ്പോള്‍ക്കണ്ടതു ദൈവത്തിന്റെ കരവേലകളാണ്; സൂര്യനുകീഴേ നടക്കുന്ന പ്രവൃത്തികളെല്ലാം കണ്ടുപിടിക്കാന്‍ മനുഷ്യനു സാദ്ധ്യമല്ലെന്നാണ്. എത്ര ബുദ്ധിമുട്ടിയന്വേഷിച്ചാലും അതു കണ്ടെത്തുകയില്ല. അതു കണ്ടുപിടിച്ചുവെന്നു ബുദ്ധിമാന്‍ അവകാശപ്പെട്ടാലും അത്, 
വനതീതമത്രേ.

അദ്ധ്യായം 9

1: നീതിമാനെയും ജ്ഞാനിയെയും അവരുടെ പ്രവൃത്തികളെയും ദൈവം നിയന്ത്രിക്കുന്നുവെന്നു ഞാന്‍ ആഴത്തില്‍ ചിന്തിച്ചറിഞ്ഞു. അതു സ്നേഹപൂര്‍വ്വമോ ദ്വേഷപൂര്‍വ്വമോയെന്നു മനുഷ്യനറിയുന്നില്ല. അവന്റെ മുമ്പിലുള്ളതെല്ലാം മിഥ്യയാണ്,
2: എന്തെന്നാല്‍ നീതിമാനും നീചനും, സന്മാര്‍ഗ്ഗിക്കും ദുര്‍മാര്‍ഗ്ഗിക്കും, ശുദ്ധനും അശുദ്ധനും, ബലിയര്‍പ്പിക്കുന്നവനും അര്‍പ്പിക്കാത്തവനും, നല്ലവനും ദുഷ്ടനും, ശപഥംചെയ്യുന്നവനും ചെയ്യാത്തവനും ഗതിയൊന്നുതന്നെ.
3: എല്ലാവര്‍ക്കും ഒരേഗതി വന്നുചേരുന്നത്, സൂര്യനുകീഴേ എല്ലാ പ്രവൃത്തികളിലുമടങ്ങിയിരിക്കുന്ന തിന്മയാണ്. മനുഷ്യഹൃദയം തിന്മകൊണ്ടു നിറഞ്ഞിരിക്കുന്നു; ജീവിതകാലംമുഴുവന്‍ അവര്‍ ഭ്രാന്തുകൊണ്ടു നിറഞ്ഞിരിക്കുന്നു. അതിനുശേഷം അവര്‍ മൃതലോകത്തിലെത്തുന്നു.
4: എന്നാല്‍, ജീവിക്കുന്നവരോടൊപ്പം എണ്ണപ്പെടുന്നവന് എന്നിട്ടും പ്രത്യാശയുണ്ട്, ജീവനുള്ള നായ്, ചത്ത സിംഹത്തെക്കാള്‍ ഭേദമാണല്ലോ.
5: കാരണം, ജീവിക്കുന്നവര്‍ക്കറിയാം തങ്ങള്‍ മരിക്കുമെന്ന്, മരിച്ചവരാകട്ടെ ഒന്നുമറിയുന്നില്ല. അവര്‍ക്കൊരു പ്രതിഫലവും ഇനിയില്ല. അവരെക്കുറിച്ചുള്ള സ്മരണ അസ്തമിച്ചിരിക്കുന്നു.
6: അവരുടെ സ്നേഹവും ദ്വേഷവും അസൂയയും നശിച്ചുകഴിഞ്ഞു, സൂര്യനുകീഴേ ഒന്നിലും അവര്‍ക്കിനിമേല്‍ ഓഹരിയില്ല.
7: പോയി സന്തോഷത്തോടുകൂടെ അപ്പം ഭക്ഷിക്കുക, ആഹ്ലാദഭരിതനായി വീഞ്ഞുകുടിക്കുക. കാരണം, നീ ചെയ്യുന്നതു ദൈവമംഗീകരിച്ചുകഴിഞ്ഞതാണ്.
8: നിന്റെ വസ്ത്രം എപ്പോഴും ശുഭ്രമായിരിക്കട്ടെ; നീ തലയില്‍ എണ്ണ പുരട്ടാതിരിക്കരുത്.
9: സൂര്യനുകീഴേ, ദൈവം നിനക്കു നല്കിയിരിക്കുന്ന വ്യര്‍ത്ഥമായ ജീവിതം, നീ സ്നേഹിക്കുന്ന ഭാര്യയോടൊത്താസ്വദിക്കുക, കാരണം, അതു നിന്റെ ജീവിതത്തിന്റെയും സൂര്യനുകീഴേ നീ ചെയ്യുന്ന പ്രയത്നത്തിന്റെയും ഓഹരിയാണ്.
10: ചെയ്യാനുള്ളതു സര്‍വ്വശക്തിയോടുംകൂടെ ചെയ്യുക; എന്തെന്നാല്‍ നീ ചെന്നുചേരേണ്ട പാതാളത്തില്‍ ജോലിക്കോ ചിന്തയ്‌ക്കോ വിജ്ഞാനത്തിനോ അറിവിനോ സ്ഥാനമില്ല.
11: സൂര്യനുകീഴേ, ഓട്ടം വേഗമുള്ളവനോ, യുദ്ധം ശക്തിയുള്ളവനോ, അപ്പം ജ്ഞാനിക്കോ, ധനം ബുദ്ധിമാനോ, അനുഗ്രഹം സമര്‍ത്ഥനോ അല്ല ലഭിച്ചിരിക്കുന്നതെന്നു ഞാന്‍ കണ്ടു; എല്ലാം യാദൃച്ഛികമായി സംഭവിക്കുന്നതാണ്.
12: തന്റെ സമയം മനുഷ്യനജ്ഞാതമാണ്. മത്സ്യം വലയില്‍പ്പെടുന്നതുപോലെയും പക്ഷികള്‍ കെണിയില്‍ക്കുടുങ്ങുന്നതുപോലെയും കഷ്ടകാലം വിചാരിക്കാത്ത നേരത്ത് മനുഷ്യമക്കളെക്കുടുക്കുന്നു.


ജ്ഞാനിയും ഭോഷനും
13: സൂര്യനുകീഴേ, ജ്ഞാനത്തിനു ശ്രേഷ്ഠമായൊരു ദൃഷ്ടാന്തം ഞാന്‍ കണ്ടു.
14: ഏതാനുമാളുകള്‍മാത്രമുള്ള ഒരു ചെറിയ നഗരമുണ്ടായിരുന്നു; ശക്തനായ ഒരു രാജാവു വന്ന്, അതിനെതിരേ പ്രബലമായ ഉപരോധമേര്‍പ്പെടുത്തി.
15: എന്നാല്‍, അവിടെ നിര്‍ദ്ധനനായ ഒരു ജ്ഞാനിയുണ്ടായിരുന്നു, അവന്‍ തന്റെ ബുദ്ധികൊണ്ട് ആ നഗരത്തെ രക്ഷിച്ചു. പക്ഷേ, ആരുമവനെ സ്മരിച്ചില്ല.
16: ദരിദ്രന്റെ ജ്ഞാനം അപമാനിക്കപ്പെടുകയും അവന്റെ വാക്കുകള്‍ അവ ഗണിക്കപ്പെടുകയുംചെയ്താലും ജ്ഞാനമാണു ശക്തിയെക്കാള്‍ ശ്രേഷ്ഠമെന്നു ഞാന്‍ പറയുന്നു.
17: മൂഢന്മാരെ ഭരിക്കുന്ന രാജാവിന്റെ ആക്രോശത്തെക്കാള്‍ ശ്രേഷ്ഠമാണ് ജ്ഞാനിയുടെ ശാന്തമായ വാക്കുകള്‍.
18: ആയുധങ്ങളെക്കാള്‍ ശ്രേഷ്ഠമാണു ജ്ഞാനം. എന്നാല്‍ വളരെയധികം നന്മ നശിപ്പിക്കാന്‍ ഒരൊറ്റപ്പാപിമതിയാകും.

അദ്ധ്യായം 10

1: ചത്ത ഈച്ച പരിമളദ്രവ്യത്തില്‍ ദുര്‍ഗന്ധം കലര്‍ത്തുന്നു; അതുപോലെ ജ്ഞാനവും പ്രശസ്തിയുംകെടുത്താന്‍ അല്പം മൗഢ്യംമതി.
2: ജ്ഞാനിയുടെ ഹൃദയം വലത്തോട്ടും വിഡ്ഢിയുടെ ഹൃദയം ഇടത്തോട്ടും ചായ്‌വു കാണിക്കുന്നു.
3: മൂഢന്‍ വഴിയേ നടന്നാല്‍മതി, അല്പബുദ്ധിയായ അവന്‍, താന്‍ ഭോഷനാണെന്നു വെളിപ്പെടുത്തും.
4: രാജാവു കോപിച്ചാല്‍ സ്ഥലംവിടാതെ അവിടെത്തന്നെ നില്ക്കണം; വിധേയത്വം, വലിയ തെറ്റുകള്‍ക്കു പരിഹാരമായിഭവിക്കും.
5: സൂര്യനുകീഴേ ഞാനൊരു തിന്മ കണ്ടു. രാജാക്കന്മാര്‍ക്കു പറ്റുന്ന ഒരു തെറ്റ്. ഭോഷന്‍ ഉന്നതസ്ഥാനത്തെത്തുന്നു.
6: സമ്പന്നര്‍ താണ തലങ്ങളിലിരിക്കുന്നു.
7: അടിമകള്‍ കുതിരപ്പുറത്തും പ്രഭുക്കള്‍ അടിമകളെപ്പോലെ കാല്‍നടയായും സഞ്ചരിക്കുന്നതു ഞാന്‍ കണ്ടു.
8: കുഴികുഴിക്കുന്നവന്‍ അതില്‍ വീഴും; ചുമരു പൊളിക്കുന്നവനു സര്‍പ്പദംശനമേല്‍ക്കും.
9: കല്ലു വെട്ടുന്നവന്, അതുകൊണ്ടുതന്നെ മുറിവേല്‍ക്കും. വിറകു കീറുന്നവന് അതില്‍നിന്നപകടം ഭവിക്കും.
10: മുനതേഞ്ഞ ഇരുമ്പ്, കൂര്‍പ്പിക്കാതിരുന്നാല്‍ അധികം ശക്തി പ്രയോഗിക്കേണ്ടി വരും.
11: എന്നാല്‍, ജ്ഞാനം വിജയംനേടുന്നു. മെരുക്കുന്നതിനുമുമ്പു സര്‍പ്പംദംശിച്ചാല്‍ പാമ്പാട്ടിയെക്കൊണ്ടു പ്രയോജനമില്ല.
12: ജ്ഞാനിയുടെ വചനം പ്രസാദകരമാണ്; ഭോഷന്റെ അധരം അവനെത്തന്നെ ഗ്രസിക്കുന്നു.
13: അവന്റെ മൊഴികളുടെ ആരംഭം വിഡ്ഢിത്തമാണ്; സംസാരത്തിന്റെ അവസാനം തനിഭ്രാന്തും.
14: തനിക്കുശേഷം എന്തുസംഭവിക്കുമെന്നു പറയാന്‍ ആര്‍ക്കും സാധിക്കുകയില്ല; വരാനിരിക്കുന്നത് ആരുമറിയുന്നില്ല; എങ്കിലും ഭോഷന്‍ അതിഭാഷണംചെയ്യുന്നു.
15: നഗരത്തിലേക്കുള്ള വഴിയറിയാതെ കഷ്ടപ്പെട്ട്, ഭോഷന്‍ തളരുന്നു.
16: ശിശു, ഭരണംനടത്തുകയും രാജകുമാരന്മാര്‍ ഉഷസ്സില്‍ വിരുന്നുണ്ണുകയുംചെയ്യുന്ന രാജ്യമേ, നിനക്കു ഹാ കഷ്ടം!
17: ആഭിജാത്യമുള്ള രാജാവിനെ ലഭിച്ച രാജ്യം ഭാഗ്യമുള്ളത്. അവിടെ രാജകുമാരന്മാര്‍ ശക്തിയാര്‍ജിക്കാന്‍വേണ്ടി, ഉന്മത്തരാകാനല്ല, ഉചിത സമയത്തുമാത്രം വിരുന്നുനടത്തുന്ന രാജ്യം ഭാഗ്യമുള്ളത്.
18: ഉടമസ്ഥന്‍ അശ്രദ്ധനായാല്‍, മേല്‍ക്കൂരയിടിഞ്ഞുവീഴും; അവന്‍ അലസനായാല്‍ പുര ചോരും.
19: അപ്പമുണ്ടാക്കുന്നതു സന്തോഷിക്കാനാണ്; വീഞ്ഞു ജീവിതത്തിന് ആനന്ദം പകരുന്നു. എന്നാല്‍ എല്ലാറ്റിനും പണം വേണം.
20: രാജാവിനെ വിചാരത്തില്‍പോലും ശപിക്കരുത്. ഉറക്കറയില്‍പോലും ധനവാനെയും; ആകാശപ്പറവകള്‍ നിന്റെ ശബ്ദമേറ്റെടുക്കും, ഏതെങ്കിലും പതത്രിജാതി അക്കാര്യം ഉതിര്‍ത്തെന്നുവരും.

അദ്ധ്യായം 11

വിവേകപൂര്‍വ്വം പ്രവര്‍ത്തിക്കുക
1: അപ്പം നീ വെള്ളത്തിലേക്കെറിയുക. പല നാളുകള്‍ക്കുശേഷം അതു നീ കണ്ടെത്തും.
2: ഏഴോ എട്ടോ കാര്യങ്ങളില്‍ ധനംമുടക്കുക. ഭൂമിയില്‍ എന്തു തിന്മയാണ് സംഭവിക്കുകയെന്നു നീയറിയുന്നില്ലല്ലോ.
3: മേഘങ്ങള്‍ വെള്ളംനിറയുമ്പോള്‍ അതു നിശ്ശേഷം ഭൂമിയിലേക്കു ചൊരിയുന്നു; തെക്കോട്ടോ വടക്കോട്ടോ വീഴുന്ന വൃക്ഷം വീണിടത്തുതന്നെ കിടക്കും.
4: കാറ്റു നോക്കിയിരിക്കുന്നവന്‍ വിതയ്ക്കുകയോ മേഘങ്ങളെ നോക്കിയിരിക്കുന്നവന്‍ കൊയ്യുകയോ ഇല്ല.
5: ഗര്‍ഭിണിയുടെ ഉദരത്തില്‍ ചൈതന്യം പ്രവേശിക്കുന്നത് എങ്ങനെയെന്ന് അറിയാത്തതുപോലെ സര്‍വ്വത്തിന്റെയും സ്രഷ്ടാവായ ദൈവത്തിന്റെ പ്രവൃത്തികളും നീയറിയുന്നില്ല.
6: രാവിലെ വിത്തുവിതയ്ക്കുക, വൈകുന്നേരവും കൈ പിന്‍വലിക്കരുത്, കാരണം, ഏതാണു സഫലമാകുക, ഇതോ, അതോ, അഥവാ രണ്ടുമോയെന്നു നീയറിയുന്നില്ലല്ലോ.
7: വെളിച്ചം സുഖദമാണ്. സൂര്യനെ നോക്കുന്നതു കണ്ണിനു നല്ലതാണ്.
8: ദീര്‍ഘകാലം ജീവിച്ചിരിക്കുന്നവന്‍ അക്കാലമെല്ലാമാനന്ദിക്കട്ടെ; എന്നാല്‍ അന്ധകാരത്തിന്റെ ദിനങ്ങള്‍ നിരവധിയായിരിക്കുമെന്ന് ഓര്‍ക്കുകയുംചെയ്യട്ടെ. വരുന്നതെല്ലാം മിഥ്യയാണ്.

യുവത്വവും വാര്‍ദ്ധക്യവും
9: യുവാവേ, യുവത്വത്തില്‍ നീ സന്തോഷിക്കുക, യൗവനത്തിന്റെ നാളുകളില്‍ നിന്റെ ഹൃദയം നിന്നെയാനന്ദിപ്പിക്കട്ടെ; ഹൃദയത്തിന്റെ പ്രേരണകളെയും കണ്ണിന്റെ അഭിലാഷങ്ങളെയും പിന്‍ചെല്ലുക. എന്നാല്‍ ഓര്‍മ്മിച്ചുകൊള്ളുക, ഇവയ്‌ക്കെല്ലാം ദൈവം നിന്നെ ന്യായവിധിക്കായി വിളിക്കും.
10: മനസ്സില്‍നിന്ന് ആകുലതയകറ്റുക. ശരീരത്തില്‍നിന്നു വേദന ദുരീകരിക്കുക; യുവത്വവും ജീവിതത്തിന്റെ പ്രഭാതവും മിഥ്യയാണ്
.

അദ്ധ്യായം 12

1: ഒന്നിലും സന്തോഷം തോന്നുന്നില്ല എന്നു നീ പറയുന്ന ദുര്‍ദ്ദിനങ്ങളും വര്‍ഷങ്ങളും ആഗമിക്കുംമുമ്പ്, യൗവനകാലത്തു സ്രഷ്ടാവിനെ സ്മരിക്കുക.
2: സൂര്യനും പ്രകാശവും ചന്ദ്രനും നക്ഷത്രങ്ങളുമിരുണ്ടുപോകും; വൃഷ്ടികഴിഞ്ഞു മറഞ്ഞമേഘങ്ങള്‍ വീണ്ടുംവരും.
3: വീട്ടുകാവല്‍ക്കാര്‍ സംഭ്രമിക്കുകയും ശക്തന്മാര്‍ കൂനിപ്പോവുകയും, അരയ്ക്കുന്നവര്‍, ആളുകുറവായതിനാല്‍ വിരമിക്കുകയും കിളിവാതിലിലൂടെ നോക്കുന്നവര്‍ അന്ധരാവുകയുംചെയ്യും;
4: തെരുവിലെ വാതിലുകളടയ്ക്കപ്പെടും; മാവു പൊടിക്കുന്ന ശബ്ദം മന്ദീഭവിക്കും; പക്ഷിയുടെ ശബ്ദംകേട്ട്, മനുഷ്യനുണര്‍ന്നുപോകും; ഗായികമാരുടെ ശബ്ദം താഴും.
5: ഉയര്‍ന്നുനില്ക്കുന്നതും വഴിയില്‍ക്കാണുന്നതുമെല്ലാം അവര്‍ക്കു ഭീതിജനകമാകും; ബദാംവൃക്ഷം തളിര്‍ക്കും; പച്ചക്കുതിര ഇഴയും, ആശയറ്റുപോകും; മനുഷ്യന്‍ തന്റെ നിത്യഭവനത്തിലേക്കു പോവുകയും, വിലപിക്കുന്നവര്‍ തെരുവീഥികളിലൂടെ നീങ്ങുകയും ചെയ്യും.
6: വെള്ളിച്ചരടു പൊട്ടും, കനകപാത്രങ്ങള്‍ തകരും, അരുവിയില്‍വച്ചു കുടമുടയും, നീര്‍ത്തൊട്ടിയുടെ ചക്രം തകരും;
7: ധൂളി, അതിന്റെ ഉറവിടമായ മണ്ണിലേക്കു മടങ്ങും; ആത്മാവു തന്റെ ദാതാവായ ദൈവത്തിങ്കലേക്കു തിരിച്ചുപോവുകയും ചെയ്യും.
8: സഭാപ്രസംഗകന്‍ പറയുന്നു: മിഥ്യകളില്‍ മിഥ്യ; സമസ്തവും മിഥ്യ.

ഉപസംഹാരം
9: സഭാപ്രസംഗകന്‍ ജ്ഞാനിയായിരുന്നു, കൂടാതെ അവന്‍ ആപ്തവചനങ്ങള്‍ വിവേചിച്ചുപഠിക്കുകയും ക്രമത്തിലടുക്കുകയുംചെയ്തുകൊണ്ട് ജനങ്ങള്‍ക്ക് അറിവുപകര്‍ന്നു.
10: ഇമ്പമുള്ള വാക്കുകള്‍ കണ്ടുപിടിക്കാന്‍ സഭാപ്രസംഗകന്‍ ശ്രമിച്ചിട്ടുണ്ട്, സത്യവചസ്സുകള്‍ സത്യസന്ധമായി രേഖപ്പെടുത്തുകയും ചെയ്തിരിക്കുന്നു.
11: ജ്ഞാനിയുടെ വാക്കുകള്‍ ഇടയന്റെ വടിപോലെയാണ്. ഇടയന്റെ സമാഹരിക്കപ്പെട്ട സൂക്തങ്ങള്‍ തറഞ്ഞുകയറിയ ആണികള്‍പോലെയാണ്.
12: മകനേ, ഇതിലപ്പുറമുള്ള സകലതിലും നീ മുന്‍കരുതലുള്ളവനായിരിക്കണം. നിരവധി ഗ്രന്ഥങ്ങള്‍ നിര്‍മ്മിക്കുക എന്നുവച്ചാല്‍ അതിനവസാനമുണ്ടാവുകയില്ല, അദ്ധ്യയനം അധികമായാല്‍ അതു ശരീരത്തെത്തളര്‍ത്തും.
13: പരിസമാപ്തിയിതാണ്; എല്ലാം കേട്ടുകഴിഞ്ഞതുതന്നെ. ദൈവഭയമുള്ളവനായിരിക്കുക, അവിടുത്തെ കല്പനകള്‍ പാലിക്കുക; മനുഷ്യന്റെ മുഴുവന്‍ കര്‍ത്തവ്യവും ഇതുതന്നെ.
14: നല്ലതോ ചീത്തയോ ആയ ഏതു നിഗൂഢപ്രവൃത്തിയും ദൈവം നീതിപീഠത്തിനുമുമ്പില്‍ക്കൊണ്ടുവരും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ