നൂറ്റിയെണ്‍പത്തിയഞ്ചാം ദിവസം: സുഭാഷിതങ്ങള്‍ 28 - 31

അദ്ധ്യായം 28

1: ആരും പിന്തുടരാത്തപ്പോഴും ദുഷ്ടര്‍ പേടിച്ചോടുന്നു; നീതിമാന്മാരാവട്ടെ സിംഹത്തെപ്പോലെ ധീരരാണ്.
2: അന്യായം പെരുകുമ്പോള്‍ നാട്ടില്‍ പല ഭരണാധിപന്മാരുണ്ടാകുന്നു; ബുദ്ധിയും പരിജ്ഞാനവുമുള്ളവര്‍ അതിന്റെ സുസ്ഥിതി, ദീര്‍ഘകാലം നിലനിറുത്തും.
3: ദരിദ്രനെ പീഡിപ്പിക്കുന്ന അധികാരി, ഭക്ഷ്യവിളകള്‍ നശിപ്പിക്കുന്ന പേമാരിയാണ്.
4: നിയമം ലംഘിക്കുന്നവന്‍ ദുഷ്ടരെ പ്രശംസിക്കുന്നു; നിയമംപാലിക്കുന്നവന്‍ അവരോടേറ്റുമുട്ടുന്നു.
5: ദുഷ്ടര്‍ നീതിയറിയുന്നില്ല; കര്‍ത്താവിനെത്തേടുന്നവര്‍ അതു പൂര്‍ണ്ണമായും മനസ്സിലാക്കുന്നു.
6: വക്രബുദ്ധിയായ ധനവാനെക്കാള്‍, സത്യസന്ധനായ ദരിദ്രനാണു ശ്രേഷ്ഠന്‍.
7: കല്പനപാലിക്കുന്ന പുത്രന്‍ ജ്ഞാനിയാണ്; ദുര്‍വൃത്തന്മാരുമായി കൂട്ടുകൂടൂന്നവന്‍ പിതാവിന് അപമാനം വരുത്തിവയ്ക്കുന്നു.
8: പലിശയും കൊള്ളലാഭവുംവഴി നേടിയ സമ്പത്ത്, ദരിദ്രരോടു ദയയുളളവന്റെ കൈയില്‍ ചെന്നുചേരും.
9: നിയമം വകവയ്ക്കാത്തവന്റെ പ്രാര്‍ത്ഥനപോലും വെറുപ്പുളവാക്കുന്നു.
10: സത്യസന്ധരെ ദുര്‍മ്മാര്‍ഗ്ഗത്തിലേക്കു നയിക്കുന്നവന്‍ താന്‍കുഴിച്ച കുഴിയില്‍ത്തന്നെ വീഴും; നിഷ്‌കളങ്കര്‍ക്കു നന്മ ഭവിക്കും.
11: താനൊരു ജ്ഞാനിയാണെന്നു ധനികന്‍ വിചാരിക്കുന്നു; ബുദ്ധിമാനായ ദരിദ്രന്‍ അവന്റെ തനിനിറം കണ്ടുപിടിക്കുന്നു.
12: നീതിമാന്മാരുടെ വിജയത്തില്‍ എങ്ങും ആഹ്ലാദം തിരതല്ലുന്നു; ദുഷ്ടരുടെ ഉയര്‍ച്ചയില്‍ ജനങ്ങളോടിയൊളിക്കുന്നു.
13: തെറ്റുകള്‍ മറച്ചുവയ്ക്കുന്നവന്‌ ഐശ്വര്യമുണ്ടാവുകയില്ല; അവ ഏറ്റുപറഞ്ഞു പരിത്യജിക്കുന്നവനു കരുണ ലഭിക്കും.
14: നിരന്തരം ദൈവഭക്തിയില്‍ കഴിയുന്നവന്‍ അനുഗൃഹീതനാണ്; ഹൃദയം കഠിനമാക്കിവയ്ക്കുന്നവന്‍ ദുരിതമനുഭവിക്കും.
15: നിസ്സഹായരുടെമേല്‍ ഭരണംനടത്തുന്ന ദുഷ്ടനായ രാജാവ്, ഗര്‍ജ്ജിക്കുന്ന സിംഹത്തെയോ ഇരതേടുന്ന കരടിയെയോപോലെയാണ്.
16: ബുദ്ധിശൂന്യനായ രാജാവ് പ്രജകളെ ക്രൂരമായി പീഡിപ്പിക്കുന്നു; കൊള്ളലാഭം വെറുക്കുന്നവന് ആയുസ്സു വര്‍ദ്ധിക്കും.
17: കൊലപാതകി മരണംവരെ അലഞ്ഞുതിരിയട്ടെ; ആരും അവനിടംകൊടുക്കരുത്.
18: ധര്‍മ്മമാര്‍ഗ്ഗത്തില്‍ ചരിക്കുന്നവന്‍ സുരക്ഷിതനായിരിക്കും; ദുര്‍മ്മാര്‍ഗ്ഗത്തില്‍ ചരിക്കുന്നവന്‍ കുഴിയില്‍ വീഴും.
19: മണ്ണില്‍ അദ്ധ്വാനിക്കുന്നവനു വേണ്ടത്ര ആഹാരം കിട്ടും; പാഴ്‌വേലചെയ്യുന്നവന്‍ കടുത്ത ദാരിദ്ര്യമനുഭവിക്കും.
20: വിശ്വസ്തന്‍ സമൃദ്ധമായി അനുഗ്രഹിക്കപ്പെടും; ധനികനാവാന്‍ തിടുക്കംകൂട്ടുന്നവന്‍ ശിക്ഷിക്കപ്പെടാതിരിക്കുകയില്ല.
21: പക്ഷപാതം നന്നല്ല; എങ്കിലും; ഒരപ്പക്കഷണത്തിനു വേണ്ടിപ്പോലും മനുഷ്യന്‍ തെറ്റുചെയ്യുന്നു.
22: ലുബ്ദ്ധന്‍ സമ്പത്തിനു പിന്നാലെ പരക്കംപായുന്നു; തന്നെ ദാരിദ്ര്യംപിടികൂടുമെന്ന് അവനറിയുന്നില്ല.
23: മുഖസ്തുതിപറയുന്നവനെക്കാള്‍ ശാസിക്കുന്നവനാണു പിന്നീടു പ്രീതിപാത്രമാവുക.
24: അപ്പനില്‍നിന്നോ അമ്മയില്‍നിന്നോ പിടിച്ചുപറിച്ചിട്ട് അതു തെറ്റല്ലെന്നു പറയുന്നവന്‍ ധ്വംസകന്റെ കൂട്ടുകാരനാണ്.
25: അത്യാഗ്രഹികള്‍ കലഹമിളക്കിവിടുന്നു; കര്‍ത്താവില്‍ ആശ്രയിക്കുന്നവരാകട്ടെ, ഐശ്വര്യംനേടും.
26: സ്വന്തം ബുദ്ധിയില്‍ വിശ്വാസമര്‍പ്പിക്കുന്നവന്‍ ഭോഷനാണ്; ജ്ഞാനമാര്‍ഗ്ഗത്തില്‍ ചരിക്കുന്നവന്‍ സുരക്ഷിതനായിരിക്കും.
27: ദരിദ്രര്‍ക്കു ദാനം ചെയ്യുന്നവന്‍ ക്ഷാമമനുഭവിക്കുകയില്ല; അവരുടെനേരേ കണ്ണടയ്ക്കുന്നവനു ശാപത്തിന്മേല്‍ ശാപമുണ്ടാകും.
28: ദുഷ്ടരുടെ ഉയര്‍ച്ചയില്‍ ആളുകളോടിയൊളിക്കുന്നു; അവര്‍ അധഃപതിക്കുമ്പോള്‍ നീതിമാന്മാര്‍ പ്രബലരാകും.

അദ്ധ്യായം 29

1: കൂടെക്കൂടെ ഗുണദോഷിക്കപ്പെട്ടിട്ടും മര്‍ക്കടമുഷ്ടിപിടിക്കുന്നവന്‍ രക്ഷപെടാനാവാത്ത തകര്‍ച്ചയില്‍ പെട്ടെന്നു പതിക്കും.
2: നീതിമാന്മാര്‍ അധികാരത്തിലിരിക്കുമ്പോള്‍ ജനങ്ങള്‍ സന്തോഷിക്കുന്നു; ദുഷ്ടന്മാര്‍ ഭരിക്കുമ്പോള്‍ ജനങ്ങള്‍ വിലപിക്കുന്നു.
3: ജ്ഞാനത്തെ സ്‌നേഹിക്കുന്നവന്‍ പിതാവിനെ സന്തോഷിപ്പിക്കുന്നു; വേശ്യകളോടു സഹവസിക്കുന്നവന്‍ സമ്പത്തു ധൂര്‍ത്തടിക്കുന്നു.
4: നീതിയിലൂടെ, രാജാവു നാടിനു ക്ഷേമംവരുത്തുന്നു; നിര്‍ബ്ബന്ധിച്ചു നികുതിയീടാക്കുന്നവന്‍ നാടു നശിപ്പിക്കുന്നു.
5: അയല്‍ക്കാരനോടു മുഖസ്തുതി പറയുന്നവന്‍ അവന്റെ കാലിനു കെണിവയ്ക്കുകയാണ്.
6: ദുഷ്ടന്റെ അതിക്രമങ്ങള്‍ അവനെ കുരുക്കിലാക്കുന്നു; നീതിമാന്‍ സന്തോഷത്തോടെ മുന്നേറുന്നു.
7: നീതിമാന്‍ ദരിദ്രരുടെ അവകാശങ്ങളംഗീകരിക്കുന്നു; ദുഷ്ടന് അതിലൊന്നും ശ്രദ്ധയില്ല.
8: പരിഹാസകന്‍ നഗരത്തിനു തീ വയ്ക്കുന്നു; ജ്ഞാനികള്‍ ക്രോധമകറ്റിക്കളയുന്നു
9: ജ്ഞാനി ഭോഷന്മായി വ്യവഹാരത്തിലേര്‍പ്പെട്ടാല്‍ ഭോഷന്‍ കലിതുള്ളുകയും അട്ടഹസിക്കുകയുംചെയ്യുമെന്നല്ലാതെ, സമാധാനം ലഭിക്കുകയില്ല.
10: രക്തദാഹികള്‍ നിര്‍ദ്ദോഷനെ വെറുക്കുന്നു; ദുഷ്ടന്‍ അവന്റെ ജീവന്‍ വേട്ടയാടുന്നു.
11: ഭോഷന്‍ കോപത്തെ കടിഞ്ഞാണയച്ചുവിടുന്നു; ജ്ഞാനി അതിനെ ക്ഷമയോടെ നിയന്ത്രിക്കുന്നു.
12: ഭരണാധിപന്‍ അസത്യത്തിനു ചെവികൊടുത്താല്‍ സേവകര്‍ ദുഷ്ടരായിത്തീരും.
13: ദരിദ്രനും അവനെ പീഡിപ്പിക്കുന്നവനും ഒരുകാര്യത്തില്‍ തുല്യരാണ്; ഇരുവരുടെയും കണ്ണുകള്‍ക്കു പ്രകാശംനല്കുന്നതു കര്‍ത്താവാണ്.
14: ദരിദ്രര്‍ക്കു നീതി ഉറപ്പുവരുത്തുന്ന രാജാവിന്റെ സിംഹാസനം, ഉറച്ചുനില്ക്കും.
15: താഡനവും ശാസനവും ജ്ഞാനംപകര്‍ന്നുകൊടുക്കുന്നു; തന്നിഷ്ടത്തിനു വിട്ടിരിക്കുന്ന കുട്ടി, അമ്മയ്ക്കപമാനം വരുത്തിവയ്ക്കുന്നു.
16: ദുഷ്ടന്മാര്‍ അധികാരത്തിലിരിക്കുമ്പോള്‍ അതിക്രമം പെരുകുന്നു; അവരുടെ അധഃപതനം നീതിമാന്മാര്‍ കാണും.
17: മകനു ശിക്ഷണം നല്കുക, അവന്‍ നിനക്ക് ആശ്വാസഹേതുവാകും; നിന്റെ ഹൃദയത്തെ ആഹ്ലാദിപ്പിക്കുകയും ചെയ്യും.
18: പ്രവചനമില്ലാത്തിടത്തു ജനങ്ങള്‍ നിയന്ത്രണം വെടിയുന്നു; നിയമം പാലിക്കുന്നവന്‍ അനുഗൃഹീതനാണ്.
19: വാക്കുകൊണ്ടുമാത്രം ഭൃത്യനെ നന്നാക്കാനാവില്ല; അവന്‍ മനസ്സിലാക്കിയാല്‍ത്തന്നെയും അനുസരിക്കുകയുമില്ല.
20: വാതോരാതെ സംസാരിക്കുന്നവനെ നോക്കൂ; ഭോഷന് അവനെക്കാളേറെ പ്രതീക്ഷയ്ക്കു വകയുണ്ട്.
21: ഭൃത്യനോടു ചെറുപ്പംമുതലേ അമിതദാക്ഷിണ്യംകാട്ടിയാല്‍ നിനക്കുള്ളതെല്ലാം അവസാനമവന്‍ സ്വന്തമാക്കും.
22: രോഷാകുലന്‍ കലഹമിളക്കിവിടുന്നു; കോപശീലന്‍ അതിക്രമങ്ങള്‍വരുത്തിവയ്ക്കുന്നു.
23: അഹങ്കാരി നിലംപതിക്കും; വിനീതഹൃദയന്‍ ബഹുമതിനേടും.
24: കള്ളന്റെ പങ്കാളി തന്റെതന്നെ ശത്രുവാണ്, അവന്‍ സത്യംചെയ്യുന്നെങ്കിലും ഒന്നും വെളിപ്പെടുത്തുന്നില്ല.
25: മനുഷ്യനെ ഭയപ്പെടുന്നത് ഒരു കെണിയാണ്; കര്‍ത്താവില്‍ വിശ്വാസമര്‍പ്പിക്കുന്നവന്‍ സുരക്ഷിതനത്രേ.
26: ഭരണാധിപന്റെ പ്രീതിനേടാൻ പലരും ശ്രമിക്കുന്നു; എന്നാല്‍, നീതി ലഭിക്കുന്നതു കര്‍ത്താവില്‍നിന്നാണ്.
27: നീതിമാന്‍ അനീതികാട്ടുന്നവനെ വെറുക്കുന്നു; ദുഷ്ടന്‍ സന്മാര്‍ഗ്ഗിയെയും.

അദ്ധ്യായം 30

ആഗൂറിന്റെ സൂക്തങ്ങള്‍

1: മാസ്സായിലെ യാക്കേയുടെ മകനായ ആഗൂറിന്റെ വാക്കുകള്‍. അവന്‍ ഇഥിയേലിനോട് – ഇഥിയേലിനോടും യുക്കാളിനോടും - പറയുന്നു:
2: മനുഷ്യനെന്നു കരുതാനാവാത്ത മൂഢനാണു ഞാന്‍; മനുഷ്യന്റെ ബുദ്ധിശക്തി എനിക്കില്ല.
3: ഞാന്‍ ജ്ഞാനമഭ്യസിച്ചിട്ടില്ല; പരിശുദ്ധനെക്കുറിച്ചുള്ള അറിവുമെനിക്കില്ല.
4: സ്വര്‍ഗ്ഗത്തിലേക്കു കയറുകയുമിറങ്ങുകയും ചെയ്തതാര്? കാറ്റിനെ മുഷ്ടിയിലൊതുക്കുന്നതാര്? സമുദ്രങ്ങളെ വസ്ത്രത്തില്‍ പൊതിഞ്ഞുവച്ചിരിക്കുന്നതാര്? ഭൂമിയുടെ അതിരുകളുറപ്പിച്ചതാര്? അവന്റെ പേരെന്ത്? അവന്റെ പുത്രന്റെ പേരെന്ത്? തീര്‍ച്ചയായും നിനക്കറിയാമല്ലോ.
5: ദൈവത്തിന്റെ ഓരോ വാക്കും സത്യമെന്നു തെളിയുന്നു. തന്നെ അഭയംപ്രാപിക്കുന്നവര്‍ക്ക്, അവിടുന്നു കവചമാണ്.
6: അവിടുത്തെ വാക്കുകളോട് ഒന്നുംകൂട്ടിച്ചേര്‍ക്കരുത്; അങ്ങനെ ചെയ്താല്‍, അവിടുന്നു നിന്നെ കുറ്റപ്പെടുത്തും; നീ നുണയനാവുകയുംചെയ്യും.
7: രണ്ടു കാര്യങ്ങള്‍ ഞാന്‍ അങ്ങയോടപേക്ഷിക്കുന്നു; മരണംവരെ എനിക്കവ നിഷേധിക്കരുതേ.
8: അസത്യവും വ്യാജവും എന്നില്‍നിന്നകറ്റിനിറുത്തണമേ; ദാരിദ്ര്യമോ സമൃദ്ധിയോ എനിക്കു തരരുതേ; ആവശ്യത്തിനാഹാരംതന്ന് എന്നെ പോറ്റണമേ.
9: ഞാന്‍ സമൃദ്ധിയില്‍ അങ്ങയെ അവഗണിക്കുകയും കര്‍ത്താവാര് എന്നു ചോദിക്കുകയുംചെയ്‌തേക്കാം; ദാരിദ്ര്യംകൊണ്ടു മോഷ്ടിച്ച് ദൈവനാമത്തെ നിന്ദിക്കുകയും ചെയ്‌തേക്കാം.
10: ഭൃത്യനെക്കുറിച്ചു യജമാനനോട്, അപവാദം പറയരുത്; അങ്ങനെചെയ്താല്‍, അവന്‍ നിന്നെ ശപിക്കുകയും നീ കുറ്റക്കാരനായി കരുതപ്പെടുകയും ചെയ്യും.
11: പിതാവിനെ ശപിക്കുകയും മാതാവിനു നന്മനേരാതിരിക്കുകയുംചെയ്യുന്നവരുണ്ട്.
12: നിര്‍ദ്ദോഷരെന്നു ഭാവിക്കുകയും മാലിന്യം കഴുകിക്കളയാതിരിക്കുകയും ചെയ്യുന്നവരുണ്ട്.
13: കണ്ണുകളില്‍ ഗര്‍വ്വം മുറ്റിനില്‍ക്കുന്ന ചിലരുണ്ട്.
14: വാളും കത്തിയുംപോലുള്ള പല്ലുകള്‍കൊണ്ടു ദരിദ്രരെയും അഗതികളെയും കടിച്ചുതിന്നുന്ന ചിലരുണ്ട്.
15: കന്നട്ടയ്ക്കു രണ്ടു പുത്രിമാരുണ്ട്; തരുക, തരുക, എന്ന് അവര്‍ മുറവിളികൂട്ടുന്നു. ഒരിക്കലും തൃപ്തിയടയാത്ത മൂന്നു കാര്യങ്ങളുണ്ട്. നാലു കാര്യങ്ങള്‍ ഒരിക്കലും മതിയെന്നു പറയുന്നില്ല;
16: പാതാളം, വന്ധ്യമായ ഉദരം, വെള്ളം കൊതിക്കുന്ന ഭൂമി, മതിവരാത്ത അഗ്നി.
17: പിതാവിനെ പരിഹസിക്കുകയും അമ്മയെ അവജ്ഞയോടെ ധിക്കരിക്കുകയും ചെയ്യുന്നവന്റെ കണ്ണ്, മലങ്കാക്കകള്‍ കൊത്തിപ്പറിക്കുകയും കഴുകന്മാര്‍ തിന്നുകയുംചെയ്യും.
18: മൂന്നു കാര്യങ്ങള്‍ എനിക്കത്യദ്ഭുതകരമാണ്. നാലുകാര്യങ്ങള്‍ എനിക്കു മനസ്സിലാകുന്നില്ല:
19: കഴുകന്റെ ആകാശത്തിലൂടെയുള്ള പാത, സര്‍പ്പത്തിന്റെ പാറയിലൂടെയുള്ള വഴി, കപ്പലിന്റെ സഞ്ചാര പഥം, കന്യകയോടുള്ള യുവാവിന്റെ പെരുമാറ്റം.
20: വ്യഭിചാരിണിയുടെ രീതി ഇതാണ്, അവള്‍ വിശപ്പടക്കി മുഖംതുടച്ചുകൊണ്ടു പറയുന്നു: ഞാന്‍ ഒരു തെറ്റും ചെയ്തില്ല.
21: മൂന്നു കാര്യങ്ങള്‍ ഭൂമിയെ വിറകൊള്ളിക്കുന്നു; നാലുകാര്യങ്ങള്‍ അസഹ്യമാണ്.
22: രാജാവായി ഉയര്‍ന്ന അടിമ, മൃഷ്ടാന്നഭോജനംകഴിച്ച ഭോഷന്‍,
23: സ്നേഹിക്കപ്പെടാത്ത ഭാര്യ, യജമാനത്തിയുടെ സ്ഥാനമപഹരിച്ച ദാസി.
24: ഭൂമിയിലെ നാലു ജീവികള്‍ തീരെ ചെറുതാണ്, എങ്കിലും അസാമാന്യബുദ്ധി പ്രകടിപ്പിക്കുന്നു.
25: എറുമ്പിന്‍കൂട്ടം എത്രയോ ദുര്‍ബ്ബലം! എങ്കിലും അവ വേനല്‍ക്കാലത്ത് ആഹാരം കരുതിവയ്ക്കുന്നു.
26: കുഴിമുയല്‍ - കെല്‍പ്പില്ലാത്ത ഒരു കൂട്ടം; എങ്കിലും അവ പാറകളില്‍ പാര്‍പ്പിടം നിര്‍മ്മിക്കുന്നു.
27: വെട്ടുകിളികള്‍ക്കു രാജാവില്ല; എങ്കിലും അവ അണിയണിയായി നീങ്ങുന്നു.
28: പല്ലി കൈയിലൊതുങ്ങാനേയുള്ളു; എങ്കിലും അതു രാജകൊട്ടാരങ്ങളില്‍പ്പോലും കയറിപ്പറ്റുന്നു.
29: മൂന്നുകൂട്ടര്‍ കാല്‍വയ്പില്‍ പ്രൌഢി പുലര്‍ത്തുന്നു; നാലു കൂട്ടര്‍ക്കു നടത്തത്തില്‍ ഗാംഭീര്യമുണ്ട്:
30: മൃഗങ്ങളില്‍ കരുത്തേറിയതും, ഒന്നിനെയും കൂസാത്തതുമായ സിംഹം,
31: ഞെളിഞ്ഞുനടക്കുന്ന പൂവന്‍കോഴി, മുട്ടാട്, സൈന്യങ്ങളെ നയിക്കുന്ന രാജാവ്.
32: നീ നിന്നെത്തന്നെ പുകഴ്ത്തിക്കൊണ്ടു ഭോഷത്തം കാട്ടുകയോ തിന്മയ്ക്ക് കളമൊരുക്കുകയോചെയ്യുന്നവനാണെങ്കില്‍, നിശ്ശബ്ദതപാലിക്കുക.
33: എന്തെന്നാല്‍, പാലുകടഞ്ഞാല്‍ വെണ്ണകിട്ടും; മൂക്കിനടിച്ചാല്‍ ചോരവരും; കോപമിളക്കിവിട്ടാല്‍ കലഹമുണ്ടാകും.

അദ്ധ്യായം 31


ലമുവേലിന്റെ സൂക്തങ്ങള്‍
1: മാസ്സാരാജാവായ ലമുവേലിന്റെ വാക്കുകള്‍. ഇവ അവനെ അമ്മ പഠിപ്പിച്ചതാണ്.
2: ആറ്റുനോറ്റിരുന്ന് എന്റെ വയറ്റില്‍പിറന്ന മകനേ, എന്താണു ഞാന്‍ നിന്നോടു പറയേണ്ടത്?
3: നിന്റെ പൗരുഷവും കഴിവുകളും, രാജാക്കന്മാരെ പാട്ടിലാക്കി നശിപ്പിക്കുന്ന സ്ത്രീകള്‍ക്കുവേണ്ടി ധൂര്‍ത്തടിക്കരുത്.
4: അല്ലയോ ലമുവേല്‍, വീഞ്ഞു രാജാക്കന്മാര്‍ക്കു ചേര്‍ന്നതല്ല; ലഹരിപാനീയങ്ങളില്‍ ആസക്തി ഭരണാധിപന്മാര്‍ക്ക് ഉചിതമല്ല.
5: മദ്യപിക്കുമ്പോള്‍ അവര്‍ കല്പനകള്‍ മറക്കുകയും കഷ്ടപ്പെടുന്നവരുടെ അവകാശങ്ങള്‍ അവഗണിക്കുകയും ചെയ്യും.
6: ലഹരിപാനീയം, നാശത്തിന്റെ വക്കിലെത്തിയവനും വീഞ്ഞ്, കഠിനദുഃഖത്തിലകപ്പെട്ടിരിക്കുന്നവര്‍ക്കും കൊടുക്കുക.
7: അവര്‍ കുടിച്ച് ദാരിദ്ര്യവും ദുരിതവും വിസ്മരിക്കട്ടെ.
8: മൂകരും അനാഥരുമായവരുടെ അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുക.
9: നീതിപൂര്‍വ്വം വിധിക്കാനും ദരിദ്ര്യരുടെയും അഗതികളുടെയും അവകാശങ്ങള്‍ പരിരക്ഷിക്കാനുംവേണ്ടി വാക്കുകളുപയോഗിക്കുക.


ഉത്തമയായ ഭാര്യ
10: ഉത്തമയായ ഭാര്യയെ കണ്ടുപിടിക്കാന്‍ ആര്‍ക്കു കഴിയും? അവള്‍ രത്നങ്ങളെക്കാള്‍ അമൂല്യയത്രേ.
11: ഭര്‍ത്താവിന്റെ ഹൃദയം അവളില്‍ വിശ്വാസമര്‍പ്പിക്കുന്നു; അവന്റെ നേട്ടങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു.
12: അവള്‍ ആജീവനാന്തം ഭര്‍ത്താവിനു നന്മയല്ലാതെ ഉപദ്രവം ചെയ്യുന്നില്ല.
13: അവള്‍ രോമവും ചണവും ശേഖരിച്ച്, ചുറുചുറുക്കോടെ നെയ്‌തെടുക്കുന്നു.
14: അവള്‍ വ്യാപാരിയുടെ കപ്പലുകളെപ്പോലെ അകലെനിന്ന് ആഹാരസാധനങ്ങള്‍ കൊണ്ടുവരുന്നു.
15: പുലര്‍ച്ചയ്ക്കുമുമ്പേ അവളുണര്‍ന്ന് കുടുംബാംഗങ്ങള്‍ക്കു ഭക്ഷണമൊരുക്കുകയും പരിചാരികമാര്‍ക്കു ജോലികള്‍ നിര്‍ദ്ദേശിച്ചുകൊടുക്കുകയും ചെയ്യുന്നു.
16: അവള്‍ നല്ല നിലം നോക്കിവാങ്ങുന്നു; സ്വന്തം സമ്പത്തുകൊണ്ട് അവള്‍ മുന്തിരിത്തോട്ടം നട്ടുപിടിപ്പിക്കുന്നു.
17: അവള്‍ അരമുറുക്കി കൈച്ചുറുക്കോടെ ജോലിചെയ്യുന്നു.
18: തന്റെ വ്യാപാരം ലാഭകരമാണോ എന്ന് അവള്‍ പരിശോധിച്ചറിയുന്നു; രാത്രിയില്‍ അവളുടെ വിളക്കണയുന്നില്ല.
19: അവള്‍ ദണ്ഡും തക്ലിയുമുപയോഗിച്ച്‌ നൂല്‍നൂല്‍ക്കുന്നു.
20: അവള്‍ ദരിദ്രര്‍ക്കു ദാനംചെയ്യുകയും പാവങ്ങളെ സഹായിക്കുകയുംചെയ്യുന്നു.
21: മഞ്ഞുകാലത്തു കുടുംബാഗങ്ങള്‍ക്കു തണുപ്പേല്ക്കുമെന്ന് അവള്‍ ഭയപ്പെടുന്നില്ല; അവര്‍ക്കു ധരിക്കാന്‍ ഇരട്ടവസ്ത്രങ്ങളുണ്ട്.
22: അവള്‍ സ്വയം വിരിപ്പുകള്‍ നിര്‍മ്മിക്കുന്നു; മൃദുലവും ധൂമ്രവര്‍ണ്ണവുമായ പട്ടുവസ്ത്രങ്ങളാണ് അവള്‍ ധരിക്കുന്നത്.
23: ശ്രേഷ്ഠന്മാരോടൊപ്പമിരിക്കുമ്പോള്‍ നഗരകവാടത്തില്‍ അവളുടെ ഭര്‍ത്താവു ശ്രദ്ധേയനാകുന്നു.
24: അവള്‍ ചണവസ്ത്രങ്ങളുണ്ടാക്കി വില്ക്കുകയും അരപ്പട്ടകള്‍ വ്യാപാരിക്ക് എത്തിച്ചുകൊടുക്കുകയും ചെയ്യുന്നു.
25: അവള്‍ കഴിവും അന്തസ്സുമണിയുന്നു; ഭാവിയെനോക്കി പുഞ്ചിരിക്കുന്നു.
26: അവള്‍ വായ് തുറന്നാല്‍ ജ്ഞാനമേ പുറത്തുവരൂ; ദയാമസൃണമായ ഉപദേശം അവളുടെ നാവിലുണ്ട്.
27: കുടുംബാംഗങ്ങളുടെ നടപടികള്‍ അവള്‍ ശ്രദ്ധാപൂര്‍വ്വം വീക്ഷിക്കുന്നു; അലസതയുടെ അപ്പം അവള്‍ ഭക്ഷിക്കുന്നില്ല.
28: അവളുടെ സന്താനങ്ങള്‍ അവളെ ഭാഗ്യവതിയെന്നു വിളിക്കുന്നു; അവളുടെ ഭര്‍ത്താവും അപ്രകാരം ചെയ്യുന്നു; അവന്‍ അവളെ ഇങ്ങനെ പ്രശംസിക്കുന്നു:
29: പല സ്ത്രീകളും തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിച്ചിട്ടുണ്ട്; എന്നാല്‍, നീ അവരെയെല്ലാം അതിശയിക്കുന്നു.
30: സൗകുമാര്യം വഞ്ചനനിറഞ്ഞതും സൗന്ദര്യം വ്യര്‍ത്ഥവുമാണ്; എന്നാല്‍, ദൈവഭക്തിയുള്ള സ്ത്രീ പ്രശംസയര്‍ഹിക്കുന്നു.
31: അവളുടെ അദ്ധ്വാനത്തെ വിലമതിക്കുവിന്‍; അവളുടെ പ്രവൃത്തികള്‍ നഗരകവാടത്തില്‍ അവള്‍ക്കു പ്രശംസയായിരിക്കട്ടെ!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ