ഇരുന്നൂറ്റിപ്പത്താം ദിവസം: ഏശയ്യാ 31 - 36


അദ്ധ്യായം 31

ജറുസലെമിനു സംരക്ഷണം
1: കര്‍ത്താവിനോട്, ആലോചനചോദിക്കുകയോ ഇസ്രായേലിന്റെ പരിശുദ്ധനിലേക്കു ദൃഷ്ടിയുയര്‍ത്തുകയോചെയ്യാതെ സഹായംതേടി ഈജിപ്തിലേക്കുപോവുകയുംകുതിരയിലാശ്രയിക്കുകയും രഥങ്ങളുടെ എണ്ണത്തിലും കുതിരപ്പടയാളികളുടെ കരുത്തിലും വിശ്വാസമര്‍പ്പിക്കുകയുംചെയ്യുന്നവര്‍ക്കു ദുരിതം!   
2: അവിടുന്നു ജ്ഞാനിയും നാശംവരുത്തുന്നവനുമാണ്അവിടുന്നു തന്റെ വാക്കു പിന്‍വലിക്കുകയില്ല. തിന്മപ്രവര്‍ത്തിക്കുന്നവരുടെ ഭവനങ്ങള്‍ക്കെതിരായും അനീതിപ്രവര്‍ത്തിക്കുന്നവരെ സഹായിക്കുന്നവര്‍ക്കെതിരായും അവിടുന്നെഴുന്നേല്ക്കും.   
3: ഈജിപ്തുകാര്‍ മനുഷ്യരാണ്ദൈവമല്ല. അവരുടെ കുതിരകള്‍ ജഡമാണ്ആത്മാവല്ല. കര്‍ത്താവു കരമുയര്‍ത്തുമ്പോള്‍, സഹായകനിടറുകയും സഹായിക്കപ്പട്ടവന്‍ വീഴുകയും അവരൊരുമിച്ചു നശിക്കുകയുംചെയ്യും.   
4: കര്‍ത്താവെന്നോടരുളിച്ചെയ്തു: സിംഹമോ സിംഹക്കുട്ടിയോ ഇരയുടെനേരേ മുരളുമ്പോള്‍, ഒരുകൂട്ടം ഇടയന്മാര്‍ അതിനെതിരേചെന്നാലും അവര്‍ ഒച്ചവയ്ക്കുന്നതുകേട്ട്, അവ പേടിക്കുകയോ പരിഭ്രമിക്കുകയോചെയ്യാത്തതുപോലെസൈന്യങ്ങളുടെ കര്‍ത്താവു യുദ്ധംചെയ്യാന്‍ സീയോന്‍പര്‍വ്വതത്തിലും അതിന്റെ കുന്നുകളിലുമിറങ്ങിവരും.   
5: പക്ഷി ചിറകിന്‍കീഴിലെന്നപോലെ സൈന്യങ്ങളുടെ കര്‍ത്താവു ജറുസലെമിനെ സംരക്ഷിക്കുംഅവിടുന്നതിനെ രക്ഷിക്കുകയും മോചിപ്പിക്കുകയും അഭയംനല്കി ജീവന്‍ പരിപാലിക്കുകയുംചെയ്യും.   
6: ഇസ്രായേല്‍ജനമേനിങ്ങള്‍ കഠിനമായി മത്സരിച്ച് ഉപേക്ഷിച്ചവന്റെയടുത്തേക്കു തിരിച്ചുചെല്ലുവിന്‍.   
7: അന്നു നിങ്ങള്‍ സ്വന്തം കരംകൊണ്ടു പാപകരമായി പൊന്നും വെള്ളിയുംകൊണ്ടു നിര്‍മ്മിച്ച വിഗ്രഹങ്ങളെ വലിച്ചെറിയും.  
8: അസ്സീറിയാ, മനുഷ്യന്റേതല്ലാത്ത ഒരു വാള്‍കൊണ്ടു വീഴും. മനുഷ്യന്റേതല്ലാത്ത ഒരു വാള്‍ അവനെ സംഹരിക്കും. അവന്‍ വാളില്‍നിന്നോടിപ്പോകും.   
9: അവന്റെ യുവാക്കന്മാര്‍ അടിമകളാകും. അവന്‍ തന്റെ അഭയശിലവിട്ടു ഭീതിയോടെ ഓടിപ്പോകും. അവന്റെ സേവകന്മാര്‍ പതാകയുമുപേക്ഷിച്ചു സംഭ്രാന്തിയോടെ പലായനം ചെയ്യും. സീയോനില്‍ അഗ്നി ജ്വലിപ്പിക്കുകയും ജറുസലെമില്‍ ആഴികൂട്ടുകയുംചെയ്ത കര്‍ത്താവാണിതരുളിച്ചെയ്യുന്നത്. 

അദ്ധ്യായം 32

നീതിയുടെ രാജാവ്
1: ഒരു രാജാവു ധര്‍മ്മനിഷ്ഠയോടെ ഭരണംനടത്തും. പ്രഭുക്കന്മാര്‍ നീതിയോടെ ഭരിക്കും.   
2: അവര്‍ കാറ്റില്‍നിന്നൊളിക്കാനുള്ള സങ്കേതംപോലെയും കൊടുങ്കാറ്റില്‍നിന്നു രക്ഷപെടാനുള്ള അഭയസ്ഥാനംപോലെയുമായിരിക്കുംവരണ്ട സ്ഥലത്ത് അരുവിപോലെയും മരുഭൂമിയില്‍ പാറക്കെട്ടിന്റെ തണല്‍പോലെയുമായിരിക്കും.   
3: കാണുന്നവന്‍ കണ്ണുചിമ്മുകയില്ലകേള്‍ക്കുന്നവന്‍ ചെവിയോര്‍ത്തു നില്ക്കും.   
4: അവിവേകികള്‍ ശരിയായി വിധിക്കും. വിക്കന്മാരുടെ നാവു തടവില്ലാതെ വ്യക്തമായി സംസാരിക്കും.   
5: ഭോഷന്‍ ഇനിമേല്‍ ഉത്തമനായി കരുതപ്പെടുകയില്ല. വഞ്ചകനെ ബഹുമാന്യനെന്നു വിളിക്കുകയില്ല.   
6: വിഡ്ഢി ഭോഷത്തം സംസാരിക്കുന്നു. അധര്‍മ്മം പ്രവര്‍ത്തിക്കുന്നതിനും കര്‍ത്താവിനെ ദുഷിച്ചു സംസാരിക്കുന്നതിനും വിശക്കുന്നവനെ പട്ടിണിയിടുന്നതിനും ദാഹിക്കുന്നവനു ജലം നിഷേധിക്കുന്നതിനും അവന്റെ മനസ്സു ദുഷ്ടമായി നിനയ്ക്കുന്നു.   
7: വഞ്ചകന്റെ വഞ്ചനകള്‍ തിന്മയാണ്. അഗതിയുടെ അപേക്ഷ ന്യായയുക്തമായിരിക്കുമ്പോള്‍പോലും വാക്കുകള്‍കൊണ്ട് അവനെ നശിപ്പിക്കാന്‍ വഞ്ചകന്‍ ദുരാലോചന നടത്തുന്നു. കുലീനന്‍ കുലീനമായ കാര്യങ്ങള്‍ നിനയ്ക്കുന്നു.   
8: ഉത്തമമായ കാര്യങ്ങള്‍ക്കുവേണ്ടി അവന്‍ നിലകൊള്ളുന്നു.   
9: അലസരായ സ്ത്രീകളേഎഴുന്നേറ്റെന്റെ സ്വരം ശ്രവിക്കുവിന്‍. അലംഭാവംനിറഞ്ഞ പുത്രിമാരേഎന്റെ വാക്കിനു ചെവിതരുവിന്‍.   
10: അലംഭാവംനിറഞ്ഞ സ്ത്രീകളേഒരു വര്‍ഷത്തിലേറെയാകുന്നതിനുമുമ്പ്, നിങ്ങള്‍ വിറകൊള്ളും. എന്തെന്നാല്‍, മുന്തിരിവിളവു നശിക്കുംവിളവെടുപ്പുണ്ടാവുകയില്ല.   
11: അലസരായ സ്ത്രീകളേവിറകൊള്ളുവിന്‍, അലംഭാവം നിറഞ്ഞവരേനടുങ്ങുവിന്‍. വസ്ത്രമുരിഞ്ഞുകളഞ്ഞ്, അരയില്‍ ചാക്കുടുക്കുവിന്‍.   
12: മനോഹരമായ വയലുകളെയും ഫലപുഷ്ടിയുള്ള മുന്തിരിത്തോട്ടത്തെയുംചൊല്ലി മാറത്തടിച്ചു വിലപിക്കുവിന്‍.   
13: മുള്ളും മുള്‍ച്ചെടിയുംനിറഞ്ഞ എന്റെ ജനത്തിന്റെ മണ്ണിനെച്ചൊല്ലിസന്തുഷ്ടമായ നഗരത്തിലെ സന്തുഷ്ടഭവനങ്ങളെച്ചൊല്ലി വിലപിക്കുവിന്‍.   
14: ഉന്നതത്തില്‍നിന്നു നമ്മുടെമേല്‍ ആത്മാവ് വര്‍ഷിക്കപ്പെടുകയും   
15: മരുഭൂമി, ഫലപുഷ്ടിയുള്ള വയലും ഫലപുഷ്ടിയുള്ള വയല്‍, വനവുമായി മാറുകയുംചെയ്യുന്നതുവരെ കൊട്ടാരം പരിത്യക്തമായി കിടക്കും. ജനസാന്ദ്രതയുള്ള നഗരം വിജനമാകും. കുന്നുകളും കാവല്‍മാടങ്ങളും വന്യമൃഗങ്ങളുടെ ഗുഹകളായി മാറും. അവ കാട്ടുകഴുതകളുടെ സന്തോഷവും ആടുകളുടെ മേച്ചില്‍പുറവുമാകും. അപ്പോള്‍ മരുഭൂമിയില്‍ നീതി വസിക്കും.   
16: ഫലപുഷ്ടിയുള്ള വയലില്‍ ധര്‍മ്മനിഷ്ഠ കുടികൊള്ളും.   
17: നീതിയുടെ ഫലം സമാധാനമായിരിക്കുംനീതിയുടെ പരിണതഫലം പ്രശാന്തതയും എന്നേയ്ക്കുമുള്ള പ്രത്യാശയുമായിരിക്കും.   
18: എന്റെ ജനം, സമാധാനപൂര്‍ണ്ണമായ വസതിയില്‍ പാര്‍ക്കുംസുരക്ഷിതമായ ഭവനങ്ങളിലും പ്രശാന്തമായ വിശ്രമസങ്കേതങ്ങളിലുംതന്നെ.   
19: വനം നിശ്ശേഷം നശിക്കുകയും നഗരം നിലംപതിക്കുകയും ചെയ്യും.   
20: ജലാശയങ്ങള്‍ക്കരികേ വിതയ്ക്കുകയും കാളകളെയും കഴുതകളെയും സ്വതന്ത്രമായി അഴിച്ചുവിടുകയുംചെയ്യുന്നവര്‍ക്കു ഭാഗ്യം! 

അദ്ധ്യായം 33

സഹായത്തിന് അപേക്ഷ
1: നശിപ്പിക്കപ്പെടാതിരിക്കേ, മറ്റുള്ളവരെ നശിപ്പിക്കുകയും വഞ്ചിക്കപ്പെടാതിരിക്കേ, വഞ്ചിക്കുകയുംചെയ്തവനേനിനക്കു ദുരിതം! നീ നശിപ്പിച്ചുകഴിയുമ്പോള്‍ നിന്റെ നാശം സംഭവിക്കുംനിന്റെ വഞ്ചന തീരുമ്പോള്‍ നീ വഞ്ചിക്കപ്പെടും.  
2: കര്‍ത്താവേഞങ്ങളോടു കരുണയുണ്ടാകണമേ! ഞങ്ങള്‍ അങ്ങേയ്ക്കുവേണ്ടി കാത്തിരിക്കുന്നു. ഓരോ പ്രഭാതത്തിലും ഞങ്ങളുടെ കരവും കഷ്ടതയുടെകാലത്തു ഞങ്ങളുടെ രക്ഷയുമായിരിക്കണമേ!  
3: ഇടിമുഴക്കംപോലുള്ള നാദത്തില്‍ ജനതകളോടുന്നു. അങ്ങെഴുന്നേല്‍ക്കുമ്പോള്‍ ജനതകള്‍ ചിതറിപ്പോകും. 
4: കമ്പിളിപ്പുഴു തിന്നുകൂട്ടുന്നതുപോലെ, കൊള്ളമുതല്‍ വാരിക്കൂട്ടും. വെട്ടുകിളികളെപ്പോലെ അവര്‍ അതിന്മേല്‍ ചാടിവീഴും.  
5: കര്‍ത്താവു പുകഴ്ത്തപ്പെടുന്നുഅവിടുന്ന്, ഉന്നതത്തില്‍ വസിക്കുന്നുഅവിടുന്നു സീയോനെ നീതിയും ധര്‍മനിഷ്ഠയുംകൊണ്ടു നിറയ്ക്കും.  
6: അവിടുന്നാണു നിന്റെ ആയുസ്സിന്റെയുറപ്പ്. രക്ഷയുടെയും ജ്ഞാനത്തിന്റെയും അറിവിന്റെയും സമൃദ്ധി അവിടുന്നുതന്നെ. അവിടുന്നു നല്കുന്ന സമ്പത്തു ദൈവഭക്തിയാണ്.  
7: അതാവീരന്മാര്‍ പുറത്തുനിന്നു നിലവിളിക്കുന്നുസമാധാനദൂതന്മാര്‍ കയ്പോടെ കരയുന്നു.  
8: രാജവീഥികള്‍ ശൂന്യമായിക്കിടക്കുന്നുപഥികന്‍ അതിലേ നടക്കുന്നില്ല. ഉടമ്പടികള്‍ ലംഘിക്കപ്പെടുന്നുസാക്ഷികള്‍ വെറുക്കപ്പെടുന്നുമനുഷ്യനെക്കുറിച്ചു യാതൊരു പരിഗണനയുമില്ലാതായിരിക്കുന്നു.  
9: ദേശം ദുഃഖിച്ചു കരയുന്നുലബനോന്‍ ലജ്ജയാല്‍ തളരുന്നു. ഷാരോന്‍ മരുഭൂമിപോലെയായിബാഷാനും കാര്‍മെലും തങ്ങളുടെ ഇലകൊഴിക്കുന്നു.  
10: കര്‍ത്താവരുളിച്ചെയ്യുന്നു: ഇപ്പോള്‍ ഞാനെഴുന്നേല്ക്കുംഞാന്‍ എന്നെത്തന്നെ ഉയര്‍ത്തുംഇപ്പോള്‍ എനിക്കു പുകഴ്ച ലഭിക്കും.  
11: നീ പതിരിനെ ഗര്‍ഭംധരിച്ചു വൈക്കോലിനെ പ്രസവിക്കും. നിന്റെ നിശ്വാസം, നിന്നെത്തന്നെ ദഹിപ്പിക്കുന്ന അഗ്നിയായിരിക്കും.  
12: ജനതകളെ കുമ്മായംപോലെ നീറ്റുംഅവര്‍ വെട്ടി അഗ്നിയിലിടുന്ന മുള്ളുപോലെയാകും.  
13: വിദൂരസ്ഥരേഞാനെന്താണു പ്രവര്‍ത്തിച്ചതെന്നു ശ്രവിക്കുവിന്‍. സമീപസ്ഥരേഎന്റെ ശക്തി അറിഞ്ഞുകൊള്ളുവിന്‍. 
14: സീയോനിലെ പാപികള്‍ പരിഭ്രാന്തരായിരിക്കുന്നു. അധര്‍മ്മികളെ വിറയല്‍ ഗ്രസിച്ചിരിക്കുന്നു. നമ്മിലാര്‍ക്കു ദഹിപ്പിക്കുന്ന അഗ്നിയോടൊപ്പം വസിക്കാനാവുംനിത്യജ്വാലയില്‍ നമ്മിലാര്‍ക്കു ജീവിക്കാന്‍കഴിയും?  
15: നീതിയുടെ മാർഗ്ഗത്തിൽ ചരിക്കുകയും സത്യം സംസാരിക്കുകയും ചെയ്യുന്നവന്‍, മര്‍ദ്ദനംവഴിയുള്ള നേട്ടം വെറുക്കുന്നവന്‍, കൈക്കൂലി വാങ്ങാതിരിക്കാന്‍ കൈകുടയുന്നവന്‍, രക്തച്ചൊരിച്ചിലിനെപ്പറ്റി കേള്‍ക്കാതിരിക്കാന്‍ ചെവിപൊത്തുന്നവന്‍, തിന്മ ദര്‍ശിക്കാതിരിക്കാന്‍ കണ്ണുകളടയ്ക്കുന്നവന്‍ - അവന്‍ ഉന്നതങ്ങളില്‍ വസിക്കും.  
16: ശിലാദുര്‍ഗ്ഗങ്ങളാല്‍ അവന്‍ പ്രതിരോധമുറപ്പിക്കും. അവന്റെ ആഹാരം മുടങ്ങുകയില്ലഅവനു ദാഹജലം കിട്ടുമെന്നു തീര്‍ച്ച.  
17: രാജാവിനെ, അവന്റെ സൗന്ദര്യത്തോടുകൂടെ നിന്റെ കണ്ണുകള്‍ ദര്‍ശിക്കും. വിദൂരത്തേക്കു വ്യാപിച്ചുകിടക്കുന്ന ഒരു ദേശവുമവ കാണും.  
18: ഒരിക്കല്‍ നിന്നെ ഭയപ്പെടുത്തിയിരുന്ന കാര്യങ്ങളെക്കുറിച്ചു നീയോര്‍ക്കും. എണ്ണിയവനെവിടെകപ്പം തൂക്കംനോക്കിയവനെവിടെഗോപുരങ്ങള്‍ എണ്ണിനോക്കിയവനെവിടെ?  
19: ദുര്‍ഗ്രഹഭാഷ സംസാരിക്കുന്നമനസ്സിലാകാത്ത ഭാഷയില്‍ വിക്കിവിക്കി പറയുന്ന ഗര്‍വിഷ്ഠരെ നീ ഇനിമേല്‍ കാണുകയില്ല.  
20: നമ്മുടെ ഉത്സവങ്ങളുടെ നഗരമായ സീയോനെ നോക്കുവിന്‍. പ്രശാന്തവസതിയും ഇളക്കമില്ലാത്ത കൂടാരവുമായ ജറുസലെമിനെ നിന്റെ കണ്ണുകള്‍ ദര്‍ശിക്കും. അതിന്റെ കുറ്റി പിഴുതെടുക്കുകയോ കയറു പൊട്ടിക്കുകയോ ഇല്ല.  
21: അവിടെ കര്‍ത്താവു നമുക്കുവേണ്ടി പ്രതാപത്തോടെ വാഴും. തണ്ടുവള്ളങ്ങളും പ്രൗഢിയാര്‍ന്ന കപ്പലുകളും കടന്നുവരാത്ത വിസ്തൃതമായ നദികളും തോടുകളും ഏറെയുള്ള സ്ഥലമായിരിക്കുമത്.  
22: കര്‍ത്താവു ഞങ്ങളുടെ ന്യായാധിപനാകുന്നു. അവിടുന്നു ഞങ്ങളുടെ ഭരണാധിപനും രാജാവുമാകുന്നു. അവിടുന്നു ഞങ്ങളെ രക്ഷിക്കും.  
23: നിന്റെ കയറുകളയഞ്ഞിരിക്കുന്നുപാമരമുറപ്പിക്കാനും പായ്‌വിരിച്ചു നിര്‍ത്താനും അതിനാവുകയില്ല. സമൃദ്ധമായ കൊള്ളമുതല്‍ പങ്കിടുംമുടന്തനും കൊള്ളവസ്തു കിട്ടും.  
24: അവിടത്തെ നിവാസികളിലാരും താന്‍ രോഗിയാണെന്നു പറയുകയില്ല. അവരുടെ അകൃത്യങ്ങള്‍ക്കു മാപ്പു ലഭിക്കും. 

അദ്ധ്യായം 34

ഏദോമിനു നാശം
1: ജനതകളേജനപഥങ്ങളേഅടുത്തുവരുവിന്‍, ശ്രദ്ധിച്ചു കേള്‍ക്കുവിന്‍! ഭൂമിയും അതിലുള്ളവയും ശ്രവിക്കട്ടെ! ലോകവും അതില്‍നിന്നു പുറപ്പെടുന്നവയും ശ്രദ്ധിക്കട്ടെ!   
2: എല്ലാ ജനതകളുടെയുംനേരേ കര്‍ത്താവു കോപിച്ചിരിക്കുന്നു. അവരുടെ സര്‍വ്വസൈന്യങ്ങളുടെയുംനേരേ അവിടുത്തെ കോപം ആഞ്ഞടിക്കുന്നുഅവിടുന്ന്, അവരെ വിധിച്ചിരിക്കുന്നുഅവരെ കൊലയ്‌ക്കേല്പിച്ചിരിക്കുന്നു.   
3: അവരുടെ വധിക്കപ്പെട്ടവര്‍ വലിച്ചെറിയപ്പെടുകയും മൃതശരീരത്തില്‍നിന്നു ദുര്‍ഗ്ഗന്ധംവമിക്കുകയും ചെയ്യും. പര്‍വ്വതങ്ങളില്‍ അവരുടെ രക്തമൊഴുകും.   
4: ആകാശസൈന്യങ്ങള്‍ തകര്‍ന്നു നശിക്കും. ആകാശത്തെ ചുരുള്‍പോലെ തെറുക്കും. മുന്തിരിച്ചെടിയില്‍നിന്നും അത്തിമരത്തില്‍നിന്നും ഇലകൊഴിയുന്നതുപോലെ അവരുടെ സൈന്യങ്ങള്‍ വീണുപോകും.   
5: എന്തെന്നാല്‍, എന്റെ വാള്‍ ആകാശങ്ങളില്‍വച്ചു മതിയാവോളം പാനംചെയ്തിരിക്കുന്നു. ഏദോമിന്റെമേല്‍, ഞാന്‍ നാശത്തിനു വിധിച്ചിരിക്കുന്ന ജനതയുടെമേല്‍, ശിക്ഷനടപ്പാക്കാന്‍ ഇതാഅതിറങ്ങിവരുന്നു.   
6: കര്‍ത്താവിനൊരു വാളുണ്ട്. രക്തംകുടിച്ച്, അതിനു മതിയായിരിക്കുന്നു. അതു മേദസ്സു ഭക്ഷിച്ചു ചെടിച്ചിരിക്കുന്നു. കുഞ്ഞാടുകളുടെയും കോലാടുകളുടെയും രക്തംകൊണ്ടും മുട്ടാടുകളുടെ വൃക്കകളിലെ കൊഴുപ്പുകൊണ്ടുംതന്നെ. എന്തെന്നാല്‍ കര്‍ത്താവിനു ബൊസ്രായില്‍ ഒരു ബലിയും ഏദോമില്‍ ഒരു മഹാസംഹാരവുമുണ്ട്.  
7: അവയോടുകൂടെ കാട്ടുപോത്തുകളും കാളക്കൂറ്റന്മാരോടൊപ്പം കാളകുട്ടികളും വീഴും. അവരുടെ ദേശം രക്തംകൊണ്ടു കുതിരും. അവരുടെ മണ്ണു കൊഴുപ്പുകൊണ്ടു ഫലപുഷ്ടിയുള്ളതാകും.   
8: കര്‍ത്താവിനു പ്രതികാരത്തിന്റെ ദിനവും സീയോനുവേണ്ടി പകരംവീട്ടുന്ന ഒരു വത്സരവുമുണ്ട്.   
9: ഏദോമിലെ നദികള്‍ കീലും അവളുടെ മണ്ണു ഗന്ധകവും അവളുടെ ദേശം കത്തുന്ന കീലുമായി മാറും.   
10: രാവും പകലും അതു കെടാതെയെരിയും. അതിന്റെ പുക എന്നുമുയര്‍ന്നുകൊണ്ടിരിക്കും. തലമുറകളോളം അതു ശൂന്യമായിക്കിടക്കും. ആരും ഇനിയൊരിക്കലും അതിലൂടെ കടന്നുപോവുകയില്ല.   
11: കഴുകനും മുള്ളന്‍പന്നിയും അതു കൈവശമാക്കും. മൂങ്ങയും മലങ്കാക്കയും അവിടെ വസിക്കും. അവിടുന്നു സംഭ്രാന്തിയുടെ ചരടുകൊണ്ട് അതിനെയളക്കും. ശൂന്യതയുടെ തൂക്കുകട്ട അതിന്റെ കുലീനന്മാരുടെമേല്‍ തൂക്കും.  
12: അത്, ഒരു രാജ്യമല്ലാതാകും. അവരുടെ രാജാക്കന്മാര്‍ ശൂന്യതയില്‍ ലയിക്കും.   
13: അതിന്റെ കോട്ടകളില്‍ മുള്‍ച്ചെടി വളരും. അതിന്റെ ദുര്‍ഗ്ഗങ്ങളില്‍ തൂവയും ഞെരിഞ്ഞിലും മുളയ്ക്കും. അതു കുറുക്കന്മാരുടെ സങ്കേതവും ഒട്ടകപ്പക്ഷികളുടെ താവളവുമാകും.   
14: കാട്ടുപൂച്ചയും കഴുതപ്പുലിയുമേറ്റുമുട്ടും. കാട്ടാടുകള്‍ പരസ്പരം പോരിനുവിളിക്കും. രാത്രിയില്‍ ദുര്‍മ്മന്ത്രവാദിനി അവിടെയിറങ്ങി വിശ്രമസങ്കേതംകണ്ടെത്തും.   
15: അവിടെ മൂങ്ങ കൂടുകെട്ടി മുട്ടയിട്ടു കുഞ്ഞുങ്ങളെ വിരിയിച്ചു ചിറകിന്‍കീഴില്‍ അവയെ പോറ്റും. അവിടെ പരുന്തുകള്‍ ഇണയോടൊത്തു വിഹരിക്കും.   
16: കര്‍ത്താവിന്റെ ഗ്രന്ഥത്തില്‍ കണ്ടുപിടിച്ചു വായിക്കുക. ഇവയിലൊന്നും കാണാതിരിക്കുകയില്ല. ഒന്നിനും ഇണയില്ലാതിരിക്കുകയില്ല. എന്തെന്നാല്‍, കര്‍ത്താവിന്റെ അധരങ്ങള്‍ കല്പിക്കുകയും അവിടുത്തെ ആത്മാവ് അവയെ ഒരുമിച്ചുകൂട്ടുകയും ചെയ്തിരിക്കുന്നു.   
17: അവിടുന്നവയ്ക്കുവേണ്ടി നറുക്കിട്ടു. അവിടുത്തെ കരം ചരടുകൊണ്ട് അളന്നുതിരിച്ച്, അതവയ്ക്കു നല്‍കിയിട്ടുണ്ട്അവ എന്നേയ്ക്കുമായി അതു കൈവശമാക്കും. തലമുറകളോളം അവയതില്‍ വസിക്കും.

അദ്ധ്യായം 35

ഐശ്വര്യപൂര്‍ണ്ണമായ ഭാവി
1: വിജനദേശവും വരണ്ടപ്രദേശവും സന്തോഷിക്കും. മരുഭൂമി, ആനന്ദിക്കുകയും പുഷ്പിക്കുകയുംചെയ്യും.   
2: കുങ്കുമച്ചെടിപോലെസമൃദ്ധമായി പൂവിട്ട് അതു പാടിയുല്ലസിക്കും. ലബനോന്റെ മഹത്വവും കാര്‍മെലിന്റെയും ഷാരോന്റെയും പ്രതാപവും അതിനു ലഭിക്കും. അവ കര്‍ത്താവിന്റെ മഹത്വംനമ്മുടെ ദൈവത്തിന്റെ പ്രതാപംദര്‍ശിക്കും.  
3: ദുര്‍ബ്ബല കരങ്ങളെ ശക്തിപ്പെടുത്തുകയും ബലഹീനമായ കാല്‍മുട്ടുകളെ ഉറപ്പിക്കുകയും ചെയ്യുവിന്‍.   
4: ഭയപ്പെട്ടിരിക്കുന്നവരോടു പറയുവിന്‍; ഭയപ്പെടേണ്ടാധൈര്യമവലംബിക്കുവിന്‍. ഇതാനിങ്ങളുടെ ദൈവം, പ്രതികാരംചെയ്യാന്‍ വരുന്നുദൈവത്തിന്റെ പ്രതിഫലവുമായി വന്ന്, അവിടുന്നു നിങ്ങളെ രക്ഷിക്കും.   
5: അപ്പോള്‍, അന്ധരുടെ കണ്ണുകള്‍ തുറക്കപ്പെടും. ബധിരരുടെ ചെവി ഇനി അടഞ്ഞിരിക്കുകയില്ല.   
6: അപ്പോള്‍ മുടന്തന്‍ മാനിനെപ്പോലെ കുതിച്ചുചാടും. മൂകന്റെ നാവു  സന്തോഷത്തിന്റെ ഗാനമുതിര്‍ക്കും. വരണ്ട ഭൂമിയില്‍ ഉറവകള്‍ പൊട്ടിപ്പുറപ്പെടും. മരുഭൂമിയിലൂടെ നദികളൊഴുകും.   
7: തപിച്ച മണലാരണ്യം ജലാശയമായി മാറും. ദാഹിച്ചിരുന്ന ഭൂമി അരുവികളായി മാറും. കുറുനരികളുടെ പാര്‍പ്പിടം ചതുപ്പുനിലമാകുംപുല്ലും ഞാങ്ങണയും കോരപ്പുല്ലുമായി പരിണമിക്കും.   
8: അവിടെ ഒരു രാജവീഥിയുണ്ടായിരിക്കുംവിശുദ്ധവീഥിയെന്ന് അതു വിളിക്കപ്പെടും. അശുദ്ധര്‍ അതിലൂടെ കടക്കുകയില്ല. ഭോഷര്‍ക്കുപോലും അവിടെ വഴിതെറ്റുകയില്ല. അവിടെ സിംഹമുണ്ടായിരിക്കുകയില്ല.   
9: ഒരു ഹിംസ്രജന്തുവും അവിടെ പ്രവേശിക്കുകയില്ല. അവയെ അവിടെ കാണുകയില്ല. രക്ഷിക്കപ്പെട്ടവര്‍മാത്രം അതിലൂടെ സഞ്ചരിക്കും.   
10: കര്‍ത്താവിന്റെ വീണ്ടെടുക്കപ്പെട്ടവര്‍ തിരിച്ചുവരുകയും ഗാനാലാപത്തോടെ സീയോനില്‍ പ്രവേശിക്കുകയും ചെയ്യും. നിത്യമായ സന്തോഷത്തില്‍ അവര്‍ മുഴുകും. അവര്‍ സന്തോഷിച്ചുല്ലസിക്കും. ദുഃഖവും നെടുവീര്‍പ്പുമകന്നുപോകും. 

അദ്ധ്യായം 36

സെന്നാക്കെരിബിന്റെ ആക്രമണം
1: ഹെസക്കിയാരാജാവിന്റെ പതിന്നാലാം ഭരണവര്‍ഷം അസ്സീറിയാരാജാവായ സെന്നാക്കെരിബ് യൂദായിലെ സുരക്ഷിതനഗരങ്ങളെല്ലാം ആക്രമിച്ചു പിടിച്ചടക്കി.   
2: അസ്സീറിയാരാജാവു ലാഖിഷില്‍നിന്നു റബ്ഷക്കെയെ ഒരു വലിയ സൈന്യത്തോടൊപ്പം ജറുസലെമില്‍ ഹെസക്കിയാരാജാവിന്റെനേര്‍ക്കയച്ചു. അവന്‍ അലക്കുകാരന്റെ വയലിലേക്കുള്ള പെരുവഴിയിലുള്ള മേല്‍ക്കളത്തിന്റെ ചാലിനരികെ നിലയുറപ്പിച്ചു.   
3: അപ്പോള്‍, അവന്റെയടുത്തേക്കു ഹില്‍ക്കിയായുടെ പുത്രനായ എലിയാക്കിമെന്ന കൊട്ടാരംവിചാരിപ്പുകാരനും ഷെബ്നാ എന്ന കാര്യവിചാരകനും ആസാഫിന്റെ പുത്രനായ യോവാഹ് എന്ന ദിനവൃത്താന്തലേഖകനും ചെന്നു.   
4: റബ്ഷക്കെ അവരോടു പറഞ്ഞു: ഹെസക്കിയായോടു പറയുകമഹാനായ അസ്സീറിയാ രാജാവു പറയുന്നുനിന്റെ ആത്മധൈര്യത്തിന്റെ അടിസ്ഥാനമെന്ത്?   
5: വെറുംവാക്കു യുദ്ധതന്ത്രവും യുദ്ധത്തിന്റെ ശക്തിയുമാകുമെന്നു നീ വിചാരിക്കുന്നുവോഎന്നെയെതിര്‍ക്കാന്‍തക്കവിധം നീയാരിലാണാശ്രയിക്കുന്നത്?   
6: ഈജിപ്തിനെയാണു നീ ഇപ്പോളാശ്രയിക്കുന്നത്. ഊന്നിനടക്കുന്നവന്റെ ഉള്ളങ്കൈയില്‍ തുളച്ചുകയറുന്ന പൊട്ടിയ ഓടത്തണ്ടിനു തുല്യമാണത്. ഈജിപ്തുരാജാവായ ഫറവോ, തന്നെ ആശ്രയിക്കുന്നവന് അത്തരത്തിലുള്ളവനാണ്.   
7: ഞങ്ങളുടെ ദൈവമായ കര്‍ത്താവിലാണു ഞങ്ങളാശ്രയിക്കുന്നതെന്നു നീ എന്നോടു പറഞ്ഞാല്‍, നിങ്ങള്‍ ഈ ബലിപീഠത്തിനുമുമ്പില്‍മാത്രം ആരാധനനടത്തിയാല്‍മതി എന്നു യൂദായോടും ജറുസലെമിനോടും പറഞ്ഞുകൊണ്ട്, അവിടുത്തെ പൂജാഗിരികളും ബലിപീഠങ്ങളുമല്ലേ ഹെസക്കിയാ നശിപ്പിച്ചത്?   
8: എന്റെ യജമാനനായ അസ്സീറിയാരാജാവുമായി പന്തയംവയ്ക്കുക. നിനക്കുവേണ്ടത്ര കുതിരപ്പടയാളികളുണ്ടെങ്കില്‍ ഞാന്‍ രണ്ടായിരം കുതിരകളെ തരാം.   
9: രഥങ്ങള്‍ക്കും കുതിരപ്പടയാളികള്‍ക്കുംവേണ്ടി ഈജിപ്തിനെയാശ്രയിക്കുന്ന നിനക്ക്, എന്റെ യജമാനന്റെ ഏറ്റവും ചെറിയ ദാസന്മാരില്‍പ്പെട്ട ഒരു സേനാനായകനെയെങ്കിലും തിരിച്ചോടിക്കാന്‍കഴിയുമോ?   
10: കര്‍ത്താവിന്റെ സഹായമില്ലാതെയാണോ ഈ ദേശത്തെ നശിപ്പിക്കാന്‍വേണ്ടി ഞാന്‍ പുറപ്പെട്ടിരിക്കുന്നത്കര്‍ത്താവെന്നോടരുളിച്ചെയ്തു: ഈ ദേശത്തിനുനേരേ ചെന്ന് അതിനെ നശിപ്പിക്കുക.   
11: അപ്പോള്‍, എലിയാക്കിമും ഷെബ്‌നായും യോവാഹുംകൂടി റബ്ഷക്കെയോടു പറഞ്ഞു: നിന്റെ ദാസന്മാരോടു ദയവായി അരമായഭാഷയില്‍ സംസാരിക്കുകഞങ്ങള്‍ക്കതു മനസ്സിലാകും. കോട്ടയുടെ മുകളിലുള്ള ജനംകേള്‍ക്കേ ഞങ്ങളോടു ഹെബ്രായഭാഷയില്‍ സംസാരിക്കരുത്.   
12: റബ്ഷക്കെ മറുപടി പറഞ്ഞു: സ്വന്തം വിസര്‍ജ്ജനവസ്തുക്കള്‍ തിന്നാനും കുടിക്കാനും നിന്നോടൊപ്പം വിധിക്കപ്പെട്ടിരിക്കുന്ന കോട്ടയുടെ മുകളിലിരിക്കുന്ന ജനത്തോടല്ലാതെ നിന്നോടും നിന്റെ യജമാനനോടും ഈ വാക്കുകള്‍ പറയാനാണോ എന്റെ യജമാനന്‍ എന്നെ അയച്ചിരിക്കുന്നത്?   
13: അനന്തരം റബ്ഷക്കെ എഴുന്നേറ്റുനിന്നു ഹെബ്രായഭാഷയില്‍ ഉറക്കെവിളിച്ചുപറഞ്ഞു: മഹാനായ അസ്സീറിയാരാജാവിന്റെ വാക്കുകള്‍ ശ്രവിച്ചാലും.   
14: രാജാവു പറയുന്നു: ഹെസക്കിയ നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ! നിങ്ങളെ രക്ഷിക്കാന്‍ അവനു കഴിയുകയില്ല.   
15: നിശ്ചയമായും കര്‍ത്താവു നമ്മെ രക്ഷിക്കുംഈ നഗരം അസ്സീറിയാരാജാവിന്റെ പിടിയിലമരുകയില്ല എന്നു പറഞ്ഞു കര്‍ത്താവിലാശ്രയിക്കാന്‍ ഹെസക്കിയാ നിങ്ങള്‍ക്കിടയാക്കാതിരിക്കട്ടെ! നിങ്ങള്‍ ഹെസക്കിയായുടെ വാക്കു ശ്രദ്ധിക്കരുത്.   
16: അസ്സീറിയാരാജാവു പറയുന്നു: സമാധാനയുടമ്പടിചെയ്ത് നിങ്ങള്‍ എന്റെയടുത്തുവരുവിന്‍. അപ്പോള്‍, നിങ്ങള്‍ക്കു സ്വന്തം മുന്തിരിയില്‍നിന്നും അത്തിവൃക്ഷത്തില്‍നിന്നും ഭക്ഷിക്കുന്നതിനും സ്വന്തം തൊട്ടിയില്‍നിന്നു കുടിക്കുന്നതിനുമിടവരും.   
17: ഞാന്‍ വന്നു നിങ്ങളുടേതുപോലുള്ള ഒരു നാട്ടിലേക്ക്ധാന്യങ്ങളുടെയും വീഞ്ഞിന്റെയും നാട്ടിലേക്ക്നിങ്ങളെ കൊണ്ടുപോകുന്നതുവരെ നിങ്ങളങ്ങനെ കഴിയും.   
18: കര്‍ത്താവു നമ്മെ രക്ഷിക്കുമെന്നു പറഞ്ഞു ഹെസക്കിയാ നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ. ഏതെങ്കിലും ജനതയുടെ ദേവന്‍ അസ്സീറിയാരാജാവിന്റെ കൈയില്‍നിന്നു സ്വന്തം ജനത്തെ രക്ഷിച്ചിട്ടുണ്ടോ?   
19: ഹാമാത്തിന്റെയും അര്‍പ്പാദിന്റെയും ദേവന്മാര്‍ എവിടെസെഫാര്‍വയിമിന്റെ ദേവന്മാരെവിടെ? സമരിയായെ എന്റെ കൈയില്‍നിന്നു മോചിപ്പിക്കാന്‍ അവര്‍ക്കു സാധിച്ചോ?   
20: ഈ രാജ്യങ്ങളിലെ ദേവന്മാരിലാരാണു തങ്ങളുടെ രാജ്യങ്ങളെ എന്റെ പിടിയില്‍നിന്നു മോചിപ്പിച്ചിട്ടുള്ളത്ജറുസലെമിനെ എന്റെ കൈയില്‍നിന്നു കര്‍ത്താവ് രക്ഷിക്കുമെന്നു പിന്നെയെങ്ങനെ കരുതാം?   
21: ജനം അവനോടു മറുപടിയൊന്നും പറഞ്ഞില്ല. എന്തെന്നാല്‍, അവരോടു മറുപടി പറയരുതെന്നു രാജാവു കല്പിച്ചിരുന്നു.  
22: അപ്പോള്‍ ഹില്‍ക്കിയായുടെ പുത്രനും കൊട്ടാരം വിചാരിപ്പുകാരനുമായ എലിയാക്കിമും കാര്യവിചാരകനായ ഷെബ്‌നായും ആസാഫിന്റെ പുത്രനും ദിനവൃത്താന്തലേഖകനുമായ യോവാബും ഹെസക്കിയായുടെ അടുത്തു മടങ്ങിവന്നു വസ്ത്രം കീറിക്കൊണ്ടു റബ്ഷക്കെയുടെ വാക്കുകളറിയിച്ചു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ