ഇരുന്നൂറ്റിയേഴാം ദിവസം: ഏശയ്യാ 17 - 22

അദ്ധ്യായം 17

ദമാസ്ക്കസിനെതിരേ

1: ദമാസ്ക്കസിനെക്കുറിച്ചുള്ള അരുളപ്പാട്: ദമാസ്ക്കസ് ഒരു നഗരമല്ലാതാകും. അതു നാശക്കൂമ്പാരമാകും.   
2: അതിന്റെ നഗരങ്ങള്‍ എന്നേക്കും വിജനമായിക്കിടക്കും. അവിടെ ആട്ടിന്‍കൂട്ടങ്ങള്‍ മേയും. അവ അവിടെ വിശ്രമിക്കും. ആരും അവയെ ഭയപ്പെടുത്തുകയില്ല.   
3: എഫ്രായിമിന്റെ കോട്ട തകരും. ദമാസ്ക്കസിന്റെ രാജ്യം ഇല്ലാതാകും. സിറിയായില്‍ അവശേഷിച്ചവര്‍ ഇസ്രായേല്‍മക്കളുടെ മഹത്വംപോലെയാകും. സൈന്യങ്ങളുടെ കര്‍ത്താവാണ് ഇതരുളിച്ചെയ്തിരിക്കുന്നത്.   
4: അന്നു യാക്കോബിന്റെ മഹത്വം ക്ഷയിച്ചുപോകും. അവന്റെ ശരീരം മേദസ്സു ക്ഷയിച്ചു മെലിഞ്ഞുപോകും.   
5: അതു കൊയ്ത്തുകാരന്‍ ധാന്യം കൊയ്തെടുക്കുന്നതുപോലെയും റഫായിംതാഴ്‌വരയില്‍ കാലാപെറുക്കുന്നതുപോലെയുമായിരിക്കും.   
6: ഒലിവുതല്ലുമ്പോള്‍ അതിന്റെ ഉയര്‍ന്ന കൊമ്പുകളുടെ അറ്റത്തു രണ്ടുമൂന്നു പഴങ്ങളോഫലവൃക്ഷത്തിന്റെ ശാഖകളില്‍ നാലഞ്ചു കായ്കളോ ഉണ്ടാകുന്നതുപോലെ കാലാപെറുക്കാന്‍ ചിലതവശേഷിക്കുമെന്ന് ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു.   
7: അന്നു ജനം തങ്ങളുടെ സ്രഷ്ടാവിനെക്കുറിച്ചു ചിന്തിക്കുകയും ഇസ്രായേലിന്റെ പരിശുദ്ധനിലേക്കു തങ്ങളുടെ കണ്ണുകളുയര്‍ത്തുകയും ചെയ്യും.   
8: അവര്‍ തങ്ങളുടെ കരവേലയായ ബലിപീഠങ്ങളെക്കുറിച്ചു ചിന്തിക്കുകയോ തങ്ങള്‍ നിര്‍മ്മിച്ച അഷേരാ പ്രതിഷ്ഠയിലേക്കോ ധൂപപീഠത്തിലേക്കോ നോക്കുകയോ ഇല്ല.   
9: അന്നവരുടെ പ്രബലനഗരങ്ങള്‍ ഹിവ്യരും അമോര്യരും ഇസ്രായേല്‍മക്കളുടെ മുമ്പിലുപേക്ഷിച്ചുപോയ പട്ടണങ്ങള്‍പോലെ വിജനമായിത്തീരും.   
10: എന്തെന്നാല്‍, നിങ്ങളുടെ രക്ഷകനായ ദൈവത്തെ നിങ്ങള്‍ മറന്നുകളയുകയും നിങ്ങളുടെ അഭയശിലയെ നിങ്ങള്‍ വിസ്മരിക്കുകയും ചെയ്തു. അതിനാല്‍, നിങ്ങള്‍ തോട്ടങ്ങള്‍ നട്ടുപിടിപ്പിക്കുകയും അന്യദേവന്മാര്‍ക്കുവേണ്ടി തണ്ടു കുത്തുകയും   
11: നടുന്ന ദിവസംതന്നെ അവ മുളയ്ക്കുകയും ആ പ്രഭാതത്തില്‍ത്തന്നെ അവ പൂവിടുകയും ചെയ്താലും ദുഃഖത്തിന്റെയും അപരിഹാര്യമായ വേദനയുടെയും ദിനത്തില്‍ അതിന്റെ വിളവു നശിച്ചുപോകും.   
12: അതാഅനേകം ജനതകളിരമ്പുന്നു! അതു സമുദ്രത്തിന്റെ മുഴക്കംപോലെയാണ്. അതാ ജനതകളുടെ ഗര്‍ജ്ജനം! മഹാസമുദ്രങ്ങളുടെ ഇരമ്പല്‍പോലെയാണത്. പെരുവെള്ളംപോലെ ജനതകളിരമ്പുന്നു.   
13: എന്നാല്‍ അവിടുന്നവരെ ശാസിക്കുകയും അവര്‍ ദൂരേക്കോടിപ്പോവുകയും ചെയ്യും. മലകളില്‍ കാറ്റത്തു പറക്കുന്ന വൈക്കോല്‍പോലെയും കൊടുങ്കാറ്റില്‍ പാറുന്ന പൊടിപോലെയും അവര്‍ ഓടിക്കപ്പെടും.   
14: ഇതാ സന്ധ്യാസമയത്ത് ഭീകരത! പ്രഭാതമാകുംമുമ്പേ അവര്‍ അപ്രത്യക്ഷരായിരിക്കുന്നു. നമ്മെ നശിപ്പിക്കുന്നവരുടെ ഓഹരിയും നമ്മെ കൊള്ളയടിക്കുന്നവരുടെ വിധിയുമിതാണ്. 

അദ്ധ്യായം 18

എത്യോപ്യയ്‌ക്കെതിരേ
1: എത്യോപ്യായിലെ നദികള്‍ക്കക്കരെയുള്ള ചിറകടിശബ്ദമുയര്‍ത്തുന്ന ദേശം!   
2: നൈല്‍നദിയിലൂടെ ഈറ്റച്ചങ്ങാടത്തില്‍ ദൂതന്മാരെ അയയ്ക്കുന്ന ദേശം! വേഗമേറിയ ദൂതന്മാരേദീര്‍ഘകായന്മാരും മൃദുചര്‍മ്മികളുമായ ജനതയുടെ അടുത്തേക്ക്അടുത്തുമകലെയുമുള്ള ജനതകള്‍ പേടിക്കുന്നവരുടെയടുത്തേക്ക്പ്രബലവും കീഴടക്കുന്നതും നദികളാല്‍ വിഭജിക്കപ്പെട്ടതുമായ രാജ്യത്തേക്ക്വേഗംചെല്ലുവിന്‍.   
3: ഭൂവാസികളേമലകളില്‍ അടയാളമുയരുമ്പോള്‍ നോക്കുവിന്‍; കാഹളംമുഴങ്ങുമ്പോള്‍ ശ്രദ്ധിക്കുവിന്‍.   
4: കര്‍ത്താവെന്നോടരുളിച്ചെയ്തിരിക്കുന്നു: മദ്ധ്യാഹ്നസൂര്യന്റെ തെളിവോടെകൊയ്ത്തുകാലത്തെ തുഷാരമേഘംപോലെ, ഞാനെന്റെ മന്ദിരത്തിലിരുന്നു വീക്ഷിക്കും.   
5: പൂക്കാലംകഴിഞ്ഞു മുന്തിരിവിളയുന്ന സമയത്തു വിളവെടുപ്പിനുമുമ്പ്, അവിടുന്നു മുളപ്പുകളെ അരിവാള്‍കൊണ്ടു മുറിച്ചുകളയും. പടര്‍ന്നുവളരുന്ന ശാഖകളെ അവിടുന്നു വെട്ടിക്കളയും.   
6: അവ മലകളിലെ കഴുകന്മാര്‍ക്കും ഭൂമിയിലെ മൃഗങ്ങള്‍ക്കുമായി ഉപേക്ഷിക്കപ്പെടും. വേനല്‍ക്കാലത്തു കഴുകന്മാരും മഞ്ഞുകാലത്തു വന്യമൃഗങ്ങളും അതു തിന്നും.   
7: ആ സമയത്തു ദീര്‍ഘകായന്മാരും മൃദുചര്‍മ്മികളുമായ ജനതയില്‍നിന്ന്അടുത്തുമകലെയുമുള്ള ജനതകള്‍ പേടിക്കുന്ന ജനതയില്‍നിന്ന്പ്രബലവും കീഴടക്കുന്നതും നദികളാല്‍ വിഭജിക്കപ്പെടുന്നതുമായ രാജ്യത്തുനിന്ന്, സൈന്യങ്ങളുടെ കര്‍ത്താവിന്റെ നാമം വഹിക്കുന്ന സീയോന്‍മലയിലേക്ക് അവിടുത്തേക്കു കാഴ്ചകള്‍ കൊണ്ടുവരും. 

അദ്ധ്യായം 19

ഈജിപ്തിനെതിരേ
1: ഈജിപ്തിനെക്കുറിച്ചുണ്ടായ അരുളപ്പാട്: ഇതാകര്‍ത്താവു വേഗമേറിയ ഒരു മേഘത്തില്‍ ഈജിപ്തിലേക്കു വരുന്നുഅവിടുത്തെ സാന്നിദ്ധ്യത്തില്‍ ഈജിപ്തിലെ വിഗ്രഹങ്ങള്‍ വിറകൊള്ളും. ഈജിപ്തുകാരുടെ ഹൃദയമുരുകിപ്പോകും. 
2: ഈജിപ്തുകാരെ ഞാന്‍ കലഹിപ്പിക്കും. സഹോദരന്‍ സഹോദരനെതിരായും അയല്‍ക്കാരന്‍ അയല്‍ക്കാരനെതിരായും നഗരംനഗരത്തിനെതിരായും രാജ്യം രാജ്യത്തിനെതിരായും യുദ്ധം ചെയ്യും.   
3: ഈജിപ്തുകാരുടെ ധൈര്യം ക്ഷയിക്കും. അവരുടെ പദ്ധതികള്‍ ഞാന്‍ താറുമാറാക്കും. അപ്പോള്‍ അവര്‍ വിഗ്രഹങ്ങളോടും ആഭിചാരകന്മാരോടും വെളിച്ചപ്പാടന്മാരോടും മന്ത്രവാദികളോടും ആരായും.   
4: ഞാന്‍ ഈജിപ്തുകാരെ ക്രൂരനായ ഒരുയജമാനന്റെ കൈയില്‍ ഏല്‍പ്പിച്ചുകൊടുക്കും. ഉഗ്രനായ ഒരു രാജാവ് അവരുടെമേല്‍ ഭരണംനടത്തും - സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവാണ് ഇതരുളിച്ചെയ്തിരിക്കുന്നത്.   
5: നൈല്‍നദി വറ്റിപ്പോകും. അതുണങ്ങി വരണ്ടുപോകും.   
6: അതിന്റെ തോടുകള്‍ ദുര്‍ഗ്ഗന്ധം വമിക്കും. നൈല്‍നദിയുടെ ശാഖകള്‍ ചെറുതാവുകയും വറ്റിപ്പോവുകയും ചെയ്യും. അവയിലെ ഞാങ്ങണയും കോരപ്പുല്ലും ഉണങ്ങിപ്പോകും.   
7: നൈല്‍നദീതീരം ശൂന്യമായിത്തീരും. അവിടെ വിതച്ചതെല്ലാം ഉണങ്ങി നശിച്ചുപോകും.   
8: മീന്‍പിടിത്തക്കാര്‍, നൈല്‍നദിയില്‍ ചൂണ്ടയിടുന്നവര്‍, വിലപിക്കും. വല വീശുന്നവരും ദുഃഖിക്കും.   
9: മിനുസപ്പെടുത്തിയ ചണംകൊണ്ടു പണിചെയ്തിരുന്നവരും വെള്ളത്തുണി നെയ്യുന്നവരും നിരാശരാകും.   
10: ദേശത്തിന്റെ തൂണുകളായിരുന്നവര്‍ തകര്‍ന്നുപോകും. കൂലിവേലക്കാര്‍ ദുഃഖിക്കും.   
11: സോവാനിലെ രാജാക്കന്മാര്‍ ഭോഷന്മാരാണ്. ഫറവോയുടെ ജ്ഞാനികളായ ഉപദേഷ്ടാക്കള്‍ ഭോഷത്തംനിറഞ്ഞ ഉപദേശം നല്‍കുന്നു. ഞാനൊരു ജ്ഞാനിയുടെ പുത്രനാണ്. പൗരാണികനായ ഒരു രാജാവിന്റെ കുമാരനാണ് എന്ന് നിനക്കെങ്ങനെ ഫറവോയോടു പറയാന്‍ കഴിയുംനിന്റെ ജ്ഞാനികളെവിടെ?   
12: സൈന്യങ്ങളുടെ കര്‍ത്താവ്, ഈജിപ്തിനെതിരായി എന്താണു തീരുമാനിച്ചിരിക്കുന്നതെന്ന് അവര്‍ നിനക്കു പറഞ്ഞുതരട്ടെ!   
13: സോവാനിലെ രാജാക്കന്മാര്‍ ഭോഷന്മാരായിത്തീര്‍ന്നിരിക്കുന്നു. മെംഫിസിലെ രാജാക്കന്മാരും വഞ്ചിക്കപ്പെട്ടിരിക്കുന്നു. ഈജിപ്തിലെ ഗോത്രങ്ങളുടെ മൂലക്കല്ലായിരിക്കുന്നവര്‍തന്നെ അവളെ വഴിതെറ്റിച്ചിരിക്കുന്നു.  
14: കര്‍ത്താവവളില്‍ ആശയക്കുഴപ്പത്തിന്റെ ആത്മാവിനെ നിവേശിപ്പിച്ചിരിക്കുകയാണ്. അങ്ങനെ മദ്യപന്‍ ഛര്‍ദ്ദിച്ചതില്‍ തെന്നിനടക്കുന്നതുപോലെ ഈജിപ്ത് എല്ലാക്കാര്യങ്ങളിലും കാലിടറി നടക്കുന്നു.   
15: വാലിനോതലയ്ക്കോഈന്തപ്പനക്കൈയ്ക്കോഞാങ്ങണയ്ക്കോഈജിപ്തിനുവേണ്ടി ഒന്നും ചെയ്യാനാവുകയില്ല.  

ഈജിപ്ത് അനുഗ്രഹിക്കപ്പെടും
16: അന്നവര്‍ സ്ത്രീകള്‍ക്കു തുല്യരായിരിക്കും. സൈന്യങ്ങളുടെ കര്‍ത്താവു തങ്ങളുടെനേരേ ഓങ്ങുന്ന കരംകണ്ട് അവര്‍ ഭയന്നു വിറയ്ക്കും. യൂദാ ഈജിപ്തുകാരെ പരിഭ്രാന്തരാക്കും.   
17: അതിന്റെ പേരു കേള്‍ക്കുന്നവരെല്ലാം സൈന്യങ്ങളുടെ കര്‍ത്താവ് തങ്ങള്‍ക്കെതിരേ അയയ്ക്കാനൊരുങ്ങുന്ന ശിക്ഷയോര്‍ത്തു ഭയപ്പെടും.   
18: അന്നു കാനാന്‍ഭാഷ സംസാരിക്കുന്നതും സൈന്യങ്ങളുടെ കര്‍ത്താവിനോടു കൂറു പ്രഖ്യാപിക്കുന്നതുമായ അഞ്ചു പട്ടണങ്ങള്‍ ഈജിപ്തിലുണ്ടായിരിക്കും. അതിലൊന്നു സൂര്യനഗരം എന്നറിയപ്പെടും. 
19: അന്ന് ഈജിപ്തിന്റെ മദ്ധ്യത്തില്‍ കര്‍ത്താവിനൊരു ബലിപീഠവും അതിര്‍ത്തിയിലൊരു സ്തംഭവുമുണ്ടായിരിക്കും.  
20: ഈജിപ്തില്‍ അതു സൈന്യങ്ങളുടെ കര്‍ത്താവിന്റെ അടയാളവും സാക്ഷ്യവുമായിരിക്കും. മര്‍ദ്ദകര്‍ നിമിത്തം അവര്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിക്കുമ്പോള്‍ അവിടുന്നു രക്ഷകനെയയച്ച്അവര്‍ക്കുവേണ്ടി പൊരുതിഅവരെ മോചിപ്പിക്കും.  
21: കര്‍ത്താവ് ഈജിപ്തുകാര്‍ക്കു തന്നെത്തന്നെ വെളിപ്പെടുത്തും. ആ നാളില്‍ അവര്‍ കര്‍ത്താവിനെയറിയുകയും കാഴ്ചകളും ദഹനബലികളുമര്‍പ്പിച്ച് അവിടുത്തെയാരാധിക്കുകയും ചെയ്യും. അവര്‍ കര്‍ത്താവിനു നേര്‍ച്ചകള്‍ നേരുകയും അവ നിറവേറ്റുകയും ചെയ്യും.   
22: കര്‍ത്താവ് ഈജിപ്തിനെ പ്രഹരിക്കുംപ്രഹരിക്കുകയും സുഖപ്പെടുത്തുകയും ചെയ്യും. അവര്‍ കര്‍ത്താവിങ്കലേക്കു മടങ്ങിവരുകയും അവരുടെ പ്രാര്‍ത്ഥനകേട്ടു കര്‍ത്താവവര്‍ക്കു സൗഖ്യം നല്‍കുകയും ചെയ്യും.   
23: അന്ന് ഈജിപ്തില്‍നിന്ന് അസ്സീറിയായിലേക്ക് ഒരു രാജവീഥിയുണ്ടായിരിക്കും: അസ്സീറിയാക്കാര്‍ ഈജിപ്തിലേക്കും ഈജിപ്തുകാര്‍ അസ്സീറിയായിലേക്കും പോകും. അസ്സീറിയാക്കാരോടുചേര്‍ന്ന് ഈജിപ്തുകാരും കര്‍ത്താവിനെയാരാധിക്കും.   
24: അക്കാലത്ത് ഇസ്രായേല്‍, ഈജിപ്തിനോടും അസ്സീറിയായോടുംചേര്‍ന്നു ഭൂമിയുടെ മദ്ധ്യത്തില്‍ അനുഗ്രഹമായി നിലകൊള്ളും.   
25: സൈന്യങ്ങളുടെ കര്‍ത്താവ് ഈ മൂവരെയും ഇങ്ങനെ അനുഗ്രഹിച്ചിരിക്കുന്നു. എന്റെ ജനമായ ഈജിപ്തുംഎന്റെ കരവേലയായ അസ്സീറിയായും എന്റെ അവകാശമായ ഇസ്രായേലും അനുഗ്രഹിക്കപ്പെടട്ടെ.

അദ്ധ്യായം 20

ഈജിപ്തിന് അടയാളം
1: അസ്സീറിയാരാജാവായ സാര്‍ഗോന്റെ കല്പനയനുസരിച്ചു സൈന്യാധിപന്‍ വന്നു യുദ്ധംചെയ്ത് അഷ്ദോദ് കീഴടക്കിയ വര്‍ഷം   
2: കര്‍ത്താവ് ആമോസിന്റെ പുത്രനായ ഏശയ്യായോടരുളിച്ചെയ്തു: നിന്റെ അരയില്‍നിന്നു ചാക്കുവസ്ത്രവും നിന്റെ കാലില്‍നിന്നു ചെരിപ്പും അഴിച്ചുകളയുക. അവന്‍ അതനുസരിച്ച് നഗ്നനായും ചെരിപ്പിടാതെയും നടന്നു.   
3: കര്‍ത്താവരുളിച്ചെയ്തു: എന്റെ ദാസനായ ഏശയ്യാ ഈജിപ്തിനും എത്യോപ്യായ്ക്കും അടയാളവും മുന്നറിയിപ്പുമായി മൂന്നുവര്‍ഷം നഗ്നനും നിഷ്പാദുകനുമായി നടന്നതുപോലെ   
4: അസ്സീറിയാ രാജാവ് ഈജിപ്തുകാരെ അടിമകളും എത്യോപ്യാക്കാരെ പ്രവാസികളുമായി, യുവാക്കളെയും വൃദ്ധരെയും ഒന്നുപോലെ നഗ്നരും നിഷ്പാദുകരും പിന്‍ഭാഗം മറയ്ക്കാത്തവരുമായിഈജിപ്തിന്റെ അപമാനത്തിനുവേണ്ടി പിടിച്ചുകൊണ്ടുപോകും.   
5: അപ്പോള്‍ അവരുടെ പ്രത്യാശയായ എത്യോപ്യായും അവരുടെ അഭിമാനമായ ഈജിപ്തും നിമിത്തം അവര്‍ വിസ്മയിക്കുകയും സംഭ്രാന്തരാവുകയും ചെയ്യും.   
6: അന്നു തീരദേശവാസികള്‍ പറയും: അസ്സീറിയാരാജാവില്‍നിന്നു രക്ഷപെടാന്‍വേണ്ടി നാം പ്രതീക്ഷയോടെ ആരുടെയടുത്തേക്ക് ഓടിച്ചെന്നോ അവര്‍ക്കിതാണു സംഭവിച്ചത്! പിന്നെ നാം എങ്ങനെ രക്ഷപെടും

അദ്ധ്യായം 21

ബാബിലോണിന്റെ പതനം
1: സമുദ്രതീരത്തെ മരുഭൂമിയെക്കുറിച്ചുണ്ടായ അരുളപ്പാട്: നെഗെബില്‍ ചുഴലിക്കാറ്റു വീശുന്നതുപോലെ അതു മരുഭൂമിയില്‍നിന്ന്ഭയാനകമായ ദേശത്തുനിന്നു വരുന്നു. 
2: ഭീകരമായ ഒരു ദര്‍ശനം! കവര്‍ച്ചക്കാരന്‍ കവര്‍ച്ച ചെയ്യുന്നുവിനാശകര്‍ നശിപ്പിക്കുന്നു. ഏലാംനീ കയറിച്ചെല്ലുക. മേദിയാനീയുപരോധിക്കുക. അവള്‍ നിമിത്തമുണ്ടായ നെടുവീര്‍പ്പുകള്‍ക്കു ഞാനറുതിവരുത്തും.   
3: ഞാന്‍ കഠിനവേദനയനുഭവിക്കുന്നു. ഈറ്റുനോവിനു തുല്യമായ വേദന എന്നെ കീഴടക്കുന്നു. വേദനകൊണ്ടു കുനിഞ്ഞ്, എനിക്കൊന്നും കേള്‍ക്കാന്‍ വയ്യാതായിരിക്കുന്നു. സംഭ്രാന്തിനിമിത്തം, എനിക്കു കാഴ്ച നഷ്ടപ്പെട്ടിരിക്കുന്നു.   
4: എന്റെ ഹൃദയം പുളയുന്നു. ഭീതിയെന്നെ നടുക്കുന്നു. ഞാന്‍ കാത്തിരുന്ന സന്ധ്യാദീപ്തി എനിക്കു ഭീതിജനകമായിത്തീര്‍ന്നു.   
5: അവര്‍ മേശയൊരുക്കുകയും പരവതാനി വിരിക്കുകയും ചെയ്യുന്നു. അവര്‍ തിന്നുകുടിച്ചുല്ലസിക്കുന്നു. സേനാധിപന്മാരേഎഴുന്നേല്‍ക്കുവിന്‍, പരിച മിനുക്കുവിന്‍.   
6: കര്‍ത്താവെന്നോടരുളിച്ചെയ്തിരിക്കുന്നു: ഒരു കാവല്‍ഭടനെ നിറുത്തുക. അവന്‍ കാണുന്നതറിയിക്കട്ടെ.  
7: രണ്ടു കുതിരകളെ പൂട്ടിയ രഥങ്ങളെയും കഴുതപ്പുറത്തും ഒട്ടകപ്പുറത്തും വരുന്നവരെയും കണ്ടാല്‍ അവന്‍ ശുഷ്‌കാന്തിയോടെ ശ്രദ്ധിക്കണം.   
8: കാവല്‍ഭടന്‍ പറഞ്ഞു: കര്‍ത്താവേകാവല്‍ ഗോപുരത്തില്‍ ഞാന്‍ രാപകല്‍ കാവല്‍നില്‍ക്കുന്നു.   
9: ഇതാരണ്ടു കുതിരകളെ പൂട്ടിയ രഥങ്ങള്‍ വരുന്നു. അപ്പോള്‍ അവന്‍ മറുപടി പറഞ്ഞു: വീണുപോയിബാബിലോണ്‍ വീണുപോയി. അവളുടെ ദേവന്മാരുടെ വിഗ്രഹങ്ങളെല്ലാം അടിച്ചുടയ്ക്കപ്പെട്ടിരിക്കുന്നു.  
10: മെതിച്ചുപാറ്റപ്പെട്ടവനേഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ കര്‍ത്താവില്‍നിന്നു കേട്ടത് ഞാന്‍ നിന്നെ അറിയിക്കുന്നു.  

ഏദോം- അറേബ്യ- കേദാര്‍
11: ഏദോമിനെക്കുറിച്ചുള്ള അരുളപ്പാട്: സെയറില്‍നിന്നൊരുവന്‍ എന്നോടു വിളിച്ചുചോദിക്കുന്നു: കാവല്‍ക്കാരാഎത്രാംയാമമായിരാത്രി ഇനിയെത്രയുണ്ട്?   
12: കാവല്‍ക്കാരന്‍ മറുപടി പറഞ്ഞു: പ്രഭാതം വരുന്നുരാത്രിയും. നിനക്കറിയണമെങ്കില്‍ മടങ്ങിവന്നു ചോദിച്ചുകൊള്ളുക.   
13: അറേബ്യയെക്കുറിച്ചുള്ള അരുളപ്പാട്: ദദാന്യരായ സാര്‍ത്ഥവാഹകരേനിങ്ങള്‍ അറേബ്യയിലെ കുറ്റിക്കാട്ടില്‍ വസിക്കും.  
14: തേമാന്യരേനിങ്ങള്‍ ദാഹിക്കുന്നവര്‍ക്കു ജലം നല്‍കുവിന്‍, പലായനം ചെയ്യുന്നവര്‍ക്ക് അപ്പം കൊടുക്കുവിന്‍.   
15: എന്തെന്നാല്‍, അവര്‍ ഊരിയ വാളില്‍നിന്നും കുലച്ചവില്ലില്‍നിന്നും യുദ്ധത്തിന്റെ നടുവില്‍നിന്നും രക്ഷപെട്ടോടുന്നവരാണ്.   
16: കര്‍ത്താവെന്നോടരുളിച്ചെയ്തു: കൂലിക്കാരന്‍ കണക്കാക്കുന്നതുപോലെകണിശം ഒരു വര്‍ഷത്തിനുള്ളില്‍ കേദാറിന്റെ സര്‍വ്വമഹത്വവും നശിക്കും.   
17: കേദാറിന്റെ വില്ലാളിവീരന്മാരില്‍ ചുരുക്കംപേര്‍മാത്രം അവശേഷിക്കും. ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവാണ് അരുളിച്ചെയ്തിരിക്കുന്നത്.

അദ്ധ്യായം 22

ജറുസലെമിന്റെമേല്‍ വിധി

1: ദര്‍ശനത്തിന്റെ താഴ്‌വരെയെക്കുറിച്ചുണ്ടായ അരുളപ്പാട്: ആഹ്ലാദിച്ചട്ടഹസിച്ച് ഇളകിമറിയുന്ന ജനമേ,
2: നിങ്ങളെല്ലാവരും പുരമുകളില്‍ കയറുന്നതെന്തിന്നിങ്ങളുടെ മരിച്ചവര്‍ വാളിനിരയായവരോ യുദ്ധത്തില്‍ കൊല്ലപ്പെട്ടവരോ അല്ല.   
3: നിങ്ങളുടെ അധിപന്മാര്‍ എല്ലാവരും ഒന്നുപോലെ ഒളിച്ചോടിയിരിക്കുന്നു. വില്ലു കുലയ്ക്കാതെതന്നെ അവരെ ബന്ധിച്ചിരിക്കുന്നു. വിദൂരത്തേക്കോടിപ്പോയെങ്കിലും നിങ്ങളില്‍, കണ്ടവരെല്ലാവരെയും അവര്‍ തടവുകാരാക്കി.   
4: അതിനാല്‍, ഞാന്‍ പറഞ്ഞു: എന്നില്‍നിന്നു കണ്ണെടുക്കുകഞാന്‍ കയ്പുനിറഞ്ഞ കണ്ണീരൊഴുക്കട്ടെ! എന്റെ ജനത്തിന്റെ പുത്രിയുടെ നാശത്തെപ്രതി എന്നെയാശ്വസിപ്പിക്കാന്‍ ആരും ശ്രമിക്കേണ്ടാ. 
5: പരാജയത്തിന്റെയും പലായനത്തിന്റെയും സംഭ്രാന്തിയുടെയും ദിനമാണിത്സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവയയ്ക്കുന്ന ദിനം. ദര്‍ശനത്തിന്റെ താഴ്‌വരയില്‍ കോട്ടകള്‍ തകര്‍ക്കപ്പെടുന്നു. സഹായത്തിനുവേണ്ടിയുള്ള നിലവിളി പര്‍വ്വതത്തില്‍ മുഴങ്ങുന്നു.   
6: ഏലാം ആവനാഴിയണിയുന്നുരഥങ്ങളില്‍ കുതിരകളെ പൂട്ടുന്നുകീര്‍ പരിച പുറത്തെടുക്കുന്നു.   
7: നിങ്ങളുടെ ശ്രേഷ്ഠമായ താഴ്‌വരകള്‍ രഥങ്ങള്‍കൊണ്ടു നിറഞ്ഞു. കുതിരപ്പടയാളികള്‍ കവാടങ്ങളില്‍ നിലയുറപ്പിച്ചു.  
8: അവന്‍ യൂദായുടെ ആവരണമെടുത്തുമാറ്റി. അന്നു നീ കാനനമന്ദിരത്തിലെ ആയുധങ്ങളിലേക്കു നോക്കി.   
9: ദാവീദിന്റെ നഗരത്തിന്റെ കോട്ടയില്‍ ഏറെ പിളര്‍പ്പു കണ്ടു. താഴത്തെ കുളത്തിലെ ജലം, നീ കെട്ടിനിറുത്തി.   
10: നീ ജറുസലെമിലെ വീടുകളെണ്ണുകയും കോട്ടയുറപ്പിക്കാന്‍ വീടുകള്‍ പൊളിക്കുകയും ചെയ്തു.   
11: പഴയ കുളത്തിലെ ജലം ശേഖരിക്കാന്‍വേണ്ടി ഇരുമതിലുകള്‍ക്കുമിടയിലായി നീയൊരു ജലസംഭരണി നിര്‍മ്മിച്ചു. എന്നാല്‍, ഇതു ചെയ്തവന്റെ നേരേ തിരിയുകയോ പണ്ടുതന്നെ അതാസൂത്രണം ചെയ്തവനെ നീ പരിഗണിക്കുകയോ ചെയ്തില്ല.  
12: അന്നു സൈന്യങ്ങളുടെ കര്‍ത്താവു വലിയ കരച്ചിലും വിലാപവുമുളവാക്കി. തല മുണ്ഡനം ചെയ്യുന്നതിനും ചാക്കുടുക്കുന്നതിനും അവിടുന്നിടയാക്കി.   
13: എന്നാല്‍, അവിടെ ആഹ്ലാദത്തിമിര്‍പ്പ്! കാളകളെയും ആടുകളെയും കൊല്ലുന്നു. അവിടെ ഇറച്ചിതീറ്റിയും വീഞ്ഞുകുടിയും! നമുക്കു തിന്നുകുടിച്ചു മദിക്കാംനാളെ നമ്മള്‍ മരിക്കുമെന്ന് അവര്‍ പറയുന്നു.   
14: സൈന്യങ്ങളുടെ കര്‍ത്താവ് എന്റെ കാതില്‍ മന്ത്രിച്ചു: നീ മരിക്കുന്നതുവരെ ഈ അകൃത്യം ക്ഷമിക്കപ്പെടുകയില്ല. സൈന്യങ്ങളുടെ കര്‍ത്താവാണ് ഇതരുളിച്ചെയ്തിരിക്കുന്നത്.   

ഷെബ്‌നായ്ക്കു താക്കീത്
15: സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു: നീ ചെന്ന് കൊട്ടാരം വിചാരിപ്പുകാരനായ ഷെബ്‌നായോടു പറയുക,  
16: നിനക്ക് ഇവിടെ എന്തു കാര്യംഇവിടെ മലമുകളില്‍ പാറ തുരന്നു ശവകുടീരമുണ്ടാക്കാന്‍ നിനക്കെന്തവകാശം?  
17: കരുത്തനായ മനുഷ്യാകര്‍ത്താവു നിന്നെ ഊക്കോടെ വലിച്ചെറിയും.   
18: അവിടുന്നു നിന്നില്‍ പിടിമുറുക്കിഒരു പന്തുപോലെ ചുരുട്ടികറക്കിക്കറക്കി വിശാലമായ ദേശത്തേക്കു ചുഴറ്റിയെറിയും. അവിടെ നീ മരിച്ചുവീഴും. യജമാനന്റെ ഭവനത്തിന് അപമാനമായിത്തീര്‍ന്നവനേനിന്റെ പ്രൗഢരഥങ്ങള്‍ അവിടെയുണ്ടായിരിക്കും.   
19: നിന്റെ പദവിയില്‍നിന്നു ഞാന്‍ നിന്നെ നിഷ്കാസനം ചെയ്യും. നിന്റെ സ്ഥാനത്തുനിന്നു നിന്നെ ഞാന്‍ താഴെയിറക്കും.  
20: അന്ന് എന്റെ ദാസനും ഹില്‍ക്കിയായുടെ പുത്രനുമായ എലിയാക്കിമിനെ ഞാന്‍ വിളിക്കും.   
21: നിന്റെ അങ്കിയുമരപ്പട്ടയും അവനെ ഞാന്‍ ധരിപ്പിക്കും. നിന്റെയധികാരം അവന്റെ കരങ്ങളില്‍ ഞാനേല്പിക്കും. ജറുസലെം നിവാസികള്‍ക്കും യൂദാഭവനത്തിനും അവന്‍ പിതാവായിരിക്കും.   
22: ദാവീദുഭവനത്തിന്റെ താക്കോല്‍ അവന്റെ തോളില്‍ ഞാന്‍ വച്ചുകൊടുക്കും. അവന്‍ തുറന്നാല്‍ ആരുമടയ്ക്കുകയോ അവനടച്ചാല്‍ ആരും തുറക്കുകയോ ഇല്ല.   
23: ഒരു കുറ്റിപോലെ ഉറപ്പുള്ള സ്ഥാനത്ത് ഞാനവനെ സ്ഥാപിക്കും. അവന്‍ പിതൃഭവനത്തിനു മഹത്വത്തിന്റെ സിംഹാസനമായി ഭവിക്കും.   
24: അവന്റെ പിതൃഭവനമാകെ - സന്താനങ്ങളും അവരുടെ സന്താനങ്ങളും കോപ്പ മുതല്‍ ഭരണിവരെ എല്ലാ പാത്രങ്ങളും - അവനില്‍ തൂക്കിയിടും.   
25: സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു: അന്ന് ഉറപ്പുള്ള സ്ഥാനത്തു സ്ഥാപിച്ചിരുന്ന കുറ്റി പറിഞ്ഞുപോകും. അതും അതില്‍ തൂക്കിയിരുന്ന ഭാരവും അറ്റുപോകും. കര്‍ത്താവാണ് അരുളിച്ചെയ്തിരിക്കുന്നത്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ