ഇരുന്നൂറ്റിനാലാം ദിവസം: ഏശയ്യാ 1 - 5

അദ്ധ്യായം 1

ജനത്തിന്റെ അതിക്രമങ്ങള്‍
1: ആമോസിന്റെ പുത്രനായ ഏശയ്യായ്ക്ക്യൂദാരാജാക്കന്മാരായ ഉസിയായോഥാംആഹാസ്ഹെസക്കിയ എന്നിവരുടെ കാലത്ത് യൂദായെയും ജറുസലെമിനെയുംകുറിച്ചുണ്ടായ ദര്‍ശനം.   
2: ആകാശങ്ങളേ ശ്രവിക്കുകഭൂതലമേ ശ്രദ്ധിക്കുകകര്‍ത്താവരുളിച്ചെയ്യുന്നു: ഞാന്‍ മക്കളെ പോറ്റിവളര്‍ത്തിഎന്നാല്‍, അവര്‍ എന്നോടു കലഹിച്ചു. 
3: കാള അതിന്റെ ഉടമസ്ഥനെയറിയുന്നുകഴുത അതിന്റെ യജമാനന്റെ തൊഴുത്തും. എന്നാല്‍, ഇസ്രായേല്‍ ഗ്രഹിക്കുന്നില്ലഎന്റെ ജനം മനസ്സിലാക്കുന്നില്ല.   
4: തിന്മ നിറഞ്ഞ രാജ്യംഅനീതിയുടെ ഭാരംവഹിക്കുന്ന ജനംദുഷ്കര്‍മ്മികളുടെ സന്തതിദുര്‍മ്മാര്‍ഗ്ഗികളായ മക്കള്‍! അവര്‍ കര്‍ത്താവിനെ പരിത്യജിക്കുകയും ഇസ്രായേലിന്റെ പരിശുദ്ധനെ നിന്ദിക്കുകയും ചെയ്തു. അവര്‍ എന്നില്‍നിന്നു തീര്‍ത്തുമകന്നുപോയി.   
5: ഇനിയും നിങ്ങളെ പ്രഹരിക്കണമോഎന്തേ നിങ്ങള്‍ തിന്മയില്‍ത്തന്നെ തുടരുന്നുനിങ്ങളുടെ ശിരസ്സുമുഴുവന്‍ വ്രണമാണ്. ഹൃദയം തളര്‍ന്നുപോയിരിക്കുന്നു.   
6: ഉള്ളങ്കാല്‍മുതല്‍ ഉച്ചിവരെ ക്ഷതമേല്ക്കാത്ത ഒരിടവുമില്ല. ചതവുകളും വ്രണങ്ങളും രക്തമൊലിക്കുന്ന മുറിവുകളുംമാത്രം! അവയെ കഴുകി വൃത്തിയാക്കുകയോ വച്ചുകെട്ടുകയോ ആശ്വാസത്തിനു തൈലംപുരട്ടുകയോ ചെയ്തിട്ടില്ല.  
7: നിങ്ങളുടെ രാജ്യം ശൂന്യമായി. നിങ്ങളുടെ നഗരങ്ങള്‍ കത്തിനശിച്ചു. നിങ്ങള്‍ നോക്കിനില്ക്കേ വിദേശീയര്‍ നിങ്ങളുടെ ദേശം വിഴുങ്ങിക്കളഞ്ഞു. വിദേശികള്‍ നശിപ്പിച്ചതുപോലെ അതു നിര്‍ജ്ജനമായിരിക്കുന്നു.   
8: മുന്തിരിത്തോപ്പിലെ കുടില്‍പോലെയും വെള്ളരിത്തോട്ടത്തിലെ മാടംപോലെയും ആക്രമിക്കപ്പെട്ട നഗരംപോലെയും സീയോൻപുത്രി ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു.   
9: സൈന്യങ്ങളുടെ കര്‍ത്താവു നമ്മില്‍ ഏതാനുംപേരെ അവശേഷിപ്പിച്ചില്ലായിരുന്നെങ്കില്‍ നാം സോദോംപോലെയാകുമായിരുന്നുഗൊമോറാപോലെയും ആയിത്തീരുമായിരുന്നു.   
10: സോദോമിന്റെ അധിപതികളേകര്‍ത്താവിന്റെ വചനം ശ്രവിക്കുവിന്‍. ഗൊമോറാജനമേനമ്മുടെ ദൈവത്തിന്റെ പ്രബോധനങ്ങള്‍ ശ്രദ്ധിക്കുവിന്‍.   
11: കര്‍ത്താവരുളിച്ചെയ്യുന്നു: നിങ്ങളുടെ നിരവധിയായ ബലികള്‍ എനിക്കെന്തിന്മുട്ടാടുകളെക്കൊണ്ടുള്ള ദഹനബലികളും കൊഴുത്ത മൃഗങ്ങളുടെ മേദസ്സും എനിക്കു മതിയായി. കാളകളുടെയോ ആട്ടിന്‍കുട്ടികളുടെയോ മുട്ടാടിന്റെയോ രക്തംകൊണ്ടു ഞാന്‍ പ്രസാദിക്കുകയില്ല.   
12: എന്റെ സന്നിധിയില്‍വരാന്‍, എന്റെ അങ്കണത്തില്‍ കാലുകുത്താന്‍, ഇവ വേണമെന്നാരു നിങ്ങളോടു പറഞ്ഞു?  
13: വ്യര്‍ത്ഥമായ കാഴ്ചകള്‍ ഇനിമേലര്‍പ്പിക്കരുത്. ധൂപം എനിക്കു മ്ലേഛവസ്തുവാണ്. നിങ്ങളുടെ അമാവാസിയും സാബത്തും സമ്മേളനങ്ങളും! നിങ്ങളുടെ അനീതിനിറഞ്ഞ ഉത്സവങ്ങള്‍ എനിക്കു സഹിക്കാനാവില്ല.   
14: നിങ്ങളുടെ അമാവാസികളും ഉത്സവങ്ങളും ഞാന്‍ വെറുക്കുന്നു. അവ എനിക്കു ഭാരമായിരിക്കുന്നു. അവയെനിക്കു ദുസ്സഹമായിത്തീര്‍ന്നിരിക്കുന്നു.   
15: നിങ്ങള്‍ കരങ്ങളുയര്‍ത്തുമ്പോള്‍ ഞാന്‍ നിങ്ങളില്‍നിന്നു മുഖം മറയ്ക്കും. നിങ്ങള്‍ എത്രപ്രാര്‍ത്ഥിച്ചാലും ഞാന്‍ കേള്‍ക്കുകയില്ല. നിങ്ങളുടെ കരങ്ങള്‍ രക്തപങ്കിലമാണ്.   
16: നിങ്ങളെത്തന്നെ കഴുകി വൃത്തിയാക്കുവിന്‍. നിങ്ങളുടെ ദുഷ്കര്‍മ്മങ്ങള്‍ എന്റെ സന്നിധിയില്‍നിന്നു നീക്കിക്കളയുവിന്‍. നിങ്ങളുടെ അകൃത്യങ്ങള്‍ അവസാനിപ്പിക്കുവിന്‍.   
17: നന്മ പ്രവര്‍ത്തിക്കാന്‍ ശീലിക്കുവിന്‍. നീതിയന്വേഷിക്കുവിന്‍. മര്‍ദ്ദനമവസാനിപ്പിക്കുവിന്‍. അനാഥരോടു നീതിചെയ്യുവിന്‍. വിധവകള്‍ക്കുവേണ്ടി വാദിക്കുവിന്‍.   
18: കര്‍ത്താവരുളിച്ചെയ്യുന്നു: വരുവിന്‍, നമുക്കു രമ്യതപ്പെടാം. നിങ്ങളുടെ പാപങ്ങള്‍ കടുംചെമപ്പാണെങ്കിലും അവ മഞ്ഞുപോലെ വെണ്മയുള്ളതായിത്തീരും. അവ രക്തവര്‍ണ്ണമെങ്കിലും കമ്പിളിപോലെ വെളുക്കും.   
19: അനുസരിക്കാന്‍ സന്നദ്ധരെങ്കില്‍ നിങ്ങള്‍ ഐശ്വര്യമാസ്വദിക്കും.   
20: അനുസരിക്കാതെ ധിക്കാരം തുടര്‍ന്നാല്‍ വാളിനിരയായിത്തീരുംകര്‍ത്താവരുളിച്ചെയ്തിരിക്കുന്നു.   
21: വിശ്വസ്തനഗരം വേശ്യയായിത്തീര്‍ന്നതെങ്ങനെനീതിയും ധര്‍മ്മവും കുടികൊണ്ടിരുന്ന അവളില്‍, ഇന്നു കൊലപാതകികളാണു വസിക്കുന്നത്. 
22: നിന്റെ വെള്ളി കിട്ടമായി മാറിയിരിക്കുന്നു. നിന്റെ വീഞ്ഞില്‍ വെള്ളം കലര്‍ത്തിയിരിക്കുന്നു.   
23: നിന്റെ പ്രഭുക്കന്മാര്‍ കലഹപ്രിയരാണ്. അവര്‍ കള്ളന്മാരോടു കൂട്ടുചേരുന്നു. സകലരും കോഴ കൊതിക്കുന്നുസമ്മാനത്തിന്റെ പിന്നാലെ പായുന്നു. അവര്‍ അനാഥരുടെ പക്ഷത്തുനില്ക്കുകയോ വിധവകളുടെ അവകാശം പരിഗണിക്കുകയോ ചെയ്യുന്നില്ല. 
24: അതിനാല്‍, സൈന്യങ്ങളുടെ കര്‍ത്താവ്ഇസ്രായേലിന്റെ ശക്തനായവന്‍, അരുളിച്ചെയ്യുന്നു: എന്റെ ക്രോധം എന്റെ ശത്രുക്കളുടെമേല്‍ ഞാന്‍ ചൊരിയും. എന്റെ വൈരികളോടു ഞാന്‍തന്നെ പ്രതികാരം ചെയ്യും.   
25: ഞാന്‍ എന്റെ കരം നിനക്കെതിരായി ഉയര്‍ത്തും. ചൂളയിലെന്നപോലെ ഉരുക്കി, നിന്നെ ശുദ്ധിചെയ്യും. നിന്നില്‍ കലര്‍ന്നിരിക്കുന്ന വിലകെട്ട ലോഹം ഞാന്‍ നീക്കിക്കളയും.   
26: ആദിയിലെന്നപോലെ നിന്റെ ന്യായാധിപന്മാരെയും ഉപദേശകന്മാരെയും ഞാന്‍ പുനഃസ്ഥാപിക്കും. നീതിയുടെ നഗരമെന്ന്വിശ്വസ്തനഗരമെന്ന്നീ വിളിക്കപ്പെടും.   
27: സീയോന്‍ നീതികൊണ്ടു വീണ്ടെടുക്കപ്പെടുംഅവിടെ അനുതപിക്കുന്ന എല്ലാവരും ധര്‍മ്മനിഷ്ഠകൊണ്ടും.   
28: എന്നാല്‍, കലഹപ്രിയരും പാപികളും ഒന്നടങ്കം നശിക്കും. കര്‍ത്താവിനെ പരിത്യജിക്കുന്നവര്‍ നിശ്ശേഷം ഇല്ലാതാകും.  
29: നിങ്ങള്‍ക്കാനന്ദംപകര്‍ന്ന കരുവേലകമരങ്ങള്‍ നിങ്ങളെ ലജ്ജിപ്പിക്കും. നിങ്ങള്‍ തിരഞ്ഞെടുത്ത ഉദ്യാനങ്ങളെക്കുറിച്ചു നിങ്ങള്‍ ലജ്ജിതരാകും.   
30: നിങ്ങള്‍ ഇലകൊഴിഞ്ഞ കരുവേലകവൃക്ഷംപോലെയും വെള്ളമില്ലാത്ത ഉദ്യാനംപോലെയുമാകും.   
31: ബലവാന്‍ ചണനാരുപോലെയും അവന്റെ പ്രവൃത്തികള്‍ തീപ്പൊരിപോലെയും ആയിത്തീരും. രണ്ടും ഒന്നിച്ചു കത്തിനശിക്കും. അഗ്നി ശമിപ്പിക്കാന്‍ ആരും ഉണ്ടാവുകയില്ല.

അദ്ധ്യായം 2

ജറുസലെം രക്ഷാകേന്ദ്രം
1: യൂദായെയും ജറുസലെമിനെയുംകുറിച്ച്, ആമോസിന്റെ പുത്രനായ ഏശയ്യായ്ക്കുണ്ടായ അരുളപ്പാട്: 
2: അവസാനനാളുകളില്‍ കര്‍ത്താവിന്റെ ആലയം സ്ഥിതിചെയ്യുന്ന പര്‍വ്വതം എല്ലാ പര്‍വ്വതങ്ങള്‍ക്കുംമുകളില്‍ ഉയര്‍ന്നുനില്ക്കും. എല്ലാ ജനതകളും അതിലേക്കൊഴുകും.   
3: അനേകം ജനതകള്‍ പറയും: വരുവിന്‍, നമുക്കു കര്‍ത്താവിന്റെ ഗിരിയിലേക്ക്യാക്കോബിന്റെ ദൈവത്തിന്റെ ഭവനത്തിലേക്ക്പോകാം. അവിടുന്നു തന്റെ മാര്‍ഗ്ഗങ്ങള്‍ നമ്മെ പഠിപ്പിക്കും. നാം ആ പാതകളില്‍ ചരിക്കും. കര്‍ത്താവിന്റെ നിയമം സീയോനില്‍നിന്നു പുറപ്പെടുംഅവിടുത്തെ വചനം ജറുസലെമില്‍നിന്നും. 
4: അവിടുന്ന്, ജനതകളുടെ മദ്ധ്യത്തില്‍ വിധികര്‍ത്താവായിരിക്കുംജനപദങ്ങളുടെ തര്‍ക്കങ്ങള്‍ അവസാനിപ്പിക്കും. അവരുടെ വാള്‍ കൊഴുവും അവരുടെ കുന്തം വാക്കത്തിയുമായി അടിച്ചു രൂപപ്പെടുത്തും. രാജ്യം രാജ്യത്തിനെതിരേ വാളുയര്‍ത്തുകയില്ല. അവര്‍ ഇനിമേല്‍ യുദ്ധപരിശീലനം നടത്തുകയില്ല.   
5: യാക്കോബിന്റെ ഭവനമേവരുക. നമുക്കു കര്‍ത്താവിന്റെ പ്രകാശത്തില്‍ വ്യാപരിക്കാം.   

കര്‍ത്താവിന്റെ ദിനം
6: അങ്ങു സ്വന്തം ജനത്തെയാക്കോബിന്റെ ഭവനത്തെകൈവിട്ടിരിക്കുന്നു. കാരണംരാജ്യം കിഴക്കുനിന്നുള്ള ആഭിചാരകന്മാരെക്കൊണ്ടു നിറഞ്ഞിരിക്കുന്നു. ഫിലിസ്ത്യരെപ്പോലെ ഭാവിപറയുന്നവരും അവരുടെയിടയില്‍ ധാരാളമുണ്ട്.   
7: അന്യജനതകളുമായി അവര്‍ കൂട്ടുചേരുന്നു. അവരുടെ ദേശം സ്വര്‍ണ്ണവുംവെള്ളിയുംകൊണ്ടു നിറഞ്ഞിരിക്കുന്നു. അവരുടെ നിക്ഷേപങ്ങള്‍ക്കളവില്ല. അവരുടെ ദേശം കുതിരകളെക്കൊണ്ടു നിറഞ്ഞിരിക്കുന്നു. അവരുടെ രഥങ്ങള്‍ സംഖ്യാതീതമാണ്.   
8: അവരുടെ ദേശം വിഗ്രഹങ്ങള്‍കൊണ്ടു നിറഞ്ഞിരിക്കുന്നു. തങ്ങള്‍തന്നെ നിര്‍മ്മിച്ച ശില്പങ്ങളുടെ മുമ്പില്‍, തങ്ങളുടെതന്നെ കരവേലയുടെ മുമ്പില്‍, അവര്‍ കുമ്പിടുന്നു.   
9: മര്‍ത്ത്യന്‍ അവമാനിതനാകുന്നുമനുഷ്യന്‍ തന്നെത്തന്നെ തരംതാഴ്ത്തുന്നു. അവരോടു ക്ഷമിക്കരുതേ!    
10: പാറക്കെട്ടിനുള്ളില്‍ പ്രവേശിക്കുവിന്‍. പൊടിയിലൊളിക്കുവിന്‍. അങ്ങനെ കര്‍ത്താവിന്റെ ഭീകരതയില്‍നിന്നും അവിടുത്തെ മഹിമാതിശയത്തില്‍നിന്നും രക്ഷപെടുവിന്‍.   
11: മനുഷ്യന്റെ അഹന്ത തലതാഴ്ത്തുംഅഹങ്കാരികളെ എളിമപ്പെടുത്തുംകര്‍ത്താവുമാത്രം ആദിനത്തില്‍ ഉയര്‍ന്നുനില്ക്കും.   
12: കര്‍ത്താവിനൊരു ദിനമുണ്ട്. അഹന്തയും ഉന്നതഭാവവുമുള്ള എല്ലാറ്റിനുമെതിരായ ദിനം! 
13: ലബനോനിലെ ഉന്നതമായ ദേവദാരുവിനും ബാഷാനിലെ കരുവേലകത്തിനും   
14: ഉന്നതമായ പര്‍വ്വതങ്ങള്‍ക്കും ഉയര്‍ന്ന കുന്നുകള്‍ക്കും   
15: ഉന്നതമായ സകലഗോപുരങ്ങള്‍ക്കുംഎല്ലാ ശക്തിദുര്‍ഗ്ഗങ്ങള്‍ക്കും   
16: താര്‍ഷീഷിലെ കപ്പലുകള്‍ക്കും മനോഹരമായ എല്ലാ ശില്പങ്ങള്‍ക്കുമെതിരായ ദിനം!   
17: മനുഷ്യന്റെ അഹങ്കാരത്തിനറുതിവരുംഗര്‍വിഷ്ഠന്‍ വിനീതനാക്കപ്പെടും. അന്നു കര്‍ത്താവുമാത്രം ഉയര്‍ന്നുനില്ക്കും.   
18: വിഗ്രഹങ്ങള്‍ നിശ്ശേഷം തകര്‍ക്കപ്പെടും.   
19: ഭൂമിയെ പ്രകമ്പനംകൊള്ളിക്കാന്‍ കര്‍ത്താവു വരുമ്പോള്‍ ഉജ്ജ്വലപ്രഭാവത്തിന്റെ ഭീതിദായകമായ ദര്‍ശനത്തില്‍നിന്നു മനുഷ്യര്‍ പാറയിടുക്കുകളിലും ഗുഹകളിലും ഓടിയൊളിക്കും. 
20: ആരാധിക്കാന്‍വേണ്ടി സ്വര്‍ണ്ണവും വെള്ളിയുംകൊണ്ടു നിര്‍മ്മിച്ച വിഗ്രഹങ്ങളെ അന്നവര്‍ പെരുച്ചാഴിക്കും വാവലിനുമായി ഉപേക്ഷിക്കും. 
21: ഭൂമിയെ പ്രകമ്പനംകൊള്ളിക്കാന്‍ കര്‍ത്താവുവരുമ്പോള്‍ അവിടുത്തെ ഉജ്ജ്വലപ്രഭാവത്തിന്റെ ഭീതിദായകമായ ദര്‍ശനത്തില്‍നിന്നു പാറയിടുക്കുകളിലും ഉയര്‍ന്ന പാറകളിലും ഓടിയൊളിക്കാന്‍ വേണ്ടിത്തന്നെ.  
22: മനുഷ്യനില്‍ ഇനി വിശ്വാസമര്‍പ്പിക്കരുത്അവന്‍ ഒരു ശ്വാസം മാത്രംഅവനെന്തു വിലയുണ്ട്?

അദ്ധ്യായം 3

ജറുസലെമില്‍ അരാജകത്വം
1: ഇതാകര്‍ത്താവ്സൈന്യങ്ങളുടെ കര്‍ത്താവ്യൂദായില്‍നിന്നും ജറുസലെമില്‍നിന്നും എല്ലാ താങ്ങുംതുണയും അപ്പവുംവെള്ളവും എടുത്തുമാറ്റുന്നു.  
2: ധീരനും പടയാളിയും ന്യായാധിപനും പ്രവാചകനും ഭാവിപറയുന്നവനും ശ്രേഷ്ഠനും   
3: സൈന്യാധിപനും പ്രഭുവും ഉപദേഷ്ടാവും മന്ത്രവാദിയും ആഭിചാരകനും ഇല്ലാതാകും.   
4: ഞാന്‍ ബാലന്മാരെ അവരുടെ രാജാക്കന്മാരാക്കും. ശിശുക്കള്‍ അവരെ ഭരിക്കും.   
5: ജനം പരസ്പരം പീഡിപ്പിക്കുംഓരോരുത്തനും തന്റെ കൂട്ടുകാരനെയും അയല്‍ക്കാരനെയും ചൂഷണംചെയ്യും. യുവാക്കള്‍ വൃദ്ധരെയും അധമന്‍ മാന്യനേയുമപമാനിക്കും.   
6: ഒരുവന്‍ തന്റെ പിതൃഭവനത്തില്‍ പ്രവേശിച്ച് സഹോദരനെ പിടിച്ചുനിറുത്തിപ്പറയും: നിനക്കൊരു മേലങ്കിയുണ്ട്നീ ഞങ്ങളുടെ നേതാവായിരിക്കുക. ഈ നാശക്കൂമ്പാരം നിന്റെ അധീനതയിലായിരിക്കും.   
7: അന്നവന്‍ മറുപടി പറയും: ഞാന്‍ വൈദ്യനല്ല. എന്റെ വീട്ടില്‍ അപ്പമോ മേലങ്കിയോ ഇല്ല. നീയെന്നെ ജനനേതാവാക്കരുത്.   
8: ജറുസലെമിന്റെ കാലിടറി. യൂദാ നിപതിച്ചു. എന്തെന്നാല്‍, അവര്‍ വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും കര്‍ത്താവിനോടു മത്സരിച്ച്, അവിടുത്തെ മഹത്വപൂര്‍ണ്ണമായ സാന്നിദ്ധ്യത്തെ വെല്ലുവിളിച്ചു.   
9: അവരുടെ പക്ഷപാതം അവര്‍ക്കെതിരേ സാക്ഷ്യംനല്കുന്നു. അവര്‍ തങ്ങളുടെ പാപം മറയ്ക്കാതെ സോദോമിനെപ്പോലെ ഉദ്‌ഘോഷിക്കുന്നു. അവര്‍ക്കു ദുരിതം! അവര്‍ തങ്ങളുടെമേല്‍ തിന്മ വിളിച്ചുവരുത്തിയിരിക്കുന്നു.  
10: നീതിമാന്മാരോടു പറയുക: നിങ്ങള്‍ക്കു നന്മ വരും. നിങ്ങളുടെ പ്രവൃത്തികളുടെ ഫലം നിങ്ങളനുഭവിക്കും.  
11: ദുഷ്ടനു ദുരിതം! അവന്റെമേല്‍ തിന്മ വരുന്നു. അവന്‍ ചെയ്തത് അവനോടും ചെയ്യും.   
12: എന്റെ ജനം - കുട്ടികളാണവരുടെ മര്‍ദ്ദകര്‍. സ്ത്രീകളാണ് അവരുടെമേല്‍ ഭരണം നടത്തുന്നത്. എന്റെ ജനമേനിങ്ങളുടെ നേതാക്കന്മാര്‍ നിങ്ങളെ വഴിതെറ്റിക്കുന്നു. എങ്ങോട്ടു തിരിയണമെന്നു നിങ്ങളറിയുന്നില്ല.   

കര്‍ത്താവിന്റെ വിധി

13: കര്‍ത്താവു ന്യായം വിധിക്കാനൊരുങ്ങുന്നുതന്റെ ജനത്തെ വിധിക്കാന്‍ എഴുന്നേല്‍ക്കുന്നു.   
14: കര്‍ത്താവു തന്റെ ജനത്തിന്റെ ശ്രേഷ്ഠന്മാരെയും രാജാക്കന്മാരെയും വിധിക്കുന്നു. നിങ്ങളാണു മുന്തിരിത്തോട്ടം നശിപ്പിച്ചവര്‍. പാവപ്പെട്ടവരെ കൊള്ളയടിച്ചവസ്തുക്കള്‍ നിങ്ങളുടെ ഭവനത്തിലുണ്ട്.   
15: എന്റെ ജനത്തെ ഞെരുക്കാനും പാവപ്പെട്ടവരുടെ തല ചതയ്ക്കാനും നിങ്ങള്‍ക്കെന്തുകാര്യംസൈന്യങ്ങളുടെ ദൈവമായ കര്‍ത്താവാണ് അരുളിച്ചെയ്യുന്നത്. 

സീയോന്‍പുത്രിമാര്‍ക്കു താക്കീത്

16: കര്‍ത്താവ് അരുളിച്ചെയ്തു: സീയോന്‍പുത്രിമാര്‍ ഗര്‍വിഷ്ഠരും ഞെളിഞ്ഞു നടക്കുന്നവരും കടക്കണ്ണെറിയുന്നവരും പാദസരംകിലുക്കി, അലസഗമനം ചെയ്യുന്നവരുമാണ്.   
17: കര്‍ത്താവവരുടെ ശിരസ്സു ചിരങ്ങുകൊണ്ടു നിറയ്ക്കുംഅവരെ നഗ്നരാക്കും.   
18: അന്നു കര്‍ത്താവവരുടെ പാദസരത്തിന്റെ അലങ്കാരവും തലമുടി നാടയും കിരീടവും   
19: കുണ്ഡലവും വളയും കണ്ഠപടവും   
20: ശിരോവസ്ത്രവും തോള്‍വളയും അരപ്പട്ടയും സുഗന്ധച്ചിമിഴും ഏലസ്സും   
21: മുദ്രമോതിരവും മൂക്കുത്തിയും   
22: വിലപിടിച്ചവസ്ത്രവും മേലങ്കിയും കുപ്പായവും ചെറുസഞ്ചിയും   
23: ലോലമായ വസ്ത്രവും പട്ടുവസ്ത്രവും തലപ്പാവും മൂടുപടവുമെടുത്തുമാറ്റും.   
24: പരിമളത്തിനു പകരം ദുര്‍ഗ്ഗന്ധംഅരപ്പട്ടയ്ക്കു പകരം കയര്‍, പിന്നിയ തലമുടിക്കു പകരം കഷണ്ടിവിലപിടിപ്പുള്ള പുറങ്കുപ്പായത്തിനു പകരം ചാക്ക്സൗന്ദര്യത്തിനു പകരം അവമതി.   
25: നിന്റെ പുരുഷന്മാര്‍ വാളിനിരയാകും. പ്രബലന്മാര്‍ യുദ്ധത്തില്‍ നിലംപതിക്കും.   
26: നഗരകവാടങ്ങള്‍ വിലപിക്കും. ബലാല്ക്കാരത്തിനിരയായി നീ തറയിലിരിക്കും. 

അദ്ധ്യായം 4

1: അന്ന്, ഏഴു സ്ത്രീകള്‍ ഒരു പുരുഷനെ തടഞ്ഞുനിര്‍ത്തി പറയും: ഞങ്ങള്‍ സ്വന്തം അപ്പം ഭക്ഷിക്കുകയും സ്വന്തം വസ്ത്രംധരിക്കുകയും ചെയ്തുകൊള്ളാം. നിന്റെ നാമംകൊണ്ടു ഞങ്ങള്‍ വിളിക്കപ്പെട്ടാല്‍ മാത്രം മതിഞങ്ങളുടെ അപമാനം നീക്കിത്തരണമേ! 

രക്ഷയുടെ വാഗ്ദാനം
2: അന്നു കര്‍ത്താവു വളര്‍ത്തിയ ശാഖ മനോഹരവും മഹനീയവുമായിരിക്കും. ഭൂമിയിലെ ഫലങ്ങള്‍ ഇസ്രായേലിലവശേഷിക്കുന്നവരുടെ അഭിമാനവും മഹത്വവുമായിരിക്കും. 
3: സീയോനില്‍ - ജറുസലെമില്‍ - അവശേഷിക്കുന്നവര്‍, ജീവിക്കാനുള്ളവരുടെ കൂട്ടത്തില്‍ എണ്ണപ്പെടുന്ന ജറുസലെംനിവാസികള്‍, വിശുദ്ധര്‍ എന്നു വിളിക്കപ്പെടും.   
4: ന്യായവിധിയുടെ തീക്കാറ്റയച്ചു കര്‍ത്താവു സീയോന്‍പുത്രിയുടെ മാലിന്യങ്ങളില്ലാതാക്കുകയും ജറുസലെമിന്റെ മദ്ധ്യത്തിലുള്ള രക്തക്കറ തുടച്ചുമാറ്റുകയും ചെയ്യുമ്പോള്‍ത്തന്നെ.   
5: അപ്പോള്‍ സീയോന്‍പര്‍വ്വതത്തിനും അവിടെ സമ്മേളിക്കുന്നവര്‍ക്കും മുകളില്‍, പകല്‍ മേഘവും രാത്രി പുകയും ജ്വലിക്കുന്ന അഗ്നിയുടെ ദീപ്തിയും കര്‍ത്താവു സ്ഥാപിക്കും. 
6: കര്‍ത്താവിന്റെ മഹത്വം എല്ലാറ്റിനുംമുകളില്‍ ഒരു വിതാനവും കൂടാരവുമായി നിലകൊള്ളും. അതു പകല്‍ തണല്‍നല്കും. കൊടുങ്കാറ്റിലും മഴയിലും അതഭയമായിരിക്കും. 


അദ്ധ്യായം 5

കര്‍ത്താവിന്റെ മുന്തിരിത്തോപ്പ്
1: എന്റെ പ്രിയനുവേണ്ടിഅവനു തന്റെ മുന്തിരിത്തോട്ടത്തിനു നേരേയുള്ള സ്‌നേഹത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് ഞാനൊരു ഗാനമാലപിക്കട്ടെ. വളരെ ഫലപുഷ്ടിയുള്ള കുന്നില്‍ എന്റെ പ്രിയന് ഒരു മുന്തിരിത്തോട്ടമുണ്ടായിരുന്നു.   
2: അവന്‍ അതു കിളച്ചു കല്ലുകള്‍നീക്കി, വിശിഷ്ടമായ മുന്തിരിച്ചെടികള്‍ നട്ടുപിടിപ്പിച്ചുഅതിന്റെ മദ്ധ്യത്തില്‍ അവനൊരു കാവല്‍മാടം പണിതുമുന്തിരിച്ചക്കു കുഴിച്ചിടുകയും ചെയ്തു. അതു വിശിഷ്ടമായ മുന്തിരിപ്പഴം നല്കുമെന്ന് അവന്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, അതു പുറപ്പെടുവിച്ചതു കാട്ടുമുന്തിരിപ്പഴമാണ്.   
3: ജറുസലെം നിവാസികളേയൂദായില്‍ വസിക്കുന്നവരേഎന്നെയും എന്റെ മുന്തിരിത്തോട്ടത്തെയും കുറിച്ച് നിങ്ങള്‍തന്നെ വിധി പറയുവിന്‍.   
4: എന്റെ മുന്തിരിത്തോട്ടത്തിനുവേണ്ടി ഞാന്‍ ചെയ്തതിലേറെ എന്താണു ചെയ്യേണ്ടിയിരുന്നത്ഞാന്‍ നല്ല മുന്തിരി അതില്‍നിന്നു പ്രതീക്ഷിച്ചപ്പോള്‍ എന്തുകൊണ്ടാണ് അതു കാട്ടുമുന്തിരിപ്പഴം പുറപ്പെടുവിച്ചത്?   
5: ഈ മുന്തിരിത്തോപ്പിനോടു ഞാനെന്തുചെയ്യുമെന്ന് ഇപ്പോള്‍പ്പറയാം. ഞാന്‍ അതിന്റെ വേലി പൊളിച്ചുകളഞ്ഞു നാശത്തിനു വിട്ടുകൊടുക്കും. അതിന്റെ മതിലുകള്‍ ഞാനിടിച്ചു തകര്‍ക്കും. തോട്ടം ചവിട്ടി മെതിക്കപ്പെടും.   
6: ഞാനതിനെ ശൂന്യമാക്കുംഅതിനെ വെട്ടിയൊരുക്കുകയോ അതിന്റെ ചുവടു കിളയ്ക്കുകയോ ചെയ്യുകയില്ല. അവിടെ മുള്‍ച്ചെടികളും മുള്ളുകളും വളരും. അതിന്മേല്‍ മഴ വര്‍ഷിക്കരുതെന്നു ഞാന്‍ മേഘങ്ങളോടാജ്ഞാപിക്കും.  
7: സൈന്യങ്ങളുടെ കര്‍ത്താവിന്റെ മുന്തിരിത്തോട്ടം ഇസ്രായേല്‍ ഭവനമാണ്. യൂദാജനമാണ്അവിടുന്നാനന്ദംകൊള്ളുന്ന കൃഷി. നീതിക്കുവേണ്ടി അവിടുന്നു കാത്തിരുന്നു. ഫലമോ രക്തച്ചൊരിച്ചില്‍മാത്രം! ധര്‍മ്മനിഷ്ഠയ്ക്കു പകരം നീതി നിഷേധിക്കപ്പെട്ടവരുടെ നിലവിളി! 

അധര്‍മ്മികള്‍ക്കു ദുരിതം
8: മറ്റാര്‍ക്കും വസിക്കാന്‍ ഇടംകിട്ടാത്തവിധം വീടോടു വീടുചേര്‍ത്ത്വയലോടു വയല്‍ചേര്‍ത്ത്അതിന്റെ മദ്ധ്യത്തില്‍ തനിച്ചുവസിക്കുന്നവര്‍ക്കു ദുരിതം! 
9: സൈന്യങ്ങളുടെ കര്‍ത്താവു ശപഥംചെയ്യുന്നതു ഞാന്‍ കേട്ടു: അനേകം മന്ദിരങ്ങള്‍ നിര്‍ജ്ജനമാകും. മനോഹരമായ മാളികകള്‍ വസിക്കാനാളില്ലാതെ ശൂന്യമായിക്കിടക്കും.   
10: പത്തേക്കര്‍ മുന്തിരിത്തോട്ടത്തില്‍നിന്ന് ഒരു ബത്തു വീഞ്ഞും ഒരു ഹോമര്‍ വിത്തില്‍നിന്ന് ഒരു ഏഫാ ധാന്യവുംമാത്രം വിളവു ലഭിക്കും.   
11: ലഹരിപാനീയങ്ങളുടെ പിന്നാലെ ഓടാന്‍വേണ്ടി അതിരാവിലെയുണരുകയും വീഞ്ഞുകുടിച്ചു മദിക്കാന്‍വേണ്ടി ഉറങ്ങാതിരിക്കുകയുംചെയ്യുന്നവര്‍ക്കു ദുരിതം!   
12: അവരുടെ ഉത്സവങ്ങളില്‍ വീണയും കിന്നരവും തപ്പും കുഴലും വീര്യമേറിയ വീഞ്ഞുമുണ്ട്. എന്നാല്‍, അവര്‍ കര്‍ത്താവിന്റെ പ്രവൃത്തികളെക്കുറിച്ചു ചിന്തിക്കുകയോ അവിടുത്തെ കരവേലകളെ നോക്കുകയോചെയ്യുന്നില്ല. 
13: എന്റെ ജനം അജ്ഞതനിമിത്തം അടിമത്തത്തിലേക്കു നീങ്ങുന്നുഅവരുടെ പ്രഭുക്കന്മാര്‍ വിശപ്പുകൊണ്ടു മരിക്കുകയും അനേകര്‍ ദാഹാര്‍ത്തരായിക്കഴിയുകയും ചെയ്യുന്നു. 
14: അതിനാല്‍, പാതാളത്തിന്റെ ആര്‍ത്തി വര്‍ദ്ധിച്ചിരിക്കുന്നു. സീമാതീതമായി അതു വായ് പിളര്‍ന്നിരിക്കുന്നു. ജറുസലെമിലെ കുലീനരും സാധാരണരും അവിടുത്തെ വലിയ ആള്‍ക്കൂട്ടവും അവളില്‍ അഭിമാനംകൊള്ളുന്നവരും അതില്‍ പതിക്കുന്നു. 
15: മനുഷ്യനു തലകുനിക്കാനിടവന്നു. മര്‍ത്ത്യര്‍ അവമാനിതരായി. അഹങ്കാരികള്‍ ലജ്ജിതരായി.   
16: സൈന്യങ്ങളുടെ കര്‍ത്താവു നീതിയില്‍ ഉയര്‍ന്നു നില്‍ക്കുന്നുപരിശുദ്ധനായ ദൈവം നീതിനിഷ്ഠയിലൂടെ തന്റെ പരിശുദ്ധി വെളിപ്പെടുത്തുന്നു.   
17: അപ്പോള്‍ കുഞ്ഞാടുകള്‍ മേച്ചില്‍പുറങ്ങളിലെന്നപോലെ അവിടെ മേഞ്ഞുനടക്കും. കൊഴുത്ത മൃഗങ്ങളും ആട്ടിന്‍കുട്ടികളും അവിടത്തെ നഷ്ടാവശിഷ്ടങ്ങള്‍ക്കിടയില്‍ മേയും.   
18: നുണയുടെ കയറുകൊണ്ട് അകൃത്യത്തെ വലിച്ചിഴയ്ക്കുന്നവനു ദുരിതം! പാപത്തെ കയറുകെട്ടി വലിക്കുന്നവനു ദുരിതം!  
19: കര്‍ത്താവ് വേഗം തന്റെ പ്രവൃത്തി നിറവേറ്റട്ടെനമുക്കു കാണാമല്ലോഇസ്രായേലിന്റെ പരിശുദ്ധനായവന്റെ ലക്ഷ്യം ആസന്നമാകട്ടെഅതു നമുക്കറിയാമല്ലോയെന്ന് അവര്‍ പറയുന്നു.   
20: തിന്മയെ നന്മയെന്നും നന്മയെ തിന്മയെന്നും വിളിക്കുന്നവനു ദുരിതം! പ്രകാശത്തെ അന്ധകാരമെന്നും അന്ധകാരത്തെ പ്രകാശമെന്നും ഗണിക്കുന്നവനു ദുരിതം! മധുരത്തെ കയ്പായും കയ്പിനെ മധുരമായും കരുതുന്നവനു ദുരിതം!   
21: തന്നെത്തന്നെ ജ്ഞാനിയെന്നും സൂക്ഷ്മബുദ്ധിയെന്നും കരുതുന്നവനു ദുരിതം!   
22: വീഞ്ഞുകുടിക്കുന്നതില്‍ വീരന്മാരും വിവിധതരം മദ്യം കൂട്ടിക്കലര്‍ത്തുന്നതില്‍ വിരുതന്മാരുമായവര്‍ക്കു ദുരിതം!  
23: കൈക്കൂലി വാങ്ങി കുറ്റവാളിയെ മോചിപ്പിക്കുകയും നിരപരാധര്‍ക്കു നീതി നിഷേധിക്കുകയും ചെയ്യുന്നവര്‍ക്കു ദുരിതം!  
24: തീനാളത്തില്‍ വൈക്കോല്‍ത്തുരുമ്പുപോലെഅഗ്നിജ്വാലയില്‍ ഉണക്കപ്പുല്ലുപോലെഅവരുടെ വേരു ജീര്‍ണ്ണിക്കുംഅവരുടെ പുഷ്പങ്ങള്‍ പൊടിപോലെ പറന്നുപോകും. കാരണംഅവര്‍ സൈന്യങ്ങളുടെ കര്‍ത്താവിന്റെ നിയമത്തെ നിരസിക്കുകയും ഇസ്രായേലിന്റെ പരിശുദ്ധനായവന്റെ വചനത്തെ നിന്ദിക്കുകയും ചെയ്തു. 
25: അവിടുത്തെ ജനത്തിനെതിരായി കര്‍ത്താവിന്റെ കോപം ജ്വലിച്ചു. അവിടുന്നു കരമുയര്‍ത്തി അവരെ പ്രഹരിച്ചു. പര്‍വ്വതങ്ങള്‍ പ്രകമ്പനംകൊണ്ടു. അവരുടെ മൃതശരീരങ്ങള്‍ തെരുവീഥികളില്‍ മാലിന്യംപോലെ കിടന്നു. എന്നിട്ടും അവിടുത്തെ കോപം ശമിച്ചിട്ടില്ല. അവിടുത്തെ കരം ഇപ്പോഴുമുയര്‍ന്നുനില്ക്കുന്നു. 
26: വിദൂരസ്ഥമായ ഒരു ജനതയ്ക്ക് അവിടുന്ന്, ഒരടയാളം കാണിക്കും. ഭൂമിയുടെ അതിര്‍ത്തിയില്‍നിന്ന് അവരെ ചൂളംവിളിച്ചു വരുത്തും. ഇതാഅതിവേഗം അവര്‍ വരുന്നു. 
27: ആരും ക്ഷീണിച്ചിട്ടില്ലആരുടെയും കാലിടറുന്നില്ല. ഒരുവനും ഉറക്കംതൂങ്ങുകയോ ഉറങ്ങുകയോചെയ്യുന്നില്ല. ആരുടെയും അരക്കച്ച അയഞ്ഞുപോവുകയോ ചെരിപ്പിന്റെ വള്ളി പൊട്ടുകയോ ചെയ്യുന്നില്ല.   
28: അവരുടെ അസ്ത്രങ്ങള്‍ മൂര്‍ച്ചയുള്ളതാണ്. അവരുടെ വില്ലു കുലച്ചിരിക്കുന്നു. അവരുടെ കുതിരകളുടെ കുളമ്പുകള്‍ തീക്കല്ലുപോലെയും അവരുടെ രഥചക്രങ്ങള്‍ ചുഴലിക്കാറ്റുപോലെയുമാണ്.   
29: അവരുടെ ഗര്‍ജ്ജനം സിംഹത്തിന്റേതുപോലെയാണ്. യുവസിംഹങ്ങളെപ്പോലെ അവരലറുന്നു. അവര്‍ മുരളുകയും ഇരപിടിച്ചു വലിച്ചുകൊണ്ടുപോവുകയും ചെയ്യുന്നു. ആര്‍ക്കും രക്ഷപെടുത്താന്‍ സാധിക്കുകയില്ല.   
30: അന്നവര്‍ അതിനെനോക്കി, കടലിന്റെ ഇരമ്പല്‍പോലെ മുരളും. ആരെങ്കിലും ദേശത്തേക്കു നോക്കിയാല്‍ അവിടെ അന്ധകാരവും അസ്വസ്ഥതയുമായിരിക്കും. കാര്‍മേഘങ്ങള്‍ പ്രകാശത്തെ വിഴുങ്ങിക്കളയും. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ