നൂറ്റിയെഴുപത്തൊന്നാം ദിവസം: സങ്കീര്‍ത്തനങ്ങള്‍ 89 - 95


അദ്ധ്യായം 89

ദാവീദിനോടുചെയ്ത ഉടമ്പടിയനുസ്മരിക്കണമേ!
എസ്രാഹ്യനായ ഏഥാന്റെ പ്രവചനഗീതം
1: കര്‍ത്താവേഞാനെന്നും അങ്ങയുടെ കാരുണ്യംപ്രകീര്‍ത്തിക്കുംഎന്റെയധരങ്ങള്‍ തലമുറകളോട് അങ്ങയുടെ വിശ്വസ്തതപ്രഘോഷിക്കും.
2: എന്തെന്നാല്‍, അങ്ങയുടെ കൃപ എന്നേയ്ക്കും നിലനില്ക്കുന്നുഅങ്ങയുടെ വിശ്വസ്തത ആകാശംപോലെ സുസ്ഥിരമാണ്.  
3: അവിടുന്നരുളിച്ചെയ്തു: എന്റെ തിരഞ്ഞെടുക്കപ്പെട്ടവനുമായി ഞാനൊരുടമ്പടിയുണ്ടാക്കിഎന്റെ ദാസനായ ദാവീദിനോടു ഞാന്‍ ശപഥംചെയ്തു. 
4: നിന്റെ സന്തതിയെ എന്നേയ്ക്കുമായി ഞാനുറപ്പിക്കുംനിന്റെ സിംഹാസനം തലമുറകളോളം ഞാന്‍ നിലനിറുത്തും. 
5: കര്‍ത്താവേആകാശം അങ്ങയുടെ അദ്ഭുതങ്ങളെ സ്തുതിക്കട്ടെ! നീതിമാന്മാരുടെ സമൂഹത്തില്‍ അങ്ങയുടെ വിശ്വസ്തത പ്രകീര്‍ത്തിക്കപ്പെടട്ടെ! 
6: കര്‍ത്താവിനുസമനായി സ്വര്‍ഗ്ഗത്തിലാരുണ്ട്കര്‍ത്താവിനോടു സദൃശനായി സ്വര്‍ഗ്ഗവാസികളിലാരുണ്ട്
7: വിശുദ്ധരുടെ സമൂഹം അവിടുത്തെ ഭയപ്പെടുന്നുചുറ്റുംനില്ക്കുന്നവരെക്കാള്‍, അവിടുന്ന് ഉന്നതനും ഭീതിദനുമാണ്.  
8: സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവേവിശ്വസ്തതധരിച്ചിരിക്കുന്ന അങ്ങയെപ്പോലെ ബലവാനായാരുണ്ട്?  
9: അങ്ങ്, ഇളകിമറയുന്ന കടലിനെ ഭരിക്കുന്നുതിരമാലകളുയരുമ്പോള്‍ അങ്ങവയെ ശാന്തമാക്കുന്നു. 
10: അങ്ങു റാഹാബിനെ ശവശരീരമെന്നപോലെ തകര്‍ത്തുകരുത്തുറ്റകരംകൊണ്ട് അങ്ങു ശത്രുക്കളെച്ചിതറിച്ചു. 
11: ആകാശമങ്ങയുടേതാണ്ഭൂമിയും അങ്ങയുടേതുതന്നെലോകവും അതിലുള്ള സകലതും അങ്ങാണു സ്ഥാപിച്ചത്.  
12: ദക്ഷിണോത്തരദിക്കുകളെ അങ്ങു സൃഷ്ടിച്ചുതാബോറും ഹെര്‍മോനും അങ്ങയുടെ നാമത്തെ ആഹ്ലാദത്തോടെ പുകഴ്ത്തുന്നു.
13: അങ്ങയുടെ ഭുജം ശക്തിയുള്ളതാണ്അങ്ങയുടെ കരം കരുത്തുറ്റതാണ്അങ്ങു വലത്തുകൈ ഉയര്‍ത്തിയിരിക്കുന്നു. 
14: നീതിയിലും ന്യായത്തിലും അങ്ങു സിംഹാസനമുറപ്പിച്ചിരിക്കുന്നുകാരുണ്യവും വിശ്വസ്തതയും അങ്ങയുടെമുമ്പേ നീങ്ങുന്നു. 
15: ഉത്സവഘോഷത്താല്‍ അങ്ങയെ സ്തുതിക്കുന്നവര്‍ ഭാഗ്യവാന്മാര്‍; കര്‍ത്താവേഅവരങ്ങയുടെ മുഖത്തിന്റെ പ്രകാശത്തില്‍ നടക്കുന്നു. 
16: അവര്‍ നിത്യം അങ്ങയുടെ നാമത്തിലാനന്ദിക്കുന്നുഅങ്ങയുടെ നീതിയെ പുകഴ്ത്തുന്നു. 
17: അങ്ങാണവരുടെ ശക്തിയും മഹത്വവുംഅങ്ങയുടെ പ്രസാദംകൊണ്ടാണു ഞങ്ങളുടെ കൊമ്പുയര്‍ന്നുനില്ക്കുന്നത്. 
18: കര്‍ത്താവാണു ഞങ്ങളുടെ പരിചഇസ്രായേലിന്റെ പരിശുദ്ധനാണു ഞങ്ങളുടെ രാജാവ്;
19: പണ്ട്, ഒരു ദര്‍ശനത്തില്‍ അവിടുന്നു തന്റെ വിശ്വസ്തനോടരുളിച്ചെയ്തു: ശക്തനായ ഒരുവനെ ഞാന്‍ കിരീടമണിയിച്ചുഒരുവനെ ഞാന്‍ ജനത്തില്‍നിന്നു തിരഞ്ഞെടുത്തുയര്‍ത്തി. 
20: ഞാനെന്റെ ദാസനായ ദാവീദിനെക്കണ്ടെത്തിവിശുദ്ധതൈലംകൊണ്ടു ഞാനവനെ അഭിഷേകംചെയ്തു.  
21: എന്റെ കൈ, എന്നുമവനോടൊത്തുണ്ടായിരിക്കും. എന്റെ ഭുജം അവനു ശക്തിനല്കും. 
22: ശത്രു അവനെത്തോല്പിക്കുകയില്ലദുഷ്ടന്‍ അവന്റെമേല്‍ പ്രാബല്യംനേടുകയില്ല
23: അവന്റെ ശത്രുവിനെ അവന്റെമുമ്പില്‍വച്ചുതന്നെ ഞാന്‍ തകര്‍ക്കുംഅവന്റെ വൈരികളെ ഞാന്‍ നിലംപതിപ്പിക്കും.
24: എന്റെ വിശ്വസ്തതയും കാരുണ്യവും അവനോടുകൂടെയുണ്ടായിരിക്കുംഎന്റെ നാമത്തില്‍ അവന്‍ ശിരസ്സുയര്‍ത്തിനില്ക്കും. 
25: ഞാനവന്റെ അധികാരം സമുദ്രത്തിന്മേലും അവന്റെ ആധിപത്യം നദികളുടെമേലും വ്യാപിപ്പിക്കും.
26: അവനെന്നോട്എന്റെ പിതാവും എന്റെ ദൈവവും എന്റെ രക്ഷാശിലയും അവിടുന്നാണെന്ന് ഉച്ചത്തിലുദ്‌ഘോഷിക്കും. 
27: ഞാനവനെ എന്റെ ആദ്യജാതനും ഭൂമിയിലെ രാജാക്കന്മാരില്‍ അത്യുന്നതനുമാക്കും. 
28: എന്റെ കരുണ എപ്പോഴും അവന്റെമേലുണ്ടായിരിക്കുംഅവനോടുള്ള എന്റെയുടമ്പടി അചഞ്ചലമായി നിലനില്ക്കും.
29: ഞാനവന്റെവംശത്തെ ശാശ്വതമാക്കുംഅവന്റെ സിംഹാസനം ആകാശമുള്ളിടത്തോളംകാലം നിലനില്ക്കും. 
30: അവന്റെ സന്തതി, എന്റെ നിയമമുപേക്ഷിക്കുകയും എന്റെ വിധികള്‍ അനുസരിക്കാതിരിക്കുകയും 
31: എന്റെ ചട്ടങ്ങള്‍ ലംഘിക്കുകയും എന്റെ കല്പനകള്‍ പാലിക്കാതിരിക്കുകയുംചെയ്താല്‍
32: ഞാനവരുടെ ലംഘനത്തെ ദണ്ഡുകൊണ്ടും അവരുടെ അകൃത്യങ്ങളെ ചമ്മട്ടികൊണ്ടും ശിക്ഷിക്കും. 
33: എന്നാലും ഞാന്‍, എന്റെ കാരുണ്യം അവനില്‍നിന്നു പിന്‍വലിക്കുകയില്ലഎന്റെ വിശ്വസ്തതയ്ക്കു ഭംഗംവരുത്തുകയില്ല.
34: ഞാന്‍ എന്റെ ഉടമ്പടി ലംഘിക്കുകയില്ലഞാനുച്ചരിച്ച വാക്കിനു വ്യത്യാസംവരുത്തുകയില്ല. 
35: ഞാന്‍ എന്നേയ്ക്കുമായി എന്റെ പരിശുദ്ധിയെക്കൊണ്ടു ശപഥംചെയ്തുദാവീദിനോടു ഞാന്‍ വ്യാജംപറയുകയില്ല. 
36: അവന്റെ വംശം ശാശ്വതമായും അവന്റെ സിംഹാസനം സൂര്യനുള്ള കാലത്തോളവും എന്റെ മുമ്പില്‍ നിലനില്ക്കും. 
37: അതു ചന്ദ്രനെപ്പോലെ എന്നേയ്ക്കും നിലനില്ക്കും. ആകാശമുള്ളിടത്തോളംകാലം അതും അചഞ്ചലമായിരിക്കും. 
38: എന്നാല്‍, അങ്ങവനെ പരിത്യജിച്ചുകളഞ്ഞുഅങ്ങയുടെ അഭിഷിക്തന്റെനേരേ അങ്ങു ക്രുദ്ധനായിരിക്കുന്നു.  
39: അങ്ങയുടെ ദാസനോടുചെയ്ത ഉടമ്പടി അങ്ങുപേക്ഷിച്ചുകളഞ്ഞു. അവിടുന്നവന്റെ കിരീടത്തെ നിലത്തെറിഞ്ഞുമലിനമാക്കി. 
40: അവിടുന്നവന്റെ മതിലുകള്‍തകര്‍ത്തുഅവന്റെ ദുര്‍ഗ്ഗങ്ങള്‍ ഇടിച്ചുനിരത്തി. 
41: വഴിപോക്കര്‍ അവനെക്കൊള്ളയടിക്കുന്നുഅവന്‍ അയല്‍ക്കാര്‍ക്കു പരിഹാസപാത്രമായി. 
42: അങ്ങ്, അവന്റെ വൈരികളുടെ വലത്തുകൈ ഉയര്‍ത്തിഅവന്റെ സകലശത്രുക്കളെയും സന്തോഷിപ്പിച്ചു. 
43: അവന്റെ വാളിന്റെ വായ്ത്തലമടക്കിയുദ്ധത്തില്‍ ചെറുത്തുനില്ക്കാന്‍ അവനു കഴിവില്ലാതാക്കി.
44: അവിടുന്ന്, അവന്റെ കൈയില്‍നിന്നു ചെങ്കോലെടുത്തുമാറ്റിഅവന്റെ സിംഹാസനത്തെ മണ്ണില്‍ മറിച്ചിട്ടു. 
45: അവന്റെ യൗവനത്തിന്റെ നാളുകള്‍ അവിടുന്നു വെട്ടിച്ചുരുക്കിഅവിടുന്നവനെ അപമാനംകൊണ്ടുപൊതിഞ്ഞു. 
46: കര്‍ത്താവേഇതെത്രനാളത്തേയ്ക്ക്അങ്ങെന്നേയ്ക്കും മറഞ്ഞിരിക്കുമോഅങ്ങയുടെ ക്രോധം എത്രകാലം അഗ്നിപോലെ ജ്വലിക്കും
47: കര്‍ത്താവേഎത്രഹ്രസ്വമാണ് ആയുസ്സെന്നും എത്രവ്യര്‍ത്ഥമാണ് അങ്ങുസൃഷ്ടിച്ച മര്‍ത്ത്യജീവിതമെന്നും ഓര്‍ക്കണമേ!
48: മരണംകാണാതെജീവിക്കാന്‍കഴിയുന്ന മനുഷ്യനുണ്ടോജീവനെ പാതാളത്തിന്റെ പിടിയില്‍നിന്നു വിടുവിക്കാന്‍ ആര്‍ക്കു കഴിയും
49: കര്‍ത്താവേഅങ്ങയുടെ പൂര്‍വ്വസ്നേഹമെവിടെവിശ്വസ്തനായ അങ്ങു ദാവീദിനോടുചെയ്ത ശപഥമെവിടെ
50: കര്‍ത്താവേഅങ്ങയുടെ ദാസന്‍ എത്ര നിന്ദിക്കപ്പെടുന്നെന്ന് ഓര്‍ക്കണമേ! ജനതകളുടെ പരിഹാസശരം ഞാന്‍ നെഞ്ചിലേല്ക്കുന്നു. 
51: കര്‍ത്താവേഅങ്ങയുടെ ശത്രുക്കള്‍ അവനെ നിന്ദിക്കുന്നുഅങ്ങയുടെ അഭിഷിക്തന്റെ പിന്‍ഗാമികളെ അവര്‍ പരിഹസിക്കുന്നു. 
52: കര്‍ത്താവെന്നേയ്ക്കും വാഴ്ത്തപ്പെടട്ടെ! ആമേന്‍, ആമേന്‍.


അദ്ധ്യായം 90

അനശ്വരനായ ദൈവവും നശ്വരനായ മനുഷ്യനും
ദൈവപുരുഷനായ മോശയുടെ പ്രാര്‍ത്ഥന
1: കര്‍ത്താവേഅങ്ങു തലമുറതലമുറയായി ഞങ്ങളുടെ ആശ്രയമായിരുന്നു. 
2: പര്‍വ്വതങ്ങള്‍ക്കു രൂപംനല്കുന്നതിനുമുമ്പ്ഭൂമിയും ലോകവും അങ്ങു നിര്‍മ്മിക്കുന്നതിനുമുമ്പ്അനാദിമുതല്‍ അനന്തതവരെ അവിടുന്നു ദൈവമാണ്. 
3: മനുഷ്യനെ അവിടുന്നു പൊടിയിലേക്കു മടക്കിയയയ്ക്കുന്നുമനുഷ്യമക്കളേതിരിച്ചുപോകുവിനെന്ന് അങ്ങു പറയുന്നു.
4: ആയിരം വത്സരം അങ്ങയുടെ ദൃഷ്ടിയില്‍, കഴിഞ്ഞുപോയ ഇന്നലെപോലെയും രാത്രിയിലെ ഒരുയാമംപോലെയുംമാത്രമാണ്.
5: അവിടുന്നു മനുഷ്യനെഉണരുമ്പോള്‍ മാഞ്ഞുപോകുന്ന സ്വപ്നംപോലെ, തുടച്ചുമാറ്റുന്നുപ്രഭാതത്തില്‍ മുളനീട്ടുന്ന പുല്ലുപോലെയാണവന്‍. 
6: പ്രഭാതത്തില്‍ അതു തഴച്ചുവളരുന്നുസായാഹ്നത്തില്‍ അതു വാടിക്കരിയുന്നു
7: അങ്ങയുടെ കോപത്താല്‍ ഞങ്ങള്‍ ക്ഷയിക്കുന്നുഅങ്ങയുടെ ക്രോധത്താല്‍ ഞങ്ങള്‍ പരിഭ്രാന്തരാകുന്നു. 
8: ഞങ്ങളുടെ അകൃത്യങ്ങള്‍ അങ്ങയുടെ മുമ്പിലുണ്ട്ഞങ്ങളുടെ രഹസ്യപാപങ്ങള്‍ അങ്ങയുടെ മുഖത്തിന്റെ പ്രകാശത്തില്‍ വെളിപ്പെടുന്നു. 
9: ഞങ്ങളുടെ ദിനങ്ങള്‍ അങ്ങയുടെ ക്രോധത്തിന്റെ നിഴലില്‍ കടന്നുപോകുന്നുഞങ്ങളുടെ വര്‍ഷങ്ങള്‍ ഒരു നെടുവീര്‍പ്പുപോലെയവസാനിക്കുന്നു. 
10: ഞങ്ങളുടെ ആയുഷ്‌കാലം എഴുപതുവര്‍ഷമാണ്ഏറിയാല്‍ എണ്‍പത്; എന്നിട്ടും അക്കാലമത്രയും അദ്ധ്വാനവും ദുരിതവുമാണ്അവ പെട്ടെന്നുതീര്‍ന്ന്, ഞങ്ങള്‍ കടന്നുപോകും. 
11: അങ്ങയുടെ കോപത്തിന്റെ ഉഗ്രതയും ക്രോധത്തിന്റെ ഭീകരതയും ആരറിഞ്ഞിട്ടുണ്ട്
12: ഞങ്ങളുടെ ആയുസ്സിന്റെ ദിനങ്ങളെണ്ണാന്‍ ഞങ്ങളെ പഠിപ്പിക്കണമേ! ഞങ്ങളുടെ ഹൃദയം ജ്ഞാനപൂര്‍ണ്ണമാകട്ടെ!
13: കര്‍ത്താവേമടങ്ങിവരണമേ! അങ്ങെത്രനാള്‍ വൈകുംഅങ്ങയുടെ ദാസരോട് അലിവുതോന്നണമേ! 
14: പ്രഭാതത്തില്‍ അങ്ങയുടെ കാരുണ്യംകൊണ്ടു ഞങ്ങളെ സംതൃപ്തരാക്കണമേ! ഞങ്ങളുടെ ആയുഷ്‌കാലംമുഴുവന്‍ ഞങ്ങള്‍ സന്തോഷിച്ചുല്ലസിക്കട്ടെ. 
15: അവിടുന്നു ഞങ്ങളെ പീഡിപ്പിച്ചിടത്തോളം ദിവസങ്ങളുംഞങ്ങള്‍ ദുരിതമനുഭവിച്ചിടത്തോളം വര്‍ഷങ്ങളും സന്തോഷിക്കാന്‍ ഞങ്ങള്‍ക്കിടയാക്കണമേ! 
16: അങ്ങയുടെ ദാസര്‍ക്ക് അങ്ങയുടെ പ്രവൃത്തിയും അവരുടെ മക്കള്‍ക്ക് അങ്ങയുടെ മഹത്വവും വെളിപ്പെടുമാറാകട്ടെ! 
17: ഞങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ കൃപ ഞങ്ങളുടെമേലുണ്ടാകട്ടെ! ഞങ്ങളുടെ പ്രവൃത്തികളെ ഫലമണിയിക്കണമേ! ഞങ്ങളുടെ പ്രവൃത്തികളെ സുസ്ഥിരമാക്കണമേ! 

അദ്ധ്യായം 91

കര്‍ത്താവിന്റെ സംരക്ഷണം

1: അത്യുന്നതന്റെ സംരക്ഷണത്തില്‍ വസിക്കുന്നവനുംസര്‍വ്വശക്തന്റെ തണലില്‍ക്കഴിയുന്നവനും
2: കര്‍ത്താവിനോട്, എന്റെ സങ്കേതവും എന്റെ കോട്ടയും ഞാനാശ്രയിക്കുന്ന എന്റെ ദൈവവുമെന്നു പറയും. 
3: അവിടുന്നു നിന്നെ വേടന്റെ കെണിയില്‍നിന്നും മാരകമായ മഹാമാരിയില്‍നിന്നും രക്ഷിക്കും. 
4: തന്റെ തൂവലുകള്‍കൊണ്ട്, അവിടുന്നു നിന്നെ മറച്ചുകൊള്ളുംഅവിടുത്തെ ചിറകുകളുടെകീഴില്‍ നിനക്കഭയംലഭിക്കുംഅവിടുത്തെ വിശ്വസ്തത, നിനക്കു കവചവും പരിചയുമായിരിക്കും. 
5: രാത്രിയിലെ ഭീകരതയേയും പകല്‍ പറക്കുന്ന അസ്ത്രത്തെയും നീ ഭയപ്പെടേണ്ടാ. 
6: ഇരുട്ടില്‍സ്സഞ്ചരിക്കുന്ന മഹാമാരിയെയും നട്ടുച്ചയ്ക്കുവരുന്ന വിനാശത്തെയും നീ പേടിക്കേണ്ടാ. 
7: നിന്റെ പാര്‍ശ്വങ്ങളില്‍ ആയിരങ്ങള്‍ മരിച്ചുവീണേക്കാംനിന്റെ വലത്തുവശത്തു പതിനായിരങ്ങളുംഎങ്കിലുംനിനക്ക് ഒരനര്‍ത്ഥവും സംഭവിക്കുകയില്ല. 
8: ദുഷ്ടരുടെ പ്രതിഫലം നിന്റെ കണ്ണുകള്‍കൊണ്ടുതന്നെ നീ കാണും. 
9: നീ കര്‍ത്താവിലാശ്രയിച്ചുഅത്യുന്നതനില്‍ നീ വാസമുറപ്പിച്ചു. 
10: നിനക്കൊരു തിന്മയും ഭവിക്കുകയില്ലഒരനര്‍ത്ഥവും നിന്റെ കൂടാരത്തെ സമീപിക്കുകയില്ല. 
11: നിന്റെ വഴികളില്‍, നിന്നെ കാത്തുപാലിക്കാന്‍ അവിടുന്നു തന്റെ ദൂതന്മാരോടു കല്പിക്കും. 
12: നിന്റെ പാദം കല്ലില്‍ത്തട്ടാതിരിക്കാന്‍ അവര്‍ നിന്നെ കൈകളില്‍ വഹിച്ചുകൊള്ളും. 
13: സിംഹത്തിന്റെയും അണലിയുടെയുംമേല്‍ നീ ചവിട്ടിനടക്കുംയുവസിംഹത്തെയും സര്‍പ്പത്തെയും നീ ചവിട്ടിമെതിക്കും.
14: അവന്‍ സ്നേഹത്തില്‍ എന്നോടൊട്ടിനില്ക്കുന്നതിനാല്‍ ഞാനവനെ രക്ഷിക്കുംഅവന്‍ എന്റെ നാമമറിയുന്നതുകൊണ്ട് ഞാനവനെ സംരക്ഷിക്കും. 
15: അവനെന്നെ വിളിച്ചപേക്ഷിക്കുമ്പോള്‍ ഞാനുത്തരമരുളുംഅവന്റെ കഷ്ടതയില്‍ ഞാനവനോടു ചേര്‍ന്നുനില്‍ക്കുംഞാനവനെ മോചിപ്പിക്കുകയും മഹത്വപ്പെടുത്തുകയുംചെയ്യും. 
16: ദീര്‍ഘായുസ്സുനല്കി ഞാനവനെ സംതൃപ്തനാക്കുംഎന്റെ രക്ഷ ഞാനവനു കാണിച്ചുകൊടുക്കും. 

അദ്ധ്യായം 92

നീതിമാന്‍ സന്തോഷിക്കുന്നു
സാബത്തുദിവസത്തേക്കുള്ള ഒരു ഗീതം
1: അത്യുന്നതനായ കര്‍ത്താവേഅങ്ങേയ്ക്കു കൃതജ്ഞതയര്‍പ്പിക്കുന്നതും അങ്ങയുടെ നാമത്തിനു സ്തുതികളാലപിക്കുന്നതും എത്രശ്രേഷ്ഠം. 
2: ദശതന്ത്രീനാദത്തോടുകൂടെയും 
3: കിന്നരവും വീണയും മീട്ടിയും പ്രഭാതത്തില്‍ അങ്ങയുടെ കരുണയേയും രാത്രിയില്‍ അങ്ങയുടെ വിശ്വസ്തതയെയും ഉദ്‌ഘോഷിക്കുന്നത് എത്രയുചിതം! 
4: കര്‍ത്താവേഅങ്ങയുടെ പ്രവൃത്തികള്‍ എന്നെ സന്തോഷിപ്പിച്ചുഅങ്ങയുടെ അദ്ഭുതപ്രവൃത്തി കണ്ടു ഞാന്‍ ആനന്ദഗീതമാലപിക്കുന്നു. 
5: കര്‍ത്താവേഅങ്ങയുടെ പ്രവൃത്തികള്‍ എത്രമഹനീയം! അങ്ങയുടെ ചിന്തകള്‍ എത്രയഗാധം! 
6: ബുദ്ധിഹീനന് ഇതജ്ഞാതമാണ്ഭോഷന് ഇതു മനസ്സിലാക്കാന്‍ കഴിയുന്നില്ല. 
7: ദുഷ്ടര്‍ പുല്ലുപോലെ മുളച്ചു പൊങ്ങുന്നുതിന്മചെയ്യുന്നവര്‍ തഴച്ചുവളരുന്നുഎങ്കിലും അവരെന്നേയ്ക്കുമായി നശിപ്പിക്കപ്പെടും. 
8: കര്‍ത്താവേഅങ്ങ് എന്നേയ്ക്കുമുന്നതനാണ്. 
9: കര്‍ത്താവേഅങ്ങയുടെ ശത്രുക്കള്‍ നശിക്കുംദുഷ്‌കര്‍മ്മികള്‍ ചിതറിക്കപ്പെടും. 
10: എന്നാല്‍, അവിടുന്നെന്റെ കൊമ്പ്, കാട്ടുപോത്തിന്റെ കൊമ്പുപോലെയുയര്‍ത്തിഅവിടുന്നെന്റെമേല്‍ പുതിയ തൈലമൊഴിച്ചു
11: എന്റെ ശത്രുക്കളുടെ പതനം എന്റെ കണ്ണു കണ്ടുഎന്നെയാക്രമിക്കുന്ന ദുഷ്ടരുടെ ദുരന്തം എന്റെ ചെവിയില്‍ക്കേട്ടു. 
12: നീതിമാന്മാര്‍ പനപോലെ തഴയ്ക്കുംലബനോനിലെ ദേവദാരുപോലെ വളരും. 
13: അവരെ കര്‍ത്താവിന്റെ ഭവനത്തില്‍ നട്ടിരിക്കുന്നുഅവര്‍ നമ്മുടെ ദൈവത്തിന്റെ അങ്കണങ്ങളില്‍ തഴച്ചുവളരുന്നു. 
14: വാര്‍ദ്ധക്യത്തിലും അവര്‍ ഫലംപുറപ്പെടുവിക്കുംഅവരെന്നും ഇലചൂടി, പുഷ്ടിയോടെ നില്ക്കും. 
15: കര്‍ത്താവു നീതിമാനാണെന്ന് അവര്‍ പ്രഘോഷിക്കുന്നുഅവിടുന്നാണെന്റെ അഭയശിലഅനീതി, അവിടുത്തെത്തീണ്ടിയിട്ടില്ല. 

അദ്ധ്യായം 93

കര്‍ത്താവു വാഴുന്നു

1: കര്‍ത്താവു വാഴുന്നുഅവിടുന്നു മഹിമയണിഞ്ഞിരിക്കുന്നുഅവിടുന്നു ശക്തികൊണ്ട് അരമുറുക്കിയിരിക്കുന്നുലോകം സുസ്ഥാപിതമായിരിക്കുന്നു; അതിന് ഇളക്കംട്ടുകയില്ല. 
2: അങ്ങയുടെ സിംഹാസനം പണ്ടുമുതലേ ഉറപ്പിക്കപ്പെട്ടിരിക്കുന്നുഅങ്ങ് അനാദിമുതലേയുള്ളവനാണ്. 
3: കര്‍ത്താവേപ്രവാഹങ്ങളുയരുന്നുപ്രവാഹങ്ങള്‍ ശബ്ദമുയര്‍ത്തുന്നുപ്രവാഹങ്ങള്‍ ആര്‍ത്തിരമ്പുന്നു. 
4: സമുദ്രങ്ങളുടെ ഗര്‍ജ്ജനങ്ങളെയും ഉയരുന്ന തിരമാലകളെയുംകാള്‍ കര്‍ത്താവു ശക്തനാണ്. 
5: അങ്ങയുടെ കല്പന വിശ്വാസ്യവും അലംഘനീയവുമാണ്കര്‍ത്താവേപരിശുദ്ധി, അങ്ങയുടെ ആലയത്തിന് എന്നേക്കും യോജിച്ചതാണ്. 

അദ്ധ്യായം 94

ദൈവം വിധികര്‍ത്താവ്

1: പ്രതികാരത്തിന്റെ ദൈവമായ കര്‍ത്താവേപ്രതികാരത്തിന്റെ ദൈവമേപ്രത്യക്ഷനാകണമേ! 
2: ഭൂമിയെ വിധിക്കുന്നവനേഎഴുന്നേല്‍ക്കണമേ! അഹങ്കാരിക്ക്, അര്‍ഹമായ ശിക്ഷനല്കണമേ! 
3: കര്‍ത്താവേദുഷ്ടന്മാര്‍ എത്രനാളുയര്‍ന്നുനില്‍ക്കുംഎത്രനാളഹങ്കരിക്കും
4: അവര്‍ ഗര്‍വ്വിഷ്ഠമായ വാക്കുകള്‍ ചൊരിയുന്നുദുഷ്‌കര്‍മ്മികള്‍ വമ്പു പറയുന്നു. 
5: കര്‍ത്താവേഅവരങ്ങയുടെ ജനത്തെ ഞെരിക്കുന്നുഅങ്ങയുടെ അവകാശത്തെ പീഡിപ്പിക്കുന്നു. 
6: അവര്‍ വിധവയെയും വിദേശിയെയും വധിക്കുന്നുഅനാഥരെ കൊന്നുകളയുന്നു. 
7: കര്‍ത്താവു കാണുന്നില്ലയാക്കോബിന്റെ ദൈവം ഗ്രഹിക്കുന്നില്ല എന്നവര്‍ പറയുന്നു.
8: പടുവിഡ്ഢികളേഅറിഞ്ഞുകൊള്ളുവിന്‍, ഭോഷരേനിങ്ങള്‍ക്കെന്നു വിവേകംവരും
9: ചെവി നല്കിയവന്‍ കേള്‍ക്കുന്നില്ലെന്നോകണ്ണു നല്കിയവന്‍ കാണുന്നില്ലെന്നോ
10: ജനതകളെ ശിക്ഷിക്കുന്നവനു നിങ്ങളെ ശിക്ഷിക്കാന്‍ കഴിയുകയില്ലെന്നോഅറിവുപകരുന്നവന് അറിവില്ലെന്നോ
11: കര്‍ത്താവു മനുഷ്യരുടെ വിചാരങ്ങളറിയുന്നുഅവര്‍ ഒരു ശ്വാസംമാത്രം! 
12: കര്‍ത്താവേഅവിടുന്നു ശിക്ഷിക്കുകയും നിയമം പഠിപ്പിക്കുകയുംചെയ്യുന്നവന്‍ ഭാഗ്യവാന്‍. 
13: അവിടുന്നവനു കഷ്ടകാലങ്ങളില്‍ വിശ്രമംനല്കുന്നുദുഷ്ടനെ പിടികൂടാന്‍ കുഴികുഴിക്കുന്നതുവരെ, 
14: കര്‍ത്താവു തന്റെ ജനത്തെ പരിത്യജിക്കുകയില്ലഅവിടുന്നു തന്റെ അവകാശത്തെയുപേക്ഷിക്കുകയില്ല. 
15: വിധികള്‍ വീണ്ടും നീതിപൂര്‍വ്വകമാകും; പരമാര്‍ത്ഥഹൃദയമുള്ളവര്‍ അതു മാനിക്കും. 
16: ആരെനിക്കുവേണ്ടി ദുഷ്ടര്‍ക്കെതിരായി എഴുന്നേല്ക്കുംആരെനിക്കുവേണ്ടി  ദുഷ്‌കര്‍മ്മികളോട് എതിര്‍ത്തുനില്ക്കും
17: കര്‍ത്താവെന്നെ സഹായിച്ചിരുന്നില്ലെങ്കില്‍ എന്റെ പ്രാണന്‍, പണ്ടേ മൂകതയുടെ ദേശത്തെത്തുമായിരുന്നു. 
18: എന്റെ കാല്‍ വഴുതുന്നുവെന്നു ഞാന്‍ വിചാരിച്ചപ്പോഴേക്കും കര്‍ത്താവേഅങ്ങയുടെ കാരുണ്യം എന്നെ താങ്ങിനിറുത്തി.
19: എന്റെ ഹൃദയത്തിന്റെ ആകുലതകള്‍ വര്‍ദ്ധിക്കുമ്പോള്‍ അങ്ങു നല്കുന്ന ആശ്വാസം, എന്നെ ഉന്മേഷവാനാക്കുന്നു. 
20: നിയമംവഴി ദുരിതമുണ്ടാക്കുന്ന ദുഷ്ടരായ ഭരണകര്‍ത്താക്കള്‍ക്ക് അങ്ങയോടു സഖ്യംചെയ്യാന്‍ കഴിയുമോ
21: നീതിമാന്റെ ജീവനെതിരായി അവര്‍ ഒത്തുചേരുന്നുനിര്‍ദ്ദോഷനെ അവര്‍ മരണത്തിനു വിധിക്കുന്നു. 
22: എന്നാല്‍, കര്‍ത്താവെന്റെ ശക്തികേന്ദ്രമാണ്എന്റെ ദൈവം എന്റെ അഭയശിലയും. 
23: അവരുടെ അകൃത്യം അവിടുന്ന് അവരിലേക്കുതന്നെ തിരിച്ചുവിടും. അവരുടെ ദുഷ്ടതമൂലം അവരെ നിര്‍മാര്‍ജ്ജനം ചെയ്യുംനമ്മുടെ ദൈവമായ കര്‍ത്താവ് അവരെ തൂത്തെറിയും. 

അദ്ധ്യായം 95

കര്‍ത്താവിനെ സ്തുതിക്കാം

1: വരുവിന്‍, നമുക്കു കര്‍ത്താവിനു സ്തോത്രമാലപിക്കാംനമ്മുടെ ശിലയെ സന്തോഷപൂര്‍വ്വം പാടിപ്പുകഴ്ത്താം. 
2: കൃതജ്ഞതാസ്‌തോത്രത്തോടെ അവിടുത്തെ സന്നിധിയില്‍ ചെല്ലാം. ആനന്ദത്തോടെ സ്തുതിഗീതങ്ങളാലപിക്കാം. 
3: എന്നാല്‍, കര്‍ത്താവ് ഉന്നതനായ ദൈവമാണ്എല്ലാ ദേവന്മാര്‍ക്കുമധിപനായ രാജാവാണ്
4: ഭൂമിയുടെ അഗാധതലങ്ങള്‍ അവിടുത്തെ കൈയിലാണ്പര്‍വ്വതശൃംഗങ്ങളും അവിടുത്തേതാണ്. 
5: സമുദ്രം അവിടുത്തേതാണ്അവിടുന്നാണതു നിര്‍മ്മിച്ചത്ഉണങ്ങിയ കരയേയും അവിടുന്നാണു മെനഞ്ഞെടുത്തത്.
6: വരുവിന്‍, നമുക്കു കുമ്പിട്ടാരാധിക്കാംനമ്മെസൃഷ്ടിച്ച കര്‍ത്താവിന്റെമുമ്പില്‍ മുട്ടുകുത്താം. 
7: എന്തെന്നാല്‍, അവിടുന്നാണു നമ്മുടെ ദൈവം. നാം അവിടുന്നു മേയ്ക്കുന്ന ജനവുംഅവിടുന്നു പാലിക്കുന്ന അജഗണം. നിങ്ങളിന്ന് അവിടുത്തെ സ്വരം ശ്രവിച്ചിരുന്നെങ്കില്‍!
8: മെരീബായില്‍, മരുഭൂമിയിലെ മാസ്സായില്‍, ചെയ്തതുപോലെ നിങ്ങള്‍ ഹൃദയം കഠിനമാക്കരുത്. 
9: അന്നു നിങ്ങളുടെ പിതാക്കന്മാര്‍ എന്നെ പരീക്ഷിച്ചുഎന്റെ പ്രവൃത്തി കണ്ടിട്ടും അവരെന്നെ പരീക്ഷിച്ചു. 
10: നാല്പതു സംവത്സരം ആ തലമുറയോട് എനിക്കു നീരസംതോന്നിവഴിപിഴയ്ക്കുന്ന ഹൃദയത്തോടുകൂടിയ ജനമാണിത്എന്റെ വഴികളെ അവരാദരിക്കുന്നില്ലെന്ന്, ഞാന്‍ പറഞ്ഞു. 
11: അവര്‍ എന്റെ സ്വസ്ഥതയില്‍ പ്രവേശിക്കുകയില്ലെന്ന്, കോപത്തോടെ ഞാന്‍ ശപഥംചെയ്തു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ