നൂറ്റിയെൺപതാം ദിവസം: സുഭാഷിതങ്ങള്‍ 5 - 8


അദ്ധ്യായം 5

ദുശ്ചരിതയെ സൂക്ഷിക്കുക

1: മകനേ, എന്റെ ജ്ഞാനത്തില്‍ ശ്രദ്ധപതിക്കുകയും എന്റെ വാക്കുകള്‍ക്കു ചെവികൊടുക്കുകയും ചെയ്യുക.
2: അപ്പോള്‍ നീ വിവേചനാശക്തി കാത്തുസൂക്ഷിക്കുകയും നിന്റെ അധരം അറിവു സംരക്ഷിക്കുകയും ചെയ്യും.
3: ദുശ്ചരിതയായ സ്ത്രീയുടെ അധരം, തേന്‍ പൊഴിക്കുന്നു; അവളുടെ മൊഴികള്‍ തൈലത്തെക്കാള്‍ സ്നിഗ്ദ്ധമാണ്.
4: എന്നാല്‍, ഒടുവില്‍, അവള്‍ കാഞ്ഞിരംപോലെ കയ്പുള്ളവളും ഇരുതലവാള്‍പോലെ മൂര്‍ച്ചയുള്ളവളുമായിത്തീരും.
5: അവളുടെ പാദങ്ങള്‍ മരണത്തിലേക്കിറങ്ങുന്നു; അവളുടെ കാലടികള്‍ പാതാളത്തിലേക്കുള്ള മാര്‍ഗ്ഗത്തിലാണ്.
6: അവള്‍ ജീവന്റെ വഴി ശ്രദ്ധിക്കാതെ എങ്ങോട്ടെന്നില്ലാതെ അലഞ്ഞുതിരിയുന്നു; അവളതറിയുന്നുമില്ല.
7: ആകയാല്‍, മക്കളേ, ഞാന്‍ പറയുന്നതു കേള്‍ക്കുവിന്‍. എന്റെ വചനങ്ങളില്‍നിന്നു വ്യതിചലിക്കരുത്.
8: അവളില്‍നിന്നകന്നുമാറുവിന്‍. അവളുടെ വാതില്‍ക്കല്‍ ചെല്ലരുത്.
9: ചെന്നാല്‍ മറ്റുള്ളവരുടെ ദൃഷ്ടിയില്‍ നിന്റെ സത്കീര്‍ത്തി നഷ്ടപ്പെടുകയും നിന്റെ ആയുസ്സ് നിര്‍ദ്ദയര്‍ അപഹരിക്കുകയുംചെയ്യും.
10: അന്യര്‍ നിന്റെ സമ്പത്തു മതിയാവോളമപഹരിക്കുകയും നിന്റെ അദ്ധ്വാനത്തിന്റെ ഫലം അവരുടെ വീട്ടിലെത്തുകയുംചെയ്യും.
11: അങ്ങനെ ജീവിതാന്ത്യത്തില്‍ ശരീരംക്ഷയിച്ച്, എല്ലുംതോലുമായി നീ ഞരങ്ങിക്കൊണ്ടുപറയും:
12: ഞാനെത്രമാത്രം ശിക്ഷണംവെറുത്തു! എന്റെ ഹൃദയം എത്രമാത്രം ശാസനത്തെ പുച്ഛിച്ചു!
13: ഞാന്‍ എന്റെ ഗുരുക്കന്മാരുടെ വാക്കുകള്‍ കേള്‍ക്കുകയോ ഉപദേഷ്ടാക്കള്‍ക്കു ചെവികൊടുക്കുകയോചെയ്തില്ല.
14: സമൂഹത്തിനുമുമ്പില്‍ ഞാന്‍ തീര്‍ത്തുംനശിച്ചവനെപ്പോലെയായി.
15: നിന്റെ കിണറ്റില്‍നിന്ന്, നിന്റെ ഉറവയില്‍നിന്നുമാത്രമേ വെള്ളം കുടിക്കാവൂ.
16: നിന്റെ ഉറവകളെ, മറുനാട്ടിലും നീരൊഴുക്കുകളെ തെരുവുകളിലും ഒഴുക്കിക്കളയുകയോ?
17: അവ, നിന്റെയടുത്തുള്ള അന്യര്‍ക്കുവേണ്ടിയാവാതെ നിനക്കുവേണ്ടിമാത്രമായിരിക്കട്ടെ.
18: നിന്റെ ഉറവ, നിന്റെ യൗവനത്തിലെ ഭാര്യ, അനുഗൃഹീതയായിരിക്കട്ടെ; അവളിലാനന്ദംകൊള്ളുക.
19: അവള്‍ ചന്തമുള്ളൊരു മാന്‍പേട, സുന്ദരിയായ മാന്‍പേടതന്നെ; അവളുടെ സ്നേഹം നിന്നെ സദാ സന്തോഷംകൊണ്ടുനിറയ്ക്കട്ടെ. അവളുടെ പ്രേമം, നിന്നെയെപ്പോഴും ലഹരിപിടിപ്പിക്കട്ടെ.
20: മകനേ, നീ ദുശ്ചരിതയായ സ്ത്രീക്കു വഴിപ്പെടുകയും സ്വൈരിണിയുടെ വക്ഷസ്സിനെ ആശ്ലേഷിക്കുകയുംചെയ്യുന്നതെന്തിന്?
21: മനുഷ്യന്റെ ചെയ്തികളെല്ലാം കര്‍ത്താവു കാണുന്നു. അവിടുന്ന്, അവന്റെ പാതകളെ ശോധനചെയ്യുന്നു.
22: ദുഷ്‌കൃത്യങ്ങള്‍ ദുഷ്ടനെ കെണിയില്‍വീഴ്ത്തുന്നു; സ്വന്തം പാപത്തിന്റെ വലയില്‍ അവന്‍ കുരുങ്ങുന്നു.
23: ശിക്ഷണരാഹിത്യത്താല്‍ അവന്‍ മൃതിയടയുന്നു; വലിയഭോഷത്തംനിമിത്തം അവന്‍ നശിക്കുന്നു.

അദ്ധ്യായം 6

വിവിധോപദേശങ്ങള്‍

1: മകനേ, നീ അയല്‍ക്കാരനുവേണ്ടി ജാമ്യംനില്ക്കുകയോ അന്യനുവേണ്ടി വാക്കുകൊടുക്കുകയോചെയ്തിട്ടുണ്ടോ?
2: നീ നിന്റെ സംസാരത്താല്‍ കുരുക്കിലാവുകയോ വാക്കുകളാല്‍ കുടുങ്ങിപ്പോവുകയോചെയ്തിട്ടുണ്ടോ?
3: എങ്കില്‍, മകനേ, നീ അയല്‍ക്കാരന്റെ പിടിയില്‍പെട്ടിരിക്കുന്നതുകൊണ്ട്, രക്ഷപ്പെടാന്‍ ഇങ്ങനെ ചെയ്യുക: ഉടനെചെന്ന് അയല്‍ക്കാരനോടു നിര്‍ബ്ബന്ധമായി അപേക്ഷിക്കുക.
4: നിന്റെ മിഴികള്‍ക്ക് ഉറക്കമോ, കണ്‍പോളകള്‍ക്കു മയക്കമോ അനുവദിക്കരുത്.
5: വേട്ടക്കാരനില്‍നിന്നു മാനിനെപ്പോലെയും പക്ഷിയെപ്പോലെയും രക്ഷപെട്ടുകൊള്ളുക.
6: മടിയനായ മനുഷ്യാ, എറുമ്പിന്റെ പ്രവൃത്തികണ്ടു വിവേകിയാവുക.
7: മേലാളനോ കാര്യസ്ഥനോ രാജാവോ ഇല്ലാതെ
8: അതു വേനല്‍ക്കാലത്തു കലവറയൊരുക്കി, കൊയ്ത്തുകാലത്തു ഭക്ഷണം ശേഖരിച്ചുവയ്ക്കുന്നു.
9: മടിയാ, നീ എത്രനാള്‍ നിശ്ചേഷ്ടനായിരിക്കും? നീ എപ്പോഴാണ് ഉറക്കത്തില്‍നിന്നുണരുക?
10: കുറച്ചുകൂടെയുറങ്ങാം; തെല്ലുനേരംകൂടെ മയങ്ങാം; കൈയുംകെട്ടിയിരുന്ന്, അല്പംകൂടെ വിശ്രമിക്കാം.
11: ഫലമോ, ദാരിദ്ര്യം വഴിപോക്കനെപ്പോലെയും ദുര്‍ഭിക്ഷം കൊള്ളക്കാരനെപ്പോലെയും നിന്റെ മുമ്പിലെത്തും.
12: നിര്‍ഗ്ഗുണനായ ദുഷ്ടന്‍ കുടിലസംസാരവുമായി ചുറ്റിനടക്കുന്നു.
13: അവന്‍ കണ്ണുകൊണ്ട് അടയാളംകാട്ടുകയും കാലുകൊണ്ടു തോണ്ടുകയും വിരലുകൊണ്ടു ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു.
14: അവന്‍ തുടര്‍ച്ചയായി അനൈക്യംവിതച്ചുകൊണ്ട്, വഴിപിഴച്ച ഹൃദയത്തോടെ, തിന്മയ്ക്കു കളമൊരുക്കുന്നു.
15: തന്മൂലം പെട്ടെന്ന്, അവന്റെമേല്‍ അത്യാഹിതം നിപതിക്കും; നിമിഷത്തിനുള്ളില്‍ അവന്‍ പ്രതിവിധിയില്ലാത്തവിധം തകര്‍ന്നുപോകും.
16: കര്‍ത്താവു വെറുക്കുന്ന ആറു കാര്യങ്ങളുണ്ട്; ഏഴാമതൊന്നുകൂടെ അവിടുന്നു മ്ലേഛമായി കരുതുന്നു.
17: ഗര്‍വ്വുകലര്‍ന്ന കണ്ണ്, വ്യാജംപറയുന്ന നാവ്, നിഷ്‌കളങ്കമായ രക്തംചൊരിയുന്ന കൈ,
18: ദുഷ്‌കൃത്യങ്ങള്‍ നിനയ്ക്കുന്ന ഹൃദയം, തിന്മയിലേക്കു പായുന്ന പാദങ്ങള്‍,
19: അസത്യം പറഞ്ഞുകൂട്ടുന്ന കള്ളസാക്ഷി, സഹോദരര്‍ക്കിടയില്‍ ഭിന്നത വിതയ്ക്കുന്നവന്‍.


ദാമ്പത്യവിശ്വസ്തത

20: മകനേ, നിന്റെ പിതാവിന്റെ കല്പന കാത്തുകൊള്ളുക; മാതാവിന്റെയുപദേശം നിരസിക്കയുമരുത്.
21: അവയെ നിന്റെ ഹൃദയത്തില്‍ സദാ ഉറപ്പിച്ചുകൊള്ളുക; അവ, നിന്റെ കഴുത്തില്‍ ധരിക്കുക.
22: നടക്കുമ്പോള്‍ അവ നിന്നെ നയിക്കും; കിടക്കുമ്പോള്‍ നിന്നെ കാത്തുകൊള്ളും; ഉണരുമ്പോള്‍ നിന്നെയുപദേശിക്കും.
23: എന്തെന്നാല്‍, കല്പന ദീപവും ഉപദേശം പ്രകാശവുമാണ്; ശിക്ഷണത്തിന്റെ ശാസനകളാകട്ടെ, ജീവന്റെ മാര്‍ഗ്ഗവും.
24: അവ ദുഷിച്ച സ്ത്രീയില്‍നിന്ന്, സ്വൈരിണിയുടെ മൃദുലഭാഷണത്തില്‍നിന്ന്, നിന്നെ കാത്തുസൂക്ഷിക്കുന്നു.
25: അവളുടെ സൗന്ദര്യം നീ മോഹിക്കരുത്. കടാക്ഷവിക്ഷേപംകൊണ്ട് നിന്നെ പിടിയിലമര്‍ത്താന്‍ അവളെയനുവദിക്കയുമരുത്.
26: എന്തെന്നാല്‍, വേശ്യയ്ക്ക് ഒരപ്പക്കഷണംമതി കൂലി. വ്യഭിചാരിണിയാവട്ടെ ഒരുവന്റെ ജീവനെത്തന്നെ ഒളിവില്‍ വേട്ടയാടുന്നു.
27: ഉടുപ്പു കത്താതെ മാറിടത്തില്‍ തീ കൊണ്ടുനടക്കാന്‍ ആര്‍ക്കുകഴിയും?
28: അല്ലെങ്കില്‍ കാലുപൊള്ളാതെ, കനലിനുമീതേ നടക്കാന്‍ കഴിയുമോ?
29: അതുപോലെ, അയല്‍ക്കാരന്റെ ഭാര്യയെ പ്രാപിക്കുന്നവനും അവളെ സ്പര്‍ശിക്കുന്നവനും ശിക്ഷയേല്ക്കാതിരിക്കുകയില്ല.
30: വിശപ്പടക്കാന്‍ ഒരുവന്‍ മോഷ്ടിച്ചാല്‍ ആളുകള്‍ അവനെ വെറുക്കുകയില്ലായിരിക്കാം.
31: എങ്കിലും, പിടിക്കപ്പെട്ടാല്‍, അവന്‍ ഏഴുമടങ്ങ് പകരംകൊടുക്കേണ്ടിവരും; വീട്ടുമുതലെല്ലാം വിട്ടുകൊടുക്കേണ്ടിവരും.
32: വ്യഭിചാരംചെയ്യുന്നവനു സുബോധമില്ല; അവന്‍ തന്നെത്തന്നെ നശിപ്പിക്കുകയാണ്.
33: ക്ഷതങ്ങളും മാനഹാനിയുമാണ് അവനു ലഭിക്കുക. അവന്റെ അപമാനം തുടച്ചുമാറ്റപ്പെടുകയില്ല.
34: എന്തെന്നാല്‍, അസൂയ പുരുഷനെ കോപാകുലനാക്കുന്നു; പ്രതികാരംചെയ്യുമ്പോള്‍ അവന്‍ ദാക്ഷിണ്യം കാട്ടുകയില്ല.
35: അവന്‍ നഷ്ടപരിഹാരമൊന്നും സ്വീകരിക്കുകയില്ല. എത്രവലിയ പാരിതോഷികങ്ങളും അവനെ പ്രീണിപ്പിക്കുകയില്ല.

അദ്ധ്യായം 7

1: മകനേ, എന്റെ വാക്കുകളനുസരിക്കുകയും, എന്റെ കല്പനകൾ‍ നിധിപോലെ കാത്തുസൂക്ഷിക്കുകയുംചെയ്യുക.
2: എന്റെ കല്പനകള്‍പാലിച്ചാല്‍ നീ ജീവിക്കും; എന്റെ ഉപദേശങ്ങള്‍ കണ്മണിപോലെ കാത്തുകൊള്ളുക.
3: അവ, നിന്റെ വിരലുകളിലണിയുക; ഹൃദയഫലകത്തില്‍ കൊത്തിവയ്ക്കുക.
4: ദുശ്ചരിതയായ സ്ത്രീയില്‍നിന്ന്,
5: മൃദുലഭാഷണംനടത്തുന്ന സ്വൈരിണിയില്‍നിന്ന്, നിന്നെത്തന്നെ സംരക്ഷിക്കാന്‍, ജ്ഞാനത്തോടു നീയെന്റെ സഹോദരിയാണെന്നും ഉള്‍ക്കാഴ്ചയോടു നീയെന്റെ ഉറ്റസുഹൃത്താണെന്നും പറയുക.
6: ഞാന്‍ വീടിന്റെ ജനാലയ്ക്കല്‍നിന്നു വിരിയ്ക്കിടയിലൂടെ വെളിയിലേക്കു നോക്കി.
7: ശുദ്ധഗതിക്കാരായ യുവാക്കളുടെകൂട്ടത്തില്‍, ബുദ്ധിശൂന്യനായ ഒരുവനെ ഞാന്‍ കണ്ടു.
8: അവന്‍ വഴിക്കോണില്‍ അന്തിമിനുക്കത്തില്‍,
9: രാത്രിയുടെയും ഇരുളിന്റെയും മറവില്‍ അവളുടെ വീട്ടിലേക്കുള്ള വഴിയിലൂടെ നീങ്ങിക്കൊണ്ടിരുന്നു.
10: അപ്പോള്‍ കുടിലഹൃദയയായ അവള്‍ വേശ്യയെപ്പോലെ ഉടുത്തൊരുങ്ങി, അവനെതിരേ വന്നു.
11: അവള്‍ ഉച്ചത്തില്‍ സംസാരിക്കുന്നവളും തന്നിഷ്ടക്കാരിയുമാണ്; അവള്‍ വീട്ടിലുറച്ചിരിക്കാറില്ല.
12: തെരുവിലും ചന്തയിലും ഓരോമൂലയിലും മാറിമാറി അവള്‍ കാത്തിരിക്കുന്നു.
13: അവളവനെപ്പിടികൂടിച്ചുംബിക്കുന്നു; നിര്‍ലജ്ജമായ മുഖഭാവത്തോടെ അവളവനോടു പറയുന്നു:
14: എനിക്കു ബലികള്‍ സമര്‍പ്പിക്കാനുണ്ടായിരുന്നു; ഇന്നു ഞാന്‍ എന്റെ വ്രതങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നു.
15: തന്മൂലം, ഇപ്പോള്‍ ഞാന്‍, നിന്നെ കണ്ടുമുട്ടാനായി, ആകാംക്ഷാപൂര്‍വ്വം അന്വേഷിച്ചിറങ്ങിയിരിക്കുകയാണ്; ഞാന്‍ നിന്നെ കണ്ടെത്തുകയും ചെയ്തു.
16: ഞാന്‍ എന്റെ തല്പം വിരികള്‍കൊണ്ടും ഈജിപ്തിലെ വര്‍ണ്ണപ്പകിട്ടാര്‍ന്ന പട്ടുകൊണ്ടും അലങ്കരിച്ചിരിക്കുന്നു.
17: ഞാന്‍ മീറ, അകില്‍, കറുവാപ്പട്ട എന്നിവയാല്‍ എന്റെ കിടക്ക സുരഭിലമാക്കിയിരിക്കുന്നു.
18: പ്രഭാതമാകുന്നതുവരെ നമുക്കു കൊതിതീരെ സ്നേഹംനുകരാം; നമുക്കു സ്നേഹത്തിലാറാടാം.
19: എന്തെന്നാല്‍, എന്റെ ഭര്‍ത്താവു വീട്ടിലില്ല; അവന്‍ ദീര്‍ഘയാത്രപോയിരിക്കുന്നു.
20: സഞ്ചിനിറയെ പണവും കൊണ്ടുപോയിട്ടുണ്ട്. വെളുത്തവാവിനേ തിരിച്ചെത്തൂ.
21: ഒട്ടേറെ ചാടുവാക്കുകള്‍കൊണ്ട് അവളവനെ പ്രേരിപ്പിക്കുന്നു; മധുരമൊഴിയാല്‍ അവളവനെ നിര്‍ബ്ബന്ധിക്കുന്നു.
22: കശാപ്പുശാലയിലേക്കു കാളപോകുന്നതുപോലെ,
23: ഉടലിനുള്ളില്‍ അമ്പു തുളഞ്ഞുകയറത്തക്കവിധം കലമാന്‍ കുരുക്കില്‍പ്പെടുന്നതുപോലെ, പക്ഷി കെണിയിലേക്കു പറന്നുചെല്ലുന്നതുപോലെ, പെട്ടെന്ന്, അവനവളെ അനുഗമിക്കുന്നു; ജീവനാണു തനിക്കു നഷ്ടപ്പെടാന്‍പോകുന്നതെന്ന് അവനറിയുന്നതേയില്ല.
24: ആകയാല്‍, മക്കളേ, ഞാന്‍ പറയുന്നതു ശ്രദ്ധിച്ചുകേള്‍ക്കുവിന്‍.
25: നിങ്ങളുടെ ഹൃദയം അവളുടെ മാര്‍ഗ്ഗങ്ങളിലേക്കു തിരിയാതിരിക്കട്ടെ; നിങ്ങള്‍ അലഞ്ഞുതിരിഞ്ഞ് അവളുടെ വഴികളില്‍ ചെന്നുപെടാതിരിക്കട്ടെ.
26: എന്തെന്നാല്‍, അനേകംപേര്‍ അവള്‍ക്കിരയായി നിലംപതിച്ചിട്ടുണ്ട്; അതേ, അവള്‍മൂലം ജീവന്‍ നഷ്ടപ്പെട്ടവര്‍ അസംഖ്യമാണ്.
27: അവളുടെ ഭവനം പാതാളത്തിലേക്കുള്ള വഴിയാണ്; മരണത്തിന്റെ അറകളിലേക്ക് അതിറങ്ങിച്ചെല്ലുന്നു.

അദ്ധ്യായം 8



ജ്ഞാനം ദൈവദാനം

1: ജ്ഞാനം വിളിച്ചുപറയുന്നതും അറിവ് ഉച്ചത്തില്‍ ഘോഷിക്കുന്നതും കേള്‍ക്കുന്നില്ലേ?
2: വീഥികളിലും വഴിയരികിലുള്ള കുന്നുകളിലും, അവള്‍ നിലയുറപ്പിക്കുന്നു.
3: നഗരകവാടത്തില്‍ വാതിലിനരികേ നിന്നുകൊണ്ട് അവള്‍ വിളിച്ചുപറയുന്നു;
4: മനുഷ്യരേ, ഞാന്‍ നിങ്ങളോടാണു വിളിച്ചുപറയുന്നത്; നിങ്ങള്‍ എല്ലാവരെയുമാണ് ഞാന്‍ ആഹ്വാനംചെയ്യുന്നത്.
5: അല്പബുദ്ധികളേ, വകതിരിവു പഠിക്കുവിന്‍, ഭോഷരേ, ശ്രദ്ധിക്കുവിന്‍.
6: കേള്‍ക്കുവിന്‍, ഉത്തമമായ കാര്യങ്ങളാണ് ഞാൻ പറയാന്‍പോകുന്നത്; എന്റെ അധരങ്ങളില്‍നിന്ന് ഉചിതമായ വാക്കുകള്‍ പുറപ്പെടും.
7: ഞാന്‍ സത്യം വചിക്കും; തിന്മ എന്റെ അധരങ്ങള്‍ക്കരോചകമാണ്.
8: എന്റെ വാക്കുകള്‍ നീതിയുക്തമാണ്; വളച്ചൊടിച്ചതോ വക്രമോ ആയി ഒന്നുമതിലില്ല.
9: ഗ്രഹിക്കുന്നവന് അവ ഋജുവാണ്; അറിവു നേടുന്നവര്‍ക്കു ന്യായയുക്തവും.
10: എന്റെ പ്രബോധനം വെള്ളിയ്ക്കു പകരവും എന്റെ ജ്ഞാനം വിശിഷ്ടമായ സ്വര്‍ണ്ണത്തിനു പകരവുമാണ്. 
11: എന്തെന്നാല്‍, ജ്ഞാനം രത്നങ്ങളെക്കാള്‍ ശ്രേഷ്ഠമത്രേ; നിങ്ങള്‍ അഭിലഷിക്കുന്നതൊന്നും അതിനു തുല്യമല്ല.
12: ജ്ഞാനമാണു ഞാന്‍; എന്റെ വാസം വിവേകത്തിലും. അറിവും വിവേചനാശക്തിയും എനിക്കുണ്ട്.
13: ദൈവഭക്തി തിന്മയെ വെറുക്കലാണ്; അഹംഭാവം, ഗര്‍വ്വ്, ദുര്‍മ്മാര്‍ഗ്ഗം, ദുര്‍വ്വചനമെന്നിവ ഞാന്‍ വെറുക്കുന്നു.
14: മാര്‍ഗ്ഗനിര്‍ദ്ദേശവൈഭവവും കാര്യശേഷിയുമെനിക്കുണ്ട്; അറിവും ശക്തിയുമെന്റേതാണ്.
15: രാജാക്കന്മാര്‍ ഭരിക്കുന്നതും, അധികാരികള്‍ നീതിനടത്തുന്നതും ഞാന്‍ മുഖേനയാണ്.
16: ഞാന്‍ മുഖാന്തരം നാടുവാഴികള്‍ അധികാരംനടത്തുന്നു; പ്രഭുക്കന്മാര്‍ ഭൂമി ഭരിക്കുന്നതും അങ്ങനെതന്നെ.
17: എന്നെ സ്നേഹിക്കുന്നവരെ ഞാനും സ്നേഹിക്കുന്നു; ജാഗരൂകതയോടെ അന്വേഷിക്കുന്നവര്‍ എന്നെക്കണ്ടെത്തുന്നു.
18: സമ്പത്തും ബഹുമാനവും നിലനില്‍ക്കുന്ന ധനവും ഐശ്വര്യവും എന്റെയടുക്കലുണ്ട്.
19: എന്നില്‍നിന്നുള്ള ഫലം സ്വര്‍ണ്ണത്തെക്കാള്‍, തങ്കത്തെക്കാള്‍പോലും, ശ്രേഷ്ഠമത്രേ; എന്റെ ഉത്പന്നം വിശിഷ്ടമായ വെള്ളിയെക്കാളും.
20: ഞാന്‍ നീതിയുടെ മാര്‍ഗ്ഗത്തിലും ന്യായത്തിന്റെ പാതകളിലും ചരിക്കുന്നു.
21: ഞാന്‍, എന്നെ സ്നേഹിക്കുന്നവരെ സമ്പന്നരാക്കി, അവരുടെ ഭണ്ഡാരം നിറയ്ക്കുന്നു.
22: കര്‍ത്താവു തന്റെ സൃഷ്ടികര്‍മ്മത്തിന്റെ ആരംഭത്തില്‍, തന്റെ എല്ലാ ആദ്യസൃഷ്ടികളിലും ആദ്യത്തേതായി എന്നെ സൃഷ്ടിച്ചു.
23: യുഗങ്ങള്‍ക്കു മുമ്പ്, ഭൂമിയുടെ ആവിര്‍ഭാവത്തിനുമുമ്പ്, ഒന്നാമതായി ഞാന്‍ സ്ഥാപിക്കപ്പെട്ടു.
24: സമുദ്രങ്ങള്‍ക്കും ജലസമൃദ്ധമായ അരുവികള്‍ക്കും മുമ്പുതന്നെ, എനിക്കു ജന്മംകിട്ടി.
25: പര്‍വ്വതങ്ങള്‍ക്കും കുന്നുകള്‍ക്കും രൂപംകിട്ടുന്നതിനുമുമ്പ് ഞാനുണ്ടായി.
26: ഭൂമിയോ അതിലെ വയലുകളോ ആദ്യത്തെ പൂഴിത്തരിയോ നിര്‍മ്മിക്കുന്നതിനുംമുമ്പ് എനിക്കു ജന്മംനല്കപ്പെട്ടു.
27: അവിടുന്ന്, ആകാശങ്ങള്‍ സ്ഥാപിച്ചപ്പോഴും സമുദ്രത്തിനുമീതേ ചക്രവാളംനിര്‍മ്മിച്ചപ്പോഴും
28: ഉയരത്തില്‍ മേഘങ്ങളെയുറപ്പിച്ചപ്പോഴും സമുദ്രത്തിന് ഉറവകളെ സ്ഥാപിച്ചപ്പോഴും
29: ജലം തന്റെ കല്പന ലംഘിക്കാതിരിക്കാന്‍വേണ്ടി സമുദ്രത്തിനതിരിട്ടപ്പോഴും ഭൂമിയുടെ അടിത്തറയുറപ്പിച്ചപ്പോഴും
30: വിദഗ്ദ്ധനായ ഒരു പണിക്കാരനെപ്പോലെ ഞാനവിടുത്തെ അരികിലുണ്ടായിരുന്നു. അനുദിനമാഹ്ലാദിച്ചുകൊണ്ടും അവിടുത്തെമുമ്പില്‍ സദാസന്തോഷിച്ചുകൊണ്ടും ഞാന്‍ കഴിഞ്ഞു.
31: മനുഷ്യനധിവസിക്കുന്ന അവിടുത്തെ ലോകത്തില്‍ ഞാന്‍ സന്തോഷിക്കുകയും മനുഷ്യപുത്രരില്‍ ആനന്ദംകണ്ടെത്തുകയും ചെയ്തു.
32: ആകയാല്‍, മക്കളേ, എന്റെ വാക്കുകള്‍ ശ്രദ്ധിക്കുവിന്‍; എന്റെ മാര്‍ഗ്ഗങ്ങള്‍ പിന്തുടരുന്നവര്‍ ഭാഗ്യവാന്മാരാണ്.
33: പ്രബോധനംകേട്ടു വിവേകികളായിത്തീരുവിന്‍; അതിനെയവഗണിക്കരുത്.
34: എന്റെ പടിവാതില്‍ക്കല്‍ അനുദിനം കാത്തുനിന്ന്, എന്റെ വാതിലുകളില്‍ ദൃഷ്ടിയുറപ്പിച്ച്, എന്റെ വാക്കുകേള്‍ക്കുന്നവന്‍ ഭാഗ്യവാന്‍.
35: എന്തെന്നാല്‍, എന്നെക്കണ്ടെത്തുന്നവന്‍, ജീവന്‍ കണ്ടെത്തുന്നു; കര്‍ത്താവിന്റെ പ്രീതിനേടുകയുംചെയ്യുന്നു.
36: എന്നാല്‍, എന്നെ കൈവിടുന്നവന്‍ തന്നെത്തന്നെ ദ്രോഹിക്കുന്നു. എന്നെ വെറുക്കുന്നവന്‍ മരണത്തെയാണു സ്‌നേഹിക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ