നൂറ്റിയമ്പത്തിയൊമ്പതാം ദിവസം: സങ്കീര്‍ത്തനങ്ങള്‍ 1 - 9


അദ്ധ്യായം 1

രണ്ടു മാര്‍ഗ്ഗങ്ങള്‍
1: ദുഷ്ടരുടെയുപദേശം സ്വീകരിക്കുകയോ പാപികളുടെ വഴിയില്‍ വ്യാപരിക്കുകയോ പരിഹാസകരുടെ പീഠങ്ങളിലിരിക്കുകയോചെയ്യാത്തവന്‍ ഭാഗ്യവാന്‍.
2: അവന്റെയാനന്ദം കര്‍ത്താവിന്റെ നിയമത്തിലാണ്; രാവും പകലും അവന്‍ അതിനെക്കുറിച്ചു ധ്യാനിക്കുന്നു.
3: നീര്‍ച്ചാലിനരികേ നട്ടതും യഥാകാലം ഫലംതരുന്നതും ഇലകൊഴിയാത്തതുമായ വൃക്ഷംപോലെയാണവന്‍; അവന്റെ പ്രവൃത്തികള്‍ സഫലമാകുന്നു.
4: ദുഷ്ടര്‍ ഇങ്ങനെയല്ല, കാറ്റുപറത്തുന്ന പതിരുപോലെയാണവര്‍.
5: ദുഷ്ടര്‍ക്കു ന്യായവിധിയെ നേരിടാന്‍കഴിയുകയില്ല; പാപികള്‍ക്കു നീതിമാന്മാരുടെയിടയില്‍ ഉറച്ചുനില്‍ക്കാനും കഴിയുകയില്ല.
6: കര്‍ത്താവു നീതിമാന്മാരുടെ മാര്‍ഗ്ഗമറിയുന്നു; ദുഷ്ടരുടെ മാര്‍ഗ്ഗം നാശത്തിലവസാനിക്കും

അദ്ധ്യായം 2

കര്‍ത്താവിന്റെ അഭിഷിക്തന്‍

1: ജനതകള്‍ ഇളകിമറിയുന്നതെന്തിന്? ജനങ്ങള്‍ എന്തിനു വ്യര്‍ത്ഥമായി ഗൂഢാലോചനനടത്തുന്നു?
2: കര്‍ത്താവിനും അവിടുത്തെ അഭിഷിക്തനുമെതിരേ ഭൂമിയിലെ രാജാക്കന്മാര്‍ അണിനിരക്കുന്നു; ഭരണാധിപന്മാര്‍ കൂടിയാലോചിക്കുന്നു.
3: അവര്‍ വച്ച വിലങ്ങുകള്‍ തകര്‍ക്കാം; അവരുടെ ചങ്ങലപൊട്ടിച്ചു മോചനംനേടാം.
4: സ്വര്‍ഗ്ഗത്തിലിരിക്കുന്നവന്‍ അതുകേട്ടു ചിരിക്കുന്നു; കര്‍ത്താവവരെ പരിഹസിക്കുന്നു.
5: അവിടുന്നവരോടു കോപത്തോടെ സംസാരിക്കും; ക്രോധത്തോടെ അവരെ സംഭീതരാക്കും.
6: എന്റെ വിശുദ്ധപര്‍വ്വതമായ സീയോനില്‍ ഞാനാണെന്റെ രാജാവിനെ വാഴിച്ചതെന്ന് അവിടുന്നരുളിച്ചെയ്യും.
7: കര്‍ത്താവിന്റെ കല്പന ഞാന്‍ വിളംബരം ചെയ്യും; അവിടുന്ന് എന്നോടരുളിച്ചെയ്തു: നീ എന്റെ പുത്രനാണ്; ഇന്നു ഞാന്‍ നിനക്കു ജന്മംനല്കി.
8: എന്നോടു ചോദിച്ചുകൊള്ളുക, ഞാന്‍ നിനക്കു ജനതകളെ അവകാശമായിത്തരും; ഭൂമിയുടെ അതിരുകള്‍ നിനക്കധീനമാകും.
9: ഇരുമ്പുദണ്ഡുകൊണ്ടു നീ അവരെ തകര്‍ക്കും, മണ്‍പാത്രത്തെയെന്നപോലെ നീ അവരെ അടിച്ചുടയ്ക്കും.
10: രാജാക്കന്മാരേ, വിവേകമുള്ളവരായിരിക്കുവിന്‍, ഭൂമിയുടെ അധിപന്മാരേ, സൂക്ഷിച്ചുകൊള്ളുവിന്‍.
11: ഭയത്തോടെ കര്‍ത്താവിനു ശുശ്രൂഷചെയ്യുവിന്‍;
12: വിറയലോടെ അവിടുത്തെ പാദം ചുംബിക്കുവിന്‍; അല്ലെങ്കില്‍, അവിടുന്നു കോപിക്കുകയും നിങ്ങള്‍ വഴിയില്‍വച്ചു നശിക്കുകയും ചെയ്യും. അവിടുത്തെ കോപം ക്ഷണത്തില്‍ ജ്വലിക്കുന്നു. കര്‍ത്താവില്‍ ശരണംവയ്ക്കുന്നവര്‍ ഭാഗ്യവാന്മാര്‍ 

അദ്ധ്യായം 3

അപകടത്തിലാശ്രയം

ദാവീദ് തൻ്റെ പുത്രനായ അബ്സലോമിൽനിന്നു പലായനംചെയ്തപ്പോൾ പാടിയ സങ്കീർത്തനം 

1: കര്‍ത്താവേ, എന്റെ ശത്രുക്കള്‍ അസംഖ്യമാണ്; അനേകര്‍ എന്നെയെതിര്‍ക്കുന്നു.
2: ദൈവമവനെ സഹായിക്കുകയില്ലെന്ന്, പലരുമെന്നെക്കുറിച്ചു പറയുന്നു.
3: കര്‍ത്താവേ, അങ്ങാണെന്റെ രക്ഷാകവചവും എന്റെ മഹത്വവും; എന്നെ ശിരസ്സുയര്‍ത്തിനിറുത്തുന്നതും അവിടുന്നുതന്നെ.
4: ഉച്ചത്തില്‍ ഞാന്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിക്കുന്നു; തന്റെ വിശുദ്ധപര്‍വ്വതത്തില്‍നിന്ന് അവിടുന്നെനിക്ക് ഉത്തരമരുളുന്നു.
5: ഞാന്‍ ശാന്തമായിക്കിടന്നുറങ്ങുന്നു, ഉണര്‍ന്നെഴുന്നേല്‍ക്കുന്നു; എന്തെന്നാല്‍, ഞാന്‍ കര്‍ത്താവിന്റെ കരങ്ങളിലാണ്.
6: എനിക്കെതിരേ പാളയമടിച്ചിരിക്കുന്ന പതിനായിരങ്ങളെ ഞാന്‍ ഭയപ്പെടുകയില്ല.
7: കര്‍ത്താവേ, എഴുന്നേല്‍ക്കണമേ! എന്റെ ദൈവമേ, എന്നെ രക്ഷിക്കണമേ! അങ്ങ് എന്റെ ശത്രുക്കളുടെ ചെകിട്ടത്തടിച്ചു; ദുഷ്ടരുടെ പല്ലുകളെ അങ്ങു തകര്‍ത്തു.
8: വിമോചനം കര്‍ത്താവില്‍നിന്നാണ്; അവിടുത്തെ അനുഗ്രഹം അങ്ങയുടെ ജനത്തിന്മേല്‍ ഉണ്ടാകുമാറാകട്ടെ!

അദ്ധ്യായം 4

ദൈവത്തില്‍ ആനന്ദവും സുരക്ഷിതത്വവും

ഗായകസംഘനേതാവിന്, തന്ത്രീനാദത്തോടെ ദാവീദിന്റെ സങ്കീർത്തനം.

1: എനിക്കു നീതിനടത്തിത്തരുന്ന ദൈവമേ, ഞാന്‍ വിളിച്ചപേക്ഷിക്കുമ്പോള്‍ എനിക്കുത്തരമരുളണമേ! ഞെരുക്കത്തില്‍ എനിക്കങ്ങ് അഭയമരുളി, കാരുണ്യപൂര്‍വ്വം എന്റെ പ്രാര്‍ത്ഥന കേള്‍ക്കണമേ!
2: മാനവരേ, എത്രനാള്‍ നിങ്ങളെന്റെ അഭിമാനത്തിനു ക്ഷതമേല്പിക്കും? എത്രനാള്‍ നിങ്ങള്‍ പൊള്ളവാക്കുകളില്‍രസിച്ചു വ്യാജമന്വേഷിക്കും?
3: കര്‍ത്താവു നീതിമാന്മാരെ തനിക്കായി തിരഞ്ഞെടുത്തിരിക്കുന്നുവെന്ന് അറിഞ്ഞുകൊള്ളുവിന്‍; ഞാന്‍ വിളിച്ചപേക്ഷിക്കുമ്പോള്‍ അവിടുന്നു കേള്‍ക്കുന്നു.
4: കോപിച്ചുകൊള്ളുക, എന്നാല്‍ പാപം ചെയ്യരുത്; നിങ്ങള്‍ കിടക്കയില്‍വച്ചു ധ്യാനിച്ചു മൗനമായിരിക്കുക.
5: ഉചിതമായ ബലികളര്‍പ്പിക്കുകയും കര്‍ത്താവിലാശ്രയിക്കുകയുംചെയ്യുവിന്‍.
6: ആരു നമുക്കു നന്മചെയ്യും? കര്‍ത്താവേ, അങ്ങയുടെ മുഖകാന്തി ഞങ്ങളുടെമേല്‍ പ്രകാശിപ്പിക്കണമേയെന്നു പലരും പറയാറുണ്ട്.
7: ധാന്യത്തിന്റെയും വീഞ്ഞിന്റെയും സമൃദ്ധിയില്‍ അവര്‍ക്കുണ്ടായതിലേറെയാനന്ദം എന്റെ ഹൃദയത്തില്‍ അങ്ങു നിക്ഷേപിച്ചിരിക്കുന്നു.
8: ഞാന്‍ പ്രശാന്തമായി കിടന്നുറങ്ങും; എന്തെന്നാല്‍, കര്‍ത്താവേ, അങ്ങുതന്നെയാണ് എനിക്കു സുരക്ഷിതത്വംനല്കുന്നത്.

അദ്ധ്യായം 5

പ്രഭാത പ്രാര്‍ത്ഥന
ഗായകസംഘനേതാവിന്, വേണൂനാദത്തോടെ ദാവീദിന്റെ സങ്കീർത്തനം.
1: കര്‍ത്താവേ, എന്റെ പ്രാര്‍ത്ഥന ചെവിക്കൊള്ളണമേ! എന്റെ നെടുവീര്‍പ്പുകള്‍ ശ്രദ്ധിക്കണമേ!
2: എന്റെ രാജാവേ, എന്റെ ദൈവമേ, എന്റെ നിലവിളിയുടെ സ്വരം ശ്രവിക്കണമേ! അങ്ങയോടാണല്ലോ ഞാന്‍ പ്രാര്‍ത്ഥിക്കുന്നത്.
3: കര്‍ത്താവേ, പ്രഭാതത്തില്‍ അങ്ങെന്റെ പ്രാര്‍ത്ഥനകേള്‍ക്കുന്നു; പ്രഭാതബലിയൊരുക്കി, ഞാനങ്ങേയ്ക്കായി കാത്തിരിക്കുന്നു.
4: അങ്ങു ദുഷ്ടതയില്‍പ്രസാദിക്കുന്ന ദൈവമല്ല; തിന്മ, അങ്ങയോടൊത്തു വസിക്കുകയില്ല.
5: അഹങ്കാരികള്‍ അങ്ങയുടെ കണ്മുമ്പില്‍ നില്ക്കുകയില്ല; അധര്‍മ്മികളെ അങ്ങു വെറുക്കുന്നു.
6: വ്യാജംപറയുന്നവരെ അങ്ങു നശിപ്പിക്കുന്നു; രക്തദാഹികളെയും വഞ്ചകരെയും കര്‍ത്താവു വെറുക്കുന്നു.
7: എന്നാല്‍, അവിടുത്തെ കാരുണ്യാതിരേകത്താല്‍, ഞാനങ്ങയുടെ ആലയത്തില്‍ പ്രവേശിക്കും. ഭക്തിപൂര്‍വ്വം ഞാന്‍ അങ്ങയുടെ വിശുദ്ധമന്ദിരത്തിനുനേരേ പ്രണമിക്കും;
8: കര്‍ത്താവേ, എന്റെ ശത്രുക്കള്‍നിമിത്തം, എന്നെ അങ്ങയുടെ നീതിമാര്‍ഗ്ഗത്തിലൂടെ നയിക്കണമേ! എന്റെമുമ്പില്‍ അങ്ങയുടെ പാത സുഗമമാക്കണമേ!
9: അവരുടെ അധരങ്ങളില്‍ സത്യമില്ല; അവരുടെ ഹൃദയം നാശകൂപമാണ്. അവരുടെ തൊണ്ട, തുറന്നശവക്കുഴിയാണ്; അവരുടെ നാവില്‍ മുഖസ്തുതി മുറ്റിനില്ക്കുന്നു.
10: ദൈവമേ, അവര്‍ക്കു കുറ്റത്തിനൊത്ത ശിക്ഷനല്കണമേ! തങ്ങളുടെ കൗശലങ്ങളില്‍ത്തന്നെ അവര്‍ പതിക്കട്ടെ! അവരുടെ അതിക്രമങ്ങളുടെ ആധിക്യത്താല്‍ അവരെ തള്ളിക്കളയണമേ! അവര്‍ അങ്ങയെ ധിക്കരിച്ചിരിക്കുന്നു.
11: അങ്ങയില്‍ ശരണംപ്രാപിക്കുന്നവര്‍ സന്തോഷിക്കട്ടെ! അവരെന്നും ആനന്ദഭരിതരായി സംഗീതമാലപിക്കട്ടെ! അങ്ങയുടെ നാമത്തെ സ്‌നേഹിക്കുന്നവരെ സംരക്ഷിക്കണമേ! അവര്‍ അങ്ങയിലാനന്ദിക്കട്ടെ!
12: കര്‍ത്താവേ, നീതിമാന്മാരെ അവിടുന്നനുഗ്രഹിക്കുന്നു; പരിചകൊണ്ടെന്നപോലെ, കാരുണ്യംകൊണ്ട് അവിടുന്നവരെ മറയ്ക്കുന്നു.

അദ്ധ്യായം 6

ദുഃഖിതന്റെ വിലാപം
ഗായകസംഘനേതാവിന്, തന്ത്രീനാദത്തോടെ  - അഷ്ടമിരാഗത്തിൽ ദാവീദിന്റെ സങ്കീർത്തനം.
1: കര്‍ത്താവേ, കോപത്തോടെ എന്നെ ശകാരിക്കരുതേ! ക്രോധത്തോടെ എന്നെ ശിക്ഷിക്കരുതേ!
2: കര്‍ത്താവേ, ഞാന്‍ തളര്‍ന്നിരിക്കുന്നു, എന്നോടു കരുണതോന്നണമേ! കര്‍ത്താവേ, എന്റെ അസ്ഥികളിളകിയിരിക്കുന്നു, എന്നെ സുഖപ്പെടുത്തണമേ!
3: എന്റെയാത്മാവ് അത്യന്തം അസ്വസ്ഥമായിരിക്കുന്നു; കര്‍ത്താവേ, ഇനിയുമെത്രനാള്‍!
4: കര്‍ത്താവേ, എന്റെ ജീവന്‍രക്ഷിക്കാന്‍ വരണമേ! അങ്ങയുടെ കാരുണ്യത്താല്‍, എന്നെ മോചിപ്പിക്കണമേ!
5: മൃതരുടെ ലോകത്ത് ആരുമങ്ങയെ അനുസ്മരിക്കുന്നില്ല; പാതാളത്തില്‍ ആരങ്ങയെ സ്തുതിക്കും?
6: കരഞ്ഞുകരഞ്ഞു ഞാന്‍ തളര്‍ന്നു, രാത്രിതോറും ഞാന്‍ കണ്ണീരൊഴുക്കി, എന്റെ തലയിണ കുതിര്‍ന്നു, കണ്ണീരുകൊണ്ട്, എന്റെ കിടക്ക നനഞ്ഞു.
7: ദുഃഖംകൊണ്ട്, എന്റെ കണ്ണുമങ്ങുന്നു; ശത്രുക്കള്‍നിമിത്തം അതു ക്ഷയിക്കുന്നു.
8: അധര്‍മ്മികളേ, എന്നില്‍നിന്ന് അകന്നുപോകുവിന്‍ ; കര്‍ത്താവ്, എന്റെ വിലാപംകേട്ടിരിക്കുന്നു.
9: കര്‍ത്താവ്, എന്റെ യാചന ശ്രവിക്കുന്നു; അവിടുന്നെന്റെ പ്രാര്‍ത്ഥന കൈക്കൊള്ളുന്നു.
10: എന്റെ സകലശത്രുക്കളും ലജ്ജിച്ചു പരിഭ്രാന്തരാകും; അവര്‍ ക്ഷണത്തില്‍ അവമാനിതരായി പിന്‍വാങ്ങും. 

അദ്ധ്യായം 7

നീതിക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന
ബഞ്ചമിൻഗോത്രജനായ കുഷ്‌നിമിത്തം, ദാവീദ് കർത്താവിനെ വിളിച്ചുപാടിയ വിലാപഗീതം. 
1: എന്റെ ദൈവമായ കര്‍ത്താവേ, അങ്ങില്‍ ഞാനഭയംതേടുന്നു; എന്നെ വേട്ടയാടുന്ന എല്ലാവരിലുംനിന്ന് എന്നെ രക്ഷിക്കണമേ, മോചിപ്പിക്കണമേ!
2: അല്ലെങ്കില്‍, സിംഹത്തെപ്പോലെ അവരെന്നെ ചീന്തിക്കീറും; ആരും രക്ഷിക്കാനില്ലാതെ എന്നെ വലിച്ചിഴയ്ക്കും.
3: എന്റെ ദൈവമായ കര്‍ത്താവേ, ഞാനതു ചെയ്തിട്ടുണ്ടെങ്കില്‍, ഞാന്‍ തിന്മ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍,
4: ഞാന്‍ എന്റെ സുഹൃത്തിനു തിന്മ പ്രതിഫലംകൊടുത്തിട്ടുണ്ടെങ്കില്‍, അകാരണമായി ശത്രുവിനെ കൊള്ളയടിച്ചിട്ടുണ്ടെങ്കില്‍,
5: ശത്രു എന്നെ പിന്തുടര്‍ന്നു കീഴടക്കിക്കൊള്ളട്ടെ; എന്റെ ജീവനെ നിലത്തിട്ടു ചവിട്ടിമെതിക്കട്ടെ; പ്രാണനെ പൂഴിയിലാഴ്ത്തിക്കൊള്ളട്ടെ.
6: കര്‍ത്താവേ, കോപത്തോടെയെഴുന്നേല്ക്കണമേ! എന്റെ ശത്രുക്കളുടെ ക്രോധത്തെ നേരിടാന്‍ എഴുന്നേല്ക്കണമേ! ദൈവമേ, ഉണരണമേ! അവിടുന്ന് ഒരു ന്യായവിധി നിശ്ചയിച്ചിട്ടുണ്ടല്ലോ.
7: ജനതകള്‍ അങ്ങയുടെചുറ്റും സമ്മേളിക്കട്ടെ! അവര്‍ക്കുമുകളില്‍ ഉയര്‍ന്ന സിംഹാസനത്തില്‍ അവിടുന്നുപവിഷ്ടനാകണമേ!
8: കര്‍ത്താവു ജനതകളെ വിധിക്കുന്നു; കര്‍ത്താവേ, എന്റെ നീതിനിഷ്ഠയ്ക്കും സത്യസന്ധതയ്ക്കുമൊത്തവിധം എന്നെ വിധിക്കണമേ!
9: നീതിമാനായ ദൈവമേ, മനസ്സുകളെയും ഹൃദയങ്ങളെയും പരിശോധിക്കുന്നവനേ, ദുഷ്ടരുടെ തിന്മയ്ക്ക് അറുതിവരുത്തുകയും നീതിമാന്മാര്‍ക്കു പ്രതിഷ്ഠനല്കുകയുംചെയ്യണമേ!
10: ഹൃദയനിഷ്‌കളങ്കതയുള്ളവരെ രക്ഷിക്കുന്ന ദൈവമാണ്, എന്റെ പരിച.
11: ദൈവം നീതിമാനായ ന്യായാധിപനാണ്; അവിടുന്നു ദിനംപ്രതി രോഷംകൊള്ളുന്ന ദൈവമാണ്.
12: മനുഷ്യന്‍, മനസ്സുതിരിയുന്നില്ലെങ്കില്‍ അവിടുന്നു വാളിനു മൂര്‍ച്ചകൂട്ടും; അവിടുന്നു വില്ലുകുലച്ച്, ഒരുങ്ങിയിരിക്കുന്നു.
13: അവിടുന്നു തന്റെ ശരങ്ങളെ തീയമ്പുകളാക്കി, മാരകായുധങ്ങള്‍ സജ്ജമാക്കിയിരിക്കുന്നു.
14: ഇതാ, ദുഷ്ടന്‍ തിന്മയെ ഗര്‍ഭംധരിക്കുന്നു; അധര്‍മ്മത്തെ ഉദരത്തില്‍ വഹിക്കുന്നു; വഞ്ചനയെ പ്രസവിക്കുന്നു.
15: അവന്‍ കുഴികുഴിക്കുന്നു; താന്‍ കുഴിച്ച കുഴിയില്‍ താന്‍തന്നെ വീഴുന്നു.
16: അവന്റെ ദുഷ്ടത, അവന്റെ തലയില്‍ത്തന്നെ പതിക്കുന്നു; അവന്റെയക്രമം അവന്റെ നെറുകയില്‍ത്തന്നെ തറയുന്നു.
17: കര്‍ത്താവിന്റെ നീതിക്കൊത്തു ഞാന്‍ അവിടുത്തേക്കു നന്ദിപറയും; അത്യുന്നതനായ കര്‍ത്താവിന്റെ നാമത്തിനു ഞാന്‍ സ്തോത്രമാലപിക്കും

അദ്ധ്യായം 8

മനുഷ്യന്‍ സൃഷ്ടിയുടെ മകുടം
ഗായകസംഘനേതാവിന്, ഗിത്യരാഗത്തിൽ ദാവീദിന്റെ സങ്കീർത്തനം.
1: കര്‍ത്താവേ, ഞങ്ങളുടെ കര്‍ത്താവേ, ഭൂമിയിലെങ്ങും അവിടുത്തെ നാമം എത്രമഹനീയം! അങ്ങയുടെ മഹത്വം ആകാശങ്ങള്‍ക്കുമീതേ പ്രകീര്‍ത്തിക്കപ്പെടുന്നു.
2: ശത്രുക്കളെയും രക്തദാഹികളെയും നിശ്ശബ്ദരാക്കാന്‍ അവിടുന്നു ശിശുക്കളുടെയും മുലകുടിക്കുന്ന കുഞ്ഞുങ്ങളുടെയും അധരങ്ങള്‍കൊണ്ടു സുശക്തമായ കോട്ടകെട്ടി.
3: അങ്ങയുടെ വിരലുകള്‍വാര്‍ത്തെടുത്ത വാനിടത്തെയും അവിടുന്നു സ്ഥാപിച്ച ചന്ദ്രതാരങ്ങളെയും ഞാന്‍ കാണുന്നു.
4: അവിടുത്തെ ചിന്തയില്‍ വരാന്‍മാത്രം മര്‍ത്ത്യനെന്തു മേന്മയുണ്ട്? അവിടുത്തെ പരിഗണനലഭിക്കാന്‍ മനുഷ്യപുത്രന് എന്തര്‍ഹതയാണുള്ളത്?
5: എന്നിട്ടും അവിടുന്നവനെ ദൈവദൂതന്മാരെക്കാള്‍ അല്പംമാത്രം താഴ്ത്തി; മഹത്വവും ബഹുമാനവുംകൊണ്ട്, അവനെ മകുടമണിയിച്ചു.
6: അങ്ങു സ്വന്തം കരവേലകള്‍ക്കുമേല്‍ അവനാധിപത്യം നല്കി; എല്ലാറ്റിനെയും അവന്റെ പാദത്തിന്‍കീഴിലാക്കി.
7: ആടുകളെയും കാളകളെയും വന്യമൃഗങ്ങളെയും
8: ആകാശത്തിലെ പറവകളെയും സമുദ്രത്തിലെ മത്സ്യങ്ങളെയും കടലില്‍ സഞ്ചരിക്കുന്ന സകലതിനെയുംതന്നെ.
9: കര്‍ത്താവേ, ഞങ്ങളുടെ കര്‍ത്താവേ, ഭൂമിയിലെങ്ങും അങ്ങയുടെ നാമം എത്രമഹനീയം!

അദ്ധ്യായം 9

മര്‍ദ്ദിതന്റെ പ്രത്യാശ
ഗായകസംഘനേതാവിന്, മുത്ത്‌ലാബാൻരാഗത്തിൽ ദാവീദിന്റെ സങ്കീർത്തനം.
1: പൂര്‍ണ്ണഹൃദയത്തോടെ ഞാന്‍ കര്‍ത്താവിനു നന്ദിപറയും; അവിടുത്തെ അദ്ഭുതപ്രവൃത്തികള്‍ ഞാന്‍ വിവരിക്കും.
2: ഞാനങ്ങയില്‍ ആഹ്ലാദിച്ചുല്ലസിക്കും; അത്യുന്നതനായവനേ, അങ്ങയുടെ നാമത്തിനു ഞാന്‍ സ്തോത്രമാലപിക്കും.
3: എന്തെന്നാല്‍, എന്റെ എതിരാളികള്‍ പിന്തിരിഞ്ഞോടിയപ്പോള്‍ കാലിടറിവീഴുകയും അങ്ങയുടെമുമ്പില്‍ നാശമടയുകയുംചെയ്തു.
4: അങ്ങെനിക്കു നീതിനടത്തിത്തന്നിരിക്കുന്നു; അങ്ങു ന്യായാസനത്തിലിരുന്നു നീതിപൂര്‍വ്വകമായ വിധിപ്രസ്താവിച്ചു.
5: അവിടുന്നു ജനതകളെ ശകാരിച്ചു; അവിടുന്നു ദുഷ്ടരെ നശിപ്പിച്ചു; അവരുടെ നാമം എന്നേയ്ക്കുമായി മായിച്ചുകളഞ്ഞു.
6: ശത്രു, നാശക്കൂമ്പാരത്തില്‍ അപ്രത്യക്ഷമായിരിക്കുന്നു; അവരുടെ നഗരങ്ങളെ അങ്ങ് ഉന്മൂലനംചെയ്തു; അവരുടെ സ്മരണപോലും മാഞ്ഞുപോയിരിക്കുന്നു.
7: എന്നാല്‍, കര്‍ത്താവ് എന്നേയ്ക്കുമായി സിംഹാസനസ്ഥനായിരിക്കുന്നു; ന്യായവിധിയ്ക്കാണ്, അവിടുന്നു സിംഹാസനം സ്ഥാപിച്ചിരിക്കുന്നത്.
8: അവിടുന്നു ലോകത്തെ നീതിയോടെ വിധിക്കുന്നു; അവിടുന്നു ജനതകളെ നിഷ്പക്ഷമായി വിധിക്കുന്നു.
9: കര്‍ത്താവു മര്‍ദ്ദിതരുടെ ശക്തിദുര്‍ഗ്ഗമാണ്; കഷ്ടകാലത്ത് അവരുടെ അഭയസ്ഥാനവും.
10: അങ്ങയുടെ നാമമറിയുന്നവര്‍ അങ്ങില്‍ വിശ്വാസമര്‍പ്പിക്കുന്നു; കര്‍ത്താവേ, അങ്ങയെ അന്വേഷിച്ചവരെ അങ്ങുപേക്ഷിച്ചിട്ടില്ല.
11: സീയോനില്‍ വസിക്കുന്ന കര്‍ത്താവിനു സ്‌തോത്രമാലപിക്കുവിന്‍; അവിടുത്തെ പ്രവൃത്തികളെ ജനതകളുടെയിടയില്‍ പ്രഘോഷിക്കുവിന്‍;
12: എന്തെന്നാല്‍, രക്തത്തിനു പ്രതികാരംചെയ്യുന്ന അവിടുന്ന് അവരെയോര്‍മ്മിക്കും. പീഡിതരുടെ നിലവിളി അവിടുന്നു മറക്കുന്നില്ല.
13: കര്‍ത്താവേ! എന്നോടു കരുണകാണിക്കണമേ! മരണകവാടത്തില്‍നിന്ന് എന്നെ ഉദ്ധരിക്കുന്നവനേ, വൈരികള്‍മൂലം ഞാന്‍ സഹിക്കുന്ന പീഡകള്‍ കാണണമേ!
14: അങ്ങനെ ഞാനവിടുത്തെ സ്തുതികളാലപിക്കട്ടെ! അങ്ങു നല്കിയ വിമോചനമോര്‍ത്തു സീയോൻപുത്രിയുടെ കവാടങ്ങളില്‍ ഞാന്‍ സന്തോഷിക്കട്ടെ!.
15: തങ്ങള്‍ കുഴിച്ച കുഴിയില്‍ത്തന്നെ ജനതകള്‍ വീണടിഞ്ഞു; തങ്ങളൊരുക്കിയ കെണിയില്‍ അവരുടെതന്നെ പാദങ്ങള്‍ കുരുങ്ങി.
16: കര്‍ത്താവു തന്നെത്തന്നെ വെളിപ്പെടുത്തി, അവിടുന്നു ന്യായവിധിനടത്തി, ദുഷ്ടര്‍ സ്വന്തം കരവേലകളില്‍ക്കുടുങ്ങി.
17: ദുഷ്ടര്‍ പാതാളത്തില്‍പ്പതിക്കട്ടെ! ദൈവത്തെ മറക്കുന്ന സകലജനതകളുംതന്നെ.
18: ദരിദ്രർ, എന്നേയ്ക്കും വിസ്മരിക്കപ്പെടുകയില്ല; പാവങ്ങളുടെ പ്രത്യാശ എന്നേയ്ക്കുമായി അസ്തമിക്കുകയില്ല.
19: കര്‍ത്താവേ, എഴുന്നേല്ക്കണമേ! മനുഷ്യന്‍ അഹങ്കരിക്കാതിരിക്കട്ടെ! ജനതകള്‍ അങ്ങയുടെ സന്നിധിയില്‍ വിധിക്കപ്പെടട്ടെ!
20: കര്‍ത്താവേ, അവരെ ഭയാധീനരാക്കണമേ! തങ്ങള്‍ വെറും മര്‍ത്ത്യരാണെന്നു ജനതകള്‍ മനസ്സിലാക്കട്ടെ!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ