നൂറ്റിയറുപത്തൊന്നാം ദിവസം: സങ്കീര്‍ത്തനങ്ങള്‍ 19 - 26



അദ്ധ്യായം 19

പ്രപഞ്ചവും നിയമവും ദൈവമഹത്വമുദ്‌ഘോഷിക്കുന്നു.
ഗായകസംഘനേതാവിന്, ദാവീദിന്റെ സങ്കീർത്തനം ‌ 

1: ആകാശം ദൈവത്തിന്റെ മഹത്വം പ്രഘോഷിക്കുന്നു; വാനവിതാനം അവിടുത്തെ കരവേലയെ വിളംബരംചെയ്യുന്നു.
2: പകല്‍ പകലിനോട് അവിരാമം സംസാരിക്കുന്നു; രാത്രി, രാത്രിക്കു വിജ്ഞാനംപകരുന്നു.
3: ഭാഷണമില്ല, വാക്കുകളില്ല, ശബ്ദംപോലും കേള്‍ക്കാനില്ല.
4: എന്നിട്ടും അവയുടെ സ്വരം ഭൂമിയിലെങ്ങും വ്യാപിക്കുന്നു; അവയുടെ വാക്കുകള്‍ ലോകത്തിന്റെ അതിര്‍ത്തിയോളമെത്തുന്നു; അവിടെ സൂര്യനൊരു കൂടാരം അവിടുന്നു നിര്‍മ്മിച്ചിരിക്കുന്നു.
5: മണവറയില്‍നിന്നു മണവാളനെന്നപോലെ സൂര്യന്‍ അതില്‍നിന്നു പുറത്തുവരുന്നു; മല്ലനെപ്പോലെ പ്രസന്നതയോടെ അവന്‍ ഓട്ടമാരംഭിക്കുന്നു.
6: ആകാശത്തിന്റെ ഒരറ്റത്ത്, അവനുദിക്കുന്നു; മറ്റേയറ്റത്ത് അവന്റെ അയനം പൂര്‍ത്തിയാകുന്നു; അവന്റെ ചൂടില്‍നിന്നൊളിക്കാന്‍ ഒന്നിനുംകഴിയുകയില്ല.
7: കര്‍ത്താവിന്റെ നിയമം അവികലമാണ്; അതാത്മാവിനു പുതുജീവന്‍ പകരുന്നു.
8: കര്‍ത്താവിന്റെ സാക്ഷ്യം വിശ്വാസ്യമാണ്; അതു വിനീതരെ വിജ്ഞാനികളാക്കുന്നു: കര്‍ത്താവിന്റെ കല്പനകള്‍ നീതിയുക്തമാണ്; അവ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു; കര്‍ത്താവിന്റെ പ്രമാണം വിശുദ്ധമാണ്; അതു കണ്ണുകളെ പ്രകാശിപ്പിക്കുന്നു.
9: ദൈവഭക്തി നിര്‍മ്മലമാണ്; അതെന്നേയ്ക്കും നിലനില്ക്കുന്നു; കര്‍ത്താവിന്റെ വിധികള്‍ സത്യമാണ്; അവ തികച്ചും നീതിപൂര്‍ണ്ണമാണ്.
10: അവ പൊന്നിനെയും തങ്കത്തെയുംകാള്‍ അഭികാമ്യമാണ്; അവ തേനിനെയും തേന്‍കട്ടയെയുംകാള്‍ മധുരമാണ്.
11: അവതന്നെയാണ് ഈ ദാസനെ പ്രബോധിപ്പിക്കുന്നത്; അവ പാലിക്കുന്നവനു വലിയ സമ്മാനം ലഭിക്കും.
12: എന്നാല്‍, സ്വന്തം തെറ്റുകള്‍ മനസ്സിലാക്കാന്‍ ആര്‍ക്കുകഴിയും? അറിയാതെപറ്റുന്ന വീഴ്ചകളില്‍നിന്ന് എന്നെ ശുദ്ധീകരിക്കണമേ!
13: ബോധപൂര്‍വ്വംചെയ്യുന്ന തെറ്റുകളില്‍നിന്ന് ഈ ദാസനെ കാത്തുകൊള്ളണമേ! അവയെന്നില്‍ ആധിപത്യമുറപ്പിക്കാതിരിക്കട്ടെ; അപ്പോള്‍ ഞാന്‍ നിര്‍മ്മലനായിരിക്കും; മഹാപരാധങ്ങളില്‍നിന്നു ഞാന്‍ വിമുക്തനായിരിക്കും.
14: എന്റെ അഭയശിലയും വിമോചകനുമായ കര്‍ത്താവേ! എന്റെ അധരങ്ങളിലെ വാക്കുകളും ഹൃദയത്തിലെ വിചാരങ്ങളും അങ്ങയുടെ ദൃഷ്ടിയില്‍ സ്വീകാര്യമായിരിക്കട്ടെ!

അദ്ധ്യായം 20

രാജാവിന്റെ വിജയത്തിനുവേണ്ടിയുള്ള പ്രാര്‍ത്ഥന

ഗായകസംഘനേതാവിന്, ദാവീദിന്റെ സങ്കീർത്തനം 
1: നിന്റെ കഷ്ടകാലത്തു കര്‍ത്താവു നിന്റെ പ്രാര്‍ത്ഥന കേള്‍ക്കുമാറാകട്ടെ! യാക്കോബിന്റെ ദൈവത്തിന്റെ നാമം, നിന്നെ സംരക്ഷിക്കട്ടെ.
2: അവിടുന്നു തന്റെ വിശുദ്ധമന്ദിരത്തില്‍നിന്നു നിനക്കു സഹായമയയ്ക്കട്ടെ! സീയോനില്‍നിന്നു നിന്നെ തുണയ്ക്കട്ടെ!.
3: നിന്റെ വഴിപാടുകള്‍ അവിടുന്ന് ഓര്‍ക്കുമാറാകട്ടെ! നിന്റെ ദഹനബലികളില്‍ അവിടുന്നു സംപ്രീതനാകട്ടെ!
4: അവിടുന്നു നിന്റെ ഹൃദയാഭിലാഷം സാധിച്ചുതരട്ടെ! അവിടുന്നു നിന്റെ ഉദ്യമങ്ങള്‍ സഫലമാക്കട്ടെ!
5: നിന്റെ വിജയത്തില്‍ ഞങ്ങളാഹ്ലാദിക്കും; അങ്ങനെ ഞങ്ങളുടെ ദൈവത്തിന്റെ നാമത്തില്‍ ഞങ്ങള്‍ വിജയപതാക പാറിക്കും; കര്‍ത്താവു നിന്റെ അപേക്ഷകള്‍ കൈക്കൊള്ളട്ടെ!
6: കര്‍ത്താവു തന്റെ അഭിഷിക്തനെ സഹായിക്കുമെന്നു ഞാനിപ്പോളറിയുന്നു; അവിടുന്നു തന്റെ വിശുദ്ധ സ്വര്‍ഗ്ഗത്തില്‍നിന്ന്, അവനുത്തരമരുളും. വലത്തുകൈകൊണ്ടു മഹത്തായ വിജയം നല്‍കും.
7: ചിലര്‍ രഥങ്ങളിലും മറ്റുചിലര്‍ കുതിരകളിലുമഹങ്കരിക്കുന്നു; ഞങ്ങളാകട്ടെ, ഞങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ നാമത്തില്‍ അഭിമാനംകൊള്ളുന്നു.
8: അവര്‍ തകര്‍ന്നുവീഴും, എന്നാല്‍, ഞങ്ങള്‍ ശിരസ്സുയര്‍ത്തി നില്ക്കും.
9: കര്‍ത്താവേ, രാജാവിനു വിജയംനല്കണമേ! ഞങ്ങള്‍ വിളിച്ചപേക്ഷിക്കുമ്പോള്‍ ഞങ്ങള്‍ക്കുത്തരമരുളണമേ!

അദ്ധ്യായം 21

രാജാവിനു വിജയംനല്കിയതിനു കൃതജ്ഞത

ഗായകസംഘനേതാവിന്, ദാവീദിന്റെ സങ്കീർത്തനം 
1: കര്‍ത്താവേ, രാജാവ് അങ്ങയുടെ ശക്തിയില്‍ സന്തോഷിക്കുന്നു; അങ്ങയുടെ സഹായത്തില്‍ അവനെത്രയധികമാഹ്ലാദിക്കുന്നു!
2: അവന്റെ ഹൃദയാഭിലാഷം അങ്ങു സാധിച്ചുകൊടുത്തു; അവന്റെ യാചന, അങ്ങു നിഷേധിച്ചില്ല. .
3: സമൃദ്ധമായ അനുഗ്രഹങ്ങളുമായി അവിടുന്നവനെ സന്ദര്‍ശിച്ചു; അവന്റെ ശിരസ്സില്‍ തങ്കക്കിരീടമണിയിച്ചു.
4: അവനങ്ങയോടു ജീവന്‍യാചിച്ചു; അവിടുന്നതു നല്കി; സുദീര്‍ഘവും അനന്തവുമായ നാളുകള്‍തന്നെ.
5: അങ്ങയുടെ സഹായത്താല്‍ അവന്റെ മഹത്വം വര്‍ദ്ധിച്ചു; അങ്ങവന്റെമേല്‍ തേജസ്സും പ്രതാപവുംചൊരിഞ്ഞു.
6: അവിടുന്നവനെ എന്നേയ്ക്കുമനുഗ്രഹപൂര്‍ണ്ണനാക്കി; അങ്ങയുടെ സാന്നിദ്ധ്യത്തിന്റെ സന്തോഷംകൊണ്ട് അവനെയാനന്ദിപ്പിച്ചു.
7: രാജാവു കര്‍ത്താവില്‍ വിശ്വസിച്ചാശ്രയിക്കുന്നു; അത്യുന്നതന്റെ കാരുണ്യംനിമിത്തം അവന്‍ നിര്‍ഭയനായിരിക്കും.
8: അങ്ങയുടെ കൈ, സകലശത്രുക്കളെയും തെരഞ്ഞുപിടിക്കും; അങ്ങയുടെ വലത്തുകരം അങ്ങയെ വെറുക്കുന്നവരെ പിടികൂടും.
9: അങ്ങയുടെ സന്ദര്‍ശനദിനത്തില്‍ അവരെ എരിയുന്ന ചൂളപോലെയാക്കും; കര്‍ത്താവു തന്റെ ക്രോധത്തില്‍ അവരെ വിഴുങ്ങും; അഗ്നിയവരെ ദഹിപ്പിച്ചുകളയും.
10: അങ്ങവരുടെ സന്തതിയെ ഭൂമിയില്‍നിന്നും അവരുടെ മക്കളെ മനുഷ്യമക്കളുടെയിടയില്‍നിന്നും നശിപ്പിക്കും
11: അവര്‍ അങ്ങേയ്ക്കെതിരേ തിന്മനിരൂപിച്ചാലും അങ്ങേയ്ക്കെതിരേ ദുരാലോചനടത്തിയാലും വിജയിക്കുകയില്ല.
12: അങ്ങവരെ തുരത്തും; അവരുടെ മുഖത്തെ ലക്ഷ്യമാക്കി വില്ലുകുലയ്ക്കും. .
13: കര്‍ത്താവേ, അങ്ങയുടെ ശക്തിയില്‍ അങ്ങു മഹത്ത്വപ്പെടട്ടെ; അങ്ങയുടെ ശക്തിപ്രഭാവത്തെ ഞങ്ങള്‍ പാടിപ്പുകഴ്ത്തും.

അദ്ധ്യായം 22

പരിത്യക്തന്റെ രോദനവും പ്രത്യാശയും
ഗായകസംഘനേതാവിന്, ഉഷസ്സിലെ മാൻപേടയെന്ന രാഗത്തിൽ ദാവീദിന്റെ സങ്കീർത്തനം 
1: എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തുകൊണ്ട് അങ്ങെന്നെയുപേക്ഷിച്ചു! എന്നെ സഹായിക്കാതെയും എന്റെ രോദനം കേള്‍ക്കാതെയും അകന്നുനില്‍ക്കുന്നതെന്തുകൊണ്ട്?
2: എന്റെ ദൈവമേ, പകല്‍മുഴുവന്‍ ഞാനങ്ങയെ വിളിക്കുന്നു; അങ്ങു കേള്‍ക്കുന്നില്ല; രാത്രിയിലും വിളിച്ചപേക്ഷിക്കുന്നു; എനിക്കാശ്വാസംലഭിക്കുന്നില്ല. .
3: ഇസ്രായേലിന്റെ സ്തുതിയുടെ സിംഹാസനത്തില്‍ ഉപവിഷ്ടനായിരിക്കുന്നവനേ, അവിടുന്നു പരിശുദ്ധനാണ്.
4: അങ്ങയില്‍ ഞങ്ങളുടെ പിതാക്കന്മാര്‍ വിശ്വാസമര്‍പ്പിച്ചു; അവരങ്ങയില്‍ ശരണംവച്ചു, അങ്ങവരെ മോചിപ്പിച്ചു..
5: അങ്ങയോടവര്‍ നിലവിളിച്ചപേക്ഷിച്ചു; അവര്‍ രക്ഷപെട്ടു; അങ്ങയെ അവരാശ്രയിച്ചു; അവര്‍ ഭഗ്നാശരായില്ല.
6: എന്നാല്‍, ഞാന്‍ മനുഷ്യനല്ല, കൃമിയത്രേ; മനുഷ്യര്‍ക്കു നിന്ദാപാത്രവും ജനത്തിനു പരിഹാസവിഷയവും. 
7: കാണുന്നവരെല്ലാം എന്നെയവഹേളിക്കുന്നു; അവര്‍ കൊഞ്ഞനംകാട്ടുകയും പരിഹസിച്ചു തലയാട്ടുകയുംചെയ്യുന്നു:
8: അവന്‍ കര്‍ത്താവിലാശ്രയിച്ചല്ലോ; അവിടുന്നവനെ രക്ഷിക്കട്ടെ; അവിടുന്നവനെ സ്വതന്ത്രനാക്കട്ടെ; അവനില്‍ അവിടുത്തെ പ്രസാദമുണ്ടല്ലോയെന്ന് അവന്‍ പറയുന്നു.
9: എങ്കിലും, അവിടുന്നാണു മാതാവിന്റെ ഉദരത്തില്‍നിന്ന് എന്നെ പുറത്തുകൊണ്ടുവന്നത്; മാതാവിന്റെ മാറിടത്തില്‍ എനിക്കു സുരക്ഷിതത്വംനല്കിയതും അവിടുന്നുതന്നെ. .
10: അങ്ങയുടെ കൈകളിലേക്കാണു ഞാന്‍ പിറന്നുവീണത്; മാതാവിന്റെ ഉദരത്തിലായിരിക്കുമ്പോള്‍മുതല്‍ അവിടുന്നാണെന്റെ ദൈവം. .
11: എന്നില്‍നിന്നകന്നുനില്ക്കരുതേ! ഇതാ, ദുരിതമടുത്തിരിക്കുന്നു. സഹായത്തിനാരുമില്ല. .
12: കാളക്കൂറ്റന്മാര്‍ എന്നെ വളഞ്ഞിരിക്കുന്നു; ബാഷാന്‍കാളക്കൂറ്റന്മാര്‍ എന്നെ ചുറ്റിയിരിക്കുന്നു. .
13: ആര്‍ത്തിയോടെ, അലറിയടുക്കുന്ന സിംഹംപോലെ അവ എന്റെനേരെ വായ് പിളര്‍ന്നിരിക്കുന്നു. .
14: ഒഴിച്ചുകളഞ്ഞ വെള്ളംപോലെയാണു ഞാന്‍, സന്ധിബന്ധങ്ങള്‍ ഉലഞ്ഞിരിക്കുന്നു; എന്റെ ഹൃദയം മെഴുകുപോലെയായി; എന്റെയുള്ളില്‍ അതുരുകിക്കൊണ്ടിരിക്കുന്നു. .
15: എന്റെ അണ്ണാക്ക്, ഓടിന്റെ കഷണംപോലെ വരണ്ടിരിക്കുന്നു; എന്റെ നാവ്, അണ്ണാക്കിലൊട്ടിയിരിക്കുന്നു; അവിടുന്നെന്നെ മരണത്തിന്റെ പൂഴിയിലുപേക്ഷിച്ചിരിക്കുന്നു. 
16: നായ്ക്കള്‍ എന്റെ ചുറ്റും കൂടിയിരിക്കുന്നു; അധര്‍മ്മികളുടെ സംഘം എന്നെ വളഞ്ഞിരിക്കുന്നു; അവര്‍ എന്റെ കൈകാലുകള്‍ കുത്തിത്തുളച്ചു; 
17: എന്റെ അസ്ഥികള്‍ എനിക്കെണ്ണാവുന്ന വിധത്തിലായി; അവരെന്നെ തുറിച്ചുനോക്കുന്നു; .
18: അവരെന്റെ വസ്ത്രങ്ങള്‍ പങ്കിട്ടെടുക്കുന്നു; എന്റെ അങ്കിയ്ക്കായി അവര്‍ നറുക്കിടുന്നു. 
19: കര്‍ത്താവേ, അങ്ങകന്നിരിക്കരുതേ! എനിക്കു തുണയായവനേ, എന്റെ സഹായത്തിനു വേഗംവരണമേ! 
20: എന്റെ ജീവനെ വാളില്‍നിന്നു രക്ഷിക്കണമേ! എന്നെ നായയുടെ പിടിയില്‍നിന്നു മോചിപ്പിക്കണമേ! 
21: സിംഹത്തിന്റെ വായില്‍നിന്ന് എന്നെ രക്ഷിക്കണമേ! കാട്ടുപോത്തിന്റെ കൊമ്പുകളില്‍നിന്നു മുറിവേറ്റ എന്നെ മോചിപ്പിക്കണമേ! 
22: ഞാന്‍ അവിടുത്തെ നാമം എന്റെ സഹോദരരോടു പ്രഘോഷിക്കും, സഭാമദ്ധ്യത്തില്‍ ഞാനങ്ങയെ പുകഴ്ത്തും.
23: കര്‍ത്താവിന്റെ ഭക്തരേ, അവിടുത്തെ സ്തുതിക്കുവിന്‍; യാക്കോബിന്റെ സന്തതികളേ, അവിടുത്തെ മഹത്വപ്പെടുത്തുവിന്‍; ഇസ്രായേല്‍മക്കളേ, അവിടുത്തെ സന്നിധിയില്‍ ഭയത്തോടെനില്ക്കുവിന്‍.
24: എന്തെന്നാല്‍, പീഡിതന്റെ കഷ്ടതകള്‍ അവിടുന്നവഗണിക്കുകയോ പുച്ഛിക്കുകയോചെയ്തില്ല; തന്റെ മുഖം അവനില്‍നിന്നു മറച്ചുമില്ല; അവന്‍ വിളിച്ചപേക്ഷിച്ചപ്പോള്‍ അവിടുന്നു കേട്ടു. 
25: മഹാസഭയില്‍ ഞാനങ്ങയെ പുകഴ്ത്തും; അവിടുത്തെ ഭക്തരുടെമുമ്പില്‍ ഞാനെന്റെ നേര്‍ച്ചകള്‍ നിറവേറ്റും.
26: ദരിദ്രര്‍ ഭക്ഷിച്ചു തൃപ്തരാകും; കര്‍ത്താവിനെയന്വേഷിക്കുന്നവര്‍ അവിടുത്തെ പ്രകീര്‍ത്തിക്കും; അവരെന്നും സന്തുഷ്ടരായി ജീവിക്കും.
27: ഭൂമിയുടെ അതിര്‍ത്തികള്‍ കര്‍ത്താവിനെ അനുസ്മരിക്കുകയും അവിടുത്തെയടുത്തേക്കു തിരിയുകയുംചെയ്യും; എല്ലാ ജനതകളും അവിടുത്തെ സന്നിധിയില്‍ ആരാധനയര്‍പ്പിക്കും.
28: എന്തെന്നാല്‍, രാജത്വം കര്‍ത്താവിന്റേതാണ്; അവിടുന്ന് എല്ലാ ജനതകളെയും ഭരിക്കുന്നു.
29: ഭൂമിയിലെ അഹങ്കാരികള്‍ അവിടുത്തെമുമ്പില്‍ കുമ്പിടും, ജീവന്‍ പിടിച്ചുനിറുത്താനാവാതെ പൊടിയിലേക്കു മടങ്ങുന്നവര്‍ അവിടുത്തെമുമ്പില്‍ പ്രണമിക്കും.
30: പുരുഷാന്തരങ്ങള്‍ അവിടുത്തെ സേവിക്കും; അവര്‍ ഭാവിതലമുറയോടു കര്‍ത്താവിനെപ്പറ്റി പറയും. 
31: ജനിക്കാനിരിക്കുന്ന തലമുറയോടു കര്‍ത്താവാണു മോചനംനേടിത്തന്നതെന്ന് അവരുദ്‌ഘോഷിക്കും.

അദ്ധ്യായം 23

കര്‍ത്താവ് എന്റെ ഇടയന്‍
ദാവീദിന്റെ സങ്കീർത്തനം 
1: കര്‍ത്താവാണെന്റെ ഇടയന്‍; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല. .
2: പച്ചയായ പുല്‍ത്തകിടിയില്‍ അവിടുന്നെനിക്കു വിശ്രമമരുളുന്നു; പ്രശാന്തമായ ജലാശയത്തിലേക്ക് അവിടുന്നെന്നെ നയിക്കുന്നു.
3: അവിടുന്നെനിക്ക് ഉന്മേഷംനല്കുന്നു; തന്റെ നാമത്തെപ്രതി, നീതിയുടെ പാതയില്‍ എന്നെ നയിക്കുന്നു.
4: മരണത്തിന്റെ നിഴല്‍വീണ താഴ്‌വരയിലൂടെയാണു ഞാന്‍ നടക്കുന്നതെങ്കിലും, അവിടുന്നു കൂടെയുള്ളതിനാല്‍ ഞാന്‍ ഭയപ്പെടുകയില്ല; അങ്ങയുടെ ഊന്നുവടിയും ദണ്ഡും എനിക്കുറപ്പേകുന്നു.
5: എന്റെ ശത്രുക്കളുടെമുമ്പില്‍ അവിടുന്നെനിക്കു വിരുന്നൊരുക്കുന്നു; എന്റെ ശിരസ്സു തൈലംകൊണ്ടഭിഷേകംചെയ്യുന്നു; എന്റെ പാനപാത്രം കവിഞ്ഞൊഴുകുന്നു. .
6: അവിടുത്തെ നന്മയും കരുണയും ജീവിതകാലംമുഴുവന്‍ എന്നെയനുഗമിക്കും; കര്‍ത്താവിന്റെ ആലയത്തില്‍ ഞാനെന്നേയ്ക്കും വസിക്കും.

അദ്ധ്യായം 24

മഹത്വത്തിന്റെ രാജാവ് എഴുന്നള്ളുന്നു
ദാവീദിന്റെ സങ്കീർത്തനം 
1: ഭൂമിയും അതിലെ സമസ്തവസ്തുക്കളും ഭൂതലവും അതിലെ നിവാസികളും കര്‍ത്താവിന്റേതാണ്.
2: സമുദ്രങ്ങള്‍ക്കുമുകളില്‍ അതിന്റെ അടിസ്ഥാനമുറപ്പിച്ചതും നദിക്കുമുകളില്‍ അതിനെ സ്ഥാപിച്ചതും അവിടുന്നാണ്.  
3: കര്‍ത്താവിന്റെ മലയില്‍ ആരുകയറും? അവിടുത്തെ വിശുദ്ധസ്ഥലത്ത് ആരുനില്ക്കും?
4: കളങ്കമറ്റകൈകളും നിര്‍മ്മലമായ ഹൃദയവുമുള്ളവന്‍, മിഥ്യയുടെമേല്‍ മനസ്സുപതിക്കാത്തവനും കള്ളസത്യംചെയ്യാത്തവനുംതന്നെ.
5: അവന്റെമേല്‍ കര്‍ത്താവനുഗ്രഹം ചൊരിയും; രക്ഷകനായ ദൈവം അവനു നീതിനടത്തിക്കൊടുക്കും.
6: ഇപ്രകാരമുള്ളവരാണ് അവിടുത്തെ അന്വേഷിക്കുന്നവരുടെ തലമുറ; അവരാണു യാക്കോബിന്റെ ദൈവത്തെത്തേടുന്നത്.
7: കവാടങ്ങളേ, ശിരസ്സുയര്‍ത്തുവിന്‍; പുരാതനകവാടങ്ങളേ, ഉയര്‍ന്നുനില്ക്കുവിന്‍, മഹത്വത്തിന്റെ രാജാവു പ്രവേശിക്കട്ടെ!
8: ആരാണീ മഹത്വത്തിന്റെ രാജാവ്? പ്രബലനും ശക്തനുമായ കര്‍ത്താവ്, യുദ്ധവീരനായ കര്‍ത്താവുതന്നെ.
9: കവാടങ്ങളേ, ശിരസ്സുയര്‍ത്തുവിന്‍‍; പുരാതനകവാടങ്ങളേ, ഉയര്‍ന്നുനില്ക്കുവിന്‍, മഹത്വത്തിന്റെ രാജാവു പ്രവേശിക്കട്ടെ!
10: ആരാണീ മഹത്വത്തിന്റെ രാജാവ്? സൈന്യങ്ങളുടെ കര്‍ത്താവുതന്നെ; അവിടുന്നാണു മഹത്വത്തിന്റെ രാജാവ്.

അദ്ധ്യായം 25

വഴികാട്ടണമേ!
ദാവീദിന്റെ സങ്കീർത്തനം 
1: കര്‍ത്താവേ, എന്റെയാത്മാവിനെ, അങ്ങയുടെ സന്നിധിയിലേക്കു ഞാനുയര്‍ത്തുന്നു.
2: ദൈവമേ, അങ്ങയില്‍ ഞാനാശ്രയിക്കുന്നു; ഞാനൊരിക്കലും ലജ്ജിതനാകാതിരിക്കട്ടെ! ശത്രുക്കള്‍ എന്റെമേല്‍ വിജയമാഘോഷിക്കാതിരിക്കട്ടെ!
3: അങ്ങയെക്കാത്തിരിക്കുന്ന ഒരുവനും ഭഗ്നാശനാകാതിരിക്കട്ടെ! വിശ്വാസവഞ്ചകര്‍ അപമാനമേല്‍ക്കട്ടെ!
4: കര്‍ത്താവേ, അങ്ങയുടെ മാര്‍ഗ്ഗങ്ങള്‍ എനിക്കു മനസ്സിലാക്കിത്തരണമേ! അങ്ങയുടെ പാതകള്‍ എന്നെപ്പഠിപ്പിക്കണമേ! .
5: അങ്ങയുടെ സത്യത്തിലേയ്ക്ക് എന്നെ നയിക്കണമേ! എന്നെ പഠിപ്പിക്കണമേ! എന്തെന്നാല്‍, അങ്ങാണല്ലോ എന്നെ രക്ഷിക്കുന്ന ദൈവം; അങ്ങേയ്ക്കുവേണ്ടി ദിവസംമുഴുവന്‍ ഞാന്‍ കാത്തിരിക്കുന്നു.
6: കര്‍ത്താവേ, പണ്ടുമുതലേ അങ്ങു ഞങ്ങളോടുകാണിച്ച, അങ്ങയുടെ കാരുണ്യവും വിശ്വസ്തതയും അനുസ്മരിക്കണമേ!
7: എന്റെ യൗവനത്തിലെ പാപങ്ങളും അതിക്രമങ്ങളും അങ്ങോര്‍ക്കരുതേ! കര്‍ത്താവേ, അങ്ങയുടെ അചഞ്ചലസ്നേഹത്തിനനുസൃതമായി കരുണാപൂര്‍വ്വം എന്നെയനുസ്മരിക്കണമേ! 
8: കര്‍ത്താവു നല്ലവനും നീതിമാനുമാണ്. പാപികള്‍ക്ക്, അവിടുന്നു നേര്‍വഴികാട്ടുന്നു. 
9: എളിയവരെ അവിടുന്നു നീതിമാര്‍ഗ്ഗത്തില്‍ നയിക്കുന്നു; വിനീതരെ തന്റെ വഴി പഠിപ്പിക്കുന്നു.
10: കര്‍ത്താവിന്റെയുടമ്പടിയും പ്രമാണങ്ങളുംപാലിക്കുന്നവര്‍ക്ക്, അവിടുത്തെ വഴികള്‍ സത്യവും സ്‌നേഹവുമാണ്. 
11: കര്‍ത്താവേ, അങ്ങയുടെ നാമത്തെപ്രതി എന്റെ നിരവധിയായ പാപങ്ങള്‍ ക്ഷമിക്കണമേ! 
12: കര്‍ത്താവിനെ ഭയപ്പെടുന്നവനാരോ അവന്‍ തിരഞ്ഞെടുക്കേണ്ട വഴി, അവിടുന്നു കാണിച്ചുകൊടുക്കും.
13: അവന്‍ ഐശ്വര്യത്തില്‍ക്കഴിയും, അവന്റെ മക്കള്‍ ദേശമവകാശമാക്കും.
14: കര്‍ത്താവിന്റെ സൗഹൃദം അവിടുത്തെ ഭയപ്പെടുന്നവര്‍ക്കുള്ളതാണ്, അവിടുന്നു തന്റെ ഉടമ്പടി അവരെയറിയിക്കും.
15: എന്റെ കണ്ണുകള്‍, സദാ കര്‍ത്താവിങ്കലേക്കു തിരിഞ്ഞിരിക്കുന്നു; അവിടുന്നെന്റെ പാദങ്ങളെ വലയില്‍നിന്നു വിടുവിക്കും. .
16: ദയതോന്നി എന്നെ കടാക്ഷിക്കണമേ! ഞാനേകാകിയും പീഡിതനുമാണ്.
17: എന്റെ ഹൃദയവ്യഥകള്‍ ശമിപ്പിക്കണമേ, മനഃക്ലേശത്തില്‍നിന്ന് എന്നെ മോചിപ്പിക്കണമേ!
18: എന്റെ പീഡകളും ക്ലേശങ്ങളുമോര്‍ത്ത് എന്റെ പാപങ്ങള്‍ പൊറുക്കണമേ!
19: ഇതാ, ശത്രുക്കള്‍ പെരുകിയിരിക്കുന്നു; അവരെന്നെ കഠിനായി വെറുക്കുന്നു.
20: എന്റെ ജീവന്‍ കാത്തുകൊള്ളണമേ! എന്നെ രക്ഷിക്കണമേ! അങ്ങിലാശ്രയിച്ച എന്നെ ലജ്ജിക്കാനിടയാക്കരുതേ!
21: നിഷ്കളങ്കതയും നീതിനിഷ്ഠയും എന്നെ സംരക്ഷിക്കട്ടെ; ഞാനങ്ങയെ കാത്തിരിക്കുന്നു.
22: ദൈവമേ, ഇസ്രായേലിനെ സകല കഷ്ടതകളിലുംനിന്നു മോചിപ്പിക്കണമേ! 

അദ്ധ്യായം 26

നിഷ്കളങ്കന്റെ പ്രാര്‍ത്ഥന
ദാവീദിന്റെ സങ്കീർത്തനം
 1: കര്‍ത്താവേ, എനിക്കു ന്യായം സ്ഥാപിച്ചുതരണമേ! എന്തെന്നാല്‍, ഞാന്‍ നിഷ്കളങ്കനായി ജീവിച്ചു; ചാഞ്ചല്യമില്ലാതെ ഞാന്‍ കര്‍ത്താവിലാശ്രയിച്ചു.
2: കര്‍ത്താവേ, എന്നെ പരിശോധിക്കുകയും പരീക്ഷിക്കുകയും ചെയ്യുക; എന്റെ ഹൃദയവും മനസ്സും ഉരച്ചുനോക്കുക.
3: അങ്ങയുടെ കാരുണ്യം എന്റെ കണ്മുമ്പിലുണ്ട്; അങ്ങയുടെ സത്യത്തില്‍ ഞാന്‍ വ്യാപരിച്ചു.
4: കപടഹൃദയരോടു ഞാന്‍ സഹവസിച്ചിട്ടില്ല, വഞ്ചകരോടു ഞാന്‍ കൂട്ടുകൂടിയിട്ടില്ല.
5: ദുഷ്‌കര്‍മ്മികളുടെ സമ്പര്‍ക്കം ഞാന്‍ വെറുക്കുന്നു; നീചന്മാരോടുകൂടെ ഞാനിരിക്കുകയില്ല.
6: കര്‍ത്താവേ, നിഷ്‌കളങ്കതയില്‍, ഞാനെന്റെ കൈകഴുകുന്നു; ഞാനങ്ങയുടെ ബലിപീഠത്തിനു പ്രദക്ഷിണം വയ്ക്കുന്നു.
7: ഞാനുച്ചത്തില്‍ കൃതജ്ഞതാസ്തോത്രമാലപിക്കുന്നു; അവിടുത്തെ അദ്ഭുതകരമായ സകലപ്രവൃത്തികളെയും ഞാന്‍ പ്രഘോഷിക്കുന്നു. 
8: കര്‍ത്താവേ, അങ്ങു വസിക്കുന്ന ആലയവും അങ്ങയുടെ മഹത്വത്തിന്റെ ഇരിപ്പിടവും എനിക്കു പ്രിയങ്കരമാണ്.
9: പാപികളോടുകൂടെ എന്റെ ജീവനെ തൂത്തെറിയരുതേ! രക്തദാഹികളോടുകൂടെ എന്റെ പ്രാണനെയും.
10: അവരുടെ കൈകളില്‍ കുതന്ത്രങ്ങളാണ്; അവരുടെ വലത്തുകൈ കോഴകൊണ്ടു നിറഞ്ഞിരിക്കുന്നു.
11: ഞാനോ നിഷ്‌കളങ്കതയില്‍ വ്യാപരിക്കുന്നു; എന്നെ രക്ഷിക്കുകയും എന്നോടു കരുണകാണിക്കുകയുംചെയ്യണമേ!
12: നിരപ്പായ ഭൂമിയില്‍ ഞാന്‍ നിലയുറപ്പിച്ചിരിക്കുന്നു; മഹാസഭയില്‍ ഞാന്‍ കര്‍ത്താവിനെ വാഴ്ത്തും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ