നൂറ്റിയെൺപത്തിരണ്ടാം ദിവസം: സുഭാഷിതങ്ങള്‍ 14 - 18


അദ്ധ്യായം 14

1: ജ്ഞാനം വീടുപണിയുന്നു; ഭോഷത്തം സ്വന്തം കൈകൊണ്ട്, അതിടിച്ചുനിരത്തുന്നു.
2: സത്യസന്ധൻ കര്‍ത്താവിനെ ഭയപ്പെടുന്നു. കുടിലമാര്‍ഗ്ഗി അവിടുത്തെ നിന്ദിക്കുന്നു.
3: ഭോഷന്റെ സംസാരം അവന്റെ മുതുകത്തുവീഴുന്ന വടിയാണ്; വിവേകികളുടെ വാക്ക് അവരെ കാത്തുകൊള്ളും.
4: കാളകളില്ലാത്തിടത്തു ധാന്യവുമില്ല; കാളയുടെ കരുത്ത്, സമൃദ്ധമായ വിളവുനല്കുന്നു.
5: വിശ്വസ്തനായ സാക്ഷി കള്ളംപറയുന്നില്ല; കള്ളസ്സാക്ഷി പൊളിപറഞ്ഞുകൂട്ടുന്നു.
6: പരിഹാസകന്‍ വിവേകമന്വേഷിക്കുന്നതു നിഷ്ഫലമാണ്; ബുദ്ധിമാന് അറിവു ലഭിക്കുക എളുപ്പവും.
7: ഭോഷനില്‍നിന്ന് അകന്നുമാറിക്കൊള്ളുക; അവനില്‍നിന്നു സാരമുള്ള വാക്കുകള്‍ ലഭിക്കുകയില്ല.
8: തന്റെ മാര്‍ഗ്ഗം വ്യക്തമായി ഗ്രഹിക്കുന്നതിലാണ് ബുദ്ധിമാന്റെ വിവേകം; വിഡ്ഢികളുടെ ഭോഷത്തം അവരെത്തന്നെ കബളിപ്പിക്കുന്നു.
9: ദുഷ്ടരെ ദൈവം വെറുക്കുന്നു; സത്യസന്ധര്‍ അനുഗ്രഹംപ്രാപിക്കുന്നു.
10: ഹൃദയത്തിന്റെ ദുഃഖം അതിനുമാത്രമേ അറിഞ്ഞുകൂടൂ; അതിന്റെ സന്തോഷത്തിലും അന്യര്‍ക്കു പങ്കില്ല.
11: ദുഷ്ടരുടെ ഭവനം നശിപ്പിക്കപ്പെടും; സത്യസന്ധരുടെ കൂടാരം പുഷ്ടിപ്രാപിക്കും.
12: ശരിയെന്നു തോന്നുന്ന വഴി ചിലപ്പോള്‍ മരണത്തിലേക്കു നയിക്കുന്നതാവാം.
13: ചിരിക്കുമ്പോള്‍പ്പോലും ഹൃദയം ദുഃഖഭരിതമാണ്; സന്തോഷം സന്താപത്തിലാണവസാനിക്കുക.
14: വഴിപിഴച്ചവന്‍ തന്റെ പ്രവൃത്തികളുടെ ഫലമനുഭവിക്കും; ഉത്തമനായ മനുഷ്യന്‍ തന്റെ പ്രവൃത്തികളുടെയും.
15: ശുദ്ധഗതിക്കാരന്‍ എന്തും വിശ്വസിക്കുന്നു; ബുദ്ധിമാന്‍ ലക്ഷ്യത്തില്‍ത്തന്നെ ശ്രദ്ധവയ്ക്കുന്നു.
16: വിവേകി ജാഗരൂകതയോടെ തിന്മയില്‍നിന്നകന്നുമാറുന്നു; ഭോഷന്‍ വീണ്ടുവിചാരമില്ലാതെ എടുത്തുചാടുന്നു.
17: ക്ഷിപ്രകോപി ബുദ്ധിഹീനമായി പ്രവര്‍ത്തിക്കുന്നു; ബുദ്ധിമാന്‍ ക്ഷമാശീലനാണ്.
18: ശുദ്ധഗതിക്കാര്‍ ഭോഷത്തം കാട്ടിക്കൂട്ടുന്നു; ബുദ്ധിമാന്മാര്‍ വിജ്ഞാനകിരീടമണിയുന്നു.
19: ദുര്‍ജ്ജനം സജ്ജനങ്ങളുടെ മുമ്പിലും ദുഷ്ടര്‍ നീതിമാന്മാരുടെ കവാടങ്ങളിലും കുമ്പിടും.
20: ദരിദ്രനെ അയല്‍ക്കാരന്‍പോലും വെറുക്കുന്നു; ധനികന് അനേകം സ്നേഹിതനുമാരുണ്ട്.
21: അയല്‍ക്കാരനെ നിന്ദിക്കുന്നവന്‍ പാപിയാണ്; പാവപ്പെട്ടവനോടു ദയകാണിക്കുന്നവന്‍ ഭാഗ്യവാനും.
22: തിന്മ നിനയ്ക്കുന്നവന്‍ തെറ്റുചെയ്യുകയല്ലേ? നന്മയ്ക്കു കളമൊരുക്കുന്നവര്‍ക്കു മറ്റുള്ളവരുടെ കൂറും വിശ്വാസവും ലഭിക്കുന്നു.
23: അദ്ധ്വാനമേതും ലാഭകരമാണ്; അലസഭാഷണം ദാരിദ്ര്യത്തിനു വഴിതെളിക്കുകയേയുള്ളു.
24: ജ്ഞാനമാണു വിവേകികളുടെ കിരീടം; ഭോഷത്തം ഭോഷന്മാര്‍ക്കു പൂമാലയും.
25: സത്യസന്ധനായ സാക്ഷി പലരുടെയും ജീവന്‍ രക്ഷിക്കുന്നു; കള്ളസ്സാക്ഷി വഞ്ചകനാണ്.
26: ദൈവഭക്തിയാണു ബലിഷ്ഠമായ ആശ്രയം; സന്താനങ്ങള്‍ക്ക് അത് അഭയസ്ഥാനമായിരിക്കുകയും ചെയ്യും.
27: ദൈവഭക്തി ജീവന്റെയുറവയാണ്; മരണത്തിന്റെ കെണികളില്‍നിന്നു രക്ഷപ്പെടാന്‍ അതു സഹായിക്കുന്നു.
28: രാജാവിന്റെ മഹത്വം പ്രജകളുടെ ബാഹുല്യമാണ്; പ്രജകള്‍ചുരുങ്ങിയ രാജാവു നാശമടയുന്നു.
29: പെട്ടെന്നു കോപിക്കാത്തവന് ഏറെ വിവകേമുണ്ട്; മുന്‍കോപി ഭോഷത്തത്തെ താലോലിക്കുന്നു.
30: പ്രശാന്തമായ മനസ്സു ശരീരത്തിനുന്മേഷംനല്കുന്നു; അസൂയ അസ്ഥികളെ ജീര്‍ണ്ണിപ്പിക്കുന്നു.
31: ദരിദ്രരെ ഞെരുക്കുന്നവന്‍ സ്രഷ്ടാവിനെ നിന്ദിക്കുന്നു; പാവപ്പെട്ടവരോടു ദയ കാണിക്കുന്നവന്‍ അവിടുത്തെ ബഹുമാനിക്കുന്നു.
32: ദുഷ്ടൻ തിന്മചെയ്ത് അധഃപതിക്കുന്നു; നീതിമാന്‍ സ്വന്തം നീതിനിഷ്ഠയില്‍ അഭയംകണ്ടെത്തുന്നു.
33: ബുദ്ധിമാന്റെ മനസ്സില്‍ വിവേകം കുടികൊള്ളുന്നു; ഭോഷന്മാരുടെ ഹൃദയം അതിനെയറിയുന്നതേയില്ല.
34: നീതി ജനതയെ ഉത്കര്‍ഷത്തിലെത്തിക്കുന്നു; പാപം ഏതു ജനതയ്ക്കും അപമാനകരമത്രേ,
35: വിവേകത്തോടെ പ്രവര്‍ത്തിക്കുന്ന സേവകന്‍ രാജാവിന്റെ പ്രീതിനേടുന്നു; ലജ്ജാവഹമായി പ്രവര്‍ത്തിക്കുന്നവന്റെമേല്‍ അവന്റെ കോപം നിപതിക്കുന്നു.


അദ്ധ്യായം 15


1: സൗമ്യമായ മറുപടി, ക്രോധംശമിപ്പിക്കുന്നു; പരുഷമായ വാക്കു കോപമിളക്കിവിടുന്നു.
2: വിവേകിയുടെ നാവ്, അറിവു വിതറുന്നു; വിഡ്ഢിയുടെ അധരങ്ങള്‍ ഭോഷത്തംവര്‍ഷിക്കുന്നു.
3: കര്‍ത്താവിന്റെ ദൃഷ്ടികള്‍ എല്ലായിടത്തും പതിയുന്നു; ദുഷ്ടരെയും ശിഷ്ടരെയും അവിടുന്നുറ്റുനോക്കുന്നു.
4: സൗമ്യന്റെ വാക്കു ജീവന്റെ വൃക്ഷമാണ്; വികടമായ വാക്കു മനസ്സുപിളര്‍ക്കുന്നു.
5: ഭോഷന്‍ തന്റെ പിതാവിന്റെയുപദേശം പുച്ഛിച്ചുതള്ളുന്നു; വിവേകി ശാസനമാദരിക്കുന്നു.
6: നീതിമാന്മാരുടെ ഭവനത്തില്‍ ധാരാളം നിക്ഷേപങ്ങളുണ്ട്; ദുഷ്ടരുടെ ആദായം കുഴപ്പം സൃഷ്ടിക്കുന്നു.
7: വിവേകികളുടെ അധരങ്ങള്‍ അറിവു പരത്തുന്നു; ഭോഷന്മാരുടെ മനസ്സ് അങ്ങനെയല്ല.
8: ദുഷ്ടരുടെ ബലി, കര്‍ത്താവിനു വെറുപ്പാണ്; സത്യസന്ധരുടെ പ്രാര്‍ത്ഥന അവിടുത്തെ സന്തോഷിപ്പിക്കുന്നു.
9: ദുഷ്ടരുടെ മാര്‍ഗ്ഗം കര്‍ത്താവിനു വെറുപ്പാണ്; നീതിയില്‍ ചരിക്കുന്നവരെ, അവിടുന്നു സ്നേഹിക്കുന്നു.
10: നേര്‍വഴിവിട്ടു നടക്കുന്നവൻ കര്‍ക്കശമായ ശിക്ഷണത്തിനു വിധേയനാകും; ശാസനംവെറുക്കുന്നവന്‍ മരിക്കും.
11: പാതാളവും അധോലോകവും കര്‍ത്താവിനുമുമ്പില്‍ തുറന്നുകിടക്കുന്നു; മനുഷ്യഹൃദയങ്ങളുടെ കാര്യം പറയാനുണ്ടോ?
12: പരിഹാസകന്‍ ശാസനമിഷ്ടപ്പെടുന്നില്ല; അവന്‍ ജ്ഞാനികളെ സമീപിക്കുകയുമില്ല.
13: സന്തുഷ്ടമായ ഹൃദയം മുഖത്തെ പ്രസന്നമാക്കുന്നു; ഹൃദയവ്യഥ, ഉന്മേഷംകെടുത്തിക്കളയുന്നു.
14: ബുദ്ധിമാന്റെ മനസ്സു വിജ്ഞാനം തേടുന്നു; ഭോഷന്മാരുടെ വദനത്തിന് ആഹാരം ഭോഷത്തമാണ്.
15: ദുഃഖിതരുടെ ദിനങ്ങള്‍ ക്ലേശഭൂയിഷ്ഠമാണ്; സന്തുഷ്ടമായ ഹൃദയം നിരന്തരം വിരുന്നാസ്വദിക്കുന്നു.
16: വലിയ സമ്പത്തും അതോടൊത്തുള്ള അനര്‍ത്ഥങ്ങളുമായി കഴിയുന്നതിനെക്കാള്‍ മെച്ചം ദൈവഭക്തിയോടെ അല്പംകൊണ്ടു കഴിയുന്നതാണ്.
17: സ്നേഹപൂര്‍വ്വം വിളമ്പുന്ന സസ്യാഹാരമാണ്, വെറുപ്പോടെ വിളമ്പുന്ന കാളയിറച്ചിയെക്കാള്‍ മെച്ചം.
18: മുന്‍കോപി കലഹമിളക്കിവിടുന്നു; ക്ഷമാശീലന്‍ അതു ശമിപ്പിക്കുന്നു.
19: അലസന്റെ മാര്‍ഗ്ഗം മുള്‍പ്പടര്‍പ്പുകളാലാവൃതമാണ്; സ്ഥിരോത്സാഹിയുടെ വഴി നിരപ്പായ രാജവീഥിയത്രേ.
20: വിവേകിയായ പുത്രന്‍ പിതാവിനെ സന്തോഷിപ്പിക്കുന്നു; ഭോഷന്‍ അമ്മയെ നിന്ദിക്കുന്നു.
21: ബുദ്ധിഹീനന്‍ ഭോഷത്തത്തിലാനന്ദിക്കുന്നു; ബുദ്ധിമാന്‍ നേര്‍വഴിക്കു നടക്കുന്നു.
22: സദുപദേശമില്ലെങ്കില്‍ പദ്ധതികള്‍ പാളിപ്പോകും; വേണ്ടത്ര ഉപദേഷ്ടാക്കളുള്ളപ്പോള്‍ അവ വിജയിക്കുന്നു.
23: ഉചിതമായ മറുപടി പറയുക ഒരുവനാഹ്ലാദകരമത്രേ, സന്ദര്‍ഭോചിതമായ വാക്ക് എത്ര നന്ന്!
24: വിവേകിയുടെ വഴി, മേലോട്ട്, ജീവനിലേക്കു നയിക്കുന്നു; താഴെയുള്ള പാതാളത്തെ വിട്ടകലുന്നു.
25: അഹങ്കാരിയുടെ ഭവനം കര്‍ത്താവു നിലംപരിചാക്കുന്നു; വിധവയുടെ അതിര് അവിടുന്നു സംരക്ഷിക്കുന്നു.
26: ദുഷ്ടരുടെ ആലോചനകള്‍ കര്‍ത്താവിനു വെറുപ്പാണ്; നിഷ്‌കളങ്കരുടെ വാക്കുകള്‍ അവിടുത്തേക്കു പ്രീതികരവും.
27: നീതിരഹിതമായ നേട്ടമാഗ്രഹിക്കുന്നവന്‍ സ്വന്തം കുടുംബത്തെ ദ്രോഹിക്കുന്നു; കൈക്കൂലി വെറുക്കുന്നവന്‍ ഏറെനാള്‍ ജീവിക്കും.
28: നീതിമാന്മാര്‍ ആലോചിച്ചുത്തരംകൊടുക്കുന്നു; ദുഷ്ടരുടെ അധരങ്ങള്‍ ദുഷ്ടത വമിക്കുന്നു.
29: കര്‍ത്താവു ദുഷ്ടരില്‍നിന്നകന്നിരിക്കുന്നു; നീതിമാന്മാരുടെ പ്രാര്‍ത്ഥന ചെവിക്കൊള്ളുന്നു.
30: തിളങ്ങുന്ന കണ്ണ്, ഹൃദയത്തെ സന്തോഷിപ്പിക്കുന്നു; സദ്‌വാര്‍ത്ത ശരീരത്തെ ഉത്തേജിപ്പിക്കുന്നു.
31: ഉത്തമമായ ഉപദേശമാദരിക്കുന്നവനു വിവേകികളോടുകൂടെ സ്ഥാനംലഭിക്കും.
32: പ്രബോധനമവഗണിക്കുന്നവന്‍ തന്നെത്തന്നെ ദ്രോഹിക്കുന്നു; ശാസനമനുസരിക്കുന്നവന്‍ അറിവു നേടുന്നു.
33: ദൈവഭക്തി ജ്ഞാനത്തിനുള്ള പരിശീലനമാണ്; വിനയം ബഹുമതിയുടെ മുന്നോടിയും.

അദ്ധ്യായം 16

1: മനുഷ്യന്‍ പദ്ധതികള്‍ വിഭാവനംചെയ്യുന്നു; അന്തിമമായ തീരുമാനം കര്‍ത്താവിന്റേതത്രേ.
2: ഒരുവനു തന്റെ നടപടികള്‍ അന്യൂനമെന്നു തോന്നുന്നു; കര്‍ത്താവു ഹൃദയം പരിശോധിക്കുന്നു.
3: നിന്റെ പ്രയത്നം കര്‍ത്താവിലര്‍പ്പിക്കുക; നിന്റെ പദ്ധതികള്‍ ഫലമണിയും.
4: കര്‍ത്താവ് ഓരോന്നിനെയും നിശ്ചിത ലക്ഷ്യത്തോടെ സൃഷ്ടിച്ചു; അനര്‍ത്ഥദിനത്തിനുവേണ്ടി അവിടുന്നു ദുഷ്ടരെയും സൃഷ്ടിച്ചു.
5: അഹങ്കരിക്കുന്നവരോടു കര്‍ത്താവിനു വെറുപ്പാണ്; അവര്‍ക്കു ശിക്ഷകിട്ടാതിരിക്കുകയില്ല, തീര്‍ച്ച.
6: ആത്മാര്‍ത്ഥതയും വിശ്വസ്തതയുമാണ് അധര്‍മ്മത്തിനു പരിഹാരം; ദൈവഭയം, തിന്മയില്‍നിന്നകറ്റിനിര്‍ത്തുന്നു.
7: ഒരുവന്റെ വഴികള്‍ കര്‍ത്താവിനു പ്രീതികരമായിരിക്കുമ്പോള്‍ ശത്രുക്കള്‍പോലും അവനോടിണങ്ങിക്കഴിയുന്നു.
8: നീതിപൂര്‍വ്വംനേടിയ ചെറിയ ആദായമാണ് അനീതിവഴിനേടിയ വലിയ ആദായത്തെക്കാള്‍ വിശിഷ്ടം.
9: മനുഷ്യന്‍ തന്റെ മാര്‍ഗ്ഗമാലോചിച്ചുവയ്ക്കുന്നു; അവന്റെ കാലടികളെ നിയന്ത്രിക്കുന്നതു കര്‍ത്താവാണ്.
10: രാജാവിന്റെ നാവില്‍ ദൈവനിശ്ചയം കുടികൊള്ളുന്നു; വിധിക്കുമ്പോള്‍ അവനു തെറ്റുപറ്റുകയില്ല.
11: ശരിയായ അളവും തൂക്കവും കര്‍ത്താവു നിയന്ത്രിക്കുന്നു; സഞ്ചിയിലുള്ള കട്ടികള്‍ അവിടുന്നു നിശ്ചയിക്കുന്നു.
12: ദുഷ്പ്രവൃത്തികള്‍ രാജാക്കന്മാര്‍ വെറുക്കുന്നു; നീതി, സിംഹാസനത്തെയുറപ്പിക്കുന്നു.
13: നീതിപൂര്‍വ്വമായ വാക്കുകള്‍ രാജാവിനെ ആഹ്ലാദിപ്പിക്കുന്നു; നേരുപറയുന്നവനെ അവന്‍ സ്നേഹിക്കുന്നു.
14: രാജാവിന്റെ കോപം മരണത്തിന്റെ ദൂതനാണ്; വിവേകിക്ക് അതു ശമിപ്പിക്കാന്‍ കഴിയും.
15: രാജാവിന്റെ പ്രസാദത്തില്‍ ജീവന്‍ കുടികൊള്ളുന്നു; രാജപ്രീതി, വസന്തത്തില്‍ മഴപൊഴിക്കുന്ന മേഘങ്ങളെപ്പോലെയാണ്.
16: ജ്ഞാനം ലഭിക്കുന്നതു സ്വര്‍ണ്ണംകിട്ടുന്നതിനെക്കാള്‍ ശ്രേഷ്ഠമാണ്; വിജ്ഞാനം വെള്ളിയെക്കാള്‍ അഭികാമ്യവും.
17: സത്യസന്ധരുടെ വഴി, തിന്മയില്‍നിന്ന് ഒഴിഞ്ഞുമാറുന്നു; സ്വന്തം വഴികാക്കുന്നവന്‍ ജീവന്‍ പരിരക്ഷിക്കുന്നു.
18: അഹങ്കാരം നാശത്തിന്റെ മുന്നോടിയാണ്; അഹന്ത അധഃപതനത്തിന്റെയും.
19: അഹങ്കാരികളോടുചേര്‍ന്നു കൊള്ളമുതല്‍ പങ്കുവയ്ക്കുന്നതിനെക്കാള്‍ നല്ലത്, വിനീതനായി ദരിദ്രനോടൊപ്പം കഴിയുകയാണ്.
20: ദൈവവചനം ആദരിക്കുന്നവന്‍ ഉത്കര്‍ഷം നേടും; കര്‍ത്താവിലാശ്രയിക്കുന്നവന്‍ ഭാഗ്യവാന്‍.
21: ഹൃദയത്തില്‍ ജ്ഞാനമുള്ളവന്‍ വിവേകിയെന്നറിയപ്പെടുന്നു. ഹൃദ്യമായ ഭാഷണം കൂടുതലനുനയിപ്പിക്കുന്നു.
22: വിവേകംലഭിച്ചവന് അതു ജീവന്റെയുറവയാണ്; ഭോഷത്തം, ഭോഷനുള്ള ശിക്ഷയത്രേ.
23: വിവേകിയുടെ മനസ്സ്, വാക്കുകളെ യുക്തിയുക്തമാക്കുന്നു; അങ്ങനെ അതിനു പ്രേരകശക്തി വര്‍ദ്ധിക്കുന്നു.
24: ഹൃദ്യമായ വാക്കു തേനറപോലെയാണ്; അതാത്മാവിനു മധുരവും ശരീരത്തിന് ആരോഗ്യപ്രദവുമാണ്.
25: ശരിയെന്നു തോന്നിയ വഴി, മരണത്തിലേക്കു നയിക്കുന്നതാവാം.
26: വിശപ്പ്, പണിക്കാരനെക്കൊണ്ടു കൂടുതല്‍ ജോലിചെയ്യിക്കുന്നു; അതവനെ പ്രേരിപ്പിച്ചുകൊണ്ടേയിരിക്കുന്നു.
27: വിലകെട്ടവന്‍ തിന്മ നിരൂപിക്കുന്നു; അവന്റെ വാക്കു പൊള്ളുന്ന തീപോലെയാണ്.
28: വികടബുദ്ധി കലഹം പരത്തുന്നു; ഏഷണിക്കാരന്‍ ഉറ്റമിത്രങ്ങളെ ഭിന്നിപ്പിക്കുന്നു.
29: അക്രമി അയല്‍ക്കാരനെ വശീകരിച്ച്, അപഥത്തിലേക്കു നയിക്കുന്നു.
30: കണ്ണിറുക്കുന്നവന്‍ ദുരാലോചന നടത്തുന്നു; ചുണ്ടു കടിക്കുന്നവന്‍ തിന്മയ്ക്കു വഴിയൊരുക്കുന്നു.
31: നരച്ച മുടി മഹത്വത്തിന്റെ കിരീടമാണ്; സുകൃതപൂര്‍ണ്ണമായ ജീവിതംകൊണ്ടാണ് അതു കൈവരുന്നത്.
32: ക്ഷമാശീലന്‍ കരുത്തനെക്കാളും, മനസ്സിനെ നിയന്ത്രിക്കുന്നവന്‍ നഗരം പിടിച്ചെടുക്കുന്നവനെക്കാളും ശ്രേഷ്ഠനാണ്.
33: കാര്യങ്ങള്‍ തീരുമാനിക്കാന്‍ കുറിയിടുന്നവരുണ്ട്; അന്തിമമായ തീരുമാനം കര്‍ത്താവിന്റേതാണ്.

 
അദ്ധ്യായം 17

1: കലഹംനിറഞ്ഞ വീട്ടിലെ വിരുന്നിനെക്കാളഭികാമ്യം സ്വസ്ഥതയോടെ കഴിക്കുന്ന ഉണങ്ങിയ അപ്പക്കഷണമാണ്.
2: ബുദ്ധിമാനായ അടിമ, ലജ്ജാവഹമായി പ്രവര്‍ത്തിക്കുന്ന യജമാനപുത്രന്റെമേല്‍ ഭരണംനടത്തും; അവന്‍ പുത്രന്മാര്‍ക്കൊപ്പം കുടുംബസ്വത്തിന് അവകാശിയുമാകും.
3: മൂശയില്‍ വെള്ളിയും ഉലയില്‍ സ്വര്‍ണ്ണവും ശോധനചെയ്യപ്പെടുന്നു; ഹൃദയങ്ങളെ പരിശോധിക്കുന്നതു കര്‍ത്താവാണ്.
4: ദുഷ്ടന്‍ ദുര്‍വ്വചസ്സുകള്‍ ശ്രദ്ധിക്കുന്നു; നുണയന്‍ അപവാദത്തിനു ചെവികൊടുക്കുന്നു.
5: ദരിദ്രരെ പരിഹസിക്കുന്നവന്‍സ്രഷ്ടാവിനെ നിന്ദിക്കുന്നു; മറ്റുള്ളവരുടെ അത്യാഹിതത്തില്‍ സന്തോഷിക്കുന്നവന്‍ ശിക്ഷിക്കപ്പെടാതിരിക്കുകയില്ല.
6: പേരക്കിടാങ്ങള്‍ വൃദ്ധര്‍ക്കു കിരീടം; മക്കളുടെ അഭിമാനം പിതാക്കന്മാരത്രേ.
7: ഉത്തമമായ സംസാരം ഭോഷനു ചേരുകയില്ല; കപടഭാഷണം അഭിജാതര്‍ക്ക് അത്രപോലുമില്ല.
8: കൈക്കൂലി മാന്ത്രികക്കല്ലാണെന്നത്രേ കൊടുക്കുന്നവന്റെ സങ്കല്പം; തിരിയുന്നിടത്തെല്ലാം അവന്‍ വിജയം നേടുന്നു.
9: തെറ്റു പൊറുക്കുന്നവന്‍ സ്നേഹംനേടുന്നു; കുറ്റപ്പെടുത്തിക്കൊണ്ടേയിരിക്കുന്നവന്‍ സ്നേഹിതനെ പിണക്കിയകറ്റുന്നു.
10: ഭോഷനെ നൂറടിക്കുന്നതിനെക്കാള്‍, ബുദ്ധിമാനെ ഒന്നു ശകാരിക്കുന്നതു കൂടുതല്‍ ഉള്ളില്‍ത്തട്ടും.
11: അധമന്‍ എപ്പോഴും കലാപകാരിയാണ്; ക്രൂരനായ ഒരു ദൂതന്‍ അവനെതിരായി അയയ്ക്കപ്പെടും.
12: ഭോഷനെ അവന്റെ ഭോഷത്തത്തില്‍ നേരിടുന്നതിനെക്കാളെളുപ്പം, കുഞ്ഞുങ്ങള്‍ അപഹരിക്കപ്പെട്ട ഒരു പെണ്‍കരടിയെ നേരിടുകയാണ്.
13: ഉപകാരത്തിനു പകരം അപകാരംചെയ്യുന്നവന്റെ ഭവനത്തില്‍നിന്നു തിന്മ വിട്ടകലുകയില്ല.
14: കലഹത്തിന്റെ ആരംഭം അണപൊട്ടുന്നതുപോലെയാണ്; കലഹം തുടങ്ങുന്നതിനുമുമ്പുതന്നെ അതൊഴിവാക്കിക്കൊള്ളുക.
15: ദുഷ്ടരുടെ പ്രവൃത്തികളെ ന്യായീകരിക്കുന്നവനും, നീതിമാന്മാരില്‍ കുറ്റം ചുമത്തുന്നവനും, ഒന്നുപോലെ കര്‍ത്താവിനെ വെറുപ്പിക്കുന്നു.
16: ഭോഷനു ധനമുണ്ടായിട്ടെന്തു പ്രയോജനം? അവനു ജ്ഞാനം വിലയ്ക്കുവാങ്ങാന്‍ കഴിയുമോ?
17: മിത്രം എപ്പോഴും മിത്രംതന്നെ; ആപത്തില്‍ പങ്കുചേരാന്‍ ജനിച്ചവനാണു സഹോദരന്‍.
18: ബുദ്ധിഹീനന്‍ അയല്‍ക്കാരനു വാക്കുകൊടുക്കുകയും ജാമ്യം നില്ക്കുകയുംചെയ്യുന്നു.
19: നിയമനിഷേധകന്‍ കലഹപ്രിയനാണ്; വാതില്‍ ഉയര്‍ത്തിപ്പണിയുന്നവന്‍ നാശം ക്ഷണിച്ചുവരുത്തുന്നു.
20: കുടിലമാനസന്‍ ഐശ്വര്യം പ്രാപിക്കുകയില്ല; വികടഭാഷണംനടത്തുന്നവന്‍ ആപത്തില്‍പ്പതിക്കുന്നു.
21: വിഡ്ഢിയായ പുത്രന്‍ പിതാവിന്റെ ദുഃഖമാണ്; ഭോഷന്റെ പിതാവിന് ഒരിക്കലും സന്തോഷമില്ല
22: സന്തുഷ്ടഹൃദയം ആരോഗ്യദായകമാണ്; തളര്‍ന്ന മനസ്സ്, ആരോഗ്യംകെടുത്തുന്നു.
23: നീതിയുടെ വഴിതെറ്റിക്കാന്‍ ദുഷ്ടന്‍ രഹസ്യമായി കൈക്കൂലി വാങ്ങുന്നു.
24: ബുദ്ധിമാന്‍ ജ്ഞാനോന്മുഖനായിരിക്കുന്നു; ഭോഷന്റെ ദൃഷ്ടി അങ്ങുമിങ്ങും അലഞ്ഞുതിരിയുന്നു.
25: മൂഢനായ പുത്രന്‍ പിതാവിനു ദുഃഖവും അമ്മയ്ക്കു കയ്പുമാണ്.
26: നീതിമാന്റെമേല്‍ പിഴചുമത്തുന്നതു നന്നല്ല; ഉത്തമനെ പ്രഹരിക്കുന്നതു തെറ്റാണ്.
27: വാക്കുകള്‍ നിയന്ത്രിക്കുന്നവന്‍ വിജ്ഞനാണ്; പ്രശാന്തമായ മനസ്സുള്ളവന്‍ ബുദ്ധിമാനത്രേ.
28: മൗനം ഭജിക്കുന്ന മൂഢന്‍പോലും ജ്ഞാനിയെന്നു കരുതപ്പെടുന്നു; അവന്‍ വായ് പൂട്ടിയിരുന്നാല്‍ ബുദ്ധിമാനെന്നു ഗണിക്കപ്പെടുന്നു. 


അദ്ധ്യായം 18

1: വേറിട്ടുനില്ക്കുന്നവന്‍ എല്ലാ നല്ല തീരുമാനങ്ങളോടും മറുതലിച്ചുനില്ക്കാന്‍ പഴുതുനോക്കുന്നു.
2: ഭോഷനു സ്വന്തം അഭിപ്രായം പ്രകടിപ്പിക്കുന്നതിലല്ലാതെ കാര്യംഗ്രഹിക്കുന്നതില്‍ താല്പര്യമില്ല.
3: ദുഷ്ടതയോടൊപ്പം അവജ്ഞയും ദുഷ്‌കീര്‍ത്തിയോടൊപ്പം അപമാനവും വന്നുഭവിക്കുന്നു.
4: മനുഷ്യന്റെ വാക്കുകള്‍ അഗാധമായ ജലാശയമാണ്; ജ്ഞാനത്തിന്റെ ഉറവ പാഞ്ഞൊഴുകുന്ന അരുവിയും.
5: ദുഷ്ടനോടു പക്ഷപാതം കാണിക്കുന്നതോ നീതിമാനു നീതി നിഷേധിക്കുന്നതോ നന്നല്ല.
6: മൂഢന്റെ അധരങ്ങള്‍ കലഹത്തിനു വഴിതെളിക്കുന്നു; അവന്റെ വാക്കുകള്‍ ചാട്ടയടിയെ ക്ഷണിച്ചുവരുത്തുന്നു.
7: മൂഢന്റെ നാവ് അവനെ നശിപ്പിക്കുന്നു; അവന്റെയധരങ്ങള്‍ അവനു കെണിയാണ്.
8: ഏഷണിക്കാരന്റെ വാക്കുകള്‍ സ്വാദുള്ള അപ്പക്കഷണങ്ങള്‍പോലെയത്രേ; അത് ഉള്ളിലേക്കിറങ്ങിച്ചെല്ലുന്നു.
9: മടിയന്‍ മുടിയന്റെ സഹോദരനാണ്.
10: കര്‍ത്താവിന്റെ നാമം ബലിഷ്ഠമായ ഒരു ഗോപുരമാണ്; നീതിമാന്‍ അതില്‍ ഓടിക്കയറി സുരക്ഷിതനായിക്കഴിയുന്നു.
11: സമ്പത്താണു ധനികന്റെ ബലിഷ്ഠമായ നഗരം; ഉയര്‍ന്ന കോട്ടപോലെ അതവനെ സംരക്ഷിക്കുന്നു.
12: ഗര്‍വ്വം നാശത്തിന്റെ മുന്നോടിയാണ്; വിനയം ബഹുമതിയുടെയും.
13: ചോദ്യംമുഴുവന്‍ കേള്‍ക്കുന്നതിനുമുമ്പ്, ഉത്തരം പറയുന്നതു ഭോഷത്തവും മര്യാദകേടുമാണ്.
14: ഉന്മേഷമുള്ള മനസ്സ്, രോഗം സഹിക്കുന്നു; തളര്‍ന്നമനസ്സിനെ ആര്‍ക്കു താങ്ങാൻകഴിയും?
15: ബുദ്ധിമാന്‍ അറിവു നേടുന്നു; വിവേകി ജ്ഞാനത്തിനു കാതോര്‍ക്കുന്നു.
16: സമ്മാനം കൊടുക്കുന്നവനു വലിയവരുടെയടുക്കല്‍ പ്രവേ ശനവും സ്ഥാനവും ലഭിക്കുന്നു.
17: മറ്റൊരാള്‍ ചോദ്യംചെയ്യുന്നതുവരെ, വാദമുന്നയിക്കുന്നവന്‍പറയുന്നതാണു ന്യായമെന്നുതോന്നും.
18: നറുക്ക്, തര്‍ക്കങ്ങളവസാനിപ്പിക്കുന്നു; അതു പ്രബലരായ പ്രതിയോഗികളെ തീരുമാനത്തിലെത്തിക്കുന്നു.
19: സഹോദരന്‍ സഹായത്തിനുള്ളവന്‍, ഉറപ്പുള്ള നഗരംപോലെയാണ്; എന്നാല്‍ കലഹം ഇരുമ്പഴികള്‍പോലെ അവരെ പിടിച്ചകറ്റുന്നു.
20: അധരഫലം ഉപജീവനമാര്‍ഗ്ഗം നേടിക്കൊടുക്കുന്നു; അധരങ്ങള്‍ സംതൃപ്തി വിളയിക്കുന്നു.
21: ജീവനെ നശിപ്പിക്കാനും പുലര്‍ത്താനും നാവിനു കഴിയും; അതിനെ സ്നേഹിക്കുന്നവന്‍ അതിന്റെ കനി ഭുജിക്കണം.
22: ഉത്തമയായ ഭാര്യയെ കണ്ടെത്തുന്നവന്‍ ഭാഗ്യവാന്‍; അതു കര്‍ത്താവിന്റെയനുഗ്രഹമാണ്.
23: ദരിദ്രന്‍ കേണപേക്ഷിക്കുന്നു; ധനവാന്മാര്‍ പരുഷമായി മറുപടിനല്കുന്നു.
24: ചിലര്‍ സ്‌നേഹിതരെന്നു നടിക്കും; ചിലര്‍ സഹോദരനെക്കാള്‍ ഉറ്റവരാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ