നൂറ്റിയറുപത്തിരണ്ടാം ദിവസം: സങ്കീര്‍ത്തനങ്ങള്‍ 27 - 33


അദ്ധ്യായം 27

കര്‍ത്താവിലാശ്രയം
ദാവീദിന്റെ സങ്കീർത്തനം 
1: കര്‍ത്താവെന്റെ പ്രകാശവും രക്ഷയുമാണ്, ഞാനാരെ ഭയപ്പെടണം? കര്‍ത്താവെന്റെ ജീവിതത്തിനു കോട്ടയാണ്, ഞാനാരെപ്പേടിക്കണം?
2: എതിരാളികളും ശത്രുക്കളുമായ ദുര്‍വൃത്തര്‍ ദുരാരോപണങ്ങളുമായി എന്നെയാക്രമിക്കുമ്പോള്‍, അവര്‍തന്നെ കാലിടറിവീഴും. 
3: ഒരു സൈന്യംതന്നെ എനിക്കെതിരേ പാളയമടിച്ചാലും എന്റെ ഹൃദയം ഭയമറിയുകയില്ല; എനിക്കെതിരേ യുദ്ധമുണ്ടായാലും ഞാനാത്മധൈര്യം വെടിയുകയില്ല.
4: ഒരു കാര്യം ഞാന്‍ കര്‍ത്താവിനോടപേക്ഷിക്കുന്നു; ഒരു കാര്യംമാത്രം ഞാന്‍ തേടുന്നു; കര്‍ത്താവിന്റെ മാധുര്യമാസ്വദിക്കാനും കര്‍ത്താവിന്റെ ആലയത്തില്‍ അവിടുത്തെ ഹിതമാരായാനുംവേണ്ടി ജീവിതകാലംമുഴുവന്‍ അവിടുത്തെ ആലയത്തില്‍ വസിക്കാന്‍തന്നെ.
5: ക്ലേശകാലത്ത് അവിടുന്നു തന്റെ ആലയത്തില്‍ എനിക്കഭയംനല്കും; തന്റെ കൂടാരത്തിനുള്ളില്‍ എന്നെയൊളിപ്പിക്കും; എന്നെ ഉയര്‍ന്ന പാറമേല്‍ നിറുത്തും.
6: എന്നെ വലയംചെയ്യുന്ന ശത്രുക്കളുടെമുകളില്‍ എന്റെ ശിരസ്സുയര്‍ന്നു നില്ക്കും; ആഹ്ലാദാരവത്തോടെ അവിടുത്തെക്കൂടാരത്തില്‍ ഞാന്‍ ബലികളര്‍പ്പിക്കും; ഞാന്‍ വാദ്യഘോഷത്തോടെ കര്‍ത്താവിനെ സ്തുതിക്കും.
7: കര്‍ത്താവേ, ഞാന്‍ ഉച്ചത്തില്‍വിളിച്ചപേക്ഷിക്കുമ്പോള്‍ അവിടുന്നു കേള്‍ക്കണമേ! കാരുണ്യപൂര്‍വ്വം എനിക്കുത്തരമരുളണമേ!
8: എന്റെ മുഖംതേടുവിനെന്ന് അവിടുന്നു കല്പിച്ചു; കര്‍ത്താവേ, അങ്ങയുടെ മുഖം ഞാന്‍ തേടുന്നുവെന്ന്, എന്റെ ഹൃദയമങ്ങയോടു മന്ത്രിക്കുന്നു.
9: അങ്ങയുടെ മുഖം എന്നില്‍നിന്നു മറച്ചുവയ്ക്കരുതേ! എന്റെ സഹായകനായ ദൈവമേ, അങ്ങയുടെ ദാസനെ കോപത്തോടെ തള്ളിക്കളയരുതേ! എന്റെ രക്ഷകനായ ദൈവമേ എന്നെ തിരസ്കരിക്കരുതേ! എന്നെ കൈവെടിയരുതേ!
10: അപ്പനുമമ്മയും എന്നെയുപേക്ഷിച്ചാലും കര്‍ത്താവെന്നെ കൈക്കൊള്ളും.
11: കര്‍ത്താവേ, അങ്ങയുടെ വഴി എനിക്കു കാണിച്ചുതരണമേ; എനിക്കു ശത്രുക്കളുള്ളതിനാല്‍ എന്നെ നിരപ്പായ വഴിയിലൂടെ നയിക്കണമേ.
12: വൈരികളുടെ ഇഷ്ടത്തിന് എന്നെ വിട്ടുകൊടുക്കരുതേ; കള്ളസാക്ഷികള്‍ എനിക്കെതിരേ ഉയര്‍ന്നിരിക്കുന്നു; അവര്‍ ക്രൂരത നിശ്വസിക്കുന്നു.
13: ജീവിക്കുന്നവരുടെ ദേശത്തു കര്‍ത്താവിന്റെ നന്മകാണാമെന്നു ഞാന്‍ വിശ്വസിക്കുന്നു.
14: കര്‍ത്താവില്‍ പ്രത്യാശയര്‍പ്പിക്കുവിന്‍, ദുര്‍ബലരാകാതെ ധൈര്യമവലംബിക്കുവിന്‍‍; കര്‍ത്താവിനുവേണ്ടിക്കാത്തിരിക്കുവിന്‍‍.

അദ്ധ്യായം 28

കര്‍ത്താവേ, സഹായിക്കണമേ!
ദാവീദിന്റെ സങ്കീർത്തനം 
1: കര്‍ത്താവേ, ഞാനങ്ങയെ വിളിച്ചപേക്ഷിക്കുന്നു; എന്റെ അഭയശിലയായ അങ്ങ്, എനിക്കുനേരേ ചെവിയടയ്ക്കരുതേ! അങ്ങു മൗനംപാലിച്ചാല്‍ ഞാന്‍ പാതാളത്തില്‍ പതിക്കുന്നവനെപ്പോലെയാകും.
2: അങ്ങയുടെ ശ്രീകോവിലിലേക്കു കൈകള്‍നീട്ടി ഞാന്‍ സഹായത്തിനായി വിളിച്ചപേക്ഷിക്കുമ്പോള്‍ എന്റെ യാചനയുടെ സ്വരം ശ്രവിക്കണമേ!
3: ദുഷ്‌കര്‍മ്മികളായ നീചരോടുകൂടെ എന്നെ വലിച്ചിഴയ്ക്കരുതേ! അവര്‍ അയല്‍ക്കാരനോടു സൗഹൃദത്തോടെ സംസാരിക്കുന്നു; എന്നാല്‍, അവരുടെ ഹൃദയത്തില്‍ ദുഷ്ടത കുടികൊള്ളുന്നു. .
4: അവരുടെ പ്രവൃത്തികള്‍ക്കനുസരിച്ച്, അവരുടെ അകൃത്യങ്ങള്‍ക്കനുസരിച്ച്, അവര്‍ക്കു പ്രതിഫലം നല്കണമേ! അവര്‍ ചെയ്തതനുസരിച്ച് അവരോടു ചെയ്യണമേ! അവര്‍ക്കു തക്ക പ്രതിഫലം കൊടുക്കണമേ!
5: അവര്‍ കര്‍ത്താവിന്റെ പ്രവൃത്തികളെയും കരവേലകളെയും പരിഗണിച്ചില്ല. അതുകൊണ്ട് അവിടുന്നവരെ ഇടിച്ചുനിരത്തും, പിന്നീടൊരിക്കലും പണിതുയര്‍ത്തുകയില്ല.
6: കര്‍ത്താവു വാഴ്ത്തപ്പെടട്ടെ! അവിടുന്നെന്റെ യാചനകളുടെ സ്വരം ശ്രവിച്ചിരിക്കുന്നു.
7: കര്‍ത്താവെന്റെ ശക്തിയും പരിചയുമാണ്; കര്‍ത്താവിലെന്റെ ഹൃദയം ശരണംവയ്ക്കുന്നു, അതുകൊണ്ട്, എനിക്കു സഹായം ലഭിക്കുന്നു, എന്റെ ഹൃദയമാനന്ദിക്കുന്നു, ഞാന്‍ കീര്‍ത്തനമാലപിച്ച് അവിടുത്തോടു നന്ദിപറയുന്നു.
8: കര്‍ത്താവു സ്വന്തം ജനത്തിന്റെ ശക്തിയാണ്; തന്റെ അഭിഷിക്തനു സംരക്ഷണംനല്കുന്ന അഭയസ്ഥാനമവിടുന്നാണ്.
9: അവിടുത്തെ ജനത്തെ സംരക്ഷിക്കണമേ! അങ്ങയുടെ അവകാശത്തെ അനുഗ്രഹിക്കണമേ! അവരുടെ ഇടയനായിരിക്കുകയും എന്നും അവരെ സംവഹിക്കുകയും ചെയ്യണമേ!

അദ്ധ്യായം 29

കര്‍ത്താവിന്റെ ശക്തമായ സ്വരം
ദാവീദിന്റെ സങ്കീർത്തനം 
1: സ്വര്‍ഗ്ഗവാസികളേ, കര്‍ത്താവിനെ സ്തുതിക്കുവിന്‍: മഹത്വവും ശക്തിയും അവിടുത്തേതെന്നു പ്രഘോഷിക്കുവിന്‍.
2: കര്‍ത്താവിന്റെ മഹത്വപൂര്‍ണ്ണമായ നാമത്തെ സ്തുതിക്കുവിന്‍; വിശുദ്ധവസ്ത്രങ്ങളണിഞ്ഞ് അവിടുത്തെയാരാധിക്കുവിന്‍. .
3: കര്‍ത്താവിന്റെ സ്വരം ജലരാശിക്കുമീതേ മുഴങ്ങുന്നു; ജലസഞ്ചയങ്ങള്‍ക്കുമീതേ മഹത്വത്തിന്റെ ദൈവം ഇടിനാദംമുഴക്കുന്നു. 
4: കര്‍ത്താവിന്റെ സ്വരം ശക്തിനിറഞ്ഞതാണ്; അവിടുത്തെ ശബ്ദം പ്രതാപമുറ്റതാണ്.
5: കര്‍ത്താവിന്റെ സ്വരം ദേവദാരുക്കളെത്തകര്‍ക്കുന്നു; കര്‍ത്താവു ലബനോനിലെ ദേവദാരുക്കളെ ഒടിച്ചുതകര്‍ക്കുന്നു.
6: അവിടുന്നു ലബനോനെ കാളക്കുട്ടിയെപ്പോലെ തുള്ളിക്കുന്നു; സീറിയോനെ കാട്ടുപോത്തിനെപ്പോലെയും!
7: കര്‍ത്താവിന്റെ സ്വരം അഗ്നിജ്വാലകള്‍ പുറപ്പെടുവിക്കുന്നു.
8: കര്‍ത്താവിന്റെ സ്വരം മരുഭൂമിയെ വിറകൊള്ളിക്കുന്നു; കര്‍ത്താവു കാദെഷ്‌മരുഭൂമിയെ നടുക്കുന്നു.
9: കര്‍ത്താവിന്റെ സ്വരം ഓക്കുമരങ്ങളെ ചുഴറ്റുന്നു; അതു വനങ്ങളെ വൃക്ഷരഹിതമാക്കുന്നു; അവിടുത്തെ ആലയത്തില്‍ മഹത്വമെന്ന് എല്ലാവരും പ്രഘോഷിക്കുന്നു.
10: കര്‍ത്താവു ജലസഞ്ചയത്തിനുമേല്‍ സിംഹാസനസ്ഥനായിരിക്കുന്നു. അവിടുന്ന് എന്നേയ്ക്കും രാജാവായി സിംഹാസനത്തില്‍ വാഴുന്നു.
11: കര്‍ത്താവു തന്റെ ജനത്തിനു ശക്തിപ്രദാനംചെയ്യട്ടെ! അവിടുന്നു തന്റെ ജനത്തെ സമാധാനംനല്കിയനുഗ്രഹിക്കട്ടെ!

അദ്ധ്യായം 30

കൃതജ്ഞതാഗാനം
ദാവീദിന്റെ സങ്കീർത്തനം . ദേവാലയപ്രതിഷ്ഠയ്ക്കുള്ള  ഗീതം. 
1: കര്‍ത്താവേഞാനങ്ങയെ പാടിപ്പുകഴ്ത്തുംഅവിടുന്നെന്നെ രക്ഷിച്ചുഎന്റെ ശത്രു, എന്റെമേല്‍ വിജയമാഘോഷിക്കാനിടയാക്കിയില്ല.
2: എന്റെ ദൈവമായ കര്‍ത്താവേഞാനങ്ങയോടു നിലവിളിച്ചപേക്ഷിച്ചുഅവിടുന്നെന്നെ സുഖപ്പെടുത്തുകയും ചെയ്തു.
3: കര്‍ത്താവേഅവിടുന്നെന്നെ പാതാളത്തില്‍നിന്നു കരകയറ്റിമരണഗര്‍ത്തത്തില്‍ പതിച്ചവരുടെയിടയില്‍നിന്ന് എന്നെ ജീവനിലേക്കാനയിച്ചു.
4: കര്‍ത്താവിന്റെ വിശുദ്ധരേഅവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍; അവിടുത്തെ പരിശുദ്ധനാമത്തിനു കൃതജ്ഞതയര്‍പ്പിക്കുവിന്‍.
5: എന്തെന്നാല്‍, അവിടുത്തെ കോപം നിമിഷനേരത്തേക്കേയുള്ളുഅവിടുത്തെ പ്രസാദം, ആജീവനാന്തം നിലനില്ക്കുന്നുരാത്രിയില്‍ വിലാപമുണ്ടായേക്കാംഎന്നാല്‍ പ്രഭാതത്തോടെ സന്തോഷത്തിന്റെ വരവായി.
6: ഞാനൊരിക്കലും കുലുങ്ങുകയില്ലെന്ന് ഐശ്വര്യകാലത്തു ഞാന്‍ പറഞ്ഞു.
7: കര്‍ത്താവേഅങ്ങയുടെ കാരുണ്യം എന്നെ ശക്തമായ പര്‍വ്വതത്തെപ്പോലെ ഉറപ്പിച്ചിരുന്നുഅങ്ങു മുഖംമറച്ചപ്പോള്‍ ഞാന്‍ പരിഭ്രമിച്ചുപോയി. 
8: കര്‍ത്താവേഅങ്ങയോടു ഞാന്‍ നിലവിളിച്ചുഞാന്‍ കര്‍ത്താവിനോടു യാചിച്ചു. 
9: ഞാന്‍ പാതാളത്തില്‍പ്പതിച്ചാല്‍ എന്റെ മരണംകൊണ്ട് എന്തുഫലംധൂളി അങ്ങയെ വാഴ്ത്തുമോഅതങ്ങയുടെ വിശ്വസ്തതയെ പ്രഘോഷിക്കുമോ?
10: കര്‍ത്താവേഎന്റെ യാചനകേട്ട്, എന്നോടു കരുണതോന്നണമേ! കര്‍ത്താവേഅവിടുന്നെന്നെ സഹായിക്കണമേ!  
11: അവിടുന്നെന്റെ വിലാപത്തെ ആനന്ദനൃത്തമാക്കി മാറ്റിഅവിടുന്നെന്നെചാക്കുവസ്ത്രമഴിച്ച്ആനന്ദമണിയിച്ചു.  
12: ഞാന്‍ മൗനംപാലിക്കാതെ അങ്ങയെ പാടിപ്പുകഴ്ത്തുംദൈവമായ കര്‍ത്താവേഞാനങ്ങേയ്ക്കെന്നും നന്ദിപറയും.

അദ്ധ്യായം 31

കര്‍ത്താവ് എന്റെ സങ്കേതം
ഗായകസംഘനേതാവിന്, ദാവീദിന്റെ സങ്കീർത്തനം . 
1: കര്‍ത്താവേ, അങ്ങയില്‍ ഞാനഭയം തേടുന്നു, ലജ്ജിക്കാന്‍ എനിക്കിടവരുത്തരുതേ! നീതിമാനായ അങ്ങ്, എന്നെ രക്ഷിക്കണമേ!
2: എന്റെനേരേ ചെവിചായിച്ച്, എന്നെ അതിവേഗം വിടുവിക്കണമേ! അവിടുന്നെന്റെ അഭയശിലയും എനിക്കു രക്ഷനല്കുന്ന ശക്തിദുര്‍ഗ്ഗവുമായിരിക്കണമേ!
3: അവിടുന്നെനിക്കു പാറയും കോട്ടയുമാണ്; അങ്ങയുടെ നാമത്തെപ്രതി എന്നെ നയിക്കണമേ; എനിക്കു വഴികാട്ടിയായിരിക്കണമേ!
4: എനിക്കായി ഒളിച്ചുവച്ചിരിക്കുന്ന വലയില്‍നിന്ന് എന്നെ രക്ഷിക്കണമേ! അവിടുന്നാണെന്റെ അഭയസ്ഥാനം. .
5: അങ്ങയുടെ കരങ്ങളില്‍ എന്റെയാത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു; കര്‍ത്താവേ, വിശ്വസ്തനായ ദൈവമേ, അവിടുന്നെന്നെ രക്ഷിച്ചു.
6: വ്യര്‍ത്ഥവിഗ്രഹങ്ങളെയാരാധിക്കുന്നവരെ അവിടുന്നു വെറുക്കുന്നു; എന്നാല്‍, ഞാന്‍ കര്‍ത്താവിലാശ്രയിക്കുന്നു;
7: അങ്ങയുടെ അചഞ്ചല സ്നേഹത്തില്‍ ഞാനാനന്ദമടയും; അവിടുന്നെന്റെ ദുരിതങ്ങള്‍ കണ്ടിരിക്കുന്നു; എന്റെ യാതനകള്‍ അങ്ങു ശ്രദ്ധിച്ചിരിക്കുന്നു.
8: ശത്രുകരങ്ങളില്‍ അങ്ങെന്നെ ഏല്പിച്ചുകൊടുത്തില്ല; വിശാലസ്ഥലത്ത് എന്റെ പാദങ്ങളെ അങ്ങുറപ്പിച്ചിരിക്കുന്നു.
9: കര്‍ത്താവേ, എന്നോടു കരുണതോന്നണമേ! ഞാന്‍ ദുരിതമനുഭവിക്കുന്നു; ദുഃഖംകൊണ്ട് എന്റെ നയനങ്ങള്‍ ക്ഷയിച്ചിരിക്കുന്നു; എന്റെ ജീവനും ശരീരവും തളര്‍ന്നിരിക്കുന്നു. .
10: എന്റെ ആയുസ്സു ദുഃഖത്തിലും എന്റെ വത്സരങ്ങള്‍ നെടുവീര്‍പ്പിലും കടന്നുപോകുന്നു; ദുരിതംകൊണ്ട് എന്റെ ശക്തി ക്ഷയിക്കുന്നു, എന്റെ അസ്ഥി ദ്രവിച്ചുപോകുന്നു.
11: ശത്രുക്കള്‍ക്കു ഞാന്‍ പരിഹാസപാത്രമായി, അയല്‍ക്കാര്‍ക്കു ഞാന്‍ ഭീകരസത്വമാണ്; പരിചയക്കാര്‍ എന്നെക്കണ്ടു നടുങ്ങുന്നു, തെരുവില്‍, എന്നെക്കാണുന്നവര്‍ ഓടിയകലുന്നു.
12: മൃതനെപ്പോലെ ഞാന്‍ വിസ്മൃതനായിരിക്കുന്നു; ഞാന്‍ ഉടഞ്ഞുചിതറിയ പാത്രംപോലെയായിത്തീര്‍ന്നു.
13: പലരും മന്ത്രിക്കുന്നതു ഞാന്‍ കേള്‍ക്കുന്നു; ചുറ്റും ഭീഷണിതന്നെ; എനിക്കെതിരേ അവര്‍ ഒന്നുചേര്‍ന്നു ഗൂഢാലോചന നടത്തുന്നു; എന്റെ ജീവനപഹരിക്കാന്‍ അവരാലോചിക്കുന്നു.
14: കര്‍ത്താവേ, ഞാനങ്ങയിലാശ്രയിക്കുന്നു; അങ്ങാണെന്റെ ദൈവമെന്നു ഞാന്‍ പ്രഖ്യാപിക്കുന്നു.
15: എന്റെ ഭാഗധേയം അങ്ങയുടെ കൈകളിലാണ്; ശത്രുക്കളുടെയും പീഡകരുടെയും കൈകളില്‍നിന്ന് എന്നെ മോചിപ്പിക്കണമേ!
16: അങ്ങയുടെ ദൃഷ്ടി ഈ ദാസന്റെമേല്‍ പതിക്കണമേ! അങ്ങയുടെ കാരുണ്യത്താല്‍ എന്നെ രക്ഷിക്കണമേ!
17: കര്‍ത്താവേ, ഞാനങ്ങയെ വിളിച്ചപേക്ഷിക്കുന്നു; ഞാന്‍ ലജ്ജിതനാകാനിടയാക്കരുതേ! ദുഷ്ടരെ ലജ്ജിതരാക്കണമേ! അവര്‍ മൂകരായി പാതാളത്തില്‍പ്പതിക്കട്ടെ!
18: അസത്യംപറയുന്ന അധരങ്ങള്‍ മൂകമാകട്ടെ! അവര്‍ അഹന്തയോടും അവജ്ഞയോടുംകൂടെ നീതിമാന്മാര്‍ക്കെതിരേ സംസാരിക്കുന്നു.
19: കര്‍ത്താവേ, അങ്ങയുടെ അനുഗ്രഹങ്ങള്‍ എത്ര വിപുലമാണ്! തന്റെ ഭക്തര്‍ക്കുവേണ്ടി അവിടുന്നവ ഒരുക്കിവച്ചിരിക്കുന്നു; അങ്ങയില്‍ അഭയംതേടുന്നവര്‍ക്ക് അവ പരസ്യമായിനല്കുന്നു.
20: അങ്ങവരെ മനുഷ്യരുടെ ഗൂഢാലോചനയില്‍നിന്നു രക്ഷിക്കാന്‍ അങ്ങയുടെ സാന്നിദ്ധ്യത്തിന്റെ മറവിലൊളിപ്പിച്ചു. നിന്ദാവചനങ്ങളേല്‍ക്കാതെ അങ്ങയുടെ കൂടാരത്തില്‍ അവരെ മറച്ചുവച്ചു.
21: കര്‍ത്താവു വാഴ്ത്തപ്പെടട്ടെ! ആക്രമിക്കപ്പെട്ട നഗരത്തിലെന്നപോലെ ഞാന്‍ അസ്വസ്ഥനായിരുന്നു; അവിടുന്നു വിസ്മയകരമാംവിധം എന്നോടു കാരുണ്യംകാണിച്ചു.
22: അങ്ങയുടെ ദൃഷ്ടിയില്‍നിന്നു ഞാന്‍ പുറന്തള്ളപ്പെട്ടുവെന്ന് എന്റെ പരിഭ്രമത്തില്‍ ഞാന്‍ പറഞ്ഞുപോയി; എന്നാല്‍, ഞാന്‍ സഹായത്തിനു യാചിച്ചപ്പോള്‍ അവിടുന്നെന്റെ അപേക്ഷകേട്ടു.
23: കര്‍ത്താവിന്റെ വിശുദ്ധരേ, അവിടുത്തെ സ്നേഹിക്കുവിന്‍ ‍; അവിടുന്നു വിശ്വസ്തരെ പരിപാലിക്കുന്നു; അഹങ്കാരികളെ കഠിനമായി ശിക്ഷിക്കുന്നു.
24: കര്‍ത്താവിനെ കാത്തിരിക്കുന്നവരേ, ദുര്‍ബ്ബലരാകാതെ ധൈര്യമവലംബിക്കുവിന്‍.

അദ്ധ്യായം 32

മാപ്പുലഭിച്ചവന്റെ ആനന്ദം

ദാവീദിന്റെ സങ്കീർത്തനം. ഒരു പ്രബോധനഗീതം.
1: അതിക്രമങ്ങള്‍ക്കു മാപ്പും പാപങ്ങള്‍ക്കു മോചനവുംലഭിച്ചവന്‍ ഭാഗ്യവാന്‍.
2: കര്‍ത്താവു കുറ്റംചുമത്താത്തവനും ഹൃദയത്തില്‍ വഞ്ചനയില്ലാത്തവനും ഭാഗ്യവാന്‍.
3: ഞാന്‍ പാപങ്ങളേറ്റുപറയാതിരുന്നപ്പോള്‍ ദിവസംമുഴുവന്‍ കരഞ്ഞ്, എന്റെ ശരീരം ക്ഷയിച്ചുപോയി.
4: രാവുംപകലും അങ്ങയുടെ കരം എന്റെമേല്‍ പതിച്ചിരുന്നു; വേനല്‍ക്കാലത്തെ ചൂടുകൊണ്ടെന്നപോലെ എന്റെ ശക്തി വരണ്ടുപോയി.
5: എന്റെ പാപം അവിടുത്തോടു ഞാനേറ്റു പറഞ്ഞു; എന്റെയകൃത്യം ഞാന്‍ മറച്ചുവച്ചില്ല; എന്റെ അതിക്രമങ്ങള്‍ കര്‍ത്താവിനോടു ഞാനേറ്റുപറയുമെന്നു ഞാന്‍ പറഞ്ഞു; അപ്പോള്‍ എന്റെ പാപം, അവിടുന്നു ക്ഷമിച്ചു.
6: ആകയാല്‍, ദൈവഭക്തര്‍ ആപത്തില്‍ അവിടുത്തോടു പ്രാര്‍ത്ഥിക്കട്ടെ; കഷ്ടത കരകവിഞ്ഞൊഴുകിയാലും അതവരെ സമീപിക്കുകയില്ല.
7: അവിടുന്നെന്റെ അഭയസങ്കേതമാണ്; അനര്‍ത്ഥങ്ങളില്‍നിന്ന് അവിടുന്നെന്നെ രക്ഷിക്കുന്നു; രക്ഷകൊണ്ട്, എന്നെപ്പൊതിയുന്നു.
8: ഞാന്‍ നിന്നെയുപദേശിക്കാം, നീ നടക്കേണ്ട വഴി കാണിച്ചുതരാം; ഞാന്‍ നിന്റെമേല്‍ ദൃഷ്ടിയുറപ്പിച്ചു നിന്നെയുപദേശിക്കാം.
9: നീ കുതിരയെയും കോവര്‍ക്കഴുതയെയുംപോലെ ബുദ്ധിയില്ലാത്തവനാകരുത്; കടിഞ്ഞാണ്‍കൊണ്ടു നിയന്ത്രിച്ചില്ലെങ്കില്‍ അവ നിന്റെ വരുതിയില്‍ നില്ക്കുകയില്ല.
10: ദുഷ്ടരനുഭവിക്കേണ്ട വേദനകള്‍ വളരെയാണ്; കര്‍ത്താവിലാശ്രയിക്കുന്നവനെ അവിടുത്തെ സ്നേഹം, വലയംചെയ്യും.
11: നീതിമാന്മാരേ, കര്‍ത്താവിലാനന്ദിക്കുവിന്‍, പരമാര്‍ത്ഥഹൃദയരേ, ആഹ്ലാദിച്ച് ആര്‍ത്തുവിളിക്കുവിന്‍‍.

അദ്ധ്യായം 33

സ്രഷ്ടാവും പരിപാലകനുമായ ദൈവം

1: നീതിമാന്മാരേ, കര്‍ത്താവിലാനന്ദിക്കുവിന്‍ ‍; സ്തോത്രമാലപിക്കുന്നതു നീതിമാന്മാര്‍ക്കു യുക്തമാണല്ലോ.
2: കിന്നരംകൊണ്ടു കര്‍ത്താവിനെ സ്തുതിക്കുവിന്‍, പത്തുകമ്പിയുള്ള വീണമീട്ടി അവിടുത്തേക്കു കീര്‍ത്തനമാലപിക്കുവിന്‍.
3: കര്‍ത്താവിനൊരു പുതിയ കീര്‍ത്തനമാലപിക്കുവിന്‍‍; ഉച്ചത്തില്‍, ആര്‍പ്പുവിളികളോടെ, വിദഗ്ദ്ധമായി തന്ത്രിമീട്ടുവിന്‍.
4: കര്‍ത്താവിന്റെ വചനം സത്യമാണ്; അവിടുത്തെ പ്രവൃത്തി വിശ്വസനീയമാണ്.
5: അവിടുന്നു നീതിയും ന്യായവും ഇഷ്ടപ്പെടുന്നു. കര്‍ത്താവിന്റെ കാരുണ്യംകൊണ്ടു ഭൂമിനിറഞ്ഞിരിക്കുന്നു.
6: കര്‍ത്താവിന്റെ വചനത്താല്‍ ആകാശം നിര്‍മ്മിക്കപ്പെട്ടു; അവിടുത്തെ കല്പനയാല്‍ ആകാശഗോളങ്ങളും.
7: അവിടുന്നു സമുദ്രജലത്തെ ഒരുമിച്ചുകൂട്ടി; ആഴങ്ങളെ അവിടുന്നു കലവറകളില്‍ സംഭരിച്ചു.
8: ഭൂമിമുഴുവന്‍ കര്‍ത്താവിനെ ഭയപ്പെടട്ടെ! ഭൂവാസികള്‍ അവിടുത്തെ മുമ്പില്‍ ഭയത്തോടെ നില്‍ക്കട്ടെ!
9: അവിടുന്നരുളിച്ചെയ്തു, ലോകമുണ്ടായി; അവിടുന്നു കല്പിച്ചു, അതു സുസ്ഥാപിതമായി.
10: കര്‍ത്താവു ജനതകളുടെ ആലോചനകളെ വ്യര്‍ത്ഥമാക്കുന്നു; അവരുടെ പദ്ധതികളെ അവിടുന്നു തകര്‍ക്കുന്നു.
11: കര്‍ത്താവിന്റെ പദ്ധതികള്‍ ശാശ്വതമാണ്; അവിടുത്തെ ചിന്തകള്‍ തലമുറകളോളം നിലനില്‍ക്കുന്നു.
12: കര്‍ത്താവു ദൈവമായുള്ള ജനവും അവിടുന്നു തനിക്കുവേണ്ടി തിരഞ്ഞെടുത്ത ജനതയും ഭാഗ്യമുള്ളവരാണ്.
13: കര്‍ത്താവു സ്വര്‍ഗ്ഗത്തില്‍നിന്നു താഴേക്കു നോക്കുന്നു; അവിടുന്ന് എല്ലാ മനുഷ്യരെയും കാണുന്നു.
14: തന്റെ സിംഹാസനത്തില്‍നിന്ന് അവിടുന്നു ഭൂവാസികളെ വീക്ഷിക്കുന്നു.
15: അവരുടെ ഹൃദയങ്ങളെ രൂപപ്പെടുത്തുന്നവന്‍ അവരുടെ പ്രവൃത്തികളെ നിരീക്ഷിക്കുന്നു.
16: സൈന്യബാഹുല്യംകൊണ്ടുമാത്രം രാജാവു രക്ഷനേടുന്നില്ല; കരുത്തുകൊണ്ടുമാത്രം യോദ്ധാവു മോചിതനാകുന്നില്ല.
17: പടക്കുതിരയെക്കൊണ്ടു ജയിക്കാമെന്ന ആശ, വ്യര്‍ത്ഥമാണ്; അതിന്റെ വലിയ ശക്തികൊണ്ട് അതിനു രക്ഷിക്കാന്‍കഴിയുകയില്ല.
18: ഇതാ! തന്നെ ഭയപ്പെടുന്നവരെയും തന്റെ കാരുണ്യത്തില്‍ പ്രത്യാശവയ്ക്കുന്നവരെയും കര്‍ത്താവു കടാക്ഷിക്കുന്നു.
19: അവിടുന്നവരുടെ പ്രാണനെ മരണത്തില്‍നിന്നു രക്ഷിക്കുന്നു; ക്ഷാമത്തില്‍ അവരുടെ ജീവന്‍ നിലനിര്‍ത്തുന്നു.
20: നാം കര്‍ത്താവിനുവേണ്ടി കാത്തിരിക്കുന്നു, അവിടുന്നാണു നമ്മുടെ സഹായവും പരിചയും.
21: നമ്മുടെ ഹൃദയം കര്‍ത്താവില്‍ സന്തോഷിക്കുന്നു; എന്തെന്നാല്‍, നമ്മള്‍ അവിടുത്തെ വിശുദ്ധ നാമത്തില്‍ ആശ്രയിക്കുന്നു.
22: കര്‍ത്താവേ, അങ്ങയുടെ കാരുണ്യം ഞങ്ങളുടെമേല്‍ ചൊരിയണമേ! ഞങ്ങള്‍ അങ്ങയില്‍ പ്രത്യാശയര്‍പ്പിച്ചിരിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ