നൂറ്റിയറുപത്തിയെട്ടാം ദിവസം: സങ്കീര്‍ത്തനങ്ങള്‍ 69 - 74


അദ്ധ്യായം 69

ദീനരോദനം
ഗായകസംഘനേതാവിന്, സാരസരാഗത്തിൽ ദാവീദിന്റെ സങ്കീർത്തനം 
1: ദൈവമേ, എന്നെ രക്ഷിക്കണമേ! വെള്ളം എന്റെ കഴുത്തോളമെത്തിയിരിക്കുന്നു.
2: കാലുറയ്ക്കാത്ത, ആഴമുള്ള ചേറ്റില്‍ ഞാന്‍ താഴുന്നു; ആഴമുള്ള ജലത്തില്‍ ഞാനെത്തിയിരിക്കുന്നു; ജലം എന്റെമേല്‍ കവിഞ്ഞൊഴുകുന്നു.
3: കരഞ്ഞുകരഞ്ഞു ഞാന്‍ തളര്‍ന്നു, എന്റെ തൊണ്ട വരണ്ടു, ദൈവത്തെ കാത്തിരുന്ന്, എന്റെ കണ്ണുകള്‍ മങ്ങി.
4: കാരണംകൂടാതെ എന്നെയെതിര്‍ക്കുന്നവര്‍ എന്റെ തലമുടിയിഴകളെക്കാള്‍ കൂടുതലാണ്. എന്നെ നശിപ്പിക്കാനൊരുങ്ങിയവര്‍, നുണകൊണ്ട് എന്നെയാക്രമിക്കുന്നവര്‍, പ്രബലരാണ്. ഞാന്‍ മോഷ്ടിക്കാത്തതു തിരിച്ചുകൊടുക്കാനാവുമോ?
5: കര്‍ത്താവേ, എന്റെ ഭോഷത്തം അവിടുന്നറിയുന്നു; എന്റെ തെറ്റുകള്‍ അങ്ങയില്‍നിന്നു മറഞ്ഞിരിക്കുന്നില്ല.
6: സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവേ, അങ്ങയില്‍ പ്രത്യാശവയ്ക്കുന്നവര്‍ ഞാന്‍മൂലം ലജ്ജിക്കാനിടയാക്കരുതേ! ഇസ്രായേലിന്റെ ദൈവമേ, അങ്ങയെ അന്വേഷിക്കുന്നവര്‍, ഞാന്‍മൂലം അപമാനിതരാകാന്‍ സമ്മതിക്കരുതേ!
7: അങ്ങയെപ്രതിയാണു ഞാന്‍ നിന്ദനംസഹിച്ചതും ലജ്ജ, എന്റെ മുഖത്തെ ആവരണംചെയ്തതും.
8: എന്റെ സഹോദരര്‍ക്കു ഞാനപരിചിതനും എന്റെ അമ്മയുടെ മക്കള്‍ക്കു ഞാനന്യനുമായിത്തീര്‍ന്നു.
9: അങ്ങയുടെ ആലയത്തെക്കുറിച്ചുള്ള തീക്ഷ്ണത എന്നെ വിഴുങ്ങിക്കളഞ്ഞു; അങ്ങയെ നിന്ദിക്കുന്നവരുടെ നിന്ദനം എന്റെമേല്‍ നിപതിച്ചു.
10: ഉപവാസംകൊണ്ടു ഞാന്‍ എന്നെത്തന്നെ വിനീതനാക്കി; അതും എനിക്കു നിന്ദനത്തിനു കാരണമായി.
11: ഞാന്‍ ചാക്കുടുത്തു; അതുനിമിത്തം ഞാനവര്‍ക്കു പഴമൊഴിയായി.
12: നഗരകവാടത്തിങ്കലിരിക്കുന്നവര്‍ക്കു ഞാന്‍ സംസാരവിഷയമായി; മദ്യപര്‍ എന്നെക്കുറിച്ചു പാട്ടുകള്‍ ചമയ്ക്കുന്നു.
13: കര്‍ത്താവേ, ഞാനങ്ങയോടു പ്രാര്‍ത്ഥിക്കുന്നു, ദൈവമേ, കരുണാസമ്പന്നനായ അങ്ങേയ്ക്ക് ഉചിതമെന്നു തോന്നുമ്പോള്‍ എനിക്കുത്തരമരുളണമേ!
14: രക്ഷയുടെ വാഗ്ദാനത്തില്‍ അങ്ങു വിശ്വസ്തനാണല്ലോ; ഞാന്‍ ചേറില്‍ മുങ്ങിപ്പോകാതെ എന്നെ രക്ഷിക്കണമേ! ശത്രുക്കളില്‍നിന്നും സമുദ്രത്തിന്റെ ആഴത്തില്‍നിന്നും എന്നെ മോചിപ്പിക്കണമേ!
15: ജലം എന്റെമേല്‍ കവിഞ്ഞൊഴുകാതിരിക്കട്ടെ! ആഴങ്ങള്‍ എന്നെ വിഴുങ്ങാതിരിക്കട്ടെ! പാതാളം എന്നെ മൂടിക്കളയാതിരിക്കട്ടെ!
16: കര്‍ത്താവേ, എനിക്കുത്തരമരുളണമേ! അങ്ങയുടെ ചഞ്ചലസ്‌നേഹം അതിശ്രേഷ്ഠമാണല്ലോ; കരുണാസമ്പന്നനായ അവിടുന്ന് എന്നെക്കടാക്ഷിക്കണമേ! 
17: അങ്ങയുടെ ദാസനില്‍നിന്നു മുഖംമറയ്ക്കരുതേ! ഞാന്‍ കഷ്ടതയിലകപ്പെട്ടു. വേഗമെനിക്ക് ഉത്തരമരുളണമേ!
18: എന്റെ അടുത്തുവന്ന് എന്നെ രക്ഷിക്കണമേ! ശത്രുക്കളില്‍നിന്ന് എന്നെ സ്വതന്ത്രനാക്കണമേ!
19: ഞാനേറ്റ നിന്ദനവും ലജ്ജയും അപമാനവും അവിടുന്നറിയുന്നു; എന്റെ ശത്രുക്കളെ അങ്ങേയ്ക്കറിയാമല്ലോ.
20: നിന്ദനം എന്റെ ഹൃദയത്തെ തകര്‍ത്തു, ഞാന്‍ നൈരാശ്യത്തിലാണ്ടു; സഹതപിക്കുന്നവരുണ്ടോ എന്നു ഞാനന്വേഷിച്ചു; ആരെയും കണ്ടില്ല. ആശ്വസിപ്പിക്കുന്നവരുണ്ടോ എന്നുനോക്കി; ആരുമുണ്ടായിരുന്നില്ല.
21: ഭക്ഷണമായി അവരെനിക്കു വിഷംതന്നു, ദാഹത്തിന് അവരെനിക്കു വിനാഗരി തന്നു.
22: അവരുടെ ഭക്ഷണമേശ, അവര്‍ക്കു കെണിയായിത്തീരട്ടെ! അവരുടെ യാഗോത്സവങ്ങള്‍ കുരുക്കായിത്തീരട്ടെ!
23: അവര്‍ കണ്ണിരുണ്ട് അന്ധരായിപ്പോകട്ടെ! അവരുടെ അരക്കെട്ടു നിരന്തരം വിറകൊള്ളട്ടെ!
24: അങ്ങയുടെ രോഷം അവരുടെമേല്‍ വര്‍ഷിക്കണമേ! അങ്ങയുടെ കോപാഗ്നി അവരെ ഗ്രസിക്കട്ടെ!
25: അവരുടെ താവളം ശൂന്യമായിപ്പോകട്ടെ! അവരുടെ കൂടാരത്തില്‍, ആരും വസിക്കാതിരിക്കട്ടെ!
26: അവിടുന്നു പ്രഹരിച്ചവനെ അവര്‍ പീഡിപ്പിക്കുന്നു; അവിടുന്നു മുറിവേല്പിച്ചവനെ അവര്‍ വീണ്ടും ദ്രോഹിക്കുന്നു.
27: അവര്‍ക്കു ശിക്ഷയ്ക്കുമേല്‍ ശിക്ഷനല്‍കണമേ! അങ്ങയുടെ ശിക്ഷയില്‍നിന്ന് അവര്‍ക്കു മോചനം ലഭിക്കാതിരിക്കട്ടെ!
28: ജീവിക്കുന്നവരുടെ പുസ്തകത്തില്‍നിന്ന് അവരെ മായിച്ചുകളയണമേ! നീതിമാന്മാരുടെകൂട്ടത്തില്‍ അവരുടെ പേരെഴുതാന്‍ ഇടയാകാതിരിക്കട്ടെ!
29: ഞാന്‍ പീഡിതനും വേദനതിന്നുന്നവനുമാണ്; ദൈവമേ, അങ്ങയുടെ രക്ഷ എന്നെ സമുദ്ധരിക്കട്ടെ!
30: ഞാന്‍ ദൈവത്തിന്റെ നാമത്തെ പാടിസ്തുതിക്കും, കൃതജ്ഞതാസ്‌തോത്രത്തോടെ ഞാനവിടുത്തെ മഹത്വപ്പെടുത്തും.
31: അതു കര്‍ത്താവിനു കാളയെക്കാളും കൊമ്പും കുളമ്പുമുള്ള കാളക്കൂറ്റനെക്കാളും പ്രസാദകരമായിരിക്കും.
32: പീഡിതര്‍ അതുകണ്ടാഹ്ലാദിക്കട്ടെ! ദൈവത്തെ അന്വേഷിക്കുന്നവരേ, നിങ്ങളുടെ ഹൃദയങ്ങള്‍ ഉന്മേഷഭരിതമാകട്ടെ!
33: കര്‍ത്താവു ദരിദ്രന്റെ പ്രാര്‍ത്ഥന കേള്‍ക്കുന്നു; ബന്ധിതരായ സ്വന്തംജനത്തെ അവിടുന്നു നിന്ദിക്കുകയില്ല.
34: ആകാശവും ഭൂമിയും, സമുദ്രങ്ങളും അവയില്‍ സഞ്ചരിക്കുന്ന സമസ്തവും അവിടുത്തെ സ്തുതിക്കട്ടെ!
35: ദൈവം സീയോനെ രക്ഷിക്കും; യൂദായുടെ നഗരങ്ങള്‍ പുതുക്കിപ്പണിയും; അവിടുത്തെ ദാസര്‍, അതില്‍ പാര്‍ത്ത്, അതു കൈവശമാക്കും.
36: അവിടുത്തെ ദാസന്മാരുടെ സന്തതികള്‍ അതവകാശമാക്കും. അവിടുത്തെ നാമത്തെ സ്‌നേഹിക്കുന്നവര്‍ അതില്‍ വസിക്കുകയുംചെയ്യും.

അദ്ധ്യായം 70

കര്‍ത്താവേ, വേഗംവരണമേ!
ഗായകസംഘനേതാവിന്, ദാവീദിന്റെ സങ്കീർത്തനം, അനുസ്മരണബലിക്ക്...
1: ദൈവമേ, എന്നെ മോചിപ്പിക്കാന്‍ ദയതോന്നണമേ! കര്‍ത്താവേ, എന്നെ സഹായിക്കാന്‍ വേഗം വരണമേ!
2: എന്റെ ജീവനപഹരിക്കാന്‍ ശ്രമിക്കുന്നവര്‍ ലജ്ജിച്ചു പരിഭ്രാന്തരാകട്ടെ! എനിക്കു ദ്രോഹമാലോചിക്കുന്നവര്‍ അപമാനിതരായി പിന്തിരിയട്ടെ!
3: ഹാ! ഹാ! എന്ന് എന്നെ പരിഹസിച്ചുപറയുന്നവര്‍ ലജ്ജകൊണ്ടു സ്തബ്ദ്ധരാകട്ടെ.
4: അങ്ങയെ അന്വേഷിക്കുന്നവര്‍ അങ്ങയില്‍ സന്തോഷിച്ചുല്ലസിക്കട്ടെ! അങ്ങയുടെ രക്ഷയെ സ്‌നേഹിക്കുന്നവര്‍ ദൈവം വലിയവനാണെന്നു നിരന്തരമുദ്‌ഘോഷിക്കട്ടെ!
5: ഞാന്‍ ദരിദ്രനും പാവപ്പെട്ടവനുമാണ്; ദൈവമേ, എന്റെയടുത്തു വേഗം വരണമേ! അങ്ങെന്റെ സഹായകനും വിമോചകനുമാണ്; കര്‍ത്താവേ, വൈകരുതേ!

അദ്ധ്യായം 71

വൃദ്ധന്റെ പ്രാര്‍ത്ഥന

1: കര്‍ത്താവേ, അങ്ങയില്‍ ഞാനാശ്രയിക്കുന്നു; ഞാനൊരുനാളും ലജ്ജിക്കാനിടയാക്കരുതേ!
2: അങ്ങയുടെ നീതിയില്‍ എന്നെ മോചിപ്പിക്കുകയും രക്ഷിക്കുകയുംചെയ്യണമേ! എന്റെ യാചനകേട്ട്, എന്നെ രക്ഷിക്കണമേ!
3: അങ്ങെനിക്ക് അഭയശിലയും ഉറപ്പുള്ള രക്ഷാദുര്‍ഗ്ഗവുമായിരിക്കണമേ! അങ്ങാണെന്റെ അഭയശിലയും ദുര്‍ഗ്ഗവും.
4: എന്റെ ദൈവമേ, ദുഷ്ടന്റെ കൈയില്‍നിന്ന്, നീതികെട്ട ക്രൂരന്റെ പിടിയില്‍നിന്ന്, എന്നെ വിടുവിക്കണമേ!
5: കര്‍ത്താവേ, അങ്ങാണെന്റെ പ്രത്യാശ; ചെറുപ്പംമുതല്‍ അങ്ങാണെന്റെയാശ്രയം.
6: ജനനംമുതല്‍ ഞാനങ്ങയെ ആശ്രയിച്ചു. മാതാവിന്റെ ഉദരത്തില്‍നിന്ന് അങ്ങാണെന്നെയെടുത്തത്; ഞാനെപ്പോഴും അങ്ങയെ സ്തുതിക്കുന്നു.
7: ഞാന്‍ പലര്‍ക്കും ഭീതിജനകമായ അടയാളമായിരുന്നു; എന്നാല്‍ അവിടുന്നാണെന്റെ സുശക്തമായ സങ്കേതം.
8: എന്റെയധരങ്ങള്‍ സദാ അങ്ങയെ സ്തുതിക്കുന്നു; അങ്ങയുടെ മഹത്വം പ്രഘോഷിക്കുന്നു.
9: വാര്‍ദ്ധക്യത്തില്‍ എന്നെ തള്ളിക്കളയരുതേ! ബലംക്ഷയിക്കുമ്പോള്‍ എന്നെയുപേക്ഷിക്കരുതേ!
10: എന്റെ ശത്രുക്കള്‍ എന്നെപ്പറ്റി സംസാരിക്കുന്നു; എന്റെ ജീവനെ വേട്ടയാടുന്നവര്‍ കൂടിയാലോചിക്കുന്നു.
11: ദൈവമവനെ പരിത്യജിച്ചിരിക്കുന്നു. പിന്തുടര്‍ന്ന് അവനെ പിടികൂടുവിന്‍, അവനെ രക്ഷിക്കാനാരുമില്ല എന്നവര്‍ പറയുന്നു.
12: ദൈവമേ, എന്നില്‍നിന്നകന്നിരിക്കരുതേ! എന്റെ ദൈവമേ, എന്നെ സഹായിക്കാന്‍ വേഗംവരണമേ!
13: എന്നെ കുറ്റംപറയുന്നവര്‍ ലജ്ജിക്കുകയും സംഹരിക്കപ്പെടുകയുംചെയ്യട്ടെ! എന്നെ ദ്രോഹിക്കാന്‍നോക്കുന്നവരെ നിന്ദനവും ലജ്ജയും മൂടട്ടെ.
14: ഞാനെപ്പോഴും പ്രത്യാശയുള്ളവനായിരിക്കും, അങ്ങയെ മേല്‍ക്കുമേല്‍ പുകഴ്ത്തുകയുംചെയ്യും.
15: എന്റെയധരങ്ങള്‍ അങ്ങയുടെ നീതിപൂര്‍വ്വവും രക്ഷാകരവുമായ പ്രവൃത്തികള്‍ പ്രഘോഷിക്കും; അവ എന്റെ അറിവിനപ്രാപ്യമാണ്.
16: ദൈവമായ കര്‍ത്താവിന്റെ ശക്തമായ പ്രവൃത്തികളുടെ സാക്ഷ്യമായി ഞാന്‍ വരും; ഞാനങ്ങയുടെമാത്രം നീതിയെ പ്രകീര്‍ത്തിക്കും.
17: ദൈവമേ, ചെറുപ്പംമുതല്‍ എന്നെയങ്ങു പരിശീലിപ്പിച്ചു; ഞാനിപ്പോഴും അങ്ങയുടെ അദ്ഭുതപ്രവൃത്തികള്‍ പ്രഘോഷിക്കുന്നു.
18: ദൈവമേ, വാര്‍ദ്ധക്യവും നരയുംബാധിച്ച എന്നെ പരിത്യജിക്കരുതേ! വരാനിരിക്കുന്ന തലമുറകളോട് അങ്ങയുടെ ശക്തി പ്രഘോഷിക്കാന്‍ എനിക്കിടയാക്കണമേ!
19: ദൈവമേ, അങ്ങയുടെ ശക്തിയും നീതിയും ആകാശത്തോളമെത്തുന്നു; ദൈവമേ, വന്‍കാര്യങ്ങള്‍ ചെയ്തിരിക്കുന്ന അങ്ങേയ്ക്കു തുല്യനായി ആരുണ്ട്?
20: ദാരുണമായ കഷ്ടതകള്‍ അവിടുന്നെനിക്കു വരുത്തി; എങ്കിലും, അവിടുന്നെനിക്കു നവജീവന്‍ നല്‍കും; ഭൂമിയുടെ ആഴത്തില്‍നിന്ന് അവിടുന്നെന്നെ കരകയറ്റും.
21: അവിടുന്നെന്റെ മഹത്വം വര്‍ദ്ധിപ്പിക്കുകയും എന്നെ വീണ്ടുമാശ്വസിപ്പിക്കുകയും ചെയ്യും.
22: എന്റെ ദൈവമേ, അങ്ങയുടെ വിശ്വസ്തതനിമിത്തം ഞാനങ്ങയെ വീണവായിച്ചു പുകഴ്ത്തും. ഇസ്രായേലിന്റെ പരിശുദ്ധനായവനേ, കിന്നരംമീട്ടി ഞാനങ്ങയെ സ്തുതിക്കും.
23: ഞാനങ്ങയെ പ്രകീര്‍ത്തിക്കുമ്പോള്‍ എന്റെ അധരങ്ങളും അങ്ങു രക്ഷിച്ച എന്റെ ആത്മാവും ആനന്ദംകൊണ്ട് ആര്‍ത്തുവിളിക്കും.
24: എന്റെ നാവ്, അങ്ങയുടെ നീതിപൂര്‍വ്വകമായ സഹായത്തെ നിരന്തരം പ്രഘോഷിക്കും; എന്നെ ദ്രോഹിക്കുന്നവര്‍ ലജ്ജിതരും അപമാനിതരുമായിത്തീര്‍ന്നു.

അദ്ധ്യായം 72

രാജാവിനുവേണ്ടിയുള്ള പ്രാര്‍ത്ഥന
സോളമന്റെ സങ്കീർത്തനം.
1: ദൈവമേ, രാജാവിന് അങ്ങയുടെ നീതിബോധവും രാജകുമാരന് അങ്ങയുടെ ധര്‍മ്മനിഷ്ഠയുംനല്കണമേ!
2: അവന്‍ അങ്ങയുടെ ജനത്തെ ധര്‍മ്മനിഷ്ഠയോടും അങ്ങയുടെ ദരിദ്രരെ നീതിയോടുംകൂടെ ഭരിക്കട്ടെ!
3: നീതിയാല്‍, പര്‍വ്വതങ്ങളും കുന്നുകളും ജനങ്ങള്‍ക്കുവേണ്ടി ഐശ്വര്യം വിളയിക്കട്ടെ!
4: എളിയവര്‍ക്ക് അവന്‍ നീതിപാലിച്ചുകൊടുക്കട്ടെ! ദരിദ്രര്‍ക്കു മോചനംനല്കട്ടെ! മര്‍ദ്ദകരെ തകര്‍ക്കുകയുംചെയ്യട്ടെ!
5: സൂര്യചന്ദ്രന്മാരുള്ള കാലംവരെ തലമുറകളോളം അവന്‍ ജീവിക്കട്ടെ!
6: അവന്‍ വെട്ടിനിറുത്തിയ പുല്പുറങ്ങളില്‍വീഴുന്ന മഴപോലെയും ഭൂമിയെ നനയ്ക്കുന്ന വര്‍ഷംപോലെയുമായിരിക്കട്ടെ!
7: അവന്റെ കാലത്തു നീതി തഴച്ചുവളരട്ടെ! ചന്ദ്രനുള്ളിടത്തോളംകാലം സമാധാനംപുലരട്ടെ!
8: സമുദ്രംമുതല്‍ സമുദ്രംവരെയും നദിമുതല്‍ ഭൂമിയുടെ അതിര്‍ത്തികള്‍വരെയും അവന്റെ ആധിപത്യം നിലനില്‍ക്കട്ടെ!
9: വൈരികള്‍ അവന്റെമുമ്പില്‍ ശിരസ്സു നമിക്കട്ടെ! അവന്റെ ശത്രുക്കള്‍ പൊടിമണ്ണു നക്കട്ടെ!
10: താര്‍ഷീഷിലെയും ദ്വീപുകളിലെയും രാജാക്കന്മാര്‍ അവനു കപ്പം കൊടുക്കട്ടെ! ഷേബായിലെയും സേബായിലെയും രാജാക്കന്മാര്‍ അവനു കാഴ്ചകള്‍കൊണ്ടുവരട്ടെ!
11: എല്ലാ രാജാക്കന്മാരും അവന്റെമുമ്പില്‍ സാഷ്ടാംഗം പ്രണമിക്കട്ടെ! എല്ലാ ജനതകളും അവനെ സേവിക്കട്ടെ!
12: നിലവിളിക്കുന്ന പാവപ്പെട്ടവനെയും നിസ്സഹായനായ ദരിദ്രനെയും അവന്‍ മോചിപ്പിക്കും.
13: ദുര്‍ബ്ബലനോടും പാവപ്പെട്ടവനോടും അവന്‍ കരുണകാണിക്കുന്നു; അഗതികളുടെ ജീവന്‍, അവന്‍ രക്ഷിക്കും.
14: പീഡനത്തില്‍നിന്നും അക്രമത്തില്‍നിന്നും അവരുടെ ജീവന്‍ അവന്‍ വീണ്ടെടുക്കും; അവരുടെ രക്തം അവനു വിലയേറിയതായിരിക്കും.
15: അവനു ദീര്‍ഘായുസ്സുണ്ടാകട്ടെ! ഷേബായിലെ സ്വര്‍ണ്ണം അവനു കാഴ്ചയായി ലഭിക്കട്ടെ! അവനുവേണ്ടി, ഇടവിടാതെ പ്രാര്‍ത്ഥനയുയരട്ടെ! അവന്റെമേല്‍ അനുഗ്രഹമുണ്ടാകട്ടെ!
16: ഭൂമിയില്‍ ധാന്യസമൃദ്ധിയുണ്ടാകട്ടെ! മലകളില്‍ കതിര്‍ക്കുലയുലയട്ടെ! ലബനോന്‍പോലെ അതു ഫലസമൃദ്ധമാകട്ടെ! വയലില്‍ പുല്ലുപോലെ നഗരങ്ങളില്‍ ജനം വര്‍ദ്ധിക്കട്ടെ!
17: അവന്റെനാമം നിത്യം നിലനില്‍ക്കട്ടെ! സൂര്യനുള്ളിടത്തോളംകാലം, അവന്റെ കീര്‍ത്തി നിലനില്‍ക്കട്ടെ! അവനെപ്പോലെ അനുഗൃഹീതരാകട്ടെയെന്നു ജനം പരസ്പരമാശംസിക്കട്ടെ! ജനതകളവനെ, അനുഗൃഹീതനെന്നു വിളിക്കട്ടെ.
18: ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവു വാഴ്ത്തപ്പെടട്ടെ! അവിടുന്നുമാത്രമാണ് അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
19: അവിടുത്തെ മഹത്വപൂര്‍ണ്ണമായ നാമം എന്നേയ്ക്കും വാഴ്ത്തപ്പെടട്ടെ! അവിടുത്തെ മഹത്വം, ഭൂമിയിലെങ്ങും നിറയട്ടെ! ആമേന്‍, ആമേന്‍.
20: ജസ്സെയുടെ പുത്രനായ ദാവീദിന്റെ പ്രാര്‍ത്ഥനയുടെ സമാപ്തി.

അദ്ധ്യായം 73

ദുഷ്ടന്റെ ഐശ്വര്യം
ആസാഫിന്റെ സങ്കീർത്തനം.
1: ദൈവം ഇസ്രായേലിനു നല്ലവനാണ്, നിര്‍മ്മലമായ ഹൃദയമുള്ളവര്‍ക്കുതന്നെ.
2: എന്റെ കാലുകള്‍ ഇടറാന്‍ഭാവിച്ചു. എന്റെ പാദങ്ങള്‍ വഴുതാന്‍തുടങ്ങി.
3: ദുഷ്ടന്റെ ഐശ്വര്യംകണ്ടിട്ട്, അഹങ്കാരികളോട് എനിക്കസൂയതോന്നി.
4: അവര്‍ക്കു തീവ്രവേദനകളില്ല; അവരുടെ ശരീരം തടിച്ചുകൊഴുത്തിരിക്കുന്നു.
5: അവര്‍ക്കു മറ്റുള്ളവരെപ്പോലെ കഷ്ടതകളില്ല; മറ്റുള്ളവരെപ്പോലെ അവര്‍ പീഡിതരുമല്ല.
6: ആകയാല്‍, അവരഹങ്കാരംകൊണ്ടു ഹാരമണിയുന്നു; അക്രമം, അവര്‍ക്കങ്കിയാണ്.
7: മേദസ്സുമുറ്റിയ അവര്‍, അഹന്തയോടെ വീക്ഷിക്കുന്നു; അവരുടെ ഹൃദയത്തില്‍ ഭോഷത്തം കവിഞ്ഞൊഴുകുന്നു.
8: അവര്‍ പരിഹസിക്കുകയും ദുഷ്ടതയോടെ സംസാരിക്കുകയും ചെയ്യുന്നു; പീഡിപ്പിക്കുമെന്ന് അവര്‍ ഗര്‍വ്വോടെ ഭീഷണിപ്പെടുത്തുന്നു.
9: അവരുടെയധരങ്ങള്‍ ആകാശത്തിനെതിരേ തിരിയുന്നു; അവരുടെ നാവു ഭൂമിയില്‍ ദൂഷണംപരത്തുന്നു.
10: അതുകൊണ്ടു ജനം അവരെനോക്കി പ്രശംസിക്കുന്നു; അവരില്‍ കുറ്റം കാണുന്നില്ല.
11: ദൈവത്തിന് എങ്ങനെയറിയാന്‍കഴിയും, അത്യുന്നതനറിവുണ്ടോയെന്ന് അവര്‍ ചോദിക്കുന്നു.
12: ഇതാ, ഇവരാണു ദുഷ്ടര്‍, അവര്‍ സ്വസ്ഥതയനുഭവിക്കുന്നു, അവരുടെ സമ്പത്തു വര്‍ദ്ധിക്കുന്നു.
13: ഞാന്‍ എന്റെ ഹൃദയത്തെ നിര്‍മ്മലമായി സൂക്ഷിച്ചതും എന്റെ കൈകളെ നിഷ്‌കളങ്കതയില്‍ കഴുകിയതും വ്യര്‍ത്ഥമായി.
14: ഞാനിതാ, ഇടവിടാതെ പീഡിപ്പിക്കപ്പെടുന്നു; എല്ലാ പ്രഭാതത്തിലും ദണ്ഡനമേല്‍ക്കുന്നു.
15: ഞാനും അവരെപ്പോലെ സംസാരിക്കാനൊരുങ്ങിയിരുന്നെങ്കില്‍, ഞാനങ്ങയുടെ മക്കളുടെ തലമുറയെ വഞ്ചിക്കുമായിരുന്നു.
16: എന്നാല്‍, ഇതു ഗ്രഹിക്കേണ്ടതെങ്ങനെയെന്നു ഞാന്‍ ചിന്തിച്ചെങ്കിലും അതു ക്ലേശകരമായി എനിക്കുതോന്നി.
17: എന്നാല്‍, ദേവാലയത്തില്‍ ചെന്നപ്പോള്‍ അവരുടെ അവസാനമെന്തെന്നു ഞാന്‍ ഗ്രഹിച്ചു.
18: അങ്ങവരെ തെന്നുന്നസ്ഥലത്തു നിറുത്തിയിരിക്കുന്നു; അവര്‍ നാശത്തിലേക്കു വഴുതിവീഴുവാന്‍ അങ്ങിടയാക്കിയിരിക്കുന്നു.
19: അവര്‍ എത്രവേഗം നശിച്ചുപോയി; ഭീകരതകളാല്‍ അവര്‍ നിശ്ശേഷം തൂത്തെറിയപ്പെട്ടു!
20: ഉണരുമ്പോള്‍മായുന്ന സ്വപ്നംപോലെയാണവര്‍; അങ്ങുണര്‍ന്ന്, അവരെ കുടഞ്ഞെറിയുന്നു.
21: എന്റെയാത്മാവില്‍ കയ്പുനിറഞ്ഞപ്പോള്‍, എന്റെ ഹൃദയത്തിനു മുറിവേറ്റപ്പോള്‍, ഞാന്‍ മൂഢനും അജ്ഞനുമായിരുന്നു.
22: അങ്ങയുടെമുമ്പില്‍ ഞാനൊരു മൃഗത്തെപ്പോലെയായിരുന്നു.
23: എന്നിട്ടും ഞാന്‍ നിരന്തരം അങ്ങയോടുകൂടെയാണ്; അവിടുന്നെന്റെ വലത്തുകൈ ഗ്രഹിച്ചിരിക്കുന്നു.
24: ഉപദേശംതന്ന് അങ്ങെന്നെ നയിക്കുന്നു; പിന്നീട് അവിടുന്നെന്നെ മഹത്വത്തിലേക്കു സ്വീകരിക്കും.
25: സ്വര്‍ഗ്ഗത്തില്‍, അങ്ങല്ലാതെ ആരാണെനിക്കുള്ളത്? ഭൂമിയിലും അങ്ങയെയല്ലാതെ ഞാനാരെയുമാഗ്രഹിക്കുന്നില്ല.
26: എന്റെ ശരീരവും മനസ്സും ക്ഷീണിച്ചുപോയേക്കാം; എന്നാല്‍, ദൈവമാണെന്റെ ബലം; അവിടുന്നാണ് എന്നേക്കുമുള്ള എന്റെയോഹരി.
27: എന്തെന്നാല്‍, അങ്ങില്‍നിന്ന് അകന്നുനില്‍ക്കുന്നവര്‍ നശിച്ചുപോകും; അങ്ങയോടു കാപട്യം കാണിക്കുന്നവരെ അങ്ങു സംഹരിക്കും.
28: എന്നാല്‍, ദൈവത്തോടു ചേര്‍ന്നുനില്‍ക്കുന്നതാണെന്റെ ആനന്ദം; ദൈവമായ കര്‍ത്താവിനെ ഞാനഭയംപ്രാപിച്ചിരിക്കുന്നു; അവിടുത്തെ പ്രവൃത്തികളെ ഞാന്‍ പ്രഘോഷിക്കും.

അദ്ധ്യായം 74

ദേവാലയത്തിന്റെ നാശത്തെക്കുറിച്ചു വിലാപം
ആസാഫിന്റെ പ്രബോധനഗീതം .
1: ദൈവമേ, ഞങ്ങളെ എന്നേയ്ക്കുമായി തള്ളിക്കളഞ്ഞതെന്തുകൊണ്ട്? അങ്ങയുടെ മേച്ചില്‍പ്പുറത്തെ ആടുകളുടെനേരേ അങ്ങയുടെ കോപം ജ്വലിക്കുന്നതെന്തുകൊണ്ട്?
2: അങ്ങു പണ്ടേ തിരഞ്ഞെടുത്ത ജനത്തെ, അങ്ങു വീണ്ടെടുത്ത്, അവകാശമാക്കിയ ഗോത്രത്തെ, ഓര്‍ക്കണമേ! അവിടുന്നു വസിച്ചിരുന്ന സീയോൻമലയെ സ്മരിക്കണമേ!
3: അന്തമറ്റ നഷ്ടാവശിഷ്ടങ്ങളിലേക്ക് അങ്ങു പാദങ്ങള്‍ തിരിക്കണമേ! ദേവാലയത്തിലുള്ളതെല്ലാം ശത്രു നശിപ്പിച്ചിരിക്കുന്നു!
4: അങ്ങയുടെ വൈരികള്‍ അങ്ങയുടെ വിശുദ്ധസ്ഥലത്തിന്റെ നടുവില്‍ അലറി; അവിടെയവര്‍ തങ്ങളുടെ വിജയക്കൊടിനാട്ടി.
5: മരംവെട്ടുകാര്‍ മരംമുറിക്കുന്നതുപോലെ
6: അവര്‍ ദേവാലയത്തിന്റെ കവാടത്തിലെ കടഞ്ഞെടുത്ത അഴികള്‍ മഴുകൊണ്ടും കൂടംകൊണ്ടും തകര്‍ത്തു.
7: അങ്ങയുടെ ആലയത്തിന് അവര്‍ തീവച്ചു; അങ്ങയുടെ നാമം വസിക്കുന്ന ശ്രീകോവില്‍ അവര്‍ ഇടിച്ചുനിരത്തിയശുദ്ധമാക്കി.
8: അവരെ നമുക്കു കീഴടക്കാമെന്ന് അവര്‍ തങ്ങളോടുതന്നെ പറഞ്ഞു; ദേശത്തെ ആരാധനാകേന്ദ്രങ്ങളെല്ലാം അവരഗ്നിക്കിരയാക്കി.
9: ഞങ്ങള്‍ക്ക് ഒരടയാളവും ലഭിക്കുന്നില്ല; ഒരുപ്രവാചകനും ശേഷിച്ചിട്ടില്ല; ഇത് എത്രകാലത്തേക്കെന്ന് അറിയുന്നവരാരും ഞങ്ങളുടെയിടയിലില്ല.
10: ദൈവമേ, ശത്രുക്കള്‍ എത്രനാളങ്ങയെ അവഹേളിക്കും? വൈരികള്‍ അങ്ങയുടെ നാമത്തെ എന്നേയ്ക്കും നിന്ദിക്കുമോ?
11: അങ്ങയുടെ കരം എന്തുകൊണ്ട് അങ്ങു പിന്‍വലിക്കുന്നു? അങ്ങുടെ വലത്തുകൈ എന്തുകൊണ്ട് അടക്കിവച്ചിരിക്കുന്നു?
12: എങ്കിലും ദൈവമേ, ആദിമുതലേ അങ്ങെന്റെ രാജാവാണ്; ഭൂമിയിലെങ്ങും അവിടുന്നു രക്ഷ പ്രദാനംചെയ്യുന്നു.
13: ശക്തിയാല്‍ അങ്ങു കടലിനെ വിഭജിച്ചു; സമുദ്രത്തിലെ ഭീകരസത്വങ്ങളുടെ തലപിളര്‍ന്നു.
14: ലവിയാഥന്റെ തലകള്‍ അവിടുന്നു തകര്‍ത്തു; അതിനെ മരുഭൂമിയിലെ ജന്തുക്കള്‍ക്ക് ആഹാരമായിക്കൊടുത്തു.
15: അങ്ങ് ഉറവകളും നീര്‍ച്ചാലുകളും തുറന്നുവിട്ടു; എന്നുമൊഴുകിക്കൊണ്ടിരുന്ന നദികളെ അങ്ങു വറ്റിച്ചു.
16: പകല്‍ അങ്ങയുടേതാണ്, രാത്രിയും അങ്ങയുടേതുതന്നെ; അവിടുന്നു ജ്യോതിസ്സുകളെയും സൂര്യനെയും സ്ഥാപിച്ചു.
17: അങ്ങു ഭൂമിക്ക് അതിരുകള്‍ നിശ്ചയിച്ചു; അങ്ങു ഗ്രീഷ്മവും ഹേമന്തവും സൃഷ്ടിച്ചു.
18: കര്‍ത്താവേ, ശത്രു എങ്ങനെ അവിടുത്തെനാമത്തെ അധിക്ഷേപിക്കുകയും അധര്‍മ്മികള്‍ എങ്ങനെ അതിനെ നിന്ദിക്കുകയുംചെയ്യുന്നുവെന്ന് ഓര്‍ക്കണമേ! 
19: അങ്ങയുടെ പ്രാവിന്റെ ജീവനെ വന്യമൃഗത്തിനു വിട്ടുകൊടുക്കരുതേ! അങ്ങയുടെ ദരിദ്രരുടെ ജീവനെ എന്നേയ്ക്കും മറക്കരുതേ! 
20: അങ്ങയുടെ ഉടമ്പടിയെ പരിഗണിക്കണമേ! ഭൂമിയുടെ, ഇരുണ്ടയിടങ്ങളില്‍ അക്രമം കുടിയിരിക്കുന്നു. 

21: മര്‍ദ്ദിതര്‍ ലജ്ജിതരാകാന്‍ സമ്മതിക്കരുതേ; ദരിദ്രരും അഗതികളും അങ്ങയുടെ നാമം പ്രകീര്‍ത്തിക്കട്ടെ!
22: ദൈവമേ, ഉണര്‍ന്ന് അങ്ങയുടെ ന്യായം വാദിച്ചുറപ്പിക്കണമേ! ദുഷ്ടര്‍ എങ്ങനെ അങ്ങയെ നിരന്തരം അധിക്ഷേപിക്കുന്നുവെന്ന് ഓര്‍ക്കണമേ!
23: അങ്ങയുടെ ശത്രുക്കളുടെ ആരവം, അങ്ങയുടെ വൈരികളുടെ തുടര്‍ച്ചയായ അട്ടഹാസം മറക്കരുതേ!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ