നൂറ്റിയറുപത്തിയൊമ്പതാം ദിവസം: സങ്കീര്‍ത്തനങ്ങള്‍ 75 - 79


അദ്ധ്യായം 75

ദൈവം വിധികര്‍ത്താവ്
ഗായകസംഘനേതാവിന്, നശിപ്പിക്കരുതേ എന്ന രാഗത്തിൽ ആസാഫിന്റെ സങ്കീർത്തനം. ഒരു ഗീതം 
1: ദൈവമേ, ഞങ്ങളങ്ങേയ്ക്കു നന്ദിപറയുന്നു, ഞങ്ങളങ്ങേയ്ക്കു കൃതജ്ഞതയര്‍പ്പിക്കുന്നു; ഞങ്ങളങ്ങയുടെ നാമം വിളിച്ചപേക്ഷിക്കുകയും അങ്ങയുടെ അദ്ഭുതപ്രവൃത്തികളെ പ്രകീര്‍ത്തിക്കുകയും ചെയ്യുന്നു.
2: ഞാന്‍ നിര്‍ണ്ണയിച്ച സമയമാകുമ്പോള്‍ ഞാന്‍ നീതിയോടെ വിധിക്കും.
3: ഭൂമി സകലനിവാസികളോടുംകൂടെ പ്രകമ്പനംകൊള്ളുമ്പോള്‍, ഞാനാണ് അതിന്റെ തൂണുകളെ ഉറപ്പിച്ചുനിറുത്തുന്നത്.
4: വമ്പുപറയരുതെന്ന് അഹങ്കാരികളോടും കൊമ്പുയര്‍ത്തരുതെന്നു ദുഷ്ടരോടും ഞാന്‍ പറയുന്നു.
5: ആകാശത്തിനെതിരേ കൊമ്പുയര്‍ത്തരുത്; ഗര്‍വ്വോടെ സംസാരിക്കുകയുമരുത്.
6: കിഴക്കുനിന്നോ പടിഞ്ഞാറുനിന്നോ മരുഭൂമിയില്‍നിന്നോ അല്ല ഉയര്‍ച്ചവരുന്നത്.
7: ഒരുവനെ താഴ്ത്തുകയും അപരനെ ഉയര്‍ത്തുകയുംചെയ്യുന്ന വിധി നടപ്പാക്കുന്നതു ദൈവമാണ്.
8: നുരഞ്ഞുപൊന്തുന്ന വീര്യമേറിയ വീഞ്ഞുനിറഞ്ഞ പാനപാത്രം കര്‍ത്താവിന്റെ കൈയിലുണ്ട്; അവിടുന്നതു പകര്‍ന്നുകൊടുക്കും; ഭൂമിയിലെ സകലദുഷ്ടരും അതു മട്ടുവരെ ഊറ്റിക്കുടിക്കും.
9: എന്നാല്‍, ഞാനെന്നേയ്ക്കുമാഹ്ലാദിക്കും; യാക്കോബിന്റെ ദൈവത്തിനു ഞാന്‍ സ്തുതിഗീതമാലപിക്കും.
10: ദുഷ്ടരുടെ കൊമ്പുകള്‍ അവിടുന്നു വിച്ഛേദിക്കും; നീതിമാന്മാരുടെ കൊമ്പുകള്‍ ഉയര്‍ത്തപ്പെടും. 

അദ്ധ്യായം 76

ജേതാവായ ദൈവം
ഗായകസംഘനേതാവിന്, തന്ത്രീനാദത്തോടെ ആസാഫിന്റെ സങ്കീർത്തനം. ഒരു ഗീതം 
1: ദൈവം യൂദായില്‍ പ്രസിദ്ധനാണ്; ഇസ്രായേലില്‍ അവിടുത്തെനാമം മഹനീയവുമാണ്.
2: അവിടുത്തെ നിവാസം സാലെമിലും വാസസ്ഥലം സീയോനിലും സ്ഥാപിച്ചിരിക്കുന്നു.
3: അവിടെവച്ച് അവിടുന്ന്, മിന്നല്‍പോലെപായുന്ന അസ്ത്രങ്ങളും പരിചയും വാളും എല്ലാ ആയുധങ്ങളും തകര്‍ത്തുകളഞ്ഞു.
4: അങ്ങു മഹത്വപൂര്‍ണ്ണനാകുന്നു; ശാശ്വതശൈലങ്ങളെക്കാള്‍ അങ്ങു പ്രതാപവാനാണ്.
5: ധീരരുടെ കൊള്ളമുതല്‍ അവരില്‍നിന്നു കവര്‍ന്നെടുത്തു; അവര്‍ നിദ്രയിലാണ്ടു; യോദ്ധാക്കള്‍ക്കു കൈയുയര്‍ത്താന്‍ കഴിയാതെപോയി.
6: യാക്കോബിന്റെ ദൈവമേ, അങ്ങു ശാസിച്ചപ്പോള്‍ കുതിരയും കുതിരക്കാരനും നടുങ്ങി നിലംപതിച്ചു.
7: അങ്ങു ഭീതിദനാണ്; അങ്ങയുടെ കോപം ഉജ്ജ്വലിച്ചാല്‍ പിന്നെയാര്‍ക്ക് അങ്ങയുടെമുമ്പില്‍ നില്ക്കാന്‍കഴിയും?
8: ആകാശത്തില്‍നിന്ന് അങ്ങു വിധി പ്രസ്താവിച്ചു;
9: നീതി സ്ഥാപിക്കാന്‍, ഭൂമിയിലെ എല്ലാപീഡിതരെയും രക്ഷിക്കാന്‍, അവിടുന്നെഴുന്നേറ്റപ്പോള്‍, ഭൂമി ഭയന്നു സ്തംഭിച്ചുപോയി.
10: മനുഷ്യന്റെ ക്രോധംപോലും അങ്ങേയ്ക്കു സ്തുതിയായി പരിണമിക്കും; അതില്‍നിന്നു രക്ഷപ്പെടുന്നവര്‍ അങ്ങയുടെചുറ്റും ചേര്‍ന്നുനില്ക്കും.
11: നിങ്ങളുടെ ദൈവമായ കര്‍ത്താവിനു നേര്‍ച്ചകള്‍നേരുകയും അവ നിറവേറ്റുകയുംചെയ്യുവിന്‍; ചുറ്റുമുള്ളവര്‍ ഭീതിദനായ അവിടുത്തേയ്ക്കു കാഴ്ചകള്‍ കൊണ്ടുവരട്ടെ.
12: അവിടുന്നു പ്രഭുക്കന്മാരുടെ പ്രാണനെ ഛേദിച്ചുകളയും; ഭൂമിയിലെ രാജാക്കന്മാര്‍ക്ക് അവിടുന്നു ഭയകാരണമാണ്.

അദ്ധ്യായം 77

വഴിനടത്തുന്ന ദൈവം
ഗായകസംഘനേതാവിന്, യദുഥൂൻരാഗത്തിൽ ആസാഫിന്റെ സങ്കീർത്തനം.
1: ഞാന്‍ ദൈവത്തോട് ഉച്ചത്തില്‍ നിലവിളിക്കും, അവിടുന്നു കേള്‍ക്കാന്‍ ഉച്ചത്തിലപേക്ഷിക്കും.
2: കഷ്ടദിനങ്ങളില്‍ ഞാന്‍ കര്‍ത്താവിനെയന്വേഷിക്കുന്നു; രാത്രിമുഴുവന്‍ ഞാന്‍ കൈവിരിച്ചുപിടിച്ചു; ഒന്നിനും എന്നെയാശ്വസിപ്പിക്കാനായില്ല.
3: ഞാന്‍ ദൈവത്തെയോര്‍ക്കുകയും വിലപിക്കുകയുംചെയ്യുന്നു; ഞാന്‍ ധ്യാനിക്കുകയും എന്റെ മനസ്സിടിയുകയുംചെയ്യുന്നു.
4: കണ്ണുചിമ്മാന്‍ അവിടുന്ന് എന്നെയനുവദിക്കുന്നില്ല; സംസാരിക്കാനാവാത്തവിധം ഞാന്‍ ആകുലനാണ്.
5: ഞാന്‍ കഴിഞ്ഞകാലങ്ങളോര്‍ക്കുന്നു; പണ്ടത്തെ സംവത്സരങ്ങളെ സ്മരിക്കുന്നു.
6: രാത്രിയില്‍ ഞാന്‍ ഗാഢചിന്തയില്‍ മുഴുകുന്നു; ഞാന്‍ ധ്യാനിക്കുകയും എന്റെ ആത്മാവില്‍ ഈ ചോദ്യമുയരുകയുംചെയ്തു:
7: കര്‍ത്താവ് എന്നേയ്ക്കുമായി തള്ളിക്കളയുമോ? ഇനിയൊരിക്കലും അവിടുന്നു പ്രസാദിക്കുകയില്ലേ?
8: അവിടുത്തെക്കരുണ എന്നേയ്ക്കുമായി നിലച്ചുവോ? അവിടുത്തെ വാഗ്ദാനങ്ങള്‍ എന്നേക്കുമായവസാനിച്ചുവോ?
9: കൃപകാണിക്കാന്‍ ദൈവം മറന്നുപോയോ? അവിടുന്നു കോപത്താല്‍ തന്റെ കരുണയുടെ വാതിലടച്ചുകളഞ്ഞുവോ?
10: അത്യുന്നതന്റെ ശക്തി പ്രകടമാകാത്തതാണെന്റെ ദുഃഖകാരണമെന്നു ഞാന്‍ പറഞ്ഞു.
11: ഞാന്‍ കര്‍ത്താവിന്റെ പ്രവൃത്തികളോര്‍മ്മിക്കും; പണ്ട് അങ്ങുചെയ്ത അദ്ഭുതങ്ങള്‍ ഞാനനുസ്മരിക്കും.
12: ഞാനങ്ങയുടെ സകലപ്രവൃത്തികളെയുംപറ്റി ധ്യാനിക്കും; അങ്ങയുടെ അദ്ഭുതകരമായ പ്രവൃത്തികളെപ്പറ്റി ചിന്തിക്കും.
13: ദൈവമേ, അങ്ങയുടെ മാര്‍ഗ്ഗം പരിശുദ്ധമാണ്; നമ്മുടെ ദൈവത്തെപ്പോലെ ഉന്നതനായി ആരുണ്ട്?
14: അങ്ങാണ് അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്ന ദൈവം; ജനതകളുടെയിടയില്‍ ശക്തിവെളിപ്പെടുത്തിയതും അങ്ങുതന്നെ.
15: അവിടുത്തെ കരം അവിടുത്തെ ജനത്തെ, യാക്കോബിന്റെയും ജോസഫിന്റെയും സന്തതികളെ, രക്ഷിച്ചു.
16: ദൈവമേ, സമുദ്രം അങ്ങയുടെമുമ്പില്‍ പരിഭ്രമിച്ചു; അങ്ങയെക്കണ്ട് അഗാധം ഭയന്നുവിറച്ചു.
17: മേഘം ജലം വര്‍ഷിച്ചു; ആകാശമിടിമുഴക്കി; അങ്ങയുടെ അസ്ത്രങ്ങള്‍ എല്ലാവശത്തും മിന്നിപ്പാഞ്ഞു.
18: അങ്ങയുടെയിടിമുഴക്കം ചുഴലിക്കാറ്റില്‍ മാറ്റൊലിക്കൊണ്ടു; അങ്ങയുടെ മിന്നലുകള്‍ ലോകത്തെ പ്രകാശിപ്പിച്ചു; ഭൂമി നടുങ്ങിവിറച്ചു.
19: അങ്ങയുടെ വഴി, സമുദ്രത്തിലൂടെയും അങ്ങയുടെ പാത പെരുവെള്ളത്തിലൂടെയുമായിരുന്നു; അങ്ങയുടെ കാല്പാടുകള്‍ അദൃശ്യമായിരുന്നു.
20: മോശയുടെയും അഹറോന്റെയും നേതൃത്വത്തില്‍ അങ്ങയുടെ ജനത്തെ ഒരാട്ടിന്‍കൂട്ടത്തെയെന്നപോലെ അങ്ങു നയിച്ചു.

അദ്ധ്യായം 78

ചരിത്രംനല്കുന്ന പാഠം

1: എന്റെ ജനമേ, എന്റെയുപദേശം ശ്രവിക്കുക; എന്റെ വാക്കുകള്‍ക്കു ചെവിതരുക.
2: ഞാനൊരുപമ പറയാം; പുരാതനചരിത്രത്തിന്റെ പൊരുള്‍ ഞാന്‍ വ്യക്തമാക്കാം.
3: നാമതു കേള്‍ക്കുകയും അറിയുകയും ചെയ്തിട്ടുണ്ട്; പിതാക്കന്മാര്‍ നമ്മോടു പറഞ്ഞിട്ടുമുണ്ട്.
4: അവരുടെ മക്കളില്‍നിന്നു നാമതു മറച്ചുവയ്ക്കരുത്; കര്‍ത്താവു പ്രവര്‍ത്തിച്ച മഹത്തായ കാര്യങ്ങളും അവിടുത്തെ ശക്തിപ്രഭാവവും അദ്ഭുതകൃത്യങ്ങളും വരുംതലമുറയ്ക്കു വിവരിച്ചുകൊടുക്കണം.
5: അവിടുന്നു യാക്കോബിനു പ്രമാണങ്ങള്‍ നല്കി; ഇസ്രായേലിനു നിയമവും; അതു മക്കളെ പഠിപ്പിക്കാന്‍ നമ്മുടെ പിതാക്കന്മാരോട് അവിടുന്നാജ്ഞാപിച്ചു.
6: വരാനിരിക്കുന്ന തലമുറ, ഇനിയുംജനിച്ചിട്ടില്ലാത്ത മക്കള്‍, അവയറിയുകയും തങ്ങളുടെ മക്കള്‍ക്ക് അവ പറഞ്ഞുകൊടുക്കുകയുംചെയ്യും.
7: അവര്‍ ദൈവത്തിലാശ്രയിക്കുകയും അവിടുത്തെ പ്രവൃത്തികളെ വിസ്മരിക്കാതെ കല്പനകള്‍പാലിക്കുകയുംചെയ്യും.
8: അവര്‍ തങ്ങളുടെ പിതാക്കന്മാരെപ്പോലെ ദുശ്ശാഠ്യക്കാരും മത്സരബുദ്ധികളും ചഞ്ചലഹൃദയരും ദൈവത്തോട് അവിശ്വസ്തരുമാകരുത്.
9: വില്ലാളികളായ എഫ്രായിംകാര്‍ യുദ്ധദിവസം പിന്തിരിഞ്ഞോടി.
10: അവര്‍ ദൈവത്തിന്റെ ഉടമ്പടിയെ ആദരിച്ചില്ല; അവിടുത്തെ നിയമമനുസരിച്ചുനടക്കാന്‍ കൂട്ടാക്കിയുമില്ല.
11: അവരവിടുത്തെ പ്രവൃത്തികളും അവര്‍കണ്ട അദ്ഭുതങ്ങളും മറന്നുകളഞ്ഞു.
12: അവിടുന്ന്, ഈജിപ്തില്‍ സോവാന്‍വയലില്‍, അവരുടെ പിതാക്കന്മാര്‍കാണ്‍കെ അദ്ഭുതംപ്രവര്‍ത്തിച്ചു.
13: അവര്‍ക്കു കടന്നുപോകാന്‍ കടലിനെ വിഭജിച്ചു; അവിടുന്നു ജലത്തെ കുന്നുപോലെ നിറുത്തി.
14: പകല്‍സമയം അവിടുന്നു മേഘംകൊണ്ടും രാത്രിയില്‍ അഗ്നിയുടെ പ്രകാശംകൊണ്ടും അവരെ നയിച്ചു.
15: അവിടുന്നു മരുഭൂമിയില്‍ പാറപിളര്‍ന്നു, അവര്‍ക്കു കുടിക്കാന്‍ ആഴത്തില്‍നിന്നു സമൃദ്ധമായി ജലംനല്കി.
16: പാറയില്‍നിന്ന് അവിടുന്നു നീര്‍ച്ചാലൊഴുക്കി, ജലം നദിപോലെയൊഴുകി.
17: എന്നിട്ടും അവരവിടുത്തേയ്ക്കെതിരായി കൂടുതല്‍ പാപംചെയ്തു, അത്യുന്നതനോട് അവര്‍ മരുഭൂമിയില്‍വച്ചു മത്സരിച്ചു.
18: ഇഷ്ടമുള്ള ഭക്ഷണം ചോദിച്ച്, അവര്‍ ദൈവത്തെ പരീക്ഷിച്ചു.
19: അവര്‍ ദൈവത്തിനെതിരായി സംസാരിച്ചു: മരുഭൂമിയില്‍ മേശയൊരുക്കാന്‍ ദൈവത്തിനുകഴിയുമോ?
20: അവിടുന്നു പാറയിലടിച്ചു; ജലംപൊട്ടിയൊഴുകി; നീര്‍ച്ചാലുകള്‍ കവിഞ്ഞു; എന്നാല്‍, ജനത്തിന് അപ്പവും മാംസവുംനല്കാന്‍ അവിടുത്തേക്കു കഴിയുമോ?
21: ഇതുകേട്ടു കര്‍ത്താവു ക്രുദ്ധനായി; യാക്കോബിന്റെനേരേ അഗ്നിജ്വലിച്ചു; ഇസ്രായേലിന്റെനേരേ കോപമുയര്‍ന്നു.
22: എന്തെന്നാല്‍; അവര്‍ ദൈവത്തില്‍ വിശ്വസിക്കുകയും അവിടുത്തെ രക്ഷാകരശക്തിയില്‍ ആശ്രയിക്കുകയുംചെയ്തില്ല.
23: എങ്കിലും, അവിടുന്ന് ആകാശത്തോടാജ്ഞാപിച്ചു; വാനിടത്തിന്റെ വാതിലുകള്‍ തുറന്നു.
24: അവര്‍ക്കു ഭക്ഷിക്കാന്‍ അവിടുന്നു മന്നാ വര്‍ഷിച്ചു; സ്വര്‍ഗ്ഗീയധാന്യം അവര്‍ക്കു നല്കി.
25: മനുഷ്യന്‍ ദൈവദൂതന്മാരുടെ അപ്പം ഭക്ഷിച്ചു; അവിടുന്നു ഭക്ഷണം സമൃദ്ധമായയച്ചു.
26: അവിടുന്ന്, ആകാശത്തില്‍ കിഴക്കന്‍കാറ്റടിപ്പിച്ചു; അവിടുത്തെ ശക്തിയാല്‍ അവിടുന്നു തെക്കന്‍കാറ്റിനെ തുറന്നുവിട്ടു.
27: അവിടുന്ന് അവരുടെമേല്‍ പൊടിപോലെ മാംസത്തെയും കടല്‍ത്തീരത്തെ മണല്‍ത്തരി പോലെ പക്ഷികളെയും വര്‍ഷിച്ചു.
28: അവിടുന്നവരുടെ പാളയങ്ങളുടെ നടുവിലും പാര്‍പ്പിടങ്ങള്‍ക്കുചുററും അവയെ പൊഴിച്ചു.
29: അവര്‍ ഭക്ഷിച്ചുസംതൃപ്തരായി; അവര്‍ കൊതിച്ചത് അവിടുന്നവര്‍ക്കു നല്കി.
30: എന്നാല്‍, അവരുടെ കൊതിയ്ക്കു മതിവരുംമുമ്പുതന്നെ, ഭക്ഷണം വായിലിരിക്കുമ്പോള്‍ത്തന്നെ, 
ദൈവത്തിന്റെ കോപം അവര്‍ക്കെതിരേയുയര്‍ന്നു; 
31: അവിടുന്ന്, അവരില്‍ ഏറ്റവും ശക്തരായവരെ വധിച്ചു; ഇസ്രായേലിലെ യോദ്ധാക്കളെ സംഹരിച്ചു.
32: എന്നിട്ടും അവര്‍ വീണ്ടും പാപംചെയ്തു; അവിടുന്നുചെയ്ത അദ്ഭുതങ്ങള്‍ കണ്ടിട്ടും അവര്‍ വിശ്വസിച്ചില്ല.
33: അതിനാല്‍, അവിടുന്നവരുടെ നാളുകളെ ഒരു നിശ്വാസംപോലെയവസാനിപ്പിച്ചു; അവരുടെ സംവത്സരങ്ങള്‍ ഭീതിയിലാണ്ടുപോയി.
34: അവിടുന്ന്, അവരെ വധിച്ചപ്പോള്‍ അവരവിടുത്തെ തേടി; അവരനുതപിച്ചു ദൈവത്തിങ്കലേക്കു തീവ്രതയോടെ തിരിഞ്ഞു.
35: ദൈവമാണു തങ്ങളുടെ അദ്ഭുതശിലയെന്നും അത്യുന്നതനായ ദൈവമാണു തങ്ങളെ വീണ്ടെടുക്കുന്നവനെന്നും അവരനുസ്മരിച്ചു.
36: എങ്കിലും അവരുടെ സ്തുതി കപടമായിരുന്നു; അവരുടെ നാവില്‍നിന്നു വന്നതു നുണയായിരുന്നു.
37: അവരുടെ ഹൃദയം അവിടുത്തോടു ചേര്‍ന്നുനിന്നില്ല; അവിടുത്തെ ഉടമ്പടിയോടു വിശ്വസ്തത പുലര്‍ത്തിയില്ല.
38: എങ്കിലും, കാരുണ്യവാനായ അവിടുന്ന് അവരുടെ അകൃത്യങ്ങള്‍ ക്ഷമിച്ചു; അവരെ നശിപ്പിച്ചില്ല. പലപ്പോഴും അവിടുന്നു കോപമടക്കി; തന്റെ ക്രോധം ആളിക്കത്താന്‍ അനുവദിച്ചില്ല.
39: അവര്‍ ജഡംമാത്രമാണെന്നും മടങ്ങിവരാതെ കന്നുപോകുന്ന കാറ്റാണെന്നും അവിടുന്നനുസ്മരിച്ചു.
40: അവര്‍ എത്രയോപ്രാവശ്യം മരുഭൂമിയില്‍വച്ച് അവിടുത്തോടു മത്സരിച്ചു! എത്രയോപ്രാവശ്യം വിജനപ്രദേശത്തുവച്ച് അവിടുത്തെ ദുഃഖിപ്പിച്ചു!
41: അവര്‍ വീണ്ടുംവീണ്ടും ദൈവത്തെ പരീക്ഷിച്ചു; ഇസ്രായേലിന്റെ പരിശുദ്ധനെ പ്രകോപിപ്പിച്ചു.
42: അവരവിടുത്തെ ശക്തിയെയോ, ശത്രുവില്‍നിന്നു തങ്ങളെ രക്ഷിച്ച ദിവസത്തെയോ ഓര്‍ത്തില്ല.
43: ഈജിപ്തില്‍വച്ച് അവിടുന്നു പ്രവര്‍ത്തിച്ച അടയാളങ്ങളും സോവാന്‍വയലുകളില്‍വച്ചുചെയ്ത അദ്ഭുതങ്ങളും ഓര്‍ത്തില്ല.
44: അവരുടെ നദികളെ അവിടുന്നു രക്തമാക്കിമാറ്റി; അരുവികളില്‍നിന്ന് അവര്‍ക്കു കുടിക്കാന്‍കഴിഞ്ഞില്ല.
45: അവിടുന്ന് അവരുടെയിടയിലേക്ക് ഈച്ചകളെ കൂട്ടംകൂട്ടമായയച്ചു; അവയവരെ വിഴുങ്ങിക്കളഞ്ഞു; അവിടുന്നു തവളകളെയയച്ചു; അവയവര്‍ക്കു നാശംവരുത്തി.
46: അവരുടെ വിളവുകള്‍ കമ്പിളിപ്പുഴുവിനും അവരുടെ അദ്ധ്വാനഫലം വെട്ടുകിളിക്കും വിട്ടുകൊടുത്തു. 
47: അവിടുന്ന്, അവരുടെ മുന്തിരിത്തോട്ടങ്ങളെ കന്മഴകൊണ്ടും സിക്കമൂര്‍ മരങ്ങളെ ഹിമവര്‍ഷംകൊണ്ടും നശിപ്പിച്ചു. 
48: അവിടുന്നവരുടെ കന്നുകാലികളെ കന്മഴയ്ക്കും അവരുടെ ആട്ടിന്‍കൂട്ടങ്ങളെ ഇടിത്തീയ്ക്കുമിരയാക്കി. 
49: അവിടുന്നവരുടെയിടയിലേക്കു തന്റെ ഉഗ്രകോപം, ക്രോധം, രോഷം, ദുരിതം എന്നിങ്ങനെ സംഹാരദൂതന്മാരുടെ ഒരു സംഘത്തെയയച്ചു.
50: അവിടുന്നു തന്റെ കോപത്തെ അഴിച്ചുവിട്ടു, അവിടുന്നവരെ മരണത്തില്‍നിന്നൊഴിവാക്കിയില്ല; അവരുടെ ജീവനെ മഹാമാരിക്കേല്പിച്ചുകൊടുത്തു.
51: ഈജിപ്തിലെ കടിഞ്ഞൂലുകളെ, ഹാമിന്റെ കൂടാരത്തിലെ പൗരുഷത്തിന്റെ പ്രഥമഫലങ്ങളെ, അവിടുന്നു സംഹരിച്ചു.
52: എന്നാല്‍, തന്റെ ജനത്തെ ചെമ്മരിയാടുകളെപ്പോലെ അവിടുന്നു പുറത്തുകൊണ്ടുവന്നു; ആട്ടിന്‍പറ്റത്തെയെന്നപോലെ മരുഭൂമിയിലൂടെ നയിച്ചു.
53: അവിടുന്നവരെ സുരക്ഷിതമായി നയിച്ചതിനാല്‍ അവര്‍ നിര്‍ഭയരായിരുന്നു; എന്നാല്‍, അവരുടെ വൈരികളെ, കടല്‍ മൂടിക്കളഞ്ഞു.
54: അവിടുന്നവരെ തന്റെ വിശുദ്ധദേശത്തേക്കും തന്റെ വലത്തുകൈ നേടിയെടുത്ത പര്‍വ്വതത്തിലേക്കും കൊണ്ടുവന്നു.
55: അവരുടെ മുമ്പില്‍നിന്ന് അവിടുന്നു ജനതകളെ തുരത്തി; അവര്‍ക്ക്, അവകാശമളന്നുകൊടുത്തു; ഇസ്രായേല്‍ ഗോത്രങ്ങളെ പാളയങ്ങളില്‍ പാര്‍പ്പിച്ചു.
56: എന്നിട്ടും അവരത്യുന്നതനായ ദൈവത്തെ പരീക്ഷിക്കുകയും അവിടുത്തോടു മത്സരിക്കുകയും ചെയ്തു; അവരവിടുത്തെ കല്പനകളനുസരിച്ചില്ല.
57: തങ്ങളുടെ പിതാക്കന്മാരെപ്പോലെ അവര്‍ ദൈവത്തില്‍നിന്നകന്ന് അവിശ്വസ്തമായി പെരുമാറി; ഞാണയഞ്ഞ വില്ലുപോലെ വഴുതിമാറി.
58: അവര്‍ തങ്ങളുടെ പൂജാഗിരികളാല്‍ അവിടുത്തെ പ്രകോപിപ്പിച്ചു; തങ്ങളുടെ വിഗ്രഹങ്ങളാല്‍ അവിടുത്തെ അസൂയാലുവാക്കി.
59: ദൈവം ഇതുകേട്ടു ക്രുദ്ധനായി; അവിടുന്ന് ഇസ്രായേലിനെ പരിപൂര്‍ണ്ണമായി പരിത്യജിച്ചു.
60: ആകയാല്‍, അവിടുന്നു മനുഷ്യരുടെയിടയിലെ തന്റെ നിവാസമായ ഷീലോയിലെ കൂടാരമുപേക്ഷിച്ചു.
61: അവിടുന്നു തന്റെ ശക്തിയെ അടിമത്തത്തിനും മഹത്വത്തെ ശത്രുവിന്റെ കരത്തിനുമേല്പിച്ചുകൊടുത്തു.
62: അവിടുന്നു തന്റെ ജനത്തെ വാളിനു വിട്ടുകൊടുത്തു; തന്റെ അവകാശത്തിന്മേല്‍ ക്രോധംചൊരിഞ്ഞു.
63: അവരുടെ യുവാക്കളെ അഗ്നി വിഴുങ്ങി; അവരുടെ കന്യകമാര്‍ക്കു വിവാഹഗീതമുണ്ടായിരുന്നില്ല.
64: അവരുടെ പുരോഹിതന്മാര്‍ വാളിനിരയായി; അവരുടെ വിധവകള്‍ വിലാപമാചരിച്ചില്ല.
65: വീഞ്ഞുകുടിച്ചലറുന്ന മല്ലനെപ്പോലെ, ഉറക്കത്തില്‍നിന്നെന്നപോലെ, കര്‍ത്താവെഴുന്നേറ്റു.
66: അവിടുന്നു തന്റെ ശത്രുക്കളെത്തുരത്തി; അവര്‍ക്കു ശാശ്വതമായ അവമതിവരുത്തി.
67: അവിടുന്നു ജോസഫിന്റെ കൂടാരമുപേക്ഷിച്ചു; എഫ്രായിമിന്റെ ഗോത്രത്തെ തിരഞ്ഞെടുത്തില്ല.
68: എന്നാല്‍, അവിടുന്നു യൂദാഗോത്രത്തെയും താന്‍സ്‌നേഹിക്കുന്ന സീയോൻമലയെയും തെരഞ്ഞെടുത്തു.
69: ഉന്നതമായ ആകാശത്തെപ്പോലെയും എന്നേയ്ക്കുമായി സ്ഥാപിച്ചിരിക്കുന്ന ഭൂമിയെപ്പോലെയും അവിടുന്നു തന്റെ ആലയം നിര്‍മ്മിച്ചു.
70: അവിടുന്നു തന്റെ ദാസനായ ദാവീദിനെ തിരഞ്ഞെടുത്തു; അവനെ ആടുകളുടെയിടയില്‍നിന്നു വിളിച്ചു.
71: തന്റെ ജനമായ യാക്കോബിനെയും തന്റെ അവകാശമായ ഇസ്രായേലിനെയും മേയിക്കുവാന്‍വേണ്ടി അവിടുന്നു തള്ളയാടുകളെ മേയിച്ചിരുന്ന അവനെ വിളിച്ചുവരുത്തി.
72: അവന്‍ പരമാര്‍ത്ഥഹൃദയത്തോടെ അവരെ മേയിച്ചു; കരവിരുതോടെ അവനവരെ നയിച്ചു.

അദ്ധ്യായം 79

ഇസ്രായേലിനെ മോചിപ്പിക്കണമേ
ആസാഫിന്റെ സങ്കീർത്തനം.
1: ദൈവമേ, വിജാതീയര്‍ അങ്ങയുടെ അവകാശത്തില്‍ കടന്നിരിക്കുന്നു; അവരങ്ങയുടെ വിശുദ്ധമന്ദിരത്തെ അശുദ്ധമാക്കുകയും ജറുസലെമിനെ നാശക്കൂമ്പാരമാക്കുകയുംചെയ്തു.
2: അവരങ്ങയുടെ ദാസരുടെ ശരീരം, ആകാശപ്പറവകള്‍ക്കും അങ്ങയുടെ വിശുദ്ധരുടെ മാംസം വന്യമൃഗങ്ങള്‍ക്കും ഇരയായിക്കൊടുത്തു.
3: അവരുടെ രക്തം ജലംപോലെയൊഴുക്കി. അവരെ സംസ്‌കരിക്കാന്‍ ആരുമുണ്ടായിരുന്നില്ല.
4: ഞങ്ങള്‍ അയല്‍ക്കാര്‍ക്കു നിന്ദാപാത്രമായി; ചുറ്റുമുള്ളവര്‍ ഞങ്ങളെ പരിഹസിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നു.
5: കര്‍ത്താവേ, ഇതെത്രകാലത്തേക്ക്? അവിടുന്ന് എന്നേയ്ക്കും കോപിച്ചിരിക്കുമോ? അവിടുത്തെ അസൂയ അഗ്നിപോലെ ജ്വലിക്കുമോ?
6: അങ്ങയെ അറിയാത്ത ജനതകളുടെമേലും അങ്ങയുടെനാമം വിളിച്ചപേക്ഷിക്കാത്ത ജനപദങ്ങളുടെമേലും അങ്ങു കോപംചൊരിയണമേ.
7: അവര്‍ യാക്കോബിനെ വിഴുങ്ങിക്കളയുകയും അവന്റെ വാസസ്ഥലം ശൂന്യമാക്കുകയും ചെയ്തു.
8: ഞങ്ങളുടെ പൂര്‍വ്വികന്മാരുടെ അകൃത്യങ്ങള്‍ ഞങ്ങള്‍ക്കെതിരായി ഓര്‍ക്കരുതേ! അങ്ങയുടെ കൃപ അതിവേഗം ഞങ്ങളുടെമേല്‍ ചൊരിയണമേ! ഞങ്ങള്‍ തീര്‍ത്തും നിലംപറ്റിയിരിക്കുന്നു.
9: ഞങ്ങളുടെ രക്ഷയായ ദൈവമേ, അങ്ങയുടെ നാമത്തിന്റെ മഹത്വത്തെപ്രതി ഞങ്ങളെ സഹായിക്കണമേ! അങ്ങയുടെ നാമത്തെപ്രതി ഞങ്ങളെ മോചിപ്പിക്കുകയും ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കുകയുംചെയ്യണമേ!
10: അവരുടെ ദൈവമെവിടെയെന്നു ജനതകള്‍ ചോദിക്കാന്‍ ഇടയാക്കുന്നതെന്തിന്? അങ്ങയുടെ ദാസരുടെ രക്തംചിന്തിയതിന്, അങ്ങു ജനതകളോടു പ്രതികാരംചെയ്യുന്നതു കാണാന്‍ ഞങ്ങള്‍ക്കിടയാക്കണമേ!
11: ബന്ധിതരുടെ ഞരക്കം അങ്ങയുടെ സന്നിധിയിലെത്തട്ടെ! വിധിക്കപ്പെട്ടവരെ അങ്ങയുടെ ശക്തി രക്ഷിക്കട്ടെ!
12: കര്‍ത്താവേ, ഞങ്ങളുടെ അയല്‍ക്കാര്‍ അങ്ങയെ നിന്ദിച്ചതിന് ഏഴിരട്ടിയായി പകരംചെയ്യണമേ!
13: അപ്പോള്‍, അങ്ങയുടെ ജനമായ ഞങ്ങള്‍, അങ്ങയുടെ മേച്ചില്‍പുറങ്ങളിലെ ആടുകള്‍, എന്നേയ്ക്കും അങ്ങേയ്ക്കു കൃതജ്ഞതയര്‍പ്പിക്കും. തലമുറകളോളം ഞങ്ങളങ്ങയുടെ സ്തുതികളാലപിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ