നൂറ്റിയമ്പത്തിയെട്ടാം ദിവസം: ജോബ്‌ 39 - 42


അദ്ധ്യായം 39

1: കാട്ടാടുകളുടെ പ്രസവകാലം നിനക്കറിയാമോ? മാന്‍പേടകളുടെ ഈറ്റുനോവു നീ കണ്ടിട്ടുണ്ടോ?
2: അവയുടെ ഗര്‍ഭകാലം നിനക്കു കണക്കുകൂട്ടാമോ? അവ പ്രസവിക്കുന്ന സമയം നിനക്കറിയാമോ?
3: എപ്പോള്‍ അവ കുനിഞ്ഞു കുഞ്ഞുങ്ങളെ പ്രസവിക്കുകയും അവയുടെ നോവു നിലയ്ക്കുകയുംചെയ്യുന്നു?
4: അവയുടെ കുഞ്ഞുങ്ങള്‍ ബലപ്പെട്ടു വിജനസ്ഥലത്തു വളരുന്നു. അവ പിരിഞ്ഞുപോകുന്നു; മടങ്ങിവരുന്നില്ല.
5: കാട്ടുകഴുതയെ അഴിച്ചുവിട്ടതാര്? അതിനു സ്വാതന്ത്ര്യം നല്കിയതാര്?
6: ഞാനതിനു പുല്പുറങ്ങള്‍ പാര്‍പ്പിടവും, ഉപ്പുഭൂമി വീടുമായി നല്കി.
7: അതു പട്ടണത്തിലെ ആരവത്തെ നിന്ദിക്കുന്നു; മേയിക്കുന്നവന്റെ ഒച്ച കൂട്ടാക്കുന്നില്ല.
8: മലനിരകളെ അതു മേച്ചില്പുറമാക്കുന്നു; പച്ചയായതേതും അതു തേടുന്നു.
9: കാട്ടുപോത്തു നിന്നെ സേവിക്കുമോ? നിന്റെ തൊഴുത്തില്‍ അതു രാത്രികഴിച്ചുകൂട്ടുമോ?
10: നിന്റെ ഉഴവുചാലിലേയ്ക്ക് അതിനെ കയറിട്ടുകൊണ്ടുപോകാമോ? അതു നിന്റെ പിന്നാലെ കട്ടനിരത്തുമോ?
11: അതു കരുത്തുള്ളതാകയാല്‍ നീയതിനെയാശ്രയിക്കുമോ? നിന്റെ ജോലി അതിനെയേല്പിക്കുമോ?
12: അതു നിന്റെ ധാന്യം, മെതിക്കളത്തിലേക്കു കൊണ്ടുവരുമെന്നു നീ വിശ്വസിക്കുമോ?
13: ഒട്ടകപ്പക്ഷി അഭിമാനത്തോടെ ചിറകുവീശുന്നു. എന്നാല്‍, അതിനു കൊക്കിനെയോ കഴുകനെയോപോലെ പറക്കാന്‍ കഴിയുമോ?
14: അവ മുട്ട മണ്ണിലുപേക്ഷിച്ചുപോകുന്നു; മണ്ണ് അതിനെ ചൂടുനല്കി വിരിയിക്കുന്നു.
15: ചവിട്ടുകൊണ്ട് അതുടഞ്ഞുപോയേക്കുമെന്നോ, വന്യമൃഗം അവയെ ചവിട്ടിത്തേയ്ക്കുമെന്നോ അതോര്‍ക്കുന്നില്ല.
16: അതു കുഞ്ഞുങ്ങളോടു ക്രൂരമായിപ്പെരുമാറുന്നു. അതുകണ്ടാല്‍ അവ അതിന്റേതല്ലെന്നു തോന്നും. ഈറ്റുനോവു പാഴായിപ്പോയാലും അതിനൊന്നുമില്ല.
17: എന്തെന്നാല്‍, ദൈവമതിനു ജ്ഞാനം നല്കിയില്ല. വിവേകത്തില്‍ പങ്കുംകൊടുത്തില്ല.
18: ഉണര്‍വ്വോടെ പായുമ്പോള്‍ അതു കുതിരയെയും കുതിരക്കാരനെയും പിന്തള്ളുന്നു.
19: കുതിരയ്ക്കു കരുത്തുകൊടുക്കുന്നതു നീയാണോ? അതിന്റെ കഴുത്തില്‍ ശക്തി ധരിപ്പിച്ചതു നീയോ?
20: അതിനെ വെട്ടുകിളിയെപ്പോലെ ചാടിക്കുന്നതു നീയോ? അതിന്റെ ശക്തിയേറിയ ചീറ്റല്‍ ഭയജനകമാണ്.
21: അവന്‍ സമതലത്തില്‍ മാന്തി, ഊറ്റംകാണിച്ച്, ഉല്ലസിക്കുന്നു. ആയുധങ്ങള്‍ക്കെതിരേ പാഞ്ഞുചെല്ലുന്നു.
22: അവന്‍ ഭയത്തെ പുച്ഛിക്കുന്നു; സംഭീതനാകുന്നില്ല. അവന്‍ വാളില്‍നിന്നു പിന്തിരിഞ്ഞോടുന്നില്ല.
23: അവന്റെമേല്‍ ആവനാഴിയും മിന്നുന്ന കുന്തവും ശൂലവും കിലുകിലുങ്ങുന്നു.
24: അവന്‍ ഉഗ്രതയും കോപവുംപൂണ്ടു ദൂരം പിന്നിടുന്നു. കാഹളനാദംകേട്ടാല്‍ നിശ്ചലനായി നില്ക്കാന്‍ അവനു കഴിയുകയില്ല.
25: കാഹളംകേള്‍ക്കുമ്പോള്‍ അവന്‍ ഹേഷാരവം മുഴക്കുന്നു. അവന്‍ അകലെനിന്നുതന്നെ യുദ്ധം മണത്തറിയുന്നു. സൈന്യാധിപന്മാരുടെ അട്ടഹാസവും ആജ്ഞാസ്വരവും തിരിച്ചറിയുന്നു.
26: നിന്റെ ജ്ഞാനംകൊണ്ടാണോ പരുന്തുയരുകയും ചിറകുകള്‍ തെക്കോട്ടു വിടര്‍ത്തുകയുംചെയ്യുന്നത്?
27: നിന്റെ കല്പനയാലാണോ കഴുകന്‍ പറന്നുയരുകയും ഉയരത്തില്‍ കൂടുകൂട്ടുകയുംചെയ്യുന്നത്?
28: അതു പാറപ്പുറത്ത്, ആര്‍ക്കും കയറാൻപറ്റാത്ത പാറക്കൂട്ടങ്ങളുടെ തുഞ്ചത്തു പാര്‍ക്കുന്നു.
29: അവിടെനിന്ന് അത്, ഇര തിരയുന്നു. അതിന്റെ കണ്ണു ദൂരെനിന്ന് ഇരയെക്കാണുന്നു.
30: അതിന്റെ കുഞ്ഞുങ്ങള്‍ രക്തം വലിച്ചുകുടിക്കുന്നു; ശവമുള്ളിടത്ത് അവനുമുണ്ട്.

അദ്ധ്യായം 40

1: കര്‍ത്താവു തുടര്‍ന്നു:
2: ആക്ഷേപം പറയുന്നവന്‍ സര്‍വ്വശക്തനോട് ഇനിയും വാദത്തിനുമുതിരുമോ? ദൈവത്തോടു തര്‍ക്കിക്കുന്നവന്‍ ഉത്തരം പറയട്ടെ.

ജോബ് നിശബ്ദനാകുന്നു
3: ജോബ് കര്‍ത്താവിനോടു പറഞ്ഞു: 
4: ഞാന്‍ നിസ്സാരനാണ്; ഞാന്‍ എന്തുത്തരംപറയാനാണ്! ഞാന്‍ വായ് പൊത്തുന്നു. 
5: ഒരിക്കല്‍ ഞാന്‍ സംസാരിച്ചു; ഇനി ഞാനുത്തരംപറയുകയില്ല. രണ്ടുതവണ ഞാന്‍ മറുപടിപറഞ്ഞു; ഇനി ഞാന്‍ മിണ്ടുകയില്ല. 

ദൈവം തുടരുന്നു
6: അപ്പോള്‍ ചുഴലിക്കാറ്റില്‍നിന്നു കര്‍ത്താവ് ജോബിനോടരുളിച്ചെയ്തു:
7: പുരുഷനെപ്പോലെ നീ അരമുറുക്കുക, ഞാന്‍ ചോദിക്കാം, ഉത്തരംപറയുക.
8: നീ എന്റെ വിധി അനീതിപരമെന്നു പറയുമോ? നിന്നെത്തന്നെ നീതീകരിക്കാന്‍ നീയെന്നെ കുറ്റക്കാരനാക്കുമോ?
9: നീ ദൈവത്തെപ്പോലെ ശക്തനാണോ? അവിടുത്തെപ്പോലെ ഗര്‍ജ്ജനംമുഴക്കാന്‍ നിനക്കാകുമോ?
10: മഹിമയും പ്രതാപവുംകൊണ്ടു നിന്നെത്തന്നെ അലങ്കരിക്കുക; മഹത്വവും പ്രാഭവവും ധരിച്ചുകൊള്ളുക.
11: നിന്റെ കോപം കവിഞ്ഞൊഴുകട്ടെ. ഓരോ അഹങ്കാരിയെയും ഒറ്റ നോട്ടത്തില്‍ എളിമപ്പെടുത്തുക.
12: ഓരോ അഹങ്കാരിയെയും ഒറ്റ നോട്ടത്തില്‍ താഴെയിറക്കുക. ദുഷ്ടനെ നില്‍ക്കുന്നിടത്തുനിന്നു വലിച്ചിടുക.
13: അവരെ പൊടികൊണ്ടു മൂടുക; അവരെ അധോലോകത്തില്‍ ബന്ധിക്കുക.
14: നിന്റെ വലത്തുകരംതന്നെ നിനക്കു വിജയംനല്കുന്നുവെന്ന് അപ്പോള്‍ ഞാനംഗീകരിക്കാം.
15: നീര്‍ക്കുതിരയെ നോക്കുക. നിന്നെ സൃഷ്ടിച്ചതുപോലെ അവനെയും ഞാന്‍ സൃഷ്ടിച്ചു; കാളയെപ്പോലെ അവന്‍ പുല്ലുതിന്നുന്നു.
16: അവന്റെ ശക്തി അരയിലും ബലം ഉദരപേശികളിലുമാണ്.
17: അവന്റെ വാല് ദേവദാരുപോലെ ദൃഢവും അവന്റെ കാലുകളിലെ സ്‌നായുക്കള്‍ പിണഞ്ഞുചേര്‍ന്നതുമാണ്.
18: അവന്റെ അസ്ഥികള്‍ ഓട്ടുകുഴല്‍പോലെയും അവയവങ്ങള്‍ ഇരുമ്പഴികള്‍പോലെയുമാണ്.
19: അവന്‍ ദൈവത്തിന്റെ സൃഷ്ടികളില്‍ ഒന്നാമനാണ്; അവനെ സൃഷ്ടിച്ചവനുമാത്രമേ അവനെ തോല്പിക്കാന്‍ കഴിയൂ.
20: വന്യമൃഗങ്ങള്‍ വിഹരിക്കുന്ന മലകള്‍ അവനു ഭക്ഷണംനല്കും.
21: താമരയുടെ തണലിലും, ചതുപ്പുനിലത്തു ഞാങ്ങണയുടെ മറവിലും അവന്‍ കിടക്കുന്നു.
22: താമര അവനു തണല്‍നല്കുന്നു. അരുവിയിലെ അരളികള്‍ അവനെ ചുറ്റിനില്ക്കുന്നു.
23: നദി കലങ്ങിമറിഞ്ഞാലും അവന്‍ ഭയപ്പെടുകയില്ല. ജോര്‍ദ്ദാന്‍ വായിലേക്കു കുത്തിയൊഴുകിയാലും അവനു കൂസലില്ല.
24: ആര്‍ക്കെങ്കിലും അവനെ കൊളുത്തില്‍കുരുക്കാമോ? അവനു മൂക്കുകയറിടാമോ?

അദ്ധ്യായം 41

1: നിനക്കു മുതലയെ ചൂണ്ടയിട്ടുപിടിക്കാമോ? അവന്റെ നാക്കു ചരടുകൊണ്ടു ബന്ധിക്കാമോ?
2: അവന്റെ മൂക്കില്‍ കയറിടാമോ? അവന്റെ താടിയില്‍ ചൂണ്ട കോര്‍ക്കാന്‍പറ്റുമോ?
3: അവന്‍ നിന്നോട് ഏറെ യാചിക്കുമോ? അവന്‍ നിന്നോടു മൃദുലമായി സംസാരിക്കുമോ?
4: എന്നും നിനക്കു ദാസനായിരുന്നുകൊള്ളാമെന്ന് അവന്‍ നിന്നോടുടമ്പടിചെയ്യുമോ?
5: ഒരു പക്ഷിയോടെന്നപോലെ നീ അവനോടു കളിക്കുമോ? നിന്റെ ബാലികമാര്‍ക്കുവേണ്ടി അവനു തോല്‍വാറിടുമോ?
6: വ്യാപാരികള്‍ അവനുവേണ്ടി വിലപേശുമോ? അവരവനെ കച്ചവടക്കാര്‍ക്കു പകുത്തു വില്ക്കുമോ?
7: നിനക്ക് അവന്റെ തൊലി ചാട്ടുളികൊണ്ടും അവന്റെ തല മുപ്പല്ലികൊണ്ടും നിറയ്ക്കാമോ?
8: അവനെ ഒരിക്കല്‍ത്തൊട്ടാല്‍ വീണ്ടും തൊടണമെന്നു നീയാഗ്രഹിക്കുകയില്ല. ആ യുദ്ധം നിനക്കു മറക്കാനാവില്ല.
9: അവനെക്കാണുന്നവന്റെ ധൈര്യമറ്റുപോകുന്നു; കാണുന്നമാത്രയില്‍ അവന്‍ നിലംപതിക്കുന്നു.
10: അവനെയുണര്‍ത്താന്‍തക്ക ശൂരനില്ല. പിന്നെ എന്നോടെതിര്‍ത്തുനില്ക്കാന്‍ ആരുണ്ടാകും!
11: ഞാന്‍ മടക്കിക്കൊടുക്കേണ്ടതിന് ആരെങ്കിലുമെനിക്കു മുന്‍കൂട്ടി തന്നിട്ടുണ്ടോ? ആകാശത്തിന്‍കീഴുള്ളതൊക്കെയും എന്റേതാണ്.
12: അവന്റെ അവയവങ്ങളെയും അവന്റെ മഹാശക്തിയെയും ഭംഗിയുള്ള രൂപത്തെയുംസംബന്ധിച്ചു ഞാന്‍ മൗനമവലംബിക്കുകയില്ല.
13: അവന്റെ പുറംചട്ടയുരിയാന്‍ ആര്‍ക്കു സാധിക്കും? അവന്റെ ഇരട്ടക്കവചം തുളയ്ക്കാന്‍ ആര്‍ക്കുകഴിയും? 
14: അവന്റെ മുഖകവാടം ആരു തുറക്കും? അവന്റെ പല്ലിനുചുറ്റും ഭീകരതയാണ്.
15: അവന്റെ പുറം, പരിചനിരകൊണ്ടു പൊതിഞ്ഞിരിക്കുന്നു. അതു മുറുക്കിയടച്ചു മുദ്രവച്ചിരിക്കുന്നു.
16: വായു കടക്കാത്തവിധം, അവ ഒന്നോടൊന്നു ചേര്‍ന്നിരിക്കുന്നു.
17: വേര്‍പെടുത്താന്‍ പാടില്ലാത്തവിധം അവ ഒന്നോടൊന്നു ചേര്‍ന്നിരിക്കുന്നു; അവ യോജിച്ചിരിക്കുന്നു.
18: അവന്‍ തുമ്മുമ്പോള്‍ പ്രകാശം ചിതറുന്നു; അവന്റെ കണ്ണുകള്‍ പ്രഭാതത്തിന്റെ കണ്‍പോളകള്‍പോലെയാണ്.
19: അവന്റെ വായില്‍നിന്ന്, ജ്വലിക്കുന്ന തീപ്പന്തങ്ങള്‍പുറപ്പെടുകയും തീപ്പൊരി ചിതറുകയുംചെയ്യുന്നു.
20: തിളയ്ക്കുന്ന വെള്ളത്തില്‍നിന്നും കത്തുന്ന രാമച്ചത്തില്‍നിന്നുമെന്നപോലെ അവന്റെ മൂക്കില്‍നിന്നു പുകയുയരുന്നു.
21: അവന്റെ ശ്വാസം കരിക്കു തീ കൊളുത്തുന്നു; അവന്റെ വായില്‍നിന്നു തീജ്വാല പുറപ്പെടുന്നു.
22: അവന്റെ കഴുത്തില്‍ ബലം കുടികൊള്ളുന്നു. ഭീകരത അവന്റെമുമ്പില്‍ നൃത്തംചെയ്യുന്നു.
23: അവന്റെ മാംസപാളികള്‍തമ്മില്‍ പറ്റിച്ചേര്‍ന്നിരിക്കുന്നു; ഇളകിപ്പോകാത്തവിധം അതവന്റെമേല്‍ ഉറച്ചിരിക്കുന്നു.
24: അവന്റെ ഹൃദയം കല്ലുപോലെ കടുപ്പമേറിയതാണ്. തിരികല്ലിന്റെ അടിക്കല്ലുപോലെ ഉറപ്പുള്ളതാണ്.
25: അവന്‍ പൊങ്ങുമ്പോള്‍ ശക്തന്മാര്‍ പേടിക്കുന്നു; അവന്‍ സ്വരം പുറപ്പെടുവിക്കുമ്പോള്‍ അവര്‍ ഭയപരവശരാകുന്നു.
26: വാള്‍, കുന്തം, ചാട്ടുളി, വേല്‍ എന്നിവകൊണ്ട് അവനെയെതിര്‍ക്കുക സാദ്ധ്യമല്ല.
27: ഇരുമ്പിനെ വൈക്കോല്‍പോലെയും പിച്ചളയെ ചെതുക്കിച്ച തടിപോലെയും അവന്‍ കണക്കാക്കുന്നു.
28: അസ്ത്രംകണ്ട് അവനോടുകയില്ല. കവിണക്കല്ല് അവനു വൈക്കോല്‍പോലെയാണ്.
29: ഗദയും അവനു വൈക്കോല്‍പോലെതന്നെ; വേലിന്റെ കിലുക്കത്തെ അവന്‍ പരിഹസിക്കുന്നു.
30: അവന്റെ അധോഭാഗം മൂര്‍ച്ചയുള്ള ഓട്ടുകഷണംപോലെയാണ്. അവന്‍ ചെളിയില്‍ മെതിത്തടിപോലെ കിടക്കുന്നു.
31: അവന്‍ സമുദ്രത്തെ ഒരു കലത്തിലെന്നപോലെ തിളപ്പിക്കുന്നു. കടലിനെ ഒരു കുടം തൈലംപോലെയാക്കിത്തീര്‍ക്കുന്നു.
32: അവന്‍, പിന്നില്‍ തിളങ്ങുന്നൊരു ചാലവശേഷിപ്പിക്കുന്നു; ആഴിക്കു നരബാധിച്ചതുപോലെ ഒരുവനു തോന്നും.
33: ഭൂമുഖത്തെങ്ങും അവനെപ്പോലെ നിര്‍ഭയനായ ജീവിയില്ല.
34: ഉന്നതമായവയെല്ലാം അവന്‍ ദര്‍ശിക്കുന്നു; ഉദ്ധതജന്തുക്കള്‍ക്ക് അവന്‍ രാജാവായിരിക്കുന്നു.

അദ്ധ്യായം 42

ജോബിന്റെ നീതീകരണം
1: ജോബ് കര്‍ത്താവിനോടു പറഞ്ഞു:
2: അങ്ങേയ്ക്കെല്ലാം സാധിക്കുമെന്നും അങ്ങയുടെ യാതൊരുദ്ദേശ്യവും തടയാനാവുകയില്ലെന്നും ഞാനറിയുന്നു.
3: അറിവില്ലാതെ ഉപദേശത്തെ മറച്ചുവയ്ക്കുന്നവനാരാണ് എന്നങ്ങു ചോദിച്ചു. എനിക്കു മനസ്സിലാകാത്ത അദ്ഭുതകരമായ കാര്യങ്ങളെക്കുറിച്ചു ഞാന്‍ പറഞ്ഞുപോയി.
4: കേള്‍ക്കുക, ഞാന്‍ സംസാരിക്കുന്നു. ഞാന്‍ ചോദിക്കും, നീ ഉത്തരം പറയണമെന്ന് അങ്ങുപറഞ്ഞു.
5: അങ്ങയെക്കുറിച്ചു ഞാന്‍ കേട്ടിട്ടേയുണ്ടായിരുന്നുള്ളു. എന്നാല്‍, ഇപ്പോളെന്റെ കണ്ണുകള്‍ അങ്ങയെക്കാണുന്നു.
6: അതിനാല്‍ ഞാന്‍ എന്നെത്തന്നെ വെറുക്കുന്നു; പൊടിയിലും ചാരത്തിലുംകിടന്ന്, ഞാന്‍ പശ്ചാത്തപിക്കുന്നു.
7: കര്‍ത്താവു ജോബിനോട് ഇങ്ങനെ സംസാരിച്ചതിനുശേഷം തേമാന്യനായ എലിഫാസിനോടരുളിച്ചെയ്തു: എന്റെ ക്രോധം നിനക്കും നിന്റെ രണ്ടു സ്നേഹിതന്മാര്‍ക്കുമെതിരെ ജ്വലിക്കുന്നു. എന്തെന്നാല്‍ നിങ്ങളെന്നെപ്പറ്റി, എന്റെ ദാസനായ ജോബിനെപ്പോലെ ശരിയായിട്ടല്ല സംസാരിച്ചത്.
8: അതിനാല്‍ ഇപ്പോള്‍ത്തെന്നെ ജോബിന്റെയടുക്കല്‍ച്ചെന്ന്‍, നിങ്ങള്‍ക്കുവേണ്ടി ദഹനബലിയര്‍പ്പിക്കുവിന്‍. എന്റെ ദാസനായ ജോബ്‌, നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കും. ഞാന്‍ അവന്റെ പ്രാര്‍ത്ഥന സ്വീകരിച്ച്, നിങ്ങളുടെ ഭോഷത്തത്തിനു നിങ്ങളെ ശിക്ഷിക്കുകയില്ല. നിങ്ങള്‍ എന്റെ ദാസനായ ജോബിനെപ്പോലെ എന്നെപ്പറ്റി ശരിയായതു സംസാരിച്ചില്ല.
9: തേമാന്യനായ എലിഫാസും ഷൂഹ്യനായ ബില്‍ദാദും, നാമാത്യനായ സോഫാറും കര്‍ത്താവു പറഞ്ഞപ്രകാരം ചെയ്തു. കര്‍ത്താവു ജോബിന്റെ പ്രാര്‍ത്ഥന സ്വീകരിച്ചു.
10: ജോബ് തന്റെ സ്‌നേഹിതന്മാര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചപ്പോള്‍ അവനുണ്ടായിരുന്ന ഐശ്വര്യം കര്‍ത്താവു തിരിയെക്കൊടുത്തു. അവിടുന്നത് ഇരട്ടിയായിക്കൊടുത്തു.
11: അവന്റെ സഹോദരന്മാരും സഹോദരിമാരും മുന്‍ പരിചയക്കാരും അവന്റെ വീട്ടില്‍വന്ന് അവനോടൊത്തു ഭക്ഷണംകഴിച്ചു. കര്‍ത്താവ് അവന്റെമേല്‍വരുത്തിയ എല്ലാ അനര്‍ത്ഥങ്ങളെയുംകുറിച്ച് അവര്‍ സഹതപിക്കുകയും അവനെയാശ്വസിപ്പിക്കുകയും ചെയ്തു. അവരോരോരുത്തരും പണവും ഓരോ സ്വര്‍ണ്ണമോതിരവും അവനു സമ്മാനിച്ചു.
12: കര്‍ത്താവവന്റെ ശേഷിച്ചജീവിതം മുമ്പിലത്തേതിനെക്കാള്‍ ധന്യമാക്കി, അവനു പതിന്നാലായിരം ആടുകളും ആറായിരം ഒട്ടകങ്ങളും, ആയിരം ഏര്‍ കാളകളും, ആയിരം പെണ്‍കഴുതകളുമുണ്ടായി.
13: അവന് ഏഴു പുത്രന്മാരും മൂന്നു പുത്രിമാരുമുണ്ടായി.
14: മൂത്തവള്‍ ജമിമാ, രണ്ടാമത്തവള്‍ കെസിയാ, മൂന്നാമത്തവള്‍ കേരന്‍ഹാപ്പുക്.
15: ജോബിന്റെ പുത്രിമാരെപ്പോലെ സുന്ദരിമാരായ സ്ത്രീകള്‍ ആ ദേശത്തെങ്ങുമുണ്ടായിരുന്നില്ല. പിതാവ് അവര്‍ക്കും സഹോദരന്മാര്‍ക്കൊപ്പം അവകാശം കൊടുത്തു.
16: അതിനുശേഷം ജോബ് നൂറ്റിനാല്പതുവര്‍ഷം ജീവിക്കുകയും മക്കളും മക്കളുടെ മക്കളുമായി നാലുതലമുറവരെ കാണുകയും ചെയ്തു.
17: അങ്ങനെ ജോബ് പൂര്‍ണായുസ്സു പ്രാപിച്ച് വൃദ്ധനായി മരിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ