നൂറ്റിയറുപതാം ദിവസം: സങ്കീര്‍ത്തനങ്ങള്‍ 10 - 18

അദ്ധ്യായം 10


നീതിക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന
1: കര്‍ത്താവേ, എന്തുകൊണ്ടാണ് അവിടുന്നകന്നുനില്‍ക്കുന്നത്? ഞങ്ങളുടെ കഷ്ടകാലത്ത് അവിടുന്നു മറഞ്ഞിരിക്കുന്നതെന്ത്?
2: ദുഷ്ടര്‍ ഗര്‍വ്വോടെ പാവങ്ങളെ പിന്തുടര്‍ന്നു പീഡിപ്പിക്കുന്നു; അവര്‍വെച്ച കെണിയില്‍ അവര്‍തന്നെ വീഴട്ടെ.
3: ദുഷ്ടന്‍ തന്റെ ദുരാഗ്രഹങ്ങളെക്കുറിച്ചു വമ്പുപറയുന്നു; അത്യാഗ്രഹി കര്‍ത്താവിനെ ശപിച്ചുതള്ളുന്നു.
4: ദുഷ്ടന്‍ തന്റെ അഹങ്കാരത്തള്ളലാല്‍ അവിടുത്തെയന്വേഷിക്കുന്നില്ല; ദൈവമില്ലെന്നാണ് അവന്റെ വിചാരം.
5: അവന്റെ മാര്‍ഗ്ഗങ്ങള്‍ എപ്പോഴും വിജയിക്കുന്നു; അവിടുത്തെ ന്യായവിധി അവനു കണ്ണെത്താത്തവിധം ഉയരത്തിലാണ്; അവന്‍ തന്റെ ശത്രുക്കളെ പുച്ഛിച്ചുതള്ളുന്നു.
6: ഞാന്‍ കുലുങ്ങുകയില്ല, ഒരുകാലത്തും എനിക്ക് അനര്‍ത്ഥമുണ്ടാവുകയില്ലെന്ന് അവന്‍ ചിന്തിക്കുന്നു.
7: അവന്റെ വായ്, ശാപവും വഞ്ചനയും ഭീഷണിയുംകൊണ്ടു നിറഞ്ഞിരിക്കുന്നു; അവന്റെ നാവിനടിയില്‍ ദ്രോഹവും അധര്‍മ്മവും കുടികൊള്ളുന്നു.
8: അവന്‍ ഗ്രാമങ്ങളില്‍ പതിയിരിക്കുന്നു; ഒളിച്ചിരുന്ന് അവന്‍ നിര്‍ദ്ദോഷരെ കൊലചെയ്യുന്നു; അവന്റെ കണ്ണുകള്‍ നിസ്സഹായരെ ഗൂഢമായി തെരയുന്നു.
9: പാവങ്ങളെപ്പിടിക്കാന്‍ അവന്‍ സിംഹത്തെപ്പോലെ പതിയിരിക്കുന്നു; പാവങ്ങളെ വലയില്‍ക്കുടുക്കി അവന്‍ പിടിയിലമര്‍ത്തുന്നു.
10: നിസ്സഹായന്‍ ഞെരിഞ്ഞമര്‍ന്നുപോകുന്നു; ദുഷ്ടന്റെ ശക്തിയാല്‍, അവന്‍ നിലംപതിക്കുന്നു.
11: ദൈവം മറന്നിരിക്കുന്നു; അവിടുന്നു മുഖംമറച്ചിരിക്കുകയാണ്; അവിടുന്ന് ഒരിക്കലുമിതു കാണുകയില്ലായെന്നു ദുഷ്ടന്‍ വിചാരിക്കുന്നു.
12: കര്‍ത്താവേ, ഉണരണമേ! ദൈവമേ, അവിടുന്നു കരമുയര്‍ത്തണമേ! പീഡിതരെ മറക്കരുതേ!
13: ദുഷ്ടന്‍ ദൈവത്തെ നിഷേധിക്കുന്നതും അവിടുന്നു കണക്കുചോദിക്കുകയില്ലെന്നു ഹൃദയത്തില്‍ മന്ത്രിക്കുന്നതുമെന്തുകൊണ്ട്?
14: അങ്ങു കാണുന്നുണ്ട്; കഷ്ടപ്പാടുകളും ക്ലേശങ്ങളും അങ്ങു തീര്‍ച്ചയായും കാണുന്നുണ്ട്; അങ്ങ് അവയേറ്റെടുക്കും, നിസ്സഹായന്‍ തന്നെത്തന്നെ അങ്ങേയ്ക്കു സമര്‍പ്പിക്കുന്നു; അനാഥന് അവിടുന്നു സഹായകനാണല്ലോ.
15: ദുഷ്ടന്റെയും അധര്‍മ്മിയുടെയും ഭുജം തകര്‍ക്കണമേ! ദുഷ്ടതയ്ക്കറുതിവരുന്നതുവരെ അതു തിരഞ്ഞു നശിപ്പിക്കണമേ!
16: കര്‍ത്താവെന്നേയ്ക്കും രാജാവാണ്. ജനതകള്‍ അവിടുത്തെ ദേശത്തുനിന്നറ്റുപോകും.
17: കര്‍ത്താവേ! എളിയവരുടെ അഭിലാഷം അവിടുന്നു നിറവേറ്റും; അവരുടെ ഹൃദയത്തിനു ധൈര്യംപകരും; അവിടുന്നവര്‍ക്കു ചെവികൊടുക്കും.
18: അനാഥര്‍ക്കും പീഡിതര്‍ക്കും അങ്ങു നീതിനടത്തിക്കൊടുക്കും; മണ്ണില്‍നിന്നുള്ള മനുഷ്യന്‍ ഇനിമേല്‍ അവരെ ഭീഷണിപ്പെടുത്തുകയില്ല.

അദ്ധ്യായം 11

നീതിമാന്റെ ആശ്രയം
ഗായകസംഘനേതാവിന്, ദാവീദിന്റെ സങ്കീർത്തനം
1: ഞാന്‍ കര്‍ത്താവിലഭയംതേടുന്നു; പക്ഷിയെപ്പോലെ പര്‍വ്വതങ്ങളില്‍പ്പോയി ഒളിക്കുകയെന്നു നിങ്ങള്‍ക്കെന്നോടെങ്ങനെ പറയാന്‍ കഴിയും?
2: നിഷ്‌കളങ്കഹൃദയരെ ഇരുട്ടത്തെയ്യാന്‍വേണ്ടി ദുഷ്ടന്മാര്‍ വില്ലുകുലച്ച്, അമ്പുതൊടുത്തിരിക്കുന്നു.
3: അടിത്തറ തകര്‍ന്നാല്‍ നീതിമാനെന്തുചെയ്യും?
4: കര്‍ത്താവു തന്റെ വിശുദ്ധമന്ദിരത്തിലുണ്ട്; അവിടുത്തെ സിംഹാസനം സ്വര്‍ഗ്ഗത്തിലാണ്. അവിടുത്തെ കണ്ണുകള്‍ മനുഷ്യമക്കളെക്കാണുന്നു; അവിടുന്നവരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നു.
5: കര്‍ത്താവു നീതിമാനെയും ദുഷ്ടനെയും പരിശോധിക്കുന്നു; അക്രമമിഷ്ടപ്പെടുന്നവനെ അവിടുന്നു വെറുക്കുന്നു.
6: ദുഷ്ടരുടെമേല്‍ അവിടുന്നു തീക്കനലും ഗന്ധകവും വര്‍ഷിക്കും; അവരുടെ പാനപാത്രംനിറയെ ഉഷ്ണക്കാറ്റായിരിക്കും.
7: കര്‍ത്താവു നീതിമാനാണ്; അവിടുന്നു നീതിയുക്തമായ പ്രവൃത്തികളിഷ്ടപ്പെടുന്നു; പരമാര്‍ത്ഥഹൃദയര്‍ അവിടുത്തെ മുഖം ദര്‍ശിക്കും.

അദ്ധ്യായം 12

കാപട്യംനിറഞ്ഞ ലോകം
ഗായകസംഘനേതാവിന്, അഷ്ടമിരാഗത്തിൽ ദാവീദിന്റെ സങ്കീർത്തനം 
1: കര്‍ത്താവേ, സഹായിക്കണമേ; ദൈവഭക്തര്‍ ഇല്ലാതായിരിക്കുന്നു; മനുഷ്യമക്കളില്‍ വിശ്വസ്തരാരുമില്ലാതായി.
2: ഓരോരുത്തനും അയല്‍ക്കാരനോട് അസത്യം പറയുന്നു; അവരുടെ അധരങ്ങളില്‍ മുഖസ്തുതിയും ഹൃദയത്തില്‍ കാപട്യവുമാണ്.
3: മുഖസ്തുതിപറയുന്ന അധരങ്ങളെയും വീമ്പിളക്കുന്ന നാവിനെയും കര്‍ത്താവു ഛേദിച്ചുകളയട്ടെ.
4: നാവുകൊണ്ടു ഞങ്ങള്‍ ജയിക്കും, അധരങ്ങള്‍ ഞങ്ങള്‍ക്കു തുണയുണ്ട്; ആരുണ്ടു ഞങ്ങളെ നിയന്ത്രിക്കാന്‍ എന്നവര്‍ പറയുന്നു.
5: എന്നാല്‍, കര്‍ത്താവരുളിച്ചെയ്യുന്നു: ദരിദ്രര്‍ ചൂഷണംചെയ്യപ്പെടുന്നു; പാവപ്പെട്ടവര്‍ നെടുവീര്‍പ്പിടുന്നു; അതിനാല്‍, അവരാശിക്കുന്ന അഭയം ഞാനവര്‍ക്കു നല്കും.
6: കര്‍ത്താവിന്റെ വാഗ്ദാനങ്ങള്‍ നിര്‍മ്മലമാണ്; ഉലയില്‍ ഏഴാവൃത്തി ശുദ്ധിചെയ്‌തെടുത്ത വെള്ളിയാണ്.
7: കര്‍ത്താവേ! ഞങ്ങളെ കാത്തുകൊള്ളണമേ! ഈ തലമുറയില്‍നിന്നു ഞങ്ങളെ കാത്തുകൊള്ളണമേ.
8: ദുഷ്ടര്‍ എങ്ങും പരതിനടക്കുന്നു; മനുഷ്യപുത്രരുടെയിടയില്‍, നീചത്വമാദരിക്കപ്പെടുന്നു.

അദ്ധ്യായം 13

ദുഃഖിതന്റെ പ്രാര്‍ത്ഥന

ഗായകസംഘനേതാവിന്, ദാവീദിന്റെ സങ്കീർത്തനം 
1: കര്‍ത്താവേ, എത്രനാള്‍ അങ്ങെന്നെ മറക്കും? എന്നേയ്ക്കുമായി എന്നെ വിസ്മരിക്കുമോ? എത്രനാൾ അങ്ങയുടെ മുഖം എന്നില്‍നിന്നു മറച്ചുപിടിക്കും?
2: എത്രനാള്‍ ഞാന്‍ വേദനസഹിക്കണം? എത്രനാള്‍ രാപകല്‍ ഹൃദയവ്യഥയനുഭവിക്കണം? എത്രനാള്‍ എന്റെ ശത്രു എന്നെ ജയിച്ചുനില്ക്കും?
3: എന്റെ ദൈവമായ കര്‍ത്താവേ, എന്നെ കടാക്ഷിച്ച്, ഉത്തരമരുളണമേ! ഞാന്‍ മരണനിദ്രയില്‍ വഴുതിവീഴാതിരിക്കാന്‍ എന്റെ നയനങ്ങളെ പ്രകാശിപ്പിക്കണമേ!
4: ഞാനവനെ കീഴ്‌പെടുത്തിയെന്ന് എന്റെ ശത്രു പറയാനിടയാക്കരുതേ! ഞാന്‍ പരിഭ്രമിക്കുന്നതുകണ്ട്, എന്റെ ശത്രു ആനന്ദിക്കാന്‍ ഇടവരുത്തരുതേ!
5: ഞാന്‍ അവിടുത്തെ കരുണയിലാശ്രയിക്കുന്നു; എന്റെ ഹൃദയം അങ്ങയുടെ രക്ഷയില്‍ ആനന്ദംകൊള്ളും.
6: ഞാന്‍ കര്‍ത്താവിനെ പാടിസ്തുതിക്കും; അവിടുന്നെന്നോട് അതിരറ്റകരുണകാണിച്ചിരിക്കുന്നു.

അദ്ധ്യായം 14

ദൈവനിഷേധകന്റെ മൗഢ്യം
ഗായകസംഘനേതാവിന്, ദാവീദിന്റെ സങ്കീർത്തനം 
1: ദൈവമില്ലെന്നു മൂഢന്‍ തന്റെ ഹൃദയത്തില്‍ പറയുന്നു; മ്ലേച്ഛതയില്‍മുഴുകി അവര്‍ ദുഷിച്ചിരിക്കുന്നു; നന്മചെയ്യുന്നവരാരുമില്ല.
2: കര്‍ത്താവു സ്വര്‍ഗ്ഗത്തില്‍നിന്നു മനുഷ്യമക്കളെ നോക്കുന്നു; ദൈവത്തെത്തേടുന്ന വിവേകികളുണ്ടോയെന്ന് അവിടുന്നാരായുന്നു.
3: എല്ലാവരും വഴിതെറ്റി ഒന്നുപോലെ ദുഷിച്ചുപോയി; നന്മചെയ്യുന്നവനില്ല, ഒരുവന്‍പോലുമില്ല.
4: ഈ അധര്‍മ്മികള്‍ക്കു ബോധമില്ലേ? ഇവരെന്റെ ജനത്തെ അപ്പംപോലെ തിന്നൊടുക്കുന്നു; ഇവര്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിക്കുന്നില്ല.
5: അവിടെയവരെ പരിഭ്രാന്തി പിടികൂടും; എന്തെന്നാല്‍, ദൈവം നീതിമാന്മാരോടുകൂടെയാണ്.
6: നിങ്ങള്‍ ദരിദ്രന്റെ പ്രതീക്ഷകളെ തകര്‍ക്കാന്‍നോക്കും; എന്നാല്‍, കര്‍ത്താവവന് അഭയമായുണ്ട്.
7: ഇസ്രായേലിന്റെ വിമോചനം സീയോനില്‍നിന്നു വന്നിരുന്നെങ്കില്‍ ‍! കര്‍ത്താവു തന്റെ ജനതയുടെ സുസ്ഥിതി പുനഃസ്ഥാപിക്കുമ്പോള്‍ യാക്കോബാനന്ദിക്കും; ഇസ്രായേല്‍ സന്തോഷിക്കും.

അദ്ധ്യായം 15

നീതിയുടെ മാനദണ്ഡം
ദാവീദിന്റെ സങ്കീർത്തനം 
1: കര്‍ത്താവേ, അങ്ങയുടെ കൂടാരത്തിലാരു വസിക്കും? അങ്ങയുടെ വിശുദ്ധഗിരിയില്‍ ആരു വാസമുറപ്പിക്കും?
2: നിഷ്കളങ്കനായി ജീവിക്കുകയും നീതിമാത്രം പ്രവര്‍ത്തിക്കുകയും ഹൃദയംതുറന്നു സത്യംപറയുകയും ചെയ്യുന്നവന്‍ ‍;.
3: പരദൂഷണംപറയുകയോ സ്നേഹിതനെ ദ്രോഹിക്കുകയോ അയല്‍ക്കാരനെതിരേ അപവാദംപരത്തുകയോ ചെയ്യാത്തവന്‍ ;
4: ദുഷ്ടനെ പരിഹാസ്യനായിക്കരുതുകയും ദൈവഭക്തനോടാദരംകാണിക്കുകയും നഷ്ടംസഹിച്ചും പ്രതിജ്ഞനിറവേറ്റുകയുംചെയ്യുന്നവന്‍ ‍;
5: കടത്തിനു പലിശയീടാക്കുകയോ നിര്‍ദ്ദോഷനെതിരേ കൈക്കൂലി വാങ്ങുകയോചെയ്യാത്തവന്‍; ഇങ്ങനെയുള്ളവന്‍ നിര്‍ഭയനായിരിക്കും.

അദ്ധ്യായം 16

ദൈവം എന്റെയവകാശം
ദാവീദിന്റെ ഒരു ഗീതം 
1: ദൈവമേ, എന്നെ കാത്തുകൊള്ളണമേ! ഞാന്‍ അങ്ങയില്‍ ശരണംവച്ചിരിക്കുന്നു.
2: അവിടുന്നാണെന്റെ കര്‍ത്താവ്; അങ്ങില്‍നിന്നല്ലാതെ എനിക്കു നന്മയില്ലെന്നു ഞാന്‍ കര്‍ത്താവിനോടു പറയും.
3: ലോകം വിശുദ്ധരെന്നുകരുതുന്ന ദേവന്മാര്‍ നിസ്സാരരാണ്; അവരിലാനന്ദംകൊള്ളുന്നവര്‍ അഭിശപ്തരാണ്.
4: അന്യദേവന്മാരെ അനുഗമിക്കുന്നവര്‍ തങ്ങളുടെ ദുരിതം വര്‍ദ്ധിപ്പിക്കുന്നു; ഞാനവര്‍ക്കു രക്തംകൊണ്ടു പാനീയബലിയര്‍പ്പിക്കുകയില്ല; ഞാനവരുടെ നാമമുച്ചരിക്കുകയില്ല.
5: കര്‍ത്താവാണെന്റെ ഓഹരിയും പാനപാത്രവും; എന്റെ ഭാഗധേയം അവിടുത്തെ കരങ്ങളിലാണ്.
6: അഭികാമ്യമായ ദാനമാണ് എനിക്കളന്നുകിട്ടിയിരിക്കുന്നത്; വിശിഷ്ടമായ അവകാശം എനിക്കു ലഭിച്ചിരിക്കുന്നു.
7: എനിക്കുപദേശംനല്കുന്ന കര്‍ത്താവിനെ ഞാന്‍ വാഴ്ത്തുന്നു; രാത്രിയിലും എന്റെ അന്തഃരംഗത്തില്‍ പ്രബോധനംനിറയുന്നു.
8: കര്‍ത്താവെപ്പോഴും എന്റെ കണ്മുമ്പിലുണ്ട്; അവിടുന്നെന്റെ വലത്തുഭാഗത്തുള്ളതുകൊണ്ടു ഞാന്‍ കുലുങ്ങുകയില്ല.
9: അതിനാല്‍, എന്റെ ഹൃദയം സന്തോഷിക്കുകയും അന്തഃരംഗമാനന്ദംകൊള്ളുകയും ചെയ്യുന്നു. എന്റെ ശരീരം സുരക്ഷിതമായി വിശ്രമിക്കുന്നു.
10: അവിടുന്നെന്നെ പാതാളത്തില്‍ തള്ളുകയില്ല; അങ്ങയുടെ പരിശുദ്ധന്‍ ജീര്‍ണ്ണിക്കാന്‍ അനുവദിക്കുകയില്ല.
11: അങ്ങെനിക്കു ജീവന്റെ മാര്‍ഗ്ഗം കാണിച്ചുതരുന്നു; അങ്ങയുടെ സന്നിധിയില്‍ ആനന്ദത്തിന്റെ പൂര്‍ണ്ണതയുണ്ട്; അങ്ങയുടെ വലത്തുകൈയില്‍ ശാശ്വതമായ സന്തോഷമുണ്ട്.

അദ്ധ്യായം 17

നിഷ്‌കളങ്കന്റെ പ്രതിഫലം
ദാവീദിന്റെ ഒരു പ്രാർത്ഥന 
 
1: കര്‍ത്താവേ, എന്റെ ന്യായം കേള്‍ക്കണമേ! എന്റെ നിലവിളി ശ്രദ്ധിക്കണമേ! നിഷ്കപടമായ എന്റെ അധരങ്ങളില്‍നിന്നുള്ള പ്രാര്‍ത്ഥന ശ്രവിക്കണമേ!
2: എന്റെ വിധി അങ്ങയുടെ സന്നിധിയില്‍നിന്നു പുറപ്പെടട്ടെ! അങ്ങയുടെ കണ്ണ്, ന്യായംകാണുമാറാകട്ടെ!
3: അവിടുന്നെന്റെ ഹൃദയം പരിശോധിച്ചാല്‍, രാത്രിയിലെന്നെ സന്ദര്‍ശിച്ചാല്‍, അങ്ങെന്നെ ഉരച്ചുനോക്കിയാല്‍, എന്നില്‍ തിന്മ കണ്ടെത്തുകയില്ല; എന്റെയധരങ്ങള്‍ പ്രമാണം ലംഘിക്കുകയില്ല.
4: മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ ഞാന്‍ തിന്മ പ്രവര്‍ത്തിച്ചിട്ടില്ല. അങ്ങയുടെ അധരങ്ങളില്‍നിന്നു പുറപ്പെടുന്ന വചനം, ഞാനനുസരിച്ചു; അക്രമികളുടെ പാതയില്‍നിന്നു ഞാനൊഴിഞ്ഞുനിന്നു.
5: എന്റെ കാലടികള്‍ അങ്ങയുടെ പാതയില്‍ത്തന്നെ പതിഞ്ഞു; എന്റെ പാദങ്ങള്‍ വഴുതിയില്ല.
6: ഞാനങ്ങയെ വിളിച്ചപേക്ഷിക്കുന്നു; ദൈവമേ, അങ്ങെനിക്കുത്തരമരുളും; അങ്ങു ചെവിചായിച്ച് എന്റെ വാക്കുകള്‍ ശ്രവിക്കണമേ!
7: തന്റെ വലത്തുകൈയില്‍ അഭയംതേടുന്നവരെ ശത്രുക്കളില്‍നിന്നു കാത്തുകൊള്ളുന്ന രക്ഷകാ, അങ്ങയുടെ കാരുണ്യം വിസ്മയകരമായി പ്രദര്‍ശിപ്പിക്കണമേ!
8: കണ്ണിന്റെ കൃഷ്ണമണിപോലെ എന്നെ കാത്തുകൊള്ളണമേ! അങ്ങയുടെ ചിറകിന്റെ നിഴലില്‍ എന്നെ മറച്ചുകൊള്ളണമേ!
9: എന്നെ ഞെരുക്കുന്ന ദുഷ്ടരില്‍നിന്നും എന്നെ വളഞ്ഞിരിക്കുന്ന കൊടുംശത്രുക്കളില്‍നിന്നും എന്നെ രക്ഷിക്കണമേ!.
10: അവരുടെ ഹൃദയത്തിലനുകമ്പയില്ല; അവരുടെ അധരങ്ങള്‍ വമ്പുപറയുന്നു.
11: അവരെന്നെ അനുധാവനംചെയ്യുന്നു; ഇതാ, എന്നെ വളഞ്ഞുകഴിഞ്ഞു, എന്നെ നിലംപതിപ്പിക്കാന്‍ അവര്‍ എന്റെമേല്‍ കണ്ണുവച്ചിരിക്കുന്നു.
12: കടിച്ചുചീന്താന്‍ വെമ്പുന്ന സിംഹത്തെപ്പോലെയാണവര്‍ ‍; പതിയിരിക്കുന്ന യുവസിംഹത്തെപ്പോലെതന്നെ.
13: കര്‍ത്താവേ! എഴുന്നേറ്റ്, അവരെ എതിര്‍ത്തുതോല്പിക്കണമേ! അങ്ങയുടെ വാള്‍, നീചനില്‍നിന്ന് എന്നെ രക്ഷിക്കട്ടെ.
14: ഇഹലോക ജീവിതംമാത്രം ഓഹരിയായിക്കരുതുന്ന മര്‍ത്ത്യരില്‍നിന്ന് അങ്ങയുടെ കരം, എന്നെ രക്ഷിക്കട്ടെ! അങ്ങവര്‍ക്കുവേണ്ടിയൊരുക്കിയിരിക്കുന്നവകൊണ്ട് അവരുടെ വയര്‍നിറയട്ടെ! അവരുടെ സന്തതികള്‍ക്കും സമൃദ്ധമായി ലഭിക്കട്ടെ! മിച്ചമുള്ളത് അവരുടെ പേരക്കിടാങ്ങള്‍ക്കുവേണ്ടി നീക്കിവയ്ക്കട്ടെ!.
15: നീതിനിമിത്തം ഞാനങ്ങയുടെ മുഖം ദര്‍ശിക്കും; ഉണരുമ്പോള്‍ ഞാനങ്ങയുടെ രൂപംകണ്ടു തൃപ്തിയടയും.

അദ്ധ്യായം 18

വിജയത്തില്‍ കൃതജ്ഞതാസ്‌തോത്രം
ഗായകസംഘനേതാവിന്, കർത്താവിന്റെ ദാസനായ ദാവീദിന്റെ സങ്കീർത്തനം. സകലശത്രുക്കളിൽനിന്നും സാവൂളിന്റെ കൈയിൽനിന്നും കർത്താവ് അവനെ രക്ഷിച്ചദിവസം അവിടുത്തെ സ്തുതിച്ചുപാടിയത്.
1: കര്‍ത്താവേ! എന്റെ ശക്തിയുടെ ഉറവിടമേ, ഞാനങ്ങയെ സ്നേഹിക്കുന്നു.
2: അങ്ങാണെന്റെ രക്ഷാശിലയും കോട്ടയും വിമോചകനും, എന്റെ ദൈവവും എനിക്കഭയംതരുന്ന പാറയും, എന്റെ പരിചയും രക്ഷാശൃംഗവും അഭയകേന്ദ്രവും.
3: സ്തുത്യര്‍ഹനായ കര്‍ത്താവിനെ ഞാന്‍ വിളിച്ചപേക്ഷിക്കുന്നു; അവിടുന്നെന്നെ ശത്രുക്കളില്‍നിന്നു രക്ഷിക്കും.
4: മരണപാശമെന്നെ ചുറ്റി, വിനാശത്തിന്റെ പ്രവാഹങ്ങള്‍ എന്നെയാക്രമിച്ചു.
5: പാതാളപാശമെന്നെ വരിഞ്ഞുമുറുക്കി, മരണത്തിന്റെ കുരുക്ക് എന്റെമേലിതാ വീഴുന്നു.
6: കഷ്ടതയില്‍ ഞാന്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിച്ചു; എന്റെ ദൈവത്തോടു ഞാന്‍ സഹായത്തിനായി നിലവിളിച്ചു; അവിടുന്നു തന്റെ ആലയത്തില്‍നിന്ന് എന്റെയപേക്ഷ കേട്ടു; എന്റെ നിലവിളി അവിടുത്തെ കാതുകളിലെത്തി.
7: കര്‍ത്താവിന്റെ കോപത്തില്‍ ഭൂമി ഞെട്ടിവിറച്ചു; മലകളുടെ അടിസ്ഥാനങ്ങളിളകി,
8: അവിടുത്തെ നാസികയില്‍നിന്നു ധൂമപടലമുയര്‍ന്നു; വായില്‍നിന്നു സംഹാരാഗ്നി പുറപ്പെട്ടു; കനലുകള്‍ കത്തിജ്വലിച്ചു.
9: ആകാശംചായിച്ച് അവിടുന്നിറങ്ങിവന്നു, കൂരിരുട്ടിന്മേല്‍ അവിടുന്നു പാദമുറപ്പിച്ചു.
10: കെരൂബിനെ വാഹനമാക്കി അവിടുന്നു പറന്നു; കാറ്റിന്റെ ചിറകുകളില്‍ അവിടുന്നു പാഞ്ഞുവന്നു.
11: അന്ധകാരംകൊണ്ട് അവിടുന്നാവരണം ചമച്ചു; ജലംനിറഞ്ഞ കാര്‍മേഘങ്ങള്‍കൊണ്ടു വിതാനമൊരുക്കി.
12: അവിടുത്തെമുമ്പില്‍ ജ്വലിക്കുന്ന തേജസ്സില്‍നിന്നു കന്മഴയും തീക്കനലും മേഘങ്ങള്‍ഭേദിച്ചു ഭൂമിയില്‍പ്പതിച്ചു.
13: കര്‍ത്താവാകാശത്തില്‍ ഇടിമുഴക്കി, അത്യുന്നതന്റെ ശബ്ദം മുഴങ്ങിക്കേട്ടു, കന്മഴയും തീക്കനലും പൊഴിഞ്ഞു.
14: അവിടുന്ന്, അമ്പയച്ച് അവരെച്ചിതറിച്ചു; മിന്നല്പിണര്‍കൊണ്ട് അവരെപ്പായിച്ചു.
15: കര്‍ത്താവേ, അങ്ങയുടെ ശാസനയാല്‍, അങ്ങയുടെ നാസികയില്‍നിന്നു പുറപ്പെട്ട നിശ്വാസത്താല്‍, സമുദ്രത്തിലെ അന്തഃപ്രവാഹങ്ങള്‍ കാണപ്പെട്ടു; ഭൂമിയുടെയടിസ്ഥാനങ്ങള്‍ അനാവൃതമായി.
16: ഉന്നതത്തില്‍നിന്നു കൈനീട്ടി അവിടുന്നെന്നെ പിടിച്ചു; പെരുവെള്ളത്തില്‍നിന്ന് അവിടുന്നെന്നെ പൊക്കിയെടുത്തു.
17: പ്രബലനായ ശത്രുവില്‍നിന്നും എന്നെ വെറുത്തവരില്‍നിന്നും അവിടുന്നെന്നെ രക്ഷിച്ചു; അവര്‍ എന്റെ ശക്തിക്കതീതരായിരുന്നു.
18: അനര്‍ത്ഥകാലത്ത്, അവരെന്റെമേല്‍ ചാടിവീണു, കര്‍ത്താവ് എനിക്കഭയമായിരുന്നു.
19: അവിടുന്നെന്നെ വിശാലമായ സ്ഥലത്തേക്കു നയിച്ചു; എന്നില്‍ പ്രസാദിച്ചതിനാല്‍ എന്നെ വിമോചിപ്പിച്ചു.
20: എന്റെ നീതിക്കൊത്തവിധം കര്‍ത്താവെനിക്കു പ്രതിഫലം നല്കി; എന്റെ കൈകളുടെ നിര്‍മ്മലതയ്ക്കുചേര്‍ന്നവിധം എനിക്കു പകരംതന്നു.
21: കര്‍ത്താവിന്റെ മാര്‍ഗ്ഗത്തില്‍ ഞാനുറച്ചുനിന്നു; തിന്മചെയ്ത്, എന്റെ ദൈവത്തില്‍നിന്നു ഞാനകന്നുപോയില്ല.
22: അവിടുത്തെ കല്പനകള്‍ എന്റെ കണ്മുമ്പിലുണ്ടായിരുന്നു; അവിടുത്തെ നിയമങ്ങള്‍ ഞാന്‍ ലംഘിച്ചില്ല.
23: അവിടുത്തെമുമ്പില്‍ ഞാന്‍ നിര്‍മ്മലനായിരുന്നു; കുറ്റങ്ങളില്‍നിന്നു ഞാനകന്നുനിന്നു.
24: എന്റെ നീതിയും കൈകളുടെ നിഷ്‌കളങ്കതയുംകണ്ട്, കര്‍ത്താവെനിക്കു പ്രതിഫലംനല്കി.
25: വിശ്വസ്തനോട് അങ്ങു വിശ്വസ്തതപുലര്‍ത്തുന്നു; നിഷ്‌കളങ്കനോടു നിഷ്‌കളങ്കമായി പെരുമാറുന്നു.
26: നിര്‍മ്മലനോടു നിര്‍മ്മലമായും ദുഷ്ടനോടു ക്രൂരമായും അങ്ങു പെരുമാറുന്നു.
27: വിനീതരെ അങ്ങു വിടുവിക്കുന്നു, അഹങ്കാരികളെ അങ്ങു വീഴ്ത്തുന്നു.
28: അങ്ങെന്റെ ദീപംകൊളുത്തുന്നു; എന്റെ ദൈവമായ കര്‍ത്താവ്, എന്റെ അന്ധകാരമകറ്റുന്നു.
29: അവിടുത്തെ സഹായത്താല്‍ ഞാന്‍ സൈന്യനിരയെ ഭേദിക്കും; എന്റെ ദൈവത്തിന്റെ സഹായത്താല്‍ ഞാന്‍ കോട്ട ചാടിക്കടക്കും;
30: ദൈവത്തിന്റെ മാര്‍ഗ്ഗം അവികലമാണ്; കര്‍ത്താവിന്റെ വാഗ്ദാനം നിറവേറും; തന്നില്‍ അഭയംതേടുന്നവര്‍ക്ക് അവിടുന്നു പരിചയാണ്.
31: കര്‍ത്താവല്ലാതെ ദൈവമാരുണ്ട്? നമ്മുടെ ദൈവമല്ലാതെ രക്ഷാശിലയെവിടെയുണ്ട്?
32: അവിടുന്നു ശക്തികൊണ്ട്, എന്റെ അരമുറുക്കുന്നു; എന്റെ മാര്‍ഗ്ഗം സുരക്ഷിതമാക്കുന്നു.
33: അവിടുന്നെന്റെ കാലുകള്‍ക്കു മാന്‍പേടയുടെ വേഗംനല്കി; ഉന്നതഗിരികളില്‍ എന്നെ സുരക്ഷിതനായി നിറുത്തി.
34: എന്റെ കൈകളെ അവിടുന്നു യുദ്ധമുറയഭ്യസിപ്പിച്ചു; എന്റെ കരങ്ങള്‍ക്കു പിച്ചളവില്ലു കുലയ്ക്കാന്‍ കഴിയും.
35: അങ്ങെനിക്കു രക്ഷയുടെ പരിച നല്കി; അവിടുത്തെ വലത്തുകൈ എന്നെ താങ്ങിനിറുത്തി; അവിടുത്തെ വാത്സല്യം, എന്നെ വലിയവനാക്കി.
36: എന്റെ പാത, അങ്ങു വിശാലമാക്കി; എന്റെ കാലുകള്‍ വഴുതിയില്ല.
37: എന്റെ ശത്രുക്കളെ ഞാന്‍ പിന്തുടര്‍ന്നു പിടിച്ചു; അവരെ സംഹരിക്കുവോളം ഞാന്‍ പിന്‍വാങ്ങിയില്ല.
38: എഴുന്നേല്ക്കാനാവാത്തവിധം അവരെ ഞാന്‍ തകര്‍ത്തു; അവര്‍ എന്റെ കാല്‍ക്കീഴില്‍ ഞെരിഞ്ഞു.
39: യുദ്ധത്തിനായി ശക്തികൊണ്ട്, അങ്ങെന്റെ അരമുറുക്കി; എന്നെയാക്രമിച്ചവരെ അങ്ങെനിക്കധീനമാക്കി.
40: എന്റെ ശത്രുക്കളെ അങ്ങു പലായനം ചെയ്യിച്ചു; എന്നെ വെറുത്തവരെ ഞാന്‍ നശിപ്പിച്ചു.
41: സഹായത്തിനുവേണ്ടി അവര്‍ നിലവിളിച്ചു; രക്ഷിക്കാനാരുമുണ്ടായിരുന്നില്ല, കര്‍ത്താവിനോട്, അവര്‍ നിലവിളിച്ചു; അവിടുന്നുത്തരമരുളിയില്ല.
42: കാറ്റില്‍പ്പറക്കുന്ന ധൂളിപോലെ ഞാനവരെ പൊടിച്ചു; തെരുവിലെ ചെളിപോലെ കോരിക്കളഞ്ഞു.
43: ജനത്തിന്റെ കലഹത്തില്‍നിന്ന് അങ്ങെന്നെ രക്ഷിച്ചു; അങ്ങെന്നെ ജനതകളുടെ അധിപനാക്കി; എനിക്കപരിചിതമായിരുന്ന ജനത എന്നെ സേവിച്ചു.
44: എന്നെക്കുറിച്ചു കേട്ടമാത്രയില്‍ അവരെന്നെയനുസരിച്ചു; അന്യജനതകള്‍ എന്നോടു കേണിരന്നു.
45: അന്യജനതകള്‍ക്കു ധൈര്യമറ്റു; കോട്ടകളില്‍നിന്നു വിറയലോടെ അവര്‍ പുറത്തുവന്നു.
46: കര്‍ത്താവു ജീവിക്കുന്നു; എന്റെ രക്ഷാശില വാഴ്ത്തപ്പെടട്ടെ; എന്റെ രക്ഷയുടെ ദൈവം സ്തുതിക്കപ്പെടട്ടെ.
47: ദൈവം എനിക്കുവേണ്ടി പ്രതികാരംചെയ്തു; ജനതകളെ എനിക്കധീനമാക്കി.
48: ശത്രുക്കളില്‍നിന്ന് അവിടുന്നെന്നെ രക്ഷിച്ചു; വൈരികള്‍ക്കുമേല്‍ എന്നെ ഉയര്‍ത്തി; അക്രമികളില്‍നിന്ന് അവിടുന്നെന്നെ വിടുവിച്ചു.
49: ആകയാല്‍ കര്‍ത്താവേ, ജനതകളുടെമദ്ധ്യേ, ഞാനങ്ങേയ്ക്കു കൃതജ്ഞതാസ്തോത്രമാലപിക്കും; അങ്ങയുടെ നാമം, പാടിസ്തുതിക്കും.
50: തന്റെ രാജാവിന് അവിടുന്നു വന്‍വിജയം നല്‍കുന്നു: തന്റെ അഭിഷിക്തനോട് എന്നേയ്ക്കും കാരുണ്യംകാണിക്കുന്നു; ദാവീദിനോടും അവന്റെ സന്തതിയോടുംതന്നെ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ