നൂറ്റിയെണ്‍പത്തിമൂന്നാം ദിവസം: സുഭാഷിതങ്ങള്‍ 19 - 23


അദ്ധ്യായം 19

1: സത്യസന്ധനായ ദരിദ്രന്‍ ദുര്‍ഭാഷണംചെയ്യുന്ന ഭോഷനെക്കാള്‍ ശ്രേഷ്ഠനാണ്.
2: വിജ്ഞാനരഹിതമായ ഉത്സാഹം ശ്രേയസ്‌കരമല്ല; തിടുക്കംകൂട്ടുന്നവനു വഴിതെറ്റുന്നു.
3: സ്വന്തം ഭോഷത്തമാണു നാശത്തിലെത്തിക്കുന്നത്; എന്നിട്ടും ഹൃദയം കര്‍ത്താവിനെതിരേ കോപംകൊണ്ടു ജ്വലിക്കുന്നു.
4: സമ്പത്ത്, അനേകം പുതിയ സ്നേഹിതരെ നേടുന്നു; ദാരിദ്ര്യം, ഉള്ള സ്‌നേഹിതരെപ്പോലുമകറ്റുന്നു.
5: കള്ളസ്സാക്ഷി ശിക്ഷിക്കപ്പെടാതിരിക്കുകയില്ല; കള്ളംപറയുന്നവന്‍ രക്ഷപെടുകയില്ല.
6: ഉദാരമനസ്‌കന്റെ പ്രീതി നേടാൻ പലരും ശ്രമിക്കുന്നു; സമ്മാനങ്ങള്‍കൊടുക്കുന്നവന് എല്ലാവരും സ്‌നേഹിതരാണ്.
7: സഹോദരര്‍പോലും ദരിദ്രനെ വെറുക്കുന്നു; പിന്നെ സ്‌നേഹിതര്‍ അവനില്‍നിന്ന് അകന്നുമാറാതിരിക്കുമോ? അവന്‍ നല്ല വാക്കുകള്‍പറഞ്ഞ്, അവരുടെ പിറകേ പോകുന്നെങ്കിലും അവര്‍ വശപ്പെടുന്നില്ല.
8: ജ്ഞാനംനേടുന്നതു തന്നെത്തന്നെ സ്നേഹിക്കലാണ്; വിവേകം കാത്തുസൂക്ഷിക്കുന്നവന്‌ ഐശ്വര്യമുണ്ടാകും.
9: കള്ളസ്സാക്ഷി ശിക്ഷിക്കപ്പെടാതിരിക്കുകയില്ല; വ്യാജംപറയുന്നവന്‍ നശിക്കും.   
10: ഭോഷന്‍ സുഭിക്ഷതയര്‍ഹിക്കുന്നില്ല; പ്രഭുക്കന്മാരെ ഭരിക്കാന്‍ അടിമയ്ക്ക് അത്രപോലുമര്‍ഹതയില്ല;
11: സദ്ബുദ്ധി ക്ഷിപ്രകോപത്തെ നിയന്ത്രിക്കും; തെറ്റുപൊറുക്കുന്നത് അവനു ഭൂഷണം.
12: രാജാവിന്റെ കോപം സിംഹഗര്‍ജ്ജനംപോലെയാണ്; അവന്റെ പ്രീതിയാവട്ടെ പുല്‍ക്കൊടിയിലെ മഞ്ഞുതുള്ളിപോലെയും.
13: ഭോഷനായ പുത്രന്‍ പിതാവിനെ നശിപ്പിക്കുന്നു. ഭാര്യയുടെ കലഹം തുടര്‍ച്ചയായ ചാറ്റല്‍മഴപോലെയാണ്.
14: വീടും സമ്പത്തും പിതാക്കനുമാരില്‍നിന്ന് അവകാശമായി കിട്ടുന്നു; വിവേകവതിയായ ഭാര്യയാവട്ടെ കര്‍ത്താവിന്റെ ദാനമാണ്.
15: അലസത ഒരുവനെ ഗാഢനിദ്രയിലാഴ്ത്തുന്നു; മടിയനു പട്ടിണികിടക്കേണ്ടിവരും.
16: കല്പനപാലിക്കുന്നവന്‍ ജീവന്‍ സംരക്ഷിക്കുന്നു; ഉപദേശത്തെ നിന്ദിക്കുന്നവന്‍ മൃതിയടയും.
17: ദരിദ്രരോടു ദയകാണിക്കുന്നവൻ കര്‍ത്താവിനാണു കടംകൊടുക്കുന്നത്; അവിടുന്ന് ആ കടം വീട്ടും.
18: നന്നാകുമെന്നു പ്രതീക്ഷയുള്ളപ്പോള്‍ നിന്റെ മകനെ ശിക്ഷിക്കുക; അവന്‍ നശിച്ചുപൊയ്‌ക്കൊള്ളട്ടെ എന്നു കരുതരുത്.
19: കഠിനമായി കോപിക്കുന്നവന്‍ പിഴയൊടുക്കേണ്ടിവരും. കോപശീലനെ രക്ഷിക്കാന്‍നോക്കിയാല്‍ അതാവര്‍ത്തിക്കേണ്ടിവരും.
20: ഉപദേശം കേള്‍ക്കുകയും പ്രബോധനമംഗീകരിക്കുകയുംചെയ്യുക, നീ ജ്ഞാനിയാകും.
21: മനുഷ്യന്‍ പലതുമാലോചിച്ചുവയ്ക്കുന്നു; നടപ്പില്‍വരുന്നതു കര്‍ത്താവിന്റെ തീരുമാനമാണ്. 
22: ആരിലും നാം പ്രതീക്ഷിക്കുന്നതു സത്യസന്ധതയാണ്; ദരിദ്രന്‍ നുണയനെക്കാള്‍ ഉത്തമനാണ്.
23: ദൈവഭക്തി ജീവനിലേക്കു നയിക്കുന്നു; ഭക്തന്‍ ഉപദ്രവം നേരിടാതെ സംതൃപ്തനായിക്കഴിയുന്നു.
24: അലസന്‍ കൈ പാത്രത്തില്‍ അമഴ്ത്തിവയ്ക്കുന്നു; അതു വായിലേക്കു കൊണ്ടുചെല്ലാന്‍ അവനു പ്രയാസമാണ്.
25: പരിഹാസകന്‍ പ്രഹരമേല്‍ക്കുന്നതുകണ്ട് അല്പബുദ്ധികള്‍ വിവേകം പഠിക്കും. ബുദ്ധിയുള്ളവന്‍ ശാസനംകൊണ്ടുതന്നെ വിജ്ഞാനം നേടും.
26: പിതാവിനോട് അതിക്രമം കാട്ടുകയും അമ്മയെ ആട്ടിയോടിക്കുകയുംചെയ്യുന്ന മകന്‍ അപമാനവും അധിക്ഷേപവും വരുത്തിവയ്ക്കുന്നു.
27: മകനേ, വിജ്ഞാനത്തിന്റെ വചനത്തില്‍നിന്ന് വ്യതിചലിക്കണമെന്നുണ്ടെങ്കിൽമാത്രമേ പ്രബോധനം ചെവിക്കൊള്ളാതിരിക്കാവൂ.
28: വിലകെട്ട സാക്ഷി, നീതിയെ നിന്ദിക്കുന്നു; ദുഷ്ടന്റെ വായ്, അന്യായത്തെ വിഴുങ്ങുന്നു.
29: പരിഹാസകര്‍ക്കു ശിക്ഷാവിധിയും ഭോഷന്മാരുടെ മുതുകിനു പ്രഹരവും സജ്ജമായിരിക്കുന്നു.

അദ്ധ്യായം 20

1: വീഞ്ഞു പരിഹാസകനും, മദ്യം കലഹക്കാരനുമാണ്; അവയ്ക്കടിമപ്പെടുന്നവനു വിവേകമില്ല.
2: രാജാവിന്റെ ഉഗ്രകോപം സിംഹഗര്‍ജ്ജനംപോലെയാണ്. അവനെ പ്രകോപിപ്പിക്കുന്നവന്‍ ജീവനപകടത്തിലാക്കുന്നു.
3: കലഹത്തില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുന്നതു ബഹുമതിയാണ്; ഭോഷന്മാര്‍ ശണ്ഠകൂട്ടിക്കൊണ്ടിരിക്കും.
4: അലസന്‍ ഉഴവുകാലത്തു നിലമൊരുക്കുന്നില്ല; കൊയ്ത്തുകാലത്തു തേടിനടക്കും; ഒന്നും ലഭിക്കുകയില്ല.
5: മനസ്സിലുള്ള ആലോചന, അഗാധമായ ജലംപോലെയാണ്; ഉള്‍ക്കാഴ്ചയുള്ളവന്, അതു കോരിയെടുക്കാം.
6: തങ്ങള്‍ വിശ്വസ്തരാണെന്നു പലരും കൊട്ടിഗ്ഘോഷിക്കാറുണ്ട്; യഥാര്‍ത്ഥത്തില്‍ വിശ്വസ്തനായ ഒരുവനെ ആര്‍ക്കു കണ്ടെത്താൻകഴിയും?
7: സത്യസന്ധതയില്‍ ചരിക്കുന്ന നീതിമാന്റെ പിന്‍തലമുറകള്‍ അനുഗ്രഹിക്കപ്പെട്ടതാണ്.
8: ന്യായാസനത്തിലിരിക്കുന്ന രാജാവ്‌, നോട്ടംകൊണ്ട് എല്ലാ തിന്മകളെയും പാറ്റിക്കൊഴിക്കുന്നു.
9: ഹൃദയം നിര്‍മ്മലമാക്കി, പാപത്തില്‍നിന്നു ശുദ്ധി നേടിയിരിക്കുന്നു എന്നുപറയാന്‍ ആര്‍ക്കുകഴിയും?
10: വ്യാജമായ തൂക്കങ്ങളും അളവുകളും ഒന്നുപോലെ കര്‍ത്താവു വെറുക്കുന്നു.
11: തങ്ങളുടെ സ്വഭാവം നിര്‍ദോഷവും നീതിയുക്തവുമാണോ എന്നു ശിശുക്കള്‍പോലും സ്വന്തം പ്രവൃത്തികളിലൂടെ വെളിപ്പെടുത്തുന്നു.
12: കേള്‍ക്കാന്‍ ചെവിയും കാണാൻ കണ്ണും, കര്‍ത്താവാണ് ഇവ രണ്ടും സൃഷ്ടിച്ചിരിക്കുന്നത്.
13: ഉറക്കത്തിനടിമയാകരുത്; ദാരിദ്ര്യം നിന്നെ പിടികൂടും. ജാഗരൂകത പാലിക്കുക; നിനക്കു ധാരാളം ആഹാരം ലഭിക്കും.
14: വാങ്ങുമ്പോള്‍ മോശം മോശം എന്ന് ഒരുവന്‍ പറയുന്നു; വാങ്ങിക്കൊണ്ടുപോകുമ്പോള്‍ അവന്‍ തന്നെത്തന്നെ പ്രശംസിക്കുന്നു.
15: സ്വര്‍ണ്ണവും വിലയേറിയ രത്നങ്ങളും സുലഭമാണ്; എന്നാല്‍, ജ്ഞാനവചസ്സ് അമൂല്യരത്നമത്രേ.
16: അന്യനു ജാമ്യംനില്ക്കുന്നവന്റെ കുപ്പായം കൈവശപ്പെടുത്തിക്കൊള്ളുക; പരദേശികള്‍ക്കു ജാമ്യംനില്ക്കുന്നവനോട്, പണയം വാങ്ങിക്കൊള്ളുക.
17: വഞ്ചനയിലൂടെ നേടിയ ആഹാരം, ആദ്യം മധുരിക്കുന്നു; പിന്നീടു വായില്‍ ചരല്‍ നിറയും.
18: ആലോചനയോടെ പദ്ധതി തയ്യാറാക്കുക; ബുദ്ധിപൂര്‍വ്വമായ നിര്‍ദ്ദേശമനുസരിച്ചു യുദ്ധംചെയ്യുക.
19: ഏഷണിക്കാരന്‍ രഹസ്യങ്ങള്‍ പുറത്തുവിടുന്നു; ബുദ്ധിശൂന്യമായി സംസാരിക്കുന്നവനുമായി സംസര്‍ഗ്ഗമരുത്.
20: അപ്പനെയോ അമ്മയെയോ പ്രാകുന്നവന്റെ വിളക്കു കൂരിരുട്ടില്‍ കെട്ടുപോകും.
21: തിടുക്കത്തില്‍ കൈവശപ്പെടുത്തിയ സ്വത്ത് അവസാനം അനുഗ്രഹകരമായിരിക്കുകയില്ല.
22: തിന്മയ്ക്കു പ്രതികാരംചെയ്യുമെന്നു പറയരുത്; കര്‍ത്താവിലാശ്രയിക്കുക, അവിടുന്നു നിന്നെ സഹായിക്കും.
23: കള്ളത്തൂക്കം കര്‍ത്താവു വെറുക്കുന്നു; കള്ളത്രാസു നന്നല്ല.
24: മനുഷ്യന്റെ കാല്‍വയ്പുകള്‍ കര്‍ത്താവാണു നിയന്ത്രിക്കുന്നത്; തന്റെ വഴി തന്നത്താന്‍ ഗ്രഹിക്കാന്‍ മര്‍ത്ത്യനു കഴിയുമോ?
25: ഇതു വിശുദ്ധമാണ് എന്നു പറഞ്ഞു തിടുക്കത്തില്‍ വഴിപാടുനേരുകയും പിന്നീടുമാത്രം അതിനെക്കുറിച്ചാലോചിക്കുകയുംചെയ്യുന്നത് ഒരു കെണിയാണ്.
26: ജ്ഞാനിയായ രാജാവു ദുഷ്ടരെ പറത്തിക്കളയുന്നു; അവരുടെമേല്‍ രഥചക്രം പായിക്കുന്നു.
27: മനുഷ്യചേതന കര്‍ത്താവുകൊളുത്തിയ വിളക്കാണ്; അതവന്റെ ഉള്ളറകള്‍ പരിശോധിക്കുന്നു.
28: ദയയും വിശ്വസ്തതയും രാജാവിനെ സംരക്ഷിക്കുന്നു; നീതി അവന്റെ സിംഹാസനമുറപ്പിക്കുന്നു.
29: യുവാക്കളുടെ മഹത്വം, അവരുടെ കരുത്താണ്; നരച്ച മുടി വൃദ്ധരുടെ അലങ്കാരവും.
30: മുറിപ്പെടുത്തുന്ന താഡനങ്ങള്‍ ദുശ്ശീലങ്ങളെ നിര്‍മ്മാര്‍ജ്ജനംചെയ്യുന്നു. കനത്ത അടി മനസ്സിന്റെ ഉള്ളറകളെ ശുചിയാക്കുന്നു.


അദ്ധ്യായം 21


1: രാജാവിന്റെ ഹൃദയം കര്‍ത്താവു നിയന്ത്രിക്കുന്ന അരുവിയാണ്; അവിടുന്ന് തനിക്കിഷ്ടമുള്ളിടത്തേക്ക് അതിനെയൊഴുക്കിവിടുന്നു.
2: മനുഷ്യനു തന്റെ വഴികള്‍ ശരിയെന്നുതോന്നുന്നു. എന്നാല്‍, കര്‍ത്താവു ഹൃദയത്തെ തൂക്കിനോക്കുന്നു.
3: നന്മയും നീതിയും അനുഷ്ഠിക്കുന്നതാണു കര്‍ത്താവിനു ബലിയെക്കാള്‍ സ്വീകാര്യം.
4: ഗര്‍വ്വുനിറഞ്ഞ കണ്ണുകളും അഹങ്കരിക്കുന്ന ഹൃദയവും ദുഷ്ടരുടെ പ്രൗഢിയും പാപകരമത്രേ.
5: ഉത്സാഹശീലമുള്ളവരുടെ ആലോചനകള്‍ തീര്‍ച്ചയായും സമൃദ്ധികൈവരുത്തുന്നു. തിടുക്കംകൂട്ടുന്നവര്‍ ദുര്‍ഭിക്ഷത്തിലെത്തുകയേയുള്ളു.
6: കള്ളംപറയുന്ന നാവു നേടിത്തരുന്ന സമ്പത്ത്, പെട്ടെന്നു തിരോഭവിക്കുന്ന നീരാവിയും മരണത്തിന്റെ കെണിയുമാണ്.
7: ദുഷ്ടരുടെ അക്രമം അവരെ തൂത്തെറിയും; കാരണം, നീതി പ്രവര്‍ത്തിക്കാന്‍ അവര്‍ വിസമ്മതിക്കുന്നു.
8: തെറ്റുചെയ്യുന്നവരുടെ മാര്‍ഗ്ഗം കുടിലമാണ്; നിഷ്‌കളങ്കരുടെ പെരുമാറ്റം നേര്‍വഴിക്കുള്ളതും.
9: കലഹക്കാരിയായ ഭാര്യയോടൊപ്പം വീട്ടിനുള്ളില്‍ പാര്‍ക്കുന്നതിനെക്കാള്‍ മെച്ചം തട്ടിന്‍പുറത്ത് ഒരു കോണില്‍ കഴിഞ്ഞുകൂടുകയാണ്.
10: ദുഷ്ടന്റെ ഹൃദയം, തിന്മയഭിലഷിക്കുന്നു; അവന്‍ അയല്‍ക്കാരനോടു ദയകാണിക്കുന്നില്ല.
11: പരിഹാസകന്‍ ശിക്ഷിക്കപ്പെടുന്നതുകണ്ടു സരളചിത്തന്‍ ജ്ഞാനിയായിത്തീരുന്നു; ബോധനം ലഭിക്കുമ്പോള്‍ ബുദ്ധിമാന്‍ ജ്ഞാനംനേടുന്നു;
12: നീതിമാന്‍ ദുഷ്ടന്റെ ഭവനം നിരീക്ഷിക്കുന്നു; ദുഷ്ടന്‍ നാശത്തിലേക്കു വലിച്ചെറിയപ്പെടുന്നു.
13: ദരിദ്രന്റെ നിലവിളിക്കു ചെവികൊടുക്കാത്തവനു വിലപിക്കേണ്ടിവരും; അതാരും കേള്‍ക്കുകയുമില്ല.
14: രഹസ്യമായി ചെയ്യുന്ന ദാനം, കോപത്തെയും മടിയില്‍ തിരുകിക്കൊടുക്കുന്ന കൈക്കൂലി കടുത്ത രോഷത്തെയും ഒഴിവാക്കുന്നു.
15: നീതി നിര്‍വ്വഹിക്കപ്പെടുന്നതു നീതിമാന്മാര്‍ക്ക് ആനന്ദവും ദുഷ്‌കര്‍മ്മികള്‍ക്കു പരിഭ്രാന്തിയുമുളവാക്കുന്നു.
16: വിവേകത്തിന്റെ മാര്‍ഗ്ഗത്തില്‍നിന്നു വ്യതിചലിക്കുന്നവന്‍ മരിച്ചവരുടെയിടയില്‍ ചെന്നുപാര്‍ക്കും.
17: സുഖലോലുപന്‍ ദരിദ്രനായിത്തീരും; വീഞ്ഞിലും സുഗന്ധതൈലത്തിലും ആസക്തികാട്ടുന്നവന്‍ ധനവാനാവുകയില്ല.
18: ദുഷ്ടന്‍ നീതിമാനു മോചനദ്രവ്യമാണ്; അവിശ്വസ്തന്‍ സത്യസന്ധനും.
19: കലഹക്കാരിയും കോപശീലയുമായ ഭാര്യയോടൊത്തു കഴിയുന്നതിനെക്കാള്‍ നല്ലത് മരുഭൂമിയില്‍ ജീവിക്കുന്നതാണ്.
20: ജ്ഞാനിയുടെ ഭവനത്തില്‍ അമൂല്യനിധികളുണ്ടായിരിക്കും; ഭോഷന്‍ സമ്പത്തു ധൂര്‍ത്തടിച്ചുകളയുന്നു.
21: നീതിയും കാരുണ്യവും പിന്തുടരുന്നവര്‍ ജീവനും ബഹുമതിയും നേടും.
22: ജ്ഞാനി പ്രബലരുടെ നഗരത്തെ ഭേദിച്ച്, അവര്‍ ആശ്രയിക്കുന്ന സങ്കേതം നിലംപതിപ്പിക്കും.
23: സ്വന്തം അധരങ്ങളെയും നാവിനെയും നിയന്ത്രിക്കുന്നവന്‍ ഉപദ്രവങ്ങളില്‍നിന്നു രക്ഷപെടുന്നു.
24: അഹങ്കാരിയും ധിക്കാരിയുമായ മനുഷ്യന്റെ പേര് പരിഹാസകന്‍ എന്നാണ്; അവന്‍ ആരെയുംകൂസാതെ ഗര്‍വോടെ പ്രവര്‍ത്തിക്കുന്നു.
25: അലസന്റെ ആഗ്രഹങ്ങള്‍ അവനെ കൊന്നുകളയുന്നു; എന്തെന്നാല്‍, അവന്റെ കരങ്ങള്‍ അദ്ധ്വാനിക്കാന്‍ വിസമ്മതിക്കുന്നു.
26: ദുഷ്ടന്മാര്‍ എന്നും അത്യാഗ്രഹത്തോടെ കഴിയുന്നു; നീതിമാന്മാരാകട്ടെ നിര്‍ലോപം ദാനംചെയ്യുന്നു.
27: ദുഷ്ടന്റെ ബലി വെറുപ്പുളവാക്കുന്നു; ദുരുദ്ദേശ്യത്തോടെ സമര്‍പ്പിക്കുമ്പോള്‍ അതെത്രയോ അധികമായി വെറുക്കപ്പെടുന്നു!
28: കള്ളസ്സാക്ഷി നാശമടയും; ഉപദേശമനുസരിക്കുന്നവന്റെ വാക്കു നിലനില്ക്കും.


അദ്ധ്യായം 22

1: സത്കീര്‍ത്തി, വലിയസമ്പത്തിനെക്കാള്‍ അഭികാമ്യമാണ്. ദയ, സ്വര്‍ണ്ണത്തെയും വെള്ളിയെയുംകാള്‍ വിലയേറിയതാണ്.
2: ധനികരും ദരിദ്രരും ഒരുകാര്യത്തില്‍ തുല്യരാണ്; ഇരുകൂട്ടരെയും സൃഷ്ടിച്ചതു കര്‍ത്താവാണ്.
3: ജ്ഞാനി, ആപത്തു കണ്ടറിഞ്ഞ് ഒഴിഞ്ഞുമാറുന്നു; അല്പബുദ്ധി മുമ്പോട്ടുപോയി ദുരന്തംവരിക്കുന്നു.
4: വിനയത്തിനും ദൈവഭക്തിക്കുമുള്ള പ്രതിഫലം സമ്പത്തും ജീവനും ബഹുമതിയുമാണ്.
5: വികടബുദ്ധികളുടെ മാര്‍ഗ്ഗം മുള്ളുകളും കെണികളും നിറഞ്ഞതാണ്. കരുതലോടെ നടക്കുന്നവന്‍ അവയില്‍നിന്ന് ഒഴിഞ്ഞുമാറും.
6: ശൈശവത്തില്‍ത്തന്നെ നടക്കേണ്ട വഴി പരിശീലിപ്പിക്കുക; വാര്‍ദ്ധക്യത്തിലും അതില്‍നിന്നു വ്യതിചലിക്കുകയില്ല.
7: ധനികന്‍ ദരിദ്രന്റെമേല്‍ ഭരണംനടത്തുന്നു; കടംവാങ്ങുന്നവന്‍ കൊടുക്കുന്നവന്റെ അടിമയാണ്.
8: അനീതി വിതയ്ക്കുന്നവന്‍ അനര്‍ത്ഥം കൊയ്യും; അവന്റെ കോപദണ്ഡു പ്രയോജനപ്പെടുകയില്ല.
9: ദയാദൃഷ്ടിയുള്ളവന്‍ അനുഗൃഹീതനാകും; എന്തെന്നാല്‍, അവന്‍ തന്റെ ആഹാരം ദരിദ്രരുമായി പങ്കുവയ്ക്കുന്നു.
10: പരിഹാസകനെ ആട്ടിയോടിക്കുക; കലഹം വിട്ടുപോകും; വഴക്കും ശകാരവും അവസാനിക്കുകയുംചെയ്യും.
11: ഹൃദയനൈര്‍മ്മല്യത്തെ സ്നേഹിക്കുകയും മധുരമായി സംസാരിക്കുകയുംചെയ്യുന്നവന്‍ രാജാവിന്റെ മിത്രമാകും.
12: കര്‍ത്താവിന്റെ കണ്ണുകള്‍ ജ്ഞാനത്തെ കാത്തുസൂക്ഷിക്കുന്നു; അവിശ്വസ്തരുടെ പാദങ്ങളെ അവിടുന്നു തകിടംമറിക്കുന്നു.
13: അലസന്‍ പറയുന്നു: പുറത്തു സിംഹമുണ്ട്; തെരുവില്‍വച്ച് ഞാന്‍ കൊല്ലപ്പെടും.
14: ദുശ്ചരിതയായ സ്ത്രീയുടെ വായ്, അഗാധഗര്‍ത്തമാണ്; കര്‍ത്താവിന്റെ കോപത്തിനിരയായവന്‍ അതില്‍ നിപതിക്കും.
15: ശിശുവിന്റെ ഹൃദയത്തില്‍ ഭോഷത്തം കെട്ടുപിണഞ്ഞുകിടക്കുന്നു; ശിക്ഷണത്തില്‍, വടി അതിനെ ആട്ടിയോടിക്കുന്നു.
16: സ്വന്തം സമ്പത്തു വര്‍ദ്ധിപ്പിക്കാന്‍വേണ്ടി, ദരിദ്രരെ ഞെരുക്കുകയോ സമ്പന്നര്‍ക്കു പാരിതോഷികംനല്കുകയോചെയ്യുന്നവന്‍ ദാരിദ്ര്യത്തില്‍ നിപതിക്കുകയേയുള്ളു.


ജ്ഞാനികളുടെ ആപ്തവാക്യങ്ങള്‍

17: ജ്ഞാനികളുടെ വാക്കു സശ്രദ്ധം കേള്‍ക്കുക; ഞാന്‍ നല്കുന്ന വിജ്ഞാനത്തില്‍ മനസ്സു പതിക്കുക.
18: അവയെ ഉള്ളിൽ‍ സംഗ്രഹിക്കുകയും അധരങ്ങളില്‍ ഒരുക്കിവയ്ക്കുകയുംചെയ്യുന്നത് ആഹ്ലാദപ്രദമായിരിക്കും.
19: കര്‍ത്താവില്‍ വിശ്വാസമര്‍പ്പിക്കേണ്ടതിന് ഇന്നു ഞാനവയെ വെളിപ്പെടുത്തിത്തന്നിരിക്കുന്നു.
20: ഉപദേശവും വിജ്ഞാനവുമടങ്ങുന്ന മുപ്പതു സൂക്തങ്ങള്‍ നിനക്കു ഞാനെഴുതിയിട്ടുണ്ടല്ലോ.
21: നിന്നെ അയച്ചവര്‍ക്ക് ഉചിതമായ ഉത്തരംനല്കത്തക്കവിധം സത്യവും ശരിയുമായ കാര്യങ്ങള്‍ നിന്നെ ഗ്രഹിപ്പിക്കാന്‍വേണ്ടിയാണവ.
22: നിസ്സഹായനെന്നു കരുതി ദരിദ്രന്റെ മുതല്‍ അപഹരിക്കുകയോ നിന്റെ പടിവാതില്‍ക്കല്‍വച്ച്, കഷ്ടപ്പെടുന്നവരെ മര്‍ദ്ദിക്കുകയോചെയ്യരുത്.
23: എന്തെന്നാല്‍, കര്‍ത്താവ്, അവരുടെപക്ഷത്തു നില്ക്കുകയും, അവരുടെ മുതല്‍ കൈക്കലാക്കുന്നവരുടെ ജീവനപഹരിക്കുകയുംചെയ്യും.
24: കോപശീലനോടു സൗഹൃദം പാടില്ല; രോഷാകുലനോട് ഇടപെടുകയുമരുത്.
25: അങ്ങനെ ചെയ്താല്‍, നീ അവന്റെ ശീലങ്ങള്‍ കണ്ടുപഠിക്കുകയും കെണിയില്‍ കുരുങ്ങിപ്പോവുകയും ചെയ്യും.
26: അന്യര്‍ക്കുവേണ്ടി വാക്കുകൊടുക്കുകയോ ജാമ്യംനില്ക്കുകയോ ചെയ്യുന്നവരുടെ കൂട്ടത്തിലുള്‍പ്പെടരുത്.
27: കടംവീട്ടാന്‍ വകയില്ലാതെയായി നിന്റെ കിടക്കപോലും നഷ്ടപ്പെടാന്‍ ഇടയാക്കുന്നതെന്തിന്?
28: പിതാക്കന്മാര്‍ പണ്ടേ ഉറപ്പിച്ചിട്ടുള്ള അതിര്‍ത്തിക്കല്ലു മാറ്റരുത്.
29: ജോലിയില്‍ വിദഗ്ദ്ധനായ ഒരുവനെ നോക്കൂ. അവനു രാജസന്നിധിയില്‍ സ്ഥാനംലഭിക്കും; അവനു സാധാരണക്കാരോടുകൂടെ നില്ക്കേണ്ടിവരുകയില്ല.
 
അദ്ധ്യായം 23

1: ഭരണാധിപനോടൊപ്പം ഭക്ഷണത്തിനിരിക്കുമ്പോള്‍ നിന്റെ മുമ്പിലുള്ളതെന്താണെന്നു ശ്രദ്ധിക്കുക.
2: ഭക്ഷണക്കൊതിയനാണെങ്കില്‍, നീ നിയന്ത്രണംപാലിക്കുക.
3: അവന്റെ വിശിഷ്ടവിഭവങ്ങളില്‍ കൊതിവയ്ക്കരുത്; അതു നിന്നെ ചതിക്കും;
4: സമ്പത്തുനേടാന്‍ അമിതാദ്ധ്വാനംചെയ്യരുത്, അതില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍വേണ്ട വിവേകംകാണിക്കുക.
5: സമ്പത്തിന്മേല്‍ കണ്ണുവയ്ക്കുമ്പോഴേക്കും അതപ്രത്യക്ഷമാകും; കഴുകനെപ്പോലെ ചിറകുവച്ച് ആകാശത്തിലേക്കു പെട്ടെന്നതു പറന്നുപോകുന്നു.
6: പിശുക്കന്‍ തരുന്ന ആഹാരം കഴിക്കരുത്; അവന്റെ വിശിഷ്ടവിഭവങ്ങള്‍ കൊതിക്കുകയുമരുത്.
7: എന്തെന്നാല്‍, അവന്‍ മനസ്സില്‍ എണ്ണിനോക്കുന്നുണ്ട്. തിന്നുക, കുടിക്കുക എന്നവന്‍ പറയുമെങ്കിലും അവനാത്മാര്‍ത്ഥതയില്ല.
8: കഴിച്ചഭക്ഷണം, നീ ഛര്‍ദ്ദിച്ചുകളയും; നിന്റെ നല്ല വാക്കുകള്‍ പാഴായിപ്പോവുകയും ചെയ്യും.
9: ഭോഷന്‍കേള്‍ക്കേ സംസാരിക്കരുത്; നിന്റെ വാക്കുകളിലെ ജ്ഞാനത്തെ അവന്‍ നിന്ദിക്കുകയേയുള്ളു.
10: പണ്ടേയുള്ള അതിര്‍ത്തിക്കല്ലു മാറ്റുകയോ അനാഥരുടെ നിലം കൈയേറുകയോ അരുത്.
11: എന്തെന്നാല്‍, അവരുടെ സംരക്ഷകന്‍ ശക്തനാണ്; അവിടുന്നു നിങ്ങള്‍ക്കെതിരായി അവരുടെപക്ഷം വാദിക്കും.
12: നിന്റെ മനസ്സു പ്രബോധനത്തിലും കാതുകള്‍ വിജ്ഞാനംനിറഞ്ഞ വചനങ്ങളിലും ഉറപ്പിക്കുക.
13: കുട്ടിയെ ശിക്ഷിക്കാന്‍ മടിക്കേണ്ടാ, വടികൊണ്ടടിച്ചെന്നുവച്ച് അവന്‍ മരിച്ചുപോവുകയില്ല.
14: അടിക്കുമ്പോള്‍ നീ അവന്റെ ജീവനെ പാതാളത്തില്‍നിന്നു രക്ഷിക്കുകയാണ്.
15: മകനേ, നിന്റെ ഹൃദയം ജ്ഞാനമുള്ളതെങ്കില്‍ എന്റെ ഹൃദയവും സന്തോഷിക്കും.
16: നിന്റെ അധരങ്ങള്‍ നീതി മൊഴിയുമ്പോള്‍ എന്റെയാത്മാവ് ആഹ്ലാദിക്കും.
17: നിന്റെ ഹൃദയം പാപികളെ നോക്കി അസൂയപ്പെടരുത്; എപ്പോഴും ദൈവഭക്തിയിലുറച്ചുനില്‍ക്കുക.
18: തീര്‍ച്ചയായും നിനക്കൊരു ഭാവിയുണ്ട്; നിന്റെ പ്രതീക്ഷയ്ക്കു ഭംഗം നേരിടുകയില്ല.
19: മകനേ, ശ്രദ്ധിച്ചുകേള്‍ക്കുക, വിവേകം പുലര്‍ത്തുക, മനസ്സിനെ നല്ലവഴിക്കു നയിക്കുകയും ചെയ്യുക.
20: അമിതമായി വീഞ്ഞു കുടിക്കുകയും മാംസം ഭക്ഷിക്കുകയുംചെയ്യുന്നവരുടെ കൂട്ടത്തില്‍പ്പെടരുത്.
21: എന്തെന്നാല്‍ മദ്യപനും ഭോജനപ്രിയനും ദാരിദ്ര്യത്തിലകപ്പെടും; മത്തുപിടിച്ചു മയങ്ങുന്നവന് കീറത്തുണിയുടുക്കേണ്ടിവരും.
22: നിനക്കു ജന്മംനല്കിയ പിതാവിനെയനുസരിക്കുക; വൃദ്ധയായ അമ്മയെ നിന്ദിക്കരുത്. 
23: എന്തു വിലകൊടുത്തും സത്യംനേടുക; അതു കൈവിടരുത്. ജ്ഞാനവും പ്രബോധനവും ബുദ്ധിയും നേടുക.
24: നീതിമാന്റെ പിതാവ് അത്യധികമാഹ്ലാദിക്കും; ജ്ഞാനിയായ പുത്രനെ ലഭിച്ചവന്‍ അവനില്‍ സന്തുഷ്ടികണ്ടെത്തും.
25: നിന്റെ മാതാപിതാക്കള്‍ സന്തുഷ്ടരാകട്ടെ, നിന്റെ പെറ്റമ്മയാഹ്ലാദിക്കട്ടെ.
26: മകനേ, ഞാന്‍ പറയുന്നതു ഹൃദയപൂര്‍വ്വം കേള്‍ക്കുക; എന്റെ മാര്‍ഗ്ഗം അനുവര്‍ത്തിക്കുക.
27: വേശ്യ ഒരഗാധഗര്‍ത്തമാണ്; സ്വൈരിണി ഇടുങ്ങിയ ഒരു കിണറും.
28: അവള്‍ കവര്‍ച്ചക്കാരനെപ്പോലെ പതിയിരിക്കുന്നു; പുരുഷന്മാരുടെയിടയില്‍ അവിശ്വസ്തരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നു.
29: ദുരിതവും ദുഃഖവും കലഹവുമാവലാതിയും ആര്‍ക്കാണ്? ആര്‍ക്കാണ് അകാരണമായ മുറിവുകള്‍? ആരുടെ കണ്ണാണു ചുവന്നുകലങ്ങിയത്?
30: വീഞ്ഞുകുടിച്ചു സമയംപോക്കുന്നവര്‍ക്കും വീഞ്ഞുകലര്‍ത്തി രുചി പരീക്ഷിക്കുന്നവര്‍ക്കുംതന്നെ.
31: ചഷകങ്ങളില്‍ വീഞ്ഞു ചെമന്നുതിളങ്ങി, കവിഞ്ഞൊഴുകുന്നതു നോക്കിയിരിക്കരുത്.
32: അവസാനം അതു പാമ്പിനെപ്പോലെ കടിക്കുകയും അണലിയെപ്പോലെ കൊത്തുകയും ചെയ്യും.
33: അപ്പോള്‍ നീ വിചിത്രകാഴ്ചകള്‍ കാണുകയും വികടത്തം ജല്പിക്കുകയും ചെയ്യും.
34: നീ നടുക്കടലില്‍ അകപ്പെട്ടവനെപ്പോലെയും പാമരത്തിന്റെ മുകളില്‍ തൂങ്ങിക്കിടക്കുന്നവനെപ്പോലെയുമായിത്തീരും.
35: നീ പറയും: അവരെന്നെയടിച്ചു; എനിക്കു വേദനിച്ചില്ല. അവരെന്നെ പ്രഹരിച്ചു; എനിക്കേറ്റില്ല; ഞാന്‍ എപ്പോഴാണുണരുക? ഞാനിനിയും കുടിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ