നൂറ്റിയെണ്‍പത്തിനാലാം ദിവസം: സുഭാഷിതങ്ങള്‍ 24 - 27


അദ്ധ്യായം 24

1: ദുഷ്ടരെക്കുറിച്ച് അസൂയതോന്നരുത്; അവരോടു കൂട്ടുകൂടാന്‍ ആഗ്രഹിക്കുകയുമരുത്. 
2: അവരുടെ മനസ്സ്, അക്രമം ചിന്തിക്കുകയും അവരുടെ അധരങ്ങള്‍ ഏഷണിപറയുകയും ചെയ്യുന്നു. 
3: ജ്ഞാനത്താല്‍ വീടുപണിയപ്പെടുന്നു; വിവേകത്താല്‍ അതുറപ്പിക്കപ്പെടുന്നു. 
4: അമൂല്യവും മനോഹരവുമായ വസ്തുക്കളാല്‍ വിജ്ഞാനം അതിലെ മുറികള്‍ നിറയ്ക്കുന്നു. 
5: ജ്ഞാനി കരുത്തനെക്കാള്‍ ബലവാനത്രേ; അറിവുള്ളവന്‍ ശക്തനെക്കാളും. 
6: വിവേകിയായ മാര്‍ഗ്ഗദര്‍ശിയുണ്ടെങ്കിലേ യുദ്ധത്തിനു പുറപ്പെടാവൂ; ഉപദേഷ്ടാക്കള്‍ ധാരാളമുണ്ടെങ്കില്‍ വിജയംനേടാം. 
7: ജ്ഞാനം ഭോഷനു കൈയെത്താത്ത ഉയരത്തിലാണ്; സദസ്സില്‍ അവന്‍ വായ് തുറക്കുകയില്ല. 
8: തിന്മ നിനയ്ക്കുന്നവന്‍ ഉപജാപകന്‍ എന്നറിയപ്പെടും. 
9: ഭോഷന്‍ ആലോചിക്കുന്നതെന്തും പാപമാണ്; പരിഹാസകന്‍ മനുഷ്യരെ വെറുപ്പിക്കുന്നു. 
10: ആപദ്ഘട്ടങ്ങളില്‍ പതറിപ്പോകുന്നവന്‍ ദുര്‍ബ്ബലനത്രേ. 
11: കൊലയ്ക്കു കൊണ്ടുപോകുന്നവരെ മോചിപ്പിക്കുക; കൊലക്കളത്തിലേക്കു വലിച്ചിഴയ്ക്കപ്പെടുന്നവരെ രക്ഷപെടുത്തുക. 
12: ഞാനിതറിഞ്ഞില്ലെന്നു നീ പറഞ്ഞാല്‍ത്തന്നെ ഹൃദയത്തെ തൂക്കിനോക്കുന്നവന്‍ സത്യം ഗ്രഹിക്കുന്നില്ലേ? നിന്റെ ആത്മാവിനെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നവന്‍ അതറിയുകയില്ലേ? അവിടുന്നു പ്രവൃത്തിക്കുതക്ക പ്രതിഫലമല്ലേ നല്കുക? 
13: മകനേ, തേന്‍ കുടിക്കുക, അതു നല്ലതാണ്. തേന്‍തുള്ളികള്‍ നാവിന് ആസ്വാദ്യമാണ്. 
14: നിന്റെ ആത്മാവിനു ജ്ഞാനവും അതുപോലെയാണെന്നറിയുക; അതു നേടിയാല്‍ നിനക്കു നല്ല ഭാവിയുണ്ടാകും; നിന്റെ പ്രതീക്ഷയ്ക്കു ഭംഗംനേരിടുകയുമില്ല. 
15: നീതിമാന്റെ പാര്‍പ്പിടത്തിനെതിരേ, ദുഷ്ടനെപ്പോലെ പതിയിരിക്കരുത്; അവന്റെ ഭവനത്തെ ആക്രമിക്കയുമരുത്. 
16: എന്തെന്നാല്‍, നീതിമാന്‍ ഏഴുതവണ വീണാലും വീണ്ടുമെഴുന്നേല്‍ക്കും; ദുഷ്ടനാകട്ടെ കാലിടറിവീഴുന്നതു പൂര്‍ണ്ണനാശത്തിലേക്കാണ്. 
17: ശത്രുവിന്റെ പതനത്തില്‍ ആഹ്ലാദിക്കരുത്; അവന്‍ തട്ടിവീഴുമ്പോള്‍ സന്തോഷിക്കയുമരുത്. 
18: സന്തോഷിച്ചാല്‍, കര്‍ത്താവിനു നിന്നോട് അപ്രീതിതോന്നുകയും നിന്റെ ശത്രുവില്‍നിന്നു തന്റെ കോപമകറ്റിക്കളയുകയും ചെയ്യും. 
19: തിന്മ പ്രവര്‍ത്തിക്കുന്നവരെയോര്‍ത്ത് അസ്വസ്ഥനാകേണ്ടാ; ദുഷ്ടരെനോക്കി അസൂയപ്പെടുകയും വേണ്ടാ. 
20: എന്തെന്നാല്‍, തിന്മചെയ്യുന്നവനു ഭാവിയില്ല; ദുഷ്ടരുടെ വിളക്ക് അണഞ്ഞുപോകും. 
21: മകനേ, കര്‍ത്താവിനെയും രാജാവിനെയും ഭയപ്പെടുക, അവരെ ധിക്കരിക്കരുത്. 
22: എന്തെന്നാല്‍, അവരില്‍നിന്നുള്ള ശിക്ഷ പെട്ടെന്നായിരിക്കും; അതില്‍നിന്നുണ്ടാകുന്ന നാശത്തിന്റെ വലുപ്പം ആര്‍ക്കാണ് ഊഹിക്കാൻ കഴിയുക? 
23: ഇനി പറയുന്നവയും ജ്ഞാനികളുടെ സൂക്തങ്ങളാണ്. ന്യായംവിധിക്കുന്നതില്‍ പക്ഷപാതം പാടില്ല. 
24: കുറ്റവാളികളോട്, നിങ്ങള്‍ നിരപരാധരാണ് എന്നുപറയുന്നവനെ ജനങ്ങള്‍ ശപിക്കും; ജനതകള്‍ അവനെ വെറുക്കും. 
25: എന്നാല്‍, കുറ്റവാളികളെ ശാസിക്കുന്നവര്‍ സന്തോഷമനുഭവിക്കും; അവര്‍ക്കു സമൃദ്ധമായ അനുഗ്രഹംലഭിക്കും. 
26: സത്യസന്ധമായ ഉത്തരംനല്കുന്നതു ചുംബനംനല്കുന്നതുപോലെയാണ്. 
27: ആദ്യം പുറത്തെ ജോലികള്‍ ക്രമപ്പെടുത്തുക; വയലിലും എല്ലാം സജ്ജീകരിക്കുക; അതിനുശേഷം വീടുപണി തുടങ്ങുക. 
28: അയല്‍ക്കാരനെതിരേ അകാരണമായി സാക്ഷിനില്ക്കരുത്; അവനെ വാക്കുകൊണ്ട് വഞ്ചിക്കയുമരുത്. 
29: എന്നോടു പ്രവര്‍ത്തിച്ചതുപോലെ ഞാന്‍ അവനോടും പ്രവര്‍ത്തിക്കും, അവന്‍ചെയ്തതിനു ഞാൻ പകരംചെയ്യും എന്നു നീ പറയരുത്. 
30: ഞാന്‍ അലസന്റെ വയലും ബുദ്ധിശൂന്യന്റെ മുന്തിരിത്തോപ്പും കടന്നുപോയി. 
31: അവിടെയെല്ലാം മുള്ളുകള്‍ നിറഞ്ഞിരുന്നു; നിലമാകെ കളകള്‍കൊണ്ടു മൂടിയിരുന്നു; അതിന്റെ കല്‍ഭിത്തി ഇടിഞ്ഞുപൊളിഞ്ഞുകിടന്നു. 
32: അതുകൊണ്ടു ഞാന്‍ ചിന്തിച്ചു; അതില്‍നിന്ന് ഒരു ഗുണപാഠംപഠിക്കുകയും ചെയ്തു. 
33: കുറച്ചുകൂടെ ഉറങ്ങാം, തെല്ലുനേരംകൂടെ മയങ്ങാം; കൈയുംകെട്ടിയിരുന്ന് അല്പംകൂടെ വിശ്രമിക്കാം. 
34: ഫലമോ ദാരിദ്ര്യം, കവര്‍ച്ചക്കാരനെപ്പോലെയും, ദുര്‍ഭിക്ഷം, ആയുധപാണിയെപ്പോലെയും നിന്നെ സമീപിക്കും.

അദ്ധ്യായം 25

സോളമന്റെ സുഭാഷിതങ്ങള്‍ - തുടര്‍ച്ച


1: യൂദാരാജാവായ ഹെസക്കിയായുടെ ആളുകള്‍ പകര്‍ത്തിവച്ച സോളമന്റെ സുഭാഷിതങ്ങളാണു താഴെപ്പറയുന്നവയും.
2: നിഗൂഢത ദൈവത്തിന്റെ മഹത്വമാണ്; രാജാക്കന്മാരുടെ മഹത്വമോ, കാര്യങ്ങള്‍ ആരാഞ്ഞറിയുന്നതും.
3: ആകാശങ്ങളുടെ ഉയരവും ഭൂമിയുടെ ആഴവുംപോലെ രാജാക്കന്മാരുടെ മനസ്സും അമേയമാണ്.
4: വെള്ളിയില്‍നിന്നു കിട്ടം മാറ്റിക്കളഞ്ഞാല്‍ പണിക്കാരനു പാത്രനിര്‍മ്മാണത്തിനുള്ള പദാര്‍ത്ഥമായി.
5: രാജസന്നിധിയില്‍നിന്നു ദുഷ്ടന്മാരെ അകറ്റിക്കളയുമ്പോള്‍ സിംഹാസനം നീതിയിലുറച്ചുനില്ക്കും.
6: രാജസന്നിധിയില്‍ മുന്‍നിരയില്‍ കയറിനില്ക്കുകയോ സമുന്നതരോടൊപ്പം സ്ഥാനംപിടിക്കുകയോ അരുത്.
7: എന്തെന്നാല്‍, രാജസന്നിധിയില്‍വച്ചു പിറകോട്ടു മാറ്റിനിറുത്തപ്പെടുന്നതിനെക്കാള്‍ അഭികാമ്യം, മുമ്പോട്ടു കയറിവരുക എന്നു ക്ഷണിക്കപ്പെടുന്നതാണ്.
8: കണ്ടതാണെങ്കിലും ഒരു കാര്യവും കോടതിയില്‍ തിടുക്കത്തില്‍ച്ചെന്നു വെളിപ്പെടുത്തരുത്. എന്തെന്നാല്‍, പിന്നീട്, നീ പറഞ്ഞതു തെറ്റാണെന്നു മറ്റൊരുവന്‍തെളിയിച്ചാല്‍, എന്തുചെയ്യും?
9: അയല്‍ക്കാരനുമായുള്ള തര്‍ക്കം, പരസ്പരം പറഞ്ഞുതീര്‍ക്കുക; മറ്റൊരുവന്റെ രഹസ്യം വെളിപ്പെടുത്തരുത്.
10: അവനതു കേള്‍ക്കാനിടയായാല്‍ നിന്നെ ഖണ്ഡിക്കുകയും നിനക്കു തീരാത്തദുഷ്‌കീര്‍ത്തിയുണ്ടാവുകയും ചെയ്യും.
11: ഉചിതമായ വാക്ക് വെള്ളിത്തകിടില്‍ പതിച്ചുവച്ച സ്വര്‍ണ്ണനിര്‍മ്മിതമായ ആപ്പിള്‍പ്പഴംപോലെയാണ്.
12: ഉപദേശം സ്വീകരിക്കുന്ന കാതുകള്‍ക്കു ജ്ഞാനിയായ ശാസകന്‍ സ്വര്‍ണ്ണംകൊണ്ടുളള കര്‍ണ്ണാഭരണമോ കണ്ഠാഭരണമോപോലെയാണ്.
13: വിശ്വസ്തനായ ദൂതന്‍, തന്നെ അയച്ചവര്‍ക്ക്, കൊയ്ത്തുകാലത്തു തണുപ്പുമായെത്തുന്ന മഞ്ഞുപോലെയാണ്; അവന്‍ യജമാനന്മാരുടെ മനസ്സിനു കുളിര്‍മ്മനല്കുന്നു.
14: കൊടുക്കാത്ത ദാനത്തെക്കുറിച്ചു വമ്പുപറയുന്നവന്‍ മഴതരാത്ത മേഘങ്ങളും കാറ്റുംപോലെയാണ്.
15: ക്ഷമകൊണ്ട് ഒരു ഭരണാധിപനെ അനുനയിപ്പിക്കാന്‍ കഴിഞ്ഞേക്കാം. മൃദുലമായ നാവിനു കടുത്തഅസ്ഥിയെപ്പോലും ഉടയ്ക്കുവാനുള്ള കരുത്തുണ്ട്.
16: തേന്‍ കിട്ടിയാല്‍ ആവശ്യത്തിനുമാത്രമേ കുടിക്കാവൂ; അല്ലെങ്കില്‍ ചെടിപ്പുതോന്നി ഛര്‍ദ്ദിച്ചേക്കാം.
17: അയല്‍വാസിയുടെ വീട്ടില്‍ ചുരുക്കമായേ പോകാവൂ. അല്ലെങ്കില്‍ മടുപ്പുതോന്നി അവന്‍ നിന്നെ വെറുത്തേക്കാം.
18: അയല്‍ക്കാരനെതിരായി കള്ളസ്സാക്ഷി പറയുന്നവന്‍ ഗദയോ വാളോ കൂരമ്പോപോലെയാണ്.
19: ആപത്കാലത്ത് അവിശ്വസ്തനിലര്‍പ്പിക്കുന്ന വിശ്വാസം, കേടുള്ള പല്ലോ മുടന്തുകാലോപോലെയാണ്.
20: വിഷാദമഗ്നനുവേണ്ടി പാട്ടുപാടുന്നത്, കൊടുംതണുപ്പില്‍ ഒരാളുടെ വസ്ത്രമുരിഞ്ഞുമാറ്റുന്നതുപോലെയും വ്രണത്തില്‍ വിനാഗിരി വീഴ്ത്തുന്നതുപോലെയുമാണ്.
21: ശത്രുവിനു വിശക്കുമ്പോള്‍ ആഹാരവും ദാഹത്തിനു ജലവും കൊടുക്കുക:
22: അത്, അവന്റെ തലയില്‍ പശ്ചാത്താപത്തിന്റെ തീക്കനല്‍ കൂട്ടും; കര്‍ത്താവു നിനക്ക് പ്രതിഫലംനല്കുകയുംചെയ്യും.
23: വടക്കന്‍കാറ്റു മഴ കൊണ്ടുവരുന്നു; ഏഷണി പറയുന്ന നാവു രോഷവും.
24: കലഹക്കാരിയായ ഭാര്യയോടൊത്തു വീട്ടിനുള്ളില്‍ പാര്‍ക്കുന്നതിനെക്കാള്‍മെച്ചം തട്ടിന്‍പുറത്ത് ഒരു കോണില്‍ കഴിഞ്ഞുകൂടുകയാണ്.
25: ദാഹാര്‍ത്തനു ശീതജലംപോലെയാണു ദൂരദേശത്തുനിന്നെത്തുന്ന സദ്വാര്‍ത്ത.
26: ദുഷ്ടനു വഴങ്ങുന്ന നീതിമാന്‍, കലങ്ങിയ അരുവിയോ മലിനമായ ഉറവയോപോലെയാണ്.
27: തേന്‍ അധികം കുടിക്കുന്നതു നന്നല്ല; അതുപോലെ പ്രശംസയ്ക്കു ചെവികൊടുക്കുന്നതില്‍ നിയന്ത്രണംപാലിക്കുക.
28: ആത്മനിയന്ത്രണമില്ലാത്ത മനുഷ്യന്‍, കോട്ടകളില്ലാത്ത നഗരംപോലെയാണ്.

അദ്ധ്യായം 26

1: വേനല്‍ക്കാലത്തു മഞ്ഞും കൊയ്ത്തുകാലത്തു മഴയുംപോലെ, ഭോഷനു ബഹുമതിയിണങ്ങുകയില്ല.
2: പാറിപ്പറക്കുന്ന കുരുവിയും തെന്നിപ്പറക്കുന്ന മീവല്‍പക്ഷിയും എങ്ങും തങ്ങാത്തതുപോലെ അകാരണമായ ശാപം എങ്ങുമേശുന്നില്ല.
3: കുതിരയ്ക്കു ചമ്മട്ടി, കഴുതയ്ക്കു കടിഞ്ഞാണ്‍, ഭോഷന്റെ മുതുകിനു വടിയും.
4: ഭോഷനോട് അവന്റെ വിഡ്ഢിത്തത്തിനൊപ്പിച്ചു മറുപടി പറയരുത്, നീയും അവനു തുല്യനെന്നുവരും.
5: ഭോഷനു തന്റെ ഭോഷത്തത്തിനു തക്കമറുപടി കൊടുക്കുക; അല്ലെങ്കില്‍, താന്‍ ജ്ഞാനിയാണെന്ന് അവന്‍ വിചാരിക്കും.
6: ഭോഷന്റെ കൈയില്‍ സന്ദേശം കൊടുത്തയയ്ക്കുന്നവന്‍ സ്വന്തം കാല്‍ മുറിച്ചുകളയുകയും അക്രമം വിളിച്ചുവരുത്തുകയുമാണു ചെയ്യുന്നത്.
7: നിരുപയോഗമായി തൂങ്ങിക്കിടക്കുന്ന മുടന്തുകാലുപോലെയാണു ഭോഷന്മാരുടെ നാവില്‍ ആപ്തവാക്യം.
8: ഭോഷനു ബഹുമാനംകൊടുക്കുന്നതു കവിണയില്‍ കല്ലു തൊടുക്കുന്നതുപോലെയാണ്.
9: മദ്യപന്റെ കൈയില്‍ തുളഞ്ഞുകയറിയ മുള്ളുപോലെയാണ് ഭോഷന്മാരുടെവായില്‍ ആപ്തവാക്യം.
10: വഴിയേപോയ ഭോഷനെയോ മദ്യപനെയോ കൂലിക്കുനിര്‍ത്തുന്നവന്‍ കാണുന്നവരെയൊക്കെ എയ്യുന്ന വില്ലാളിയെപ്പോലെയാണ്.
11: ഭോഷത്തം ആവര്‍ത്തിക്കുന്നവന്‍ ഛര്‍ദ്ദിച്ചതു ഭക്ഷിക്കുന്ന നായയെപ്പോലെയാണ്.
12: ജ്ഞാനിയെന്നു ഭാവിക്കുന്നവനെക്കാള്‍ ഭോഷനു കൂടുതല്‍ പ്രതീക്ഷയ്ക്കുവകയുണ്ട്.
13: അലസൻ പറയുന്നു: വഴിയില്‍ സിംഹമുണ്ട്; തെരുവില്‍ സിംഹമുണ്ട്.
14: ചുഴിക്കുറ്റിയില്‍ കതകെന്നപോലെ അലസൻ കിടക്കയില്‍ക്കിടന്നു തിരിയുന്നു.
15: അലസന്‍ കൈ പാത്രത്തിലാഴ്ത്തിവയ്ക്കുന്നു; അതു വായിലേക്കടുപ്പിക്കുന്നതുപോലും അവനു ക്ലേശമാണ്.
16: വകതിരിവോടെ സംസാരിക്കാന്‍കഴിവുള്ള ഏഴുപേരെക്കാള്‍ കൂടുതല്‍ വിവേകിയാണു താനെന്ന് അലസന്‍ ഭാവിക്കുന്നു.
17: അന്യരുടെ വഴക്കില്‍ തലയിടുന്നവന്‍ വഴിയേപോകുന്ന പട്ടിയെ ചെവിക്കു പിടിച്ചു നിറുത്തുന്നവനെപ്പോലെയാണ്. 
18, 19: അയല്‍ക്കാരനെ വഞ്ചിച്ചിട്ട് ഇതൊരു നേരമ്പോക്കുമാത്രമെന്നു പറയുന്നവന്‍ തീക്കൊള്ളിയും അമ്പുകളും മരണവും ചുഴറ്റിയെറിയുന്ന ഭ്രാന്തനെപ്പോലെയാണ്.
20: വിറകില്ലെങ്കില്‍ തീ കെട്ടടങ്ങുന്നു; ഏഷണിക്കാരനില്ലാത്തിടത്തു കലഹം ശമിക്കുന്നു.
21: കരി, കനലിനെയും വിറക്, അഗ്നിയെയുമെന്നപോലെ കലഹപ്രിയന്‍ ശണ്ഠ ജ്വലിപ്പിക്കുന്നു.
22: ഏഷണിക്കാരന്റെ വാക്കുകള്‍ സ്വാദുള്ള അപ്പക്കഷണങ്ങള്‍പോലെയാണ്; അത് ഉള്ളിലേക്കിറങ്ങിച്ചെല്ലുന്നു.
23: മലിനഹൃദയം മറച്ചുവയ്ക്കുന്ന മധുരവാക്കുകള്‍ മണ്‍പാത്രത്തിന്റെ പുറത്തെ മിനുക്കുപണിപോലെയാണ്.
24: മനസ്സില്‍ വിദ്വേഷമുള്ളവന്‍ വാക്കുകൊണ്ടു സ്‌നേഹം നടിക്കുകയും ഹൃദയത്തില്‍ വഞ്ചന പുലര്‍ത്തുകയുംചെയ്യുന്നു.
25: അവൻ മധുരമായി സംസാരിക്കുമ്പോഴും അവനെ വിശ്വസിക്കരുത്; കാരണം, അവന്റെ ഹൃദയത്തില്‍ ഏഴു മ്ലേച്ഛതയുണ്ട്.
26: അവന്‍ വിദ്വേഷം കൗശലത്തില്‍മറച്ചുവച്ചാലും അവന്റെ ദുഷ്ടത, സംഘത്തില്‍വച്ചു വെളിപ്പെടും.
27: താന്‍കുഴിച്ച കുഴിയില്‍ താന്‍തന്നെ വീഴും; താനുരുട്ടുന്ന കല്ലു തന്റെമേല്‍ത്തന്നെ വിഴും.
28: കള്ളം പറയുന്നത് അതിനിരയായവരെ വെറുക്കുകയാണ്; മുഖസ്തുതി പറയുന്ന നാവ്, നാശംവരുത്തിവയ്ക്കുന്നു.

 
അദ്ധ്യായം 27


1: നാളെയെച്ചൊല്ലി അഹങ്കരിക്കേണ്ടാ, ഒരു ദിവസംകൊണ്ട് എന്തുസംഭവിക്കാമെന്നു നീ അറിയുന്നില്ല.
2: ആത്മപ്രശംസ ചെയ്യരുത്. മറ്റുള്ളവര്‍ നിന്നെ പ്രശംസിക്കട്ടെ. അന്യന്റെ നാവാണ്, നിന്റേതല്ല, അതു ചെയ്യേണ്ടത്.
3: കല്ലിനു ഭാരമുണ്ട്, മണലിനും ഭാരമുണ്ട്; എന്നാല്‍, ഭോഷന്റെ പ്രകോപനം ഇവ രണ്ടിനെയുംകാള്‍ ഭാരമുള്ളതത്രേ.
4: ക്രോധം ക്രൂരമാണ്; കോപം അനിയന്ത്രിതമാണ്; എന്നാല്‍, അസൂയയെ നേരിടാന്‍ ആര്‍ക്കാണുകഴിയുക?
5: തുറന്ന കുറ്റപ്പെടുത്തലാണു നിഗൂഢമായ സ്‌നേഹത്തെക്കാള്‍ മെച്ചം.
6: സ്‌നേഹിതന്‍ മുറിപ്പെടുത്തുന്നത് ആത്മാര്‍ത്ഥതനിമിത്തമാണ്; ശത്രുവാകട്ടെ നിന്നെ തെരുതെരെ ചുംബിക്കുകമാത്രംചെയ്യുന്നു.
7: ഉണ്ടുനിറഞ്ഞവനു തേന്‍പോലും മടുപ്പുണ്ടാക്കുന്നു; വിശക്കുന്നവനു കയ്പും മധുരമായി തോന്നുന്നു.
8: വീടുവിട്ടലയുന്നവൻ കൂടുവിട്ടലയുന്ന പക്ഷിയെപ്പോലെയാണ്.
9: തൈലവും സുഗന്ധദ്രവ്യവും ഹൃദയത്തെ സന്തോഷിപ്പിക്കുന്നു; അപ്പോഴും ക്ലേശങ്ങള്‍ ആത്മാവിനെയുലച്ചുകൊണ്ടിരിക്കുന്നു.
10: സ്വന്തം സ്‌നേഹിതനെയും പിതാവിന്റെ സ്‌നേഹിതനെയും പരിത്യജിക്കരുത്; ആപത്തുവരുമ്പോള്‍ സഹോദരന്റെ ഭവനത്തില്‍ പോവുകയുമരുത്. അടുത്തുള്ള അയല്‍ക്കാരനാണ് അകലെയുള്ള സഹോദരനെക്കാള്‍ മെച്ചം.
11: മകനേ, നീ ജ്ഞാനിയാവുക, അങ്ങനെ എന്നെ സന്തോഷിപ്പിക്കുക. എന്നെ കുറ്റപ്പെടുത്തുന്നവനു മറുപടികൊടുക്കാന്‍ അപ്പോള്‍ എനിക്കു സാധിക്കും.
12: വിവേകി ആപത്തുകണ്ടറിഞ്ഞ്, ഒഴിഞ്ഞുമാറുന്നു; അല്പബുദ്ധി അതിലേക്കുചെന്നു ശിക്ഷയനുഭവിക്കുന്നു.
13: അന്യനു ജാമ്യം നില്ക്കുന്നവന്റെ കുപ്പായം കൈവശപ്പെടുത്തിക്കൊള്ളുക; പരദേശികള്‍ക്കു ജാമ്യം നില്ക്കുന്നവനോട് പണയം വാങ്ങിക്കൊള്ളുക.
14: അതിരാവിലെ അയല്‍ക്കാരന് ഉച്ചത്തില്‍നേരുന്ന അനുഗ്രഹം ശാപമായി ഗണിക്കും.
15: ദിവസംമുഴുവന്‍ പെയ്തുകൊണ്ടിരിക്കുന്ന ചാറ്റല്‍മഴയും കലഹപ്രിയയായ ഭാര്യയും ഒന്നുപോലെതന്നെ.
16: അവളെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതു കാറ്റിനെ പിടിച്ചടക്കാന്‍ തുനിയുന്നതുപോലെയോ, കൈയില്‍ എണ്ണ മുറുക്കിപ്പിടിക്കാന്‍ ശ്രമിക്കുന്നതുപോലെയോ, ആണ്.
17: ഇരുമ്പ്, ഇരുമ്പിനു മൂര്‍ച്ചകൂട്ടുന്നു; ഒരുവന്‍ അപരന്റെ ബുദ്ധിക്കു മൂര്‍ച്ചകൂട്ടുന്നു.
18: അത്തിമരം വളര്‍ത്തുന്നവന്‍ അതിന്റെ പഴം തിന്നും; യജമാനനെ ശുശ്രൂഷിക്കുന്നവന്‍ ബഹുമാനിക്കപ്പെടും.
19: വെള്ളത്തില്‍ മുഖം പ്രതിബിംബിക്കുന്നതുപോലെ മനുഷ്യന്റെ മനസ്സ് അവനെത്തന്നെ പ്രതിഫലിപ്പിക്കുന്നു.
20: പാതാളവും നരകവും ഒരിക്കലും തൃപ്തിയടയുന്നില്ല; മനുഷ്യന്റെ കണ്ണുകള്‍ ഒരിക്കലും സംതൃപ്തമാകുന്നില്ല.
21: വെള്ളിയുടെ മാറ്റു മൂശയിലൂടെയും സ്വര്‍ണ്ണത്തിന്റെ മാറ്റു ചൂളയിലൂടെയുമെന്നപോലെ, മനുഷ്യന്റെ മാറ്റ്, അവനു ലഭിക്കുന്ന പ്രശംസയിലൂടെ നിര്‍ണ്ണയിക്കപ്പെടുന്നു.
22: ഭോഷനെ ധാന്യത്തോടൊപ്പം ഉരലിലിട്ടിടിച്ചാലും അവന്റെ ഭോഷത്തം വിട്ടുമാറുകയില്ല.
23: നിന്റെ ആട്ടിന്‍പറ്റങ്ങളെ ശരിക്കു നോക്കിക്കൊള്ളുക; കന്നുകാലികളെ സശ്രദ്ധംപാലിക്കുക;
24: എന്തെന്നാല്‍, സമ്പത്ത് എന്നേയ്ക്കും നിലനില്ക്കുകയില്ല. കിരീടം എല്ലാ തലമുറകളിലും നിലനില്ക്കാറുണ്ടോ?
25: പുല്ലു തീര്‍ന്നുപോകുന്നു; പുതിയത് മുളച്ചുവരുന്നു; കുന്നിൻപുറങ്ങളിലെ പച്ചപ്പുല്ലു ശേഖരിക്കപ്പെടുന്നു.
26: അപ്പോള്‍ ആട്ടിന്‍കുട്ടികള്‍ ഉടുപ്പിനുള്ള വകയും കോലാടുകള്‍ നിലത്തിനുള്ള വിലയും നിനക്കു നേടിത്തരും.
27: നിനക്കും കുടുംബത്തിനുംവേണ്ടത്ര പാലും പരിചാരികമാരെ പോറ്റാനുള്ള വകയും ലഭിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ