നൂറ്റിയറുപത്തിയേഴാം ദിവസം: സങ്കീര്‍ത്തനങ്ങള്‍ 63 - 68


അദ്ധ്യായം 63

ദൈവത്തിനുവേണ്ടി ദാഹിക്കുന്നു.
ദാവീദിന്റെ സങ്കീർത്തനം, യൂദാമരുഭൂമിയിൽവച്ചു പാടിയത്.
1: ദൈവമേ, അവിടുന്നാണെന്റെ ദൈവം; ഞാനങ്ങയെത്തേടുന്നു. എന്റെയാത്മാവ് അങ്ങേയ്ക്കായി ദാഹിക്കുന്നു. ഉണങ്ങിവരണ്ടഭൂമിയെന്നപോലെ, എന്റെ ശരീരം അങ്ങയെക്കാണാതെ തളരുന്നു.
2: അങ്ങയുടെ ശക്തിയും മഹത്വവും ദര്‍ശിക്കാന്‍ ഞാന്‍ വിശുദ്ധമന്ദിരത്തില്‍ വന്നു.
3: അങ്ങയുടെ കാരുണ്യം ജീവനെക്കാള്‍ കാമ്യമാണ്; എന്റെയധരങ്ങള്‍ അങ്ങയെ സ്തുതിക്കും.
4: എന്റെ ജീവിതകാലംമുഴുവന്‍ ഞാനങ്ങയെ പുകഴ്ത്തും. ഞാന്‍ കൈകളുയര്‍ത്തി, അങ്ങയുടെ നാമം വിളിച്ചപേക്ഷിക്കും.
5: കിടക്കയില്‍ ഞാനങ്ങയെ ഓര്‍ക്കുകയും
 രാത്രിയാമങ്ങളില്‍ അങ്ങയെക്കുറിച്ചു ധ്യാനിക്കുകയുംചെയ്യുമ്പോള്‍ ഞാന്‍ മജ്ജയും മേദസുംകൊണ്ടെന്നപോലെ സംതൃപ്തിയടയുന്നു.

6: എന്റെ അധരങ്ങള്‍ അങ്ങേയ്ക്ക് ആനന്ദഗാനമാലപിക്കും.
7: അവിടുന്നെന്റെ സഹായമാണ്; അങ്ങയുടെ ചിറകിന്‍കീഴില്‍ ഞാനാനന്ദിക്കും.
8: എന്റെയാത്മാവ് അങ്ങയോടൊട്ടിച്ചേര്‍ന്നിരിക്കുന്നു; അങ്ങയുടെ വലത്തുകൈ എന്നെ താങ്ങിനിറുത്തുന്നു.
9: എന്റെ ജീവന്‍ നശിപ്പിക്കാന്‍നോക്കുന്നവര്‍ ഭൂമിയുടെ അഗാധഗര്‍ത്തങ്ങളില്‍പ്പതിക്കും.
10: അവര്‍ വാളിന്നിരയാകും; അവര്‍ കുറുനരികള്‍ക്കു ഭക്ഷണമാകും.
11: എന്നാല്‍, രാജാവു ദൈവത്തില്‍ സന്തോഷിക്കും; അവിടുത്തെ നാമത്തില്‍ സത്യംചെയ്യുന്നവര്‍ അഭിമാനംകൊള്ളും. നുണയരുടെ വായ് അടഞ്ഞുപോകും.

അദ്ധ്യായം 64

കുടിലബുദ്ധിയെ തകര്‍ക്കണമേ!
ഗായകസംഘനേതാവിന്, ദാവീദിന്റെ സങ്കീർത്തനം.
1: ദൈവമേ, എന്റെ ആവലാതി കേള്‍ക്കണമേ! ശത്രുഭയത്തില്‍നിന്ന് എന്റെ ജീവനെ രക്ഷിക്കണമേ!
2: ദുഷ്ടരുടെ ഗൂഢാലോചനകളില്‍നിന്നും ദുഷ്‌കര്‍മ്മികളുടെ കുടിലതന്ത്രങ്ങളില്‍നിന്നും എന്നെ മറയ്ക്കണമേ!
3: അവര്‍ തങ്ങളുടെ നാവുകള്‍ വാളുപോലെ മൂര്‍ച്ചയുള്ളതാക്കുന്നു; അവര്‍ പരുഷവാക്കുകള്‍ അസ്ത്രംപോലെ തൊടുക്കുന്നു.
4: അവര്‍ നിര്‍ദ്ദോഷരെ ഒളിഞ്ഞിരുന്നെയ്യുന്നു; പെട്ടെന്നു കൂസലെന്നിയേ എയ്യുന്നു.
5: അവര്‍ തങ്ങളുടെ ദുഷ്ടലക്ഷ്യത്തില്‍ ഉറച്ചുനില്‍ക്കുന്നു; എവിടെ കെണിവയ്ക്കണമെന്ന് അവരാലോചിക്കുന്നു; അവര്‍ വിചാരിക്കുന്നു: ആരു നമ്മെക്കാണും?
6: നമ്മുടെ കുറ്റകൃത്യങ്ങള്‍ ആരു കണ്ടുപിടിക്കും? കൗശലപൂര്‍വ്വമാണു നാം കെണിയൊരുക്കിയത്; മനുഷ്യന്റെ അന്തരംഗവും ഹൃദയവും എത്രയഗാധം!
7: എന്നാല്‍, ദൈവമവരുടെമേല്‍ അസ്ത്രമയയ്ക്കും; നിനച്ചിരിക്കാതെ അവര്‍ മുറിവേല്ക്കും.
8: അവരുടെ നാവുനിമിത്തം അവിടുന്നവര്‍ക്കു വിനാശംവരുത്തും; കാണുന്നവരെല്ലാം അവരെ പരിഹസിച്ചു തലകുലുക്കും.
9: അപ്പോള്‍ സകലരും ഭയപ്പെടും; അവര്‍ ദൈവത്തിന്റെ പ്രവൃത്തിയെ പ്രഘോഷിക്കും; അവിടുത്തെ ചെയ്തികളെക്കുറിച്ചു ധ്യാനിക്കും.
10: നീതിമാന്‍ കര്‍ത്താവില്‍ സന്തോഷിക്കട്ടെ! അവന്‍ കര്‍ത്താവിലഭയംതേടട്ടെ! പരമാര്‍ത്ഥഹൃദയര്‍ അഭിമാനംകൊള്ളട്ടെ! 

അദ്ധ്യായം 65

സമൃദ്ധിചൊരിയുന്ന ദൈവം
ഗായകസംഘനേതാവിന്, ദാവീദിന്റെ സങ്കീർത്തനം; ഒരു ഗീതം.
1: ദൈവമേ, സീയോനില്‍വസിക്കുന്ന അങ്ങു സ്തുത്യര്‍ഹനാണ്; അങ്ങേയ്ക്കുള്ള നേര്‍ച്ചകള്‍ ഞങ്ങള്‍ നിറവേറ്റും.
2: പ്രാര്‍ത്ഥന ശ്രവിക്കുന്നവനേ, മര്‍ത്ത്യരെല്ലാം പാപഭാരവുമായി അങ്ങയുടെ സന്നിധിയില്‍ വരുന്നു.
3: അകൃത്യങ്ങള്‍ക്കടിമപ്പെടുമ്പോള്‍ അങ്ങു ഞങ്ങളെ മോചിപ്പിക്കുന്നു.
4: അങ്ങയുടെ അങ്കണത്തില്‍വസിക്കാന്‍ അങ്ങുതന്നെ തിരഞ്ഞെടുത്തുകൊണ്ടുവരുന്നവന്‍ ഭാഗ്യവാന്‍ ; ഞങ്ങളങ്ങയുടെ ആലയത്തിലെ, വിശുദ്ധമന്ദിരത്തിലെ, നന്മകൊണ്ടു സംതൃപ്തരാകും.
5: ഞങ്ങളുടെ രക്ഷയായ ദൈവമേ, ഭീതികരമായ പ്രവൃത്തികളാല്‍ അങ്ങു ഞങ്ങള്‍ക്കു മോചനമരുളുന്നു, ഭൂമിമുഴുവന്റെയും വിദൂരസമുദ്രങ്ങളുടെയും പ്രത്യാശ, അവിടുന്നാണ്.
6: അവിടുന്നു ശക്തികൊണ്ടരമുറുക്കി, പര്‍വ്വതങ്ങളെയുറപ്പിക്കുന്നു.
7: അവിടുന്നു സമുദ്രങ്ങളുടെ മുഴക്കവും തിരമാലകളുടെ അലര്‍ച്ചയും ജനതകളുടെ കലഹവും ശമിപ്പിക്കുന്നു.
8: ഭൂമിയുടെ വിദൂരമായ അതിരുകളില്‍ വസിക്കുന്നവരും അങ്ങയുടെ അദ്ഭുതപ്രവൃത്തികള്‍കണ്ടു ഭയപ്പെടുന്നു. ഉദയത്തിന്റെയും അസ്തമയത്തിന്റെയും ദിക്കുകള്‍ ആനന്ദംകൊണ്ട് ആര്‍ത്തുവിളിക്കാന്‍ അങ്ങിടയാക്കുന്നു.
9: അവിടുന്നു ഭൂമിയെ സന്ദര്‍ശിച്ച് അതിനെ നനയ്ക്കുന്നു, അങ്ങതിനെ അത്യധികം ഫലപുഷ്ടമാക്കുന്നു; ദൈവത്തിന്റെ നദി നിറഞ്ഞൊഴുകുന്നു; അവിടുന്നു ഭൂമിയെ ഒരുക്കി അവര്‍ക്കു ധാന്യംനല്കുന്നു.
10: അവിടുന്നതിന്റെ ഉഴവുചാലുകളെ സമൃദ്ധമായി നനയ്ക്കുന്നു; കട്ടയുടച്ചുനിരത്തുകയും മഴവര്‍ഷിച്ച് അതിനെ കുതിര്‍ക്കുകയുംചെയ്യുന്നു; അവിടുന്നതിന്റെ മുളകളെ അനുഗ്രഹിക്കുന്നു.
11: സംവത്സരത്തെ അവിടുന്നു സമൃദ്ധികൊണ്ടു മകുടംചാര്‍ത്തുന്നു; അങ്ങയുടെ രഥത്തിന്റെ ചാലുകള്‍ പുഷ്ടിപൊഴിക്കുന്നു.
12: മരുപ്രദേശത്തെ പുല്‍പുറങ്ങള്‍ സമൃദ്ധി ചൊരിയുന്നു; കുന്നുകള്‍ സന്തോഷമണിയുന്നു.
13: മേച്ചില്‍പ്പുറങ്ങള്‍ ആട്ടിന്‍കൂട്ടങ്ങളെക്കൊണ്ട് ആവൃതമാകുന്നു; താഴ്‌വരകള്‍ ധാന്യംകൊണ്ടു മൂടിയിരിക്കുന്നു; സന്തോഷംകൊണ്ട് അവ ആര്‍ത്തുപാടുന്നു.

അദ്ധ്യായം 66

കര്‍ത്താവിനെ സ്തുതിക്കുവിന്‍
ഗായകസംഘനേതാവിന്, ഒരു ഗീതം, സങ്കീർത്തനം.
1: ഭൂവാസികളേ, ആഹ്ലാദത്തോടെ ദൈവത്തിന് ആര്‍പ്പുവിളിക്കുവിന്‍.
2: അവിടുത്തെ നാമത്തിന്റെ മഹത്വം പ്രകീര്‍ത്തിക്കുവിന്‍; സ്തുതികളാല്‍ അവിടുത്തെ മഹത്വപ്പെടുത്തുവിന്‍.
3: അവിടുത്തെ പ്രവൃത്തികള്‍ എത്രഭീതിജനകം! അങ്ങയുടെ ശക്തിപ്രഭാവത്താല്‍ ശത്രുക്കള്‍ അങ്ങേയ്ക്കു കീഴടങ്ങും.
4: ഭൂവാസികള്‍മുഴുവന്‍ അവിടുത്തെയാരാധിക്കുന്നു, അവരങ്ങയെ പാടിപ്പുകഴ്ത്തുന്നു, അങ്ങയുടെ നാമത്തിനു സ്‌തോത്രമാലപിക്കുന്നു.
5: ദൈവത്തിന്റെ പ്രവൃത്തികള്‍ വന്നുകാണുവിന്‍, മനുഷ്യരുടെയിടയില്‍ അവിടുത്തെ പ്രവൃത്തികള്‍ ഭീതിജനകമാണ്.
6: അവിടുന്നു സമുദ്രത്തെ ഉണങ്ങിയ നിലമാക്കി; അവരതിലൂടെ നടന്നുനീങ്ങി, അവിടെ നമ്മള്‍ ദൈവത്തില്‍ സന്തോഷിച്ചു.
7: അവിടുന്നു തന്റെ ശക്തിയില്‍ എന്നേയ്ക്കും വാഴും; അവിടുന്നു ജനതകളെ നിരീക്ഷിക്കുന്നു; കലഹപ്രിയര്‍ അഹങ്കരിക്കാതിരിക്കട്ടെ!
8: ജനതകളേ, കര്‍ത്താവിനെ വാഴ്ത്തുവിന്‍‍! അവിടുത്തെ സ്തുതിക്കുന്ന സ്വരമുയരട്ടെ!
9: അവിടുന്നു നമ്മുടെ ജീവന്‍ കാത്തുപാലിക്കുന്നു; നമ്മുടെ കാലിടറാന്‍ അവിടുന്നു സമ്മതിക്കുകയില്ല.
10: ദൈവമേ, അങ്ങു ഞങ്ങളെ പരീക്ഷിച്ചറിഞ്ഞു; ഞങ്ങളെ വെള്ളിയെന്നപോലെ അങ്ങു പരിശോധിച്ചു.
11: അവിടുന്നു ഞങ്ങളെ വലയില്‍ക്കുടുക്കി; ഞങ്ങളുടെമേല്‍ വലിയഭാരംചുമത്തി.
12: ശത്രുക്കള്‍ ഞങ്ങളെ ചവിട്ടിമെതിക്കാന്‍ അങ്ങിടയാക്കി; ഞങ്ങള്‍ തീയിലും വെള്ളത്തിലുംകൂടെ കടക്കേണ്ടിവന്നു; എങ്കിലും അങ്ങു ഞങ്ങളെ വിശാലഭൂമിയില്‍ കൊണ്ടുവന്നു.
13: ദഹനബലിയുമായി ഞാനങ്ങയുടെ ആലയത്തില്‍ വരും; അങ്ങയോടുള്ള എന്റെ നേര്‍ച്ചകള്‍ ഞാന്‍ നിറവേറ്റും.
14: കഷ്ടതയിലായിരുന്നപ്പോള്‍ എന്റെ നാവുകൊണ്ടു നേര്‍ന്നതാണവ.
15: കൊഴുത്ത മൃഗങ്ങളെ ദഹനബലിയായി ഞാനങ്ങേയ്ക്കര്‍പ്പിക്കും; മുട്ടാടുകളുടെ ബലിയുടെ ധൂമമുയരും; കാളകളെയും ആടുകളെയും ഞാന്‍ കാഴ്ചയര്‍പ്പിക്കും.
16: ദൈവഭക്തരേ, വന്നുകേള്‍ക്കുവിന്‍, അവിടുന്നെനിക്കുവേണ്ടി ചെയ്തതെല്ലാം ഞാന്‍ വിവരിക്കാം.
17: ഞാനവിടുത്തോട് ഉച്ചത്തില്‍ വിളിച്ചപേക്ഷിച്ചു; എന്റെ നാവുകൊണ്ടു ഞാനവിടുത്തെ പുകഴ്ത്തി.
18: എന്റെ ഹൃദയത്തില്‍ ദുഷ്ടതകുടിയിരുന്നെങ്കില്‍ കര്‍ത്താവു കേള്‍ക്കുമായിരുന്നില്ല.
19: എന്നാല്‍, ദൈവം കേട്ടിരിക്കുന്നു; എന്റെ പ്രാര്‍ത്ഥനയുടെ സ്വരം അവിടുന്നു ശ്രദ്ധിച്ചിരിക്കുന്നു.
20: ദൈവം വാഴ്ത്തപ്പെടട്ടെ! അവിടുന്നെന്റെ പ്രാര്‍ത്ഥന തള്ളിക്കളഞ്ഞില്ല; അവിടുത്തെ കാരുണ്യം എന്നില്‍നിന്ന് എടുത്തുകളഞ്ഞില്ല.

അദ്ധ്യായം 67

ദൈവത്തിന്റെ രക്ഷാകരശക്തി
ഗായകസംഘനേതാവിന്, തന്ത്രീനാദത്തോടെ, സങ്കീർത്തനം,  ഒരു ഗീതം.
1: ദൈവം നമ്മോടു കൃപകാണിക്കുകയും നമ്മെ അനുഗ്രഹിക്കുകയും ചെയ്യുമാറാകട്ടെ! അവിടുന്നു തന്റെ പ്രീതി നമ്മുടെമേല്‍ ചൊരിയുമാറാകട്ടെ!
2: അങ്ങയുടെ വഴി, ഭൂമിയിലും അങ്ങയുടെ രക്ഷാകരശക്തി, സകലജനതകളുടെയിടയിലും അറിയപ്പെടേണ്ടതിനുതന്നെ.
3: ദൈവമേ, ജനതകള്‍ അങ്ങയെ പ്രകീര്‍ത്തിക്കട്ടെ! എല്ലാ ജനതകളും അങ്ങയെ സ്തുതിക്കട്ടെ.
4: ജനതകളെല്ലാം ആഹ്ലാദിക്കുകയും ആനന്ദഗാനമാലപിക്കുകയും ചെയ്യട്ടെ! അങ്ങു ജനതകളെ നീതിപൂര്‍വ്വം വിധിക്കുകയും ജനപദങ്ങളെ നയിക്കുകയും ചെയ്യുന്നു.
5: ദൈവമേ, ജനതകള്‍ അങ്ങയെ പ്രകീര്‍ത്തിക്കട്ടെ! എല്ലാ ജനതകളും അങ്ങയെ സ്തുതിക്കട്ടെ!
6: ഭൂമി അതിന്റെ വിളവു നല്കി, ദൈവം, നമ്മുടെ ദൈവം, നമ്മെയനുഗ്രഹിച്ചു.
7: അവിടുന്നു നമ്മെയനുഗ്രഹിച്ചു. ഭൂമി മുഴുവന്‍ അവിടുത്തെ ഭയപ്പെടട്ടെ!

അദ്ധ്യായം 68

ദൈവത്തിന്റെ ജൈത്രയാത്ര
ഗായകസംഘനേതാവിന്, ദാവീദിന്റെ സങ്കീർത്തനം; ഒരു ഗീതം.
1: ദൈവം ഉണര്‍ന്നെഴുന്നേല്‍ക്കട്ടെ! അവിടുത്തെ ശത്രുക്കള്‍ ചിതറിപ്പോകട്ടെ! അവിടുത്തെ ദ്വേഷിക്കുന്നവര്‍ അവിടുത്തെ മുമ്പില്‍നിന്ന് ഓടിപ്പോകട്ടെ!
2: കാറ്റില്‍ പുകയെന്നപോലെ അവരെ തുരത്തണമേ! അഗ്നിയില്‍ മെഴുകുരുകുന്നതുപോലെ ദുഷ്ടര്‍ ദൈവസന്നിധിയില്‍ നശിച്ചുപോകട്ടെ.
3: നീതിമാന്മാര്‍ സന്തോഷഭരിതരാകട്ടെ! ദൈവസന്നിധിയില്‍ അവരുല്ലസിക്കട്ടെ! അവര്‍ ആനന്ദംകൊണ്ടു മതിമറക്കട്ടെ!
4: ദൈവത്തിനു സ്തുതിപാടുവിന്‍, അവിടുത്തെ നാമത്തെ പ്രകീര്‍ത്തിക്കുവിന്‍, മേഘങ്ങളില്‍ സഞ്ചരിക്കുന്നവനു സ്‌തോത്രങ്ങളാലപിക്കുവിന്‍; കര്‍ത്താവ് എന്നാണവിടുത്തെ നാമം; അവിടുത്തെമുമ്പില്‍ ആനന്ദിക്കുവിന്‍.
5: ദൈവം തന്റെ വിശുദ്ധനിവാസത്തില്‍ അനാഥര്‍ക്കു പിതാവും വിധവകള്‍ക്കു സംരക്ഷകനുമാണ്.
6: അഗതികള്‍ക്കു വസിക്കാന്‍ ദൈവമിടംകൊടുക്കുന്നു; അവിടുന്നു തടവുകാരെ മോചിപ്പിച്ച്‌ ഐശ്വര്യത്തിലേക്കു നയിക്കുന്നു; എന്നാല്‍, കലഹപ്രിയര്‍ വരണ്ടഭൂമിയില്‍ പാര്‍ക്കുന്നു.
7: ദൈവമേ, അങ്ങ് അങ്ങയുടെ ജനത്തിന്റെമുമ്പില്‍ നീങ്ങിയപ്പോള്‍, മരുഭൂമിയിലൂടെ അങ്ങു മുന്നേറിയപ്പോള്‍,
8: ദൈവസാന്നിദ്ധ്യത്താല്‍ ഭൂമി കുലുങ്ങുകയും, ആകാശം മഴചൊരിയുകയുംചെയ്തു. സീനായ്‌പോലും ഇസ്രായേലിന്റെ ദൈവമായ അവിടുത്തെമുമ്പില്‍ കുലുങ്ങിപ്പോയി.
9: ദൈവമേ, അങ്ങു ധാരാളം മഴപെയ്യിച്ചു; അങ്ങയുടെ വാടിത്തളര്‍ന്നിരുന്ന അവകാശത്തെ പൂര്‍വ്വസ്ഥിതിയിലാക്കി.
10: അങ്ങയുടെ അജഗണം അതിലൊരു വാസസ്ഥലം കണ്ടെത്തി; ദൈവമേ, അങ്ങയുടെ നന്മയാല്‍ ദരിദ്രര്‍ക്ക് ആവശ്യമായതെല്ലാം അങ്ങു നല്കി.
11: കര്‍ത്താവാജ്ഞാപിക്കുന്നു; വലിയൊരു ഗണം ആ സദ്‌വാര്‍ത്ത വിളംബരംചെയ്യുന്നു.
12: സൈന്യങ്ങളുടെ രാജാക്കന്മാര്‍ പിന്തിരിഞ്ഞോടുന്നു, പലായനംചെയ്യുന്നു; വീട്ടിലുള്ള സ്ത്രീകള്‍ കവര്‍ച്ചവസ്തുക്കള്‍ പങ്കിടുന്നു.
13: നിങ്ങള്‍ ആട്ടിന്‍തൊഴുത്തില്‍ ഒളിച്ചിരിക്കുകയാണോ? ഇതാ, വെള്ളികൊണ്ടു പൊതിഞ്ഞതും തിളങ്ങുന്ന പൊന്‍ചിറകുള്ളതുമായ പ്രാവിന്‍രൂപങ്ങള്‍ !
14: സര്‍വ്വശക്തന്‍ അവിടെ രാജാക്കന്മാരെ ചിതറിച്ചപ്പോള്‍ സല്‍മോനില്‍ മഞ്ഞുപെയ്തു.
15: ബാഷാന്‍ എത്ര ഉത്തുംഗമായ പര്‍വ്വതമാണ്! അനേകം കൊടുമുടികളുള്ള പര്‍വ്വതം.
16: കൊടുമുടികളേറെയുള്ള പര്‍വ്വതമേ, കര്‍ത്താവ്, എന്നേയ്ക്കുംവസിക്കാന്‍ തെരഞ്ഞെടുത്ത മലയെ നീയെന്തിനസൂയയോടെ വീക്ഷിക്കുന്നു?
17: ആയിരമായിരം രഥവ്യൂഹങ്ങളോടെ കര്‍ത്താവു സീനായില്‍നിന്നു തന്റെ വിശുദ്ധസ്ഥലത്തേക്കു വന്നു.
18: അവിടുന്ന്, ഉന്നതമായ ഗിരിയിലേക്കു തടവുകാരെ നയിച്ചുകൊണ്ട് ആരോഹണംചെയ്തു. കലഹിക്കുന്നവരില്‍നിന്നുപോലും അവിടുന്നു കപ്പം സ്വീകരിച്ചു; ദൈവമായ കര്‍ത്താവ് അവിടെ വസിക്കും.
19: അനുദിനം നമ്മെ താങ്ങുന്ന കര്‍ത്താവു വാഴ്ത്തപ്പെടട്ടെ! ദൈവമാണു നമ്മുടെ രക്ഷ.
20: നമ്മുടെ ദൈവം രക്ഷയുടെ ദൈവമാണ്, മരണത്തില്‍നിന്നുള്ള മോചനം ദൈവമായ കര്‍ത്താവാണു നല്‍കുന്നത്.
21: ദൈവം തന്റെ ശത്രുക്കളുടെ ശിരസ്സു തകര്‍ക്കും; ദുര്‍മാര്‍ഗ്ഗത്തില്‍ ചരിക്കുന്നവരുടെ കേശാലംകൃതമായ നെറുക തകര്‍ക്കും.
22: കര്‍ത്താവ് അരുളിച്ചെയ്തു: ഞാനവരെ ബാഷാനില്‍നിന്നു തിരിച്ചുകൊണ്ടുവരും; സമുദ്രത്തിന്റെ അഗാധത്തില്‍നിന്നും ഞാനവരെ തിരിച്ചുവിളിക്കും.
23: നിങ്ങള്‍ കാലുകള്‍ രക്തത്തില്‍ക്കഴുകുന്നതിനും നിങ്ങളുടെ നായ്ക്കള്‍ അതു നക്കിക്കുടിക്കുന്നതിനുംതന്നെ.
24: ദൈവമേ, അങ്ങയുടെ ആഘോഷപൂര്‍വ്വമായ എഴുന്നള്ളത്തു ദൃശ്യമായി; എന്റെ രാജാവായ ദൈവം വിശുദ്ധസ്ഥലത്തേക്ക് എഴുന്നള്ളുന്നതുതന്നെ.
25: മുമ്പില്‍ ഗായകര്‍, പിറകില്‍ വാദ്യക്കാര്‍, നടുവില്‍ തപ്പുകൊട്ടുന്ന കന്യകമാര്‍.
26: മഹാസഭയില്‍ ദൈവത്തെ വാഴ്ത്തുവിന്‍; ഇസ്രായേലിന്റെ ഉറവയില്‍നിന്നുള്ളവരേ, കര്‍ത്താവിനെ വാഴ്ത്തുവിന്‍.
27: ഏറ്റവും നിസ്സാരനായ ബഞ്ചമിന്‍, മുമ്പില്‍ നടക്കുന്നു; പിന്നീടു യൂദാപ്രഭുക്കന്മാരുടെ സംഘം; സെബുലൂണിന്റെയും നഫ്താലിയുടെയും പ്രഭുക്കന്മാര്‍ അതിനുപിന്നില്‍.
28: ദൈവമേ, അങ്ങയുടെ ശക്തിപ്രകടിപ്പിക്കണമേ! ഞങ്ങള്‍ക്കുവേണ്ടി അദ്ഭുതങ്ങള്‍ചെയ്ത ദൈവമേ, അങ്ങയുടെ ശക്തിപ്രകടിപ്പിക്കണമേ!
29: ജറുസലെമിലെ അങ്ങയുടെ ആലയത്തിലേക്കു രാജാക്കന്മാര്‍ അങ്ങേയ്ക്കുള്ള കാഴ്ചകള്‍ കൊണ്ടുവരുന്നു.
30: ഞാങ്ങണകളുടെയിടയില്‍ വസിക്കുന്ന വന്യമൃഗങ്ങളെയും പശുക്കിടാങ്ങളോടുകൂടിയ കാളക്കൂറ്റന്മാരുടെ കൂട്ടങ്ങളെയും ശാസിക്കണമേ! കപ്പംകൊതിക്കുന്ന ജനതകളെ ചവിട്ടിമെതിക്കണമേ! യുദ്ധപ്രിയരായ ജനതകളെ ചിതറിക്കണമേ!
31: ഈജിപ്തില്‍നിന്ന് ഓടു കൊണ്ടുവരട്ടെ! എത്യോപ്യാ, ദൈവത്തിങ്കലേക്കു വേഗം കരംനീട്ടട്ടെ!
32: ഭൂമിയിലെ രാജ്യങ്ങളേ, ദൈവത്തിനു സ്തുതികളാലപിക്കുവിന്‍, കര്‍ത്താവിനു കീര്‍ത്തനംപാടുവിന്‍.
33: ആകാശങ്ങളില്‍, അനാദിയായ സ്വര്‍ഗ്ഗങ്ങളില്‍ സഞ്ചരിക്കുന്നവനുതന്നെ. അതാ, അവിടുന്നു തന്റെ ശബ്ദം, ശക്തമായ ശബ്ദം, മുഴക്കുന്നു.
34: ദൈവത്തിന്റെ ശക്തി ഏറ്റുപറയുവിന്‍, അവിടുത്തെ മഹിമ ഇസ്രായേലിന്റെമേലുണ്ട്; അവിടുത്തെ ശക്തി ആകാശങ്ങളിലുണ്ട്.
35: ഇസ്രായേലിന്റെ ദൈവമായ അവിടുന്ന്, തന്റെ വിശുദ്ധമന്ദിരത്തില്‍ ഭീതിദനാണ്; അവിടുന്നു തന്റെ ജനത്തിനു ശക്തിയുമധികാരവും പ്രദാനംചെയ്യുന്നു. ദൈവം വാഴ്ത്തപ്പെടട്ടെ!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ