നൂറ്റിയറുപത്തിയാറാം ദിവസം: സങ്കീര്‍ത്തനങ്ങള്‍ 55 - 62


അദ്ധ്യായം 55

സ്‌നേഹിതനാല്‍ വഞ്ചിക്കപ്പെട്ടവന്‍
ഗായകസംഘനേതാവിന്, താന്ത്രീനാദത്തോടെ ദാവീദിന്റെ സങ്കീർത്തനം.
1: ദൈവമേ, എന്റെ പ്രാര്‍ത്ഥന കേള്‍ക്കണമേ! എന്റെ യാചനകള്‍ നിരസിക്കരുതേ!
2: എന്റെ പ്രാര്‍ത്ഥനകേട്ട് എനിക്കുത്തരമരുളണമേ! കഷ്ടതകള്‍ എന്നെ അടിപ്പെടുത്തിയിരിക്കുന്നു.
3: ശത്രുവിന്റെ അട്ടഹാസത്താലും ദുഷ്ടരുടെ പീഡനത്താലും ഞാന്‍ പരിഭ്രാന്തനായിരിക്കുന്നു; അവര്‍ എന്നോടു ദ്രോഹംചെയ്യുന്നു; കോപത്തോടെ എനിക്കെതിരേ ശത്രുതപുലര്‍ത്തുന്നു.
4: എന്റെ ഹൃദയം വേദനകൊണ്ടു പിടയുന്നു, മരണഭീതി എന്റെമേല്‍ നിപതിച്ചിരിക്കുന്നു.
5: ഭയവും വിറയലും എന്നെ പിടികൂടിയിരിക്കുന്നു, പരിഭ്രാന്തി എന്നെ ഗ്രസിച്ചിരിക്കുന്നു.
6: ഞാന്‍ പറഞ്ഞു: പ്രാവിനെപ്പോലെ ചിറകുണ്ടായിരുന്നെങ്കില്‍, ഞാന്‍ പറന്നുപോയി വിശ്രമിക്കുമായിരുന്നു.
7: ഞാന്‍ വിദൂരങ്ങളില്‍ ചുറ്റിത്തിരിയുമായിരുന്നു; വിജനതയില്‍ ഞാന്‍ വസിക്കുമായിരുന്നു.
8: കൊടുങ്കാറ്റില്‍നിന്നും ചുഴലിക്കാറ്റില്‍നിന്നും ബദ്ധപ്പെട്ടകന്ന്, സങ്കേതം തേടുമായിരുന്നു.
9: കര്‍ത്താവേ, അവരുടെ ഉദ്യമങ്ങളെ പരാജയപ്പെടുത്തണമേ! അവരുടെ ഭാഷകളെ ഭിന്നിപ്പിക്കണമേ! നഗരത്തില്‍ ഞാന്‍, അക്രമവും കലഹവും കാണുന്നു.
10: രാവും പകലും അവര്‍ അതിന്റെ മതിലുകളില്‍ ചുറ്റിനടക്കുന്നു; അതിന്റെയുള്ളില്‍ ഉപജാപങ്ങളും കുഴപ്പങ്ങളുമാണ്.
11: അതിന്റെമദ്ധ്യേ, വിനാശം കുടികൊള്ളുന്നു; അതിന്റെ തെരുവുകളില്‍നിന്നു മര്‍ദ്ദനവും വഞ്ചനയും വിട്ടുമാറുന്നില്ല.
12: ശത്രുവല്ല എന്നെ നിന്ദിക്കുന്നത്; ആയിരുന്നെങ്കില്‍ ഞാന്‍ സഹിക്കുമായിരുന്നു; എതിരാളിയല്ല എന്നോടു ധിക്കാരപൂര്‍വ്വം പെരുമാറുന്നത്; ആയിരുന്നെങ്കില്‍ ഞാന്‍ അവനില്‍നിന്നു മറഞ്ഞിരിക്കുമായിരുന്നു.
13: എന്നാല്‍, എന്റെ സഹചരനും ചങ്ങാതിയും ഉറ്റസ്‌നേഹിതനുമായിരുന്ന നീതന്നെയാണതു ചെയ്തത്.
14: നമ്മള്‍ ഉള്ളുതുറന്നു സംസാരിക്കുമായിരുന്നു; നമ്മെളൊന്നിച്ചു ദേവാലയത്തില്‍ കൂട്ടായ്മ ആചരിക്കുമായിരുന്നു.
15: അവരെ മരണം പിടികൂടട്ടെ; ജീവനോടെ അവര്‍ പാതാളത്തില്‍ പതിക്കട്ടെ! അവരുടെ ഭവനത്തില്‍, അവരുടെ ഹൃദയത്തില്‍, തിന്മ കുടികൊള്ളുന്നു.
16: ഞാന്‍ ദൈവത്തെ വിളിച്ചപേക്ഷിക്കുന്നു, കര്‍ത്താവെന്നെ രക്ഷിക്കും.
17: സന്ധ്യയിലും പ്രഭാതത്തിലും മദ്ധ്യാഹ്നത്തിലും ഞാന്‍ ആവലാതിപ്പെട്ടു കരയും; അവിടുന്ന് എന്റെ സ്വരം കേള്‍ക്കും.
18: ഈ യുദ്ധത്തില്‍ അനേകര്‍ എനിക്കെതിരേ അണിനിരന്നിരിക്കുന്നു; അവിടുന്നെന്നെ കാത്തുപാലിക്കും.
19: അനാദികാലംമുതലേ സിംഹാസനസ്ഥനായ ദൈവം എന്റെ പ്രാര്‍ത്ഥനകേട്ട് അവരെ ലജ്ജിതരാക്കും; എന്തെന്നാല്‍, അവര്‍ കല്പന പാലിക്കുന്നില്ല, ദൈവത്തെ ഭയപ്പെടുന്നുമില്ല.
20: എന്റെ കൂട്ടുകാരന്‍ തന്റെ സുഹൃത്തുക്കള്‍ക്കെതിരായി കൈനീട്ടി; അവന്‍ തന്റെ ഉടമ്പടി ലംഘിച്ചു.
21: അവന്റെ സംസാരം വെണ്ണയെക്കാള്‍ മൃദുലമായിരുന്നു, പക്ഷേ, അവന്റെ ഹൃദയത്തിലോ പടയൊരുക്കം. അവന്റെ വാക്കുകള്‍ എണ്ണയെക്കാള്‍ മയമുള്ളവ, എന്നാല്‍, അവ ഉറയൂരിയ വാളുകളായിരുന്നു.
22: നിന്റെ ഭാരം, കര്‍ത്താവിനെയേല്പിക്കുക, അവിടുന്നു നിന്നെ താങ്ങിക്കൊള്ളും; നീതിമാന്‍ കുലുങ്ങാന്‍ അവിടുന്നു സമ്മതിക്കുകയില്ല.
23: ദൈവമേ, അങ്ങവരെ അത്യഗാധത്തിലേക്കു തള്ളിവീഴ്ത്തും; രക്തദാഹികളും വഞ്ചകരും ആയുസ്സിന്റെ പകുതിയെത്തുകയില്ല; എന്നാല്‍ ഞാനങ്ങയിലാശ്രയിക്കും.


അദ്ധ്യായം 56

ഞാന്‍ നിര്‍ഭയനായി ദൈവത്തിലാശ്രയിക്കും
ഗായകസംഘനേതാവിന്, വിദൂരതയിലെ മിണ്ടാപ്രാവ് എന്നരാഗത്തിൽ  ദാവീദിന്റെ ഗീതം. ഗത്തിൽവച്ചു ഫിലിസ്ത്യർ പിടികൂടിയപ്പോൾ പാടിയത്.
1: ദൈവമേ, എന്നോടു കരുണതോന്നണമേ! മനുഷ്യരെന്നെ ചവിട്ടിമെതിക്കുന്നു; ദിവസംമുഴുവനും ശത്രുക്കളെന്നെ പീഡിപ്പിക്കുന്നു.
2: ദിവസംമുഴുവനും എന്റെ ശത്രുക്കള്‍ എന്നെച്ചവിട്ടിമെതിക്കുന്നു; അനേകര്‍ എന്നോടു ഗര്‍വ്വോടെ യുദ്ധംചെയ്യുന്നു.
3: ഭയമുണ്ടാകുമ്പോള്‍, ഞാന്‍ അങ്ങയിലാശ്രയിക്കും.
4: ആരുടെ വചനത്തെ ഞാന്‍ പ്രകീര്‍ത്തിക്കുന്നുവോ, ആ ദൈവത്തില്‍ നിര്‍ഭയനായി ഞാനാശ്രയിക്കുന്നു; മര്‍ത്ത്യന് എന്നോടെന്തുചെയ്യാന്‍കഴിയും?
5: ദിവസം മുഴുവനും അവരെന്നെ ദ്രോഹിക്കാന്‍ നോക്കുന്നു; അവരുടെ ചിന്തകളത്രയും എങ്ങനെയെന്നെ ഉപദ്രവിക്കാമെന്നാണ്.
6: അവര്‍ കൂട്ടംകൂടി പതിയിരിക്കുന്നു; അവര്‍ എന്റെ പ്രാണനുവേണ്ടി പതിയിരുന്ന്, എന്റെ കാലടികളെ നിരീക്ഷിക്കുന്നു.
7: അവരുടെ അകൃത്യത്തിനു തക്കപ്രതിഫലംനല്കണമേ! ദൈവമേ, ക്രോധത്തോടെ ജനതകളെ തകര്‍ക്കണമേ!
8: അവിടുന്നെന്റെ അലച്ചിലുകളെണ്ണിയിട്ടുണ്ട്; എന്റെ കണ്ണീര്‍ക്കണങ്ങള്‍ അങ്ങു കുപ്പിയില്‍ ശേഖരിച്ചിട്ടുണ്ട്; അവ അങ്ങയുടെ ഗ്രന്ഥത്തിലുണ്ടല്ലോ.
9: ഞാനങ്ങയെ വിളിച്ചപേക്ഷിക്കുമ്പോള്‍ എന്റെ ശത്രുക്കള്‍ പിന്തിരിയും; ദൈവമെന്റെ പക്ഷത്താണെന്നു ഞാനറിയുന്നു.
10: ഞാനാരുടെ വചനം കീര്‍ത്തിക്കുന്നുവോ, ആ ദൈവത്തില്‍, ഞാനാരുടെ വചനം പ്രകീര്‍ത്തിക്കുന്നുവോ,
11: ആ കര്‍ത്താവില്‍, നിര്‍ഭയനായി ഞാനാശ്രയിക്കും; മര്‍ത്ത്യന് എന്നോടെന്തുചെയ്യാന്‍കഴിയും?
12: ദൈവമേ, അങ്ങേയ്ക്കുള്ള നേര്‍ച്ചകള്‍ നിറവേറ്റാന്‍ ഞാന്‍ കടപ്പെട്ടിരിക്കുന്നു. ഞാന്‍ അങ്ങേയ്ക്കു കൃതജ്ഞതാബലി അര്‍പ്പിക്കും.
13: ഞാന്‍ ദൈവസന്നിധിയില്‍ ജീവന്റെ പ്രകാശത്തില്‍ നടക്കേണ്ടതിന്, അവിടുന്ന് എന്റെ ജീവനെ മരണത്തില്‍നിന്നും എന്റെ പാദങ്ങളെ വീഴ്ചയില്‍നിന്നും രക്ഷിച്ചിരിക്കുന്നു.

അദ്ധ്യായം 57

ദൈവത്തിന്റെ ചിറകിന്‍കീഴില്‍
ഗായകസംഘനേതാവിന്, നശിപ്പിക്കരുതേ എന്നരാഗത്തിൽ  ദാവീദിന്റെ ഗീതം. സാവൂളിന്റെ മുമ്പിൽനിന്ന് ഓടിപ്പോയപ്പോൾ ഗുഹയിൽവച്ചു പാടിയത്.
1: എന്നോടു കൃപയുണ്ടാകണമേ! ദൈവമേ, എന്നോടു കൃപതോന്നണമേ! അങ്ങയിലാണു ഞാനഭയംതേടുന്നത്; വിനാശത്തിന്റെ കൊടുങ്കാറ്റു കടന്നുപോകുവോളം ഞാനങ്ങയുടെ ചിറകിന്‍കീഴില്‍ ശരണംപ്രാപിക്കുന്നു.2: അത്യുന്നതനായ ദൈവത്തെ ഞാന്‍ വിളിച്ചപേക്ഷിക്കുന്നു; എനിക്കു വേണ്ടി എല്ലാം ചെയ്തുതരുന്ന ദൈവത്തെത്തന്നെ.
3: അവിടുന്നു സ്വര്‍ഗ്ഗത്തില്‍നിന്നു സഹായമയച്ച്, എന്നെ രക്ഷിക്കും, എന്നെ ചവിട്ടിമെതിക്കുന്നവരെ അവിടുന്നു ലജ്ജിപ്പിക്കും; ദൈവം തന്റെ കാരുണ്യവും വിശ്വസ്തതയുമയയ്ക്കും.
4: മനുഷ്യമക്കളെ ആര്‍ത്തിയോടെ വിഴുങ്ങുന്ന സിംഹങ്ങളുടെ നടുവിലാണു ഞാന്‍; അവയുടെ പല്ലുകള്‍ കുന്തങ്ങളും അസ്ത്രങ്ങളുമാണ്, അവയുടെ നാവുകള്‍ മൂര്‍ച്ചയുള്ള വാളുകളും.
5: ദൈവമേ, അങ്ങ് ആകാശത്തിനുമേല്‍ ഉയര്‍ന്നുനില്‍ക്കണമേ; അങ്ങയുടെ മഹത്ത്വം ഭൂമിയിലെങ്ങും നിറയട്ടെ!
6: അവരെന്റെ കാലടികള്‍ക്കു വലവിരിച്ചു; എന്റെ മനസ്സിടിഞ്ഞുപോയി അവരെന്റെ വഴിയില്‍ കുഴികുഴിച്ചു; അവര്‍തന്നെ അതില്‍പ്പതിച്ചു.
7: എന്റെ ഹൃദയമചഞ്ചലമാണ്; ദൈവമേ, എന്റെ ഹൃദയമചഞ്ചലമാണ്; ഞാനങ്ങയെ പാടിസ്തുതിക്കും.
8: എന്റെ ഹൃദയമേ, ഉണരുക: വീണയും കിന്നരവുമുണരട്ടെ; ഞാന്‍ പ്രഭാതത്തെയുണര്‍ത്തും.
9: കര്‍ത്താവേ, ജനതകളുടെ മദ്ധ്യത്തില്‍ ഞാനങ്ങേയ്ക്കു കൃതജ്ഞതയര്‍പ്പിക്കും; ജനതകളുടെയിടയില്‍ ഞാനങ്ങയെ പാടിപ്പുകഴ്ത്തും.
10: അങ്ങയുടെ കാരുണ്യം ആകാശത്തോളവും അങ്ങയുടെ വിശ്വസ്തത മേഘങ്ങളോളവും വലുതാണ്.
11: ദൈവമേ, അങ്ങ് ആകാശത്തിനുമേല്‍ ഉയര്‍ന്നുനില്‍ക്കണമേ! അങ്ങയുടെ മഹത്വം ഭൂമിയിലെങ്ങും നിറയട്ടെ!

അദ്ധ്യായം 58

ദുഷ്ടന്മാരോടു പ്രതികാരം
ഗായകസംഘനേതാവിന്, നശിപ്പിക്കരുതേ എന്നരാഗത്തിൽ  ദാവീദിന്റെ ഗീതം. 
1: ശക്തരേ, നിങ്ങളുടെ വിധി, നീതിനിഷ്ഠമാണോ? പരമാര്‍ത്ഥതയോടെയാണോ നിങ്ങള്‍ മനുഷ്യമക്കളെ വിധിക്കുന്നത്?
2: നിങ്ങള്‍ ഹൃദയത്തില്‍ തിന്മനിരൂപിക്കുന്നു. നിങ്ങള്‍ ഭൂമിയില്‍ അക്രമങ്ങളഴിച്ചുവിടുന്നു.
3: ഉരുവായപ്പോള്‍മുതല്‍ ദുഷ്ടര്‍ വഴിപിഴച്ചിരിക്കുന്നു, ജനനംമുതലേ നുണപറഞ്ഞ്, അവര്‍ അപഥത്തില്‍ സഞ്ചരിക്കുന്നു.
4: അവര്‍ക്കു സര്‍പ്പത്തിന്റേതുപോലെയുള്ള വിഷമുണ്ട്; ചെവിയടഞ്ഞ അണലിയെപ്പോലെ ബധിരരാണവര്‍.
5: പാമ്പാട്ടിയുടെയോ മാന്ത്രികന്റെയോ സ്വരം അതു കേള്‍ക്കുന്നില്ല.
6: ദൈവമേ, അവരുടെ പല്ലുതകര്‍ക്കണമേ! കര്‍ത്താവേ, യുവസിംഹങ്ങളുടെ ദംഷ്ട്രങ്ങള്‍ പിഴുതെറിയണമേ!
7: ഒഴുകിമറിയുന്ന ജലംപോലെ അവര്‍ അപ്രത്യക്ഷരാകട്ടെ! പുല്ലുപോലെ അവര്‍ ചവിട്ടിമെതിക്കപ്പെടുകയും മാഞ്ഞുപോവുകയുംചെയ്യട്ടെ.
8: ഇഴഞ്ഞുപോകുമ്പോള്‍ അലിഞ്ഞുതീരുന്ന ഒച്ചുപോലെയാകട്ടെയവര്‍ ‍; അവര്‍ സൂര്യപ്രകാശംകാണാനിടവരാത്ത ചാപിള്ളപോലെയാകട്ടെ!
9: നിങ്ങളുടെ കലത്തിനു ചൂടേല്‍ക്കുന്നതിനു മുമ്പുതന്നെ ചുള്ളിവിറകുകള്‍, പച്ചയും എരിയുന്നതും ഒന്നുപോലെ, അവിടുന്നു പറത്തിക്കളയും.
10: പ്രതികാരംകണ്ടു നീതിമാന്‍ സന്തോഷിക്കും; ദുഷ്ടരുടെ രക്തത്തില്‍ അവന്‍ കാലുകഴുകും.
11: നിശ്ചയമായും നീതിമാനു പ്രതിഫലമുണ്ട്; തീര്‍ച്ചയായും ഭൂമിയില്‍ ന്യായംവിധിക്കുന്ന ഒരു ദൈവമുണ്ടെന്നു മനുഷ്യര്‍ പറയും.


അദ്ധ്യായം 59

ദൈവം എന്റെ ശക്തിദുര്‍ഗ്ഗം
ഗായകസംഘനേതാവിന്, നശിപ്പിക്കരുതേ എന്നരാഗത്തിൽ  ദാവീദിന്റെ ഗീതം. അവനെ വധിക്കാൻ സാവൂൾ ചാരന്മാരെയയച്ചപ്പോൾ പാടിയത്.
1: എന്റെ ദൈവമേ, ശത്രുക്കളുടെ കൈയില്‍നിന്ന് എന്നെ മോചിപ്പിക്കണമേ! എന്നെ എതിര്‍ക്കുന്നവനില്‍നിന്ന് എന്നെ രക്ഷിക്കണമേ!
2: ദുഷ്‌കര്‍മ്മികളില്‍നിന്ന് എന്നെ വിടുവിക്കണമേ! രക്തദാഹികളില്‍നിന്ന് എന്നെ കാത്തുകൊള്ളണമേ!
3: അതാ, അവര്‍ എന്റെ ജീവനുവേണ്ടി പതിയിരിക്കുന്നു; ക്രൂരര്‍ എനിക്കെതിരായി സംഘംചേരുന്നു; കര്‍ത്താവേ, ഇത് എന്റെ അതിക്രമമോ പാപമോ നിമിത്തമല്ല.
4: എന്റെ തെറ്റുകള്‍കൊണ്ടല്ല, അവര്‍ ഓടിയടുക്കുന്നത്; ഉണര്‍ന്നെഴുന്നേറ്റ് എന്റെ സഹായത്തിനുവരണമേ! അങ്ങുതന്നെ കാണണമേ!
5: സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവേ, അങ്ങ് ഇസ്രായേലിന്റെ ദൈവമാണ്, ജനതകളെ ശിക്ഷിക്കാന്‍ അങ്ങുണരണമേ! വഞ്ചനയോടെ തിന്മനിരൂപിക്കുന്നവരില്‍ ഒരുവനെയും വെറുതെവിടരുതേ!
6: സന്ധ്യതോറും അവര്‍ മടങ്ങിവരുന്നു; നായ്ക്കളെപ്പോലെ ഓലിയിട്ടുകൊണ്ടു നഗരത്തിലെങ്ങും ഇരതേടിനടക്കുന്നു.
7: അവരുടെ വായ് അസഭ്യം ചൊരിയുന്നു; അവരുടെ അധരങ്ങള്‍ വാളാണ്; ആരുണ്ടു കേള്‍ക്കാനെന്ന് അവർ വിചാരിക്കുന്നു.
8: കര്‍ത്താവേ, അങ്ങവരെ പരിഹസിക്കുന്നു; അവിടുന്നു സകലജനതകളെയും പുച്ഛിക്കുന്നു.
9: എന്റെ ബലമായവനേ, ഞാനങ്ങേയ്ക്കു സ്തുതിപാടും; ദൈവമേ, അങ്ങെനിക്കു കോട്ടയാണ്.
10: എന്റെ ദൈവംകനിഞ്ഞ്, എന്നെ സന്ദര്‍ശിക്കും; എന്റെ ശത്രുക്കളുടെ പരാജയംകാണാന്‍ അവിടുന്നെനിക്കിടയാക്കും..
11: അവരെ കൊന്നുകളയരുതേ! അല്ലെങ്കില്‍ ജനം അവിടുത്തെ വിസ്മരിക്കും. ഞങ്ങളുടെ പരിചയായ കര്‍ത്താവേ, അവിടുത്തെ ശക്തിയാല്‍ അവരെ ചിതറിച്ചു ക്ഷയിപ്പിക്കണമേ!
12: അവരുടെ വായിലെ പാപംനിമിത്തം, അധരങ്ങളിലെ വാക്കുകള്‍മൂലം, അഹങ്കാരികളായ അവര്‍ കെണിയില്‍ക്കുടുങ്ങട്ടെ! അവര്‍ ചൊരിയുന്ന ശാപവും നുണയുംമൂലം,
13: ക്രോധത്തോടെ അവരെ സംഹരിക്കണമേ! അവരെ ഉന്മൂലനം ചെയ്യണമേ! അങ്ങനെ ദൈവം യാക്കോബിന്റെമേല്‍ വാഴുന്നുവെന്നു ഭൂമിയുടെ അതിരുകളോളം മനുഷ്യരറിയട്ടെ!
14: സന്ധ്യതോറും അവര്‍ മടങ്ങിവരുന്നു; നായ്ക്കളെപ്പോലെ ഓലിയിട്ടുകൊണ്ട് അവര്‍ നഗരത്തിലെങ്ങും ഇരതേടിനടക്കുന്നു.
15: അവര്‍ ആഹാരത്തിനുവേണ്ടി ചുറ്റിത്തിരിയുന്നു. തൃപ്തിയാകുവോളം കിട്ടിയില്ലെങ്കില്‍ അവര്‍ മുറുമുറുക്കുന്നു.
16: ഞാന്‍ അങ്ങയുടെ ശക്തി പാടിപ്പുകഴ്ത്തും; പ്രഭാതത്തില്‍ ഞാന്‍ അങ്ങയുടെ കാരുണ്യം ഉച്ചത്തില്‍ പ്രകീര്‍ത്തിക്കും; എന്റെ കഷ്ടതയുടെകാലത്ത്, അങ്ങെന്റെ കോട്ടയും അഭയവുമായിരുന്നു.
17: എന്റെ ബലമായവനേ, ഞാന്‍ അങ്ങേയ്ക്കു സ്തുതികളാലപിക്കും; ദൈവമേ, അങ്ങാണെന്റെ ദുര്‍ഗ്ഗം, എന്നോടു കാരുണ്യംകാണിക്കുന്ന ദൈവം.

അദ്ധ്യായം 60

തോല്പിക്കപ്പെട്ട ജനതയുടെ വിലാപം
ഗായകസംഘനേതാവിന്, സാക്ഷ്യസാരസം എന്നരാഗത്തിൽ ദാവീദിന്റെ ഒരു പ്രബോധനഗീതം. ദാവീദ് മോസോപ്പൊട്ടാമിയയിലെയും സോബായിലെയും അരാമ്യരോടു യുദ്ധംചെയ്യുകയും മടക്കയാത്രയിൽ ഉപ്പുതാഴ്വരയിൽവച്ച്, യോവാബ് പന്തീരായിരം എദോമ്യരെ സംഹരിക്കുകയും ചെയ്തപ്പോൾ പാടിയത്.
1: ദൈവമേ, അങ്ങു ഞങ്ങളെ പരിത്യജിച്ചു, ഞങ്ങളുടെ പ്രതിരോധനിരകള്‍ തകര്‍ത്തു; അവിടുന്നു കുപിതനായിരുന്നു; ഞങ്ങളെ കടാക്ഷിക്കണമേ!
2: അവിടുന്നു ഭൂമിയെ വിറപ്പിച്ചു, അവിടുന്നതിനെ പിളര്‍ന്നു. അതിന്റെ വിള്ളലുകള്‍ നികത്തണമേ! അതിടിഞ്ഞു വീഴാറായിരിക്കുന്നു.
3: അങ്ങു സ്വന്തം ജനത്തെ കഠിനയാതനയ്ക്കിരയാക്കി; അവിടുന്നു ഞങ്ങളെ വിഭ്രാന്തിയുടെ വീഞ്ഞു കുടിപ്പിച്ചു.
4: വില്ലില്‍നിന്ന് ഓടിയകലാന്‍ തന്റെ ഭക്തര്‍ക്ക് അടയാളമായി അവിടുന്നൊരു കൊടിയുയര്‍ത്തി.
5: ഞങ്ങളുടെ പ്രാര്‍ത്ഥനകേട്ട് അങ്ങയുടെ വലത്തുകൈയാല്‍ ഞങ്ങളെ രക്ഷിക്കണമേ! അങ്ങയുടെ പ്രിയജനം മോചിതരാകട്ടെ!
6: ദൈവം തന്റെ വിശുദ്ധമന്ദിരത്തില്‍നിന്ന് അരുളിച്ചെയ്തു: ആനന്ദപൂര്‍വ്വം ഞാന്‍ ഷെക്കെമിനെ വിഭജിക്കുകയും സുക്കോത്തു താഴ്‌വര അളന്നുതിരിക്കുകയും ചെയ്യും.
7: ഗിലയാദ് എന്റേതാണ്, മനാസ്സെയും എന്റേതുതന്നെ; എഫ്രായിം എന്റെ പടത്തൊപ്പിയും യൂദാ എന്റെ ചെങ്കോലുമാണ്.
8: മൊവാബ് എന്റെ ക്ഷാളനപാത്രം; ഏദോമില്‍ ഞാനെന്റെ പാദുകമഴിച്ചുവയ്ക്കും; ഫിലിസ്ത്യരുടെമേല്‍ ഞാന്‍ വിജയഘോഷം മുഴക്കും.
9: സുരക്ഷിത നഗരത്തിലേക്ക് ആരെന്നെ നയിക്കും? ഏദോമിലേക്ക് ആരെന്നെക്കൊണ്ടുപോകും?
10: ദൈവമേ, അങ്ങു ഞങ്ങളെ പരിത്യജിച്ചില്ലേ? അങ്ങു ഞങ്ങളുടെ സൈന്യത്തോടൊപ്പമില്ലല്ലോ.
11: ശത്രുവിനെതിരേ ഞങ്ങളെ സഹായിക്കണമേ! മനുഷ്യന്റെ സഹായം വ്യര്‍ത്ഥമാണ്.
12: ദൈവത്തോടൊത്തു ഞങ്ങള്‍ ധീരമായി പൊരുതും; അവിടുന്നാണു ഞങ്ങളുടെ ശത്രുക്കളെ ചവിട്ടിമെതിക്കുന്നത്. 

അദ്ധ്യായം 61

ദൈവം സുശക്തഗോപുരം
ഗായകസംഘനേതാവിന്, തന്ത്രീനാദത്തോടെ ദാവീദിന്റെ സങ്കീർത്തനം.
1: ദൈവമേ, എന്റെ നിലവിളി കേള്‍ക്കണമേ! എന്റെ പ്രാര്‍ത്ഥന ചെവിക്കൊള്ളണമേ!
2: ഹൃദയംതകര്‍ന്ന ഞാന്‍, ഭൂമിയുടെ അതിര്‍ത്തിയില്‍നിന്ന് അവിടുത്തോടു വിളിച്ചപേക്ഷിക്കുന്നു; എനിക്കപ്രാപ്യമായ പാറയില്‍ എന്നെ കയറ്റിനിറുത്തണമേ!
3: അങ്ങാണെന്റെ രക്ഷാകേന്ദ്രം; ശത്രുക്കള്‍ക്കെതിരേയുള്ള സുശക്തഗോപുരം.
4: ഞാനങ്ങയുടെ കൂടാരത്തില്‍ എന്നേയ്ക്കും വസിക്കട്ടെ! അങ്ങയുടെ ചിറകിന്‍കീഴില്‍ ഞാന്‍ സുരക്ഷിതനായിരിക്കട്ടെ!.
5: ദൈവമേ, അങ്ങെന്റെ നേര്‍ച്ചകള്‍ സ്വീകരിച്ചു; അങ്ങയുടെ നാമത്തെ ഭയപ്പെടുന്നവര്‍ക്കുള്ള അവകാശം എനിക്കു നല്‍കി.
6: രാജാവിനു ദീര്‍ഘായുസ്സു നല്കണമേ! അവന്റെ സംവത്സരങ്ങള്‍ തലമുറകളോളം നിലനില്ക്കട്ടെ!
7: ദൈവസന്നിധിയില്‍ അവന്‍ എന്നേയ്ക്കും സിംഹാസനസ്ഥനായിരിക്കട്ടെ! അവിടുത്തെ കാരുണ്യവും വിശ്വസ്തതയും അവനെ കാത്തുസൂക്ഷിക്കട്ടെ!
8: അപ്പോള്‍, ഞാന്‍ അവിടുത്തെ നാമത്തെ എന്നേയ്ക്കും പാടിപ്പുകഴ്ത്തും, അങ്ങനെ ഞാന്‍, എന്റെ നേര്‍ച്ച ദിനംതോറും നിറവേറ്റും.

അദ്ധ്യായം 62

ആശ്വാസം ദൈവത്തില്‍മാത്രം
ഗായകസംഘനേതാവിന്, യദുഥൂൻരാഗത്തിൽ ദാവീദിന്റെ സങ്കീർത്തനം.
1: ദൈവത്തില്‍മാത്രമാണെനിക്കാശ്വാസം; അവിടുന്നാണെനിക്കു രക്ഷനല്കുന്നത്.
2: അവിടുന്നു മാത്രമാണെന്റെയഭയശിലയും കോട്ടയും; ഞാന്‍ കുലുങ്ങി വീഴുകയില്ല.
3: ചരിഞ്ഞ മതിലും ആടുന്ന വേലിയുംപോലുള്ള ഒരുവനെത്തകര്‍ക്കാന്‍ നിങ്ങള്‍ എത്രനാളൊരുമ്പെടും?
4: അവന്റെ ഔന്നത്യത്തില്‍നിന്ന് അവനെ തള്ളിയിടാന്‍മാത്രമാണ് അവരാലോചിക്കുന്നത്. അവര്‍ വ്യാജത്തിലാനന്ദിക്കുന്നു, അധരങ്ങള്‍കൊണ്ടനുഗ്രഹിക്കുന്നു, ഹൃദയംകൊണ്ടു ശപിക്കുന്നു.
5: ദൈവത്തില്‍മാത്രമാണ് എനിക്കാശ്വാസം, അവിടുന്നാണ് എനിക്കു പ്രത്യാശനല്കുന്നത്.
6: അവിടുന്നുമാത്രമാണ്, എന്റെയഭയശിലയും കോട്ടയും. എനിക്കു കുലുക്കംതട്ടുകയില്ല.
7: എന്റെ മോചനവും മഹിമയും ദൈവത്തിലാണ്, എന്റെ രക്ഷാശിലയും അഭയവും ദൈവമാണ്.
8: ജനമേ, എന്നും ദൈവത്തില്‍ ശരണംവയ്ക്കുവിന്‍, അവിടുത്തെ മുമ്പില്‍ നിങ്ങളുടെ ഹൃദയം തുറക്കുവിന്‍. അവിടുന്നാണു നമ്മുടെ സങ്കേതം.
9: മര്‍ത്ത്യന്‍ ഒരു നിശ്വാസംമാത്രം, വലിയവനും ചെറിയവനും ഒന്നുപോലെ മിത്ഥ്യയാണ്; തുലാസിന്റെ തട്ടില്‍ അവര്‍ പൊങ്ങിപ്പോകും; അവര്‍ മുഴുവന്‍ചേര്‍ന്നാലും ശ്വാസത്തെക്കാള്‍ ലഘുവാണ്.
10: ചൂഷണത്തിലാശ്രയിക്കരുത്, കവര്‍ച്ചയില്‍ വ്യര്‍ത്ഥമായി ആശവയ്ക്കരുത്. സമ്പത്തു വര്‍ദ്ധിച്ചാല്‍ അതില്‍ മനസ്സുവയ്ക്കരുത്.
11: ദൈവം ഒരു പ്രാവശ്യം അരുളിച്ചെയ്തു; രണ്ടുപ്രാവശ്യം ഞാനതു കേട്ടു; ശക്തി ദൈവത്തിന്റേതാണ്.
12: കര്‍ത്താവേ, കാരുണ്യവും അങ്ങയുടേതാണ്. അവിടുന്നു മനുഷ്യനു പ്രവൃത്തിക്കൊത്തു പ്രതിഫലംനല്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ