നൂറ്റിയമ്പത്തിയഞ്ചാം ദിവസം: ജോബ്‌ 26 - 30


അദ്ധ്യായം 26

ജോബിന്റെ മറുപടി
1: ജോബ് പറഞ്ഞു: ശക്തിയറ്റവനെ നീയെത്രമാത്രം സഹായിച്ചു!
2: ബലഹീനമായ കരങ്ങളെ നീയെപ്രകാരം രക്ഷിച്ചു!
3: ബുദ്ധിഹീനനെ നീയെപ്രകാരം ഉപദേശിക്കുകയും എത്രയുദാരമായി യഥാര്‍ത്ഥ വിജ്ഞാനം പകര്‍ന്നുകൊടുക്കുകയും ചെയ്തു!
4: ആരുടെ സഹായത്തോടെയാണു നീ വാക്കുകളുച്ചരിച്ചത്? ആരുടെ ചൈതന്യമാണു നിന്നില്‍നിന്നു പുറപ്പെട്ടത്?
5: അധോലോകത്തിലെ നിഴലുകള്‍ വിറകൊള്ളുന്നു. ജലവും അതിലെ ജീവികളും പ്രകമ്പനംകൊള്ളുന്നു.
6: പാതാളം ദൈവത്തിന്റെമുമ്പില്‍ അനാവൃതമായിരിക്കുന്നു. നരകത്തെ ഒന്നും മറച്ചിട്ടില്ല.
7: ശൂന്യതയുടെമേല്‍ അവിടുന്ന് ഉത്തരദിക്കിനെ വിരിക്കുന്നു. ഭൂമിയെ ശൂന്യതയുടെമേല്‍ തൂക്കിയിട്ടിരിക്കുന്നു.
8: ജലത്തെ അവിടുന്നു തന്റെ കനത്തമേഘങ്ങളില്‍ ബന്ധിച്ചിരിക്കുന്നു. അതിന്റെ ഭാരത്താല്‍ മേഘം കീറിപ്പോകുന്നില്ല;
9: ചന്ദ്രന്റെ മുഖം അവിടുന്നു മറയ്ക്കുന്നു; തന്റെ മേഘത്തെ അതില്‍ വിരിച്ചിടുന്നു.
10: പ്രകാശത്തിന്റെയും അന്ധകാരത്തിന്റെയും അതിര്‍ത്തിയില്‍ ജലോപരിതലത്തില്‍ അവിടുന്നൊരു വൃത്തംവരച്ചിരിക്കുന്നു.
11: ആകാശത്തിന്റെ തൂണുകള്‍ കുലുങ്ങുന്നു. അവിടുത്തെ ശാസനയാല്‍ അവ ഭ്രമിച്ചുപോകുന്നു.
12: അവിടുന്നു തന്റെ ശക്തിയാല്‍ സമുദ്രത്തെ നിശ്ചലമാക്കി; തന്റെ ജ്ഞാനത്താല്‍ റാഹാബിനെ തകര്‍ത്തുകളഞ്ഞു.
13: അവിടുന്നു തന്റെ ശ്വാസത്താല്‍ ആകാശത്തെ പ്രശോഭിപ്പിച്ചു; പായുന്ന സര്‍പ്പത്തെ അവിടുത്തെ കരം പിളര്‍ന്നു.
14: ഇതെല്ലാം അവിടുത്തെ നിസ്സാര പ്രവര്‍ത്തനങ്ങളാണ്. അവിടുത്തെപ്പറ്റി എത്ര നേരിയൊരു സ്വരംമാത്രമാണു നാം കേട്ടിട്ടുള്ളത്! അവിടുത്തെ ശക്തിയുടെ ഇടിമുഴക്കം ആര്‍ക്കു ഗ്രഹിക്കാന്‍കഴിയും? 

അദ്ധ്യായം 27

1: ജോബ് തുടര്‍ന്നു:
2: എന്റെയവകാശമെടുത്തുകളഞ്ഞ ദൈവമാണേ, എനിക്കു മനോവ്യസനംവരുത്തിയ സര്‍വ്വശക്തനാണേ,
3: എന്നില്‍ ശ്വാസമുള്ളിടത്തോളംകാലം, ദൈവത്തിന്റെ ചൈതന്യം, എന്റെ നാസികയിലുള്ളിടത്തോളംകാലം,
4: എന്റെയധരം വ്യാജംപറയുകയില്ല; എന്റെ നാവു വഞ്ചനയുച്ചരിക്കുകയില്ല.
5: നിങ്ങള്‍ പറയുന്നതു ശരിയാണെന്നു ഞാനൊരിക്കലും പറയുകയില്ല. മരിക്കുവോളം ഞാന്‍ നിഷ്‌കളങ്കത കൈവെടിയുകയില്ല.
6: നീതിനിഷ്ഠയെ ഞാന്‍ മുറുകെപ്പിടിക്കും. അതു കൈവിട്ടുപോകാന്‍ സമ്മതിക്കുകയില്ല. എന്റെ ഹൃദയം കഴിഞ്ഞുപോയ ഒരു ദിവസത്തെപ്രതിപോലും എന്നെ കുറ്റപ്പെടുത്തുന്നില്ല.
7: എന്റെ ശത്രു ദുഷ്ടനെപ്പോലെയും എതിരാളി അധര്‍മ്മിയെപ്പോലെയുമായിരിക്കട്ടെ.
8: ദൈവം അധര്‍മ്മിയെ വെട്ടിനീക്കുമ്പോള്‍, അവന്റെ ജീവനെടുത്തുകളയുമ്പോള്‍, അവന്റെ പ്രത്യാശയെന്തായിരിക്കും?
9: കഷ്ടത അവന്റെമേല്‍ വന്നുകൂടുമ്പോള്‍ ദൈവമവന്റെ നിലവിളി ശ്രവിക്കുമോ?
10: അവന്‍ സര്‍വ്വശക്തനില്‍ ആനന്ദംകണ്ടെത്തുമോ? അവനെല്ലായ്‌പ്പോഴും ദൈവത്തെ വിളിച്ചപേക്ഷിക്കുമോ?
11: ദൈവത്തിന്റെ കരത്തെക്കുറിച്ചു ഞാന്‍ നിന്നെ പഠിപ്പിക്കും. സര്‍വ്വശക്തന്റെ ഉദ്ദേശ്യം ഞാന്‍ മറച്ചുവയ്ക്കുകയില്ല.
12: നിങ്ങളെല്ലാവരും അതു കണ്ടിട്ടുള്ളതാണല്ലോ. എന്നിട്ടും, നിങ്ങള്‍ വ്യര്‍ത്ഥഭാഷണത്തിലേര്‍പ്പെടുന്നതെന്തുകൊണ്ട്?
13: ദുഷ്ടനു ദൈവത്തില്‍നിന്നു ലഭിക്കുന്ന ഓഹരിയും മര്‍ദ്ദകര്‍ക്കു സര്‍വ്വശക്തനില്‍നിന്നു ലഭിക്കുന്ന അവകാശവുമിതത്രേ.
14: അവന്റെ സന്താനങ്ങള്‍ പെരുകുന്നെങ്കില്‍, അവര്‍ വാളിനിരയാകാന്‍വേണ്ടിയാണ്. അവന്റെ സന്തതികള്‍ക്കു വേണ്ടുവോളം ആഹാരം ലഭിക്കുകയില്ല.
15: അവനെ അതിജീവിക്കുന്നവരെ മഹാമാരി പിടികൂടും. അവരുടെ വിധവകള്‍ വിലപിക്കുകയുമില്ല.
16: അവന്‍ പൊടിപോലെ വെള്ളി കുന്നുകൂട്ടിയാലും കളിമണ്ണുപോലെ വസ്ത്രം സമ്പാദിച്ചാലും
17: അവനു കുന്നുകൂട്ടാമെന്നേയുള്ളു. നീതിമാന്മാര്‍ അതു ധരിക്കും; നിഷ്‌കളങ്കര്‍ വെള്ളി പങ്കിടും.
18: അവന്റെ ഭവനം ചിലന്തിവലപോലെയും കാവല്‍ക്കാരന്റെ മാടംപോലെയുമാണ്.
19: ഇപ്പോള്‍ അവന്‍ സമ്പന്നനായി ഉറങ്ങാന്‍പോകുന്നു; എന്നാല്‍ ഇനിയൊരിക്കലും അവനങ്ങനെ കഴിയുകയില്ല. ഉണരുമ്പോഴേക്കും അവന്റെ ധനം നഷ്ടപ്പെട്ടിരിക്കും.
20: വെള്ളപ്പൊക്കംപോലെ ഭീതിയവനെ കീഴ്‌പ്പെടുത്തും. രാത്രിയില്‍ ചുഴലിക്കാറ്റ്, അവനെ വഹിച്ചുകൊണ്ടുപോകുന്നു.
21: കിഴക്കന്‍കാറ്റ് അവനെ പൊക്കിയെടുത്തു; അവന്‍ പൊയ്‌പ്പോയി. സ്വസ്ഥാനത്തുനിന്ന് അവനെയതു നീക്കിക്കളയുന്നു.
22: അതു നിര്‍ദ്ദയം അവന്റെമേല്‍ ചുഴറ്റിയടിക്കുന്നു; അതിന്റെ ശക്തിയില്‍നിന്ന് അവന്‍ പ്രാണഭയത്തോടെയോടുന്നു.
23: അത്, അവന്റെനേരേ കൈകൊട്ടുകയും അവന്റെനേരേ സീല്‍ക്കാരം പുറപ്പെടുവിക്കുകയുംചെയ്യുന്നു.

അദ്ധ്യായം 28

ജ്ഞാനത്തിന്റെ നിഗൂഢത
1: വെള്ളി കുഴിച്ചെടുക്കുന്ന ഖനികളും സ്വര്‍ണ്ണംശുദ്ധീകരിക്കുന്ന സ്ഥലങ്ങളുമുണ്ട്.
2: ഇരുമ്പു ഭൂമിയില്‍നിന്നെടുക്കുന്നു, ചെമ്പ് അതിന്റെ അയിരില്‍നിന്ന് ഉരുക്കിയെടുക്കുന്നു.
3: മനുഷ്യന്‍ അന്ധകാരത്തെ വകവയ്ക്കാതെ കൊടുംതമസ്സിന്റെ അങ്ങേയതിര്‍ത്തിയില്‍ അയിരിനുവേണ്ടി തിരയുന്നു.
4: മനുഷ്യവാസമുള്ള പ്രദേശങ്ങളില്‍നിന്നകലെ, താഴ്‌വരയില്‍, അവര്‍ ഖനികള്‍ കുഴിക്കുന്നു; അവരെ യാത്രക്കാര്‍ വിസ്മരിച്ചുപോയി. അവര്‍ മനുഷ്യരില്‍നിന്നകലെ ഖനികളില്‍ കയറില്‍ത്തൂങ്ങിക്കിടന്നു പണിയെടുക്കുന്നു.
5: ഭൂമിയില്‍നിന്ന് ആഹാരം ലഭിക്കുന്നു; എന്നാല്‍, അതിന്റെ അധോഭാഗം അഗ്നിയാലെന്നപോലെ തിളച്ചുമറിയുന്നു.
6: അതിന്റെ കല്ലുകള്‍ക്കിടയില്‍ ഇന്ദ്രനീലവും സ്വര്‍ണ്ണത്തരികളുമുണ്ട്.
7: കഴുകന്‍ ആ വഴിയറിയുന്നില്ല; പ്രാപ്പിടിയന്‍ അതു കണ്ടിട്ടില്ല.
8: ഘോരമൃഗങ്ങള്‍ ആ വഴി നടന്നിട്ടില്ല. സിംഹവും അതിലേ പോയിട്ടില്ല.
9: മനുഷ്യന്‍ തീപ്പാറയില്‍ കൈവയ്ക്കുന്നു. അവന്‍ പര്‍വ്വതങ്ങളെ വേരൊടെ മുറിച്ചുകളയുന്നു.
10: പാറയില്‍ അവന്‍ ചാലുകള്‍ കീറുന്നു. വിലപിടിച്ച ഓരോ പദാര്‍ത്ഥവും അവന്റെ കണ്ണില്‍പ്പെടുന്നു.
11: വെള്ളം ഒലിച്ചിറങ്ങാത്തവിധം അവന്‍ അരുവികള്‍ക്ക്, അണകെട്ടുന്നു. മറഞ്ഞിരുന്നവ അവന്‍ പുറത്തെടുക്കുന്നു.
12: എന്നാല്‍, ജ്ഞാനം എവിടെക്കണ്ടെത്തും? അറിവിന്റെ സ്ഥാനമെവിടെ?
13: അങ്ങോട്ടുള്ള വഴി മനുഷ്യനറിയുന്നില്ല. ജീവിക്കുന്നവരുടെ നാട്ടില്‍ അതു കണ്ടുകിട്ടുകയുമില്ല.
14: അഗാധത പറയുന്നു: അത് എന്നിലില്ല. സമുദ്രം പറയുന്നു: അതിവിടെയില്ല.
15: സ്വര്‍ണ്ണംകൊടുത്താല്‍ അതു കിട്ടുകയില്ല. വെള്ളി തൂക്കിക്കൊടുത്താലും അതിന്റെ വിലയാവുകയില്ല.
16: ഓഫീര്‍പ്പൊന്നും ഇന്ദ്രനീലവും ഗോമേദകവും അതിന്റെ വിലയ്ക്കു തുല്യമല്ല.
17: സ്വര്‍ണ്ണത്തിനും സ്ഫടികത്തിനും അതിനോടു സമാനതയില്ല. തങ്കംകൊണ്ടുള്ള ആഭരണങ്ങള്‍ക്കുവേണ്ടിയും അതു കൈമാറാന്‍ പറ്റുകയില്ല.
18: പവിഴത്തിന്റെയോ പളുങ്കിന്റെയോ പേരു പറയുകപോലും വേണ്ടാ; ജ്ഞാനം മുത്തിനെക്കാള്‍ അമൂല്യമാണ്.
19: എത്യോപ്യായിലെ പുഷ്യരാഗത്തെയും ഇതിനോടു താരതമ്യപ്പെടുത്തുക സാദ്ധ്യമല്ല. തങ്കംകൊണ്ടും അതിന്റെ വിലനിശ്ചയിക്കാന്‍ കഴിയുകയില്ല.
20: അപ്പോള്‍, ജ്ഞാനം എവിടെനിന്നു വരുന്നു? അറിവെവിടെ സ്ഥിതിചെയ്യുന്നു?
21: ജീവിക്കുന്നവരുടെ കണ്ണില്‍നിന്ന് അതു മറയ്ക്കപ്പെട്ടിരിക്കുന്നു; ആകാശപ്പറവകള്‍ക്കും അത് അഗോചരമാണ്.
22: നരകവും മരണവും പറയുന്നു: ഞങ്ങള്‍ അതെപ്പറ്റി കേട്ടിട്ടേയുള്ളു.
23: അതിലേക്കുള്ള വഴിയും അതിന്റെ ആസ്ഥാനവും ദൈവം അറിയുന്നു.
24: എന്തെന്നാല്‍, അവിടുന്നു ഭൂമിയുടെ അതിര്‍ത്തിവരെ കാണുന്നു. ആകാശത്തിന്‍കീഴുള്ളതെല്ലാം അവിടുന്നു ദര്‍ശിക്കുന്നു.
25: അവിടുന്നു കാറ്റിനു ശക്തികൊടുക്കുകയും വെള്ളത്തിന്റെ അളവു നിശ്ചയിക്കുകയുംചെയ്തപ്പോള്‍
26: മഴയ്‌ക്കൊരു നിയമവും ഇടിമിന്നലിനൊരു മാര്‍ഗ്ഗവും നിര്‍ണ്ണയിച്ചപ്പോള്‍
27: അവിടുന്ന് ജ്ഞാനത്തെ ദര്‍ശിക്കുകയും പ്രഖ്യാപിക്കുകയും ചെയ്തു. അവിടുന്ന് അതിന്റെ ആഴമളക്കുകയും മൂല്യംനിര്‍ണ്ണയിക്കുകയും ചെയ്തു.
28: അവിടുന്നു മനുഷ്യനോടു പറഞ്ഞു: ജ്ഞാനം കര്‍ത്താവിനോടുള്ള ഭക്തിയാണ്. തിന്മയില്‍നിന്ന് അകലുന്നതാണു വിവേകം.

അദ്ധ്യായം 29

ജോബ് ഉപസംഹരിക്കുന്നു
1: ജോബ് തുടര്‍ന്നു:
2: ദൈവം എന്നെ പരിപാലിച്ചിരുന്ന പഴയകാലങ്ങളിലെപ്പോലെ ഞാനായിരുന്നെങ്കില്‍!
3: അക്കാലത്ത്, അവിടുന്നു തന്റെ ദീപം എന്റെ ശിരസ്സിനുമുകളില്‍ തെളിക്കുകയും ഞാന്‍ അവിടുത്തെ പ്രകാശത്താല്‍ അന്ധകാരത്തിലൂടെ നടക്കുകയും ചെയ്തു.
4: ഞാന്‍ എന്റെ ശരത്കാലദിനങ്ങളിലെപ്പോലെയായിരുന്നെങ്കില്‍! അന്നു ദൈവത്തിന്റെ സൗഹൃദം എന്റെ കൂടാരത്തിന്മേലുണ്ടായിരുന്നു.
5: സര്‍വ്വശക്തന്‍ എന്നോടൂകൂടെയുണ്ടായിരുന്നു. എന്റെ സന്താനങ്ങള്‍ എനിക്കു ചുറ്റുമുണ്ടായിരുന്നു.
6: എന്റെ പാദങ്ങള്‍ പാലുകൊണ്ടു കഴുകി. പാറ എനിക്കുവേണ്ടി എണ്ണ പകര്‍ന്നുതന്നു.
7: ഞാന്‍ നഗരകവാടത്തിനു പുറത്തുവന്നു. പൊതുസ്ഥലത്തു ഞാന്‍ എന്റെ ഇരിപ്പിടമൊരുക്കി.
8: യുവാക്കള്‍ എന്നെക്കണ്ടു പിന്‍വാങ്ങി, വൃദ്ധര്‍ എഴുന്നേറ്റുനിന്നു.
9: പ്രഭുക്കള്‍ വാപൊത്തി മൗനംഭജിച്ചു.
10: ശ്രേഷ്ഠര്‍ ശബ്ദമടക്കുകയും അവരുടെ നാവ്, അണ്ണാക്കിനോട് ഒട്ടിച്ചേരുകയുംചെയ്തു.
11: എന്നെക്കുറിച്ചു കേട്ടവര്‍ എന്നെപ്പുകഴ്ത്തി, എന്നെക്കണ്ടവര്‍ അതു സ്ഥിരീകരിച്ചു.
12: എന്തെന്നാല്‍, നിലവിളിക്കുന്ന ദരിദ്രനെയും നിരാശ്രയനായ അനാഥനെയും ഞാന്‍ രക്ഷിച്ചു.
13: നശിക്കാറായിരുന്നവര്‍ എന്നെയനുഗ്രഹിച്ചു. വിധവയുടെ ഹൃദയം ആനന്ദഗീതമാലപിക്കാന്‍ ഞാനിടയാക്കി.
14: ഞാന്‍ നീതിയണിഞ്ഞു. അതെന്നെയാവരണംചെയ്തു. നീതിയെനിക്ക്, അങ്കിയും തലപ്പാവുമായിരുന്നു.
15: ഞാന്‍ കുരുടനു കണ്ണുകളും മുടന്തനു കാലുകളുമായിരുന്നു.
16: ദരിദ്രര്‍ക്കു ഞാന്‍ പിതാവായിരുന്നു; എനിക്ക് അപരിചിതനായവന്റെ വ്യവഹാരം ഞാന്‍നടത്തി.
17: ഞാന്‍ ദുഷ്ടന്റെ ദംഷ്ട്രങ്ങള്‍ തകര്‍ക്കുകയും അവന്റെ പല്ലിനിടയില്‍നിന്ന് ഇരയെ മോചിപ്പിക്കുകയുംചെയ്തു.
18: അപ്പോള്‍ ഞാന്‍ വിചാരിച്ചു: ഞാന്‍ എന്റെ വസതിയില്‍വച്ചു മരിക്കുകയും മണല്‍ത്തരിപോലെ എന്റെ ദിനങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
19: എന്റെ വേരുകള്‍ നീരുറവകളിലെത്തിയിരിക്കുന്നു. രാത്രിമുഴുവന്‍ എന്റെ ശാഖകളില്‍ മഞ്ഞുതുള്ളികള്‍ പൊഴിയുന്നു.
20: എന്റെ മഹത്ത്വം എന്നും പുതുമ നശിക്കാത്തതും എന്റെ വില്ല്, എന്റെ കൈയില്‍ എന്നും പുതിയതുമാണ്.
21: എന്റെ വാക്കുകേള്‍ക്കാന്‍ ആളുകള്‍ ആകാംക്ഷയോടെ കാത്തിരുന്നു; എന്റെ ഉപദേശത്തിനുവേണ്ടി നിശ്ശബ്ദരായി നിന്നു.
22: ഞാന്‍ സംസാരിച്ചുകഴിഞ്ഞാല്‍ അവര്‍ക്കു കൂടുതലൊന്നും പറയാനുണ്ടാവുകയില്ല. എന്റെ മൊഴികള്‍ അവരുടെമേല്‍ ഇറ്റിറ്റു വീണു.
23: മഴയ്‌ക്കെന്നപോലെ അവര്‍ എനിക്കുവേണ്ടി കാത്തിരുന്നു. വസന്തവൃഷ്ടിക്കുവേണ്ടിയെന്നപോലെ അവര്‍ വായ് തുറന്നിരുന്നു.
24: ധൈര്യമറ്റ അവരെ നോക്കി ഞാന്‍ പുഞ്ചിരിച്ചു. എന്റെ മുഖപ്രസാദം അവരവഗണിച്ചില്ല.
25: ഞാനവര്‍ക്കു വഴികാട്ടിയും നേതാവുമായി. സൈന്യമദ്ധ്യത്തില്‍ രാജാവിനെപ്പോലെയും, വിലപിക്കുന്നവരെ ആശ്വസിപ്പിക്കുന്നവനെപ്പോലെയും ഞാന്‍ അവരുടെയിടയില്‍ വസിച്ചു.

അദ്ധ്യായം 30

1: ഇപ്പോഴാകട്ടെ, എന്നെക്കാള്‍ പ്രായംകുറഞ്ഞവര്‍ എന്നെപ്പരിഹസിക്കുന്നു. അവരുടെ പിതാക്കന്മാരെ എന്റെ ആട്ടിന്‍കൂട്ടത്തിന്റെ നായ്ക്കളോടുകൂടെപ്പോലും എണ്ണാന്‍ ഞാന്‍ കൂട്ടാക്കുമായിരുന്നില്ല.
2: യുവത്വംക്ഷയിച്ച അവരുടെ കരബലത്തില്‍നിന്ന് എനിക്കെന്തു നേട്ടമാണുള്ളത്?
3: ദാരിദ്ര്യവും കഠിനമായ വിശപ്പുംനിമിത്തം അവര്‍, വരണ്ടുശൂന്യമായ ഭൂമി കാര്‍ന്നു തിന്നുന്നു.
4: വിശപ്പടക്കാന്‍വേണ്ടി അവര്‍ കാട്ടുചെടികളും പച്ചിലകളും കാട്ടുകിഴങ്ങുകളും പറിച്ചെടുക്കുന്നു.
5: ജനമദ്ധ്യത്തില്‍നിന്ന് അവര്‍ തുരത്തപ്പെടുന്നു; കള്ളനെയെന്നപോലെ അവരെ ആട്ടിപ്പായിക്കുന്നു.
6: മലയിടുക്കുകളില്‍ കുഴികളിലും ഗുഹകളിലും അവര്‍ക്കു പാര്‍ക്കേണ്ടിവരുന്നു.
7: കുറ്റിച്ചെടികള്‍ക്കിടയില്‍ അവര്‍ ഓരിയിടുന്നു. കൊടിത്തൂവയുടെകീഴെ അവര്‍ ഒന്നിച്ചുകൂടുന്നു.
8: ഭോഷരും നീചരുമായ ആ വര്‍ഗ്ഗം നാട്ടില്‍നിന്നടിച്ചോടിക്കപ്പെടുന്നു.
9: ഇപ്പോള്‍ ഞാനവര്‍ക്കു പാട്ടും പഴമൊഴിയുമായിത്തീര്‍ന്നിരിക്കുന്നു.
10: അവര്‍ എന്നെ വെറുക്കുകയും എന്നില്‍നിന്ന് അകന്നുപോവുകയും ചെയ്യുന്നു; എന്നെക്കാണുമ്പോള്‍ തുപ്പാനും അവര്‍ മടിക്കുന്നില്ല.
11: ദൈവം എന്റെ വില്ലിന്റെ ഞാണയച്ച്,, എന്നെ എളിമപ്പെടുത്തിയതിനാല്‍ അവര്‍ക്കു കടിഞ്ഞാണില്ലാതായിരിക്കുന്നു.
12: എന്റെ വലത്തുവശത്തു നീചര്‍ ഉയരുന്നു. അവരെന്നെ ഓടിക്കുന്നു. അവരുടെ വിനാശകരമായ മാര്‍ഗ്ഗങ്ങള്‍ എന്റെമേല്‍ പ്രയോഗിക്കുന്നു.
13: അവര്‍ എന്റെ പാത തകര്‍ക്കുകയും എനിക്കു വിപത്തുവരുത്തുകയും ചെയ്യുന്നു; ആരുമവരെ തടയുന്നില്ല.
14: വലിയ വിടവിലൂടെയെന്നപോലെ അവര്‍ വരുന്നു. കോട്ടയിടിയുമ്പോള്‍ അവര്‍ എന്റെമേല്‍ ഉരുണ്ടുകയറുന്നു.
15: ഭീകരതകള്‍ എനിക്കെതിരേ തിരിഞ്ഞിരിക്കുന്നു. കാറ്റുകൊണ്ടെന്നപോലെ എന്റെ മഹത്വത്തെ പറത്തിക്കളയുന്നു; എന്റെ ഐശ്വര്യം മേഘമെന്നപോലെ കടന്നുപോകുന്നു.
16: ഇപ്പോള്‍ എന്റെ ജീവന്‍ ഉള്ളില്‍ തൂകിപ്പോയിരിക്കുന്നു; കഷ്ടതയുടെ ദിനങ്ങള്‍ എന്നെ പിടികൂടിയിരിക്കുന്നു.
17: എന്റെ അസ്ഥികളെ രാത്രി തകര്‍ക്കുന്നു, എന്നെ കരളുന്ന വേദനയ്ക്കു വിശ്രമമില്ല.
18: ക്രൂരമായി, അതെന്റെ വസ്ത്രത്തില്‍ പിടികൂടിയിരിക്കുന്നു. എന്റെ അങ്കിയുടെ കഴുത്തുപോലെ അതെന്നെ ബന്ധിച്ചിരിക്കുന്നു.
19: ദൈവമെന്നെ ചെളിക്കുണ്ടില്‍ തള്ളിയിട്ടിരിക്കുന്നു, ഞാന്‍ പൊടിയും ചാരവുംപോലെയായിത്തീര്‍ന്നു.
20: ഞാനങ്ങയോടു നിലവിളിക്കുന്നു, അങ്ങെനിക്ക്, ഉത്തരം നല്‍കുന്നില്ല; ഞാനെഴുന്നേറ്റു നില്‍ക്കുന്നു, അങ്ങെന്നെ ശ്രദ്ധിക്കുന്നില്ല.
21: അങ്ങെന്നോടു ക്രൂരമായി വര്‍ത്തിക്കുന്നു; കരബലംകൊണ്ട് എന്നെ പീഡിപ്പിക്കുന്നു;
22: അങ്ങെന്നെ കാറ്റിലുയര്‍ത്തി, അതിന്മേല്‍ സവാരിചെയ്യിക്കുന്നു; കൊടുങ്കാറ്റിന്റെ ഇരമ്പലില്‍ ഞാന്‍ ആടിയുലയാനിടയാക്കുന്നു.
23: അങ്ങെന്നെ മരണത്തിലേക്കും എല്ലാ ജീവികള്‍ക്കും വിധിച്ചിരിക്കുന്ന ഭവനത്തിലേക്കും കൊണ്ടുപോകുമെന്ന് എനിക്കറിയാം.
24: എന്നിട്ടും ഒരുവന്‍ നാശകൂമ്പാരത്തില്‍നിന്നു കൈനീട്ടി സഹായത്തിനുവേണ്ടി നിലവിളിക്കുന്നില്ലേ?
25: ക്ലേശകരമായ ദിനങ്ങള്‍ കഴിച്ചവര്‍ക്കുവേണ്ടി ഞാന്‍ നിലവിളിച്ചിട്ടില്ലയോ? ദരിദ്രര്‍ക്കുവേണ്ടി എന്റെ മനസ്സു വ്യസനിച്ചിട്ടില്ലയോ?
26: എന്നാല്‍, ഞാന്‍ നന്മയന്വേഷിച്ചപ്പോള്‍ തിന്മ കൈവന്നു; ഞാന്‍ പ്രകാശം കാത്തിരുന്നപ്പോള്‍ അന്ധകാരം വന്നു.
27: എന്റെ ഹൃദയം പ്രക്ഷുബ്ദ്ധമായിരിക്കുന്നു; അതൊരിക്കലും പ്രശാന്തമല്ല. പീഡയുടെ ദിനങ്ങള്‍ എന്നെ പിടികൂടിയിരിക്കുന്നു.
28: എന്റെ ശരീരം ഇരുണ്ടുപോയി; എന്നാല്‍, വെയിലേറ്റിട്ടില്ല; ഞാന്‍ സഭയില്‍ എഴുന്നേറ്റുനിന്ന്‌ സഹായത്തിനുവേണ്ടി നിലവിളിക്കുന്നു.
29: ഞാന്‍ കുറുക്കന്മാരുടെ സഹോദരനും, ഒട്ടകപ്പക്ഷിയുടെ സ്‌നേഹിതനുമായിരിക്കുന്നു.
30: എന്റെ ചര്‍മ്മം കറുക്കുകയും പൊളിഞ്ഞുപോവുകയും ചെയ്യുന്നു; എന്റെ അസ്ഥികള്‍ ചൂടുകൊണ്ടു ദഹിക്കുന്നു.
31: എന്റെ വീണാനാദം വിലാപമായും എന്റെ കുഴല്‍നാദം കരച്ചിലായും മാറിയിരിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ