നൂറ്റിയെഴുപത്തിരണ്ടാം ദിവസം: സങ്കീര്‍ത്തനങ്ങള്‍ 96 - 104


അദ്ധ്യായം 96

കര്‍ത്താവ്, രാജാവും വിധികര്‍ത്താവും
1: കര്‍ത്താവിനൊരു പുതിയ കീര്‍ത്തനമാലപിക്കുവിന്‍, ഭൂമിമുഴുവന്‍ കര്‍ത്താവിനെ പാടിസ്തുതിക്കട്ടെ!
2: കര്‍ത്താവിനെ പാടിപ്പുകഴ്ത്തുവിന്‍. അവിടുത്തെ നാമത്തെ വാഴ്ത്തുവിന്‍; അവിടുത്തെ രക്ഷയെ, പ്രതിദിനം പ്രകീര്‍ത്തിക്കുവിന്‍.
3: ജനതകളുടെയിടയില്‍ അവിടുത്തെ മഹത്വം പ്രഘോഷിക്കുവിന്‍; ജനപഥങ്ങളുടെയിടയില്‍ അവിടുത്തെ അദ്ഭുതപ്രവൃത്തികള്‍ വര്‍ണ്ണിക്കുവിന്‍.
4: എന്തെന്നാല്‍, കര്‍ത്താവ് ഉന്നതനും അത്യന്തം സ്തുത്യര്‍ഹനുമാണ്; സകലദേവന്മാരെയുംകാള്‍ ഭയപ്പെടേണ്ടവനുമാണ്.
5: ജനതകളുടെ ദേവന്മാര്‍ വിഗ്രഹങ്ങള്‍മാത്രം; എന്നാല്‍, കര്‍ത്താവ് ആകാശത്തിന്റെ സ്രഷ്ടാവാണ്.
6: മഹത്വവും തേജസ്സും അവിടുത്തെ സന്നിധിയിലുണ്ട്; ബലവും സൗന്ദര്യവും അവിടുത്തെ വിശുദ്ധമന്ദിരത്തിലും.
7: ജനപദങ്ങളേ, ഉദ്‌ഘോഷിക്കുവിന്‍; മഹത്വവും ശക്തിയും കര്‍ത്താവിന്റേതെന്ന് ഉദ്‌ഘോഷിക്കുവിന്‍.
8: കര്‍ത്താവിന്റെ നാമത്തിനുചേര്‍ന്നവിധം അവിടുത്തെ മഹത്വപ്പെടുത്തുവിന്‍; കാഴ്ചകളുമായി അവിടുത്തെയങ്കണത്തില്‍ പ്രവേശിക്കുവിന്‍.
9: വിശുദ്ധവസ്ത്രങ്ങളണിഞ്ഞ് അവിടുത്തെയാരാധിക്കുവിന്‍; ഭൂമിമുഴുവന്‍ അവിടുത്തെമുമ്പില്‍ ഭയന്നുവിറയ്ക്കട്ടെ!
10: ജനതകളുടെയിടയില്‍ പ്രഘോഷിക്കുവിന്‍: കര്‍ത്താവു വാഴുന്നു; ലോകം സുസ്ഥാപിതമായിരിക്കുന്നു; അതിന് ഇളക്കംതട്ടുകയില്ല; അവിടുന്നു ജനതകളെ നീതിപൂര്‍വ്വം വിധിക്കും.
11: ആകാശമാഹ്ലാദിക്കട്ടെ; ഭൂമിയാനന്ദിക്കട്ടെ; സമുദ്രവും അതിലുള്ളവയും ആര്‍പ്പുവിളിക്കട്ടെ!
12: വയലും അതിലുള്ളവയുമാഹ്ലാദിക്കട്ടെ! അപ്പോള്‍ കര്‍ത്താവിന്റെ സന്നിധിയില്‍ വനവൃക്ഷങ്ങള്‍ ആനന്ദഗീതമുതിര്‍ക്കും.
13: എന്തെന്നാല്‍, അവിടുന്നു വരുന്നു; അവിടുന്നു ഭൂമിയെ വിധിക്കാന്‍ വരുന്നു: അവിടുന്നു ലോകത്തെ നീതിയോടും ജനതകളെ സത്യത്തോടുംകൂടെ വിധിക്കും.


അദ്ധ്യായം 97

പ്രപഞ്ചനാഥനായ കര്‍ത്താവ്

1: കര്‍ത്താവു വാഴുന്നു; ഭൂമി സന്തോഷിക്കട്ടെ! ദ്വീപസമൂഹങ്ങളാനന്ദിക്കട്ടെ!
2: മേഘങ്ങളും കൂരിരുട്ടും അവിടുത്തെ ചുറ്റുമുണ്ട്; നീതിയും ന്യായവും അവിടുത്തെ സിംഹാസനത്തിന്റെ അടിസ്ഥാനമാണ്.
3: അഗ്നി അവിടുത്തെമുമ്പേ നീങ്ങുന്നു; അത്, അവിടുത്തെ വൈരികളെ ദഹിപ്പിക്കുന്നു.
4: അവിടുത്തെ മിന്നല്‍പ്പിണരുകള്‍ ലോകത്തെ പ്രകാശിപ്പിക്കുന്നു; ഭൂമി അതുകണ്ടു വിറകൊള്ളുന്നു.
5: കര്‍ത്താവിന്റെമുമ്പില്‍, ഭൂമി മുഴുവന്റെയുമധിപനായ കര്‍ത്താവിന്റെമുമ്പില്‍, പര്‍വ്വതങ്ങള്‍ മെഴുകുപോലെയുരുകുന്നു.
6: ആകാശം അവിടുത്തെ നീതിയെ പ്രഘോഷിക്കുന്നു; എല്ലാ ജനതകളും അവിടുത്തെ മഹത്വം ദര്‍ശിക്കുന്നു.
7: വ്യര്‍ത്ഥബിംബങ്ങളിലഭിമാനംകൊള്ളുന്ന വിഗ്രഹാരാധകര്‍, ലജ്ജിതരായിത്തീരുന്നു; എല്ലാ ദേവന്മാരും അവിടുത്തെമുമ്പില്‍ കുമ്പിടുന്നു.
8: സീയോന്‍ ഇതുകേട്ടു സന്തോഷിക്കുന്നു; യൂദായുടെ പുത്രിമാര്‍ ആഹ്ലാദിക്കുന്നു; ദൈവമേ, അവിടുത്തെ ന്യായവിധിയില്‍ അവരാനന്ദിക്കുന്നു.
9: കര്‍ത്താവേ, അങ്ങു ഭൂമിമുഴുവന്റെയുമധിപനാണ്; എല്ലാദേവന്മാരെയുംകാള്‍ ഉന്നതനാണ്.
10: തിന്മയെ ദ്വേഷിക്കുന്നവനെ കര്‍ത്താവു സ്നേഹിക്കുന്നു; അവിടുന്നു തന്റെ ഭക്തരുടെ ജീവനെ പരിപാലിക്കുന്നു; ദുഷ്ടരുടെ കൈയില്‍നിന്ന് അവരെ മോചിക്കുന്നു.
11: നീതിമാന്മാരുടെമേല്‍ പ്രകാശമുദിച്ചിരിക്കുന്നു; പരമാര്‍ത്ഥഹൃദയര്‍ക്കു സന്തോഷമുദിച്ചിരിക്കുന്നു.
12: നീതിമാന്മാരേ, കര്‍ത്താവിലാനന്ദിക്കുവിന്‍, അവിടുത്തെ വിശുദ്ധനാമത്തിനു കൃതജ്ഞതയര്‍പ്പിക്കുവിന്‍.

അദ്ധ്യായം 98

കര്‍ത്താവു ഭൂമിയെ വിധിക്കാന്‍വരുന്നു

1: കര്‍ത്താവിനൊരു പുതിയ കീര്‍ത്തനമാലപിക്കുവിന്‍; അവിടുന്ന് അദ്ഭുതകൃത്യങ്ങള്‍ചെയ്തിരിക്കുന്നു; അവിടുത്തെ കരവും വിശുദ്ധഭുജവും വിജയംനേടിയിരിക്കുന്നു.
2: കര്‍ത്താവു തന്റെ വിജയം വിളംബരംചെയ്തു; അവിടുന്നു തന്റെ നീതി ജനതകളുടെമുമ്പില്‍ വെളിപ്പെടുത്തി.
3: ഇസ്രായേല്‍ഭവനത്തോടുള്ള തന്റെ കരുണയും വിശ്വസ്തതയും അവിടുന്നനുസ്മരിച്ചു; ഭൂമിയുടെ അതിര്‍ത്തികള്‍ നമ്മുടെ ദൈവത്തിന്റെ വിജയംദര്‍ശിച്ചു.
4: ഭൂമി മുഴുവന്‍, കര്‍ത്താവിന് ആനന്ദഗീതമാലപിക്കട്ടെ! ആഹ്ലാദാരവത്തോടെ അവിടുത്തെ സ്തുതിക്കുവിന്‍.
5: കിന്നരംമീട്ടി കര്‍ത്താവിനു സ്തുതികളാലപിക്കുവിന്‍. വാദ്യഘോഷത്തോടെ അവിടുത്തെ പുകഴ്ത്തുവിന്‍.
6: കൊമ്പും കാഹളവുംമുഴക്കി രാജാവായ കര്‍ത്താവിന്റെ സന്നിധിയില്‍ ആനന്ദംകൊണ്ട് ആര്‍പ്പിടുവിന്‍.
7: സമുദ്രവും അതിലുള്ളവയും ഭൂമിയും അതിലെ നിവാസികളും ഉച്ചത്തില്‍ സ്വരമുയര്‍ത്തട്ടെ!
8: ജലപ്രവാഹങ്ങള്‍ കരഘോഷം മുഴക്കട്ടെ! കര്‍ത്താവിന്റെമുമ്പില്‍ പര്‍വ്വതങ്ങള്‍ ഒത്തൊരുമിച്ച് ആനന്ദകീര്‍ത്തനമാലപിക്കട്ടെ!
9: അവിടുന്നു ഭൂമിയെ വിധിക്കാന്‍ വരുന്നു; അവിടുന്നു ലോകത്തെ നീതിയോടും ജനതകളെ ന്യായത്തോടുംകൂടെ വിധിക്കും.

അദ്ധ്യായം 99

കര്‍ത്താവു പരിശുദ്ധനാണ്

1: കര്‍ത്താവു വാഴുന്നു; ജനതകള്‍ വിറകൊള്ളട്ടെ; അവിടുന്നു കെരൂബുകളുടെമേല്‍ സിംഹാസനസ്ഥനായിരിക്കുന്നു; ഭൂമി കുലുങ്ങട്ടെ!
2: കര്‍ത്താവു സീയോനില്‍ വലിയവനാണ്; അവിടുന്നു സകല ജനതകളുടെയുംമേല്‍ ഉന്നതനാണ്.
3: അവിടുത്തെ മഹത്തും ഭീതിജനകവുമായ നാമത്തെ അവര്‍ സ്തുതിക്കട്ടെ! അവിടുന്നു പരിശുദ്ധനാണ്.
4: ശക്തനായ രാജാവേ, നീതിയെ സ്നേഹിക്കുന്നവനേ, അവിടുന്നു ന്യായത്തെ സുസ്ഥാപിതമാക്കിയിരിക്കുന്നു; അവിടുന്നു യാക്കോബില്‍ നീതിയും ന്യായവുംനടത്തി.
5: നമ്മുടെ ദൈവമായ കര്‍ത്താവിനെ പുകഴ്ത്തുവിന്‍; അവിടുത്തെ പാദപീഠത്തിങ്കല്‍ പ്രണമിക്കുവിന്‍; അവിടുന്നു പരിശുദ്ധനാണ്.
6: മോശയും അഹറോനും അവിടുത്തെ പുരോഹിതന്മാരില്‍പെട്ടവരാണ്; അവിടുത്തെനാമം വിളിച്ചപേക്ഷിച്ചവരില്‍ സാമുവേലുമുള്‍പ്പെടുന്നു; അവര്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിച്ചു; അവിടുന്നവര്‍ക്ക് ഉത്തരമരുളി.
7: മേഘസ്തംഭത്തില്‍നിന്ന് അവിടുന്നവരോടു സംസാരിച്ചു; അവരവിടുത്തെ കല്പനകളും ചട്ടങ്ങളുമനുസരിച്ചു.
8: ഞങ്ങളുടെ ദൈവമായ കര്‍ത്താവേ, അങ്ങവര്‍ക്കുത്തരമരുളി; അങ്ങവര്‍ക്ക് ക്ഷമിക്കുന്ന ദൈവമായിരുന്നു; തെറ്റുകള്‍ക്കു ശിക്ഷനല്കുന്നവനും.
9: ദൈവമായ കര്‍ത്താവിനെ മഹത്വപ്പെടുത്തുവിന്‍! അവിടുത്തെ വിശുദ്ധപര്‍വ്വതത്തില്‍ ആരാധനയര്‍പ്പിക്കുവിന്‍; നമ്മുടെ ദൈവമായ കര്‍ത്താവു പരിശുദ്ധനാണ്.

അദ്ധ്യായം 100

കര്‍ത്താവു നല്ലവനാണ്
കൃതജ്ഞതാബലിക്കുള്ള സങ്കീര്‍ത്തനം.
1: ഭൂമിമുഴുവന്‍ കര്‍ത്താവിന്റെമുമ്പില്‍ ആനന്ദഗീതമുതിര്‍ക്കട്ടെ.
2: സന്തോഷത്തോടെ കര്‍ത്താവിനു ശുശ്രൂഷചെയ്യുവിന്‍; ഗാനാലാപത്തോടെ അവിടുത്തെ സന്നിധിയില്‍ വരുവിന്‍.
3: കര്‍ത്താവു ദൈവമാണെന്നറിയുവിന്‍; അവിടുന്നാണു നമ്മെ സൃഷ്ടിച്ചത്; നമ്മള്‍ അവിടുത്തേതാണ്; നാം അവിടുത്തെ ജനവും അവിടുന്നു മേയ്ക്കുന്ന അജഗണവുമാകുന്നു.
4: കൃതജ്ഞതാഗീതത്തോടെ അവിടുത്തെ കവാടങ്ങള്‍ കടക്കുവിന്‍; സ്തുതികളാലപിച്ചുകൊണ്ട് അവിടുത്തെയങ്കണത്തില്‍ പ്രവേശിക്കുവിന്‍. അവിടുത്തേക്കു നന്ദിപറയുവിന്‍; അവിടുത്തെ നാമം വാഴ്ത്തുവിന്‍.
5: കര്‍ത്താവു നല്ലവനാണ്, അവിടുത്തെ കാരുണ്യം ശാശ്വതമാണ്; അവിടുത്തെ വിശ്വസ്തത, തലമുറകളോളം നിലനില്ക്കും.

അദ്ധ്യായം 101

രാജാവിന്റെ പ്രതിജ്ഞ
ദാവീദിന്റെ കീര്‍ത്തനം
1: ഞാന്‍ കരുണയെയും നീതിയെയുംകുറിച്ചു പാടും; കര്‍ത്താവേ, ഞാനങ്ങേയ്ക്കു കീര്‍ത്തനമാലപിക്കും.
2: നിഷ്കളങ്കമാര്‍ഗ്ഗത്തില്‍ ചരിക്കാന്‍ ഞാന്‍ ശ്രദ്ധവയ്ക്കും; എപ്പോഴാണ് അങ്ങെന്റെയടുക്കല്‍ വരുക? ഞാനെന്റെ ഭവനത്തില്‍ പരമാര്‍ത്ഥഹൃദയത്തോടെ വ്യാപരിക്കും.
3: നീചമായ ഒന്നിലും ഞാന്‍ കണ്ണുവയ്ക്കുകയില്ല; വഴിപിഴച്ചവരുടെ പ്രവൃത്തി ഞാന്‍ വെറുക്കുന്നു; അതിന്റെ പിടിയില്‍ ഞാനകപ്പെടുകയില്ല.
4: ഹൃദയവക്രത എന്നെ തീണ്ടുകയില്ല; ഒരു തിന്മയും ഞാനറിയുകയില്ല.
5: അയല്‍ക്കാരനെതിരേ ഏഷണിപറയുന്നവനെ ഞാന്‍ നശിപ്പിക്കും; അഹങ്കാരിയെയും ഗര്‍വ്വിഷ്ഠനെയും ഞാന്‍ പൊറുപ്പിക്കുകയില്ല.
6: ദേശത്തുള്ള വിശ്വസ്തരെ ഞാന്‍ പ്രീതിയോടെ വീക്ഷിക്കും; അവര്‍ എന്നോടൊത്തു വസിക്കും; നിഷ്‌കളങ്കമാര്‍ഗ്ഗത്തില്‍ ചരിക്കുന്നവന്‍ എന്റെ സേവകനായിരിക്കും.
7: വഞ്ചനചെയ്യുന്ന ഒരുവനും എന്റെ ഭവനത്തില്‍ വസിക്കുകയില്ല; നുണപറയുന്ന ഒരുവനും എന്റെ സന്നിധിയില്‍ തുടരാനാവുകയില്ല.
8: ദേശത്തെ ദുഷ്‌കര്‍മ്മികളെ പ്രഭാതംതോറും ഞാന്‍ നിഗ്രഹിക്കും; കര്‍ത്താവിന്റെ നഗരത്തില്‍നിന്ന് അധര്‍മ്മികളെ ഞാന്‍ നിര്‍മാര്‍ജ്ജനംചെയ്യും.

അദ്ധ്യായം 102

പീഡിതന്റെ പ്രാര്‍ത്ഥന
അവശനായി കര്‍ത്താവിന്റെമുമ്പില്‍ ആവലാതിചൊരിയുന്ന പീഡിതന്റെ പ്രാര്‍ത്ഥന
1: കര്‍ത്താവേ, എന്റെ പ്രാര്‍ത്ഥന കേള്‍ക്കണമേ! എന്റെ നിലവിളി അങ്ങയുടെ സന്നിധിയിലെത്തട്ടെ.
2: എന്റെ കഷ്ടതയുടെ ദിനത്തില്‍ അങ്ങെന്നില്‍നിന്നു മുഖംമറയ്ക്കരുതേ! അങ്ങെനിക്കു ചെവിതരണമേ! ഞാന്‍ വിളിച്ചപേക്ഷിക്കുമ്പോള്‍ വേഗം എനിക്കുത്തരമരുളണമേ!
3: എന്റെ ദിനങ്ങള്‍ പുകപോലെ കടന്നുപോകുന്നു; എന്റെ അസ്ഥികള്‍ തീക്കൊള്ളിപോലെയെരിയുന്നു.
4: എന്റെ ഹൃദയം പുല്ലുപോലെ വാടിപ്പോകുന്നു; ഞാന്‍ ആഹാരം കഴിക്കാന്‍ മറന്നുപോകുന്നു.
5: കരഞ്ഞുകരഞ്ഞു ഞാന്‍ എല്ലുംതോലുമായി.
6: ഞാന്‍ മരുഭൂമിയിലെ വേഴാമ്പല്‍പോലെയാണ്; വിജനപ്രദേശത്തെ മൂങ്ങപോലെയും.
7: ഞാനുറക്കംവരാതെ കിടക്കുന്നു; പുരമുകളില്‍ തനിച്ചിരിക്കുന്ന പക്ഷിയെപ്പോലെ ഏകാകിയാണു ഞാന്‍.
8: എന്റെ ശത്രുക്കള്‍ ഇടവിടാതെ എന്നെ നിന്ദിക്കുന്നു; എന്നെ വൈരികള്‍ എന്റെ പേരുചൊല്ലി ശപിക്കുന്നു.
9: ചാരം എന്റെ ആഹാരമായിത്തീര്‍ന്നിരിക്കുന്നു; എന്റെ പാനപാത്രത്തില്‍ കണ്ണീര്‍ കലരുന്നു.
10: അങ്ങയുടെ രോഷവും ക്രോധവുംകൊണ്ടുതന്നെ; അങ്ങെന്നെ വലിച്ചെറിഞ്ഞുകളഞ്ഞു.
11: സായാഹ്നത്തിലെ നിഴല്‍പോലെ എന്റെ ദിനങ്ങള്‍ കടന്നുപോകുന്നു; പുല്ലുപോലെ ഞാന്‍ വാടിക്കരിഞ്ഞുപോകുന്നു.
12: കര്‍ത്താവേ, അങ്ങെന്നേക്കും സിംഹാസനസ്ഥനാണ്; അങ്ങയുടെ നാമം തലമുറകളോളം നിലനില്‍ക്കുന്നു.
13: അവിടുന്നെഴുന്നേറ്റു സീയോനോടു കരുണകാണിക്കും; അവളോടു കൃപകാണിക്കേണ്ട കാലമാണിത്; നിശ്ചയിക്കപ്പെട്ട സമയം വന്നുചേര്‍ന്നിരിക്കുന്നു.
14: അങ്ങയുടെ ദാസര്‍ക്ക് അവളുടെ കല്ലുകള്‍ പ്രിയപ്പെട്ടവയാണ്; അവര്‍ക്കവളുടെ ധൂളിയോട് അലിവുതോന്നുന്നു.
15: ജനതകള്‍ കര്‍ത്താവിന്റെ നാമത്തെ ഭയപ്പെടും; ഭൂമിയിലെ രാജാക്കന്മാര്‍ അങ്ങയുടെ മഹത്വത്തെയും.
16: കര്‍ത്താവു സീയോനെ പണിതുയര്‍ത്തും; അവിടുന്നു തന്റെ മഹത്വത്തില്‍ പ്രത്യക്ഷപ്പെടും.
17: അഗതികളുടെ പ്രാര്‍ത്ഥന അവിടുന്നു പരിഗണിക്കും; അവരുടെ യാചനകള്‍ നിരസിക്കുകയില്ല.
18: ഭാവിതലമുറയ്ക്കുവേണ്ടി, ഇനിയുംജനിച്ചിട്ടില്ലാത്ത ജനം അവിടുത്തെ സ്തുതിക്കാന്‍വേണ്ടി, ഇതാലേഖനം ചെയ്യപ്പെടട്ടെ!
19: തടവുകാരുടെ ഞരക്കംകേള്‍ക്കാനും
20: മരണത്തിനു വിധിക്കപ്പെട്ടവരെ സ്വതന്ത്രരാക്കാനുംവേണ്ടി അവിടുന്നു തന്റെ വിശുദ്ധമന്ദിരത്തില്‍നിന്നു താഴേക്കു നോക്കി; സ്വര്‍ഗ്ഗത്തില്‍നിന്നു കര്‍ത്താവു ഭൂമിയെ നോക്കി.
21: ജനതകളും രാജ്യങ്ങളും ഒരുമിച്ചുവന്നു കര്‍ത്താവിനെയാരാധിക്കുമ്പോള്‍,
22: സീയോനില്‍ കര്‍ത്താവിന്റെ നാമവും ജറുസലെമില്‍ അവിടുത്തെ സ്തുതിയും പ്രഘോഷിക്കപ്പെടാന്‍വേണ്ടിത്തന്നെ.
23: അവിടുന്ന്, ആയുസ്സിന്റെ മദ്ധ്യത്തില്‍വച്ചുതന്നെ എന്റെ ശക്തി തകര്‍ത്തു; അവിടുന്നെന്റെ ദിനങ്ങള്‍ വെട്ടിച്ചുരുക്കി.
24: വത്സരങ്ങള്‍ക്ക് അറുതിയില്ലാത്തവനായ എന്റെ ദൈവമേ, എന്റെ ആയുസ്സിന്റെ മദ്ധ്യത്തില്‍വച്ച് എന്നെയെടുക്കരുതേയെന്നു ഞാന്‍ യാചിക്കുന്നു.
25: പണ്ട്, അവിടുന്നു ഭൂമിക്കടിസ്ഥാനമിട്ടു; ആകാശം അങ്ങയുടെ കരവേലയാണ്.
26: അവ നശിച്ചുപോകും, എന്നാല്‍ അങ്ങു നിലനില്ക്കും; അവയെല്ലാം വസ്ത്രംപോലെ പഴകിപ്പോകും; ഉടുപ്പുമാറുന്നതുപോലെ അങ്ങവയെ മാറ്റും; അവ കടന്നുപോവുകയും ചെയ്യും.
27: എന്നാല്‍, അങ്ങേയ്ക്കു മാറ്റമില്ല; അങ്ങയുടെ സംവത്സരങ്ങള്‍ക്കവസാനമില്ല.
28: അങ്ങയുടെ ദാസരുടെ മക്കള്‍ സുരക്ഷിതരായി വസിക്കും; അവരുടെ സന്തതിപരമ്പര അങ്ങയുടെമുമ്പില്‍ നിലനില്ക്കും.

അദ്ധ്യായം 103

എന്റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക
ദാവീദിന്റെ സങ്കീര്‍ത്തനം
1: എന്റെയാത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക! എന്റെയന്തഃരംഗമേ, അവിടുത്തെ വിശുദ്ധനാമത്തെ പുകഴ്ത്തുക.
2: എന്റെയാത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക; അവിടുന്നു നല്കിയ അനുഗ്രഹമൊന്നും മറക്കരുത്.
3: അവിടുന്നു നിന്റെ അകൃത്യങ്ങള്‍ ക്ഷമിക്കുന്നു; നിന്റെ രോഗങ്ങള്‍ സുഖപ്പെടുത്തുന്നു.
4: അവിടുന്നു നിന്റെ ജീവനെ പാതാളത്തില്‍നിന്നു രക്ഷിക്കുന്നു; അവിടുന്നു സ്‌നേഹവും കരുണയുംകൊണ്ടു നിന്നെ കിരീടമണിയിക്കുന്നു.
5: നിന്റെ യൗവ്വനം കഴുകന്റേതുപോലെ നവീകരിക്കപ്പെടാന്‍വേണ്ടി, നിന്റെ ജീവിതകാലമത്രയും നിന്നെ സംതൃപ്തനാക്കുന്നു.
6: കര്‍ത്താവു പീഡിതരായ എല്ലാവര്‍ക്കും നീതിയും ന്യായവും പാലിച്ചുകൊടുക്കുന്നു.
7: അവിടുന്നു തന്റെ വഴികള്‍ മോശയ്ക്കും പ്രവൃത്തികള്‍ ഇസ്രായേല്‍ജനത്തിനും വെളിപ്പെടുത്തി.
8: കര്‍ത്താവ് ആര്‍ദ്രഹൃദയനും കാരുണ്യവാനുമാണ്; ക്ഷമാശീലനും സ്നേഹനിധിയുമാണ്.
9: അവിടുന്നെപ്പോഴും ശാസിക്കുകയില്ല; അവിടുത്തെ കോപം എന്നേയ്ക്കും നിലനില്ക്കുകയില്ല.
10: നമ്മുടെ പാപങ്ങള്‍ക്കൊത്ത് അവിടുന്നു നമ്മെ ശിക്ഷിക്കുന്നില്ല; നമ്മുടെ അകൃത്യങ്ങള്‍ക്കൊത്തു നമ്മോടു പകരംചെയ്യുന്നില്ല.
11: ഭൂമിയ്ക്കുമേല്‍ ഉയര്‍ന്നിരിക്കുന്ന ആകാശത്തോളം ഉന്നതമാണു തന്റെ ഭക്തരോട് അവിടുന്നുകാണിക്കുന്ന കാരുണ്യം.
12: കിഴക്കും പടിഞ്ഞാറുംതമ്മിലുള്ളത്ര അകലത്തില്‍ നമ്മുടെ പാപങ്ങളെ അവിടുന്നു നമ്മില്‍നിന്നകറ്റിനിറുത്തി.
13: പിതാവിനു മക്കളോടെന്നപോലെ കര്‍ത്താവിനു തന്റെ ഭക്തരോട് അലിവുതോന്നുന്നു.
14: എന്തില്‍നിന്നാണു നമ്മെ മെനഞ്ഞെടുത്തതെന്ന് അവിടുന്നറിയുന്നു; നാം വെറും ധൂളിയാണെന്ന് അവിടുന്നോര്‍മ്മിക്കുന്നു.
15: മനുഷ്യന്റെ ജീവിതം പുല്ലുപോലെയാണ്; വയലിലെ പൂപോലെ അതു വിരിയുന്നു;
16: എന്നാല്‍, കാറ്റടിക്കുമ്പോള്‍ അതു കൊഴിഞ്ഞുപോകുന്നു; അതു നിന്നിരുന്ന ഇടംപോലും അതിനെയോര്‍ക്കുന്നില്ല.
17: എന്നാല്‍, കര്‍ത്താവിന്റെ കാരുണ്യം അവിടുത്തെ ഭക്തരുടെമേല്‍ എന്നേക്കുമുണ്ടായിരിക്കും; അവിടുത്തെ നീതി, തലമുറകളോളം നിലനില്ക്കും.  
18: അവിടുത്തെ ഉടമ്പടിപാലിക്കുന്നവരുടെയും അവിടുത്തെ കല്പനകൾ ശ്രദ്ധാപൂർവ്വം അനുസരിക്കുന്നവരുടെയുംമേൽത്തന്നെ.
19: കര്‍ത്താവു തന്റെ സിംഹാസനം സ്വര്‍ഗ്ഗത്തില്‍ സ്ഥാപിച്ചിരിക്കുന്നു; എല്ലാവരും അവിടുത്തെ രാജകീയധികാരത്തിന്‍കീഴിലാണ്.
20: കര്‍ത്താവിന്റെ വചനം ശ്രവിക്കുകയും അവിടുത്തെ ആജ്ഞയനുസരിക്കുകയുംചെയ്യുന്ന ശക്തരായ ദൂതരേ, അവിടുത്തെ വാഴ്ത്തുവിന്‍.
21: കര്‍ത്താവിന്റെ ഹിതം നിറവേറ്റുന്ന ദാസരുടെ വ്യൂഹങ്ങളേ, അവിടുത്തെ സ്തുതിക്കുവിന്‍.
22: കര്‍ത്താവിന്റെ അധികാരസീമയില്‍പ്പെട്ട സൃഷ്ടികളേ, കര്‍ത്താവിനെ സ്തുതിക്കുവിന്‍. എന്റെയാത്മാവേ, കര്‍ത്താവിനെ സ്തുതിക്കുക. 

അദ്ധ്യായം 104

സ്രഷ്ടാവിനു കീര്‍ത്തനംപാടുവിന്‍

1: എന്റെയാത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക; എന്റെ ദൈവമായ കര്‍ത്താവേ, അങ്ങത്യുന്നതനാണ്; അവിടുന്നു മഹത്വവും തേജസ്സും ധരിച്ചിരിക്കുന്നു.
2: വസ്ത്രമെന്നപോലെ അങ്ങു പ്രകാശമണിഞ്ഞിരിക്കുന്നു; കൂടാരമെന്നപോലെ അവിടുന്ന് ആകാശത്തെ വിരിച്ചിരിക്കുന്നു.
3: അങ്ങയുടെ മന്ദിരത്തിന്റെ തുലാങ്ങള്‍ ജലത്തിന്മേല്‍ സ്ഥാപിച്ചിരിക്കുന്നു; അങ്ങു വാനമേഘങ്ങളെ രഥമാക്കി, കാറ്റിന്റെ ചിറകുകളില്‍ സഞ്ചരിക്കുന്നു.
4: അവിടുന്നു കാറ്റുകളെ ദൂതരും അഗ്നിയെയും അഗ്നിജ്വാലകളെയും സേവകരുമാക്കി.
5: അവിടുന്നു ഭൂമിയെ അതിന്റെ അടിസ്ഥാനത്തിന്മേലുറപ്പിച്ചു; അതൊരിക്കലും ഇളകുകയില്ല.
6: അവിടുന്നു വസ്ത്രംകൊണ്ടെന്നപോലെ ആഴികൊണ്ട്, അതിനെയാവരണംചെയ്തു; വെള്ളം പര്‍വ്വതങ്ങള്‍ക്കുമീതേ നിന്നു.
7: അങ്ങു ശാസിക്കുമ്പോള്‍ അവയോടിയകലുന്നു; അങ്ങിടിമുഴക്കുമ്പോള്‍ അവ പലായനംചെയ്യുന്നു.
8: അവിടുന്നു നിര്‍ദ്ദേശിച്ചയിടങ്ങളില്‍ പര്‍വ്വതങ്ങള്‍ പൊങ്ങിയും താഴ്‌വരകള്‍ താണും നില്ക്കുന്നു.
9: ജലം വീണ്ടും ഭൂമിയെ മൂടാതിരിക്കാന്‍ അങ്ങതിന് അലംഘനീയമായ അതിരു നിശ്ചയിച്ചു.
10: അവിടുന്നു താഴ്വരകളിലേക്ക് ഉറവകളെയൊഴുക്കുന്നു; അവ മലകള്‍ക്കിടയിലൂടെയൊഴുകുന്നു.
11: എല്ലാ വന്യമൃഗങ്ങളും അതില്‍നിന്നു കുടിക്കുന്നു; കാട്ടുകഴുതകളും ദാഹംതീര്‍ക്കുന്നു.
12: ആകാശപ്പറവകള്‍ അവയുടെ തീരത്തു വസിക്കുന്നു; മരക്കൊമ്പുകള്‍ക്കിടയിലിരുന്ന് അവ പാടുന്നു.
13: അവിടുന്നു തന്റെ ഉന്നതമായ മന്ദിരത്തില്‍നിന്നു മലകളെ നനയ്ക്കുന്നു; അങ്ങയുടെ പ്രവൃത്തിയുടെ ഫലമനുഭവിച്ചു ഭൂമി തൃപ്തിയടയുന്നു.
14: അവിടുന്നു കന്നുകാലികള്‍ക്കുവേണ്ടി പുല്ലു മുളപ്പിക്കുന്നു; മനുഷ്യനു ഭൂമിയില്‍നിന്ന് ആഹാരംലഭിക്കാന്‍ കൃഷിക്കുവേണ്ട സസ്യങ്ങള്‍ മുളപ്പിക്കുന്നു.
15: മനുഷ്യന്റെ ഹൃദയത്തെ സന്തോഷിപ്പിക്കാന്‍ വീഞ്ഞും, മുഖം മിനുക്കാന്‍ എണ്ണയും, ശക്തിനല്കാന്‍ ഭക്ഷണവും പ്രദാനം ചെയ്യുന്നു.
16: കര്‍ത്താവിന്റെ വൃക്ഷങ്ങള്‍ക്ക്, അവിടുന്നു നട്ടുപിടിപ്പിച്ച ലബനോനിലെ ദേവദാരുക്കള്‍ക്ക്, സമൃദ്ധമായി ജലം ലഭിക്കുന്നു.
17: അവയില്‍ പക്ഷികള്‍ കൂടുകൂട്ടുന്നു; കൊക്ക് ദേവദാരുവില്‍ ചേക്കേറുന്നു.
18: ഉയര്‍ന്ന പര്‍വ്വതങ്ങള്‍ കാട്ടാടുകള്‍ക്കും പാറകള്‍ കുഴിമുയലുകള്‍ക്കും സങ്കേതമാണ്.
19: ഋതുക്കള്‍ നിര്‍ണ്ണയിക്കാന്‍ അവിടുന്നു ചന്ദ്രനെ നിര്‍മ്മിച്ചു; സൂര്യനു തന്റെ അസ്തമയമറിയാം. അവിടുന്ന് ഇരുട്ടുവരുത്തുന്നു,
20: രാത്രിയാക്കുന്നു; അപ്പോള്‍ വന്യജീവികള്‍ പുറത്തിറങ്ങുന്നു.
21: യുവസിംഹങ്ങള്‍ ഇരയ്ക്കുവേണ്ടിയലറുന്നു. ദൈവത്തോടവ ഇര ചോദിക്കുന്നു.
22: സൂര്യനുദിക്കുമ്പോള്‍ അവ മടങ്ങിപ്പോയി ഗുഹകളില്‍ കിടക്കുന്നു.
23: അപ്പോള്‍, മനുഷ്യര്‍ വേലയ്ക്കിറങ്ങുന്നു; സന്ധ്യയോളം അവരദ്ധ്വാനിക്കുന്നു.
24: കര്‍ത്താവേ, അങ്ങയുടെ സൃഷ്ടികള്‍ എത്ര വൈവിദ്ധ്യപൂര്‍ണ്ണങ്ങളാണ്! ജ്ഞാനത്താല്‍ അങ്ങവയെ നിര്‍മ്മിച്ചു; ഭൂമി അങ്ങയുടെ സൃഷ്ടികളാല്‍ നിറഞ്ഞിരിക്കുന്നു.
25: അതാ, വിസ്തൃതമായ മഹാസമുദ്രം! ചെറുതും വലുതുമായ അസംഖ്യം ജീവികളെക്കൊണ്ട് അതു നിറഞ്ഞിരിക്കുന്നു.
26: അതില്‍ കപ്പലുകള്‍ സഞ്ചരിക്കുന്നു; അങ്ങു സൃഷ്ടിച്ച ലവിയാഥന്‍ അതില്‍ വിഹരിക്കുന്നു.
27: യഥാസമയം ഭക്ഷണംലഭിക്കാന്‍ അവയങ്ങയെ നോക്കിയിരിക്കുന്നു.
28: അങ്ങു നല്കുമ്പോള്‍ അവ ഭക്ഷിക്കുന്നു; അങ്ങു കൈ തുറന്നുകൊടുക്കുമ്പോള്‍ അവ നന്മകളാല്‍ സംതൃപ്തരാകുന്നു.
29: അവിടുന്നു മുഖംമറയ്ക്കുമ്പോള്‍ അവ പരിഭ്രാന്തരാകുന്നു; അങ്ങ്, അവയുടെ ശ്വാസം പിന്‍വലിക്കുമ്പോള്‍, അവ മരിച്ചു പൂഴിയിലേക്കു മടങ്ങുന്നു
30: അങ്ങ് ജീവശ്വാസമയയ്ക്കുമ്പോള്‍ അവ സൃഷ്ടിക്കപ്പെടുന്നു; അങ്ങു ഭൂമുഖം നവീകരിക്കുന്നു.
31: കര്‍ത്താവിന്റെ മഹത്വം എന്നേയ്ക്കും നിലനില്ക്കട്ടെ! കര്‍ത്താവു തന്റെ സൃഷ്ടികളില്‍ ആനന്ദിക്കട്ടെ!
32: അവിടുന്നു നോക്കുമ്പോള്‍ ഭൂമി വിറകൊള്ളുന്നു; അവിടുന്നു സ്പര്‍ശിക്കുമ്പോള്‍ പര്‍വ്വതങ്ങള്‍ പുകയുന്നു.
33: എന്റെ ജീവിതകാലംമുഴുവന്‍ ഞാന്‍ കര്‍ത്താവിനു കീര്‍ത്തനം പാടും; ആയുഷ്‌കാലമത്രയും ഞാന്‍, എന്റെ ദൈവത്തെ പാടി സ്തുതിക്കും.
34: എന്റെയീ ഗാനം, അവിടുത്തേക്കു പ്രീതികരമാകട്ടെ! ഞാന്‍ കര്‍ത്താവിലാനന്ദിക്കുന്നു.
35: പാപികള്‍ ഭൂമിയില്‍നിന്നു നിര്‍മ്മാര്‍ജ്ജനംചെയ്യപ്പെടട്ടെ! ദുഷ്ടന്മാരില്ലാതാകട്ടെ! എന്റെയാത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക! കര്‍ത്താവിനെ സ്തുതിക്കുക!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ