നൂറ്റിയറുപത്തിയഞ്ചാം ദിവസം: സങ്കീര്‍ത്തനങ്ങള്‍ 46 - 54


അദ്ധ്യായം 46

ദൈവം നമ്മോടുകൂടെ
ഗായകസംഘനേതാവിന്, കോറഹിന്റെ പുത്രന്മാരുടെ ഒരു സങ്കീർത്തനം; കന്യകമാർ എന്ന രാഗത്തിൽ ഒരു ഗാനം.
1: ദൈവമാണു നമ്മുടെ അഭയവും ശക്തിയും; കഷ്ടതകളില്‍ അവിടുന്നു സുനിശ്ചിതമായ തുണയാണ്.
2: ഭൂമിയിളകിയാലും പര്‍വ്വതങ്ങള്‍ സമുദ്രമദ്ധ്യത്തില്‍ അടര്‍ന്നുപതിച്ചാലും നാം ഭയപ്പെടുകയില്ല.
3: ജലം പതഞ്ഞുയര്‍ന്നിരമ്പിയാലും അതിന്റെ പ്രകമ്പനംകൊണ്ടു പര്‍വ്വതങ്ങള്‍ വിറകൊണ്ടാലും നാം ഭയപ്പെടുകയില്ല.
4: ദൈവത്തിന്റെ നഗരത്തെ, അത്യുന്നതന്റെ വിശുദ്ധനിവാസത്തെ, സന്തുഷ്ടമാക്കിക്കൊണ്ട് ഒഴുകുന്നൊരു നദിയുണ്ട്.
5: ആ നഗരത്തില്‍ ദൈവം വസിക്കുന്നു; അതിനിളക്കംതട്ടുകയില്ല; അതിരാവിലെ ദൈവമതിനെ സഹായിക്കും.
6: ജനതകള്‍ ക്രോധാവിഷ്ടരാകുന്നു; രാജ്യങ്ങള്‍ പ്രകമ്പനംകൊള്ളുന്നു; അവിടുന്നു ശബ്ദമുയര്‍ത്തുമ്പോള്‍ ഭൂമിയുരുകിപ്പോകുന്നു.
7: സൈന്യങ്ങളുടെ കര്‍ത്താവു നമ്മോടുകൂടെയുണ്ട്; യാക്കോബിന്റെ ദൈവമാണു നമ്മുടെയഭയം.
8: വരുവിന്‍, കര്‍ത്താവിന്റെ പ്രവൃത്തികള്‍ കാണുവിന്‍; അവിടുന്നു ഭൂമിയെ എങ്ങനെ ശൂന്യമാക്കിയിരിക്കുന്നുവെന്നുകാണുവിന്‍.
9: അവിടുന്നു ഭൂമിയുടെ അതിര്‍ത്തിയോളം യുദ്ധമില്ലാതാക്കുന്നു; അവിടുന്നു വില്ലൊടിക്കുകയും കുന്തം തകര്‍ക്കുകയുംചെയ്യുന്നു; രഥങ്ങളെ അഗ്നിക്കിരയാക്കുന്നു.
10: ശാന്തമാകുക, ഞാന്‍ ദൈവമാണെന്നറിയുക; ഞാന്‍ ജനതകളുടെയിടയില്‍ ഉന്നതനാണ്; ഞാന്‍ ഭൂമിയില്‍ ഉന്നതനാണ്.
11: സൈന്യങ്ങളുടെ കര്‍ത്താവു നമ്മോടുകൂടെയുണ്ട്; യാക്കോബിന്റെ ദൈവമാണു നമ്മുടെ അഭയം.

അദ്ധ്യായം 47

ജനതകളുടെമേല്‍വാഴുന്ന ദൈവം
ഗായകസംഘനേതാവിന്, കോറഹിന്റെ പുത്രന്മാരുടെ ഒരു സങ്കീർത്തനം.
1: ജനതകളേ, കരഘോഷംമുഴക്കുവിന്‍. ദൈവത്തിന്റെമുമ്പില്‍ ആഹ്ലാദാരവംമുഴക്കുവിന്‍.
2: അത്യുന്നതനായ കര്‍ത്താവു ഭീതിദനാണ്; അവിടുന്നു ഭൂമിമുഴുവന്റെയും രാജാവാണ്.
3: അവിടുന്നു രാജ്യങ്ങളുടെമേല്‍ നമുക്കു വിജയംനേടിത്തന്നു; ജനതകളെ നമ്മുടെ കാല്‍ക്കീഴിലാക്കി.
4: അവിടുന്നു നമ്മുടെ അവകാശം തിരഞ്ഞെടുത്തുതന്നു; താന്‍ സ്നേഹിക്കുന്ന യാക്കോബിന്റെ അഭിമാനംതന്നെ.
5: ജയഘോഷത്തോടും കാഹളനാദത്തോടുംകൂടെ ദൈവമായ കര്‍ത്താവ് ആരോഹണംചെയ്തു.
6: ദൈവത്തെ പാടിപ്പുകഴ്ത്തുവിന്‍ ‍; സ്‌തോത്രങ്ങളാലപിക്കുവിന്‍ ‍; നമ്മുടെ രാജാവിനു സ്തുതികളുതിര്‍ക്കുവിന്‍ ‍; കീര്‍ത്തനങ്ങളാലപിക്കുവിന്‍.
7: ദൈവം, ഭൂമിമുഴുവന്റെയും രാജാവാണ്; സങ്കീര്‍ത്തനംകൊണ്ട് അവിടുത്തെ സ്തുതിക്കുവിന്‍.
8: ദൈവം ജനതകളുടെമേല്‍ വാഴുന്നു, അവിടുന്നു തന്റെ പരിശുദ്ധസിംഹാസനത്തിലിരിക്കുന്നു.
9: അബ്രാഹമിന്റെ ദൈവത്തിന്റെ ജനത്തെപ്പോലെ, ജനതകളുടെ പ്രഭുക്കന്മാര്‍ ഒരുമിച്ചുകൂടുന്നു; ഭൂമിയുടെ രക്ഷാകവചങ്ങള്‍ ദൈവത്തിനധീനമാണ്; അവിടുന്നു മഹോന്നതനാണ്.

അദ്ധ്യായം 48

ദൈവത്തിന്റെ നഗരം
ഒരു ഗാനം. കോറഹിന്റെ പുത്രന്മാരുടെ സങ്കീർത്തനം. 
1: കര്‍ത്താവുന്നതനാണ്; നമ്മുടെ ദൈവത്തിന്റെ നഗരത്തില്‍ അത്യന്തം സ്തുത്യര്‍ഹനുമാണ്.
2: ഉയര്‍ന്നുമനോഹരമായ അവിടുത്തെ വിശുദ്ധഗിരി, ഭൂമിമുഴുവന്റെയും സന്തോഷമാണ്; അങ്ങു വടക്കുള്ള സീയോന്‍പര്‍വ്വതം ഉന്നതനായ രാജാവിന്റെ നഗരമാണ്.
3: അതിന്റെ കോട്ടകള്‍ക്കുള്ളില്‍ ദൈവം സുനിശ്ചിതമായ അഭയകേന്ദ്രമായി വെളിപ്പെട്ടിരിക്കുന്നു.
4: ഇതാ, രാജാക്കന്മാര്‍ സമ്മേളിച്ചു; അവര്‍ ഒത്തൊരുമിച്ചു മുന്നേറി.
5: സീയോനെക്കണ്ട് അവരമ്പരന്നു; പരിഭ്രാന്തരായ അവര്‍ പലായനംചെയ്തു.
6: അവിടെവച്ച് അവര്‍ ഭയന്നുവിറച്ചു; ഈറ്റുനോവിനൊത്ത കഠിനവേദന അവരെ ഗ്രസിച്ചു.
7: കിഴക്കന്‍കാറ്റില്‍പെട്ട താര്‍ഷീഷ്‌കപ്പലുകളെപ്പോലെ അവര്‍ തകരുന്നു.
8: നാം കേട്ടതുപോലെതന്നെ സൈന്യങ്ങളുടെ കര്‍ത്താവിന്റെ നഗരത്തില്‍ നാം കണ്ടു; ദൈവം എന്നേയ്ക്കുമായി സ്ഥാപിച്ചിരിക്കുന്ന അവിടുത്തെ നഗരത്തില്‍ത്തന്നെ.
9: ദൈവമേ, അങ്ങയുടെ ആലയത്തില്‍ ഞങ്ങളങ്ങയുടെ കാരുണ്യത്തെ ധ്യാനിച്ചു.
10: ദൈവമേ, അങ്ങയുടെ നാമമെന്നപോലെതന്നെ അങ്ങയുടെ സ്തുതികളും ഭൂമിയുടെ അതിരുകളോളമെത്തുന്നു; അവിടുത്തെ വലംകൈ വിജയംകൊണ്ടു നിറഞ്ഞിരിക്കുന്നു.
11: സീയോൻമല സന്തോഷിക്കട്ടെ! അങ്ങയുടെ ന്യായവിധികള്‍മൂലം യൂദായുടെ പുത്രിമാര്‍ ആഹ്ലാദിക്കട്ടെ!
12: സീയോനുചുറ്റും സഞ്ചരിക്കുവിന്‍; അതിനു പ്രദക്ഷിണംവയ്ക്കുവിന്‍, അതിന്റെ ഗോപുരങ്ങളെണ്ണുവിന്‍.
13: അതിന്റെ കൊത്തളങ്ങളെ ശ്രദ്ധിക്കുകയും
 കോട്ടകളെ നടന്നുകാണുകയും ചെയ്യുവിന്‍;
14: ഇവിടെയാണു ദൈവം, ഈ ദൈവമാണ് എന്നേയ് ക്കുമുള്ള നമ്മുടെ ദൈവം, അവിടുന്നെന്നും നമ്മെ നയിക്കുമെന്നു വരുംതലമുറയോടു പറയാന്‍വേണ്ടിത്തന്നെ.

അദ്ധ്യായം 49

സമ്പത്തിന്റെ നശ്വരത
ഗായകസംഘനേതാവിന്, കോറഹിന്റെ പുത്രന്മാരുടെ സങ്കീർത്തനം.
1: ജനതകളേ, ശ്രദ്ധിക്കുവിന്‍ ‍; ഭൂവാസികളേ, ചെവിയോര്‍ക്കുവിന്‍. .
2: എളിയവരും ഉന്നതരും ധനികരും ദരിദ്രരും ഒന്നുപോലെ കേള്‍ക്കട്ടെ!
3: എന്റെയധരങ്ങള്‍ ജ്ഞാനംപ്രഘോഷിക്കും; എന്റെ ഹൃദയം വിവേകംമന്ത്രിക്കും.
4: സുഭാഷിതത്തിനു ഞാന്‍ ചെവിചായിക്കും, കിന്നരനാദത്തോടെ ഞാനെന്റെ കടംകഥയുടെ പൊരുള്‍തിരിക്കും.
5: എന്നെ പീഡിപ്പിക്കുന്നവരുടെ ദുഷ്ടത എന്നെ വലയംചെയ്യുന്നു. ക്ലേശകാലങ്ങളില്‍ ഞാനെന്തിനു ഭയപ്പെടണം?
6: അവര്‍ തങ്ങളുടെ ധനത്തിലാശ്രയിക്കുകയും സമ്പത്തിലഹങ്കരിക്കുകയും ചെയ്യുന്നു.
7: തന്നെത്തന്നെ വീണ്ടെടുക്കാനോ സ്വന്തം ജീവന്റെ വില ദൈവത്തിനു കൊടുക്കാനോ ആര്‍ക്കും കഴിയുകയില്ല.
8: ജീവന്റെ വിടുതല്‍വില വളരെവലുതാണ്; എത്രയായാലും അതു തികയുകയുമില്ല.
9: എന്നേയ്ക്കും ജീവിക്കാനോ പാതാളംകാണാതിരിക്കാനോ കഴിയുന്നതെങ്ങനെ?
10: ജ്ഞാനിപോലും മരിക്കുന്നെന്നും മണ്ടനും മന്ദബുദ്ധിയും ഒന്നുപോലെനശിക്കുമെന്നും തങ്ങളുടെ സമ്പത്ത്, അന്യര്‍ക്കായി ഉപേക്ഷിച്ചുപോകുമെന്നും അവര്‍ കാണും.
11: ദേശങ്ങള്‍ സ്വന്തമെന്ന് അവകാശപ്പെട്ടെങ്കിലും ശവകുടീരങ്ങളായിരിക്കും അവരുടെ നിത്യവസതി, തലമുറകളോളം അവരുടെ വാസസ്ഥാനം.
12: മനുഷ്യന്‍ തന്റെ പ്രതാപത്തില്‍ നിലനില്‍ക്കുകയില്ല; മൃഗങ്ങളെപ്പോലെ അവനും നശിച്ചുപോകും.
13: വിവേകമറ്റ ആത്മവിശ്വാസംപുലര്‍ത്തുന്നവരുടെ വിധിയും തങ്ങളുടെ സമ്പത്തില്‍ ആനന്ദിക്കുന്നവരുടെ അവസാനവും ഇതുതന്നെ.
14: ആടുകളെപ്പോലെ അവര്‍ മരണത്തിനു വിധിക്കപ്പെട്ടവരാണ്; മൃത്യുവായിരിക്കും അവരുടെയിടയന്‍; നേരേ ശവക്കുഴിയിലേക്ക് അവര്‍ താഴും; അവരുടെ രൂപം അഴിഞ്ഞുപോകും; പാതാളമായിരിക്കും അവരുടെ പാര്‍പ്പിടം.
15: എന്നാല്‍, ദൈവം എന്റെ പ്രാണനെ പാതാളത്തിന്റെ പിടിയില്‍നിന്നു വീണ്ടെടുക്കും; അവിടുന്നെന്നെ സ്വീകരിക്കും.
16: ഒരുവന്‍ സമ്പന്നനാകുമ്പോഴും അവന്റെ ഭവനത്തിന്റെ മഹത്വംവര്‍ദ്ധിക്കുമ്പോഴും നീ ഭയപ്പെടേണ്ടാ.
17: അവന്‍ മരിക്കുമ്പോള്‍ ഒന്നുംകൂടെ കൊണ്ടുപോവുകയില്ല; അവന്റെ മഹത്വം അവനെ അനുഗമിക്കുകയില്ല.
18: ജീവിതകാലത്തു സന്തുഷ്ടനെന്നു കരുതിയെങ്കിലും, അവന്റെ ഐശ്വര്യംകണ്ട് ആളുകള്‍ അവനെ സ്തുതിച്ചെങ്കിലും,
19: അവന്‍ തന്റെ പിതാക്കന്മാരോടു ചേരും; ഇനിമേലവന്‍ പ്രകാശംകാണുകയില്ല.
20: മനുഷ്യന്‍ തന്റെ പ്രതാപത്തില്‍ നിലനില്‍ക്കുകയില്ല; മൃഗങ്ങളെപ്പോലെ അവന്‍ നശിച്ചുപോകും.

അദ്ധ്യായം 50

കൃതജ്ഞത, യഥാര്‍ത്ഥബലി
ആസാഫിന്റെ സങ്കീർത്തനം.
1: കര്‍ത്താവായ ദൈവം, ശക്തനായവന്‍, സംസാരിക്കുന്നു; കിഴക്കുമുതല്‍ പടിഞ്ഞാറുവരെയുള്ള ഭൂമിമുഴുവനെയും അവിടുന്നു വിളിക്കുന്നു. 
2: സൗന്ദര്യത്തികവായ സീയോനില്‍നിന്നു ദൈവം പ്രകാശിക്കുന്നു. നമ്മുടെ ദൈവം വരുന്നു, അവിടുന്നു മൗനമായിരിക്കുകയില്ല.
3: അവിടുത്തെമുമ്പില്‍ സംഹാരാഗ്നിയുണ്ട്; അവിടുത്തെച്ചുറ്റും കൊടുങ്കാറ്റിരമ്പുന്നു.
4: തന്റെ ജനത്തെ വിധിക്കാന്‍ അവിടുന്ന് ആകാശത്തെയും ഭൂമിയെയും വിളിക്കുന്നു.
5: ബലിയര്‍പ്പണത്തോടെ എന്നോടുടമ്പടിചെയ്തിട്ടുള്ള എന്റെ വിശ്വസ്തരെ എന്റെയടുത്തു വിളിച്ചുകൂട്ടുവിന്‍.
6: ആകാശം അവിടുത്തെ നീതിയെ ഉദ്‌ഘോഷിക്കുന്നു; ദൈവംതന്നെയാണു വിധികര്‍ത്താവ്.
7: എന്റെ ജനമേ, കേള്‍ക്കുവിന്‍, ഞാനിതാ, സംസാരിക്കുന്നു; ഇസ്രായേലേ, ഞാന്‍ നിനക്കെതിരേ സാക്ഷ്യംനല്കും; ഞാനാണു ദൈവം, നിന്റെ ദൈവം.
8: നിന്റെ ബലികളെക്കുറിച്ചു ഞാന്‍ നിന്നെ ശാസിക്കുന്നില്ല; നിന്റെ ദഹനബലികള്‍ നിരന്തരം എന്റെ മുമ്പിലുണ്ട്.
9: നിന്റെ വീട്ടില്‍നിന്നു കാളയെയോ, നിന്റെ ആട്ടിന്‍പറ്റത്തില്‍നിന്നു മുട്ടാടിനെയോ ഞാന്‍ സ്വീകരിക്കുകയില്ല.
10: വനത്തിലെ സര്‍വ്വമൃഗങ്ങളും കുന്നുകളിലെ ആയിരക്കണക്കിനു കന്നുകാലികളും എന്റേതാണ്.
11: ആകാശത്തിലെ പറവകളെ ഞാനറിയുന്നു; വയലില്‍ച്ചരിക്കുന്നവയെല്ലാം എന്റേതാണ്.
12: എനിക്കു വിശന്നാല്‍ ഞാന്‍ നിന്നോടു പറയുകയില്ല; ലോകവും അതിലുള്ള സമസ്തവും എന്റേതാണ്.
13: ഞാന്‍ കാളകളുടെ മാംസംതിന്നുമോ? ആടുകളുടെ രക്തംകുടിക്കുമോ?
14: കൃതജ്ഞതയായിരിക്കട്ടെ നീ ദൈവത്തിനര്‍പ്പിക്കുന്ന ബലി; അത്യുന്നതനുള്ള നിന്റെ നേര്‍ച്ചകള്‍ നിറവേറ്റുക.
15: അനര്‍ത്ഥകാലത്ത് എന്നെ വിളിച്ചപേക്ഷിക്കുക; ഞാന്‍ നിന്നെ മോചിപ്പിക്കും; നീ എന്നെ മഹത്വപ്പെടുത്തുകയുംചെയ്യും.
16: എന്നാല്‍ ദുഷ്ടനോടു ദൈവം പറയുന്നു: എന്റെ നിയമങ്ങള്‍ ഉരുവിടാനോ എന്റെ ഉടമ്പടിയെക്കുറിച്ച് ഉരിയാടാനോ നിനക്കെന്തു കാര്യം?
17: നീ ശിക്ഷണത്തെ വെറുക്കുന്നു; എന്റെ വചനത്തെ നീയവഗണിക്കുന്നു.
18: കള്ളനെക്കണ്ടാല്‍ നീ അവനോടു കൂട്ടുചേരും. വ്യഭിചാരികളോടു നീ ചങ്ങാത്തംകൂടുന്നു.
19: നിന്റെ വായ്, നീ തിന്മയ്ക്കു തുറന്നിട്ടിരിക്കുന്നു. നിന്റെ നാവു വഞ്ചനയ്ക്കു രൂപംനല്കുന്നു.
20: നീ നിന്റെ സഹോദരനെതിരായി സംസാരിച്ചുകൊണ്ടിരിക്കുന്നു; സ്വന്തം സഹോദരനെതിരേ നീ അപവാദംപരത്തുന്നു.
21: നീയിതെല്ലാം ചെയ്തിട്ടും ഞാന്‍ മൗനം ദീക്ഷിച്ചു; നിന്നെപ്പോലെയാണു ഞാനും എന്നു നീ കരുതി; എന്നാല്‍ ഇപ്പോള്‍ ഞാന്‍ നിന്നെ ശാസിക്കുന്നു; നിന്റെമുമ്പില്‍ ഞാന്‍ കുറ്റങ്ങള്‍ നിരത്തിവയ്ക്കുന്നു.
22: ദൈവത്തെ മറക്കുന്നവരേ, ഓര്‍മ്മയിലിരിക്കട്ടെ! അല്ലെങ്കില്‍, ഞാന്‍ നിങ്ങളെ ചീന്തിക്കളയും; രക്ഷിക്കാന്‍ ആരുമുണ്ടായിരിക്കുകയില്ല.
23: ബലിയായി കൃതജ്ഞതയര്‍പ്പിക്കുന്നവന്‍ എന്നെ ബഹുമാനിക്കുന്നു; നേരായമാര്‍ഗ്ഗത്തില്‍ ചരിക്കുന്നവനു ദൈവത്തിന്റെ രക്ഷ ഞാന്‍ കാണിച്ചുകൊടുക്കും.

അദ്ധ്യായം 51

ദൈവമേ, കനിയണമേ!
ഗായകസംഘനേതാവിന്, ദാവീദിന്റെ സങ്കീർത്തനം. ദാവീദ്, ബെത്‌ഷെബായെ പ്രാപിച്ചശേഷം, അവനെ നാഥാൻ പ്രവാചകൻ  സന്ദർശിച്ചപ്പോൾ പാടിയത്.

1: ദൈവമേ, അങ്ങയുടെ കാരുണ്യത്തിനൊത്ത് എന്നോടു ദയതോന്നണമേ! അങ്ങയുടെ കാരുണ്യാതിരേകത്തിനൊത്ത് എന്റെ അതിക്രമങ്ങള്‍ മായിച്ചുകളയണമേ!
2: എന്റെ അകൃത്യം നിശ്ശേഷം കഴുകിക്കളയണമേ! എന്റെ പാപത്തില്‍നിന്ന് എന്നെ ശുദ്ധീകരിക്കണമേ!
3: എന്റെ അതിക്രമങ്ങള്‍ ഞാനറിയുന്നു, എന്റെ പാപം എപ്പോഴുമെന്റെ കണ്‍മുമ്പിലുണ്ട്.
4: അങ്ങേയ്ക്കെതിരായി, അങ്ങേയ്ക്കുമാത്രമെതിരായി, ഞാന്‍ പാപംചെയ്തു; അങ്ങയുടെമുമ്പില്‍ ഞാന്‍ തിന്മ പ്രവത്തിച്ചു; അതുകൊണ്ട് അങ്ങയുടെ വിധിനിര്‍ണ്ണയത്തില്‍ അങ്ങു നീതിയുക്തനാണ്; അങ്ങയുടെ വിധിവാചകം കുറ്റമറ്റതാണ്.
5: പാപത്തോടെയാണു ഞാന്‍ പിറന്നത്; അമ്മയുടെ ഉദരത്തില്‍ ഉരുവായപ്പോഴേ ഞാന്‍ പാപിയാണ്.
6: ഹൃദയപരമാര്‍ത്ഥതയാണ് അങ്ങാഗ്രഹിക്കുന്നത്; ആകയാല്‍, എന്റെ അന്തഃരംഗത്തില്‍ ജ്ഞാനംപകരണമേ!
7: ഹിസോപ്പുകൊണ്ട് എന്നെ പവിത്രീകരിക്കണമേ! ഞാന്‍ നിര്‍മ്മലനാകും; എന്നെ കഴുകണമേ! ഞാന്‍ മഞ്ഞിനെക്കാള്‍ വെണ്മയുള്ളവനാകും.
8: എന്നെ സന്തോഷഭരിതനാക്കണമേ! അവിടുന്നു തകര്‍ത്ത എന്റെ അസ്ഥികളാനന്ദിക്കട്ടെ!
9: എന്റെ പാപങ്ങളില്‍നിന്നു മുഖം മറയ്ക്കണമേ! എന്റെ അകൃത്യങ്ങള്‍ മായിച്ചുകളയണമേ!
10: ദൈവമേ, നിര്‍മ്മലമായ ഹൃദയം എന്നില്‍ സൃഷ്ടിക്കണമേ! അചഞ്ചലമായൊരു നവചൈതന്യം എന്നില്‍ നിക്ഷേപിക്കണമേ!
11: അങ്ങയുടെ സന്നിധിയില്‍നിന്ന് എന്നെ തള്ളിക്കളയരുതേ! അങ്ങയുടെ പരിശുദ്ധാത്മാവിനെ എന്നില്‍നിന്നെടുത്തുകളയരുതേ!
12: അങ്ങയുടെ രക്ഷയുടെ സന്തോഷം എനിക്കു വീണ്ടുംതരണമേ! ഒരുക്കമുള്ള ഹൃദയംനല്കി എന്നെത്താങ്ങണമേ!
13: അപ്പോള്‍ അതിക്രമികളെ ഞാനങ്ങയുടെ വഴി പഠിപ്പിക്കും; പാപികള്‍ അങ്ങയിലേക്കു തിരിച്ചുവരും.
14: ദൈവമേ, എന്റെ രക്ഷയുടെ ദൈവമേ, രക്തപാതകത്തില്‍നിന്ന് എന്നെ രക്ഷിക്കണമേ! ഞാനങ്ങയുടെ രക്ഷയെ ഉച്ചത്തില്‍ പ്രകീര്‍ത്തിക്കും.
15: കര്‍ത്താവേ, എന്റെ അധരങ്ങളെ തുറക്കണമേ! എന്റെ നാവ്, അങ്ങയുടെ സ്തുതികളാലപിക്കും.
16: ബലികളില്‍ അങ്ങു പ്രസാദിക്കുന്നില്ല; ഞാന്‍ ദഹനബലിയര്‍പ്പിച്ചാല്‍ അങ്ങു സന്തുഷ്ടനാവുകയുമില്ല.
17: ഉരുകിയമനസ്സാണു ദൈവത്തിനു സ്വീകാര്യമായ ബലി; ദൈവമേ, നുറുങ്ങിയഹൃദയത്തെ അങ്ങു നിരസിക്കുകയില്ല..
18: അങ്ങു പ്രസാദിച്ച്, സീയോനു നന്മ ചെയ്യണമേ! ജറുസലെമിന്റെ കോട്ടകള്‍ പുതുക്കിപ്പണിയണമേ!
19: അപ്പോള്‍ അവിടുന്നു നിര്‍ദിഷ്ടബലികളിലും ദഹനബലികളിലും സമ്പൂര്‍ണ്ണദഹനബലികളിലും പ്രസാദിക്കും; അപ്പോള്‍ അങ്ങയുടെ ബലിപീഠത്തില്‍ കാളകളര്‍പ്പിക്കപ്പെടും.

അദ്ധ്യായം 52

അക്രമിയുടെ അവസാനം
ഗായകസംഘനേതാവിന്, ദാവീദിന്റെ പ്രബോധനഗീതം . ദാവീദ്, അഹിമെലെക്കിന്റെ വീട്ടിൽച്ചെന്നെന്ന്, എദോമ്യനായ ദോയഗ് സാവൂളിനോടു പറഞ്ഞപ്പോൾ പാടിയത്.
1: ശക്തനായ മനുഷ്യാ, ദൈവഭക്തര്‍ക്കെതിരേചെയ്ത ദുഷ്ടതയില്‍ നീയെന്തിനഹങ്കരിക്കുന്നു?
2: ദിവസം മുഴുവനും നീ വിനാശം നിരൂപിക്കുന്നു; വഞ്ചകാ, നിന്റെ നാവ്, മൂര്‍ച്ചയുള്ള ക്ഷൗരക്കത്തിപോലെയാണ്.
3: നന്മയെക്കാള്‍ തിന്മയും സത്യത്തെക്കാള്‍ വ്യാജവും നീ ഇഷ്ടപ്പെടുന്നു.
4: വഞ്ചനനിറഞ്ഞ നാവേ, വിനാശകരമായ വാക്കുകളാണു നിനക്കിഷ്ടം.
5: ദൈവം നിന്നെ എന്നേയ്ക്കുമായി തകര്‍ക്കും. നിന്റെ കൂടാരത്തില്‍നിന്ന് അവിടുന്നു നിന്നെ വലിച്ചെടുത്തു ചീന്തിക്കളയും; ജീവിക്കുന്നവരുടെ നാട്ടില്‍നിന്നു നിന്നെയവിടുന്നു വേരോടെ പിഴുതുകളയും.
6: നീതിമാന്മാര്‍ അതുകണ്ടു ഭയപ്പെടും; അവനെപ്പരിഹസിച്ച് അവര്‍ പറയും:
7: ഇതാ, ദൈവത്തില്‍ ശരണംവയ്ക്കാത്ത മനുഷ്യന്‍ ; സ്വന്തം സമ്പത്സമൃദ്ധിയില്‍ വിശ്വാസമര്‍പ്പിച്ചവന്‍ ‍; അക്രമത്തിലഭയംതേടിയവന്‍.
8: ദൈവത്തിന്റെ ഭവനത്തില്‍ തഴച്ചുവളരുന്ന ഒലിവുമരംപോലെയാണു ഞാന്‍; ദൈവത്തിന്റെ കാരുണ്യത്തില്‍ ഞാന്‍ എന്നേയ്ക്കുമാശ്രയിക്കുന്നു.
9: അങ്ങുനല്കിയ അനുഗ്രഹങ്ങളെപ്രതി ഞാന്‍ എന്നേയ്ക്കും അവിടുത്തോടു നന്ദിപറയും; അങ്ങയുടെ ഭക്തരുടെമുമ്പില്‍, ഞാനങ്ങയുടെ നാമം പ്രകീര്‍ത്തിക്കും; എന്തെന്നാല്‍ അതു ശ്രേഷ്ഠമാണ്.

അദ്ധ്യായം 53

ദൈവനിഷേധകന്റെ മൗഢ്യം
ഗായകസംഘനേതാവിന്, മഹലത് രാഗത്തിൽ ദാവീദിന്റെ പ്രബോധനഗീതം . 
1: ദൈവമില്ലെന്നു ഭോഷന്‍ തന്റെ ഹൃദയത്തില്‍പ്പറയുന്നു. മ്ലേച്ഛതയില്‍മുഴുകി അവര്‍ ദുഷിച്ചിരിക്കുന്നു, നന്മചെയ്യുന്നവരാരുമില്ല.
2: ദൈവം സ്വര്‍ഗ്ഗത്തില്‍നിന്നു മനുഷ്യമക്കളെ നോക്കുന്നു; ദൈവത്തെത്തേടുന്ന ജ്ഞാനികളുണ്ടോയെന്ന് അവിടുന്നാരായുന്നു.
3: എല്ലാവരും വഴിതെറ്റി, ഒന്നുപോലെ ദുഷിച്ചുപോയി, നന്മചെയ്യുന്നവനില്ല- ഒരുവന്‍പോലുമില്ല.
4: ഈ അധര്‍മ്മികള്‍ക്കു ബോധമില്ലേ? ഇവര്‍ എന്റെ ജനതയെ അപ്പംപോലെ തിന്നൊടുക്കുന്നു; ഇവര്‍ ദൈവത്തെ വിളിച്ചപേക്ഷിക്കുന്നില്ല.
5: അതാ, അവര്‍ പരിഭ്രാന്തരായിക്കഴിയുന്നു, ഇന്നോളം കണ്ടിട്ടില്ലാത്ത പരിഭ്രാന്തി! ദൈവം അധര്‍മ്മികളുടെ അസ്ഥികള്‍ ചിതറിക്കും; അവര്‍ ലജ്ജിതരാകും; ദൈവമവരെ കൈവെടിഞ്ഞിരിക്കുന്നു.
6: ഇസ്രായേലിന്റെ വിമോചനം സീയോനില്‍നിന്നു വന്നിരുന്നെങ്കില്‍! ദൈവം തന്റെ ജനത്തിന്റെ സുസ്ഥിതി പുനഃസ്ഥാപിക്കുമ്പോള്‍ യാക്കോബ് ആനന്ദിക്കും, ഇസ്രായേല്‍ സന്തോഷിക്കും.

അദ്ധ്യായം 54

ദൈവമെനിക്കു സഹായം
ഗായകസംഘനേതാവിന്, തന്ത്രീനാദത്തോടെ ദാവീദിന്റെ പ്രബോധനഗീതം . ദാവീദ്, തങ്ങളുടെയിടയിൽ ഒളിച്ചിരിക്കുന്നുവെന്ന്, സിഫ്യർചെന്നു സാവൂളിനോടുപറഞ്ഞപ്പോൾ പാടിയത്.
1: ദൈവമേ, അങ്ങയുടെ നാമത്താല്‍ എന്നെ രക്ഷിക്കണമേ! അങ്ങയുടെ ശക്തിയില്‍ എനിക്കു നീതി നടത്തിത്തരണമേ!
2: ദൈവമേ, എന്റെ പ്രാര്‍ത്ഥന കേള്‍ക്കണമേ! എന്റെ അധരങ്ങളില്‍നിന്നുതിരുന്ന വാക്കുകള്‍ ശ്രദ്ധിക്കണമേ!
3: അഹങ്കാരികള്‍ എന്നെയെതിര്‍ക്കുന്നു; നിര്‍ദ്ദയര്‍ എന്നെ വേട്ടയാടുന്നു; അവര്‍ക്കു ദൈവചിന്തയില്ല.
4: ഇതാ, ദൈവമാണെന്റെ സഹായകന്‍, കര്‍ത്താവാണെന്റെ ജീവന്‍ താങ്ങിനിര്‍ത്തുന്നവന്‍.
5: അവിടുന്ന് എന്റെ ശത്രുക്കളോടു തിന്മകൊണ്ടു പകരംവീട്ടും; അങ്ങയുടെ വിശ്വസ്തതയാല്‍ അവരെ സംഹരിച്ചുകളയണമേ!
6: ഞാനങ്ങേയ്ക്കു ഹൃദയപൂര്‍വ്വം ബലിയര്‍പ്പിക്കും; കര്‍ത്താവേ, അങ്ങയുടെ ശ്രേഷ്ഠമായ നാമത്തിനു ഞാന്‍ നന്ദിപറയും.
7: അങ്ങെന്നെ എല്ലാ കഷ്ടതകളിലുംനിന്നു മോചിപ്പിച്ചു; ശത്രുക്കളുടെ പരാജയം എന്റെ കണ്ണുകള്‍ കണ്ടു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ