നൂറ്റിയറുപത്തിനാലാം ദിവസം: സങ്കീര്‍ത്തനങ്ങള്‍ 39 - 45

. 
അദ്ധ്യായം 39

മനുഷ്യന്‍ നിഴല്‍മാത്രം
ഗായകസംഘനേതാവിന്, യെദുഥൂന്, ദാവീദിന്റെ സങ്കീർത്തനം 
1: ഞാന്‍ പറഞ്ഞു: നാവുകൊണ്ടു പാപംചെയ്യാതിരിക്കാന്‍ ഞാനെന്റെ വഴികള്‍ ശ്രദ്ധിക്കും; എന്റെ മുമ്പില്‍ ദുഷ്ടരുള്ളിടത്തോളംകാലം നാവിനു ഞാന്‍ കടിഞ്ഞാണിടും.
2: ഞാന്‍ മൂകനും നിശ്ശബ്ദനുമായിരുന്നു; എന്റെ നിശ്ശബ്ദത നിഷ്ഫലമായി, എന്റെ സങ്കടം വര്‍ദ്ധിച്ചുകൊണ്ടേയിരുന്നു,
3: എന്റെയുള്ളില്‍ ഹൃദയം തപിച്ചു; ഞാന്‍ ചിന്തിച്ചപ്പോള്‍ അതു കത്തിജ്വലിച്ചു; ഞാന്‍ സംസാരിച്ചു:
4: കര്‍ത്താവേ, അവസാനമെന്തെന്നും എന്റെ ആയുസ്സിന്റെ ദൈര്‍ഘ്യമെത്രയെന്നും എന്നെയറിയിക്കണമേ! എന്റെ ജീവിതം എത്ര ക്ഷണികമാണെന്നു ഞാനറിയട്ടെ! .
5: ഇതാ, അവിടുന്ന്, എന്റെ ദിവസങ്ങള്‍ ഏതാനുമംഗുലംമാത്രമാക്കിയിരിക്കുന്നു; എന്റെ ജീവിതകാലം അങ്ങയുടെ ദൃഷ്ടിയില്‍ ശൂന്യപ്രായമായിരിക്കുന്നു. മനുഷ്യന്‍ ഒരു നിശ്വാസംമാത്രം! .
6: മനുഷ്യന്‍ നിഴല്‍മാത്രമാണ്, അവന്റെ ബദ്ധപ്പാടു വെറുതെയാണ്, മനുഷ്യന്‍ സമ്പാദിച്ചുകൂട്ടുന്നു; ആരനുഭവിക്കുമെന്ന് അവനറിയുന്നില്ല.
7: കര്‍ത്താവേ, ഞാന്‍ എന്താണു കാത്തിരിക്കേണ്ടത്? എന്റെ പ്രത്യാശ അങ്ങയിലാണല്ലോ.
8: എന്റെ എല്ലാ അതിക്രമങ്ങളിലുംനിന്ന് എന്നെ മോചിപ്പിക്കണമേ! എന്നെ ഭോഷന്റെ നിന്ദയ്ക്കു പാത്രമാക്കരുതേ! .
9: ഞാന്‍ ഊമനാണ്; ഞാനെന്റെ വായ് തുറക്കുന്നില്ല; അവിടുന്നാണല്ലോ ഇതു വരുത്തിയത്.
10: ഇനിയുമെന്നെ പ്രഹരിക്കരുതേ! അവിടുത്തെ അടിയേറ്റു ഞാന്‍ തളര്‍ന്നിരിക്കുന്നു.
11: പാപംനിമിത്തം മനുഷ്യനെ അങ്ങു ശിക്ഷിക്കുമ്പോള്‍, അവനു പ്രിയങ്കരമായതിനെയെല്ലാം അവിടുന്നു കീടത്തെപ്പോലെ നശിപ്പിക്കുന്നു. മനുഷ്യന്‍ ഒരു നിശ്വാസംമാത്രം! .
12: കര്‍ത്താവേ, എന്റെ പ്രാര്‍ത്ഥന കേള്‍ക്കണമേ! എന്റെ നിലവിളി ചെവിക്കൊള്ളണമേ! ഞാന്‍ കണ്ണീരൊഴുക്കുമ്പോള്‍ അങ്ങ് അടങ്ങിയിരിക്കരുതേ! ഞാന്‍ അങ്ങേയ്ക്ക് അല്പനേരത്തേക്കുമാത്രമുള്ള അതിഥിയാണ്; എന്റെ പിതാക്കന്മാരെപ്പോലെ ഞാനുമൊരു പരദേശിയാണ്.
13: ഞാന്‍ മറഞ്ഞില്ലാതാകുന്നതിനു മുമ്പ്, സന്തോഷമെന്തെന്നറിയാന്‍ എന്നില്‍നിന്നു ദൃഷ്ടി പിന്‍വലിക്കണമേ!

അദ്ധ്യായം 40

ദൈവമേ, വൈകരുതേ!
ഗായകസംഘനേതാവിന്, ദാവീദിന്റെ സങ്കീർത്തനം 
1: ഞാന്‍ ക്ഷമാപൂര്‍വ്വം കര്‍ത്താവിനെ കാത്തിരുന്നു; അവിടുന്നു ചെവിചായിച്ച്, എന്റെ നിലവിളികേട്ടു.
2: ഭീകരമായ ഗര്‍ത്തത്തില്‍നിന്നും കുഴഞ്ഞചേറ്റില്‍നിന്നും അവിടുന്നെന്നെ കരകയറ്റി; എന്റെ പാദങ്ങള്‍ പാറയിലുറപ്പിച്ചു, കാല്‍വയ്പുകള്‍ സുരക്ഷിതമാക്കി.
3: അവിടുന്ന്, ഒരു പുതിയ ഗാനം എന്റെയധരങ്ങളില്‍ നിക്ഷേപിച്ചു, നമ്മുടെ ദൈവത്തിനൊരു സ്‌തോത്രഗീതം. പലരും കണ്ടുഭയപ്പെടുകയും കര്‍ത്താവില്‍ ശരണംവയ്ക്കുകയുംചെയ്യും.
4: കര്‍ത്താവിനെ ആശ്രയിക്കുന്നവന്‍ ഭാഗ്യവാന്‍ ‍; വഴിതെറ്റി വ്യാജദേവന്മാരെയനുഗമിക്കുന്ന അഹങ്കാരികളിലേക്ക് അവന്‍ തിരിയുന്നില്ല.
5: ദൈവമായ അങ്ങ്, എത്ര അദ്ഭുതങ്ങള്‍ ഞങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചു! ഞങ്ങളുടെ കാര്യത്തില്‍ അങ്ങെത്ര ശ്രദ്ധാലുവായിരുന്നു! അങ്ങേയ്ക്കു തുല്യനായി ആരുമില്ല. ഞാന്‍ അവയെ വിവരിക്കാനും പ്രഘോഷിക്കാനും തുനിഞ്ഞാല്‍, അവ അസംഖ്യമാണല്ലോ.
6: ബലികളും കാഴ്ചകളും അവിടുന്നാഗ്രഹിക്കുന്നില്ല; എന്നാല്‍, അവിടുന്നെന്റെ കാതുകള്‍ തുറന്നുതന്നു. ദഹനബലിയും പാപപരിഹാരബലിയും അവിടുന്നാവശ്യപ്പെട്ടില്ല.
7: അപ്പോള്‍ ഞാന്‍ പറഞ്ഞു: ഇതാ ഞാന്‍ വരുന്നു; പുസ്തകച്ചുരുളില്‍ എന്നെപ്പറ്റിയെഴുതിയിട്ടുണ്ട്.
8: എന്റെ ദൈവമേ, അങ്ങയുടെ ഹിതം നിറവേറ്റുകയാണെന്റെ സന്തോഷം, അങ്ങയുടെ നിയമം എന്റെ ഹൃദയത്തിലുണ്ട്.
9: ഞാന്‍ മഹാസഭയില്‍ വിമോചനത്തിന്റെ സന്തോഷവാര്‍ത്ത അറിയിച്ചു; കര്‍ത്താവേ, അങ്ങേയ്ക്കറിയാവുന്നതുപോലെ ഞാനെന്റെ അധരങ്ങളെ അടക്കിനിറുത്തിയില്ല.
10: അവിടുത്തെ രക്ഷാകരമായ സഹായത്തെ, ഞാന്‍ ഹൃദയത്തിലൊളിച്ചുവച്ചിട്ടില്ല; അങ്ങയുടെ വിശ്വസ്തതയെയും രക്ഷയെയുംപറ്റി ഞാന്‍ സംസാരിച്ചു; അവിടുത്തെ കാരുണ്യവും വിശ്വസ്തതയും മഹാസഭയില്‍ ഞാന്‍ മറച്ചുവച്ചില്ല.
11: കര്‍ത്താവേ, അങ്ങയുടെ കാരുണ്യം എന്നില്‍നിന്നു പിന്‍വലിക്കരുതേ! അവിടുത്തെ സ്നേഹവും വിശ്വസ്തതയും എന്നെ സംരക്ഷിക്കട്ടെ!
12: എണ്ണമറ്റ അനര്‍ത്ഥങ്ങള്‍ എന്നെ ചുറ്റിയിരിക്കുന്നു; എന്റെ കാഴ്ചനഷ്ടപ്പെടത്തക്കവിധം എന്റെ ദുഷ്‌കൃത്യങ്ങള്‍ എന്നെപ്പൊതിഞ്ഞു; അവ എന്റെ തലമുടിയിഴകളെക്കാള്‍ അധികമാണ്; എനിക്കു ധൈര്യം നഷ്ടപ്പെടുന്നു.
13: കര്‍ത്താവേ, എന്നെ മോചിപ്പിക്കാന്‍ കനിവുണ്ടാകണമേ! കര്‍ത്താവേ, എന്നെ സഹായിക്കാന്‍ വേഗംവരണമേ!
14: എന്റെ ജീവനപഹരിക്കാന്‍ ശ്രമിക്കുന്നവര്‍ ലജ്ജിച്ചു പരിഭ്രാന്തരാകട്ടെ! എനിക്കു ദ്രോഹമാഗ്രഹിക്കുന്നവര്‍ അപമാനിതരായി പിന്തിരിയട്ടെ!
15: ഹാ! ഹാ! എന്ന് എന്നെപ്പരിഹസിച്ചു പറയുന്നവര്‍ ലജ്ജകൊണ്ടു സ്തബ്ദ്ധരാകട്ടെ!
16: അങ്ങയെ അന്വേഷിക്കുന്നവര്‍ അങ്ങയില്‍ സന്തോഷിച്ചുല്ലസിക്കട്ടെ! അങ്ങയുടെ രക്ഷയെ സ്‌നേഹിക്കുന്നവര്‍ കര്‍ത്താവു വലിയവനാണെന്നു നിരന്തരമുദ്‌ഘോഷിക്കട്ടെ!
17: ഞാന്‍ ദരിദ്രനും പാവപ്പെട്ടവനുമാണ്; എങ്കിലും കര്‍ത്താവിന് എന്നെപ്പറ്റി കരുതലുണ്ട്; അങ്ങെന്റെ സഹായകനും വിമോചകനുമാണ്; എന്റെ ദൈവമേ, വൈകരുതേ!

അദ്ധ്യായം 41

രോഗശയ്യയില്‍ ആശ്വാസം
ഗായകസംഘനേതാവിന്, ദാവീദിന്റെ സങ്കീർത്തനം 
1: ദരിദ്രരോടു ദയകാണിക്കുന്നവന്‍ ഭാഗ്യവാന്‍. കഷ്ടതയുടെ നാളുകളില്‍ അവനെ കര്‍ത്താവു രക്ഷിക്കും.
2: കര്‍ത്താവവനെ പരിപാലിക്കുകയും അവന്റെ ജീവന്‍ സംരക്ഷിക്കുകയുംചെയ്യും. അവന്‍ ഭൂമിയിലനുഗൃഹീതനായിരിക്കും; അവിടുന്നവനെ ശത്രുക്കള്‍ക്കു വിട്ടുകൊടുക്കുകയില്ല.
3: കര്‍ത്താവവനു രോഗശയ്യയില്‍ ആശ്വാസംപകരും; അവിടുന്നവനു രോഗശാന്തി നല്കും.
4: ഞാന്‍ പറഞ്ഞു: കര്‍ത്താവേ, എന്നോടു കൃപതോന്നണമേ. എന്നെ സുഖപ്പെടുത്തണമേ; ഞാന്‍ അങ്ങേയ്ക്കെതിരായി പാപംചെയ്തുപോയി.
5: എന്റെ ശത്രുക്കള്‍ എന്നെക്കുറിച്ചു ദുഷ്ടതയോടെ പറയുന്നു: അവൻ, എപ്പോള്‍ മരിക്കും? അവന്റെ നാമം എപ്പോളില്ലാതാകും? .
6: എന്നെക്കാണാന്‍ വരുന്നവന്‍ പൊള്ളവാക്കുകള്‍ പറയുന്നു; എന്നാല്‍, ഹൃദയത്തില്‍ തിന്മ നിരൂപിക്കുന്നു; അവന്‍ പുറത്തിറങ്ങി, അതു പറഞ്ഞുപരത്തുന്നു.
7: എന്നെ വെറുക്കുന്നവര്‍ ഒന്നുചേര്‍ന്ന് എന്നെക്കുറിച്ചു പിറുപിറുക്കുന്നു; അവരെന്നെ അങ്ങേയറ്റം ദ്രോഹിക്കാന്‍ വട്ടംകൂട്ടുന്നു.
8: മാരകമായ വ്യാധി അവനെ പിടികൂടിയിരിക്കുന്നു; അവനിനി എഴുന്നേല്‍ക്കുകയില്ലെന്ന് അവര്‍ പറയുന്നു.
9: ഞാന്‍ വിശ്വസിച്ചവനും എന്റെ ഭക്ഷണത്തില്‍ പങ്കുചേര്‍ന്നവനുമായ എന്റെ പ്രാണസ്നേഹിതന്‍പോലും എനിക്കെതിരായി കുതികാലുയര്‍ത്തിയിരിക്കുന്നു.
10: കര്‍ത്താവേ, എന്നോടു കൃപതോന്നണമേ! എന്നെയെഴുന്നേല്പിക്കണമേ! ഞാനവരോടു പകരംചോദിക്കട്ടെ!
11: എന്റെ ശത്രു എന്റെമേല്‍ വിജയംനേടിയില്ല, അതിനാല്‍‍, അവിടുന്നെന്നില്‍ പ്രസാദിച്ചിരിക്കുന്നുവെന്നു ഞാനറിയുന്നു.
12: എന്നാല്‍, എന്റെ നിഷ്‌കളങ്കതനിമിത്തം അവിടുന്നെന്നെ താങ്ങുകയും എന്നേയ്ക്കുമായി അങ്ങയുടെ സന്നിധിയില്‍ ഉറപ്പിച്ചു നിറുത്തുകയുംചെയ്തു.
13: ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് എന്നേയ്ക്കും വാഴ്ത്തപ്പെടട്ടെ! ആമേന്‍, ആമേന്‍.

അദ്ധ്യായം 42

ദൈവത്തിനുവേണ്ടി ദാഹിക്കുന്നു
ഗായകസംഘനേതാവിന്, കോറഹിന്റെ പുത്രന്മാരുടെ ഒരു പ്രബോധനഗീതം. 
1: നീര്‍ച്ചാല്‍തേടുന്ന മാന്‍പേടയെപ്പോലെ, ദൈവമേ, എന്റെ ഹൃദയം അങ്ങയെത്തേടുന്നു.
2: എന്റെ ഹൃദയം ദൈവത്തിനായി ദാഹിക്കുന്നു; ജീവിക്കുന്ന ദൈവത്തിനുവേണ്ടിത്തന്നെ. എപ്പോഴാണെനിക്കു ദൈവസന്നിധിയിലെത്തി അവിടുത്തെ കാണാന്‍കഴിയുക!
3: രാപകല്‍ കണ്ണീര്‍ എന്റെ ഭക്ഷണമായി; എവിടെ നിന്റെ ദൈവമെന്ന് ഓരോരുത്തര്‍ നിരന്തരമെന്നോടു ചോദിച്ചു.
4: ജനക്കൂട്ടത്തോടൊപ്പം ഞാന്‍ പോയി; ദേവാലയത്തിലേക്കു ഞാനവരെ ഘോഷയാത്രയായി നയിച്ചു. ആഹ്ലാദാരവവും കൃതജ്ഞതാഗീതങ്ങളുമുയര്‍ന്നു; ജനം ആര്‍ത്തുല്ലസിച്ചു; ഹൃദയം പൊട്ടിക്കരയുമ്പോള്‍ ഞാനിതെല്ലാമോര്‍ക്കുന്നു.
5: എന്റെയാത്മാവേ, നീയെന്തിനു വിഷാദിക്കുന്നു? നീയെന്തിനു നെടുവീര്‍പ്പിടുന്നു? ദൈവത്തില്‍ പ്രത്യാശവയ്ക്കുക. എന്റെ സഹായവും ദൈവവുമായ അവിടുത്തെ ഞാന്‍ വീണ്ടും പുകഴ്ത്തും.
6: എന്റെ ആത്മാവു വിഷാദംപൂണ്ടിരിക്കുന്നു; അതിനാല്‍ ജോര്‍ദ്ദാന്‍പ്രദേശത്തും ഹെര്‍മോണിലും മിസാര്‍മലയിലുംവച്ച് അങ്ങയെ ഞാനനുസ്മരിക്കുന്നു.
7: അങ്ങയുടെ വെള്ളച്ചാട്ടങ്ങളുടെ ഇരമ്പല്‍കൊണ്ട്, ആഴം ആഴത്തെ വിളിക്കുന്നു. അങ്ങയുടെ തിരമാലകളും ഓളങ്ങളും എന്റെമീതേ കടന്നുപോകുന്നു.
8: കര്‍ത്താവു പകല്‍സമയത്തു തന്റെ കാരുണ്യം വര്‍ഷിക്കുന്നു; രാത്രികാലത്ത്, അവിടുത്തേക്കു ഞാന്‍ ഗാനമാലപിക്കും. എന്റെ ജീവന്റെ ദൈവത്തോടുള്ള പ്രാര്‍ത്ഥനതന്നെ.
9: അവിടുന്നെന്നെ മറന്നതെന്തുകൊണ്ട്, ശത്രുവിന്റെ പീഡനംമൂലം എനിക്കു വിലപിക്കേണ്ടിവന്നതെന്തുകൊണ്ടെന്ന് എന്റെ രക്ഷാശിലയായ ദൈവത്തോടു ഞാന്‍ ചോദിക്കും.
10: നിന്റെ ദൈവമെവിടെ എന്നു ശത്രുക്കളെന്നോടു ചോദിക്കുന്നു; മാരകമായ മുറിവുപോലെ ആ നിന്ദനം ഞാനേല്‍ക്കുന്നു.
11: എന്റെയാത്മാവേ, നീയെന്തിനു വിഷാദിക്കുന്നു, നീയെന്തിനു നെടുവീര്‍പ്പിടുന്നു? ദൈവത്തില്‍ പ്രത്യാശ വയ്ക്കുക; എന്റെ സഹായവും ദൈവവുമായ അവിടുത്തെ ഞാന്‍ വീണ്ടും പുകഴ്ത്തും.

അദ്ധ്യായം 43

വെളിച്ചമേ, നയിച്ചാലും.

1: ദൈവമേ, എനിക്കു നീതി നടത്തിത്തരണമേ! അധര്‍മ്മികള്‍ക്കെതിരേ എനിക്കുവേണ്ടി വാദിക്കണമേ! വഞ്ചകരും നീതിരഹിതരുമായവരില്‍നിന്ന് എന്നെ മോചിപ്പിക്കണമേ! .
2: ദൈവമേ, ഞാനഭയംതേടിയിരിക്കുന്നത് അങ്ങയിലാണല്ലോ, അങ്ങെന്നെ പുറന്തള്ളിയതെന്തുകൊണ്ട്? ശത്രുവിന്റെ പീഡനംമൂലം എനിക്കു വിലപിക്കേണ്ടിവന്നതെന്തുകൊണ്ട്?
3: അങ്ങയുടെ പ്രകാശവും സത്യവുമയയ്ക്കണമേ! അവയെന്നെ നയിക്കട്ടെ, അവിടുത്തെ വിശുദ്ധഗിരിയിലേക്കും നിവാസത്തിലേക്കും അവയെന്നെ നയിക്കട്ടെ.
4: അപ്പോള്‍ ഞാന്‍ ദൈവത്തിന്റെ ബലിപീഠത്തിങ്കലേക്കു ചെല്ലും, എന്റെ പരമാനന്ദമായ ദൈവത്തിങ്കലേക്കുതന്നെ; ദൈവമേ, എന്റെ ദൈവമേ, കിന്നരംകൊണ്ട് അങ്ങയെ ഞാന്‍ സ്തുതിക്കും.
5: എന്റെയാത്മാവേ, നീയെന്തിനു വിഷാദിക്കുന്നു, നീയെന്തിനു നെടുവീര്‍പ്പിടുന്നു? ദൈവത്തില്‍ പ്രത്യാശവയ്ക്കുക. എന്റെ സഹായവും ദൈവവുമായ അവിടുത്തെ ഞാന്‍ വീണ്ടും പുകഴ്ത്തും. 

അദ്ധ്യായം 44

പരാജിതജനതയുടെ വിലാപം
ഗായകസംഘനേതാവിന്, കോറഹിന്റെ പുത്രന്മാരുടെ ഒരു പ്രബോധനഗീതം. 
1: ദൈവമേ, പൂര്‍വ്വകാലങ്ങളില്‍ ഞങ്ങളുടെ പിതാക്കന്മാര്‍ക്കുവേണ്ടി, അങ്ങുചെയ്ത പ്രവൃത്തികള്‍ അവര്‍ ഞങ്ങള്‍ക്കു വിവരിച്ചുതന്നിട്ടുണ്ട്; അതു ഞങ്ങള്‍ കേട്ടിട്ടുമുണ്ട്.
2: അവരെ നട്ടുപിടിപ്പിക്കാന്‍ അവിടുന്നു സ്വന്തം കരത്താല്‍ ജനതകളെ പുറത്താക്കി; അവര്‍ക്കിടംനല്കാന്‍ അവിടുന്നു രാജ്യങ്ങളെ പീഡിപ്പിച്ചു.
3: വാളുകൊണ്ടല്ല അവര്‍ നാടു പിടിച്ചടക്കിയത്; കരബലംകൊണ്ടല്ല അവര്‍ വിജയംവരിച്ചത്; അവിടുത്തെ വലത്തുകൈയും ഭുജവും മുഖപ്രകാശവുംകൊണ്ടത്രേ; അങ്ങവരില്‍ പ്രസാദിച്ചു.
4: അവിടുന്നാണെന്റെ രാജാവും ദൈവവും; അവിടുന്നാണു യാക്കോബിനു വിജയങ്ങള്‍ നല്കുന്നത്.
5: അങ്ങയുടെ സഹായത്താല്‍ ശത്രുക്കളെ ഞങ്ങള്‍ തള്ളിവീഴ്ത്തുന്നു; ഞങ്ങളെ ആക്രമിക്കുന്നവരെ ഞങ്ങള്‍ അങ്ങയുടെ നാമംവിളിച്ചു ചവിട്ടിമെതിക്കുന്നു.
6: വില്ലിലല്ല ഞാന്‍ ശരണംവച്ചത്; വാളിനെന്നെ രക്ഷിക്കാന്‍ കഴിയുകയുമില്ല.
7: എന്നാല്‍, അവിടുന്നു ഞങ്ങളെ ശത്രുക്കളില്‍നിന്നു രക്ഷിച്ചു; ഞങ്ങളെ വെറുക്കുന്നവരെ സംഭ്രമിപ്പിച്ചു.
8: ഞങ്ങള്‍ ദൈവത്തില്‍ നിരന്തരം അഭിമാനംകൊണ്ടു; അങ്ങയുടെ നാമത്തിനു ഞങ്ങള്‍ എന്നും നന്ദിപറയും.
9: എന്നിട്ടും അവിടുന്നു ഞങ്ങളെ തള്ളിക്കളയുകയും അപമാനത്തിലാഴ്ത്തുകയും ചെയ്തു; ഞങ്ങളുടെ സൈന്യങ്ങളോടൊപ്പം വന്നതുമില്ല.
10: ശത്രുവിന്റെമുമ്പില്‍ തോറ്റോടാന്‍ അവിടുന്നു ഞങ്ങള്‍ക്കിടവരുത്തി; അവര്‍ ഞങ്ങളെ കൊള്ളയടിച്ചു.
11: അവിടുന്നു ഞങ്ങളെ കൊല്ലാനുള്ള ആടുകളെപ്പോലെയാക്കി; ജനതകളുടെയിടയില്‍ ഞങ്ങളെ ചിതറിച്ചു.
12: അവിടുന്നു സ്വന്തം ജനത്തെ തുച്ഛവിലയ്ക്കു വിറ്റു; അവിടുന്നവര്‍ക്കു വിലകല്പിച്ചില്ല.
13: അവിടുന്നു ഞങ്ങളെ അയല്‍ക്കാര്‍ക്ക് അപമാനപാത്രവും, ചുറ്റുമുള്ളവര്‍ക്കു നിന്ദാവിഷയവും പരിഹാസപാത്രവുമാക്കി.
14: അവിടുന്നു ഞങ്ങളെ ജനതകള്‍ക്കിടയില്‍ പഴമൊഴിയാക്കി; രാജ്യങ്ങള്‍ക്കിടയില്‍ ഞങ്ങള്‍ അവഹേളിതരായി.
15: ദിവസംമുഴുവന്‍ എന്റെയപമാനം എന്റെ മുമ്പിലുണ്ട്; ലജ്ജ എന്റെ മുഖത്തെ ആവരണംചെയ്യുന്നു.
16: നിന്ദകരുടെയും ദൂഷകരുടെയും വാക്കുകള്‍കൊണ്ടും, ശത്രുവിന്റെയും പ്രതികാരേച്ഛുവിന്റെയും ദര്‍ശനംകൊണ്ടുംതന്നെ.
17: ഞങ്ങള്‍ അങ്ങയെ മറന്നില്ല; അങ്ങയുടെ ഉടമ്പടിയോട് അവിശ്വസ്തത കാണിച്ചില്ല; എന്നിട്ടും ഇതു ഞങ്ങള്‍ക്കു സംഭവിച്ചു.
18: ഞങ്ങളുടെ ഹൃദയം പിന്തിരിയുകയോ ഞങ്ങളുടെ കാലടികള്‍ അങ്ങയുടെ വഴി വിട്ടുമാറുകയോ ചെയ്തില്ല.
19: എന്നിട്ടും അവിടുന്നു ഞങ്ങളെ കുറുനരികളുടെ സങ്കേതത്തില്‍ ചിതറിക്കുകയും കൂരിരുട്ടുകൊണ്ടു ഞങ്ങളെ മൂടുകയുംചെയ്തു.
20: ഞങ്ങള്‍ ഞങ്ങളുടെ ദൈവത്തിന്റെ നാമത്തെ മറക്കുകയോ അന്യദേവന്റെമുമ്പില്‍ കൈകള്‍ വിരിച്ചു നില്‍ക്കുകയോ ചെയ്തിരുന്നെങ്കില്‍,
21: അതു ദൈവത്തിന്റെ കണ്ണില്‍പ്പെടാതിരിക്കുമോ? ഹൃദയരഹസ്യങ്ങള്‍ അവിടുത്തേയ്ക്കറിയാമല്ലോ.
22: ഞങ്ങള്‍ അങ്ങയെപ്രതി എല്ലായ്‌പ്പോഴും വധിക്കപ്പെടുന്നു; അറക്കാനുള്ള ആടുകളായി ഞങ്ങള്‍ കരുതപ്പെടുന്നു.
23: കര്‍ത്താവേ, ഉണര്‍ന്നെഴുന്നേല്‍ക്കണമേ! അവിടുന്നുറങ്ങുന്നതെന്ത്? ഉണരണമേ! എന്നേക്കുമായി ഞങ്ങളെ തള്ളിക്കളയരുതേ! .
24: അവിടുന്നു മുഖംമറയ്ക്കുന്നതെന്ത്? ഞങ്ങളേല്ക്കുന്ന പീഡനങ്ങളും മര്‍ദ്ദനങ്ങളും അവിടുന്നു മറക്കുന്നതെന്ത്?
25: ഞങ്ങള്‍ പൂഴിയോളം താണിരിക്കുന്നു; ഞങ്ങളുടെ ശരീരം നിലംപറ്റിയിരിക്കുന്നു.
26: ഉണര്‍ന്നു ഞങ്ങളുടെ സഹായത്തിനു വരണമേ! അവിടുത്തെ കാരുണ്യത്തെപ്രതി ഞങ്ങളെ മോചിപ്പിക്കണമേ! 

അദ്ധ്യായം 45

രാജകീയവിവാഹം
ഗായകസംഘനേതാവിന്, ലില്ലികൾ എന്ന രാഗത്തിൽ, കോറഹിന്റെ പുത്രന്മാരുടെ ഒരു പ്രബോധനഗീതം. 
1: എന്റെ ഹൃദയത്തില്‍ ഉദാത്തമായ ആശയം തുടിച്ചുനില്‍ക്കുന്നു; ഈ ഗീതം ഞാന്‍ രാജാവിനു സമര്‍പ്പിക്കുന്നു; തയ്യാറായിരിക്കുന്ന എഴുത്തുകാരന്റെ തൂലികയ്ക്കു തുല്യമാണെന്റെ നാവ്.
2: നീ മനുഷ്യമക്കളില്‍ ഏറ്റവും സുന്ദരന്‍, നിന്റെ അധരങ്ങളില്‍ വചോവിലാസം തുളുമ്പുന്നു; ദൈവം നിന്നെ എന്നേയ്ക്കുമായി അനുഗ്രഹിച്ചിരിക്കുന്നു.
3: വീരപുരുഷാ, മഹത്വത്തിന്റെയും തേജസ്സിന്റെയും വാള്‍, അരയില്‍ ധരിക്കുക.
4: സത്യത്തിനും നീതിയുടെ സംരക്ഷണത്തിനുംവേണ്ടി പ്രതാപത്തോടെ വിജയത്തിലേക്കു മുന്നേറുക. നിന്റെ വലത്തുകൈ ഭീതിവിതയ്ക്കട്ടെ!
5: രാജശത്രുക്കളുടെ ഹൃദയത്തില്‍ നിന്റെ കൂരമ്പുകള്‍ തറച്ചുകയറും; ജനതകള്‍ നിന്റെ കീഴിലമരും.
6: നിന്റെ ദിവ്യസിംഹാസനം എന്നേയ്ക്കും നിലനില്‍ക്കുന്നു; നിന്റെ ചെങ്കോല്‍ നീതിയുടെ ചെങ്കോലാണ്.
7: നീ നീതിയെ സ്നേഹിക്കുകയും ദുഷ്ടതയെ വെറുക്കുകയും ചെയ്യുന്നു; ആകയാല്‍ ദൈവം, നിന്റെ ദൈവം, നിന്നെ മറ്റുള്ളവരില്‍നിന്നുയര്‍ത്തി ആനന്ദത്തിന്റെ തൈലംകൊണ്ട് അഭിഷേകം ചെയ്തു.
8: നിന്റെയങ്കി നറുംപശയും ചന്ദനവും ലവംഗവുംകൊണ്ട്‌ സുരഭിലമായിരിക്കുന്നു; ദന്തനിര്‍മ്മിതമായ കൊട്ടാരങ്ങളില്‍നിന്ന് തന്ത്രീനാദം നിന്നെയാനന്ദിപ്പിക്കുന്നു.
9: നിന്റെ അന്തഃപുരവനിതകളില്‍ രാജകുമാരിമാരുണ്ട്; നിന്റെ വലത്തുവശത്ത് ഓഫീര്‍സ്വര്‍ണ്ണമണിഞ്ഞ രാജ്ഞി നില്ക്കുന്നു.
10: മകളേ, കേള്‍ക്കുക, ചെവിചായിച്ചു ശ്രദ്ധിക്കുക; നിന്റെ ജനത്തെയും പിതൃഭവനത്തെയും മറക്കുക.
11: അപ്പോള്‍ രാജാവു നിന്റെ സൗന്ദര്യത്തിലാകൃഷ്ടനാകും, അവന്‍ നിന്റെ നാഥനാണ്, അവനെ വണങ്ങുക.
12: ടയിര്‍നിവാസികള്‍ നിന്റെ പ്രീതികാംക്ഷിച്ച് ഉപഹാരങ്ങളര്‍പ്പിക്കും.
13: ധനികന്മാര്‍ എല്ലാവിധ സമ്പത്തും കാഴ്ചവയ്ക്കും; രാജകുമാരി സ്വര്‍ണ്ണക്കസവുടയാടചാര്‍ത്തി അന്തഃപുരത്തിലിരിക്കുന്നു.
14: വര്‍ണ്ണശബളമായ അങ്കിയണിയിച്ച് അവളെ രാജസന്നിധിയിലേക്ക് ആനയിക്കുന്നു; കന്യകമാരായ തോഴിമാര്‍ അവള്‍ക്ക് അകമ്പടിസേവിക്കുന്നു.
15: ആഹ്ലാദഭരിതരായി അവര്‍ രാജകൊട്ടാരത്തില്‍ പ്രവേശിക്കുന്നു.
16: നിന്റെ പുത്രന്മാര്‍ പിതാക്കന്മാരുടെ സ്ഥാനത്ത് അവരോധിക്കപ്പെടും; ഭൂമിയിലെങ്ങും നീ അവരെ അധിപതികളായി വാഴിക്കും.
17: തലമുറതോറും നിന്റെ നാമം കീര്‍ത്തിക്കപ്പെടാന്‍ ഞാനിടയാക്കും; ജനതകള്‍ നിന്നെ എന്നേയ്ക്കും പ്രകീര്‍ത്തിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ