നൂറ്റിയെഴുപത്തൊമ്പതാം ദിവസം: സുഭാഷിതങ്ങള്‍ 1 - 4


അദ്ധ്യായം 1

പുസ്തകത്തിന്റെ ഉദ്ദേശ്യം  

1: ദാവീദിന്റെ മകനും ഇസ്രായേല്‍രാജാവുമായ സോളമന്റെ സുഭാഷിതങ്ങള്‍: 
2: മനുഷ്യര്‍ ജ്ഞാനവും പ്രബോധനവും ഗ്രഹിക്കാനും, 
3: ഉള്‍ക്കാഴ്ചതരുന്ന വാക്കുകള്‍ മനസ്സിലാക്കാനും, വിവേകപൂര്‍ണ്ണമായ പെരുമാറ്റം, ധര്‍മ്മം, നീതി, ന്യായം എന്നിവ ശീലിക്കാനും, 
4: സരളഹൃദയര്‍ക്കു വിവേകവും യുവജനങ്ങള്‍ക്ക് അറിവും വിവേചനാശക്തിയും പ്രദാനംചെയ്യാനും, 
5: വിവേകി ശ്രദ്ധിച്ചുകേട്ട്, അറിവുവര്‍ദ്ധിപ്പിക്കാനും, 
6: ധാരണാശക്തിയുള്ളവന്‍ പഴമൊഴി, അലങ്കാരപ്രയോഗം, ജ്ഞാനികളുടെ സൂക്തങ്ങള്‍, അവരുടെ കടങ്കഥകളെന്നിവ ഗ്രഹിക്കാന്‍തക്ക കഴിവുനേടാനുമത്രേ ഇവ. 
7: ദൈവഭക്തിയാണ് അറിവിന്റെയുറവിടം; ഭോഷന്മാര്‍ ജ്ഞാനത്തെയും പ്രബോധനത്തെയും പുച്ഛിക്കുന്നു. ദുഷ്ടസമ്പര്‍ക്കം വെടിയുക. 
8: മകനേ, നിന്റെ പിതാവിന്റെ പ്രബോധനം ചെവിക്കൊള്ളുക; മാതാവിന്റെയുപദേശം നിരസിക്കരുത്. 
9: അവ, നിന്റെ ശിരസ്സിനു വിശിഷ്ട ഹാരവും കഴുത്തിനു പതക്കങ്ങളുമത്രേ. 
10: മകനേ, പാപികളുടെ പ്രലോഭനത്തിനു വഴങ്ങരുത്. 
11: അവര്‍ പറഞ്ഞേക്കാം; വരുക; പതിയിരുന്നു കൊലചെയ്യാം; നിഷ്‌കളങ്കരെ ക്രൂരമായി കുരുക്കില്‍പ്പെടുത്താം. 
12: അവരെ പാതാളമെന്നപോലെ നമുക്കു ജീവനോടെ വിഴുങ്ങാം; അവര്‍ ഗര്‍ത്തത്തില്‍പ്പതിക്കുന്നവരെപ്പോലെയാകും. 
13: വിലയേറിയ വിഭവങ്ങള്‍ നമുക്കു ലഭിക്കും; കൊള്ളമുതല്‍കൊണ്ട് നമുക്കു വീടു നിറയ്ക്കാം. 
14: ഞങ്ങളോടു പങ്കുചേരുക; നമുക്ക്, ഒരു പണസ്സഞ്ചിമാത്രം. 
15: മകനേ, നീ അവരുടെ വഴിയേ പോകരുത്; അവരുടെ മാര്‍ഗ്ഗത്തില്‍നിന്ന് ഒഴിഞ്ഞുമാറുക. 
16: അവരുടെ പാദങ്ങള്‍ തിന്മയിലേക്കു പായുന്നു; ചോരചിന്താന്‍ അവര്‍ വെമ്പല്‍കൊള്ളുന്നു. 
17: പക്ഷികാണ്‍കേ, അതിനു വലവയ്ക്കുന്നതു നിഷ്ഫലമാണല്ലോ; 
18: ഇവര്‍ പതിയിരിക്കുന്നതു സ്വന്തം രക്തത്തിനുവേണ്ടിയാണ്; സ്വന്തം ജീവനുതന്നെ അവര്‍ കെണിവയ്ക്കുന്നു. 
19: അക്രമത്തിലൂടെ നേട്ടമുണ്ടാക്കുന്നവരുടെയെല്ലാം ഗതിയിതാണ്; അതവരുടെതന്നെ ജീവനെയപഹരിക്കുന്നു. 

ജ്ഞാനത്തിന്റെ ആഹ്വാനം 

20: ജ്ഞാനം തെരുവില്‍നിന്ന് ഉച്ചത്തില്‍ വിളിച്ചറിയിക്കുന്നു; ചന്തസ്ഥലങ്ങളില്‍ അവളുദ്‌ഘോഷിക്കുന്നു. 
21: കോട്ടമുകളില്‍ നിന്നുകൊണ്ട് അവള്‍ പ്രഖ്യാപിക്കുന്നു; നഗരകവാടങ്ങളില്‍നിന്ന് അവള്‍ സംസാരിക്കുന്നു. 
22: ഭോഷരേ, നിങ്ങള്‍ എത്രനാള്‍ ഭോഷരായിക്കഴിയും? എത്രനാള്‍ പരിഹാസകര്‍ പരിഹാസത്തില്‍ ആഹ്ലാദിക്കുകയും, മൂഢര്‍ അറിവിനെ നിന്ദിക്കുകയുംചെയ്യും? 
23: എന്റെ ശാസന ശ്രദ്ധിക്കുക; എന്റെ ചിന്തകള്‍ ഞാന്‍ നിങ്ങള്‍ക്കു പകര്‍ന്നുതരാം; എന്റെ വാക്കുകള്‍ ഞാന്‍ നിങ്ങള്‍ക്കു മനസ്സിലാക്കിത്തരാം. 
24: ഞാന്‍ വിളിച്ചിട്ടും നിങ്ങള്‍ ശ്രദ്ധിക്കാന്‍ വിസമ്മതിച്ചു; ഞാന്‍ കൈനീട്ടിയിട്ടും ആരും ഗൗനിച്ചില്ല. 
25: നിങ്ങള്‍ എന്റെയുപദേശം അപ്പാടെയവഗണിക്കുകയും എന്റെ ശാസന, നിരാകരിക്കുകയുംചെയ്തു. 
26: അതിനാല്‍ ഞാനും നിങ്ങളുടെയനര്‍ത്ഥത്തില്‍ നിങ്ങളെ പരിഹസിക്കും. 
27: പരിഭ്രാന്തി നിങ്ങളെ പിടികൂടി, കൊടുങ്കാറ്റുപോലെ പ്രഹരിക്കുമ്പോള്‍, അത്യാഹിതം ചുഴലിക്കാറ്റുപോലെവന്നെത്തുമ്പോള്‍, ദുരിതവും വേദനയും നിങ്ങളെ ബാധിക്കുമ്പോള്‍ ഞാന്‍ നിങ്ങളെ പരിഹസിക്കും. 
28: അപ്പോള്‍ അവരെന്നെ വിളിക്കും; ഞാന്‍ വിളി കേള്‍ക്കുകയില്ല. ജാഗരൂകതയോടെ എന്നെയന്വേഷിക്കും; കണ്ടെത്തുകയില്ല. 
29: അവര്‍ അറിവിനെ വെറുത്ത്‌, ദൈവഭക്തിയെ നിരാകരിച്ചു. 
30: അവര്‍ എന്റെയുപദേശം അവഗണിക്കുകയും എന്റെ ശാസന പുച്ഛിക്കുകയുംചെയ്തു. 
31: അതിനാല്‍, അവര്‍ സ്വന്തം പ്രവൃത്തിയുടെ ഫലമനുഭവിക്കും; സ്വന്തം തന്ത്രങ്ങളില്‍ മടുപ്പുതോന്നുകയുംചെയ്യും. 
32: എന്നെ വിട്ടകലുന്നതുമൂലം ശുദ്ധഗതിക്കാര്‍ മൃതിപ്പെടുന്നു; ഭോഷരുടെ അലംഭാവം തങ്ങളെത്തന്നെ നശിപ്പിക്കും. 
33: എന്നാല്‍, എന്റെ വാക്കു ശ്രദ്ധിക്കുന്നവന്‍ സുരക്ഷിതനായിരിക്കും; അവന്‍ തിന്മയെ ഭയപ്പെടാതെ സ്വസ്ഥനായിരിക്കും.

അദ്ധ്യായം 2

ജ്ഞാനത്തിന്റെ സത്ഫലങ്ങള്‍ 

1: മകനേ, എന്റെ വാക്കു കേള്‍ക്കുകയും എന്റെ നിയമം കാത്തുസൂക്ഷിക്കുകയുംചെയ്യുക; 
2: നീ ജ്ഞാനത്തിനു ചെവികൊടുക്കുകയും അറിവിന്റെനേരേ നിന്റെ ഹൃദയംചായിക്കുകയും ചെയ്യുക. 
3: പൊരുളറിയാന്‍വേണ്ടി കേണപേക്ഷിക്കുക; അറിവിനുവേണ്ടി വിളിച്ചപേക്ഷിക്കുക. 
4: നീയതിനെ വെള്ളിയെന്നപോലെ തേടുകയും ഗൂഢനിധിയെന്നപോലെ അന്വേഷിക്കുകയുംചെയ്യുക. 
5: അപ്പോള്‍, നീ ദൈവഭക്തിയെന്തെന്നു ഗ്രഹിക്കുകയും ദൈവത്തെക്കുറിച്ചുള്ള അറിവു നേടുകയും ചെയ്യും. 
6: എന്തെന്നാല്‍, കര്‍ത്താവു ജ്ഞാനംനല്കുന്നു; അവിടുത്തെ വദനത്തില്‍നിന്ന് അറിവും വിവേകവും പുറപ്പെടുന്നു. 
7: അവിടുന്ന്, സത്യസന്ധര്‍ക്കായി അന്യൂനമായ ജ്ഞാനം കരുതിവയ്ക്കുന്നു; ധര്‍മ്മിഷ്ഠര്‍ക്ക് അവിടുന്നു പരിചയായി വര്‍ത്തിക്കുന്നു. 
8: അവിടുന്നു നീതിയുടെ മാര്‍ഗ്ഗങ്ങള്‍ സംരക്ഷിക്കുന്നു; തന്റെ വിശുദ്ധരുടെ വഴി കാത്തുസൂക്ഷിക്കുന്നു. 
9: അപ്പോള്‍ നീ, നീതിയും ന്യായവും ധര്‍മ്മവും എല്ലാ നല്ലവഴികളും ഗ്രഹിക്കും.   
10: ജ്ഞാനം നിന്റെ ഹൃദയത്തില്‍ നിറയുകയും അറിവ് ആത്മാവിനെ ആഹ്ലാദിപ്പിക്കുകയും ചെയ്യും. 
11: വിവേചനാശക്തി, നിന്നെ കാത്തുകൊള്ളുകയും അറിവു നിന്നെ സംരക്ഷിക്കുകയും ചെയ്യും. 
12: ദുര്‍മാര്‍ഗ്ഗത്തില്‍നിന്നും ദുര്‍ഭാഷികളില്‍നിന്നും അതു നിന്നെ മോചിപ്പിക്കും. 
13: അവരാകട്ടെ ഇരുളിന്റെ വഴികളില്‍ ചരിക്കാന്‍ സത്യസന്ധതയുടെ മാര്‍ഗ്ഗങ്ങളുപേക്ഷിക്കുന്നു. 
14: അവര്‍ തിന്മ ചെയ്യുന്നതില്‍ സന്തോഷിക്കുകയും അതിന്റെ വൈകൃതത്തില്‍ ആഹ്ലാദിക്കുകയും ചെയ്യുന്നു. 
15: അവരുടെ വഴികള്‍ കുടിലമാണ്; അവര്‍ നേര്‍വഴിവിട്ടു നടക്കുന്നു. 
16: നീ ദുശ്ചരിതയായ സ്ത്രീയില്‍നിന്ന്, സ്വൈരിണിയുടെ ചാടുവാക്കുകളില്‍നിന്ന് രക്ഷപ്പെടുക. 
17: അവള്‍ തന്റെ യൗവനത്തിലെ സഹചരനെ പരിത്യജിക്കുകയും തന്റെ ദൈവത്തിന്റെ ഉടമ്പടി വിസ്മരിക്കുകയും ചെയ്യുന്നു. 
18: അവളുടെ ഭവനം മരണത്തില്‍ താഴുന്നു; അവളുടെ പാത, നിഴലുകളുടെ ലോകത്തിലേക്കു നയിക്കുന്നു. 
19: അവളുടെയടുത്തേക്കുപോകുന്നവര്‍ മടങ്ങിവരുന്നില്ല; ജീവന്റെ വഴികള്‍ വീണ്ടെടുക്കുന്നുമില്ല. 
20: അതിനാല്‍, നീ സജ്ജനങ്ങളുടെ വഴിയില്‍ സഞ്ചരിക്കുക; നീതിമാന്മാരുടെ മാര്‍ഗ്ഗത്തില്‍നിന്നു വ്യതിചലിക്കരുത്. 
21: സത്യസന്ധര്‍ ദേശത്തു വസിക്കുകയും ധര്‍മ്മിഷ്ഠര്‍ അവിടെ നിലനില്ക്കുകയുംചെയ്യും. 
22: ദുഷ്ടരാകട്ടെ ദേശത്തുനിന്നു വിച്ഛേദിക്കപ്പെടും; വഞ്ചകര്‍ പിഴുതെറിയപ്പെടും. 
  
അദ്ധ്യായം 3

കര്‍ത്താവിനോടു വിശ്വസ്തത 

1: മകനേ, എന്റെയുപദേശം വിസ്മരിക്കരുത്; നിന്റെ ഹൃദയം, എന്റെ കല്പനകള്‍പാലിക്കട്ടെ. 
2: അവ, നിനക്കു ദീര്‍ഘായുസ്സും സമൃദ്ധമായി ഐശ്വര്യവും നല്കും. 
3: കരുണയും വിശ്വസ്തതയും നിന്നെ പിരിയാതിരിക്കട്ടെ. അവയെ നിന്റെ കഴുത്തില്‍ ധരിക്കുക; ഹൃദയഫലകത്തില്‍ രേഖപ്പെടുത്തുകയുംചെയ്യുക. 
4: അങ്ങനെ നീ ദൈവത്തിന്റെയും മനുഷ്യരുടെയും ദൃഷ്ടിയില്‍, പ്രീതിയും സത്കീര്‍ത്തിയും നേടും. 
5: കര്‍ത്താവില്‍ പൂര്‍ണ്ണഹൃദയത്തോടെ വിശ്വാസമര്‍പ്പിക്കുക; സ്വന്തം ബുദ്ധിയെ ആശ്രയിക്കുകയുമരുത്. 
6: നിന്റെ എല്ലാ പ്രവൃത്തികളും ദൈവവിചാരത്തോടെയാകട്ടെ; അവിടുന്നു നിനക്കു വഴിതെളിച്ചുതരും, 
7: ജ്ഞാനിയെന്നു സ്വയം ഭാവിക്കരുത്; കര്‍ത്താവിനെ ഭയപ്പെട്ട്, തിന്മയില്‍നിന്നകന്നുമാറുക. 
8: അതു നിന്റെ ശരീരത്തിന് ആരോഗ്യവും അസ്ഥികള്‍ക്ക് അനായാസതയും നല്കും. 
9: കര്‍ത്താവിനെ നിന്റെ സമ്പത്തുകൊണ്ടും, നിന്റെ എല്ലാ ഉത്പന്നങ്ങളുടെയും ആദ്യഫലങ്ങള്‍കൊണ്ടും ബഹുമാനിക്കുക. 
10: അപ്പോള്‍ നിന്റെ ധാന്യപ്പുരകള്‍ സമൃദ്ധികൊണ്ടു നിറയുകയും നിന്റെ ചക്കുകളില്‍ വീഞ്ഞു നിറഞ്ഞുകവിയുകയുംചെയ്യും. 
11: കര്‍ത്താവിന്റെ ശിക്ഷണത്തെ നിന്ദിക്കരുത്; അവിടുത്തെ ശാസനത്തില്‍ മടുപ്പുതോന്നുകയുമരുത്. 
12: എന്തെന്നാല്‍, പിതാവ് പ്രിയപുത്രനെയെന്നപോലെ, കര്‍ത്താവു താന്‍ സ്നേഹിക്കുന്നവനെ ശാസിക്കുന്നു. 

ജ്ഞാനം അമൂല്യം 
13: ജ്ഞാനം നേടുന്നവനും അറിവു ലഭിക്കുന്നവനും ഭാഗ്യവാനാണ്. 
14: എന്തെന്നാല്‍, അതുകൊണ്ടുള്ള നേട്ടം, വെള്ളിയെയും സ്വര്‍ണ്ണത്തെയുംകാള്‍ ശ്രേഷ്ഠമാണ്. 
15: അവള്‍ രത്നങ്ങളെക്കാള്‍ അമൂല്യയാണ്; നിങ്ങള്‍ കാംക്ഷിക്കുന്നതൊന്നും അവള്‍ക്കു തുല്യമല്ല. 
16: അവളുടെ വലത്തുകൈയില്‍ ദീര്‍ഘായുസ്സും ഇടത്തുകൈയില്‍ സമ്പത്തും ബഹുമതിയും സ്ഥിതിചെയ്യുന്നു. 
17: അവളുടെ മാര്‍ഗ്ഗങ്ങള്‍ പ്രസന്നവും സമാധാനപൂര്‍ണ്ണവുമാണ്. 
18: അവളെ കൈവശപ്പെടുത്തുന്നവര്‍ക്ക്, അവള്‍ ജീവന്റെ വൃക്ഷമാണ്; അവളെ മുറുകെപ്പിടിക്കുന്നവര്‍ സന്തുഷ്ടരെന്നു വിളിക്കപ്പെടുന്നു. 
19: കര്‍ത്താവു ജ്ഞാനത്താല്‍ ഭൂമിയെ സ്ഥാപിച്ചു; വിജ്ഞാനത്താല്‍ ആകാശത്തെയുറപ്പിച്ചു. 
20: അവിടുത്തെ വിജ്ഞാനത്താല്‍ സമുദ്രങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു; മേഘങ്ങള്‍ മഞ്ഞുപൊഴിക്കുന്നു, 
21: മകനേ, അന്യൂനമായ ജ്ഞാനവും വിവേചനാശക്തിയും പുലര്‍ത്തുക; അവ, നിന്റെ ദൃഷ്ടിയില്‍നിന്നു മാഞ്ഞുപോകാതിരിക്കട്ടെ. 
22: അവ, നിന്റെ ആത്മാവിനു ജീവനും കണ്ഠത്തിന് ആഭരണവുമായിരിക്കും. 
24: നീ നിര്‍ഭയനായിരിക്കും; നിനക്കു സുഖനിദ്രലഭിക്കുകയും ചെയ്യും. 

അയല്‍ക്കാരനോടുള്ള കടമകള്‍ 

25: കിടിലംകൊള്ളിക്കുന്ന സംഭവങ്ങള്‍കൊണ്ടോ ദുഷ്ടരുടെ നാശം കണ്ടോ നീ ഭയപ്പെടരുത്. 
26: കര്‍ത്താവു നിന്റെ ആശ്രയമായിരിക്കും; നിന്റെ കാല്‍, കുടുക്കില്‍പ്പെടാതെ അവിടുന്നു കാത്തുകൊള്ളും. 
27: നിനക്കു ചെയ്യാന്‍കഴിവുള്ള നന്മ, അതു ലഭിക്കാന്‍ അവകാശമുള്ളവര്‍ക്കു നിഷേധിക്കരുത്. 
28: അയല്‍ക്കാരന്‍ ചോദിക്കുന്ന വസ്തു, നിന്റെ കൈവശമുണ്ടായിരിക്കേ, പോയി വീണ്ടും വരുക, നാളെത്തരാം എന്നു പറയരുത്. 
29: നിന്നെ വിശ്വസിച്ചു പാര്‍ക്കുന്ന അയല്‍ക്കാരനെ ദ്രോഹിക്കാനാലോചിക്കരുത്. 
30: നിനക്കുപദ്രവം ചെയ്യാത്തവനുമായി കലഹിക്കരുത്. 
31: അക്രമിയുടെ വളര്‍ച്ചയില്‍ അസൂയപ്പെടുകയോ അവന്റെ മാര്‍ഗ്ഗമവലംബിക്കുകയോ അരുത്. 
32: ദുര്‍മാര്‍ഗ്ഗികളെ കര്‍ത്താവു വെറുക്കുന്നു; സത്യസന്ധരോട്, അവിടുന്നു സൗഹൃദംപുലര്‍ത്തുന്നു. 
33: ദുഷ്ടരുടെ ഭവനത്തിന്മേല്‍ കര്‍ത്താവിന്റെ ശാപം പതിക്കുന്നു; എന്നാല്‍, നീതിമാന്മാരുടെ ഭവനത്തെ, അവിടുന്നനുഗ്രഹിക്കുന്നു. 
34: നിന്ദിക്കുന്നവരെ അവിടുന്നു നിന്ദിക്കുന്നു; വിനീതരുടെമേല്‍ കാരുണ്യംപൊഴിക്കുന്നു. 
35: ജ്ഞാനികള്‍ ബഹുമതിയാര്‍ജ്ജിക്കും; ഭോഷര്‍ക്ക് അവമതി ലഭിക്കും.

അദ്ധ്യായം 4

ജ്ഞാനസമ്പാദനം അഭികാമ്യം

1: മക്കളേ, പിതാവിന്റെ പ്രബോധനം കേള്‍ക്കുവിന്‍. അതില്‍ ശ്രദ്ധിച്ച്, അറിവുനേടുവിന്‍, 
2: ഞാന്‍ നിങ്ങള്‍ക്കു സദുപദേശങ്ങള്‍ നല്കുന്നു; എന്റെ പാഠങ്ങള്‍ തള്ളിക്കളയരുത്. 
3: ഞാന്‍, അമ്മയ്ക്ക് ഏകസന്താനമായി, ഇളംപ്രായത്തില്‍ പിതാവിനോടൊപ്പംകഴിയവേ, 
4: അവന്‍ എന്നെയിപ്രകാരം പഠിപ്പിച്ചു: നിന്റെ ഹൃദയം എന്റെ വാക്കുകള്‍ മുറുകെപ്പിടിക്കട്ടെ; എന്റെ കല്പനകള്‍ പാലിച്ചാല്‍, നീ ജീവിക്കും. 
5: വിജ്ഞാനവും ഉള്‍ക്കാഴ്ചയും നേടുക; എന്റെ വാക്കുകള്‍ വിസ്മരിക്കരുത്; അവയില്‍നിന്നു വ്യതിചലിക്കയുമരുത്. 
6: ജ്ഞാനമുപേക്ഷിക്കരുത്; അവള്‍ നിന്നെ കാത്തുകൊള്ളും. അവളെ സ്‌നേഹിക്കുക; അവള്‍ നിന്നെ സംരക്ഷിക്കും. 
7: ജ്ഞാനം സമ്പാദിക്കുകയാണു സര്‍വ്വപ്രധാനം. എന്തു ത്യജിച്ചും ജ്ഞാനം സമ്പാദിക്കുക. 
8: അവളെ അമൂല്യമായി കരുതുക; അവള്‍ നിനക്കുയര്‍ച്ച നല്കും. അവളെപ്പുണരുക; അവള്‍ നിന്നെയാദരിക്കും. 
9: അവള്‍ നിന്റെ ശിരസ്സില്‍, മനോഹരമായ പൂമാലയണിയിക്കും; നിനക്കു മഹത്വത്തിന്റെ കിരീടം നല്കും. 
10: മകനേ, എന്റെ വാക്ക്, നിന്റെ ഹൃദയത്തില്‍ പതിയട്ടെ; അപ്പോള്‍ നിനക്കു ദീര്‍ഘായുസ്സുണ്ടാകും. 
11: ഞാന്‍ ജ്ഞാനത്തിന്റെ വഴി നിന്നെ പഠിപ്പിച്ചു; സത്യസന്ധതയുടെ പാതകളില്‍ നിന്നെ നയിച്ചു. 
12: നടക്കുമ്പോള്‍ നിന്റെ കാലിടറുകയില്ല. ഓടുമ്പോള്‍ വീഴുകയുമില്ല.
13: എന്റെ ഉപദേശം മുറുകെപ്പിടിക്കുക; അതു കൈവിടരുത്. അതു കാത്തുസൂക്ഷിക്കുക; അതു നിന്റെ ജീവനാണ്. 
14: ദുഷ്ടരുടെ പാതയില്‍ പ്രവേശിക്കരുത്; ദുര്‍ജ്ജനങ്ങളുടെ മാര്‍ഗ്ഗത്തില്‍ ചരിക്കയുമരുത്. 
15: അതില്‍നിന്നൊഴിഞ്ഞു നില്ക്കുക; അതില്‍ സഞ്ചരിക്കരുത്; അതില്‍നിന്ന്, അകന്നുമാറി കടന്നുപോവുക. 
16: എന്തെന്നാല്‍ തെറ്റുചെയ്യാതെ അവര്‍ക്കുറക്കം വരില്ല; ആരെയെങ്കിലും തട്ടിവീഴ്ത്തിയില്ലെങ്കില്‍ അവര്‍ക്കു നിദ്ര നഷ്ടപ്പെടുന്നു. 
17: കാരണം, അവര്‍ ദുഷ്ടതയുടെ അപ്പം ഭക്ഷിക്കുകയും അക്രമത്തിന്റെ വീഞ്ഞു കുടിക്കുകയുംചെയ്യുന്നു. 
18: എന്നാല്‍, നീതിമാന്മാരുടെ പാത, പൂര്‍വാഹ്നത്തിലെ വെയില്‍പോലെ പ്രകാശം വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നതാണ്.
19: ദുഷ്ടരുടെ മാര്‍ഗ്ഗം, സാന്ദ്രതമസ്സുപോലെയാണ്; എവിടെ തട്ടിവീഴുമെന്ന് അവര്‍ക്കറിഞ്ഞുകൂടാ. 
20: മകനേ, എന്റെ വാക്കുകള്‍ ശ്രദ്ധിക്കുക; എന്റെ മൊഴികള്‍ക്കു ചെവിതരുക. 
21: അവ, നിന്റെ ദൃഷ്ടിപഥത്തില്‍നിന്നു മാഞ്ഞുപോകാതിരിക്കട്ടെ; അവ നിന്റെ ഹൃദയത്തില്‍ സൂക്ഷിക്കുക. 
22: എന്തെന്നാല്‍, അവയെ ഉള്‍ക്കൊള്ളുന്നവന് അവ ജീവനും, അവന്റെ ശരീരത്തിന് ഔഷധവുമാണ്. 
23: നിന്റെ ഹൃദയത്തെ ജാഗരൂകതയോടെ കാത്തുസൂക്ഷിക്കുക; ജീവന്റെ ഉറവകള്‍ അതില്‍നിന്നാണൊഴുകുന്നത്. 
24: വക്രമായ സംസാരം നിന്നില്‍നിന്നകറ്റിക്കളയുക; കുടിലഭാഷണത്തെ ദൂരെയകറ്റുക. 
25: നിന്റെ ദൃഷ്ടി അവക്രമായിരിക്കട്ടെ; നിന്റെ നോട്ടം മുമ്പോട്ടു മാത്രമായിരിക്കട്ടെ. 
26: നീ നടക്കുന്ന വഴികള്‍ ഉത്തമമെന്നുറപ്പിക്കുക; അപ്പോള്‍ അവ സുരക്ഷിതമായിരിക്കും. 
27: വലത്തോട്ടോ ഇടത്തോട്ടോ വ്യതിചലിക്കരുത്; തിന്മയില്‍ കാലൂന്നുകയുമരുത്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ