നൂറ്റിയമ്പത്തിനാലാം ദിവസം: ജോബ്‌ 21 - 25


അദ്ധ്യായം 21

ജോബിന്റെ മറുപടി
1: ജോബ് പറഞ്ഞു: എന്റെ വാക്കു ശ്രദ്ധിച്ചുകേള്‍ക്കുവിന്‍.
2: നിങ്ങളെനിക്കുതരുന്ന ഏറ്റവുംവലിയ സമാശ്വാസം അതായിരിക്കട്ടെ.
3: അല്പം സംസാരിക്കാന്‍ എന്നെയനുവദിക്കൂ; ഞാന്‍ പറഞ്ഞുകഴിഞ്ഞിട്ടു നിങ്ങള്‍ക്കു പരിഹാസം തുടരാം.
4: എന്റെ ആവലാതി മനുഷ്യനെതിരായിട്ടാണോ? എങ്ങനെ ഞാന്‍ അക്ഷമനാകാതിരിക്കും?
5: എന്നെനോക്കി, നിങ്ങള്‍ സംഭീതരാകുവിന്‍; കൈകൊണ്ടു വായ്‌പൊത്തുവിന്‍.
6: അതെപ്പറ്റിച്ചിന്തിക്കുമ്പോള്‍ ഞാന്‍ ഞെട്ടിപ്പോകുന്നു; എന്റെ ശരീരം വിറകൊള്ളുന്നു.
7: ദുഷ്ടന്മാര്‍ ജീവിച്ചിരിക്കുന്നതെന്തുകൊണ്ട്? അവര്‍ വാര്‍ദ്ധക്യംപ്രാപിക്കുകയും, ശക്തരാവുകയും ചെയ്യുന്നതെന്തുകൊണ്ട്?
8: സന്തതിപരമ്പരകള്‍ അഭിവൃദ്ധിപ്പെടുന്നതുകാണാന്‍ അവര്‍ ജീവിച്ചിരിക്കുന്നു.
9: അവരുടെ ഭവനങ്ങള്‍ ഭയമറിയാതെ സുരക്ഷിതമായിരിക്കുന്നു. ദൈവത്തിന്റെ ശിക്ഷാദണ്ഡ് അവരുടെമേല്‍ പതിച്ചിട്ടില്ല.
10: അവരുടെ കാളകള്‍ പാഴാകാതെ ഇണചേരുകയും അവരുടെ പശുക്കള്‍ അലസിപ്പോകാതെ പ്രസവിക്കുകയുംചെയ്യുന്നു.
11: അവര്‍ തങ്ങളുടെ മക്കളെ ആട്ടിന്‍പറ്റത്തെയെന്നപോലെ പുറത്തേക്കയയ്ക്കുന്നു. അവര്‍ സോല്ലാസം നൃത്തംചെയ്യുന്നു.
12: അവര്‍ വീണയും തംബുരുവും മീട്ടിപ്പാടുകയും കുഴല്‍നാദത്തില്‍ ആഹ്ലാദിക്കുകയുംചെയ്യുന്നു.
13: അവര്‍ ഐശ്വര്യത്തോടെ ദിനങ്ങള്‍ കഴിക്കുന്നു. സമാധാനത്തോടെ അവര്‍ പാതാളത്തിലേക്കിറങ്ങുന്നു.
14: അവര്‍ ദൈവത്തോടു പറയുന്നു: ഞങ്ങളെവിട്ടു പോവുക; അങ്ങയുടെ മാര്‍ഗ്ഗങ്ങളറിയാന്‍ ഞങ്ങളാഗ്രഹിക്കുന്നില്ല.
15: ഞങ്ങള്‍ സര്‍വ്വശക്തനെ സേവിക്കാന്‍ അവനാരാണ്? അവനോടു പ്രാര്‍ത്ഥിക്കുന്നതുകൊണ്ട് എന്തുപ്രയോജനം?
16: അവരുടെ ഐശ്വര്യം അവര്‍ക്കധീനമല്ലേ? ദുഷ്ടന്റെ ആലോചന എനിക്കു സ്വീകാര്യമല്ല.
17: ദുഷ്ടരുടെ ദീപങ്ങള്‍ അണച്ചുകളയുന്നത് എത്ര സാധാരണം! അവര്‍ക്കു വിനാശംവരുന്നതും ദൈവം തന്റെ കോപത്തില്‍ അവരുടെമേല്‍ വേദനകളയയ്ക്കുന്നതും
18: അവരെ കാറ്റില്‍ വൈക്കോല്‍പോലെയും കൊടുങ്കാറ്റില്‍ പതിരുപോലെയുംപറത്തുന്നതും എത്ര സാധാരണം!
19: ദൈവം അവരുടെ അകൃത്യങ്ങള്‍ അവരുടെ സന്താനങ്ങള്‍ക്കുവേണ്ടി കരുതിവയ്ക്കുന്നു എന്നു നിങ്ങള്‍ പറയുന്നു. അവരറിയുന്നതിന്, അവിടുന്ന് അവര്‍ക്കുതന്നെ പ്രതിഫലം നല്കിയിരുന്നെങ്കില്‍!
20: അവരുടെ നാശം, അവരുടെ കണ്ണുകള്‍തന്നെ ദര്‍ശിക്കട്ടെ, സര്‍വ്വശക്തന്റെ ക്രോധത്തില്‍നിന്ന് അവര്‍ പാനംചെയ്യട്ടെ.
21: ആയുസ്സൊടുങ്ങിക്കഴിഞ്ഞിട്ട്, തങ്ങള്‍ക്കുശേഷം ഭവനത്തിനെന്തു സംഭവിക്കുമെന്ന് അവരാകുലരാകുമോ?
22: ഉന്നതത്തിലുള്ളവരെപ്പോലും വിധിക്കുന്ന ദൈവത്തിനു ബുദ്ധിയുപദേശിക്കാന്‍ ആര്‍ക്കുകഴിയും?
23: ഐശ്വര്യപൂര്‍ണ്ണനായ, ക്ലേശരഹിതനായ, സുരക്ഷിതനായ ഒരുവന്‍ മരിക്കുന്നു.
24: അവന്റെ ശരീരം മേദസ്സുറ്റതും മജ്ജ അയവുള്ളതുമാണ്.
25: ഒരിക്കലും സുഖമാസ്വദിക്കാതെ, മറ്റൊരുവന്‍ അസ്വസ്ഥനായി മരിക്കുന്നു.
26: ഇരുവരും ഒന്നുപോലെ പൊടിയില്‍ക്കിടക്കുന്നു; പുഴു അവരെപ്പൊതിയുന്നു.
27: നിങ്ങളുടെ ആലോചനകളും എന്നെ ദ്രോഹിക്കാനുള്ള പദ്ധതികളും ഞാനറിയുന്നു.
28: നിങ്ങള്‍ പറയുന്നു, പ്രഭുവിന്റെ കൊട്ടാരമെവിടെ? ദുഷ്ടന്‍ അധിവസിച്ചിരുന്ന കൂടാരമെവിടെ?
29: നിങ്ങള്‍ വഴിപോക്കനോടു ചോദിച്ചറിഞ്ഞിട്ടില്ലേ?
30: ദുഷ്ടന്‍ വിനാശത്തിന്റെ ദിനങ്ങളില്‍ അതില്‍നിന്ന് ഒഴിവാക്കപ്പെടുന്നു, ക്രോധത്തിന്റെ നാളുകളില്‍ അവന്‍ രക്ഷിക്കപ്പെടുന്നു എന്ന അവരുടെ സാക്ഷ്യം നിങ്ങള്‍ സ്വീകരിച്ചിട്ടില്ലേ?
31: അവന്റെ മാര്‍ഗ്ഗങ്ങളെ ആരു കുറ്റപ്പെടുത്തും? അവന്റെ മുഖത്തുനോക്കി അവന്റെ പ്രവൃത്തികള്‍ക്ക് ആരവനോടു പകരംചോദിക്കും?
32: അവനെ ശ്മശാനത്തിലേക്കു കൊണ്ടുപോകുമ്പോള്‍ അവന്റെ ശവകുടീരത്തിനു മുകളില്‍ കാവലേര്‍പ്പെടുത്തുന്നു.
33: താഴ്‌വരയിലെ മണ്‍കട്ട അവനു പ്രിയങ്കരമായിരിക്കും. എല്ലാവരും അവനെ അനുയാത്ര ചെയ്യുന്നു. അവന്റെ മുമ്പേ പോയവരും അസംഖ്യമാണ്.
34: അര്‍ത്ഥശൂന്യമായ വാക്കുകൊണ്ട് നിങ്ങളെന്നെ ആശ്വസിപ്പിക്കുന്നതെങ്ങനെ? നിങ്ങളുടെ മറുപടി കപടമാണ്.

അദ്ധ്യായം 22

എലിഫാസ് മൂന്നാമതും സംസാരിക്കുന്നു
1: തേമാന്യനായ എലിഫാസ് പറഞ്ഞു: ദൈവത്തിനു മനുഷ്യനെക്കൊണ്ട് എന്തുപകാരം?
2: ഒരുവന്‍ ജ്ഞാനിയായതുകൊണ്ട്, പ്രയോജനം അവനുതന്നെ.
3: നീ നീതിമാനായിരിക്കുന്നതുകൊണ്ടു സര്‍വ്വശക്തനു നേട്ടമുണ്ടോ? നിന്റെ മാര്‍ഗ്ഗം കുറ്റമറ്റതെങ്കില്‍ അവിടുത്തേക്ക് എന്തെങ്കിലും ലാഭമുണ്ടോ?
4: നിന്റെ ഭക്തിനിമിത്തമാണോ അവിടുന്നു നിന്നെ ശാസിക്കുകയും നിന്റെമേല്‍ ന്യായവിധിനടത്തുകയും ചെയ്യുന്നത്?
5: നിന്റെ ദുഷ്ടത വലുതല്ലേ? നിന്റെ അകൃത്യങ്ങള്‍ക്കതിരില്ല.
6: നീ സഹോദരരില്‍നിന്ന് അകാരണമായി പണമീടാക്കി. വസ്ത്രമൂരിയെടുത്ത്, നീയവരെ നഗ്നരാക്കി.
7: ക്ഷീണിച്ചവനു നീ ദാഹജലം നല്കിയില്ല; വിശക്കുന്നവന്റെ അപ്പം പിടിച്ചുവയ്ക്കുകയുംചെയ്തു.
8: ബലവാന്‍ ഭൂമി കൈവശപ്പെടുത്തുകയും സമ്പന്നന്‍ അവിടെ പാര്‍ക്കുകയും ചെയ്തു.
9: വിധവകളെ നീ വെറുംകൈയോടെ പറഞ്ഞയച്ചു. അനാഥരുടെ ഭുജങ്ങള്‍ തകര്‍ക്കുകയും ചെയ്തു.
10: അതുകൊണ്ട്, നിന്നെ കെണികള്‍ വലയംചെയ്തിരിക്കുന്നു. ക്ഷിപ്രഭീതി നിന്നെ കീഴ്‌പ്പെടുത്തിയിരിക്കുന്നു.
11: നിനക്കു കാണാന്‍കഴിയാത്തവിധം നിന്റെ പ്രകാശം അന്ധകാരമായിരിക്കുന്നു; പെരുവെള്ളം നിന്നെ മൂടിയിരിക്കുന്നു.
12: ദൈവം ആകാശങ്ങളില്‍ ഉന്നതനല്ലേ? ഏറ്റവുമുയരത്തിലെ നക്ഷത്രങ്ങളെ നോക്കുക, അവ എത്ര ഉയരത്തിലാണ്!
13: അതിനാല്‍ നീ പറയുന്നു: ദൈവമെന്തറിയുന്നു? കൂരിരുട്ടില്‍ അവിടുത്തേക്കു വിധിക്കാന്‍ കഴിയുമോ?
14: കാണാന്‍ സാധിക്കാത്തവിധം കനത്തമേഘങ്ങള്‍ അവിടുത്തെ വലയം ചെയ്തിരിക്കുന്നു. ആകാശവിതാനത്തില്‍ അവിടുന്നു സഞ്ചരിക്കുകയും ചെയ്യുന്നു.
15: ദുഷ്ടന്മാര്‍ സഞ്ചരിച്ച പഴയമാര്‍ഗ്ഗങ്ങളില്‍ നീയുറച്ചുനില്ക്കുമോ?
16: കാലം തികയുന്നതിനുമുമ്പേ അവര്‍ അപഹരിക്കപ്പെട്ടു. അവരുടെ അടിസ്ഥാനമൊഴുകിപ്പോയി.
17: അവര്‍ ദൈവത്തോടു പറഞ്ഞു: ഞങ്ങളെ വിട്ടകന്നുപോവുക. സര്‍വ്വശക്തനു ഞങ്ങളോടെന്തുചെയ്യാന്‍കഴിയും?
18: എന്നിട്ടും അവിടുന്നവരുടെ ഭവനങ്ങളെ നന്മകള്‍കൊണ്ടു നിറച്ചു. എന്നാല്‍, ദുഷ്ടന്റെ ആലോചന എന്നില്‍നിന്നകലെയാണ്.
19: നീതിമാന്മാര്‍ അവരുടെ അവസാനംകണ്ടു സന്തോഷിക്കുന്നു. നിഷ്‌കളങ്കര്‍ അവരെ നോക്കി പരിഹസിച്ചു പറയുന്നു:
20: തീര്‍ച്ചയായും ഞങ്ങളുടെ ശത്രുക്കള്‍ പിഴുതെറിയപ്പെട്ടിരിക്കുന്നു. അവര്‍ അവശേഷിപ്പിച്ചത് അഗ്നിക്കിരയാവുകയും ചെയ്തു.
21: ദൈവവുമായി രമ്യതയിലായി, സമാധാനത്തില്‍ക്കഴിയുക. അപ്പോള്‍ നിനക്കു നന്മ വരും.
22: അവിടുത്തെ അധരങ്ങളില്‍നിന്ന് ഉപദേശം സ്വീകരിക്കുക; അവിടുത്തെ വാക്കുകള്‍ നിന്റെ ഹൃദയത്തില്‍ സൂക്ഷിക്കുക.
23: സര്‍വ്വശക്തന്റെ സന്നിധിയിലേക്കു തിരിച്ചുവരുകയും നിന്നെത്തന്നെ എളിമപ്പെടുത്തുകയുംചെയ്യുമെങ്കില്‍, നിന്റെ കൂടാരത്തില്‍നിന്ന് അനീതിയെ നീ അകറ്റിക്കളയുമെങ്കില്‍,
24: സ്വര്‍ണ്ണത്തെ പൊടിയിലും ഓഫീര്‍പ്പൊന്നിനെ നദീതടത്തിലെ കല്ലുകള്‍ക്കിടയിലുമെറിയുമെങ്കില്‍,
25: സര്‍വ്വശക്തന്‍ നിനക്കു സ്വര്‍ണ്ണവും, വിലപിടിച്ച വെള്ളിയുമാകുമെങ്കില്‍,
26: നീ സര്‍വ്വശക്തനില്‍ ആനന്ദിക്കുകയും ദൈവത്തിന്റെനേരേ മുഖമുയര്‍ത്തുകയും ചെയ്യും.
27: നീ അവിടുത്തോടു പ്രാര്‍ത്ഥിക്കുകയും അവിടുന്നു ശ്രവിക്കുകയും ചെയ്യും; നിന്റെ നേര്‍ച്ചകള്‍ നീ നിറവേറ്റും.
28: നീ തീരുമാനിക്കുന്ന കാര്യം നിനക്കു സാധിച്ചുകിട്ടും; നിന്റെ പാതകള്‍ പ്രകാശിതമാകും.
29: എന്തെന്നാല്‍, ദൈവം അഹങ്കാരിയെ താഴ്ത്തുകയും എളിയവനെ രക്ഷിക്കുകയും ചെയ്യും.
30: നിരപരാധനെ അവിടുന്നു രക്ഷിക്കുന്നു; നിന്റെ കരങ്ങളുടെ നൈര്‍മ്മല്യംമൂലം നീ രക്ഷിക്കപ്പെടും.

അദ്ധ്യായം 23

ജോബിന്റെ മറുപടി
1: ജോബ് പറഞ്ഞു: ഇന്നുമെന്റെ ആവലാതി തിക്തമാണ്.
2: ഞാനെത്ര വിലപിച്ചിട്ടും എന്റെമേലുള്ള അവിടുത്തെ കരം ഭാരമേറിയതാണ്.
3: എവിടെ ഞാന്‍ അവിടുത്തെ കണ്ടെത്തുമെന്നറിഞ്ഞിരുന്നെങ്കില്‍! അവിടുത്തെ സിംഹാസനത്തെ സമീപിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍!
4: എന്റെ പരാതി അവിടുത്തെമുമ്പില്‍ ബോധിപ്പിക്കുകയും ഞാന്‍ ന്യായവാദംനടത്തുകയുംചെയ്യുമായിരുന്നു.
5: അവിടുന്നെനിക്ക് എന്തു പ്രത്യുത്തരംനല്കുമെന്നും എന്നോടെന്തു സംസാരിക്കുമെന്നും ഞാനറിയുമായിരുന്നു.
6: അവിടുന്നു തന്റെ ശക്തിയുടെ മഹത്ത്വത്തില്‍ എന്നോടു ന്യായവാദം നടത്തുമോ? ഇല്ല, അവിടുന്നു ഞാന്‍ പറയുന്നതു ശ്രദ്ധിക്കും.
7: നീതിമാന് അവിടുത്തോടു വാദിക്കാന്‍ കഴിയും; എന്റെ വിധിയാളന്‍ എന്നെ എന്നേയ്ക്കുമായി മോചിപ്പിക്കും.
8: ഇതാ, ഞാന്‍ മുമ്പോട്ടുപോയാല്‍ അവിടുന്നവിടെയില്ല; പുറകോട്ടുപോയാലും അവിടുത്തെക്കാണാന്‍ സാധിക്കുകയില്ല.
9: ഇടത്തുവശത്തു ഞാന്‍ അവിടുത്തെയന്വേഷിക്കുന്നു; എന്നാല്‍, എനിക്കവിടുത്തെ കാണാന്‍ സാധിക്കുന്നില്ല, വലത്തുവശത്തേക്കു തിരിഞ്ഞാലും ഞാനവിടുത്തെ കാണുന്നില്ല.
10: എന്നാല്‍, എന്റെ വഴി അവിടുന്നറിയുന്നു. അവിടുന്നെന്നെ പരീക്ഷിച്ചുകഴിയുമ്പോള്‍ ഞാന്‍ സ്വര്‍ണ്ണംപോലെ പ്രകാശിക്കും.
11: എന്റെ പാദങ്ങള്‍ അവിടുത്തെ കാല്പാടുകളില്‍ ഞാനുറപ്പിച്ചു; ഞാന്‍ അവിടുത്തെ പാത പിന്തുടര്‍ന്നു; ഒരിക്കലും വ്യതിചലിച്ചില്ല.
12: അവിടുത്തെ കല്പനകളില്‍നിന്നു ഞാന്‍ വ്യതിചലിച്ചില്ല. അവിടുത്തെ മൊഴികള്‍ എന്റെ ഹൃദയത്തില്‍ ഞാന്‍ നിധിപോലെ സൂക്ഷിച്ചു.
13: അവിടുന്നു മാറ്റമില്ലാത്തവനാണ്. അവിടുത്തെ പിന്തിരിപ്പിക്കാന്‍ ആര്‍ക്കുകഴിയും? താന്‍ ആഗ്രഹിക്കുന്നത് അവിടുന്നു ചെയ്യുന്നു.
14: എനിക്കായി നിശ്ചയിച്ചിട്ടുള്ളത് അവിടുന്നു നിറവേറ്റും. അങ്ങനെയുള്ള പലതും അവിടുത്തെ മനസ്സിലുണ്ട്.
15: അതിനാല്‍, അവിടുത്തെ സാന്നിദ്ധ്യത്തില്‍ ഞാന്‍ വിറകൊള്ളുന്നു; അവിടുത്തെപ്പറ്റി ചിന്തിക്കുമ്പോള്‍ ഞാന്‍ ഭയപ്പെടുന്നു.
16: ദൈവം എന്റെ ഹൃദയത്തെ ദുര്‍ബ്ബലമാക്കി. സര്‍വ്വശക്തനെന്നെ പരിഭ്രാന്തനാക്കി.
17: ഞാന്‍ അന്ധകാരത്തിലാമഗ്നനായി; അന്ധതമസ്സ്, എന്റെ മുഖത്തെ ആവരണംചെയ്യുന്നു. 

അദ്ധ്യായം 24

1: സര്‍വ്വശക്തന്‍ വിധിനടത്താന്‍ സമയം നിശ്ചയിക്കാത്തതെന്തുകൊണ്ട്? അവിടുന്നു നിശ്ചയിച്ച ദിനങ്ങള്‍ അവിടുത്തെ ഭക്തന്മാര്‍ കാണാതിരിക്കുന്നതുമെന്തുകൊണ്ട്?
2: മനുഷ്യന്‍ അതിര്‍ത്തിക്കല്ലുകള്‍ നീക്കിക്കളയുന്നു. അവര്‍ ആട്ടിന്‍പറ്റങ്ങളെ കവര്‍ന്നെടുക്കുകയും മേയിക്കുകയുംചെയ്യുന്നു.
3: അവര്‍ അനാഥരുടെ കഴുതയെ തട്ടിക്കൊണ്ടു പോകുന്നു. അവര്‍ വിധവയുടെ കാളയെ പണയംവാങ്ങുന്നു.
4: അവര്‍ ദരിദ്രരെ വഴിയില്‍നിന്നു തള്ളിമാറ്റുന്നു; പാവങ്ങള്‍ ഒളിച്ചുകഴിയുന്നു.
5: മക്കള്‍ക്കുവേണ്ടി മരുഭൂമിയില്‍ ഇരതേടുന്ന കാട്ടുകഴുതകളെപ്പോലെ അവരദ്ധ്വാനിക്കുന്നു.
6: അവര്‍ വയലില്‍നിന്നു ഭക്ഷണം ശേഖരിക്കുന്നു. ദുഷ്ടരുടെ മുന്തിരിത്തോട്ടത്തില്‍ അവര്‍ കാലാപെറുക്കുന്നു.
7: അവര്‍ രാത്രിമുഴുവന്‍ നഗ്നരായി ശയിക്കുന്നു. തണുപ്പില്‍ പുതയ്ക്കാന്‍ അവര്‍ക്കൊന്നുമില്ല.
8: മലയില്‍പ്പെയ്യുന്ന മഴ, അവര്‍ നനയുന്നു. പാര്‍പ്പിടമില്ലാതെ അവര്‍ പാറക്കെട്ടുകളിലഭയംതേടുന്നു.
9: മുലകുടിക്കുന്ന അനാഥശിശുക്കളെ പറിച്ചെടുക്കുകയും ദരിദ്രരുടെ കുഞ്ഞുങ്ങളെ പണയംവാങ്ങുകയുംചെയ്യുന്നവരുണ്ട്.
10: ദരിദ്രര്‍ നഗ്നരായലയുന്നു; അവര്‍ വിശന്നുകൊണ്ടു കറ്റചുമക്കുന്നു.
11: അവര്‍ ദുഷ്ടന്മാരുടെ ചക്കില്‍ ഒലിവെണ്ണയും വീഞ്ഞും ആട്ടിയെടുക്കുന്നു. എന്നാല്‍, അവര്‍ ദാഹാര്‍ത്തരാണ്.
12: നഗരത്തില്‍ മരിക്കുന്നവരുടെ ഞരക്കം കേള്‍ക്കുന്നു. മുറിവേറ്റവരുടെ പ്രാണന്‍ സഹായത്തിനുവേണ്ടിക്കേഴുന്നു. എന്നിട്ടും ദൈവമവരുടെ പ്രാര്‍ത്ഥന ശ്രവിക്കുന്നില്ല.
13: പ്രകാശത്തിന്റെ വഴി പരിചയിക്കുകയോ അതില്‍ സഞ്ചരിക്കുകയോചെയ്യാതെ, അതിനെയെതിര്‍ക്കുന്നവരുണ്ട്.
14: ദരിദ്രരെയും നിരാലംബരെയും കൊല്ലുന്നതിന്, കൊലപാതകി നേരംവെളുക്കുംമുമ്പുണരുന്നു; രാത്രിയില്‍ അവന്‍ മോഷണംനടത്തുന്നു.
15: ആരുമെന്നെ കാണുകയില്ല എന്നുപറഞ്ഞ്, വ്യഭിചാരി ഇരുട്ടാകാന്‍ കാത്തിരിക്കുന്നു; അവന്‍ മുഖംമൂടിയണിയുന്നു.
16: രാത്രിയില്‍ അവര്‍ വീടുകള്‍ തുരക്കുന്നു; പകല്‍സമയം കതകടച്ച് മുറികളില്‍ക്കഴിയുന്നു; അവര്‍ പ്രകാശം കാണുന്നില്ല.
17: കടുത്ത അന്ധകാരമാണവരുടെ പ്രഭാതം. അന്ധകാരത്തിന്റെ ക്രൂരതകളുമായിട്ടാണ് അവരുടെ കൂട്ടുകെട്ട്.
18: നിങ്ങള്‍ പറയുന്നു, വെള്ളം അവരെ അതിവേഗം ഒഴുക്കിക്കളയുന്നു, ഭൂമിയില്‍ അവരുടെ അവകാശം ശപിക്കപ്പെട്ടിരിക്കുന്നു. കച്ചവടക്കാര്‍ അവരുടെ മുന്തിരിത്തോട്ടങ്ങളെ സമീപിക്കുന്നില്ല.
19: വരള്‍ച്ചയും ചൂടും ഹിമജലത്തെയെന്നപോലെ, പാപിയെ പാതാളം തട്ടിക്കൊണ്ടു പോകുന്നു.
20: മാതൃഗര്‍ഭംപോലും അവരെ വിസ്മരിക്കുന്നു; അവരുടെ നാമം ഒരിക്കലും ഓര്‍മ്മിക്കപ്പെടുന്നില്ല; അങ്ങനെ ദുഷ്ടതയെ വൃക്ഷമെന്നപോലെ വെട്ടിനശിപ്പിക്കും.
21: മക്കളില്ലാത്ത വന്ധ്യകളെ അവരിരയാക്കുന്നു. വിധവയ്ക്ക് അവര്‍ ഒരു നന്മയും ചെയ്യുന്നില്ല.
22: ദൈവം തന്റെ ശക്തിയാല്‍ ബലവാന്മാരുടെ ആയുസ്സു വര്‍ദ്ധിപ്പിക്കുന്നു; ജീവിതത്തെപ്പറ്റി നിരാശരാകുമ്പോള്‍ അവര്‍ ഉണര്‍ന്നെഴുന്നേല്‍ക്കുന്നു.
23: ദൈവമവര്‍ക്കു സുരക്ഷിതത്വംനല്കി സഹായിക്കുന്നു; അവരുടെ വഴികളില്‍ അവിടുത്തെ ദൃഷ്ടികള്‍ പതിഞ്ഞിരിക്കുന്നു.
24: അല്പകാലത്തേക്ക് അവര്‍ ഉയര്‍ത്തപ്പെടുന്നു. പിന്നീടവരില്ലാതാകുന്നു. കളപോലെ അവര്‍ വാടി നശിക്കുന്നു. കതിര്‍ക്കുലപോലെ അവരെ കൊയ്‌തെടുക്കുന്നു.
25: ഇതു ശരിയല്ലെങ്കില്‍ ഞാന്‍ നുണയനാണെന്നും ഞാന്‍ പറയുന്നത് അര്‍ത്ഥശൂന്യമാണെന്നും ആരുതെളിയിക്കും?

അദ്ധ്യായം 25

ബില്‍ദാദ് മൂന്നാമതും സംസാരിക്കുന്നു
1: ഷൂഹ്യനായ ബില്‍ദാദ് പറഞ്ഞു: 
 ആധിപത്യം ദൈവത്തോടുകൂടെയാണ്. 
2:എല്ലാവരും അവിടുത്തെ ഭയപ്പെടുന്നു. അവിടുന്ന് ഉന്നതസ്വര്‍ഗ്ഗത്തില്‍ സമാധാനം സ്ഥാപിക്കും.
3: അവിടുത്തെ സൈന്യത്തിനു കണക്കുണ്ടോ? അവിടുത്തെ പ്രകാശം ആരുടെമേലാണ് ഉദിക്കാതിരിക്കുക?
4: അപ്പോള്‍, മനുഷ്യനെങ്ങനെ ദൈവത്തിന്റെ മുമ്പില്‍ നീതിമാനാകാന്‍ കഴിയും? സ്ത്രീയില്‍നിന്നു ജനിച്ചവന്‍ എങ്ങനെ നിര്‍മ്മലനാകും?
5: ഇതാ അവിടുത്തെ ദൃഷ്ടിയില്‍ ചന്ദ്രനു പ്രകാശമില്ല; നക്ഷത്രങ്ങളും നിര്‍മ്മലമല്ല.
6: അപ്പോള്‍ കൃമിയായ മനുഷ്യന്റെ , പുഴുവായ മനുഷ്യപുത്രന്റെ , സ്ഥിതിയെന്ത്?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ