നൂറ്റിയെഴുപതാം ദിവസം: സങ്കീര്‍ത്തനങ്ങള്‍ 80 - 88


അദ്ധ്യായം 80

ഞങ്ങളെ പുനരുദ്ധരിക്കണമേ
ഗായകസംഘനേതാവിന്, സാരസരാഗത്തിൽ ആസാഫിന്റെ സങ്കീർത്തനം 
1: ഇസ്രായേലിന്റെ ഇടയനേ, ആട്ടിന്‍കൂട്ടത്തെപ്പോലെ ജോസഫിനെ നയിക്കുന്നവനേ, ചെവിക്കൊള്ളണമേ! കെരൂബുകളിന്മേല്‍ വസിക്കുന്നവനേ, പ്രകാശിക്കണമേ!
2: എഫ്രായിമിനും ബഞ്ചമിനും മനാസ്സെയ്ക്കും അങ്ങയെത്തന്നെ വെളിപ്പെടുത്തണമേ! ഉണര്‍ന്നശക്തിയോടെ ഞങ്ങളെ രക്ഷിക്കാന്‍ വരണമേ!
3: ദൈവമേ, ഞങ്ങളെ പുനരുദ്ധരിക്കണമേ! അങ്ങയുടെ മുഖം പ്രകാശിക്കുകയും ഞങ്ങള്‍ രക്ഷപെടുകയുംചെയ്യട്ടെ!
4: സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവേ, അങ്ങയുടെ ജനത്തിന്റെ പ്രാര്‍ത്ഥനകള്‍ എത്രനാള്‍ അങ്ങു കേള്‍ക്കാതിരിക്കും?
5: അങ്ങവര്‍ക്കു ദുഃഖം ആഹാരമായി നല്കി; അവരെ അളവില്ലാതെ കണ്ണീര്‍ കുടിപ്പിച്ചു.
6: അങ്ങു ഞങ്ങളെ അയല്‍ക്കാര്‍ക്കു നിന്ദാപാത്രമാക്കി; ഞങ്ങളുടെ ശത്രുക്കള്‍ പരിഹസിച്ചുചിരിക്കുന്നു.
7: സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവേ, ഞങ്ങളെ പുനരുദ്ധരിക്കണമേ! അങ്ങയുടെ മുഖം പ്രകാശിക്കുകയും ഞങ്ങള്‍ രക്ഷപെടുകയുംചെയ്യട്ടെ!
8: ഈജിപ്തില്‍നിന്ന് അവിടുന്നൊരു മുന്തിരിവള്ളി കൊണ്ടുവന്നു; ജനതകളെപ്പുറത്താക്കി അതു നട്ടുപിടിപ്പിച്ചു.
9: അവിടുന്നതിനുവേണ്ടി തടമൊരുക്കി; അതു വേരൂന്നിവളര്‍ന്നു, ദേശംമുഴുവനും പടര്‍ന്നു.
10: അതിന്റെ തണല്‍കൊണ്ടു പര്‍വ്വതങ്ങളും അതിന്റെ ശാഖകള്‍കൊണ്ടു കൂറ്റന്‍ ദേവദാരുക്കളും മൂടി.
11: അത്, അതിന്റെ ശാഖകളെ സമുദ്രംവരെയും ചില്ലകളെ നദിവരെയും നീട്ടി.
12: അങ്ങുതന്നെ അതിന്റെ മതില്‍ തകര്‍ത്തതെന്തുകൊണ്ട്? വഴിപോക്കര്‍ അതിന്റെ ഫലം പറിക്കുന്നു.
13: കാട്ടുപന്നി അതിനെ നശിപ്പിക്കുന്നു; സകലജന്തുക്കളും അതിനെ തിന്നുകളയുന്നു.
14: സൈന്യങ്ങളുടെ ദൈവമേ, ഞങ്ങളിലേക്കു തിരിയണമേ!
15: സ്വര്‍ഗ്ഗത്തില്‍നിന്നു നോക്കിക്കാണണമേ! ഈ മുന്തിരിവള്ളിയെ, അങ്ങയുടെ വലത്തുകൈ നട്ട ഈ മുന്തിരിവള്ളിയെ, പരിഗണിക്കണമേ!
16: അവരതിനെ അഗ്നിക്കിരയാക്കുകയും വെട്ടിവീഴ്ത്തുകയുംചെയ്തു; അങ്ങയുടെ മുഖത്തുനിന്നുവരുന്ന ശാസനയാല്‍ അവര്‍ നശിച്ചുപോകട്ടെ!
17: എന്നാല്‍, അങ്ങയുടെ കരം അങ്ങയുടെ വലത്തുവശത്തു നിറുത്തിയിരിക്കുന്നവന്റെമേല്‍- അങ്ങേയ്ക്കു ശുശ്രൂഷചെയ്യാന്‍ ശക്തനാക്കിയ മനുഷ്യപുത്രന്റെമേല്‍ - ഉണ്ടായിരിക്കട്ടെ.
18: അപ്പോള്‍ ഞങ്ങള്‍ അങ്ങില്‍നിന്ന് ഒരിക്കലും പിന്തിരിയുകയില്ല; ഞങ്ങള്‍ക്കു ജീവന്‍നല്കണമേ! ഞങ്ങളങ്ങയുടെ നാമം വിളിച്ചപേക്ഷിക്കും.
19: സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവേ, ഞങ്ങളെ പുനരുദ്ധരിക്കണമേ! അങ്ങയുടെ മുഖം പ്രകാശിക്കുകയും ഞങ്ങള്‍ രക്ഷപെടുകയുംചെയ്യട്ടെ!

അദ്ധ്യായം 81

ഉത്സവഗാനം
ഗായകസംഘനേതാവിന്, ഗിത്യരാഗത്തിൽ ആസാഫിന്റെ സങ്കീർത്തനം 
1: നമ്മുടെ ശക്തികേന്ദ്രമായ ദൈവത്തെ ഉച്ചത്തില്‍ പാടിപ്പുകഴ്ത്തുവിന്‍; യാക്കോബിന്റെ ദൈവത്തിന് ആനന്ദത്തോടെ ആര്‍പ്പുവിളിക്കുവിന്‍.
2: തപ്പുകൊട്ടിയും കിന്നരവും വീണയും ഇമ്പമായി മീട്ടിയും ഗാനമുതിര്‍ക്കുവിന്‍.
3: അമാവാസിയിലും നമ്മുടെ ഉത്സവദിനമായ പൗര്‍ണ്ണമിയിലും കാഹളമൂതുവിന്‍.
4: എന്തെന്നാല്‍, അത് ഇസ്രായേലിലെ ചട്ടവും യാക്കോബിന്റെ ദൈവംനല്കിയ പ്രമാണവുമാണ്.
5: ഈജിപ്തിലേക്കു തിരിച്ചപ്പോള്‍ ജോസഫിനും അവിടുന്ന് ഈ നിയമം നല്കി; അപരിചിതമായ ഒരു ശബ്ദം ഞാന്‍ കേള്‍ക്കുന്നു:
6: ഞാന്‍ നിന്റെ തോളില്‍നിന്നു ഭാരമിറക്കിവച്ചു; നിന്റെ കൈകളെ കുട്ടയില്‍നിന്നു വിടുവിച്ചു.
7: കഷ്ടകാലത്തു നീ വിളിച്ചപേക്ഷിച്ചു; ഞാന്‍ നിന്നെ മോചിപ്പിച്ചു; അദൃശ്യനായി ഇടിമുഴക്കത്തിലൂടെ നിനക്കുത്തരമരുളി; മെരീബാ ജലാശയത്തിനരികെവച്ചു ഞാന്‍ നിന്നെ പരീക്ഷിച്ചു.
8: എന്റെ ജനമേ, ഞാന്‍ മുന്നറിയിപ്പുനല്കുമ്പോള്‍ ശ്രദ്ധിച്ചുകേള്‍ക്കുക; ഇസ്രായേലേ, നീ എന്റെ വാക്കുകേട്ടിരുന്നെങ്കില്‍!
9: നിങ്ങളുടെയിടയില്‍ അന്യദൈവമുണ്ടാകരുത്; ഒരന്യദൈവത്തെയും നീ വണങ്ങരുത്.
10: ഈജിപ്തു ദേശത്തുനിന്നു നിന്നെ മോചിപ്പിച്ച ദൈവമായ കര്‍ത്താവു ഞാനാണ്; നീ വായ് തുറക്കുക; ഞാന്‍ നിനക്കു ഭക്ഷിക്കാന്‍നല്കാം.
11: എന്നാല്‍, എന്റെ ജനം എന്റെ വാക്കു കേട്ടില്ല; ഇസ്രായേല്‍ എന്നെ കൂട്ടാക്കിയില്ല.
12: അതിനാല്‍, അവര്‍ തന്നിഷ്ടപ്രകാരം നടക്കാന്‍ ഞാനവരെ അവരുടെ ഹൃദയകാഠിന്യത്തിനു വിട്ടുകൊടുത്തു.
13: എന്റെ ജനം എന്റെ വാക്കു കേട്ടിരുന്നെങ്കില്‍, ഇസ്രായേല്‍ എന്റെ മാര്‍ഗ്ഗത്തില്‍ ചരിച്ചിരുന്നെങ്കില്‍,
14: അതിവേഗം അവരുടെ വൈരികളെ ഞാന്‍ കീഴ്‌പ്പെടുത്തുമായിരുന്നു; അവരുടെ ശത്രുക്കള്‍ക്കെതിരേ എന്റെ കരമുയര്‍ത്തുമായിരുന്നു.
15: കര്‍ത്താവിനെ വെറുക്കുന്നവര്‍ അവിടുത്തെ കാല്ക്കല്‍ വീഴുമായിരുന്നു; അവരുടെ ശിക്ഷ എന്നേയ്ക്കും നിലനില്ക്കുമായിരുന്നു.
16: ഞാന്‍ മേല്‍ത്തരം ഗോതമ്പുകൊണ്ടു നിങ്ങളെ തീറ്റിപ്പോറ്റുമായിരുന്നു; പാറയില്‍നിന്നുള്ള തേന്‍കൊണ്ടു നിങ്ങളെ സംതൃപ്തരാക്കുമായിരുന്നു. 

അദ്ധ്യായം 82

ദൈവം ന്യായാധിപന്മാരുടെ വിധികര്‍ത്താവ്
ആസാഫിന്റെ സങ്കീർത്തനം 
1: ദൈവം സ്വര്‍ഗ്ഗീയസഭയില്‍ ഉപവിഷ്ടനായിരിക്കുന്നു; അവിടുന്നു സ്വര്‍ഗ്ഗവാസികളുടെയിടയിലിരുന്നു ന്യായംവിധിക്കുന്നു.
2: നിങ്ങളെത്രകാലം നീതിവിരുദ്ധമായി വിധിക്കുകയും ദുഷ്ടരുടെ പക്ഷംപിടിക്കുകയും ചെയ്യും?
3: ദുര്‍ബ്ബലര്‍ക്കും അനാഥര്‍ക്കും നീതി പാലിച്ചുകൊടുക്കുവിന്‍; പീഡിതരുടെയും അഗതികളുടെയും അവകാശം സ്ഥാപിച്ചുകൊടുക്കുവിന്‍.
4: ദുര്‍ബ്ബലരെയും പാവപ്പെട്ടവരെയും രക്ഷിക്കുവിന്‍; ദുഷ്ടരുടെ കെണികളില്‍നിന്ന് അവരെ മോചിപ്പിക്കുവിന്‍.
5: അവര്‍ക്കറിവില്ല; ബുദ്ധിയുമില്ല; അവരന്ധകാരത്തില്‍ തപ്പിത്തടയുന്നു;
6: ഭൂമിയുടെ അടിസ്ഥാനങ്ങള്‍ ഇളകിയിരിക്കുന്നു. ഞാന്‍ പറയുന്നു, നിങ്ങള്‍ ദൈവങ്ങളാണ്; നിങ്ങളെല്ലാവരും അത്യുന്നതന്റെ മക്കളാണ്.
7: എങ്കിലും നിങ്ങള്‍ മനുഷ്യരെപ്പോലെ മരിക്കും; ഏതു പ്രഭുവിനെയുംപോലെ വീണുപോകും.
8: ദൈവമേ, എഴുന്നേറ്റു ഭൂമിയെ വിധിക്കണമേ! എല്ലാ ജനതകളും അങ്ങയുടേതാണ്. 

അദ്ധ്യായം 83

ഇസ്രായേലിന്റെ വൈരികളെ നശിപ്പിക്കണമേ!
ഒരു ഗീതം. ആസാഫിന്റെ സങ്കീർത്തനം 
1: ദൈവമേ, മൗനമായിരിക്കരുതേ! ദൈവമേ, നിശ്ചലനും നിശ്ശബ്ദനുമായിരിക്കരുതേ!
2: ഇതാ, അങ്ങയുടെ ശത്രുക്കള്‍ ഇളകിമറിയുന്നു; അങ്ങയുടെ വൈരികള്‍ തലപൊക്കിയിരിക്കുന്നു.
3: അവരങ്ങയുടെ ജനത്തിനെതിരേ കെണിയൊരുക്കുന്നു; അങ്ങു പരിപാലിക്കുന്നവര്‍ക്കെതിരേ ഗൂഢാലോചനനടത്തുന്നു.
4: വരുവിന്‍, ഈ ജനതമുഴുവനെയും നമുക്കു തുടച്ചുമാറ്റാം; ഇസ്രായേലെന്ന നാമം മേലില്‍ ആരുമോര്‍മ്മിക്കാതിരിക്കട്ടെയെന്ന് അവര്‍ പറയുന്നു.
5: അതേ, അവര്‍ ഏകമനസ്സോടെ ദുരാലോചന നടത്തുന്നു; അങ്ങേയ്ക്കെതിരേ അവര്‍ സഖ്യമുണ്ടാക്കുന്നു.
6: ഏദോം, ഇസ്മായേല്യര്‍, മൊവാബ്, ഹഗ്രിയര്‍,
7: ഗേബല്‍, അമ്മോന്‍, അമലെക്, ടയിര്‍നിവാസികളടക്കം ഫിലിസ്ത്യര്‍ എന്നിവരൊത്തുചേര്‍ന്നു.
8: ലോത്തിന്റെ മക്കളുടെ സുശക്തകരമായ അസ്സീറിയായും അവരോടു ചേര്‍ന്നു.
9: മേദിയാക്കാരോടു ചെയ്തതുപോലെ അവരോടും ചെയ്യണമേ! കിഷോണ്‍നദിയില്‍വച്ചു സിസേറയോടും യാബിനോടും ചെയ്തതുപോലെതന്നെ.
10: അവരെ എന്‍ദോറില്‍വച്ചു നശിപ്പിച്ചല്ലോ, അവര്‍ മണ്ണിനു വളമായിത്തീര്‍ന്നു.
11: അവരുടെ കുലീനരെ ഓറെബ്, സേബ് എന്നിവരെപ്പോലെയും അവരുടെ പ്രഭുക്കന്മാരെ സേബാ, സല്‍മുന്നാ എന്നിവരെപ്പോലെയുമാക്കണമേ!
12: ദൈവത്തിന്റെ മേച്ചില്‍പ്പുറങ്ങള്‍ നമുക്കു കൈയടക്കാമെന്ന് അവര്‍ പറഞ്ഞു.
13: എന്റെ ദൈവമേ, അവരെ ചുഴലിക്കാറ്റില്‍പ്പറക്കുന്ന പൊടിപോലെയും കാറ്റത്തുപാറുന്ന പതിരുപോലെയുമാക്കണമേ!
14: അഗ്നി, വനത്തെ വിഴുങ്ങുന്നതുപോലെയും തീജ്വാലകള്‍, മലകളെ ദഹിപ്പിക്കുന്നതുപോലെയും
15: അങ്ങയുടെ കൊടുങ്കാററുകൊണ്ട് അവരെ പിന്തുടരണമേ! അങ്ങയുടെ ചുഴലിക്കാറ്റുകൊണ്ട് അവരെ പരിഭ്രമിപ്പിക്കണമേ!
16: അവരങ്ങയുടെ നാമമന്വേഷിക്കുന്നതിനുവേണ്ടി അവരുടെ മുഖം ലജ്ജകൊണ്ടു മൂടണമേ!
17: അവര്‍ എന്നേയ്ക്കും ലജ്ജിച്ചു പരിഭ്രമിക്കുകയും അപമാനിതരായി നശിക്കുകയുംചെയ്യട്ടെ!
18: കര്‍ത്താവെന്ന നാമംവഹിക്കുന്ന അങ്ങുമാത്രമാണ്, ഭൂമി മുഴുവനെയും ഭരിക്കുന്ന അത്യുന്നതനെന്ന് അവരറിയട്ടെ! 

അദ്ധ്യായം 84

കര്‍ത്താവിന്റെ ഭവനം എത്ര അഭികാമ്യം!
ഗായകസംഘനേതാവിന്, ഗിത്യരാഗത്തിൽ കോറഹിന്റെ  പുത്രന്മാരുടെ സങ്കീർത്തനം .
1: സൈന്യങ്ങളുടെ കര്‍ത്താവേ, അങ്ങയുടെ വാസസ്ഥലമെത്ര മനോഹരം!
2: എന്റെ ആത്മാവു കര്‍ത്താവിന്റെ അങ്കണത്തിലെത്താന്‍ വാഞ്ഛിച്ചു തളരുന്നു; എന്റെ മനസ്സും ശരീരവും ജീവിക്കുന്നവനായ ദൈവത്തിന് ആനന്ദഗാനമാലപിക്കുന്നു.
3: എന്റെ രാജാവും ദൈവവുമായ സൈന്യങ്ങളുടെ കര്‍ത്താവേ, കുരികില്‍പ്പക്ഷി ഒരു സങ്കേതവും മീവല്‍പ്പക്ഷി കുഞ്ഞിനൊരു കൂടും അങ്ങയുടെ ബലിപീഠത്തിങ്കല്‍ കണ്ടെത്തുന്നുവല്ലോ.
4: എന്നേയ്ക്കുമങ്ങയെ സ്തുതിച്ചുകൊണ്ട്, അങ്ങയുടെ ഭവനത്തില്‍ വസിക്കുന്നവര്‍ ഭാഗ്യവാന്മാര്‍.
5: അങ്ങയില്‍ ശക്തികണ്ടെത്തിയവര്‍ ഭാഗ്യവാന്മാര്‍; അവരുടെ ഹൃദയത്തില്‍ സീയോനിലേക്കുള്ള രാജവീഥികളുണ്ട്.
6: ബാക്കാത്താഴ്‌വരയിലൂടെ കടന്നുപോകുമ്പോള്‍ അവരതിനെ നീരുറവകളുടെ താഴ്‌വരയാക്കുന്നു; ശരത്കാലവൃഷ്ടി അതിനെ ജലാശയങ്ങള്‍കൊണ്ടു നിറയ്ക്കുന്നു.
7: അവര്‍ കൂടുതല്‍കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുന്നു; അവര്‍ ദൈവത്തെ സീയോനില്‍ ദര്‍ശിക്കും.
8: സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവേ, എന്റെ പ്രാര്‍ത്ഥന ശ്രവിക്കണമേ! യാക്കോബിന്റെ ദൈവമേ, ചെവികൊള്ളണമേ!
9: ഞങ്ങളുടെ പരിചയായ ദൈവമേ, അങ്ങയുടെ അഭിഷിക്തനെ കടാക്ഷിക്കണമേ!
10: അന്യസ്ഥലത്ത് ആയിരം ദിവസത്തെക്കാള്‍, അങ്ങയുടെ അങ്കണത്തില്‍ ഒരുദിവസമായിരിക്കുന്നതു കൂടുതലഭികാമ്യമാണ്; ദുഷ്ടതയുടെ കൂടാരങ്ങളില്‍ വാഴുന്നതിനെക്കാള്‍, എന്റെ ദൈവത്തിന്റെ ആലയത്തില്‍ വാതില്‍ക്കാവല്‍ക്കാരനാകാനാണു ഞാനാഗ്രഹിക്കുന്നത്.
11: എന്തെന്നാല്‍, ദൈവമായ കര്‍ത്താവു സൂര്യനും പരിചയുമാണ്; അവിടുന്നു കൃപയും ബഹുമതിയുംനല്കുന്നു; പരമാര്‍ത്ഥതയോടെ വ്യാപരിക്കുന്നവര്‍ക്ക്, ഒരു നന്മയും അവിടുന്നു നിഷേധിക്കുകയില്ല.
12: സൈന്യങ്ങളുടെ കര്‍ത്താവേ, അങ്ങയിലാശ്രയിക്കുന്നവന്‍ ഭാഗ്യവാന്‍. 

അദ്ധ്യായം 85

ഗായകസംഘനേതാവിന്, ഗിത്യരാഗത്തിൽ കോറഹിന്റെ  പുത്രന്മാരുടെ സങ്കീർത്തനം .
1: കര്‍ത്താവേ, അങ്ങയുടെ ദേശത്തോട് അങ്ങു കാരുണ്യംകാണിച്ചു; യാക്കോബിന്റെ ഭാഗധേയം അവിടുന്നു പുനഃസ്ഥാപിച്ചു.
2: അങ്ങയുടെ ജനത്തിന്റെ അകൃത്യം അങ്ങു മറന്നു; അവരുടെ പാപം അവിടുന്നു ക്ഷമിച്ചു.
3: അങ്ങ് എല്ലാ ക്രോധവും പിന്‍വലിച്ചു; തീക്ഷണമായ കോപത്തില്‍നിന്ന് അങ്ങു പിന്മാറി.
4: ഞങ്ങളുടെ രക്ഷയുടെ ദൈവമേ, ഞങ്ങളെ പുനരുദ്ധരിക്കണമേ! ഞങ്ങളോടുള്ള അങ്ങയുടെ രോഷം പരിത്യജിക്കണമേ!
5: അങ്ങെന്നേയ്ക്കും ഞങ്ങളോടു കോപിഷ്ഠനായിരിക്കുമോ?തലമുറകളോളം അങ്ങയുടെ കോപം നീണ്ടുനില്‍ക്കുമോ?
6: അങ്ങയുടെ ജനം അങ്ങയിലാനന്ദിക്കേണ്ടതിന് ഞങ്ങള്‍ക്കു നവജീവന്‍ നല്കുകയില്ലയോ?
7: കര്‍ത്താവേ, അങ്ങയുടെ കാരുണ്യം ഞങ്ങളില്‍ച്ചൊരിയണമേ! ഞങ്ങള്‍ക്കു രക്ഷ പ്രദാനംചെയ്യണമേ!
8: കര്‍ത്താവായ ദൈവമരുളിച്ചെയ്യുന്നതു ഞാന്‍ കേള്‍ക്കും; അവിടുന്നു തന്റെ ജനത്തിനു സമാധാനമരുളും; ഹൃദയപൂര്‍വ്വം തന്നിലേക്കുതിരിയുന്ന, തന്റെ വിശുദ്ധര്‍ക്കുതന്നെ.
9: അവിടുത്തെ ഭയപ്പെടുന്നവര്‍ക്കു രക്ഷ സമീപസ്ഥമാണ്; മഹത്വം നമ്മുടെ ദേശത്തു കുടികൊള്ളും.
10: കാരുണ്യവും വിശ്വസ്തതയും തമ്മിലാശ്ലേഷിക്കും; നീതിയും സമാധാനവും പരസ്പരം ചുംബിക്കും.
11: ഭൂമിയില്‍ വിശ്വസ്തത മുളയെടുക്കും; നീതി ആകാശത്തുനിന്നു ഭൂമിയെ കടാക്ഷിക്കും.
12: കര്‍ത്താവു നന്മ പ്രദാനംചെയ്യും; നമ്മുടെ ദേശം, സമൃദ്ധമായി വിളവു നല്കും.
13: നീതി അവിടുത്തെമുമ്പില്‍ നടന്ന്, അവിടുത്തേയ്ക്കു വഴിയൊരുക്കും. 

അദ്ധ്യായം 86

നിസ്സഹായന്റെ യാചന
ദാവീദിന്റെ പ്രാര്‍ത്ഥന
1: കര്‍ത്താവേ, ചെവിചായിച്ച് എനിക്കുത്തരമരുളണമേ! ഞാന്‍ ദരിദ്രനും നിസ്സഹായനുമാണ്. 
2: എന്റെ ജീവനെ സംരക്ഷിക്കണമേ, ഞാനങ്ങയുടെ ഭക്തനാണ്; അങ്ങയിലാശ്രയിക്കുന്ന ഈ ദാസനെ രക്ഷിക്കണമേ! അങ്ങാണെന്റെ ദൈവം.
3: കര്‍ത്താവേ, എന്നോടു കരുണകാണിക്കണമേ! ദിവസംമുഴുവനും ഞാനങ്ങയെ വിളിച്ചപേക്ഷിക്കുന്നു.
4: അങ്ങയുടെ ദാസന്റെ ആത്മാവിനെ സന്തോഷിപ്പിക്കണമേ! കര്‍ത്താവേ, ഞാനങ്ങയിലേക്ക് എന്റെ മനസ്സിനെയുയര്‍ത്തുന്നു.
5: കര്‍ത്താവേ, അങ്ങു നല്ലവനും ക്ഷമാശീലനുമാണ്; അങ്ങയെ വിളിച്ചപേക്ഷിക്കുന്നവരോട് അങ്ങു സമൃദ്ധമായി കൃപകാണിക്കുന്നു.
6: കര്‍ത്താവേ, എന്റെ പ്രാര്‍ത്ഥന കേള്‍ക്കണമേ! എന്റെ യാചനയുടെ സ്വരം ശ്രദ്ധിക്കണമേ!
7: അനര്‍ത്ഥകാലത്തു ഞാനങ്ങയെ വിളിക്കുന്നു; അങ്ങെനിക്കുത്തരമരുളുന്നു.
8: കര്‍ത്താവേ, ദേവന്മാരില്‍ അങ്ങേയ്ക്കു തുല്യനായി ആരുമില്ല; അങ്ങേ പ്രവൃത്തികള്‍ക്കുതുല്യമായി മറ്റൊന്നില്ല.
9: കര്‍ത്താവേ, അങ്ങു സൃഷ്ടിച്ച ജനതകള്‍വന്ന്, അങ്ങയെ കുമ്പിട്ടാരാധിക്കും; അവരങ്ങയുടെ നാമത്തെ മഹത്വപ്പെടുത്തും.
10: എന്തെന്നാല്‍, അങ്ങു വലിയവനാണ്. വിസ്മയകരമായ കാര്യങ്ങള്‍ അങ്ങു നിര്‍വ്വഹിക്കുന്നു; അങ്ങുമാത്രമാണു ദൈവം.
11: കര്‍ത്താവേ, ഞാനങ്ങയുടെ സത്യത്തില്‍ നടക്കേണ്ടതിന്, അങ്ങയുടെ വഴി, എന്നെ പഠിപ്പിക്കണമേ! അങ്ങയുടെ നാമത്തെ ഭയപ്പെടാന്‍ എന്റെ ഹൃദയത്തെ ഏകാഗ്രമാക്കണമേ!
12: എന്റെ ദൈവമായ കര്‍ത്താവേ, പൂര്‍ണ്ണഹൃദയത്തോടെ ഞാനങ്ങേയ്ക്കു നന്ദിപറയുന്നു; അങ്ങയുടെ നാമത്തെ ഞാനെന്നും മഹത്വപ്പെടുത്തും.
13: എന്നോട്, അങ്ങു കാണിക്കുന്ന കാരുണ്യം വലുതാണ്; പാതാളത്തിന്റെ ആഴത്തില്‍നിന്ന് അവിടുന്നെന്റെ പ്രാണനെ രക്ഷിച്ചു.
14: ദൈവമേ, അഹങ്കാരികള്‍ എന്നെയെതിര്‍ക്കുന്നു; കഠോരഹൃദയര്‍ എന്റെ ജീവനെ വേട്ടയാടുന്നു; അവര്‍ക്ക് അങ്ങയെപ്പറ്റി വിചാരമില്ല.
15: എന്നാല്‍ കര്‍ത്താവേ, അങ്ങു കാരുണ്യവാനും കൃപാനിധിയുമായ ദൈവമാണ്; അങ്ങു ക്ഷമാശീലനും സ്നേഹസമ്പന്നനും വിശ്വസ്തനുമാണ്.
16: എന്നിലേക്ക് ആര്‍ദ്രതയോടെ തിരിയണമേ! ഈ ദാസന് അങ്ങയുടെ ശക്തി നല്കണമേ!
17: അങ്ങയുടെ ദാസിയുടെ പുത്രനെ രക്ഷിക്കണമേ! അങ്ങയുടെ കൃപാകടാക്ഷത്തിന്റെ അടയാളം കാണിക്കണമേ! എന്നെ വെറുക്കുന്നവര്‍ അതുകണ്ടു ലജ്ജിതരാകട്ടെ! കര്‍ത്താവേ, അങ്ങെന്നെ സഹായിക്കുകയും ആശ്വസിപ്പിക്കുകയുംചെയ്തു.

അദ്ധ്യായം 87

ജനതകളുടെ മാതാവായ സീയോന്‍
കൊറഹിന്റെ പുത്രന്മാരുടെ സങ്കീര്‍ത്തനം. ഒരു ഗീതം.
1: അവിടുന്നു വിശുദ്ധഗിരിയില്‍ തന്റെ നഗരം സ്ഥാപിച്ചു.
2: യാക്കോബിന്റെ എല്ലാ വാസസ്ഥലങ്ങളെയുംകാള്‍ സീയോന്റെ കവാടങ്ങളെ കര്‍ത്താവു സ്നേഹിക്കുന്നു.
3: ദൈവത്തിന്റെ നഗരമേ, നിന്നെപ്പറ്റി മഹത്തായ കാര്യങ്ങള്‍ പറയപ്പെടുന്നു.
4: എന്നെ അംഗീകരിക്കുന്നവരുടെ കൂട്ടത്തില്‍ റാഹാബും ബാബിലോണുമുള്‍പ്പെടുന്നു, ഫിലിസ്ത്യയിലും ടയിറിലും എത്യോപ്യയിലും വസിക്കുന്നവരെക്കുറിച്ച്, അവര്‍ ഇവിടെ ജനിച്ചതാണെന്നു പറയുന്നു.
5: സകലരും അവിടെ ജനിച്ചതാണെന്നു സീയോനെക്കുറിച്ചു പറയും; അത്യുന്നതന്‍തന്നെയാണ് അവളെ സ്ഥാപിച്ചത്.
6: കര്‍ത്താവു ജനതകളുടെ കണക്കെടുക്കുമ്പോള്‍ ഇവന്‍ അവിടെ ജനിച്ചെന്നു രേഖപ്പെടുത്തും.
7: എന്റെ ഉറവകള്‍ നിന്നിലാണെന്നു ഗായകരും നര്‍ത്തകരും ഒന്നുപോലെ പാടും.

അദ്ധ്യായം 88

പരിത്യക്തന്റെ വിലാപം
കൊറഹിന്റെ പുത്രന്മാരുടെ സങ്കീര്‍ത്തനം ഗായകസംഘനേതാവിന്, മഹാലത്ത് ലയ്യാനോത്ത് രാഗത്തില്‍ എസ്രാഹ്യനായ ഹേമാന്റെ പ്രബോധനഗീതം
1: കര്‍ത്താവേപകല്‍മുഴുവന്‍ ഞാന്‍ സഹായത്തിനപേക്ഷിക്കുന്നുരാത്രിയില്‍, അങ്ങയുടെ സന്നിധിയില്‍ നിലവിളിക്കുന്നു. 
2: എന്റെ പ്രാര്‍ത്ഥന അങ്ങയുടെ മുമ്പിലെത്തുമാറാകട്ടെ! എന്റെ നിലവിളിക്കു ചെവിചായിക്കണമേ!
3: എന്റെയാത്മാവു ദുഃഖപൂര്‍ണ്ണമാണ്എന്റെ ജീവന്‍ പാതാളത്തിന്റെ വക്കിലെത്തിയിരിക്കുന്നു. 
4: പാതാളത്തില്‍ പതിക്കാന്‍പോകുന്നവരുടെ കൂട്ടത്തില്‍ ഞാന്‍ എണ്ണപ്പെട്ടിരിക്കുന്നുഎന്റെ ശക്തി ചോര്‍ന്നുപോയി.  
5: മരിച്ചവരുടെയിടയില്‍ പരിത്യജിക്കപ്പെട്ടവനെപ്പോലെയും ശവകുടീരത്തില്‍ കിടക്കുന്ന വധിക്കപ്പെട്ടവരെപ്പോലെയുംഅങ്ങിനി ഒരിക്കലുമോര്‍ക്കാത്തവരെപ്പോലെയും ഞാനങ്ങില്‍നിന്നു വിച്ഛേദിക്കപ്പെട്ടിരിക്കുന്നു. 
6: അങ്ങെന്നെ പാതാളത്തിന്റെ അടിത്തട്ടില്‍, അന്ധകാരപൂര്‍ണ്ണവും അഗാധവുമായതലത്തില്‍, ഉപേക്ഷിച്ചിരിക്കുന്നു.  
7: അങ്ങയുടെ ക്രോധം എന്നെ ഞെരുക്കുന്നുഅങ്ങയുടെ തിരമാലകള്‍ എന്നെ മൂടുന്നു.
8: കൂട്ടുകാര്‍ എന്നെവിട്ടകലാന്‍ അങ്ങിടയാക്കിഅവര്‍ക്കെന്നെ ബീഭത്സവസ്തുവാക്കിരക്ഷപെടാനാവാത്തവിധം അങ്ങെന്നെ തടവിലാക്കി.
9: ദുഃഖംകൊണ്ട്, എന്റെ കണ്ണു മങ്ങിപ്പോകുന്നുകര്‍ത്താവേഎന്നും ഞാനങ്ങയെ വിളിച്ചപേക്ഷിക്കുന്നുഞാനങ്ങയുടെ സന്നിധിയിലേക്കു കൈകളുയര്‍ത്തുന്നു. 
10: മരിച്ചവര്‍ക്കുവേണ്ടി അങ്ങദ്ഭുതം പ്രവര്‍ത്തിക്കുമോനിഴലുകള്‍ അങ്ങയെ പുകഴ്ത്താന്‍ ഉണര്‍ന്നെഴുന്നേല്ക്കുമോ?
11: ശവകുടീരത്തില്‍ അങ്ങയുടെ സ്നേഹവും വിനാശത്തില്‍ അങ്ങയുടെ വിശ്വസ്തതയും പ്രഘോഷിക്കുമോ?
12: അന്ധകാരത്തില്‍ അങ്ങയുടെ അദ്ഭുതങ്ങളും വിസ്മൃതിയുടെ ദേശത്ത് അങ്ങയുടെ രക്ഷാകരസഹായവും അറിയപ്പെടുമോ
13: കര്‍ത്താവേഞാനങ്ങയോടു നിലവിളിച്ചപേക്ഷിക്കുന്നുപ്രഭാതത്തിലെന്റെ പ്രാര്‍ത്ഥന അങ്ങയുടെ സന്നിധിയിലെത്തുന്നു.
14: കര്‍ത്താവേഅങ്ങെന്നെ തള്ളിക്കളയുന്നതെന്തുകൊണ്ട്എന്നില്‍നിന്നു മുഖംമറയ്ക്കുന്നതെന്തുകൊണ്ട്?
15: ചെറുപ്പംമുതലിന്നോളം ഞാന്‍ പീഡിതനും മരണാസന്നനുമായിഅങ്ങയുടെ ഭീകരശിക്ഷകള്‍ സഹിക്കുന്നുഞാന്‍ നിസ്സഹായനാണ്. 
16: അങ്ങയുടെ ക്രോധം എന്റെനേരേ കവിഞ്ഞൊഴുകിഅങ്ങയുടെ ഭീകരാക്രമങ്ങള്‍ എന്നെ നശിപ്പിക്കുന്നു. 
17: പെരുവെള്ളംപോലെ അതു നിരന്തരം എന്നെ വലയംചെയ്യുന്നുഅവയൊരുമിച്ച് എന്നെ പൊതിയുന്നു. 
18: സ്നേഹിതരെയും അയല്‍ക്കാരെയും അങ്ങെന്നില്‍നിന്ന് അകറ്റിയിരിക്കുന്നുഅന്ധകാരംമാത്രമാണെന്റെ സഹചരന്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ