നൂറ്റിയമ്പത്തിയാറാം ദിവസം: ജോബ്‌ 31 - 34


അദ്ധ്യായം 31

1: ഞാന്‍, എൻ്റെ കണ്ണുകളുമായി ഒരുടമ്പടി ചെയ്തിട്ടുണ്ട്; അപ്പോള്‍ ഞാനെങ്ങനെയൊരു കന്യകയെ നോക്കും?
2: ഉന്നതനായ ദൈവത്തില്‍നിന്നുള്ള എൻ്റെ ഓഹരിയും സര്‍വ്വശക്തനില്‍നിന്നുള്ള എൻ്റെയവകാശവുമെന്തായിരിക്കും?
3: നീതികെട്ടവനപകടവും, അക്രമം പ്രവര്‍ത്തിക്കുന്നവനു വിനാശവുംസംഭവിക്കുകയില്ലേ?
4: അവിടുന്നെൻ്റെ മാര്‍ഗ്ഗങ്ങള്‍ നിരീക്ഷിക്കുകയും എൻ്റെ കാലടികളെണ്ണുകയുംചെയ്യുന്നില്ലേ?
5: ഞാന്‍ കപടതയോടുകൂടെ സഞ്ചരിക്കുകയും എൻ്റെ പാദങ്ങള്‍ വഞ്ചന പ്രവര്‍ത്തിക്കാന്‍ വെമ്പല്‍കൊള്ളുകയുംചെയ്തിട്ടുണ്ടെങ്കില്‍,
6: ദൈവം, എൻ്റെ നിഷ്‌കളങ്കതയറിയേണ്ടതിന്, എന്നെ കപടമില്ലാത്ത ത്രാസില്‍ തൂക്കിനോക്കട്ടെ!
7: ഞാന്‍ വഴിതെറ്റിപ്പോയിട്ടുണ്ടെങ്കില്‍, കാണുന്നതിലെല്ലാം ഞാന്‍ അഭിലാഷംപൂണ്ടിട്ടുണ്ടെങ്കില്‍, എൻ്റെ കരങ്ങള്‍ കളങ്കിതമാണെങ്കില്‍,
8: ഞാന്‍ വിതച്ചത് അന്യനനുഭവിക്കട്ടെ; എൻ്റെ വിള, വേരോടെ നശിക്കട്ടെ!
9: എൻ്റെ ഹൃദയം സ്ത്രീയാല്‍ വശീകൃതമായിട്ടുണ്ടെങ്കില്‍, ഞാന്‍ കൂട്ടുകാരൻ്റെ വാതില്‍ക്കല്‍ പതിയിരുന്നിട്ടുണ്ടെങ്കില്‍,
10: എൻ്റെ ഭാര്യ അന്യനുവേണ്ടി ധാന്യം പൊടിക്കട്ടെ! അന്യര്‍ അവളുമായി ശയിക്കട്ടെ.
11: എന്തെന്നാല്‍, അതു ഹീനമായ കുറ്റമായിരിക്കും; ന്യായാധിപന്മാര്‍ ശിക്ഷവിധിക്കേണ്ട അകൃത്യം.
12: നരകത്തിലേതുപോലെ ദഹിപ്പിക്കുന്ന അഗ്നിയായിരിക്കും അത്. എൻ്റെ സമ്പത്ത് അതു നിര്‍മ്മൂലമാക്കും.
13: പരാതിയുമായി എന്നെസമീപിച്ച ദാസൻ്റെയോ ദാസിയുടെയോ അഭ്യര്‍ത്ഥന ഞാന്‍ നിരാകരിച്ചിട്ടുണ്ടെങ്കില്‍,
14: ദൈവമെഴുന്നേല്‍ക്കുമ്പോള്‍ ഞാനെന്തു ചെയ്യും? അവിടുന്ന് അന്വേഷണംനടത്തുമ്പോള്‍ ഞാനെന്തു മറുപടിപറയും?
15: അമ്മയുടെ ഉദരത്തില്‍ എന്നെ ഉരുവാക്കിയവന്‍തന്നെയല്ലേ അവനെയും സൃഷ്ടിച്ചത്? അമ്മയുടെ ഉദരത്തില്‍ ഞങ്ങള്‍ക്കു രണ്ടുപേര്‍ക്കും രൂപംനല്കിയത് ഒരുവന്‍തന്നെയല്ലേ?
16: പാവങ്ങള്‍ ആഗ്രഹിച്ചതെന്തെങ്കിലും ഞാന്‍ മുടക്കിയിട്ടുണ്ടെങ്കില്‍, വിധവയുടെ കണ്ണുകള്‍ അന്ധമാക്കിയിട്ടുണ്ടെങ്കില്‍,
17: എൻ്റെ ആഹാരം ഞാന്‍ തനിയെ ഭക്ഷിക്കുകയും അനാഥര്‍ക്ക് അതിൻ്റെ ഓഹരി ലഭിക്കാതിരിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍,
18: യൗവനംമുതല്‍ അവനെ ഞാന്‍ പിതാവിനെപ്പോലെ പോറ്റുകയും ജനിച്ചപ്പോള്‍മുതല്‍ നയിക്കുകയും ചെയ്തു.
19: വസ്ത്രമില്ലാതെയോ പുതപ്പില്ലാതെയോ ആരെങ്കിലും നശിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ടെങ്കില്‍,
20: അവൻ്റെയനുഗ്രഹം എനിക്കു ലഭിച്ചില്ലെങ്കില്‍, എൻ്റെ ആടുകളുടെ രോമം അവനു ചൂടുപകര്‍ന്നില്ലെങ്കില്‍,
21: വാതില്‍ക്കല്‍ സഹായിക്കാന്‍ ആളുണ്ടെന്നു കണ്ടിട്ട് അനാഥര്‍ക്കെതിരേ ഞാന്‍ കൈ ഉയര്‍ത്തിയിട്ടുണ്ടെങ്കില്‍,
22: എൻ്റെ തോളില്‍നിന്ന് തോള്‍പ്പലക വിട്ടുപോകട്ടെ! എൻ്റെ കരം അതിൻ്റെ കുഴിയില്‍നിന്നു വേര്‍പെട്ടുപോകട്ടെ!
23: ദൈവത്തില്‍നിന്നുള്ള വിനാശത്തെക്കുറിച്ച്, ഞാന്‍ ഭീതിയില്‍ മുഴുകിയിരുന്നു. അവിടുത്തെ പ്രഭാവത്തിന് അഭിമുഖീഭവിക്കാന്‍ എനിക്കു കഴിഞ്ഞില്ല.
24: സ്വര്‍ണ്ണമായിരുന്നു എന്റെ ആശ്രയമെങ്കില്‍, തങ്കത്തില്‍ എൻ്റെ പ്രത്യാശയര്‍പ്പിച്ചിരുന്നെങ്കില്‍,
25: എൻ്റെ സമ്പത്തു വലുതായിരുന്നതുകൊണ്ടോ എൻ്റെ കൈകളില്‍ ഏറെ ധനം വന്നുചേര്‍ന്നതുകൊണ്ടോ ഞാന്‍ ആനന്ദിച്ചിരുന്നെങ്കില്‍,
26: സൂര്യന്‍ പ്രകാശിക്കുന്നതോ ചന്ദ്രന്‍ ശോഭിക്കുന്നതോ നോക്കിയിട്ട്,
27: എൻ്റെ ഹൃദയം ഗൂഢമായി വശീകരിക്കപ്പെടുകയും ഞാന്‍ എൻ്റെ കരം ചുംബിക്കുകയും ചെയ്തിരുന്നെങ്കില്‍,
28: അതും ന്യായാധിപന്മാര്‍ ശിക്ഷ വിധിക്കേണ്ട ഒരു കുറ്റമാകുമായിരുന്നു. എന്തെന്നാല്‍, അത് ഉന്നതനായ ദൈവത്തെ തിരസ്കരിക്കലാകുമായിരുന്നു.
29: എന്നെ വെറുക്കുന്നവൻ്റെ നാശത്തില്‍ ഞാന്‍ സന്തോഷിച്ചെങ്കില്‍, അവൻ്റെ അനര്‍ത്ഥത്തില്‍ ഞാന്‍ ആഹ്ലാദിച്ചെങ്കില്‍,
30: അവനു പ്രാണഹാനിവരാന്‍വേണ്ടി അവനെ ശപിച്ച്, പാപംചെയ്യാന്‍ ഞാനെൻ്റെ നാവിനെ ഒരിക്കലുമനുവദിച്ചിട്ടില്ല.
31: അവന്‍നല്കിയ മാംസം മതിയാവോളംകഴിക്കാത്ത ആരുണ്ടെന്ന് എൻ്റെ കൂടാരത്തിലെ ആളുകള്‍ ചോദിച്ചില്ലെങ്കില്‍,
32: പരദേശി തെരുവില്‍പ്പാര്‍ക്കേണ്ടിവന്നിട്ടില്ല; വഴിപോക്കനു ഞാനെൻ്റെ വാതില്‍ തുറന്നുകൊടുത്തിട്ടുണ്ട്.
33: എൻ്റെ അകൃത്യങ്ങളെ ഹൃദയത്തിലൊളിച്ച്, എൻ്റെ അതിക്രമങ്ങളെ മനുഷ്യരുടെ മുമ്പില്‍നിന്ന് ഞാന്‍ മറച്ചുവച്ചെങ്കില്‍,
34: ആള്‍ക്കൂട്ടത്തെ ഭയപ്പെടുകയും മറ്റു കുടുംബങ്ങളുടെ ദ്വേഷത്തില്‍ ഭീതിതോന്നുകയുംചെയ്ത് ഞാന്‍ മൗനമവലംബിക്കുകയും വാതിലിനു വെളിയിലിറങ്ങാതിരിക്കുകയുംചെയ്‌തെങ്കില്‍,
35: എന്നെ ശ്രവിക്കാന്‍ ആരെങ്കിലുമുണ്ടായിരുന്നെങ്കില്‍! ഇതാ എൻ്റെ കൈയൊപ്പ്! സര്‍വ്വശക്തന്‍ എനിക്കുത്തരം നല്കട്ടെ! എൻ്റെ ശത്രു എനിക്കെതിരേ എഴുതിയ കുറ്റാരോപണം കിട്ടിയിരുന്നെങ്കില്‍,
36: ഞാന്‍ അതെൻ്റെ തോളില്‍ വഹിക്കുമായിരുന്നു; കിരീടംപോലെ ഞാനതിനെ എന്നോടു ചേര്‍ക്കുമായിരുന്നു.
37: എൻ്റെ പ്രവൃത്തികളുടെ കണക്ക്, ഞാന്‍ അവിടുത്തെ ബോധിപ്പിക്കുമായിരുന്നു. രാജകുമാരനെപ്പോലെ ഞാന്‍ അവിടുത്തെ സമീപിക്കുമായിരുന്നു.
38: എൻ്റെ വയലുകള്‍ എനിക്കെതിരായി നിലവിളിച്ചിട്ടുണ്ടെങ്കില്‍, അതിലെ ഉഴവു ചാലുകള്‍ ഒന്നായി കരഞ്ഞിട്ടുണ്ടെങ്കില്‍,
39: അതിലെ ഉത്പന്നങ്ങള്‍ വിലകൊടുക്കാതെ ഞാന്‍ വാങ്ങി ഭക്ഷിച്ചിട്ടുണ്ടെങ്കില്‍, അതിൻ്റെ ഉടമസ്ഥന്മാരുടെ മരണത്തിനു ഞാന്‍ കാരണമായിട്ടുണ്ടെങ്കില്‍,
40: ഗോതമ്പിനു പകരം മുള്ളുകളും ബാര്‍ലിക്കു പകരം കളകളും വളരട്ടെ!
ജോബിൻ്റെ വാക്കുകളുടെ സമാപ്തി.

അദ്ധ്യായം 32

എലീഹുവിൻ്റെ പ്രഭാഷണം
1: ജോബിനു താന്‍ നീതിമാനാണെന്നു തോന്നിയതുകൊണ്ട്, ഈ മൂന്നുപേരും തങ്ങളുടെ വാദം മതിയാക്കി.
2: റാം കുടുംബത്തില്‍പ്പെട്ട ബൂസ്യനായ ബറാഖേലിൻ്റെ പുത്രന്‍ എലീഹു കോപിഷ്ഠനായി. ദൈവത്തെക്കാള്‍ തന്നെത്തന്നെ നീതികരിച്ചതുകൊണ്ട്, ജോബിന്റെനേരേ അവൻ്റെ കോപം വര്‍ദ്ധിച്ചു;
3: ജോബ് തെറ്റുചെയ്‌തെന്ന് അവൻ്റെ മൂന്നു സ്നേഹിതന്മാരും പ്രഖ്യാപിച്ചെങ്കിലും, തക്ക മറുപടിനല്കാന്‍ അവര്‍ക്കു കഴിയാഞ്ഞതുകൊണ്ട്, അവരോടും അവന്‍ കോപിച്ചു.
4: അവര്‍ തന്നെക്കാള്‍ പ്രായമുള്ളവരായതുകൊണ്ട് എലീഹു മറുപടിപറയാതെ കാത്തിരുന്നു.
5: എന്നാല്‍, അവര്‍ മൂന്നുപേരും മറുപടിപറയുന്നില്ലെന്നുകണ്ടപ്പോള്‍ അവന്‍ കുപിതനായി.
6: ബൂസ്യനായ ബറാഖേലിൻ്റെ പുത്രന്‍ എലീഹു മറുപടിപറഞ്ഞു:
7: ഞാന്‍ പ്രായത്തില്‍ ചെറുപ്പമാണ്, നിങ്ങള്‍ പ്രായംകൂടിയവരും. അതിനാല്‍ എൻ്റെ അഭിപ്രായംപ്രകടിപ്പിക്കാന്‍ എനിക്കു ഭയമായിരുന്നു. ഞാന്‍ ചിന്തിച്ചു, പ്രായം സംസാരിക്കുകയും പ്രായാധിക്യം ജ്ഞാനംപകരുകയുംചെയ്യട്ടെ.
8: എന്നാല്‍, മനുഷ്യനിലെ ചൈതന്യം, സര്‍വ്വശക്തൻ്റെ ശ്വാസം, ആണ് അവനു ജ്ഞാനംനല്കുന്നത്.
9: പ്രായാധിക്യം ജ്ഞാനം പ്രദാനംചെയ്യുന്നില്ല, ദീര്‍ഘായുസ്സ്, വിവേകവും.
10: അതിനാല്‍, ഞാന്‍ പറയുന്നു, എൻ്റെ വാക്കു കേള്‍ക്കുക. ഞാനും എൻ്റെ അഭിപ്രായം പ്രകടിപ്പിക്കട്ടെ.
11: എന്തു പറയണമെന്നു നിങ്ങള്‍ ആലോചിച്ചുകൊണ്ടിരുന്നപ്പോള്‍ നിങ്ങളുടെ വാക്കു കേള്‍ക്കാന്‍ ഞാന്‍ കാത്തിരുന്നു. നിങ്ങളുടെ ജ്ഞാനവചസ്സുകള്‍ക്കുവേണ്ടി ശ്രദ്ധിച്ചിരുന്നു.
12: ഞാന്‍ നിങ്ങളെ ശ്രദ്ധിച്ചു, ജോബിനെ ഖണ്ഡിക്കാന്‍ ആരുമുണ്ടായില്ല. നിങ്ങളിലാരും അവൻ്റെ വാക്കുകള്‍ക്കു മറുപടികൊടുത്തുമില്ല.
13: ഞങ്ങള്‍ക്കു ജ്ഞാനം ലഭിച്ചിരിക്കുന്നു; ദൈവമാണ്, മനുഷ്യനല്ല അവനെ ഖണ്ഡിക്കുക എന്നുപറയാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുവിന്‍.
14: അവന്‍ തൻ്റെ വാക്കുകള്‍ എനിക്കെതിരേ പ്രയോഗിച്ചില്ല, നിങ്ങളുടെ വചനങ്ങള്‍കൊണ്ട് ഞാനവനു മറുപടികൊടുക്കുകയില്ല.
15: അവര്‍ പതറിപ്പോയി, അവര്‍ ഇനി ഉത്തരം പറയുകയില്ല. അവര്‍ക്കൊരു വാക്കുപോലും സംസാരിക്കാനില്ല.
16: അവര്‍ അവിടെ വെറുതെ നില്‍ക്കുകയും മറുപടിപറയാതിരിക്കുകയുംചെയ്യുന്നു; അവര്‍ സംസാരിക്കാത്തതിനാല്‍ ഞാന്‍ കാത്തിരിക്കണമോ?
17: ഞാനും എനിക്കു നല്കാനുള്ള മറുപടിപറയും; ഞാനും എൻ്റെ അഭിപ്രായം തുറന്നുപറയും.
18: എന്തെന്നാല്‍, ഞാന്‍ വാക്കുകള്‍കൊണ്ടു നിറഞ്ഞിരിക്കുന്നു. എന്നിലെ ചൈതന്യം എന്നെ നിര്‍ബ്ബന്ധിക്കുന്നു.
19: എൻ്റെ ഹൃദയം ബഹിര്‍ഗ്ഗമനമാര്‍ഗ്ഗമില്ലാത്ത വീഞ്ഞുപോലെയാണ്; പൊട്ടാറായിരിക്കുന്ന പുതിയ തോല്‍ക്കുടംപോലെയാണ്.
20: എനിക്കു സംസാരിക്കണം, എന്നാലേ എനിക്കാശ്വാസം ലഭിക്കൂ. അധരംതുറന്ന്, എനിക്കു മറുപടിപറയണം.
21: ഞാനാരോടും പക്ഷപാതംകാണിക്കുകയില്ല. ഒരു മനുഷ്യനോടും മുഖസ്തുതിപറയുകയുമില്ല.
22: മുഖസ്തുതിപറയാന്‍ എനിക്കറിഞ്ഞുകൂടാ, പറഞ്ഞാല്‍, എൻ്റെ സ്രഷ്ടാവ് എന്നെ വേഗം നശിപ്പിക്കും.


അദ്ധ്യായം 33

എലീഹു ജോബിനെ കുറ്റപ്പെടുത്തുന്നു
1: ജോബ് എൻ്റെ സംസാരം ശ്രവിക്കട്ടെ, എൻ്റെ വാക്കു ശ്രദ്ധിക്കുക.
2: ഇതാ ഞാന്‍ വായ് തുറക്കുകയും എൻ്റെ നാവു സംസാരിക്കുകയുംചെയ്യുന്നു.
3: എൻ്റെ ഹൃദയത്തിൻ്റെ നിഷ്‌കളങ്കതയെ എൻ്റെ വാക്കു പ്രഖ്യാപിക്കുന്നു. എൻ്റെ അധരം സത്യസന്ധമായി സംസാരിക്കുന്നു.
4: ദൈവചൈതന്യം എന്നെ സൃഷ്ടിച്ചു; സര്‍വ്വശക്തൻ്റെ ശ്വാസം എനിക്കു ജീവന്‍തന്നു.
5: കഴിയുമെങ്കില്‍ എനിക്കു മറുപടി നല്കുക; നിൻ്റെ വാദമൊരുക്കിവയ്ക്കുക, തയ്യാറാവുക.
6: നിന്നെപ്പോലെ ഞാനും ദൈവത്തിനുള്ളവനാണ്; ഞാനും ഒരു കളിമണ്‍കട്ടകൊണ്ടു നിര്‍മ്മിക്കപ്പെട്ടവനാണ്.
7: എന്നെ നീ ഭയപ്പെടേണ്ടതില്ല, ഞാന്‍ നിൻ്റെമേല്‍ ദുസ്സഹമായ സമ്മര്‍ദം ചെലുത്തുകയില്ല.
8: ഞാന്‍ കേള്‍ക്കെ നീ സംസാരിക്കുകയും നിൻ്റെ വാക്കുകളുടെ സ്വരം ഞാന്‍ ശ്രവിക്കുകയും ചെയ്തു.
9: നീ പറയുന്നു: ഞാന്‍ പാപമില്ലാത്ത നിര്‍മ്മലനാണ്; ഞാന്‍ കുറ്റമറ്റവനാണ്; എന്നില്‍ അനീതിയില്ല.
10: ഇതാ, അവിടുന്നെന്നെ തൻ്റെ ശത്രുവായി പരിഗണിക്കുകയും എനിക്കെതിരേ കാരണം കണ്ടുപിടിക്കുകയുംചെയ്യുന്നു;
11: അവിടുന്നെൻ്റെ മാര്‍ഗ്ഗങ്ങളെ നിരീക്ഷിക്കുകയും എൻ്റെ കാലുകള്‍ ആമത്തിലിടുകയും ചെയ്യുന്നു.
12: നീ പറഞ്ഞതു ശരിയല്ല. ഞാന്‍ മറുപടി പറയാം: ദൈവം മനുഷ്യനെക്കാള്‍ ഉന്നതനാണ്.
13: അവിടുന്ന് എൻ്റെ വാക്കുകള്‍ക്കൊന്നും മറുപടിപറയുകയില്ലെന്നുപറഞ്ഞ്, നീ അവിടുത്തേയ്ക്കെതിരേ സംസാരിക്കുന്നതെന്ത്?
14: ദൈവമൊരിക്കല്‍ ഒരു രീതിയില്‍ പറയുന്നു; പിന്നെ വേറൊരു രീതിയില്‍; എന്നാല്‍, മനുഷ്യന്‍ ഗ്രഹിക്കുന്നില്ല.
15: മനുഷ്യന്‍ കിടക്കയില്‍ മയങ്ങുമ്പോള്‍, ഗാഢനിദ്രയിലമരുമ്പോള്‍, ഒരു സ്വപ്നത്തില്‍, ഒരു നിശാദര്‍ശനത്തില്‍,
16: അവിടുന്നവൻ്റെ ചെവികള്‍തുറന്നു മുന്നറിയിപ്പുകള്‍കൊണ്ട് അവനെ ഭയപ്പെടുത്തുന്നു.
17: മനുഷ്യൻ്റെ അഹങ്കാരമവസാനിപ്പിക്കാനും ദുഷ്പ്രവൃത്തികളില്‍നിന്ന് അവനെ പിന്തിരിപ്പിക്കാനുമാണിത്.
18: അവിടുന്നവൻ്റെ ആത്മാവിനെ പാതാളത്തില്‍നിന്നും, അവൻ്റെ ജീവനെ വാളില്‍നിന്നും രക്ഷിക്കുന്നു.
19: മനുഷ്യനു കിടക്കയില്‍ വേദനകൊണ്ട്, അസ്ഥിയുടെ തുടര്‍ച്ചയായ കഴപ്പുകൊണ്ട്, ശിക്ഷണം ലഭിക്കുന്നു.
20: അവൻ്റെ ജീവന്‍ അപ്പവും, വിശപ്പു സ്വാദുള്ള ഭക്ഷണവും വെറുക്കുന്നു.
21: അവൻ്റെ മാംസം ക്ഷയിച്ചില്ലാതായിരിക്കുന്നു; മറഞ്ഞിരുന്ന അസ്ഥികള്‍ എഴുന്നുനില്‍ക്കുന്നു.
22: അവൻ്റെയാത്മാവ് പാതാളത്തെയും ജീവന്‍ മൃത്യുവിൻ്റെ ദൂതന്മാരെയും സമീപിച്ചിരിക്കുന്നു.
23: മനുഷ്യനു ധര്‍മ്മമുപദേശിക്കാന്‍ ഒരു ദൈവദൂതന്‍, ആയിരങ്ങളിലൊരുവനായ മദ്ധ്യസ്ഥന്‍, ഉണ്ടായിരുന്നെങ്കില്‍;
24: ദൂതന്‍ അവനോടു കരുണതോന്നിപ്പറയുന്നു: ഞാനൊരു മോചനദ്രവ്യം കണ്ടെത്തിയിരിക്കുന്നു. പാതാളത്തില്‍പ്പതിക്കുന്നതില്‍നിന്ന് അവനെ രക്ഷിക്കുക.
25: അവന്‍ മാംസംവച്ചു യുവത്വം വീണ്ടെടുക്കട്ടെ. യൗവനോന്മേഷത്തിൻ്റെ നാളുകളിലേക്ക് അവന്‍ മടങ്ങിവരട്ടെ.
26: അപ്പോള്‍ മനുഷ്യന്‍ ദൈവത്തോടു പ്രാര്‍ത്ഥിക്കുകയും അവിടുന്നവനെ സ്വീകരിക്കുകയുംചെയ്യും, അവിടുത്തെ സന്നിധിയില്‍ അവന്‍ സന്തോഷത്തോടെ പ്രവേശിക്കും. അവന്‍ തൻ്റെ രക്ഷയെക്കുറിച്ചു മനുഷ്യരോടാവര്‍ത്തിച്ചു പറയും.
27: അവന്‍ മനുഷ്യരുടെമുമ്പില്‍ പാടിപ്രഘോഷിക്കും: ഞാന്‍ പാപംചെയ്തു; നീതി വിട്ടകന്നു; എങ്കിലും, എനിക്കതിനു ശിക്ഷ ലഭിച്ചില്ല.
28: പാതാളത്തില്‍പ്പതിക്കാതെ അവിടുന്നെന്നെ രക്ഷിച്ചു. എൻ്റെ ജീവന്‍, പ്രകാശംകാണും.
29: ദൈവം മനുഷ്യനോട്, ഇപ്രകാരം രണ്ടോ മൂന്നോതവണ പ്രവര്‍ത്തിക്കുന്നു.
30: അവൻ്റെയാത്മാവിനെ പാതാളത്തില്‍നിന്നു തിരിച്ചെടുക്കുകയും അവന്‍ ജീവൻ്റെ പ്രകാശം കാണുകയുംചെയ്യേണ്ടതിനുതന്നെ.
31: ജോബേ, ശ്രദ്ധിക്കുക, നിശ്ശബ്ദനായിരുന്നു കേള്‍ക്കുക, ഞാന്‍ പറയാം;
32: നിനക്കു പറയാനുണ്ടെങ്കില്‍ എന്നോടു മറുപടി പറയുക; സംസാരിക്കുക, ശരിയാണെങ്കില്‍, സമ്മതിക്കാന്‍ എനിക്കു സന്തോഷമേയുള്ളു.
33: ഇല്ലെങ്കില്‍, നിശ്ശബ്ദനായിരുന്നു ശ്രവിക്കുക. നിനക്കു ഞാന്‍ ജ്ഞാനം പകര്‍ന്നുതരാം.

അദ്ധ്യായം 34

ദൈവം തിന്മ പ്രവര്‍ത്തിക്കുകയില്ല

1: എലീഹു തുടര്‍ന്നു:
2: ബുദ്ധിമാന്മാരേ, എൻ്റെ വാക്കു ശ്രവിക്കുവിന്‍, വിജ്ഞാനികളേ, എനിക്കു ചെവിതരുവിന്‍.
3: നാവു ഭക്ഷണം രുചിക്കുന്നതുപോലെ ചെവി വാക്കുകളെ വിവേചിക്കുന്നു.
4: നമുക്കു ശരിയേതെന്നു പരിശോധിക്കാം; യഥാര്‍ത്ഥ നന്മ വിവേചിച്ചറിയാം.
5: ജോബ് പറയുന്നു: ഞാന്‍ നിഷ്‌കളങ്കനാണ്, ദൈവം എൻ്റെയവകാശം നിഷേധിച്ചിരിക്കുന്നു.
6: ഞാന്‍ നീതിമാനായിരുന്നിട്ടും നുണയനായി എണ്ണപ്പെടുന്നു; ഞാന്‍ പാപരഹിതനായിരുന്നിട്ടും പൊറുക്കാത്ത മുറിവുകളാണ് എന്റേത്.
7: ജോബിനെപ്പോലെ ആരുണ്ട്? അവന്‍ വെള്ളംകുടിക്കുന്നതുപോലെ ദൈവദൂഷണംനടത്തുന്നു.
8: അവന്‍ തിന്മ പ്രവര്‍ത്തിക്കുന്നവരോടു പങ്കുചേരുകയും ദുഷ്ടരുടെകൂടെ നടക്കുകയും ചെയ്യുന്നു.
9: അവന്‍ പറഞ്ഞു: ദൈവപ്രീതി നേടുന്നതുകൊണ്ടു മനുഷ്യനു ഗുണമൊന്നുമില്ല.
10: അതിനാല്‍, വിജ്ഞാനികളേ, കേള്‍ക്കുവിന്‍: ദൈവമൊരിക്കലും ദുഷ്ടത പ്രവര്‍ത്തിക്കുന്നില്ല. സര്‍വ്വശക്തന്‍ വഞ്ചനകാണിക്കുന്നില്ല.
11: പ്രവൃത്തിക്കൊത്ത് അവിടുന്നു മനുഷ്യനു പ്രതിഫലംനല്കുന്നു. അര്‍ഹതയ്ക്കൊത്ത് അവനു ലഭിക്കുന്നു. 
12: ദൈവം ദുഷ്ടതപ്രവര്‍ത്തിക്കുകയില്ല, സത്യം. സര്‍വ്വശക്തന്‍ നീതി നിഷേധിക്കുകയില്ല. 
13: ഭൂമിയുടെ ചുമതല അവിടുത്തെയേല്പിച്ചതാരാണ്? ലോകംമുഴുവന്‍ അവിടുത്തെ ചുമലില്‍വച്ചുകൊടുത്തതാരാണ്? 
14: അവിടുന്നു തൻ്റെ ചൈതന്യം തന്നിലേക്കു പിന്‍വലിച്ചാല്‍, തൻ്റെ ശ്വാസം തന്നിലേക്കു തിരിച്ചെടുത്താല്‍,
15: എല്ലാ ശരീരവും ഒന്നോടെ നശിക്കും; മനുഷ്യന്‍ പൊടിയിലേക്കു മടങ്ങും.
16: വിവേകമുണ്ടെങ്കില്‍, നീയിതു കേള്‍ക്കുക; ഞാന്‍ പറയുന്നതു ശ്രദ്ധിക്കുക.
17: നീതിയെ വെറുക്കുന്നവനു ഭരിക്കാനാകുമോ? ശക്തനും നീതിമാനുമായവനെ നീ കുറ്റംവിധിക്കുമോ?
18: അവിടുന്ന്, രാജാവിനെ വിലകെട്ടവനെന്നും പ്രഭുക്കന്മാരെ ദുഷ്ടന്മാരെന്നും വിളിക്കുന്നു.
19: അവിടുന്നു രാജാക്കന്മാരോടു പക്ഷപാതംകാണിക്കുന്നില്ല; ധനവാന്മാരെ ദരിദ്രന്മാരെക്കാള്‍ പരിഗണിക്കുന്നുമില്ല. അവരെല്ലാവരും അവിടുത്തെ സൃഷ്ടികളല്ലേ?
20: ഒരു നിമിഷംകൊണ്ട് അവര്‍ മരിക്കുന്നു; പാതിരാത്രിയില്‍, അവര്‍ ഒറ്റനടുക്കത്തില്‍ ഇല്ലാതാകുന്നു. ആരും കൈയനക്കാതെതന്നെ ശക്തന്മാര്‍ നീങ്ങിപ്പോകുന്നു.
21: എന്തെന്നാല്‍, അവിടുത്തെക്കണ്ണുകള്‍ മനുഷ്യൻ്റെ വഴികളില്‍പ്പതിയുന്നു. അവന്‍ ഓരോ അടിവയ്ക്കുന്നതും അവിടുന്നു കാണുന്നു.
22: തിന്മ പ്രവര്‍ത്തിക്കുന്നവര്‍ക്കു മറഞ്ഞിരിക്കാന്‍ നിഴലോ അന്ധകാരമോ ഉണ്ടാവില്ല.
23: ദൈവസന്നിധിയില്‍ ന്യായവിധിക്കുപോകാന്‍ ആര്‍ക്കും അവിടുന്നു സമയം നിശ്ചയിച്ചിട്ടില്ല.
24: അവിടുന്നു ശക്തന്മാരെ വിചാരണകൂടാതെ തകര്‍ത്തുകളയുന്നു; മറ്റുള്ളവരെ തല്‍സ്ഥാനത്തു പ്രതിഷ്ഠിക്കുന്നു.
25: അവരുടെ പ്രവൃത്തികളറിയുന്ന അവിടുന്ന്, രാത്രിയിലവരെ തകിടംമറിക്കുകയും അവര്‍ നശിപ്പിക്കപ്പെടുകയും ചെയ്യുന്നു.
26: അവരുടെ ദുഷ്ടതനിമിത്തം മനുഷ്യരുടെമുമ്പാകെ അവരെ അവിടുന്നു ശിക്ഷിക്കുന്നു.
27: അവിടുത്തെ അനുഗമിക്കുന്നതില്‍നിന്ന് അവര്‍ വ്യതിചലിച്ചു, അവിടുത്തെ മാര്‍ഗ്ഗങ്ങളെ അവരവഗണിച്ചു.
28: ദരിദ്രരുടെ നിലവിളി അവിടുത്തെ സന്നിധിയിലെത്തുന്നതിന് അവരിടയാക്കി. പീഡിതരുടെ കരച്ചില്‍ അവിടുന്നു ശ്രവിക്കുകയുംചെയ്തു.
29: ദുഷ്ടന്‍ ഭരിക്കുകയും ജനങ്ങളെ കെണിയില്‍പ്പെടുത്തുകയുംചെയ്യുന്നതുതടയാതെ അവിടുന്നു നിശ്ശബ്ദനായിരുന്നാല്‍ ആര്‍ക്കവിടുത്തെ കുററംവിധിക്കാന്‍ കഴിയും? 
30: അവിടുന്നു മുഖംമറച്ചാല്‍ ജനതയ്ക്കോ വ്യക്തിക്കോ അവിടുത്തെ കാണാന്‍കഴിയുമോ?
31: ഞാന്‍ ശിക്ഷയനുഭവിച്ചു; ഇനി ഞാന്‍ കുററംചെയ്യുകയില്ല. എനിക്കജ്ഞാതമായ തെറ്റുണ്ടെങ്കില്‍ കാണിച്ചുതരണമേ!
32: ഞാന്‍ അനീതി പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ ഇനിയതാവര്‍ത്തിക്കുകയില്ലെന്ന് ആരെങ്കിലും ദൈവത്തോടു പറഞ്ഞിട്ടുണ്ടോ?
33: നീ തിരസ്‌കരിക്കുന്നതുകൊണ്ട്, അവിടുന്നു നിൻ്റെ ഇഷ്ടമനുസരിച്ചു ശിക്ഷ നല്കണമോ? നീയാണ്, ഞാനല്ല തീരുമാനിക്കേണ്ടത്. അതിനാല്‍, നിനക്കറിയാവുന്നതു പ്രസ്താവിച്ചുകൊള്ളുക.
34: എൻ്റെ വാക്കുകേള്‍ക്കുന്ന വിവേകികളും ജ്ഞാനികളും പറയും:
35: ജോബ് അറിവില്ലാതെ സംസാരിക്കുന്നു. കാര്യമറിയാതെയാണ് അവന്‍ പറയുന്നത്.
36: ദുഷ്ടനെപ്പോലെ മറുപടിപറയുന്നതുകൊണ്ട് ജോബിനെ അവസാനംവരെ പരീക്ഷിച്ചിരുന്നെങ്കില്‍!
37: അവന്‍ പാപംചെയ്തു; ഇപ്പോള്‍ ധിക്കാരവും കാണിക്കുന്നു. അവന്‍ നമ്മുടെ മദ്ധ്യത്തില്‍ പരിഹസിച്ചു കൈകൊട്ടുകയും നിര്‍ത്താതെ ദൈവദൂഷണംപറയുകയുംചെയ്യുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ