നൂറ്റിയമ്പത്തിമൂന്നാം ദിവസം: ജോബ്‌ 15 - 20


അദ്ധ്യായം 15

എലിഫാസ് വീണ്ടും സംസാരിക്കുന്നു
1: തേമാന്യനായ എലിഫാസ് പറഞ്ഞു: ബുദ്ധിമാന്‍ പൊള്ളവാക്കുകള്‍കൊണ്ടു വാദിക്കുമോ?
2: അവന്‍ കിഴക്കന്‍കാറ്റുകൊണ്ടു തന്നെത്തന്നെ നിറയ്ക്കുമോ?
3: നിഷ്പ്രയോജനമായ വിവാദത്തില്‍ അവനേര്‍പ്പെടുമോ? ഉപകാരമില്ലാത്ത വാക്കുകള്‍ അവനുപയോഗിക്കുമോ?
4: എന്നാൽ, നിനക്കു ദൈവഭയമില്ലാതായിരിക്കുന്നു. ദൈവത്തെക്കുറിച്ചുള്ള ചിന്തപോലും നിൻ്റെ മനസ്സിലില്ല.
5: അകൃത്യങ്ങളാണു നിൻ്റെ നാവിനെയുപദേശിക്കുന്നത്. വഞ്ചനയുടെ ഭാഷയാണു നീ തിരഞ്ഞെടുക്കുന്നത്.
6: ഞാനല്ല, നീതന്നെയാണു നിന്നെ കുറ്റപ്പെടുത്തുന്നത്. നിൻ്റെ അധരംതന്നെ നിനക്കെതിരേ സാക്ഷ്യംനല്കുന്നു.
7: നീയാണോ ആദ്യത്തെ മനുഷ്യന്‍‍? പര്‍വ്വതങ്ങള്‍ക്കുമുമ്പേ നീ ജനിച്ചുവോ?
8: ദൈവത്തിൻ്റെ ആലോചനാസഭയിലെ വിചിന്തനങ്ങള്‍ നീ കേട്ടിട്ടുണ്ടോ? ജ്ഞാനം മുഴുവന്‍ നീ കൈയടക്കിവച്ചിട്ടുണ്ടോ?
9: ഞങ്ങള്‍ക്കറിഞ്ഞുകൂടാത്ത എന്താണു നിനക്കറിയാവുന്നത്? ഞങ്ങള്‍ക്കു വ്യക്തമല്ലാത്ത എന്താണു നീ മനസ്സിലാക്കിയിട്ടുള്ളത്?
10: നര ബാധിച്ചവരും വൃദ്ധരും ഞങ്ങളുടെയിടയിലുണ്ട്, അവര്‍ക്കു നിൻ്റെ പിതാവിനെക്കാള്‍ പ്രായമുണ്ട്.
11: ദൈവത്തിൻ്റെ സമാശ്വാസങ്ങളും നിന്നോടു സൗമ്യമായി പറയുന്ന വാക്കുകളും നിനക്കു നിസ്സാരമാണോ?
12: എന്തുകൊണ്ടാണു നീ വികാരാധീനനാകുന്നത്? എന്തിനാണ്, നിൻ്റെ കണ്ണുകള്‍ ജ്വലിക്കുന്നത്?
13: എന്തുകൊണ്ടാണ്, നീ ദൈവത്തിനെതിരേ കോപമഴിച്ചുവിടുന്നത്? ഇത്തരം വാക്കുകള്‍ നിന്നില്‍നിന്നു പുറപ്പെടുന്നതെന്തുകൊണ്ട്?
14: മനുഷ്യനു നിഷ്‌കളങ്കനായിരിക്കാന്‍ കഴിയുമോ? സ്ത്രീയില്‍നിന്നു ജനിച്ചവനു നീതിമാനായിരിക്കാന്‍ സാധിക്കുമോ?
15: തൻ്റെ വിശുദ്ധ ദൂതന്മാരില്‍പോലും ദൈവം വിശ്വാസമര്‍പ്പിക്കുന്നില്ല; അവിടുത്തെ ദൃഷ്ടിയില്‍ സ്വര്‍ഗ്ഗവും നിര്‍മ്മലമല്ല.
16: മ്ലേച്ഛനും നീചനും വെള്ളംപോലെ അനീതി പാനംചെയ്യുന്നവനുമായ മനുഷ്യന്‍ അവരെക്കാള്‍ എത്രയോ താഴെയാണ്!
17: ഞാന്‍ പറയുന്നതു കേള്‍ക്കുക; ഞാന്‍ വ്യക്തമാക്കിത്തരാം. ഞാന്‍ കണ്ടിട്ടുള്ളവ ഞാന്‍ വിശദമാക്കാം.
18: ജ്ഞാനികള്‍ പറഞ്ഞതും അവരുടെ പിതാക്കന്മാര്‍ ഒളിച്ചുവയ്ക്കാതിരുന്നതുംതന്നെ.
19: അവര്‍ക്കുമാത്രമാണു ദേശം നല്കിയത്. അന്യരാരും അവരുടെയിടയിലൂടെ കടന്നുപോയില്ല.
20: ദുഷ്ടന്‍ ജീവിതകാലംമുഴുവന്‍, അധര്‍മ്മിക്കു വിധിച്ച നാളുകള്‍ തികയുവോളം, വേദനയില്‍ പുളയുന്നു.
21: ഭീകരശബ്ദങ്ങള്‍ അവൻ്റെ ചെവിയില്‍ മുഴങ്ങുന്നു; ഐശ്വര്യകാലത്തു വിനാശകന്‍ അവൻ്റെമേല്‍ ചാടിവീഴുന്നു.
22: അന്ധകാരത്തില്‍നിന്നു മോചനംലഭിക്കുമെന്ന് അവന്‍ വിശ്വസിക്കുന്നില്ല. വാളിനിരയാകാന്‍ അവന്‍ വിധിക്കപ്പെട്ടിരിക്കുന്നു.
23: ആഹാരമെവിടെയെന്നു തിരക്കി അവനലയുന്നു. അന്ധകാരത്തിൻ്റെ ദിനം ആസന്നമായെന്ന് അവനറിയുന്നു.
24: ദുഃഖവും തീവ്രവേദനയും അവനെ ഭീതിപ്പെടുത്തുന്നു; യുദ്ധസന്നദ്ധനായ രാജാവിനെപ്പോലെ, അവയവനെ കീഴടക്കുന്നു.
25: എന്തെന്നാല്‍, അവന്‍ ദൈവത്തിനെതിരേ കൈയുയര്‍ത്തുകയും സര്‍വ്വശക്തനെ വെല്ലുവിളിക്കുകയുംചെയ്തിരിക്കുന്നു.
26: കനത്ത പരിചയുമേന്തി ധിക്കാരപൂര്‍വ്വം അവിടുത്തെനേരെ പാഞ്ഞുചെല്ലുന്നു.
27: അവന്‍ മുഖവും അരയും മേദസ്സുകൊണ്ടു മൂടിയിരിക്കുന്നു.
28: വിജനമാക്കപ്പെട്ട നഗരങ്ങളിലും ആളൊഴിഞ്ഞ പാര്‍പ്പിടങ്ങളിലും അവന്‍ വസിച്ചിട്ടുണ്ട്. നാശത്തിന് ഉഴിഞ്ഞിട്ടിരുന്നവയാണവ.
29: അവന്‍ സമ്പന്നനാവുകയില്ല; അവൻ്റെ ധനം നിലനില്‍ക്കുകയില്ല. അവന്‍ ഭൂമിയില്‍ വേരുപിടിക്കുകയില്ല.
30: അവന്, അന്ധകാരത്തില്‍നിന്നു മോചനമില്ല; അഗ്നിജ്വാലകള്‍ അവൻ്റെ ശാഖകളെ ഉണക്കിക്കളയും. അവൻ്റെ പുഷ്പങ്ങള്‍ കാറ്റില്‍ പറത്തിക്കളയും.
31: തന്നെത്തന്നെ വഞ്ചിച്ച്, അവന്‍ ശൂന്യതയിലാശ്രയിക്കരുത്; ശൂന്യതയായിരിക്കും അവൻ്റെ പ്രതിഫലം.
32: അവൻ്റെ സമയമാകുന്നതിനുമുമ്പുതന്നെ അവനിതു ഭവിക്കും. അവൻ്റെ ശാഖകള്‍ ഒരിക്കലും തളിര്‍ക്കുകയില്ല.
33: മുന്തിരിച്ചെടിയുടേതുപോലെ അവൻ്റെ അപക്വഫലങ്ങള്‍ കൊഴിയും. ഒലിവുമരത്തിന്റേതെന്നപോലെ അവൻ്റെ പൂക്കള്‍ പൊഴിഞ്ഞുപോകും.
34: എന്തെന്നാല്‍, അധര്‍മ്മികളോടു സംഘംചേരുന്നതു നിഷ്ഫലമായിരിക്കും. കൈക്കൂലിയുടെ കൂടാരങ്ങള്‍ അഗ്നിക്കിരയാകും.
35: അവര്‍ ദ്രോഹം ഗര്‍ഭംധരിച്ചു തിന്മയെ പ്രസവിക്കുന്നു. അവരുടെ ഹൃദയം, വഞ്ചനയൊരുക്കുന്നു.

അദ്ധ്യായം 16

ജോബിൻ്റെ മറുപടി

1: ജോബ് പറഞ്ഞു: ഇതൊക്കെ, മുമ്പും ഞാന്‍ കേട്ടിട്ടുണ്ട്.  
2: നിങ്ങള്‍നല്കുന്ന ആശ്വാസം ദയനീയമാണ്.
3: പൊള്ളവാക്കുകള്‍ക്കറുതിയില്ലേ? അല്ലെങ്കില്‍ ഇങ്ങനെ പറയാന്‍ നിന്നെ പ്രേരിപ്പിക്കുന്നതെന്ത്?
4: നീ എൻ്റെ സ്ഥാനത്തായിരുന്നെങ്കില്‍ നിന്നെപ്പോലെ സംസാരിക്കാന്‍ എനിക്കും കഴിയുമായിരുന്നു. നിനക്കെതിരേ സംസാരിക്കാനും നിന്നെ പരിഹസിക്കാനും എനിക്കു കഴിയുമായിരുന്നു.
5: എന്നാൽ‍, എൻ്റെ സംസാരംകൊണ്ടു നിന്നെ ഞാന്‍ ശക്തിപ്പെടുത്തുമായിരുന്നു. സാന്ത്വനവാക്കുകള്‍കൊണ്ടു നിൻ്റെ വേദന ലഘൂകരിക്കുകമായിരുന്നു.
6: ഞാന്‍ സംസാരിച്ചതുകൊണ്ട്, എൻ്റെ വേദന ശമിക്കുന്നില്ല. മിണ്ടാതിരുന്നാലും അതെന്നെ വിട്ടുമാറുന്നില്ല.
7: ദൈവമിപ്പോള്‍ എന്നെ തളര്‍ത്തിയിരിക്കുകയാണ്. എൻ്റെ സ്‌നേഹിതന്മാരെയും അവിടുന്ന് അകറ്റിക്കളഞ്ഞിരിക്കുന്നു.
8: അവിടുന്നെന്നെ എല്ലുംതോലുമാക്കിയിരിക്കുന്നു. അതെൻ്റെ മുഖത്തുനോക്കി എനിക്കെതിരേ സാക്ഷ്യംനല്കുന്നു.
9: അവിടുന്നെന്നെ വെറുക്കുകയും തൻ്റെ ക്രോധത്തില്‍ എന്നെ ചീന്തിക്കളയുകയും ചെയ്തു. അവിടുന്ന് എൻ്റെനേരേ പല്ലിറുമ്മി, ശത്രു എന്നെ തീക്ഷ്ണമായി നോക്കുന്നു.
10: മനുഷ്യര്‍ എൻ്റെനേരേ വായ് പിളര്‍ന്നു, അവര്‍ ഗര്‍വ്വോടെ എൻ്റെ മുഖത്തടിച്ചു; എനിക്കെതിരേ അവര്‍ സംഘംചേരുന്നു.
11: അധര്‍മ്മികള്‍ക്ക് അവിടുന്നെന്നെ വിട്ടുകൊടുക്കുന്നു; ക്രൂരന്മാരുടെ കൈകളില്‍ എന്നെ ഏല്പിച്ചുകൊടുക്കുന്നു.
12: ഞാന്‍ സ്വസ്ഥമായി വസിച്ചിരുന്നു; അവിടുന്നെന്നെ തകര്‍ത്തു, അവിടുന്നെൻ്റെ കഴുത്തിനുപിടിച്ചു നിലത്തടിച്ചു ചിതറിച്ചു. അവിടുന്നെന്റെനേരേ ഉന്നംവച്ചിരിക്കുന്നു.
13: അവിടുത്തെ വില്ലാളികള്‍ എന്നെ വലയംചെയ്തിരിക്കുന്നു. അവിടുന്നെൻ്റെ ആന്തരാവയവങ്ങളെ കരുണയില്ലാതെ പിളര്‍ക്കുന്നു. അവിടുന്നെൻ്റെ പിത്തനീര് ഒഴുക്കിക്കളയുന്നു.
14: അവിടുന്നെന്നെ ആവര്‍ത്തിച്ചു മര്‍ദ്ദിച്ചു തകര്‍ക്കുന്നു. പടയാളിയെപ്പോലെ അവിടുന്നെന്റെമേല്‍ ചാടിവീഴുന്നു.
15: ശരീരത്തിനു ഞാന്‍ ചാക്കുവസ്ത്രം തുന്നിയിരിക്കുന്നു. എൻ്റെ നെറ്റി പൊടിയിലാണ്ടിരിക്കുന്നു.
16: കരഞ്ഞുകരഞ്ഞ്, എൻ്റെ മുഖം ചെമന്നു; എൻ്റെ കണ്‍പോളകളില്‍ അന്ധകാരം കുടിയിരിക്കുന്നു.
17: എൻ്റെ കൈകള്‍ അക്രമം പ്രവര്‍ത്തിച്ചിട്ടില്ല, എൻ്റെ പ്രാര്‍ത്ഥന നിര്‍മ്മലമാണ്.
18: ഭൂമി എൻ്റെ രക്തം മറച്ചുകളയാതിരിക്കട്ടെ! എൻ്റെ വിലാപം അവസാനിക്കാതിരിക്കട്ടെ!
19: ഇപ്പോഴും എൻ്റെ സാക്ഷി സ്വര്‍ഗ്ഗത്തിലും എൻ്റെ ജാമ്യക്കാരന്‍ ഉന്നതത്തിലുമിരിക്കുന്നു.
20: സ്‌നേഹിതന്മാര്‍ എന്നെ പരിഹസിക്കുന്നു. എൻ്റെ കണ്ണുകള്‍ ദൈവസന്നിധിയില്‍ കണ്ണീരൊഴുക്കുന്നു.
21: ഒരുവന്‍ അയല്‍ക്കാരൻ്റെമുമ്പില്‍ വാദിക്കുന്നതുപോലെ അതെനിക്കുവേണ്ടി ദൈവത്തിൻ്റെമുമ്പില്‍ ന്യായവാദം നടത്തട്ടെ.
22: ഏതാനും വര്‍ഷങ്ങള്‍കഴിയുമ്പോള്‍ തിരിച്ചുവരാന്‍കഴിയാത്ത പാതയിലൂടെ ഞാന്‍ കടന്നുപോകും.

അദ്ധ്യായം 17

1: എൻ്റെ മനസ്സു നുറുങ്ങിയിരിക്കുന്നു; എൻ്റെ ദിനങ്ങള്‍ തീര്‍ന്നിരിക്കുന്നു. ശവകുടീരം എനിക്കായൊരുങ്ങിയിരിക്കുന്നു.
2: പരിഹാസകര്‍ എന്നെ വളയുന്നു. അവരുടെ പരിഹാസം, ഞാന്‍ നിസ്സഹായനായി നോക്കിയിരിക്കുന്നു.
3: അങ്ങുതന്നെ എനിക്കു ജാമ്യംനില്ക്കണമേ! മറ്റാരാണ് എനിക്കുവേണ്ടി ജാമ്യംനില്ക്കുക?
4: അങ്ങുതന്നെ അവരുടെ ബോധത്തെ അന്ധമാക്കിയതുകൊണ്ട്, എന്നെ ജയിക്കാന്‍ അവരെയനുവദിക്കരുതേ!
5: സ്‌നേഹിതൻ്റെ സ്വത്തില്‍ പങ്കുകിട്ടാന്‍വേണ്ടി അവനെ ഒറ്റിക്കൊടുക്കുന്നവൻ്റെ സന്തതികളുടെ കണ്ണ്, അന്ധമായിപ്പോകും.
6: അവിടുന്നെന്നെ ജനങ്ങള്‍ക്കു പഴമൊഴിയാക്കിത്തീര്‍ത്തു; ആളുകള്‍ എൻ്റെ മുഖത്തു തുപ്പുന്നതിനിടയാക്കുന്നു.
7: ദുഃഖാധിക്യത്താല്‍ എൻ്റെ കണ്ണുകള്‍ മങ്ങി. എൻ്റെ അവയവങ്ങള്‍ നിഴല്‍പോലെയായി.
8: ഇതുകണ്ടു നീതിമാന്മാര്‍ പരിഭ്രാന്തരായിത്തീരുന്നു; നിഷ്‌കളങ്കന്‍ അധര്‍മ്മിയുടെനേരേ കോപിക്കുന്നു.
9: നീതിമാന്‍ തൻ്റെ മാര്‍ഗ്ഗത്തില്‍ ഉറച്ചുനില്‍ക്കുന്നു. നിര്‍മ്മലകരങ്ങളുള്ളവന്‍ അടിക്കടി കരുത്തുനേടുന്നു.
10: നിങ്ങളെല്ലാവരും ഒരുമിച്ചുവന്നാലും നിങ്ങളില്‍ ഒരു ജ്ഞാനിയുമുണ്ടായിരിക്കുകയില്ല.
11: എൻ്റെ ദിനങ്ങള്‍ കടന്നുപോയി. എൻ്റെ പദ്ധതികളും ഹൃദയാഭിലാഷങ്ങളും തകര്‍ന്നു.
12: അവര്‍ രാത്രിയെ പകലാക്കുന്നു; പ്രകാശം, അന്ധകാരത്തോടടുത്തിരിക്കുന്നു എന്നവര്‍ പറയുന്നു.
13: പാതാളത്തെ ഭവനമായി ഞാന്‍ കാണുന്നുവെങ്കില്‍ അന്ധകാരത്തില്‍ ഞാനെൻ്റെ കിടക്കവിരിക്കുന്നുവെങ്കില്‍
14: ശവക്കുഴിയോടു നീ എൻ്റെ പിതാവാണെന്നും പുഴുവിനോട് നീ എൻ്റെ അമ്മയാണ്, സഹോദരിയാണെന്നും പറയുന്നുവെങ്കില്‍
15: എൻ്റെ പ്രതീക്ഷയെവിടെ? എൻ്റെ പ്രത്യാശ ആരുകാണും?
16: അതു പാതാളകവാടംവരെയെത്തുമോ? പൊടിയിലേക്ക് എന്നോടൊത്തു വരുമോ?

അദ്ധ്യായം 18

ബില്‍ദാദ് വീണ്ടും സംസാരിക്കുന്നു.
1: ഷൂഹ്യനായ ബില്‍ദാദ് പറഞ്ഞു:
2: എത്രനേരം നീയിങ്ങനെ സംസാരിച്ചുകൊണ്ടിരിക്കും? നീ ശ്രദ്ധിക്കുമെങ്കില്‍ ഞങ്ങള്‍ പറയാം.
3: എന്തുകൊണ്ടു നീ ഞങ്ങളെ മൃഗങ്ങളായെണ്ണുന്നു? എന്തുകൊണ്ടു ഭോഷന്മാരായി ഞങ്ങളെ കണക്കാക്കുന്നു.
4: കോപാവേശത്താല്‍ തന്നെത്തന്നെ ചീന്തിക്കളയുന്ന നിനക്കുവേണ്ടി, ഭൂമി പരിത്യക്തമാകണമോ? പാറയെ അതിൻ്റെ സ്ഥാനത്തുനിന്നു നീക്കണമോ?
5: ദുഷ്ടൻ്റെ പ്രകാശം കെടുത്തിയിരിക്കുന്നു. അവൻ്റെ അഗ്നി ജ്വലിക്കുന്നില്ല.
6: അവൻ്റെ കൂടാരത്തില്‍ പ്രകാശം ഇരുളായിമാറിയിരിക്കുന്നു; അവനുമുകളിലുള്ള ദീപം കെടുത്തിയിരിക്കുന്നു.
7: ദൃഢമായിരുന്ന അവൻ്റെ പാദങ്ങള്‍ ഇപ്പോള്‍ പതറുന്നു. അവൻ്റെ പദ്ധതികള്‍തന്നെ അവനെ നശിപ്പിക്കുന്നു.
8: അവന്‍ നടന്നുചെന്നു വലയില്‍ക്കുടുങ്ങുന്നു; അവന്‍ ചതിക്കുഴിയുടെ മീതെയാണു നടക്കുന്നത്.
9: കുരുക്ക്, അവൻ്റെ കുതികാലില്‍ വീഴുന്നു. അവന്‍ കുടുക്കിലകപ്പെടുന്നു.
10: അവനെക്കുടുക്കാന്‍ തറയില്‍ കയര്‍ ഒളിച്ചുവച്ചിരിക്കുന്നു; പാതയിലൊരു കെണിയും.
11: എല്ലാവശത്തുംനിന്നു കൊടുംഭീതികള്‍ അവനെ ഭയപ്പെടുത്തുകയും വേട്ടയാടുകയുംചെയ്യുന്നു.
12: വിശപ്പുകൊണ്ട് അവൻ്റെ ശക്തി ക്ഷയിച്ചിരിക്കുന്നു; വിനാശം അവൻ്റെ ഇടര്‍ച്ച കാത്തിരിക്കുന്നു.
13: രോഗം, അവൻ്റെ ചര്‍മ്മത്തെ കാര്‍ന്നുതിന്നുന്നു; മൃത്യു അവൻ്റെ അവയവങ്ങളെയും.
14: അവനാശ്രയിച്ചിരുന്ന കൂടാരത്തില്‍നിന്ന് അവന്‍ പറിച്ചുമാറ്റപ്പെടും. ഭീകരതയുടെ രാജാവിൻ്റെയടുത്തേക്ക് അവന്‍ നയിക്കപ്പെടും.
15: അന്യര്‍ അവന്റെ കൂടാരത്തില്‍ വസിക്കും; അവൻ്റെ ഭവനത്തിന്മേല്‍ ഗന്ധകം വര്‍ഷിക്കപ്പെടും.
16: അവൻ്റെ വേരുകളുണങ്ങിപ്പോകും; അവൻ്റെ ശാഖകള്‍ വാടിയുണങ്ങും.
17: ഭൂമിയില്‍നിന്ന് അവൻ്റെ സ്മരണ മാഞ്ഞുപോകും. തെരുവീഥിയില്‍ അവൻ്റെ പേരില്ലാതാകും.
18: പ്രകാശത്തില്‍നിന്ന് അന്ധകാരത്തിലേക്ക് അവനെ തള്ളിയിടുകയും ലോകത്തില്‍നിന്ന് അവനെ ഓടിച്ചുകളയുകയുംചെയ്യും.
19: സ്വജനത്തിൻ്റെയിടയില്‍ അവനു സന്തതികളോ പിന്‍ഗാമികളോ ഉണ്ടായിരിക്കുകയില്ല; അവൻ്റെ പാര്‍പ്പിടത്തില്‍ ആരുമവശേഷിക്കുകയില്ല.
20: അവൻ്റെ ദിനംകണ്ട്, പടിഞ്ഞാറുള്ളവര്‍ പരിഭ്രാന്തരാകും; കിഴക്കുള്ളവര്‍ സംഭീതരാകും.
21: അധര്‍മ്മികളുടെ പാര്‍പ്പിടങ്ങള്‍ ഇങ്ങനെയാണ്. ദൈവത്തെ അറിയാത്തവരുടെ സ്ഥലത്ത് ഇതു സംഭവിക്കും.

അദ്ധ്യായം 19

ജോബിൻ്റെ മറുപടി

1: ജോബ് പറഞ്ഞു:
2: എത്രകാലം നിങ്ങളെന്നെ പീഡിപ്പിക്കുകയും വാക്കുകൊണ്ടു നുറുക്കുകയും ചെയ്യും?
3: ഇപ്പോള്‍ പത്തുപ്രാവശ്യം നിങ്ങളെൻ്റെമേല്‍ നിന്ദചൊരിഞ്ഞിരിക്കുന്നു. എന്നെ ദ്രോഹിക്കാന്‍ നിങ്ങള്‍ക്കു ലജ്ജയില്ലേ?
4: ഞാന്‍ തെറ്റുചെയ്‌തെങ്കില്‍ത്തന്നെ അതെന്നോടുകൂടെയിരുന്നുകൊള്ളും.
5: നിങ്ങള്‍ എന്നെക്കാള്‍ വലിയവരെന്നു ഭാവിക്കുന്നെങ്കില്‍, എൻ്റെ ദൈന്യം എനിക്കെതിരേ തെളിവായി നിങ്ങള്‍ സ്വീകരിക്കുന്നെങ്കില്‍,
6: ദൈവമാണ് എന്നോടിതുചെയ്തതെന്നും എന്നെ വലയിലകപ്പെടുത്തിയതെന്നും നിങ്ങള്‍ മനസ്സിലാക്കണം.
7: അതിക്രമം എന്നുറക്കെ വിളിച്ചുപറഞ്ഞാലും എനിക്കു മറുപടി ലഭിക്കുന്നില്ല. മുറവിളികൂട്ടിയാലും എനിക്കു നീതി ലഭിക്കുന്നില്ല.
8: കടന്നുപോകാനാവാത്തവിധം അവിടുന്നെൻ്റെ വഴി, മതില്‍കെട്ടിയടച്ചു. എൻ്റെ മാര്‍ഗ്ഗങ്ങളെ അന്ധകാരപൂര്‍ണ്ണമാക്കുകയും ചെയ്തു.
9: എൻ്റെ മഹത്വം അവിടുന്നുരിഞ്ഞുമാറ്റിയിരിക്കുന്നു; എൻ്റെ കിരീടം അവിടുന്നെടുത്തുകളഞ്ഞു.
10: എല്ലാവശത്തുംനിന്ന് അവിടുന്നെന്നെ തകര്‍ക്കുന്നു. ഞാനിതാ പൊയ്ക്കഴിഞ്ഞു. അവിടുന്നെൻ്റെ പ്രത്യാശയെ വൃക്ഷത്തെയെന്നപോലെ പിഴുതുകളഞ്ഞിരിക്കുന്നു.
11: എനിക്കെതിരേ അവിടുന്നു ക്രോധം ജ്വലിപ്പിക്കുന്നു. അവിടുന്നെന്നെ ശത്രുവായെണ്ണിയിരിക്കുന്നു.
12: അവിടുത്തെ സൈന്യങ്ങള്‍ എനിക്കെതിരേ ഉപരോധമുയര്‍ത്തിയിരിക്കുന്നു. എൻ്റെ കൂടാരത്തിനുചുറ്റും അവര്‍ പാളയമടിച്ചിരിക്കുന്നു.
13: അവിടുന്നെൻ്റെ സഹോദരന്മാരെ അകറ്റിയിരിക്കുന്നു. എൻ്റെ പരിചയക്കാരും അപരിചിതരായിത്തീര്‍ന്നു.
14: ബന്ധുജനങ്ങളും ഉറ്റസ്‌നേഹിതരും എന്നെയുപേക്ഷിച്ചു.
15: എൻ്റെ ഭവനത്തിലെ അതിഥികളും എന്നെ വിസ്മരിച്ചിരിക്കുന്നു. എൻ്റെ ദാസിമാര്‍ എന്നെ അന്യനായിക്കരുതുന്നു. ഞാന്‍ അവരുടെ ദൃഷ്ടിയില്‍ പരദേശിയായിത്തീര്‍ന്നിരിക്കുന്നു.
16: ഞാന്‍ ദാസനെ വിളിച്ചാല്‍ അവന്‍ കേള്‍ക്കുന്നില്ല. ഞാനവനോടു യാചിക്കേണ്ടിവരുന്നു.
17: എൻ്റെ ഭാര്യ എന്നോടറപ്പുകാട്ടുന്നു. എൻ്റെ സഹോദരന്മാര്‍ക്കും ഞാന്‍ നിന്ദാപാത്രമായി.
18: കൊച്ചുകുട്ടികള്‍പോലും എന്നെ പുച്ഛിക്കുന്നു. എന്നെക്കാണുമ്പോള്‍ അവര്‍ പരിഹസിക്കുന്നു.
19: എൻ്റെ ഉറ്റ സ്‌നേഹിതന്മാര്‍ എന്നില്‍നിന്ന് അറപ്പോടെയകലുന്നു. ഞാന്‍ സ്‌നേഹിച്ചവര്‍ എനിക്കെതിരേതിരിഞ്ഞു.
20: എൻ്റെ അസ്ഥി, ത്വക്കിനോടും മാംസത്തോടുമൊട്ടിയിരിക്കുന്നു. ജീവന്‍ പോയിട്ടില്ലെന്നേയുള്ളു.
21: എൻ്റെ പ്രിയ സ്‌നേഹിതരേ, എന്നോടു കരുണയുണ്ടാകണമേ. ദൈവത്തിൻ്റെ കരം എൻ്റെമേല്‍ പതിച്ചിരിക്കുന്നു.
22: ദൈവത്തെപ്പോലെ നിങ്ങളും എന്നെയനുധാവനംചെയ്യുന്നതെന്ത്? എൻ്റെ മാംസംകൊണ്ടു നിങ്ങള്‍ക്കു തൃപ്തിവരാത്തതെന്ത്?
23: എൻ്റെ വാക്കുകള്‍ എഴുതപ്പെട്ടിരുന്നെങ്കില്‍! അവ ഒരു പുസ്തകത്തില്‍ രേഖപ്പെടുത്തിയിരുന്നെങ്കില്‍‍!
24: ഇരുമ്പുനാരായവും ഈയവുംകൊണ്ട് അവ എന്നേയ്ക്കുമായി പാറയില്‍ ആലേഖനംചെയ്തിരുന്നെങ്കില്‍ ‍!
25: എനിക്കു ന്യായംനടത്തിത്തരുന്നവന്‍ ജീവിക്കുന്നെന്നും അവസാനം അവിടുന്നെനിക്കുവേണ്ടി നിലകൊള്ളുമെന്നും ഞാനറിയുന്നു.
26: എൻ്റെ ചര്‍മ്മം അഴുകിയില്ലാതായാലും എൻ്റെ മാംസത്തില്‍നിന്നു ഞാന്‍ ദൈവത്തെ കാണും.
27: അവിടുത്തെ ഞാന്‍, എൻ്റെപക്ഷത്തു കാണും. മറ്റാരെയുമല്ല അവിടുത്തെത്തന്നെ എൻ്റെ കണ്ണുകള്‍ ദര്‍ശിക്കും. എൻ്റെ ഹൃദയം തളരുന്നു.
28: നാമെങ്ങനെ അവനെ അനുധാവനം ചെയ്യും, അവനില്‍ കുറ്റം കണ്ടെത്തിയിരിക്കുന്നുവെന്നു നിങ്ങള്‍ പറയുന്നെങ്കില്‍!
29: വാളിനെ ഭയപ്പെടുക, ക്രോധം വാളയയ്ക്കും. അങ്ങനെ ന്യായവിധിയുണ്ടെന്ന് നിങ്ങള്‍ മനസ്സിലാക്കും.

അദ്ധ്യായം 20


സോഫാര്‍ വീണ്ടും സംസാരിക്കുന്നു
1: നാമാത്യനായ സോഫാര്‍ പറഞ്ഞു:
2: അക്ഷമനിമിത്തം മറുപടിപറയാന്‍ എന്നില്‍ ചിന്തകളുയരുന്നു.
3: എന്നെ നിന്ദിക്കുന്ന ശകാരങ്ങള്‍ ഞാന്‍ കേള്‍ക്കുന്നു; മറുപടിപറയാന്‍ ഞാനുത്തേജിതനാകുന്നു.
4: പണ്ടുമുതല്‍ക്കേ, മനുഷ്യന്‍ ഭൂമുഖത്തുദ്ഭവിച്ചകാലംമുതല്‍ക്കേ, നിനക്കറിയില്ലേ,
5: ദുഷ്ടന്റെ ജയഭേരി ക്ഷണികമാണെന്ന്, അധര്‍മ്മിയുടെ സന്തോഷം നൈമിഷികമാണെന്ന്?
6: അവന്‍ ആകാശത്തോളമുയര്‍ന്നാലും, അവൻ്റെ ശിരസ്സു മേഘങ്ങളെയുരുമ്മിനിന്നാലും,
7: തൻ്റെ വിസര്‍ജ്ജനവസ്തുപോലെ അവന്‍ നശിച്ചുപോകും; അവന്‍ എവിടെയെന്ന്, അവനെ മുമ്പു കണ്ടിട്ടുള്ളവര്‍ ചോദിക്കും.
8: സ്വപ്നംപോലെ അവന്‍ മാഞ്ഞുപോകും. പിന്നീടവനെ കാണുകയില്ല; ഒരു നിശാദര്‍ശനംപോലെ അവന്‍ പലായനംചെയ്യും.
9: അവനെക്കണ്ടിട്ടുള്ള കണ്ണുകള്‍ ഇനിയവനെ കാണുകയില്ല. അവൻ്റെ പാര്‍പ്പിടം അവനെ ദര്‍ശിക്കുകയില്ല.
10: അവൻ്റെ മക്കള്‍ ദരിദ്രരുടെ കാരുണ്യം യാചിക്കും. അവൻ്റെ സമ്പത്ത് അവന്‍തന്നെ തിരിച്ചുകൊടുക്കും.
11: അവൻ്റെ അസ്ഥികളില്‍ യുവത്വം തുളുമ്പിനില്‍ക്കുന്നു. എന്നാല്‍, അതവനോടുകൂടെ പൊടിയില്‍ക്കിടക്കും.
12: അവൻ്റെ നാവിനു തിന്മ മധുരമായി തോന്നിയേക്കാം. അവനതു നാവിനടിയില്‍ ഒളിച്ചുവച്ചേക്കാം.
13: രുചി ആസ്വദിക്കാന്‍വേണ്ടി ഇറക്കാതെ വായില്‍ സൂക്ഷിച്ചാലും
14: ഉദരത്തിലെത്തുമ്പോള്‍ അതു സര്‍പ്പവിഷമായി പരിണമിക്കുന്നു.
15: വിഴുങ്ങിയ സമ്പത്ത്, അവന്‍ ഛര്‍ദ്ദിക്കുന്നു. ദൈവം, അവൻ്റെ ഉദരത്തില്‍നിന്ന് അതു പുറത്തുകൊണ്ടുവരുന്നു.
16: അവന്‍ സര്‍പ്പവിഷം കുടിക്കും; അണലിയുടെ കടിയേറ്റു മരിക്കും.
17: തേനും പാല്‍ക്കട്ടിയുമൊഴുകുന്ന നദികളെ അവന്‍ നോക്കുകയില്ല.
18: തന്റെ അദ്ധ്വാനത്തിൻ്റെ ഫലം അവനനുഭവിക്കാതെ മടക്കിക്കൊടുക്കും. തൻ്റെ വ്യാപാരലാഭവും അവനാനന്ദംപകരുകയില്ല.
19: എന്തെന്നാല്‍, അവന്‍ പാവപ്പെട്ടവരെ പീഡിപ്പിക്കുകയും അവഗണിക്കുകയും ചെയ്തു; താന്‍ പണിയാത്ത വീട്, അവന്‍ പിടിച്ചെടുത്തു.
20: തൻ്റെ അത്യാഗ്രഹത്തിന് അതിരില്ലാത്തതിനാല്‍ തനിക്കിഷ്ടപ്പെടുന്നതൊന്നുംനേടാന്‍ അവനു സാധിക്കുകയില്ല.
21: അവന്‍ ഭക്ഷിച്ചതിനുശേഷം ഒന്നും മിച്ചംവരുകയില്ല. അതിനാല്‍, അവൻ്റെ ഐശ്വര്യം നിലനില്‍ക്കുകയില്ല.
22: സമൃദ്ധിയുടെ പൂര്‍ണ്ണതയില്‍ അവനു ഞെരുക്കമുണ്ടാകും; ദുരിതങ്ങളൊന്നാകെ അവൻ്റെമേല്‍ നിപതിക്കും.
23: ദൈവം തൻ്റെ കഠിനമായ കോപത്തെ അവനിലേക്കു മതിയാവോളമയയ്ക്കും. ഭക്ഷണംപോലെ അതവൻ്റെമേല്‍ വര്‍ഷിക്കും.
24: ഇരുമ്പായുധത്തില്‍നിന്ന് ഒഴിഞ്ഞുമാറുമ്പോള്‍ പിച്ചളയസ്ത്രം അവനില്‍ തറഞ്ഞുകയറും.
25: അവൻ്റെ ശരീരത്തില്‍നിന്ന് അതൂരിയെടുക്കുന്നു. അതിൻ്റെ തിളങ്ങുന്ന മുന, പിത്തഗ്രന്ഥിയില്‍നിന്നു പുറത്തെടുക്കുന്നു. ഭീകരതകള്‍ അവൻ്റെമേല്‍ വരുന്നു.
26: സാന്ദ്രമായ തമസ്സ് അവനു നിക്ഷേപമാക്കിവച്ചിരിക്കുന്നു; ആരും ഊതിക്കത്തിക്കാത്ത അഗ്നി, അവനെ വിഴുങ്ങും; അവൻ്റെ കൂടാരത്തില്‍ അവശേഷിക്കുന്നതിനെയും അതു ദഹിപ്പിക്കും.
27: ആകാശം അവൻ്റെ അനീതികളെ വെളിപ്പെടുത്തും; ഭൂമി അവനെതിരേ ഉയരും.
28: അവൻ്റെ ഭവനത്തിലെ സമ്പാദ്യങ്ങള്‍ കവര്‍ച്ചചെയ്യപ്പെടും. ദൈവകോപത്തിൻ്റെ ദിനത്തില്‍ അവ പൊയ്‌പ്പോകും.
29: ദുഷ്ടനു ദൈവംനല്കുന്ന ഓഹരിയും ദൈവത്തില്‍നിന്ന് അവനു ലഭിക്കുന്ന അവകാശവുമിതാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ