നൂറ്റിമുപ്പത്തിയെട്ടാം ദിവസം: 1 മക്കബായര്‍ 1 - 2

അദ്ധ്യായം 1

മഹാനായ അലക്സാണ്ടര്‍
1: ഫിലിപ്പിന്റെ പുത്രനും മക്കദോനിയാക്കാരനുമായ അലക്സാണ്ടര്‍ കിത്തിംദേശത്തുനിന്നുവന്ന് പേര്‍ഷ്യാക്കാരുടെയും മെദിയാക്കാരുടെയും രാജാവായ ദാരിയൂസിനെ കീഴടക്കിഭരണമേറ്റെടുത്തു. അതിനുമുമ്പുതന്നെ അവന്‍ ഗ്രീസിന്റെ രാജാവായിരുന്നു.
2: അവന്‍ നിരവധി യുദ്ധങ്ങള്‍ചെയ്തുകോട്ടകള്‍ പിടിച്ചടക്കിരാജാക്കന്മാരെ വധിച്ചു.
3: ഭൂമിയുടെ അതിര്‍ത്തികള്‍വരെ അവന്‍ മുന്നേറിഅസംഖ്യം രാജ്യങ്ങള്‍ കൊള്ളയടിച്ചു. ലോകംമുഴുവന്‍ തനിക്കധീനമായപ്പോള്‍ അവന്‍ അഹങ്കാരോന്മത്തനായി.
4: സുശക്തമായൊരു സൈന്യത്തെ ശേഖരിച്ച്, അവന്‍ രാജ്യങ്ങളുടെയും ജനതകളുടെയും നാടുവാഴികളുടെയുംമേല്‍ ആധിപത്യം സ്ഥാപിച്ചുഅവര്‍ അവനു സാമന്തരായി.
5: അങ്ങനെയിരിക്കേഅവന്‍ രോഗബാധിതനായിമരണം ആസന്നമായെന്ന് അവന്‍ മനസ്സിലാക്കി.
6: ചെറുപ്പംമുതലേ തന്റെ പാര്‍ശ്വവര്‍ത്തികളായിരുന്ന സമുന്നതരായ സേനാധിപന്മാരെ വിളിച്ചുവരുത്തി അവര്‍ക്ക്താന്‍ മരിക്കുന്നതിനുമുമ്പ് അവന്‍ രാജ്യം വിഭജിച്ചുകൊടുത്തു.
7: പന്ത്രണ്ടുവര്‍ഷത്തെ ഭരണത്തിനുശേഷം അലക്സാണ്ടര്‍ മരണമടഞ്ഞു.
8: സേനാധിപന്മാര്‍ താന്താങ്ങളുടെ പ്രദേശങ്ങളില്‍ ഭരണം തുടങ്ങി.
9: അലക്സാണ്ടറുടെ മരണത്തിനുശേഷം അവര്‍ സ്വയം കിരീടംധരിച്ചു രാജാക്കന്മാരായി. അനേകവര്‍ഷത്തേക്ക് അവരുടെ പുത്രന്മാരും ആ രീതി തുടര്‍ന്നു. അവര്‍മൂലം ഭൂമിയില്‍ ദുരിതങ്ങള്‍ പെരുകി.

അന്തിയോക്കസ് എപ്പിഫാനസ്
10: അവരുടെ വംശത്തില്‍പ്പെട്ട അന്തിയോക്കസ്‌രാജാവിന്റെ പുത്രനായി തിന്മയുടെവേരായ അന്തിയോക്കസ് എപ്പിഫാനസ് ജനിച്ചു. ഗ്രീക്കുസാമ്രാജ്യം സ്ഥാപിതമായതിന്റെ നൂറ്റിമുപ്പത്തേഴാം വര്‍ഷംഭരണമേല്‍ക്കുന്നതിനുമുമ്പ്അവന്‍ റോമായില്‍ തടവിലായിരുന്നു.
11: അക്കാലത്തു നിയമനിഷേധകരായ ചിലര്‍ മുമ്പോട്ടുവന്ന് ഇസ്രായേലില്‍ അനേകംപേരെ വഴിതെറ്റിക്കുംവിധം പറഞ്ഞു: ചുറ്റുമുള്ള വിജാതീയരുമായി നമുക്കുടമ്പടി ചെയ്യാം. കാരണംഅവരില്‍നിന്നു പിരിഞ്ഞതില്‍പ്പിന്നെ വളരെയേറെ അനര്‍ത്ഥങ്ങള്‍ നമുക്കു ഭവിച്ചിരിക്കുന്നു.
12: ഈ നിര്‍ദ്ദേശം അവര്‍ക്കിഷ്ടപ്പെട്ടു.
13: കുറെയാളുകള്‍ താത്പര്യപൂര്‍വ്വം രാജാവിന്റെയടുക്കലെത്തി. വിജാതീയരുടെ ആചാരങ്ങളനുഷ്ഠിക്കാന്‍ അവന്‍ അവര്‍ക്കനുവാദംനല്കി. 
14: അവര്‍ ജറുസലെമില്‍ വിജാതീയരീതിയിലുള്ള ഒരു കായികാഭ്യാസക്കളരി സ്ഥാപിച്ചു.
15: പരിച്ഛേദനത്തിന്റെ അടയാളങ്ങള്‍ അവര്‍ മായിച്ചുകളഞ്ഞുവിശുദ്ധ ഉടമ്പടി പരിത്യജിച്ചുവിജാതീയരോടുചേര്‍ന്ന് ദുഷ്‌കൃത്യങ്ങളില്‍മുഴുകുകയും ചെയ്തു.
16: രാജ്യം തന്റെകൈയില്‍ ഭദ്രമായി എന്നുകണ്ട്ഈജിപ്തിന്റെകൂടെ രാജാവാകാന്‍ അന്തിയോക്കസ് തീരുമാനിച്ചു. ഇരുരാജ്യങ്ങളുടെയും അധിപനാകാനായിരുന്നു അവന്റെ മോഹം.
17: രഥങ്ങളും ആനകളും കുതിരപ്പട്ടാളവും വലിയൊരു കപ്പല്‍പ്പടയുമടങ്ങിയ സുശക്തമായ സൈന്യത്തോടെ അവന്‍ ഈജിപ്തിനെയാക്രമിച്ചു.
18: ഈജിപ്തുരാജാവായ ടോളമിയുമായി അവനേറ്റുമുട്ടി. ടോളമി പിന്തിരിഞ്ഞോടി.
19: വളരെപ്പേര്‍ മുറിവേറ്റു വീണു. ഈജിപ്തിലെ സുരക്ഷിതനഗരങ്ങള്‍ അവന്‍ പിടിച്ചടക്കിഈജിപ്തുദേശം കൊള്ളയടിച്ചു.
20: നൂറ്റിനാല്പത്തിമൂന്നാമാണ്ടില്‍ ഈജിപ്തു കീഴടക്കിയതിനുശേഷം അന്തിയോക്കസ് മടങ്ങി. ഇസ്രായേലിനെതിരേ ശക്തമായൊരു സൈന്യവുമായി പുറപ്പെട്ട് അവന്‍ ജറുസലെമിലെത്തി.
21: അവന്‍ ഔദ്ധത്യത്തോടെ വിശുദ്ധസ്ഥലത്തു പ്രവേശിച്ച് സുവര്‍ണ്ണ ബലിപീഠവും വിളക്കുകാലുകളും അവിടെയുണ്ടായിരുന്ന എല്ലാ ഉപകരണങ്ങളും കൈവശമാക്കി.
22: തിരുസാന്നിദ്ധ്യയപ്പത്തിന്റെ മേശയും പാനീയബലിക്കുള്ള ചഷകങ്ങളും കോപ്പകളും സുവര്‍ണ്ണ ധൂപകലശങ്ങളും തിരശ്ശീലയും കിരീടങ്ങളും ദേവാലയപൂമുഖത്തെ കനകവിതാനങ്ങളുമെല്ലാം അവന്‍ കൊള്ളയടിച്ചു.
23: അവിടെയുണ്ടായിരുന്ന വെള്ളിയും സ്വര്‍ണ്ണവും വിലപിടിച്ച പാത്രങ്ങളും കൈവശപ്പെടുത്തി. ഒളിച്ചുവച്ചിരുന്ന നിധികളില്‍കണ്ടെത്തിയതെല്ലാം അവന്‍ കൈക്കലാക്കി.
24: അവയുംകൊണ്ട് അവന്‍ സ്വദേശത്തേക്കു മടങ്ങി. അവന്‍ ഏറെ രക്തംചൊരിഞ്ഞു. അവന്റെ സംസാരത്തില്‍ അഹങ്കാരം മുറ്റിനിന്നു.
25: ഇസ്രായേല്‍ സമൂഹങ്ങളെല്ലാം തീവ്രദുഃഖത്തിലാണ്ടു.
26: ഭരണാധിപന്മാരിലും പ്രമാണികളിലുംനിന്നു ദീനരോദനമുയര്‍ന്നു. യുവതീയുവാക്കന്മാര്‍ തളര്‍ന്നവശരായി. സ്ത്രീകളുടെ സൗന്ദര്യത്തിനു മങ്ങലേറ്റു.
27: മണവാളന്‍ വിലപിച്ചു. മണവറയില്‍ മണവാട്ടി പ്രലപിച്ചു.
28: ദേശംപോലും അതിലെ നിവാസികളെപ്രതി വിറപൂണ്ടു. യാക്കോബിന്റെ ഭവനം ലജ്ജാവൃതമായി.

മതമര്‍ദ്ദനം
29: രണ്ടുവര്‍ഷങ്ങള്‍ക്കുശേഷം രാജാവു തന്റെ കപ്പംപിരിവുകാരില്‍ പ്രമുഖനായ ഒരുവനെ യൂദാനഗരങ്ങളിലേക്കയച്ചു. വലിയൊരു സൈന്യവുമായി അവന്‍ ജറുസലെമിലെത്തി.
30: അവന്‍ ചതിവായി, അവരോടു സമാധാനത്തിന്റെ ഭാഷയില്‍ സംസാരിച്ചു. അവരവനെ വിശ്വസിച്ചു. എന്നാല്‍ അവന്‍ പെട്ടെന്നു നഗരമാക്രമിച്ച്, കനത്ത ആഘാതമേല്‍പ്പിക്കുകയും അനേകം ഇസ്രായേല്‍ക്കാരെ നശിപ്പിക്കുകയും ചെയ്തു.
31: അവന്‍ നഗരം കൊള്ളയടിച്ചു. അതിനെ അഗ്നിക്കിരയാക്കിഅതിലെ വീടുകളും നഗരഭിത്തികളും തകര്‍ത്തു.
32: അവര്‍ സ്ത്രീകളെയും കുഞ്ഞുങ്ങളെയും തടവുകാരാക്കികന്നുകാലികളെ കവര്‍ച്ചചെയ്തു.
33: ഉറപ്പുള്ള വലിയൊരു മതിലും ബലമേറിയ ഗോപുരങ്ങളുംപണിതു ദാവീദിന്റെ നഗരത്തെ അവര്‍ സുശക്തമാക്കി. അതവരുടെ സങ്കേതമായിത്തീര്‍ന്നു.
34: ദുഷ്ടരും അധര്‍മ്മികളുമായ ഒരു വിഭാഗമാളുകളെ അവരവിടെ താമസിപ്പിച്ചു. അവര്‍ അവിടെ നിലയുറപ്പിച്ചു.
35: അവര്‍ ആയുധങ്ങളും ഭക്ഷ്യപദാര്‍ത്ഥങ്ങളും ജറുസലെമില്‍നിന്നു ശേഖരിച്ച കവര്‍ച്ചവസ്തുക്കളും അവിടെ സംഭരിച്ചു. അങ്ങനെ അവരൊരു കെണിയായി.
36: അതു വിശുദ്ധസ്ഥലത്തെ ആക്രമിക്കാനുള്ള ഒളിസ്ഥലമായി മാറിഇസ്രായേലിനെ നിരന്തരമലട്ടുന്ന ദുഷ്ടപ്രതിയോഗിയും.
37: വിശുദ്ധസ്ഥലത്തിനുചുറ്റും അവര്‍ നിഷ്‌കളങ്ക രക്തം ചിന്തി. വിശുദ്ധസ്ഥലം അശുദ്ധമാക്കുകപോലും ചെയ്തു.
38: ജറുസലെം നിവാസികള്‍ അവരെ ഭയന്ന് ഓടിപ്പോയി. അവള്‍ വിദേശീയരുടെ വാസസ്ഥലമായി പരിണമിച്ചു. സ്വസന്താനങ്ങള്‍ക്ക് അവള്‍ അന്യയായി. സ്വന്തം മക്കള്‍ അവളെ ഉപേക്ഷിച്ചു.
39: അവളുടെ വിശുദ്ധസ്ഥലം മരുഭൂമിക്കു തുല്യം വിജനമായിതിരുനാളുകള്‍ വിലാപദിനങ്ങളായി മാറിസാബത്തുകള്‍ പരിഹാസവിഷയമായിഅവളുടെ കീര്‍ത്തി അപമാനിക്കപ്പെട്ടു.
40: അപകീര്‍ത്തി മുന്‍മഹത്വത്തിനൊപ്പം അവളെ ചുറ്റിനിന്നു. അവളുടെ ഔന്നത്യം വിലാപത്തിനു വഴിമാറി.
41: സ്വന്തം ആചാരങ്ങളുപേക്ഷിച്ച്, 
42: എല്ലാവരും ഒരു ജനതയായിത്തീരണമെന്ന് രാജാവ് രാജ്യത്തെങ്ങും കല്പന വിളംബരംചെയ്തു.
43: വിജാതീയരെല്ലാം രാജകല്പന സ്വാഗതം ചെയ്തു. ഇസ്രായേലില്‍നിന്നുപോലും വളരെപ്പേര്‍ അവന്റെ ഇംഗിതം സസന്തോഷം സ്വീകരിച്ചു. അവര്‍ വിഗ്രഹങ്ങള്‍ക്കു ബലിസമര്‍പ്പിക്കുകയും സാബത്ത് അശുദ്ധമാക്കുകയും ചെയ്തു.
44: രാജാവു ജറുസലെമിലേക്കും യൂദാനഗരങ്ങളിലേക്കും ദൂതന്മാര്‍വശം കത്തുകളയച്ചു. സ്വന്തം നാടിന് അന്യമായ ആചാരങ്ങളനുഷ്ഠിക്കാന്‍ അവനാജ്ഞാപിച്ചു.
45, 46: വിശുദ്ധസ്ഥലത്തു ദഹനബലികളും പാനീയബലികളും ഇതരബലികളും അവന്‍ നിരോധിച്ചു.
47: സാബത്തുകളും തിരുനാളുകളും അശുദ്ധമാക്കണമെന്നും വിശുദ്ധസ്ഥലത്തെയും പുരോഹിതന്മാരെയും കളങ്കപ്പെടുത്തണമെന്നും വിഗ്രഹങ്ങള്‍ക്കു ബലിപീഠങ്ങളും ക്ഷേത്രങ്ങളും കാവുകളും നിര്‍മ്മിക്കണമെന്നും പന്നികളെയും അശുദ്ധമൃഗങ്ങളെയും ബലിയര്‍പ്പിക്കണമെന്നും അവന്‍ കല്പിച്ചു. പരിച്ഛേദനം നിരോധിച്ചു.
48: അവര്‍ നിയമം വിസ്മരിക്കുകയും
49: ചട്ടങ്ങള്‍ വികലമാക്കുകയുംചെയ്യേണ്ടതിന് അവിശുദ്ധവും മലിനവുമായ എല്ലാവിധ പ്രവൃത്തികളിലുമേര്‍പ്പെട്ടു തങ്ങളെത്തന്നെ നികൃഷ്ടരാക്കണമെന്നും അവന്‍ നിര്‍ദ്ദേശിച്ചു.
50: രാജകല്പനയനുസരിക്കാത്ത ഏവനും മരിക്കണം.
51: ഇങ്ങനെ അവന്‍ രാജ്യത്തെങ്ങും വിജ്ഞാപനംചെയ്തു. എല്ലാ ജനങ്ങളുടെയുംമേല്‍ പരിശോധകരെ നിയമിച്ചു. യൂദായിലെ നഗരങ്ങള്‍ തവണവച്ച് ബലിയര്‍പ്പിക്കണമെന്നു കല്പിക്കുകയും ചെയ്തു.
52: നിയമമുപേക്ഷിച്ച വളരെപ്പേര്‍ അവരോടുചേര്‍ന്ന് നാട്ടിലെങ്ങും തിന്മ പ്രവര്‍ത്തിച്ചു.
53: ഇസ്രായേല്‍ക്കാര്‍ അഭയസ്ഥാനങ്ങളില്‍ ഒളിക്കുന്നതിന് ഇതിടയാക്കി.
54: നൂറ്റിനാല്പത്തഞ്ചാം വര്‍ഷത്തില്‍ കിസ്‌ലേവ് മാസം പതിനഞ്ചാംദിവസം ദഹന ബലിപീഠത്തിന്‍മേല്‍ അവര്‍ വിനാശത്തിന്റെ മ്ലേച്ഛവസ്തു പ്രതിഷ്ഠിച്ചു. ചുറ്റുമുള്ള യൂദാനഗരങ്ങളിലും അവര്‍ ബലിപീഠങ്ങള്‍ നിര്‍മ്മിച്ചു.
55: വീടുകളുടെ വാതിലുകളിലും തെരുവീഥികളിലും അവര്‍ ധൂപമര്‍പ്പിച്ചു.
56: കിട്ടിയ നിയമഗ്രന്ഥങ്ങള്‍ കീറി തീയിലിട്ടു.
57: ഉടമ്പടിഗ്രന്ഥം കൈവശംവയ്ക്കുകയോ നിയമത്തോടു കൂറുപുലര്‍ത്തുകയോ ചെയ്യുന്നവന്‍ രാജശാസനപ്രകാരം മരണത്തിനര്‍ഹനായിരുന്നു.
58: നഗരങ്ങളില്‍ ഇങ്ങനെ പിടിക്കപ്പെട്ട ഇസ്രായേല്‍ക്കാരുടെമേല്‍ അവര്‍ മാസംതോറും ശിക്ഷാവിധി നടപ്പാക്കിയിരുന്നു.
59: ദഹനബലിപീഠത്തിനു മുകളില്‍ സ്ഥാപിച്ച പീഠത്തില്‍ മാസത്തിന്റെ ഇരുപത്തഞ്ചാം ദിവസം അവര്‍ ബലിയര്‍പ്പിച്ചു.
60: പുത്രന്മാരെ പരിച്ഛേദനം ചെയ്യിച്ച സ്ത്രീകളെ രാജകല്പനപ്രകാരം അവര്‍ വധിച്ചു. 
61: അവരുടെ കുടുംബാംഗങ്ങളും പരിച്ഛേദനംചെയ്തവരും വധിക്കപ്പെട്ടു. ശിശുക്കളെ തള്ളമാരുടെ കഴുത്തില്‍ തൂക്കിക്കൊന്നു.
62: എങ്കിലും ഇസ്രായേലില്‍ വളരെപ്പേര്‍ അചഞ്ചലരായി നിന്നു. അശുദ്ധഭക്ഷണം കഴിക്കുകയില്ലെന്ന് അവര്‍ ദൃഢനിശ്ചയം ചെയ്തു.
63: ഭക്ഷണത്താല്‍ മലിനരാകുകയോ വിശുദ്ധ ഉടമ്പടി അശുദ്ധമാക്കുകയോചെയ്യുന്നതിനേക്കാള്‍ മരിക്കാന്‍ അവര്‍ സന്നദ്ധരായി. അവര്‍ മരണംവരിക്കുകയും ചെയ്തു.
64: ഇസ്രായേലിന്റെമേല്‍ അത്യുഗ്രമായ ക്രോധം നിപതിച്ചു.

അദ്ധ്യായം 2

മത്താത്തിയാസും പുത്രന്മാരും
1: ശിമയോന്റെ പുത്രനായ യോഹന്നാന്റെ പുത്രനും യൊവാറിബ് കുടുംബത്തില്‍പ്പെട്ട പുരോഹിതനുമായ മത്താത്തിയാസ് ജറുസലെമില്‍നിന്നു മൊദെയിനിലേക്കു മാറിത്താമസിച്ചു.
2: അവന് അഞ്ചു പുത്രന്മാരുണ്ടായിരുന്നു. ഗദ്ദി എന്ന യോഹന്നാന്‍,
3: താസി എന്ന ശിമയോന്‍,
4: മക്കബേയൂസ് എന്ന യൂദാസ്,
5: അവരാന്‍ എന്ന എലെയാസര്‍, ആഫൂസ് എന്ന ജോനാഥാന്‍.
6: യൂദായിലും ജറുസലെമിലും നടമാടുന്ന ദൈവദൂഷണങ്ങള്‍കണ്ട് മത്താത്തിയാസ് വിലപിച്ചു:
7: കഷ്ടം! ഞാനെന്തിനു ജനിച്ചു! എന്റെ ജനം നശിക്കുന്നതും വിശുദ്ധനഗരം തകരുന്നതും കാണാനോ! ജനങ്ങള്‍ ശത്രുക്കള്‍ക്ക് അടിയറവയ്ക്കപ്പെടുന്നതും വിശുദ്ധസ്ഥലം പരദേശികള്‍ക്ക് ഏല്പിക്കപ്പെടുന്നതുംകണ്ടു വെറുതെയിരിക്കാനോ!
8: അവളുടെ ദേവാലയം മഹത്വമറ്റവനെപ്പോലെയായിരിക്കുന്നു.
9: അവളുടെ വിശിഷ്ടപാത്രങ്ങള്‍ കൊള്ളയടിക്കപ്പെട്ടു. അവളുടെ കുഞ്ഞുങ്ങള്‍ തെരുവുകളില്‍വച്ചു വധിക്കപ്പെട്ടു. യുവാക്കള്‍ ശത്രുക്കളുടെ വാളിനിരയായി.
10: അവളുടെ കൊട്ടാരങ്ങള്‍ കൈയടക്കുകയും അവളെ കൊള്ളയടിക്കുകയുംചെയ്യാത്ത ഏതു രാജ്യമുണ്ട്?
11: അവളുടെ ആടയാഭരണങ്ങള്‍ അപഹരിക്കപ്പെട്ടിരിക്കുന്നു. ഇനിമേല്‍ അവള്‍ സ്വതന്ത്രയല്ലഅടിമയാണ്.
12: നമ്മുടെ അഴകും മഹിമയുമായ വിശുദ്ധസ്ഥലം നശിപ്പിക്കപ്പെട്ടിരിക്കുന്നു. വിജാതീയര്‍ അതിനെ അശുദ്ധമാക്കിയിരിക്കുന്നു.
13: നാം ഇനിയെന്തിനു ജീവിക്കുന്നു?
14: മത്താത്തിയാസും പുത്രന്മാരും വസ്ത്രം കീറിചാക്കുടുത്ത്ഏറെ വിലപിച്ചു.

മത്താത്തിയാസ് എതിര്‍ക്കുന്നു
15: ജനങ്ങളെ മതത്യാഗത്തിനു നിര്‍ബ്ബന്ധിച്ചിരുന്ന രാജസേവകര്‍ അവരെക്കൊണ്ടു ബലിയര്‍പ്പണംചെയ്യിക്കാന്‍ മൊദെയിന്‍ നഗരത്തിലെത്തി.
16: ഇസ്രായേലില്‍നിന്നു വളരെപ്പേര്‍ അവരുടെയടുത്തു ചെന്നു. മത്താത്തിയാസും പുത്രന്മാരും അവിടെ ഒരുമിച്ചുകൂടി.
17: രാജസേവകര്‍ മത്താത്തിയാസിനോടു പറഞ്ഞു: നീ ഈ നഗരത്തില്‍ ആദരിക്കപ്പെടുന്ന മഹാനായ നേതാവാണ്. പുത്രന്മാരുടെയും സഹോദരന്മാരുടെയും പിന്തുണയും നിനക്കുണ്ട്.
18: സകല വിജാതീയരും യൂദായിലെ ജനങ്ങളും ജറുസലെമില്‍ അവശേഷിച്ചിട്ടുള്ളവരുംചെയ്തതുപോലെ ഇപ്പോള്‍ രാജശാസനമനുസരിച്ചു പ്രവര്‍ത്തിക്കുന്നതില്‍ നീ ഒന്നാമനായിരിക്കണം. എങ്കില്‍, നീയും പുത്രന്മാരും രാജാവിന്റെ സുഹൃത്തുക്കളായി പരിഗണിക്കപ്പെടും. സ്വര്‍ണ്ണവും വെള്ളിയും മറ്റനവധി പാരിതോഷികങ്ങളുംകൊണ്ട് നീയും പുത്രന്മാരും ബഹുമാനിതരാവുകയും ചെയ്യും.
19: എന്നാല്‍, മത്താത്തിയാസ് മറുപടിയായി ദൃഢസ്വരത്തില്‍ പറഞ്ഞു: രാജാവിന്റെ ഭരണത്തിന്‍കീഴിലുള്ള എല്ലാ ജനതകളും അവനെയനുസരിക്കുകയും ഓരോരുത്തരും താന്താങ്ങളുടെ പിതാക്കന്മാരുടെ മതവിശ്വാസത്തില്‍നിന്നു വ്യതിചലിച്ച് അവന്റെ കല്പനകള്‍ പാലിക്കാന്‍ തീരുമാനിക്കുകയുംചെയ്താലും
20: ഞാനും എന്റെ പുത്രന്മാരും എന്റെ സഹോദരന്മാരും ഞങ്ങളുടെ പിതാക്കന്മാരുടെ ഉടമ്പടിയനുസരിച്ചു ജീവിക്കും.
21: നിയമവും കല്പനകളും ഞങ്ങള്‍ ഒരുനാളും തിരസ്‌കരിക്കുകയില്ല.
22: രാജകല്പനയനുസരിക്കാനായി ഞങ്ങളുടെ മതവിശ്വാസത്തില്‍നിന്നു ഞങ്ങള്‍ അണുവിട വ്യതിചലിക്കുകയില്ല.
23: മത്താത്തിയാസ് ഈ വാക്കുകള്‍ അവസാനിപ്പിച്ചപ്പോള്‍, എല്ലാവരും നോക്കിനില്‍ക്കേമൊദെയിനിലെ ബലിപീഠത്തില്‍ രാജകല്പനപ്രകാരം ബലിയര്‍പ്പിക്കാന്‍ ഒരു യഹൂദന്‍ മുന്നോട്ടു വന്നു.
24: അതുകണ്ടു മത്താത്തിയാസ് തീക്ഷ്ണതകൊണ്ടു ജ്വലിച്ചുഅവന്റെ ഹൃദയം പ്രക്ഷുബ്ധമായി. ധാര്‍മ്മികരോഷംപൂണ്ട് അവന്‍ പാഞ്ഞുചെന്ന് ആ യഹൂദനെ ബലിപീഠത്തില്‍വച്ചുതന്നെ വധിച്ചു.
25: ബലിയര്‍പ്പിക്കാന്‍ നിര്‍ബ്ബന്ധിച്ചുകൊണ്ടിരുന്ന രാജസേവകനെയും അവന്‍ വധിച്ചുബലിപീഠം ഇടിച്ചുനിരത്തി.
26: സാലുവിന്റെ പുത്രനായ സിമ്രിക്കെതിരേ ഫിനെഹാസ് എന്നപോലെനിയമത്തെപ്രതിയുള്ള തീക്ഷ്ണതയാല്‍ അവന്‍ ജ്വലിച്ചു.
27: മത്താത്തിയാസ് സ്വരമുയര്‍ത്തി നഗരത്തില്‍ വിളിച്ചുപറഞ്ഞു: നിയമത്തെപ്രതി തീക്ഷ്ണതയുള്ളവരും ഉടമ്പടിയാദരിക്കുന്നവരും എന്നോടൊത്തു വരുവിന്‍!
28: അതിനുശേഷം അവനും പുത്രന്മാരും തങ്ങള്‍ക്കു നഗരത്തിലുണ്ടായിരുന്നതെല്ലാമുപേക്ഷിച്ചു മലകളിലേക്കോടിപ്പോയി.

സാബത്തില്‍ യുദ്ധം
29: നീതിക്കും ന്യായത്തിനുംവേണ്ടി നിലകൊണ്ടിരുന്ന വളരെപ്പേര്‍ വനാന്തരങ്ങളിലേക്കു താമസം മാറ്റി;
30: അവരോടൊപ്പം പുത്രന്മാരും ഭാര്യമാരും ആടുമാടുകളുമുണ്ടായിരുന്നു. ദുരിതങ്ങളുടെ ആധിക്യമാണ് അവരെയിതിനു പ്രേരിപ്പിച്ചത്.
31: രാജകല്പന നിരസിച്ചവര്‍ വനാന്തരങ്ങളിലെ ഒളിസ്ഥലങ്ങളിലേക്കു പോയെന്നു രാജസേവകന്മാര്‍ക്കും ദാവീദിന്റെ നഗരമായ ജറുസലെമിലെ ഭടന്മാര്‍ക്കും വിവരംകിട്ടി.
32: വളരെപ്പേര്‍ അവരെ അനുധാവനംചെയ്തു. അവരെ മറികടന്ന് അവര്‍ക്കെതിരായി പാളയമടിച്ചു. സാബത്തുദിവസം അവരെയാക്രമിക്കാന്‍ സന്നാഹങ്ങളൊരുക്കി. അവര്‍ വിളിച്ചുപറഞ്ഞു:
33: എതിര്‍പ്പവസാനിപ്പിക്കുവിന്‍. പുറത്തുവന്നു രാജാവു കല്പിക്കുന്നതനുസരിക്കുവിന്‍. എന്നാല്‍ നിങ്ങളുടെ ജീവന്‍ സുരക്ഷിതമായിരിക്കും.
34: അവര്‍ പ്രതിവചിച്ചു: ഞങ്ങള്‍ വരുകയില്ല. രാജശാസനപ്രകാരംപ്രവര്‍ത്തിച്ച്, ഞങ്ങള്‍ സാബത്തു ദിവസം അശുദ്ധമാക്കുകയില്ല.
35: ഉടനെ ശത്രുക്കള്‍, അവരെയാക്രമിക്കാന്‍ പാഞ്ഞടുത്തു.
36: എന്നാലവര്‍, ശത്രുക്കള്‍ക്കുത്തരംനല്കുകയോ അവര്‍ക്കുനേരേ കല്ലെറിയുകയോ തങ്ങളുടെ ഒളിസങ്കേതങ്ങളില്‍ പ്രതിരോധമേര്‍പ്പെടുത്തുകയോ ചെയ്തില്ല.
37: നിഷ്‌കളങ്കരായിത്തന്നെ ഞങ്ങള്‍ മരിക്കട്ടെ. അന്യായമാണ് നിങ്ങള്‍ ഞങ്ങളെക്കൊല്ലുന്നത് എന്നതിന് ആകാശവും ഭൂമിയും സാക്ഷി - ഇതായിരുന്നു അവരുടെ പ്രതികരണം.
38: ശത്രുക്കള്‍ സാബത്തുദിവസം അവരെയാക്രമിച്ചു. ആയിരത്തോളമാളുകള്‍ ഭാര്യമാരോടും കുട്ടികളോടും ആടുമാടുകളോടുമൊപ്പം മരണമടഞ്ഞു.
39: ഇതറിഞ്ഞ് മത്താത്തിയാസും സ്‌നേഹിതരും അവരെയോര്‍ത്തു തീവ്രമായി വിലപിച്ചു.
40: അവര്‍ പരസ്പരം പറഞ്ഞു: നമ്മുടെ സഹോദരരെയനുകരിച്ചു ജീവനും പ്രമാണങ്ങള്‍ക്കുംവേണ്ടി നമ്മളും വിജാതീയര്‍ക്കെതിരേ യുദ്ധംചെയ്യാതിരുന്നാല്‍, അവര്‍ വേഗം നമ്മെ ഭൂമുഖത്തുനിന്നു നിര്‍മ്മാര്‍ജ്ജനം ചെയ്യും.
41: അന്ന് അവരിങ്ങനെ തീരുമാനിച്ചു: സാബത്തുദിവസം നമ്മെയാക്രമിക്കാന്‍ വരുന്നവരോടു നാം യുദ്ധംചെയ്യണംനമ്മുടെ സഹോദരര്‍ ഒളിസങ്കേതങ്ങളില്‍ മരിച്ചുവീണതുപോലെ നമുക്കു സംഭവിക്കാനിടയാകരുത്.
42: ഇസ്രായേലിലെ ധീരയോദ്ധാക്കളായ ഹസിദേയരുടെ ഒരു സമൂഹം അവരോടു ചേര്‍ന്നു. നിയമത്തിനുവേണ്ടി സ്വമനസാ തങ്ങളെത്തന്നെ സമര്‍പ്പിച്ചവരായിരുന്നു അവര്‍. 
43: ക്ലേശങ്ങളില്‍നിന്നു രക്ഷനേടാന്‍വേണ്ടി പലായനം ചെയ്തവരും അവരോടുചേര്‍ന്ന് അവരുടെ ശക്തി വര്‍ദ്ധിപ്പിച്ചു.
44: അവര്‍ ഒരു സൈന്യം സംഘടിപ്പിച്ച്, പാപികളെയും നിയമനിഷേധകരെയും ഉഗ്രകോപത്തോടെ അരിഞ്ഞുവീഴ്ത്തി. രക്ഷപെട്ടവര്‍ വിജാതീയരുടെയടുക്കല്‍ അഭയംതേടി.
45: മത്താത്തിയാസും കൂട്ടരും ചുറ്റിനടന്നു ബലിപീഠങ്ങള്‍ തകര്‍ത്തു.
46: ഇസ്രായേലിന്റെ അതിര്‍ത്തികള്‍ക്കുള്ളില്‍ അപരിച്ഛേദിതരായിക്കണ്ട ബാലന്മാരെ അവര്‍ ബലമായി പരിച്ഛേദനം ചെയ്തു.
47: ധിക്കാരികളെ അവര്‍ വേട്ടയാടി. അവരുടെ ഉദ്യമം ഫലമണിഞ്ഞു.
48: വിജാതീയരുടെയും രാജാക്കന്മാരുടെയും കൈകളില്‍നിന്നു നിയമത്തെ അവര്‍ പരിരക്ഷിച്ചു. പാപിയുടെ കരം പ്രബലമാകാന്‍ അവരനുവദിച്ചില്ല.

മത്താത്തിയാസിന്റെ അന്ത്യശാസനം
49: മത്താത്തിയാസിന്റെ മരണമടുത്തു. അവന്‍ പുത്രന്മാരെ വിളിച്ചുപറഞ്ഞു: അഹങ്കാരവും നിന്ദയും ശക്തി പ്രാപിച്ചിരിക്കുന്നു. ഉഗ്രകോപത്തിന്റെയും നാശത്തിന്റെയും നാളുകളാണിത്.
50: അതിനാല്‍, എന്റെ മക്കളേനിയമത്തെപ്രതി തീക്ഷ്ണതയുള്ളവരായിരിക്കുവിന്‍. നമ്മുടെ പിതാക്കന്മാരുടെ ഉടമ്പടിക്കായി ജീവന്‍തന്നെയര്‍പ്പിക്കുവിന്‍.
51: തലമുറകളായി പിതാക്കന്മാര്‍ചെയ്ത പ്രവൃത്തികള്‍ ഓര്‍ക്കുവിന്‍. ഉന്നതമഹത്വവും അനശ്വരകീര്‍ത്തിയുമാര്‍ജ്ജിക്കുവിന്‍.
52: പരീക്ഷിക്കപ്പെട്ടപ്പോള്‍ അബ്രാഹം വിശ്വസ്തനായി കാണപ്പെട്ടില്ലേഅതവനു നീതിയായി പരിഗണിക്കപ്പെട്ടുവല്ലോ.
53: കഷ്ടതയുടെകാലത്തു ജോസഫ് കല്പനകള്‍പാലിക്കുകയും ഈജിപ്തിന്റെ അധികാരിയായി ഉയരുകയുംചെയ്തു.
54: നമ്മുടെ പിതാവ് ഫിനെഹാസ് തീക്ഷ്ണതനിറഞ്ഞവനാകയാല്‍, ശാശ്വതമായ പൗരോഹിത്യത്തിന്റെ ഉടമ്പടിക്കര്‍ഹനായി.
55: കല്പന നിറവേറ്റിയതിനാല്‍ ജോഷ്വ ഇസ്രായേലിലെ ന്യായാധിപനായി.
56: സഭയില്‍ സാക്ഷ്യം നല്‍കിയ കാലെബിന് ദേശത്ത് അവകാശം ലഭിച്ചു.
57: ദയാലുവായ ദാവീദ് സിംഹാസനത്തിനു ശാശ്വതാവകാശിയായി.
58: നിയമത്തെക്കുറിച്ചുള്ള തീക്ഷ്ണതയാല്‍ ജ്വലിച്ച ഏലിയാ സ്വര്‍ഗ്ഗത്തിലേക്കു സംവഹിക്കപ്പെട്ടു.
59: ഹനനിയായും അസറിയായും മിഷായേലും വിശ്വാസംനിമിത്തം അഗ്നിയില്‍നിന്നു രക്ഷിക്കപ്പെട്ടു.
60: ദാനിയേല്‍ തന്റെ നിഷ്‌കളങ്കതയാല്‍ സിംഹവക്ത്രത്തില്‍നിന്നു രക്ഷനേടി.
61: തലമുറ തലമുറയായി ദൈവത്തില്‍ വിശ്വാസമര്‍പ്പിക്കുന്നവരാരും അശക്തരാവുകയില്ല എന്നു ഗ്രഹിക്കുവിന്‍.
62: പാപിയുടെ വാക്കുകളെ ഭയപ്പെടേണ്ടാ. അവന്റെ പ്രതാപം ചാണകവും പുഴുക്കളുമായിമാറും.
63: ഇന്നവന്‍ പ്രകീര്‍ത്തിക്കപ്പെടുന്നുനാളെയവനെ കാണുകയില്ല. അവന്‍ പൊടിയിലേക്കു മടങ്ങിക്കഴിഞ്ഞുഅവന്റെ പദ്ധതികള്‍ തകര്‍ന്നടിഞ്ഞു.
64: എന്റെ മക്കളേധൈര്യമായിരിക്കുവിന്‍. നിയമത്തില്‍ ഉറച്ചുനില്‍ക്കുവിന്‍. അതുവഴി നിങ്ങള്‍ക്കു ബഹുമതി ലഭിക്കും.
65: നിങ്ങളുടെ സഹോദരനായ ശിമയോന്‍ ഉപദേശം നല്‍കുന്നതില്‍ വിജ്ഞനാണ്. അവനെ സദാ അനുസരിക്കുവിന്‍. അവന്‍ നിങ്ങള്‍ക്കു പിതാവായിരിക്കും.
66: യൂദാസ് മക്കബേയൂസ്‌ യൗവനംമുതലേ ശക്തനായ യോദ്ധാവാണ്. അവന്‍ നിങ്ങളുടെ സൈന്യത്തെനയിച്ച് ജനതകള്‍ക്കെതിരേ യുദ്ധംചെയ്യും. 
67: നിയമമനുഷ്ഠിക്കുന്നവരായി നിങ്ങള്‍ക്കുചുറ്റുമുള്ള എല്ലാവരെയുംകൂട്ടി നിങ്ങളുടെ ജനത്തോടു ചെയ്യപ്പെട്ട ദ്രോഹത്തിനു പ്രതികാരം ചെയ്യണം.
68: വിജാതീയര്‍ക്കു തക്ക തിരിച്ചടിനല്കുവിന്‍; നിയമം പാലിക്കുകയുംചെയ്യുവിന്‍.
69: അനന്തരംഅവനവരെ അനുഗ്രഹിച്ചു. അവന്‍ പിതാക്കന്മാരോടു ചേര്‍ന്നു.
70: നൂറ്റിനാല്പത്താറാം വര്‍ഷം അവന്‍ മരിച്ചു. മൊദെയിനില്‍ പിതാക്കന്മാരുടെ ശവകുടീരത്തില്‍ അവനെ സംസ്‌കരിച്ചു. ഇസ്രായേല്‍ മുഴുവന്‍ വലിയ വിലാപത്തോടെ അവനെപ്രതി ദുഃഖമാചരിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ