നൂറ്റിയമ്പതാം ദിവസം: ജോബ്‌ 1 - 5



അദ്ധ്യായം 1

സാത്താന്‍ ജോബിനെ പരീക്ഷിക്കുന്നു
1: ഉസ്‌ദേശത്ത്, ജോബ് എന്നൊരാളുണ്ടായിരുന്നു. തിന്മയില്‍നിന്നകന്ന്ദൈവഭക്തനായി ജീവിച്ച അവന്‍, നിഷ്‌കളങ്കനും നീതിനിഷ്ഠനുമായിരുന്നു. 
2: അവന്, ഏഴു പുത്രന്മാരും മൂന്നു പുത്രിമാരുമുണ്ടായിരുന്നു.   
3: പൗരസ്ത്യദേശത്തെ ഏറ്റവും വലിയ സമ്പന്നനായിരുന്ന അവന്, ഏഴായിരം ആടുകളും മൂവായിരം ഒട്ടകങ്ങളും അഞ്ഞൂറുജോടി കാളകളും അഞ്ഞൂറു പെണ്‍കഴുതകളും എണ്ണമറ്റ ദാസന്മാരുമുണ്ടായിരുന്നു. 
4: അവന്റെ പുത്രന്മാര്‍ തവണവച്ച്, നിശ്ചിതദിവസങ്ങളില്‍ തങ്ങളുടെ വീടുകളില്‍ വിരുന്നുസത്കാരങ്ങള്‍നടത്തുകയും തങ്ങളുടെ മൂന്നു സഹോദരിമാരെയും അതിനു ക്ഷണിച്ചുവരുത്തുകയുംചെയ്യുക പതിവായിരുന്നു. 
5: സത്കാരദിനങ്ങള്‍കഴിയുമ്പോള്‍ പുത്രന്മാര്‍ പാപംചെയ്തു ദൈവത്തിന്റെ അപ്രീതിക്കു പാത്രമായിട്ടുണ്ടാവാമെന്നു വിചാരിച്ച്, ജോബ് അവരെ വിളിച്ചുവരുത്തി ശുദ്ധീകരിക്കുകയും അതിരാവിലെയെഴുന്നേറ്റ്, ഓരോ പുത്രനുംവേണ്ടി ദഹനബലിയര്‍പ്പിക്കുകയുംചെയ്യുമായിരുന്നു. 
6: ഒരുദിവസം ദൈവപുത്രന്മാര്‍ കര്‍ത്താവിന്റെ സന്നിധിയില്‍ വന്നുചേര്‍ന്നുസാത്താനും അവരോടുകൂടെ വന്നു.   
7: കര്‍ത്താവു സാത്താനോട്നീ എവിടെനിന്നു വരുന്നുവെന്നു ചോദിച്ചു. ഞാന്‍ ഭൂമിയിലാകെ ചുററിസ്സഞ്ചരിച്ചിട്ടു വരുകയാണ് എന്നവന്‍ മറുപടി പറഞ്ഞു. 
8: കര്‍ത്താവു വീണ്ടും അവനോടു ചോദിച്ചു: എന്റെ ദാസനായ ജോബിനെ നീ ശ്രദ്ധിച്ചോഅവനെപ്പോലെ സത്യസന്ധനും നിഷ്‌കളങ്കനും ദൈവത്തെ ഭയപ്പെടുന്നവനും തിന്മയില്‍നിന്നകന്നു ജീവിക്കുന്നവനുമായി ഭൂമുഖത്ത് ആരെങ്കിലുമുണ്ടോ?
9: സാത്താന്‍ ചോദിച്ചു: ജോബ് ദൈവത്തെ ഭയപ്പെടുന്നതു വെറുതെയാണോ? 
10: അങ്ങ്, അവനും അവന്റെ ഭവനത്തിനും സമ്പത്തിനുംചുറ്റും വേലികെട്ടി സുരക്ഷിതത്വം നല്കി. അവന്റെ പ്രവൃത്തികളെയനുഗ്രഹിച്ചുഅവന്റെ സമ്പത്തു വര്‍ദ്ധിപ്പിക്കുകയും ചെയ്തു. 
11: അവന്റെ സമ്പത്തിന്മേല്‍ കൈവച്ചാല്‍ അവനങ്ങയെ ദുഷിക്കുന്നതു കാണാം.  
12: കര്‍ത്താവു സാത്താനോടു പറഞ്ഞു: അവനുള്ള സകലത്തിന്മേലും ഞാന്‍ നിനക്കധികാരംനല്കുന്നു. എന്നാല്‍ അവനെമാത്രം ഉപദ്രവിക്കരുത്. അതുകേട്ടു സാത്താന്‍ കര്‍ത്താവിന്റെ സന്നിധിയില്‍നിന്നു പോയി.   
13: ഒരുദിവസം ജോബിന്റെ മക്കള്‍ തങ്ങളുടെ മൂത്തസഹോദരന്റെ വീട്ടില്‍ വിരുന്നിനു സമ്മേളിച്ചിരിക്കുകയായിരുന്നു. 
14: അപ്പോള്‍ ഒരു ഭൃത്യന്‍ ജോബിന്റെയടുക്കല്‍ വന്നുപറഞ്ഞു: ഞങ്ങള്‍ കാളകളെ പൂട്ടുകയായിരുന്നു. കഴുതകള്‍ സമീപത്തുതന്നെ മേഞ്ഞുകൊണ്ടിരുന്നു. 
15: പെട്ടെന്നു ഷേബാക്കാര്‍വന്ന്, വേലക്കാരെ വാളിനിരയാക്കിഅവയെ അപഹരിച്ചുകൊണ്ടുപോയി. ഞാന്‍മാത്രമേ അങ്ങയോടു വിവരംപറയാന്‍ രക്ഷപെട്ടുള്ളു. 
16: അവന്‍ പറഞ്ഞുതീരുന്നതിനുമുമ്പു മറ്റൊരുവന്‍ വന്നുപറഞ്ഞു: ദൈവത്തിന്റെ അഗ്നി ആകാശത്തില്‍നിന്നിറങ്ങി ആടുകളെയും ദാസന്മാരെയും ദഹിപ്പിച്ചുകളഞ്ഞുവിവരം അങ്ങയോടു പറയാന്‍ ഞാന്‍മാത്രമവശേഷിച്ചു. 
17: അവന്‍ പറഞ്ഞുതീരുന്നതിനുമുമ്പ്മറ്റൊരുവന്‍ വന്നറിയിച്ചു: കല്‍ദായര്‍ മൂന്നുകൂട്ടമായിവന്ന്, വേലക്കാരെ ആക്രമിച്ചുകൊന്നിട്ട്, ഒട്ടകങ്ങളെ പിടിച്ചുകൊണ്ടുപോയി. ഇതറിയിക്കാന്‍ ഞാന്‍മാത്രമവശേഷിച്ചു. 
18: അവന്‍ പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ മറ്റൊരുവന്‍ കടന്നുവന്നു പറഞ്ഞു: നിന്റെ പുത്രന്മാരും പുത്രിമാരും തങ്ങളുടെ ജ്യേഷ്ഠസഹോദരന്റെ വീട്ടില്‍ സത്കാരത്തില്‍ മുഴുകിയിരിക്കുകയായിരുന്നു. 
19: പെട്ടെന്നു മരുഭൂമിയില്‍നിന്നു വീശിയ കൊടുങ്കാറ്റു വീടിന്റെ നാലുമൂലയ്ക്കുമടിച്ചു. അതു തകര്‍ന്നുവീണ്, അവര്‍ മരിച്ചുപോയി. ഈ വാര്‍ത്തയറിയിക്കാന്‍ ഞാന്‍മാത്രമവശേഷിച്ചു. 
20: ജോബ് എഴുന്നേറ്റ്, അങ്കി വലിച്ചുകീറിശിരസ്സു മുണ്ഡനംചെയ്തു; 
21: സാഷ്ടാംഗംവീണു നമസ്‌കരിച്ചു. അവന്‍ പറഞ്ഞു: അമ്മയുടെ ഉദരത്തില്‍നിന്ന് നഗ്നനായി ഞാന്‍ വന്നു. നഗ്നനായിത്തന്നെ ഞാന്‍ പിന്‍വാങ്ങും. കര്‍ത്താവ് തന്നുകര്‍ത്താവെടുത്തുകര്‍ത്താവിന്റെ നാമം മഹത്വപ്പെടട്ടെ! 
22: ഇതുകൊണ്ടൊന്നും ജോബ് പാപംചെയ്യുകയോ ദൈവത്തെ പഴിക്കുകയോചെയ്തില്ല.

അദ്ധ്യായം 2

1: ദൈവപുത്രന്മാര്‍ വീണ്ടുമൊരു ദിവസം കര്‍ത്തൃസന്നിധിയില്‍ ചെന്നു. സാത്താനും അവരോടൊപ്പമെത്തി.   
2: കര്‍ത്താവു സാത്താനോടു ചോദിച്ചു: നീ എവിടെനിന്നു വരുന്നുഞാന്‍ ഭൂമിയിലാകെ ചുറ്റിസ്സഞ്ചരിച്ചിട്ടു വരുകയാണ്. അവന്‍ പറഞ്ഞു. 
3: കര്‍ത്താവവനോടു വീണ്ടും ചോദിച്ചു: എന്റെ ദാസനായ ജോബിനെ നീ ശ്രദ്ധിച്ചോഅവനെപ്പോലെ നിഷ്‌കളങ്കനും നീതിനിഷ്ഠനും തിന്മയില്‍നിന്ന് അകന്നു ജീവിക്കുന്നവനുമായി മറ്റാരെങ്കിലും ഭൂമുഖത്തുണ്ടോഅകാരണമായി അവനെ നശിപ്പിക്കാന്‍ നീ എന്നെ സമ്മതിപ്പിച്ചെങ്കിലും അവന്റെ വിശ്വസ്തത അചഞ്ചലമായി നില്‍ക്കുന്നു. 
4: സാത്താന്‍ പറഞ്ഞു: ചര്‍മ്മത്തിനുപകരം ചര്‍മ്മം! ജീവനുവേണ്ടി തനിക്കുള്ളതെന്തും മനുഷ്യന്‍ ഉപേക്ഷിക്കും. 
5: അങ്ങ് അവന്റെ അസ്ഥിയിലും മാംസത്തിലും കൈവയ്ക്കുകഅപ്പോള്‍ അവന്‍ അങ്ങയെ ദുഷിക്കും. 
6: ഇതാഅവനെ നിനക്കു വിട്ടുതരുന്നു. അവന്റെ ജീവനില്‍മാത്രം കൈവയ്ക്കരുത്കര്‍ത്താവു സാത്താനോടു പറഞ്ഞു.
7: സാത്താന്‍ കര്‍ത്താവിന്റെ സന്നിധിയില്‍നിന്നു പോയിഅവന്‍ ജോബിന്റെ ശരീരത്തെ അടിമുതല്‍ മുടിവരെ വ്രണങ്ങള്‍കൊണ്ടു നിറച്ചു. 
8: ജോബ് ചാരത്തിലിരുന്ന്, ഓട്ടുകഷണംകൊണ്ടു ശരീരം ചുരണ്ടിക്കൊണ്ടിരുന്നു. 
9: അപ്പോള്‍ അവന്റെ ഭാര്യ പറഞ്ഞു: ഇനിയും ദൈവഭക്തിയില്‍ ഉറച്ചുനില്‍ക്കുന്നോദൈവത്തെ ശപിച്ചിട്ടു മരിക്കുക. 
10: ജോബ് ഭാര്യയോടു പറഞ്ഞു: ഭോഷത്തം പറയുന്നോദൈവകരങ്ങളില്‍നിന്നു നന്മസ്വീകരിച്ച നാം, തിന്മ സ്വീകരിക്കാൻ മടിക്കുകയോഇക്കാര്യങ്ങളിലൊന്നിലും ജോബ് നാവുകൊണ്ടു പാപം ചെയ്തില്ല. 

മൂന്നു സ്‌നേഹിതന്മാര്‍
11: ജോബിനു സംഭവിച്ച അനര്‍ത്ഥങ്ങളെക്കുറിച്ചറിഞ്ഞ മൂന്നു സ്‌നേഹിതന്മാര്‍ - തേമാന്യനായ എലിഫാസ്ഷൂഹ്യനായ ബില്‍ദാദ്നാമാത്യനായ സോഫാര്‍ - ഒരുമിച്ച്, അവനോടു സഹതാപംകാണിക്കാനുംഅവനെ ആശ്വസിപ്പിക്കാനും അവിടെയെത്തി. 
12: ദൂരെവച്ചു കണ്ടപ്പോള്‍ അവര്‍ അവനെ തിരിച്ചറിഞ്ഞില്ല. അവര്‍ ഉറക്കെ നിലവിളിച്ചു. വസ്ത്രംകീറിശിരസ്സില്‍ പൂഴി വാരിവിതറി. 
13: അവന്റെ പീഡകള്‍ അതികഠിനമെന്നുകണ്ട്, ഒരക്ഷരം സംസാരിക്കാനാവാതെ ഏഴു രാവും പകലും അവര്‍ അവനോടൊപ്പം നിലത്തിരുന്നു.

അദ്ധ്യായം 3

ജോബിന്റെ പരാതി
1: അതിനുശേഷം ജോബ് സംസാരിച്ചു. ജനിച്ച ദിവസത്തെ ശപിച്ചുകൊണ്ട് 
2: അവന്‍ പറഞ്ഞു:  ഞാന്‍ ജനിച്ച ദിവസം ശപിക്കപ്പെടട്ടെ!
3: ഒരാണ്‍കുട്ടി രൂപംകൊണ്ടിരിക്കുന്നുവെന്നുപറഞ്ഞ രാത്രി ശപിക്കപ്പെടട്ടെ!   
4: ആദിവസം അന്ധകാരാവൃതമാകട്ടെ! ആ ദിനത്തെ ദൈവം വിസ്മരിക്കട്ടെ! അതിന്റെമേല്‍ പ്രകാശംചൊരിയാതിരിക്കട്ടെ! 
5: അന്ധകാരം - സാന്ദ്രതമസ്സുതന്നെ - അതിനെ ഗ്രസിക്കട്ടെ! കാര്‍മേഘം അതിനെ ആവരണം ചെയ്യട്ടെ! അന്ധകാരംകൊണ്ട് അതു ഭീകരമായിത്തീരട്ടെ! 
6: ആ രാത്രി കട്ടിപിടിച്ച ഇരുട്ടുകൊണ്ടുനിറയട്ടെ! ആണ്ടുവട്ടത്തിലെ മാസങ്ങളുടെയും ദിവസങ്ങളുടെയും ഗണത്തില്‍ അതുള്‍പ്പെടാതെ പോകട്ടെ! 
7: ആ രാത്രി ശൂന്യമായിപ്പോകട്ടെ! അതില്‍നിന്ന് ആനന്ദാരവമുയരാതിരിക്കട്ടെ! 
8: ലവിയാഥനെ ഇളക്കിവിടാന്‍ കഴിവുള്ളവര്‍ അതിനെ ശപിക്കട്ടെ! 
9: അതിന്റെ പ്രഭാതനക്ഷത്രങ്ങള്‍ ഇരുണ്ടുപോകട്ടെ! പ്രകാശത്തിനുവേണ്ടിയുള്ള അതിന്റെ അഭിലാഷം പാഴായിപ്പോകട്ടെ! പ്രഭാതം വിടരുന്നതു കാണാതിരിക്കട്ടെ! 
10: അമ്മയുടെ ഉദരമടച്ച്, അതെന്റെ ജനനം തടഞ്ഞില്ലഎന്റെ കണ്മുന്‍പില്‍നിന്നു ദുരിതങ്ങളെ മറച്ചില്ല. 
11: ജനിച്ചയുടനെ ഞാന്‍ മരിക്കാഞ്ഞതെന്ത്അമ്മയുടെ ഉദരത്തില്‍നിന്നു പുറത്തുവന്നയുടനെ എന്തുകൊണ്ടെന്റെ ജീവിതമവസാനിച്ചില്ല? 
12: എന്റെ അമ്മ എന്തിനെന്നെ മടിയില്‍കിടത്തി ഓമനിച്ചുഎന്തിനെന്നെ പാലൂട്ടി വളര്‍ത്തി? 
13: ഞാന്‍ നിദ്രയണഞ്ഞു ശാന്തിയനുഭവിക്കുമായിരുന്നല്ലോ. 
14: നഷ്ടനഗരങ്ങള്‍ പുനരുദ്ധരിച്ച രാജാക്കന്മാരെയും അവരുടെ ഉപദേഷ്ടാക്കളെയുംപോലെ, 
15: തങ്ങളുടെ കൊട്ടാരങ്ങള്‍ സ്വര്‍ണ്ണവും വെള്ളിയുംകൊണ്ടുനിറച്ച പ്രഭുക്കന്മാരെപ്പോലെ ഞാന്‍ ശാന്തനായി ശയിക്കുമായിരുന്നല്ലോ. 
16: പ്രകാശം നുകരാന്‍ ഇടകിട്ടാതെ മാതൃഗര്‍ഭത്തില്‍വച്ചു മരിച്ചശിശുക്കളുടെ ഗണത്തില്‍ ഞാന്‍ ഉള്‍പ്പെടാഞ്ഞതെന്തുകൊണ്ട്? 
17: അവിടെ ദുഷ്ടരുടെ ഉപദ്രവം കടന്നുവരുന്നില്ല. ക്ഷീണിച്ചവര്‍ക്ക് അവിടെ വിശ്രമം ലഭിക്കുന്നു. 
18: തടവുകാര്‍പോലും അവിടെ സ്വസ്ഥതയനുഭവിക്കുന്നു. മേലാളന്മാരുടെ ആജ്ഞാസ്വരം അവരെയലട്ടുന്നില്ല. 
19: ചെറിയവരും വലിയവരും അവിടെയുണ്ട്. അടിമ, യജമാനനില്‍നിന്നു മോചനം നേടിയിരിക്കുന്നു. 
20: കഷ്ടപ്പെടുന്നവന് എന്തിനു പ്രകാശംതപ്തഹൃദയന് എന്തിനു ജീവിതം? 
21: അവന്‍ മരണത്തെ തീവ്രമായി വാഞ്ഛിക്കുന്നുഅതു വന്നണയുന്നില്ല. നിധി തേടുന്നവനെക്കാള്‍ ശ്രദ്ധയോടെ അവന്‍ മരണമന്വേഷിക്കുന്നു. 
22: ശവകുടീരംപ്രാപിക്കുമ്പോള്‍ അവര്‍ അത്യധികമാനന്ദിക്കുന്നു. 
23: വഴികാണാത്തവന്ദൈവം വഴിയടച്ചവന്വെളിച്ചം എന്തിനാണ്? 
24: നെടുവീര്‍പ്പുകളാണ് എന്റെ ഭക്ഷണം. ജലപ്രവാഹംപോലെ ഞാന്‍ നിരന്തരം ഞരങ്ങുന്നു. 
25: ഞാന്‍ ഭയപ്പെട്ടിരുന്നത് എന്റെമേല്‍ പതിച്ചിരിക്കുന്നു. 
26: ഞാന്‍ അസ്വസ്ഥനും ആശ്വാസരഹിതനുമാണ്എനിക്കു വിശ്രമമില്ലദുരിതങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു.

അദ്ധ്യായം 4

എലിഫാസിന്റെ പ്രഭാഷണം

1: തേമാന്യനായ എലിഫാസ് ചോദിച്ചു: 
2: സംസാരിച്ചാല്‍ നിനക്ക് അഹിതമായിത്തോന്നുമോഎങ്കിലും മൗനമവലംബിക്കാന്‍ ആര്‍ക്കുകഴിയും? 
3: നീ അനേകരെ ഉപദേശിച്ചിട്ടുണ്ട്ദുര്‍ബ്ബലകരങ്ങളെ ശക്തിപ്പെടുത്തിയിട്ടുണ്ട്. 
4: കാലിടറിയവരെ നിന്റെ വാക്കുകള്‍ താങ്ങിനിറുത്തിദുര്‍ബ്ബലപാദങ്ങള്‍ക്കു നീ കരുത്തുപകര്‍ന്നു. 
5: നിനക്കിതു സംഭവിച്ചപ്പോള്‍ നിന്റെ ക്ഷമകെട്ടുപോയി. അതു നിന്നെ സ്പര്‍ശിച്ചപ്പോള്‍ നീ സംഭ്രാന്തനായിത്തീര്‍ന്നു. 
6: നിന്റെ ദൈവഭക്തി നിനക്കു ബലംപകരുന്നില്ലേനിഷ്‌കളങ്കത നിനക്കു പ്രത്യാശനല്കുന്നില്ലേ? 
7: ചിന്തിച്ചുനോക്കൂനിഷ്‌കളങ്കന്‍ എന്നെങ്കിലും നാശമടഞ്ഞിട്ടുണ്ടോനീതിനിഷ്ഠന്‍ വിച്ഛേദിക്കപ്പെട്ടിട്ടുണ്ടോ?  
8: അനീതിയുഴുത്, തിന്മവിതയ്ക്കുന്നവന്‍ അതുതന്നെ കൊയ്യുന്നതാണ് ഞാന്‍ കണ്ടിട്ടുള്ളത്. 
9: ദൈവത്തിന്റെ നിശ്വാസത്തില്‍ അവര്‍ നശിക്കുന്നുദൈവത്തിന്റെ കോപാഗ്നിയില്‍ അവര്‍ ദഹിക്കുന്നു. 
10: സിംഹത്തിന്റെ അലര്‍ച്ചയും ക്രൂരസിംഹത്തിന്റെ ഗര്‍ജ്ജനവും യുവസിംഹങ്ങളുടെ ദംഷ്ട്രങ്ങളും അറ്റുപോയിരിക്കുന്നു. 
11: ശക്തനായ സിംഹം ഇരകിട്ടാതെ നശിക്കുന്നുസിംഹിയുടെ കുട്ടികള്‍ ചിതറിക്കപ്പെടുന്നു. 
12: ഒരു രഹസ്യവചനം ഞാന്‍ ശ്രവിച്ചു. അതിന്റെ നിമന്ത്രണം എന്റെ കാതില്‍പ്പതിച്ചു. 
13: മനുഷ്യര്‍ ഗാഢനിദ്രയിലമരുന്നനേരത്ത്, ഈ നിശാദര്‍ശനങ്ങളുണര്‍ത്തുന്ന ചിന്ത 
14: എന്നില്‍ ഭീതിയും നടുക്കവുമുളവാക്കിഎന്റെ അസ്ഥികള്‍ പ്രകമ്പനംകൊണ്ടു. 
15: ഒരാത്മാവ് എന്റെ മുഖം ഉരുമ്മിക്കടന്നുപോയിഞാന്‍ രോമാഞ്ചംകൊണ്ടു. 
16: അതു നിശ്ചലമായിനിന്നെങ്കിലും അതിന്റെ രൂപം എനിക്കവ്യക്തമായിരുന്നു. എന്റെ കണ്മുമ്പില്‍ ഒരു രൂപം ഞാന്‍ ദര്‍ശിച്ചു. നിശ്ശബ്ദതയില്‍ ഒരു സ്വരം ഞാന്‍ ശ്രവിച്ചു: 
17: ദൈവദൃഷ്ടിയില്‍ മര്‍ത്ത്യനു നീതിമാനാകാന്‍കഴിയുമോസ്രഷ്ടാവിന്റെമുമ്പില്‍ മനുഷ്യനു നിഷ്‌കളങ്കനാകാന്‍ സാധിക്കുമോ? 
18: തന്റെ ദാസരിലും അവിടുത്തേക്കു വിശ്വാസമില്ലതന്റെ ദൂതരില്‍പ്പോലും അവിടുന്നു കുറ്റംകാണുന്നു. 
19: എങ്കില്‍ പൊടിയില്‍നിന്നു രൂപംകൊണ്ട്, മണ്‍പുരകളില്‍ വസിച്ച്, ചിതല്‍പോലെ ചതച്ചരയ്ക്കപ്പെടുന്നവരില്‍ എത്രയധികമായിരിക്കും കുറ്റംകാണുക? 
20: ഉഷസ്സിനും സായംസന്ധ്യയ്ക്കുംമദ്ധ്യേ അവര്‍ നശിപ്പിക്കപ്പെടുന്നുഅവര്‍ എന്നേയ്ക്കുമായി നശിക്കുന്നുആരും ഗണ്യമാക്കുന്നില്ല. 
21: ജീവതന്തു മുറിക്കപ്പെടുമ്പോള്‍ അവര്‍ മരിക്കുന്നു. അപ്പോഴും അവര്‍ വിവേകികളല്ല.

അദ്ധ്യായം 5

1: വിളിച്ചുനോക്കൂആരെങ്കിലും നിനക്കുത്തരംനല്കുമോഏതു വിശുദ്ധദൂതനെയാണു നീയാശ്രയിക്കുക? 
2: ക്രോധാവേശം മൂഢനെക്കൊല്ലുന്നുഅസൂയ സരളഹൃദയനെ നിഹനിക്കുന്നു. 
3: ഭോഷന്‍ വേരുപിടിക്കുന്നതു ഞാന്‍ കണ്ടു. തത്ക്ഷണം അവന്റെ ഭവനത്തെ ഞാന്‍ ശപിച്ചു. 
4: അവന്റെ മക്കള്‍ അഭയസ്ഥാനത്തുനിന്ന് അകലെയാണ്. കവാടത്തിങ്കല്‍വച്ചുതന്നെ അവര്‍ തകര്‍ക്കപ്പെടുന്നു. അവരെ രക്ഷിക്കാനാരുമില്ല. 
5: അവന്റെ വിളവ്, വിശക്കുന്നവന്‍ തിന്നുകളയുന്നുമുള്ളുകളില്‍നിന്നുപോലും അവനതു പറിച്ചെടുക്കുന്നു. ദാഹാര്‍ത്തര്‍ അവന്റെ സമ്പത്തിനുവേണ്ടി ഉഴറുന്നു. 
6: അനര്‍ത്ഥങ്ങളുദ്ഭവിക്കുന്നതു പൊടിയില്‍നിന്നല്ല. കഷ്ടത മുളയ്ക്കുന്നതു നിലത്തുനിന്നുമല്ല. 
7: അഗ്നിസ്ഫുലിംഗങ്ങള്‍ മുകളിലേക്കു പറക്കുന്നതുപോലെ മനുഷ്യന്‍ കഷ്ടതയിലേക്കു പിറന്നുവീഴുന്നു. 
8: ഞാനായിരുന്നെങ്കില്‍ ദൈവത്തെയന്വേഷിക്കുമായിരുന്നു. എന്റെ കാര്യം ഞാന്‍ ദൈവസന്നിധിയില്‍ സമര്‍പ്പിക്കുമായിരുന്നു.   
9: അവിടുന്ന് അഗ്രാഹ്യമായ വന്‍കാര്യങ്ങളും അദ്ഭുതങ്ങളും അസംഖ്യംചെയ്യുന്നു. 
10: അവിടുന്നു ഭൂമിയെ മഴകൊണ്ടു നനയ്ക്കുന്നു. വയലുകളിലേക്കു വെള്ളമൊഴുക്കുന്നു. 
11: അവിടുന്നു താണവരെ ഉയര്‍ത്തുന്നു. വിലപിക്കുന്നവരെ സുരക്ഷിതത്വത്തിലേക്കു നയിക്കുന്നു. 
12: സൂത്രശാലികളുടെ ഉപായങ്ങളെ വിഫലമാക്കുന്നുഅവരുടെ കരങ്ങള്‍ വിജയംവരിക്കുന്നില്ല. 
13: അവിടുന്നു ജ്ഞാനിയെ അവന്റെതന്നെ ഉപായങ്ങളില്‍ക്കുടുക്കുന്നു. ഹീനബുദ്ധികളുടെ പദ്ധതികളെ ഞൊടിയിടയില്‍ നശിപ്പിക്കുന്നു.   
14: പകല്‍സമയത്ത് അവരെ ഇരുള്‍മൂടുന്നു. മധ്യാഹ്നത്തില്‍, രാത്രിയിലെന്നപോലെ അവര്‍ തപ്പിത്തടയുന്നു. 
15: അവിടുന്ന്, അനാഥരെ അവരുടെ വായില്‍നിന്നുംഅഗതിയെ ശക്തന്മാരുടെ കൈയില്‍നിന്നും രക്ഷിക്കുന്നു.  
16: ദരിദ്രനു പ്രത്യാശയുണ്ട്അനീതി വായ്പൊത്തുന്നു. 
17: ദൈവം ശാസിക്കുന്നവന്‍ ഭാഗ്യവാനാണ്. സര്‍വ്വശക്തന്റെ ശാസനത്തെ അവഗണിക്കരുത്. 
18: അവിടുന്നു മുറിവേല്‍പ്പിക്കുംഎന്നാല്‍, വച്ചുകെട്ടുംഅവിടുന്നു പ്രഹരിക്കുംഎന്നാല്‍, അവിടുത്തെ കരം സുഖപ്പെടുത്തും. 
19: അവിടുന്ന് ആറു കഷ്ടതകളില്‍നിന്നു നിന്നെ മോചിപ്പിക്കുംഏഴാമതൊന്ന് നിന്നെ സ്പര്‍ശിക്കുകയില്ല. 
20: ക്ഷാമകാലത്തു മരണത്തില്‍നിന്നും യുദ്ധകാലത്ത് വാളിന്റെ വായ്ത്തലയില്‍നിന്നും അവിടുന്നു നിന്നെ രക്ഷിക്കും.  
21: നാവിന്റെ ക്രൂരതയില്‍നിന്നു നീ മറയ്ക്കപ്പെടും. നാശംവരുമ്പോള്‍ നീ ഭയപ്പെടുകയില്ല.   
22: നാശത്തെയും ക്ഷാമത്തെയും നീ പരിഹസിക്കുംവന്യമൃഗങ്ങളെ നീ ഭയപ്പെടുകയില്ല. 
23: ഭൂമിയിലെ കല്ലുകളോടു നിനക്കു സഖ്യമുണ്ടാകുംകാട്ടുമൃഗങ്ങള്‍ നിന്നോടിണക്കംകാണിക്കും. 
24: നിന്റെ കൂടാരം സുരക്ഷിതമാണെന്നു നീയറിയും. നിന്റെയാലകള്‍ പരിശോധിക്കുമ്പോള്‍ ഒന്നും നഷ്ടപ്പെട്ടതായി കാണുകയില്ല. 
25: നിന്റെ പിന്‍ഗാമികള്‍ അസംഖ്യമാണെന്നും നിന്റെ സന്താനങ്ങള്‍ വയലുകളിലെ പുല്ലുപോലെ വളരുമെന്നും നീയറിയും.
26: വിളഞ്ഞ ധാന്യക്കറ്റ യഥാകാലം മെതിക്കളത്തിലെത്തുന്നതുപോലെ പൂര്‍ണ്ണവാര്‍ദ്ധക്യത്തില്‍ നീ ശവകുടീരത്തെ പ്രാപിക്കും.   
27: ഇതു ഞങ്ങള്‍ ദീര്‍ഘകാലംകൊണ്ടു മനസ്സിലാക്കിയതാണ്. ഇതു സത്യമാണ്. നിന്റെ നന്മയ്ക്കുവേണ്ടി ഇതു ഗ്രഹിക്കുക.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ