നൂറ്റിനാല്പത്തിനാലാം ദിവസം: 1 മക്കബായര്‍ 14 - 16



അദ്ധ്യായം 14

ശിമയോന്റെ മഹത്വം
1: നൂറ്റിയെഴുപത്തിരണ്ടാമാണ്ടില്‍, ദമെത്രിയൂസ് രാജാവ് ട്രിഫൊയ്‌ക്കെതിരേ യുദ്ധംചെയ്യാനാവശ്യമായ സഹായമുറപ്പുവരുത്താന്‍ സൈന്യസമേതം മെദിയായിലേക്കു പുറപ്പെട്ടു.
2: ദമെത്രിയൂസ് രാജ്യാതിര്‍ത്തി ലംഘിച്ചുവെന്നുകേട്ട്പേര്‍ഷ്യായുടെയും മെദിയായുടെയും രാജാവായ അര്‍സാക്കസ് അവനെ ജീവനോടെ പിടികൂടാന്‍, തന്റെ സൈന്യാധിപന്മാരില്‍ ഒരുവനെയയച്ചു.
3: അവന്‍ പോയി ദമെത്രിയൂസിന്റെ സൈന്യത്തെ തോല്പിച്ച് അവനെ ബന്ധനസ്ഥനാക്കിഅര്‍സാക്കസിന്റെയടുക്കല്‍ കൊണ്ടുവന്നു. അര്‍സാക്കസ് അവനെ തടവിലാക്കി.
4: ശിമയോന്റെ നാളുകളില്‍ ദേശത്തു ശാന്തിയുണ്ടായിരുന്നു. ജനക്ഷേമമാണ് അവന്‍ തേടിയിരുന്നത്. അവന്റെ ഭരണം അവരെ സംപ്രീതരാക്കി. അവന്റെ ജീവിതകാലം മുഴുവന്‍ അവര്‍ അവനോട് ആദരം പ്രകടിപ്പിച്ചു.
5: ജോപ്പായെ തുറമുഖമാക്കുകയും ദ്വീപുകളിലേക്കു മാര്‍ഗ്ഗം തുറക്കുകയുംചെയ്തുകൊണ്ട് അവന്‍ തന്റെ മഹത്വത്തിനു മകുടം ചാര്‍ത്തി. 
6: അവന്‍ രാജ്യാതിര്‍ത്തികള്‍ വിസ്തൃതമാക്കുകയും രാജ്യം പൂര്‍ണ്ണനിയന്ത്രണത്തില്‍ വരുത്തുകയും ചെയ്തു.
7: അവന്‍ അസംഖ്യം തടവുകാരെ സമ്പാദിച്ചു. ഗസറായും ബേത്സൂറും കോട്ടയും അവന്‍ തന്റെ ഭരണത്തിന്‍ കീഴിലാക്കുകയുംഅവിടെനിന്നു മ്ലേച്ഛതകള്‍ നീക്കിക്കളയുകയും ചെയ്തു.
8: അവനെ എതിര്‍ക്കാന്‍ ആരുമുണ്ടായില്ല. സമാധാനത്തോടെ അവര്‍ നിലമുഴുതു. ഭൂമി ധാരാളം വിളവു നല്കിസമതലത്തിലെ വൃക്ഷങ്ങള്‍ അവയുടെ ഫലങ്ങളും.
9: വൃദ്ധന്മാര്‍ നിരത്തുകളില്‍ കൂടിയിരുന്നു തങ്ങള്‍ക്കു ലഭിച്ച നന്മകളെക്കുറിച്ചു സംസാരിച്ചു. യുവാക്കള്‍ പ്രൗഢവും യുദ്ധോചിതവുമായ വസ്ത്രങ്ങളണിഞ്ഞു.
10: നഗരങ്ങളെ അവന്‍ പ്രതിരോധസജ്ജമാക്കുകയും അവയില്‍ ആഹാരം വിതരണംചെയ്യുകയും ചെയ്തു. അവന്റെ ഖ്യാതി, ഭൂമിയുടെ അതിര്‍ത്തികളോളം വ്യാപിച്ചു.
11: അവന്‍ ദേശത്തു സമാധാനം സ്ഥാപിച്ചതിനാല്‍ ഇസ്രായേല്‍ അത്യധികമാഹ്ലാദിച്ചു.
12: ഓരോരുത്തരും താന്താങ്ങളുടെ മുന്തിരിത്തോപ്പിലും അത്തിമരങ്ങളുടെ ചുവട്ടിലുമിരുന്നു. അവരെ ഭയപ്പെടുത്താന്‍ ആരുമുണ്ടായിരുന്നില്ല.
13: അവര്‍ക്കെതിരേ പടവെട്ടാന്‍ ദേശത്താരുമവശേഷിച്ചില്ല. അന്നാളുകളില്‍ രാജാക്കന്മാര്‍ തകര്‍ക്കപ്പെട്ടിരുന്നു.
14: അവന്‍ ജനത്തിലെ എളിയവര്‍ക്കു സംരക്ഷണം നല്കി. നിയമപാലനത്തില്‍ ശ്രദ്ധിക്കുകയും നിയമനിഷേധകരെയും ദുഷ്ടന്മാരെയും നശിപ്പിക്കുകയും ചെയ്തു.
15: അവന്‍ ദേവാലയത്തിന്റെ പ്രൗഢി വര്‍ദ്ധിപ്പിക്കുകയും വിശുദ്ധ സ്ഥലത്തെ പാത്രങ്ങളുടെ എണ്ണം കൂട്ടുകയും ചെയ്തു.

സ്പാര്‍ത്തായും റോമായുമായി സഖ്യം പുതുക്കുന്നു
16: ജോനാഥാന്റെ മരണവാര്‍ത്ത റോമായിലും സ്പാര്‍ത്തായിലുമെത്തി. അവര്‍ അഗാധമായി ദുഃഖിച്ചു.
17: ജോനാഥാന്റെ സ്ഥാനത്ത് അവന്റെ സഹോദരന്‍ ശിമയോന്‍ പ്രധാനപുരോഹിതനായി എന്നും രാജ്യവും അതിലെ നഗരങ്ങളും അവന്റെ അധീനതയിലാണെന്നും അവരറിഞ്ഞു.
18: അവന്റെ സഹോദരന്മാരായ യൂദാസും ജോനാഥാനുമായുണ്ടായിരുന്ന സൗഹൃദവും സഖ്യവും ശിമയോനുമായി പുതുക്കിക്കൊണ്ട് അവര്‍ പിച്ചളഫലകത്തില്‍ അവനെഴുതി.
19: ഇതു ജറുസലെമിലെ സമൂഹത്തിന്റെ മുമ്പാകെ വായിക്കപ്പെട്ടു.
20: സ്പാര്‍ത്താക്കാരയച്ച കത്തിന്റെ പകര്‍പ്പാണിത്: പ്രധാനപുരോഹിതനായ ശിമയോനും ശ്രേഷ്ഠന്മാര്‍ക്കും പുരോഹിതന്മാര്‍ക്കും ഞങ്ങളുടെ സഹോദരരായ മറ്റു യഹൂദര്‍ക്കും സ്പാര്‍ത്താ നഗരത്തിന്റെയും അധിപന്മാരുടെയും അഭിവാദനം!
21: ഞങ്ങളുടെയടുക്കലേക്കയച്ച ദൂതന്മാര്‍ നിങ്ങളുടെ മഹിമപ്രതാപങ്ങളെക്കുറിച്ചു ഞങ്ങളോടു വിവരിച്ചു പറഞ്ഞു. അവരുടെ ആഗമനം ഞങ്ങളില്‍ സന്തുഷ്ടിയുളവാക്കി.
22: അവര്‍ പറഞ്ഞതെല്ലാം ഞങ്ങള്‍ പൊതുയോഗക്കുറിപ്പുകളുടെ പുസ്തകത്തില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: യഹൂദ ദൂതന്മാരായ അന്തിയോക്കസിന്റെ മകന്‍ നുമേനിയൂസുംജാസന്റെ മകന്‍ അന്തിപ്പാത്തറും ഞങ്ങളുമായുള്ള സൗഹൃദം പുതുക്കുന്നതിനു ഞങ്ങളുടെയടുക്കല്‍ വന്നിരിക്കുന്നു.
23: അവരെ ബഹുമാനപുരസ്സരം സ്വീകരിക്കാന്‍ ഞങ്ങളുടെ ജനം താത്പര്യം കാണിച്ചു. അവരുടെ സന്ദേശത്തിന്റെ ഒരു പകര്‍പ്പ്സ്പാര്‍ത്താക്കാര്‍ക്കു പിന്നീടു പരിശോധിക്കുന്നതിന്പൊതുരേഖാ ശേഖരശാലയില്‍ സൂക്ഷിച്ചിട്ടുണ്ട്. ഇതിന്റെ ഒരു പകര്‍പ്പ്, പ്രധാനപുരോഹിതനായ ശിമയോന് അവരയച്ചു കൊടുത്തു.
24: അനന്തരംറോമാക്കാരുമായുള്ള സഖ്യമുറപ്പിക്കുന്നതിന്ആയിരം മീന തൂക്കമുള്ള വലിയൊരു സുവര്‍ണ്ണപരിചയുമായി നുമേനിയൂസിനെ ശിമയോന്‍ റോമായിലേക്കയച്ചു.

ശിമയോനു ബഹുമതി
25: ഇതുകേട്ടു ജനം പറഞ്ഞു: ശിമയോനോടും പുത്രന്മാരോടും നാം എങ്ങനെ നന്ദി പ്രകാശിപ്പിക്കും?
26: അവനും അവന്റെ സഹോദരന്മാരും പിതൃഭവനവും ഉറച്ചു നില്‍ക്കുകയുംഇസ്രായേലിന്റെ ശത്രുവിനെതിരെ പൊരുതിഅവരെ തുരത്തുകയും രാജ്യത്തില്‍ സ്വാതന്ത്ര്യം സുസ്ഥാപിതമാക്കുകയും ചെയ്തു. ഇക്കാര്യങ്ങളെല്ലാം അവര്‍ പിത്തളഫലകത്തില്‍ രേഖപ്പെടുത്തിസീയോന്‍ മലയില്‍ സ്തംഭങ്ങളില്‍ സ്ഥാപിച്ചു.
27: അവരെഴുതിയിരുന്നതിന്റെ പകര്‍പ്പിതാണ്: നൂറ്റിയെഴുപത്തിരണ്ടാമാണ്ട്അതായത്സമുന്നതനായ പ്രധാനപുരോഹിതന്‍ ശിമയോന്റെ മൂന്നാം ഭരണവര്‍ഷംഎലൂള്‍മാസം പതിനെട്ടാം ദിവസം
28: അസരമേലില്‍, പുരോഹിതന്മാരുടെയും ജനത്തിന്റെയും ഭരണാധിപന്മാരുടെയും ശ്രേഷ്ഠന്മാരുടെയും മഹാസഭയില്‍, ഈ വിളംബരം പുറപ്പെടുവിച്ചു:
29: രാജ്യം തുടരെത്തുടരെ യുദ്ധത്തിനടിപ്പെട്ടുകൊണ്ടിരിക്കേയൊയാറിബിന്റെ വംശത്തില്‍പ്പെട്ട പുരോഹിതനായ മത്താത്തിയാസിന്റെ മകന്‍ ശിമയോനും സഹോദരന്മാരും ജീവനപകടത്തിലാക്കിക്കൊണ്ട്വിശുദ്ധമന്ദിരവും നിയമവും കാത്തുരക്ഷിക്കുന്നതിനായിരാജ്യത്തിന്റെ ശത്രുക്കളോടെതിരിട്ടു. അവര്‍ രാജ്യത്തിനു പ്രതാപം നേടിത്തന്നു.
30: ജോനാഥാന്‍ ജനത്തിനു കെട്ടുറപ്പു നല്‍കുകയും പ്രധാന പുരോഹിതനാവുകയും ചെയ്തു. അവസാനം അവന്‍ പിതാക്കന്മാരോടു ചേര്‍ന്നു.
31: രാജ്യത്തെ ആക്രമിക്കുന്നതിനും വിശുദ്ധസ്ഥലം പിടിച്ചടക്കുന്നതിനും ശത്രുക്കള്‍ ശ്രമിച്ചപ്പോൾ, ശിമയോന്‍ തന്റെ രാജ്യത്തിനുവേണ്ടിപ്പൊരുതി. 
32:രാജ്യത്തിന്റെ സേനകള്‍ക്ക് ആയുധവും വേതനവും നല്കാന്‍ അവന്‍ സ്വന്തം സമ്പാദ്യത്തില്‍നിന്നു വലിയ സംഖ്യ ചെലവഴിച്ചു.
33: യൂദായിലെ നഗരങ്ങളുംഅതിന്റെ അതിര്‍ത്തിയിലുള്ളതും മുമ്പു ശത്രുക്കള്‍ ആയുധംശേഖരിച്ചു സൂക്ഷിച്ചിരുന്നതുമായ ബേത്ത്‌സൂറും സുരക്ഷിതമാക്കുകയുംഅവിടെ യഹൂദകാവല്‍സൈന്യത്തെ നിയോഗിക്കുകയും ചെയ്തു.
34: അവന്‍ കടല്‍തീരത്തുള്ള ജോപ്പായും അസോത്തൂസിന്റെ അതിര്‍ത്തിയിലുള്ളതും മുമ്പു ശത്രുക്കള്‍ അധിവസിച്ചിരുന്നതുമായ ഗസറായും സുരക്ഷിതമാക്കി. അവിടെ യഹൂദരെ പാര്‍പ്പിക്കുകയും നഗരങ്ങളുടെ പുനരുദ്ധാരണത്തിനാവശ്യമായതെല്ലാം അവര്‍ക്കു നല്‍കുകയും ചെയ്തു.
35: ശിമയോന്റെ വിശ്വസ്തതയും രാജ്യത്തിന് അവന്‍ നേടിക്കൊടുക്കാനുറച്ച പ്രതാപവും ജനം മനസ്സിലാക്കി. അവന്റെ ചെയ്തികളും അവന്‍ ജനത്തോടു പുലര്‍ത്തിയ നീതിയും വിശ്വസ്തതയും കണക്കിലെടുത്തുംഎല്ലാ വിധത്തിലും ജനത്തെ പ്രതാപത്തിലേക്കു നയിക്കുന്നതിന് അവന്‍ നടത്തിയ പരിശ്രമങ്ങളെ പരിഗണിച്ചും അവര്‍ അവനെ തങ്ങളുടെ നേതാവും പുരോഹിതനുമാക്കി.
36: അവന്റെ നേതൃത്വത്തില്‍ ജനത്തിന് ഉത്കര്‍ഷമുണ്ടായി. അവന്‍ വിജാതീയരെ രാജ്യത്തുനിന്നു തുരത്തി. അതുപോലെജറുസലെമില്‍ ദാവീദിന്റെ നഗരത്തില്‍ തങ്ങള്‍ക്കായി കോട്ടകെട്ടുകയുംഅതില്‍നിന്നു പുറത്തുവന്ന്വിശുദ്ധസ്ഥലത്തിന്റെ പരിസരങ്ങള്‍ അശുദ്ധമാക്കുകയും അതിന്റെ വിശുദ്ധിക്കു ഭംഗംവരുത്തുകയും ചെയ്തിരുന്നവരെ അവന്‍ ഓടിച്ചു.
37: അവന്‍, അവിടെ യഹൂദരെ പാര്‍പ്പിക്കുകയും രാജ്യത്തിന്റെയും നഗരത്തിന്റെയും സുരക്ഷിതത്വത്തിനുവേണ്ടി അതിനെ സുശക്തമാക്കുകയും ജറുസലെമിന്റെ മതിലുകള്‍ക്ക് ഉയരംകൂട്ടുകയും ചെയ്തു.
38: ഇതിന്റെ വെളിച്ചത്തില്‍ ദമെത്രിയൂസ്‌ രാജാവ് അവനെ പ്രധാനപുരോഹിതനായി സ്ഥിരപ്പെടുത്തി.
39: അവനെ രാജമിത്രങ്ങളിലൊരുവനാക്കുകയും അവനു വലിയ ബഹുമതികള്‍ നല്കുകയും ചെയ്തു.
40: എന്തുകൊണ്ടെന്നാല്‍, റോമാക്കാര്‍ യഹൂദരെ സുഹൃത്തുക്കളും സഖ്യകക്ഷികളും സഹോദരരുമായി പരിഗണിച്ചിരുന്നുവെന്നും ശിമയോന്റെ ദൂതന്മാരെ അവര്‍ ബഹുമാനപുരസ്സരം സ്വീകരിച്ചുവെന്നും അവന്‍ കേട്ടിരുന്നു.
41: വിശ്വസനീയമായ ഒരു പ്രവാചകന്റെ ആവിര്‍ഭാവംവരെശിമയോന്‍ നേതാവും പ്രധാനപുരോഹിതനുമായിരിക്കട്ടെയെന്നു യഹൂദരും പുരോഹിതരും തീരുമാനിച്ചു.
42: അവന്‍ അവരുടെ ഭരണാധികാരിയായിരിക്കുകയും വിശുദ്ധസ്ഥലത്തിന്റെ ചുമതല വഹിക്കുകയും ചെയ്യേണ്ടിയിരുന്നു. അതിലെ ശുശ്രൂഷകള്‍ക്കും രാജ്യത്തിന്റെയും ആയുധങ്ങളുടെയും ശക്തിദുര്‍ഗ്ഗങ്ങളുടെയും മേല്‍നോട്ടത്തിനും ആളുകളെ നിയമിക്കേണ്ടതും അവനായിരുന്നു.
43: സകലരും അവനെയനുസരിക്കണം. രാജ്യത്ത് എഴുതപ്പെടുന്ന കരാറുകളെല്ലാം അവന്റെ നാമത്തിലായിരിക്കണം. അവന്‍ രാജകീയവസ്ത്രം ധരിക്കുകയും സ്വര്‍ണ്ണാഭരണമണിയുകയും വേണം.
44: ജനങ്ങളിലോ പുരോഹിതന്മാരിലോ ആരും ഈ തീരുമാനങ്ങളിലൊന്നും അസാധുവാക്കുകയോഅവന്റെ വാക്കുകള്‍ ധിക്കരിക്കുകയോഅവന്റെ അനുവാദംകൂടാതെ രാജ്യത്തു സമ്മേളനങ്ങള്‍ വിളിച്ചുകൂട്ടുകയോ രാജകീയവസ്ത്രം ധരിക്കുകയോ സ്വര്‍ണ്ണക്കൊളുത്ത് അണിയുകയോ ചെയ്യാന്‍പാടില്ല.
45: ഈ തീരുമാനത്തിനെതിരേ പ്രവര്‍ത്തിക്കുകയോ അവയിലേതെങ്കിലുമൊന്ന് അസാധുവാക്കുകയോ ചെയ്യുന്നവന്‍ ശിക്ഷാര്‍ഹനായിരിക്കും.
46: ഈ തീരുമാനങ്ങള്‍ക്കനുസൃതമായിപ്രവര്‍ത്തിക്കാനുള്ള അവകാശം ശിമയോനു നല്‍കുന്നതിനു ജനം സമ്മതിച്ചു.
47: പ്രധാന പുരോഹിതനും യഹൂദജനത്തിന്റെയും പുരോഹിതന്മാരുടെയും അധിപനും സംരക്ഷകനുമായിരിക്കാമെന്ന് ശിമയോനേറ്റു.
48: ഈ കല്പന പിത്തളത്തകിടില്‍ ആലേഖനംചെയ്ത്ദേവാലയത്തിന്റെ പരിസരത്ത് ശ്രദ്ധേയമായ ഒരു സ്ഥലത്തു സ്ഥാപിക്കാന്‍ അവര്‍ നിര്‍ദ്ദേശംനല്കി.
49: ശിമയോനും പുത്രന്മാര്‍ക്കും ലഭ്യമാകേണ്ടതിന് അതിന്റെ ഒരു പകര്‍പ്പ് ഭണ്ഡാരത്തില്‍ സൂക്ഷിക്കാന്‍ അവരാജ്ഞാപിച്ചു.

അദ്ധ്യായം 15

അന്തിയോക്കസുമായി സഖ്യം
1: ദമെത്രിയൂസ് രാജാവിന്റെ പുത്രനായ അന്തിയോക്കസ്പുരോഹിതനും യഹൂദരുടെ അധിപനുമായ ശിമയോനുംയഹൂദജനത്തിനുമായി സമുദ്രദ്വീപുകളില്‍നിന്ന് ഒരു കത്തയച്ചു.
2: അതിന്റെയുള്ളടക്കമിതാണ്: പ്രധാന പുരോഹിതനും അധിപനുമായ ശിമയോനും യഹൂദജനത്തിനും അന്തിയോക്കസ് രാജാവിന്റെ അഭിവാദനം!
3: ചില രാജ്യദ്രോഹികള്‍ ഞങ്ങളുടെ പിതാക്കന്മാരുടെ രാജ്യം പിടിച്ചടക്കിയിരുന്നു. അതിന്മേലുള്ള എന്റെ അവകാശംസ്ഥാപിച്ച് രാജ്യം പൂര്‍വ്വസ്ഥിതിയിലാക്കാന്‍ ഞാനുദ്ദേശിക്കുന്നു. അതിനുവേണ്ടി ഞാന്‍ വലിയൊരു കൂലിപ്പട്ടാളം ശേഖരിക്കുകയും പടക്കോപ്പുകള്‍ സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്.
4: ഞങ്ങളുടെ രാജ്യം നശിപ്പിക്കുകയും അതിലെ പലനഗരങ്ങളും ശൂന്യമാക്കുകയുംചെയ്തഅവര്‍ക്കെതിരേ പൊരുതുന്നതിന് എന്റെ രാജ്യത്തെത്താന്‍ ഞാന്‍ തീരുമാനിച്ചിരിക്കുന്നു.
5: എനിക്കുമുമ്പുള്ള രാജാക്കന്മാര്‍ നിങ്ങള്‍ക്കനുവദിച്ചുതന്ന എല്ലാ നികുതിയിളവുകളും ഞാന്‍ സ്ഥിരീകരിക്കുന്നു. അവര്‍ നിങ്ങളെയൊഴിവാക്കിയിരുന്ന മറ്റെല്ലാ കടങ്ങളിലുംനിന്നു ഞാനും നിങ്ങളെ ഒഴിവാക്കുന്നു.
6: നിങ്ങളുടെ രാജ്യത്തിനുവേണ്ട പണം സ്വന്തം കമ്മട്ടത്തില്‍ അടിച്ചിറക്കാന്‍ ഞാനനുവദിക്കുന്നു.
7: ജറുസലെമിനും വിശുദ്ധസ്ഥലത്തിനും ഞാന്‍ സ്വാതന്ത്ര്യം തരുന്നു. നിങ്ങള്‍ സജ്ജീകരിച്ചിട്ടുള്ള ആയുധങ്ങളും നിങ്ങള്‍ പണിതീര്‍ത്തു കൈവശംവച്ചിട്ടുള്ള കോട്ടകളും നിങ്ങള്‍ക്കുതന്നെയായിരിക്കും.
8: രാജഭണ്ഡാരത്തിലേക്കു നിങ്ങള്‍ കൊടുത്തുവീട്ടേണ്ട കടങ്ങളുംഭാവിയില്‍ ഉണ്ടായേക്കാവുന്ന അത്തരം കടങ്ങളും ഇതിനാല്‍ എന്നേക്കുമായി ഒഴിവാക്കുന്നു.
9: ഞങ്ങള്‍ രാജ്യത്തിന്റെ നിയന്ത്രണം വീണ്ടെടുത്തുകഴിയുമ്പോള്‍ നിങ്ങളുടെ മഹത്വം ഭൂമിയിലെങ്ങും വെളിപ്പെടേണ്ടതിനു നിന്റെയും നിന്റെ ജനത്തിന്റെയും ദേവാലയത്തിന്റെയുംമേല്‍ ഞങ്ങള്‍ വലിയ ബഹുമതികള്‍ ചൊരിയും.
10: നൂറ്റിയെഴുപത്തിനാലാമാണ്ടില്‍, അന്തിയോക്കസ് തന്റെ പിതാക്കന്മാരുടെ ദേശത്തെത്തി അതിനെയാക്രമിച്ചു. സേനകള്‍ അവനോടു ചേര്‍ന്നുവളരെക്കുറച്ചുപേര്‍ മാത്രമേ ട്രിഫൊയോടൊത്തു നിന്നുള്ളു.
11: അന്തിയോക്കസ് അവനെ പിന്തുടര്‍ന്നു.
12: അവന്‍ പലായനംചെയ്തു സമുദ്രതീരത്തുള്ള ദോറിലെത്തി. സൈന്യം കൂറുമാറിയെന്നും തനിക്കു വിപത്തു സംഭവിക്കാന്‍പോകുന്നുവെന്നും അവനറിഞ്ഞിരുന്നു.
13: അന്തിയോക്കസ് ദോറിനെതിരേ പാളയമടിച്ചു. അവനോടൊപ്പംഒരു ലക്ഷത്തിയിരുപതിനായിരം യോദ്ധാക്കളും എണ്ണായിരം കുതിരപ്പടയാളികളുമുണ്ടായിരുന്നു. അവന്‍ നഗരം വളഞ്ഞു.
14: കടലില്‍നിന്നു കപ്പലുകളും യുദ്ധത്തിലേര്‍പ്പെട്ടു. അങ്ങനെ കരയിലും കടലിലുംനിന്ന് അവന്‍ നഗരത്തിന്റെമേല്‍ സമ്മര്‍ദം ചെലുത്തി. അകത്തുകടക്കാനോ പുറത്തുപോകാനോ ആരെയുമനുവദിച്ചില്ല.

ലൂസിയൂസിന്റെ കത്ത്
15: രാജാക്കന്മാര്‍ക്കും രാജ്യങ്ങള്‍ക്കുമുള്ള കത്തുകളുമായി, നുമേനിയൂസും സംഘവും റോമായില്‍നിന്നെത്തി. അതില്‍ ഇങ്ങനെ എഴുതിയിരുന്നു:
16: ടോളമിരാജാവിന്, റോമാസ്ഥാനപതിയായ ലൂസിയൂസിന്റെ അഭിവാദനം!
17: ഞങ്ങളുടെ സുഹൃത്തുക്കളും സഖ്യകക്ഷികളുമായ യഹൂദരുടെ ദൂതന്മാര്‍ ഞങ്ങളുടെ പൂര്‍വ്വസൗഹൃദവും സഖ്യവും നവീകരിക്കാന്‍ വന്നിരുന്നു. പ്രധാന പുരോഹിതനായ ശിമയോനും യഹൂദജനവുമാണ് അവരെ അയച്ചത്.
18: ആയിരം മീന തൂക്കമുള്ള ഒരു സുവര്‍ണ്ണപരിച അവര്‍ കൊണ്ടുവന്നു.
19: അവരെ ഉപദ്രവിക്കുകയോ അവര്‍ക്കും അവരുടെ നഗരങ്ങള്‍ക്കും രാജ്യത്തിനും എതിരേ യുദ്ധം ചെയ്യുകയോ അവരോടു യുദ്ധംചെയ്യുന്നവരുമായി സഖ്യമുണ്ടാക്കുകയോ അരുതെന്ന് രാജാക്കന്മാര്‍ക്കും രാജ്യങ്ങള്‍ക്കും എഴുതാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നു.
20: അവരില്‍ നിന്നു സ്വര്‍ണ്ണ പരിച സ്വീകരിക്കുക ഉചിതമെന്നും ഞങ്ങള്‍ക്കു തോന്നി.
21: ആകയാല്‍, ഏതെങ്കിലും രാജ്യദ്രോഹികള്‍ അവരുടെ ദേശത്തുനിന്നു നിങ്ങളുടെയടുത്തേക്കു പലായനംചെയ്തിട്ടുണ്ടെങ്കില്‍ അവരെ പ്രധാനപുരോഹിതനായ ശിമയോനു കൈമാറുക. അവന്‍ യഹൂദനിയമപ്രകാരം അവരെ ശിക്ഷിക്കട്ടെ.
22: ഇതേ വിവരങ്ങള്‍ തന്നെ ദമെത്രിയൂസ് രാജാവിനും അത്താലൂസിനും അരിയാറാത്തസിനും അര്‍സാക്കെസിനും സ്ഥാനപതി എഴുതി.
23: സംപ്‌സാമെസ്സ്പാര്‍ത്താദേലോസ്മിന്‍ദോസ്സിസിയോന്‍, കാരിയസാമോസ്പംഫീലിയാലിസിയാഹലിക്കാര്‍നാസൂസ്റോദേസ്ഫസേലിസ്കോസ്സീദെഅരാദൂസ്ഗോര്‍ത്തീനാസ്‌നീദൂസ്സൈപ്രസ്കിറേനെ തുടങ്ങി എല്ലാ രാജ്യങ്ങള്‍ക്കും ഈ സന്ദേശമയച്ചു.
24: ഇതിന്റെ ഒരു പകര്‍പ്പ് പ്രധാനപുരോഹിതനായ ശിമയോനും അയച്ചുകൊടുത്തു.

അന്തിയോക്കസ് പിണങ്ങുന്നു
25: അന്തിയോക്കസ് രാജാവ്സൈന്യവും യുദ്ധോപകരണങ്ങളുമായി വീണ്ടും ദോറിനെ ആക്രമിച്ചു. പുറത്തു പോകാനോ അകത്തുകടക്കാനോ കഴിയാത്തവിധം ട്രിഫൊയെ അതിനുള്ളിലാക്കി.
26: സ്വര്‍ണ്ണംവെള്ളിധാരാളം യുദ്ധോപകരണങ്ങള്‍ എന്നിവയുമായി സമര്‍ത്ഥരായ രണ്ടായിരം യോദ്ധാക്കളെ ശിമയോന്‍ അന്തിയോക്കസിന്റെയടുത്തേക്കയച്ചു.
27: അവരെ സ്വീകരിക്കാന്‍ അവന്‍ വിസമ്മതിച്ചു. ശിമയോനുമായി മുമ്പുണ്ടാക്കിയിരുന്ന കരാറുകളെല്ലാം അവന്‍ തള്ളിക്കളയുകയും അവനുമായി പിണങ്ങുകയും ചെയ്തു.
28: അന്തിയോക്കസ് തന്റെ മിത്രമായ അത്തനോബിയൂസിനെ ഈ സന്ദേശവുമായി അയച്ചു: ജോപ്പായും ഗസറായും ജറുസലെം കോട്ടയും നിന്റെ നിയന്ത്രണത്തിലാണ്. അവ എന്റെ രാജ്യത്തെ നഗരങ്ങളാണ്.
29: നീ ആ പ്രദേശങ്ങള്‍ നശിപ്പിക്കുകയും ദേശത്തിനു വലിയ നാശങ്ങള്‍ വരുത്തുകയും എന്റെ രാജ്യത്തെ പല സ്ഥലങ്ങളും കൈയടക്കുകയുംചെയ്തു.
30: ആകയാല്‍, നിങ്ങള്‍ പിടിച്ചടക്കിയ നഗരങ്ങള്‍ വിട്ടുതരുകയും യൂദയായുടെ അതിര്‍ത്തികള്‍ക്കു പുറത്തുനിന്നു പിടിച്ചെടുത്ത സ്ഥലങ്ങള്‍ക്കുള്ള കപ്പംതരുകയുംചെയ്യുക.
31: അല്ലെങ്കില്‍, അവയ്ക്കുപകരം അഞ്ഞൂറുതാലന്തു വെള്ളിയും നീ വരുത്തിവച്ച നഷ്ടങ്ങള്‍ക്കു പകരമായും നഗരങ്ങള്‍ക്കുള്ള കപ്പമായും വേറെ അഞ്ഞൂറു താലന്തുംകൂടെ നല്കുക. അല്ലെങ്കില്‍, ഞങ്ങള്‍വന്നു നിന്നെ കീഴടക്കും.
32: രാജമിത്രമായ അത്തനോബിയൂസ് ജറുസലെമിലെത്തി. ശിമയോന്റെ പ്രതാപവും ഭക്ഷണമേശയ്ക്കരികെ തട്ടുതട്ടായി അടുക്കിവച്ചിരുന്ന സ്വര്‍ണ്ണ - വെള്ളിപ്പാത്രങ്ങളും അവന്റെ സമ്പല്‍സമൃദ്ധിയുംകണ്ട് അവന്‍ വിസ്മയഭരിതനായി. അവന്‍ രാജസന്ദേശം ശിമയോനെ അറിയിച്ചു.
33: ശിമയോന്‍ ഇങ്ങനെ മറുപടി നല്കി: ശത്രുക്കള്‍ ഒരുകാലത്ത് അന്യായമായി പിടിച്ചെടുത്ത ഞങ്ങളുടെ പിതൃസ്വത്തല്ലാതെഅന്യദേശമോ വസ്തുവകകളോ ഞങ്ങള്‍ കൈവശപ്പെടുത്തിയിട്ടില്ല.
34: ഇപ്പോള്‍ ഞങ്ങള്‍ക്കവസരം ലഭിച്ചിരിക്കേപിതാക്കന്മാരുടെ അവകാശം ഞങ്ങള്‍ മുറുകെപ്പിടിക്കുകയാണ്.
35: നിങ്ങള്‍ ആവശ്യപ്പെടുന്ന ജോപ്പായും ഗസറായും ഞങ്ങളുടെ ജനത്തിനും ദേശത്തിനും വലിയ നാശങ്ങള്‍ വരുത്തിയിട്ടുണ്ട്. അവയ്ക്കു നൂറു താലന്തു ഞങ്ങള്‍ തന്നുകൊള്ളാം. അത്തനോബിയൂസ് ഒന്നും മറുപടി പറഞ്ഞില്ല.
36: അവന്‍ ക്രോധത്തോടെ മടങ്ങിരാജസന്നിധിയിലെത്തി ഈ സന്ദേശവും ശിമയോന്റെ പ്രതാപവും താന്‍കണ്ട എല്ലാക്കാര്യങ്ങളും രാജാവിനെയറിയിച്ചു. രാജാവ് അത്യധികം കുപിതനായി.
37: ട്രിഫൊ ഒരു കപ്പലില്‍ക്കയറി ഓര്‍ത്തോസിയായിലേക്കു രക്ഷപെട്ടു.
38: രാജാവു സെന്തെബേയൂസിനെ തീരപ്രദേശങ്ങളുടെ സൈന്യാധിപനാക്കുകയും അവനു ഭടന്മാരെയും കുതിരപ്പടയാളികളെയും നല്‍കുകയും ചെയ്തു.
39: യൂദയായ്ക്കെതിരേ പാളയമടിക്കാനും കെദ്രോന്‍ പുനരുദ്ധരിച്ചു കവാടങ്ങള്‍ സുശക്തമാക്കാനും ജനത്തിനെതിരേ യുദ്ധംചെയ്യാനും രാജാവവനു കല്പന നല്‍കി. രാജാവ് ട്രിഫൊയെ അനുധാവനം ചെയ്തു.
40: സെന്തെബേയൂസ്‌ യാമ്നിയായിലെത്തിജനത്തെ പ്രകോപിപ്പിക്കാനും യൂദയാ കൈയേറി ആളുകളെ തടവുകാരായിപിടിച്ചു കൊല്ലാനും തുടങ്ങി
41: രാജകല്പനയനുസരിച്ചു കെദ്രോന്‍ പുതുക്കിപ്പണിയുകയും അവിടെയൂദയായിലെ രാജവീഥികള്‍ കാക്കുന്നതിനു കുതിരപ്പടയാളികളെയും ഭടന്മാരെയും നിര്‍ത്തുകയും ചെയ്തു.

അദ്ധ്യായം 16

സെന്തെബേയൂസിന്റെമേല്‍ വിജയം
1: യോഹന്നാന്‍ ഗസറായില്‍നിന്നു തന്റെ പിതാവ് ശിമയോന്റെയടുക്കലെത്തിസെന്തെബേയൂസ് പ്രവര്‍ത്തിച്ചതൊക്കെയുമറിയിച്ചു.
2: ശിമയോന്‍ തന്റെ മൂത്തപുത്രന്മാരായ യൂദാസിനെയും യോഹന്നാനെയും വിളിച്ച് ഇങ്ങനെ പറഞ്ഞു: ഞങ്ങളുടെ ചെറുപ്പംമുതല്‍ ഈ ദിവസംവരെ ഞാനും എന്റെ സഹോദരന്മാരും പിതൃഭവനവും ഇസ്രായേലിനുവേണ്ടി യുദ്ധം ചെയ്തു. ഞങ്ങളുടെ നേതൃത്വത്തില്‍ കാര്യങ്ങള്‍ ഭംഗിയായി നടക്കുകയും ഞങ്ങള്‍ പലപ്പോഴും ഇസ്രായേലിനു മോചനം നേടിക്കൊടുക്കുകയും ചെയ്തു.
3: ഇപ്പോള്‍ എനിക്കു വയസ്സായിദൈവകൃപയാല്‍ നിങ്ങള്‍ക്കു പ്രായപൂര്‍ത്തിവന്നിരിക്കുന്നു. അതിനാല്‍, എന്റെയും എന്റെ സഹോദരന്മാരുടെയും സ്ഥാനംമേറ്റെടുത്ത്, നമ്മുടെ രാജ്യത്തിനുവേണ്ടി പൊരുതുക. സ്വര്‍ഗ്ഗത്തില്‍നിന്നുള്ള സഹായം നിങ്ങള്‍ക്കുണ്ടാകട്ടെ!
4: യോഹന്നാന്‍ രാജ്യത്തുനിന്ന് ഇരുപതിനായിരം യോദ്ധാക്കളെയും കുതിരപ്പടയാളികളെയും തിരഞ്ഞെടുത്ത്, സെന്തെബേയൂസിനെതിരേ മുന്നേറിരാത്രി മൊദെയിനില്‍ പാളയമടിച്ചു.
5: അവര്‍ അതിരാവിലെയെഴുന്നേറ്റു സമതലത്തിലേക്കു പുറപ്പെട്ടു. അപ്പോള്‍ ഭടന്മാരും കുതിരപ്പടയാളികളുമടങ്ങിയ ഒരു വലിയ സൈന്യം തങ്ങള്‍ക്കെതിരേ വരുന്നതു കണ്ടു. ഇരുവര്‍ക്കുമിടയില്‍ ഒരരുവി ഒഴുകിയിരുന്നു.
6: അവനും സൈന്യവും ശത്രുവിനെതിരേ അണിനിരന്നു. അരുവികടക്കാന്‍ ഭടന്മാര്‍ ഭയപ്പെടുന്നതുകണ്ട് അവനാദ്യം അതു കടന്നു. അതുകണ്ടു പിന്നാലെ അവരും അരുവി കടന്നു.
7: തന്റെ സേനയെ വിഭജിച്ച്കുതിരപ്പടയാളികളെ അവന്‍ കാലാള്‍പ്പടയ്ക്കു മദ്ധ്യേ നിറുത്തി. കാരണംശത്രുവിന്റെ കുതിരപ്പടയാളികള്‍ അസംഖ്യമായിരുന്നു.
8: അവര്‍ കാഹളം മുഴക്കി. സെന്തെബേയൂസും സൈന്യവും പലായനം ചെയ്തു. അവരില്‍ പലരും മുറിവേറ്റുവീണു. അവശേഷിച്ചവര്‍ കോട്ടയ്ക്കുള്ളില്‍ അഭയം പ്രാപിച്ചു.
9: യോഹന്നാന്റെ സഹോദരന്‍ യൂദാസിനു മുറിവേറ്റു. എന്നാല്‍, യോഹന്നാന്‍ സെന്തെബേയൂസിനെ അവന്‍ പണികഴിപ്പിച്ച കെദ്രോന്‍ കോട്ടവരെ പിന്തുടര്‍ന്നു.
10: അസോത്തൂസ് വയലുകളിലെ ഗോപുരങ്ങളിലും അവരഭയംപ്രാപിച്ചു. യോഹന്നാന്‍ അതഗ്നിക്കിരയാക്കി. ഏകദേശം രണ്ടായിരംപേര്‍ മരിച്ചുവീണു. യോഹന്നാന്‍ സുരക്ഷിതനായി യൂദയായിലേക്കു മടങ്ങി.

ശിമയോന്റെ മരണം
11: അബൂബുസിന്റെ മകന്‍ ടോളമിജറീക്കോ സമതലത്തിന്റെ അധിപനായി നിയമിക്കപ്പെട്ടു. അവനു ധാരാളം സ്വര്‍ണ്ണവും വെള്ളിയുമുണ്ടായിരുന്നു.
12: പ്രധാനപുരോഹിതന്റെ ജാമാതാവായിരുന്നു അവന്‍ .
13: അഹങ്കാരംപൂണ്ടു രാജ്യംകൈയടക്കാന്‍ അവന്‍ തീരുമാനിച്ചു. ശിമയോനെയും പുത്രന്മാരെയും നശിപ്പിക്കാന്‍ അവന്‍ ദുരാലോചന നടത്തി.
14: അപ്പോള്‍ ശിമയോന്‍ രാജ്യത്തെ നഗരങ്ങള്‍ സന്ദര്‍ശിച്ച്, അവിടത്തെ ആവശ്യങ്ങളില്‍ ശ്രദ്ധപതിച്ചുകൊണ്ടിരുന്നു. നൂറ്റിയെഴുപത്തേഴാമാണ്ടു പതിനൊന്നാം മാസമായ ഷേബാത്തില്‍ അവന്‍ പുത്രന്മാരായ മത്താത്തിയാസും യൂദാസുമൊത്തു ജറീക്കോയിലേക്കു പോയി.
15: അബൂബുസിന്റെ പുത്രന്‍, താന്‍നിര്‍മ്മിച്ച ദോക്ക് എന്ന ചെറിയ കോട്ടയില്‍ അവരെ വഞ്ചനാപൂര്‍വ്വം സ്വീകരിച്ചു. അവര്‍ക്കു വലിയൊരു വിരുന്നു നല്കി. തന്റെ ആള്‍ക്കാരെ അവനവിടെ ഒളിപ്പിച്ചുനിറുത്തിയിരുന്നു.
16: ശിമയോനും പുത്രന്മാരും കുടിച്ചുന്മത്തരായപ്പോള്‍, ടോളമിയും അവന്റെ ആള്‍ക്കാരും ആയുധങ്ങളുമായി അടുത്ത്വിരുന്നുശാലയില്‍വച്ച് ശിമയോനെയും ഇരുപുത്രന്മാരെയും ഏതാനും സേവകരെയും വധിച്ചു.
17: അങ്ങനെ അവന്‍ വന്‍ചതി കാണിക്കുകയും നന്മയ്ക്കു പകരം തിന്മ പ്രവര്‍ത്തിക്കുകയും ചെയ്തു.
18: ഈ വിവരങ്ങളെല്ലാം കാണിച്ച്, ടോളമി രാജാവിനെഴുതി. തന്റെ സഹായത്തിനായി സൈന്യങ്ങളെയയയ്ക്കണമെന്നും നഗരങ്ങളും രാജ്യവും തനിക്കേല്പിച്ചുതരണമെന്നും അവന്‍ അഭ്യര്‍ത്ഥിച്ചു.
19: യോഹന്നാനെ നിഗ്രഹിക്കാന്‍ ഗസറായിലേക്ക് അവന്‍ ഒരുസേനാവിഭാഗത്തെ അയച്ചു. സ്വര്‍ണ്ണവുംവെള്ളിയും സമ്മാനങ്ങളും സ്വീകരിക്കാന്‍ വരണമെന്നഭ്യര്‍ത്ഥിച്ചു കൊണ്ട് അവന്‍ സേനാധിപന്മാര്‍ക്കു കത്തുകളയച്ചു.
20: മറ്റൊരു വിഭാഗത്തെ ജറുസലെമും ദേവാലയഗിരിയും അധീനമാക്കാനയച്ചു.
21: ഗസറായിലുള്ള യോഹന്നാന്റെയടുത്തേക്ക് ആരോ ഓടിച്ചെന്ന്അവന്റെ പിതാവും സഹോദരന്മാരും കൊല്ലപ്പെട്ടുവെന്നുംഅവനെയും വധിക്കാന്‍ ടോളമി ആളയച്ചിരിക്കുന്നുവെന്നും അറിയിച്ചു.
22: ഇതുകേട്ട് അവന്‍ സ്തബ്ധനായി. തന്നെ നശിപ്പിക്കാന്‍ വന്നവരെ അവന്‍ പിടികൂടി വധിച്ചു. തന്നെ വധിക്കാനാണ് അവര്‍ വന്നിരുന്നതെന്ന് അവനറിവു കിട്ടിയിരുന്നല്ലോ.
23: യോഹന്നാന്റെ മറ്റു പ്രവര്‍ത്തനങ്ങളും അവന്റെ യുദ്ധങ്ങളും ധീരകൃത്യങ്ങളും മതില്‍നിര്‍മ്മാണവുമെല്ലാം,
24: പിതാവിന്റെ മരണത്തിനുശേഷം, അവന്‍ പുരോഹിതനായ നാള്‍മുതലുള്ള പ്രധാന പൗരോഹിത്യത്തിന്റെ ദിനവൃത്താന്തത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ