നൂറ്റിമുപ്പത്തിയാറാം ദിവസം: എസ്തേര്‍ - ഭാഗം 2


അദ്ധ്യായം 4

എസ്തേറിന്റെ മാദ്ധ്യസ്ഥ്യം
1: ഈ സംഭവമറിഞ്ഞ മൊർദെക്കായ്, വസ്ത്രംകീറി, ചാക്കുടുത്ത്, ചാരംപൂശി, അത്യുച്ചത്തിൽ ദയനീയമായി നിലവിളിച്ചുകൊണ്ടു നഗരമദ്ധ്യത്തിലേക്കു ചെന്നു.
2: അവൻ രാജാവിൻ്റെ പടിവാതിലോളം ചെന്നുനിന്നു; കാരണം ചാക്കുവസ്ത്രമുടുത്ത് ആർക്കും രാജാവിൻ്റെ വാതിൽ കടന്നുകൂടായിരുന്നു.
3: രാജകല്പനയും വിളംബരവുമെത്തിയ എല്ലാ പ്രവിശ്യകളിലും യഹൂദരുടെയിടയില്‍ ഉപവാസവും കരച്ചിലും നിലവിളിയുമുണ്ടായി. ഏറെപ്പേരും ചാക്കുടുത്ത് ചാരത്തില്‍ക്കിടന്നു.
4: തോഴിമാരും ഷണ്ഡന്മാരും പറഞ്ഞ്, ഇതെല്ലാമറിഞ്ഞ്, എസ്‌തേര്‍ അത്യന്തം പര്യാകുലയായി; ചാക്കുവസ്ത്രത്തിനുപകരം ധരിക്കാന്‍ വസ്ത്രങ്ങള്‍ അവള്‍ മൊര്‍ദെക്കായ്ക്കു കൊടുത്തയച്ചു; പക്ഷേ അവനതു സ്വീകരിച്ചില്ല.
5: തന്നെ ശുശ്രൂഷിക്കാന്‍ നിയുക്തനായിരുന്നവനും രാജാവിൻ്റെ ഷണ്ഡന്മാരിലൊരുവനുമായ ഹഥാക്കിനെ വിളിച്ച് എസ്തേര്‍ ഇതെല്ലാമെന്താണെന്നും എന്തിനാണെന്നുമറിയാന്‍ മൊര്‍ദെക്കായുടെ അടുത്തേക്കയച്ചു.
6: അവന്‍ രാജാവിൻ്റെ പടിവാതിലിനുമുമ്പില്‍ നഗരത്തിൻ്റെ പൊതുസ്ഥലത്തുനിന്നിരുന്ന മൊര്‍ദെക്കായുടെ അടുത്തെത്തി.
7: തനിക്കു സംഭവിച്ചതും യഹൂദരെ നശിപ്പിക്കാന്‍ രാജഭണ്ഡാരത്തിലേക്കു കൊടുക്കാമെന്നു ഹാമാന്‍ വാഗ്ദാനംചെയ്ത പണത്തിൻ്റെ കണിശമായ സംഖ്യയും മൊര്‍ദെക്കായ് അവനോടു പറഞ്ഞു.
8: രാജ്ഞിയെക്കാണിച്ച് അവള്‍ക്കു വിശദീകരിച്ചുകൊടുത്ത് തൻ്റെ ജനതയ്ക്കുവേണ്ടി രാജാവിനോടു യാചിക്കാന്‍ അവളെ പ്രേരിപ്പിക്കാന്‍വേണ്ടി, തങ്ങളെ നശിപ്പിക്കാന്‍ സൂസായില്‍ പ്രസിദ്ധപ്പെടുത്തിയ വിളംബരത്തിൻ്റെ ഒരു പകര്‍പ്പ് മൊര്‍ദെക്കായ് അവനെയേല്പിച്ചു. ഞാന്‍ നിന്നെ പരിപാലിച്ച നിൻ്റെ എളിയദിനങ്ങളെയോര്‍ക്കുക. രാജാവിനു തൊട്ടടുത്ത സ്ഥാനമുള്ള ഹാമാന്‍ ഞങ്ങളുടെ നാശത്തിനുവേണ്ടി ഞങ്ങള്‍ക്കെതിരേ സംസാരിച്ചിരിക്കുന്നു. കര്‍ത്താവിനോടു പ്രാര്‍ത്ഥിക്കുകയും ഞങ്ങളെപ്പറ്റി രാജാവിനോടു സംസാരിച്ച് ഞങ്ങളെ മരണത്തില്‍നിന്നു രക്ഷിക്കുകയും ചെയ്യുക.
9: ഹഥാക്ക് ചെന്നു മൊര്‍ദെക്കായ് പറഞ്ഞത് എസ്‌തേറിനെ ധരിപ്പിച്ചു.
10: അപ്പോള്‍ അവള്‍ ഹഥാക്കുവഴി ഒരു സന്ദേശം മൊര്‍ദെക്കായെ അറിയിച്ചു.
11: എല്ലാ രാജസേവകന്മാര്‍ക്കും രാജാവിൻ്റെ പ്രവിശ്യകളിലെ ആളുകള്‍ക്കുമറിയാം, വിളിക്കപ്പെടാതെ ആരെങ്കിലും - ആണായാലും പെണ്ണായാലും - അകത്തെയങ്കണത്തില്‍ രാജസന്നിധിയില്‍ പ്രവേശിച്ചാല്‍ നിയമം ഒന്നേയുള്ളു - രാജാവു തൻ്റെ സ്വര്‍ണ്ണച്ചെങ്കോല്‍ അവൻ്റെനേരേ നീട്ടുന്നില്ലെങ്കില്‍ അവന്‍ വധിക്കപ്പെടണം. മുപ്പതു ദിവസമായി രാജാവെന്നെ വിളിച്ചിട്ടില്ല.
12: എസ്‌തേര്‍ പറഞ്ഞത്, അവര്‍ മൊര്‍ദെക്കായെ അറിയിച്ചു.
13: അപ്പോള്‍ മൊര്‍ദെക്കായ് എസ്‌തേറിനു മറുപടികൊടുത്തു: നീ രാജകൊട്ടാരത്തില്‍ മറ്റു യഹൂദരെക്കാള്‍ അല്പമെങ്കിലും കൂടുതല്‍ സുരക്ഷിതയായിരിക്കുമെന്നു കരുതേണ്ടാ.
14: ഇതുപോലൊരു സമയത്തു നീ മൗനംപാലിച്ചാല്‍ യഹൂദര്‍ക്കു മറ്റൊരിടത്തുനിന്ന് ആശ്വാസവും മോചനവും വരും. പക്ഷേ, നീയും നിൻ്റെ പിതൃഭവനവും നശിക്കും. ഇത്തരം ഒരു കാലത്തേക്കായിട്ടല്ല, നീ രാജ്ഞീസ്ഥാനത്തു വന്നിരിക്കുന്നതെന്ന് ആര്‍ക്കറിയാം?
15: അപ്പോള്‍ മൊര്‍ദെക്കായോടു പറയേണ്ട ഉത്തരം എസ്‌തേര്‍ അവര്‍ക്കു നല്കി:
16: നീ പോയി സൂസായിലുള്ള സകല യഹൂദരെയും ഒരുമിച്ചുകൂട്ടി എനിക്കുവേണ്ടി ഉപവസിക്കുക. മൂന്നുദിവസം രാത്രിയും പകലും എന്തെങ്കിലും ഭക്ഷിക്കുകയോ പാനംചെയ്യുകയോ അരുത്. ഞാനും എൻ്റെ തോഴിമാരും നിങ്ങളെപ്പോലെതന്നെ ഉപവസിക്കും. പിന്നെ, നിയമത്തിനെതിരാണെങ്കിലും ഞാന്‍ രാജാവിൻ്റെയടുത്തു പോകും; ഞാന്‍ നശിക്കുന്നെങ്കില്‍ നശിക്കട്ടെ.
17: എസ്‌തേര്‍ പറഞ്ഞതുപോലെ മൊര്‍ദെക്കായ് ചെയ്തു.

അദ്ധ്യായം 13

മൊര്‍ദെക്കായുടെ പ്രാര്‍ത്ഥന
1: കര്‍ത്താവിൻ്റെ സകലപ്രവൃത്തികളും അനുസ്മരിച്ചുകൊണ്ടു മൊര്‍ദെക്കായ് പ്രാര്‍ത്ഥിച്ചു:
2: കര്‍ത്താവേ, എല്ലാ വസ്തുക്കളെയും ഭരിക്കുന്ന രാജാവായ കര്‍ത്താവേ, പ്രപഞ്ചം അങ്ങേക്കു വിധേയമാണല്ലോ; ഇസ്രായേലിനെ രക്ഷിക്കാന്‍ അവിടുത്തേക്കിഷ്ടമെങ്കില്‍, അതിനെയെതിര്‍ക്കാന്‍ ആര്‍ക്കുമാവില്ലല്ലോ.
3: ആകാശവും ഭൂമിയും ആകാശത്തിനുകീഴിലുള്ള അദ്ഭുതവസ്തുക്കള്‍ സകലവും അങ്ങു സൃഷ്ടിച്ചു;
4: അങ്ങു സകലത്തിൻ്റെയും കര്‍ത്താവാണ്; കര്‍ത്താവായ അങ്ങയെയെതിര്‍ക്കാന്‍ ആര്‍ക്കുമാവില്ല.
5: അങ്ങെല്ലാമറിയുന്നു; ഔദ്ധത്യംകൊണ്ടോ അഹങ്കാരംകൊണ്ടോ മഹത്വാകാംക്ഷകൊണ്ടോ അല്ല, ഞാന്‍ അഹങ്കാരിയായ ഹാമാൻ്റെ മുമ്പില്‍ കുമ്പിടാത്തതെന്ന് അവിടുന്നറിയുന്നുവല്ലോ;
6: ഇസ്രായേലിനെ രക്ഷിക്കാന്‍വേണ്ടി അവൻ്റെ ഉള്ളംകാല്‍പോലും ചുംബിക്കാന്‍ ഞാന്‍ തയ്യാറാകുമായിരുന്നു.
7: എന്നാല്‍, ഞാനിതു ചെയ്തത്, മനുഷ്യൻ്റെ മഹത്വം ദൈവത്തിൻ്റെ മഹത്വത്തെക്കാള്‍ ഉയര്‍ത്തിക്കാട്ടാതിരിക്കാനാണ്. എൻ്റെ ദൈവമായ കര്‍ത്താവിൻ്റെ മുമ്പിലല്ലാതെ മറ്റാരുടെയുംമുമ്പില്‍ ഞാന്‍ കുമ്പിടുകയില്ല; ഇതൊന്നും ഞാന്‍ അഹങ്കാരംകൊണ്ടു ചെയ്യുന്നതല്ല.
8: രാജാവും ദൈവവുമായ കര്‍ത്താവേ, അബ്രാഹമിൻ്റെ ദൈവമേ, ഇപ്പോള്‍ അങ്ങയുടെ ജനത്തെ രക്ഷിക്കണമേ! ഞങ്ങളുടെ ശത്രുക്കള്‍ ഞങ്ങളെ നശിപ്പിക്കാന്‍ കണ്ണുവച്ചിരിക്കുന്നു. ആരംഭംമുതലേ അങ്ങയുടേതായിരുന്ന അവകാശം നശിപ്പിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു.
9: ഈജിപ്തുനാട്ടില്‍നിന്ന് അങ്ങേക്കായി അങ്ങു വീണ്ടെടുത്ത അങ്ങയുടെ അവകാശത്തെ അവഗണിക്കരുതേ!
10: എൻ്റെ പ്രാര്‍ത്ഥന കേള്‍ക്കണമേ! അങ്ങയുടെ അവകാശത്തിന്മേല്‍ കരുണയുണ്ടാകണമേ; ഞങ്ങളുടെ വിലാപത്തെ ഉത്സവമാക്കിമാറ്റണമേ; കര്‍ത്താവേ, ഞങ്ങള്‍ ജീവിക്കുകയും അങ്ങയുടെ നാമത്തിനു സ്തുതിപാടുകയും ചെയ്യട്ടെ! അങ്ങയെ സ്തുതിക്കുന്നവരുടെ അധരങ്ങളെ നശിപ്പിക്കരുതേ!
11: എല്ലാ ഇസ്രായേല്‍ക്കാരും അത്യുച്ചത്തില്‍ കരഞ്ഞു; അവര്‍ മരണം മുമ്പില്‍ക്കാണുകയായിരുന്നു.

അദ്ധ്യായം 14

എസ്‌തേറിൻ്റെ പ്രാര്‍ത്ഥന
1: എസ്‌തേര്‍രാജ്ഞി മരണതുല്യമായ ഉത്കണ്ഠയ്ക്കധീനയായി കര്‍ത്താവിങ്കലേക്കോടി.
2: അവള്‍ വസ്ത്രാഡംബരങ്ങളുപേക്ഷിച്ചു ദുഃഖത്തിൻ്റെയും വിലാപത്തിൻ്റെയും വസ്ത്രംധരിച്ചു. വിലയേറിയ സുഗന്ധവസ്തുക്കള്‍ക്കുപകരം ചാരവും ചാണകവുംകൊണ്ട് അവള്‍ തലമൂടി; ശരീരത്തെ അത്യന്തമെളിമപ്പെടുത്തി; അലങ്കരിക്കാനിഷ്ടപ്പെട്ടിരുന്ന ശരീരഭാഗങ്ങള്‍ താറുമാറായ തലമുടികൊണ്ടു മറച്ചു.
3: അവള്‍ ഇസ്രായേലിൻ്റെ ദൈവമായ കര്‍ത്താവിനോടു പ്രാര്‍ത്ഥിച്ചു: എൻ്റെ കര്‍ത്താവേ, അങ്ങു മാത്രമാണു ഞങ്ങളുടെ രാജാവ്; അങ്ങല്ലാതെ മറ്റൊരു തുണയില്ലാത്ത ഏകയായ എന്നെ സഹായിക്കണമേ!
4: അപകടം എൻ്റെ കൈപ്പാട്ടിലെത്തിയിരിക്കുന്നു.
5: കര്‍ത്താവേ, അങ്ങു സകല ജനതകളിലുംനിന്ന് ഇസ്രായേലിനെ തിരഞ്ഞെടുത്തുവെന്നും, ഞങ്ങളുടെ പിതാക്കന്മാരെ അവരുടെ എല്ലാ പൂര്‍വ്വികന്മാരിലുംനിന്ന് ഒരു ശാശ്വതാവകാശമായി തിരഞ്ഞെടുത്തുവെന്നും അവരോടു വാഗ്ദാനംചെയ്തതെല്ലാം അങ്ങു നിറവേറ്റിയെന്നും ജനനംമുതല്‍ ഞാന്‍ കുടുംബഗോത്രത്തില്‍ പറഞ്ഞുകേട്ടിട്ടുണ്ട്.
6: ഇപ്പോള്‍ ഞങ്ങള്‍ അവിടുത്തെമുമ്പില്‍ പാപംചെയ്തിരിക്കുന്നു; അങ്ങു ഞങ്ങളെ, ഞങ്ങളുടെ ശത്രുക്കളുടെ കരങ്ങളിലേല്പിച്ചുകൊടുത്തു.
7: കാരണം, ഞങ്ങള്‍ അവരുടെ ദേവന്മാരെ മഹത്വപ്പെടുത്തി.
8: കര്‍ത്താവേ, അങ്ങു നീതിമാനാണ്.
9: ഞങ്ങള്‍ അതികഠിനമായ അടിമത്തം അനുഭവിക്കുന്നതുകൊണ്ടുമാത്രം അവരിപ്പോള്‍ തൃപ്തരാകുന്നില്ല;
10: അങ്ങു കല്പിച്ചവയെ ഇല്ലാതാക്കാനും, അങ്ങയുടെ അവകാശം നശിപ്പിക്കാനും, അങ്ങയെ സ്തുതിക്കുന്നവരുടെ അധരങ്ങളെ തടയാനും, അങ്ങയുടെ ബലിപീഠത്തിലെ അഗ്നികെടുത്താനും, അങ്ങയുടെ ഭവനത്തിൻ്റെ മഹത്വമില്ലാതാക്കാനും, വ്യര്‍ത്ഥവിഗ്രഹങ്ങള്‍ക്കു സ്തുതിപാടാന്‍ ജനതകളുടെ അധരങ്ങള്‍ തുറക്കാനും, മര്‍ത്ത്യനായ ഒരു രാജാവിനെ എന്നേക്കും മഹത്വപ്പെടുത്താനും അവര്‍ തങ്ങളുടെ വിഗ്രഹങ്ങളോട് ഉടമ്പടിചെയ്തിരിക്കുന്നു.
11: കര്‍ത്താവേ, അസ്തിത്വമില്ലാത്ത ഒന്നിന് അങ്ങയുടെ ചെങ്കോല്‍ അടിയറവയ്ക്കരുതേ! ഞങ്ങളുടെ പതനത്തില്‍ ഞങ്ങളെ പരിഹസിക്കാന്‍ അവരെയനുവദിക്കരുതേ! അവരുടെ പദ്ധതി അവര്‍ക്കെതിരേ തിരിക്കണമേ! ഞങ്ങള്‍ക്കെതിരേ ഇങ്ങനെ തുനിഞ്ഞവനെ മറ്റുള്ളവര്‍ക്ക് ഒരു പാഠമാക്കണമേ!
12: കര്‍ത്താവേ, അങ്ങിതെല്ലാം ഓര്‍ക്കണമേ; ഞങ്ങളുടെ ഈ കഷ്ടദിനങ്ങളില്‍ അങ്ങ്, അങ്ങയെ വെളിപ്പെടുത്തണമേ! ദേവന്മാരുടെ രാജാവേ, സകലാധികാരത്തിൻ്റെയും അധിപനേ, എനിക്കു ധൈര്യം പകരണമേ.
13: സിംഹത്തിൻ്റെമുമ്പില്‍ എനിക്ക് ഭാഷണചാതുര്യം നല്കണമേ; ഞങ്ങള്‍ക്കെതിരേ പൊരുതുന്നവനെ വെറുക്കേണ്ടതിന്, അവനു മനംമാറ്റം വരുത്തണമേ! ശത്രുവും അവനോടു ചേര്‍ന്നവരും നശിക്കട്ടെ.
14: ഞങ്ങളെ അങ്ങയുടെ കരത്താല്‍ രക്ഷിക്കണമേ! കര്‍ത്താവേ, അങ്ങല്ലാതെ മറ്റൊരു തുണയില്ലാത്ത ഏകയായ എന്നെ സഹായിക്കണമേ! അങ്ങെല്ലാമറിയുന്നുവല്ലോ.
15: ഞാന്‍ ദുഷ്ടന്മാരുടെ പ്രതാപത്തെയും, അപരിച്ഛേദിതൻ്റെയും വിദേശിയുടെയും കിടക്കയേയും വെറുക്കുന്നുവെന്ന് അങ്ങേയ്ക്കറിയാമല്ലോ.
16: അപരിഹാര്യമായ എൻ്റെയവസ്ഥ അങ്ങറിയുന്നു. ജനമദ്ധ്യത്തില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ശിരസ്സിലണിയുന്ന എൻ്റെയുന്നതസ്ഥാനത്തിൻ്റെ ചിഹ്നത്തെ ഞാന്‍ വെറുക്കുന്നു; ഞാനതിനെ മലിനമായ പഴന്തുണിപോലെ വെറുക്കുന്നു; ഔദ്യോഗികമല്ലാത്ത അവസരങ്ങളില്‍ ഞാനതു ധരിക്കുന്നില്ല.
17: അങ്ങയുടെ ദാസി, ഹാമാൻ്റെ മേശയില്‍നിന്നു ഭക്ഷിച്ചിട്ടില്ല; രാജാവിൻ്റെ വിരുന്നുകളെ ഞാന്‍ ബഹുമാനിച്ചിട്ടില്ല; വിഗ്രഹാര്‍പ്പിതമായ വീഞ്ഞു ഞാന്‍ കുടിച്ചിട്ടില്ല.
18: അബ്രാഹമിൻ്റെ ദൈവമായ കര്‍ത്താവേ, എന്നെയിവിടെ കൊണ്ടുവന്നനാള്‍മുതല്‍ ഇതുവരെ, അങ്ങിലല്ലാതെ ഈ ദാസിക്ക് ആനന്ദമില്ലായിരുന്നു.
19: എല്ലാറ്റിനെയും ഭരിക്കുന്ന ദൈവമേ, ആശയറ്റവരുടെ ശബ്ദം കേള്‍ക്കണമേ! തിന്മചെയ്യുന്നവരുടെ കരങ്ങളില്‍നിന്നു ഞങ്ങളെ രക്ഷിക്കണമേ! എന്നെ ഭയത്തില്‍നിന്നു മോചിപ്പിക്കണമേ.

അദ്ധ്യായം 5

എസ്‌തേര്‍ രാജസന്നിധിയില്‍

1: മൂന്നാംദിവസം എസ്‌തേര്‍ രാജകീയവസ്ത്രങ്ങളണിഞ്ഞ്, കൊട്ടാരത്തിൻ്റെ അകത്തെയങ്കണത്തില്‍, രാജമന്ദിരത്തിനുമുമ്പില്‍ ചെന്നുനിന്നു. രാജാവു കൊട്ടാരത്തില്‍ വാതിലിനുനേരേ സിംഹാസനത്തിലിരിക്കുകയായിരുന്നു.
2: എസ്‌തേര്‍രാജ്ഞി അങ്കണത്തില്‍ നില്‍ക്കുന്നതു രാജാവുകണ്ടു; അവന്‍ അവളില്‍ പ്രസാദിച്ചു. തൻ്റെ കൈയിലിരുന്ന സ്വര്‍ണ്ണച്ചെങ്കോല്‍ അവന്‍ അവളുടെനേരേ നീട്ടി. എസ്‌തേര്‍ അടുത്തുചെന്നു ചെങ്കോലിൻ്റെ അഗ്രംതൊട്ടു.

അദ്ധ്യായം 15


1: മൂന്നാംദിവസം പ്രാര്‍ത്ഥനതീര്‍ന്നപ്പോള്‍, അവള്‍ പ്രാര്‍ത്ഥനാവേളയിലെ വസ്ത്രംമാറ്റി, മോടിയുള്ള വസ്ത്രം ധരിച്ചു.
2: രാജകീയമായ അലങ്കാരങ്ങളണിഞ്ഞ്, എല്ലാംകാണുന്ന രക്ഷകനായ ദൈവത്തിൻ്റെ സഹായം വിളിച്ചപേക്ഷിച്ച്, രണ്ടു തോഴിമാരെയുംകൂട്ടി അവള്‍ നടന്നു.
3: ഒരുവളുടെമേല്‍ അവള്‍ മൃദുവായി ചാരി;
4: അപര, പിന്നില്‍ നീണ്ടുകിടക്കുന്ന വസ്ത്രത്തിൻ്റെയഗ്രം ഉയര്‍ത്തിപ്പിടിച്ചിരുന്നു.
5: അവികലസൗന്ദര്യംകൊണ്ട് അവള്‍ പ്രശോഭിച്ചു; സ്നേഹവും സന്തുഷ്ടിയും മുഖത്തു പ്രകടിപ്പിച്ചിരുന്നെങ്കിലും അവളുടെ ഹൃദയം ഭീതികൊണ്ടു മരവിച്ചിരുന്നു.
6: വാതിലുകള്‍ ഓരോന്നായിക്കടന്ന് അവള്‍ രാജാവിൻ്റെമുമ്പില്‍ ചെന്നുനിന്നു. സ്വര്‍ണ്ണവും അമൂല്യരത്നങ്ങളുംകൊണ്ടുപൊതിഞ്ഞ സിംഹാസനത്തില്‍, രാജാവു രാജകീയവസ്ത്രങ്ങളണിഞ്ഞിരിക്കുകയായിരുന്നു. അവൻ്റെ ദര്‍ശനം ഭീതിയുളവാക്കുന്നതായിരുന്നു.
7: തേജസ്സുകൊണ്ട് അരുണിമയാര്‍ന്ന മുഖമുയര്‍ത്തി അവന്‍ ഉഗ്രകോപത്തോടെ അവളെ നോക്കി. രാജ്ഞിയാകെ തളര്‍ന്നുപോയി; വിളറി ബോധംകെട്ട അവള്‍, തൻ്റെ മുമ്പില്‍നടക്കുന്ന തോഴിയുടെ ചുമലിലേക്കു മറിഞ്ഞു.
8: അപ്പോള്‍ രാജാവിൻ്റെ ഭാവം ദൈവം ശാന്തമാക്കി; അവന്‍ പരിഭ്രമത്തോടെ സിംഹാസനത്തില്‍നിന്നു ചാടിയെഴുന്നേറ്റ് അവള്‍ക്കു ബോധംതെളിയുംവരെ തൻ്റെ കരങ്ങളില്‍ താങ്ങി. സാന്ത്വനവചസ്സുകളാല്‍ അവളെയാശ്വസിപ്പിച്ചുകൊണ്ട് അവന്‍ ചോദിച്ചു:
9: എസ്‌തേര്‍, എന്താണിത്? ഞാന്‍ നിൻ്റെ സഹോദരനാണ്.
10: ധൈര്യമായിരിക്കൂ; നീ മരിക്കുകയില്ല; കാരണം, നമ്മുടെ നിയമം പ്രജകള്‍ക്കുമാത്രമേ ബാധകമാവൂ. അടുത്തു വരുക.
11: അവന്‍ സ്വര്‍ണ്ണച്ചെങ്കോല്‍ ഉയര്‍ത്തി അവളുടെ കഴുത്തില്‍തൊട്ടു.
12: അവന്‍ അവളെ ആലിംഗനംചെയ്തുകൊണ്ടു പറഞ്ഞു: എന്നോടു പറയൂ.
13: അവള്‍ പറഞ്ഞു: എൻ്റെ നാഥാ, അങ്ങയെ ഞാന്‍ കണ്ടതു ദൈവത്തിൻ്റെ ദൂതനെപ്പോലെയാണ്. അങ്ങനെ എൻ്റെ ഹൃദയം അങ്ങയുടെ മഹത്വത്തോടുള്ള ഭീതിനിമിത്തം പിടഞ്ഞുപോയി.
14: എൻ്റെ നാഥാ, അങ്ങ് അദ്ഭുത പുരുഷന്‍തന്നെ; അങ്ങയുടെ മുഖം തേജസ്സുറ്റതാണ്.
15: സംസാരിച്ചുകൊണ്ടുനില്‍ക്കേ അവള്‍ മോഹാലസ്യപ്പെട്ടുവീണു. രാജാവ് അത്യന്തം പരിഭ്രമിച്ചു; അവൻ്റെ ദാസന്മാര്‍ അവളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.

അദ്ധ്യായം 5

എസ്‌തേറിന്റെ വിരുന്ന്

3: രാജാവ് അവളോടു ചോദിച്ചു: എസ്‌തേര്‍രാജ്ഞീ, എന്താണു കാര്യം? എന്താണു നിനക്കു വേണ്ടത്? രാജ്യത്തിൻ്റെ പകുതിതന്നെയായാലും അതു ഞാന്‍ നിനക്കു നല്കാം.
4: എസ്‌തേര്‍ പറഞ്ഞു: രാജാവിനിഷ്ടമാണെങ്കില്‍, ഇന്നു രാജാവിനുവേണ്ടി ഞാനൊരുക്കിയിരിക്കുന്ന വിരുന്നിനു രാജാവും ഹാമാനും വരണം.
5: രാജാവു കല്പിച്ചു: എസ്‌തേറിൻ്റെ ആഗ്രഹം നിറവേറ്റാന്‍ ഹാമാനെ ഉടനെ വരുത്തുക. അങ്ങനെ എസ്‌തേര്‍ ഒരുക്കിയിരുന്ന വിരുന്നിനു രാജാവും ഹാമാനുമെത്തി.
6: അവര്‍ വീഞ്ഞു കുടിച്ചുകൊണ്ടിരിക്കേ, രാജാവ് എസ്‌തേറിനോടു ചോദിച്ചു: എന്താണു നിൻ്റെയപേക്ഷ? അതു നിനക്കു സാധിച്ചുതരാം. നിനക്കെന്താണു വേണ്ടത്? രാജ്യത്തിൻ്റെ പകുതിതന്നെയാണെങ്കിലും ഞാന്‍ നല്‍കാം.
7: എസ്‌തേര്‍ പറഞ്ഞു: എൻ്റെ അപേക്ഷയും ആവശ്യവും ഇതാണ്:
8: രാജാവിനെന്നോടു പ്രീതിയുണ്ടെങ്കില്‍, എൻ്റെയപേക്ഷയും ആവശ്യവും സാധിച്ചുതരാന്‍ അങ്ങാഗ്രഹിക്കുന്നെങ്കില്‍, ഞാനൊരുക്കുന്ന വിരുന്നിനു നാളെയും രാജാവും ഹാമാനും വരണം; രാജാവാവശ്യപ്പെട്ടതു നാളെ ഞാന്‍ ചെയ്തുകൊള്ളാം.
9: ഹാമാന്‍ അന്നു സന്തുഷ്ടനായി, ആഹ്ളാദഭരിതനായി തിരികെപ്പോയി. എന്നാല്‍, രാജാവിൻ്റെ പടിവാതില്‍ക്കല്‍, തൻ്റെ മുമ്പില്‍ എഴുന്നേല്‍ക്കാതെയും ഒന്നനങ്ങുകപോലുംചെയ്യാതെയുമിരിക്കുന്ന മൊര്‍ദെക്കായെ കണ്ടപ്പോള്‍ ഹാമാന്‍ അവനെതിരെ കോപംകൊണ്ടു നിറഞ്ഞു.
10: എന്നാല്‍, അവന്‍ തന്നെത്തന്നെ നിയന്ത്രിച്ച്, വീട്ടിലേക്കു പോയി; അവന്‍ തൻ്റെ കൂട്ടുകാരെയും ഭാര്യയായ സേരെഷിനെയും വിളിച്ചു.
11: തൻ്റെ ധനമഹിമ, സന്താനബാഹുല്യം, രാജാവു തന്നെ ബഹുമാനിച്ചു നല്കിയ സ്ഥാനക്കയറ്റങ്ങള്‍, രാജാവിൻ്റെ പ്രഭുക്കന്മാരെയും സേവകരെയുംകാള്‍ തനിക്കു നല്കിയ ഉയര്‍ച്ച ഇവയെല്ലാം ഹാമാന്‍ അവരോടു വിവരിച്ചു.
12: അവന്‍ തുടര്‍ന്നു: എസ്‌തേര്‍രാജ്ഞി, താനൊരുക്കിയ വിരുന്നിന് രാജാവിനോടൊപ്പംചെല്ലാന്‍ എന്നെയല്ലാതെ മറ്റാരെയുമനുവദിച്ചില്ല. നാളെയും രാജാവിനോടൊപ്പംചെല്ലാന്‍ അവള്‍ എന്നെ ക്ഷണിച്ചിരിക്കുകയാണ്.
13: എങ്കിലും, മൊര്‍ദെക്കായ് എന്ന യഹൂദന്‍ രാജാവിൻ്റെ പടിവാതിക്കലിരിക്കുന്നതു കാണുന്നിടത്തോളംകാലം ഇതൊന്നും എനിക്കു തൃപ്തി നല്കുന്നില്ല.
14: അപ്പോള്‍, അവൻ്റെ ഭാര്യ സേരെഷും അവൻ്റെ സകലസ്നേഹിതന്മാരും പറഞ്ഞു: അമ്പതുമുഴം ഉയരമുള്ള ഒരു കഴുമരം ഉണ്ടാക്കുക. രാവിലെതന്നെചെന്നു രാജാവിനോടു പറയണം. മൊര്‍ദെക്കായെ അതിന്മേല്‍ തൂക്കണമെന്ന്; പിന്നെ ആനന്ദത്തോടെ രാജാവിനോടൊത്തു വിരുന്നിനു പോവുക. ഈ ഉപദേശം ഹാമാനിഷ്ടപ്പെട്ടു; അവന്‍ കഴുമരവും ഉണ്ടാക്കിച്ചു.

അദ്ധ്യായം 6

മൊര്‍ദെക്കായ്ക്കു സമ്മാനം

1: ആ രാത്രി രാജാവിനുറങ്ങാന്‍ കഴിഞ്ഞില്ല; സ്മരണാര്‍ഹമായ സംഭവങ്ങള്‍ രേഖപ്പെടുത്തിയ ദിനവൃത്താന്തഗ്രന്ഥംകൊണ്ടുവരാന്‍ അവന്‍ കല്പനകൊടുത്തു; അവ രാജാവു വായിച്ചുകേട്ടു.
2: പടിവാതില്‍ക്കാവല്‍ക്കാരും രാജാവിൻ്റെ ഷണ്ഡന്മാരുമായ ബിഗ്‌താനയും തേരെഷും അഹസ്വേരൂസ്‌രാജാവിനെ വധിക്കാന്‍ ശ്രമിച്ചതും, അക്കാര്യം മൊര്‍ദെക്കായ് അറിയിച്ചതും അതില്‍ എഴുതിയിരിക്കുന്നതു കണ്ടു.
3: അപ്പോള്‍ രാജാവു ചോദിച്ചു, ഇതിന് എന്തു ബഹുമതിയും എന്തു സ്ഥാനവുമാണു മൊര്‍ദെക്കായ്ക്കു നല്കിയത്? രാജാവിനെ ശുശ്രൂഷിച്ചിരുന്ന സേവകന്മാര്‍ പറഞ്ഞു: അവനൊന്നും കൊടുത്തില്ല.
4: രാജാവു കല്പിച്ചു: അങ്കണത്തിലാരുണ്ട്? മൊര്‍ദെക്കായ്ക്കുവേണ്ടി തയ്യാറാക്കപ്പെട്ട കഴുമരത്തില്‍ അവനെ തൂക്കാന്‍ രാജാവു കല്പിക്കണമെന്നു പറയാന്‍വന്ന ഹാമാന്‍ കൊട്ടാരത്തിനു പുറത്തെ അങ്കണത്തില്‍നിന്ന് അപ്പോള്‍ പ്രവേശിച്ചതേയുള്ളു.
5: രാജാവിൻ്റെ സേവകന്മാര്‍ പറഞ്ഞു. അങ്കണത്തില്‍ ഹാമാനുണ്ട്. രാജാവു കല്പിച്ചു: അവനകത്തു വരട്ടെ.
6: അകത്തുവന്ന ഹാമാനോടു രാജാവ് ചോദിച്ചു: രാജാവു ബഹുമാനിക്കാനാഗ്രഹിക്കുന്നയാളിന് എന്താണു ചെയ്തുകൊടുക്കേണ്ടത്? ഹാമാന്‍ ഉള്ളില്‍ക്കരുതി: എന്നെയല്ലാതെ ആരെയാണു രാജാവു ബഹുമാനിക്കാനാഗ്രഹിക്കുന്നത്?
7: ഹാമാന്‍, രാജാവിനോടു പറഞ്ഞു:
8: രാജാവു ബഹുമാനിക്കാന്‍ ഇഷ്ടപ്പെടുന്നവനുവേണ്ടി, രാജാവു ധരിച്ചിട്ടുള്ള രാജകീയവസ്ത്രങ്ങളും, കിരീടധാരിയായി രാജാവു സഞ്ചരിച്ചിട്ടുള്ള കുതിരയെയും കൊണ്ടുവരട്ടെ;
9: വസ്ത്രങ്ങള്‍, കുതിര എന്നിവയെ രാജാവിൻ്റെ ഏറ്റവും ശ്രേഷ്ഠനായ ഒരു പ്രഭുവിനെയേല്പിക്കട്ടെ; രാജാവു ബഹുമാനിക്കാനാഗ്രഹിക്കുന്നവനെ ആ വസ്ത്രഭൂഷണങ്ങളണിയിച്ച് കുതിരപ്പുറത്തിരുത്തി താന്‍ ബഹുമാനിക്കാന്‍ ആഗ്രഹിക്കുന്നവനോടു രാജാവ് ഇങ്ങനെ പെരുമാറുന്നുവെന്നു വിളിച്ചുപറഞ്ഞുകൊണ്ട് അവന്‍ നഗരവീഥിയിലൂടെ കൊണ്ടുപോകട്ടെ.
10: അപ്പോള്‍ രാജാവു ഹാമാനോടു കല്പിച്ചു: വേഗം പോയി, നീ പറഞ്ഞതുപോലെ വസ്ത്രങ്ങളും കുതിരയെയുംകൊണ്ടുവന്ന് രാജാവിൻ്റെ പടിവാതില്‍ക്കലിരിക്കുന്ന മൊര്‍ദെക്കായ് എന്ന യഹൂദനെയാദരിക്കുക. നീ പറഞ്ഞതില്‍ ഒരു കുറവും വരുത്തരുത്.
11: അങ്ങനെ ഹാമാന്‍, വസ്ത്രങ്ങളും കുതിരയെയുംകൊണ്ടുവന്ന് മൊര്‍ദെക്കായെ അണിയിച്ചൊരുക്കി; രാജാവു ബഹുമാനിക്കാന്‍ ആഗ്രഹിക്കുന്നവനോട് ഇങ്ങനെ പെരുമാറുന്നുവെന്ന് ആര്‍ത്തുവിളിച്ച് അവനെ കുതിരപ്പുറത്തിരുത്തി നഗരവീഥിയിലൂടെ കൊണ്ടുനടന്നു.
12: അനന്തരം, മൊര്‍ദെക്കായ് രാജാവിൻ്റെ പടിവാതില്‍ക്കലേക്കു മടങ്ങി. ഹാമാനാകട്ടെ വിലപിച്ചുകൊണ്ടും മുഖം മൂടിക്കൊണ്ടും സ്വഭവനത്തിലേക്ക് ഓടിപ്പോയി.
13: തനിക്കു സംഭവിച്ചതെല്ലാം ഹാമാന്‍ തൻ്റെ ഭാര്യയായ സേരെഷിനോടും കൂട്ടുകാരോടും പറഞ്ഞു. അപ്പോള്‍ അവൻ്റെ ഉപദേഷ്ടാക്കളും ഭാര്യ സേരെഷും പറഞ്ഞു: ആരുടെമുമ്പില്‍ നിൻ്റെ പതനമാരംഭിച്ചുവോ, ആ മൊര്‍ദെക്കായ് യഹൂദജനതയില്‍പ്പെട്ടവനാണെങ്കില്‍ അവനെതിരേ പിടിച്ചുനില്‍ക്കാന്‍ നിനക്കാവുകയില്ല. നീ അവൻ്റെ മുമ്പില്‍ വീഴും, തീര്‍ച്ച.
14: അവര്‍ സംസാരിച്ചിരിക്കുമ്പോള്‍ത്തന്നെ, രാജാവിൻ്റെ ഷണ്ഡന്മാര്‍ വന്ന്, എസ്‌തേര്‍ ഒരുക്കിയിരുന്ന വിരുന്നിനായി ഹാമാനെ വേഗം കൂട്ടിക്കൊണ്ടുപോയി.

അദ്ധ്യായം 7

ഹാമാൻ്റെ പതനം
1: രാജാവും ഹാമാനും എസ്‌തേര്‍രാജ്ഞിയൊരുക്കിയ വിരുന്നിനുചെന്നു.
2: രണ്ടാംദിവസം അവര്‍ വീഞ്ഞു കുടിച്ചുകൊണ്ടിരിക്കേ രാജാവ് എസ്‌തേറിനോടു വീണ്ടും ചോദിച്ചു: എസ്‌തേര്‍രാജ്ഞീ, നിൻ്റെയപേക്ഷയെന്ത്? അതു നിനക്കു ലഭിക്കും. എന്താണു നിൻ്റെ ആവശ്യം? രാജ്യത്തിൻ്റെ പകുതിതന്നെയായാലുംശരി അതു ഞാന്‍ നല്കാം.
3: എസ്‌തേര്‍രാജ്ഞി പറഞ്ഞു: രാജാവേ, അങ്ങെന്നില്‍ സംപ്രീതനാണെങ്കില്‍, രാജാവിനിഷ്ടമാണെങ്കില്‍, എൻ്റെ ജീവന്‍ രക്ഷിക്കണമെന്നാണ് എൻ്റെയപേക്ഷ. എൻ്റെ ജനത്തെ രക്ഷിക്കണമെന്നതാണ് എൻ്റെയാവശ്യം.
4: നശിപ്പിക്കപ്പെടാനും കൊല്ലപ്പെടാനും നിര്‍മ്മൂലനംചെയ്യപ്പെടാനും ഞാനും എൻ്റെ ജനവും വില്ക്കപ്പെട്ടവരാണ്. ഞങ്ങള്‍ - സ്ത്രീകളും പുരുഷന്മാരും - വെറും അടിമകളായിട്ടാണു വില്ക്കപ്പെട്ടിരുന്നതെങ്കില്‍ ഞാന്‍ സമാധാനംവെടിയുകയില്ലായിരുന്നു. ഞങ്ങളുടെ നാശം രാജാവിനു നഷ്ടമായിത്തീരരുതല്ലോ.
5: അഹസ്വേരൂസ്‌രാജാവ് എസ്‌തേര്‍രാജ്ഞിയോടു ചോദിച്ചു: ഇതുചെയ്യാന്‍ ധൈര്യപ്പെട്ടവനാര്? അവനെവിടെ?
6: എസ്‌തേര്‍ പറഞ്ഞു: വൈരിയും ശത്രുവും! ദുഷ്ടനായ ഈ ഹാമാന്‍തന്നെ! അപ്പോള്‍ ഹാമാന്‍ രാജാവിൻ്റെയും രാജ്ഞിയുടെയുംമുമ്പില്‍ ഭയന്നുവിറച്ചു.
7: രാജാവു വിരുന്നു നിറുത്തി, കോപിച്ചെഴുന്നേറ്റ് രാജകീയോദ്യാനത്തിലേക്കുപോയി; എന്നാല്‍ ഹാമാന്‍, എസ്‌തേര്‍രാജ്ഞിയോടു തൻ്റെ ജീവന്‍യാചിക്കാന്‍ അവിടെ നിന്നു; കാരണം, തനിക്കു രാജാവ് തിന്മ വിധിച്ചിരിക്കുന്നെന്ന് അവനു മനസ്സിലായി.
8: എസ്‌തേര്‍ ഇരുന്നിരുന്ന തല്പത്തില്‍ ഹാമാന്‍ വീഴുന്നതു കണ്ടുകൊണ്ടാണ് രാജാവ് ഉദ്യാനത്തില്‍നിന്ന്, വീഞ്ഞുകുടിച്ചിരുന്ന സ്ഥലത്തേക്കു മടങ്ങിവന്നത്. അവന്‍ ചോദിച്ചു: എൻ്റെ കൊട്ടാരത്തില്‍ വച്ച്, എൻ്റെ മുമ്പില്‍വച്ച്, അവന്‍ രാജ്ഞിയെ ആക്രമിക്കുമോ? ഈ വാക്കുകള്‍ രാജാവുച്ചരിച്ച ഉടനെ അവര്‍ ഹാമാൻ്റെ മുഖം മൂടി.
9: രാജാവിനെ സേവിച്ചിരുന്ന ഷണ്ഡന്മാരിലൊരാളായ ഹര്‍ബോണാ പറഞ്ഞു: രാജാവിനെ രക്ഷിച്ച മൊര്‍ദെക്കായ്ക്കുവേണ്ടി ഹാമാന്‍ തയ്യാറാക്കിയ അമ്പതു മുഴം ഉയരമുള്ള കഴുമരം അവൻ്റെ വീട്ടില്‍ നില്‍ക്കുന്നു. രാജാവു കല്പിച്ചു. അവനെ അതില്‍ത്തന്നെ തൂക്കുക.
10: അങ്ങനെ മൊര്‍ദെക്കായ്ക്കുവേണ്ടി ഹാമാന്‍ തയ്യാറാക്കിയ കഴുമരത്തില്‍ അവനെ അവര്‍ തൂക്കി, രാജാവിൻ്റെ കോപം ശമിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ