നൂറ്റിനാല്പത്തിയാറാം ദിവസം: 2 മക്കബായര്‍ 4 - 6


അദ്ധ്യായം 4

ഓനിയാസിനെതിരേ ആരോപണങ്ങള്‍

1: ഹെലിയോദോറസിനെ പ്രേരിപ്പിച്ച് അനര്‍ത്ഥങ്ങള്‍ക്കിടയാക്കിയത് ഓനിയാസാണെന്ന്, ധനത്തെക്കുറിച്ചുള്ള വിവരങ്ങള്‍നല്കി, സ്വരാജ്യത്തെ വഞ്ചിച്ച പ്രസ്തുത ശിമയോന്‍ പറഞ്ഞുപരത്തി.
2: നഗരത്തിൻ്റെ ഉപകാരിയും ജനത്തിൻ്റെ സംരക്ഷകനും നിയമങ്ങളില്‍ തീക്ഷണമതിയുമായ അവനെ ഭരണകൂടത്തെയെതിര്‍ക്കുന്ന ഉപജാപകനായി മുദ്രകുത്താന്‍ അവന്‍ മടിച്ചില്ല.
3: ഈ വിരോധം വളര്‍ന്നു ശിമയോൻ്റെ വിശ്വസ്തരായ അനുചരന്മാരിലൊരുവന്‍ കൊലപാതകങ്ങള്‍പോലും നടത്താന്‍തുടങ്ങി.
4: അപ്പോള്‍ ശിമയോൻ്റെ വിരോധം ഗുരുതരമാണെന്നും, മെനെസ്‌തെവൂസിൻ്റെ പുത്രനും ദക്ഷിണസിറിയായുടെയും ഫെനീഷ്യയുടെയും ഭരണാധിപനുമായ അപ്പോളോണിയൂസ് അവൻ്റെ ദുഷ്ടതയ്ക്കു മൂര്‍ച്ചകൂട്ടുന്നുവെന്നും ഓനിയാസ് മനസ്സിലാക്കി.
5: ആരെയും കുറ്റപ്പെടുത്താനല്ല, ജനത്തിൻ്റെ പൊതുനന്മയും വ്യക്തിപരമായ നന്മയും ലക്ഷ്യമാക്കി അവന്‍ രാജാവിനെ സമീപിച്ചു.
6: രാജാവ് ഇടപെട്ടില്ലെങ്കില്‍ പൊതുക്കാര്യങ്ങള്‍ സമാധാനപരമായ ഒത്തുതീര്‍പ്പിലെത്തുകയില്ലെന്നും ശിമയോന്‍ അവിവേകം അവസാനിപ്പിക്കുകയില്ലെന്നും അവന്‍ മനസ്സിലാക്കിയതുകൊണ്ടാണ് ഇങ്ങനെ ചെയ്തത്.


ജാസന്‍ പ്രധാനപുരോഹിതന്‍
7: സെല്യൂക്കസ് മരിച്ചതിനുശേഷം എപ്പിഫാനസ് എന്നു വിളിക്കപ്പെടുന്ന അന്തിയോക്കസ് രാജാവായപ്പോള്‍, ഓനിയാസിൻ്റെ സഹോദരന്‍ ജാസന്‍ കോഴകൊടുത്ത്, പ്രധാനപുരോഹിതസ്ഥാനം കൈക്കലാക്കി.
8: അവന്‍ രാജാവിനെക്കണ്ടു മുന്നൂറ്റിയറുപതു താലന്തും വേറൊരിനത്തില്‍ എണ്‍പതു താലന്തും വെള്ളി വാഗ്ദാനംചെയ്തു.
9: തൻ്റെ അധികാരത്തില്‍ ഒരു കായികാഭ്യാസക്കളരിയും യുവജനസംഘവും സ്ഥാപിക്കാന്‍ അനുവദിക്കുകയും ജറുസലെം പൗരന്മാരെ അന്ത്യോക്യാപൗരന്മാരായി അംഗീകരിക്കുകയുംചെയ്താല്‍, നൂറ്റിയമ്പതു താലന്തുകൂടെ കൊടുക്കാമെന്നും അവന്‍ സമ്മതിച്ചു.
10: രാജാവിൻ്റെ അനുമതിനേടി, ജാസന്‍ പുരോഹിതസ്ഥാനം ഏറ്റെടുത്തയുടനെ, ജനത്തെ ഗ്രീക്കുസമ്പ്രദായങ്ങളിലേക്കു തിരിച്ചുതുടങ്ങി.
11: റോമാക്കാരുമായി സഖ്യംസ്ഥാപിക്കാന്‍ ദൂതനായിപ്പോയ യൂപ്പൊളേമൂസിന്റെ പിതാവായ യോഹന്നാന്‍ യഹൂദര്‍ക്കു നേടിക്കൊടുത്ത രാജകീയാനുകൂല്യങ്ങള്‍ അവനവഗണിച്ചു. ജാസന്‍ നിയമാനുസൃതമായ ജീവിതസമ്പ്രദായങ്ങള്‍ നാട്ടില്‍നിന്നു നിര്‍മ്മാര്‍ജനംചെയ്ത്, നിയമവിരുദ്ധമായ പുതിയ ആചാരങ്ങളേര്‍പ്പെടുത്തി.
12: അവന്‍ ഉത്സാഹത്തോടെ കോട്ടയ്ക്കു നേരേതാഴെ ഒരു കായികാഭ്യാസക്കളരി സ്ഥാപിക്കുകയും ഗ്രീക്കുതൊപ്പി ധരിക്കാന്‍ കുലീനയുവാക്കളെ നിര്‍ബന്ധിക്കുകയും ചെയ്തു.
13: അധര്‍മ്മിയും പ്രധാനപുരോഹിതനെന്നു ഭാവിച്ചവനുമായ ജാസൻ്റെ അതിരറ്റ ദുഷ്ടതനിമിത്തം ജനം യവനാചാരങ്ങളും വിദേശീയസമ്പ്രദായങ്ങളും അങ്ങേയറ്റംവരെ സ്വീകരിച്ചു.
14: പുരോഹിതന്മാര്‍ക്കു ബലിപീഠശുശ്രൂഷയില്‍ ശുഷ്‌കാന്തി നശിച്ചു. ചക്രത്തളികയേറിനു സമയമായാലുടന്‍ പുരോഹിതന്മാര്‍, വിശുദ്ധമന്ദിരത്തെ അവഗണിക്കുകയും ബലിയര്‍പ്പണത്തില്‍ അനാസ്ഥകാണിക്കുകയുംചെയ്തുകൊണ്ട്, പരിപാടികളില്‍ സംബന്ധിക്കാന്‍ മത്സരരംഗത്തേക്കു കുതിക്കുകയായി.
15: പിതാക്കന്മാര്‍ വിലമതിച്ചതെല്ലാം അവര്‍ പുച്ഛിച്ചുതള്ളുകയും ഗ്രീക്കുകാര്‍ ആദരിച്ചതെല്ലാം വിലമതിക്കുകയും ചെയ്തു.
16: തന്മൂലം അവര്‍ കൊടിയവിപത്തുകളിലകപ്പെട്ടു. അവര്‍ മാനിക്കുകയും അന്യൂനം അനുകരിക്കാന്‍ ഇച്ഛിക്കുകയുംചെയ്ത ജീവിതസമ്പ്രദായങ്ങളുടെ ഉടമകള്‍ ശത്രുക്കളായിത്തീര്‍ന്ന്. അവരെ ശിക്ഷിച്ചു.
17: ദൈവികനിയമങ്ങളോട് അനാദരം കാണിക്കുന്നതു നിസ്സാരമല്ല. ഭാവിസംഭവങ്ങള്‍ ഈ വസ്തുത തെളിയിക്കും.
18: ടയിറില്‍ രാജാവിൻ്റെ സാന്നിദ്ധ്യത്തില്‍ ചതുര്‍വാര്‍ഷികമത്സരങ്ങള്‍ നടക്കുമ്പോള്‍,
19: നീചനായ ജാസന്‍ അന്ത്യോക്യാപൗരന്മാരായി ജറുസലെമില്‍നിന്നു തിരഞ്ഞെടുത്ത ദൂതന്മാരെ ഹെര്‍ക്കുലിസിനു ബലിയര്‍പ്പിക്കാന്‍ മുന്നൂറു ദ്രാക്മാ വെള്ളിയുമായി അങ്ങോട്ടയച്ചു. പണം കൊണ്ടുപോയവര്‍ അതു ഹെര്‍ക്കുലിസിനു ബലിയര്‍പ്പിക്കാനുപയോഗിക്കുന്നത് അനുചിതമെന്നു കരുതി മറ്റൊരു കാര്യത്തിനു വിനിയോഗിച്ചു.
20: പണം കൊടുത്തയച്ചവന്‍ അതുകൊണ്ട് ഹെര്‍ക്കുലിസിനു ബലിയര്‍പ്പിക്കാനാണ് ഉദ്ദേശിച്ചതെങ്കിലും അതു കൊണ്ടുപോയവര്‍ ചെറിയ പായ്ക്കപ്പല്‍ നിര്‍മ്മിക്കാനാണുപയോഗിച്ചത്.
21: ഈജിപ്തില്‍ ഫിലൊമെത്തോറിൻ്റെ കിരീടധാരണത്തില്‍ സംബന്ധിക്കാന്‍ മെനെസ്തേവൂസിൻ്റെ പുത്രന്‍ അപ്പൊളോണിയൂസ് അയയ്ക്കപ്പെട്ടപ്പോള്‍ ഫിലൊമെത്തോറിനു തന്നോടു ശത്രുതയുണ്ടെന്ന് അന്തിയോക്കസ് മനസ്സിലാക്കി. അവന്‍ തൻ്റെ സുരക്ഷിതത്വത്തിനുവേണ്ട നടപടികള്‍ സ്വീകരിച്ചു. ജോപ്പായിലെത്തിയതിനുശേഷം അവന്‍ ജറുസലെമിലേക്കു യാത്രതിരിച്ചു.
22: ജാസനും നഗരവാസികളുമവനെ അത്യാഡംബരപൂര്‍വ്വം പന്തങ്ങളോടും ആര്‍പ്പുവിളികളോടുംകൂടെ സ്വീകരിച്ചു. അനന്തരം, അവന്‍ സൈന്യസമേതം ഫെനീഷ്യയിലേക്കു നീങ്ങി.


മെനെലാവൂസ് പ്രധാനപുരോഹിതന്‍
23: മൂന്നുവര്‍ഷംകഴിഞ്ഞ്, ജാസന്‍ മുമ്പുപറഞ്ഞ ശിമയോൻ്റെ സഹോദരന്‍ മെനെലാവൂസിനെ രാജാവിൻ്റെയടുത്തു പണമെത്തിക്കാനും സുപ്രധാനകാര്യങ്ങളെക്കുറിച്ചുള്ള രാജാവിൻ്റെ തീരുമാനം അറിയാനുമായയച്ചു.
24: രാജസന്നിധിയിലെത്തിയ മെനെലാവൂസ്, രാജാവിനെ അധികാരഭാവത്തോടെ പുകഴ്ത്തുകയും, ജാസനെക്കാള്‍ മുന്നൂറു താലന്തു വെള്ളി കൂടുതല്‍ വാഗ്ദാനംചെയ്ത്, പ്രധാനപുരോഹിതസ്ഥാനം സ്വന്തമാക്കുകയുംചെയ്തു.
25: രാജതീട്ടൂരംനേടി മടങ്ങിയെത്തിയ അവനു പ്രധാനപുരോഹിതസ്ഥാനത്തിനുവേണ്ട ഗുണങ്ങളൊന്നുമില്ലായിരുന്നു; ക്രൂരനായ സ്വേച്ഛാധിപതിയുടെ ഉഗ്രകോപവും വന്യമൃഗത്തിൻ്റെ ക്രൂരതയുംമാത്രമുണ്ടായിരുന്നു.
26: സ്വസഹോദരനെ സ്ഥാനഭ്രഷ്ടനാക്കിയ ജാസന്‍ സ്ഥാനഭ്രഷ്ടനാക്കപ്പെട്ടു. അവന് അമ്മോന്‍നാട്ടിലേക്കു പലായനംചെയ്യേണ്ടതായും വന്നു.
27: മെനെലാവൂസ് പുരോഹിതസ്ഥാനം കൈയേറ്റെങ്കിലും വാഗ്ദാനംചെയ്ത തുക രാജാവിനു ക്രമമായി കൊടുത്തില്ല.
28: കോട്ടയുടെ അധിപനും നികുതിപിരിക്കാന്‍ ചുമതലപ്പെട്ടവനുമായ സൊസ്ത്രാത്തൂസ് അവനോടു പണമാവശ്യപ്പെട്ടുകൊണ്ടിരുന്നു. ഇക്കാര്യത്തെച്ചൊല്ലി രാജാവ് ഇരുവരെയും വിളിച്ചുവരുത്തി.
29: പുറപ്പെടുന്നതിനുമുമ്പ് മെനെലാവൂസ് സ്വസഹോദരന്‍ ലിസിമാക്കൂസിനെ പ്രധാനപുരോഹിതൻ്റെ ചുമതലയേല്പിച്ചു. സൊസ്ത്രാത്തൂസ് തനിക്കുപകരം സൈപ്രസ്‌ഗണത്തിൻ്റെ സേനാധിപനായ ക്രാത്തെസിനെ നിയോഗിച്ചു.


ഓനിയാസ് വധിക്കപ്പെടുന്നു
30: ഇക്കാലത്തു രാജാവു തൻ്റെ ഉപനാരിയായ അന്തിയോക്കിസിന് താര്‍സൂസ്, മള്ളൂസ് എന്നീ നഗരങ്ങള്‍ സമ്മാനിച്ചതിനാല്‍ അവിടെ ജനങ്ങള്‍ കലാപമുണ്ടാക്കി.
31: അതിനാല്‍, രാജാവ് ഉന്നതസ്ഥാനിയായ അന്ത്രോനിക്കൂസിനെ തൻ്റെ ചുമതലകളേല്പിച്ചിട്ട്, ലഹളയൊതുക്കാന്‍ അതിവേഗം യാത്രയായി.
32: പറ്റിയ സന്ദര്‍ഭമെന്നുകണ്ട്, മെനെലാവൂസ് ദേവാലയത്തിലെ സ്വര്‍ണ്ണപ്പാത്രങ്ങളില്‍ ചിലതു മോഷ്ടിച്ച് അന്ത്രോനിക്കൂസിനു നല്കി. മറ്റു പാത്രങ്ങള്‍ അവന്‍ ടയിറിനും സമീപനഗരങ്ങള്‍ക്കും വിറ്റുകഴിഞ്ഞിരുന്നു.
33: ഇതറിഞ്ഞ ഓനിയാസ് അന്ത്യോക്യായ്ക്കു സമീപമുള്ള ദാഫ്നെയിലെ വിശുദ്ധമന്ദിരത്തിലേക്കു മാറിയതിനുശേഷം ഈ പ്രവൃത്തികള്‍ പരസ്യമാക്കി.
34: അതിനാല്‍ ഓനിയാസിനെ വധിക്കാന്‍ മെനെലാവൂസ് അന്ത്രോനിക്കൂസിനെ രഹസ്യമായി പ്രേരിപ്പിച്ചു. അന്ത്രോനിക്കൂസ് ഓനിയാസിനെ സമീപിച്ച് വലതുകരങ്ങള്‍ ചേര്‍ത്തു വഞ്ചനാപൂര്‍വ്വം ശപഥംചെയ്തു. ഓനിയാസ് അപകടം ശങ്കിച്ചെങ്കിലും അവനെ വിശുദ്ധമന്ദിരത്തിനു പുറത്തുകൊണ്ടുവരാന്‍ അന്ത്രോനിക്കൂസിനു കഴിഞ്ഞു. അവന്‍ നീതിയെക്കുറിച്ചു തെല്ലും വിചാരമില്ലാതെ ഓനിയാസിനെ വധിച്ചു.
35: അന്യായമായ ഈ വധത്തില്‍ യഹൂദരും മറ്റു ജനതകളില്‍പെട്ട വളരെപ്പേരും ദുഃഖിക്കുകയും അമര്‍ഷംകൊള്ളുകയും ചെയ്തു.
36: രാജാവ് കിലീക്യാദേശത്തുനിന്നു മടങ്ങിയെത്തിയപ്പോള്‍ നഗരത്തിലെ യഹൂദര്‍ ഓനിയാസിൻ്റെ അകാരണവധത്തെക്കുറിച്ചു പരാതി ബോധിപ്പിച്ചു. ഗ്രീക്കുകാരും ഈ അക്രമത്തിലുള്ള തങ്ങളുടെ അമര്‍ഷം പ്രകടിപ്പിച്ചു.
37: അന്തിയോക്കസ് പരേതൻ്റെ പരിപാകതയും സത്സ്വഭാവവുമനുസ്മരിച്ച് മനോവ്യഥയും സഹതാപവുംപൂണ്ടു കരഞ്ഞു.
38: പെട്ടെന്നു കോപം ജ്വലിക്കുകയും അന്ത്രോനിക്കൂസിൻ്റെ ചെങ്കുപ്പായം ഉരിഞ്ഞുകളയുകയും മേലങ്കി വലിച്ചുകീറുകയും ചെയ്തു. ആ രക്തദാഹിയെ നഗരത്തിലൂടെ നടത്തിച്ച്, ഓനിയാസിനോട് അക്രമം പ്രവര്‍ത്തിച്ച സ്ഥലത്തുകൊണ്ടുവന്നു കൊന്നുകളഞ്ഞു. കര്‍ത്താവവന് അര്‍ഹിച്ച ശിക്ഷ നല്കി, പകരംവീട്ടി.


ലിസിമാക്കൂസ് വധിക്കപ്പെടുന്നു
39: ലിസിമാക്കൂസ് മെനെലാവൂസിൻ്റെ മൗനാനുവാദത്തോടെ നഗരത്തില്‍ ദൈവദൂഷണപരമായി പലതും പ്രവര്‍ത്തിച്ചു. സ്വര്‍ണ്ണപ്പാത്രങ്ങളില്‍ പലതും മോഷ്ടിക്കപ്പെട്ടു. വിവരം പരസ്യമായപ്പോള്‍ ജനം ലിസിമാക്കൂസിനെതിരേ സംഘടിച്ചു.
40: ജനങ്ങള്‍ പ്രക്ഷുബ്ധരാകുന്നതുകണ്ട്, ലിസിമാക്കൂസ് കടന്നപ്രായവും ഒട്ടും കുറയാത്ത ഭോഷത്തവുമുള്ള അവുരാനൂസിൻ്റെ നേതൃത്വത്തില്‍ മൂവായിരമാളുകളെ സായുധരാക്കി, നീതീകരിക്കാനാവാത്ത ആക്രമണം അഴിച്ചുവിട്ടു.
41: ലിസിമാക്കൂസ് ആക്രമിക്കുന്നെന്നുകണ്ടയുടനെ യഹൂദരില്‍ ചിലര്‍ അവിടവിടെക്കിടന്ന കല്ലുകളും തടിക്കഷണങ്ങളും മറ്റുചിലര്‍ ചാരവുമെടുത്ത്, കണ്ടപാടേ ലിസിമാക്കൂസിൻ്റെ യും അനുയായികളുടെയുംനേര്‍ക്കു വലിച്ചെറിഞ്ഞു.
42: അങ്ങനെ അവര്‍ പലരെയും മുറിവേല്പിച്ചു. ചിലരെ കൊന്നു; എല്ലാവരെയും തുരത്തി. ദേവാലയചോരനെ ഭണ്ഡാരത്തിനു സമീപംവച്ചു വധിച്ചു.
43: ഈ കാര്യത്തെപ്രതി മെനെലാവൂസിനെതിരേ കുറ്റാരോപണങ്ങളുയര്‍ന്നു.
44: രാജാവു ടയിറിലെത്തിയപ്പോള്‍ കാര്യാലോചനാസമിതി നിയോഗിച്ച മൂന്നുപേര്‍ വസ്തുതകള്‍ അവനെയറിയിച്ചു.
45: പതനം സുനിശ്ചിതമെന്നു ഗ്രഹിച്ച മെനെലാവൂസ്, രാജാവിനെ സ്വാധീനിക്കാന്‍ ദോറിമേനെസിൻ്റെ പുത്രന്‍ ടോളമിക്കു സാരമായ കോഴ വാഗ്ദാനം ചെയ്തു.
46: ടോളമി കാറ്റുകൊള്ളാനെന്ന ഭാവേന രാജാവിനെ സ്തംഭനിരകളുടെ അടുത്തേക്കു നയിച്ച് മനസ്സുമാറ്റാന്‍ പ്രേരിപ്പിച്ചു.
47: തുടര്‍ന്നു രാജാവ് സര്‍വ്വദുഷ്ടതകള്‍ക്കുംകാരണമായ മെനെലാവൂസിനെ ആരോപണങ്ങളില്‍നിന്നു മോചിപ്പിച്ചു: ആ നിര്‍ഭാഗ്യന്മാരെ മരണത്തിനേല്പിക്കുകയും ചെയ്തു. അവര്‍ക്കാകട്ടെ ഷിഥിയാക്കാരുടെമുമ്പാകെ വാദിച്ചാല്‍പോലും മോചനംലഭിക്കുമായിരുന്നു.
48: നഗരത്തിനും ഗ്രാമങ്ങള്‍ക്കും വിശുദ്ധപാത്രങ്ങള്‍ക്കുംവേണ്ടി വാദിച്ചവര്‍ നീതിക്കുനിരക്കാത്ത ശിക്ഷയനുഭവിച്ചു.
49: ടയിര്‍നിവാസികള്‍പോലും ഈ പാതകത്തോടുള്ള വെറുപ്പു വ്യക്തമാക്കാന്‍വേണ്ടി അവരുടെ ശവസംസ്കാരം ആഡംബരപൂര്‍വ്വംനടത്താന്‍ സഹകരിച്ചു.
50: എന്നാല്‍, മെനെലാവൂസ് അധികാരികളുടെ അത്യാഗ്രഹംനിമിത്തം പൗരോഹിത്യപദവിയില്‍ തുടര്‍ന്നു. അവന്‍ ദുഷ്ടതയില്‍ വളര്‍ന്ന്, സ്വജനത്തിനെതിരായ ഗൂഢാലോചനയില്‍ മുഴുകി.


അദ്ധ്യായം 5

ജാസൻ്റെ മരണം
1: ഇക്കാലത്ത്, അന്തിയോക്കസ് രണ്ടാമതും ഈജിപ്തിനെയാക്രമിച്ചു.
2: ജറുസലെം നഗരത്തിനുമുകളില്‍ നാല്പതുദിവസം ദര്‍ശനമുണ്ടായി, സുവര്‍ണ്ണകവചംധരിച്ച അശ്വസേന, കുന്തങ്ങളും ഊരിയവാളുമേന്തി, ആകാശത്തിലൂടെ സംഘങ്ങളായിപ്പായുന്നതു ദൃശ്യമായി.
3: കുതിരപ്പടയണിനിരന്നു; ആക്രമണവും പ്രത്യാക്രമണവും എല്ലായിടത്തും; പരിചകള്‍വീശി, കുന്തങ്ങളും ശൂലങ്ങളും ചുഴറ്റിയെറിഞ്ഞു; സ്വര്‍ണ്ണവിഭൂഷകള്‍ തിളങ്ങി, പടച്ചട്ടകള്‍ മിന്നി.
4: ആ ദൃശ്യം ശുഭശകുനമായിത്തീരാന്‍ എല്ലാവരും പ്രാര്‍ത്ഥിച്ചു.
5: അന്തിയോക്കസ് അന്തരിച്ചുവെന്നൊരു വ്യാജശ്രുതി പരന്നു; ജാസന്‍, ആയിരത്തില്‍ക്കുറയാത്ത സൈന്യത്തെ ശേഖരിച്ച്, നഗരത്തില്‍ മിന്നലാക്രമണംനടത്തി. അവര്‍ കോട്ടയില്‍ സ്ഥാനമുറപ്പിച്ചിരുന്ന സേനയെ തോല്പിച്ചു നഗരം പിടിച്ചടക്കി. മെനെലാവൂസ് കോട്ടയിലഭയംതേടി.
6: ജാസന്‍ സഹപൗരന്മാരെ ഇടവിടാതെ കൊന്നൊടുക്കി. സ്വജനങ്ങളെ വധിച്ചുനേടുന്ന വിജയം ഏറ്റവും വലിയ നിര്‍ഭാഗ്യമാണെന്നവന്‍ മനസ്സിലാക്കിയില്ല. ശത്രുക്കളുടെമേലാണ്, സ്വജനത്തിന്റെമേലല്ല വിജയക്കൊടിനാട്ടുന്നതെന്നവന്‍ സങ്കല്പിച്ചു.
7: പക്ഷേ, ഭരണം കൈക്കലാക്കാന്‍ അവനു കഴിഞ്ഞില്ല; ഉപജാപംകൊണ്ട് അപമാനംമാത്രമേ നേടാന്‍കഴിഞ്ഞുള്ളു. അവന് അമ്മോന്യരുടെ ദേശത്തേക്കു വീണ്ടും പലായനംചെയ്യേണ്ടിവന്നു.
8: അവൻ്റെയവസാനം അതിദയനീയമായിരുന്നു. അറേത്താസ് എന്ന അറബിരാജാവിൻ്റെമുമ്പില്‍ അവനെതിരേ കുറ്റമാരോപിക്കപ്പെട്ടു. ജനങ്ങളാല്‍ അനുധാവനംചെയ്യപ്പെട്ട്, അവന്‍ നഗരത്തില്‍നിന്നു നഗരത്തിലേക്കു പലായനംചെയ്തു. നിയമലംഘകനായ അവനെ സര്‍വ്വരും വെറുത്തു. സ്വരാജ്യത്തിൻ്റെയും സ്വസഹോദരരുടെയും ഘാതകനായ അവൻ്റെനേരേ എല്ലാവര്‍ക്കും അറപ്പുതോന്നി. ഒടുവില്‍, അവന്‍ ഈജിപ്തിലേക്കു നിഷ്കാസിതനായി.
9: സ്പാര്‍ത്താക്കാരുമായുള്ള ചാര്‍ച്ചനിമിത്തം അവിടെ അഭയം ലഭിക്കുമെന്നു പ്രത്യാശിച്ച്, അങ്ങോട്ടവന്‍ കപ്പല്‍കയറി. വളരെപ്പേരെ നാടുകടത്തിയ അവന്‍ പ്രവാസിയായിത്തന്നെ മരിച്ചു.
10: പല മൃതര്‍ക്കും സംസ്‌കാരംനിഷേധിച്ച അവന്‍, വിലപിക്കാനാരുമില്ലാതെ മരിച്ചു; സംസ്കാരമോ പിതാക്കന്മാരുടെ ശവകുടീരത്തിലിടമോ അവനു ലഭിച്ചില്ല.

ദേവാലയം കൊള്ളയടിക്കപ്പെടുന്നു
11: സംഭവങ്ങള്‍കേട്ട രാജാവ്, യൂദയാ കലാപത്തിലാണെന്നു ധരിച്ച് ജ്വലിക്കുന്ന കോപത്തോടെ ഈജിപ്തില്‍നിന്നു വന്നു മിന്നലാക്രമണംനടത്തി നഗരം പിടിച്ചടക്കി.
12: വഴിയില്‍ക്കാണുന്നവരെയും വീടുകളില്‍ അഭയംതേടുന്നവരെയും നിര്‍ദ്ദയം വധിക്കാന്‍ അവന്‍ ഭടന്മാര്‍ക്കു കല്പന നല്കി.
13: അങ്ങനെ യുവാക്കളും വൃദ്ധരും വധിക്കപ്പെട്ടു. ബാലകരും സ്ത്രീകളും കുട്ടികളും വാളിനിരയായി. കന്യകകളും ശിശുക്കളും കൊല്ലപ്പെട്ടു.
14: മൂന്നു ദിവസംകൊണ്ട് എമ്പതിനായിരംപേരെ അവന്‍ നാമാവശേഷരാക്കി. നേര്‍ക്കുനേരേയുള്ള പോരാട്ടത്തില്‍ നാല്പതിനായിരത്തെ കൊലപ്പെടുത്തി; അത്രയുംപേരെ അടിമകളായി വിറ്റു.
15: ഇതുകൊണ്ടും തൃപ്തിവരാത്ത അന്തിയോക്കസ് നിയമലംഘകനും രാജ്യദ്രോഹിയുമായ മെനെലാവൂസിൻ്റെ സഹായത്തോടെ ലോകത്തിലെ ഏറ്റവും പരിശുദ്ധമായ ദേവാലയത്തില്‍ പ്രവേശിക്കാന്‍ ധൈര്യപ്പെട്ടു.
16: അവന്‍, തൻ്റെ മലിനകരംകൊണ്ടു വിശുദ്ധപാത്രങ്ങളെടുത്തു; വിശുദ്ധസ്ഥലത്തിൻ്റെ മഹിമയും പൂജ്യതയും വര്‍ദ്ധിപ്പിക്കാന്‍ രാജാക്കന്മാരര്‍പ്പിച്ചിരുന്ന സ്വാഭീഷ്ടക്കാഴ്ചകള്‍ പങ്കിലകരങ്ങളാല്‍ അവന്‍ തൂത്തുവാരി.
17: നഗരവാസികളുടെ പാപംനിമിത്തം കര്‍ത്താവ് അല്പനേരത്തേക്കു കുപിതനായി സ്ഥലത്തെ അവഗണിച്ചതാണെന്ന് അഹങ്കാരത്തള്ളലാല്‍ അന്തിയോക്കസിനു ഗ്രഹിക്കാനായില്ല.
18: അവര്‍ അനവധി പാപങ്ങളില്‍ മുഴുകിയിരുന്നില്ലെങ്കില്‍ അന്തിയോക്കസ് വന്നയുടനെ കര്‍ത്താവ് അവനെ പ്രഹരിച്ച്, അവിവേകത്തില്‍നിന്നു പിന്തിരിപ്പിക്കുമായിരുന്നു. അങ്ങനെയാണല്ലോ ഭണ്ഡാരപരിശോധനയ്ക്കു സെല്യൂക്കസ് നിയോഗിച്ച ഹെലിയോദോറസിനു സംഭവിച്ചത്.
19: കര്‍ത്താവു വിശുദ്ധസ്ഥലത്തിനുവേണ്ടി ജനത്തെ തിരഞ്ഞെടുക്കുകയല്ല, ജനത്തിനുവേണ്ടി സ്ഥലം തിരഞ്ഞെടുക്കുകയാണുചെയ്തത്.
20: അതിനാല്‍, ജനത്തിൻ്റെ കഷ്ടതകളിലും ഐശ്വര്യത്തിലും ആ സ്ഥലവും പങ്കുചേര്‍ന്നു. സര്‍വ്വശക്തന്‍ ക്രോധത്താല്‍ പുറംതള്ളിയതിനെ പരമോന്നതനായ അവിടുന്നു ജനത്തോടനുരഞ്ജനപ്പെട്ടപ്പോള്‍ അതിൻ്റെ സര്‍വ്വമഹത്വത്തിലും പുനഃസ്ഥാപിച്ചു.
21: അഹങ്കാരോന്മത്തനായ അന്തിയോക്കസ്, കരയില്‍ നീന്താനും കടലിലോടാനുംകഴിയുമെന്നു കരുതി. ദേവാലയത്തില്‍നിന്നു ആയിരത്തിയെണ്ണൂറു താലന്തു കൈക്കലാക്കി.
22: അന്ത്യോക്യായിലേക്കു തിടുക്കത്തില്‍പ്പോയി. ജനങ്ങളെ പീഡിപ്പിക്കാന്‍ അവന്‍ ദേശാധിപതികളെ നിയോഗിച്ചു. ഫ്രീജിയാക്കാരനും സ്വഭാവത്തില്‍ തന്നെക്കാള്‍ കിരാതനുമായ ഫിലിപ്പിനെ ജറുസലെമിലും അന്ത്രോനിക്കൂസിനെ ഗരിസിമിലും നിയോഗിച്ചു. 
23: അവര്‍ക്കു പുറമേ, മെനെലാവൂസിനെയും നിയമിച്ചു. അവന്‍ മറ്റാരെയുംകാള്‍ കൂടുതലായി സഹപൗരന്മാരുടെമേല്‍ സ്വേച്ഛാധികാരം പ്രയോഗിച്ചു. യഹൂദപൗരന്മാരുടെനേരേയുള്ള ദുഷ്ടതനിമിത്തം
24: അന്തിയോക്കസ്, പ്രായപൂര്‍ത്തിയായ പുരുഷന്മാരെക്കൊല്ലാനും സ്ത്രീകളെയും ബാലകരെയും അടിമകളായി വില്‍ക്കാനുമാജ്ഞാപിച്ച്, മിസിയരുടെ നായകനായ അപ്പൊളോണിയൂസിനെ ഇരുപത്തീരായിരം സൈനികരുമായയച്ചു.
25: ഇവന്‍ ജറുസലെമിലെത്തി വിശുദ്ധസാബത്തുദിവസംവരെ സഖ്യംനടിച്ചു കാത്തിരുന്നു. അന്നു യഹൂദര്‍ ജോലിയില്‍നിന്നു വിരമിച്ചിരിക്കുന്നതുകണ്ട്, അവന്‍ സൈനികരോട് ആയുധധാരികളായി അണിനിരന്നു നീങ്ങാനാജ്ഞാപിച്ചു.
26: അവരെക്കാണാന്‍ പുറത്തിറങ്ങിയവരെ വാളിനിരയാക്കിയതിനുശേഷം സായുധഭടന്മാരോടുകൂടെ അവന്‍ നഗരത്തിലേക്കു തള്ളിക്കയറി, വളരെപ്പേരെ വധിച്ചു.
27: എന്നാല്‍, യൂദാസ് മക്കബേയൂസ് ഒമ്പതോളം സുഹൃത്തുക്കളുമായി കാട്ടിലഭയംതേടി. മലിനരാകാതിരിക്കാന്‍വേണ്ടി കാട്ടുസസ്യങ്ങള്‍ ഭക്ഷിച്ച്, അവര്‍ വന്യമൃഗങ്ങളെപ്പോലെ മലകളില്‍ ജീവിച്ചു.

അദ്ധ്യായം 6

മതപീഡനം
1: ഏറെക്കാലം കഴിയുന്നതിനുമുമ്പ്, തങ്ങളുടെ പിതാക്കന്മാരുടെ ആചാരങ്ങളിലും ദൈവത്തിൻ്റെ നിയമങ്ങളിലുംനിന്നു പിന്തിരിയാന്‍ യഹൂദരെ നിര്‍ബ്ബന്ധിക്കാന്‍ രാജാവു പ്രതിനിധിസഭാംഗമായ ഒരാഥന്‍സുകാരനെയയച്ചു.
2: ജറുസലെംദേവാലയത്തെ അശുദ്ധമാക്കി, അതിനെ ഒളിമ്പസിലെ സേവൂസിൻ്റെ ക്ഷേത്രമെന്നും, ഗരിസിംദേവാലയത്തെ, തദ്ദേശീയരെ അനുകരിച്ച് വിദേശികളുടെ സംരക്ഷകനായ സേവൂസിൻ്റെ ക്ഷേത്രമെന്നും വിളിക്കാന്‍ നിര്‍ബ്ബന്ധിക്കണമെന്നും രാജാവവനോടു നിര്‍ദേശിച്ചു.
3: തിന്മയുടെ കടന്നാക്രമണം കഠിനവും അത്യന്തം ക്രൂരവുമായിരുന്നു.
4: കാരണം, വിജാതീയര്‍ പരിശുദ്ധസ്ഥലങ്ങളില്‍വച്ചു വേശ്യകളുമായുല്ലസിക്കുകയും, മറ്റു സ്ത്രീകളുമായി സംഗമത്തിലേര്‍പ്പെടുകയും ചെയ്തു. അങ്ങനെ അവര്‍ ദേവാലയത്തെ മ്ലേച്ഛതകൊണ്ടു നിറച്ചു. കൂടാതെ, അനുചിതമായ ബലിവസ്തുക്കള്‍ അവരകത്തു കൊണ്ടുവന്നു.
5: മ്ലേച്ഛവും നിഷിദ്ധവുമായ ബലിവസ്തുക്കള്‍കൊണ്ടു ബലിപീഠം നിറഞ്ഞു.
6: സാബത്തും പരമ്പരാഗതമായ ഉത്സവദിനങ്ങളും ആചരിക്കാനോ യഹൂദരെന്നു പരസ്യമായി പറയാൻപോലുമോ ആര്‍ക്കും കഴിയാതെയായി.
7: രാജാവിൻ്റെ ജന്മദിനം മാസംതോറും ആഘോഷിക്കുമ്പോള്‍ ബലിയര്‍പ്പണത്തില്‍ പങ്കെടുത്തു ബലിവസ്തുക്കള്‍ ഭക്ഷിക്കാന്‍ യഹൂദര്‍ കഠിനമായി നിര്‍ബ്ബന്ധിക്കപ്പെട്ടു. ദിയോനീസസിൻ്റെ ഉത്സവത്തില്‍ ആ ദേവനെ ബഹുമാനിക്കാന്‍വേണ്ടി ദലചക്രമണിഞ്ഞു പ്രദക്ഷിണത്തില്‍ പങ്കെടുക്കാനും അവര്‍ നിര്‍ബ്ബന്ധിതരായി.
8: സമീപഗ്രീക്കുനഗരങ്ങളും യഹൂദരോട് അതേനയം അനുവര്‍ത്തിക്കണമെന്നും അവരെ ബലിയര്‍പ്പണങ്ങളില്‍ പങ്കെടുപ്പിക്കണമെന്നും ടോളമിയുടെ നിര്‍ദേശമനുസരിച്ച് ഒരു കല്പന പ്രസിദ്ധീകൃതമായി.
9: ഗ്രീക്ക് ആചാരങ്ങള്‍ സ്വീകരിക്കാത്തവരെ വധിക്കണമെന്നും ആ കല്പനയിലുണ്ടായിരുന്നു. അവര്‍ക്കു സംഭവിച്ച ദുരിതം ഇതു വ്യക്തമാക്കുന്നു.
10: ഉദാഹരണത്തിന്, തങ്ങളുടെ കുട്ടികളെ പരിച്ഛേദനംചെയ്ത രണ്ടു സ്ത്രീകള്‍ പിടിക്കപ്പെട്ടു. ശിശുക്കളെ കഴുത്തില്‍ കെട്ടിത്തൂക്കി അവരെ പരസ്യമായി നഗരത്തിലൂടെ നടത്തി; അവസാനം, മതിലില്‍നിന്നു തലകുത്തനെ താഴോട്ടെറിഞ്ഞു.
11: രഹസ്യമായി സാബത്താചരിക്കാന്‍ അടുത്തുള്ള ഗുഹകളില്‍ ചിലരൊരുമിച്ചുകൂടി. അവരെയാരോ ഫിലിപ്പിന് ഒറ്റിക്കൊടുക്കുകയും തത്ഫലമായി കൂട്ടത്തോടെ ദഹിപ്പിക്കപ്പെടുകയും ചെയ്തു. ഭക്തിയും വിശുദ്ധദിനത്തോടുള്ള ആദരവുംനിമിത്തം എതിര്‍ത്തുനില്‍ക്കാന്‍ അവരോരൊരുമ്പെട്ടില്ല.
12: ഈ ഗ്രന്ഥം വായിക്കുന്നവര്‍, വിപത്തുകളില്‍ ഭഗ്നാശരാകരുതെന്നും ഇത്തരം അനര്‍ത്ഥങ്ങള്‍ നാശത്തിനല്ല, നമ്മുടെ ജനതയുടെ ശിക്ഷണത്തിനാണ് ഉദ്ദേശിക്കപ്പെട്ടിരുന്നതെന്നു മനസ്സിലാക്കണമെന്നും ഞാനഭ്യര്‍ത്ഥിക്കുന്നു.
13: അധര്‍മ്മികളെ ദീര്‍ഘകാലത്തേക്കു തന്നിഷ്ടത്തിനുവിടാതെ തത്ക്ഷണം ശിക്ഷിക്കുന്നതു യഥാര്‍ത്ഥത്തില്‍ വലിയ കാരുണ്യത്തിൻ്റെ ലക്ഷണമാണ്.
14: ഇതര ജനതകളെ ശിക്ഷിക്കുന്ന കാര്യത്തില്‍, അവര്‍ തങ്ങളുടെ പാപങ്ങളുടെ തികവിലെത്തുന്നതുവരെ കര്‍ത്താവു ക്ഷമയോടെ കാത്തിരിക്കുന്നു. എന്നാല്‍, നമ്മോട് അവിടുന്നിപ്രകാരമല്ല വര്‍ത്തിക്കുന്നത്.
15: നമ്മള്‍ പാപപാരമ്യത്തിലെത്തി പ്രതികാരത്തിനു പാത്രമാകാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.
16: അവിടുന്നു തൻ്റെ കാരുണ്യം ഒരിക്കലും നമ്മില്‍നിന്നു പിന്‍വലിക്കുന്നില്ല. വിപത്തുകള്‍കൊണ്ടു നമുക്കു ശിക്ഷണം നല്കുന്നെങ്കിലും അവിടുന്നു സ്വജനത്തെ കൈവിടുന്നില്ല.
17: ഞങ്ങള്‍ ഈ പറഞ്ഞത് ഓര്‍മ്മയിലിരിക്കട്ടെ. കഥ ചുരുക്കേണ്ടതുണ്ട്.

എലെയാസറിൻ്റെ രക്തസാക്ഷിത്വം
18: ഉന്നതസ്ഥാനിയായ ഒരു നിയമജ്ഞനും കുലീനഭാവത്തോടുകൂടിയവനും വയോധികനുമായ എലെയാസറിന്റെ വായ് പന്നിമാംസം തീറ്റാന്‍ അവര്‍ ബലം പ്രയോഗിച്ചു തുറന്നു.
19: അവമാനിതനായി ജീവിക്കുന്നതിനെക്കാള്‍ അഭിമാനത്തോടെ മരിക്കാന്‍ നിശ്ചയിച്ച അവന്‍ അതു തുപ്പിക്കളഞ്ഞുകൊണ്ടു പീഡനം വരിച്ചു.
20: ജീവനോടുള്ള സ്വാഭാവിക സ്നേഹംപോലും മറന്ന്, നിഷിദ്ധവസ്തുക്കള്‍ രുചിക്കാൻപോലും വിസമ്മതിക്കുന്ന ധീരന്മാര്‍ ഇങ്ങനെയാണു ചെയ്യേണ്ടത്.
21: നിഷിദ്ധമായ ആ ബലിയുടെ ഭാരവാഹികള്‍, അവനോടുള്ള ദീര്‍ഘകാല പരിചയംകൊണ്ട് അവനു ഭക്ഷിക്കാനനുവാദമുള്ള മാംസം കൊണ്ടുവന്നിട്ട്, രാജാവ് ആജ്ഞാപിച്ച ബലിവിരുന്നിന്റെ മാംസമെന്ന ഭാവേന അതു ഭക്ഷിക്കാന്‍ അവനെ രഹസ്യമായി നിര്‍ബ്ബന്ധിച്ചു.
22: അവനങ്ങനെ ചെയ്ത് മരണത്തില്‍നിന്നു രക്ഷപ്പെടുമെന്നും തങ്ങളോടുള്ള ചിരകാലമൈത്രിമൂലം അവനു കരുണലഭിക്കുമെന്നും അവര്‍ പ്രതീക്ഷിച്ചു.
23: തന്റെ വാര്‍ദ്ധക്യത്തിന്റെ അന്തസ്സിനും നരച്ചമുടിയുടെ മഹത്വത്തിനും ബാല്യംമുതല്‍ നയിച്ച ഉത്തമജീവിതത്തിനും വിശുദ്ധവും ദൈവദത്തവുമായ നിയമത്തിനും യോജിച്ചവിധം അവന്‍ ദൃഢനിശ്ചയംചെയ്തുകൊണ്ട്, തന്നെ പാതാളത്തിലേക്കയച്ചുകൊള്ളാന്‍ അവരോടു പറഞ്ഞു.
24: അവന്‍ തുടര്‍ന്നു: നമ്മുടെ ഈ പ്രായത്തിന് ഈ അഭിനയം ചേര്‍ന്നതല്ല. എലെയാസര്‍ തൊണ്ണൂറാംവയസ്സില്‍ മതംമാറിയെന്നു ചെറുപ്പക്കാര്‍ വിചാരിക്കും.
25: ഒരു ചെറിയ നിമിഷംകൂടെ ജീവിക്കാന്‍വേണ്ടി എന്റെ ഈ അഭിനയംമൂലം ഞാനവരെ വഴിതെറ്റിക്കുകയും എന്റെ വാര്‍ദ്ധക്യത്തെ പങ്കിലവും അവമാനിതവുമാക്കുകയും ചെയ്യും.
26: തത്കാലത്തേക്കു മനുഷ്യശിക്ഷയില്‍നിന്ന് എനിക്കൊഴിവാകാമെങ്കിലും, സര്‍വ്വശക്തൻ്റെ കരങ്ങളില്‍നിന്ന്, ജീവിച്ചാലും മരിച്ചാലും രക്ഷപെടാന്‍ കഴിയുകയില്ല.
27: അതിനാല്‍, പൗരുഷത്തോടെ ഞാന്‍ എൻ്റെ ജീവനര്‍പ്പിക്കുകയാണ്; അതുവഴി ഞാന്‍ എൻ്റെ വാര്‍ദ്ധക്യത്തിനു യോഗ്യനെന്നു തെളിയും.
28: സംപൂജ്യവും വിശുദ്ധവുമായ നിയമത്തിനുവേണ്ടി എങ്ങനെയാണു സ്വമനസ്സാലെ ശ്രേഷ്ഠമരണം വരിക്കേണ്ടതെന്നുള്ളതിന്‌, യുവാക്കള്‍ക്കു മഹത്തായ ഒരു മാതൃകയായിരിക്കുമത്. ഇതുപറഞ്ഞിട്ട് അവന്‍ പീഡനയന്ത്രത്തിൻ്റെ അടുത്തേക്കു ചെന്നു.
29: അല്പം മുമ്പു തന്നോടു സന്മനസ്സോടെ വര്‍ത്തിച്ചവര്‍ ഇപ്പോള്‍ ദുഷ്ടരായി മാറി. അവരുടെ നോട്ടത്തില്‍, അവൻ്റെ വാക്കു തനിഭ്രാന്തായിരുന്നു.
30: മര്‍ദ്ദനമേറ്റു മരിക്കാറായപ്പോള്‍ അവന്‍ ഞരങ്ങി: മരണത്തില്‍നിന്നു രക്ഷപെടാമായിരുന്ന എനിക്ക് ഈ പ്രഹരത്തില്‍ ഉത്കടമായ ശരീരവേദനയുണ്ടെങ്കിലും കര്‍ത്താവിനോടുള്ള ഭക്തിയാല്‍ ഇവ സഹിക്കുന്നതില്‍ എൻ്റെ ആത്മാവു സന്തോഷിക്കുന്നുവെന്ന് അവിടുത്തേക്ക്, തൻ്റെ പരിശുദ്ധജ്ഞാനത്താല്‍, വ്യക്തമായറിയാം.
31: ഇങ്ങനെ അവന്‍ മരിച്ചു; യുവാക്കള്‍ക്കു മാത്രമല്ല, തൻ്റെ ജനത്തിനു മുഴുവനും, തൻ്റെ മരണത്താല്‍ ശ്രേഷ്ഠതയുടെ മാതൃകയും ധീരതയുടെ സ്മാരകവും നല്കി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ