നൂറ്റിനാല്പതാം ദിവസം: 1 മക്കബായര്‍ 5 - 6

അദ്ധ്യായം 5

ഇദുമേയര്‍ക്കും അമ്മോന്യര്‍ക്കുമെതിരേ
1: ബലിപീഠം പണിതെന്നും വിശുദ്ധസ്ഥലം പുനഃപ്രതിഷ്ഠിച്ചെന്നുമറിഞ്ഞപ്പോള്‍ ചുറ്റുമുള്ള വിജാതീയര്‍ അത്യധികം കുപിതരായി.
2: തങ്ങളുടെയിടയില്‍ വസിച്ചിരുന്ന യാക്കോബ് വംശജരെ നശിപ്പിക്കാന്‍ അവരുറച്ചു. ജനത്തെ വധിക്കാനും നശിപ്പിക്കാനുംതുടങ്ങി.
3: ഇദുമെയായിലുള്ള ഏസാവിന്റെ മക്കളെ യൂദാസ് അക്രബത്തേനെയില്‍വച്ച് ആക്രമിച്ചു. കാരണം, അവന്‍ ഇസ്രായേലിനെ ആക്രമിക്കാന്‍ തക്കംനോക്കിക്കഴിയുകയായിരുന്നു. അവന്‍ അവര്‍ക്കു കനത്ത ആഘാതമേല്പിച്ചു; അവരെ അപമാനിതരാക്കുകയും കൊള്ളയടിക്കുകയുംചെയ്തു.
4: തന്റെ ജനത്തിനു കെണിയൊരുക്കുകയും പെരുവഴികളില്‍ അവര്‍ക്കെതിരേ ഒളിപ്പോരു നടത്തുകയുംചെയ്തിരുന്ന ബയാന്‍സന്തതികളുടെ ദുഷ്ടതയും യൂദാസ് ഓര്‍മ്മിച്ചു.
5: അവന്‍, അവരെ അവരുടെ ഗോപുരങ്ങളിലടച്ചു. അവരെ നിശ്ശേഷം നശിപ്പിക്കണമെന്നുറച്ചുകൊണ്ട് അവന്‍ അവര്‍ക്കെതിരേ പാളയമടിച്ചു. ഗോപുരങ്ങളെയും അവയിലുണ്ടായിരുന്നവരെയും അഗ്നിക്കിരയാക്കി.
6: പിന്നീട് അവന്‍ അമ്മോന്യര്‍ക്കെതിരേ തിരിഞ്ഞു. തിമോത്തേയോസിന്റെ നേതൃത്വത്തില്‍ പ്രബലമായ ഒരു സൈന്യത്തെയും വളരെയധികം ആളുകളെയും അവിടെ അവനു നേരിടേണ്ടി വന്നു.
7: ഒട്ടേറെ യുദ്ധങ്ങള്‍ചെയ്ത്, അവനവരെ നിശ്ശേഷം പരാജയപ്പെടുത്തി.
8: യാസേറും ചുറ്റുമുള്ള ഗ്രാമങ്ങളും പിടിച്ചടക്കിയതിനുശേഷം അവന്‍ യൂദായിലേക്കു മടങ്ങി.

ഗിലയാദിലും ഗലീലിയിലും യുദ്ധം
9: ഗിലയാദിലെ വിജാതീയര്‍ തങ്ങളുടെ നാട്ടില്‍ വസിച്ചിരുന്ന ഇസ്രായേല്യര്‍ക്കെതിരേ സംഘടിച്ച് അവരെ നശിപ്പിക്കാന്‍ മാര്‍ഗ്ഗമാരാഞ്ഞു. എന്നാല്‍, അവര്‍ ദത്തേമാക്കോട്ടയില്‍ അഭയംതേടി,
10: യൂദാസിനും സഹോദരന്മാര്‍ക്കും ഇപ്രകാരമൊരു കത്തയച്ചു: ഞങ്ങളുടെ ചുറ്റുമുള്ള വിജാതീയര്‍ ഞങ്ങളെ നശിപ്പിക്കാന്‍ ഒരുമിച്ചുകൂടിയിരിക്കുന്നു.
11: ഞങ്ങള്‍ അഭയംപ്രാപിച്ചിരിക്കുന്ന കോട്ട പിടിച്ചടക്കാനുള്ള ശ്രമത്തിലാണവര്‍. തിമോത്തേയോസാണ് അവരുടെ നേതാവ്.
12: വന്നു ഞങ്ങളെ രക്ഷിക്കുക. ഞങ്ങളില്‍ വളരെപ്പേര്‍ ഇതിനകം മരിച്ചുകഴിഞ്ഞു.
13: തോബുദേശത്തുണ്ടായിരുന്ന ഞങ്ങളുടെ സഹോദരര്‍ എല്ലാവരും വധിക്കപ്പെട്ടു. ശത്രുക്കള്‍ അവരുടെ ഭാര്യമാരെയും കുട്ടികളെയും പിടിച്ചുകൊണ്ടുപോയി; സ്വത്തുക്കള്‍ കൈവശപ്പെടുത്തുകയും ആയിരത്തോളംപേരെ കൊല്ലുകയും ചെയ്തു.
14: ഈ കത്തു വായിച്ചുകൊണ്ടിരിക്കുമ്പോള്‍ ഗലീലിയില്‍നിന്നു കീറിയ വസ്ത്രങ്ങളോടുകൂടിയ വേറെ ചില ദൂതന്മാര്‍ വന്ന് സമാനമായൊരു സന്ദേശമറിയിച്ചു:
15: ഞങ്ങളെ സമൂലം നശിപ്പിക്കാന്‍ ടോളമായിസ്, ടയിര്‍, സീദോന്‍, ഗലീലി എന്നിവിടങ്ങളില്‍നിന്ന് ആളുകള്‍ ഒന്നിച്ചണിനിരന്നിരിക്കുന്നു.
16: യൂദാസും ജനങ്ങളും ഈ വാര്‍ത്തകള്‍ കേട്ടയുടനെ, ദുരിതമനുഭവിക്കുകയും ശത്രുക്കളുടെ ആക്രമണത്തിനിരയാവുകയുംചെയ്യുന്ന സഹോദരര്‍ക്കുവേണ്ടി എന്തുചെയ്യണമെന്നു തീരുമാനിക്കാന്‍ വലിയൊരു സമ്മേളനം വിളിച്ചുകൂട്ടി.
17: യൂദാസ് സഹോദരനായ ശിമയോനോടു പറഞ്ഞു: വേണ്ടത്ര ആളുകളെയുംകൂട്ടി ഗലീലിയില്‍ച്ചെന്ന് സഹോദരരെ രക്ഷിക്കുക. ഞാനും സഹോദരന്‍ ജോനാഥാനും ഗിലയാദിലേക്കു പോകാം.
18: സഖറിയായുടെ പുത്രന്‍ ജോസഫിനെയും നേതാക്കന്മാരിലൊരുവനായ അസറിയായെയും ബാക്കി സേനകളോടുകൂടെ യൂദയാകാക്കാന്‍ ഏര്‍പ്പെടുത്തി.
19: അവന്‍ അവരോടാജ്ഞാപിച്ചു: ഈ ജനങ്ങളുടെ മേല്‍നോട്ടം ഏറ്റെടുക്കുവിന്‍. എന്നാല്‍, ഞങ്ങള്‍ മടങ്ങിവരുന്നതുവരെ വിജാതീയരോടു യുദ്ധത്തിലേര്‍പ്പെടരുത്.
20: അനന്തരം, ശിമയോനോടുകൂടെ ഗലീലിയിലേക്കു പോകാന്‍ മൂവായിരംപേരും യൂദാസിനോടുകൂടെ ഗിലയാദിലേക്ക് എണ്ണായിരംപേരും നിയോഗിക്കപ്പെട്ടു.
21: ശിമയോന്‍ ഗലീലിയില്‍ച്ചെന്നു വിജാതീയര്‍ക്കെതിരേ നിരവധി യുദ്ധങ്ങള്‍ചെയ്ത് അവരെ തോല്പിച്ചു.
22: ടോളമായിസിന്റെ കവാടംവരെ അവനവരെ പിന്തുടര്‍ന്നു; മൂവായിരത്തോളംപേരെ വധിച്ചു; അവരെ കൊള്ളയടിച്ചു.
23: അതിനുശേഷം അവന്‍ ഗലീലിയിലെയും അര്‍ബ്ബത്തായിലെയും യഹൂദരെ അവരുടെ ഭാര്യമാരോടും കുഞ്ഞുങ്ങളോടും വസ്തുവകകളോടുംകൂടെ ആഹ്ലാദപൂര്‍വ്വം യൂദയായിലേക്കു കൊണ്ടുപോയി.
24: യൂദാസ് മക്കബേയൂസും സഹോദരന്‍ ജോനാഥാനും ജോര്‍ദ്ദാന്‍കടന്നു മരുഭൂമിയിലൂടെ മൂന്നുദിവസത്തെ യാത്ര പിന്നിട്ടു.
25: അവിടെ നബത്തേയര്‍ അവരെ സ്വാഗതം ചെയ്യുകയും ഗിലയാദിലുള്ള സഹോദരര്‍ക്കു സംഭവിച്ചവയെല്ലാം അറിയിക്കുകയും ചെയ്തു.
26: അവരില്‍ അനേകംപേരെ ബൊസ്രാ, ബോസോര്‍, അലെമാ, കാസ്‌ഫോ, മാക്കെദ്, കാര്‍നയിം എന്നീ നഗരങ്ങളില്‍ ബന്ധനസ്ഥരാക്കിയിരിക്കയാണ്. ഇവ സുശക്തങ്ങളായ പട്ടണങ്ങളാണ്.
27: കുറെപ്പേരെ ഗിലയാദിലെ മറ്റു നഗരങ്ങളിലും അടച്ചിട്ടിരിക്കുന്നു. നാളെത്തന്നെ കോട്ടകള്‍ ആക്രമിക്കുന്നതിനും ഒരു ദിവസംകൊണ്ട് ആളുകളെ സമൂലം നശിപ്പിക്കുന്നതിനും ശത്രുക്കള്‍ ഒരുങ്ങുന്നു.
28: യൂദാസും സൈന്യവും തിടുക്കത്തില്‍ അവിടെനിന്നു തിരിച്ച് മരുഭൂമിയിലൂടെ യാത്രചെയ്തു ബൊസ്രായിലെത്തി. അവര്‍ നഗരം കീഴടക്കി. പുരുഷന്മാരെയെല്ലാവരെയും വാളിനിരയാക്കി. വസ്തുവകകള്‍ കൊള്ളയടിച്ചതിനുശേഷം അവന്‍ നഗരം തീവച്ചു നശിപ്പിച്ചു.
29: രാത്രിയായപ്പോള്‍ അവന്‍ അവിടെനിന്നു പുറപ്പെട്ട്, ദത്തേമാക്കോട്ടവരെ എത്തി.
30: പ്രഭാതത്തില്‍ അസംഖ്യം ആളുകള്‍ കോട്ട പിടിച്ചടക്കാനും അതിലുള്ള യഹൂദരെ ആക്രമിക്കാനും കോവണികളും യന്ത്രമുട്ടികളുമായി മലയില്‍നിന്ന് ഇറങ്ങിവരുന്നതു കണ്ടു.
31: യുദ്ധം തുടങ്ങിക്കഴിഞ്ഞെന്നും നഗരത്തിന്റെ വിലാപം വലിയ നിലവിളികളോടും കാഹളധ്വനികളോടുംകൂടെ സ്വര്‍ഗ്ഗത്തിലേക്കുയരുന്നുവെന്നും യൂദാസ് കണ്ടു.
32: അവന്‍ തന്റെ അണികളോടു പറഞ്ഞു: നിങ്ങളുടെ സഹോദരര്‍ക്കുവേണ്ടി ഇന്നു പൊരുതുവിന്‍.
33: സൈന്യത്തെ മൂന്നു ഗണമായി തിരിച്ചു. അവന്‍ ശത്രുനിരയുടെ പിന്നിലെത്തി. അവന്റെ സൈന്യഗണങ്ങള്‍ കാഹളംമുഴക്കുകയും ഉച്ചത്തില്‍ പ്രാര്‍ത്ഥിക്കുകയും ചെയ്തു.
34: മക്കബേയൂസാണു തങ്ങളെ നേരിടാന്‍ വരുന്നതെന്നറിഞ്ഞു തിമോത്തേയോസിന്റെ സൈന്യം പിന്തിരിഞ്ഞോടി. യൂദാസ് അവര്‍ക്കു കനത്ത ആഘാതമേല്പിച്ചു. ഏകദേശം എണ്ണായിരംപേര്‍ അന്നു വധിക്കപ്പെട്ടു.
35: പിന്നെയവന്‍ അലേമായിലേക്കു തിരിഞ്ഞു. അതിനെ യുദ്ധത്തില്‍ കീഴ്പെടുത്തി. അവിടെയുണ്ടായിരുന്ന എല്ലാ പുരുഷന്മാരെയും വധിച്ചു. പട്ടണം കൊള്ളയടിച്ചതിനുശേഷം അതു തീവച്ചു നശിപ്പിക്കുകയും ചെയ്തു.
36: തുടര്‍ന്ന് അവന്‍ കാസ്‌ഫോ, മാക്കെദ്, ബോസോര്‍ എന്നിവയും ഗിലയാദിലെ മറ്റുനഗരങ്ങളും പിടിച്ചടക്കി.
37: തിമോത്തേയോസ് മറ്റൊരു സൈന്യത്തെ ശേഖരിച്ചു നദിയുടെ മറുകരയില്‍ റാഫോണിനെതിരേ പാളയമടിച്ചു.
38: അവരുടെ നീക്കങ്ങളറിയുന്നതിനു യൂദാസ് ചാരന്മാരെയയച്ചു. അവര്‍ മടങ്ങിവന്നു പറഞ്ഞു: നമുക്കു ചുറ്റുമുള്ള സകല വിജാതീയരും അവന്റെ പക്ഷത്തുണ്ട്; അതു വലിയൊരു സൈന്യമാണ്.
39: സഹായത്തിന് അറബികളെ അവര്‍ കൂലിക്കെടുത്തിട്ടുണ്ട്. നിന്നോടു യുദ്ധംചെയ്യാന്‍ തയ്യാറായി അവര്‍ നദിക്കക്കരെ പാളയമടിച്ചിരിക്കയാണ്. ഇതുകേട്ട യൂദാസ് അവരെ നേരിടാന്‍ പുറപ്പെട്ടു.
40: യൂദാസും സൈന്യവും നദിക്കു സമീപമെത്തിയപ്പോള്‍ തിമോത്തേയോസ് തന്റെ സേനാധിപന്മാരോടു പറഞ്ഞു: അവന്‍ ആദ്യം നദികടന്നുവരുന്നെങ്കില്‍ നമുക്കവനെ ചെറുക്കുക സാദ്ധ്യമല്ല. അവന്‍ നമ്മെ തോല്പിക്കുമെന്നതു തീര്‍ച്ചതന്നെ.
41: മറിച്ച്, ഭയംതോന്നി, അവന്‍ അക്കരെത്തന്നെ പാളയമടിച്ചാല്‍ നമുക്കു നദികടന്നുചെന്ന്, അവനെ തോല്പിക്കാം.
42: നദിയുടെ കരയ്ക്കെത്തിയപ്പോള്‍ യൂദാസ് ജനങ്ങളിലെ നിയമജ്ഞന്മാരെ അവിടെ കാവല്‍നിറുത്തി. അവനവരോടു കല്പിച്ചു: ആരെയും പാളയമടിക്കാനനുവദിക്കരുത്. എല്ലാവരും യുദ്ധത്തിലേര്‍പ്പെടട്ടെ.
43: അവന്‍ ശത്രുക്കള്‍ക്കെതിരേ ആദ്യം നദികടന്നു. സൈന്യം അവനെനുഗമിച്ചു. വിജാതീയര്‍ പരാജിതരായി. ആയുധങ്ങളുപേക്ഷിച്ച്, അവര്‍ കാര്‍നയിമിലെ ക്ഷേത്രത്തിലഭയംതേടി.
44: യൂദാസ് നഗരം പിടിച്ചടക്കി. ക്ഷേത്രത്തെ അതിലുള്ള എല്ലാവരോടുംകൂടെ അഗ്നിക്കിരയാക്കി. അങ്ങനെ കാര്‍നയിം കീഴടക്കപ്പെട്ടു. യൂദാസിനോട് എതിര്‍ത്തുനില്‍ക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല.
45: യൂദാദേശത്തേക്കുപോകാന്‍ വലുപ്പച്ചെറുപ്പഭേദമെന്നിയേ ഗിലയാദിലെ സകല ഇസ്രായേല്‍ക്കാരെയും അവരുടെ ഭാര്യമാരോടും കുഞ്ഞുങ്ങളോടും വസ്തുവകകളോടുംകൂടെ യൂദാസ് ഒരുമിച്ചുകൂട്ടി. വലിയൊരു സംഘമായിരുന്നു അത്.
46: അവര്‍ എഫ്രോണിലെത്തി. അതു മാര്‍ഗ്ഗമദ്ധ്യേയുള്ള വലുതും സുശക്തവുമായ ഒരു പട്ടണമായിരുന്നു. വലത്തോട്ടോ ഇടത്തോട്ടോ തിരിഞ്ഞ്, അതിനെ ചുറ്റിപ്പോകുക സാദ്ധ്യമായിരുന്നില്ല. അതിലൂടെതന്നെ പോകേണ്ടിയിരുന്നു.
47: നഗരവാസികള്‍ കവാടങ്ങളില്‍ കല്ലുകള്‍വച്ച് അവരെ പ്രതിരോധിച്ചു.
48: അപ്പോള്‍ യൂദാസ് അവര്‍ക്ക് ഈ സൗഹൃദസന്ദേശം കൊടുത്തുവിട്ടു: ഞങ്ങള്‍ നിങ്ങളുടെ ദേശത്തുകൂടെ ഞങ്ങളുടെ നാട്ടിലേക്കു കടന്നു പൊയ്‌ക്കൊള്ളട്ടെ. ആരും നിങ്ങളെ ഉപദ്രവിക്കുകയില്ല. കാല്‍നടയായി ഞങ്ങള്‍ പൊയ്‌ക്കൊള്ളാം. എന്നാല്‍ വാതില്‍ തുറന്നുകൊടുക്കാന്‍ അവര്‍ വിസമ്മതിച്ചു.
49: അതാതിടങ്ങളില്‍ നിലയുറപ്പിക്കാന്‍, യൂദാസ് സൈന്യത്തിനാജ്ഞ നല്കി.
50: സൈന്യം നിലയുറപ്പിച്ചു. അന്നു പകലും രാത്രിയും അവര്‍ നഗരത്തിനെതിരെ യുദ്ധംചെയ്തു. നഗരം അവന്റെ പിടിയിലായി.
51: പുരുഷന്മാരെയെല്ലാം അവന്‍ വാളിനിരയാക്കി. നഗരം ഇടിച്ചുനിരത്തി, കൊള്ളയടിച്ചു. മൃതദേഹങ്ങളുടെ മീതേകൂടി അവന്‍ നഗരം കടന്നു.
52: അനന്തരം, അവര്‍ ജോര്‍ദ്ദാന്‍കടന്നു ബെത്ഷാനിനെതിരേയുള്ള വിസ്തൃതമായ സമതലത്തിലെത്തി.
53: യൂദാദേശത്തെത്തുന്നതുവരെ യാത്രയിലുടനീളം യൂദാസ് ജനങ്ങളെ പ്രോത്സാഹിപ്പിക്കുകയും പിറകിലായിപ്പോകുന്നവരെ ഒരുമിച്ചുകൂട്ടുകയും ചെയ്തുകൊണ്ടിരുന്നു.
54: ആര്‍ക്കും ജീവഹാനിസംഭവിക്കാതെ എല്ലാവരും സുരക്ഷിതരായി മടങ്ങിയെത്തി. അതിനാല്‍, സന്തോഷത്തോടും ആഹ്ലാദത്തോടുംകൂടെ അവര്‍ സീയോന്‍ മലയിലേക്കു പോയി ദഹനബലികളര്‍പ്പിച്ചു.

യാമ്‌നിയായില്‍ തോല്‍വി
55: യൂദാസും ജോനാഥാനും ഗിലയാദിലും അവരുടെ സഹോദരന്‍ ശിമയോന്‍ ടോളമായിസിനെതിരെയുള്ള ഗലീലിയിലുമായിരിക്കുമ്പോള്‍
56: അവരുടെ ധീരപരാക്രമങ്ങളെയും വീരോചിതമായ യുദ്ധത്തെയുംകുറിച്ചു സേനാനായകന്മാരായ അസറിയായും സഖറിയായുടെ പുത്രന്‍ ജോസഫുംകേട്ടു.
57: അവര്‍ പറഞ്ഞു: നമുക്കും കീര്‍ത്തി നേടാം. നമുക്കു ചുറ്റുമുള്ള വിജാതീയരോടു യുദ്ധം ചെയ്യാം.
58: അവര്‍ തങ്ങളുടെ സൈന്യനിരകള്‍ക്ക് ആജ്ഞ കൊടുത്തു. അവര്‍ യാമ്നിയായ്‌ക്കെതിരേ നീങ്ങി.
59: ഗോര്‍ജ്ജിയാസും സൈന്യവും അവരെ നേരിടാന്‍ പട്ടണത്തിനു പുറത്തുവന്നു.
60: അവര്‍ ജോസഫിനെയും അസറിയായെയും തുരത്തി. യൂദായുടെ അതിര്‍ത്തികള്‍വരെ അവരെയോടിച്ചു. ഇസ്രായേല്‍ക്കാരില്‍ രണ്ടായിരത്തോളംപേര്‍ അന്നു മരിച്ചുവീണു.
61: യൂദാസിനെയും സഹോദരന്മാരെയും അനുസരിക്കാതെ, ധീരകൃത്യം ചെയ്യാന്‍ മോഹിച്ച സേനാനായകന്മാര്‍നിമിത്തം ജനത്തിന് ഈ കനത്ത പരാജയം സഹിക്കേണ്ടിവന്നു.
62: എന്നാല്‍, ഇസ്രായേലിനു മോചനം നേടിക്കൊടുത്തവരുടെ കുടുംബത്തില്‍പ്പെട്ടവരായിരുന്നില്ല ഇവര്‍.
63: യൂദാസും സഹോദരന്മാരും, ഇസ്രായേലിലും വിജാതീയരുടെയിടയിലും, അവരുടെ നാമമറിയപ്പെട്ട എല്ലായിടത്തും സമാദരിക്കപ്പെട്ടു.
64: ജനങ്ങള്‍ അവര്‍ക്കു ചുറ്റുംകൂടി അവരെ പുകഴ്ത്തി.
65: പിന്നീട് യൂദാസും സഹോദരന്മാരും തെക്കോട്ടു സൈന്യത്തെനയിച്ച് ഏസാവുവംശജരോടു യുദ്ധംചെയ്തു. ഹെബ്രോണും അതിന്റെ ഗ്രാമങ്ങളും അവന്‍ കീഴ്പെടുത്തി; കോട്ടകള്‍ തകര്‍ത്തു; ചുറ്റുമുള്ള ഗോപുരങ്ങള്‍ അഗ്നിക്കിരയാക്കി.
66: അനന്തരം, ഫിലിസ്ത്യദേശമാക്രമിക്കാന്‍ അവന്‍ മരീസായിലൂടെ കടന്നുപോയി.
67: അന്നു തങ്ങളുടെ ധീരത പ്രദര്‍ശിപ്പിക്കാന്‍ ബുദ്ധിശൂന്യമായി യുദ്ധത്തിനു പുറപ്പെട്ട ഏതാനും പുരോഹിതന്മാര്‍ മരിച്ചുവീണു.
68: യൂദാസ് ഫിലിസ്ത്യദേശത്തെ അസോത്തൂസിലേക്കു തിരിച്ചു. അവന്‍ അവരുടെ ബലിപീഠങ്ങള്‍ തകര്‍ത്തു. ദേവന്മാരുടെ കൊത്തുവിഗ്രഹങ്ങള്‍ തീയിലിട്ടു ചുട്ടു. നഗരങ്ങള്‍കൊള്ളയടിച്ചതിനുശേഷം അവന്‍ യൂദാ ദേശത്തേക്കു മടങ്ങി.

അദ്ധ്യായം 6

അന്തിയോക്കസ് എപ്പിഫാനസിന്റെ മരണം
1: അന്തിയോക്കസ്‌ രാജാവ്, ഉത്തരപ്രവിശ്യകളിലൂടെ കടന്നുപോകുമ്പോള്‍, പേര്‍ഷ്യായിലെ എലിമായിസ് സ്വര്‍ണ്ണത്തിനും വെള്ളിക്കും പ്രശസ്തിയാര്‍ജ്ജിച്ച ഒരു നഗരമാണെന്നു കേട്ടു. 
2: ഫിലിപ്പിന്റെ പുത്രനും ഗ്രീക്കുകാരെ ആദ്യം ഭരിച്ച മക്കെദോനിയാരാജാവുമായ അലക്സാണ്ടര്‍ ഉപേക്ഷിച്ചിട്ടുപോയ സ്വര്‍ണ്ണപരിചകള്‍, കവചങ്ങള്‍, ആയുധങ്ങള്‍ എന്നിവ സൂക്ഷിക്കപ്പെട്ടിരുന്നു. അവിടത്തെ ക്ഷേത്രം വളരെ സമ്പന്നമായിരുന്നു.
3: അതിനാല്‍, അന്തിയോക്കസ് വന്ന്, നഗരംപിടിച്ചടക്കി കൊള്ളചെയ്യാന്‍ ശ്രമിച്ചു. പക്ഷേ, അതു സാധിച്ചില്ല. കാരണം, അവന്റെ തന്ത്രം മനസ്സിലാക്കിയ നഗരവാസികള്‍ അവനോടു യുദ്ധംചെയ്തു ചെറുത്തുനിന്നു.
4: യുദ്ധക്കളത്തില്‍നിന്നു പലായനംചെയ്ത അന്തിയോക്കസ് ഭഗ്നാശനായി ബാബിലോണിലേക്കു പിന്‍വാങ്ങി.
5: യൂദാദേശം ആക്രമിക്കാന്‍പോയ സൈന്യം പരാജയപ്പെട്ടുവെന്നു പേര്‍ഷ്യയില്‍വച്ച് ഒരു ദൂതന്‍ അന്തിയോക്കസിനെ അറിയിച്ചു.
6: ലിസിയാസ് ആദ്യം ശക്തമായൊരു സൈന്യവുമായി ചെന്നെങ്കിലും യഹൂദര്‍ അവനെ തുരത്തിയോടിച്ചു. തങ്ങള്‍ തോല്പിച്ച സൈന്യങ്ങളില്‍നിന്നു പിടിച്ചെടുത്ത ആയുധങ്ങള്‍, വിഭവങ്ങള്‍, കൊള്ളവസ്തുക്കള്‍ എന്നിവകൊണ്ടു യഹൂദരുടെ ശക്തി വര്‍ദ്ധിച്ചിരിക്കുന്നു.
7: ജറുസലെമിലെ ബലിപീഠത്തില്‍ അവന്‍ സ്ഥാപിച്ച മ്ലേച്ഛവിഗ്രഹം അവര്‍ തച്ചുടച്ചു; വിശുദ്ധമന്ദിരത്തിനുചുറ്റും മുമ്പുണ്ടായിരുന്നതുപോലെ ഉയരമുള്ള മതിലുകള്‍പണിയുകയും അവന്റെ നഗരമായ ബത്സൂറിനെ കോട്ടകെട്ടി സുശക്തമാക്കുകയും ചെയ്തിരിക്കുന്നു.
8: ഈ വാര്‍ത്ത കേട്ടപ്പോള്‍ രാജാവ് അദ്ഭുതസ്തബ്ധനായി. തന്റെ പദ്ധതികളനുസരിച്ചു കാര്യങ്ങള്‍ നടക്കാഞ്ഞതുമൂലം ദുഃഖാര്‍ത്തനും രോഗിയുമായിത്തീര്‍ന്ന അവന്‍ കിടപ്പിലായി.
9: ആഴമേറിയ ദുഃഖത്തിന് അധീനനായിത്തീര്‍ന്ന അവന്‍ വളരെനാള്‍ കിടക്കയില്‍ത്തന്നെ കഴിഞ്ഞു. മരണമടുത്തുവെന്ന് അവനുറപ്പായി.
10: അതിനാല്‍, സുഹൃത്തുക്കളെ അടുക്കല്‍ വിളിച്ചുപറഞ്ഞു: എനിക്ക് ഉറക്കമില്ലാതായിരിക്കുന്നു. ആകുലതയാല്‍ എന്റെ ഹൃദയം തകരുന്നു. ഞാന്‍ എന്നോടുതന്നെ പറഞ്ഞുപോകുന്നു,
11: പ്രതാപകാലത്തു ദയാലുവും ജനസമ്മതനുമായിരുന്ന എനിക്ക് എത്ര വലിയ ദുരിതമാണു വന്നുഭവിച്ചിരിക്കുന്നത്! എത്ര ആഴമുള്ള കയത്തില്‍ ഞാന്‍ വീണുപോയിരിക്കുന്നു!
12: ജറുസലെമില്‍ ഞാന്‍ ചെയ്ത അകൃത്യങ്ങള്‍ ഞാനോര്‍ക്കുന്നു. അവളുടെ കനകരജതപാത്രങ്ങളെല്ലാം ഞാന്‍ കവര്‍ച്ച ചെയ്തു. ഒരു കാരണവും കൂടാതെ യൂദാനിവാസികളെ നശിപ്പിക്കാന്‍ ഞാന്‍ സൈന്യത്തെ വിട്ടു.
13: ഇതിനാലാണ് ഈ അനര്‍ത്ഥങ്ങള്‍ എനിക്കു വന്നുകൂടിയതെന്നു ഞാനറിയുന്നു. ഇതാ അന്യദേശത്തു കിടന്നു ദുഃഖാധിക്യത്താല്‍ ഞാന്‍ മരിക്കുന്നു.

അന്തിയോക്കസ് അഞ്ചാമന്‍
14: അനന്തരം, അവന്‍ സ്‌നേഹിതന്മാരിലൊരുവനായ ഫിലിപ്പിനെ വിളിച്ച് അവനെ തന്റെ സാമ്രാജ്യത്തിന്റെ അധിപനായി നിയമിച്ചു.
15: തന്റെ പുത്രനായ അന്തിയോക്കസിനെ കിരീടാവകാശിയായി വളര്‍ത്തിക്കൊണ്ടുവരണമെന്ന നിര്‍ദ്ദേശത്തോടുകൂടി അവന്‍ ഫിലിപ്പിനു തന്റെ കിരീടവും മേലങ്കിയും മുദ്രമോതിരവും നല്കി.
16: അന്തിയോക്കസ്‌ രാജാവു നൂറ്റിനാല്പത്തിയൊന്നാം വര്‍ഷം അവിടെവച്ചു മരണമടഞ്ഞു.
17: രാജാവു മരിച്ചതറിഞ്ഞ ലിസിയാസ്, രാജാവിന്റെ പുത്രനും താന്‍ ബാല്യംമുതലേ വളര്‍ത്തിക്കൊണ്ടുവന്നവനുമായ അന്തിയോക്കസിനെ രാജ്യഭാരമേല്പിക്കുകയും അവന്‌ യുപ്പാത്തോര്‍ എന്നു പേരുനല്‍കുകയും ചെയ്തു.

ലിസിയാസിന്റെ രണ്ടാം ആക്രമണം
18: ഇക്കാലത്തു കോട്ടയിലുണ്ടായിരുന്നവര്‍ വിശുദ്ധമന്ദിരത്തിനുചുറ്റും ഇസ്രായേലിനെവളഞ്ഞ്, അവരെ ദ്രോഹിക്കാനും വിജാതീയരെ ശക്തിപ്പെടുത്താനും കിണഞ്ഞുപരിശ്രമിക്കുകയായിരുന്നു.
19: അവരെ നശിപ്പിക്കാന്‍ യൂദാസ് നിശ്ചയിച്ചു. അതിനായി അവന്‍ ജനത്തെ വിളിച്ചുകൂട്ടി.
20: നൂറ്റിയമ്പതാം വര്‍ഷം അവര്‍ ഒത്തൊരുമിച്ചു കോട്ടയാക്രമിച്ചു. ഉപരോധത്തിനായി യൂദാസ് ഗോപുരങ്ങളും യന്ത്രമുട്ടികളും സ്ഥാപിച്ചു.
21: എന്നാല്‍, ശത്രുക്കളുടെ കാവല്‍സേനയില്‍ ചിലര്‍ ആക്രമണത്തില്‍നിന്നു രക്ഷപെട്ടു. അധര്‍മ്മികളായ കുറെ ഇസ്രായേല്യരും അവരോടു ചേര്‍ന്നു.
22: അവര്‍ രാജാവിന്റെയടുക്കല്‍ച്ചെന്നു പറഞ്ഞു: നീതിനടത്താനും ഞങ്ങളുടെ സഹോദരന്മാര്‍ക്കുവേണ്ടി പ്രതികാരംചെയ്യാനും അങ്ങെത്രകാലം വൈകും?
23: അങ്ങയുടെ പിതാവിനെ സേവിക്കാനും അവന്റെ കല്പനകള്‍പാലിക്കാനും ആജ്ഞകളനുസരിക്കാനും ഞങ്ങള്‍ തയ്യാറായിരുന്നു.
24: അതിന്റെപേരില്‍ ഞങ്ങളുടെ ആളുകള്‍തന്നെ കോട്ടയാക്രമിക്കുകയും ഞങ്ങളുടെ ശത്രുക്കളാവുകയുംചെയ്തിരിക്കുന്നു. മാത്രമല്ല, ഞങ്ങളില്‍ പിടികിട്ടിയവരെ അവര്‍ വധിക്കുകയും ഞങ്ങളുടെ വസ്തുവകകള്‍ കൈയടക്കുകയും ചെയ്തു.
25: ഞങ്ങളെ മാത്രമല്ല അയല്‍രാജ്യങ്ങളെയും അവര്‍ ആക്രമിച്ചിരിക്കുന്നു.
26: ഇപ്പോള്‍ അവര്‍ ജറുസലെംകോട്ട പിടിച്ചടക്കാന്‍ അതിനെതിരേ പാളയമടിച്ചിരിക്കയാണ്. വിശുദ്ധമന്ദിരവും ബത്സൂറും അവര്‍ കോട്ടകെട്ടി സുരക്ഷിതമാക്കിക്കഴിഞ്ഞു.
27: അങ്ങവരെ ഉടനെ തടയുന്നില്ലെങ്കില്‍ അവര്‍ ഇനിയും മുന്നേറും. പിന്നീട്, അവരെ നിയന്ത്രണത്തിലാക്കാന്‍ അങ്ങേയ്ക്കു സാധിക്കാതെവരും.
28: ഇതുകേട്ടരാജാവു ക്രുദ്ധനായി. അവന്‍ സ്നേഹിതരെയും സൈന്യാധിപന്മാരെയും അധികാരികളെയും വിളിച്ചുകൂട്ടി.
29: അന്യരാജ്യങ്ങളിലും ദ്വീപുകളിലുംനിന്നുള്ള കൂലിപ്പട്ടാളവും അവനോടുചേര്‍ന്നു.
30: ഒരു ലക്ഷം ഭടന്മാരും ഇരുപതിനായിരം കുതിരപ്പടയാളികളും യുദ്ധപരിചയമുള്ള മുപ്പത്തിരണ്ട് ആനകളുടങ്ങിയതായിരുന്നു അവന്റെ സൈന്യം.
31: അവര്‍ ഇദുമെയായിലൂടെ കടന്ന് ബത്‌സൂറിനെതിരേ പാളയമടിച്ചു. യന്ത്രമുട്ടിയും സ്ഥാപിച്ച്, അനേകംദിവസം യുദ്ധംചെയ്തു. എന്നാല്‍, യഹൂദര്‍ കോട്ടയ്ക്കു പുറത്തുവന്ന് ഇവ തീവച്ചു നശിപ്പിക്കുകയും പൗരുഷത്തോടെ പൊരുതുകയുംചെയ്തു.
32: യൂദാസ് കോട്ടയില്‍നിന്നു പിന്‍വാങ്ങി. രാജാവിന്റെ പാളയത്തിനെതിരേ ബത്സഖറിയായില്‍ പാളയമടിച്ചു.
33: അതിരാവിലെ രാജാവു സൈന്യത്തെ ബത്സഖറിയായിലേക്കുള്ള വഴിയിലൂടെ അതിവേഗം നയിച്ചു. അവന്‍ യുദ്ധത്തിനു തയ്യാറായി കാഹളം മുഴക്കി.
34: മുന്തിരിച്ചാറും മള്‍ബറിനീരും നല്‍കി അവര്‍ ആനകളുടെ യുദ്ധവീര്യമുണര്‍ത്തി.
35: സേനാവ്യൂഹത്തില്‍ പലയിടത്തായി അവയെ നിറുത്തി; ഓരോ ആനയോടുംകൂടെ ഇരുമ്പു കവചവും പിത്തളത്തൊപ്പിയും ധരിച്ച ആയിരം ഭടന്മാരെയും സമര്‍ത്ഥരായ അഞ്ഞൂറു കുതിരപ്പടയാളികളെയും നിറുത്തി.
36: അവര്‍ ആനയുടെ അടുക്കല്‍ സജ്ജരായിനിന്നു. അതു പോകുന്നിടത്തേക്ക് അവരും പോയി. അവര്‍ അതിനെ വിട്ടുമാറിയില്ല.
37: ഓരോ ആനയുടെയും പുറത്തു തടികൊണ്ടുള്ള സുശക്തവും മറയ്ക്കപ്പെട്ടിരുന്നതുമായ അമ്പാരി ഉണ്ടായിരുന്നു. പ്രത്യേകമായ പടച്ച മയങ്ങള്‍കൊണ്ടാണ് അവയെ ആനയോടു ബന്ധിച്ചിരുന്നത്. ഓരോന്നിലും യുദ്ധം ചെയ്യുന്ന ആയുധധാരികളായ നാലു പടയാളികളും ഇന്ത്യാക്കാരനായ പാപ്പാനും ഉണ്ടായിരുന്നു.
38: കുതിരപ്പടയാളികളില്‍ ശേഷിച്ചവര്‍ ശത്രുക്കളെ ആക്രമിക്കാന്‍ സൈന്യത്തിന്റെ ഇരുപാര്‍ശ്വങ്ങളിലും നിലയുറപ്പിച്ചു. സേനാവ്യൂഹം അവര്‍ക്കു സംരക്ഷണം നല്‍കി.
39: സ്വര്‍ണ്ണവും പിത്തളയുംകൊണ്ടുള്ള പരിചകളില്‍ തട്ടി സൂര്യപ്രകാശം പ്രതിഫലിച്ചപ്പോള്‍ കുന്നുകള്‍ തിളങ്ങുകയും കത്തുന്ന പന്തങ്ങള്‍പോലെ കാണപെടുകയുംചെയ്തു.
40: രാജസൈന്യത്തില്‍ ഒരുവിഭാഗം, ഉയര്‍ന്ന കുന്നുകളിലൂടെയും മറ്റേ വിഭാഗം സമതലത്തിലൂടെയും ക്രമമായി ധീരതയോടെ മുന്നേറി.
41: ആ വലിയ പടനീക്കത്തിന്റെ ആരവവും ആയുധങ്ങളുടെ ഇരമ്പലുകളും കേട്ടവരെല്ലാം ഭയചകിതരായി. ആ വ്യൂഹം അത്രയ്ക്കു വലുതും ശക്തവുമായിരുന്നു.
42: യൂദാസും സൈന്യവും അവരോടേറ്റുമുട്ടി. രാജസൈന്യത്തിലെ അറുനൂറുപേര്‍ കൊല്ലപ്പെട്ടു.
43: അവരാന്‍ എന്നു വിളിക്കപ്പെടുന്ന എലെയാസര്‍ യുദ്ധമൃഗങ്ങളിലൊന്നിന്‍മേല്‍ രാജകീയമായ പടച്ചട്ട സജ്ജീകരിച്ചിരിക്കുന്നതായി കണ്ടു. മറ്റുള്ളവയെക്കാള്‍ ഉയരമുണ്ടായിരുന്നു ആ മൃഗത്തിന്. രാജാവ് അതിന്റെ പുറത്തായിരിക്കുമെന്ന് അവന്‍ കരുതി.
44: സ്വജനങ്ങളെ രക്ഷിക്കാനും തനിക്കു ശാശ്വതകീര്‍ത്തിനേടാനുംവേണ്ടി അവന്‍ ജീവന്‍ സമര്‍പ്പിക്കാന്‍ സന്നദ്ധനായി.
45: ആ മൃഗത്തിന്റെ അടുക്കലെത്താന്‍ അവന്‍ വീറോടെ സൈന്യവ്യൂഹത്തിനിടയിലേക്കു കുതിച്ചു. ഇടത്തും വലത്തുമുള്ളവരെ അവന്‍ അരിഞ്ഞുവീഴ്ത്തി. ശത്രുക്കള്‍ ഇരുവശങ്ങളിലേക്കും ചിതറി.
46: അവന്‍ ചെന്ന് ആനയുടെ കീഴെയെത്തി അതിനെ അടിയില്‍ നിന്നു കുത്തിക്കൊന്നു. അത് അവന്റെമേല്‍ വീണ് അവന്‍ അവിടെവച്ചു തന്നെ മരിച്ചു.
47: രാജസൈന്യത്തിന്റെ ശക്തിയും ഭീകരമായ ആക്രമണവുംകണ്ട് യഹൂദര്‍ പിന്തിരിഞ്ഞോടി.
48: രാജാവിന്റെ പടയാളികള്‍ അവര്‍ക്കെതിരേ ജറുസലെമിലേക്കു നീങ്ങി. അവര്‍ യൂദായിലും സീയോന്മലയിലും പാളയമടിച്ചു.
49: രാജാവ് ബത്സൂര്‍ നിവാസികളുമായി സമാധാനയുടമ്പടി ചെയ്തു. അവര്‍ നഗരമൊഴിഞ്ഞുകൊടുത്തു. കാരണം, ഉപരോധത്തെ ചെറുക്കാന്‍ വേണ്ടത്ര ഭക്ഷണസാധനങ്ങള്‍ അവര്‍ക്കുണ്ടായിരുന്നില്ല. അതു ദേശത്തിന്റെ സാബത്തുവര്‍ഷമായിരുന്നു.
50: അങ്ങനെ രാജാവു ബത്സൂര്‍ കൈവശപ്പെടുത്തി. അവിടെ ഒരു കാവല്‍സൈന്യത്തെ ഏര്‍പ്പെടുത്തുകയും ചെയ്തു.
51: അനന്തരം, അവന്‍ വിശുദ്ധമന്ദിരത്തിനുമുമ്പില്‍ പാളയമടിച്ചു. വളരെനാള്‍, അവിടെ കഴിഞ്ഞു. അവന്‍ ഉപരോധഗോപുരങ്ങളും, അഗ്നിയും കല്ലും വര്‍ഷിക്കാനുതകുന്ന യന്ത്രങ്ങളും, അമ്പെയ്യാനുള്ള ഉപകരണങ്ങളും, തെറ്റാലികളും സജ്ജമാക്കി.
52: അവരുടേതിനോടു കിടപിടിക്കുന്ന യുദ്ധയന്ത്രങ്ങള്‍ നിര്‍മ്മിച്ച് യഹൂദര്‍ അവരെ ഏറെക്കാലത്തേക്കു ചെറുത്തുനിന്നു.
53: എന്നാല്‍, അത് ഏഴാംവത്സരമായിരുന്നതിനാല്‍ കലവറകളില്‍ ഭക്ഷണസാധനങ്ങളില്ലായിരുന്നു. വിജാതീയരില്‍നിന്നു രക്ഷപെട്ടു യൂദായില്‍ അഭയംപ്രാപിച്ചവര്‍ കലവറകളില്‍ ശേഷിച്ചവയെല്ലാം ഭക്ഷിച്ചുകഴിഞ്ഞിരുന്നു. വിശുദ്ധമന്ദിരത്തില്‍ ഏതാനുംപേര്‍ മാത്രമേ അവശേഷിച്ചിരുന്നുള്ളു.
54: ക്ഷാമം രൂക്ഷമായിരുന്നതിനാല്‍ മറ്റുള്ളവര്‍ ചിതറി താന്താങ്ങളുടെ ഭവനങ്ങളിലേക്കു പോയി.

മതസ്വാതന്ത്ര്യം
55: തന്റെ മകന്‍ അന്തിയോക്കസിനെ കിരീടാവകാശിയായി വളര്‍ത്തുന്നതിന് അന്തിയോക്കസ്‌രാജാവ് മരണത്തിനുമുമ്പു നിയോഗിച്ചിരുന്ന ഫിലിപ്പ്,
56: രാജാവിനോടുകൂടെപ്പോയിരുന്ന പടയാളികളുമായി പേര്‍ഷ്യ, മേദിയാ എന്നിവിടങ്ങളില്‍നിന്നു മടങ്ങിവന്നുവെന്നും ഭരണം കൈയടക്കാന്‍ ശ്രമിക്കുന്നുവെന്നും ലിസിയാസ് കേട്ടു.
57: അതിനാല്‍, പെട്ടെന്നു സ്ഥലംവിടാന്‍ അവന്‍ കല്പന നല്‍കി. രാജാവിനോടും സൈന്യാധിപന്മാരോടും ജനങ്ങളോടും അവന്‍ പറഞ്ഞു: നമ്മള്‍ ദിവസംചെല്ലുന്തോറും കൂടുതല്‍ ക്ഷീണിച്ചു വരുന്നു; ഭക്ഷണസാധനങ്ങള്‍ ഇല്ലെന്നുതന്നെ പറയാം. നാം ഉപരോധിക്കുന്ന സ്ഥലം സുശക്തമാണ്. രാജ്യകാര്യങ്ങളില്‍ നമ്മുടെ അടിയന്തിര ശ്രദ്ധ ആവശ്യമായും വന്നിരിക്കുന്നു.
58: അതിനാല്‍, നമുക്ക് ഈ ജനത്തോടും രാജ്യത്തോടും ഉടമ്പടിചെയ്തു സമാധാനം സ്ഥാപിക്കാം.
59: അവര്‍ മുമ്പത്തെപ്പോലെ സ്വന്തം നിയമങ്ങളനുസരിച്ചു ജീവിക്കട്ടെ. നമ്മള്‍ അവരുടെ നിയമങ്ങള്‍ നീക്കിക്കളഞ്ഞതിന്റെ പേരിലാണല്ലോ അവര്‍ കുപിതരായി ഈ വിധം പ്രവര്‍ത്തിച്ചത്.
60: ഈ അഭിപ്രായം രാജാവിനും സൈന്യാധിപന്മാര്‍ക്കും സ്വീകാര്യമായി. രാജാവു യഹൂദരുമായി സമാധാനയുടമ്പടിക്ക് സന്‌ദേശമയച്ചു. അവര്‍ അതിനു സമ്മതിച്ചു.
61: രാജാവും സൈന്യാധിപന്മാരും ശപഥപൂര്‍വ്വം ഉറപ്പുകൊടുത്ത വ്യവസ്ഥകളിന്‍മേല്‍ യഹൂദര്‍ ആ കോട്ട വിട്ടുപോയി.
62: എന്നാല്‍, സീയോന്മലയിലെത്തിയ രാജാവ് ആ സ്ഥലം എത്ര ബലവത്തായ കോട്ടയാണെന്നു കണ്ടപ്പോള്‍, താന്‍ചെയ്ത ശപഥംലംഘിച്ച് അതിനുചുറ്റുമുള്ള മതിലുകള്‍ തകര്‍ക്കാന്‍ ആജ്ഞനല്കി.
63: അനന്തരം, അതിവേഗം അന്ത്യോക്യായിലേക്കു തിരിച്ചു. നഗരം ഫിലിപ്പ് കൈയടക്കിയിരിക്കുന്നതായി അവന്‍ കണ്ടു. ഉടനെ ഫിലിപ്പിനെതിരേ യുദ്ധം ചെയ്തു. അവന്‍ നഗരം വീണ്ടെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ