നൂറ്റിമുപ്പത്തൊന്നാം ദിവസം: യൂദിത്ത് 1 - 5


അദ്ധ്യായം 1

നബുക്കദ്‌നേസറും അര്‍ഫക്സാദുംതമ്മില്‍  യുദ്ധം
1: മഹാനഗരമായ നിനെവേയില്‍ അസ്സീറിയാക്കാരെ ഭരിച്ചിരുന്ന നബുക്കദ്‌നേസറിന്റെ പന്ത്രണ്ടാം ഭരണവര്‍ഷമായിരുന്നു അത്. അര്‍ഫക്സാദ് രാജാവ്, എക്ബത്താനായില്‍ മേദിയായുടെ അധിപതിയായി വാഴുകയായിരുന്നു.
2: അവന്‍ മൂന്നുമുഴം കനത്തിലും ആറുമുഴം നീളത്തിലും ചെത്തിയെടുത്ത കല്ലുകൊണ്ട് എക്ബത്താനായ്ക്കുചുറ്റും മതില്‍ പണിതു. മതിലിന് എഴുപതുമുഴം ഉയരവും അമ്പതുമുഴം വീതിയുമുണ്ടായിരുന്നു.
3: കവാടത്തില്‍ നൂറുമുഴം ഉയരവും അടിത്തറയില്‍ അറുപതുമുഴം വീതിയുമുള്ള ഗോപുരങ്ങള്‍ നിര്‍മ്മിച്ചിരുന്നു.
4: സൈന്യത്തിന് ഒന്നിച്ചുകടന്നുപോകാനും കാലാള്‍പ്പടയ്ക്കു നിരയായിനീങ്ങാനുംകഴിയുമാറ്, കവാടങ്ങള്‍ എഴുപതുമുഴം ഉയരത്തിലും നാല്പതുമുഴം വീതിയിലുമാണു പണിതത്.
5: അക്കാലത്താണു നബുക്കദ്‌നേസര്‍ രാജാവ് റാഗാവിന്റെ അതിര്‍ത്തിയിലുള്ള വിശാലമായ സമതലത്തില്‍വച്ച് അര്‍ഫക്സാദ് രാജാവിനോട് ഏറ്റുമുട്ടിയത്.
6: മലമ്പ്രദേശത്തെ ജനങ്ങളും യൂഫ്രട്ടീസ്ടൈഗ്രീസ്ഹിദാസ്പസ് എന്നീ നദികളുടെ തീരങ്ങളില്‍ വസിച്ചിരുന്നവരും എലിമായരുടെ രാജാവായ അറിയോക്കും സമതലത്തില്‍വച്ച് അവനോടു ചേര്‍ന്നു. അനവധി ജനതകള്‍ കല്‍ദായസൈന്യങ്ങളോടു ചേര്‍ന്നു.
7: അസ്സീറിയാക്കാരുടെ രാജാവായ നബുക്കദ്‌നേസര്‍, പേര്‍ഷ്യയിലും പടിഞ്ഞാറു കിലിക്യദമാസ്‌ക്കസ്ലബനോന്‍, ലബനോന്റെനേരേകിടക്കുന്ന പ്രദേശങ്ങള്‍ എന്നിവയിലും സമുദ്രതീരപ്രദേശങ്ങളിലും വസിച്ചിരുന്നവര്‍ക്കും,
8: കാര്‍മ്മല്‍, ഗിലെയാദ്ഉത്തരഗലീലിവിശാലമായ എസ്ദ്രായേലോണ്‍ താഴ്‌വര എന്നിവിടങ്ങളിലും,
9: സമരിയായിലും അതിനുചുറ്റുമുള്ള പട്ടണങ്ങളിലും ജോര്‍ദാനക്കരെ ജറുസലെംവരെയും ബഥനികെലുസ്കാദെഷ്ഈജിപ്തിലെ നദീതീരംതഹ്ഫാനെസ്റാംസെസ് എന്നിവിടങ്ങളിലും,
10: താനിസ്മെംഫിസ് ഇവയുള്‍പ്പെടെ ഗോഷന്‍പ്രദേശംമുഴുവനിലും ഈജിപ്തില്‍ എത്യോപ്യയുടെ അതിര്‍ത്തികള്‍വരെയും വസിച്ചിരുന്നവര്‍ക്കും സന്ദേശമയച്ചു.
11: എന്നാല്‍, ആ പ്രദേശങ്ങളിലെ ജനങ്ങള്‍ അസ്സീറിയാരാജാവായ നബുക്കദ്നേസറിന്റെ ആജ്ഞയവഗണിക്കുകയും യുദ്ധത്തില്‍ അവനോടുചേരാന്‍ വിസമ്മതിക്കുകയും ചെയ്തു. അവര്‍ അവനെ ഭയപ്പെട്ടിരുന്നില്ല. അവരുടെ ദൃഷ്ടിയില്‍, അവന്‍ ഒരു സാധാരണമനുഷ്യനായിരുന്നു. അവന്റെ ദൂതന്മാരെ അവര്‍ വെറും കൈയോടെ അപമാനിതരായി തിരിച്ചയച്ചു.
12: ആ ദേശങ്ങളെല്ലാം നബുക്കദ്‌നേസറിന്റെ കടുത്ത രോഷത്തിനു പാത്രമായി. കിലിക്യദമാസ്‌ക്കസ്സിറിയ എന്നിവയുടെമേല്‍ നിശ്ചയമായും പ്രതികാരംനടത്തുമെന്നും മൊവാബ്‌നിവാസികളെയും അമ്മോന്‍ജനതയെയുംയൂദായിലും ഈജിപ്തില്‍ ഇരുകടലുകളുടെയും തീരങ്ങള്‍വരെയും വസിച്ചിരുന്ന എല്ലാവരെയും വാളിനിരയാക്കുമെന്നും അവന്‍ തന്റെ സിംഹാസനത്തിന്റെയും രാജ്യത്തിന്റെയുംപേരില്‍ ശപഥംചെയ്തു.
13: പതിനേഴാംവര്‍ഷം അവന്‍ അര്‍ഫക്സാദ് രാജാവിനെതിരേ സൈന്യത്തെയയച്ചു. അവനെ യുദ്ധത്തില്‍ പരാജയപ്പെടുത്തുകയും അവന്റെ സൈന്യത്തെയും കുതിരപ്പടയെയും രഥങ്ങളെയും നിശ്ശേഷം നശിപ്പിക്കുകയും ചെയ്തു.
14: അങ്ങനെ അവന്‍ അര്‍ഫക്സാദിന്റെ നഗരങ്ങള്‍ കീഴ്‌പെടുത്തിഎക്ബത്താനായില്‍ പ്രവേശിച്ചു ഗോപുരങ്ങള്‍ പിടിച്ചടക്കുകയും കച്ചവടസ്ഥലങ്ങള്‍ കൊള്ളയടിക്കുകയുംചെയ്തു. പ്രതാപമുള്ള പട്ടണത്തെ പരിഹാസപാത്രമാക്കി.
15: അവന്‍ അര്‍ഫക്സാദിനെ റാഗാവു പര്‍വ്വതനിരകളില്‍വച്ചു ബന്ധനസ്ഥനാക്കി കുന്തംകൊണ്ടു കുത്തി. അവനെ പൂര്‍ണ്ണമായി നശിപ്പിച്ചു.
16: അനന്തരംഅവന്‍ തന്റെ വിപുലമായ സംയുക്തസൈന്യവുമായി നിനെവേയിലേക്കു മടങ്ങി. അവിടെ അവനും സൈന്യവും നൂറ്റിയിരുപതുദിവസം വിരുന്നിലും വിശ്രമത്തിലും ചെലവഴിച്ചു.

അദ്ധ്യായം 2

ഹോളോഫര്‍ണ്ണസിനെ അയയ്ക്കുന്നു
1: നബുക്കദ്‌നേസര്‍ പറഞ്ഞിരുന്നതുപോലെ പതിനെട്ടാംവര്‍ഷം ഒന്നാംമാസം ഇരുപത്തിരണ്ടാംദിവസം ആ പ്രദേശംമുഴുവന്‍ പ്രതികാരംനടത്തുന്നതിനെപ്പറ്റി അവന്റെ കൊട്ടാരത്തില്‍ ആലോചനനടന്നു.
2: അവന്‍ തന്റെ സേവകന്മാരെയും പ്രഭുക്കന്മാരെയും വിളിച്ചുവരുത്തി തന്റെ രഹസ്യപദ്ധതി വിശദീകരിച്ചു. ആ പ്രദേശങ്ങളുടെ ദുഷ്‌കൃത്യങ്ങള്‍ സ്വന്തം നാവുകൊണ്ടു വിവരിച്ചു.
3: തന്റെ കല്പനയനുസരിക്കാത്ത ഏവരെയും നശിപ്പിക്കണമെന്നു തീരുമാനിച്ചു.
4: പദ്ധതിയവതരിപ്പിച്ചുകഴിഞ്ഞപ്പോള്‍ അസ്സീറിയാരാജാവായ നബുക്കദ്‌നേസര്‍ തനിക്കു നേരേകീഴിലുള്ള സര്‍വ്വസൈന്യാധിപന്‍ ഹോളോഫര്‍ണ്ണസിനെ വിളിച്ചു പറഞ്ഞു:
5: ഭൂമി മുഴുവന്റെയും അധിനാഥനായ ചക്രവര്‍ത്തി അറിയിക്കുന്നു: 
6: നീ എന്റെ മുമ്പില്‍നിന്നുപോയാലുടന്‍ ധീരന്മാരായ ഒരു ലക്ഷത്തിയിരുപതിനായിരം കാലാള്‍പടയെയും പന്തീരായിരം കുതിരപ്പടയാളികളെയും ശേഖരിച്ച്
പശ്ചിമദേശംമുഴുവന്‍ ആക്രമിക്കുക. അവര്‍ എന്റെ കല്പനയനുസരിച്ചില്ല. ഞാന്‍ കോപാക്രാന്തനായി വരുകയാണ്.
7: ഭൂമുഖമാസകലം എന്റെ സൈന്യങ്ങളുടെ പാദംകൊണ്ടു മറയും. എന്റെ പടയാളികള്‍ക്കു കൊള്ളയടിക്കാന്‍ അവരെ ഞാനേല്പിച്ചുകൊടുക്കും. അതിനാല്‍, കീഴടങ്ങാന്‍ ഒരുങ്ങിക്കൊള്ളുവിനെന്ന് അവരോടു പറയുക.
8: മുറിവേറ്റവര്‍ താഴ്‌വരകളില്‍ നിറയും. അരുവികളും നദികളും മൃതശരീരങ്ങള്‍കൊണ്ടു കവിഞ്ഞൊഴുകും.
9: ഞാന്‍ അവരെ തടവുകാരാക്കി, ലോകത്തിന്റെ അറ്റംവരെ പായിക്കും.
10: നിങ്ങള്‍ മുമ്പേപോയി അവരുടെ സ്ഥലങ്ങള്‍ എനിക്കുവേണ്ടി പിടിച്ചടക്കുവിന്‍. അവര്‍ നിങ്ങള്‍ക്കു കീഴടങ്ങും. ശിക്ഷയുടെ നാള്‍വരെ നിങ്ങളവരെ എനിക്കുവേണ്ടി സൂക്ഷിക്കുവിന്‍.
11: അവര്‍ വിസമ്മതിച്ചാല്‍ നിങ്ങള്‍ കണ്ണടച്ചുകളയരുത്. രാജ്യംമുഴുവന്‍ കൊലയ്ക്കും കൊള്ളയ്ക്കുമായി ഏല്പിച്ചുകൊടുക്കണം.
12: ഞാനും എന്റെ രാജ്യവുമാണേഎന്റെ വാക്കു ഞാന്‍ നിറവേറ്റും.
13: നിങ്ങളുടെ രാജാവിന്റെ കല്പനകള്‍ ലംഘിക്കാതിരിക്കാന്‍ നിങ്ങളും ശ്രദ്ധിച്ചുകൊള്ളുവിന്‍. എന്റെ കല്പന, മാറ്റമില്ലാതെ നിര്‍വ്വഹിക്കാന്‍ ശ്രദ്ധിക്കുവിന്‍. താമസംവരുത്തരുത്.
14: യജമാനസന്നിധി വിട്ടപ്പോള്‍ത്തന്നെ, ഹോളോഫര്‍ണ്ണസ്, അസ്സീറിയന്‍ സൈന്യത്തിലെ സേനാപതികള്‍, മറ്റു പടത്തലവന്മാര്‍, സേവകന്മാര്‍ എന്നിവരെ വിളിച്ചുകൂട്ടി.
15: യജമാനന്‍ കല്പിച്ചതനുസരിച്ച്തിരഞ്ഞെടുത്ത ഒരു ലക്ഷത്തിയിരുപതിനായിരം പടയാളികളെയും അശ്വാരൂഢരായ പന്തീരായിരം വില്ലാളികളെയും ഗണങ്ങളായി തിരിച്ചു.
16: അങ്ങനെ അവന്‍ ആക്രമണസന്നദ്ധമായ ഒരു വന്‍സൈന്യത്തെ സജ്ജമാക്കി.
17: അവന്‍, സാധനങ്ങള്‍കൊണ്ടുപോകാന്‍ അസംഖ്യം ഒട്ടകങ്ങളെയും കഴുതകളെയും കോവര്‍കഴുതകളെയുംഭക്ഷണത്തിനായി അനേകം ചെമ്മരിയാടുകളെയും കാളകളെയും കോലാടുകളെയും സംഭരിച്ചു.
18: കൂടാതെഎല്ലാ ആളുകള്‍ക്കുംവേണ്ടി ധാരാളം ഭക്ഷണസാധനങ്ങളും വലിയൊരു തുകയ്ക്കു സ്വര്‍ണ്ണവും വെള്ളിയും രാജകൊട്ടാരത്തില്‍നിന്നു ശേഖരിച്ചു.
19: ഇപ്രകാരം പശ്ചിമദേശങ്ങളെല്ലാം തേര്കുതിര, തിരഞ്ഞെടുക്കപ്പെട്ട കാലാള്‍പ്പട ഇവയാല്‍ നിറയ്ക്കുവാന്‍ അവന്‍ മുഴുവന്‍സൈന്യവുമായി നബുക്കദ്‌നേസര്‍ രാജാവിനുമുമ്പേ പോയി.
20: വെട്ടുകിളികളെപ്പോലെയും ഭൂമിയിലെ മണല്‍ത്തരിപോലെയും എണ്ണമറ്റ ഒരു സമൂഹം അവരോടുകൂടെപ്പോയി.
21: നിനെവേയില്‍നിന്നു മൂന്നുദിവസം യാത്രചെയ്ത്, അവന്‍ ബക്തീലെത്ത് സമതലത്തിലെത്തി. അതിന്റെ എതിര്‍വശത്ത്ഉത്തരകിലിക്യയുടെ വടക്കുഭാഗത്തെ പര്‍വ്വതത്തിനുസമീപം പാളയമടിച്ചു.
22: അവിടെനിന്നു ഹോളോഫര്‍ണ്ണസ് തന്റെ സൈന്യത്തെമുഴുവന്‍ - കാലാള്‍, കുതിരതേര് എന്നീ വിഭാഗങ്ങളെയെല്ലാം - കൂട്ടി കുന്നിന്‍പ്രദേശത്തേക്കു പോവുകയും,
23: പുത്ലുദ് എന്നീ ദേശങ്ങള്‍ തകര്‍ക്കുകയുംറാസിസ് നിവാസികളെയും കെലിയാദേശത്തിനു തെക്കുള്ള മരുപ്രദേശങ്ങളില്‍ വസിച്ചിരുന്ന ഇസ്മായേല്യരെയും കൊള്ളയടിക്കുകയും ചെയ്തു.
24: അനന്തരംയൂഫ്രട്ടീസിന്റെ ഗതി പിന്‍തുടര്‍ന്ന്, മെസൊപ്പൊട്ടാമിയായിലൂടെ കടന്ന്, അബ്‌റോണ്‍ അരുവിയുടെ കരയിലുള്ള കുന്നിന്‍മുകളില്‍ സ്ഥിതിചെയ്തിരുന്ന നഗരങ്ങളെല്ലാം സമുദ്രപര്യന്തം തകര്‍ത്തു.
25: കിലിക്യന്‍ പ്രദേശങ്ങള്‍ പിടിച്ചടക്കുകയും എതിര്‍ത്തുനിന്നവരെയെല്ലാം വധിക്കുകയുംചെയ്തതിനുശേഷം അവന്‍ അറേബ്യയ്ക്ക് അഭിമുഖമായി നിലകൊള്ളുന്ന ജാഫെത്തായുടെ തെക്കേ അതിര്‍ത്തികളിലേക്കു കടന്നു.
26: മിദിയാക്കാരെ വളഞ്ഞ്, അവരുടെ കൂടാരങ്ങള്‍ അഗ്നിക്കിരയാക്കിആട്ടിൻപറ്റങ്ങളെ കവര്‍ച്ചചെയ്തു.
27: അതിനുശേഷം ഗോതമ്പുകൊയ്ത്തിന്റെകാലത്ത്, അവന്‍ ദമാസ്‌ക്കസ് സമഭൂമിയിലേക്ക് ഇറങ്ങിച്ചെന്ന്, വയലുകള്‍ക്കു തീ വയ്ക്കുകയും ആടുമാടുകളെ കൊന്നൊടുക്കുകയും നഗരങ്ങള്‍ നിര്‍ജ്ജനമാക്കുകയും നിലം ശൂന്യമാക്കുകയും യുവാക്കളെ വാളിനിരയാക്കുകയും ചെയ്തു.
28: സമുദ്രതീരദേശങ്ങളായ സീദോന്‍, ടയിര്‍ എന്നിവിടങ്ങളിലുംസൂര്‍, ഒക്കിനാജാമ്‌നിയാഎന്നിവിടങ്ങളിലും നിവസിച്ചിരുന്ന ജനങ്ങള്‍ ചകിതരായിത്തീര്‍ന്നു. അസോത്തൂസിലെയും അസ്‌കേലോണിലെയും ജനങ്ങളും പരിഭ്രാന്തരായി.

അദ്ധ്യായം 3

സമാധാനത്തിനുവേണ്ടി യാചിക്കുന്നു
1: അവര്‍ ദൂതന്മാരെയയച്ചു സമാധാനത്തിനപേക്ഷിച്ചു:
2: ഇതാ നബുക്കദ്‌നേസര്‍മഹാരാജാവിന്റെ ദാസന്മാരായ ഞങ്ങള്‍, അങ്ങയുടെ മുമ്പില്‍ സാഷ്ടാംഗം നമസ്‌കരിക്കുന്നു അങ്ങേയ്ക്കിഷ്ടമുള്ളതു ഞങ്ങളോടു ചെയ്തുകൊള്ളുക.
3: ഞങ്ങളുടെ കെട്ടിടങ്ങളും നിലങ്ങളും ഗോതമ്പുവയലുകളും കന്നുകാലികളും ആട്ടിന്‍പറ്റങ്ങളും മേച്ചില്പുറങ്ങളും അവയുടെ ആലകളുംമെല്ലാം ഞങ്ങള്‍ അങ്ങേയ്ക്കടിയറവയ്ക്കുന്നു. അവയോട് എന്തും ചെയ്തുകൊള്ളുക.
4: ഞങ്ങളുടെ നഗരങ്ങളും അതിലെ നിവാസികളും അങ്ങയുടെ അടിമകളാണ്. അങ്ങയുടെ ഇഷ്ടംപോലെ പ്രവര്‍ത്തിച്ചുകൊള്ളുക.
5: ജനങ്ങള്‍വന്ന് ഇതെല്ലാം ഹോളോഫര്‍ണ്ണസിനോടു പറഞ്ഞു.
6: അവന്‍ സൈന്യസമേതം കടല്‍ത്തീരത്തേക്കിറങ്ങിച്ചെന്നു. മലമുകളിലെ നഗരങ്ങളില്‍ സൈനികത്താവളങ്ങള്‍ സ്ഥാപിക്കുകയും അവരില്‍നിന്നു സമര്‍ത്ഥരായ ആളുകളെ, തന്നെ സഹായിക്കാന്‍ നിയോഗിക്കുകയുംചെയ്തു.
7: ഇവരും സമീപപ്രദേശങ്ങളിലെ ജനങ്ങളും അവനെ മാലയിട്ടു നൃത്തവാദ്യങ്ങളോടെ സ്വീകരിച്ചു.
8: അവന്‍ അവരുടെ ആരാധനാമന്ദിരങ്ങള്‍ തട്ടിത്തകര്‍ത്തു. അവരുടെ വിശുദ്ധമായ ഉപവനങ്ങള്‍ വെട്ടിക്കളഞ്ഞു. കാരണംജനതകളെല്ലാം നബുക്കദ്‌നേസറിനെമാത്രം ആരാധിക്കുന്നതിനും എല്ലാനാവുകളും ഗോത്രങ്ങളും അവനെ ദൈവമെന്നു വിളിക്കുന്നതിനുംവേണ്ടിസ്ഥലത്തെ സകലദേവന്മാരെയും നിര്‍മ്മൂലനംചെയ്യണമെന്നു ഹോളോഫര്‍ണ്ണസിന് ആജ്ഞ ലഭിച്ചിരുന്നു.
9: അനന്തരംഅവന്‍ ദോഥാനു സമീപം ഉന്നതമായ യൂദാപര്‍വ്വതനിരയ്ക്ക് അഭിമുഖമായി സ്ഥിതിചെയ്യുന്ന എസ്ത്രായേലോണിന്റെ അതിര്‍ത്തിയിലെത്തി.
10: അവന്‍ ഇവിടെ ഗേബായ്ക്കും സ്‌കിഥോപ്പോളിസിനും മദ്ധ്യേ പാളയമടിച്ചു. സൈന്യത്തിനാവശ്യമായ വിഭവങ്ങള്‍ ശേഖരിക്കാന്‍ ഒരു മാസംമുഴുവന്‍ അവിടെ താമസിച്ചു.

അദ്ധ്യായം 4

യൂദാ പ്രതിരോധത്തിനൊരുങ്ങുന്നു

1: ഇത്രയുമായപ്പോള്‍ അസ്സീറിയാരാജാവായ നബുക്കദ്‌നേസറിന്റെ സര്‍വ്വസൈന്യാധിപന്‍ ഹോളോഫര്‍ണ്ണസ് ജനതകളോടുചെയ്ത കാര്യങ്ങളും അവരുടെ ക്ഷേത്രങ്ങളെ കൊള്ളയടിച്ചുനശിപ്പിച്ച രീതിയും യൂദായിലെ ഇസ്രായേല്‍ജനമറിഞ്ഞു.
2: അവന്റെ മുന്നേറ്റത്തില്‍ അവര്‍ അത്യന്തം ഭയപ്പെടുകയും ജറുസലെമിനെയും തങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ ആലയത്തെയുമോര്‍ത്തു പരിഭ്രമിക്കുകയുംചെയ്തു.
3: അവര്‍ പ്രവാസത്തില്‍നിന്നു മടങ്ങിയെത്തിയിട്ടു കുറച്ചുകാലമേ ആയിരുന്നുള്ളു. യൂദാജനം വീണ്ടും ഒന്നുചേരുകയും അശുദ്ധമാക്കപ്പെട്ട വിശുദ്ധപാത്രങ്ങള്‍, ബലിപീഠംദേവാലയംഎന്നിവ ശുദ്ധീകരിക്കുകയുംചെയ്തിട്ട് ഏറെക്കാലമായില്ല.
4: അതിനാല്‍, അവര്‍ സമരിയായിലെ ഓരോ പ്രവിശ്യയിലേക്കും കോനാബേത്‌ഹോറോണ്‍, ബല്‍മായിന്‍, ജറീക്കോകോബഅയസ്സോറസാലെം താഴ്‌വര എന്നിവിടങ്ങളിലേക്കും ദൂതന്മാരെയയച്ചു.
5: അവര്‍ മലമുകളിലെ ഗ്രാമങ്ങള്‍ കൈയടക്കി സുരക്ഷിതമാക്കി. ഭക്ഷ്യവിഭവങ്ങള്‍ സംഭരിച്ചു യുദ്ധത്തിനൊരുങ്ങി. കൊയ്ത്തുകഴിഞ്ഞതേയുണ്ടായിരുന്നുള്ളു.
6: അക്കാലത്തു ജറുസലെമിലായിരുന്ന പ്രധാന പുരോഹിതന്‍ യൊവാക്കിംബത്തൂലിയായിലും ദോഥാനു സമീപമുള്ള സമതലത്തിന്റെ എതിര്‍വശത്ത് എസ്ദ്രായേലോണിനഭിമുഖമായി സ്ഥിതിചെയ്യുന്ന ബത്തൊമെസ്ത്തായിമിലും വസിച്ചിരുന്ന ജനങ്ങള്‍ക്ക്, മലമ്പാതകളില്‍ നിലയുറപ്പിക്കാനാവശ്യപ്പെട്ടുകൊണ്ട് എഴുതി. 
7:കാരണംഇവയിലൂടെ യൂദാ ആക്രമിക്കപ്പെടാം. എന്നാല്‍, പാത ഇടുങ്ങിയതാണ്. കഷ്ടിച്ചു രണ്ടാളുകള്‍ക്ക് കടക്കാനുള്ള വീതിമാത്രമേയുള്ളു. അതിനാല്‍, കടക്കാന്‍ ശ്രമിക്കുന്ന ആരെയും നിഷ്പ്രയാസം തടഞ്ഞുനിര്‍ത്താം.
8: അങ്ങനെ പ്രധാനപുരോഹിതനായ യൊവാക്കിമും ജറുസലെമില്‍ സമ്മേളിച്ച ഇസ്രായേല്‍ജനത്തിന്റെ പ്രതിനിധിസഭയും പുറപ്പെടുവിച്ച കല്പനയനുസരിച്ച് ഇസ്രായേല്‍ജനം പ്രവര്‍ത്തിച്ചു.
9: ഇസ്രായേലിലെ ഓരോരുത്തരും തീക്ഷ്ണതയോടെ ദൈവത്തെ വിളിച്ചപേക്ഷിക്കുകയും കഠിനമായി ഉപവസിച്ച് തങ്ങളെത്തന്നെ എളിമപ്പെടുത്തുകയുംചെയ്തു.
10: അവരും ഭാര്യമാരും കുട്ടികളും കന്നുകാലികളും അവിടെ വസിക്കുന്ന വിദേശികളും കൂലിവേലക്കാരും വിലയ്ക്കുവാങ്ങിയ അടിമകളും എല്ലാവരും ചാക്കുടുത്തു.
11: ജറുസലെമിലുണ്ടായിരുന്ന ഇസ്രായേലിലെ എല്ലാ പുരുഷന്മാരും സ്ത്രീകളും കുഞ്ഞുങ്ങളും ദേവാലയത്തിന്റെമുമ്പില്‍ സാഷ്ടാംഗം പ്രണമിച്ചു. അവര്‍ തലയില്‍ ചാരംവിതറിതങ്ങളുടെ ചാക്കുവസ്ത്രം കര്‍ത്താവിന്റെമുമ്പില്‍ വിരിച്ചു.
12: ബലിപീഠത്തിനുചുറ്റും ചാക്കുവസ്ത്രം നിരത്തിതങ്ങളുടെ കുഞ്ഞുങ്ങളെ അവര്‍ക്കിരയാക്കരുതെന്നുംഭാര്യമാരെ അവരുടെ കവര്‍ച്ചമുതലാക്കരുതെന്നുംഅവകാശമായി തങ്ങള്‍ക്കു ലഭിച്ച നഗരങ്ങള്‍ നശിപ്പിക്കപ്പെടരുതെന്നുംവിജാതീയരുടെ നീചസന്തോഷങ്ങള്‍ക്കായി തങ്ങളുടെ വിശുദ്ധസ്ഥലം അശുദ്ധമാക്കാനിടയാക്കരുതെന്നും അവര്‍ ഏകസ്വരത്തില്‍ ഇസ്രായേലിന്റെ ദൈവത്തോടു കേണപേക്ഷിച്ചു.
13: കര്‍ത്താവ് അവരുടെ പ്രാര്‍ത്ഥന കേട്ടുഅവരുടെ ക്ലേശങ്ങള്‍ കാണുകയുംചെയ്തു. യൂദയായിലും ജറുസലെമിലുമുള്ള ജനം സര്‍വ്വശക്തനായ കര്‍ത്താവിന്റെ വിശുദ്ധമന്ദിരത്തിനു മുമ്പില്‍ അനേകദിവസം ഉപവസിച്ചു.

അദ്ധ്യായം 5

ഹോളോഫര്‍ണ്ണസിന്റെ യുദ്ധാലോചന
1: ഇസ്രായേല്‍ജനം മലമ്പാതകളടച്ച്ഗിരിശൃംഗങ്ങള്‍ സുശക്തമാക്കിസമതലങ്ങളില്‍ പ്രതിരോധങ്ങളേര്‍പ്പെടുത്തി, യുദ്ധത്തിനു തയ്യാറായിരിക്കുന്നുവെന്ന് അസ്സീറിയന്‍ സൈന്യാധിപന്‍ ഹോളോഫര്‍ണ്ണസ് കേട്ടു.
2: അവനു കഠിനമായ കോപമുണ്ടായി. അവന്‍ മൊവാബിലെ പ്രഭുക്കന്മാരെയും അമ്മോനിലെ സൈന്യാധിപന്മാരെയും തീരപ്രദേശങ്ങളിലെ ഭരണകര്‍ത്താക്കളെയും വിളിച്ചുകൂട്ടി അവരോടു പറഞ്ഞു:
3: കാനാന്യരേമലമ്പ്രദേശങ്ങളില്‍ ജീവിക്കുന്ന ഈ ജനമേതാണ്ഏതെല്ലാം നഗരങ്ങളിലാണ് അവര്‍ വസിക്കുന്നത്അവരുടെ സൈന്യം എത്രത്തോളം വലുതാണ്അവരുടെ പ്രതാപവും ശക്തിയും എന്തിലടങ്ങിയിരിക്കുന്നുഅവരുടെ സൈന്യത്തെ നയിക്കുകയും രാജാവെന്നനിലയില്‍ അവരെ ഭരിക്കുകയുംചെയ്യുന്നതാരാണ്?
4: പശ്ചിമദിക്കില്‍ വസിക്കുന്നവരില്‍ ഇവര്‍മാത്രം എന്നെവന്നുകാണാന്‍ വിസമ്മതിച്ചതെന്തുകൊണ്ടാണ്?

ആഖിയോറിന്റെ ഉപദേശം
5: അമ്മോന്യരുടെ നേതാവ് ആഖിയോര്‍ പറഞ്ഞു: യജമാനന്‍ ഈ ദാസന്റെ വാക്കുകേട്ടാലും. സമീപമലമ്പ്രദേശത്തു ജീവിക്കുന്ന ഈ ജനത്തിന്റെ സത്യാവസ്ഥ ഞാന്‍ പറയാം. ഈ ദാസന്‍ അസത്യം പറയുകയില്ല.
6: കല്‍ദായ വംശത്തില്‍പ്പെട്ടവരാണീ ജനം.
7: കല്‍ദായയില്‍ വസിച്ചിരുന്ന തങ്ങളുടെ പിതാക്കന്മാരുടെ ദേവന്മാരെ ആരാധിക്കാന്‍ വിസമ്മതിച്ചതിനാല്‍ ഒരു കാലത്ത് അവര്‍ക്ക് മെസൊപ്പൊട്ടാമിയായില്‍പ്പോയി താമസിക്കേണ്ടി വന്നു.
8: ഇവര്‍ പൂര്‍വ്വികന്മാരുടെ മാര്‍ഗ്ഗങ്ങളുപേക്ഷിച്ച്തങ്ങള്‍ക്കറിയാനിടയായ സ്വര്‍ഗ്ഗസ്ഥനായ ദൈവത്തെ ആരാധിച്ചു. അതിനാല്‍, അവരുടെ ദേവന്മാരുടെ മുമ്പില്‍നിന്ന് ഇവര്‍ പുറന്തള്ളപ്പെടുകയും മെസൊപ്പൊട്ടാമിയായിലേക്കോടിപ്പോയി അവിടെ ദീര്‍ഘകാലം വസിക്കുകയും ചെയ്തു.
9: തങ്ങള്‍ ജീവിച്ചിരുന്ന സ്ഥലംവിട്ട് കാനാന്‍ എന്ന ദേശത്തേക്കു പോകാന്‍ അവരുടെ ദൈവം കല്പിച്ചു. അവിടെ വാസമുറപ്പിച്ച അവര്‍ ധാരാളം സ്വര്‍ണ്ണവും വെള്ളിയും കന്നുകാലികളുംകൊണ്ടു സമ്പന്നരായി.
10: കാനാനില്‍ ക്ഷാമം ബാധിച്ചപ്പോള്‍ അവര്‍ ഈജിപ്തിലേക്കുപോവുകയും ഭക്ഷണം ലഭിച്ചകാലമത്രയും അവിടെ പാര്‍ക്കുകയും ചെയ്തു. അവര്‍ അവിടെ എണ്ണമറ്റ ഒരു വലിയ സമൂഹമായി വര്‍ധിച്ചു.
11: അതിനാല്‍, ഈജിപ്തിലെ രാജാവ് അവരെ വെറുത്തു. അവന്‍ അവരെ ഇഷ്ടിക നിര്‍മ്മിക്കാന്‍ നിയോഗിച്ച്, അടിമകളാക്കിപീഡിപ്പിച്ചു മുതലെടുത്തു. 
12: അപ്പോള്‍ അവര്‍ തങ്ങളുടെ ദൈവത്തെ വിളിച്ചപേക്ഷിക്കുകയും അവിടുന്നു തീരാവ്യാധികളാല്‍ ഈജിപ്തിനെമുഴുവന്‍ പീഡിപ്പിക്കുകയുംചെയ്തു. ഈജിപ്തുകാര്‍ തങ്ങളുടെ കണ്‍മുമ്പില്‍നിന്ന് അവരെ ആട്ടിപ്പായിച്ചു.
13: ദൈവം അവരുടെ മുമ്പില്‍ ചെങ്കടലിനെ വറ്റിച്ചു.
14: അവിടുന്ന് സീനായ്കാദെഷ്ബര്‍ണിയാ എന്നിവിടങ്ങളിലൂടെ അവരെ നയിക്കുകയും മരുഭൂമിയില്‍ ജീവിച്ചിരുന്നവരെ ഓടിച്ചുകളയുകയും ചെയ്തു.
15: അങ്ങനെ അവര്‍ അമോര്യരുടെ നാട്ടില്‍ വസിച്ചു. അവര്‍ തങ്ങളുടെ ശക്തികൊണ്ടു ഹെഷ്‌ബോണ്‍ നിവാസികളെ നശിപ്പിച്ചുജോര്‍ദാന്‍കടന്ന്മലമ്പ്രദേശമാകെ കൈവശപ്പെടുത്തി.
16: കാനാന്യര്‍, പെരീസ്യര്‍, ജബൂസ്യര്‍, ഷെക്കെംകാര്‍, ഗിര്‍ഗാഷ്യര്‍ എന്നിവരെ തുരത്തിദീര്‍ഘകാലം അവര്‍ അവിടെ പാര്‍ത്തു.
17: തങ്ങളുടെ ദൈവത്തിനെതിരായി പാപം ചെയ്യാതിരുന്നിടത്തോളംകാലം അവര്‍ക്ക് അഭിവൃദ്ധിയുണ്ടായി. പാപത്തെ വെറുക്കുന്ന ദൈവം അവരോടുകൂടെയുണ്ടായിരുന്നു.
18: എന്നാല്‍, അവിടുന്നു നിര്‍ദ്ദേശിച്ച പാതയില്‍നിന്നു വ്യതിചലിച്ചപ്പോള്‍ അനേകം യുദ്ധങ്ങളില്‍ അവര്‍ ദയനീയമായി പരാജയമടഞ്ഞു. അവര്‍ക്കു വിദേശങ്ങളിലേക്ക് അടിമകളായിപ്പോകേണ്ടിവന്നു. ശത്രുക്കള്‍ അവരുടെ ദൈവത്തിന്റെ ആലയം നിലംപരിചാക്കുകയുംനഗരങ്ങള്‍ പിടിച്ചടക്കുകയും ചെയ്തു.
19: എന്നാല്‍, ഇപ്പോള്‍ അവര്‍ തങ്ങളുടെ ദൈവത്തിങ്കലേക്കു മടങ്ങിവരുകയുംചിതറിക്കപ്പെട്ടുപോയ ദിക്കുകളില്‍നിന്നു തിരിച്ചുവരുകയും വിശുദ്ധമന്ദിരം സ്ഥിതിചെയ്യുന്ന ജറുസലെം കൈവശമാക്കുകയും വിജനമായ മലമ്പ്രദേശത്തു വാസമുറപ്പിക്കുകയുംചെയ്തിരിക്കുന്നു.
20: അതിനാല്‍, എന്റെ യജമാനനായ പ്രഭോഅറിവുകൂടാതെ വല്ല പിഴകളും ഇപ്പോള്‍ ഈ ജനത്തിനു വന്നുപോയിട്ടുണ്ടെങ്കില്‍, തങ്ങളുടെ ദൈവത്തിനെതിരായി അവര്‍ പാപംചെയ്യുകയും നാം അതു കണ്ടുപിടിക്കുകയും ചെയ്യുന്നെങ്കില്‍, നമുക്കു ചെന്ന്, അവരെ തോല്പിക്കാം.
21: എന്നാല്‍, അവരുടെ ദേശത്ത്, ഒരതിക്രമവുമില്ലെങ്കില്‍, എന്റെ യജമാനന്‍ അവരെ വിട്ടുപോയാലും. അവരുടെ കര്‍ത്താവ് അവരെ രക്ഷിക്കുംഅവരുടെ ദൈവം അവരെ കാത്തുസൂക്ഷിക്കും. നാം ലോകസമക്ഷം ലജ്ജിതരാകും.
22: ആഖിയോര്‍ ഇതു പറഞ്ഞുതീര്‍ന്നപ്പോള്‍, പാളയത്തിന്റെ ചുറ്റുംനിന്നവര്‍ ആ വലാതിപ്പെട്ടുതുടങ്ങി. ഹോളോഫര്‍ണ്ണസിന്റെ സേനാനായകന്മാരും കടല്‍ത്തീരത്തുനിന്നും മൊവാബില്‍നിന്നും വന്നവരും അവനെ വധിക്കണമെന്നു നിര്‍ബന്ധം പിടിച്ചു.
23: അവര്‍ പറഞ്ഞു: ഇസ്രായേല്യരെ ഞങ്ങള്‍ ഭയപ്പെടുകയില്ല. യുദ്ധംചെയ്യുന്നതിനു ശക്തിയോ കഴിവോ ഇല്ലാത്ത ജനതയാണവര്‍.
24: ഹോളോഫര്‍ണ്ണസ് പ്രഭോനമുക്കു കയറിച്ചെല്ലാം. അങ്ങയുടെ വമ്പിച്ച സൈന്യം അവരെ ഗ്രസിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ