നൂറ്റിനാല്പത്തൊന്നാം ദിവസം : 1 മക്കബായര്‍ 7 - 9



അദ്ധ്യായം 7

ദമെത്രിയൂസ് ഒന്നാമന്‍
1: നൂറ്റിയമ്പത്തൊന്നാമാണ്ട് സെല്യൂക്കസിന്റെ മകന്‍ ദമെത്രിയൂസ് റോമായില്‍നിന്നു കുറെ ആളുകളോടുകൂടെ ജലമാര്‍ഗ്ഗം കടല്‍ത്തീരത്തുള്ള ഒരു നഗരത്തിലെത്തി അവിടെ ഭരണംതുടങ്ങി.
2: അവന്‍ പിതാക്കന്മാരുടെ രാജധാനിയില്‍ പ്രവേശിച്ചപ്പോള്‍, അവന് ഏല്പിച്ചുകൊടുക്കാന്‍വേണ്ടി പട്ടാളം അന്തിയോക്കസിനെയും ലിസിയാസിനെയും പിടികൂടി.
3: ഇതറിഞ്ഞ രാജാവു പറഞ്ഞു: അവരുടെ മുഖംകാണാന്‍ എനിക്കിടവരാതിരിക്കട്ടെ.
4: അതനുസരിച്ച്, സൈന്യമവരെ വധിച്ചു; ദമെത്രിയൂസ് സിംഹാസനാരൂഢനായി.
5: ഇസ്രായേലിലെ നിയമനിഷേധകരും അധര്‍മ്മികളുമായ എല്ലാവരും അവനോടു ചേര്‍ന്നു. പ്രധാനപുരോഹിതനാകാന്‍മോഹിച്ച അല്‍കിമൂസ് ആയിരുന്നു അവരുടെ നേതാവ്.
6: അവര്‍ ജനങ്ങള്‍ക്കെതിരേ രാജസന്നിധിയില്‍ ഇപ്രകാരം കുറ്റാരോപണംനടത്തി. യൂദാസും സഹോദരന്മാരുംകൂടെ അങ്ങയുടെ മിത്രങ്ങളെ നശിപ്പിക്കുകയും ദേശത്തുനിന്നു ഞങ്ങളെ തുരത്തുകയുംചെയ്തിരിക്കുന്നു. അങ്ങു വിശ്വസ്തനായ ഒരാളെയയച്ചാലും.
7: അവന്‍ചെന്ന്, ഞങ്ങള്‍ക്കും അങ്ങയുടെ രാജ്യത്തിനും യൂദാസ് എത്രയോ നാശങ്ങള്‍വരുത്തിയെന്നു മനസ്സിലാക്കി, അവരെയും അവരുടെ പിണിയാളുകളെയും ശിക്ഷിക്കട്ടെ.
8: തന്റെ സുഹൃത്തുക്കളിലൊരുവനും നദിക്കക്കരെയുള്ള പ്രദേശത്തെ ഭരണാധിപനുമായ ബക്കിദെസിനെ രാജാവു തിരഞ്ഞെടുത്തു. അവന്‍ രാജ്യത്ത് സുസമ്മതനും രാജാവിനോടു വിശ്വസ്തനുമായിരുന്നു.
9: ഇസ്രായേല്യരോടു പ്രതികാരംചെയ്യുന്നതിനുളള കല്പനയുമായി രാജാവ് അവനെ അയച്ചു. അധര്‍മ്മിയായ അല്‍കിമൂസിനെ മഹാപുരോഹിതനായി നിയമിച്ച് അവനെയും കൂട്ടത്തില്‍ വിട്ടു.
10: അവര്‍ വലിയൊരു സൈന്യവുമായി യൂദാദേശത്തെത്തി. യൂദാസിനോടും സഹോദരന്മാരോടും സഖ്യംചെയ്യാമെന്ന വ്യാജസന്ദേശവുമായി ബക്കിദെസ് ദൂതന്മാരെയയച്ചു.
11: എന്നാല്‍, അവരുടെ വാക്കുകള്‍ക്കു യൂദാസും കൂട്ടരും ഒരു വിലയും കല്പിച്ചില്ല. കാരണം, വലിയൊരു സൈന്യത്തോടുകൂടെയാണ് ബക്കിദെസ് വന്നിരിക്കുന്നതെന്ന് അവര്‍ മനസ്സിലാക്കിയിരുന്നു.
12: ന്യായമായ വ്യവസ്ഥകളഭ്യര്‍ത്ഥിച്ചുകൊണ്ട് ഒരു സംഘം നിയമജ്ഞര്‍ അല്‍കിമൂസിന്റെയും ബക്കിദെസിന്റെയുമടുത്തു ചെന്നു.
13: ഇസ്രായേല്യരില്‍ ഹസിദേയരാണ് സമാധാനാഭ്യര്‍ത്ഥനയുമായി ആദ്യം ചെന്നത്.
14: അവര്‍ പറഞ്ഞു: അഹറോന്റെ വംശപരമ്പരയില്‍പ്പെട്ട ഒരു പുരോഹിതനാണല്ലോ സൈന്യവുമായി വന്നിരിക്കുന്നത്.
15: അവന്‍ നമ്മെ ദ്രോഹിക്കുകയില്ല. അല്‍കിമൂസ് സമാധാനപ്രിയനായി അവരോടു സംസാരിച്ചു. നിങ്ങളെയോ നിങ്ങളുടെ സ്‌നേഹിതന്മാരെയോ ഞങ്ങള്‍ ഒരിക്കലും ഉപദ്രവിക്കുകയില്ലെന്ന് അവന്‍ അവരോടു ശപഥംചെയ്തു.
16: അവര്‍ അവനെ വിശ്വസിച്ചു. പക്ഷേ, അവന്‍ ഒറ്റദിവസംകൊണ്ട് അവരില്‍ അറുപതുപേരെപ്പിടിച്ചു കൊന്നുകളഞ്ഞു.
17: അങ്ങയുടെ വിശുദ്ധരുടെ ശരീരങ്ങള്‍ അവര്‍ ജറുസലെമിനുചുറ്റും ചിതറിച്ചു. അവരുടെ രക്തം അവിടെയെല്ലാം ചൊരിഞ്ഞു. അവരെ സംസ്കരിക്കാന്‍ ആരുമുണ്ടായിരുന്നില്ലെന്ന് എഴുതപ്പെട്ടിരുന്ന വചനമനുസരിച്ചുതന്നെ.
18: അവരെക്കുറിച്ചുള്ള ഭയവും സംഭ്രാന്തിയും ജനത്തിനിടയില്‍ വ്യാപിച്ചു. അവര്‍ പറഞ്ഞു: സത്യവും നീതിയുമില്ലാത്തവരാണിവര്‍. ശപഥംചെയ്തുറപ്പിച്ച ഉടമ്പടി ഇവര്‍ ലംഘിച്ചിരിക്കുന്നു.
19: ഇതിനകം ബക്കിദെസ് ജറുസലെമില്‍നിന്ന് ബത്സയ്ത്തില്‍പോയി പാളയമടിച്ചു. തന്റെ പക്ഷംചേര്‍ന്നവരില്‍ വളരെപ്പേരെയും ജനങ്ങളില്‍ ചിലരെയും അവന്‍ സൈന്യമയച്ചു പിടിച്ചുകൊന്ന് ഒരു വലിയ കുഴിയിലെറിഞ്ഞു.
20: അവന്‍ രാജ്യം അല്‍ക്കിമൂസിനെയേല്പിച്ചു, സഹായത്തിന് ഒരു സേനയെയും നിറുത്തി. ബക്കിദെസ് രാജസന്നിധിയിലേക്കു മടങ്ങി.
21: അല്‍കിമൂസ് പ്രധാനപുരോഹിതനാകാന്‍ കിണഞ്ഞുപരിശ്രമിച്ചു.
22: ജനത്തെ അലട്ടിയിരുന്നവര്‍ അവനോടു ചേര്‍ന്നു. യൂദാദേശം അവര്‍ കീഴടക്കി. ഇസ്രായേലിനു കനത്തനാശം വരുത്തുകയും ചെയ്തു.
23: അല്‍കിമൂസും അനുയായികളും ഇസ്രായേല്‍ക്കാരോടുചെയ്ത ദ്രോഹങ്ങള്‍ യൂദാസ് കണ്ടു. അതു വിജാതീയര്‍ ചെയ്തതിനെക്കാള്‍ അധികമായിരുന്നു.
24: യൂദായില്‍ ചുറ്റുമുള്ള പ്രദേശങ്ങളിലെല്ലാം സഞ്ചരിച്ച് കൂറുമാറിയ ആളുകളോടു യൂദാസ് പ്രതികാരം ചെയ്തു. നഗരവാസികള്‍ നാട്ടിമ്പുറത്തേക്കു കടക്കാതെ പ്രതിരോധവും ഏര്‍പ്പെടുത്തി.
25: യൂദാസുംകൂട്ടരും ശക്തിയാര്‍ജ്ജിച്ചുവരുകയാണെന്നും അവരെയെതിരിടാന്‍ തനിക്കു സാദ്ധ്യമല്ലെന്നും അല്‍കിമൂസ് മനസ്സിലാക്കി. അതിനാല്‍ അവന്‍ രാജാവിന്റെയടുക്കലെത്തി, അവര്‍ക്കെതിരേ ദുരാരോപണങ്ങള്‍നടത്തി.


നിക്കാനോര്‍ യൂദായില്‍
26: തന്മൂലം, രാജാവു യഹൂദരെ നശിപ്പിക്കാനുള്ള കല്പനയുമായി തന്റെ പ്രഗദ്ഭസൈന്യാധിപന്മാരിലൊരുവനും ഇസ്രായേലിന്റെ ബദ്ധശത്രുവുമായ നിക്കാനോറിനെയയച്ചു. നിക്കാനോര്‍ ഒരു വലിയ സൈന്യവുമായി ജറുസലെമില്‍ ചെന്നു.
27: അവന്‍ യൂദാസിനും സഹോദരന്മാര്‍ക്കും വഞ്ചനാപരമായ ഈ സമാധനസന്ദേശമയച്ചു:
28: നമ്മള്‍തമ്മില്‍ യുദ്ധമുണ്ടാകാതിരിക്കട്ടെ. നിങ്ങളെ സൗഹാര്‍ദ്ദപൂര്‍വ്വം സന്ദര്‍ശിക്കാന്‍ കുറച്ചുപേരുമായി ഞാന്‍ വരാം. അവര്‍ യൂദാസിന്റെയടുത്തെത്തി.
29: അവര്‍ പരസ്പരം സമാധാനാശംസകള്‍ നേര്‍ന്നു. എന്നാല്‍, വൈരി യൂദാസിനെ പിടികൂടാന്‍ ഒരുങ്ങിയിരുന്നു.
30: ചതിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് നിക്കാനോര്‍ വന്നിരിക്കുന്നതെന്നു യൂദാസ് ഗ്രഹിച്ചു. അവന്‍ ഭയപ്പെട്ടു നിക്കാനോറിനെ വീണ്ടുംകാണാന്‍ വിസമ്മതിച്ചു.
31: തന്റെ തന്ത്രം പുറത്തായെന്നറിഞ്ഞപ്പോള്‍ അവനുമായി ഏറ്റുമുട്ടുന്നതിനു നിക്കാനോര്‍ കഫര്‍സലാമയിലേക്കു പോയി.
32: അവന്റെ സൈന്യത്തിലെ അഞ്ഞൂറോളംപേര്‍ നിലംപതിച്ചു. ശേഷിച്ചവര്‍ നഗരത്തിലേക്കു പലായനം ചെയ്തു.
33: ഇതുകഴിഞ്ഞ് നിക്കാനോര്‍ സീയോന്‍മലയിലേക്കു പോയി. ദേവാലയത്തില്‍നിന്നു ചില പുരോഹിതന്മാരും ജനപ്രമാണികളും അവനെ സൗഹാര്‍ദ്ദപൂര്‍വ്വം സ്വീകരിക്കാനും രാജാവിനുവേണ്ടി അര്‍പ്പിക്കപ്പെട്ടുകൊണ്ടിരുന്ന ദഹനബലി കാണിക്കാനുംവേണ്ടി പുറത്തേക്കുവന്നു.
34: എന്നാല്‍ അവന്‍, അവരെ പരിഹസിക്കുകയും നിന്ദിക്കുകയും ധിക്കാരപൂര്‍വ്വം ദുഷിച്ചു സംസാരിക്കുകയും ചെയ്തു.
35: അവന്‍ രോഷാകുലനായി ശപഥം ചെയ്തു: ഇപ്രാവശ്യം യൂദാസും സൈന്യവും എന്റെ കൈയില്‍ ഏല്പിക്കപ്പെടുന്നില്ലെങ്കില്‍ ഞാന്‍ സുരക്ഷിതനായി മടങ്ങിവരുമ്പോള്‍ ഈ ആലയം അഗ്നിക്കിരയാക്കും. അനന്തരം, അവന്‍ ക്രുദ്ധനായി ഇറങ്ങിപ്പോയി.
36: ഇതുകേട്ട പുരോഹിതന്മാര്‍ അകത്തേക്കുകയറി, ബലിപീഠത്തിനും ശ്രീകോവിലിനുമഭിമുഖമായിനിന്നു വിലപിച്ചുകൊണ്ടു പറഞ്ഞു: അങ്ങയുടെ നാമത്തിലറിയപ്പെടാന്‍ ഈ ആലയത്തെ അങ്ങു തിരഞ്ഞെടുത്തു.
37: അങ്ങയുടെ ജനത്തിനു പ്രാര്‍ത്ഥിക്കാനും യാചിക്കാനുമുള്ള ആലയമായിട്ടുതന്നെ.
38: ഇവനോടും ഇവന്റെ സൈന്യത്തോടും പ്രതികാരംചെയ്യുക. അവരെല്ലാവരും വാളിനിരയാകട്ടെ. അവരുടെ ദൈവദൂഷണങ്ങള്‍ അങ്ങോര്‍ക്കുക. അവരിനി നിമിഷനേരം ജീവിക്കാതിരിക്കട്ടെ.
39: നിക്കാനോര്‍ ജറുസലെമില്‍നിന്നു ബേത്‌ഹോറോണിലെത്തി പാളയമടിച്ചു. സിറിയന്‍ പട്ടാളം അവനോടു ചേര്‍ന്നു.
40: യൂദാസ് മൂവായിരം സൈനികരോടുകൂടെ അദാസായിലും പാളയമടിച്ചു. അവന്‍ പ്രാര്‍ത്ഥിച്ചു:
41: ഒരിക്കല്‍ രാജദൂതന്മാര്‍ ദൈവദൂഷണം പറഞ്ഞപ്പോള്‍ അവിടുത്തെ ദൂതന്‍ നൂറ്റിയെണ്‍പത്തയ്യായിരം അസീറിയാക്കാരെ വധിച്ചുവല്ലോ.
42: അതുപോലെ ഇന്ന് ഈ സൈന്യത്തെ ഞങ്ങളുടെ മുമ്പില്‍വച്ചു നശിപ്പിക്കുക. നിക്കാനോര്‍ അവിടുത്തെ ആലയത്തിനെതിരായി ദൂഷണംപറഞ്ഞുവെന്ന് എല്ലാവരുമറിയട്ടെ. അവന്റെ ദുഷ്ടതയ്ക്കനുസൃതമായി അവനെ വിധിക്കണമേ!
43: ആദാര്‍മാസം പതിമൂന്നാം ദിവസം ഇരുസൈന്യവും ഏറ്റുമുട്ടി. നിക്കാനോറിന്റെ സൈന്യം പരാജയമടഞ്ഞു. അവന്‍തന്നെയാണ് ആദ്യം നിലംപതിച്ചത്.
44: നിക്കാനോര്‍ കൊല്ലപ്പെട്ടതു കണ്ടപ്പോള്‍ സൈന്യം ആയുധങ്ങളുപേക്ഷിച്ച് ഓടിപ്പോയി.
45: അദാസായില്‍നിന്നു ഗസാറാവരെ ഒരു ദിവസത്തെ ദൂരം യഹൂദര്‍ അവരെ പിന്തുടര്‍ന്നു. അപ്പോഴും യുദ്ധകാഹളം മുഴക്കിക്കൊണ്ടിരുന്നു.
46: ചുറ്റുമുള്ള ഗ്രാമങ്ങളില്‍നിന്നു ജനങ്ങള്‍ പുറത്തുവന്ന്, ഓടിപ്പോയ ശത്രുക്കളെത്തടഞ്ഞ്, അവരെ അനുധാവനം ചെയ്തിരുന്നവരുടെനേരേ തിരിച്ചോടിച്ചു. അങ്ങനെ അവരെല്ലാവരും വാളിനിരയായി. ഒരുവന്‍പോലും ശേഷിച്ചില്ല.
47: യഹൂദര്‍ അവരെ കൊള്ളയടിച്ചു. നിക്കാനോറിന്റെ ശിരസ്സും അവന്‍ ധിക്കാരപൂര്‍വ്വം നീട്ടിയ വലത്തുകൈയും ഛേദിച്ച് ജറുസലെമിനു തൊട്ടുവെളിയില്‍ക്കൊണ്ടുവന്ന് പ്രദര്‍ശനത്തിനുവച്ചു.
48: ജനങ്ങള്‍ ആനന്ദതുന്ദിലരായി. ആ ദിവസം അവര്‍ ആഹ്ലാദപൂര്‍വ്വം കൊണ്ടാടി.
49: ആണ്ടുതോറും ആദാര്‍മാസം പതിമൂന്നാം ദിവസം ഇതിന്റെ ഓര്‍മ്മദിനമായി ആഘോഷിക്കണമെന്ന് അവര്‍ നിശ്ചയിച്ചു.
50: അങ്ങനെ യൂദാദേശത്തു കുറെക്കാലത്തേക്കു സ്വസ്ഥത കൈവന്നു.

അദ്ധ്യായം 8

റോമാക്കാരുമായി സഖ്യം
1: റോമാക്കാരുടെ കീര്‍ത്തിയെപ്പറ്റി യൂദാസ് കേട്ടു; അവര്‍ പ്രബലരും തങ്ങളോടു സഖ്യം ചേരുന്നവര്‍ക്കു ഗുണകാംക്ഷികളും തങ്ങളെ സമീപിക്കുന്നവര്‍ക്കു സൗഹൃദം നല്‍കുന്നവരുമാണ്.
2: അവര്‍ നടത്തിയ യുദ്ധങ്ങളെക്കുറിച്ചും ഗലാത്യര്‍ക്കിടയില്‍ചെയ്ത വീരകൃത്യങ്ങളെക്കുറിച്ചും ഗലാത്യരെ പരാജിതരാക്കി കപ്പം ഈടാക്കിയതിനെക്കുറിച്ചും ആളുകളവനോടു പറഞ്ഞു.
3: സ്‌പെയിന്‍ദേശത്തെ വെള്ളിയും സ്വര്‍ണ്ണഖനികളും കൈവശപ്പെടുത്താന്‍ അവര്‍ അവിടെ എന്തുചെയ്‌തെന്നും
4: സ്ഥലം വിദൂരത്തായിരുന്നിട്ടും തങ്ങളുടെ ക്ഷമാപൂര്‍വ്വമായ ആസൂത്രണങ്ങള്‍വഴി അവര്‍ ആ പ്രദേശം മുഴുവന്‍ എങ്ങനെ കീഴ്‌പ്പെടുത്തിയെന്നും അവനറിഞ്ഞു. ഭൂമിയുടെ അതിര്‍ത്തികളില്‍നിന്നു തങ്ങള്‍ക്കെതിരേവന്ന രാജാക്കന്മാരെ കീഴടക്കുകയും വമ്പിച്ച നാശങ്ങള്‍ വരുത്തുകയും ചെയ്തുവെന്നും ശേഷിച്ചവര്‍ ആണ്ടുതോറും അവര്‍ക്കു കപ്പം കൊടുത്തിരുന്നുവെന്നും അവന്‍ കേട്ടു.
5: ഫിലിപ്പിനെയും മക്കദോനിയരുടെ രാജാവായിരുന്ന പെര്‍സെയൂസിനെയും തങ്ങളെയെതിര്‍ത്ത മറ്റുള്ളവരെയും അവര്‍ യുദ്ധംചെയ്തു പരാജിതരാക്കി.
6: നൂറ്റിയിരുപത് ആനകളും, കുതിരകള്‍, രഥങ്ങള്‍, വമ്പിച്ച ഒരു കാലാള്‍പ്പട എന്നിവയുമായി തങ്ങളെ ആക്രമിക്കാന്‍വന്ന ഏഷ്യാരാജാവ് മഹാനായ അന്തിയോക്കസിനെയും അവര്‍ നിശ്ശേഷം തോല്പിച്ചു.
7: അവനെയവര്‍ ജീവനോടെ പിടിച്ചു.
8: അവനും അവനുശേഷംവരുന്ന ഭരണാധിപന്മാരും കപ്പമായി വലിയ തുകയും ആള്‍ജാമ്യവും നല്കണമെന്നും അവരുടെ പ്രവിശ്യകളില്‍ മേല്‍ത്തരമായ ഇന്ത്യ, മേദിയ, ലിദിയ എന്നീ രാജ്യങ്ങള്‍ വിട്ടുകൊടുക്കണമെന്നും റോമാക്കാര്‍ ആവശ്യപ്പെട്ടു. ഈ ദേശങ്ങള്‍ അവര്‍ യൂമെനസ് രാജാവിനു കൈമാറി.
9: ഗ്രീക്കുകാര്‍ അവരെ നശിപ്പിക്കാന്‍ ആലോചിച്ചിരുന്നു.
10: എന്നാല്‍, അതറിഞ്ഞ് അവരൊരു സൈന്യാധിപനെയയച്ചു ഗ്രീക്കുകാരെ ആക്രമിച്ചു. ഗ്രീക്കുകാരില്‍ വളരെപ്പേര്‍ മുറിവേറ്റുവീണു. അവരുടെ ഭാര്യമാരെയും കുട്ടികളെയും റോമാക്കാര്‍ തടവുകാരാക്കി. അവരെ കൊള്ളയടിക്കുകയും ദേശം അധീനമാക്കുകയും കോട്ടകള്‍ തകര്‍ക്കുകയും ചെയ്തു. ഇന്നോളം അവരെ അടിമകളാക്കി വച്ചിരിക്കുന്നു.
11: തങ്ങളെയെതിര്‍ത്ത എല്ലാ രാജ്യങ്ങളും ദ്വീപുകളും നശിപ്പിച്ച് അടിമത്തത്തിലാഴ്ത്തി.
12: എന്നാല്‍, സുഹൃത്തുക്കളോടും ആശ്രിതരോടും അവര്‍ മൈത്രി പുലര്‍ത്തിപ്പോന്നു. വിദൂരസ്ഥരും സമീപസ്ഥരുമായ രാജാക്കന്മാരെ അവര്‍ കീഴ്‌പ്പെടുത്തി. അവരുടെ പ്രതാപത്തെക്കുറിച്ചുകേട്ടവരെല്ലാം അവരെ ഭയന്നിരുന്നു.
13: തങ്ങള്‍ ഇച്ഛിക്കുന്നവരെ അവര്‍ തുണച്ചു രാജാക്കന്മാരാക്കുന്നു. യഥേഷ്ടം നാടുവാഴികളെ സ്ഥാനഭ്രഷ്ടരാക്കുന്നു. അങ്ങനെ അവരുടെ ഔന്നത്യം പ്രകീര്‍ത്തിക്കപ്പെടുന്നു.
14: എന്നിരിക്കിലും അവരിലൊരുവനും പ്രതാപംകാണിക്കാന്‍ കിരീടം ധരിക്കുകയോ ചെങ്കുപ്പായമണിയുകയോ ചെയ്തിരുന്നില്ല.
15: അവര്‍ തങ്ങള്‍ക്കായി ഒരു ആലോചനാസംഘത്തിനു രൂപംകൊടുത്തു. ജനങ്ങള്‍ക്കു മെച്ചപ്പെട്ട ഭരണം നല്‍കാന്‍ മുന്നൂറ്റിയിരുപതു പ്രമാണികള്‍ ദിനംപ്രതി മുടക്കമില്ലാതെ കാര്യവിചാരണ നടത്തുന്നു.
16: തങ്ങളെ ഭരിക്കാനും ദേശം മുഴുവന്‍ നിയന്ത്രിക്കാനും വര്‍ഷംതോറും അവര്‍ ഒരാളെ ചുമതലപ്പെടുത്തുന്നു. അവന്റെ നിര്‍ദ്ദേശങ്ങള്‍ അവര്‍ പാലിക്കുന്നു. അവരുടെയിടയില്‍ പകയോ അസൂയയോ ഇല്ല.
17: റോമാക്കാരുമായി സൗഹൃദവും സഖ്യവും സ്ഥാപിക്കാനും
18: അടിമത്തത്തില്‍നിന്നു മോചനം നേടാനുമായി യൂദാസ്, ആക്കോസിന്റെ പുത്രന്‍ യോഹന്നാന്റെ മകനായ എവുപ്പോളെമൂസിനെയും എലെയാസറിന്റെ മകന്‍ ജാസനെയും തെരഞ്ഞെടുത്തു റോമായിലേക്കയച്ചു. ഗ്രീക്കുകാര്‍ ഇസ്രായേലിനെ പൂര്‍ണ്ണമായും അടിമത്തത്തിലാഴ്ത്തുകയാണെന്ന് അവര്‍ മനസ്സിലാക്കിയിരുന്നു.
19: അവര്‍ ദീര്‍ഘയാത്രചെയ്തു റോമായിലെത്തി. ആലോചനാ സംഘത്തിന്റെമുമ്പാകെ അവര്‍ ഇപ്രകാരം പറഞ്ഞു:
20: മക്കബേയൂസ് എന്നുകൂടെ വിളിക്കപ്പെടുന്ന യൂദാസും അവന്റെ സഹോദരന്മാരും യഹൂദജനവുംകൂടെ നിങ്ങളുടെ സ്‌നേഹിതരും സഖ്യത്തിലുള്ളവരുമായി ഞങ്ങള്‍ എണ്ണപ്പെടേണ്ടതിനു നിങ്ങളുമായി സമാധാനയുടമ്പടി സ്ഥാപിക്കാന്‍ ഞങ്ങളെ ഇങ്ങോട്ടയച്ചിരിക്കുന്നു.
21: ഈ അഭ്യര്‍ത്ഥന അവര്‍ക്കു സ്വീകാര്യമായി.
22: സമാധാനത്തിന്റെയും സഖ്യത്തിന്റെയും സ്മാരകമായി ജറുസലെമില്‍ സ്ഥാപിക്കാന്‍ ഓട്ടുതകിടുകളിലെഴുതിയ മറുപടിക്കത്തിന്റെ പകര്‍പ്പാണിത്:
23: റോമാക്കാര്‍ക്കും യഹൂദജനതയ്ക്കും കടലിലും കരയിലും എക്കാലവും മംഗളംഭവിക്കട്ടെ. വാളും വൈരിയും അവരില്‍നിന്നകന്നിരിക്കട്ടെ.
24: റോമാക്കാര്‍ക്കോ അവരുടെയധീനതയില്‍പെട്ട ഏതെങ്കിലും
25: സഖ്യരാജ്യത്തിനോ ആണ് ആദ്യം യുദ്ധഭീഷണിയുണ്ടാകുന്നതെങ്കില്‍ യഹൂദജനത സന്ദര്‍ഭത്തിനൊത്ത് അവരുടെ സഖ്യകക്ഷിയെപ്പോലെ സര്‍വ്വാത്മനാ പ്രവര്‍ത്തിക്കേണ്ടതാണ്.
26: അവരോടു യുദ്ധംചെയ്യുന്ന ശത്രുരാജ്യത്തിന് യഹൂദര്‍ ധാന്യമോ ധനമോ ആയുധങ്ങളോ കപ്പലുകളോ കൊടുത്തുകൂടാ. ഇതു റോമാക്കാരുടെ തീരുമാനമാണ്. ഈ കടപ്പാടുകള്‍ ഒരു പ്രതിഫലവും പ്രതീക്ഷിക്കാതെ അവര്‍ നിറവേറ്റേണ്ടതാണ്.
27: അതുപോലെ, യഹൂദര്‍ക്ക് ആദ്യം യുദ്ധത്തെ നേരിടേണ്ടിവന്നാല്‍ റോമാക്കാര്‍ സഖ്യകക്ഷികളെപ്പോലെ സന്ദര്‍ഭാനുസരണം പ്രവര്‍ത്തിക്കണം.
28: ശത്രുപക്ഷക്കാര്‍ക്കു ധാന്യമോ ധനമോ ആയുധങ്ങളോ കപ്പലുകളോ അവര്‍ നല്‍കിക്കൂടാ. ഇതും റോമായുടെ തീരുമാനം തന്നെ. ഈ കടമകള്‍ അവര്‍ വഞ്ചനകൂടാതെ നിര്‍വ്വഹിക്കേണ്ടതാണ്.
29: ഈ വ്യവസ്ഥകളിന്മേല്‍ റോമാക്കാര്‍ യഹൂദജനതയുമായി ഉടമ്പടിചെയ്യുന്നു.
30: ഈ വ്യവസ്ഥകള്‍ നടപ്പിലായതിനുശേഷം ഇതില്‍ എന്തെങ്കിലും കൂട്ടുകയോ കുറയ്ക്കുകയോചെയ്യാന്‍ ഇരുകക്ഷികളും തീരുമാനിക്കുന്നപക്ഷം, തങ്ങളുടെ വിവേചനമനുസരിച്ച് അപ്രകാരം ചെയ്യാവുന്നതാണ്. അവര്‍ വരുത്തുന്ന ഏതു മാറ്റവും സാധുവായിരിക്കും.
31: ദമെത്രിയൂസ് രാജാവു യഹൂദരോടുചെയ്യുന്ന ദ്രോഹങ്ങളെക്കുറിച്ചു ഞങ്ങള്‍ ഇപ്രകാരം അവര്‍ക്കെഴുതിയിട്ടുണ്ട്: ഞങ്ങളുടെ സുഹൃത്തുക്കളും സഖ്യകക്ഷിയുമായ യഹൂദരെ നിങ്ങള്‍ പീഡിപ്പിക്കുന്നതെന്ത്?
32: നിനക്കെതിരായി അവര്‍ വീണ്ടും ഞങ്ങളോടു സഹായമഭ്യര്‍ത്ഥിച്ചാല്‍ ഞങ്ങള്‍ അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും കടലിലും കരയിലും നിന്നെ ആക്രമിക്കുകയും ചെയ്യും.


അദ്ധ്യായം 9


യൂദാസിന്റെ മരണം

1: നിക്കാനോറും സൈന്യവും യുദ്ധത്തില്‍ പരാജിതരായി എന്നറിഞ്ഞപ്പോള്‍ ദമെത്രിയൂസ് ബക്കിദെസിനെയും അല്‍കിമൂസിനെയും യൂദാദേശത്തേക്കു വീണ്ടുമയച്ചു. തന്റെ ദക്ഷിണപാര്‍ശ്വസേനയെയും അവരോടുകൂടെ വിട്ടു.
2: അവര്‍ ഗില്‍ഗാലിലേക്കുള്ള വഴിയിലൂടെ പോയി മെസാലോത്തിനെതിരേ അര്‍ബേലായില്‍ പാളയമടിച്ചു; അതു കൈവശപ്പെടുത്തി, അനേകംപേരെ വധിച്ചു.
3: നൂറ്റിയമ്പത്തിരണ്ടാമാണ്ട് ഒന്നാംമാസം അവര്‍ ജറുസലെമിനെതിരേ പാളയമടിച്ചു.
4: അനന്തരം, അവര്‍ ഇരുപതിനായിരം ഭടന്മാരോടും രണ്ടായിരം കുതിരപ്പടയാളികളോടുംകൂടെ അവിടെനിന്നു ബെരയായിലേക്കു നീങ്ങി.
5: അപ്പോള്‍ യൂദാസ് മൂവായിരം ധീരയോദ്ധാക്കളുമായി എലാസായില്‍ പാളയമടിച്ചിരിക്കുകയായിരുന്നു.
6: ശത്രുസൈന്യത്തിന്റെ സംഖ്യാബലംകണ്ട് അവര്‍ അത്യധികം ഭയപ്പെട്ടു. വളരെപ്പേര്‍ പാളയംവിട്ട് ഓടിപ്പോയി. എണ്ണൂറുപേര്‍മാത്രമവശേഷിച്ചു.
7: തന്റെ സൈന്യം ചിതറിപ്പോയെന്നും യുദ്ധം ആസന്നമായിരിക്കുന്നെന്നും കണ്ടപ്പോള്‍ യൂദാസിന്റെ മനസ്സിടിഞ്ഞു. കാരണം, അവരെ പുനഃസംഘടിപ്പിക്കാന്‍ സമയമുണ്ടായിരുന്നില്ല.
8: അവന്‍ വിവശനായി. എങ്കിലും ശേഷിച്ചവരോട് അവന്‍ പറഞ്ഞു: നമുക്കു ശത്രുവിനെ നേരിടാം. അവരെ ചെറുക്കാന്‍പറ്റുമോയെന്നുനോക്കാം.
9: പക്ഷേ, അവരവനെ നിരുത്സാഹപ്പെടുത്തിക്കൊണ്ടു പറഞ്ഞു: നമുക്കതിനു കഴിവില്ല. ജീവന്‍ രക്ഷിക്കുകയാണ് ഇപ്പോള്‍വേണ്ടത്. നമ്മുടെ സഹോദരരുമായിവന്ന് അവരോടു പിന്നീടു യുദ്ധംചെയ്യാം. ഇപ്പോള്‍ നമ്മള്‍ വളരെക്കുറച്ചുപേരെയുള്ളു.
10: എന്നാല്‍, യൂദാസ് പറഞ്ഞു: ശത്രുവിനെ ഭയന്നു നാം പലായനംചെയ്തുകൂടാ. സമയമായെങ്കില്‍ സഹോദരന്മാര്‍ക്കുവേണ്ടി ധീരതയോടെ നമുക്കു മരിക്കാം. നമുക്കു മാനക്കേടുണ്ടാവാന്‍ ഇടയാകരുത്.
11: ബക്കിദെസിന്റെ സൈന്യം പാളയംവിട്ടിറങ്ങി ആക്രമണത്തിനു നിലയുറപ്പിച്ചു; കുതിരപ്പടയെ രണ്ടു ഗണമായി വിഭജിച്ചു; കവിണക്കാരും വില്ലാളികളും പ്രധാനപടയാളികളോടുകൂടി മുന്‍നിരയില്‍ നീങ്ങി.
12: ബക്കിദെസ് ദക്ഷിണപാര്‍ശ്വസേനയിലായിരുന്നു. ഇരുവശങ്ങളിലുമുള്ള സൈന്യവിഭാഗങ്ങളുടെ മദ്ധ്യത്തിലൂടെ കാഹളധ്വനിക്കൊത്തു കാലാള്‍പ്പട മുന്നോട്ടുനീങ്ങി. യൂദാസിനോടുകൂടെയുണ്ടായിരുന്നവരും കാഹളംമുഴക്കി.
13: സൈന്യങ്ങളുടെ ശബ്ദകോലാഹലത്താല്‍ ഭൂമി പ്രകമ്പനംകൊണ്ടു. പ്രഭാതംമുതല്‍ പ്രദോഷംവരെ യുദ്ധംനടന്നു.
14: ബക്കിദെസും അവന്റെ ശക്തമായ സൈന്യവും വലത്തുവശത്താണെന്നു യൂദാസ് മനസ്സിലാക്കി.
15: ധൈര്യശാലികളായ എല്ലാ പടയാളികളും യൂദാസിനോടുചേര്‍ന്നു ശത്രുവിന്റെ ദക്ഷിണപാര്‍ശ്വസേനയെ തോല്പിച്ച് അസോത്തൂസ് മലവരെ ഓടിച്ചു.
16: ദക്ഷിണപാര്‍ശ്വം തകര്‍ക്കപ്പെട്ടുവെന്നു മനസ്സിലാക്കിയ വാമപാര്‍ശ്വസേന തിരിഞ്ഞുവന്നു യൂദാസിന്റെയും കൂട്ടരുടെയും പിന്നാലെയെത്തി. യുദ്ധം ഭീകരമായി.
17: ഇരുഭാഗങ്ങളിലും അനേകംപേര്‍ മുറിവേറ്റുവീണു.
18: യൂദാസും നിലംപതിച്ചു. ശേഷിച്ചവര്‍ പലായനംചെയ്തു.
19: ജോനാഥാനും ശിമയോനും തങ്ങളുടെ സഹോദരന്‍ യൂദാസിനെ എടുത്തുകൊണ്ടുപോയി തങ്ങളുടെ പിതാക്കന്മാരുടെ മൊദെയിനിലുള്ള കല്ലറയില്‍ സംസ്‌കരിച്ചു. അവനെയോര്‍ത്ത് അവര്‍ കരഞ്ഞു.
20: ഇസ്രായേല്‍ ഒന്നടങ്കം ദുഃഖമാചരിച്ചു. വളരെനാളുകള്‍ അവര്‍ ഇങ്ങനെ വില പിച്ചുകൊണ്ടിരുന്നു:
21: ഇസ്രായേലിന്റെ രക്ഷകനായ ശക്തന്‍ പതിച്ചതെങ്ങനെ?
22: യൂദാസിന്റെ മറ്റുചെയ്തികളും അവന്‍നടത്തിയ യുദ്ധങ്ങളും ധീരപ്രവൃത്തികളും അവന്റെ മഹത്ത്വവും ഇവിടെ രേഖപ്പെടുത്തിയിട്ടില്ല. അവ അത്രയ്ക്കധികമാണ്.


ജോനാഥാന്‍ നേതാവ്
23: യൂദാസിന്റെ മരണത്തിനുശേഷം അധര്‍മ്മികള്‍ ഇസ്രായേലിലെങ്ങും തലപൊക്കി. അനീതി പ്രവര്‍ത്തിച്ചിരുന്നവരെല്ലാം പുറത്തുവന്നു.
24: അക്കാലത്തു വലിയൊരു ക്ഷാമമുണ്ടായി. അപ്പോള്‍ അവരോടൊപ്പം രാജ്യവും ശത്രുപക്ഷത്തു ചേര്‍ന്നു.
25: ബക്കിദെസ് അധര്‍മ്മികളെ തിരഞ്ഞെടുത്ത്, രാജ്യത്തിന്റെ ഭരണച്ചുമതലയേല്പിച്ചു.
26: യൂദാസിന്റെ സ്‌നേഹിതരെ തിരഞ്ഞുപിടിച്ച് അവര്‍ ബക്കിദെസിന്റെ അടുത്തു കൊണ്ടുവന്നു. അവനവരോടു പ്രതികാരംചെയ്യുകയും അവരെയധിക്ഷേപിക്കുകയുംചെയ്തു.
27: ഇപ്രകാരം ഇസ്രായേലിനു വലിയ കഷ്ടതകളുണ്ടായി. പ്രവാചകന്മാരുടെ കാലത്തിനുശേഷം ഇന്നോളം ഇതുപോലൊരു ദുരന്തം അവര്‍ക്കു നേരിടേണ്ടിവന്നിട്ടില്ല.
28: യൂദാസിന്റെ സ്‌നേഹിതന്മാര്‍ ഒന്നിച്ചുകൂടി ജോനാഥാന്റെ അടുക്കല്‍വന്നു പറഞ്ഞു:
29: നിന്റെ സഹോദരന്‍ യൂദാസിന്റെ മരണത്തിനുശേഷം നമ്മുടെ ശത്രുക്കള്‍ക്കും ബക്കിദെസിനുമെതിരേ പോരാടാനും നമ്മെ വെറുക്കുന്ന നമ്മുടെ ജനത്തില്‍പ്പെട്ടവരെ വേണ്ടവിധംനേരിടാനും അവനെപ്പോലെയാരും നമുക്കില്ല.
30: അതിനാല്‍ ഞങ്ങള്‍ക്കുവേണ്ടി പൊരുതാന്‍ അവനുപകരം ഞങ്ങളുടെ ഭരണകര്‍ത്താവും നേതാവുമായി ഞങ്ങളിന്നു നിന്നെ തെരഞ്ഞെടുത്തിരിക്കുന്നു.
31: ജോനാഥാന്‍ നേതൃത്വം സ്വീകരിക്കുകയും സ്വസഹോദരന്‍ യൂദാസിന്റെ സ്ഥാനമേറ്റെടുക്കുകയും ചെയ്തു.


തെക്കോവാ മരുഭൂമിയില്‍
32: ഇതിനെക്കുറിച്ചുകേട്ട ബക്കിദെസ് അവനെ വധിക്കാന്‍ പരിശ്രമം തുടങ്ങി.
33: എന്നാല്‍, ജോനാഥാനും സഹോദരന്‍ ശിമയോനും അവരോടുകൂടെയുണ്ടായിരുന്നവരും ഇതറിഞ്ഞു തെക്കോവായിലെ മരുപ്രദേശത്തേക്ക് ഓടിപ്പോയി അസ്ഫാര്‍ കുളത്തിനരികേ പാളയമടിച്ചു.
34: സാബത്തുദിവസം ഈ വിവരമറിഞ്ഞ ബക്കിദെസ് സൈന്യവുമൊത്തു ജോര്‍ദ്ദാന്‍ കടന്നു.
35: ഏറെയുണ്ടായിരുന്ന തങ്ങളുടെ സാധനസാമഗ്രികള്‍ സൂക്ഷിക്കാന്‍ സ്‌നേഹിതരായ നബെത്തേയരോട് അഭ്യര്‍ത്ഥിക്കുന്നതിനു ജോനാഥാന്‍ സ്വസഹോദരനെ ജനത്തിന്റെ നേതാവായയച്ചു.
36: എന്നാല്‍, മെദെബായില്‍നിന്നു യാംബ്രിയുടെ പുത്രന്മാര്‍വന്നു യോഹന്നാനെ പിടിച്ചുകൊണ്ടുപോവുകയും അവന്റെ പക്കലുണ്ടായിരുന്നവയെല്ലാം കൈവശപ്പെടുത്തുകയും ചെയ്തു.
37: പിന്നീട് ജോനാഥാനും സഹോദരന്‍ ശിമയോനും ഇങ്ങനെ കേട്ടു: യാംബ്രിയുടെ മക്കള്‍ വലിയ ഒരു വിവാഹാഘോഷം നടത്തുകയാണ്. കാനാനിലെ മഹാപ്രഭുക്കളിലൊരുവന്റെ മകളാണു വധു. അവളെ അവര്‍ നദാബത്തില്‍നിന്നു വലിയ പരിവാരത്തോടെ കൊണ്ടുവരുന്നു.
38: തങ്ങളുടെ സഹോദരന്‍ യോഹന്നാന്റെ രക്തത്തെക്കുറിച്ച് അവരോര്‍ത്തു. അവര്‍പോയി മലയുടെ മറവില്‍ ഒളിച്ചിരുന്നു.
39: അവര്‍ തലയുയര്‍ത്തിനോക്കിയപ്പോള്‍ ധാരാളം സാധനസാമഗ്രികള്‍ വഹിച്ചുകൊണ്ടു ശബ്ദകോലാഹലത്തോടെ നീങ്ങുന്ന ഒരുഘോഷയാത്ര കണ്ടു. ആയുധധാരികളായ സ്‌നേഹിതന്മാരോടും സഹോദരന്മാരോടുമൊത്ത് തംബുരുവിന്റെയും ഗായകരുടെയും അകമ്പടിയോടെ വരന്‍ അവരെ സ്വീകരിക്കാന്‍ വന്നു.
40: പതിയിരുന്നവര്‍ ഉടനെ പാഞ്ഞുചെന്ന് അവരെ കൊല്ലാന്‍ തുടങ്ങി. വളരെപ്പേര്‍ മുറിവേറ്റുവീണു; ശേഷിച്ചവര്‍ മലയിലേക്കോടി രക്ഷപെട്ടു. ജോനാഥാനും കൂട്ടരും അവരുടെ സാധനസാമഗ്രികള്‍ മുഴുവന്‍ കൈവശപ്പെടുത്തി.
41: അങ്ങനെ വിവാഹം വിലാപമായി മാറി; ഗായകരുടെ സ്വരം ചരമഗാനമായും.
42: തങ്ങളുടെ സഹോദരന്റെ രക്തത്തിനു പൂര്‍ണ്ണമായും പകരംവീട്ടിക്കഴിഞ്ഞപ്പോള്‍ അവര്‍ ജോര്‍ദ്ദാനിലെ ചതുപ്പുനിലങ്ങളിലേക്കു മടങ്ങി.
43: ബക്കിദെസ് ഇതുകേട്ടു വലിയൊരു സേനയുമായി സാബത്തു ദിവസം ജോര്‍ദ്ദാന്‍കരയിലെത്തി.
44: ജോനാഥാന്‍ അനുയായികളോടു പറഞ്ഞു: നമുക്കു ജീവനുവേണ്ടി സധൈര്യം പൊരുതാം. കാര്യങ്ങളിപ്പോള്‍ മുമ്പത്തെപ്പോലെയല്ല.
45: ഇതാ, ശത്രു നമ്മെ വളഞ്ഞിരിക്കുന്നു. ഒരു വശത്തു ജോര്‍ദ്ദാന്‍ നദി. മറുവശത്തു ചതുപ്പുനിലവും കുറ്റിക്കാടുകളും. എങ്ങോട്ടും തിരിയുക സാദ്ധ്യമല്ല.
46: ശത്രുകരങ്ങളില്‍നിന്നു രക്ഷിക്കണമേയെന്നു ദൈവത്തോടു നമുക്കു കേണപേക്ഷിക്കാം.
47: യുദ്ധം തുടങ്ങി. ജോനാഥാന്‍ ബക്കിദെസിനെ പ്രഹരിക്കാന്‍ കരമുയര്‍ത്തി. എന്നാല്‍ അവന്‍ വഴുതിമാറി, പിന്‍നിരയിലേക്കു പോയി.
48: അനന്തരം ജോനാഥാനും കൂട്ടരും ജോര്‍ദ്ദാനിലേക്കു ചാടി, നീന്തിയക്കരെ കടന്നു. ശത്രുക്കള്‍ ജോര്‍ദ്ദാന്‍കടന്ന് അവരെ ആക്രമിക്കാന്‍ മുതിര്‍ന്നില്ല.
49: ബക്കിദെസിന്റെ ആളുകളില്‍ ആയിരം പേരോളം അന്നു കൊല്ലപ്പെട്ടു.


യൂദയായിലെ കോട്ടകള്‍
50: ബക്കിദെസ് ജറുസലെമിലേക്കു മടങ്ങി. യൂദയായില്‍ അവന്‍ സുശക്തമായ നഗരങ്ങള്‍ പണിതു. ജറീക്കോയിലെ കോട്ടയും എമ്മാവൂസ്, ബത്‌ഹോറോണ്‍, ബഥേല്‍, തിമ്നാത്ത്, ഫരാത്തോണ്‍, തെഫോണ്‍ എന്നീ നഗരങ്ങളും ഉയരമേറിയ മതിലുകളും പടിവാതിലുകളും ഓടാമ്പലുകളുംകൊണ്ടു ബലപ്പെടുത്തി.
51: ഇസ്രായേലിനെ ശല്യപ്പെടുത്താന്‍ അവനവിടങ്ങളിലെല്ലാം കാവല്‍സേനയുമേര്‍പ്പെടുത്തി.
52: ബത്സൂര്‍, ഗസാറാ എന്നീ നഗരങ്ങളും കോട്ടയും അവര്‍ സുശക്തങ്ങളാക്കി, സേനകളെ നിറുത്തി. ഭക്ഷണസാധനങ്ങളും ശേഖരിച്ചുവച്ചു.
53: നാട്ടുപ്രമാണികളുടെ പുത്രന്മാരെപ്പിടിച്ച്, ആള്‍ജാമ്യമായി ജറുസലെം കോട്ടയിലടച്ച്, കാവലേര്‍പ്പെടുത്തുകയും ചെയ്തു.
54: നൂറ്റിയമ്പത്തിമൂന്നാമാണ്ട് രണ്ടാംമാസം ദേവാലയാങ്കണത്തിന്റെ ഭിത്തികള്‍ ഇടിച്ചുതകര്‍ക്കാന്‍ അല്‍കിമൂസ് കല്പന നല്‍കി. പ്രവാചകന്മാരുടെ പ്രയത്നം അവന്‍ നിഷ്ഫലമാക്കി.
55: പക്ഷേ, അവന്‍ അതു തകര്‍ക്കാന്‍ തുടങ്ങിയതേയുള്ളു. അപ്പോള്‍ അവനു കനത്ത ഒരാഘാതമേറ്റു. അവന്റെ ജോലിക്കു വിഘ്നമുണ്ടായി; അധരം ചലിക്കാതെയായി; അവന്‍ തളര്‍വ്വാതരോഗിയായി. തന്റെ ഭവനത്തെ സംബന്ധിച്ച്, എന്തെങ്കിലുമാജ്ഞനല്‍കാന്‍ അവനു കഴിയാതെയായി.
56: താമസിയാതെ ദുസ്സഹമായ വേദനസഹിച്ച്, അവന്‍ മരണമടഞ്ഞു.
57: അല്‍കിമൂസ് മരിച്ചെന്നുകണ്ടപ്പോള്‍ ബക്കിദെസ് രാജസന്നിധിയിലേക്കു മടങ്ങി; യൂദാദേശത്ത് രണ്ടുവര്‍ഷത്തേക്കു സ്വസ്ഥതയുണ്ടായി.


ജോനാഥാന്റെ വിജയം
58: അനന്തരം, അധര്‍മ്മികള്‍ ഗൂഢാലോചനനടത്തി. അവര്‍ പറഞ്ഞു: ജോനാഥാനും കൂട്ടരും ആത്മവിശ്വാസത്തോടെ സമാധാനത്തില്‍ കഴിയുന്നു. അതിനാല്‍ നമുക്കു ബക്കിദെസിനെ തിരിച്ചുകൊണ്ടുവരാം. ഒറ്റ രാത്രികൊണ്ട് അവന്‍ അവരെയെല്ലാവരെയും ബന്ധനസ്ഥരാക്കും.
59: അവര്‍ പോയി അവനുമായി കൂടിയാലോചിച്ചു.
60: വലിയ ഒരു സൈന്യവുമായി പുറപ്പെടാന്‍ അവനൊരുമ്പെട്ടു. ജോനാഥാനെയും അവന്റെ ആളുകളെയും പിടിക്കാനാവശ്യപ്പെട്ടുകൊണ്ടു യൂദയായിലെ തന്റെ സഖ്യകക്ഷികള്‍ക്കെല്ലാം അവന്‍ രഹസ്യക്കത്തുകളയച്ചു. പക്ഷേ, അവര്‍ക്കതു കഴിഞ്ഞില്ല. കാരണം, അവരുടെ ഉപജാപങ്ങള്‍ പുറത്തായിക്കഴിഞ്ഞിരുന്നു.
61: ജോനാഥാന്റെയാളുകള്‍ ഈ ഗൂഢാലോചനയ്ക്കു നേതൃത്വംനല്‍കിയ സ്ഥലവാസികളില്‍ അമ്പതോളംപേരെ വധിച്ചു.
62: പിന്നീട്, ജോനാഥാനും അനുയായികളും ശിമയോനോടുകൂടെ മരുഭൂമിയിലുള്ള ബത്ബാസിയിലേക്കു പിന്‍വാങ്ങി. അതിന്റെ തകര്‍ക്കപ്പെട്ട ഭാഗങ്ങള്‍ പുതുക്കിപ്പണിത് അവരതു ബലവത്താക്കി.
63: ബക്കിദെസ് ഇതറിഞ്ഞ് തന്റെ സേനകളെയെല്ലാം, ഒരുമിച്ചുകൂട്ടി. യൂദയായിലെ ജനങ്ങള്‍ക്ക് അവന്‍ കല്പനകളയച്ചു.
64: അതിനുശേഷം, അവന്‍വന്നു ബത്ബാസിക്കെതിരേ പാളയമടിച്ചു; ഏറെ നാളുകള്‍ അവന്‍ അതിനെതിരേ പൊരുതുകയും യന്ത്രമുട്ടികള്‍ നിര്‍മ്മിക്കുകയും ചെയ്തു.
65: നഗരം തന്റെ സഹോദരന്‍ ശിമയോനെയേല്പിച്ചു ജോനാഥാന്‍ നാട്ടിന്‍പുറത്തേക്കുനീങ്ങി. കുറച്ചുപേരെമാത്രമേ അവന്‍ കൂടെക്കൊണ്ടുപോയുള്ളു.
66: ഒദൊമേറായെയും അവന്റെ സഹോദരന്മാരെയും ഫാസിറോണിന്റെ പുത്രന്മാരെയും അവരുടെ കൂടാരങ്ങളില്‍വച്ച് അവന്‍ വധിച്ചു.
67: അവന്‍ ആക്രമിച്ചുകൊണ്ടു മുന്നേറി. ഈ സമയം ശിമയോനും കൂട്ടരും നഗരത്തിനുവെളിയില്‍വന്ന് ഒരു മിന്നലാക്രമണം നടത്തി. യന്ത്രമുട്ടികള്‍ക്കു തീവച്ചു.
68: അവര്‍ ബക്കിദെസിനെ യുദ്ധംചെയ്തു കീഴ്‌പ്പെടുത്തി. തന്റെ പദ്ധതികളും യുദ്ധോദ്ദേശ്യങ്ങളും നിഷ്ഫലമായതിനാല്‍ അവന്‍ ഭഗ്നാശനായി.
69: അതിനാല്‍, യൂദയായിലേക്കുവരാന്‍ തന്നോടുപദേശിച്ച അധര്‍മ്മികളോട് അവന്‍ അത്യന്തം ക്രുദ്ധനായി, അവരില്‍ വളരെപ്പേരെ വധിച്ചു. അനന്തരം, സ്വന്തം നാട്ടിലേക്കു തിരിച്ചുപോകാന്‍ തീരുമാനിച്ചു.
70: ഇക്കാര്യം മനസ്സിലാക്കി ജോനാഥാന്‍ ബക്കിദെസുമായി സമാധാനംസ്ഥാപിക്കാനും തടവുകാരുടെ മോചനംസാധിക്കാനും അവന്റെയടുത്തേക്കു പ്രതിനിധികളെ അയച്ചു.
71: അവന്‍ അതു സമ്മതിക്കുകയും ജോനാഥാന്‍ പറഞ്ഞതുപോലെ പ്രവര്‍ത്തിക്കുകയും ചെയ്തു. താന്‍ ജീവിച്ചിരിക്കുന്നിടത്തോളംകാലം ജോനാഥാനെ ഉപദ്രവിക്കുകയില്ലെന്ന് അവന്‍ ശപഥം ചെയ്തു.
72: യൂദാദേശത്തുനിന്നു തടവുകാരാക്കിയവരെ അവന്‍ തിരിച്ചേല്പിച്ചു. അനന്തരം, സ്വദേശത്തേക്കു മടങ്ങി. പിന്നീടൊരിക്കലും അവന്‍ അവിടെ കാലുകുത്തിയില്ല.
73: അങ്ങനെ ഇസ്രായേലില്‍ യുദ്ധത്തിന് അറുതിവന്നു. ജോനാഥാന്‍ മിക്മാഷില്‍ താമസമാക്കി; ജനത്തെ ഭരിച്ചുതുടങ്ങി; ഇസ്രായേലിലുണ്ടായിരുന്ന അധര്‍മ്മികളെയെല്ലാം അവന്‍ നശിപ്പിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ