നൂറ്റിയിരുപത്തിനാലാം ദിവസം: നെഹമിയ 1 - 4


അദ്ധ്യായം 1

നെഹെമിയായുടെ പ്രാര്‍ത്ഥന
1: ഹക്കാലിയായുടെ പുത്രന്‍ നെഹെമിയായുടെ വാക്കുകള്‍: അര്‍ത്താക്സെര്‍ക്സസിന്റെ ഇരുപതാം ഭരണവര്‍ഷം കിസ്‌ലേവ് മാസം ഞാന്‍ തലസ്ഥാനമായ സൂസായിലായിരുന്നു. 
2: എന്റെ സഹോദരരിലൊരുവനായ ഹനാനി, ഏതാനും ആളുകളോടുകൂടെ യൂദായില്‍നിന്നു വന്നു. പ്രവാസത്തെ അതിജീവിച്ച യഹൂദരെയും ജറുസലെമിനെയുംകുറിച്ചു ഞാന്‍ അവരോടാരാഞ്ഞു. 
3: അവര്‍ പറഞ്ഞു: പ്രവാസത്തെ അതിജീവിച്ചു ദേശത്തുകഴിയുന്നവര്‍ കഷ്ടതയിലും അപമാനത്തിലുമാണ്. ജറുസലെംമതിലുകള്‍ തകര്‍ന്ന്, കവാടം അഗ്നിക്കിരയായിഅതേപടി കിടക്കുന്നു.   
4: ഇതുകേട്ടു ഞാന്‍ നിലത്തിരുന്നു കരഞ്ഞുദിവസങ്ങളോളം വിലപിക്കുകയും ഉപവസിക്കുകയുംചെയ്തു. സ്വര്‍ഗ്ഗസ്ഥനായ ദൈവത്തിന്റെ സന്നിധിയില്‍ ഞാന്‍ പ്രാര്‍ത്ഥിച്ചു:  
5: സ്വര്‍ഗ്ഗത്തില്‍ വസിക്കുന്ന ദൈവമായ കര്‍ത്താവേതന്നെ സ്‌നേഹിക്കുകയും തന്റെ പ്രമാണങ്ങള്‍ അനുസരിക്കുകയുംചെയ്യുന്നവരോട് ഉടമ്പടിപാലിക്കുകയും കാരുണ്യംകാട്ടുകയുംചെയ്യുന്ന ഉന്നതനും ഭീതികരനുമായ ദൈവമേഅവിടുത്തെ ദാസരായ ഇസ്രായേല്‍ജനത്തിനുവേണ്ടി ഈ ദാസന്‍ രാവും പകലും അങ്ങയുടെ മുമ്പില്‍ പ്രാര്‍ത്ഥിക്കുന്നു. 
6: ഈ ദാസനെ കടാക്ഷിച്ചു പ്രാര്‍ത്ഥന ശ്രവിക്കണമേ! അവിടുത്തെ ജനമായ ഞങ്ങള്‍ അങ്ങേയ്ക്കെതിരേ ചെയ്തുപോയ പാപങ്ങളേറ്റുപറയുന്നു. ഞാനും എന്റെ പിതൃഭവനവും പാപം ചെയ്തിരിക്കുന്നു.  
7: അങ്ങേയ്ക്കെതിരേ ഞങ്ങള്‍ കഠിനമായ തെറ്റുചെയ്തു. അങ്ങയുടെ ദാസനായ മോശവഴി അങ്ങു നല്കിയ കല്പനകളും ചട്ടങ്ങളും അനുശാസനങ്ങളും ഞങ്ങള്‍ പാലിച്ചില്ല. 
8: അങ്ങയുടെ ദാസനായ മോശയോട്, അങ്ങു കല്പിച്ച ഈ വാക്കുകളനുസ്മരിക്കുക: അവിശ്വസ്തതകാട്ടിയാല്‍ നിന്നെ ഞാന്‍ ജനതകള്‍ക്കിടയില്‍ ചിതറിക്കും. 
9: എന്നാല്‍, എന്റെയടുക്കലേക്കു മടങ്ങി, എന്റെ കല്പനകള്‍പാലിച്ചാല്‍, നിന്റെ ജനം എത്രദൂരത്തേക്കു ചിതറിക്കപ്പെട്ടാലുംഎന്റെ നാമത്തിനു വസിക്കാന്‍ ഞാന്‍ തിരഞ്ഞെടുത്ത സ്ഥലത്ത്, അവരെ ഞാന്‍ ഒരുമിച്ചുകൂട്ടും.  
10: അവിടുത്തെ മഹത്തായ കരബലത്താല്‍ വീണ്ടെടുത്ത അവിടുത്തെ ദാസന്മാരും ജനവുമാണവര്‍. 
11: കര്‍ത്താവേഈ ദാസന്റെയും അവിടുത്തെ നാമം വണങ്ങുന്ന ഇതരദാസരുടെയും പ്രാര്‍ത്ഥന ശ്രവിക്കണമേ! അവിടുത്തെ ദാസന് ഇന്നു വിജയമരുളണമേ! ഈ മനുഷ്യന് എന്നോടു കരുണതോന്നാനിടയാക്കണമേ! ഞാന്‍ രാജാവിന്റെ പാനപാത്രവാഹകന്‍ ആയിരുന്നു.

അദ്ധ്യായം 2

നെഹെമിയാ ജറുസലെമിലേക്ക്
1: അര്‍ത്താക്സെര്‍ക്സെസ് രാജാവിന്റെ ഇരുപതാം ഭരണവര്‍ഷം നീസാന്‍ മാസം ഞാന്‍ രാജാവിനു വീഞ്ഞു പകര്‍ന്നുകൊടുത്തു. ഇതിനുമുമ്പ് മ്ലാനവദനനായി രാജാവ് എന്നെ കണ്ടിട്ടില്ല. 
2: രാജാവെന്നോടു ചോദിച്ചു: രോഗമില്ലാതിരുന്നിട്ടും എന്തേ നിന്റെ മുഖം മ്ലാനമായിരിക്കുന്നുഹൃദയവ്യഥയല്ലാതെ മറ്റൊന്നല്ലിത്.  
3: അപ്പോള്‍ ഭയത്തോടെ ഞാന്‍ പറഞ്ഞു: രാജാവു നീണാള്‍ വാഴട്ടെഎന്റെ പിതാക്കന്മാര്‍ നിദ്രകൊള്ളുന്ന നഗരകവാടങ്ങള്‍, കത്തിശൂന്യമായിക്കിടക്കുമ്പോള്‍ എന്റെ മുഖം എങ്ങനെ പ്രസന്നമാകും? 
4: രാജാവു ചോദിച്ചു: എന്താണു നിന്റെ അപേക്ഷ?  
5: സ്വര്‍ഗ്ഗസ്ഥനായ ദൈവത്തോടു പ്രാര്‍ത്ഥിച്ചതിനുശേഷം ഞാന്‍ രാജാവിനോടു പറഞ്ഞു: രാജാവിനിഷ്ടമെങ്കില്‍, ഈ ദാസനോടു പ്രീതിതോന്നുന്നെങ്കില്‍, എന്റെ പിതാക്കന്മാര്‍ നിദ്രകൊള്ളുന്ന നഗരം പുനരുദ്ധരിക്കുന്നതിന് എന്നെ യൂദായിലേക്കയച്ചാലും. 
6: രാജാവു ചോദിച്ചു: എത്രനാളത്തേക്കാണു നീ പോകുന്നത്എന്നു മടങ്ങിവരുംഞാന്‍ കാലാവധി പറഞ്ഞു. അവന്‍ എന്നെ പോകാനനുവദിച്ചു. അപ്പോള്‍, രാജ്ഞിയും സമീപത്തുണ്ടായിരുന്നു.  
7: ഞാന്‍ രാജാവിനോടഭ്യര്‍ത്ഥിച്ചു: നദിക്കക്കരെയുള്ള പ്രദേശത്തുകൂടെ യൂദായിലെത്താനുള്ള അനുവാദത്തിന്, അവിടത്തെ ഭരണാധിപന്മാര്‍ക്കു ദയവായി കത്തുകള്‍ തന്നാലും. 
8: ദേവാലയത്തിന്റെ കോട്ടവാതിലുകള്‍ക്കും നഗരഭിത്തിക്കും എനിക്കു താമസിക്കാനുള്ള വീടിനും ആവശ്യമുള്ള തടി നല്‍കുന്നതിനു രാജാവിന്റെ ധനകാര്യവിചാരകനായ ആസാഫിനുള്ള കത്തും നല്‍കിയാലും. എന്റെ അപേക്ഷ രാജാവനുവദിച്ചു. ദൈവത്തിന്റെ കരുണ എന്റെമേലുണ്ടായിരുന്നു. 
9: ഞാന്‍ നദിക്കക്കരെയുള്ള ഭരണാധിപന്മാരെ സമീപിച്ചു രാജാവിന്റെ കത്തുകളേല്പിച്ചു. രാജാവ്, സേനാനായകന്മാരെയും കുതിരപ്പടയാളികളെയും എന്നോടൊപ്പമയച്ചിട്ടുണ്ടായിരുന്നു. 
10: എന്നാല്‍, ഇസ്രായേല്‍ജനത്തിന്റെ നന്മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ ഒരുവന്‍ വന്നിരിക്കുന്നുവെന്നുകേട്ടു ഹെറോണ്യനായ സന്‍ബല്ലാത്തും അമ്മോന്യനായ തോബിയാ എന്ന ദാസനും അത്യന്തം അസന്തുഷ്ടരായി. 
11: ഞാന്‍ ജറുസലെമിലെത്തി മൂന്നുദിവസം അവിടെക്കഴിഞ്ഞു. 
12: ഞാനും കൂടെയുണ്ടായിരുന്ന ചിലരും രാത്രിയിലെഴുന്നേറ്റു. ജറുസലെമിനുവേണ്ടി ചെയ്യാന്‍ എന്റെ ദൈവം മനസ്സില്‍ തോന്നിച്ചത്, ഞാന്‍ ആരെയുമറിയിച്ചില്ല. സവാരിചെയ്തിരുന്ന മൃഗമല്ലാതെ, വേറൊന്നും കൂടെയുണ്ടായിരുന്നില്ല. 
13: രാത്രിയില്‍ ഞാന്‍ താഴ്‌വരവാതിലിലൂടെ കുറുനരിയുറവ കടന്നു ചവറ്റുവാതിലിലെത്തി. ജറുസലെമിന്റെ തകര്‍ന്ന മതിലുകളും കത്തിനശിച്ച വാതിലുകളും പരിശോധിച്ചു. 
14: അവിടെനിന്നു ഞാന്‍ ഉറവവാതിലിലേക്കും രാജവാപിയിലേക്കും പോയി. എന്നാല്‍ എന്റെ സവാരിമൃഗത്തിനു കടന്നുപോകാന്‍ ഇടയില്ലായിരുന്നു.  
15: അതിനാല്‍, രാത്രിയില്‍ ഞാന്‍ താഴ്‌വരയിലൂടെ കയറിച്ചെന്നു മതില്‍ പരിശോധിച്ചു. തിരിച്ചു താഴ്‌വരവാതിലിലൂടെ മടങ്ങിപ്പോന്നു.  
16: ഞാന്‍ എവിടെപ്പോയെന്നും എന്തുചെയ്തെന്നും സേനാനായകന്മാര്‍ അറിഞ്ഞില്ല. യഹൂദര്‍, പുരോഹിതര്‍, പ്രഭുക്കന്മാര്‍, സേവകന്മാര്‍ എന്നിവരെയും ജോലിക്കാരെയും ഞാന്‍ വിവരമറിയിച്ചിരുന്നില്ല.  
17: ഞാനവരോടു പറഞ്ഞു: നമ്മുടെ ദുഃസ്ഥിതി നിങ്ങള്‍ കാണുന്നില്ലേജറുസലെം വാതിലുകള്‍ കത്തിനശിച്ചു കിടക്കുന്നു. വരുവിന്‍, നമുക്കു ജറുസലെമിന്റെ മതില്‍ പണിയാം. മേലില്‍ ഈ അവമതി നമുക്കുണ്ടാകരുത്.  
18: എന്റെ ദൈവത്തിന്റെ കരം എനിക്കു സഹായത്തിനുണ്ടായിരുന്നെന്നും രാജാവ് എന്നോടടെന്തുപറഞ്ഞെന്നും ഞാനവരെയറിയിച്ചു. നമുക്കു പണിതുടങ്ങാമെന്നു പറഞ്ഞുകൊണ്ട്, അവര്‍ ജോലിക്കു തയ്യാറായി. 
19: എന്നാല്‍, ഹൊറോണ്യനായ സന്‍ബല്ലാത്തും അമ്മോന്യനായ തോബിയാ എന്ന ദാസനും അറേബ്യനായ ഗഷെമും ഇതുകേട്ടു ഞങ്ങളെ പരിഹസിച്ചു പറഞ്ഞു: നിങ്ങള്‍ എന്താണിച്ചെയ്യുന്നത്രാജാവിനോടാണോ മത്സരം?  
20: ഞാന്‍ മറുപടി നല്കി: സ്വര്‍ഗ്ഗത്തിന്റെ ദൈവം ഞങ്ങള്‍ക്കു വിജയം നല്കും. അവിടുത്തെ ദാസന്മാരായ ഞങ്ങള്‍ പണിയും. എന്നാല്‍, നിങ്ങള്‍ക്കു ജറുസലെമില്‍ ഓഹരിയോ അവകാശമോ സ്മാരകമോ ഉണ്ടായിരിക്കുകയില്ല.

അദ്ധ്യായം 3

മതില്‍ പുനരുദ്ധരിക്കുന്നു
1: പ്രധാന പുരോഹിതനായ എലിയാഷിബ് സഹപുരോഹിതന്മാരോടൊത്ത് അജകവാടം പണിതു. അവര്‍ അതിന്റെ പ്രതിഷ്ഠാകര്‍മ്മം നടത്തുകയും കതകുകള്‍ പിടിപ്പിക്കുകയുംചെയ്തു. ശതഗോപുരവും ഹനനേല്‍ഗോപുരവുംവരെ പണിതു പ്രതിഷ്ഠാകര്‍മ്മം നടത്തി.  
2: അതിനോടുചേര്‍ന്ന ഭാഗം ജറീക്കോക്കാരും അതിനപ്പുറം ഇമ്രിയുടെ പുത്രന്‍ സക്കൂറും പണിതു.  
3: ഹസ്സേനായുടെ പുത്രന്മാര്‍ മത്സ്യകവാടം പണിത്, അതിന് ഉത്തരംകതകുകള്‍, കുറ്റികള്‍, ഓടാമ്പലുകള്‍ എന്നിവ ഘടിപ്പിച്ചു.   
4: അടുത്തഭാഗം ഹക്കോസിന്റെ പുത്രനായ ഊറിയായുടെ പുത്രന്‍ മെറെമോത്ത് പുതുക്കിപ്പണിതു. തുടര്‍ന്നുള്ള ഭാഗം മെഷെസാബേലിന്റെ പുത്രനായ ബറെക്കിയായുടെ പുത്രന്‍ മെഷുല്ലാം പണിതു. അടുത്തഭാഗം ബാനായുടെ പുത്രന്‍ സാദോക്ക് പുതുക്കിപ്പണിതു. 
5: തെക്കോവക്കാരാണ് അടുത്തഭാഗം പണിതത്. എന്നാല്‍, മേലാളന്മാര്‍ നിശ്ചയിച്ച ജോലി പ്രമുഖന്മാര്‍ ചെയ്തില്ല.  
6: പാസെയായുടെ പുത്രന്‍ യൊയാദായും ബസോദെയായുടെ പുത്രന്‍ മെഷുല്ലാമുംകൂടെ പ്രാചീനകവാടം പുതിക്കിപ്പണിത് ഉത്തരംകതകുകള്‍, കുറ്റികള്‍, ഓടാമ്പലുകള്‍ എന്നിവ ഉറപ്പിച്ചു.   
7: ഗിബയോന്‍കാരനായ മെലാത്തിയായും മെറോനോത്യനായ യാദോനും ഗിബയോനിലെയും മിസ്പായിലെയും ആളുകളും തുടര്‍ന്നുള്ള ഭാഗം പണിതു. ഇവര്‍ നദിക്കക്കരെയുള്ള ദേശത്തിന്റെ അധിപതിമാരുടെ കീഴിലായിരുന്നു.  
8: തുടര്‍ന്നുള്ള ഭാഗം സ്വര്‍ണ്ണപ്പണിക്കാരനായ ഹര്‍ഹായിയായുടെ പുത്രന്‍ ഉസിയേല്‍ പണിതു. പിന്നീടുള്ള ഭാഗം സുഗന്ധദ്രവ്യവ്യാപാരിയായ ഹനാനിയാ പണിതു. അങ്ങനെ അവര്‍ വിശാലമതില്‍വരെ ജറുസലെം പുനരുദ്ധരിച്ചു. 
9: ജറുസലെമിന്റെ അര്‍ദ്ധഭാഗത്തിന്റെ അധിപനായ ഹൂറിന്റെ പുത്രന്‍ റഫായാ അടുത്ത ഭാഗം പണിതു.  
10: ഹറുമാഫിന്റെ പുത്രന്‍ യദായാ തന്റെ വീടിനുനേരെയുള്ള ഭാഗം പണിതു. ഹഷാബനേയായുടെ പുത്രന്‍ ഹത്തുഷ് തുടര്‍ന്നുള്ള ഭാഗം പണിതു.  
11: ഹാറിമിന്റെ പുത്രന്‍ മല്‍ക്കിയായും പഹാത്ത്‌മൊവാബിന്റെ പുത്രന്‍ ഹഷൂബും അടുത്ത ഭാഗവും ചൂളഗോപുരവും പണിതു.  
12: അടുത്ത ഭാഗം ജറുസലെമിന്റെ മറ്റേ അര്‍ദ്ധഭാഗത്തിന്റെ അധിപനായ ഹല്ലോഹെഷിന്റെ പുത്രന്‍ ഷല്ലൂമും പുത്രിമാരും പണിതു.  
13: ഹാനൂനും സാനോവാ നിവാസികളും താഴ്‌വരക്കവാടം പുതുക്കി. അതിനു കതകുകള്‍, കുററികള്‍, ഓടാമ്പലുകള്‍ എന്നിവ ഘടിപ്പിക്കുകയും ചവറ്റുവാതില്‍വരെ ആയിരം മുഴം നീളത്തില്‍ മതിലിന്റെ അറ്റകുറ്റപ്പണി തീര്‍ക്കുകയുംചെയ്തു. 
14: ബത്ഹക്കേറെം പ്രദേശത്തിന്റെ അധിപനും റേഖാബിന്റെ പുത്രനുമായ മല്‍ക്കിയാ ചവറ്റുവാതില്‍ പുതുക്കിപ്പണിത്അതിനു കതകുകള്‍, കുറ്റികള്‍, ഓടാമ്പലുകള്‍ എന്നിവ പിടിപ്പിച്ചു.  
15: മിസ്പായുടെ അധിപനും കൊല്‍ഹോസെയുടെ പുത്രനുമായ ഷല്ലൂം ഉറവവാതില്‍ പുതുക്കിമേഞ്ഞ്കതകുകള്‍, കുറ്റികള്‍, ഓടാമ്പലുകള്‍ എന്നിവ ഘടിപ്പിച്ചു. അവന്‍ രാജകീയോദ്യാനത്തിലെ ഷേലാക്കുളം കെട്ടിച്ച്ദാവീദിന്റെ നഗരത്തിലേക്കിറങ്ങുന്ന കോണിപ്പടിവരെ പണിതീര്‍ത്തു.  
16: ബേത്സൂറിന്റെ അര്‍ദ്ധഭാഗത്തിന്റെ അധിപനും അസ്ബുക്കിന്റെ പുത്രനുമായ നെഹെമിയാ ദാവീദിന്റെ ശവകുടീരത്തിന് എതിര്‍ഭാഗംവരെയും കൃത്രിമ വാപിവരെയും പടത്താവളംവരെയും അറ്റകുറ്റപ്പണികള്‍ നടത്തി.  
17: തുടര്‍ന്നുള്ള ഭാഗം ലേവ്യര്‍ പണിതു. ബാനിയുടെ പുത്രന്‍ രേഹും അടുത്ത ഭാഗം പണിതു. തുടര്‍ന്നു കെയ്‌ലായുടെ അര്‍ദ്ധഭാഗത്തിന്റെ അധിപതിയായ ഹഷാബിയാ തന്റെ ദേശത്തെ പ്രതിനിധാനംചെയ്തു പണിനടത്തി.  
18: തുടര്‍ന്നുള്ള ഭാഗം കെയ്‌ലായുടെ മറ്റേ അര്‍ദ്ധഭാഗത്തിന്റെ അധികാരിയും ഹെനാദാദിന്റെ പുത്രനുമായ ബാവായിയും ചാര്‍ച്ചക്കാരും ചേര്‍ന്നു പണിതു.  
19: തുടര്‍ന്ന് മിസ്പായുടെ ഭരണാധികാരിയും യഷുവയുടെ പുത്രനുമായ ഏസര്‍, മതില്‍ തിരിയുന്നിടത്തെ ആയുധപ്പുരയിലേക്കുള്ള കുന്നിനെതിരേയുള്ള ഭാഗം പണിതു.  
20: അവിടംമുതല്‍ പ്രധാനപുരോഹിതന്‍ എലിയാ ഷീബിന്റെ ഭവനകവാടംവരെ സാബായിയുടെ പുത്രന്‍ ബാറൂക് പുതുക്കിപ്പണിതു.  
21: അവിടംമുതല്‍ എലിയാഷീബിന്റെ വീടിന്റെ അതിര്‍ത്തിവരെയുള്ള ഭാഗം ഹക്കോസിന്റെ പുത്രനായ ഊറിയായുടെ പുത്രന്‍ മെറെമോതു പണിതു.  
22: പിന്നീടുള്ള ഭാഗം ജറുസലെമിനുചുറ്റും വസിച്ചിരുന്ന പുരോഹിതന്മാര്‍ പണിതു.  
23: തുടര്‍ന്ന് ,ബഞ്ചമിനും ഹാഷൂബും തങ്ങളുടെ വീടിനുനേരേയുള്ള ഭാഗം പുതുക്കിപ്പണിതു. അനനിയായുടെ പുത്രനായ മാസേയായുടെ പുത്രന്‍ അസറിയാ തന്റെ വീടിനോടുചേര്‍ന്ന ഭാഗം തുടര്‍ന്നു പണിതു.  
24: അവനുശേഷം ഹനാദാദിന്റെ പുത്രന്‍ ബിന്നൂയി അസറിയായുടെ വീടുമുതല്‍ മതില്‍ തിരിയുന്നതുവരെയുള്ള ഭാഗം പണിതു.  
25: അവിടെ കാവല്‍ഭടന്മാരുടെ അങ്കണത്തിലേക്കു തള്ളിനില്‍ക്കുന്ന കൊട്ടാരഗോപുരത്തിന്റെ എതിര്‍വശത്തുള്ള ഭാഗം ഉസായിയുടെ പുത്രന്‍ പലാല്‍ പണിതു. പറോഷിന്റെ പുത്രന്‍ പെദായായും  
26: ഓഫെല്‍ നിവാസികളായ ദേവാലയ ശുശ്രൂഷകരുംകിഴക്കുവശത്തെ ജലകവാടത്തിനും തള്ളിനില്‍ക്കുന്ന ഗോപുരത്തിനും എതിരേയുളള ഭാഗം പുതുക്കിപ്പണിതു.  
27: വലിയ ഗോപുരത്തിന്റെ എതിരേ ഓഫെല്‍ഭിത്തിവരെയുള്ള ഭാഗം തെക്കോവാക്കാര്‍ പുതുക്കിപ്പണിതു.  
28: അശ്വകവാടംമുതല്‍ തങ്ങളുടെ വീടിനുനേരേയുള്ള ഭാഗം പുരോഹിതന്മാര്‍ പണിതു.  
29: തുടര്‍ന്ന് ഇമ്മെറിന്റെ പുത്രന്‍ സാദോക്ക് തന്റെ വീടിനെതിരേയുള്ള ഭാഗം പണിതു. കിഴക്കേ കവാടസൂക്ഷിപ്പുകാരനായ ഷെക്കെനിയായുടെ പുത്രന്‍ ഷെമായിയാ തുടര്‍ന്നുള്ള ഭാഗം പണിതു.  
30: അടുത്ത ഭാഗം ഷെലേമിയായുടെ പുത്രന്‍ ഹനാനിയായും സാലാഫിന്റെ ആറാമത്തെ പുത്രന്‍ ഹാനൂനും പുതുക്കിപ്പണിതു. ബറെക്കിയായുടെ പുത്രന്‍ മെഷുല്ലാം തന്റെ വീടിനെതിരേയുള്ള ഭാഗം തുടര്‍ന്നു പുതുക്കിപ്പണിതു.
31: അവനുശേഷം സ്വര്‍ണ്ണപ്പണിക്കാരനായ മല്‍ക്കിയാഭടന്മാരെ വിളിച്ചുകൂട്ടുന്ന മതില്‍ തിരിയുന്നിടത്തെ കവാടത്തിന്റെയും മാളികമുറിയുടെയും എതിര്‍വശംദേവാലയശുശ്രൂഷകരുടെയും വ്യാപാരികളുടെയും വീടുവരെ പുതുക്കിപ്പണിതു.  
32: അവിടംമുതല്‍ അജകവാടംവരെയുള്ള ഭാഗം സ്വര്‍ണ്ണപ്പണിക്കാരും വ്യാപാരികളും പുതുക്കിപ്പണിതു. 

അദ്ധ്യായം 4

മതില്പണിക്കു തടസ്സം
1: ഞങ്ങള്‍ മതില്‍ നിര്‍മ്മിക്കുന്നുവെന്നുകേട്ടു സന്‍ബല്ലാത് ക്രുദ്ധനായി. അവന്‍ ഞങ്ങളെ പരിഹസിച്ചു.  
2: അവന്‍ ചാര്‍ച്ചക്കാരുടെയും സമരിയാ സൈന്യത്തിന്റെയുംമുമ്പാകെ യഹൂദരെ പരിഹസിച്ചു പറഞ്ഞു: ദുര്‍ബലന്മാരായ ഈ യഹൂദര്‍ എന്താണു ചെയ്യുന്നത്അവര്‍ എല്ലാം പുനരുദ്ധരിക്കുകയും ബലിയര്‍പ്പിക്കുകയും ഒറ്റദിവസംകൊണ്ടു പണിതീര്‍ക്കുകയുംചെയ്യാമെന്നു വ്യാമോഹിക്കുന്നോകത്തിനശിച്ച അവശിഷ്ടങ്ങളില്‍നിന്നു പണിയാന്‍ കല്ലു വീണ്ടെടുക്കാന്‍ കഴിയുമോ?  
3: അവന്റെ സമീപത്തുനിന്ന അമ്മോന്യനായ തോബിയാ പറഞ്ഞു: ശരിയാണ്അവരെന്താണ് ഈ പണിയുന്നത്ഒരു കുറുനരി കയറിയാല്‍ മതിഅവരുടെ കന്മതില്‍ പൊളിഞ്ഞുവീഴും.  
4: ഞങ്ങളുടെ ദൈവമേശ്രവിക്കണമേ! ഞങ്ങള്‍ നിന്ദിക്കപ്പെടുന്നു. അവരുടെ പരിഹാസം അവരുടെ ശിരസ്സുകളില്‍ത്തന്നെ പതിക്കാനിടയാക്കണമേ!  
5: ശത്രുക്കള്‍ അവരെ കൊള്ളയടിക്കുകയും തടവുകാരാക്കുകയും ചെയ്യട്ടെ! അവരുടെ കുറ്റം മറയ്ക്കരുതേഅങ്ങയുടെ ദൃഷ്ടിയില്‍നിന്നു പാപം മായ്ച്ചുകളയരുതേ! പണിയുന്നവരുടെമുമ്പാകെ അവര്‍ അങ്ങയെ പ്രകോപിപ്പിച്ചുവല്ലോ. 
6: ഞങ്ങള്‍ മതില്പണി തുടര്‍ന്നു. ജനം ഉത്സാഹപൂര്‍വ്വം പണിതു. മതില്‍, ചുറ്റും പകുതി കെട്ടിയുയര്‍ത്തി.  
7: എന്നാല്‍, സന്‍ബല്ലാത്തും തോബിയായും അറബികളും അമ്മോന്യരും അഷ്ദോദ്യരും ജറുസലെം മതിലിന്റെ പുനര്‍നിര്‍മ്മാണം പുരോഗമിക്കുന്നെന്നും വിടവുകള്‍ അടഞ്ഞുതുടങ്ങിയെന്നും കേട്ടു കോപാക്രാന്തരായി. 
8: ജറുസലെമിനെതിരേ പൊരുതാനും, കലാപം സൃഷ്ടിക്കാനും അവര്‍ ഉപായംതേടി.  
9: ഞങ്ങള്‍ ഞങ്ങളുടെ ദൈവത്തോടു പ്രാര്‍ത്ഥിക്കുകയും അവര്‍ക്കെതിരേ രാവും പകലും കാവല്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.  
10: എന്നാല്‍ യൂദാ പറഞ്ഞു: ചുമട്ടുകാര്‍ തളര്‍ന്നുതുടങ്ങിചപ്പുചവറുകള്‍ വളരെയുണ്ട്. മതില്‍ പണിയാന്‍ ഞങ്ങള്‍ക്കു കഴിയുന്നില്ല.  
11: ശത്രുക്കള്‍ പറഞ്ഞു: നാം അവരുടെ ഇടയില്‍ക്കടന്ന് അവരെ കൊല്ലുകയും പണി തടയുകയും ചെയ്യുന്നതുവരെ അവര്‍ അറിയുകയോ കാണുകയോ ചെയ്യരുത്.  
12: ശത്രുക്കളുടെയിടയില്‍ പാര്‍ത്തിരുന്ന യഹൂദര്‍ പത്തുപ്രാവശ്യം ഞങ്ങളെ അറിയിച്ചു: അവര്‍ എല്ലായിടത്തുംനിന്നു നമുക്കെതിരേ വരും.  
13: അതിനാല്‍, ഞാന്‍ ജനത്തെ കുടുംബക്രമത്തില്‍ വാള്‍, കുന്തംവില്ല് എന്നിവയുമായി മതിലിനു പുറകില്‍ തുറസ്സായ സ്ഥലത്ത്, മതിലിനു പൊക്കം പോരാത്തിടത്ത് അണിനിരത്തി.  
14: ഞാന്‍ ചുറ്റും നോക്കിശ്രേഷ്ഠന്മാരോടും നായകന്മാരോടും ജനത്തോടും പറഞ്ഞു: അവരെ ഭയപ്പെടേണ്ടാനിങ്ങളുടെ സഹോദരന്മാര്‍, പുത്രീപുത്രന്മാര്‍, ഭാര്യമാര്‍ എന്നിവര്‍ക്കും നിങ്ങളുടെ ഭവനങ്ങള്‍ക്കുംവേണ്ടി പോരാടുന്ന ഉന്നതനും ഭീതികരനുമായ കര്‍ത്താവിനെയോര്‍ക്കുവിന്‍.  
15: ഞങ്ങള്‍ ഇതെല്ലാം അറിഞ്ഞെന്നും അവരുടെ ഉപായം ദൈവം നിഷ്ഫലമാക്കിയെന്നും അവരറിഞ്ഞു. ഞങ്ങള്‍ പണിതുടര്‍ന്നു.  
16: അന്നുമുതല്‍ എന്റെ സേവകരില്‍ പകുതിപ്പേര്‍ പണിയിലേര്‍പ്പെടുകയും പകുതിപ്പേര്‍ കുന്തംപരിചവില്ല്പടച്ചട്ട എന്നിവയുമായി കാവല്‍നില്‍ക്കുകയുംചെയ്തു. മതില്പണിയിലേര്‍പ്പെട്ട യൂദാജനത്തിന്റെ പിന്നില്‍ നേതാക്കന്മാര്‍ നിലയുറപ്പിച്ചു.  
17: ചുമട്ടുകാര്‍ ഒരു കൈയില്‍ ഭാരവും മറുകൈയില്‍ ആയുധവും വഹിച്ചു.  
18: പണിയിലേര്‍പ്പെട്ടവര്‍ അരയില്‍ വാള്‍ ധരിച്ചിരുന്നു. കാഹളക്കാര്‍ എന്റെ സമീപംനിന്നു.  
19: പ്രമുഖന്മാര്‍, നായകന്മാര്‍, ജനം എന്നിവരോടു ഞാന്‍ പറഞ്ഞു: ജോലി ദുഷ്‌കരവും വിപുലവുമാണ്. മതിലിന്റെ പണിയില്‍ ഏര്‍പ്പെട്ട് നമ്മള്‍ പലയിടത്തായിരിക്കുന്നു.  
20: നിങ്ങള്‍ എവിടെയായിരുന്നാലും കാഹളംകേള്‍ക്കുമ്പോള്‍ ഞങ്ങള്‍ക്കുചുറ്റും വന്നുകൂടുവിന്‍. നമ്മുടെ ദൈവം നമുക്കുവേണ്ടി പോരാടും. 
21: അങ്ങനെഞങ്ങള്‍ പണിയില്‍ മുഴുകി. പകുതിപ്പേര്‍ പ്രഭാതം മുതല്‍ നക്ഷത്രങ്ങള്‍ തെളിയുന്നതുവരെ കുന്തം വഹിച്ചു നിന്നു.  
22: അപ്പോള്‍ ഞാന്‍ ജനത്തോടു പറഞ്ഞു: ഓരോ ആളും ഭൃത്യനോടുകൂടെ രാത്രി ജറുസലെമില്‍ കഴിക്കുക. അങ്ങനെ രാത്രി, കാവലും പകല്‍ ജോലിയുംനടക്കട്ടെ.  
23: ഞാനും സഹോദരരും ഭ്യത്യന്മാരും എന്നെയനുഗമിച്ച കാവല്‍ക്കാരും വസ്ത്രം മാറ്റിയില്ല. ഓരോരുത്തരും ആയുധമേന്തിയിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ