നൂറ്റിനാല്പത്തിയഞ്ചാം ദിവസം: 2 മക്കബായര്‍ 1 - 3



അദ്ധ്യായം 1

ദേവാലയപ്രതിഷ്ഠ: ഒന്നാമത്തെ കത്ത്
1: ഈജിപ്തിലെ യഹൂദസഹോദരന്മാര്‍ക്കു ജറുസലെമിലും യൂദയാദേശത്തുമുള്ള യഹൂദസഹോദരര്‍ സമാധാനമാശംസിക്കുന്നു.
2: ദൈവം നിങ്ങള്‍ക്കു ശുഭംവരുത്തുകയും തന്റെ വിശ്വസ്തദാസന്മാരായ അബ്രാഹമിനോടും ഇസഹാക്കിനോടും യാക്കോബിനോടുംചെയ്ത ഉടമ്പടി സ്മരിക്കുകയുംചെയ്യട്ടെ!
3: സര്‍വാത്മനാ അവിടുത്തെ ഹിതമനുവര്‍ത്തിക്കുന്നതിനും നിങ്ങളെയനുഗ്രഹിക്കട്ടെ!
4: തന്റെ കല്പനകളും പ്രമാണങ്ങളും പ്രവേശിക്കാന്‍ അവിടുന്നു നിങ്ങളുടെ ഹൃദയംതുറക്കുകയും നിങ്ങള്‍ക്കു സമാധാനം നല്കുകയുംചെയ്യട്ടെ!
5: അവിടുന്നു നിങ്ങളുടെ പ്രാര്‍ത്ഥന ശ്രവിക്കുകയും നിങ്ങളോടു രഞ്ജിപ്പിലാവുകയും ചെയ്യട്ടെ! കഷ്ടകാലത്തു നിങ്ങളെയവിടുന്നു കൈവെടിയാതിരിക്കട്ടെ!
6: ഇപ്പോളിവിടെ ഞങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നു.
7: നൂറ്റിയറുപത്തൊമ്പതാം വര്‍ഷം ദമെത്രിയൂസിന്റെ ഭരണകാലത്തു യഹൂദരായ ഞങ്ങള്‍ക്കു കഠിനയാതനകള്‍നേരിട്ടപ്പോള്‍ ഞങ്ങള്‍ നിങ്ങള്‍ക്കെഴുതിയിരുന്നു. അക്കാലത്തു ജാസനും കൂട്ടരും വിശുദ്ധദേശത്തും രാജ്യംമുഴുവനിലും കലാപമുണ്ടാക്കുകയും ദേവാലയകവാടങ്ങള്‍ കത്തിച്ചുകളയുകയും നിഷ്‌കളങ്കരക്തം ചിന്തുകയുംചെയ്തു. 
8:ഞങ്ങള്‍ കര്‍ത്താവിനോടു പ്രാര്‍ത്ഥിക്കുകയും അവിടുന്നതു കേള്‍ക്കുകയും ചെയ്തു. ഞങ്ങള്‍ ദഹനബലികളും ധാന്യബലികളുമര്‍പ്പിച്ചു. ദീപംതെളിയ്ക്കുകയും കാഴ്ചയപ്പം ഒരുക്കിവയ്ക്കുകയും ചെയ്തു.
9: നൂറ്റിയെണ്‍പത്തെട്ടാം വര്‍ഷം കിസ്‌ലേവു മാസത്തില്‍ കൂടാരത്തിരുനാള്‍ ആഘോഷിക്കാന്‍ നിങ്ങള്‍ ശ്രദ്ധിക്കണം.

രണ്ടാമത്തെ കത്ത്
10: ജറുസലെമിലും യൂദയായിലുമുള്ളവരും ആലോചനാസംഘവും യൂദാസും, അഭിഷിക്തപുരോഹിതന്മാരുടെ ഭവനത്തില്‍പെട്ടവനും ടോളമി രാജാവിന്റെ ഗുരുവുമായ അരിസ്‌തോബുലൂസിനും ഈജിപ്തിലെ യഹൂദര്‍ക്കും അഭിവാദനങ്ങളര്‍പ്പിക്കുകയും ആയുരാരോഗ്യങ്ങള്‍നേരുകയുംചെയ്യുന്നു.
11: കൊടിയവിപത്തുകളില്‍നിന്നു ഞങ്ങളെ രക്ഷിക്കുകയും രാജാവിനെതിരേ ഞങ്ങളെ തുണയ്ക്കുകയുംചെയ്ത ദൈവത്തിനു ഞങ്ങള്‍ കൃതജ്ഞത സമര്‍പ്പിക്കുന്നു.
12: വിശുദ്ധ നഗരത്തെ ആക്രമിച്ചവരെ അവിടുന്നു തുരത്തി.
13: പേര്‍ഷ്യായിലെത്തിയ സേനാധിപതിയും അപ്രതിരോദ്ധ്യമായ സേനയും നനെയാക്ഷേത്രത്തില്‍വച്ച് നനെയായുടെ പുരോഹിതന്മാരുടെ ചതിപ്രയോഗത്താല്‍ വധിക്കപ്പെട്ടു.
14: വമ്പിച്ച ക്ഷേത്രനിക്ഷേപം സ്ത്രീധനമായി കൈവശമാക്കാന്‍മോഹിച്ച അന്തിയോക്കസ് നനെയാദേവിയെ പരിഗ്രഹിക്കാനെന്നഭാവേന അനുചരന്മാരുമൊത്ത് അവിടെയെത്തി.
15: ക്ഷേത്രപുരോഹിതന്മാര്‍ നിക്ഷേപങ്ങള്‍ അവരുടെമുമ്പില്‍ നിരത്തിവച്ചു. അന്തിയോക്കസ് ഏതാനുംപേരോടുകൂടെ ക്ഷേത്രവളപ്പില്‍ പ്രവേശിച്ചയുടനെ അവര്‍ വാതില്‍ അടച്ചു.
16: മച്ചിലെ ഒളിവാതില്‍തുറന്നു കല്ലെറിഞ്ഞ് അവര്‍ സേനാധിപതിയെയും അനുയായികളെയും വീഴ്ത്തിഅംഗഭംഗപ്പെടുത്തുകയും തലവെട്ടി, പുറത്തുള്ളവര്‍ക്ക് എറിഞ്ഞുകൊടുക്കുകയും ചെയ്തു.
17: അധര്‍മ്മികള്‍ക്കു തക്കശിക്ഷനല്കിയ ദൈവം എല്ലാവിധത്തിലും വാഴ്ത്തപ്പെടട്ടെ!
18: കിസ്‌ലേവു മാസം ഇരുപത്തഞ്ചാം ദിവസം ഞങ്ങള്‍ ദേവാലയ ശുദ്ധീകരണത്തിരുനാള്‍ ആഘോഷിക്കുന്ന വിവരം നിങ്ങളുമറിയേണ്ടതാണ്. കാരണംകൂടാരത്തിരുനാളുംദേവാലയവും ബലിപീഠവും നിര്‍മ്മിച്ച നെഹെമിയാ, ബലികളര്‍പ്പിച്ചപ്പോള്‍ നല്കപ്പെട്ട അഗ്നിയുടെ തിരുനാളും നിങ്ങളും ആഘോഷിക്കേണ്ടതാണല്ലോ.
19: നമ്മുടെ പിതാക്കന്മാര്‍ അടിമകളായി പേര്‍ഷ്യയിലേക്കു നയിക്കപ്പെട്ടപ്പോള്‍ ഭക്തന്മാരായ പുരോഹിതന്മാര്‍ ബലിപീഠത്തില്‍നിന്നല്പം അഗ്നിയെടുത്തു പൊട്ടക്കിണറ്റില്‍ ഒളിച്ചു വച്ചു. അതു രഹസ്യമായിരിക്കാന്‍, അവര്‍ വേണ്ടമുന്‍കരുതലുകളും ചെയ്തു.
20: വളരെക്കൊല്ലങ്ങള്‍ക്കുശേഷം ദൈവകൃപയാല്‍ പേര്‍ഷ്യാരാജാവ് നിയോഗിച്ച നെഹെമിയാപുരോഹിതന്മാര്‍ ഒളിച്ചു സക്ഷിച്ച അഗ്നി എടുത്തുകൊണ്ടുവരാന്‍ അവരുടെ പിന്‍ഗാമികളോടു നിര്‍ദേശിച്ചു. അവര്‍ മടങ്ങിവന്ന് അഗ്നി കണ്ടെത്തിയില്ലെന്നും എന്നാല്‍, ഒരു കൊഴുത്ത ദ്രാവകം കണ്ടെന്നുമറിയിച്ചു. അതു കോരിക്കൊണ്ടുവരാന്‍ നെഹെമിയാ ആജ്ഞാപിച്ചു.
21: ബലിവസ്തുക്കള്‍ ഒരുക്കുമ്പോള്‍ വിറകിന്മേലും ബലിവസ്തുവിന്മേലും ആ ദ്രാവകം തളിക്കാന്‍ പുരോഹിതന്മാരോട് അവന്‍ നിര്‍ദ്ദേശിച്ചു.
22: അപ്രകാരം ചെയ്ത് അല്പനേരംകഴിഞ്ഞപ്പോള്‍ മേഘാവൃതമായിരുന്ന സൂര്യന്‍ തെളിയുകയും വലിയൊരഗ്നി ആളിക്കത്തുകയും ചെയ്തു. എല്ലാവരും അദ്ഭുതപ്പെട്ടു.
23: ബലിവസ്തു ദഹിക്കുമ്പോള്‍ പുരോഹിതന്മാരും ജനങ്ങളും പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. ജോനാഥാന്‍ പ്രാര്‍ത്ഥന നയിക്കുകയും ജനം നെഹെമിയായോടൊത്തു പ്രതിവചനംചൊല്ലുകയും ചെയ്തു.
24: അവര്‍ ഇങ്ങനെ പ്രാര്‍ത്ഥിച്ചു: സകലത്തിന്റെയും സ്രഷ്ടാവും ദൈവവുമായ കര്‍ത്താവേഏകരാജാവും ദയാലുവുമായ അങ്ങു ഭീതികരനും ബലവാനും നീതിമാനും കാരുണ്യവാനുമാണ്.
25: അങ്ങുമാത്രമാണ്ഉദാരനും നീതിമാനും സര്‍വ്വശക്തനും നിത്യനുമായവന്‍. എല്ലാ തിന്മകളിലും നിന്ന് ഇസ്രായേലിനെ അങ്ങ് രക്ഷിക്കുന്നു. അങ്ങ് ഞങ്ങളുടെ പിതാക്കന്മാരെ തെരഞ്ഞെടുത്തു വിശുദ്ധീകരിച്ചു.
26: ഇസ്രായേല്‍മക്കള്‍ക്കുവേണ്ടി ഈ ബലി സ്വീകരിക്കുകയും അങ്ങയുടെ ഓഹരിയായ അവരെ കാത്തുരക്ഷിക്കുകയും പവിത്രീകരിക്കുകയും ചെയ്യണമേ!
27: ചിതറിപ്പോയ ഞങ്ങളുടെ ജനത്തെ ഒന്നിച്ചുകൂട്ടുകയും വിജാതീയരുടെയിടയില്‍ അടിമകളായിത്തീര്‍ന്നവരെ സ്വതന്ത്രരാക്കുകയും ചെയ്യണമേ! നിന്ദിതരെയും പുറന്തള്ളപ്പെട്ടവരെയും കടാക്ഷിക്കണമേ! അവിടുന്നാണു ഞങ്ങളുടെ ദൈവമെന്നു വിജാതീയര്‍ അറിയാനിടയാകട്ടെ!
28: മര്‍ദ്ദകരെയും അഹങ്കാരംകൊണ്ടു മദിച്ചവരെയും ശിക്ഷിക്കണമേ!
29: മോശ പറഞ്ഞിട്ടുള്ളതുപോലെ അങ്ങയുടെ ജനത്തെ വിശുദ്ധസ്ഥലത്തു നട്ടുവളര്‍ത്തണമേ!
30: അനന്തരംപുരോഹിതന്മാര്‍ കീര്‍ത്തനങ്ങളാലപിച്ചു.
31: ബലിവസ്തു ദഹിച്ചുകഴിഞ്ഞപ്പോള്‍ ബാക്കിയുണ്ടായിരുന്ന ദ്രാവകം വലിയ കല്ലുകളുടെമേല്‍ ഒഴിക്കുന്നതിനു നെഹെമിയാ കല്പിച്ചു.
32: അങ്ങനെ ചെയ്തപ്പോള്‍ ഒരഗ്നിജ്വാലയുണ്ടായി. ബലിപീഠത്തില്‍നിന്നുള്ള പ്രകാശംതട്ടിയപ്പോള്‍ ആ ജ്വാല കെട്ടടങ്ങി.
33: ഈ വസ്തുത പ്രസിദ്ധമായി. പ്രവാസത്തിലേക്കു നയിക്കപ്പെട്ട പുരോഹിതന്മാര്‍ അഗ്നി സൂക്ഷിച്ചിരുന്ന സ്ഥലത്ത് ഒരു ദ്രാവകംകണ്ടെന്നും അതുപയോഗിച്ച് നെഹെമിയായും അനുചരന്മാരും ബലിവസ്തുക്കള്‍ ദഹിപ്പിച്ചെന്നുംകേട്ട പേര്‍ഷ്യാരാജാവ്,
34:വസ്തുതകളെപ്പറ്റിയന്വേഷിക്കുകയും ആ സ്ഥലം വിശുദ്ധമായി പ്രഖ്യാപിച്ച്, ചുറ്റും മതിലുകെട്ടുകയും ചെയ്തു.
35: തനിക്കു പ്രീതിതോന്നിയവര്‍ക്കെല്ലാം രാജാവു നല്ല സമ്മാനം കൊടുത്തു. 
36: നെഹെമിയായും അനുചരന്മാരും ആ സ്ഥലത്തിനു ശുദ്ധീകരണം എന്നര്‍ത്ഥമുള്ള നെഫ്ത്താര്‍ എന്നു പേരിട്ടു. എന്നാല്‍ അധികംപേരും നഫ്ത്താ എന്നു വിളിക്കുന്നു.

അദ്ധ്യായം 2

1: മുമ്പു പറഞ്ഞതുപോലെനാടുകടത്തപ്പെട്ടവരോടു ജറെമിയാപ്രവാചകന്‍, അല്പമഗ്നിയെടുത്തു സൂക്ഷിക്കാനാജ്ഞാപിച്ചു.
2: നിയമം നല്കിയതിനുശേഷം, അവരോടു കര്‍ത്താവിന്റെ കല്പന വിസ്മരിക്കരുതെന്നും സ്വര്‍ണ്ണംകൊണ്ടും വെള്ളികൊണ്ടുമുള്ള വിഗ്രഹങ്ങളും അവയുടെ അലങ്കാരങ്ങളുംകണ്ടു വഴിതെറ്റിപ്പോകരുതെന്നും
3: അവരുടെ ഹൃദയത്തില്‍നിന്നു നിയമം വെടിയരുതെന്നും അവനുപദേശിച്ചു. ഇതെല്ലാം രേഖകളില്‍ക്കാണുന്നുണ്ട്.
4: രേഖയില്‍ ഇങ്ങനെയും കാണുന്നു: ദൈവത്തിന്റെ അരുളപ്പാടനുസരിച്ച്, കൂടാരവും പേടകവും തന്റെ പിന്നാലെകൊണ്ടുവരാന്‍ പ്രവാചകന്‍ കല്പിച്ചു. ദൈവംനല്കുന്ന അവകാശഭൂമികാണാന്‍ മോശകയറിയ മലയിലേക്ക് അവന്‍ പോയി.
5: അവിടെ ജറെമിയാ ഒരു ഗുഹ കണ്ടു. കൂടാരവും പേടകവും ധൂപപീഠവുമതില്‍വച്ച്പ്രവേശനദ്വാരം അടച്ചുഭദ്രമാക്കി.
6: അനുയായികളില്‍ച്ചിലര്‍ അങ്ങോട്ടുള്ള വഴി അടയാളപ്പെടുത്താന്‍മുതിര്‍ന്നെങ്കിലും വഴികണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല.
7: ജറെമിയാ ഇതറിഞ്ഞ്, ശകാരിച്ചുകൊണ്ടു പറഞ്ഞു: ദൈവം തന്റെ ജനത്തെ വീണ്ടും ഒരുമിച്ചുകൂട്ടുകയും അവരോടു കരുണകാണിക്കുകയും ചെയ്യുന്നതുവരെ ഈ സ്ഥലം അജ്ഞാതമായിരിക്കും. അന്നു കര്‍ത്താവിതു വെളിപ്പെടുത്തും.
8: മോശയുടെ കാര്യത്തിലുംസ്ഥലത്തെ പവിത്രീകരിക്കണമെന്നു പ്രാര്‍ത്ഥിച്ച സോളമന്റെ കാര്യത്തിലും സംഭവിച്ചതുപോലെകര്‍ത്താവിന്റെ മഹത്വവും മേഘവും അന്നും പ്രത്യക്ഷപ്പെടും.
9: ജ്ഞാനിയായ സോളമന്‍ ദേവാലയപൂര്‍ത്തീകരണത്തിന്റെയും പ്രതിഷ്ഠയുടെയും ബലിയര്‍പ്പിച്ചു എന്നു വ്യക്തമാണ്.
10: മോശ കര്‍ത്താവിനോടു പ്രാര്‍ത്ഥിച്ചപ്പോള്‍ ആകാശത്തുനിന്ന്‍ അഗ്നിയിറങ്ങി ബലിവസ്തുക്കള്‍ ദഹിപ്പിച്ചതുപോലെ സോളമന്‍ പ്രാര്‍ത്ഥിച്ചപ്പോഴും സംഭവിച്ചു.
11: പാപപരിഹാരബലിയായി അര്‍പ്പിക്കപ്പെട്ടവ ഭക്ഷിക്കാന്‍ പാടില്ലാത്തതിനാലാണ് അവ ദഹിപ്പിക്കപ്പെട്ടതെന്നു മോശ പറഞ്ഞു.
12: സോളമന്‍ എട്ടുദിവസം ഇതുപോലെ തിരുനാളാഘോഷിച്ചു.
13: ഇക്കാര്യങ്ങള്‍ രേഖകളിലും നെഹെമിയായുടെ സ്മരണകളിലും എഴുതപ്പെട്ടിട്ടുണ്ട്. നെഹെമിയാ ഒരു ഗ്രന്ഥശാല സ്ഥാപിച്ചെന്നും രാജാക്കന്മാരെയും പ്രവാചകന്മാരെയുംകുറിച്ചുള്ള ഗ്രന്ഥങ്ങളും ദാവീദിന്റെ കൃതികളും സ്വാഭീഷ്ടക്കാഴ്ചകളെക്കുറിച്ചുള്ള രാജാക്കന്മാരുടെ ശാസനങ്ങളും അതില്‍ സംഭരിച്ചെന്നും അവയില്‍ക്കാണുന്നു.
14: കൂടാതെയുദ്ധത്തില്‍ ഞങ്ങള്‍ക്കു നഷ്ടപ്പെട്ടുപോയ ഗ്രന്ഥങ്ങളും യൂദാസ് സംഭരിച്ചു. അവ ഞങ്ങളുടെ കൈവശമുണ്ട്.
15: നിങ്ങള്‍ക്കാവശ്യമുണ്ടെങ്കില്‍ ആളയയ്ക്കുകകൊടുത്തുവിടാം.
16: ഞങ്ങള്‍ ശുദ്ധീകരണത്തിരുനാള്‍ ആഘോഷിക്കാന്‍ തുടങ്ങുകയാണ് എന്നറിയിക്കാനാണു നിങ്ങള്‍ക്ക് ഈ കത്തെഴുതുന്നത്. നിങ്ങളും ഈ തിരുനാള്‍ ആചരിക്കുമല്ലോ.
17: നിയമംവഴി വാഗ്ദാനംചെയ്തിരുന്നതുപോലെ ദൈവം തന്റെ ജനത്തെ രക്ഷിക്കുകയും അവര്‍ക്ക്, അവകാശം തിരിയെക്കൊടുക്കുകയും രാജത്വവും പൗരോഹിത്യവും വിശുദ്ധീകരണവും പുനഃസ്ഥാപിക്കുകയും ചെയ്തു. 
18:ദൈവം നമ്മുടെമേല്‍ താമസിയാതെ കരുണകാണിക്കുമെന്നുംഭൂമിയുടെ എല്ലാ ഭാഗങ്ങളിലുംനിന്ന് നമ്മെ തന്റെ വിശുദ്ധസ്ഥലത്ത് ഒരുമിച്ചുകൂട്ടുമെന്നും ഞങ്ങള്‍ക്കു പ്രത്യാശയുണ്ട്. കാരണംഅവിടുന്നു നമ്മെ വലിയ അനര്‍ത്ഥങ്ങളില്‍നിന്നു രക്ഷിക്കുകയും തന്റെ സ്ഥലം ശുദ്ധീകരിക്കുകയും ചെയ്തു.

ഗ്രന്ഥകാരന്റെ മുഖവുര
19: യൂദാസ് മക്കബേയൂസിന്റെയും സഹോദരന്മാരുടെയും ചെയ്തികള്‍, ദേവാലയ ശുദ്ധീകരണംബലിപീഠപ്രതിഷ്ഠ,
20: അന്തിയോക്കസ് എപ്പിഫാനസിനും പുത്രന്‍ യൂപ്പാത്തോറിനുമെതിരേനടന്ന യുദ്ധങ്ങള്‍,
 21: യഹൂദവിശ്വാസത്തെ സംരക്ഷിക്കാന്‍ തീക്ഷണതയോടെ പ്രവര്‍ത്തിച്ചവര്‍ക്കു സ്വര്‍ഗ്ഗത്തില്‍നിന്നു ലഭിച്ച ദര്‍ശനംസംഖ്യയില്‍ ചെറുതെങ്കിലും കര്‍ത്താവു ദയാവായ്പോടെ തങ്ങളില്‍ പ്രസാദിച്ചതിനാല്‍ അവര്‍ നാടുമുഴുവന്‍ പിടിച്ചടക്കിയത്ആ കിരാതവര്‍ഗ്ഗങ്ങളെയനുധാവനംചെയ്തത്,
22: ലോകപ്രസിദ്ധിയാര്‍ജിച്ച ദേവാലയം വീണ്ടെടുക്കുകയും നഗരത്തെ സ്വതന്ത്രമാക്കുകയും അസാധുവാക്കാനിരുന്ന നിയമങ്ങള്‍ പുനഃസ്ഥാപിക്കുകയും ചെയ്തത്
23: ഇവയുടെ വിവരണം കിരേനെക്കാരന്‍ ജാസന്‍ അഞ്ചു വാല്യങ്ങളായി തയ്യാറാക്കിയിട്ടുണ്ട്. അത് ഒരു പുസ്തകത്തില്‍ സംക്ഷേപിക്കാന്‍ ഞങ്ങള്‍ ശ്രമിക്കാം.
24: ഇതിലുള്ള സംഖ്യകളുടെ പെരുപ്പവുംചരിത്രവൃത്താന്തങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വസ്തുതകളുടെ ബാഹുല്യംമൂലം ഉളവാകുന്ന പ്രയാസവും ഞങ്ങള്‍ കണക്കിലെടുക്കുന്നുണ്ട്.
25: വായിക്കാനാഗ്രഹിക്കുന്നവര്‍ക്ക് ആസ്വാദ്യവും മനഃപാഠമാക്കാനിച്ഛിക്കുന്നവര്‍ക്കു സുകരവും എല്ലാ വായനക്കാര്‍ക്കും ഉപകാരപ്രദവുമാക്കുകയാണു ഞങ്ങളുടെ ലക്ഷ്യം.
26: മറ്റുള്ളവരെ സംതൃപ്തരാക്കാന്‍തക്കവിധം വിരുന്നൊരുക്കുക എളുപ്പമല്ലാത്തതുപോലെ, ഗ്രന്ഥസംക്ഷേപണം ഏറ്റെടുത്തിരിക്കുന്ന ഞങ്ങള്‍ക്ക്, അതു സുസാദ്ധ്യമല്ല
27: വിയര്‍പ്പൊഴുക്കലും ഉറക്കമിളപ്പും അതാവശ്യപ്പെടുന്നു. എങ്കിലുംഏറെപ്പേരെ സംതൃപ്തരാക്കാന്‍വേണ്ടി ക്ലേശകരമായ ഈ ജോലി ഞങ്ങള്‍ സന്തോഷത്തോടെ നിര്‍വ്വഹിക്കുന്നു.
28: വസ്തുതകള്‍ സംക്ഷേപിച്ചു രൂപരേഖ തയ്യാറാക്കുന്നതിലാണു ഞങ്ങള്‍ ശ്രദ്ധിച്ചിട്ടുള്ളത്. സൂക്ഷ്മമായ വിശദാംശങ്ങള്‍ മൂലഗ്രന്ഥകാരനു ഞങ്ങള്‍ വിട്ടിരിക്കുന്നു.
29: പുതിയ വീടുപണിയുന്ന ശില്പി, കെട്ടിടത്തിന്റെ എല്ലാ വിശദാംശങ്ങളിലും ശ്രദ്ധിക്കണം. എന്നാല്‍, ചിത്രമെഴുത്തും അലങ്കാരപ്പണിയും ചെയ്യുന്നയാള്‍ അതിന്റെ മോടിമാത്രം ശ്രദ്ധിച്ചാല്‍ മതി. എന്റെ അഭിപ്രായത്തില്‍ ഞങ്ങളുടെ കാര്യവും ഇതുപോലെയാണ്.
30: വിഷയം എല്ലാവശത്തുംനിന്നു പരിശോധിച്ചറിയുകയും വിശദാംശങ്ങള്‍ സൂക്ഷ്മമായി ക്രോഡീകരിക്കുകയുമാണു മൂലചരിത്രകാരന്റെ ധര്‍മ്മം.
31: വിവരണം പുനരാഖ്യാനംചെയ്യുന്നവന് ആവിഷ്‌കരണത്തിന്റെ സംക്ഷിപ്തതയില്‍ ശ്രദ്ധിച്ച്, സമ്പൂര്‍ണ്ണവര്‍ണ്ണനയുപേക്ഷിക്കാന്‍ അവകാശമുണ്ട്.
32: ഈയടിസ്ഥാനത്തില്‍ ഇനി ഏറെയൊന്നും പറയാതെ നമ്മുടെ പ്രതിപാദനമാരംഭിക്കാം. ചരിത്രംതന്നെ വെട്ടിച്ചുരുക്കുമ്പോള്‍ മുഖവുര ദീര്‍ഘിപ്പിക്കുന്നത് ഉചിതമല്ലല്ലോ.

അദ്ധ്യായം 3

ദേവാലയത്തിനു സംരക്ഷണം
1: പ്രധാനപുരോഹിതന്‍ ഓനിയാസ്, ദൈവഭക്തനും തിന്മയെവെറുക്കുന്നവനുമായിരുന്നതിനാല്‍, വിശുദ്ധനഗരത്തില്‍ സമാധാനം അന്യൂനമായി നിലനിന്നുനിയമങ്ങള്‍ നന്നായി പാലിക്കപ്പെട്ടു.
2: അന്ന്രാജാക്കന്മാര്‍ വിശുദ്ധസ്ഥലത്തെ ആദരിക്കുകയും വിശിഷ്ടമായ സമ്മാനങ്ങള്‍നല്കി ദേവാലയത്തെ മഹത്വപ്പെടുത്തുകയുംചെയ്തു.
3: ഏഷ്യയിലെ രാജാവായ സെല്യൂക്കസ്‌പോലും ബലിയര്‍പ്പണത്തിനാവശ്യമായ തുക, സ്വന്തം ഭണ്ഡാരത്തില്‍നിന്നു നല്കിപ്പോന്നു.
4: എന്നാല്‍, ബഞ്ചമിന്‍ഗോത്രജനായ ശിമയോന്‍ ദേവാലയവിചാരിപ്പുകാരനായി നിയമിക്കപ്പെട്ടപ്പോള്‍ നഗരത്തിലെ ചന്തയുടെ നടത്തിപ്പു സംബന്ധിച്ചു പ്രധാനപുരോഹിതന്‍ ഓനിയാസുമായി ഇടഞ്ഞു.
5: ഓനിയാസ് വഴങ്ങാഞ്ഞതിനാല്‍, ശിമയോന്‍ ദക്ഷിണസിറിയായുടെയും ഫെനീഷ്യയുടെയുമധിപതിയും താര്‍സൂസുകാരനുമായ അപ്പൊളോണിയൂസിനെ സമീപിച്ചു.
6: ജറുസലെമിലെ ഭണ്ഡാരം കണക്കില്ലാത്ത പണംകൊണ്ടു നിറഞ്ഞെന്നും അതു ബലിയര്‍പ്പണത്തിന്റെ ഇനത്തില്‍പ്പെടുന്നതല്ലെന്നും രാജാവിന്റെ നിയന്ത്രണത്തില്‍വരുത്താന്‍കഴിയുമെന്നും അവനറിയിച്ചു.
7: രാജാവിനെ സന്ദര്‍ശിച്ച്അപ്പൊളോണിയൂസ് ഈ പണത്തെപ്പറ്റി തനിക്കുകിട്ടിയ വിവരങ്ങള്‍ പറഞ്ഞു. പണം എടുത്തുമാറ്റുന്നതിനു തന്റെ കാര്യസ്ഥനായ ഹെലിയോദോറസിനെ രാജാവു നിയോഗിച്ചു.
8: ഹെലിയോദോറസ് ഉടന്‍തന്നെ ദക്ഷിണസിറിയായിലെയും ഫെനിഷ്യയിലെയും നഗരങ്ങള്‍ പരിശോധിക്കാനെന്ന ഭാവേന പുറപ്പെട്ടു. രാജകല്പന നടപ്പിലാക്കുകയായിരുന്നു അവന്റെ യഥാര്‍ത്ഥോദ്ദേശ്യം.
9: ജറുസലെമിലെത്തിയപ്പോള്‍ പ്രധാനപുരോഹിതന്‍ അവനെ സൗഹാര്‍ദ്ദപൂര്‍വ്വം സ്വീകരിച്ചു. ആഗമനോദ്ദേശ്യമറിയിച്ചശേഷം അവന്‍ തനിക്കു ലഭിച്ചിരുന്ന വിവരങ്ങളുടെ സത്യാവസ്ഥയെക്കുറിച്ച് ആരാഞ്ഞു.
10: വിധവകളുടെയും അനാഥരുടെയും നിക്ഷേപങ്ങളും തോബിയാസിന്റെ പുത്രനും ഉന്നതസ്ഥാനിയുമായ ഹിര്‍കാനൂസിന്റെ നിക്ഷേപവുംചേര്‍ന്ന്, 
11:മൊത്തം നാനൂറു താലന്തു വെള്ളിയും ഇരുനൂറു താലന്തു സ്വര്‍ണ്ണവുമുണ്ടെന്നു പ്രധാന പുരോഹിതന്‍ വിശദീകരിച്ചു. ദുഷ്ടനായ ശിമയോന്‍ വസ്തുതകള്‍ അങ്ങേയറ്റം തെറ്റിദ്ധരിപ്പിച്ചിരുന്നു.
12: ലോകം മുഴുവന്‍ ആദരിക്കുന്ന ആ ദേവാലയത്തിന്റെ പവിത്രതയിലും അഭംഗുരതയിലും ആ സ്ഥലത്തിന്റെ പരിശുദ്ധിയിലും വിശ്വാസമര്‍പ്പിച്ചിരിക്കുന്ന ജനത്തോടു തെറ്റുചെയ്യുക അസാദ്ധ്യമാണെന്നും അവന്‍ പറഞ്ഞു.
13: എന്നാല്‍ രാജകല്പനയുള്ളതിനാല്‍ പണമെല്ലാം രാജഭണ്ഡാരത്തിലേക്കു കണ്ടുകെട്ടേണ്ടതാണെന്നു ഹെലിയോദോറസ് പറഞ്ഞു.
14: അനന്തരംഅവന്‍ ഒരു ദിവസം നിശ്ചയിച്ച്, നിക്ഷേപപരിശോധനയുടെ മേല്‍നോട്ടം വഹിക്കാന്‍ അകത്തു പ്രവേശിച്ചു. നഗരം ദുഃഖത്തിലാണ്ടു.
15: പുരോഹിതന്മാര്‍ ഔദ്യോഗികവസ്ത്രങ്ങളണിഞ്ഞ്ബലിപീഠത്തിനുമുമ്പില്‍ സാഷ്ടാംഗംവീണ്നിക്ഷേപത്തെക്കുറിച്ചു നിയമം നല്കിയ ദൈവത്തോട് അവ നിക്ഷേപകര്‍ക്കായി കാത്തുസൂക്ഷിക്കണമെന്നു പ്രാര്‍ത്ഥിച്ചു.
16: പ്രധാനപുരോഹിതന്റെ അപ്പോഴത്തെ നില ഹൃദയഭേദകമായിരുന്നു.
17: അവന്റെ മുഖഭാവവും വൈവര്‍ണ്യവും ഹൃദയവ്യഥയെ വ്യക്തമാക്കി. അവന്റെ ഹൃദയവേദന കാണുന്നവര്‍ക്കു വ്യക്തമാകത്തക്കവിധം അവനെ ഭയവും വിറയലും ബാധിച്ചു.
18: വിശുദ്ധമന്ദിരം അവഹേളിക്കപ്പെടാന്‍ പോകുന്നുവെന്നറിഞ്ഞ്, ജനം തങ്ങളുടെ വീടുവിട്ടിറങ്ങികൂട്ടമായി പ്രാര്‍ത്ഥനയ്ക്കു വന്നു.
19: സ്ത്രീകള്‍ ചാക്കുടുത്ത്, തെരുവീഥികളില്‍ തടിച്ചുകൂടി. വീട്ടിനുള്ളില്‍ ഒതുങ്ങിക്കഴിഞ്ഞിരുന്ന കന്യകമാരില്‍ ചിലര്‍ മതിലിലേക്കും ചിലര്‍ കവാടങ്ങളിലേക്കുമോടിമറ്റു ചിലര്‍ ജാലകങ്ങളിലൂടെ പുറത്തേക്കു നോക്കി.
20: എല്ലാവരും സ്വര്‍ഗ്ഗത്തിലേക്കു കരങ്ങളുയര്‍ത്തി പ്രാര്‍ത്ഥിച്ചു.
21: ജനം ഒരുമിച്ചു സാഷ്ടാംഗംവീണുകിടക്കുന്നതും ഉത്കണ്ഠയാര്‍ന്ന മഹാപുരോഹിതന്‍ കഠിനവേദനയനുഭവിക്കുന്നതും അതിദയനീയമായ കാഴ്ചയായിരുന്നു.
22: വിശ്വസിച്ചേല്പിച്ച നിക്ഷേപങ്ങള്‍, ഉടമസ്ഥര്‍ക്കുവേണ്ടി കാത്തുസൂക്ഷിക്കണമേ എന്നവര്‍ സര്‍വ്വശക്തനായ കര്‍ത്താവിനോടു വിളിച്ചപേക്ഷിക്കുമ്പോള്‍
23: ഹെലിയോദോറസ് ലക്ഷ്യത്തിലേക്കു നീങ്ങിക്കൊണ്ടിരുന്നു.
24: അവന്‍ അംഗരക്ഷകരോടൊത്തു ഭണ്ഡാരത്തെ സമീപിച്ചപ്പോള്‍ സകലശക്തികളുടെയും സമ്രാട്ടും പരമാധികാരിയുമായവന്‍ അതിമഹത്തായ ശക്തി പ്രകടിപ്പിച്ചു. ഹെലിയോദോറസിനെ അനുഗമിക്കാന്‍ ധൈര്യം കാണിച്ചവര്‍, ദൈവത്തിന്റെ ശക്തി ദര്‍ശിച്ചു സ്തബ്ദ്ധരും ചകിതരുമായി.
25: പ്രൗഢമായ കോപ്പുകളണിഞ്ഞ ഒരു കുതിര, ഭയാനകമായ മുഖഭാവമുളള ഒരുവനെ വഹിച്ചുകൊണ്ട്, അവരുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു. അതു ഹെലിയോദോറസിന്റെ നേരേ കോപാവേശത്തോടെ പാഞ്ഞുചെന്നു മുന്‍കാലുകള്‍കൊണ്ട്അവനെത്തൊഴിച്ചു. കുതിരപ്പുറത്തിരുന്നവന്‍ സ്വര്‍ണ്ണംകൊണ്ടുള്ള പടച്ചട്ടയും ആയുധങ്ങളും ധരിച്ചിരിക്കുന്നതായി കാണപ്പെട്ടു.
26: അസാമാന്യമായ കരുത്തുള്ള അതീവസുന്ദരന്മാരായ രണ്ടുയുവാക്കള്‍ മനോഹര വസ്ത്രങ്ങളണിഞ്ഞ്, ഹെലിയോദോറസിന്റെ ഇരുവശങ്ങളിലുംനിന്ന്, അവനെ നിരന്തരമായി പ്രഹരിക്കുന്നതായും കാണപ്പെട്ടു.
27: അവന്‍ പെട്ടെന്നു നിലംപതിച്ചുഅന്ധകാരമവനെ മൂടി. അനുയായികള്‍വന്ന് അവനെയെടുത്തു മഞ്ചത്തില്‍ക്കിടത്തി.
28: അവരവനെ പുറത്തേക്കു കൊണ്ടുപോയി. വലിയ അകമ്പടിയോടും അംഗരക്ഷകരോടുംകൂടെ മേല്പറഞ്ഞ ഭണ്ഡാരത്തില്‍പ്രവേശിച്ച ഇവന്‍ അപ്പോള്‍തന്നെ തികച്ചും നിസ്സഹായനായിത്തീര്‍ന്നു. അവര്‍ ദൈവത്തിന്റെ പരമമായ ശക്തി ദര്‍ശിച്ചു.
29: ദൈവത്തിന്റെ കരമേറ്റു സംസാരശക്തി നഷ്ടപ്പെട്ട്, അതു വീണ്ടുകിട്ടുമെന്ന പ്രതീക്ഷയറ്റ് ഹെലിയോദോറസ് നിലത്തുവീണുകിടക്കുമ്പോള്‍ സ്വന്തം ആലയം രക്ഷിക്കാന്‍ അദ്ഭുതകരമായി പ്രവര്‍ത്തിച്ച കര്‍ത്താവിനെ യഹൂദജനം വാഴ്ത്തി.
30: അല്പസമയം മുമ്പുവരെ പരിഭ്രമവും അസ്വസ്ഥതയും മുറ്റിനിന്ന ദേവാലയത്തില്‍ സര്‍വ്വശക്തനായ കര്‍ത്താവു പ്രത്യക്ഷീഭവിച്ചതിനാല്‍ ആഹ്ലാദമലതല്ലി.
31: അന്ത്യശ്വാസം വലിക്കുകയായിരുന്ന ഹെലിയോദോറസിന്റെ ജീവനുവേണ്ടി അത്യുന്നതനോടു പ്രാര്‍ത്ഥിക്കാന്‍ അവന്റെ മിത്രങ്ങളില്‍ ചിലര്‍ ഓനിയാസിനോട് അഭ്യര്‍ത്ഥിച്ചു.
32: യഹൂദര്‍ ഹെലിയോദോറസിനെതിരേ ചതി പ്രയോഗിച്ചെന്നു രാജാവു വിചാരിച്ചേക്കുമോയെന്നു ഭയന്ന് പ്രധാനപുരോഹിതന്‍ അവന്റെ സുഖപ്രാപ്തിക്കായി ബലിയര്‍പ്പിച്ചു.
33: പ്രധാനപുരോഹിതന്‍ പരിഹാരബലിയര്‍പ്പിക്കുമ്പോള്‍ അതേ യുവാക്കന്മാര്‍ വിഭൂഷകളണിഞ്ഞ് ഹെലിയോദോറസിനു വീണ്ടും പ്രത്യക്ഷപ്പെട്ടു പറഞ്ഞു: പ്രധാനപുരോഹിതനായ ഓനിയാസിനോടു നന്ദിയുള്ളവനായിരിക്കുക. അവനെപ്രതിയാണു കര്‍ത്താവു നിന്റെ ജീവന്‍ രക്ഷിച്ചത്.
34: ദൈവത്താല്‍ പ്രഹരിക്കപ്പെട്ട നീ അവിടുത്തെ മഹത്തായ ശക്തി, ലോകംമുഴുവനറിയിക്കുക. ഇതു പറഞ്ഞിട്ട്അവര്‍ അപ്രത്യക്ഷരായി.
35: ഹെലിയോദോറസ് തന്റെ ജീവന്‍ രക്ഷിച്ച കര്‍ത്താവിനു ബലിയര്‍പ്പിക്കുകയും വലിയ നേര്‍ച്ചകള്‍നേരുകയും ചെയ്തു. അവന്‍ ഓനിയാസിനോടു വിടവാങ്ങി രാജസന്നിധിയിലേക്കു സൈന്യസമേതം യാത്രയായി.
36: പരമോന്നതനായ ദൈവം പ്രവര്‍ത്തിച്ചതും സ്വനേത്രങ്ങള്‍ കണ്ടതുമായ കാര്യങ്ങള്‍ക്ക്, അവന്‍ സകലമനുഷ്യരുടെയുംമുമ്പാകെ സാക്ഷ്യംനല്കി.
37: മറ്റൊരു സന്ദേശവുമായി ജറുസലെമിലേക്കയയ്ക്കപ്പെടാന്‍ ആരാണു യോഗ്യനെന്നു രാജാവു ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു:
38: അങ്ങേയ്ക്കു ശത്രുവോ അങ്ങയുടെ ഭരണത്തിനെതിരേ ഗൂഢാലോചന നടത്തുന്നവനോ ഉണ്ടെങ്കില്‍ അവനെ അയയ്ക്കുക. അടിമുടി പ്രഹരമേറ്റിട്ട് രക്ഷപെട്ടാല്‍ അങ്ങേയ്ക്കവനെ തിരിച്ചുകിട്ടും. ദൈവത്തിന്റെ ശക്തി അവിടെയുണ്ടെന്നു തീര്‍ച്ച.
39: സ്വര്‍ഗ്ഗസ്ഥനായ ദൈവമാണ് അവിടംകാക്കുന്നതും അതിനു സഹായമെത്തിക്കുന്നതും. അതിനെ ഉപദ്രവിക്കുന്നവരെ അവിടുന്നു പ്രഹരിച്ചു നശിപ്പിക്കുന്നു.
40: ഇതാണ് ഹെലിയോദോറസിന്റെയും ഭണ്ഡാരം സംരക്ഷിക്കപ്പെട്ടതിന്റെയും കഥ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ